കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാഭ്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ


ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.


1. ഹയർസെക്കണ്ടറി തലത്തിൽ ഐച്ഛികങ്ങളുടെ എണ്ണം മിനിമം 4 ആയി നിജപ്പെടുത്തേണ്ടതാണ്‌. ഒന്നോ, രണ്ടോ എണ്ണം കൂടുതൽ എടുക്കുന്നവർക്ക്‌ അധിക ക്രെഡിറ്റ്‌ നൽകാം. ഉല്‌പാദനമേഖല, പ്രഫഷണൽ സാങ്കേതിക മേഖല, അക്കാദമിക മേഖല എന്നിവയിലോ ഇവയുടെ വ്യത്യസ്‌തമായ സമുച്ചയങ്ങളിലോ ഐച്ഛികങ്ങൾ തെരഞ്ഞെ ടുക്കാം. 10-ാംക്ലാസ്സിലെ ഗ്രേഡിംഗിന്റെ അടിസ്ഥാന ത്തിൽ കണ്ടെത്തുന്ന വിഷയാഭിരുചിയാ യിരിക്കും തെരഞ്ഞെടുപ്പിന്റെ മാനദണ്‌ഡം.

ഇന്ന്‌ ഹയർ സെക്കണ്ടറിയിൽ നടപ്പിലുള്ള 4 വിഷയങ്ങൾ എന്ന രൂപത്തിന്‌ മാറ്റം വരുത്തേണ്ടതില്ല. ഒന്നോ, രണ്ടോ വിഷയങ്ങൾ കൂടുതൽ എടുക്കുകയാ ണെങ്കിൽ അധിക ക്രെഡിറ്റുകൾ നൽകുകയും ചെയ്യാം. പക്ഷെ, ഇന്നത്തേതുപോലെ സയൻസ്‌, കോമേഴ്‌സ്‌, ഹ്യൂമാനിറ്റീസ്‌ എന്നിങ്ങനെ വിഷയാധിഷ്‌ഠിതമായല്ല ഗ്രൂപ്പുകൾ തിരിക്കേണ്ടത്‌. സമൂഹത്തിലെ വ്യത്യസ്‌ത തൊഴിൽ മേഖലകൾ ഇവയിൽ ചില വിഷയങ്ങളുമായോ, വിഷയങ്ങളുടെ കൂട്ടങ്ങളുമായോ ആണ്‌ ബന്ധപ്പെട്ടു കിടക്കുന്നത്‌. ഉദാഹരണത്തിന്‌ ബാങ്കിംഗ്‌ എന്ന മേഖലയ്‌ക്ക്‌ Economics,Commerce, Social Statistics എന്നിവ അവശ്യം അറിഞ്ഞിരിക്കേണ്ടതാണ്‌. വിഷയ നിർണയം നടത്തുമ്പോൾ കുട്ടിയുടെ അഭിരുചി കണക്കിലെടുക്കുന്നതോടൊപ്പം സാമൂഹ്യ ആവശ്യങ്ങളും നിറവേറ്റേണ്ടതായിട്ടുണ്ട്‌. ഇതോടൊപ്പം തന്നെ ഏതെങ്കിലും മേഖലയിൽ ഉന്നതപഠനത്തിനു പോകാ നുള്ള സൗകര്യവും ഉണ്ടായിരിക്കണം.

2. ഇന്നത്തെ സ്ഥിതിയിൽ മലയാളം, ഇംഗ്ലീഷ്‌ ഭാഷക ളുടെ പഠനം തുടരാം. എങ്കിലും കാലക്രമേണ ഈ ഭാഷകളുടെ സാമാന്യപഠനം ഹയർ സെക്കണ്ടറി തലത്തിൽ അവസാനിക്കുകയും, അവ ഐച്ഛിക മായി മാറ്റുകയും ആണ്‌ വേണ്ടത്‌. ഇനി അനുവദി ക്കുന്ന കോഴ്‌സുകളിൽ സാമാന്യപഠനം ഒഴിവാ ക്കാം. ഭാഷാപഠനം സാമാന്യപഠനങ്ങളിൽ നിന്ന്‌ മാറ്റുമ്പോൾ 2 പുതിയ ഐച്ഛിക വിഷയങ്ങൾ കൂടി ഉൾപ്പെടുത്താം. ഭാഷ, സാംസ്‌കാരികപഠനം, സാമൂഹ്യപ്രവർത്തനം, തൊഴിൽ മേഖല ഇവയിൽ ഏതെങ്കിലും 2 വിഷയങ്ങൾ തെരഞ്ഞെടുക്കാം.

10-ാം ക്ലാസ്സിനകം സാമാന്യപഠനം മൊത്തത്തിൽ അവസാനിക്കുന്നതുകൊണ്ട്‌ അത്‌ ഭാഷാപഠനത്തിനും ബാധകമാകേണ്ടതാണ്‌. തുടർന്നുള്ള ഭാഷാപഠനം ശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം, ഗണിതം, സാങ്കേതികവിദ്യകൾ മുതലായ ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ടതോ, അല്ലെങ്കിൽ ഭാഷാപഠനങ്ങൾ, സാംസ്‌ക്കാരികപഠനങ്ങൾ, ചിഹ്ന വിജ്ഞാനീയം തുടങ്ങിയ പ്രത്യേക പഠനങ്ങളുമായി ബന്ധപ്പെട്ടതോ ആകേണ്ടതാണ്‌. ഇവയെല്ലാം ഒരു പൊതു ഘടനയുടെ കീഴിൽ ആകേണ്ടതില്ല. അതിനുപകരം താൽപര്യമുള്ള വിദ്യാർഥികൾക്ക്‌ ഐച്ഛികമായി തെരഞ്ഞെടുക്കാനുള്ള അവസരം നൽകുകയുമാണ്‌ വേണ്ടത്‌. മറ്റു ഭാഷകളെല്ലാം ഇത്തരം ഐച്ഛികങ്ങളിൽ ഉൾപ്പെടും. അങ്ങനെ വരുമ്പോൾ 4 ഐച്ഛികങ്ങൾ കൂടാതെ മൊത്തം ഐച്ഛികങ്ങളുടെ എണ്ണം 6 ആയി മാറും. ഇവയെല്ലാം ഒരേ വിഷയമേഖലയിൽ തെരഞ്ഞെ ടുക്കാൻ അനുവദിക്കുന്നത്‌ ആശാസ്യമല്ല. അത്‌ കുട്ടിയുടെ സമഗ്ര വീക്ഷണത്തെ ബാധിക്കും. അതുകൊണ്ട്‌ ഒരു പ്രത്യേക വിഷയമേഖല തെരഞ്ഞെടുക്കുന്ന കുട്ടിക്ക്‌ (ഉദാ:ശാസ്‌ത്രം) അവയിൽനിന്ന്‌ വ്യത്യസ്‌തമായ ഭാഷകൾ, സാമൂഹ്യ പ്രവർത്തനം, സാംസ്‌കാരിക പ്രവർത്തനം, തൊഴിലുകൾ എന്നിവയിൽ നിന്നാണ്‌ കുട്ടി ഐച്ഛികങ്ങൾ തെരഞ്ഞെടുക്കേണ്ടത്‌. ഇതേ രീതി മറ്റുവിഷയങ്ങൾക്കും ബാധകമാകേണ്ടതാണ്‌.

3. ഹയർസെക്കണ്ടറിയിൽ 11,12 ക്ലാസ്സുകൾ ഒറ്റ യൂണിറ്റായി എടുത്ത്‌ മൂല്യനിർണയം നടത്തേ ണ്ടതാണ്‌. പക്ഷേ അന്തിമപരീക്ഷയുടെ വെയിറ്റേജ്‌ മൊത്തം മൂല്യ നിർണയത്തിന്റെ മൂന്നിൽ ഒന്നിൽ അധികമാകേണ്ടതില്ല.

ഈ ഘട്ടത്തിൽ സ്വയംപഠനത്തിന്‌ കൂടുതൽ സാധ്യതകൾ ഉണ്ടാകും. പ്രോജക്‌റ്റുകൾ, അസ്സയിൻ മെന്റുകൾ, ലാബ്‌ വർക്ക്‌ തുടങ്ങിയവയിലൂടെ മൂല്യ നിർണയത്തിന്റെ വലിയൊരു ഭാഗം നടത്തപ്പെടും. ആ സാഹചര്യങ്ങളിൽ അന്തിമപരീക്ഷയുടെ ഗ്രേഡിന്റെ വെയിറ്റേജ്‌ കുറയുന്നതായിരിക്കും.

4. ഒരു ബ്ലോക്കിലെ സെക്കണ്ടറി സ്‌കൂളുകളെ ഒന്നോ അതിലധികമോ ക്ലസ്റ്റർ ആക്കി തിരിച്ച്‌ അവി ടെയുള്ള സ്‌കൂളുകളിൽ വ്യത്യസ്‌ത ഐച്ഛിക ങ്ങൾക്കുള്ള അവസരം നൽകണം. ഒരു ക്ലസ്റ്ററിൽ ഒരു വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളെ ങ്കിലും ഉണ്ടാക്കിയിരിക്കണം.

കലാ-കായിക-തൊഴിൽ മേഖലകളിൽ ഐച്ഛികങ്ങൾ എടുക്കുമ്പോൾ പഞ്ചായത്ത്‌ അംഗീകരിക്കുന്ന സ്ഥാപന ങ്ങളിൽ വിദ്യാഭ്യാസം നടത്തി നേടുന്ന ക്രെഡിറ്റുകൾ ട്രാൻസ്‌ഫർ ചെയ്യാം.

ഒരു സ്ഥാപനത്തിൽ തന്നെ ഐച്ഛികവിഷയങ്ങ ളെല്ലാം തന്നെ ഉൾക്കൊള്ളിക്കുക പ്രായോഗികമല്ല. അതുകൊണ്ട്‌ ലഭ്യമായ വൈദഗ്‌ധ്യവും, സൗകര്യങ്ങളും ഉപയോഗിച്ച്‌ ഒരേ പ്രദേശത്തുതന്നെയുള്ള വിവിധ സ്ഥാപ നങ്ങളിലായി കഴിയാവുന്നിടത്തോളം ഐച്ഛികങ്ങൾ ഉണ്ടാകുന്നതിനു ശ്രമിക്കണം. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ഥാപനങ്ങൾ 9ഉം, 10ലും ഉള്ള തൊഴിൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതാണ്‌. ഏതെങ്കിലും തൊഴിൽ ഐച്ഛികവിഷയമായി എടുക്കുന്ന കുട്ടിക്ക്‌ V.H.S.E. സ്ഥാപനങ്ങളിൽ നിന്നും ക്രെഡിറ്റ്‌ നേടാനുള്ള സൗകര്യം ഉണ്ടാക്കാം. അതുപോലെ തിരിച്ചും. പഞ്ചായത്തുകൾക്ക്‌ കലാകായിക സാംസ്‌കാരിക സ്ഥാപനങ്ങൾ ഒന്നുകിൽ നേരിട്ടു നടത്താം. അല്ലെങ്കിൽ നിലവാരമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക്‌ അക്രഡിറ്റേഷൻ നൽകുകയും ചെയ്യാം. അതിൽ നിന്നും ക്രഡിറ്റ്‌ നേടാം.

5. ഐ.റ്റി.ഐ.കൾ, ഐ.റ്റി.സി.കൾ, പോളിടെക്‌നി ക്കുകൾ തുടങ്ങി ഇന്ന്‌ S.S.L.C.ക്കു ശേഷം നില നിൽക്കുന്ന തുടർ പഠന പരിശീലന കേന്ദ്രങ്ങളുടെ ഘടനയും, ഉള്ളടക്കവും പുനരാവിഷ്‌കരിക്കു കയും അവ ഹയർസെക്കണ്ടറിയുടെ തുടർച്ചയായുള്ള തുല്യതാ കോഴ്‌സുകളാക്കി മാറ്റുകയും വേണം.

ഹയർ സെക്കണ്ടറിയും, വൊക്കേഷണൽ ഹയർസെക്കണ്ടറിയും ഏകീകരിക്കണം.

ഇന്നു നിലനിൽക്കുന്ന സംവിധാനങ്ങളുടെ തുല്യത ഉറപ്പുവരുത്താത്തതുകൊണ്ട്‌ കുട്ടികൾ നേടുന്ന ശേഷികൾ ഓരോന്നിലും വ്യത്യസ്‌തമാണ്‌. അത്‌ അവരുടെ പിന്നീടുള്ള പഠനത്തെയും, തൊഴിൽ സാധ്യതകളെയും ബാധിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തുല്യത ഉറപ്പുവരുത്തുന്ന ക്രമീകരണങ്ങൾ ഉണ്ടായിരിക്കണം. ഇത്തരം കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക്‌ അക്കാദമിക ഉപരിപഠനത്തിന്‌ താൽപര്യമുണ്ടെങ്കിൽ ഉചിതമായ ബ്രിഡ്‌ജ്‌കോഴ്‌സുകൾ നൽകി അവരെ തയ്യാറാക്കണം. ഹയർസെക്കണ്ടറിയെ കുറിച്ച്‌ മുൻപുവെച്ച നിർദേശ ങ്ങളിൽ തന്നെ തൊഴിൽ വിദ്യാഭ്യാസത്തിന്റയും ഘടകം ഉൾപ്പെടുത്തുന്നതുകൊണ്ട്‌ ഒരു പ്രത്യേക വൊക്കേഷണൽ ഹയർസെക്കണ്ടറി ഡയറക്‌റ്ററേറ്റിന്റെ ആവശ്യമില്ല. അത്‌ ഒരു പൊതുവായ കരിക്കുലത്തിന്റെ കീഴിൽ വരണം.

6. M.Sc.Ed, M.A.Ed തുടങ്ങിയ പഞ്ചവൽസര കോഴ്‌സുകളിൽ പരിശീലനം നേടിയവരാണ്‌ സെക്കണ്ടറി, ഹയർസെക്കണ്ടറി തലങ്ങളിൽ പഠിപ്പിക്കേണ്ടത്‌. N.C.T.E. യുമായി ബന്ധപ്പെട്ട്‌ മേൽപ്പറഞ്ഞ രീതിയിൽ Pre service വിദ്യാഭ്യാസം പുനരാവിഷ്‌കരിക്കേണ്ട താണ്‌. ഒരേ അധ്യാപകർ തന്നെവേണം രണ്ടുതലങ്ങളിലും പഠിപ്പിക്കാൻ.

7. കരിക്കുലം, സിലബസ്സ്‌ എന്നിവയിലുള്ള മാറ്റങ്ങൾ അനുസരിച്ച്‌ ഇൻസർവീസ്‌ പരിശീലനം നൽകണം. അതോടൊപ്പം തന്നെ നിലവിലുള്ള വ്യത്യസ്‌ത തരത്തിലുള്ള ഇൻസർവീസ്‌ പരിശീലനങ്ങൾ ഏകോപിപ്പിക്കണം. ഇൻസർവീസ്‌ പരിശീലനം മൂല്യനിർണയത്തിനു വിധേയമാക്കണം.

ഇന്നു നടക്കുന്ന അധ്യാപക വിദ്യാഭ്യാസത്തെ പ്രൊഫഷണലൈസു ചെയ്യാതെ ബോധന നിലവാരം മെച്ചപ്പെടുത്താൻ കഴിയുകയില്ല. ഇതിനുള്ള ഏകമാർഗ്ഗം ഹയർസെക്കണ്ടറിക്കു ശേഷം വിദ്യാഭ്യാസ പ്രവർത്തന ങ്ങളിൽ അഭിരുചി ഉള്ളവരെ ആ മേഖലകളിലേക്കു തിരിച്ചുവിടുകയാണ്‌. പ്രൊഫഷണൽ അധ്യാപക വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ എണ്ണം അതതു മേഖലകളിലെ ആവശ്യങ്ങൾക്കനുസരിച്ച്‌ ആയിരിക്കണം. അധ്യാപക വിദ്യാഭ്യാസത്തിന്‌ പ്രവേശന പരീക്ഷ നടപ്പിലാക്കേണ്ടതാണ്‌. വ്യത്യസ്‌ത ഫണ്ടിംഗുകളുടെ അടിസ്ഥാനത്തിൽ വിവിധ ഏജൻസികൾ ഒരേ ലക്ഷ്യത്തിനു വേണ്ടി പരിശീലനം നൽകുന്നത്‌ പാഴ്‌ചെലവാണ്‌. അതിനു പകരം കരിക്കുലം, സിലബസ്‌ എന്നിവയിൽ മാറ്റങ്ങൾ വരുമ്പോഴും ഏതെങ്കിലും പ്രത്യേക ബോധനപഠനരൂപങ്ങൾ നടപ്പിൽ വരുത്തു മ്പോഴും അതിനാധാരമായ സമഗ്ര പരിശീലനം നടത്തുന്നതുമാണ്‌ ഏറ്റവും അഭികാമ്യം.

പത്താം ക്ലാസ്സിനു ശേഷം, പത്താം ക്ലാസ്സിൽ വ്യത്യ സ്‌ത വിഷയങ്ങളിൽ ലഭിക്കുന്ന ഗ്രേഡ്‌ അനുസരിച്ചാണ്‌ പ്രവേശനം നൽകേണ്ടത്‌. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും, മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും ഇന്നു ലഭിക്കുന്ന വിദ്യാഭ്യാസാനുകൂല്യം എല്ലാ വിദ്യാലയങ്ങ ളിലും ഉറപ്പു വരുത്തണം.

8. മേൽപറഞ്ഞ നിർദ്ദേശങ്ങളുടെ ഫലപ്രദമായ നടത്തിപ്പും മോണിറ്ററിംഗും സാമൂഹ്യ പങ്കാളിത്ത വും ഉറപ്പു വരുത്താൻ സെക്കണ്ടറി സ്‌കൂൾ കോപ്ലക്‌സുകൾ സൃഷ്‌ടിക്കേണ്ടതാണ്‌.

9. സാമൂഹ്യമോ സാമ്പത്തികമോ ആയ കാരണങ്ങളാൽ പുറംതള്ളപ്പെട്ടവരും വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാത്തവരുമായ വിദ്യാർഥികൾക്കായിരിക്കണം ഓപ്പൺസ്‌കൂൾ സംവിധാനം ആരംഭിക്കേണ്ടത്‌. ഓപ്പൺസ്‌കൂൾ കോഴ്‌സുകൾ തുല്യതാവിദ്യാഭ്യാസത്തിൽ ഊന്നണം. സമാന്തര സ്വഭാവമുള്ള കോഴ്‌സുകൾ ഓപ്പൺ സ്‌കൂളിൽ നടത്തരുത്‌.

ഓപ്പൺ സ്‌കൂൾ വിദ്യാഭ്യാസരംഗത്തുനിന്നു പുറംതള്ളപ്പെട്ടവർക്കാണെന്ന്‌ നാഷണൽ ഓപ്പൺ സ്‌കൂളിന്റെ മാർഗരേഖ നിർദേശിക്കുന്നുണ്ടെങ്കിലും അത്‌ കേരളത്തിൽ നടപ്പിലാക്കപ്പെട്ടിട്ടില്ല. അതിനുപകരം സമാന്തരമായ ഒരു സംവിധാനമാണ്‌ കേരളത്തിൽ നിർദേശിക്കപ്പെട്ടിരിക്കുന്നത്‌.