കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ- ഉന്നതവിദ്യാഭ്യാസം കൈകാര്യകർതൃത്വം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ


ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.


സർക്കാറുകളും സർവകലാശാലയും മാനേജർമാരും -ചില കാര്യങ്ങളിൽ എല്ലാവരും ഇടപെടുന്നു ചില കാര്യങ്ങളിൽ ആരും ഇടപെടുന്നില്ല. ആര്‌ എന്ത്‌ ചെയ്യണം എന്ന്‌ തിട്ടമില്ലാത്ത ഒരുതരം അരാജകാവസ്ഥയാണ്‌ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗവർണൻസിൽ ഇടപെടുന്നവർ താഴെ പറയുന്നവരാണ്‌.

1. കേന്ദ്ര സർക്കാർ ഏജൻസികൾ

2. സംസ്ഥാന സർക്കാർ.

3. സർവകലാശാലകൾ.

4. കോളേജ്‌ പ്രിൻസിപ്പൽ/സർവകലാശാലാ വകുപ്പുമേധാവികൾ.

5. കോളേജ്‌ മാനേജർമാർ.

6. തദ്ദേശ ഭരണസ്ഥാപനങ്ങൾ.

1. വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ വ്യവസ്ഥപ്പെടുത്തുന്നതു സംബന്ധിച്ച ഏതാനും നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

UGC പോലുള്ള കേന്ദ്ര ധനസഹായ ഏജൻസികൾ സർവകലാശാലകളുടെയും കോളേജുകളുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടരുത്‌. സർവകലാശാലാ നിയമം എങ്ങനെയാകണമെന്നു നിർദ്ദേശിക്കുന്നതും നിർദ്ദേശം പാലിക്കാതിരുന്നാൽ ധനസഹായം നിഷേധിക്കുന്നതും സംസ്ഥാന സർക്കാറിന്റെ അധികാരങ്ങളിലുള്ള കൈകടത്തലാണ്‌. അതു പോലെതന്നെകോഴ്‌സുകളും പാഠ്യപദ്ധതികളും അടിച്ചേൽപ്പിക്കുന്നത്‌ സർവകലാശാലകളുടെ സ്വയംഭരണത്തിൽ കൈകടത്തലാണ്‌. അധ്യാപക പരിശീലന /പുനപരിശീലന പരിപാടികൾക്ക്‌ സഹായം നൽകുകയും, പിന്നോക്ക/അവികസിത പ്രദേശങ്ങൾക്ക്‌ മുൻഗണന നൽകിക്കൊണ്ടും അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്താൻ കഴിയുന്ന രീതിയിൽ ധനസഹായം നൽകുക എന്നിവയാണ്‌ ഇവ ചെയ്യേണ്ടത്‌.

2. വകുപ്പുമന്ത്രി, വകുപ്പു വിദ്യാഭ്യാസ സെക്രട്ടറി, വിവിധ തരം സെക്രട്ടറിമാർ അസിസ്റ്റ ന്റുമാർ എന്ന മാമൂൽ സംഘടനയാണ്‌ സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ ഗവർണൻസ്‌ വിഭാഗത്തിനുള്ളത്‌. ഇവരിലാർക്കും വിദ്യാഭ്യാസത്തിൽ പ്രാവീണ്യമോ താൽപര്യമോ ഉണ്ടായിക്കൊള്ളണമെന്നില്ല. വിദ്യാഭ്യാസത്തിൽ വൈദഗ്‌ദ്യമുള്ള ഒരാളെ സെക്രട്ടറി യാക്കുകയോ (നിയമ വകുപ്പ്‌ സെക്രട്ടറി നിയമജ്ഞനാകണമെന്നുണ്ട്‌. ഇതുപോലെ) അക്കാദമിക കാര്യങ്ങളിൽ തീരുമാനമെടുക്കാനും അഭിപ്രായങ്ങൾ നൽകാനും പ്രാപ്‌തി യുള്ള ഒരു വിദ്യാഭ്യാസ വിദഗ്‌ദനെ സെക്രട്ടറിയറ്റ്‌ സംവിധാ നത്തിൽ ഉൾപ്പെടുത്തുകയോ വേണം. കോളേജ്‌ വിദ്യാഭ്യാസ സെക്രട്ടറിയേറ്റിലേയും അവസ്ഥ ഇതുതന്നെയാണ്‌. ഒരു സീനിയർ പ്രിൻസിപ്പാൽ അഡീ:ഡയറക്‌ടറായി ഉണ്ടെങ്കിലും അക്കാദമിക കാര്യങ്ങളല്ല ഭരണപരമായ കാര്യ ങ്ങളാണ്‌ ഈ ഉദ്യോഗസ്ഥനെ ഏൽപിച്ചിരിക്കുന്നത്‌.

അക്കാദമിക കാര്യങ്ങളിൽ നയതന്ത്ര രൂപീകരണ ത്തിനും ദിശാനിർണയത്തിനും പ്രാപ്‌തിയുള്ള ഒരു അക്കാദമിക വിഭാഗം ഡയറക്‌ടറേറ്റുകളിൽ വേണം. അക്കാദമിക കാര്യങ്ങളിലെങ്കിലും ഡയറക്‌ടറേറ്റുകൾക്ക്‌ സെക്രട്ടറിയേറ്റുമായി നേരിട്ട്‌ കാര്യങ്ങൾ ചെയ്യുന്ന രീതി നടപ്പിൽ വരണം. അക്കാദമിക കാര്യങ്ങളുടെ തീരുമാനമെടു ക്കേണ്ടത്‌ അക്കാദമിക പിൻബലമുള്ളവരുമായി ആലോചിച്ചായിരിക്കണം.

ഈ സംവിധാനങ്ങളുപയോഗിച്ച്‌ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ദിശാ നിർണയമാണ്‌ സർക്കാർ നടത്തേണ്ടത്‌. സർവകലാശാലകൾക്കും കോളേജുകൾക്ക്‌ നൽകാൻ കഴിയുന്ന ധനസഹായം നേരത്തേ തീരുമാനിക്കുകയും അത്‌ സമയത്ത്‌ ലഭ്യമാക്കുകയും ചെയ്യണം. സർവകലാ ശാലകളുടെയും കോളേജുകളുടെയും ദൈനംദിന നടത്തിപ്പിൽ ഇടപെടരുത്‌.

3. സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച്‌ ഉന്നത വിദ്യാഭ്യാസരംഗത്തെ വൈവിധ്യവൽക്കരിക്കാനും ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പുവരു ത്താനും സർവകലാശാലകൾ ബാധ്യസ്ഥമാണ്‌. സർവകലാശാലയുടെ വിവിധ വേദികളും ഉദ്യോഗസ്ഥ സംവിധാനങ്ങളും വഴിയാണ്‌ ഇതു നടക്കേണ്ടത്‌.

1. ഭരണകൂടത്തിന്റെ വിശാലമായ ദിശാനിർണയ ത്തിനകത്തു നിന്നുകൊണ്ടുള്ള പരിപൂർണമായ സ്വയം ഭരണം സർവകലാശാലക്കുവേണം.

2. പതിവു ഭരണകാര്യങ്ങൾ കീഴ്‌ത്തട്ടുകളിലേക്ക്‌ വീതിച്ചുകൊടുത്ത്‌ അക്കാദമിക മോണിട്ടറിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വൈസ്‌ചാൻസലർക്കും പ്രൊ വൈസ്‌ ചാൻസ്‌ലർക്കും ഡീൻമാർക്കും കഴിയണം.

3. ബോർഡ്‌ ഓഫ്‌ സ്റ്റഡീസ്‌, ഫാക്കൽറ്റി, അക്കാദമിക്‌ കൗൺസിൽ എന്നിവ കൂടുതൽ ഫലപ്രദമാകണം. കാലാനുസൃതമായി പാഠ്യം പദ്ധതി പരിഷ്‌ക്കരിക്കുക, പുതിയ പാഠ്യപദ്ധതി കൈകാര്യം ചെയ്യാൻ പറ്റുന്ന വിധത്തിൽ അധ്യാപകർക്ക്‌ പുനഃപരിശീലനം നൽകുക, പാഠ്യപദ്ധതി വിഭാവനം ചെയ്‌തരീതിയിലാണ്‌ മൂല്യനിർണയം നടക്കുന്നതെന്നുറപ്പാക്കുക-ഇവ തൃപ്‌തികരകമായി നടപ്പാക്കുന്നതിനാവശ്യമായ പ്രവർത്തന സ്വാതന്ത്ര്യം ബോർഡ്‌ ഓഫ്‌ സ്റ്റഡീസിനുണ്ടാകണം. അക്കാദമിക്‌ സ്റ്റാഫ്‌ കോളേജോ സമാന്തര സംവിധാനങ്ങളോ നടത്തുന്ന അധ്യപക പുനപരിശീലന പരിപാടികളുടെ ഉള്ളടക്കം തീരുമാനിക്കേണ്ടത്‌ പഠന ബോർഡുകളാണ്‌.

4. ഇതിനനുസൃതമായി അക്കാദമിക്‌ കൗൺസിലും ശക്തിപ്പെടണം. പുതിയ കോഴ്‌സുകൾ, അവയ്‌ക്ക്‌ അനുയോജ്യമായ കേന്ദ്രങ്ങൾ ഇവ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത്‌ അക്കാദമിക കൗൺസിലാണ്‌ പരീക്ഷാ സംവിധാനത്തിന്റെ മൊത്തം മേൽനോട്ടം അക്കാദമിക കൗൺസിലിനാകണം. സെനറ്റ്‌, അതിന്റെ തെരഞ്ഞെടുപ്പ്‌ രീതി എന്നിവ പുനഃപരിശോധനയ്‌ക്ക്‌ വിധയേമാക്കണം.

5. സർവകലാശാലകൾ പഠനഡിപ്പാർട്ടുമെന്റുകൾക്ക്‌ അവക്ക്‌ നിശ്ചയിച്ചുനൽകിയിട്ടുള്ള പ്രവർത്തന, സാമ്പത്തിക, സീമകൾക്കുള്ളിൽ സ്വയം ഭരണം നൽകേണ്ടതാണ്‌.

4. 1. അധ്യാപകർ, അനധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പ്രാദേശിക സമൂഹം എന്നിവ യുമായി ദൈനംദിന സമ്പർക്കത്തിലാണ്‌ കോളേജിന്റെ തലവനായ പ്രിൻസി പ്പാൾ. 20-25 വർഷത്തെ അധ്യാപന പരിചയം വഴി പക്വതവന്ന ഒരാളായിരിക്കണം പ്രിൻസിപ്പാൾ; മൂന്നു വർഷമെങ്കിലും സാർവീസ്‌ ബാക്കിയുള്ള ഒരാളുമായിരിക്കണം.

2. കോളേജിന്റെ ദൈനംദിന നടത്തിപ്പിൽ- അക്കാദമികവും, ഭരണപരവും, സാമ്പത്തിക വും-വിശാലമായ ദിശാനിർണയത്തിനും പ്രവർത്തന പരിധിനിർണയത്തിനുമപ്പുറം സർ ക്കാരും, സർവകലാശാലയും, മാനേജരും ഇടപെടരുത്‌.

3. വകുപ്പ്‌ തലവൻമാരും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമടങ്ങുന്ന കോളേജ്‌ കൗൺസിൽ ഭരണപരമായ തീരുമാനങ്ങളെടുക്കാൻ പ്രിൻസിപ്പാ ളിനെ സഹായിക്കണം.

4. ഓരോ വകുപ്പിലും ഫാക്കൽറ്റികൗൺസിലുകൾ ഉണ്ടാവുകയും അവ മൂല്യനിർണയം, ഇന്റേർണൽ അസസ്‌മെന്റ്‌ എന്നിവയിൽ കടുത്ത ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുകയും വേണം.

5. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പ്രബലമായ വിഭാഗമാണ്‌ മാനേജർമാർ. കോളേജുകളുടെയും സർവകലാശാലകളുടെയും ദൈനംദിന പ്രവർത്ത നങ്ങളിൽ ഏറ്റവും കൂടുതൽ ഇടപഴകുന്നത്‌ ഇവരാണ്‌;സർക്കാർ കോളേജുകളുടെ മാനേജരായ കോളേജ്‌ വിദ്യാഭ്യാസ വകുപ്പും സ്വകാര്യമാനേ ജർമാരും തങ്ങൾ ചുമതലയേറ്റിട്ടുള്ള കോളേജിന്‌ സർവകലാശാലാ നിർദ്ദേശങ്ങൾക്കനുസരിച്ച്‌ സുഗമമായി പ്രവർത്തിക്കാനാവശ്യമായ സൗകര്യ ങ്ങൾ ലഭ്യമാക്കികൊടുക്കുക എന്ന ചുമതലയാണ്‌ മാനേജർമാർ നിർവഹിക്കാനുള്ളത്‌. കോളേജ്‌ ഭരണസംവിധാ നത്തിൽ ഇടപെടരുതെന്നർത്ഥം. മാനേജർ ഒരു ഫെസിലിറ്റേറ്റർ മാത്രമാണ്‌.

6. പ്രാദേശിക തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട്‌ തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ നടത്തുന്ന കമ്മ്യൂണിറ്റി കോളേജു കൾ നടത്തുന്ന ചുമതല തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടതാണ്‌. ഇത്തരം സ്ഥാപനങ്ങളുടെ നിയന്ത്രണാധികാരം പൂർണമായും തദ്ദേശഭരണ സ്ഥാപനങ്ങൾക്കു തന്നെയാകണം.