ജനോത്സവം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

നമ്മൾ ജനങ്ങൾ

ഒരുക്കപുസ്തകം Download ചെയ്യാം

Janothsavam kaipusthakam final for print to press.pdf


We The People

  1. ചോദ്യംചെയ്യാൻ_ഭയക്കാതിരിക്കുവിൻ

Janothsavam kaipusthakam final for print to press-64.png

ജനാധിപത്യത്തിനായി അണിനിരക്കുക

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവം എന്നപേരിൽ ഒരു വലിയ ബഹുജനകാമ്പയിൻ ഏറ്റെടുക്കുകയാണ്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും നടക്കുന്ന നിരവധി പ്രവർ‌ ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. നമ്മുടെ രാജ്യം മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ ഇരുണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ചോദ്യംചെയ്യാനും വിമർശിക്കാനുമുള്ള ധൈര്യത്തെ ഇല്ലായ്മ ചെയ്തും അതിനു തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തിയും കൊലചെയ്തുമാണ് ഫാസിസ്റ്റ് ശക്തികൾ മുന്നോട്ടുപോകുന്നത്. ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യബോധവുമെല്ലാം വെല്ലുവിളികൾ നേരിടുകയാണ്. ദേശീയതയുടെ പേരിൽ കെട്ടുകഥകൾ പ്രചരിപ്പിച്ചും വർഗീയതയെ കൂട്ടുപിടിച്ചും ജനങ്ങളുടെ ധൈര്യം ശിഥിലമാക്കാൻ ശ്രമിക്കുന്നു. ഇവിടെ ഇന്ത്യയുടെ നിലനിൽപ് തന്നെ ചോദ്യംചെയ്യപ്പെടുകയാണ്. ഈയൊരു സവിശേഷ സാഹചര്യത്തിൽ എക്കാലത്തേക്കാളും ശാസ്ത്രബോധത്തിന്റെയും സാമൂഹ്യനീതിയുടെയും സുസ്ഥിരവികസനത്തിന്റെയും മതനിരപേക്ഷതയുടെയും ഉദാത്തമൂല്യങ്ങൾ മുറുകെ പിടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ കടമയാണ്. വർഗീയഫാസിസം ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് യുക്തിചിന്തയെയും വിമർശനാത്മകതയെയും മതനിരപേക്ഷസംസ്‌കാരത്തെയുമാണ്. വിഭജനമഹാസംരംഭങ്ങളുടെ ഈ കാലത്ത് ജനാധിപത്യത്തിനും മതനിരപേക്ഷതക്കും സാമൂഹികനീതിക്കും വേണ്ടി ബോധപൂർവം ജനങ്ങളെ അണിനിരത്തിക്കൊണ്ടുമാത്രമേ മുന്നോട്ടുപോകാനാകൂ..ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിച്ചുകൊണ്ടുമാത്രമേ ഇത് സാധ്യമാകൂ. മുഴുവൻ ജനങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും സഹകരണം ഇതിന്നാവശ്യമാണ്. ജനോത്സവത്തെ അതിനുള്ള പ്രക്രിയ ആയിട്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാണുന്നത്.

ശാസ്ത്രകലാജാഥയിൽ നിന്ന് ജനോത്സവത്തിലേക്ക്

കഴിഞ്ഞ മൂന്നുദശകത്തിലേറെക്കാലമായി, കേരള ശാസ്ത്രസാഹിത്യപരിഷത്ത് ശാസ്ത്രാഭിമുഖ്യവും സമഗ്രാവബോധവും അടിസ്ഥാനമാക്കി ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിലൂന്നിയുള്ള പ്രചാരണപ്രവർത്തനങ്ങൾക്ക് കലയുടെ മാധ്യമം സ്വീകരിക്കാൻ തുടങ്ങിയിട്ട്. ആശയപ്രചരണത്തിന് പരിഷത്ത് പ്രയോജനപ്പെടുത്തിയിട്ടുള്ള വിവിധ മാധ്യമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ശാസ്ത്രകലാജാഥകൾ. 1970കളിൽ പരിഷത്തിന് സമൂഹത്തോട് പറയാൻ വെമ്പിയ കാര്യങ്ങൾ ഒരു സംഘം പ്രവർത്തകർ അവർക്ക് പരിചിതമായ അവതരണരീതികളിലൂടെ പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ കേരളയാത്രയുടെ അനുഭവമാണ് പിന്നീട് കലാജാഥയായി ചിട്ടപ്പെട്ടത്. ശാസ്ത്രകലാജാഥകൾ കേരളീയ സാംസ്കാരികാന്തരീക്ഷത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല. സംഘടനയുടെ വിപുലീകരണത്തിനും ജനകീയതക്കും ഇടയാക്കിയ പ്രവർത്തനങ്ങളിൽ പ്രാധാന്യമുള്ള ഒന്നാണ് ശാസ്ത്രകലാജാഥ. മാറിയ കേരളീയ സാമൂഹ്യാന്തരീക്ഷത്തിൽ കലാജാഥകളിലൂടെ ആവിഷ്കരിക്കുന്ന പ്രമേയങ്ങളും ആശയങ്ങളും നാം ആഗ്രഹിക്കുന്ന അളവിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ലെന്ന് തിരിച്ചറിയുന്നുണ്ട് ഇന്ന്. ഈ പ്രതിസന്ധി മറികടക്കാനുള്ള പരിശ്രമത്തിന് ശാസ്ത്രസാംസ്കാരികോത്സവങ്ങളിലൂടെ നാം തുടക്കമിട്ടിരുന്നു. ജനസാമാന്യത്തിലേക്കും വിശേഷിച്ച് യുവതലമുറയിലേക്കും ശാസ്ത്രാവബോധത്തിലും സമഗ്രവീക്ഷണത്തിലും ഊന്നിയ പരിഷത്ത് ആശയങ്ങൾ എത്തിക്കുന്നതിന് പുതിയ ആവിഷ്കാരരീതികൾ പരീക്ഷിച്ചേ മതിയാകൂ. അതാകട്ടെ ഏകരൂപഘടനയിൽ കേന്ദ്രീകൃതമായി ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതാവുകയും വയ്യ. സാംസ്കാരികരംഗത്തും കലാരംഗത്തും വന്നുകൂടിയ അശാസ്ത്രീയവും പ്രതിലോമകരവും മാനവവിരുദ്ധവുമായ ആശയങ്ങളും സമീപനങ്ങളും സമൂഹത്തിന്റെ പൊതുബോധത്തെ സ്വാധീനിക്കുന്നുണ്ട്. തീർത്തും നിർദോഷമെന്ന് കരുതുന്ന ഫലിതപ്രയോഗങ്ങൾ മുതൽ എന്റർടെയ്നർ എന്നഗണത്തിൽപെടുന്ന വലിയ ആവിഷ്കാരങ്ങൾ വരെ പ്രതിലോമപരവും അശാസ്ത്രീയവും പിന്തിരിപ്പനുമായ പൊതുബോധസൃഷ്ടിക്ക് കാരണമാവുന്നുണ്ട്. ഇത് തികച്ചും ബോധപൂർവ്വം നിഷ്കളങ്കനാട്യത്തിൽ നിക്ഷിപ്തതാല്പര്യങ്ങളുടെ സൃഷ്ടിയാണ്. സാംസ്കാരികരംഗത്തും കലാരംഗത്തും സമഗ്രവും ശാസ്ത്രീയവുമായ ഇടപെടലിനുള്ള പ്രസ്ഥാനമല്ല പരിഷത്ത്. അത്തരം പ്രവർത്തനങ്ങൾ നടത്തുന്ന നിരവധി സാംസ്കാരിക, കലാപ്രസ്ഥാനങ്ങൾ കേരളത്തിലുണ്ട്. എന്നാൽ ശാസ്ത്രത്തിന്റെ ജനകീയതക്കും ശാസ്ത്രബോധമുള്ള സമൂഹത്തിനും വേണ്ടിയുള്ള പ്രവർത്തനത്തിന് പരിഷത്ത് മാത്രമേയുള്ളൂ. പരിഷത്ത് മുന്നോട്ടുവെക്കുന്ന ആശയങ്ങളും ദർശനങ്ങളും കലാസാംസ്കാരിക മേഖലയിലേക്ക് സംക്രമിപ്പിക്കുന്ന ദൗത്യമാണ് നമുക്കുള്ളത്.

കലാപണിപ്പുരകൾ

നാലുപ്രധാനമായ കലാമേഖലകളിൽ നടത്തിയ പണിപ്പുരകളിലൂടെയാണ് 'നമ്മൾ ജനങ്ങൾ' -ജനോത്സവപരിപാടിയുടെ ഉള്ളടക്കം രൂപപ്പെട്ടത്. നാടകം, പാട്ട് , സിനിമ , വര എന്നീ കലാമേഖലകളിലെ പുതിയ അന്വേഷണങ്ങൾ പരിചയപ്പെടാനും ശാസ്ത്രബോധവും മാനവിക കാഴ്ചപ്പാടും ഉൾക്കൊള്ളുന്ന കലയുടെ ജനാവിഷ്കാരതലത്തിലേക്ക് അവയെ കൊണ്ടുവരാനും ഉള്ള അന്വേഷണമായിരുന്നു ഓരോ പണിപ്പുരയും. നാടകരംഗത്തെ നവീനഭാവുകത്വം പരിചയപ്പെടുത്തുന്ന നാടകശില്പശാല "കൂത്ത്" തൃശ്ശൂർ ജില്ലയിൽ നടന്നുകഴിഞ്ഞു. മലപ്പുറം ജില്ലയിൽ പാട്ട്, താളം എന്നിവയിലുള്ള പഠനക്കളരി "പാട്ടുകെട്ട്", സിനിമാരംഗത്തെ സാധ്യതകളാരായാൻ പാലക്കാട് ജില്ലയിൽ തിര - സിനിമാപഠനക്കളരി എന്നിവ നടന്നു. ചിത്രകലയുടെ സാധ്യതകളും പ്രയോഗവും അന്വേഷിക്കുന്ന വര ചിത്രപണിപ്പുര കണ്ണൂർ ജില്ലയിലെ കതിരൂരിൽ വെച്ച് നടന്നു. ഈ പാഠശാലകളുടെ തുടർച്ചയായി നടക്കേണ്ട പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ രൂപപ്പെടണം. ജനോത്സവങ്ങൾക്കുള്ള മണ്ണൊരുക്കമെന്നനിലയിൽ വിപുലമായ മേഖലാസാംസ്കാരികസംഗമങ്ങൾ നടക്കേണ്ടതുണ്ട്. ജനോത്സവങ്ങൾ അത്തരം സംഗമങ്ങളിൽ വിഭാവനം ചെയ്യപ്പെടണം. അത് ജനകീയമായ ആവിഷ്ക്കാരങ്ങളുടെ ഉത്സവമാകുന്നതോടൊപ്പം പരിഷത് ദർശനങ്ങളുടെ പ്രകാശനം കൂടിയാണ്. നിശ്ചയമായും അത് കലാസാംസ്കാരിക രംഗത്ത് നടക്കേണ്ട പരിവർത്തനത്തിനും ശുദ്ധീകരണത്തിനും സഹായകമാവുകതന്നെ ചെയ്യും. പരിഷത്ത് മുന്നോട്ടുവെക്കുന്ന സമഗ്രവും ശാസ്ത്രീയവുമായ വീക്ഷണങ്ങളും ആശയങ്ങളും ആവിഷ്കാരവിഷയമാക്കിക്കൊണ്ടാണ് അവതരണതലത്തിൽ വൈവിധ്യവൽക്കരണം സാധിക്കേണ്ടത്. എന്നാലതിന് നിശ്ചിതമായ ഒരു രൂപമോ ഘടനയോ അടിച്ചേൽപ്പിക്കുന്ന രീതിയില്ല. ആവിഷ്കാരസ്വാതന്ത്ര്യം തീർത്തും വികേന്ദ്രീകൃതമാണ്. പരിഷത്ത് പ്രവർത്തനത്തിന്റെ വിവിധമേഖലകളിലെ ആശയങ്ങൾ (പരിസരം, വികസനം, ജെന്റർ, വിദ്യാഭ്യാസം, ബാലവേദി തുടങ്ങിയ മേഖലകളിലെ) അഭിപ്രായങ്ങൾ, വിമർശനങ്ങൾ എല്ലാം പ്രമേയമായിട്ടുള്ള അവതരണങ്ങൾ അതാതിടങ്ങളിലെ പ്രായോഗിക സാധ്യതകൾ പ്രയോജനപ്പെടുത്തി രൂപപ്പെടുത്തണം. സംഘടനയുടെ മുഴുവൻ ഊർജവും ജനോത്സവത്തിലേക്ക് തിരിച്ചുവിട്ട് നമുക്കൊരുങ്ങാം.......നാളെയാവുകിലേറെ വൈകീടും.......

"https://wiki.kssp.in/index.php?title=ജനോത്സവം&oldid=6475" എന്ന താളിൽനിന്ന് ശേഖരിച്ചത്