വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ:വിശദമായ ചർച്ച വേണം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

വിദ്യാഭ്യാസ രംഗത്തെ ഘടനാപരമായ മാറ്റങ്ങൾ വിശദമായ ചർച്ചയ്ക്കു വിധേയമാക്കണം :പരിഷത്ത്

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ അഞ്ചാംക്ലാസ്സ് ലോവർ പ്രൈമറിയുടെ ഭാഗമായും എട്ടാംക്ലാസ്സ് അപ്പർപ്രൈമറിയുടം ഭാഗമായും മാറ്റുകയാണെന്നും ഒമ്പതാംക്ലാസ്സ് മുതൽ 12-ാം ക്ലാസ്സുവരെ സെക്കണ്ടറി വിഗ്യാഭ്യാസ ഘട്ടമെന്നനിലയിൽ ഒരു കുടക്കീഴിലാക്കുകയാണെന്നും പ്ലസ്ടു ഘട്ടമായ ഹയർസെക്ക്ന്ററിയുടെയും വൊക്കേഷണൽ ഹയർസെക്കന്ററിയേയും സംയോജിപ്പിക്കുകയാണെന്നും സർക്കാർ തീരുമാനിച്ചതായി മനസിലാക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1997 -98 ൽ നിയോഗിച്ച ജനകീയ വിദ്യാങ്യാസ കമ്മീഷൻ ഇതു സംബന്ധിച്ച വിശദമായ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഈ ഘടനാപരമായ മാറ്റങ്ങൾക്കൊപ്പം കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2൦൦7 ൽ നിർദ്ദേശിച്ച അക്കാദമിക മാറ്റങ്ങളും പരിഗണിക്കേണ്ടതുണ്ട്.

  • 9,10 ക്ലാസ്സുകളിൽ ഓരോ കുട്ടിയ്ക്കും താൽപര്യമുള്ള വിഷയങ്ങളുടെ വിശേഷ പഠനവും (എ ലെവൽ) എല്ലാ വിഷയങ്ങളുടെയും സാമാന്യ പഠനവും (ഒ ലെവൽ) ചേർത്തുകൊണ്ടുള്ള സമീപനം
  • ഹയർസെക്കന്ററി തലത്തിൽ ഐച്ഛിക വിഷയങ്ങളുടെ പഠനത്തിനും തൊഴിൽ പഠനത്തിനും കൂടുതൽ സമയം കിട്ടുന്ന വിധത്തിലുള്ള സംവിധാനം
  • മൂന്ന് നിർബന്ധിത വിഷയങ്ങളോടൊപ്പം വിഷയ സമുച്ചയ വ്യത്യാസമില്ലാതെ ഏതുകുട്ടിയ്ക്കും ഇഷ്ടപ്പെട്ട ഒരു വിഷയംകൂടി പഠിക്കാനുള്ള സൗകര്യം
  • തൊഴിൽ പഠനത്തിനായി തൊഴിൽ ഇടങ്ങളുടെ സാദ്ധ്യത പരിശോധിക്കല്
  • ഹയർസെക്കന്ററി പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ഏതെങ്കിലും മേഖലയിലെ തൊഴിൽ വൈദഗധ്യം ഉണ്ടെന്ന് ഉറപ്പാക്കൽ
  • വേണ്ടത്ര സൗകര്യമുള്ള ലാബ്, വർക്ക്‌ഷോപ്പുകൾ എന്നിവ ഉറപ്പാക്കൽ
  • വിശാലമായ ഒരു ലൈബ്രറിയും വായനാമുറിയും നിലവാരമുള്ള റഫറൻസ് പുസ്തകങ്ങളും എല്ലാ സെക്കന്ററി സ്‌ക്കൂളിലും ഉറപ്പാക്കൽ
  • പ്രൈമറി ക്ലസുകളുളള ഹൈസ്‌ക്കൂളിൽനിന്ന് എട്ടുവരെയുള്ളക്ലാസുകൾ വേർപെടുത്തൽ
  • അധ്യാപകർക്ക് നിരന്തര പരിശീലനം ഉറപ്പാക്കൽ, ഇതിനനുസൃതമായി വിദ്യാഭ്യാസ മാനേജ്‌മെന്റ് അദ്ധ്യാപക സൗഹൃദമാക്കി പ്രൊഫണലൈസ് ചെയ്യൽ

തുടങ്ങിയവയെക്കുറിച്ചുള്ള സവിസ്തരമായ നിർദ്ദേശങ്ങൾ ഇത് മുന്നോട്ട് വച്ചിട്ടുണ്ട്.

എൻ.സി.എഫ് 2005 ന്റയും കെ.സി.എഫ്- 2007 ന്റെയും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അക്കാദമിക്ക് സമൂഹത്തിന്റെയും ജനങ്ങളുടെയും ഇടയിൽ ചർച്ച നടത്തി വിദ്യാഭ്യാസമേഖലയിലെ ഭാവിനടപടികൾ ആസൂത്രണം ചെയ്യണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

കെ.ടി രാധാകൃഷ്ണൻ ടി.പി. ശ്രീശങ്കർ

(പ്രസിഡന്റ്) (ജന. സെക്രട്ടറി)