സ്ത്രീകളുടേതു കൂടിയായ സമൂഹം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

സ്ത്രീകളുടേതു കൂടിയായ സമൂഹം
Cover
കർത്താവ് എൻ ശാന്തകുമാരി
ഭാഷ മലയാളം
വിഷയം ജെൻഡർ
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ, 2009

ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ്‌ 2009. ഭൗതികശാസ്‌ത്രരംഗത്ത്‌ പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത്‌ പ്രത്യേകിച്ചും യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ്‌ നിരീക്ഷണം നടന്നിട്ട്‌ 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത്‌ ഈ വർഷമാണ്‌ . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത്‌ അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച്‌ ആധുനിക ജീവശാസ്‌ത്രത്തിന്‌ അടിത്തറ പാകിയ ചാൾസ്‌ ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട്‌ 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ്‌ 2009 നമ്മുടെ മുന്നിൽ എത്തുന്നത്‌. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ്‌ ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്‌.

ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത്‌ കൊണ്ട്‌ 2009 -2010 പ്രവർത്തനവർഷം ശാസ്‌ത്രവർഷമായി ആചരിക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തീരുമാനിച്ചിരിക്കുകയാണ്‌. ആധുനിക ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും സമസ്‌ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത്‌ പണ്ടെന്നത്തേക്കാളും ഇന്ന്‌ പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ്‌ ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്‌.

ആധുനിക ശാസ്‌ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയ്‌ക്ക്‌ മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചയ്‌ക്ക്‌ വിഷയീഭവിക്കേണ്ടതുണ്ടെന്ന്‌ പരിഷത്ത്‌ കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്‌ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ്‌ പരിഷത്ത്‌ രൂപം നൽകിയിട്ടുള്ളത്‌. ശാസ്‌ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്‌തകമാണിത്‌.

                                                         കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌

ഒന്ന്

സമത സംഘാംഗങ്ങൾ ഇന്ന്‌ ഏറെ ഉത്സാഹത്തിലാണ്‌. സംഘം രൂപീകരിച്ച്‌ പ്രവർത്തനം തുടങ്ങിയിട്ട്‌ പത്തുവർഷത്തിലേറെയായി. പക്ഷേ കാര്യമായ പ്രവർത്തനമൊന്നും നടത്താനായിട്ടില്ല. ഇടയ്‌ക്ക്‌ കുറച്ച്‌ കാലം അച്ചാറും അരിപ്പൊടിയും മറ്റും ഉണ്ടാക്കി വില്‌പന നടത്തിയിരുന്നു. പക്ഷെ അംഗങ്ങളുടെ ഉത്സാഹക്കുറവ്‌ കൊണ്ട്‌ കാര്യമായ പുരോഗതി ഉണ്ടായില്ല. പിന്നീട്‌ ആകെയുള്ള പ്രവർത്തനം ചെറിയ തോതിലുള്ള നിക്ഷേപം മാത്രമായിരുന്നു. സംഘത്തിന്‌ പ്രത്യേക ഓഫീസ്‌ സംവിധാനമൊന്നുമില്ല. അംഗങ്ങളുടെ വീട്ടിൽ മാറി മാറി കൂടിച്ചേരുകയാണ്‌ പതിവ്‌. മിക്കവാറും ശനിയാഴ്‌ചകളിലാണ്‌ ഇത്തരം കൂടിച്ചേരൽ നടക്കുക. ശാരദേടത്തിയാണ്‌ ഇപ്പോൾ സെക്രട്ടറി. അവർ പൊതുവെ എല്ലാ കാര്യത്തിലും വളരെ താൽപര്യമെടുക്കുന്ന കൂട്ടത്തിലാണ്‌. ഇന്നത്തെ കാര്യവും അങ്ങനെതന്നെയാണ്‌. ഇതുവരെ തുടർന്നുവന്ന രീതി മാറിയേ പറ്റൂ എന്നാണ്‌ കൂട്ടായ തീരുമാനം. അതിന്റെ അടിസ്ഥാനത്തിൽ ഇന്ന്‌ ഒരു പുതിയ തുടക്കമിടുകയാണ്‌. ലതട്ടീച്ചറുടെ നേതൃത്വത്തിൽ ഒരു ചർച്ചാക്ലാസാണ്‌ ഇന്ന്‌ നടക്കാൻ പോകുന്നത്‌. അംഗങ്ങളെല്ലാവരും നേരത്തെ തന്നെ എത്തിയിട്ടുണ്ട്‌. ഒപ്പം അവരുടെ കുടുംബാംഗങ്ങളുമുണ്ട്‌. ശാരദേടത്തിയുടെ വീടിന്റെ വരാന്തയിലാണ്‌ പരിപാടി നടത്തുന്നത്‌.

ശാരദേടത്തി എല്ലാവരേയും ക്ലാസിലേക്ക്‌ സ്വാഗതം ചെയ്‌തുകൊണ്ട്‌ സംസാരിച്ചു. ``നാം സംഘം തുടങ്ങിയ കാലത്തെ അവസ്ഥയല്ല ഇപ്പോഴുള്ളത്‌. നമ്മോടൊപ്പമുണ്ടായിരുന്ന നമ്മുടെ കുട്ടികൾ ഇന്ന്‌ വലിയവരായിക്കഴിഞ്ഞിരിയ്‌ക്കുന്നു. പുതിയ പ്രവർത്തനം ഏറ്റെടുക്കാൻ അവർക്കും താൽപര്യമുണ്ട്‌, മാത്രമല്ല നമ്മേക്കാൾ അറിവും അവർ നേടിക്കഴിഞ്ഞു. അതുകൊണ്ട്‌ തന്നെ നമ്മളും കൂടുതൽ അറിവുനേടണമെന്നും നല്ല വ്യക്തിത്വങ്ങളായി മാറണമെന്നുമൊക്കെ അവരും ആഗ്രഹിയ്‌ക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ നമ്മുടെ സംഘത്തെ സജീവമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിവെയ്‌ക്കാം. ചർച്ചാക്ലാസ്‌ നയിക്കാൻ ലതട്ടീച്ചർ എത്തിയിട്ടുണ്ട്‌. എല്ലാവരും ചർച്ചകളിൽ പങ്കെടുക്കണം.

പൊതുവായി മനുഷ്യരിലുള്ള വേർതിരിവുകളെ സ്‌പർശിച്ചുകൊണ്ട്‌ ടീച്ചർ ക്ലാസിന്‌ തുടക്കമിട്ടു.

ഭൂമിയിൽ പലതരം ജീവികളുണ്ട്‌. അവയ്‌ക്ക്‌ ലിംഗഭേദവും സ്വാഭാവികം മാത്രം. ജീവികളുടെ നിലനില്‌പിന്‌ ഇത്‌ അത്യാവശ്യമാണ്‌. മനുഷ്യരിലും ഏറെ സ്വാഭാവികമായ ഈ വേർതിരിവുണ്ട്‌. അതാണ്‌ സ്‌ത്രീയും പുരുഷനും. എന്നാൽ തലമുറകളായി രൂപപ്പെട്ട്‌ കൈമാറിവന്ന ചില ധാരണകൾ സ്വാഭാവികമായ ലിംഗഭേദത്തിനപ്പുറം വ്യത്യസ്‌തമായ പദവിയും സൃഷ്ടിക്കുകയാണ്‌. ``പ്രകൃതിയോടിണങ്ങി ജീവിച്ച ആദിമ മനുഷ്യൻ തങ്ങളുടെ നിരീക്ഷണപാടവവും അന്വേഷണത്വരയും കഠിനാധ്വാനവും എല്ലാം കൈമുതലാക്കി പ്രകൃതിരഹസ്യങ്ങളുടെ ചുരുളഴിച്ച്‌ അറിവിന്റെ വിവിധമേഖലകൾ സ്വായത്തമാക്കി. ഈ പ്രക്രിയയിൽ സ്‌ത്രീകൾക്കും പങ്കാളിത്തമുണ്ടായിരുന്നിരിക്കാം. എന്നാൽ ആധുനിക മനുഷ്യരിലേയ്‌ക്കുള്ള പ്രയാണത്തിനിടയിൽ സ്‌ത്രീയ്‌ക്കും പുരുഷനും പ്രത്യേകം പ്രത്യേകം പ്രവർത്തന ഇടങ്ങൾ സൃഷ്ടിയ്‌ക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇന്ന്‌ ഈ വേർതിരിവ്‌ നമ്മുടെ ജീവിതാനുഭവങ്ങളിൽ ഏറെ സ്‌പഷ്ടവുമാണ്‌. എന്തുപറയുന്നു?

ആവൂ ശാരദേടത്തിയ്‌ക്ക്‌ സമാധാനമായി. വിശദീകരണം നീണ്ടുപോകുന്നതിൽ അസ്വസ്ഥയായിരുന്നു അവർ.

``സ്‌ത്രീകളെന്നു പറഞ്ഞാൽ മനുഷ്യരിൽപെടില്ലാന്ന്‌ ചിലപ്പോൾ തോന്നാറുണ്ട്‌. അവർ ഒരു പ്രത്യേകതരം ജീവികളോ മറ്റോ ആണ്‌ എന്ന പോലെയാണ്‌ ചിലരുടെ പെരുമാറ്റം.

``അതെയതെ, ശാരദേടത്തിയുടെ അഭിപ്രായത്തെ ശരിവെച്ചുകൊണ്ട്‌ കോളേജ്‌ വിദ്യാർഥിനിയായ ഷൈമ പറഞ്ഞു. സ്‌ത്രീയെ വെറും ശരീരമായി മാത്രമാണ്‌ പലരും കാണുന്നത്‌ എന്നതാണ്‌ യാത്രയിലും മറ്റുമുള്ള അനുഭവം.

``പെൺകുഞ്ഞുങ്ങളെ ജനിച്ച ഉടൻ കൊല്ലുന്നതും ജനിയ്‌ക്കാൻ തന്നെ അനുവദിയ്‌ക്കാതിരിക്കുന്നതും എല്ലാം വർധിച്ചു വരികയാണെന്ന്‌ ഈയടുത്ത ഒരു ദിവസം പത്രത്തിൽ വായിച്ചിരുന്നു.

ശ്രീലതയുടേതായിരുന്നു ഈ പ്രതികരണം.

``അതെ, ശ്രീലത പറഞ്ഞകാര്യം വളരെ പ്രസക്തമാണ്‌. ശാസ്‌ത്രപുരോഗതി മനുഷ്യരുടെ സുഖസൗകര്യങ്ങൾ വർധിപ്പിയ്‌ക്കാനാണ്‌ പൊതുവെ ഉപയോഗപ്പെടുത്തുന്നത്‌. ലതടീച്ചർ വിഷയത്തിലേക്ക്‌ തിരിച്ചുവന്നുകൊണ്ട്‌ പറഞ്ഞു. എന്നാൽ ശാസ്‌ത്രസാങ്കേതികവിദ്യയുടെ വികാസം ഇവിടെ സ്‌ത്രീയ്‌ക്ക്‌ എതിരായി മാറുന്നതായിട്ടാണ്‌ കാണാൻ കഴിയുന്നത്‌.

സ്‌ത്രീ എന്ന നിലയിൽ നേരിടേണ്ടിവരുന്ന അരക്ഷിതബോധം, കുടുംബത്തിന്‌ ബാധ്യതയാണെന്ന പൊതുബോധം ഇവ എല്ലാം പെൺകുട്ടിയെ സുരക്ഷിതയായി വളർത്തിയെടുത്ത്‌ വിവാഹം കഴിപ്പിച്ചയയ്‌ക്കുക എന്ന ഒറ്റലക്ഷ്യത്തിലേക്ക്‌ മാതാപിതാക്കളെ കൊണ്ടുചെന്നെത്തിക്കുന്നു.

``കുട്ടി ഏതായാലെന്താ; നന്നായി വളരണം, അതിനാവശ്യമായ സാഹചര്യം ഉണ്ടാവണം. മറിയാമ്മ ചേടത്തിയ്‌ക്ക്‌ അക്കാര്യത്തിൽ യാതൊരു സംശയവുമില്ലായിരുന്നു.

``അത്രയേയുള്ളൂ കാര്യം, പക്ഷേ നമ്മുടെ ചുറ്റും നടക്കുന്നത്‌ അതൊന്നുമല്ലല്ലോ. ജനിച്ച അന്നുമുതൽ ഭാവിയെക്കുറിച്ചുള്ള ഉത്‌കണ്‌ഠകൾക്കാണ്‌ മേൽക്കോയ്‌മ. അതുകൊണ്ട്‌ തന്നെ അവളുടെ വ്യക്തിത്വവികാസത്തെക്കുറിച്ചൊന്നും ആലോചിയ്‌ക്കാൻ ആർക്കും സമയമില്ല.

``എങ്ങനെയാണ്‌ ഒരു പെൺകുട്ടിയുടെ ജീവിതം ചിട്ടപ്പെടുത്തേണ്ടത്‌. എന്തിനാണ്‌ പ്രാധാന്യം കൊടുക്കുന്നത്‌. അവളെങ്ങനെ ചലിയ്‌ക്കണം, എന്ത്‌ പറയണം എന്തിനേറെ പറയുന്നു അവളെന്ത്‌ ചിന്തിക്കണം എന്ന്‌ വരെ മുൻകൂട്ടി തീരുമാനിയ്‌ക്കുകയാണ്‌.

``പെൺകുട്ടികളല്ലേ, കുറച്ച്‌ അടക്കവും ഒതുക്കവും നല്ലതാണെന്ന്‌ ഞങ്ങൾ സ്ഥിരം കേൾക്കുന്നതാ ടീച്ചറെ. ഒന്നുറക്കെ ചിരിച്ചു പോവുമ്പോഴൊക്കെയാണ്‌ ക്ലാസ്‌ടീച്ചറുടെ ശകാരം കേൾക്കേണ്ടിവരുന്നത്‌. എന്നതാണ്‌ സങ്കടം ഷൈമയുടെ വാക്കുകളിലും പരിഭവം നിറഞ്ഞുനിന്നു.

``പെൺകുഞ്ഞിന്റെ ബാഹ്യസൗന്ദര്യത്തിന്‌ ഏറെ പ്രാധാന്യം കൊടുക്കുന്ന സമീപനമാണ്‌ കുടുംബാംഗങ്ങളിൽനിന്നും മറ്റും ഉണ്ടാവുന്നത്‌. എന്തെല്ലാം ആഭരണങ്ങൾ, ഏതൊക്കെ തരം വസ്‌ത്രങ്ങൾ തുടങ്ങി എങ്ങനെയൊക്കെ മുഖം മിനുക്കണം എന്നതൊക്കെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളായിട്ടാണ്‌ നമ്മൾ കാണുന്നത്‌. ഒപ്പം അവളുടെ സ്വാഭാവികമായ ശാരീരിക വളർച്ച അവളുടെ ചലനങ്ങളെ നിയന്ത്രിക്കാനുള്ള ഉപാധിയായും മാറുന്നു. ഇത്‌ തന്റെ ചുറ്റുപാടുകളോട്‌ ക്രിയാത്മകമായി സംവദിയ്‌ക്കാനും കരുത്തുള്ള ഒരു വ്യക്തിത്വമായി മാറാനും അവൾക്ക്‌ തടസ്സമാവുന്നുണ്ട്‌.

``എനിയ്‌ക്ക്‌ വായിക്കാൻ ഇഷ്ടമാണ്‌. വീട്ടിലാണെങ്കിൽ പത്രവും വാരികകളുമൊന്നും വാങ്ങുന്നുമില്ല. ഞാൻ മുൻപ്‌ ഒന്നുരണ്ടുതവണ നമ്മുടെ അങ്ങാടിയിലെ വായനശാലയിൽ പോയിരുന്നു. എന്തോ അസന്മാർഗ്ഗികപ്രവർത്തനം നടത്തുന്നപോലെയാണ്‌ ചിലരുടെ ഭാവം. പിന്നെ പതിവുള്ള മൂളിപ്പാട്ടും കമന്റുകളും അകമ്പടിയായുണ്ടാവുകയും ചെയ്യും. അതുകൊണ്ട്‌ അങ്ങോട്ട്‌ പോവാനേ മടിയാണ്‌. ശ്രീലത തന്റെ അനുഭവങ്ങൾ പങ്കുവെച്ചു.

``മൊബൈൽ ലൈബ്രറി ഇപ്പോൾ പലസ്ഥലത്തും ഉണ്ടല്ലോ. ഇവിടെയും നമുക്ക്‌ അതൊന്നാലോചിയ്‌ക്കണം. ശാരദേടത്തി പറഞ്ഞു.

``ചുരുക്കത്തിൽ പെൺകുട്ടി വളർന്നു മുതിർന്ന സ്‌ത്രീയായി മാറുമ്പോഴേയ്‌ക്കും കുറേയേറെ സന്ദേശങ്ങൾ അവളുടെ ചിന്തകളിൽ ഉറച്ചുകഴിയും. തന്റെ ഇടം വീടിനുള്ളിലാണ്‌. അത്യാവശ്യം വിദ്യാഭ്യാസത്തിനും. പിന്നീട്‌ തൊഴിൽ ലഭിച്ചാൽ അതിനുവേണ്ടിയും മറ്റും പുറത്ത്‌ പോയി വരാനുള്ള അനുവാദം ലഭിയ്‌ക്കും അത്രതന്നെ. മറ്റുള്ള കാര്യങ്ങളൊക്കെ രക്ഷിതാക്കൾ തീരുമാനിച്ചുകൊള്ളും. അതിനനുസരിച്ച്‌ പ്രവർത്തിച്ചാൽ മതി.

``സ്വത്വബോധമുള്ള കരുത്തുള്ള വ്യക്തിത്വങ്ങളായി ചുറ്റുപാടുകളോട്‌ ക്രിയാത്മകമായി പ്രതികരിയ്‌ക്കാനുള്ള ശേഷി ഓരോരുത്തർക്കുമുണ്ടാവണം. ഇത്‌ എങ്ങനെയാണുണ്ടാക്കിയെടുക്കുക. നമ്മൾ പറയാറില്ലേ നീന്താൻ പഠിയ്‌ക്കണമെങ്കിൽ വെള്ളത്തിൽ ഇറങ്ങിയേ പറ്റൂ എന്ന്‌. ഇക്കാര്യത്തിലും അതുപോലെതന്നെയാണ്‌. സങ്കീർണ്ണമായ സാഹചര്യങ്ങൾ, അനുദിനം മാറിക്കൊണ്ടിരിയ്‌ക്കുന്ന സാമൂഹ്യചുറ്റുപാടുകൾ ഇവയെല്ലാം അതിജീവിച്ച്‌ മുന്നോട്ട്‌ പോവാൻ എളുപ്പവഴികളൊന്നുമില്ല. കൂടുതൽ കൂടുതൽ അറിവ്‌ നേടുക. അവരവരുടെ വ്യക്തിത്വത്തെ, നൈസർഗികമായ ശേഷികളെ തിരിച്ചറിയുക. അവയെ തേച്ചുമിനുക്കി മെച്ചപ്പെടുത്തി പുതുക്കിക്കൊണ്ടേയിരിയ്‌ക്കുക. തന്റെ തൊലിയുടെ നിറവും മുഖത്തിന്റെ ആകൃതിയും അല്ല താനെന്ന്‌ മനസ്സിലാക്കുകയും അതിനെക്കാളേറെ സമഗ്രമായി തന്നെതന്നെ ഉൾക്കൊള്ളുകയും ചെയ്യണം. സമൂഹത്തിലെ സ്‌ത്രീവിരുദ്ധമായ എല്ലാ പ്രശ്‌നങ്ങളും നിലനിൽക്കുമ്പോൾ തന്നെ അവയെ നേരിട്ടുകൊണ്ട്‌ മുന്നോട്ട്‌ പോകാൻ കഴിയണം. അങ്ങനെ പതുക്കെ പതുക്കെ മാത്രമേ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാനാവൂ. ലതടീച്ചർ പറഞ്ഞുനിർത്തി.

തുടർന്ന്‌ മാസത്തിൽ ഒരു ദിവസം ഇതുപോലെ കൂടണമെന്ന്‌ തീരുമാനിച്ച്‌ എല്ലാവരും പിരിഞ്ഞു.

രണ്ട്

ഇന്ന്‌ സമതയുടെ രണ്ടാമത്തെ ചർച്ചാക്ലാസാണ്‌. മറിയാമ്മചേടത്തിയുടെ വീട്ടിൽ എല്ലാവരും എത്തിക്കഴിഞ്ഞു. ഡോ. ഗൗരിയാണ്‌ ക്ലാസ്‌ നയിക്കുന്നത്‌. സ്‌ത്രീകളുടെ വിദ്യാഭ്യാസമായിരുന്നു അവരുടെ ഗവേഷണവിഷയം. അവർ മുമ്പും ഇവിടെ വന്നിട്ടുണ്ട്‌. സംഘം രൂപീകരണസമയത്തായിരുന്നു അത്‌. അതുകൊണ്ട്‌ തന്നെ അംഗങ്ങൾക്കൊക്കെ അവരെ പരിചയമുണ്ട്‌.

``ഇന്ന്‌ വിദ്യാഭ്യാസമാണല്ലോ നമ്മുടെ ചർച്ചാവിഷയം. എന്തിനാണ്‌ നമ്മൾ വിദ്യാഭ്യാസം നേടുന്നത്‌?

``പഠിച്ച്‌ നല്ല ജോലി നേടണം മറിയാമ്മചേടത്തിയുടെ ഉടൻ പ്രതികരണം.

``ജീവിയ്‌ക്കാനൊരു മാർഗം കണ്ടെത്താൻ കഴിയണം. അതിന്‌ മികച്ച വിദ്യാഭ്യാസം തന്നെ വേണം. ശ്രീലത തന്റെ അഭിപ്രായം മുന്നോട്ട്‌ വെച്ചു.

``അതെയതെ നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്‌. എന്നാൽ ഇതിനെല്ലാം മുൻപ്‌ നടക്കേണ്ട ഒരു പ്രക്രിയയുണ്ട്‌. അത്‌ തന്നെക്കുറിച്ച്‌, തന്റെ വ്യക്തിത്വത്തെക്കുറിച്ച്‌ തന്റെ അവകാശങ്ങളെക്കുറിച്ച്‌ എല്ലാം തിരിച്ചറിവുണ്ടാവുകയാണ്‌. ഒപ്പം സാമൂഹ്യബോധവും ജനാധിപത്യബോധവും വളരണം. കേരളത്തിലെ വിദ്യാഭ്യാസരംഗം പരിശോധിച്ചാൽ പെൺകുട്ടികളുടെ പങ്കാളിത്തം വളരെ ഉയർന്നതാണെന്ന്‌ കാണാം. എന്നാൽ ഇതേ തോതിലേയ്‌ക്ക്‌ മറ്റു സാമൂഹ്യഘടകങ്ങൾ ഉയർന്നതായി കാണുന്നില്ല. എന്തോ ഒരു കുഴപ്പമുണ്ട്‌.

``അതെന്താ ടീച്ചറേ കുഴപ്പമാവുന്നത്‌. പെൺകുട്ടികൾ കൂടുതലായി പഠിയ്‌ക്കാൻ പോകുന്നത്‌ നല്ല കാര്യമല്ലേ? ഷൈമയ്‌ക്ക്‌ ടീച്ചർ പറഞ്ഞുവരുന്നതെന്താണെന്ന്‌ വ്യക്തമായില്ല.

ഷൈമ പറഞ്ഞത്‌ ശരിതന്നെ. പക്ഷേ പലകാര്യങ്ങളിലും സ്‌ത്രീകൾക്ക്‌ ഇനിയും പുരുഷന്റേതിന്‌ സമാനമായ സ്ഥിതി പോലും ആയിട്ടില്ല. പ്രത്യേകിച്ച്‌ ഒരേ പണി ചെയ്യുന്ന സ്‌ത്രീയ്‌ക്കും പുരുഷനും ഇന്നും ഒരേ കൂലി ലഭിയ്‌ക്കുന്നില്ലല്ലോ?

``അതില്ല, പക്ഷേ അത്‌ സ്‌ത്രീക്ക്‌ അതേ അളവിൽ പണി ചെയ്യാൻ കഴിയാത്തതുകൊണ്ടല്ലേ? ശ്രീലത തന്റെ സംശയം ഉന്നയിച്ചു.

``ഇതാണ്‌ നമ്മുടെ സമൂഹത്തിലെ ചില ധാരണകൾ. ഇതുപോലെ തന്നെയാണ്‌ വർധിച്ച തോതിൽ സ്‌ത്രീകൾ വിദ്യാഭ്യാസം നേടിയിട്ടും സ്‌ത്രീപുരുഷസമത്വം എന്നത്‌ ചിന്തിയ്‌ക്കാൻപോലും നമുക്ക്‌ കഴിയാത്തത്‌. എന്തൊക്കെ മികവുണ്ടായാലും അവൾ ഒരു പടി താഴെതന്നെയാണെന്ന ചിന്തയ്‌ക്കാണ്‌ പ്രാമുഖ്യം.

``ഇത്‌ നമുക്ക്‌ തിരിച്ചും പറയാൻ കഴിയും. നമ്മുടെ രാജ്യം ജനാധിപത്യരാജ്യമാണ്‌. എങ്കിലും നാം ഇനിയും യഥാർത്ഥ ജനാധിപത്യസമൂഹമായിട്ടില്ല. കേരളത്തിലിപ്പോൾ കൂട്ടുകുടുംബങ്ങളും മരുമക്കത്തായ സമ്പ്രാദയവുമൊന്നും ഇല്ലെന്ന്‌ തന്നെ പറയാം. അണുകുടുംബങ്ങളാണ്‌ കൂടുതലും. എന്നിട്ടും സ്‌ത്രീകളോടുള്ള സമീപനത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. സാമൂഹ്യവ്യവസ്ഥിതിയുടെ പല ഘടകങ്ങൾക്കും മാറ്റംവരുമ്പോഴും പൊതുവായി തലമുറകൾ കൈമാറി നൽകുന്ന ധാരണകളും കാഴ്‌ചപ്പാടുകളും മാറുന്നില്ല എന്ന്‌ കാണാം. ഇത്തരത്തിൽ തുടരുന്നതിന്‌ ഇവിടത്തെ വിദ്യാഭ്യാസരീതിയ്‌ക്കും പ്രധാനമായ പങ്കുണ്ട്‌.

``ടീച്ചറെ, മാറ്റമില്ലെന്ന്‌ പറയുന്നത്‌ ശരിയല്ല. ഇപ്പോൾ പണ്ടത്തെപോലെയൊന്നുമല്ല. കുട്ടികൾ ആണായാലും പെണ്ണായാലും അവരോട്‌ ഒരുപോലെ തന്നെയാണ്‌ മിക്കവാറും രക്ഷിതാക്കളൊക്കെ പെരുമാറുന്നത്‌. ശ്രീലത പറഞ്ഞു.

``ഇപ്പോൾ കുട്ടികൾ കുറവല്ലേ. മിക്കവർക്കും ഒന്ന്‌. ഏറിയാൽ രണ്ടോ മൂന്നോ. അത്രയല്ലേ ഉള്ളൂ. അതുകൊണ്ട്‌ സ്ഥിതിയൊക്കെ പണ്ടത്തേക്കാൾ മെച്ചംതന്നെയാ. ഞങ്ങളുടെ കുട്ടിക്കാലത്ത്‌ മിക്കവീടുകളിലും പത്തും പതിനഞ്ചും കുട്ടികളുണ്ടാവും. ദാരിദ്ര്യവും പട്ടിണിയുമൊക്കെ വേണ്ടുവോളമുണ്ടാവുകയും ചെയ്യും. മറിയാമ്മചേടത്തി തന്റെ അനുഭവം പങ്കുവെച്ചു.

``നമ്മൾ കുട്ടികളോട്‌ എങ്ങനെ പെരുമാറുന്നു എന്നുള്ളത്‌ മാത്രമല്ല. ഒപ്പം എങ്ങനെയാണ്‌ വീട്ടിലെ മറ്റു പുരുഷന്മാർ സ്‌ത്രീകളോട്‌ പെരുമാറുന്നത്‌, വീടിന്‌ പുറത്തും സ്‌കൂളിലും എല്ലാം ഇക്കാര്യത്തിലുള്ള സമീപനമെന്താണ്‌ എന്നൊക്കെ കുട്ടികൾ സ്വാംശീകരിച്ചെടുക്കും. അപ്പോൾ എന്തു സംഭവിയ്‌ക്കും? തങ്ങളും ഇങ്ങനെയാണ്‌ പെൺകുട്ടികളോട്‌, സ്‌ത്രീകളോട്‌ പെരുമാറേണ്ടതെന്ന്‌ ആൺകുട്ടികളും, അതുപോലെ തങ്ങളുടെ പെരുമാറ്റം ഇത്തരത്തിലായിരിയ്‌ക്കണമെന്ന്‌ പെൺകുട്ടികളും മനസ്സിലാക്കുകയും സമൂഹത്തിൽ തുടർന്നു വരുന്ന ആധിപത്യസ്വഭാവവും വിധേയത്വസ്വഭാവവും തുടരുകയും ചെയ്യും.

``ഇനിയിപ്പോ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഘടനയ്‌ക്കുള്ളിലേയ്‌ക്ക്‌ ഒന്ന്‌ ഇറങ്ങിച്ചെന്ന്‌ നോക്കിയാലോ? അധ്യാപികമാർ, പ്രാധാനാധ്യാപികമാർ അങ്ങനെ എണ്ണത്തിൽ കൂടുതൽ സ്‌ത്രീകൾ അധ്യാപനരംഗത്തുണ്ട്‌. അക്കാദമിക സമിതികളിൽ മാത്രമല്ല, സംവിധാനത്തിന്റെ തലപ്പത്തുപോലും സ്‌ത്രീകളുണ്ട്‌. എന്നിട്ടും അസമത്വങ്ങൾ ഏറെയുള്ള ഘടന പൊളിച്ചെഴുതാനുള്ള ശ്രമങ്ങളുണ്ടായില്ല.

``ആട്ടെ ഒരു കാര്യം, നമ്മുടെ നഗരത്തിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച്‌ പഠിയ്‌ക്കാൻ എത്ര സ്‌കൂളുകളുണ്ട്‌?

``ഇല്ല ടീച്ചറേ, അധികമൊന്നുമില്ല. ഒന്നോരണ്ടോ എൽ.പി. സ്‌കൂളുകൾ. പിന്നെ വളരെക്കുറച്ച്‌ ഹയർസെക്കണ്ടറി സ്‌കൂളുകളും. ഇപ്പോൾ എൽ.കെ.ജിയിലേയ്‌ക്ക്‌ ചേർന്നാൽ പ്ലസ്‌ടു കഴിയുന്നതുവരെ ആൺകുട്ടിയ്‌ക്കും പെൺകുട്ടിയ്‌ക്കും ഒറ്റയ്‌ക്ക്‌ തന്നെ പഠിച്ചുപോവാമല്ലോ. മാത്രമല്ല മതസംഘടനകൾ നടത്തുന്ന സ്‌കൂളാണെങ്കിൽ ഒരുപക്ഷേ മറ്റു മതക്കാരെയും കാണാതെ കഴിയ്‌ക്കാം. ശാരദേടത്തി മൗനം ഭേദിച്ചു.

``അതാണ്‌ കാര്യം. ഇത്തരത്തിൽ വേറിട്ട്‌ നിൽക്കുന്ന സംവിധാനങ്ങൾക്കെല്ലാം പൊതുധാരണകളെ രൂപപ്പെടുത്തുന്നതിൽ പരിമിതിയുണ്ട്‌. കൂട്ടായി പഠനപ്രവർത്തനങ്ങൾ നടത്താനുള്ള അവസരം, പരസ്‌പരസഹകരണവും പരസ്‌പരവിശ്വാസവും വളർത്താനാവശ്യമായ സാഹചര്യങ്ങൾ എന്നിവ ഒരുക്കണമെന്നതിൽ സംശയമില്ല. എന്നാൽ അത്തരം സാധ്യതകൾ തീരെ കുറവാണ്‌.

ഇതോടൊപ്പം ചേർത്തുവായിക്കേണ്ട ഒരു കാര്യമാണ്‌ തുറന്നിടപെടുന്ന ഒരു പെൺകുട്ടിയ്‌ക്ക്‌ ഒരു പൊതുക്യാമ്പസിൽ എത്രമാത്രം സ്വീകാര്യത ലഭിയ്‌ക്കുന്നു എന്നുള്ളതും. സംവിധാനത്തിന്റെ പ്രവർത്തനരീതിയുടെ പോരായ്‌മ കാരണം എത്രത്തോളം പൊതുഇടങ്ങൾ അവൾക്ക്‌ ഉപയോഗിക്കാനാവുന്നു എന്നതും പ്രധാനമാണ്‌. പ്രത്യേകിച്ചും സ്‌കൂളിലെ കളിസ്ഥലം പ്രയോജനപ്പെടുത്തുന്ന എത്രശതമാനം പെൺകുട്ടികളുണ്ടാവും?

``ഓ അക്കാര്യമൊന്നും പറയാതിരിയ്‌ക്കുകയാ ടീച്ചറേ ഭേദം. ഞങ്ങളുടെ സ്‌കൂളിൽ പെൺകുട്ടികൾക്ക്‌ കളിയ്‌ക്കാൻ റിംഗും മറ്റും ഉണ്ടായിരുന്നു. പക്ഷേ അത്‌ കൊല്ലത്തിലൊരിയ്‌ക്കലൊക്കെയാണ്‌ കുട്ടികൾ കാണാറുള്ളത്‌. പിന്നെ കളിസ്ഥലം ഞങ്ങൾക്കു കൂടെ പോകാനുള്ളതാണെന്ന്‌ തോന്നിയിട്ടേ ഇല്ല. കോളേജിൽ കളിസ്ഥലം ഉണ്ടോന്ന്‌ തന്നെ നോക്കാൻ നേരമില്ല. ഷൈമ തന്റെ അനുഭവം പങ്കുവെച്ചു.

``നിലവിലുള്ള സംവിധാനങ്ങളുടെ മുഴുവൻ സാധ്യതകളും എല്ലാവർക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിലേയ്‌ക്ക്‌ ഇവ മാറണം.

``ഇനിയിപ്പോ പൊതുവായി പറഞ്ഞാൽ പെൺകുട്ടികളുടെ വ്യക്തിത്വവികാസം രക്ഷിതാക്കളും അധ്യാപകരും ആഗ്രഹിയ്‌ക്കുന്നുണ്ട്‌. എന്നാൽ അതിന്‌ ഒരു പരിധി അവരറിയാതെ തന്നെ നിശ്ചയിക്കപ്പെടുന്നുണ്ട്‌. തന്റെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തി വലിയ വലിയ സ്വപ്‌നങ്ങൾ കാണാൻ ആ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിയ്‌ക്കാൻ വേണ്ട പിന്തുണ ഈ സമൂഹം അവർക്ക്‌ നൽകുന്നുണ്ടോ?

``അച്ഛനമ്മമാർക്ക്‌ പേടിയാണ്‌, ടീച്ചറേ, പെൺകുട്ടികൾ വളരെ ചെറിയ സ്വപ്‌നങ്ങൾ കണ്ടാൽ മതിയെന്ന്‌ തന്നെയാണ്‌ ഞങ്ങളുടേയും പ്രാർത്ഥന മറിയാമ്മചേടത്തിയ്‌ക്ക്‌ പറയാതിരിയ്‌ക്കാനായില്ല.

``ആദ്യം സമൂഹം നന്നാവട്ടെ എന്നിട്ട്‌ നമുക്ക്‌ മാറാം എന്നാണോ? അങ്ങനെയാണെങ്കിൽ ഒരു മാറ്റം ഒരിയ്‌ക്കലും സാധ്യമാവില്ല. പലതുള്ളി പെരുവെള്ളം എന്നല്ലേ പറയുന്നത്‌. അപ്പോൾ പലതലങ്ങളിലുള്ള പ്രവർത്തനങ്ങളിലൂടെ പതുക്കെ പതുക്കെയാണെങ്കിലും മാറ്റങ്ങൾ സാധ്യമാണെന്നതിൽ സംശയമില്ല. ഇനിയും ഒട്ടേറെ കാര്യങ്ങളുണ്ട്‌. അതൊക്കെ ഇനി ഒരിക്കലാവാം. ഡോ. ഗൗരി പറഞ്ഞുനിർത്തി.

മൂന്ന്

ഞായറാഴ്‌ച വൈകുന്നേരം മൂന്ന്‌ മണിയാവുന്നതേയുള്ളൂ. സംഘാംഗങ്ങളും കുടുംബാംഗങ്ങളുമെല്ലാം ശ്രീലതയുടെ വീട്ടിൽ എത്തിച്ചേർന്നു. ശ്രീദേവിയാണ്‌ ഇന്ന്‌ കാര്യങ്ങൾ വിശദീകരിയ്‌ക്കാനായി എത്തിയിരിയ്‌ക്കുന്നത്‌. അവർ ഗവൺമെന്റ്‌ നഴ്‌സിംഗ്‌ കോളേജിലെ ട്യൂട്ടറാണ്‌. സ്‌ത്രീകളും പെൺകുട്ടികളും അറിഞ്ഞിരിയ്‌ക്കേണ്ട പൊതുവായ ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചാണ്‌ ഇന്നത്തെ ചർച്ച.

``ആരോഗ്യം എന്ന്‌ കേൾക്കുമ്പോഴേ രോഗങ്ങളെക്കുറിച്ചാണ്‌ എല്ലാവർക്കും ഓർമ്മവരുന്നത്‌. ശരീരത്തിന്‌ പ്രത്യേക രോഗമൊന്നുമില്ലെങ്കിലും ഒരു വ്യക്തിക്ക്‌ പൂർണ്ണ ആരോഗ്യമുണ്ടെന്ന്‌ പറയാനാവില്ല. സാമൂഹ്യവും സാമ്പത്തികവുമായ സുസ്ഥിതിയും ആരോഗ്യമുള്ള വ്യക്തിത്വത്തിന്‌ ആവശ്യമാണ്‌. ഗാർഹികാന്തരീക്ഷത്തിനും വളർന്നുവരുന്ന ചുറ്റുപാടുകൾക്കുമെല്ലാം വ്യക്തിയുടെ മാനസികാരോഗ്യം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുണ്ട്‌. അതുകൊണ്ട്‌ തന്നെ നാം ഓരോരുത്തരും ഒരേ കാര്യത്തെ വ്യത്യസ്‌തരീതിയിലായിരിക്കും സമീപിയ്‌ക്കുന്നത്‌. നമ്മുടെ ചിന്താശേഷി, കാര്യങ്ങളെ ഉൾക്കൊള്ളാനുള്ള സന്നദ്ധത, നമ്മുടെ തനതായ രീതികൾ ഇവയ്‌ക്കൊക്കെ അനുസരിച്ച്‌ നമ്മുടെ സമീപനവും മാറും.

``അപ്പോൾ ഇത്തരത്തിൽ കാര്യങ്ങൾ നോക്കിക്കാണാൻ സ്‌ത്രീകൾക്ക്‌ പരിശീലനം കൊടുത്തുകൂടെ. ശ്രീലത ചോദിച്ചു.

``വ്യക്തിത്വവികസനവുമായി ബന്ധപ്പെടുത്തി ചില കാര്യങ്ങളൊക്കെ പരിശീലിപ്പിയ്‌ക്കാനാവും. പിന്നെ നമ്മുടെ അനുഭവങ്ങൾ, അവ നൽകുന്ന പാഠങ്ങൾ അവയിൽനിന്നും ഉരുത്തിരിച്ചെടുക്കുന്ന പുതിയ സമീപനങ്ങൾ ഇതൊക്കെ മാറ്റങ്ങളുണ്ടാക്കും. വീട്ടിൽ തന്നെ കഴിയുന്ന ഒരാളുടേയും പുറത്തിറങ്ങി നാട്ടുകാരുടെ ഇടയിലൊക്കെ ഇടപെടലുകൾ നടത്തുന്ന മറ്റൊരാളുടേയും പെരുമാറ്റങ്ങളും സമീപനങ്ങളും വ്യത്യസ്‌തമായിരിക്കും. മെച്ചപ്പെട്ട മാനസികാരോഗ്യം പൊതുസമൂഹത്തിൽ ഇടപെട്ട്‌ നല്ല ജീവിതം നയിക്കാൻ അത്യാവശ്യമാണ്‌. അപ്പോൾ നമ്മളിൽ ചിലരെങ്കിലും വിചാരിയ്‌ക്കുന്നത്‌ അതൊരു അസുഖമല്ലേ, അസുഖം വരുമ്പോൾ നോക്കിയാൽ പോരേ എന്നായിരിയ്‌ക്കും. പക്ഷേ ഇക്കാര്യത്തിൽ ഒരു പ്രശ്‌നമുണ്ട്‌. സമൂഹത്തിന്റെ പൊതുധാരണകളുമായി ബന്ധപ്പെട്ട കാര്യമാണിത്‌. ശരീരത്തിന്‌ രോഗം വന്നാൽ ഡോക്ടറെ കാണിയ്‌ക്കുന്നതിന്‌ കുഴപ്പമില്ല. പക്ഷേ മനസ്സിനാണെങ്കിൽ സംഗതി പ്രശ്‌നമായി. എങ്ങനെ ഡോക്‌ടറുടെ അടുത്ത്‌ പോവും. ആരെങ്കിലും അറിഞ്ഞാൽ മോശമല്ലേ. ഇങ്ങനെ പോകും ചിന്തകൾ.

``ഇതിപ്പോ സ്‌ത്രീകളുടെ മാത്രം പ്രശ്‌നമാണോ. പുരുഷന്മാർക്കും ഇങ്ങനെയൊക്കെ വരാമല്ലോ? മറിയാമ്മചേടത്തി ന്യായമായ സംശയം ഉന്നയിച്ചു.

``തീർത്തും ശരിയാണ്‌. സംഘർഷം നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ എല്ലാവർക്കും ഇത്‌ പ്രശ്‌നംതന്നെയാണ്‌. എന്നാൽ പൊതുസമൂഹത്തിൽ ഒട്ടേറെ സാഹചര്യങ്ങൾ സ്‌ത്രീകൾക്ക്‌ എതിരായി തുടരുന്നുണ്ട്‌. അവയോടൊപ്പം ഇത്തരം പ്രശ്‌നങ്ങൾ കൂടി വരുമ്പോഴാണ്‌ സംഗതി ഗുരുതരമാവുന്നത്‌.

``ആട്ടെ, നിങ്ങളെല്ലാവരും അസുഖം വന്നാൽ ഉടനെ ഡോക്ടറെ പോയി കാണുമോ?

``അക്കാര്യം ആലോചിയ്‌ക്കാതിരിയ്‌ക്കുകയാ ഭേദം. നമുക്കെവിടെയാ സമയം. കഴിയുന്നത്ര കൊണ്ടുനടക്കും. പിന്നെ നേരെ അങ്ങുപോവാൻ പറ്റുമോ. ഭർത്താവിന്റെയോ മക്കളുടേയോ ഒക്കെ സമയവും സൗകര്യവും നോക്കി സഹിയ്‌ക്കാനാവാതെ വരുമ്പോഴാണ്‌ അവരെയൊക്കെ നിർബ്ബന്ധിച്ച്‌ ഒപ്പംകൂട്ടി മരുന്നുവാങ്ങാൻ പോവുന്നത്‌. ഇതുവരെ മിണ്ടാതിരുന്ന പത്മാവതിയമ്മയാണ്‌ അഭിപ്രായം പറഞ്ഞത്‌.

`'അതെ, അതാണ്‌ പറഞ്ഞുവരുന്നത്‌. ശരീരത്തിന്റെ കാര്യം തന്നെ ഇങ്ങനെയാണ്‌. പിന്നെ മനസ്സിന്റെ കാര്യമായാലോ? അതൊന്നും അത്രവലിയ പ്രശ്‌നമൊന്നുമല്ല. തനിയെ അങ്ങു ഭേദമായിക്കൊള്ളും. എന്തിനാ ഇല്ലാത്ത വയ്യാവേലിയൊക്കെ തലയിലെടുത്തുവെയ്‌ക്കുന്നത്‌. പോകുന്നതെങ്ങാനും ആരെങ്കിലും കണ്ടാൽ പിന്നെ എല്ലാവരോടും ഇത്‌ വിശദീകരിയ്‌ക്കാൻ നിൽക്കണം. കാലാകാലത്തേക്ക്‌ മാനക്കേടും പതിച്ചുകിട്ടും. വല്യ പാട്‌ തന്നെ. എന്നൊക്കെ ചിന്തിയ്‌ക്കും. പക്ഷേ അങ്ങനെയായാൽ ശരിയാവില്ല. ചിലപ്പോൾ ചെറിയ തോതിലുള്ള മരുന്നുകളോ മറ്റു ചിലപ്പോൾ കൗൺസലിംഗ്‌ കൊണ്ടു മാത്രമോ ഒക്കെ മാറ്റാവുന്ന പ്രശ്‌നമായിരിയ്‌ക്കും. അത്‌ നിസ്സാരമായെടുത്ത്‌ പ്രശ്‌നം വഷളാക്കുന്നത്‌ പതിവായി കാണുന്ന കാര്യമാണ്‌. മാത്രമല്ല ഇത്തരം നിസ്സാര കാര്യങ്ങളാണ്‌ പിന്നീട്‌ ആത്മഹത്യയിൽ വരെ എത്തുന്നത്‌.

``അപ്പോൾ കുട്ടികൾക്ക്‌ പരീക്ഷാസമയത്തും മറ്റും കൗൺസലിംഗ്‌ നന്നാവും അല്ലേ ഷൈമയുടേതായിരുന്നു സംശയം.

``അതെ, ഇത്തരം കാര്യങ്ങളെ വളരെ സ്വാഭാവികമായി കാണാൻ കഴിയുക എന്നതാണ്‌ ഏറ്റവും പ്രധാനം. പ്രശ്‌നങ്ങളെ വികാരപരമായി കാണാതെ യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കി പ്രതിവിധി തേടണം. ഇതൊക്കെ ഡോക്ടർ, മരുന്ന്‌ എന്ന തലത്തിലുള്ള കാര്യങ്ങളാണ്‌. അങ്ങനെയല്ലാതെയും ചില കാര്യങ്ങളുണ്ടല്ലോ. വിഷമങ്ങളൊക്കെ പറഞ്ഞുതീർത്തപ്പോൾ മനസ്സിനെന്തൊരു സുഖം എന്നൊക്കെ പറയാറില്ലേ. അങ്ങനെയൊരു സാധ്യത എപ്പോഴുമുണ്ടാവണം. അപ്പോൾ എന്തുവേണം? നല്ല സുഹൃത്തുക്കളുണ്ടാവണം. എല്ലാവർക്കും അങ്ങനെയുണ്ടോ?

``സുഹൃത്തുക്കളാണോന്ന്‌ ചോദിച്ചാൽ ആയിരിയ്‌ക്കും. പക്ഷേ കണ്ടാൽ ഒന്നു ചിരിച്ച്‌ സുഖമാണല്ലോ എന്നൊക്കെ ചോദിച്ച്‌ പിരിയും. അതിപ്പോ മാഡം, ഇപ്പോ പറഞ്ഞ കാര്യമൊന്നും നടക്കില്ല. ശ്രീലത പറഞ്ഞു.

``ഒട്ടുമിക്കയാളുകളുടേയും കാര്യം അതുതന്നെയാണ്‌. അതുകൊണ്ട്‌ ബോധപൂർവ്വം പ്രശ്‌നങ്ങൾ പറയാനുള്ള ഇടപെടലുകൾ ഉണ്ടാവണം. കുട്ടികളുടെ കാര്യത്തിലാണെങ്കിൽ അവരുടെ കൊച്ചു കൊച്ചു വിഷമങ്ങളും മറ്റ്‌ സാധാരണ സംഭവങ്ങളും എല്ലാം വീട്ടിൽ വന്ന്‌ പറയാനുള്ള സാഹചര്യമുണ്ടാവണം. ചെറുപ്പം മുതൽക്കേ അത്തരം ഒരു ശീലത്തിലേക്ക്‌ അവരെ വളർത്തിയെടുക്കണം. പൊതുവെ ചെറിയ കുട്ടികൾ എല്ലാകാര്യവും വീട്ടിൽ വന്നു പറയുന്നവരാണ്‌. മുതിർന്നവരുടെ തിരക്കും ശ്രദ്ധക്കുറവും എല്ലാം കാരണം പതുക്കെ പതുക്കെ ഈ ശീലത്തിൽനിന്ന്‌ അവർ മാറിപ്പോവുകയാണ്‌. അങ്ങനെ സംഭവിയ്‌ക്കരുത്‌. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക്‌ ലൈംഗികവളർച്ചയുമായി ബന്ധപ്പെട്ട ശാരീരിക മാനസികപ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്‌. വളരെ സ്വാഭാവികമായ ഒരു ശാരീരികപ്രക്രിയ മാത്രമാണ്‌ ആർത്തവവും ശരീരവളർച്ചയും എന്ന സമീപനത്തിലേയ്‌ക്ക്‌ അവരെ മാനസികമായി പാകപ്പെടുത്തിയെടുക്കണം. അമ്മയ്‌ക്ക്‌ മകളെ കൃത്യമായി മനസ്സിലാക്കാനും ആവശ്യമായ സന്ദർഭങ്ങളിൽ വേണ്ടരീതിയിൽ ദിശാബോധം നൽകാനും കഴിയണം.

``അതിന്‌ എല്ലാ കാര്യങ്ങളും നമുക്കറിയില്ലല്ലോ. ശാരദേടത്തിയാണത്‌ പറഞ്ഞത്‌.

``ഇതാ ഈ ചിത്രം നോക്കൂ, ആർത്തവമുണ്ടാകുന്നത്‌ എങ്ങനെയാണെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാകും.

കൗമൗരക്കാരിലെ ഒരു പ്രത്യേകത സ്വന്തം ശരീരത്തെക്കുറിച്ച്‌ ഏറെ ബോധവതിയാവും എന്നതാണ്‌. പൊതുവെ തന്നെ തന്റെ ശരീരം തനിയ്‌ക്കൊരു ഭാരമാണ്‌ എന്ന ധാരണയുള്ള പെൺകുട്ടിയ്‌ക്ക്‌ ഈ പ്രായത്തിൽ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ കൂടിയാവുമ്പോൾ സംഘർഷം വർധിയ്‌ക്കുകയും ചെയ്യും. അപ്പോൾ അവർക്ക്‌ സ്വശരീരത്തെക്കുറിച്ചുള്ള കൃത്യമായ ബോധ്യം ഉണ്ടാവണം. വിശദമായ ഒരു ക്ലാസ്‌ നമുക്ക്‌ ഇവിടെയുള്ള കൗമാരക്കാരായ പെൺകുട്ടികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട്‌ പിന്നീട്‌ നടത്താം. പൊതുവായ ചില കാര്യങ്ങൾ ഞാൻ പറയാം. ആർത്തവകാലഘട്ടത്തിൽ ശരീരശുചിത്വത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തണം. പ്രത്യുല്‌പാദനാവയവങ്ങൾ ശരീരത്തിനകത്താണ്‌ എന്നതുകൊണ്ട്‌. അണുബാധയേറ്റാൽ അറിയാൻ വൈകിയെന്നുവരും. അതിനാൽ ശുചിത്വത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്‌ച പാടില്ല. കുട്ടിയിൽ നിന്ന്‌ മുതിർന്നയാളിലേക്കുള്ള മാറ്റം നടക്കുന്ന കാലഘട്ടമായതുകൊണ്ട്‌ തന്നെ ഇക്കാലം സംഘർഷഭരിതമാണ്‌. കുട്ടി എന്ന നിലയിലുള്ള തുറന്ന ഇടപെടലുകൾ അസാധ്യമാവുകയും സ്വന്തമായ അഭിപ്രായങ്ങളുള്ള മുതിർന്ന വ്യക്തിയായി അംഗീകരിക്കപ്പെടാതിരിക്കുകയും ചെയ്യും. കൗമാരകാലഘട്ടത്തിൽ സാഹസികതയ്‌ക്ക്‌ മുൻതൂക്കമുണ്ടാവും. സ്വന്തമായ അഭിപ്രായങ്ങൾ പറയാനുള്ള താൽപര്യം കൂടുതലായിരിക്കും. പൊതുവെ തന്നെ പെൺകുട്ടിയുടേയും സ്‌ത്രീയുടേയും വ്യക്തിത്വത്തെ പരിഗണിയ്‌ക്കാത്ത സമൂഹത്തിൽനിന്നും അനുകൂല സമീപനം പ്രതീക്ഷിയ്‌ക്കാനുമാവില്ല. അത്തരം അനുഭവങ്ങൾവഴി അവർ പൂർണ്ണമായും ഉൾവലിഞ്ഞുപോകാതിരിയ്‌ക്കാൻ കരുതലോടെയുള്ള ഇടപെടലുകൾ അത്യാവശ്യമാണ്‌. ഈ പ്രായത്തിൽ പോഷകലഭ്യത ഉറപ്പുവരുത്തുന്ന ഭക്ഷണങ്ങൾ, അവ വിലകൂടിയതാവണമെന്നില്ല, കുട്ടികൾക്ക്‌ നൽകാനുള്ള ശ്രമവും ഉണ്ടാവണം.

``ശ്രീദേവി മാഡം പറഞ്ഞതിൽനിന്ന്‌ എനിയ്‌ക്ക്‌ തോന്നുന്നത്‌ കൗമാരക്കാർക്ക്‌ സ്‌കൂൾതലത്തിൽ ലൈംഗികവിദ്യാഭ്യാസം നൽകണമെന്നുതന്നെയാണ്‌. ഷൈമയുടെ അഭിപ്രായമായിരുന്നു അത്‌.

``തീർച്ചയായും ആവശ്യമാണ്‌. പക്ഷേ കുട്ടികൾക്കാവുമ്പോൾ വളരെ അവധാനതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന്‌ മാത്രം.

മാഡം, സ്‌ത്രീകൾക്ക്‌ ഹൃദ്രോഗം വരില്ലാന്ന്‌ പറഞ്ഞുകേൾക്കുന്നുണ്ടല്ലോ. അത്‌ ശരിയാണോ? ശ്രീലതയുടേതായിരുന്നു സംശയം.

സ്‌ത്രീശരീരത്തിൽ ആർത്തവവുമായി ബന്ധപ്പെട്ട്‌ ഉല്‌പാദിപ്പിക്കപ്പെടുന്ന ഈസ്‌ട്രജൻ ഹോർമോണിന്റെ സാന്നിധ്യം ഒരു പരിധിവരെ ഹൃദ്രോഗത്തെ തടയുന്നു എന്നത്‌ ശരിയാണ്‌. എന്നാൽ ആർത്തവ വിരാമത്തിനു ശേഷം സ്‌ത്രീകളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. മാത്രമല്ല ആർത്തവ വിരാമത്തിൽ ഉണ്ടായേക്കാവുന്ന വിഷാദവും മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളും കരുതലോടെ കൈകാര്യം ചെയ്യുകയും വേണം. ആവശ്യമെങ്കിൽ വൈദ്യസഹായവും തേടണം.

``പിന്നെ ഒരു കാര്യമുണ്ട്‌, ആർത്തവത്തിന്റെ പേരിൽ അശുദ്ധി കല്‌പിക്കുന്ന വിശ്വാസമുണ്ടല്ലോ അക്കാര്യത്തിൽ യാതൊരു കഴമ്പുമില്ല. തികച്ചും ജൈവികമായ ഒരു പ്രക്രിയയാണിത്‌.

ഗർഭധാരണത്തിലും പൊതുവായി പറഞ്ഞുകേൾക്കുന്ന ഒരു കാര്യമുണ്ട്‌. ``പെൺകുട്ടി ജനിയ്‌ക്കുന്നത്‌ സ്‌ത്രീയുടെ പ്രശ്‌നംകൊണ്ടാണ്‌ എന്നതാണ്‌ അത്‌. എന്നാൽ പുരുഷന്റെ XYക്രോമസോം സ്‌ത്രീയുടെ XXക്രോമസോമുമായി യോജിയ്‌ക്കുമ്പോൾ XXആണെങ്കിൽ പെൺകുട്ടിയും XYആണെങ്കിൽ ആൺകുട്ടിയുമായിരിക്കും എന്നതാണ്‌ അതിന്റെ ശാസ്‌ത്രം. എന്നാൽ ഇതിനെയാണ്‌ സ്‌ത്രീയുടെ മാത്രം പോരായ്‌മയായി ചിത്രീകരിക്കുന്നത്‌.

``നമ്മുടെ രാജേട്ടന്റെ മകൾ നിർമല മൂന്ന്‌ പെൺകുട്ടികളുമായിട്ടല്ലേ തിരിച്ചു വീട്ടിൽ വന്നു നിൽക്കുന്നത്‌. എല്ലാം പെൺകുട്ടികളായത്‌ അവളുടെ കുറ്റം കൊണ്ടാണെന്നും പറഞ്ഞ്‌ എന്നും അടിയായിരുന്നത്രേ.

മറിയാമ്മചേടത്തിക്ക്‌ വല്ലാത്ത വിഷമം തോന്നി. ``ഒരു കാര്യവുമില്ലാതെയല്ലേ ആ കുട്ടി അടികൊള്ളേണ്ടിവന്നത്‌.

``അതാണ്‌ ഞാൻ പറഞ്ഞുവന്ന വിഷയത്തിലെ കാതലായ ഭാഗം. സമൂഹം കാലങ്ങളായി രൂപപ്പെടുത്തിയെടുത്ത ധാരണകൾ സ്‌ത്രീക്ക്‌ പലതരത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിയ്‌ക്കുന്നുണ്ട്‌. ഇക്കാര്യങ്ങളുടെയൊക്കെ യാഥാർത്ഥ്യം മനസ്സിലാക്കി അതിനനുസരിച്ച്‌ സമീപനങ്ങൾ മാറ്റാൻ വ്യക്തിയ്‌ക്കും സമൂഹത്തിനും കഴിയണം. ഇനി നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ചില പൊതുകാര്യങ്ങൾ പറയാം.

``ആധുനിക ജീവിതരീതിയുടെ ഫലമായി ഇപ്പോ നമുക്കെല്ലാം തന്നെ വ്യായാമം വളരെ കുറവാണ്‌. ഇത്‌ പല രോഗങ്ങൾക്കും ഇടയാക്കാം. പണ്ടത്തെപ്പോലെ ആളുകളൊന്നും അധികം നടക്കാറില്ല. പിന്നെ നമ്മൾ വീട്ടിൽ പണിയെടുക്കുമ്പോഴും മിക്‌സിയും വാഷിംഗ്‌ മെഷീനും മറ്റുമായി അധികം ശരീരം ഇളകുന്ന പണികളൊന്നും ഇല്ലാതായിട്ടുണ്ടല്ലോ.

``അതെയതെ. പണ്ട്‌ നെല്ല്‌ കുത്തലും അരി ഇടിക്കലും പൊടിക്കലും അരയ്‌ക്കലും ഒക്കെയായി നല്ല അധ്വാനം തന്നെയായിരുന്നു. പിന്നെ പറമ്പിൽ പണിയെടുക്കുന്നവരൊക്കെയാണെങ്കിൽ അതും കൂടിയാവുമ്പോൾ വേറെ വ്യായാമം ഒന്നും വേണ്ടായിരുന്നു. ഇപ്പോഴത്തെ കാര്യം അതല്ലല്ലോ. മറിയാമ്മച്ചേടത്തി പഴയ കാര്യങ്ങൾ ഓർത്തുകൊണ്ട്‌ പറഞ്ഞു.

``ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ശീലിക്കുന്നത്‌ നന്നാവും. പിന്നെ പറയണമെന്ന്‌ തോന്നിയ ഒരു കാര്യം ഏത്‌ അസുഖം വന്നാലും സ്വയം മരുന്ന്‌ വാങ്ങിക്കഴിക്കുന്ന ഒരു രീതി പലർക്കുമുണ്ട്‌. അത്‌ കൂടാതെ ചില ടോണിക്ക്‌, ലേഹ്യം ഇവയൊക്കെ കഴിച്ചാൽ മെച്ചപ്പെട്ട ആരോഗ്യമുണ്ടാവും എന്ന ധാരണയിൽ കുറേ പേരെങ്കിലും വാങ്ങിക്കഴിക്കാറുണ്ട്‌. ആയുർവേദത്തിന്റെ പേരും പറഞ്ഞ്‌ പരസ്യകോലാഹലങ്ങളോടെ വിപണിയിലറങ്ങുന്ന മരുന്നുകളും ഇക്കൂട്ടത്തിൽ പെടുത്താം. അസുഖം വന്നാൽ ഡോക്‌ടറെ കാണാനോ മരുന്ന്‌ കഴിക്കാനോ കൂട്ടാക്കാത്തവരുമുണ്ടല്ലോ. രണ്ട്‌ രീതികളും ശരിയല്ല. ഇക്കാലത്തെ ഭക്ഷ്യശീലങ്ങളും മറ്റ്‌ ജീവിതചര്യകളും എല്ലാം പുതിയ രോഗങ്ങൾക്ക്‌ കാരണമാവുന്നുണ്ട്‌. അതുകൊണ്ട്‌ ആധുനിക രോഗചികിത്സാമാർഗങ്ങളെ ആവശ്യം വരുമ്പോൾ ഉപയോഗപ്പെടുത്താൻ മടിക്കരുത്‌.

``അതെ, ഇപ്പോ കടയിൽ നിന്ന്‌ വാങ്ങുന്ന പച്ചക്കറികളിലെല്ലാം വിഷമല്ലേ. വീട്ടിൽ വല്ലതും ഉണ്ടാക്കാൻ പറ്റിയാൽ അത്രയുമായി. ലളിത ടീച്ചർ പറഞ്ഞു.

ചില സ്ഥലത്തൊക്കെ കേട്ടിട്ടില്ലേ. ജൈവവളം മാത്രം ഉപയോഗിച്ചുകൊണ്ട്‌ പച്ചക്കറി ഉല്‌പാദിപ്പിക്കുന്ന കാര്യം. നിങ്ങളുടെ സംഘത്തിനും അത്‌ സാധ്യമാവുമോ എന്നൊന്ന്‌ ശ്രമിച്ചുനോക്കൂ.

സമയം ഏറെ വൈകിയല്ലോ ഇന്നത്തെ ക്ലാസ്‌ നമുക്ക്‌ ഇവിടെ മതിയാക്കാം. എന്തു പറയുന്നു?

``സമയം പോയതറിഞ്ഞില്ല. ഈ വിഷയത്തിൽ ഇനിയും ഒരുപാട്‌ കാര്യങ്ങൾ അറിയാനുണ്ടെന്നൊരു തോന്നൽ വല്ലാതെയുണ്ട്‌. ഇനിയും തുടർക്ലാസുകൾ സംഘടിപ്പിയ്‌ക്കാം. ശാരദേടത്തി എല്ലാവരോടുമായി പറഞ്ഞു.

നാല്

ഇന്ന്‌ ഷൈമയുടെ വീടിന്റെ ടെറസിലാണ്‌ എല്ലാവരും ഒത്തുചേർന്നിരിയ്‌ക്കുന്നത്‌. മാധ്യമപ്രവർത്തകയായ രാധികയാണ്‌ വിഷയം അവതരിപ്പിച്ച്‌ സംസാരിയ്‌ക്കുന്നത്‌.

നമുക്കൊരു സാങ്കല്‌പിക സന്ദർഭം മനസ്സിൽ കണ്ട്‌ നോക്കാം. കുടുംബസ്വത്ത്‌ വീതം വെയ്‌ക്കുന്ന കാര്യമാണ്‌. കാരണവന്മാരെല്ലാം എത്തിയിട്ടുണ്ട്‌. ആരൊക്കെയാണ്‌ അഭിപ്രായം പറയാൻ പോകുന്നത്‌?

``അതിലെന്താ സംശയം. അച്ഛനും അമ്മാവനും ഏട്ടന്മാരുമൊക്കെയല്ലേ കാര്യങ്ങളൊക്കെ നിശ്ചയിക്കുക. അവിടെ സ്‌ത്രീകൾക്കെന്തു കാര്യം. അല്ലെങ്കിൽ തന്നെ നമുക്കെന്തറിയാം? ശ്രീലത ചോദിച്ചു.

``അതെന്താ അറിയാതെ പോകുന്നത്‌. ഇതാണ്‌ സ്‌ത്രീയുടെ പ്രത്യേക അവസ്ഥ. കാര്യങ്ങളുടെ ഉള്ളിലേയ്‌ക്കിറങ്ങിച്ചെന്ന്‌ മനസ്സിലാക്കുവാനുള്ള ശ്രമമുണ്ടാവില്ല. സമൂഹത്തിൽ നിലനില്‌ക്കുന്ന രീതിയനുസരിച്ച്‌ തീരുമാനമെടുക്കുന്നതിൽ പങ്കാളിത്തവുമില്ല. പക്ഷേ സ്വത്തിന്റെ ഓഹരി, വരുമാനത്തിന്റെ പങ്ക്‌ എന്നിവ സ്‌ത്രീയുടെ അധ്വാനവുമായി തട്ടിച്ചുനോക്കുമ്പോൾ ലോകമൊട്ടുക്കും പരിതാപകരമായ സ്ഥിതിയിലാണ്‌. അന്താരാഷ്‌ട്ര തൊഴിൽസംഘടന 1980ൽ പറഞ്ഞു. ലോകത്തുള്ള അധ്വാനഭാരത്തിന്റെ മൂന്നിൽ രണ്ട്‌ ഭാഗവും സ്‌ത്രീകൾ ചുമക്കുന്നു. എന്നാൽ അവർക്ക്‌ ലഭിയ്‌ക്കുന്ന പ്രതിഫലം ലോകവരുമാനത്തിന്റെ പത്തിലൊന്നുമാത്രമാണ്‌. സ്വത്തിന്റെ കാര്യത്തിൽ ഇത്‌ നൂറിലൊന്ന്‌ മാത്രമാണ്‌.

`ലോകത്തെല്ലായിടത്തും ഇങ്ങനെതന്നെയാണ്‌ സ്ഥിതി എന്നത്‌ അത്ഭുതകരം തന്നെ. വിദേശരാജ്യങ്ങളിലെ സ്‌ത്രീകളെ കാണുമ്പോൾ അവർക്കിത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ്‌ തോന്നുക. ഷൈമ അത്ഭുതത്തോടെ പറഞ്ഞു.

``ചില കാര്യത്തിൽ അവർക്ക്‌ മെച്ചപ്പെട്ട അവസ്ഥയുണ്ട്‌ എന്നത്‌ ശരിയാണ്‌. പ്രത്യേകിച്ചും സഞ്ചാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ. മാത്രമല്ല അവർക്ക്‌ സ്വന്തം ശരീരം ഒരു ബാധ്യതയാണെന്ന കാഴ്‌ചപ്പാടും ഇല്ല. നമ്മുടെ നാട്ടിലെ സ്‌ത്രീകളുടെയും വിദേശത്ത്‌ നിന്നും നമ്മുടെ നാട്ടിൽ വരുന്ന സ്‌ത്രീകളുടെയും ശരീരഭാഷ വളരെ വ്യക്തമായി ഈ അന്തരം പ്രകടമാക്കുന്നുണ്ട്‌. അവർ വളരെ സ്വാഭാവികമായി പൊതുനിരത്തിലൂടെ നടന്നു നീങ്ങുമ്പോൾ നമ്മൾ സാരിയൊക്കെ ഒതുക്കിപിടിച്ച്‌ ഞാനൊന്ന്‌ ഇതിലെ പൊയ്‌ക്കോട്ടേ എന്ന ഭാവത്തോടെയാവും നടക്കുന്നത്‌.

``നമ്മുടെ വേഷത്തിനും അതിൽ ഒരു പങ്കുണ്ടെന്നാണ്‌ എനിയ്‌ക്ക്‌ തോന്നുന്നത്‌. ശ്രീലത പറഞ്ഞു.

``ശരിയാണ്‌ നമ്മുടെ ഇടയിലും ഇപ്പോൾ സൗകര്യപ്രദമായ വസ്‌ത്രം ധരിയ്‌ക്കുന്നവർ ധാരാളമുണ്ട്‌. അതിനനുസരിച്ച്‌ ചെറിയ മാറ്റങ്ങൾ വരുന്നുമുണ്ട്‌. പക്ഷേ സംഘമായിട്ട്‌ നടന്നുനീങ്ങുന്ന സ്‌ത്രീകളുടെ അല്ലെങ്കിൽ പെൺകുട്ടികളുടെ മുഖത്തും ചലനങ്ങളിലും കാണുന്ന തന്റേടം ഒറ്റയ്‌ക്കാവുമ്പോൾ കാണാൻ കഴിയുന്നില്ല എന്നത്‌ വളരെ സ്‌പഷ്ടമാണ്‌. ചില കാര്യങ്ങൾ പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തിന്‌ വിഘാതമാവുന്നുണ്ട്‌. അതെന്തായിരിയ്‌ക്കും?

``സാമൂഹ്യവിരുദ്ധരെയും പൂവാലന്മാരെയുമൊക്കെ പേടിയ്‌ക്കുന്നതുകൊണ്ട്‌ സ്വാതന്ത്ര്യത്തോടെ സഞ്ചരിയ്‌ക്കാൻ കഴിയുന്നില്ല എന്നത്‌ സത്യമാണ്‌. ഈ പ്രശ്‌നം കോളേജിൽ നിന്ന്‌ തിരിച്ചെത്താൻ വൈകുന്ന ദിവസങ്ങളിൽ ഞാനനുഭവിയ്‌ക്കുന്നതാണ്‌. ഷൈമയുടെ അനുഭവത്തോട്‌ മറ്റുള്ളവരും യോജിച്ചു.

``എനിയ്‌ക്ക്‌ ചെറുപ്പത്തിലേതിനേക്കാൾ ഇപ്പോഴാണ്‌ ഭയം തോന്നുന്നത്‌. മദ്യവും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയല്ലേ? ശാരദേടത്തി തന്റെ ആശങ്ക പങ്കുവെച്ചു. ``ഇക്കാര്യം ഒരു മുഴുവൻ ദിവസം ചർച്ച ചെയ്യാൻ മാത്രമുണ്ട്‌. വിശേഷാവസരങ്ങളിൽ മദ്യപാനത്തിന്‌ ചെലവഴിച്ച കോടികളുടെ കണക്ക്‌ പത്രങ്ങളിൽ നാം കാണാറില്ലേ?

``മാധ്യമങ്ങൾക്കും സ്‌ത്രീവിരുദ്ധത ഊട്ടി ഉറപ്പിയ്‌ക്കുന്നതിലും വളർത്തിയെടുക്കുന്നതിലും നല്ല പങ്കുണ്ട്‌. ദൃശ്യമാധ്യമങ്ങളിൽ പ്രത്യേകിച്ചും ടെലിവിഷനിലും സിനിമയിലും സ്‌ത്രീകളെ ചിത്രീകരിക്കുന്ന പതിവുരീതികൾ നാം കാണുന്നുണ്ടല്ലോ. സ്‌ത്രീയുടെ ശരീരവടിവുകൾ പ്രേക്ഷകരെ ഇക്കിളിപ്പെടുത്തുന്ന വിധം കാണിച്ചുകൊടുക്കാൻ ഇക്കൂട്ടർ മത്സരിക്കുന്നതുപോലെയാണ്‌ തോന്നുക

``ഒരു കാര്യം പറയാതെ പറ്റില്ല സ്‌ത്രീകളും തയ്യാറായതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ നടക്കുന്നത്‌. സംശയം ശ്രീലതയുടേതായിരുന്നു.

``തീർച്ചയായും സ്‌ത്രീകൾ അതിന്‌ തയ്യാറാവുന്നുണ്ട്‌. തന്റെ ശരീരവടിവുകൾ മികച്ചതാവുമ്പോൾ താനും മികച്ച വ്യക്തിയായി തീരുന്നു എന്ന സന്ദേശമാണ്‌ നിരന്തരം അവർക്ക്‌ ലഭിയ്‌ക്കുന്നത്‌. എങ്ങനെയാണ്‌ സ്‌ത്രീകളെ ശരീരകേന്ദ്രിതമായ ചിന്തയിലേയ്‌ക്ക്‌ ഉറപ്പിച്ചുനിർത്താൻ മാധ്യമങ്ങൾ ശ്രമിയ്‌ക്കുന്നതെന്നറിയാൻ പരസ്യങ്ങൾ മാത്രം കണ്ടാൽ മതിയാവും. സൗന്ദര്യവർധക ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്കെല്ലാം ഇത്‌ മാത്രമാണ്‌ ലക്ഷ്യം. അങ്ങനെയല്ലേ കച്ചവടം മെച്ചപ്പെടുത്താനാവൂ. ``ശരീരദുർഗന്ധം അകറ്റാനുള്ളതും ഇതിൽപെടും. സ്‌ത്രീ സുഗന്ധപൂരിതമായ സോപ്പ്‌ തേച്ച്‌ കുളിച്ചാൽ അവളുടെ മൃദുലമേനി കണ്ട്‌ യുവകോമളന്മാർ ബോധംകെട്ട്‌ വീഴും. നേരമറിച്ച്‌ വിയർപ്പുനാറ്റം അകറ്റിയില്ലെങ്കിലോ അവളെ ഒരുപക്ഷേ വിമാനത്തിൽനിന്ന്‌ പോലും താഴോട്ടിട്ടേയ്‌ക്കും. ഇങ്ങനെ നന്നായി പല്ലുതേച്ചാൽ, മുഖം മിനുക്കി വെളുപ്പിച്ചെടുത്താൽ ഒക്കെ ലഭിയ്‌ക്കുന്ന ഒരേ ഒരു കാര്യം പുരുഷന്റെ ഭാഗത്ത്‌ നിന്നുള്ള സ്വീകാര്യതയാണ്‌. ആത്യന്തികമായി സ്‌ത്രീയുടെ വ്യക്തിത്വത്തിന്റെ പരിപൂർണ്ണതയും അതാണെന്നാണല്ലോ സമൂഹം പറയുന്നത്‌. ഇവരുടെ ലോകത്ത്‌ തൊലിയുടെ നിറം കറുപ്പുള്ളവർ ഇല്ലേയില്ല. ഇനി അഥവാ ആരെങ്കിലും ഉണ്ടെങ്കിൽ ഒരാഴ്‌ചക്കകം എന്തെങ്കിലും ക്രീം തേച്ച്‌ വെളുപ്പിച്ചെടുത്തിരിയ്‌ക്കണം. ഇത്തരം കാഴ്‌ചകളിലൂടെ പാകപ്പെടുത്തിയെടുക്കുന്ന നമ്മുടെ പെൺകുട്ടികൾ അവരുടെ ശരീരത്തെക്കുറിച്ചല്ലാതെ മറ്റെന്ത്‌ ചിന്തിയ്‌ക്കാൻ! ഇതൊന്നും പോരെങ്കിൽ അഞ്ചുവയസ്സുള്ളവർ മുതൽ അറുപതും എഴുപതും വയസ്സുള്ളവർ വരെ വന്ന്‌ നിറയുന്ന സ്വർണ്ണാഭരണപ്രദർശനങ്ങൾ വേറെയുമുണ്ട്‌. മനസ്സിളകി പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

``സ്വർണ്ണത്തിന്‌ തീവിലയായിട്ടും ഇപ്പോഴത്തെ കല്യാണങ്ങൾക്കൊക്കെ എത്രയാ ആഭരണങ്ങൾ ഇടുന്നത്‌?

പണം കുറവായാലും, കടം വാങ്ങിയിട്ടോ ഉള്ള പുരയിടം വിറ്റിട്ടോ ഒക്കെ ആഭരണം വാങ്ങിക്കൂട്ടും. ഇല്ലെങ്കിൽ മോശമല്ലേ? മറിയാമ്മചേടത്തി പറഞ്ഞു.

``വ്യത്യസ്‌തമായൊരു കാഴ്‌ച എവിടെയെങ്കിലുമുണ്ടോ? വ്യക്തിത്വമുള്ള, സമൂഹത്തിൽ തന്റേതായ ഇടം നേടിയെടുത്ത സ്‌ത്രീകളെ പൊതുസമൂഹത്തിന്‌ കൂടുതലായി പരിചയപ്പെടുത്താൻ മാധ്യമങ്ങൾക്കൊന്നും യാതൊരു താൽപര്യവുമില്ല. അങ്ങനെയായാൽ കച്ചവടം നടക്കില്ലല്ലോ?

``പെൺകുട്ടികൾക്ക്‌ വിവാഹത്തിന്‌ ആഭരണം ഇടാതിരിയ്‌ക്കാൻ പറ്റുമോ? പക്ഷേ ഇപ്പോഴത്തേത്‌ വളരെ അധികം തന്നെയാണ്‌. ഷൈമയ്‌ക്ക്‌ വ്യക്തത വരുന്നില്ല.

``എല്ലാവരും പറയാറുള്ളത്‌ പെൺകുട്ടിയുടേയും വീട്ടിലെ മറ്റ്‌ സ്‌ത്രീകളുടേയും നിർബ്ബന്ധംകൊണ്ടാണ്‌ ഇത്രയധികം ആഭരണം വാങ്ങേണ്ടിവന്നത്‌ എന്നൊക്കെയാണല്ലോ. എന്ത്‌ പറയുന്നു. ഇത്‌ ശരിയാണോ?

``അതിലൊന്നും കാര്യമില്ല. ശ്രീലതയ്‌ക്ക്‌ ഈ ആരോപണം തീർത്തും അപ്രസക്തമാണ്‌ എന്നായിരുന്നു പറയാനുള്ളത്‌. കാരണം കുടുംബത്തിന്റെ മൊത്തം അന്തസ്സാണ്‌ വധുവിന്റെ അണിഞ്ഞൊരുങ്ങലിലൂടെ പ്രകടിപ്പിയ്‌ക്കപ്പെടുന്നത്‌.

``യുവാക്കൾ ആൺപെൺഭേദമില്ലാതെ ഇക്കാര്യത്തിൽ സ്വയം തീരുമാനമെടുത്താൽ അനാവശ്യചെലവ്‌ കുറയ്‌ക്കാൻ കഴിയേണ്ടതാണ്‌.

``സ്‌ത്രീധനത്തിനെതിരെയും മറ്റും ചില പെൺകുട്ടികൾ ചെറുത്തുനില്‌പ്‌ ഉയർത്തിയത്‌ ഈ അടുത്തകാലത്ത്‌ പത്രങ്ങളിലൊക്കെ വന്നിരുന്നല്ലോ. പക്ഷേ അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമായി പോവുകയാണ്‌. ശാരദേടത്തിയുടെ വാക്കുകളിൽ നിരാശ നിഴലിച്ചിരുന്നു.

``ഒരുപക്ഷേ കേരള സമൂഹത്തിൽ മാത്രം കാണുന്ന ചില പ്രത്യേകതകളുണ്ട്‌. വളരെ ഉയർന്ന വിദ്യാഭ്യാസയോഗ്യതകളോ ഉന്നതപദവിയിലുള്ള തൊഴിലോ എന്തുതന്നെയുണ്ടായാലും സ്‌ത്രീ വെറും സ്‌ത്രീ ആയി നിലനില്‌ക്കുന്നു എന്നതാണത്‌. നമ്മൾ നേരത്തേ പറഞ്ഞതുപോലെ സ്വർണ്ണത്തിന്റെ ധാരാളിത്തമോ സ്‌ത്രീധന തുകയുടെ വലിപ്പമോ ഒന്നും കുറയുന്നില്ലെന്ന്‌ മാത്രമല്ല അവ ആനുപാതികമായി ഉയരുകയാണ്‌ ചെയ്യുക. സ്‌ത്രീയുടെ വിദ്യാഭ്യാസപരമായ ഉയർച്ചയും ഉയർന്ന തൊഴിൽ പദവിയും എല്ലാം അതാതിടങ്ങളിൽ മികച്ചതെങ്കിലും പൊതുസമീപനത്തിൽ മാറ്റം വരുന്നില്ല എന്നതാണ്‌ വാസ്‌തവം.

``ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയും എല്ലാം ലഭിച്ച പെൺകുട്ടികൾക്ക്‌ വിവാഹം കഴിഞ്ഞുകിട്ടാൻ പൊതുവെ പ്രയാസമാണല്ലോ. തന്നെക്കാൾ ഉയർന്ന വിദ്യാഭ്യാസവും തൊഴിലുമുള്ളവരെ കിട്ടണ്ടേ എങ്ങനെ നോക്കിയാലും പെൺകുട്ടികൾ മുകളിലായിപ്പോവരുതല്ലോ.

``ഈ ധാരണ മറ്റു ചിലപ്പോൾ മുതിർന്ന സ്‌ത്രീകളുടെ കാര്യത്തിലും കാണാം. വിദ്യാഭ്യാസം കൊണ്ടും തൊഴിൽപരിചയം കൊണ്ടുമെല്ലാം ഉന്നതശ്രേണിയിൽ നിൽക്കുമ്പോഴും സ്വന്തം വീട്ടിലെ എന്തെങ്കിലും കാര്യം വരുമ്പോൾ ഇതൊന്നും ബാധകമല്ല. അപ്പോൾ അവരും വെറും വീട്ടമ്മമാത്രമാവും. സ്‌ത്രീയുടെ വ്യക്തിത്വം അംഗീകരിയ്‌ക്കാൻ പൊതുവായി സമൂഹത്തിന്‌ കഴിയുന്നില്ല എന്നതാണ്‌ ഇതിൽ നിന്നെല്ലാം കാണാൻ കഴിയുന്നത്‌.

``അതെ രാധിക പറഞ്ഞത്‌ വളരെ ശരിയാണ്‌. നമ്മുടെ വാക്കിന്‌ ആരും വിലകൽപ്പിയ്‌ക്കാറില്ലല്ലോ. അതുവരെ മിണ്ടാതിരുന്ന ലളിതടീച്ചർ പറഞ്ഞു.

``ഇതുപോലെ ഓരോന്നായി നോക്കുമ്പോൾ സ്‌ത്രീ നേരിടുന്ന വിവേചനങ്ങൾ നിരവധിയുണ്ട്‌. സ്‌ത്രീയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ സമൂഹം വഹിയ്‌ക്കുന്ന പങ്ക്‌ വളരെയേറെ പ്രതിലോമകരമാണ്‌. സ്‌ത്രീക്ക്‌ തന്നെയും സമൂഹത്തിന്‌ പൊതുവായും കാഴ്‌ചവസ്‌തുവായി മാറുക എന്ന ദുര്യോഗം അവളെ വിടാതെ പിന്തുടരുന്നുണ്ട്‌. അതിനെ മറികടക്കാൻ ധീരമായ സമീപനങ്ങൾ വേണ്ടിവരും. എതിർപ്പുകൾ സമൂഹത്തിൽ നിന്നു ധാരാളമായുണ്ടാവുമ്പോഴും ശരിയുടെ പക്ഷത്ത്‌ നിന്നുകൊണ്ടുള്ള പുരോഗമനാത്മക നിലപാടുകളാണ്‌ നമുക്കാവശ്യം. തുടർന്നും നിങ്ങളുടെ സംഘത്തിൽ ഇത്തരം ചർച്ചകൾ നടക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇന്നത്തെ ക്ലാസ്‌ നമുക്കിവിടെ അവസാനിപ്പിയ്‌ക്കാം.

അഞ്ച്

ഇന്ന്‌ കൗമാരക്കാർക്കായുള്ള ചർച്ചാവേദിയാണ്‌ ഒരുക്കിയിരിക്കുന്നത്‌. അതുകൊണ്ട്‌ ഞങ്ങൾ മാറിയിരിക്കാം. കുട്ടികൾക്ക്‌ അവരുടെ കാര്യങ്ങളെല്ലാം സ്വതന്ത്രമായി സംസാരിക്കാമല്ലോ. ശാരദേടത്തി അവർക്ക്‌ വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്ത്‌ സംഘാംഗങ്ങളേയും കൂട്ടി അടുത്ത മുറിയിലേക്ക്‌ പോയി. ഗൈനക്കോളജിസ്റ്റായ ഡോ. രജനിയാണ്‌ ഇന്ന്‌ ചർച്ചകൾക്ക്‌ നേതൃത്വം കൊടുക്കുന്നത്‌. എല്ലാവരും എത്തിയല്ലോ, നമുക്ക്‌ തുടങ്ങാം. ``ആദ്യമായി ഓരോരുത്തരും തന്നെ സ്വയം പരിചയപ്പെടുത്തണം. താൻ തന്നെ തന്നിൽ ഉണ്ടെന്ന്‌ വിശ്വസിക്കുന്ന തന്റെ കഴിവുകൾ എന്താണ്‌, സാധ്യതകൾ എന്തൊക്കെയാണ്‌, ജീവിതലക്ഷ്യമെന്താണ്‌ അങ്ങനെയൊക്കെ. തികച്ചും വ്യക്തിഗതമായ കാര്യങ്ങൾ കൂടെ ഉൾപ്പെടുത്തണം. ഓരോരുത്തരും വളരെ ആവേശത്തോടെ തന്നെ തങ്ങളെ പരിചയപ്പെടുത്തി. ഒരു തുറന്നുപറച്ചിലിന്റെ സുഖം അവർക്ക്‌ അനുഭവപ്പെട്ടു.

സ്‌ത്രീയും പുരുഷനും തമ്മിൽ എന്താണ്‌ പ്രകടമായ വ്യത്യാസം? ശരീരാവയവങ്ങൾ കൈകാലുകൾ, കണ്ണ്‌, മൂക്ക്‌, നാക്ക്‌, ഹൃദയം, ശ്വാസകോശം, വൃക്കകൾ അങ്ങിനെയെല്ലാം രണ്ടുപേർക്കും ഒരേപോലെയുണ്ട്‌. പിന്നെയുള്ള വ്യത്യാസം പ്രത്യുല്‌പാദന അവയവങ്ങളിലാണ്‌. ഈ ഒരു കാര്യത്തിനാണ്‌ ഇത്രയേറെ വിവേചനങ്ങൾ, അവഗണനകൾ എല്ലാം സ്‌ത്രീ അനുഭവിയ്‌ക്കേണ്ടി വരുന്നത്‌. അതുകൊണ്ട്‌ യാഥാർത്ഥ്യം എന്താണെന്ന്‌ മനസ്സിലാക്കാൻ ശ്രമിയ്‌ക്കാം.

ഇപ്പോൾ എല്ലാവരും സംസാരിയ്‌ക്കാനുള്ള മൂഡിലായല്ലോ. അല്ലേ? ഇനി ചില കാര്യങ്ങൾ നമുക്ക്‌ ചർച്ച ചെയ്യാം. നിങ്ങൾ ഏതാണ്ട്‌ 14നും 20നും ഇടയിൽ പ്രായമുള്ളവരാണല്ലോ അല്ലേ? ഏതാണ്ട്‌ 10-18 വയസ്സാണ്‌ കൗമാരകാലഘട്ടം. ഈ പ്രായത്തിനിടയിൽ എന്തെല്ലാം മാറ്റങ്ങളാണ്‌ നിങ്ങളുടെ ശരീരത്തിൽ ബാഹ്യമായി ഉണ്ടായതെന്ന്‌ പറയാമോ?

``വലുതായിട്ടുണ്ട്‌. അത്‌ ശരിയാണ്‌. പിന്നെ?

സ്‌തനങ്ങൾ വളർന്നു, രോമങ്ങൾ ചില ഭാഗത്തൊക്ക വന്നു. ലജ്ജിച്ചുകൊണ്ടാണ്‌ കുട്ടികൾ ഇക്കാര്യം പറഞ്ഞത്‌.

ഇക്കാര്യത്തിൽ ലജ്ജിയ്‌ക്കേണ്ട ആവശ്യമൊന്നുമില്ല. മനുഷ്യശരീരവളർച്ചയിൽ സ്വാഭാവികമായ ഒരു മാറ്റം മാത്രമാണ്‌ ഇത്‌. അതിരിയ്‌ക്കട്ടെ. പിന്നെയെന്താണ്‌?

ഇത്തിരി നീളമൊക്കെ വെച്ച്‌ വണ്ണവും കൂടിയിട്ടുണ്ട്‌. മുഖത്ത്‌ കുരുക്കൾ വരാൻ തുടങ്ങിയിട്ടുണ്ട്‌.

``ഇനി ഈ മാറ്റങ്ങളൊക്കെ ഏത്‌ ഘട്ടത്തിലാണ്‌ വന്നതെന്ന്‌ ശ്രദ്ധിച്ചിട്ടുണ്ടോ?

``ഡോക്‌ടറേ, അത്‌ ആർത്തവം തുടങ്ങുന്ന സമയത്താണ്‌.

``അപ്പോ ഈ കാര്യങ്ങളൊക്കെ അറിയാം.

ആർത്തവം ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണെങ്കിലും വലിയ പ്രശ്‌നമായിട്ടാണ്‌ ചിലപ്പോൾ ചിലരെങ്കിലും കരുതുന്നത്‌. ഹോർമോൺ പ്രവർത്തനങ്ങളുടെ ഫലമായി ചിലപ്പോൾ ചില പ്രശ്‌നങ്ങൾ ഉണ്ടാവുന്നു എന്നത്‌ ശരിയാണ്‌. ശക്തിയായ തലവേദന, വയറുവേദന, ശരീരവേദന അങ്ങനെ പലതും; എങ്കിലും ജീവശാസ്‌ത്രപരമായ ഒരു പ്രക്രിയ മാത്രമാണെന്നുള്ളത്‌ ഉൾക്കൊള്ളണം. പ്രശ്‌നങ്ങൾ അധികമാവുന്നുണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം.

ഇനി നമുക്ക്‌ വിശദമായി കാര്യങ്ങൾ പരിശോധിച്ചു നോക്കാം.

സ്‌ത്രീശരീരത്തിൽ രണ്ട്‌ അണ്ഡാശയങ്ങളുണ്ട്‌. പൊക്കിളിന്റേയും യോനിയുടേയും മധ്യത്തിൽ ഇരുവശങ്ങളിലായാണ്‌ ഇവയുള്ളത്‌. ഇവയാണ്‌ അണ്ഡോത്‌പാദനം നടത്തുക. അണ്ഡവും പുരുഷ ബീജവും സംയോജിച്ചാണ്‌ പ്രത്യുൽപാദനം നടക്കുക. പെൺകുട്ടിയ്‌ക്ക്‌ ഏകദേശം എട്ടു വയസ്സാവുന്നതു മുതൽ മസ്‌തിഷ്‌കത്തിലെ ഹൈപ്പോതലാമസ്‌ എന്ന ഭാഗത്തിന്റെ നിർദേശത്താൽ പിറ്റിയൂറ്ററി ഗ്രന്ഥി അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കുകയും അതുവഴി ഈസ്‌ട്രജൻ എന്ന ഹോർമോൺ ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രവർത്തനഫലമായി അണ്ഡാശയത്തിലെ കാണാൻ പോലും വലിപ്പമില്ലാതിരുന്ന കുഞ്ഞു അണ്ഡങ്ങൾ കുമിളകൾ പോലെയായി മാറും. ഇവയെ ഫോളിക്കിൾ എന്ന്‌ വിളിക്കും. ഏതാണ്ടിങ്ങനെയുള്ള ഇരുപതോളം ഫോളിക്കിളുകൾ ആർത്തവചക്രത്തിന്റെ ആരംഭത്തിൽ വികസിച്ചു തുടങ്ങും. പക്ഷേ, ഒരു അണ്ഡം മാത്രമാണ്‌ പാകമായി പുറത്തു വരുന്നത്‌. അതുമാത്രമല്ല ഒരു സമയത്ത്‌ ഒരു അണ്ഡാശയത്തിൽ മാത്രമാണ്‌ ഈ പ്രവർത്തനം നടക്കുന്നത്‌. ആട്ടെ, ആർത്തവചക്രം എന്നു പറഞ്ഞാൽ എന്താണെന്ന്‌ ഒന്നു വിശദീകരിയ്‌ക്കാമോ?

`അത്‌ ഒരു മാസത്തെ സമയദൈർഘ്യമല്ലേ ഡോക്‌ടർ?'

`അതെ, ഏതാണ്ട്‌ 28-30 ദിവസമാണ്‌ ഈ കാലയളവ്‌. ഇതിന്റെ മധ്യത്തിൽ അതായത്‌ 14-ാമത്തെയോ 15-ാമത്തെയോ ദിവസമാണ്‌ അണ്ഡം അണ്ഡാശയത്തിൽ നിന്നും പുറത്തുവരുന്നത്‌. അടിസ്ഥാനപരമായി അണ്ഡം ഉണ്ടാവുന്നതും അണ്ഡോത്സർജനം നടക്കുന്നതും പ്രജനനം അഥവാ പ്രത്യുല്‌പാദനം നടക്കാനാണ്‌. ഇതിനായി ഈ സമയത്ത്‌ ഗർഭാശയത്തിനകത്ത്‌ പ്രത്യേകമായ തയ്യാറെടുപ്പുകൾ നടക്കും. ഈസ്‌ട്രജൻ ഹോർമോണിന്റെ സാന്നിധ്യം വഴി ഗർഭാശയം ഉണർന്ന്‌ പ്രവർത്തിക്കാൻ തുടങ്ങും. അത്‌ കുറച്ചൊന്ന്‌ വലുതാവുകയും ചെയ്യും. ഉള്ളിലെ പാളിയായ എൻഡോമെട്രിയത്തിൽ രക്തപ്രവാഹം വർധിയ്‌ക്കുന്നു. അത്‌ കൂടുതൽ മൃദുവായി തീരുന്നു. പുതിയ ഗ്രന്ഥികൾ ഉണ്ടാവുന്നു. ഇതിന്റെയെല്ലാം ഫലമായി എൻഡ്രോമെട്രിയത്തിന്റെ കട്ടി സാധാരണയുള്ളതിലും കൂടുന്നു. ഈ രണ്ട്‌ പ്രവർത്തനങ്ങളും ഏതാണ്ട്‌ ഒരേ സമയത്താണ്‌ നടക്കുന്നത്‌. നേരത്തെ നമ്മൾ ഒരു ഫോളിക്കിളിന്റെ കാര്യം പറഞ്ഞില്ലേ?

``അതെ, അണ്ഡത്തെ പുറത്ത്‌വിട്ട ഫോളിക്കിളല്ലേ ഡോക്‌ടർ?

`അതുതന്നെ, ഇത്‌ കുറച്ചുകാലം കൂടെ നിലനിൽക്കും.'

``ഇതിങ്ങനെ നിലനിൽക്കുക മാത്രമല്ല പുതിയ ഒരു ഹോർമോണിനെ കൂടെ ഉല്‌പാദിപ്പിയ്‌ക്കും. അതാണ്‌ പ്രൊജസ്റ്ററോൺ. ഈ ഹോർമോണിന്റെ പ്രവർത്തനഫലമായി ആർത്തവ ചക്രത്തിന്റെ 21-22ാം ദിവസത്തോടെ ഗർഭാശയം ബീജസങ്കലനം നടന്ന അണ്ഡത്തെ സ്വീകരിക്കാൻ പൂർണമായും തയ്യാറായിക്കഴിഞ്ഞിരിയ്‌ക്കും. ``എല്ലാവർക്കും മനസ്സിലാവുന്നുണ്ടല്ലോ അല്ലേ?

``ആട്ടെ, എല്ലായ്‌പ്പോഴും ബീജസങ്കലനം നടക്കില്ലല്ലോ. അപ്പോൾ പിന്നെ എന്തു സംഭവിക്കും. രണ്ടുമൂന്നാഴ്‌ചയായി പിറ്റിയൂറ്ററിയിൽ തുടങ്ങി ഗർഭാശയത്തിൽ വരെയെത്തിയ പ്രവർത്തനങ്ങൾ എല്ലാം വെറുതെയായി. അപ്പോൾ ഇനി ഹോർമോണുകളുടെ നിർമാണം നിർത്താം. അവയുടെ അളവ്‌ കുറഞ്ഞുവരുമ്പോൾ പുതുതായുണ്ടായ വളർച്ചയെല്ലാം രക്തവാഹിനികളടക്കം അടർന്നുപോവും. ഈ രക്തസ്രാവമാണ്‌ ആർത്തവരക്തമായി യോനിയിലൂടെ പുറത്തേയ്‌ക്ക്‌ പോവുന്നത്‌. ഇതോടെ ഒരു ആർത്തവചക്രം പൂർത്തിയായെന്ന്‌ പറയാം. ഇത്തരത്തിലുള്ള പ്രവർത്തനം എല്ലാ മാസവും തുടരും. അങ്ങനെ ഏതാണ്ട്‌ 10 വയസ്സിൽ തുടങ്ങുന്ന ആർത്തവം 50-55 വയസ്സ്‌ വരെ തുടർന്നുകൊണ്ടേയിരിക്കും.

എല്ലാ മാസവും ഇങ്ങനെ നടന്നില്ലെങ്കിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാവുമോ?

സാധാരണയായി കൗമാര പ്രായക്കാർക്ക്‌ ചിലപ്പോഴെങ്കിലും കൃത്യമായ തവണകളിൽ നടക്കാറില്ല. ആവർത്തിച്ച്‌ ഇത്തരം പ്രശ്‌നങ്ങൾ വരുന്നുണ്ടെങ്കിൽ ഡോക്‌ടറുടെ സഹായം തേടേണ്ടിവരും. എന്നാൽ അമിതമായ ഉൽക്കണ്‌ഠ ആവശ്യമില്ല.

ആർത്തവത്തെ സ്വാഭാവിക ശാരീരിക പ്രക്രിയയായി കാണാൻ ശീലിക്കണം. അണുബാധയേല്‌ക്കാതിരിക്കാൻ ശുചിത്വത്തിന്‌ പ്രാധാന്യം കൊടുക്കണം.

``ആർത്തവകാലത്ത്‌ രക്തം പോവുന്നതുകൊണ്ടാണോ വിളർച്ചയുണ്ടാകുന്നത്‌?

``അതും ഒരു കാരണമാണ്‌. ആർത്തവത്തിന്റെ ഭാഗമായി ശരാശരി ഒരൗൺസ്‌ രക്തമെങ്കിലും പോവുന്നുണ്ട്‌. ചിലപ്പോൾ കൂടുതൽ ദിവസം നിലനിൽക്കുന്നുണ്ടെങ്കിൽ അളവ്‌ കൂടുകയും ചെയ്യും. ഈ കാലഘട്ടത്തിൽ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കണം. അതുകൊണ്ട്‌ എല്ലാം വലിയ വിലകൊടുത്ത്‌ വാങ്ങി കഴിക്കണമെന്നല്ല. ഇലക്കറികൾ, മത്സ്യം എന്നിവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ശർക്കര കൊണ്ടുള്ള പലഹാരങ്ങളും എല്ലാം നല്ലവണ്ണം കഴിച്ചോളൂ. പരമാവധി സ്വാഭാവിക ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. വളർച്ച പെട്ടെന്നാക്കാൻ ഹോർമോൺ കുത്തിവെച്ച്‌ വളർത്തിയെടുക്കുന്ന കോഴിയിറച്ചി, കോഴിമുട്ട എന്നിവയൊന്നും അധികം കഴിക്കാതിരിക്കുകയാവും നല്ലത്‌. ഇപ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ പെൺകുട്ടിയോട്‌ പ്രത്യേക വിവേചനമൊന്നും കാണിക്കുന്നില്ല എന്ന്‌ കരുതാം, അല്ലേ? വീട്ടിൽ എന്തെങ്കിലും ഉണ്ടെങ്കിൽ എല്ലാവർക്കുമുണ്ടാവും. ഇല്ലെങ്കിൽ ആർക്കും ഉണ്ടാവില്ല. ഇങ്ങനെയൊക്കെയായി ഏതാണ്ട്‌ എല്ലാവരും മാറിക്കഴിഞ്ഞിട്ടുണ്ട്‌. എങ്കിലും പെൺകുട്ടികളോടുള്ള പൊതുമനോഭാവത്തിൽ മാറ്റം വന്നിട്ടില്ല. നമ്മൾ തുടക്കത്തിൽ പറഞ്ഞില്ലേ. പ്രത്യുല്‌പാദനപരമായ ധർമം എന്നത്‌ മനുഷ്യരുടെ ഭാവിതലമുറകളുടെ നിലനിൽപ്പിനാവശ്യമായ അതിസ്വാഭാവികമായ ഒരു കാര്യമാണ്‌. എന്നാലോ ഇതിന്റെ പേരിൽ ചൂഷണം അനുഭവിക്കേണ്ടിവരുന്നവർ നിരവധിയാണ്‌. സ്‌ത്രീ ഒരു വ്യക്തിയല്ല. മറിച്ച്‌ ഒരു ശരീരം മാത്രം എന്ന ചിന്ത ഇപ്പോഴും വേരറ്റു പോയിട്ടില്ല. അതുകൊണ്ടാണ്‌ സ്‌ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കാൻ സമൂഹത്തിന്‌ കഴിയാതെ പോകുന്നത്‌. വിവാഹം കഴിച്ച്‌ കുട്ടികളെ പ്രസവിച്ച്‌ വളർത്തി വീട്ടുകാർക്ക്‌ വെച്ചുവിളമ്പി അങ്ങനെ കഴിഞ്ഞുപോകേണ്ട ഒരു ജന്മം. എന്നാൽ ഇത്തരം ധാരണകളെല്ലാം പ്രബലമാണെങ്കിലും അതിനെയെല്ലാം അതിജീവിച്ച്‌ തൊഴിൽ മേഖലകളിൽ പൊതു രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ, ബിസിനസ്‌ രംഗങ്ങളിൽ എല്ലാം കഴിവ്‌ തെളിയിച്ച്‌ സ്‌ത്രീ തന്റേതായ ഇടം ഉറപ്പിച്ചെടുക്കുന്നുണ്ട്‌. അതുകൊണ്ട്‌ സമൂഹത്തിൽ നിലനിൽക്കുന്ന പ്രതിലോമകരമായ ആശയങ്ങളെ കണക്കിലെടുത്തുകൊണ്ട്‌ അറച്ചുനിൽക്കുകയല്ല. മറിച്ച്‌ ആത്മവിശ്വാസത്തോടെ, ആർജവത്തോടെ, സ്വത്വബോധത്തോടെ, ഇവയെല്ലാം നേരിട്ട്‌ മുന്നേറുകയാണ്‌ വേണ്ടത്‌. ഇങ്ങനെ വരുമ്പോൾ ചില തടസ്സങ്ങൾ കടന്നുവന്നേയ്‌ക്കാം. അതെന്തായിരിക്കാം. ഒരു കാര്യം ചോദിക്കട്ടെ, നിങ്ങളുടെ പ്രായത്തിലുള്ള പെൺകുട്ടികൾ ഇതേ പ്രായത്തിലോ ഇത്തിരി പ്രായം കൂടുതലോ ഉള്ള ആൺകുട്ടികളോട്‌ സംസാരിക്കുന്നതും അവരോട്‌ ചങ്ങാത്തം കൂടുന്നതും ശരിയാണോ? നിങ്ങളുടെ അഭിപ്രായം മടിക്കാതെ തുറന്നു പറഞ്ഞോളൂ.

``മിണ്ടുന്നതും നോക്കുന്നതും ഒന്നും വലിയ കുഴപ്പമില്ല. പക്ഷേ ചങ്ങാത്തമൊക്കെ കുറച്ച്‌ ശ്രദ്ധിച്ചിട്ട്‌ മതി.

``എന്നാൽ നമ്മുടെ മുതിർന്ന ആളുകളുടെ മറുപടി ഇതായിരിക്കുമോ? ഇല്ലേയില്ല. അവർ പറയും പ്രായം തികഞ്ഞ പെൺകുട്ടികൾ അവിടെയും ഇവിടെയും നോക്കിനിന്ന്‌ കുടുംബത്തിന്‌ മാനക്കേടുണ്ടാക്കാതിരിയ്‌ക്കയാണ്‌ ചെയ്യേണ്ടതെന്ന്‌. പക്ഷേ, സ്വാഭാവികമായ വികാരപ്രകടനങ്ങളെ മൂടിവെച്ച്‌ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം ഉണ്ടാക്കുകയല്ല വേണ്ടത്‌. പകരം സ്വാഭാവികമായ ഇടപെടൽ രീതികൾ സ്വായത്തമാക്കുകയാണ്‌. ആരോഗ്യകരമായ സൗഹൃദങ്ങൾ വളർത്തിയെടുക്കാൻ കഴിയണം.'

``ഈ കാലഘട്ടത്തിൽ സാഹസികത, സ്വന്തമായ അഭിപ്രായങ്ങൾ പറയാനുള്ള ആവേശം, മുതിർന്ന വ്യക്തിയായി അംഗീകരിക്കപ്പെടാനുള്ള അഭിവാഞ്‌ഛ ഇവയൊക്കെ ശക്തമായുണ്ടാവും. കാരണം ഇക്കാലയളവിൽ വൈകാരികവളർച്ചയും മാനസിക വളർച്ചയും ഒരുപക്ഷേ ശാരീരിക വളർച്ചയേക്കാൾ വേഗത്തിലായിരിക്കും. വികാരങ്ങളെ നിയന്ത്രിക്കാൻ വേണ്ട ശേഷിയായിട്ടുമുണ്ടാവില്ല. കുറച്ചുകൂടെ മുതിർന്ന്‌ യുവത്വത്തിലേക്കെത്തുമ്പോൾ വികാരനിയന്ത്രണത്തിനും ശേഷി ഏറും. അപ്പോൾ നമ്മൾ പറഞ്ഞുവരുന്നത്‌ എതിർലിംഗത്തിലുള്ളയാളോടുള്ള ആകർഷണത്തെ പറ്റിയാണ്‌. അല്ലേ. വളരെ സ്വാഭാവികമായ ഒരു കാര്യമാണ്‌. ഇത്‌ എന്തോ വലിയ കുഴപ്പമാണെന്ന്‌ കരുതി ആകെ പ്രശ്‌നമാക്കുന്നത്‌ മുതിർന്നവരുടെ ഇടപെടലുകളായിരിക്കും. പക്ഷേ, എപ്പോഴും ഇങ്ങനെയാവണമെന്നില്ല. ചില സമയം പുരുഷന്മാരുടെ കെണിയിൽ പെട്ട്‌ പോവുന്ന പെൺകുട്ടികളെക്കുറിച്ചും നമ്മൾ ധാരാളമായി കേൾക്കാറുണ്ടല്ലോ. അതുകൊണ്ട്‌ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ കൃത്യമായ ധാരണയോടെ അറിഞ്ഞിരിക്കാൻ ശ്രദ്ധിക്കണം. അതിലേക്ക്‌ നയിച്ചേക്കാവുന്ന പ്രവൃത്തികളിൽ നിന്ന്‌ വിട്ടുനിൽക്കാൻ ജാഗ്രതയുള്ളവരായിരിക്കുകയും വേണം. എന്തായിരിക്കണം ഈ കാലഘട്ടത്തിൽ കുട്ടികളുടെ മുൻഗണനകൾ? അവരുടെ പ്രത്യേകമായ സ്വഭാവ സവിശേഷതകൾക്കനുസരിച്ച്‌ എങ്ങനെയാണ്‌ ആരോഗ്യമുള്ള, സ്വത്വബോധമുള്ള, സ്വാതന്ത്ര്യബോധമുള്ള മുതിർന്ന വ്യക്തിയിലേക്കുള്ള മാറ്റം സാധ്യമാവുക?

``നിങ്ങളെല്ലാവരും സ്വപ്‌നം കാണുന്നവരാണോ?

തീർച്ചയായും ഡോക്‌ടർ, സ്വപ്‌നം രാത്രി മാത്രമല്ല, പകലും കാണാറുണ്ട്‌.

``സ്വപ്‌നം കാണാൻ മാത്രമല്ല, ക്രിയാത്മകമായി പ്രവർത്തിക്കാനും നിങ്ങൾക്ക്‌ കഴിയും. പുതിയ പുതിയ കാര്യങ്ങൾ പഠിക്കാനും അഭിപ്രായം രൂപീകരിക്കാനുമുള്ള കഴിവ്‌ നിങ്ങൾക്ക്‌ ധാരാളമായുണ്ട്‌. പൊതുവായി പറഞ്ഞാൽ മനുഷ്യരുടെ ജീവിതത്തിലെ വളരെ ഊർജസ്വലമായ ഭാവനാപൂർണമായ ഒരു കാലഘട്ടമാണ്‌ കൗമാരകാലഘട്ടം. ഭാവിയെക്കുറിച്ചുള്ള കൃത്യമായ ധാരണ രൂപപ്പെടുത്തുന്നതിലും അതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിലും ശാരീരികമായ വളർച്ചയോ അതുവഴി സമൂഹത്തിൽ നിന്ന്‌ നേരിടേണ്ടിവരുന്ന വിവേചനങ്ങളോ തടസ്സമാവരുത്‌. അതിനുവേണ്ടി കൂടുതലായി വസ്‌തുതകൾ പഠിയ്‌ക്കാനും കിട്ടുന്ന അറിവിനെ മനസ്സിന്റെ കരുത്താക്കി മാറ്റി എതിർപ്പുകളേയും അവഗണനകളേയും അതിജീവിച്ച്‌ ശരിയായ ലക്ഷ്യത്തിലെത്തിച്ചേരാനുമുള്ള ഇച്ഛാശക്തി ഓരോരുത്തർക്കുമുണ്ടാവണം. എന്താണ്‌ നമ്മൾ ഇന്ന്‌ ചർച്ച ചെയ്‌തതെന്ന്‌ ചുരുക്കത്തിൽ ആരെങ്കിലും ഒന്ന്‌ പറയാൻ ശ്രമിക്കുമോ?

``ശാരീരിക വളർച്ച വ്യക്തിത്വവികാസത്തിനോ വളർച്ചക്കോ തടസ്സമാവേണ്ടതല്ല. പ്രത്യുല്‌പാദനപരമായ ധർമങ്ങൾ സ്വാഭാവികമായ ശാരീരിക പ്രക്രിയകളാണ്‌. അവയെ അങ്ങനെ തന്നെ സമീപിക്കാൻ കഴിയണം.

``അതെ ഇക്കാര്യങ്ങളൊക്കെയാണ്‌ നമ്മൾ ചർച്ച ചെയ്‌തത്‌. ഇനിയും പെൺകുട്ടിയ്‌ക്കെതിരാവുന്ന ഒട്ടേറെ കാര്യങ്ങൾ സമൂഹത്തിലുണ്ട്‌. പെൺകുട്ടികൾ ശരീരസൗന്ദര്യം, ശരീരത്തെ അണിയിച്ചൊരുക്കൽ തുടങ്ങിയ കാര്യങ്ങളിലാണ്‌ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നാണ്‌ മാധ്യമങ്ങളിലൂടെയും മറ്റും സമൂഹം നമ്മോട്‌ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. എന്നാൽ ഇതിൽ നിന്ന്‌ വ്യത്യസ്‌തമായി സ്വാതന്ത്ര്യബോധമുള്ള, വ്യക്തിത്വമുള്ള സ്‌ത്രീയായി മാറാനുള്ള ശ്രമമാണ്‌ നമ്മൾ നടത്തുന്നതെങ്കിൽ പതുക്കെയെങ്കിലും സമൂഹവും നമ്മുടെ പ്രതീക്ഷകൾക്കനുസരിച്ച്‌ മാറിയേക്കാം.

നേരം കുറേയായല്ലോ, നമുക്ക്‌ ഇന്നത്തെ ചർച്ചകൾ അവസാനിപ്പിക്കാം.

കുട്ടികളുടെ ക്ലാസ്‌ കഴിഞ്ഞപ്പോൾ അമ്മമാരും മറ്റുള്ളവരുമെല്ലാം അവിടേയ്‌ക്കുവന്നു. എല്ലാവരും ഒത്തുകൂടിയപ്പോൾ ശാരദേടത്തി ഭാവിയെക്കുറിച്ച്‌ ചില കാര്യങ്ങളൊക്കെ പറഞ്ഞു. ``നമുക്ക്‌ നമ്മെ പറ്റി തന്നെ ധാരാളം കാര്യങ്ങൾ അറിയാനും പഠിക്കാനുമുണ്ടെന്ന്‌ എല്ലാവർക്കും ബോധ്യമായല്ലോ. ഇനിയും ഒട്ടേറെ കാര്യങ്ങൾ നമ്മൾ നിർബന്ധമായും അറിയേണ്ടതുണ്ട്‌. പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥിതിയിൽ പുരുഷന്മാരെ പോലെയായി മാറുക എന്നതല്ല നമ്മുടെ ലക്ഷ്യം. ഒരു സമൂഹമാവുമ്പോൾ ഓരോരുത്തരുടേയും സ്വാതന്ത്ര്യത്തിന്‌ പരിമിതിയുണ്ട്‌. അത്‌ മറ്റുള്ളവർക്ക്‌ ദോഷകരമാവാത്ത തരത്തിലായിരിക്കണം ഉപയോഗിക്കേണ്ടത്‌. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും എല്ലാം മദ്യപിച്ച്‌ സ്വാതന്ത്ര്യം ആഘോഷിക്കുന്നവരെ നാം കാണുന്നുണ്ട്‌. അവരവരെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചുമൊന്നും ചിന്തയില്ലാത്തവരാണ്‌ ഇത്തരം കാര്യങ്ങൾ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. മാത്രമല്ല, മദ്യവും മയക്കുമരുന്നുമെല്ലാം സമൂഹത്തിനാകെയും സ്‌ത്രീകൾക്ക്‌ പ്രത്യേകിച്ചും ദോഷകരമാവുന്ന അനുഭവങ്ങളും നമുക്ക്‌ മുന്നിലുണ്ട്‌.

``അതെ, ശാരദേടത്തി പറഞ്ഞത്‌ ശരിയാ, ഇത്തരം കാര്യങ്ങൾക്കെതിരെ എന്തുചെയ്യാൻ പറ്റുമെന്ന്‌ കൂടെ നമുക്ക്‌ ആലോചിക്കണം. ഷൈമയുടെ അഭിപ്രായം പഠനത്തോടൊപ്പം ചെറിയ ചെറിയ പ്രവർത്തനങ്ങളും തുടങ്ങണമെന്നായിരുന്നു.

അതെ ഇതുപോലുള്ള കാര്യങ്ങളൊക്കെ നമുക്ക്‌ ഗൗരവമായി ആലോചിക്കണം.

അടുത്ത ശനിയാഴ്‌ച ഒത്തുചേരണമെന്ന തീരുമാനത്തോടെയാണ്‌ എല്ലാവരും മടങ്ങിയത്‌. ശനിയാഴ്‌ച എല്ലാവരും എത്തുമ്പോൾ അവതരിപ്പിയ്‌ക്കാനായി ശാരദേടത്തി സാധ്യതയുള്ള പരിപാടികളുടെ ലിസ്റ്റ്‌ തയ്യാറാക്കിയിരുന്നു. പുസ്‌തകചർച്ച, തൊഴിൽപരിശീലനം, നിയമബോധവല്‌ക്കരണം, കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ചർച്ച, അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള സംവാദം, സമകാലികസംഭവങ്ങളെ ആസ്‌പദമാക്കിയുള്ള ചർച്ച ഇവയൊക്കെ അതിലുണ്ടായിരുന്നു. സംഘത്തിന്റെ കുടുംബാംഗങ്ങളോ അയൽക്കാരായിട്ടുള്ള അധ്യാപകരോ മറ്റോ തങ്ങളുടെ കഴിവിനനുസരിച്ച്‌ പരിപാടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന്‌ ഈ കൂടിയിരുപ്പിൽ ധാരണയായി. പരിപാടികൾ തുടർന്നും നടത്തുമെന്ന നിശ്ചയദാർഢ്യം എല്ലാവരിലുമുണ്ടായിരുന്നു.