സ്ത്രീസുരക്ഷ സാമൂഹ്യ ഉത്തരവാദിത്വമാണ്‌

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയിലുള്ള വിരോധാഭാസമെന്ന് പറയുന്നത് ഒരുവശത്ത് സ്ത്രീകൾക്കു നേരെയുള്ള പീഠനങ്ങൾ വർധിക്കുന്നു, സ്ത്രീസുരക്ഷയ്ക്കുവേണ്ടി സാമൂഹ്യ ക്ഷേമവകുപ്പും മറ്റു ഒറ്റപ്പെട്ട സംഘടനകളും പരിപാടികൾ സംഘടിപ്പിക്കുന്നു. അതേസമയം തന്നെ സ്ത്രീകളുടെ വർധിച്ച വിദ്യാഭ്യാസപുരോഗതി ലോകശ്രദ്ധതന്നെ പിടിച്ചുപറ്റുന്ന രീതിയിൽ വളരുന്നു. സ്ത്രീശാക്തീകരണവും, സാമൂഹ്യ വികസനരംഗങ്ങളിലെ സ്ത്രീകളുടെ വർധിച്ച ദൃശ്യതയും അടുത്ത കാലങ്ങളിലായി ചർച്ച വിഷയമായി മാറുന്നു. ഒരു വശത്ത് തൊഴിൽ പങ്കാളിത്തം കുറഞ്ഞുവരുന്നതിനൊപ്പം തന്നെ സ്വന്തം ജീവിതം സൃഷ്ടിക്കാനായി ശ്രമിക്കുന് സ്ത്രീകൾ വർധിച്ച ചൂഷണത്തിനും, ലൈംഗികവും മാനസികവുമായ പീഢനങ്ങൾക്കും ഇരയാവുകയാണ്. വിദ്യാഭ്യാസരംഗത്തുള്ള സ്ത്രീകളുടെ വർധിച്ച മുന്നേറ്റം കാണിക്കുന്നത് കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽശക്തിയുടെ ഭൂരിപക്ഷവും സ്ത്രീകളാണെന്നതാണ്. അതുകൊണ്ടുതന്നെ സമൂഹവികസനത്തിൽ സ്ത്രീകളുടെ തുല്യപങ്കാളിത്തവും സ്ത്രീകളുടെ ചലനത്തിലും പ്രവർത്തനത്തിലും ഇന്ന് കമ്പോള-പുരുഷ മേധാവിത്വശക്തികൾ ഏർപ്പെടുത്തുന്ന വിലക്കുകൾക്കും ചൂഷണങ്ങൾക്കുമെതിരായി ശക്തമായ പോരാട്ടമില്ലാതെ കേരളത്തിന്റെ ഭാവിപുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാനാവില്ല.

കേരള പഠനത്തിൽനിന്ന് ലഭ്യമായത് 'കേരളസ്ത്രീ എങ്ങനെ ചിന്തിക്കുന്നു' എന്ന സ്ത്രീപഠനത്തിൽ കണ്ടെത്തിയതും കേരളത്തിൽ വീട്ടമ്മമാർ വർധിക്കുന്നു എന്നതാണ്. കേരളത്തിലെ തൊഴിലില്ലായ്മ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ എന്നു പറയുന്നതുപോലെതന്നെ കേരളത്തിലെ വീട്ടമ്മവത്കരണവും അഭ്യസ്തവിദ്യരായ വീട്ടമ്മമാരുടെ എണ്ണത്തിലുള്ള വർധനയാണ്. പ്രൊഫഷണൽ വിദ്യാഭ്യാസം സ്ത്രീകൾ വരെ വീട്ടമ്മമാരായി മാറുന്നു എന്നു പറയുന്നു. വീട്ടമ്മവത്കരണത്തിന് കാരണമായി വിരൽ ചൂണ്ടപ്പെടുന്നത് പലപ്പോഴും കുടുംബസാഹചര്യമാണ്. കുടുംബബന്ധങ്ങളിലും സംവിധാനത്തിലും മാറ്റങ്ങൾ വേണമെന്നത് അനിവാര്യമാണെന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഏത് രീതിയിലുള്ള മാറ്റമാണ് വേണ്ടത് എന്നതിനെക്കുറിച്ച് കുടുംബത്തിലെ ജനാധിപത്യം എന്ന ചർച്ചകൾ പരിഷത്ത് സജീവമായി സംഘടിപ്പിച്ചിട്ടുണ്ട്. അതു പ്രാവർത്തികമാക്കിക്കൊണ്ടുമാത്രമേ ഇതിനൊരു പരിഹാരമുണ്ടാകുകയുള്ളൂ.

തൊഴിലെടുക്കുന്നവരിൽ ഭൂരിഭാഗവും അസംഘടിതമേഖലയിലാണ്. സേവനമേഖലകളിലൊഴികെ മറ്റു തൊഴിൽ രംഗങ്ങളിൽ തുല്യവേതനം തുല്യജോലിക്ക് എന്ന മുദ്രാവാക്യം തുടർച്ചയായി ആവശ്യപ്പെടുന്നു എന്നല്ലാതെ പ്രാവർത്തികമാകുന്നില്ല. പലപ്പോഴും കുടുംബവേതനമായി പുരുഷനു കൊടുക്കുന്ന വേതനത്തെ കണക്കാക്കുന്നതുകൊണ്ട് സ്ത്രീയുടെ വേതനം രണ്ടാംകിടയായി കാണുന്നതുംകൂടിയാണ് തുല്യവേതനത്തിന് വിനയായി നിൽക്കുന്നത്. സ്ത്രീനായക കുടുംബങ്ങൾ വർധിച്ചുവരുന്ന കേരളത്തിൽ സ്ത്രീകൾ മുഖ്യവരുമാനദായകരമായി മാറുമ്പോഴും പഴയ മാമൂൽ രീതിയിലുള്ള രണ്ടാംകിട വേതനം എന്ന രീതി മാറേണ്ടതുണ്ട്. കൂടാതെ തൊഴിലെടുക്കുന്ന സ്ത്രീകളെ ഒരു സമ്പൂർണ സാമൂഹ്യവ്യക്തി എന്ന നിലയിൽ അംഗീകരിക്കുകയും പ്രവർത്തന സ്വാതന്ത്ര്യം നൽകുകയും വേണം.

സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യവും ചലനസ്വാതന്ത്ര്യവും വർധിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും സമൂഹത്തിൽ പുതുതായി വളർന്നുവരുന്ന സദാചാരപോലീസുകാരും നിലനിൽക്കുന്ന പുരുഷ മേധാവിത്വ ശക്തികളും വിലക്കുകളും സമയപരിധിയും സ്ഥലപരിധിയും നിർണയിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ പോരാട്ടവും നിയമപരിരക്ഷയും അനിവാര്യമായി ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇന്നത്തെ കമ്പോളസംസ്‌കാരം സ്ത്രീകളുടെ ഉപഭോഗവാഞ്ച വർധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് പകരം സ്ത്രീയുടെ - ആധുനിക സ്ത്രീയുടെ ഇടമെന്താണെന്നും എന്തൊക്കെ ആവണമെന്നും നിർണയിക്കുകയും അവളുടെ സമൂഹത്തിലും കുടുംബത്തിലും ഉള്ള സ്ഥാനമെന്താണെന്നും വരെ തീരുമാനിക്കുകയും അത് പൊതുസമൂഹത്തെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്യുന്നു. (മാനുഫാക്ചറിങ് കൺസന്റ്)

ഈ ആധുനികസ്ത്രീയുടെ പരിമിതിയും സാധ്യതകളും തീരുമാനിക്കുന്ന കമ്പോളം അത് ഊട്ടിയുറപ്പിക്കുന്നത് ജാതിമത സംഘടനകളിലൂടെയാണ്, സ്ത്രീകളുടെ ആത്മീയവും സാമുദായികതയും വർധിപ്പിച്ചുകൊണ്ടാണ് രാഷ്ട്രീയ ഇച്ഛാശക്തിക്ക് ഇന്ന് കേരളത്തിലെ സ്ത്രീകൾ പകരം വയ്ക്കുന്നത് ആത്മീയതയും ആൾദൈവങ്ങളുമാണ്. കപടശാസ്ത്രവും അന്ധവിശ്വാസത്തെയും കൈവെടിഞ്ഞ് ശാസ്ത്രീയചിന്ത വികസിപ്പിച്ചെടുക്കുകയും ജാതിമതശക്തികൾക്ക് അതീതമായി സാമൂഹ്യ രാഷ്ട്രീയ ബോധത്തോടെ സ്ത്രീകൾ പൊതുരംഗത്ത് ഇടപെടുമ്പോൾ മാത്രമേ പൂർണവ്യക്തിത്വം കൈവരിക്കാനാകൂ.

സ്ത്രീകളുടെ വിദ്യാഭ്യാസപരമായ നേട്ടം സമൂഹത്തിനു ലഭിക്കുന്നത് സ്ത്രീകൾ സാമൂഹ്യവികസനപ്രക്രിയകളിൽ പങ്കെടുക്കുന്നതുകൊണ്ടാണ്. ശാസ്ത്രീയമായ ചിന്തയിലൂന്നി ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീധനം, ആഡംബര വിവാഹം, സ്ത്രീപീഢനം, മദ്യപാനം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾക്കെതിരെ കലഹിക്കുകയും പരിഹാരം കാണാനും സ്ത്രീസംഘടനകളും ബഹുജനസംഘടനകളും പോരാട്ടങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്. സ്ത്രീപ്രശ്‌നം എന്നത് സ്ത്രീകളുടെ മാത്ര#ം പ്രശ്‌നമായി കാണാതെ സമൂഹജീവി എന്നത് അതിനെക്കുറിച്ച് അറിയാനും പരിഹാരം കണ്ടെത്താനും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് കൈകോർക്കേണ്ടതുണ്ട് എന്നതും ഇന്ന് ഏറെ ശ്രദ്ധേയമായി മാറുന്നു. സഹജീവിയായും സഹധർമിണിയായും സഹപാഠിയായും സഹപ്രവർത്തകയായും പൂർണമായി സ്ത്രീകളെ അംഗീകരിക്കുകയും നോക്കിക്കാണുകയും ചെയ്യേണ്ടതാണ്. അതുകൊണ്ടുതന്നെ ബഹുജനസംഘടനകൾ ഏറ്റെടുക്കേണ്ട ഒരു പ്രശ്‌നമാണ് സ്ത്രീപ്രശ്‌നം എന്നത് വീണ്ടും നാം ആവർത്തിച്ചുപറയേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ സ്ത്രീരക്ഷയ്ക്കായുള്ള പോരാട്ടം സ്ത്രീപുരുഷന്മാരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി മാറേണ്ടതുണ്ട്. ഇതുകൂടാതെ അടിയന്തിരശ്രദ്ധ ആവശ്യപ്പെടുന്ന താഴെപ്പറയുന്ന മേഖലകളിലും എല്ലാ ബഹുജനസംഘടനകളുടെയും സജീവമായ ഇടപെടൽ ആവശ്യമാണെന്ന് പരിഷത്ത് കരുതുന്നു. 1. കേരളത്തിന്റെ സാമൂഹ്യവികസനത്തിൽ സ്ത്രീകളുടെ തുല്യ സാന്നിധ്യവും പ്രവർത്തനവും ഉറപ്പുവരുത്തുന്ന തരത്തിൽ വികസനപ്രവർത്തനങ്ങൾ പുനസംഘടിപ്പിക്കുക. 2. സ്ത്രീകൾ പണിയെടുക്കുന്ന തൊഴിൽ/സേവനമേഖലകളിൽ തുല്യജോലിക്ക് തുല്യവേതനവും ഒരു സാമൂഹ്യവ്യക്തി എന്ന നിലയിലുള്ള പൂർണമായ പ്രവർത്തനസ്വാതന്ത്ര്യവും അംഗീകാരവും നൽകുക. 3. സ്ത്രീകളുടെ ചലനസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, താമസത്തിനുള്ള സ്വാതന്ത്ര്യം തുടങ്ങിയ ഉറപ്പാക്കുകയും ആ മേഖലയിൽ കടന്നുകയറുന്ന കമ്പോളം പുരുഷമേധാവിത്വശക്തികൾക്കെതിരായി ശക്തമായി പോരാടുകയും നിയമപരമായ പരിരക്ഷ സ്ത്രീകൾക്കു സൃഷ്ടിക്കുകയും ചെയ്യുക. 4. സ്ത്രീകളുടെ ഗാർഹികജോലി ഭാരവും ചലനസ്വാതന്ത്ര്യത്തിനുള്ള വിലക്കുകളും ഒഴിവാക്കുന്നവിധത്തിൽ ക്രഷെകൾ, പൊതുഅടുക്കള, പൊതു അലക്കുകേന്ദ്രം എന്നിങ്ങനെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക. 5. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിൽ അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് വിരാമമിടുക. 6. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി മാത്രം കാണുന്ന കമ്പോളസംസ്‌കാരത്തിനെതിരെ പോരാടുക. 7. സാമൂഹ്യവ്യക്തി എന്ന നിലയിൽ സ്ത്രീകളുടെ വികസനപ്രക്രിയകളിൽ പങ്കെടുക്കുവാനും സാധ്യതകളെ തടയുന്ന രീതിയിൽ പ്രവർത്തിക്കുന്ന ജാതി-മത-സംഘടനകൾക്കെതിരെ പോരാടുക.