കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-ആമുഖം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ


ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.


കഴിഞ്ഞ മൂന്നു ദശകങ്ങളിലേറേക്കാലമായി വിദ്യഭ്യാസരംഗത്ത്‌ സജീവപങ്കാളിത്തം വഹിച്ചുപോന്ന സംഘടനയാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌. ഇക്കാലയളവത്രയും, വിദ്യാഭ്യാസരംഗത്തു വളർന്നുവന്ന പ്രവണതകളെ പരിഷത്ത്‌ വിമർശനപരമായി പരിശോധിക്കുകയും പ്രതികരിക്കുകയും ചെയ്‌തുവന്നിട്ടുണ്ട്‌. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ഘടനയിലും വന്ന ഗുണപരമായ മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നതോടൊപ്പം കമ്പോളവൽക്കരണവും വർഗീയവൽക്കരണവുമടക്കമുള്ള അപകടകരമായ പ്രവണതകളെ വിമർശിച്ചിട്ടുണ്ട്‌. സാധ്യമായ സ്ഥലങ്ങളിലെല്ലാം ബദൽ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും അവ പ്രായോഗികമാക്കാനുള്ള ശ്രമങ്ങളിൽ സഹകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ ബദൽനിർദേശങ്ങൾ പിഴവുകൾക്കതീതമാണെന്ന അഭിപ്രായവും പരിഷത്തിനില്ല. സ്വന്തം അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഓരോ ബദൽ നിർദേശത്തിന്റെയും ഗുണദോഷ പരിശോധന നടത്തുകയും കൂടുതൽ മെച്ചപ്പെട്ട നിർദേശങ്ങളിലേക്കു നീങ്ങുകയും ചെയ്യുന്ന രീതിയാണ്‌ പരിഷത്തിനുള്ളത്‌. വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങളിലും അതേ രീതിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.

പരിഷത്തിന്റെ വിദ്യാഭ്യാസരംഗത്തെ അനുഭവം

ശാസ്‌ത്രകാരന്മാരുടെ സംഘടനയെന്ന നിലയിൽ പരിഷത്ത്‌ ആദ്യം കേന്ദ്രീകരിച്ചത്‌ ശാസ്‌ത്രവിദ്യാഭ്യാസത്തിലായിരുന്നു. 1964നുശേഷം എൻ.സി.ഇ.ആർ.ടി തയ്യാറാക്കിയ പാഠപുസ്‌തകങ്ങൾ ഉൾക്കൊള്ളുന്നതിനാവശ്യമായ പോഷണക്ലാസുകൾ അധ്യാപകർക്ക്‌ നൽകിയായിരുന്നു പരിഷത്ത്‌ വിദ്യാഭ്യാസരംഗത്തേക്ക്‌ കടന്നത്‌. തുടർന്ന്‌ യു.പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കുവേണ്ടി രണ്ടു ശാസ്‌ത്രമാസികകൾ - യുറീക്കയും ശാസ്‌ത്രകേരളവും - ആരംഭിച്ചു. ശാസ്‌ത്രവിദ്യാഭ്യാസത്തിന്റെ പോഷണമെന്ന നിലയിൽത്തന്നെയാണ്‌ യുറീക്കാവിജ്ഞാനപ്പരീക്ഷയും ശാസ്‌ത്രകേരളം ക്വിസും ആരംഭിച്ചത്‌.എഴുപതുകളുടെ മധ്യത്തിൽ പരിഷത്ത്‌ ആവിഷ്‌ക്കരിച്ച ശാസ്‌ത്രമാസം ക്ലാസുകളിൽ അസംഖ്യം അധ്യാപകരെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. 1977ൽ ആരംഭിച്ച ശാസ്‌ത്രകലാജാഥയിൽ പരാമർശിക്കപ്പെട്ട വിഷയങ്ങളിൽ വിദ്യാഭ്യാസം പ്രധാനമായിരുന്നു.

1982ൽ മഞ്ചേരിയിൽ വെച്ചു നടന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസരേഖയിൽ പരിഷത്ത്‌ ആദ്യമായി സമഗ്രമായ ഒരു വിദ്യാഭ്യാസ പരിപ്രേക്ഷ്യം അവതരിപ്പിക്കാൻ ശ്രമിച്ചു. ബ്രിട്ടീഷ്‌ കൊളോണിയൽ കാലഘട്ടത്തിൽ രൂപംകൊടുത്ത വിദ്യാഭ്യാസ പദ്ധതിയുടെ `പ്രേതബാധയി'ൽനിന്ന്‌ സ്വതന്ത്ര ഇന്ത്യയിലെ വിദ്യാഭ്യാസം മുക്തമായിട്ടില്ലെന്ന്‌ രേഖ ചൂണ്ടിക്കാട്ടി. മധ്യവർഗതാൽപര്യങ്ങളാണ്‌ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്നത്‌. സമൂഹവികാസത്തിന്റെ ലക്ഷ്യങ്ങളും വിദ്യാഭ്യാസത്തിന്റെ ഘടനയും തമ്മിലുള്ള അന്തരം അതിഭീമമാണ്‌. ഇതിനു ബദലായി ഒരു ജനകീയ വിദ്യാഭ്യാസ ഘടന സൃഷ്‌ടിക്കണം. സാമൂഹ്യബന്ധങ്ങൾ, തൊഴിൽ ഘടന, വിദ്യാഭ്യാസം എന്നിവ തമ്മിൽ ജൈവമായ ബന്ധം അതിനുണ്ടാവണം എന്നും രേഖ വ്യക്തമാക്കി. ഇതിനു സഹായകരമായ ഒരു കരിക്കുലം രൂപരേഖയും വിദ്യാഭ്യാസരേഖ മുന്നോട്ടു വെച്ചിരുന്നു.

പരിഷത്തിനെ സംബന്ധിച്ചിടത്തോളം എൺപതുകൾ പുതിയ പ്രതിരോധ രൂപങ്ങളുടെ കാലഘട്ടമായിരുന്നു. വിദ്യാഭ്യാസരംഗത്തെ അഴിമതി, സ്വകാര്യവൽക്കരണം, കച്ചവടവൽക്കരണം എന്നിവയ്‌ക്കെതിരായി പരിഷത്ത്‌ സജീവമായി പ്രതികരിച്ചു. പുതിയ ബോധനമാതൃകകൾ സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി ബാലോത്സവങ്ങളും ബാലോത്സവജാഥകളും നടത്തി. `പഠനം രസകരം' മുതലായ പരിപാടികൾ സംഘടിപ്പിച്ചു. അരവിന്ദ്‌ഗുപ്‌തയുടെ `Little Science' ഗിജുഭായ്‌ ബഘേഗയുടെ ദിവാസ്വപ്‌നം, ടോട്ടോച്ചാൻ, ബാർബിയാന സ്‌കൂളിലെ കുട്ടികൾ എഴുതിയ കത്ത്‌, പൗലോഫ്രയറുടെ രചനകൾ മുതലായവയെല്ലാം പരിഷത്തുകാരുടെ ഇടയിൽ സജീവ ചർച്ചാവിഷയമായി. ഇവയെല്ലാം വിദ്യാഭ്യാസരംഗത്ത്‌ പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നതിനു സഹായിച്ചു.

മേൽസൂചിപ്പിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ 1991ലെ അടൂർ സമ്മേളനത്തിൽ മറ്റൊരു രേഖ ചർച്ചചെയ്യപ്പെട്ടു. ``കേരളത്തിലെ വിദ്യാഭ്യാസം ഒരു പുനർവിചിന്തനം. 1982ലെ വിദ്യാഭ്യാസ രേഖയിൽ വെച്ച നിർദേശങ്ങൾ പുതിയ അനുഭവങ്ങളുടെ വെളിച്ചത്തിൽ മൂർത്തമാക്കാനുള്ള ശ്രമമാണ്‌ ഈ രേഖയിൽ നടത്തിയത്‌. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ വളർച്ചയെ രേഖ വിമർശനപരമായി വിലയിരുത്തുകയും വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഗുണനിലവാരത്തിൽ പ്രതിഫലിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാണിക്കുകയും ചെയ്‌തു. സമഗ്രമായ കരിക്കുലം അവതരിപ്പിക്കുകയല്ല ഈ രേഖ ചെയ്‌തത്‌. അത്തരം ഒരു കരിക്കുലത്തിന്റെ ആവശ്യം ചൂണ്ടിക്കാണിക്കുകയും അതിന്റെ ദിശ എന്തായിരിക്കണമെന്ന്‌ സൂചിപ്പിക്കുകയുമാണ്‌ ചെയ്‌തത്‌.

1988 - 91 കാലത്ത്‌ പരിഷത്ത്‌ പ്രവർത്തനങ്ങളുടെ ദിശനിർണയിച്ച സുപ്രധാനാനുഭവം സാക്ഷരതാപ്രവർത്തനമായിരുന്നു. സാക്ഷരതാപ്രവർത്തനം രണ്ടുസുപ്രധാന കാഴ്‌ചപ്പാടുകൾ നൽകി. ഒന്ന്‌, ജനപങ്കാളിത്തത്തോടെ സാമൂഹ്യനിയന്ത്രണത്തിൽ വിദ്യാഭ്യാസപ്രവർത്തനം സാധ്യമാണ്‌. രണ്ട്‌, പഠിതാക്കളുടെ സ്വന്തം ചുറ്റുപാടുകളിൽ നിന്നും പ്രായോഗികാനുഭവങ്ങളിൽനിന്നും പഠനബോധന രൂപങ്ങൾ സൃഷ്‌ടിക്കാൻ സാധിക്കും. പ്രായപൂർത്തിയെത്തിയ പഠിതാക്കളിൽ വിജയിച്ച ഈ രീതികൾ ഔപചാരിക സ്‌കൂൾ വിദ്യാഭ്യാസത്തിൽ പ്രയോഗിക്കുക എളുപ്പമായിരുന്നില്ല. എങ്കിലും സ്‌കൂളുകളിൽ, ലോവർ പ്രൈമറി സ്‌കൂളുകളിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ധീരമായ പരിശ്രമങ്ങളിലേക്കാണ്‌ ഇതു നയിച്ചത്‌. പ്രൈമറി ക്ലാസുകളിലെ നിരക്ഷരതയെ നിർമാർജനം ചെയ്യുന്നതിനുള്ള അക്ഷരവേദികളും ജനപങ്കാളിത്തത്തോടെ പ്രൈമറി ക്ലാസുകളിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സ്‌കൂൾ കോംപ്ലക്‌സ്‌ പ്രവർത്തനങ്ങളും ഇതിന്റെ തുടക്കമായിരുന്നു. തിരുവനന്തപുരത്തും വടകരയിലും ആരംഭിച്ച അക്ഷരവേദി പ്രവർത്തനം പിന്നീട്‌ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലേക്കും വ്യാപിച്ചു. ക്രമേണ അത്‌ `അക്ഷരപ്പുലരി' മുതലായ പേരുകളിൽ ഗവണ്മെന്റുകളുടെ ഔപചാരിക പരിപാടികളുടെ ഭാഗമായി. സ്‌കൂൾ കോംപ്ലക്‌സ്‌ പ്രവർത്തനങ്ങൾ അക്കാലത്ത്‌ രൂപം കൊണ്ട DIETകളിൽ ചിലവ ഏറ്റെടുത്തു. ഇവയുടെയെല്ലാം അനുഭവം ജനപങ്കാളിത്തത്തോടെ ഗുണനിലവാരം വളർത്താനുള്ള ശ്രമങ്ങൾ വിജയമാണെന്നുതന്നെയാണ്‌ സൂചിപ്പിച്ചത്‌.

ഇതേകാലത്തുതന്നെ ജനകീയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള പുതിയ സാധ്യതകൾ രൂപം കൊള്ളുകയായിരുന്നു. പഞ്ചായത്ത്‌ രാജ്‌ / നഗരപാലിക ബില്ലുകൾ വിഭാവനം ചെയ്‌തത്‌ സ്‌കൂൾ വിദ്യാഭ്യാസം ഏതാണ്ട്‌ പൂർണമായി ത്രിതല പഞ്ചായത്ത്‌ സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരാനാണ്‌. ഇത്‌ ജനകീയസമിതികളുടെ കീഴിൽ വിദ്യാഭ്യാസത്തെ കൊണ്ടുവരുന്നതിനും വിദ്യാലയങ്ങളിലെ ഭൗതിക സൗകര്യങ്ങളും ഗുണനിലവാരവും ജനപങ്കാളിത്തത്തോടെ വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ വർധിപ്പിച്ചു. കേരളത്തിൽതന്നെ മടിക്കൈ, ധർമടം, പെരിഞ്ഞനം മുതലായ ചില പഞ്ചായത്തുകൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുൻകൈ എടുത്തു. ഇത്തരം പ്രവർത്തനങ്ങളിലെല്ലാം പരിഷത്ത്‌ പൂർണമായി സഹകരിക്കുകയും ചെയ്‌തു.

പുതിയ വെല്ലുവിളികൾ

കഴിഞ്ഞ ഒരു ദശകത്തിലേറെക്കാലമായി ആഗോളതലത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ വിദ്യാഭ്യാസരംഗത്ത്‌ പുതിയ വെല്ലുവിളി ഉയർത്തുകയാണ്‌.വിദ്യാഭ്യാസം ഒരു കച്ചവടചരക്കായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്‌. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ `ഉപഭോക്താവ്‌ പണം നൽകണം' എന്ന സിദ്ധാന്തം ഒരു നയമായി മാറുന്നു. പ്രൈമറി വിദ്യാഭ്യാസരംഗത്ത്‌ കേന്ദ്രീകരിക്കണം എന്നാണ്‌ ലോകബാങ്ക്‌ - WTO ശക്തികൾ ഇന്ത്യയടക്കമുള്ള ദരിദ്രരാഷ്‌ട്രങ്ങളിലെ ഭരണകൂടങ്ങളോട്‌ ആവശ്യപ്പെടുന്നത്‌. പ്രൈമറി വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടി വൻതോതിൽ ധനസഹായവും ലഭ്യമാണ്‌. ഡി.പി.ഇ.പി മഹിളാസമാഖ്യ, ലോക്‌ ജ്ജുംബിഷ്‌, ശിക്ഷാകർമി, വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ പ്രോജക്‌ടുകൾ തുടങ്ങി ഒട്ടനവധി പ്രൈമറി വിദ്യാഭ്യാസ പരിപാടികൾ വിദേശ ധനസഹായത്തോടെ നടന്നുവരുന്നു.

ഇത്തരം പ്രോജക്‌റ്റുകളെക്കുറിച്ചു പൊതുവിലും ഡി പി ഇ പി യെക്കുറിച്ച്‌ സവിശേഷമായും പരിഷത്ത്‌ മുമ്പ്‌ പരാമർശിച്ചിട്ടുണ്ട്‌. കേരളത്തിൽ ഡിപിഇപിയുടെ പ്രവർത്തനശൈലി ഉദ്യോഗസ്ഥ കേന്ദ്രീകൃതവും ജനപങ്കാളിത്തമില്ലാത്തതുമാണെന്ന്‌ പരിഷത്ത്‌ ചൂണ്ടിക്കാണിച്ചു. കേരളത്തിൽ സജീവമായ ഒരു പഞ്ചായത്ത്‌ സംവിധാനമുള്ളപ്പോൾ അതുമായി ബന്ധപ്പെടുത്തുന്നതിന്‌ ഒരു സംവിധാനവും ഡി പി ഇ പി യിലില്ല. ഈ പ്രോജക്‌റ്റിനു വേണ്ടി നീക്കി വെയ്‌ക്കുന്ന വമ്പിച്ച ഫണ്ടിന്‌ പൊരുത്തപ്പെടുന്ന വിധത്തിൽ ഗുണനിലവാര വർദ്ധന അളക്കുന്നതിനുള്ള മാർഗ്ഗങ്ങളില്ല. കേരളത്തിന്റെ സവിശേഷമായ സാഹചര്യങ്ങളിൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ജനപങ്കാളിത്തത്തോടെയുള്ള ശ്രമങ്ങളാണാവശ്യം. അതിന്‌ ഡി പി ഇ പി പോലുള്ള ഫണ്ടഡ്‌ പ്രോജക്‌റ്റ്‌ ആവശ്യമില്ല എന്നും പരിഷത്ത്‌ ചൂണ്ടിക്കാണിച്ചു.

തുടർന്ന്‌ കേരള ഗവണ്മെണ്ട്‌ 1997-98 മുതൽ നടപ്പിലാക്കിയ പുതിയ ലോവർ പ്രൈമറി കരിക്കുലം ഡി പി ഇ പി ജില്ലകളിലാണ്‌ ആദ്യം നടപ്പിലാക്കിയത്‌. പുതിയ കരിക്കുലത്തിന്റെ പൊതുസമീപനം പരിഷ്‌ത്ത്‌ കഴിഞ്ഞ രണ്ടു ദശകങ്ങളായി രൂപപ്പെടുത്തിയ നിലപാടുകളുമായി പൊരുത്തപ്പെടുന്നതായിരുന്നു. നിലവിലുള്ള യാന്ത്രികവും വ്യവസ്ഥാപിതവുമായ പാഠ്യപദ്ധതി മാറേണ്ടത്‌ പൊതു വിദ്യാഭ്യാസത്തിന്റെ സുരക്ഷയ്‌ക്കും ഗുണനിലവാരത്തിന്റെ വളർച്ചക്കും ആവശ്യമാണെന്ന്‌ പരിഷത്ത്‌ വാദിച്ചു. അതുകൊണ്ട്‌ പുതിയ കരിക്കുലത്തെ സ്വാഗതം ചെയ്യുകയും അതിന്റെ നിർവഹണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു. സ്‌കൂൾ വിദ്യാഭ്യാസത്തോടുകൂടി പഠനപ്രക്രിയ അവസാനിപ്പിക്കുന്ന ഭൂരിപക്ഷത്തിന്‌ സമൂഹത്തിൽ സർഗാത്മകമായ പങ്കു വഹിക്കുന്നതിനുള്ള ശേഷികൾ വളർത്തുക, ജനാധിപത്യപരമായ വിദ്യാഭ്യാസക്രമം സൃഷ്‌ടിക്കുക, സാമൂഹ്യനീതിയും സമത്വവും ഉറപ്പുവരുത്തുക. നൈതികതയും ഗുണപരതയും തമ്മിലുള്ള സമന്വയം നടപ്പിൽ വരുത്തുക മുതലായ ആശയങ്ങളാണ്‌ പരിഷത്തിന്റെ കാഴ്‌ചപ്പാടിനെ രൂപപ്പെടുത്തിയത്‌. കച്ചവടവൽക്കരണം, വർഗീയവൽക്കരണം, ലിംഗവിവേചനം മുതലായ പ്രവണതകളെ ശക്തമായി എതിർക്കുന്നതിലും പരിഷത്ത്‌ പിന്നിലായിരുന്നില്ല.

പുതിയ പാഠ്യപദ്ധതി നടപ്പിൽ വരുന്നതിനോടൊപ്പം തന്നെ വിദ്യാഭ്യാസരംഗത്ത്‌ കമ്പോള ശക്തികളുടെ സമ്മർദവും വർധിച്ചു. വിദ്യാഭ്യാസരംഗത്ത്‌ മൊത്തത്തിലും ഉന്നതവിദ്യാഭ്യാസരംഗത്ത്‌ പ്രത്യേകിച്ചും ഗവണ്മെന്റ്‌ ഫണ്ട്‌ വെട്ടിക്കുറിച്ചത്‌ കമ്പോളശക്തികളുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തി. എഞ്ചിനീയറിങ്‌, മെഡിസിൻ, വിവിധ ടെക്‌നിക്കൽ കോഴ്‌സുകൾ എന്നിവയ്‌ക്കുവേണ്ടി വളർന്നുവന്ന ബഹുജനാവശ്യത്തെ മുൻനിർത്തിയാണ്‌ കമ്പോളവൽക്കരണ പ്രവണത ശക്തിപ്പെട്ടത്‌. ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള ഗവണ്മെന്റ്‌ മുതൽമുടക്കു കുറയുമ്പോൾത്തന്നെ വമ്പിച്ച മുതൽമുടക്കാവശ്യമുള്ള സാങ്കേതിക വിദ്യാലയങ്ങൾ അനുവദിക്കുന്നതിൽ ഒരു ലോഭവും അരുത്‌ എന്ന ധാരണയാണ്‌ വളർന്നുവന്നത്‌. അഖിലേന്ത്യാതലത്തിൽ തന്നെ പ്രകടമായ ഈ പ്രവണത ഇന്ന്‌ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത്‌ കച്ചവടവൽക്കരണത്തെ ശക്തിപ്പെടുത്തുകയാണ്‌. ഇതിനെതിരായി പരിഷത്ത്‌ ശക്തമായ വാദങ്ങളുയർത്തുകയും ആശയപ്രചരണത്തിലും പ്രക്ഷോഭങ്ങളിലും സജീവ പങ്കു വഹിക്കുകയും ചെയ്‌തു. ഇതേ പ്രവണതതന്നെ അൺ എയിഡഡ്‌ / സി.ബി.എസ്‌.ഇ വിദ്യാലയങ്ങളുടെ രൂപത്തിൽസ്‌കൂൾ വിദ്യാഭ്യാസത്തിലും പ്രത്യക്ഷപ്പെട്ടു. ഹയർസെക്കണ്ടറി ഘട്ടത്തിന്റെ രൂപീകരണം പൂർണമാക്കുക എന്ന പ്രവർത്തനം ഗവണ്മെന്റിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കെത്തന്നെ, ഓപ്പൺ സ്‌കൂൾ എന്ന സങ്കൽപ്പത്തെ ദുരുപയോഗപ്പെടുത്തി സമാന്തര ഹയർസെക്കണ്ടറി നടത്താനുള്ള നീക്കവും കമ്പോള ശക്തികളുടെ സ്വാധീനത്തെ വിളിച്ചറിയിക്കുന്നു.

പുതിയ ദേശീയ കരിക്കുലവും വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങളും

ഈ അടുത്തകാലത്ത്‌ അവതരിപ്പിക്കപ്പെട്ട എൻ.സി.ഇ.ആർ.ടി യുടെ ദേശീയകരിക്കുലം ചട്ടക്കൂട്‌ ഇപ്പോൾത്തന്നെ നമ്മുടെ വിദ്യാഭ്യാസരംഗത്തുള്ള പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്നതിൽ സംശയമില്ല. പുതിയ ചട്ടക്കൂടിന്റെ പ്രധാന ഘടകങ്ങൾ താഴെ പറയുന്നു.

a പാശ്ചാത്യവിജ്ഞാനവും തദ്ദേശിയ വിജ്ഞാനവും തമ്മിലുള്ള സമന്വയമാണ്‌ കരിക്കുലത്തിന്റെ സമീപനങ്ങളിലൊന്ന്‌. തദ്ദേശീയവിജ്ഞാനം എന്നാൽ അർഥമാക്കുന്നത്‌ ഹിന്ദുത്വവാദികൾ ഉയർത്തിപ്പിടിക്കുന്ന സാംസ്‌കാരിക ധാരയാണ്‌.

b ഗണിതം, ഭൗതികം, ജീവശാസ്‌ത്രം മുതലായ ശാഖകളിൽ സ്ഥാനത്തും അസ്ഥാനത്തും ഇത്തരത്തിലുള്ള `സമന്വയം' നടത്താനുള്ള ശ്രമം ശാസ്‌ത്രീയമായി അംഗീകരിക്കപ്പെടാത്ത അബദ്ധജടിലമായ `വിജ്ഞാന' രൂപങ്ങൾ കുട്ടി പഠിക്കാനിടയാകുന്നു.

c മൂല്യവിദ്യാഭ്യാസത്തിൽ മതങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കാണ്‌ മുൻകൈ നൽകുന്നത്‌. മതവിഭാഗീയത ഇപ്പോൾത്തന്നെ ശക്തിപ്പെടുന്ന നമ്മുടെ നാട്ടിൽ ഇത്തരം `മൂല്യ' വിദ്യാഭ്യാസത്തിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതാണ്‌.

d സംസ്‌കൃതത്തിന്‌ പാഠ്യപദ്ധതിയിൽ അമിത പ്രാധാന്യം നൽകുകയും അതിനെ ഇപ്പോഴും ഉപയോഗത്തിലുള്ള ഭാഷയുടെ സ്ഥാനം നൽകുകയും ചെയ്യുന്നു.

e സാമൂഹ്യശാസ്‌ത്രത്തിന്റെ, പ്രത്യേകിച്ച്‌ ചരിത്രത്തിന്‌ പ്രാധാന്യം വെട്ടിക്കുറയ്‌ക്കുന്നു. സാമൂഹ്യശാസ്‌ത്രം സമകാലീന സംഭവങ്ങളുടെ പ്രത്യേകിച്ച്‌ ആഗോളവൽക്കരണത്തിന്റെ വിശദീകരണത്തിലൊതുക്കുന്നു.

f കോഴ്‌സുകളെ ഏതാണ്ട്‌ പൂർണ്ണമായി ആഗോളവൽക്കരണം നിർദ്ദേശിക്കുന്ന ആവശ്യാധിഷ്‌ഠിത സ്വഭാവത്തിലേയ്‌ക്ക്‌ മാറ്റുന്നു.

g സ്‌ത്രീകളുടെ വിദ്യാഭ്യാസത്തെ ആർഷഭാരത സംസ്‌കാരത്തിൽ സ്‌ത്രീകളുടെ പങ്ക്‌ ഉൾക്കൊള്ളുന്നതുമായി നേരിട്ടു ബന്ധപ്പെടുത്തുന്നു.

ദേശീയ കരിക്കുലം ചട്ടക്കൂടിനെ മുകേഷ്‌ അംബാനി ചെയർമാനായി സ്വകാര്യ സർവ്വകലാശാല സ്ഥാപിക്കുന്നതിനെ കുറിച്ച്‌ നിയോഗിക്കപ്പെട്ട കമ്മറ്റിയുടെ റിപ്പോർട്ടുമായും ബന്ധപ്പെടുത്തണം. ആഗോളവൽക്കരണം വിദ്യാഭ്യാസ രംഗത്തേക്കു കടന്നുവരാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഇവയിലുണ്ടെന്നു കാണാം. സ്വകാര്യ കച്ചവടശക്തികളുടെ വ്യാപനത്തിനുള്ള സാധ്യതകൾ കൂടാതെ ആഗോളമുതലാളിത്തത്തിന്‌ അനുയോജ്യമായ സങ്കേതികതൊഴിൽ സേനയെ സൃഷ്‌ടിക്കാനുള്ള ഉദ്ദേശ്യവും അഖിലേന്ത്യാതലത്തിലുള്ള വിദ്യാഭ്യാസ മാറ്റങ്ങളിൽ പ്രകടമാണ്‌.

അതിനോടൊപ്പംതന്നെ, സാമൂഹ്യ വളർച്ചക്ക്‌ അടിത്തറയായേക്കാവുന്ന ബോധന പഠനരൂപങ്ങളെ സംബന്ധിച്ച നിരവധി ആശയങ്ങളുടെ സ്വാധീനവും വർധിക്കുന്നുണ്ട്‌. വിദ്യാർഥി വിജ്ഞാനനിർമാതാവാണെന്ന സങ്കൽപ്പവും വിജ്ഞാനനിർമാണത്തിനുള്ള പ്രേരകശക്തിയായി അധ്യാപകർ പ്രവർത്തിക്കണമെന്ന ആശയവും ഇതിന്റെ ഭാഗമാണ്‌. വിദ്യാഭ്യാസവും ഉൽപാദനവും തമ്മിലും മാനസികവും കായികവുമായ അധ്വാനരൂപങ്ങൾ തമ്മിലും സമന്വയം ആവശ്യമാണ്‌ എന്ന സങ്കൽപ്പത്തിനും സ്വീകാര്യത ഏറിവരുന്നുണ്ട്‌. ഇത്തരം സങ്കൽപങ്ങൾ കമ്പോളശക്തികൾ ആവരുടെ താൽപര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നുണ്ട്‌ എന്നത്‌ ശരിയാണ്‌. എങ്കിലും, ജനാധിപത്യപരമായ വിദ്യാഭ്യാസക്രമത്തിൽ ഇത്തരം സങ്കൽപങ്ങൾക്കുള്ള ശക്തിയും വ്യാപ്‌തിയും തിരിച്ചറിയേണ്ടതാണ്‌. ഈ സങ്കൽപങ്ങളെ എങ്ങനെ ജനാധിപത്യപരവും പരിവർത്തനാത്മകവുമായ വിദ്യാഭ്യാസത്തിന്റെ ഘടകങ്ങളാക്കി മാറ്റാമെന്നത്‌ ജനാധിപത്യ വിദ്യാഭ്യാസ പ്രവർത്തകരുടെ സുപ്രധാന ദൗത്യമാണ്‌. കരിക്കുലം ചട്ടക്കൂടിൽ പ്രകടമായ വർഗീയതയെയും ആഗോളവൽക്കരണാശയങ്ങളെയും തിരിച്ചറിഞ്ഞ്‌ പോരാടാനും ജനാധിപത്യ വിദ്യാഭ്യാസക്രമം സഹായിക്കണം.

ജനാധിപത്യ വിദ്യാഭ്യാക്രമത്തിന്റെ ചട്ടക്കൂട്

മേൽസൂചിപ്പിച്ച പൊതു സാഹചര്യങ്ങളിൽ ജനാധിപത്യ വിദ്യാഭ്യാസക്രമത്തിനുള്ള ചട്ടക്കൂടുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കേരള വിദ്യാഭ്യാസക്കമ്മീഷന്‌ രൂപം നൽകിയത്‌. ഡോ. അശോക്‌ മിത്ര ചെയർമാനും ഡോ.കെ.ഗോപാലൻ, ഡോ.സി.ടി.കുര്യൻ, ശ്രീ. പി.കെ.ഉമാശങ്കർ, ഡോ.എൻ.ബാലകൃഷ്‌ണൻനായർ, പ്രൊഫ.കെ.എൻ.പണിക്കർ, ശ്രീ.ടി.എൻ.ജയചന്ദ്രൻ, ഡോ.എസ്‌.അനന്തലക്ഷ്‌മി, ഡോ.എം.വിജയൻ എന്നിവർ അംഗങ്ങളുമായി 1997ൽ കമ്മീഷൻ രൂപീകരിക്കപ്പെട്ടു. കമ്മീഷന്റെ ടേംസ്‌ ഓഫ്‌ റഫറൻസ്‌ താഴെ പറയുന്നവായായിരുന്നു.

1 കേരളത്തിൽ നിലവിലുള്ള എല്ലാ തലങ്ങളിലേയും, ഗവണ്മെന്റ്‌ - സ്വകാര്യ മേഖലകളിലെ - വിദ്യാഭ്യാസ സമ്പ്രദായത്തെ സമൂഹത്തിന്റെ ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്തുകൊണ്ട്‌ ഉടച്ചുവാർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമഗ്രമായ പരിശോധനയ്‌ക്ക്‌ വിധേയമാക്കുക.

2 സമത്വപൂർണവും നീതിയുക്തവും നിലനിൽക്കുന്നതുമായ ഒരു സാമൂഹികക്രമം വളർത്തിയെടുക്കുന്നതിനായി വിദ്യാഭ്യാസത്തിൽ സാമൂഹികവും സാംസ്‌കാരികവുമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതു സംബന്ധമായ മാർഗങ്ങൾ നിർദേശിക്കുക.

3 വിദ്യാഭ്യാസരംഗത്ത്‌ സമത്വത്തിന്റെയും മികവിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്‌ സഹായകമായ ഘടകങ്ങൾ തിരിച്ചറിയുകയും അവ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്യുക.

4 വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടത്തിന്റെ സാധ്യതയും ലക്ഷ്യങ്ങളും നിർണയിക്കുകയും വിവിധ ഘട്ടങ്ങൾ തമ്മിലുള്ള ബന്ധം കണക്കിലെടുക്കുകയും ചെയ്യുക.

5 നിലവിലുള്ള പാഠ്യപദ്ധതി, ബോധനമാധ്യമം, മൂല്യനിർണയ രീതികൾ എന്നിവ പരിശേധനാവിധേയമാക്കി ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക.

6 നിലവിലുള്ള അധ്യാപകരുടെ റിക്രൂട്ട്‌മെന്റ്‌ രീതി, പരിശീലന സമ്പ്രദായം എന്നിവയും അധ്യാപനരീതികളും പരിശോധനാ വിധേയമാക്കി അവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക.

7 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ്‌ സംവിധാനം വിലയിരുത്തി സംസ്ഥാന ഗവണ്മെന്റിന്റെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും പങ്ക്‌ ചൂണ്ടിക്കാണിക്കുക.

8 കേരളത്തിലെ വിദ്യാഭ്യാസത്തിനുവേണ്ട പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും, ഈ പശ്ചാത്തലത്തിൽ ഗവണ്മെന്റിനും സ്വകാര്യ ഏജൻസികൾക്കും വിഭാവനം ചെയ്യപ്പെടുന്ന പങ്കും പരിശോധനാ വിധേയമാക്കുക.

9 വിദ്യാഭ്യാസപ്രക്രിയയിൽ ജനകീയ പങ്കാളിത്തവും അധ്യാപകരുടെയും വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സക്രിയമായ ഇടപെടലും ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുക.

10 വിദ്യാഭ്യാസ രംഗത്ത്‌ അധഃസ്ഥിത വിഭാഗങ്ങളും സ്‌ത്രീകളും നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അവയ്‌ക്കുള്ള പരിഹാര നടപടികൾ നിർദേശിക്കുക.

1998 ഫെബ്രുവരിയിൽ കമ്മീഷൻ അതിന്റെ ഇടക്കാല റിപ്പോർട്ടും 1999 ജനുവരിയിൽ പൂർണ റിപ്പോർട്ടും അവതരിപ്പിച്ചു. കമ്മീഷന്റെ നിഗമനങ്ങൾ പൂർണമായി അവതരിപ്പിക്കാൻ നിർവാഹമില്ല. എങ്കിലും നിഗമനങ്ങളിലെത്തുന്നതിൽ കമ്മീഷൻ സ്വീകരിച്ച പ്രധാനപ്പെട്ട ആശയങ്ങൾ താഴെ പറയുന്നവയാണ്‌.

a സാമൂഹ്യ നീതിയിലും സമത്വത്തിലധിഷ്‌ഠിതമായ ജനാധിപത്യ സമൂഹത്തിന്റെ സൃഷ്‌ടിക്കുവേണ്ടിയുള വിദ്യാഭ്യാസമാണ്‌ ഇന്നത്തെ ആവശ്യം. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും ഘടനയും പരിവർത്തനാത്മകമായിരിക്കണം.

b ജനാധിപത്യ വിദ്യാഭ്യാസ ക്രമത്തിന്റെ അടിത്തറ ചൂഷിതർ, നീതി നിഷേധിക്കപ്പെട്ടവർ, പുറന്തള്ളപ്പെട്ടവർ എന്നിവർക്ക്‌ തുല്ല്യമായ നീതിയും വിജ്ഞാനവും അവസരങ്ങളും ഉറപ്പ്‌ വരുത്തുകയാണ്‌. അത്തരം വിദ്യാഭ്യാസക്രമം ആരംഭിക്കുക പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിലൂടെയാണ്‌.

c സാമൂഹ്യ നീതിയോടൊപ്പം ഉന്നതമായ ധിഷണാ നിലവാരം ഉറപ്പു വരുത്തുകയും ജനാധിപത്യ വിദ്യാഭ്യാസ ക്രമത്തിന്റെ ഭാഗമാണ്‌. ഇന്നു ലഭ്യമായ വിജ്ഞാന മേഖലകൾ എല്ലാ വിഭാഗങ്ങളിൽ പെട്ട ജനങ്ങൾക്കും ഉൾക്കൊള്ളാൻ കഴിയണം.

d വിദ്യാഭ്യാസത്തെ ഉൽപ്പാദന മേഖലകളുമായി ബന്ധപ്പെടുത്തുകയും വിജ്ഞാനവും പ്രയോഗവും തമ്മിൽ സംയോജിപ്പിക്കുകയും ചെയ്യണം.

e കുട്ടികളാണ്‌ വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദു. കുട്ടികളുടെ ശേഷികൾ വളർത്തുക, അവരുടെ അഭിരുചികൾക്കനുസരിച്ചുള്ള മേഖലകൾ കണ്ടെത്താൻ അവസരം നൽകുക, അവരുടെ സൈദ്ധാന്തിക സർഗ്ഗാത്മക തലങ്ങളും പ്രായോഗികതലങ്ങളും സാക്ഷാത്‌കരിക്കാൻ പ്രോത്സാഹനം നൽകുക മുതലായവയിൽ ഊന്നിയാണ്‌ ജനാധിപത്യ വിദ്യാഭ്യാസക്രമം വളർത്തേണ്ടത്‌.

f മേൽപ്പറഞ്ഞ പൊതുധാരണക്കനുസരിച്ച്‌ വിദ്യാഭ്യാസ സംവിധാനത്തിന്റെ അലകും പിടിയും മാറ്റണം. തദ്ദേശീയ സ്വയംഭരണ സംവിധാനങ്ങളുടെ ഉപയോഗം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമൂഹ്യ നിയന്ത്രണം, സ്‌കൂൾ ഘടനയിൽ വരുന്ന മാറ്റങ്ങൾ, അയൽ പക്കസമൂഹവുമായുള്ള ജൈവബന്ധം മുതലായവയെ ആധാരമാക്കിയാവണം വിദ്യാലയങ്ങൾ വളരേണ്ടത്‌.

g വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം ഒരു ജനാധിപത്യ സമൂഹത്തിൽ ഗവൺമെന്റിനു തന്നെയാണ്‌. അതിന്റെ കീഴിൽ പൊതുമുതൽ മുടക്കിനനുസരിച്ചുള്ള വിദ്യാലയങ്ങളും വ്യക്തിഗത സംരഭങ്ങളുമുണ്ടാവാം. അവയെല്ലാം ജനാധിപത്യപരമായി ഗവൺമെന്റ്‌ മുൻകയ്യെടുത്ത്‌ തീരുമാനിക്കുന്ന മാനദണ്‌ഡങ്ങൾക്ക്‌ വിധേയമായി പ്രവർത്തിക്കണം.

റിപ്പോർട്ടിന് ശേഷം

വദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചതിന്‌ ശേഷം വിദ്യാഭ്യാസ രംഗത്തെ സമരങ്ങളുടെ ശക്തിവർദ്ധിച്ചിരിക്കുകയാണ്‌. സ്‌കൂൾ കരിക്കുലം, ഉന്നത വിദ്യാഭ്യാസരംഗത്തെ കോഴ്‌സുകളുടെ പുന: സംഘാടനം, സ്വാശ്രയ കോളേജുകൾ, ഓപ്പൺ സ്‌കൂൾ, ഹയർസെക്കന്ററി മുതലായ നിരവധി മേഖലകളിൽ ഇന്ന്‌ ആശയ പരവും പ്രായോഗികവുമായ സമരങ്ങൾ നടന്നു വരുന്നു. ഈ സമരങ്ങൾ ഒരു പ്രധാന വൈരുദ്ധ്യത്തെ കേന്ദ്രീകരിച്ചുള്ളതാണ്‌. ഒരു വശത്ത്‌ ആഗോളവൽക്കരണ - വർഗ്ഗീയ ശക്തികളുടെ സ്വാധീനത്തിൽ വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തിനും സാമുദായികവൽക്കരണത്തിനും വേണ്ടി നിലകൊള്ളുന്ന ശക്തികൾ പരസ്യമായിതന്നെ കമ്പോളാധിഷ്‌ഠിത വിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുകയാണ്‌. മറുവശത്ത്‌ സമൂഹമാറ്റത്തിനു വേണ്ടി വാദിക്കുന്ന ശക്തികൾ കമ്പോളാധിഷ്‌ഠിത വർഗ്ഗീയ വിദ്യാഭ്യാസത്തെ നിരാകരിക്കുകയും ദരിദ്രവൽക്കരിക്കപ്പെടുകയും പുറം തള്ളപ്പെടുകയും ചെയ്യുന്ന ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്‌ വേണ്ടിയുള്ള ജനാധിപത്യ ക്രമത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു. ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ഇവിടെ അവതരിപ്പിക്കുന്ന നിർദ്ദേശങ്ങൾ ഇതിൽ രണ്ടാമത്തെ വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിന്‌ കൂടി വേണ്ടിയുള്ളതാണ്‌.

1995 നവംബറിൽ തൃശൂരിൽ സമാപിച്ച വിദ്യാഭ്യാസ ജാഥയുടെ ഭാഗമായുള്ള ജനസഭയിൽ വെച്ചാണ്‌ കേരള വിദ്യാഭ്യാസ കമ്മീഷൻ പ്രഖ്യാപനം ഉണ്ടായത്‌. കമ്മീഷൻ അതിന്റെ റിപ്പോർട്ട്‌ 1998ൽ പ്രസിദ്ധീകരിച്ചു.

റിപ്പോർട്ടിലെ നിഗമനങ്ങൾ, നിർദേശങ്ങൾ, എന്നിവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കൂടിച്ചേരലുകളിൽ ചർച്ച ചെയ്യപ്പെട്ടു. തുടർന്ന്‌ ചെറുതും വലുതുമായ നിരവധി ശിൽപശാലകൾ നടന്നു. പ്രീ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള ചർച്ചകൾക്ക്‌ കേരളത്തിലെ പ്രഗത്ഭരും പ്രശസ്‌തരുമായ വിദ്യാഭ്യാസ പണ്‌ഡിതരും പ്രവർത്തകരും നേതൃത്വം നൽകി. ഈ പ്രവർത്തനങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന കരടു ശുപാർശകൾ 2000 നവംബർ 11ന്‌ തൃശൂരിൽ ചേർന്ന ജനസഭയിൽ ചർച്ച ചെയ്‌തു. അങ്ങനെയാണ്‌ ഇവിടെ അവതരിപ്പിക്കുന്ന ശുപാർശകൾ രൂപപ്പെട്ടത്‌.

ഈ നിർദേശങ്ങൾ ഇനിയും സമ്പുഷ്‌ടമാക്കേണ്ടതുണ്ട്‌. പക്ഷേ, ഇവയുടെ അടിത്തറയായ ആശയങ്ങളെയും കാഴ്‌ച്ചപ്പാടുകളേയും സംബന്ധിച്ച്‌ വ്യക്തമായ അഭിപ്രായ രൂപീകരണം കേരള സമൂഹത്തിൽ നടക്കേണ്ടതുണ്ട്‌. രാഷ്‌ട്രീയ പാർട്ടികളും സംഘടനകളുമടക്കം മേൽ സൂചിപ്പിച്ച അടിസ്ഥാന വൈരുധ്യത്തിൽ സ്വന്തം നിലപാടെന്താണെന്ന്‌ വ്യക്തമാക്കേണ്ടതുണ്ട്‌. ഇതിന്‌ സഹായകമായ ഒരു ആശയ സംവാദത്തിലേക്ക്‌ ഞങ്ങൾ എല്ലാവരെയും ക്ഷണിക്കുന്നു.