കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-വിദ്യാഭ്യാസരംഗത്തെ ധനസമാഹരണവും ധനവിനിയോഗവും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ


ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.


വിദ്യാഭ്യാസമുൾപ്പെടെയുള്ള സേവനമേഖലയിൽ വാർഷികബജറ്റിന്റെ 38ശതമാനം വരെ ചെലവഴിച്ചിരുന്ന സംസ്ഥാനമാണ്‌ കേരളം. എന്നാൽ അടുത്ത വർഷങ്ങളി ലായി വിദ്യാഭ്യാസ ചെലവിന്റെ തോത്‌ കുറഞ്ഞു വരികയാണ്‌. വിവിധ കാരണങ്ങളാണ്‌ ഈ പ്രവണ തയ്‌ക്കുള്ളത്‌. ഒന്ന്‌,മറ്റു മേഖലയിലെ ബഡ്‌ജറ്റ്‌ വിഹിതം വർദ്ധിക്കുമ്പോൾ ആനുപാതികമായി വിദ്യാഭ്യാസ രംഗത്തെ വിഹിതം വർദ്ധിക്കുന്നില്ല. രണ്ട്‌, വിദ്യാഭ്യാസ ത്തിനുള്ള പദ്ധതി അടങ്കൽ തുക പൊതുവിൽ കുറവാണ്‌. വിദ്യാഭ്യാസമുൾപ്പെടെയുള്ള സേവന മേഖലയിൽ നിന്ന്‌ ഭരണകൂടം പിൻവാങ്ങുന്നതിന്റെ ഫലമായി കേന്ദ്ര ഫണ്ടിങ്ങ്‌ കുറയുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനം മുരടിക്കുകയും ചെയ്യുന്നു. മൂന്ന്‌,കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി മൂലം വിദ്യാഭ്യാസ രംഗത്തെ ആവശ്യങ്ങൾക്ക്‌ കൂടുതൽ വകയിരുത്താൻ സംസ്ഥാന ഗവർമെണ്ടിന്‌ കഴിയാതെ പോകുന്നു.

ഇവയുടെ ഫലമായി ഗവർമെണ്ട്‌ മുതൽ മുടക്ക്‌ കുറയുകയും വിവിധ രീതിയിലുള്ള സ്വകാര്യ മുതൽമുടക്ക്‌ വർദ്ധിക്കാനുള്ള സ്ഥിതി വളരുകയും ചെയ്യുന്നു. എന്നാൽ ഈ രംഗത്തും സ്ഥിതി ആശാവ ഹമല്ല. സ്വാതന്ത്ര്യാനന്തര ഘട്ടത്തെ അപേക്ഷിച്ചു നോക്കുമ്പോൾ സ്വകാര്യ ഏജൻസികൾ യഥാർത്ഥ ത്തിൽ വിദ്യാഭ്യാസ രംഗത്തു മുടക്കിയ പണത്തിന്റെ തോത്‌ കുറയുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ജാതിമത സംഘടനകളും ഗവണ്മെണ്ട്‌ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുമല്ലാതെ മറ്റു സംരഭകർ രംഗത്തു വരുന്നില്ല.

വ്യവസായങ്ങളും വിദ്യാഭ്യാസവും തമ്മിൽ ബന്ധമുണ്ടാകണമെന്ന്‌ നിഷ്‌കർഷിച്ചിട്ടും, അതി നേറ്റവും സാധ്യതയുള്ള കൊച്ചിൻ സർവകലാശാലയു ൾപ്പെടെ കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല.വ്യവസായി കൾ വിദ്യാഭ്യാസരംഗത്ത്‌ മുതൽ മുടക്കുന്നതിൽ താൽപര്യം കാണിക്കുന്നില്ല.

പദവി ചിഹ്നമായ തൊഴിലുകൾക്കുവേണ്ടി ഇടത്തര ക്കാരുടെ മത്സരവും സ്വന്തം മക്കൾക്കുവേണ്ടി പണം ചെലവാക്കാൻ അവരുടെ മടിയില്ലായ്‌മയും ഉപയോഗപ്പെടുത്തി ``സ്വാശ്രയം``(Self Supporting) ചെലവു പങ്കുവെക്കൽ (Cost-Sharing)ചെലവിനെ സഹായിക്കൽ (Cost abetting)തുടങ്ങിയ പേരുകളിൽ കോഴ്‌സുകളും സ്ഥാപനങ്ങളും ആരംഭിച്ചുവരുന്നു. അത്തരം കോഴ്‌സു കൾക്ക്‌ ഗവണ്മെണ്ടിന്റെയും സർവകലാശാ ലയുടെയും അംഗീകാരം ലഭിക്കുന്നു. പല കോഴ്‌സുകളും സർവകലാശാലകൾ തന്നെ നേരിട്ട്‌ ആരംഭിക്കുന്നു. ചില സഹകരണ സ്ഥാപനങ്ങളും ഇപ്പോൾ രംഗത്തുണ്ട്‌.

ഇത്തരം സാമ്പത്തിക സമാഹരണം യഥാർത്ഥത്തിൽ നിലവിലുള്ള ധനപ്രതിസന്ധി പരിഹരിക്കാൻ സഹായിക്കുന്നുണ്ടോ എന്നതും വ്യക്തമല്ല. ഇടത്ത രക്കാരുടെ ഇന്നത്തെ ആവശ്യം പ്രൊഫഷണൽ കോഴ്‌സുകളായതുകൊണ്ട്‌ അതിന്‌ പ്രാധാന്യം ലഭിക്കുകയും മറ്റുള്ളവ പിന്തള്ളപ്പെടുകയും ചെയ്യുന്നു എന്ന പ്രശ്‌നവുമുണ്ട്‌. പല സർവകലാശാലകളും ഇപ്പോൾ ആവശ്യാധിഷ്‌ഠിത കോഴ്‌സുകളിലാണ്‌ കേന്ദ്രീകരി ക്കുന്നത്‌. അവയ്‌ക്ക്‌ ആവശ്യമുള്ള വൻതോതിലുള്ള ഭൗതിക സൗകര്യങ്ങൾ സൃഷ്‌ടിക്കാൻ പോലും ``സ്വാശ്രയാ``ധിഷ്‌ഠിത വരുമാനം സഹായിക്കുന്നുണ്ടോ എന്ന്‌ സംശയമാണ്‌. പ്രവേശന പരീക്ഷകളിൽ ഉയർന്ന വിജയം കൈവരിക്കാൻ കഴിയാത്ത ധനിക വിദ്യാർത്ഥി കളാണ്‌ ഇത്തരം കോഴ്‌സുകളിൽ ചേരുന്നത്‌. അധ്യാപകരിൽ മുതൽ മുടക്കാൻ താല്‌പര്യമില്ലാ ത്തതുകൊണ്ട്‌ പരിചയ സമ്പന്നരല്ലാത്ത ഗസ്റ്റ്‌ ലക്‌ചർമാരെ വെച്ചുകൊണ്ടാണ്‌ ഇത്തരം കോഴ്‌സുകൾ നടത്തുന്നത്‌. AICTE പോലുള്ള സംഘടനകൾ ഇവയ്‌ക്ക്‌ അംഗീകാരം നൽകുന്നുണ്ടെങ്കിലും അവയിൽ പല കോഴ്‌സുകളുടെയും നിലവാരം സംശയാസ്‌പദമാണ്‌.

അടുത്തകാലത്തായി പുതിയ ഡിപ്പാർട്ടുമെന്റുകൾ സ്ഥാപിക്കുന്നതിനും പുതിയ പോസ്റ്റുകളിൽ അധ്യാ പകരെ നിയമിക്കുന്നതിനും യുജിസി ഏർപ്പെടുത്തിയ വിലക്ക്‌ `സ്വാശ്രയ' പ്രവണതയെ ശക്തി പ്പെടുത്തും. ആവശ്യാനുസരണം പുതിയ ഡിപ്പാർട്ടുമെന്റുകൾ ആരംഭിക്കുമ്പോൾ ചെലവ്‌ മറ്റു മാർഗങ്ങളിലൂടെ കണ്ടെത്തേണ്ടിവരും. റിട്ടയർമെന്റുകൾ വരുമ്പോൾ ഒഴിവ്‌ നികത്തുന്നത്‌ ഗസ്റ്റ്‌ ലക്‌ചർമാരിലൂടെയായിരിക്കും. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കെട്ടുറപ്പിനെ പാടേ തകർക്കാനുള്ള നീക്കമാണ്‌ യുജിസി നടത്തുന്നത്‌.

കേന്ദ്രഗവണ്മെന്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും മാനദണ്‌ഡങ്ങളിലുള്ള വ്യത്യസ്‌തതയാണ്‌ കേന്ദ്രവിഹിതം കുറയാൻ കാരണം. കേരളത്തെ സംബന്ധിച്ച്‌ ഉന്നത വിദ്യാഭ്യാസരംഗത്താണ്‌ കൂടുതൽ നിക്ഷേപം ആവശ്യമെങ്കിൽ, കേന്ദ്രഗവണ്മെന്റിന്റെ മുൻഗണന സാക്ഷരതക്കും പ്രാഥമിക വിദ്യാഭ്യാസത്തിനുമാണ്‌. മുൻഗണനാക്രമത്തിലുള്ള ഈ വ്യത്യാസത്തെ സംബന്ധിച്ച്‌ വിദ്യാഭ്യാസരംഗത്ത്‌ പ്രവർത്തിക്കുന്നവർ ബോധവൻമാരല്ല.

സാമൂഹ്യ സേവന മേഖലകളിൽ പണം മുടക്കാത്തതാണ്‌ നമ്മുടെ സാമ്പത്തിക പിന്നോക്കാവസ്ഥക്ക്‌ കാരണമെന്ന്‌ ഇവർ പറയുന്നു. ഇതു ശരിയല്ല. മുതലാളിത്ത രാജ്യങ്ങളിൽ സ്റ്റേറ്റ്‌ സാമ്പത്തിക രംഗങ്ങളിൽനിന്നും പിറകോട്ടു പോകുമ്പോൾ പോലും വിദ്യാഭ്യാസരംഗങ്ങളിൽ കൂടുതൽ മുതൽ മുടക്കുന്നതായാണ്‌ അനുഭവം.

പുതിയ ആശയരൂപീകരണത്തിൽ വികസിത രാജ്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത്‌ ഈ സാഹചര്യത്തിലാണ്‌. എന്നാൽ നമ്മുടെ നാട്ടിൽ സർക്കാർ വിദ്യാഭ്യാസരംഗത്തുനിന്നും പിന്മാറുകയാണ്‌ ചെയ്യുന്നത്‌.

വിദ്യാഭ്യാസരംഗത്ത്‌ നാം വിഭാവനം ചെയ്യുന്ന മാറ്റങ്ങൾക്ക്‌ എത്ര ചെലവുവരുമെന്ന ധാരണയുണ്ടാക്കാൻ കഴിയണം. അതിനുശേഷം വിഭവസമാഹരണത്തെക്കുറിച്ചു ചർച്ചചെയ്യണം.

മേൽ സൂചിപ്പിച്ച സാഹചര്യങ്ങളിൽ ധനപ്രതിസന്ധി പരിഹരിക്കുന്നതിനും വിദ്യാഭ്യാസ സംവിധാനത്തിന്റെ കെട്ടുറപ്പുനിലനിർത്തുന്നതിനും മറ്റുമാർഗങ്ങൾ കണ്ടെത്തേണ്ടിവരും. അതിനുള്ള ചില ശുപാർശകളാണ്‌ താഴെ നൽകുന്നത്‌.

1. ദുർബല വിഭാഗങ്ങൾക്ക്‌ ഹയർസെക്കണ്ടറി യുടെ അവസാനം വരെ വിദ്യാഭ്യാസം പൂർണ മായി സൗജന്യമായിരിക്കണം. പുസ്‌തകം, യാത്ര മുതലായ ചെലവുകൾ സമൂഹമൊട്ടാകെ വഹിക്കണം. ഹയർസെക്കണ്ടറി തലത്തിൽ നിശ്ചിത പരിധിയിലധികം വരുമാനമുള്ള രക്ഷിതാക്കളുടെ സംരക്ഷണയുള്ള കുട്ടികളിൽ നിന്ന്‌ ഗ്രേഡഡ്‌ സ്വഭാവമുള്ള ഫീസ്‌ ചുമത്താം.

നിലവിലുള്ള സാഹചര്യങ്ങളിൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന്‌ സൗകര്യങ്ങൾ സൃഷ്‌ടിക്കാൻ അധികച്ചെലവ്‌ കണ്ടെത്തേണ്ടിവരും. അതിന്റെ വലിയ ഭാഗം ഗവണ്മെണ്ടും തദ്ദേശീയ സ്ഥാപനങ്ങളും കണ്ടെത്തണമെന്ന്‌ തീരുമാനിക്കാം. അതിനോടൊപ്പം ധനിക വിദ്യാർത്ഥികളിൽ നിന്ന്‌ ന്യായമായ തോതിൽ വിഭവസമാഹരണം നടത്താം. അതിന്‌ കൃത്യമായ മാനദണ്‌ഡങ്ങൾ കണ്ടെത്തേണ്ടിവരും. എന്നാൽ ഗ്രേഡ്‌ഫീസ്‌ സമ്പ്രദായം നടപ്പാക്കുന്നതിന്‌ ഒട്ടേറെ പ്രായോഗികപ്രശ്‌നങ്ങളെ മറികടക്കേണ്ടിവരും. ശമ്പളക്കാരുടെ മുകളിലായിരിക്കും ഏറ്റവും കൂടുതൽ സമ്മർദമുണ്ടാവുക. വരുമാനം ഗ്രേഡു ചെയ്യാൻ മാനദണ്‌ഡമുണ്ടാക്കണം. കുടുംബത്തിന്റെ മൊത്തം ആസ്‌തി കണക്കിലെടുത്ത്‌ (കെ.എൻ.രാജ്‌ കമ്മിറ്റിയുടെ കൃഷിഭൂമി ഉടമസ്ഥതാ നികുതി രൂപത്തിൽ) ഗ്രാമസഭകൾക്കോ അയൽക്കൂട്ടങ്ങൾക്കോ ഈ കാര്യത്തിൽ തീർപു കൽപിക്കാം. എല്ലാവർക്കും ഫീസ്‌ ചുമത്തുകയും പിന്നീട്‌ ദുർബല വിഭാഗങ്ങളെ ഫീസിൽനിന്നും ഒഴിവാക്കുകയും ചെയ്യുകയാവും കൂടുതൽ പ്രായോഗികം. അതിനോടൊപ്പം മാനദണ്‌ഡങ്ങൾ പാലിക്കാതെ കോഴവാങ്ങി അധ്യാപകരെ നിയമിക്കുന്ന ഏർപ്പാട്‌ പൂർണമായി അവസാനിപ്പിക്കാനുള്ള നിയമ നിർമ്മാണം വേണം.

2. സ്ഥാപനാടിസ്ഥാനത്തിൽ വിദ്യാഭ്യാസ വികസനനിധി (Educational Development Fund) സ്വരൂപിക്കണം.

സ്‌കൂൾ വിദ്യാഭ്യാസ ഘട്ടത്തിൽ രക്ഷിതാക്കൾ തങ്ങളുടെ മക്കൾക്കുവേണ്ടി നല്ലൊരു തുക മുതൽമുടക്കുന്നുണ്ട്‌. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കാമെങ്കിൽ അതിന്റെ ഭാഗമായി ഈ സാധ്യതകൾ സ്‌കൂൾ അടിസ്ഥാനത്തിൽ സ്വരൂപിക്കാൻ കഴിയും. ഇതുവഴി തങ്ങളുടെ മക്കൾക്കും സമൂഹത്തിനാകെയും ഇതിന്റെ പ്രയോജനം ലഭ്യമാക്കാൻ കഴിയും. സ്‌കൂൾ വികസന സമതികളാകണം ഈ തുക സ്വരൂപിക്കേണ്ടത്‌. ഒരു നിർബന്ധിത പിരിവിന്റെ സ്വഭാവം ഇതിന്‌ ഒരു കാരണവശാലും ഉണ്ടാകരുത്‌. സാമ്പത്തികമായി ദുർബല കുടുംബങ്ങളിൽ നിന്ന്‌ വരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തെ വികസനനിധിയുമായി ബന്ധപ്പെടുത്തേണ്ടതില്ല. വിദ്യാഭ്യാസ വികസനനിധിയുടെ സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കുകയും വേണം. ഇന്ന്‌ പി.ടി.എ.കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ ഇതുവഴി കഴിയും.

3. വിദ്യാഭ്യാസ സെസ്സ്‌ ഏർപ്പെടുത്തുക.

പൊതുവിദ്യാഭ്യാസത്തിനുള്ള ചെലവുകളുടെ സിംഹഭാഗവും അധ്യാപക/അധ്യാപകേതര ജീവനക്കാരുടെ ശമ്പള ഇനത്തിലാണ്‌ ചെലവാക്കുന്നത്‌. അധ്യാപകർക്ക്‌ കാലാകാലങ്ങളിൽ ബോധനപ്രക്രിയ മെച്ചപ്പെടുത്തുവാൻ സഹായകമായ പരിശീലനങ്ങൾ നൽകുക, കുട്ടികൾക്ക്‌ മെച്ചപ്പെട്ട പഠനസാഹചര്യങ്ങൾ ഒരുക്കുക എന്നതിന്‌ വിദ്യാഭ്യാസച്ചെലവിന്റെ 40% തുകയെങ്കിലും മാറ്റിവെക്കേണ്ടിവരും. ഇതിന്റെ ഒരുഭാഗം വിദ്യാഭ്യാസ സെസ്സ്‌ വഴി കണ്ടെത്താം. വീട്‌ നികുതിയുമായി ബന്ധപ്പെടുത്തി ഇത്‌ സമാഹരിക്കാം.

4. സ്‌കൂൾവിദ്യാഭ്യാസത്തിന്‌ വിദേശ സാമ്പത്തിക സഹായം തേടുന്നത്‌ സമഗ്രവിദ്യാഭ്യാസ പദ്ധതി നിശ്ചയിക്കുന്ന മുൻഗണനാ ക്രമത്തിനു വിധേയമായിരിക്കണം

കേരളത്തിലെ വിദ്യാഭ്യാസം എന്നത്‌ ജനകീയമായി വളർന്നതാണ്‌. വിദ്യാഭ്യാസ പ്രക്രിയയിൽ പ്രത്യക്ഷമായി പങ്കെടുക്കുന്ന അധ്യാപകനും പരോക്ഷമായി പങ്കെടുക്കുന്ന സമൂഹവും ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങൾ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തി ചെയ്യുന്നുണ്ട്‌. ഈ സന്നദ്ധതയെ ഇല്ലായ്‌മചെയ്യാൻ കാരണമാകുന്നുണ്ട്‌. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാൻവേണ്ടി പ്രാദേശിക സർക്കാരും സമഗ്ര സ്‌കൂൾ വിദ്യാഭ്യാസ പ്ലാൻ ഉണ്ടാക്കുകയും അതിനാവശ്യമായ തുക സമാഹരിക്കുകയും ആവാം. ഇന്ന്‌ സംസ്ഥാനതലത്തിൽ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്ന പല പരിപാടികളും പ്രാദേശിക സർക്കാറുകളെ ഏൽപ്പിക്കുകയാണെങ്കിൽ മൊത്തം ചെലവ്‌ ചുരുക്കാനും കഴിയും.

ഭൗതിക സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങി പുനരാവർത്തനച്ചെലവില്ലാതെ വരുന്ന കാര്യങ്ങൾക്ക്‌ മാത്രമായി മറ്റു സ്രോതസുകളിൽനിന്നുള്ള വിഭവസമാഹരണം പരിമിതപ്പെടുത്തണം. ഇങ്ങനെ സമാഹരിക്കുന്ന തുക വിനിയോഗം ചെയ്യേണ്ടത്‌ സംസ്ഥാനതലത്തിൽ വിഭാവനം ചെയ്യുന്ന മുൻഗണനാക്രമത്തിനനുസരിച്ചാകണം. വിദ്യാഭ്യാസരംഗത്ത്‌ ചെലവഴിക്കാൻ മാത്രമായി കൂടുതൽ പണം ആവശ്യപ്പെടണം. സർക്കാർ ഇത്‌ അനുവദിക്കുകയും വേണം.

കേരളത്തിൽ നടപ്പാക്കിവരുന്ന DPEP പദ്ധതി അവസാനിച്ചാൽ തുടർന്ന്‌ വിദ്യാഭ്യാസരംഗത്ത്‌ വിദേശ ഏജൻസികൾ വഴിയുള്ള വിഭവസമാഹരണം മേൽനിർദേശങ്ങൾക്കനുസരിച്ചാകണം.

5. വിദ്യാഭ്യാസ വികസനത്തിനായി വിവിധ ഏജൻസികൾ സ്വതന്ത്രമായി സാമ്പത്തികം വിനിയോഗം ചെയ്യുന്നത്‌ അവസാനിപ്പിക്കണം. വിവിധ ഏജൻസികൾ വഴി ശേഖരിക്കാവുന്ന സാമ്പത്തികത്തിന്റെ ഏകോപനം (Pool) നടക്കണം.

വിദ്യാഭ്യാസ വകുപ്പ്‌, എസ്‌.സി.ഇ.ആർ.ടി., ഡയറ്റ്‌, വിവിധ സ്‌കീമുകൾ, വിദേശ ഏജൻസികളുടെ സഹായത്താലുള്ള ഡി.പി.ഇ.പി. പോലുള്ള പദ്ധതികൾ, തദ്ദേശസ്വയം?രണ സ്ഥാപനങ്ങൾ ഇവയെല്ലാം വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനുള്ള പരിപാടികൾക്കായി സാമ്പത്തികം സ്വരൂപിക്കുകയും ചെലവാക്കുകയും ചെയ്യുന്നുണ്ട്‌. പല പരിപാടികളും പുനരാവർത്തിക്കപ്പെടുന്നു (overlap). ഇത്‌ ഒഴിവാക്കപ്പെടണമെങ്കിൽ പരിപാടികൾക്ക്‌ ഐകരൂപ്യംവരണമെങ്കിൽ പരിപാടികൾ ആസൂത്രണം ചെയ്യുന്ന തലത്തിൽത്തന്നെ വരുമാന സ്രോതസ്സുകളുടെ ഏകോപനവും നടക്കണം. കൃത്യമായ അക്കാദമിക ആസൂത്രണം നടത്തുകയും ഗ്രാമപഞ്ചായത്ത്‌/മുനിസിപ്പാലിറ്റി, ബ്ലോക്ക്‌ പഞ്ചായത്ത്‌, ജില്ലാ പഞ്ചായത്ത്‌ തലങ്ങളിൽ വിദ്യാഭ്യാസ പ്ലാനുകൾ ഉണ്ടായാൽ പരിപാടികളുടെ പുനരാവർത്തനം (duplication) ഒഴിവാക്കാനും അതത്‌ തലങ്ങളിൽ പരിപാടികളുടെയും സാമ്പത്തിക സ്രോതസ്സുകളുടെയും ഏകോപനം സാധ്യമാകുകയും ചെയ്യും. സുതാര്യമായ മാനദണ്‌ഡങ്ങൾക്കനുസരിച്ചാകും ഓരോ തട്ടിലും സാമ്പത്തിക ഏകോപനവും സമാഹരണവും വിനിയോഗവും നടക്കേണ്ടത്‌.

6. വിദ്യാഭ്യാസ സ്ഥാപനാടിസ്ഥാനത്തിൽ വാർഷിക പ്ലാനും ബഡ്‌ജറ്റും തയ്യാറാക്കണം.

സ്ഥാപനങ്ങൾക്ക്‌ പ്രധാനമായും ഭരണപരമായ കാര്യങ്ങൾക്കും അക്കാദമിക കാര്യങ്ങൾക്കുമാണ്‌ ചെലവുകൾ വരുന്നത്‌. അധ്യാപക/അധ്യാപകേതര ജീവനക്കാർ എന്നിവരുടെ ശമ്പളം കണ്ടിജൻസി ചെലവുകൾ, കെട്ടിട നിർമാണം, മെയ്‌ന്റനൻസ്‌, ഉച്ചക്കഞ്ഞി എന്നിവ ഭരണനിർവഹണ ചെലവിനത്തിലും, പഠനബോധനപ്രവർത്തനങ്ങൾക്കാവശ്യമായ പരിശീലനങ്ങൾ വിവിധ പരിപാടികൾ, ലബോറട്ടറി, ലൈബ്രറി, കളിസ്ഥലം വികസനം എന്നിവ അക്കാദമിക ചെലവിലും ഉൾപ്പെടുത്താം. ഇവ സ്ഥാപനാടിസ്ഥാനത്തിൽ ഓരോ വർഷവും കൃത്യമായ പ്ലാൻ തയ്യാറാക്കുകയും ഇവയ്‌ക്ക്‌ ആവശ്യമായ ബഡ്‌ജറ്റ്‌ തയ്യാറാക്കുകയും വേണം. സ്ഥാപനങ്ങളുടെ വാർഷിക പ്ലാനിന്റേയും ബഡ്‌ജറ്റിന്റേയും സമാഹരണമാകണം പഞ്ചായത്ത്‌ പ്ലാൻ. പഞ്ചായത്ത്‌ പ്ലാനുകളുടെ സമാഹരണവും അനുപൂരകപരിപാടികളും ചേർന്നതാകണം ബ്ലോക്ക്‌ പ്ലാനും ജില്ലാ പ്ലാനും ബഡ്‌ജറ്റിങ്ങും.

7. കോളേജുകളിൽ ഫീസ്‌ ശാസ്‌ത്രീയമായി പുനഃ സംഘടിപ്പിക്കണം. പ്രവേശന സമയത്ത്‌ സിഡിസി, പിറ്റിഎ എന്നീ പിരിവുകൾക്ക്‌ വ്യക്തമായ മാന ദണ്‌ഡം വേണം. ട്യൂഷൻ ഫീസ്‌, കോഴ്‌സ്‌ ഫീസ്‌, സ്‌പെഷ്യൽ ഫീ എന്നിവയൊക്കെ പുനർനിർണയിക്കണം.

സർവകലാശാലകൾ അവയുടെ ചെലവിന്റെ 20ശതാമാനം മാത്രമേ ഫീസായും മറ്റു ആഭ്യന്തര സ്രോതസ്സുകളിൽ നിന്നും ശേഖരിക്കാൻ പാടുള്ളൂ എന്നാണ്‌ ജസ്റ്റിസ്‌ പുന്നയ്യാ കമ്മറ്റി ശുപാർശ ചെയ്യുന്നത്‌. ഈ ശുപാർശയുടെ അടിസ്ഥാനത്തിൽ വേണം ഫീസ്‌ പുനർനിർണയം നടത്താൻ. കോളേജുകളുടെയും സർവകലാശാലകളുടെയും ചെലവുകളുടെ Actual estimates-ഉം Normative estimates-ഉം തയ്യാറാക്കാൻ വിഷമമില്ല. അവയുടെ അടിസ്ഥാനത്തിൽ ഫീസ്‌ പുനർനിർണയം നടത്താം. വരുമാനമനുസരിച്ച്‌ Graded fees ഏർപ്പെടുത്തുകയും നിശ്ചിത പരിധിയിൽ താഴെ വരുമാനമുള്ളവരെ ഫീസിൽ നിന്ന്‌ ഒഴിവാക്കുകയും ചെയ്യാം.

എന്നാൽ, കോഴിക്കോട്‌ പോലുള്ള സർവകലാശാല കളിൽ കോഴ്‌സുനടത്തിപ്പുമായി ബന്ധപ്പെടാത്ത വിധത്തിൽ ചെലവിന്റെ 45ശതാമാനം വരെ ഫീസായി ഈടാക്കുന്നു. സർവകലാശാലകളുടെ സാമ്പത്തികാവശ്യങ്ങൾ ഇത്തരം ഫീസ്‌ വർദ്ധനവിലൂടെ പരിഹരിക്കാൻ കഴിയുമോ എന്നു സംശയമാണ്‌. സർവകലാശാലകളുടെ ധനപ്രതിസന്ധി പരിഹരിക്കാൻ പ്രത്യേകിച്ച്‌ മാനദണ്‌ഡങ്ങളില്ലാതെ ഒരു സംഘം വിദ്യാർത്ഥികളെ കറവപശുക്കളാക്കുന്നതിന്റെ ധാർമ്മികതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌. ഇത്തരം അടവുകൾക്ക്‌ പകരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാദ്ധ്യതകൾ ജനങ്ങളുടെ മുമ്പിൽ തുറന്ന്‌ അവതരിപ്പിച്ചുകൊണ്ട്‌ വിപുലമായ ചർച്ചകളിലൂടെ ഫീസ്‌ പുനർനിർണയം നടത്തുന്നതാണ്‌ ശാസ്‌ത്രീയം. PTA, CDC (കോളേജ്‌ ഡവലപ്‌മെന്റ്‌ കൗൺസിൽ) ഫണ്ടുകൾ കുട്ടി ഇടയ്‌ക്കുവെച്ച്‌ എന്തെങ്കിലും കാരണവശാൽ കോഴ്‌സ്‌ നിർത്തിപ്പോവുകയാണെങ്കിൽ തിരിച്ചു നൽകണം.

8. ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്‌കൂൾ വിദ്യാഭ്യാസ ത്തിനാവശ്യമുള്ള ധനസമാഹരണ ചുമതല ഏൽപിക്കണം. ധനസമാഹരണം തദ്ദേശീയ സ്ഥാപനങ്ങൾക്ക്‌ വ്യക്തമായ മാനദണ്‌ഡങ്ങ ൾക്കു വിധേയമായി തീരുമാനിക്കുന്ന വിദ്യാഭ്യാസ സെസ്സിലൂടെയാകാം. മാനദണ്‌ഡ ങ്ങളും സെസ്സി ന്റെതോതും തീരുമാനിക്കുന്നതിന്‌ ജില്ലാ വിദ്യാഭ്യാസ ധനകാര്യ കമ്മീഷനെ നിയമിക്കാം.

ജനാധിപത്യപരമായ വിദ്യാഭാസ ക്രമത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിൽ സമൂഹ പങ്കാളിത്തം ഉറപ്പുവരു ത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗം അധികാര വികേന്ദ്രീകരണം തന്നെയാണ്‌. ഇന്നും ശമ്പളം നൽകുക എന്നതിനെ കവിഞ്ഞ്‌ ഭൗതിക സൗകര്യങ്ങളുടെ വികാസവും അക്കാദമിക്‌ സാഹചര്യങ്ങളുടെ മേൽനോ ട്ടവും ഉറപ്പുവരുത്താൻ സർക്കാർ ഫണ്ടിങ്ങിന്‌ കഴിയുന്നില്ല. ഡി.പി.ഇ.പി. പോലുള്ള പ്രോജക്‌റ്റുകളുടെ ഫലപ്രാപ്‌തി വിലയിരുത്തേണ്ടതുണ്ട്‌. ഇന്നും വികസന പ്രവർത്തനങ്ങളുടെ നല്ലൊരു പങ്ക്‌ രക്ഷാകർതൃ സമിതിയാണ്‌ നിർവഹിക്കുന്നത്‌ വികസനത്തിന്‌ നേരിട്ട്‌ ചെലവുചെയ്യാൻ ഭൂരിപക്ഷം മാനേജ്‌മെന്റുകളും തയ്യാറല്ല. അതുകൊണ്ട്‌ മേൽസൂചിപ്പിച്ച ശുപാർശ പ്രസക്തമാണ്‌.

9. പ്രൊഫഷണൽ ബിരുദധാരികളെ കൂടുതലായി ഉപയോഗിക്കുന്ന സ്വകാര്യ ആസ്‌പത്രികളും വ്യവസായങ്ങളും യഥാർഥ ഗുണഭോക്താക്കൾ എന്ന നിലയിൽ പ്രൊഫഷണൽ പരിശീലന ചെലവിലേക്ക്‌ പണം നൽകണം. പ്രൊഫഷണൽമാർ രാജ്യം വിട്ട്‌ പുറത്തുപോകുമ്പോൾ അവരെ പരിശീലിപ്പിക്കാൻ ചെലവായ തുക സർക്കാരിലേക്ക്‌ മടക്കി അടക്കണം.

വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കൾ വിദ്യാർത്ഥി കൾ തന്നെയാണ്‌ എന്ന നിലപാടാണ്‌ ഇന്ന്‌ ഗവണ്മെണ്ട്‌ കൈക്കൊള്ളുന്നത്‌. വിദ്യാഭ്യാസം സാമൂഹ്യ അധ്വാന ശേഷികളുടെയും പ്രാപ്‌തികളുടെയും വളർച്ചയാണെന്ന നിലപാടിന്‌ വിരുദ്ധമാണിത്‌. വ്യക്തിഗതമായ ഗുണത്തിൽ മാത്രമുള്ള ഊന്നൽ സാമൂഹ്യനീതിക്കും സമത്വ സങ്കൽപത്തിനും നിരക്കുന്നതല്ല. ലാഭാധിഷ്‌ഠിത സമൂഹ വ്യവസ്ഥയിലാണ്‌ വിജ്ഞാനം മൂലധനമാകു ന്നത്‌. മൂലധനം നിയന്ത്രിക്കുന്നതാരാണോ, അവർ തന്നെ ഗുണ ഭോക്താക്കളായി മാറുന്നു. അതു സർക്കാരെങ്കിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെങ്കിൽ അവർ. അതുപോലെ പ്രധാനം `മസ്‌തിഷ്‌കച്ചോർച്ച' എന്ന ഓമന പേരിൽ അറിയപ്പെടുന്ന കയറ്റുമതിയാണ്‌. ഇവിടെ പഠനം നടത്തി വിദേശത്തു ജോലി ചെയ്യുന്നവർ ഇന്ത്യയുടെ വികാസത്തെയോ മൂലധന രൂപീകരണ ത്തേയോ ഒരു വിധത്തിലും സഹായിക്കുന്നില്ല. പകരം അവരുടെ ജ്ഞാനം മറ്റു രാജ്യങ്ങളിൽ വിൽക്കുന്നു. അതുകൊണ്ട്‌ അവർ പണം തിരിച്ചടക്കേണ്ടതുമാണ്‌. തിരിച്ചു വാങ്ങുമ്പോൾ ഒരു നിശ്ചിത കാലയളവ്‌ കണക്കാക്കി അതിനുള്ളിൽ തിരിച്ചടയ്‌ക്കാനുള്ള സൗകര്യം ചെയ്‌തു കൊടുക്കണം. ചെറിയ കാലയളവിൽ പോകുന്നവരും പണം തിരിച്ചടക്കണം.

10. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു വ്യക്തിയുടേതാകാനോ ഉടമസ്ഥാവകാശം സ്ഥാപിക്കാനോ പാടില്ല. പൊതു വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളായതുകൊണ്ട്‌ ആസ്‌തി കൾ സമൂഹത്തിന്റേതായി പരിഗണിക്കണം. സുപ്രീംകോടതി വിധി അനുസരിച്ച്‌ ട്രസ്റ്റുകൾക്കോ ചാരിറ്റബിൾ സൊസൈറ്റി കൾക്കോ മാത്രമേ എഞ്ചിനീയറിംഗ്‌ കോളേജു കൾ പോലും നടത്താനുള്ള അവകാശമുള്ളു.

മുൻസൂചിപ്പിച്ച വിവരങ്ങൾ അനുസരിച്ച്‌ ഉടമസ്ഥാവ കാശമുള്ള വ്യക്തികളും ഏജൻസികളും ഇപ്പോൾ തന്നെ കാര്യമായ മുതൽ മുടക്ക്‌ നടത്തുന്നില്ല. അതേസമയം അതുവിൽക്കാനും കൈമാറാനുമുള്ള അധികാരം അവർക്കു മാത്രമാണുതാനും. അധ്യാപക നിയമനത്തിൽ വൻതോതിൽ കോഴ വാങ്ങുകയും അക്കൗണ്ടുകൾ ഹാജരാക്കാതിരിക്കുകയും ചെയ്യുന്നതും ഈ ആനുകൂല്യം ഉപയോഗിച്ചാണ്‌. പബ്ലിക്‌ ട്രസ്റ്റുകളാകു മ്പോൾ വരവുചെലവു കണക്കുകൾ സുതാര്യമായി രിക്കും. താല്‌പര്യമുള്ളവർക്ക്‌ പണം നിക്ഷേപിക്കുകയും ചെയ്യാം. ധർമ്മസ്ഥാപനങ്ങളായാൽ അവയുടെ ആനുകൂല്യങ്ങളും ലഭിക്കും.

11. പൊതു വിദ്യാഭ്യാസത്തിലെ അക്കാദമിക്‌ പ്രവർത്തകരുടെ (അധ്യാപകർ,അനധ്യാപകർ) നിയമനം പൊതുമാനദണ്‌ഡങ്ങളനുസരി ച്ചാകണം. പൊതുമാനദണ്‌ഡങ്ങൾ ജനങ്ങൾക്കു വേണ്ടി ഗവണ്മെണ്ട്‌ നിർണയി ക്കണം. മാനദണ്‌ഡ ങ്ങൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, തുല്യത, സാമൂഹ്യനീതി, പുറംതള്ളപ്പെടുന്ന വർക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള അംഗീ കാരം എന്നിവ ഉറപ്പുവരുത്തുന്നതാകണം. സ്വാകാര്യ ഏജൻസികൾക്കും ഇവ നടപ്പിലാക്കാനുള്ള ബാധ്യതയുണ്ട്‌.

വിദ്യാഭ്യാസരംഗത്ത്‌ അധ്യാപക നിയമനത്തിൽ നടക്കുന്ന സ്വജനപക്ഷപാതവും കോഴയും ഗുണനിലവാ രത്തെയും അധ്യാപകരുടെ അർപണബോധത്തെയും ബാധിച്ചിട്ടുണ്ടെന്നുള്ളത്‌ പകൽപോലെ വ്യക്തമാണ്‌. എന്നിട്ടും ഇതിനെതിരെ നടപടികളെടുക്കാനോ പൊതുജനങ്ങളുടെ നിലപാടുകൾ പരിശോധിക്കാനോ ആരും തയ്യാറാകുന്നില്ല. ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടുതന്നെ ജനാധിപത്യപരമായ അഭിപ്രായ രൂപീകരണത്തിന്റെ അടിസ്ഥാനത്തിൽ പൊതുമാനദണ്‌ഡങ്ങൾ നടപ്പിലാക്കാൻ ഗവണ്മെണ്ട്‌ മുൻകൈയെടുക്കേണ്ടതാണ്‌.

12. സർവകലാശാലയിലെ വകുപ്പുതലവൻമാർക്കും കോളേജ്‌ പ്രിൻസിപ്പൽമാർക്കും യഥാക്രമം ഫാക്കൽറ്റി കൗൺസിലിന്റെയും കോളേജ്‌ കൗൺസിലിന്റെയും അംഗീകാരത്തോടുകൂടി സാമ്പത്തിക നിർവഹണത്തിൽ സ്വയാധികാരം വികേന്ദ്രീകരിച്ച്‌ നൽകണം. വിവിധ ഏജൻസികളിൽ നിന്ന്‌ ഗവേഷണ പ്രോജക്‌റ്റുകൾ എടുക്കുന്ന അധ്യാ പകർക്ക്‌ അവ സംബന്ധിച്ച സാമ്പത്തിക കാര്യ ത്തിൽ സ്വന്തമായി തീരുമാനമെടുക്കാനും ചെലവാക്കാനും അവകാശം നൽകണം. ഓഡിറ്റി നുള്ള ഏർപ്പാടുകൾ മാത്രം ചെയ്‌താൽ മതി.

ഇന്ന്‌ സർവകലാശാലകളിൽ നിലനിൽക്കുന്ന കേന്ദ്രീകരണം ബ്യൂറോക്രാറ്റിക്‌ നിലപാടുകളും ഗവേഷണ പ്രോജക്‌റ്റുകൾ ഏറ്റെടുക്കുന്നതിനും അക്കാദമിക്‌ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തു ന്നതിനും എതിരാണ്‌. ഇതിൽ മാറ്റം വന്നാലേ പ്രവർത്തനം സുഗമമാകൂ. ഓരോ പ്രോജക്‌റ്റിനും Institutional Charge എന്ന നിലയിൽ സർവകലാശാലകൾക്ക്‌ ഒരു വിഹിതം കൈപ്പറ്റാം. അതൊഴിച്ച്‌ ബാക്കിയുള്ള മുഴുവനും Principal Investigator എന്ന പേരിൽ നിക്ഷേപിക്കുകയാണ്‌ വേണ്ടത്‌. ഇന്ന്‌ ഒരു അധ്യാപകനും പ്രോജക്‌റ്റുകൾ ഏറ്റെടുക്കാൻ തയ്യാറല്ലാത്തതുകൊണ്ട്‌ Institutional Charge എന്ന നിലയിലുള്ള പണം പോലും സർവകലാ ശാലയ്‌ക്ക്‌ ലഭിക്കുന്നില്ല. ഗവേഷണങ്ങൾ നടക്കാത്തതു കൊണ്ട്‌ സർവകലാശാലകൾക്ക്‌ സമൂഹത്തോടുള്ള ധർമ്മം നിറവേറ്റാൻ കഴിയുന്നില്ല. കോളേജുകളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല.

13. സർവകലാശാലകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ധനവിനിയോഗവും കണക്കു സൂക്ഷിപ്പും സുതാര്യമായിരിക്കണം.

പൊതുസ്ഥാപനങ്ങളെന്ന നിലയിൽ ഇവയുടെ കണക്കുകൾ അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്‌. ഓരോ സ്ഥാപനവും നേരിടുന്ന ധനവിനിയോഗ പ്രശ്‌നങ്ങൾ ജനങ്ങളെ അറിയിച്ച്‌ അവക്ക്‌ പരിഹാരം തേടാനുള്ള ബാധ്യതയും സ്ഥാപനങ്ങൾക്കുണ്ട്‌. സുതാര്യതയാണ്‌ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ജനാധിപത്യപരമായ മാർഗം.

14. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൊത്തം ദേശീയവരുമാനത്തിൽ നിന്ന്‌ ഒരു നിശ്ചിത വിഹിതം വിദ്യാഭ്യാസ ത്തിനുവേണ്ടി മാറ്റിവെക്കുന്ന വിധത്തിൽ ആസൂ ത്രണം ചെയ്യണം.

വിദ്യാഭ്യാസം ഭാവി സമൂഹത്തിന്റെ അധ്വാനശേഷി യുടെയും പ്രാപ്‌തികളുടെയും ഉല്‌പാദനമാണെങ്കിൽ അത്‌ അധ്യാപകർക്കു ശമ്പളം നൽകിയതുകൊണ്ടു മാത്രം നിറലവേറ്റാവുന്ന ഒന്നല്ല. വിദ്യാഭ്യാസം നേരിടുന്ന വ്യക്തികളുടെ രക്ഷിതാക്കളുടെ താല്‌പര്യമുണ്ട്‌, ജനങ്ങളുടെ താല്‌പര്യമുണ്ട്‌, ഗുണഭോക്താക്കളായ വ്യവസായികളുടെ താല്‌പര്യമുണ്ട്‌. ഇവയെല്ലാം ഉൾക്കൊള്ളുന്ന വിധത്തിൽ സമഗ്രമായ വിദ്യാഭ്യാസ ധനാസൂത്രണമാണ്‌ ആവശ്യം. അതിന്‌ ഏറ്റവും ഫലപ്രദമായ മാർഗ്ഗം സംസ്ഥാനത്തിന്റെ വിവധ സ്രോതസ്സുകളിൽ നിന്നുള്ള മൊത്തവരുമാനത്തിന്റെ ഒരു വിഹിതം വിദ്യാഭ്യാസത്തിനുവേണ്ടി മാറ്റിവെയ്‌ക്കുകയും വരുമാനമുണ്ടാകുന്ന സ്രോതസ്സുകളെ ആധാരമാക്കി അനുപാതം നിശ്ചയിക്കുകയുമാണ്‌. സ്റ്റേറ്റ്‌ വിഹിതം, തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം, ഗുണഭോക്താക്കളുടെ വിഹിതം, രക്ഷിതാക്കളുടെ വിഹിതം, മറ്റു സ്രോതസ്സു കളിൽ നിന്നുള്ളവ (ട്രസ്റ്റുകൾ, ധർമ്മ സ്ഥാപനങ്ങൾ, NRI)എന്നിങ്ങനെ അത്‌ വേർതിരിക്കാം.

15. സർവകലാശാലകളിൽ മേൽപറഞ്ഞവ കൂടാതെ പൂർവ വിദ്യാർത്ഥിസമിതികൾ, പ്രോജക്‌റ്റ്‌ ഫണ്ടിങ്ങ്‌ ഏജൻസികൾ, കൺസൽറ്റൻസി, എക്‌സ്റ്റൻഷൻ എന്നിവയും വിഭവസമാഹരണത്തിന്‌ പരിഗണിക്കാം.

സർവകലാശാലകളിലെയും കോളേജുകളിലെയും പൂർവവിദ്യാർത്ഥികളുടെ സഹകരണം ഫലപ്രദമായി ഉപയോഗപ്പെടുത്താം. സർവകലാശാലകളിൽ സാമൂഹ്യ വികസനത്തിനുള്ള വിഭവകേന്ദ്രങ്ങളായി മാറുമെന്ന സങ്കൽപം പ്രായോഗികമാക്കുകയു അതിനെ ആധാരമാ ക്കി സർവകലാശാല ഉല്‌പാദിപ്പിക്കുന്ന വിജ്ഞാനം സമൂഹത്തിനു കൈമാറുകയയും ചെയ്യാം. ഇതിനായി കമ്മ്യൂണിറ്റി എഡ്യുക്കേഷൻ സെന്ററുകൾ, പ്രാദേശിക ലാബറട്ടറികൾ, സയൻസ്‌ ഷോപ്പുകൾ, ഇൻഫർമേഷൻ കിയോസ്‌കുകൾ, വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങൾ മുതലായവ സർവകലാശാലകൾക്കു സ്ഥാപിക്കാം. അവ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവും Institutional Chargre-ഉം ഗുണഭോക്താക്കളിൽ നിന്ന്‌ ഈടാക്കാം. ഒരു സർവകലാശാല ആരംഭിച്ചിരിക്കുന്നതുപോലെ ബിരു ദങ്ങൾ ഫ്രാഞ്ചൈസ്‌ ചെയ്യുന്ന ഏർപ്പാട്‌ ഒഴിവാക്കണം.

16. അധിക ധനസഹായം വേണ്ട സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ നിർണയിക്കുന്നതിനും ധനസഹാ യം എങ്ങനെ സമാഹരിക്കാമെന്ന്‌ നിർദ്ദേശിക്കു ന്നതിനും ഒരു വിദ്യാഭ്യാസ ഫൈനാൻസ്‌ കമ്മീ ഷനെ നിയമിക്കണം.

വിദ്യാഭ്യാസ രംഗം ഒരു ബൃഹത്തായ ധനവിനിയോഗ മേഖലയായതുകൊണ്ട്‌ അതിന്‌ ഒരു പൊതു ധനവി നിയോഗ രീതിയുണ്ടാകണം. കൂടാതെ പ്രത്യേക ആവശ്യങ്ങളുള്ള, പ്രത്യേകിച്ച്‌ പിന്നോക്ക പ്രദേശങ്ങളിൽ, പുറന്ത ള്ളപ്പെടുന്ന ജനവിഭാഗങ്ങളുള്ള മേഖലകളിൽ പ്രവർ ത്തിക്കുന്ന സ്ഥാപനങ്ങളുടെ ആവശ്യം പരിഗണി ക്കുകയും ആവശ്യമായി ധനസഹായം നൽകുകയും വേണം. ധനവിനിയോഗത്തിൽ നീതി നടക്കുമെന്നു റപ്പുവരുത്താൻ ഒരു സ്ഥിരം ഫൈനാൻസ്‌ കമ്മീഷനെ നിയമിക്കുന്ന കാര്യം ആലോചിക്കേണ്ടതാണ്‌. അതിന്‌ ജുഡീഷ്യൽ അധികാരമുണ്ടാകണം. Watch dogസ്വഭാവം വേണം. അത്‌ നിർവഹണ ഏജൻസിയാകരുത്‌. ഇന്ന്‌ യുജിസി ചെയ്യുന്നതുപോലെ അക്കാദമിക്‌ കാര്യങ്ങളിൽ ഇടപെടുകയും ചെയ്യരുത്‌.

17. പരീക്ഷാച്ചെലവുൾപ്പെടെ സർവകലാശാലക ളുടെയും വിദ്യാഭ്യാസ സംവിധാന ത്തിന്റെയും ചെലവുകൾ ശാസ്‌ത്രീയമായി പുനർനിർണയം ചെയ്യണം. പരീക്ഷകളുടെ എണ്ണം കുറയ്‌ക്കുക, ആന്തരീക മൂല്യനിർണയം, കോളേജുകൾക്ക്‌ കൂടുതൽ ഉത്തരവാദിത്വം നൽകുക, കേന്ദ്രീക രണവും, ബ്യൂറോക്രാറ്റിക്‌ പ്രവണതയും ഇല്ലാതാ ക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്‌.

വരുമാനം കൂട്ടുക മാത്രമല്ല ചെലവു കുറയ്‌ക്കുകയും പ്രധാനമാണ്‌. ഇന്ന്‌ സർവകലാശാലയും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന അനാവശ്യ ചെലവുകൾ കുറയ്‌ക്കുകയും കഴിയാവുന്നത്ര പ്രവർത്തനം പ്രാദേശികലത്തിൽ തന്നെ പൂർത്തിയാക്കുകയും ചെയ്യുക യാണ്‌ ഫലപ്രദമായ മാർഗം. അതിനു സഹായകരമായ ഏറ്റവും പ്രധാനമായ മാറ്റമാണ്‌ ഏറ്റവും അധികം പണം വിഴുങ്ങുന്ന പരീക്ഷകളെ പുനർനിർണയം ചെയ്യുക എന്നത്‌.

18. വിവിധ സർവകലാശാലകൾ, ഹയർസെക്കണ്ടറി തലം വിദ്യാഭ്യാസ ആപ്പീസുകൾ എന്നിവിടങ്ങ ളിലെ അധ്യാപക-അധ്യാപകേതര ജീവനക്കാരെ പുനർവിന്യസിക്കുകയും ഫലപ്രദമായി ഉപയോഗിക്കുകയും വേണം.

സർക്കാർ ശമ്പളം കൊടുത്ത്‌ നലനിർത്തുന്ന ഈ മേഖലയെ ഫലപ്രദമായി ഉപയോഗിക്കാനുള്ള ബാധ്യതയും സർക്കാരിന്റേതാണ്‌. അധ്വാന ശേഷിയുടെ ഫലപ്രദമായ വിന്യാസഃ ചെലവ്‌ കുറയ്‌ക്കലിനുള്ള മാർഗം കൂടിയാണ്‌. അതിന്‌ യാന്ത്രികമായ ഉത്തരവുകളല്ല വേണ്ടത്‌ സമൂഹ്യ ലക്ഷ്യങ്ങളെ മുൻനിർത്തി ജീവവക്കാരുടെ കൂട്ടായ, അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനം ഉറപ്പുവരുത്തുകയാണ്‌.