തണ്ണീർത്തട-നെൽവയൽ സംരക്ഷണം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

തണ്ണീർത്തട-നെൽവയൽ സംരക്ഷണം

സംസ്ഥാനത്തെ കാർഷികോൽപാദനം പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, പരിസ്ഥിതി സുരക്ഷ പാലിക്കുക, നെൽവയൽ-തണ്ണീർത്തട സംരക്ഷണം നടപ്പാക്കുക, അവയുടെ രൂപാന്തരണവും പരിവർത്തനവും നിയന്ത്രിക്കുക തുടങ്ങിയ പൊതുതാൽപര്യങ്ങൾക്ക് വേണ്ടിയുള്ള നിയമനിർദേശമായിട്ടാണ് 2007-ൽ കേരള നിയമസഭ തണ്ണീർത്തട-നെൽവയൽ സംരക്ഷണ നിയമത്തിന് രൂപം നൽകിയത്. കേരളത്തിലെ ഭൂവിഭാഗത്തിൽ വർഷത്തിൽ ഒരിക്കലെങ്കിലും നെല്ല് കൃഷി ചെയ്യുന്നതോ, നെൽകൃഷിക്ക് അനുയോജ്യമായതോ, തരിശിട്ടിരിക്കുന്നതോ ആയ എല്ലാത്തരം നിലവും അതിന്റെ അനുബന്ധ ചിറകളും ചാലുകളും തോടുകളും കുളങ്ങളും കൈത്തോടുകളും ജലസ്രോതസ്സുകളും ഉൾപ്പെടുന്നതാണ് നെൽവയലുകൾ. മണ്ണ് ജലപൂരിതവും കരപ്രദേശത്തിനും ജലാശയത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നതും സാധാരണഗതിയിൽ ഉപരിതലം ജലവിതാനത്തിനാൽ മൂടപ്പെട്ടതും കെട്ടിക്കിടക്കുന്നതോ ആഴം കുറഞ്ഞതും മന്ദമായി ഒഴുകുന്നതോ ആയ ജലമുള്ളതും ആയ സവിശേഷ ഭൂവിഭാഗമാണ് തണ്ണീർത്തടം. കായലുകൾ, അഴിമുഖങ്ങൾ, ചേറ്റുപ്രദേശങ്ങൾ, കണ്ടൽക്കാടുകൾ, ചതുപ്പുകൾ, തീരദേശ കായൽതടങ്ങൾ എന്നിവയുൾപ്പെടുന്നതും നെൽവയലുകളോ നദികളോ അല്ലാത്തതുമായ പ്രദേശമാണ് തണ്ണീർത്തടങ്ങൾ. നെൽവയലുകളോ തണ്ണീർത്തടങ്ങളോ അനുബന്ധപ്രദേശമോ മറ്റേതെങ്കിലും ആവശ്യത്തിനായി വിനിയോഗിക്കുന്നതിനെയാണ് പരിവർത്തനപ്പെടുത്തുക എന്ന് അർഥമാക്കുന്നത്. ഏതെങ്കിലും പ്രവൃത്തിയോ തുടർപ്രവൃത്തിയോ വഴി സാധാരണഗതിയിൽ പൂർവസ്ഥിതിയിൽ ആക്കാനാകാത്തവിധം രൂപമാറ്റം വരുത്തുന്നതിനെയാണ് രൂപാന്തരീകരണം എന്ന് വിവക്ഷിക്കുന്നത്. നിയമാനുസൃതമല്ലാത്തതോ, അനുവദനീയമല്ലാത്തതോ നിയമാതീതമായതോ നിയമവിരുദ്ധമായതോ ആയി ഏതൊരു നെൽവയലും തണ്ണീർത്തടവും രൂപാന്തരപ്പെടുത്തുകയോ പരിവർത്തനപ്പെടുത്തുകയോ ചെയ്യുന്നത് നിയമം വിലക്കുന്നു. എന്നാൽ ഇടവിളയ്ക്കായോ പാടശേഖരപ്രവർത്തനത്തിനായോ പൊതുതാൽപര്യാർഥമോ ചെയ്യുന്ന പ്രവൃത്തിക്ക് ഇതിൽ ഒഴിവുകഴിവ് നൽകപ്പെട്ടിരിക്കുന്നു. കൃഷിക്കുവേണ്ടി പുറംബണ്ട് ഉറപ്പിക്കാനോ ബലപ്പെടുത്താനോ ചിറപിടിപ്പിക്കാനോ വരമ്പുകുത്താനോ ഉൾപ്പെടെ കൃത്യങ്ങൾക്ക് വിലക്ക് ബാധകമാകില്ല.

നിയമനടത്തിപ്പിന്റെ നിരീക്ഷണത്തിന് അതത് തദ്ദേശഭരണസ്ഥാപനതലത്തിൽ പ്രാദേശിക നിരീക്ഷണ സമിതികൾക്ക് രൂപം നൽകാൻ നിയമം അനുശാസിക്കുന്നു. തദ്ദേശഭരണസ്ഥാപന തലവൻ അധ്യക്ഷനും ബന്ധപ്പെട്ട കൃഷി ഓഫീസർ കൺവീനറും വില്ലേജ് ഓഫീസർ, മൂന്ന് കർഷക പ്രതിനിധികൾ എന്നിവർ അംഗങ്ങളും ആയതാണ് പ്രാദേശിക നിരീക്ഷണസമിതി. നിയമവിധേയ രൂപാന്തരപ്പെടുത്തലോ പരിവർത്തനമോ സംബന്ധിച്ച് ശുപാർശ നൽകുക, നിയമ-ചട്ട പരിപാലനം നിരീക്ഷിക്കുക, നിയമലംഘനമോ നിഷേധമോ റിപ്പോർട്ട് തയ്യാറാക്കുക, പരാതികൾ പരിശോധിച്ച് പരിഹാരത്തിന് ഇടപെടുക, നെൽകൃഷി, ഇടവിളകൃഷി എന്നിവക്ക് പ്രോത്സാഹനം നൽകുക എന്നിവയും ആവശ്യമായ സ്ഥിതിവിവരശേഖരണം ഉറപ്പാക്കുക, വിഭവഭൂപടം തയ്യാറാക്കുക, ഡാറ്റാബാങ്ക് സജ്ജമാക്കുക, വിജ്ഞാപൃതമായി പ്രസിദ്ധീകരിക്കുക എന്നിവയും സമിതിയുടെ ചുമതലകൾ ആയിരിക്കുന്നതാണ്.

തരിശുഭൂമി കൃഷിയോഗ്യമാക്കാനോ ബദൽ മാർഗങ്ങൾ തയ്യാറാക്കുക, തണ്ണീർത്തട-നെൽവയൽ സംരക്ഷണ ശുപാർശകൾ നൽകുക, മാർഗനിർദേശങ്ങൾ നൽകുക, നിയമവിരുദ്ധ രൂപാന്തരണവും പരിവർത്തനവും അന്വേഷിച്ച് റവന്യൂ അധികാരികൾ റിപ്പോർട്ട് നൽകുക, ഏല്പിക്കപ്പെടുന്ന ഇതര കൃത്യങ്ങൾ നിർവഹിക്കുക എന്നിവയാണ് സമിതിയുടെ ചുമതലകൾ. തദ്ദേശഭരണസ്ഥാപന ഓഫീസ് ആയിരിക്കും സമിതി ആസ്ഥാനം. സമിതി ക്വോറം മൂന്ന് അംഗങ്ങൾ എന്നതായിരിക്കും. അനൗദ്യോഗിക അംഗങ്ങളുടെ കാലാവധി മൂന്ന് വർഷവും ഉദ്യോഗസ്ഥരുടെ കാലാവധി അധികാരകാലത്തിന് അനുവർത്തകവും ആയിരിക്കും. ചെയർപേഴ്‌സണ് രേഖാമൂലം എഴുതിനൽകിക്കൊണ്ട് അനൗദ്യോഗിക അംഗങ്ങൾക്ക് സ്ഥാനം ഒഴിയാവുന്നതാണ്. ഈ നിയമത്തിന്റെ ലംഘനം സംബന്ധിച്ച റിപ്പോർട്ടിംഗ് ഓഫീസർ ബന്ധപ്പെട്ട കൃഷി ഓഫീസർ ആയിരിക്കുന്നതാണ്. ഈ തരം റിപ്പോർട്ട് നൽകുന്നതിൽ മനഃപൂർവമായ വീഴ്ചവരുത്തുന്നത് ശിക്ഷാർ ഹമായ കുറ്റകൃത്യമായിരിക്കുന്നതാണ്.

നിർവചിത ഭൂമിയുടെ രൂപാന്തരണം പരിവർത്തനം എന്നിവക്ക് അനുമതി തേടിക്കൊണ്ടുള്ള ആവശ്യത്തിന്മേൽ തീരുമാനം എടുക്കുന്നതിനുള്ള ജില്ലാതല അധികൃതസമിതിക്ക് ജില്ലാ കളക്ടർ രൂപം നൽകേണ്ടതാണ്. റവന്യൂ ഡിവിഷണൽ ഓഫീസർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, നാമനിർദേശം ചെയ്യപ്പെടുന്ന മൂന്ന് കർഷകർ എന്നിവരടങ്ങുന്നതാണ് ജില്ലാതല സമിതി. പ്രാദേശിക നിരീക്ഷണ സമിതി ശുപാർശ ലഭിച്ച് ഒരു മാസത്തിനകം ജില്ലാസമിതി തീരുമാനം എടുക്കണം. അതിന്മേലുള്ള അപ്പീൽ തീരുമാനം കളക്ടർക്ക് കൈക്കൊള്ളാവുന്നതാണ്. അപ്പീലുകൾ ഒരു മാസത്തിനകം തീർപ്പാക്കേണ്ടതാണ്. ആയത് അന്തിമവും ആയിരിക്കുന്നതാണ്. എന്നാൽ നിർദിഷ്ട പ്രവൃത്തി ബന്ധപ്പെട്ട നെൽവയലിനെയോ തണ്ണീർത്തടത്തെയോ അതിലെ കൃഷിയെയോ ആവാസവ്യവസ്ഥയെയോ പ്രതികൂലമായി ബാധിക്കില്ലെന്നും ആവശ്യക്കാർക്ക് പ്രസ്തുത പ്രവൃത്തിയല്ലാതെ ഭൂമി ഉപയോഗിക്കാൻ ഇതര കൈവശഭൂമിയില്ലെന്നതും സ്വന്ത ആവശ്യത്തിന് മാത്രമായാണ് അത്തരം പ്രവൃത്തിയെന്നും അനുബന്ധ പ്രദേശത്ത് നെൽകൃഷിയോ തണ്ണീർത്തടമോ ഇല്ലെന്നും പ്രാദേശിക നിരീക്ഷണസമിതി റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ രൂപാന്തരണ-പരിവർത്തന സാധൂകരണത്തിനുള്ള അപേക്ഷ കളക്ടർ പരിഗണിക്കേണ്ടതുള്ളൂ. അതിന്മേൽ പുനപരിശോധന അപേക്ഷ പരിഗണിച്ച് ഒഴിവുകഴിവ് നൽകാനുള്ള അധികാരം സർക്കാരിനായിരിക്കുന്നതാണ്.

സർക്കാർ-പൊതു ആവശ്യത്തിനായി നെൽവയൽ-തണ്ണീർത്തട ഭൂമി രൂപാന്തരണമോ പരിവർത്തനമോ വരുത്തുന്നത് സംബന്ധിച്ച് പഠിച്ച് ശുപാർശ നൽകുന്നതിനായി ഒരു സംസ്ഥാനതല സമിതിക്ക് രൂപം നൽകണം. കാർഷികോൽപാദന കമ്മീഷണർ (കൺവീനർ) ലാന്റ് റവന്യൂ കമ്മീഷണർ, സർക്കാർ നാമനിർദേശം ചെയ്യുന്ന പരിസ്ഥിതികാര്യ വിദഗ്ധൻ, നെൽകൃഷി ശാസ്ത്രജ്ഞൻ എന്നിവർ അടങ്ങുന്നതായിരിക്കും സംസ്ഥാനതലസമിതി. ജില്ലാ-സംസ്ഥാനതല സമിതികളിലെ അനൗദ്യോഗിക അംഗങ്ങൾക്ക് രേഖാമൂലം എഴുതിനൽകിക്കൊണ്ട് രാജിവച്ച് ഒഴിയാവുന്നതാണ്. സ്ഥലപരിശോധന, വിവരശേഖരണം, മാർഗനിർദേശം, പ്രവൃത്തിതടസ്സം, യന്ത്രവാഹന ഉപാധികൾ പിടിച്ചെടുക്കൽ, കണ്ടുകെട്ടൽ, റിപ്പോർട്ടുകൾ-പത്രികകൾ എന്നിവ തയ്യാറാക്കുക എന്നിവക്കുള്ള അധികാരം അധികൃതമാക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കുണ്ടായിരിക്കുന്നതാണ്. റിപ്പോർട്ടിന്മേൽ തുടർനടപടി എടുക്കുന്നതിൽ ബോധപൂർവമായ വീഴ്ചയുണ്ടായാൽ കുറ്റകരമായി കണ്ട് ശിക്ഷിക്കപ്പെടാവുന്നതാണ്. നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരമോ രേഖയോ സാധനമോ വസ്തുവോ നൽകാതിരിക്കുന്നതും തെറ്റായവ നൽകുന്നതും കുറ്റകരമായ പ്രവൃത്തിയാണ്. രൂപാന്തരണമോ-പരിവർത്തനമോ നടത്തിയ ഭൂമി പൂർവസ്ഥിതിയിലാക്കാനുള്ള നടപടി ജില്ലാ കളക്ടർക്ക് സ്വീകരിക്കാവുന്നതാണ്. ആയതിനുള്ള ചെലവ് ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നോ അനുഭവക്കാരിൽ നിന്നോ നിയമപ്രകാരം ഈടാക്കാനുള്ള അധികാരവും കളക്ടർക്ക് ഉണ്ടായിരിക്കുന്നതാണ്. നിയമവിരുദ്ധമായിട്ടുള്ള ഏതൊരു പ്രവൃത്തിക്കും തദ്ദേശഭരണസ്ഥാപനം അനുമതി നൽകാൻ പാടുള്ളതല്ല.

തരിശുഭൂമി കൃഷിയോഗ്യമാക്കാനും ഉപയോഗപ്പെടുത്താനും നിരീക്ഷണ സമിതി ശുപാർശപ്രകാരം അനുഭവസ്ഥർക്കോ കൈവശക്കാർക്കോ ഉടമസ്ഥർക്കോ നിർദേശം നൽകാനും അത് പാലിക്കപ്പെടാത്തപക്ഷം പാടശേഖര സമിതിക്കോ സ്വയംതൊഴിൽ കർഷക സംഘത്തിനോ ഏല്പിച്ചുകൊടുക്കാനും ഉള്ള അധികാരവും കളക്ടർക്കുണ്ട്. ഇതിനായി സമയക്രമവും നിബന്ധനയുംവച്ചുള്ള കരാർ ഉണ്ടാക്കുകയും കരാർ കാലാവധികഴിഞ്ഞ് പൂർവസ്ഥിതിക്ക് മാറ്റംവരുത്താതെ ഭൂമി തിരിച്ചേൽപിക്കുകയും ചെയ്തിരിക്കണം. കരാർ പ്രകാരമുള്ള തുക ഭൂമിയുടെ അനുഭവക്കാർക്ക് മുൻകൂർ നൽകണം. ഇതു സംബന്ധിച്ച ഉചിതമായ അധികാരങ്ങൾ ജില്ലാകളക്ടർക്കും അധികൃതമാക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും ഉണ്ടായിരിക്കും. ഇതു സംബന്ധിച്ച അപ്പീലുകൾ ബന്ധപ്പെട്ട ജില്ലാ കോടതിയിൽ ഹാജരാക്കാവുന്നതും തീർപ്പാക്കാവുന്നതുമാണ്. ഈ നിയമവ്യവസ്ഥകളുടെ ലംഘനത്തിനോ നിഷേധത്തിനോ ഇടയാക്കുന്നവർക്ക് 6 മാസം മുതൽ 2 വർഷംവരെ തടവോ 90000 രൂപയിൽ കുറയാത്തതോ ഒരു ലക്ഷം രൂപയിൽ കവിയാത്തതോ ആയ തുക പിഴ ശിക്ഷയോ നൽകാവുന്നതാണ്. കമ്പനികൾ, കോർപ്പറേഷനുകൾ മുതലായവയുടെ ചുമതലക്കാർക്ക് കൂട്ടുത്തരവാദിത്തം ഏല്പിക്കപ്പെടാവുന്നതാണ്. വിചാരണാധികാരം, അധികൃതമാക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പരാതിയിന്മേലോ റിപ്പോർട്ടിന്മേലോ ആയിരിക്കണം പ്രാവർത്തികമാക്കേണ്ടത്. ചട്ടവ്യവസ്ഥകൾ നിർമിക്കാനും പ്രാബല്യം നൽകാനും സംസ്ഥാനസർക്കാരിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.ൗ