തണ്ണീർമുക്കം ബണ്ട് പ്രതീക്ഷയും യാഥാർത്ഥ്യവും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.
തണ്ണീർമുക്കം ബണ്ട് പ്രതീക്ഷയും യാഥാർത്ഥ്യവും
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം പരിസരം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ല
പ്രസിദ്ധീകരിച്ച വർഷം മെയ് 2010

തണ്ണീർമുക്കം ബണ്ട് പ്രതീക്ഷയും യാഥാർത്ഥ്യവും

എന്താണ് തണ്ണീർമുക്കം ബണ്ട്?

വേനല്കാലത്ത് അറബിക്കടലിൽ നിന്നുള്ള ഓരുജലം വേമ്പനാട്ടുകായലിന്റെ തെക്കൻ ഭാഗത്തേയ്ക് കട ന്നു വരുന്നത് തടയുന്നതിനുവേണ്ടി കായലിന് കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു നിയന്ത്രണ സംവിധാനമാണ് തണ്ണീർമുക്കം ബണ്ട്. കായലിന്റെ ഏറ്റവും വീതി കുറഞ്ഞഭാഗത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കിഴക്കേ കര കോട്ടയം ജില്ലയിലെ വെച്ചൂർ പഞ്ചായത്തിലും പടിഞ്ഞാറേ കര ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കത്തുമാണ്. ഏകദേശം 1250 മീറ്റർ ദൈർഘ്യമുണ്ട് ഈ ബണ്ടിന്.

എന്താണ് ബണ്ടിന്റെ ഘടന?

കായലിന് കുറുകെ ഒരു പാലം. പാലത്തിന് താഴെ അടച്ചും തുറന്നും നീരൊഴുക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഷട്ടറുകൾ. വൃശ്ചിക വേലിയേറ്റ ആരംഭത്തിൽ ഷട്ടറുകൾ താഴ്തും. ഇത് ഡിസംബർ 15 എന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഈ സമയത്താണ് ഓരുവെള്ളം കുട്ടനാട്ടിലേക്ക് വരേണ്ടത്. ഷട്ടറുകൾ അടഞ്ഞിരിക്കുന്നതിനാൽ ഇത് തടയപ്പെടും. നെല്പാടങ്ങളിൽ രണ്ടാം കൃഷി കഴിഞ്ഞ് കൊയ്ത്ത് പൂർത്തിയാകുമ്പോൾ ബണ്ട് തുറക്കും. ഇത് മാർച്ച് 15 എന്നും നിജപ്പെടുത്തിയിരിക്കുന്നു.

എന്തിനാണ് ഇത്തരം ഒരു ബണ്ട് നിർമിച്ചിരിക്കുന്നത്?

ഓരുവെള്ളം നെൽകൃഷിക്ക് ദോഷമാണ്. വേനല്കാലത്ത് ഓരുവെള്ളം തടഞ്ഞാൽ ഈ സമയത്ത് രണ്ടാമതൊരു കൃഷികൂടി സാധ്യമാകും. കോട്ടയം ജില്ലയിൽ 12,000 ഹെക്ടർ പ്രദേശത്തും ആലപ്പുഴ ജില്ലയിൽ 11,500 ഹെക്ടർ പ്രദേശത്തുമായി 23,500 ഹെക്ടർ പ്രദേശത്താണ് ഇങ്ങനെ രണ്ടാംകൃഷി ലക്ഷ്യമിട്ടത്.

ബണ്ട് ഈ രീതിയിൽ പൂർണമായും പ്രവർത്തിക്കുന്നുണ്ടോ

തീർച്ചയായും ഇല്ല. ഒന്നാമത്തെ സംഗതി ബണ്ടിന്റെ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഇരു കരകളിലും നിന്നുമായി മൂന്നിലൊന്ന് ഭാഗം വീതം മാത്രമാണ് നിർമാണം പൂർത്തിയാക്കിയത്. മധ്യഭാഗത്തുള്ള മൂന്നിലൊന്നു ഭാഗം സ്ഥിരമായി മണ്ണിട്ട് നികത്തി റോഡാക്കി മാറ്റിയിരിക്കുന്നു. അതായത് ഇവിടെയുള്ളത് അടക്കുകയും തുറക്കുകയും ചെയ്യാവുന്ന നിയന്ത്രണ സംവിധാനമല്ല. കായൽ സ്ഥിരമായി അടച്ചു കെട്ടിയിരിക്കുകയാണ്.

ഇത് മാത്രമാണോ പ്രശ്നം?

അല്ല, മാർച്ച് 15ന് ഈ മേഖലയിൽ കൊയ്ത്ത് പൂർത്തിയാവാറില്ല. അങ്ങനെ വന്നാൽ ബണ്ട് തുറക്കാൻ വൈകും. അത് ഏപ്രിൽ അവസാനം വരെ നീണ്ടുപോയ കാലവുമുണ്ട്. അങ്ങനെ ബണ്ടിന്റെ തെക്ക് വശത്ത് അല്പം പോലും ഓരു വെള്ളം വരാതെ അത് പൂർണ്ണമായും ശൂദ്ധജല തടാകമായി മാറി. അത് പുതിയ ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചു.

ഈ പരിസ്ഥിതി പ്രശ്നങ്ങളേക്കാൾ പ്രധാനമല്ലേ 23500 ഹെക്ടർ പ്രദേശത്തെ നെൽകൃഷി?

23500 ഹെക്ടർ പ്രദേശത്ത് രണ്ടാം കൃഷി സാധ്യമാണെന്നുള്ളത് ബണ്ടിന്റെ നിർമ്മാണ വേളയിലെ ഒരു പ്രതീക്ഷ മാത്രമായിരുന്നു. എന്നാൽ മറ്റ് പല കാരണങ്ങൾ കൊണ്ടും ഇത് പ്രാവർത്തികമായില്ല. ഇന്ന് കുട്ടനാട്ടിലെ കൃഷി ഏതാണ്ട് 12,000 – 15,000ഹെക്ടർ പ്രദേശത്ത് മാത്രമാണുള്ളത്. അതായത് ബണ്ട് 50%-ൽ താഴെ മാത്രമാണ് ലക്ഷ്യം നേടിയത്.

നെൽകൃഷി എത്ര ചെറുതാണെങ്കിലും പ്രധാനം തന്നെയല്ലേ ?

തീർച്ചയായും. പക്ഷേ ഇവിടെ രണ്ടു കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഒന്ന്, ഇന്ന് കുട്ടനാട്ടിലെ നെൽകൃഷി നേരിടുന്ന ഗൗരവമായ പ്രതിസന്ധി ഓരു വെള്ളത്തിന്റേതല്ല. നെൽപ്പാടം നികത്തുന്നതും തരിശിടുന്നതുമായ പ്രവണത വർദ്ധിച്ചു വരുന്നു. അതിന് സാമ്പത്തികവും രാഷ്ട്രീയവുമായ മറ്റു പല കാരണങ്ങളുമുണ്ട്. രണ്ടാമത്തെ കാര്യം തണ്ണീർമുക്കം ബണ്ട് സൃഷ്ടിക്കുന്ന മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങൾ ഇതിനേക്കാൾ വലുതാണ് എന്നതാണ്.

എന്താണ് ഈ മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങൾ ?

അവ വെറും പരിസ്ഥിതി പ്രശ്നങ്ങളല്ല. വേമ്പനാട്ടു കായലിലെ ജലപരിസ്ഥിതിയിൽ വന്ന മാറ്റം മൂലം ഇവിടുത്തെ മത്സ്യമേഖല, കക്ക ഉത്പാദനം, കണ്ടൽക്കാടുകളുടെ നിലനിൽപ്പ്, ജല ശുദ്ധത, ആരോഗ്യ മേഖല എന്നിവയിലൊക്കെ സംഭവിച്ച ദുരന്തങ്ങളാണ്.

യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാമോ?

തണ്ണീർമുക്കം ബണ്ടിന്റെ നിർമ്മാണം മൂലം വിശാലമായ വേമ്പനാട്ടു കായലിനെ രണ്ട് വ്യത്യസ്ത സ്വഭാവമുള്ള തടാകങ്ങളായി മാറ്റിയിരിക്കുകയാണ്. കൊച്ചി മുതൽ തണ്ണീർമുക്കം വരെയുള്ള വടക്കു ഭാഗത്ത് ഉപ്പു ജല തടാകവും തണ്ണീർമുക്കം മുതൽ ആലപ്പുഴ വരെയുള്ള തെക്ക് ഭാഗം ശുദ്ധജല തടാകവും. തെക്ക് ഭാഗം വെള്ളത്തിലെ ഉപ്പിന്റെ അളവ് 23ppt (part per thousand)യിൽ നിന്ന് 4ppt ആയി കുറഞ്ഞെന്നും, ഇതാണ് മത്സ്യ സമ്പത്തിനെ ബാധിച്ചതെന്ന് കാർഷിക സർവ്വകലാശാലയിലെ മത്സ്യ മേഖലാ ഗവേഷകൻ ഡോ. കെ. ജി. പദ്മകുമാർ ചൂണ്ടിക്കാട്ടുന്നു. അതുപോലെ തെക്ക് ഭാഗത്ത് വേലിയേറ്റവും വേലിയിറക്കവും ഇല്ലാതാകുന്നത് മുലമുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.

==ബണ്ട് അടഞ്ഞ് കിടക്കുന്ന ഡിസംബർ - മാർച്ച് മാസങ്ങൾ മത്സ്യത്തിന്റെ പ്രജനനകാലമല്ലാത്തതിനാൽ ഇതു മൂലം മത്സ്യ സമ്പത്തിൽ കുറവ് ഉണ്ടാവുകയില്ലെന്ന് ഒരു വാദമുണ്ടല്ലോ?==

തികച്ചും തെറ്റാണത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ മത്സ്യ മേഖലാ വിദ്ഗദ്ധൻ ഡോ. ബി. മധുസൂധനക്കുറുപ്പ് ഇക്കാര്യം വിശദീകരിക്കുന്നത് താഴെ ചേർത്തിരിക്കുന്നു. വേമ്പനാട്ടു കായലിലെയും മദ്ധ്യ തിരുവിതാംകൂറിലെയും സുപ്രധാനമായ ഒരു ജല സമ്പത്ത് ആയിരുന്നു ആറ്റുകൊഞ്ച് അഥവാ കാലൻ കൊഞ്ച്. 1960 – ൽ ഇതിന്റെ വാർഷിക ലഭ്യത 400 ടൺ ആയിരുന്നു. അതായത് ബണ്ട് വരുന്നതിന് മുമ്പ്. 1989-ൽ ഇതിന്റെ ലഭ്യത 40 ടൺ ആയി കുറഞ്ഞു.

ഇതും തണ്ണീർമുക്കം ബണ്ടുമായി എന്താണ് ബന്ധം ?

ആറ്റുകൊഞ്ചിന്റെ പരിപാലനവും വളർച്ചയും ശുദ്ധജലത്തിലാണ് നടക്കുന്നതെങ്കിലും മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നത് ഉപ്പ് വെള്ളത്തിൽ ആണ്. ഇതിന് 12-15 ppt ഉപ്പ് ഉള്ള വെള്ളം ആവശ്യമാണ്. തണ്ണീർമുക്കം ബണ്ട് നിർമ്മിക്കുന്നതിന് മുമ്പ് വേമ്പനാട്ടു കായലിന്റെ കുമരകം മുഹമ്മ പ്രദേശങ്ങളിൽ മുട്ട വിരിയിക്കുന്നതിന് വേണ്ടത്ര ഓര് ലഭിക്കുമായിരുന്നു. ബണ്ട് ഈ സാധ്യത ഇല്ലാതാക്കി. മുട്ടയിടാറായ കൊഞ്ച് കുമരകം - മുഹമ്മ ഭാഗത്ത് നിന്ന് വടക്കോട്ട് സഞ്ചരിച്ച് ഓരു വെള്ളം ലഭ്യമായ സ്ഥലത്ത് എത്തുന്നു. ഏതാണ്ട് 40 കിലോമീറ്റർ സഞ്ചരിച്ച് അരൂർ തേവര ഭാഗങ്ങളിൽ വരെ എത്തും. അവിടെയാണ് അവ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന വളർച്ചയെത്തിയ കുഞ്ഞുങ്ങൾ തിരികെ ശുദ്ധ ജലത്തിലേക്ക് മടക്ക യാത്ര ആരംഭിക്കും. തുടർന്നുള്ള അവയുടെ വളർച്ചയ്ക്ക് ശുദ്ധജലമാണ് ആവശ്യം എന്നാൽ ഈ സമയത്ത് ബണ്ട് അടഞ്ഞിരിക്കും ഇത് ആറ്റുകൊഞ്ചിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. മുപ്പത്തിമൂന്ന് കൊല്ലങ്ങളായി ഇത് തുടരുന്നു. അങ്ങനെയാണ് കുട്ടനാടൻ ആറ്റുകൊഞ്ച് വംശനാശത്തിന്റെ ഭീഷണിയിൽ എത്തി നിൽക്കുന്നത്.

ആറ്റുകൊഞ്ച് മാത്രമാണോ ഇത്തരത്തിൽ ഇല്ലാതായത് ?

തീർച്ചയായും അല്ല. ഡോ. കെ.ജി. പദ്മകുമാറിന്റെ പഠനത്തിൽ നിരവധി മത്സ്യങ്ങൾ കായലിൽ നിന്ന് അപ്രത്യക്ഷമായെന്ന് കണ്ടെത്തിയിട്ടുണ്ട്. കടലിൽ നിന്ന് വേലിയേറ്റത്തിൽ കടന്നു വരുന്ന പല ഓരു ജല മത്സ്യങ്ങളും വേമ്പനാട്ടു കായലിൽ ധാരാളം ഉണ്ടായിരുന്നു. തിരുത, പൂമീൻ, കണമ്പ്, കാളാഞ്ചി ഇങ്ങനെ പലതും. ഇവയൊക്കെ ഇപ്പോൾ കായലിൽ ഇല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. ബണ്ടിന്റെ ആവിർഭാവത്തിന് മുമ്പ് 150 ഇനം മത്സ്യങ്ങൾ വേമ്പനാട്ടു കായലിൽ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ അത് 61 ഇനങ്ങൾ മാത്രമായി കുറഞ്ഞിട്ടുണ്ടെന്നും ഡോ.പദ്മകുമാർ പറയുന്നു. ഇതിൽ തന്നെ പത്തെണ്ണം ഗുരുതരമായ വംശനാശ ഭീഷണിയെ നേരിടുകയാണ്. മഞ്ഞക്കൂരി, ആറ്റുവാള, തൂളി, നാടൻ മുഷി, പന്നക്കരിമീൻ, കോല, കുറുവ, പനയാരകൻ, അറിഞ്ഞിൽ എന്നിവയാണവ.

കായലിലെ മത്സ്യ ഉത്പാദനം സംബന്ധിച്ച എന്തെങ്കിലും കണക്കുകൾ ലഭ്യമാണോ?

തീർച്ചയായും. ബണ്ടിന്റെ ആവിർഭാവത്തിനു മുമ്പ് കായലിന്റെ വാർഷിക മത്സ്യോത്പാദനം 16000 ടൺ ആയിരുന്നു. ഇപ്പോൾ അത് 7000 ടൺ ആയി കുറഞ്ഞു. ആറ്റുകൊഞ്ചിന്റെ മാത്രം കണക്ക് 1960-ലെ 400ടണ്ണിൽ നിന്ന് 1989-ലെ 40 ടൺ ആയി കുറഞ്ഞ കാര്യം നേരത്തേ പറഞ്ഞല്ലോ? ഇപ്പോൾ അത് വീണ്ടും കുറഞ്ഞ് 27 ടൺ ആയി കുറഞ്ഞിട്ടുണ്ട്.

==ബണ്ടിന്റെ വടക്കുഭാഗത്ത് ഇപ്പോഴും ഓരു വെള്ളം ഉണ്ടല്ലോ ? തെക്ക് ശുദ്ധ ജലവും? ഈ രണ്ട് സ്ഥലങ്ങളും തമ്മിൽ മത്സ്യ ഉത്പാദനത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?==

തീർച്ചയായും വ്യത്യാസം ഉണ്ടാകാതെ തരമില്ലല്ലോ ? ഇപ്പോൾ ലഭിക്കുന്ന7200 ടൺ മത്സ്യത്തിൽ 90% - ൽ അധികവും അതായത് 6698 ടൺ, ബണ്ടിന്റെ വടക്ക് ഭാഗത്ത് നിന്നാണ് കിട്ടുന്നത്. തെക്കുഭാഗത്ത് നിന്നു കിട്ടുന്നത് 10 ശതമാനത്തിൽ താഴെയാണ്. അത് ഏതാണ്ട് 504 ടൺ മുതൽ 580 ടൺ വരെ വരും. ഈ വ്യത്യാസം വളരെ വലുതാണല്ലോ? ഇതേക്കുറിച്ച് കൊച്ചി സർവ്വകലാശാല നടത്തിയ മറ്റൊരു പഠനമുണ്ട്. അതനുസരിച്ച് കായലിലെ ഒരു ഹെക്ടർ സ്ഥലത്തെ വാർഷിക ശരാശരി മത്സ്യ ഉത്പാദനം 350 കിലോഗ്രാം ആണ്. തെക്കും വടക്കും കൂടി പരിഗണിക്കുമ്പോളാണ് ഈ ശരാശരി. വടക്കു ഭാഗം മാത്രം എടുത്താൽ ഇത് 490 മുതൽ 1250 കിലോഗ്രാം വരെയാണ്. തെക്ക് ഭാഗം മാത്രം എടുത്താൽ ഇത് 29 മുതൽ 90 വരെ കിലോഗ്രാമും ആണ്. ഇതും വലിയ വ്യത്യാസമാണ്. കായലിൽ നിന്ന് ലഭിക്കുന്ന ചെമ്മീനിന്റെ തൂക്കം 3500 ടൺ ആണ് ഇപ്പോൾ. ഇതിന്റെ 98%വും ബണ്ടിന്റെ വടക്ക് ഭാഗത്ത് നിന്നാണ് കിട്ടുന്നത്. തെക്ക് ഭാഗത്ത് വെറും രണ്ട് ശതമാനം. ഇതെല്ലാം വച്ച് നോക്കിയാൽ തണ്ണീർമുക്കം ബണ്ടിന്റെ തെക്ക് വശത്തെ മത്സ്യസമ്പത്ത് നശിപ്പിച്ചതിൽ തണ്ണീർമുക്കം ബണ്ടിന്റെ പങ്ക് വളരെ വലുതാണ് എന്നു കാണാം.

ഏകദേശം എത്ര മത്സ്യതൊഴിലാളികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട് ?

19,000 തൊഴിലാളികൾ വടക്ക് ഭാഗത്തും 5000 തൊഴിലാളികൾ തെക്ക് ഭാഗത്തും ഉണ്ടെന്ന് കണക്കാക്കുന്നു. ഇവരുടെ ഉപജീവനം മാത്രമായല്ല ഈ പ്രശ്നം പരിഗണിക്കേണ്ടത്. ഒന്ന് മത്സ്യ സമ്പത്തിന്റെ നാശം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം വരുത്തിവയ്ക്കുന്നു. രണ്ടാമത് മദ്ധ്യ തിരുവിതാംകൂർ മേഖലയുടെ ഭക്ഷണത്തിൽ കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന പ്രോട്ടീൻ മത്സ്യമായിരുന്നു. ഇതിന്റെ നല്ലൊരു ഭാഗവും സംഭാവന ചെയ്യേണ്ടത് വേമ്പനാട്ട് കായലാണ്. കുട്ടനാട് കേരളത്തിന്റെ നെല്ലറയാണെങ്കിൽ വേമ്പനാട് കേരളത്തിന്റെ മീൻകുട്ടയാണ്.

മത്സ്യത്തിന് മാത്രമാണോ ഇത്തരത്തിൽ നാശമുണ്ടായത് ?

അല്ല, കായലിലെ കക്ക ഒരു വ്യാവസായിക അസംസ്കൃത പദാർത്ഥവും കക്കയിറച്ചി ഭക്ഷണവുമാണ്. വില്ലോറിറ്റ സൈപ്രിനോയിഡ് എന്ന ശാസ്ത്രനാമത്തിലുള്ള കക്കയാണ് ട്രാവൻകൂർ സിമെന്റ്സ് അടക്കമുള്ള വ്യവസായ ശാലകളെ നിലനിർത്തി പോരുന്നത്. പണ്ട് കായലിന്റെ അടിത്തട്ടിൽ വെള്ള കക്കയുടെ നിക്ഷേപം ധാരാളം ഉണ്ടായിരുന്നു. അത് ഏകദേശം തീർന്നു കഴിഞ്ഞു. പുതുതായി ഉണ്ടാകുന്ന കറുത്ത കക്കയാണ് ഇനി ആശ്രയം. പക്ഷേ കറുത്ത കക്ക പുതുതായി ഉണ്ടാകുന്നില്ല.

എന്തുകൊണ്ടാണ് കക്ക പുതുതായി ഉണ്ടാകാത്തത് ?

1967-ൽ വേമ്പനാട്ടു കായലിൽ നിന്ന് ലഭിച്ച കക്കയുടെ തൂക്കം 28,000 ടൺ ആയിരുന്നു. 1989 ആയതോടെ ഇത് 7200 ടൺ ആയി കുറഞ്ഞു. ഇരുപത് കൊല്ലങ്ങൾക്ക് മുമ്പ് ഇവിടെ നിന്ന് ലഭിച്ചിരിക്കുന്ന കക്കയുടെ നീളം 40 – 60 മി.മീ. ആയിരുന്നു. എന്നാൽ ഇപ്പോൾ അത് 15 – 20 മി.മീ. ആയി കുറഞ്ഞു.

ബണ്ട് നിലവിലുണ്ട് എന്നതുമാത്രമാണോ കായലിന്റെ പ്രശ്നം ?

വേമ്പനാട്ടു കായൽ നേരിടുന്ന നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഏറ്റവും വലുത് തണ്ണീർമുക്കം ബണ്ട് തന്നെയാണ്. എന്ന് മാത്രമല്ല മറ്റ് പല കാരണങ്ങൾ മൂലം ഉണ്ടാകുന്ന പല പ്രശ്നങ്ങളേയും കുടുതൽ ഗുരുതരമാക്കുന്നത് ബണ്ടിന്റെ സാമീപ്യമാണ്.

അതിന് ഒരു ഉദാഹരണം പറയാമോ ?

കുട്ടനാടൻ പാടശേഖരങ്ങളിൽ പ്രയോഗിക്കുന്ന കീടനാശിനികളുടെ കണക്ക് നോക്കാം. പ്രതിവർഷം ശരാശരി 500 ടൺ കീടനാശിനിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതിൽ 370 ടൺ വിരിപ്പ് കൃഷിക്കും 130 ടൺ പുഞ്ച കൃഷിക്കും ആണ്. ഇതിൽ വലിയൊരു ഭാഗം അടുത്ത കൃഷിക്ക് പാടം വറ്റിക്കുമ്പോൾ ആ വെള്ളത്തോടൊപ്പം കായലിൽ എത്തിച്ചേരുന്നു. കീടനാശിനികൾ മാത്രമല്ല മദ്ധ്യ തിരുവിതാംകൂറിലെ 4 പ്രധാന നദികൾ - മണിമല, മീനച്ചിൽ, പമ്പ, അച്ചൻകോവിൽ - ‌‌ഒഴിക്കിക്കൊണ്ടു വരുന്ന വിവിധ തരം മാലിന്യങ്ങളിൽ ശബരിമലയിൽ നിന്നുള്ള മനുഷ്യ മലവും, ഹൈറേഞ്ചിലെ തോട്ടം മേഖലയിൽ പ്രയോഗിക്കുന്ന കീടനാശിനികളും പാല, കോട്ടയം, ചങ്ങനാശ്ശേരി, പത്തനംതിട്ട തുടങ്ങിയ നഗരങ്ങളിലെ നഗര മാലിന്യങ്ങളും അടങ്ങുന്നു. ഇവയെല്ലാം കായലിൽ തങ്ങി നിൽക്കുകയാണ്. ബണ്ട് ഇല്ലായിരുന്നെങ്കിൽ ഇവയെല്ലാം ഒഴുകി അറബിക്കടലിലേയ്ക്ക് പോകുമായിരുന്നു.

ബണ്ട് വർഷത്തിൽ 7 – 8 മാസങ്ങളെങ്കിലും തുറന്നു കിടക്കുകയല്ലേ ? ആ സമയത്ത് ഇവയൊക്കെ ഒഴുകിപ്പോകില്ലേ ?

ഇല്ല. കാരണം ആദ്യം പറഞ്ഞതുപോലെ ബണ്ടിന്റെ മദ്ധ്യഭാഗം തുറക്കാൻ പറ്റുന്ന രൂപത്തിലല്ല. അത് സ്ഥിരമായി റോഡ് നിർമ്മിച്ച് അടച്ചിരിക്കുകയാണ്. ഒഴുക്ക് ഏറ്റവും ശക്തമായി അനുഭവപ്പെടേണ്ടത് ഇവിടെയാണ്. അത് തടയപ്പെടുന്നതിനാൽ മാലിന്യങ്ങളത്രയും കായലിൽ തന്നെ അടിയുന്നു.

ഇങ്ങനെ അടിയുന്നതുകൊണ്ട് പ്രത്യക്ഷത്തിൽ എന്തെങ്കിലും ദോഷം സംഭവിച്ചിട്ടുണ്ടോ?

ഉണ്ട്. കായൽ ജലം അനാരോഗ്യപരമായി മലിനീകരിക്കപ്പെടാൻ ഇത് കാരണമാകുന്നു. അത് ഈ മേഖലയിൽ ജീവിക്കുന്ന ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇന്ന് പരിസരമലിനീകരണങ്ങൾ മൂലമുള്ള രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്ന ഒരു പ്രധാന കേന്ദ്രം ആലപ്പുഴ പൊതുവിലും, കുട്ടനാട് വിശേഷിച്ചും ആണ്. ഡങ്കിപ്പനി, ജപ്പാൻ ജ്വരം, ടൈഫോയിഡ് തുടങ്ങിയ മലിന ജലജന്യരോഗത്തിന്റെ കാര്യത്തിൽ കുട്ടനാട് വളരെ മുന്നിലാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് 2009 അവസാനം നടത്തിയ പഠനത്തിൽ കുട്ടനാട്ടിലെ ക്യാൻസർ സാന്ദ്രത വളരെ കൂടുതലാണെന്ന് കണ്ടു. ഇതിന്റെ കാരണം ജലമലിനീകരണമാണെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും പ്രാഥമിക നിരീക്ഷണങ്ങൾ അങ്ങനെയാണ് സൂചിപ്പിക്കുന്നത്. ഇതിന് കൂടുതൽ പഠനം ആവശ്യമുണ്ട്.

ജലമലിനീകരണം മൂലം ആരോഗ്യ പ്രശ്നം മാത്രമാണോ ഉണ്ടായിട്ടുള്ളത് ?

മേൽ വിവരിച്ച ആരോഗ്യപ്രശ്നം വളരെ ഗുരുതരമായ ഒന്നു തന്നെയാണ്. ഇത് കൂടാതെയാണ് ജല കളകളുടെ വളർച്ച. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ബണ്ടിന്റെ സാന്നിദ്ധ്യം മൂലം ഴെള്ളത്തിൽ ഉപ്പിന്റെ അംശം കുറഞ്ഞത്. രണ്ട്, പാടശേഖരത്തിൽ നിന്ന് പുറന്തള്ളുന്ന വെള്ളത്തിൽ അടങ്ങിയിട്ടുള്ള രാസവളം സൃഷ്ടിക്കുന്ന അതിപോഷകത്വം. ഇതിന്റെ ഫലമായി കായലിലും കായലിനോട് ചേർന്നുള്ള തോടുകളിലും ജലകളകൾ വ്യാപിച്ചു. കായലിൽ ജലകളകൾ ചാക്രികമായി നശിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ കുട്ടനാടൻ തോടുകളിലെ കളകൾ ഇങ്ങനെ നശിക്കപ്പെടുന്നില്ല. കുളവാഴകളും ആഫ്രിക്കൻ പായലുകളുമാണ് മുഖ്യമായും ഇവയിൽ ഉൾപ്പെടുന്നത്. ഇവയും മലിനീകരണത്തിന്റെ തീവ്രത പെരുകുകയാണ്. രോഗങ്ങൾക്കും കാരണമാകുന്നു. ജലഗതാഗതം വളർച്ച മുട്ടി നിൽക്കുന്നതിന്റെ ഒരു കാരണം ഇതാണ്. ഇങ്ങനെ നോക്കിയാൽ കുട്ടനാടിന്റെ ശാസ്ത്രീയവും സമഗ്രവുമായ വികസനത്തിന് തടസ്സമാവുകയാണ് തണ്ണീർമുക്കം ബണ്ട് എന്ന് പറയാം.

തണ്ണീർമുക്കം ബണ്ടും കണ്ടൽക്കാടും തമ്മിൽ എന്താണ് ബന്ധം ?

വേമ്പനാടിന്റെ തീരത്ത് കുമരകം മേഖലയിൽ വലിയ കണ്ടൽക്കാടുകൾ ഉണ്ടായിരുന്നു. വെള്ളത്തിൽ വളരാൻ കഴിവുള്ള ഇനം കണ്ടലുകളാണ് ഇവിടെ ഉണ്ടായിരുന്നത്. വെള്ളത്തിൽ ഉപ്പിന്റെ അംശം കുറഞ്ഞത് കണ്ടലുകൾക്ക് വളരാൻ പറ്റാത്ത അവസ്ഥയുണ്ടാക്കി. എന്നാൽ ഇത് മാത്രമല്ല അശാസ്ത്രീയമായ മറ്റ് വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി മരങ്ങൾ വൻതോതിൽ മുറിച്ച് മാറ്റിയതും കണ്ടൽക്കാടിന്റെ നാശത്തിന് കാരണമായിട്ടുണ്ട്.

കണ്ടൽക്കാടുകൾകൊണ്ട് മനുഷ്യർക്ക് പ്രയോജനം എന്താണ് ?

കണ്ടൽക്കാടുകൾക്ക് നിരവധി സവിശേഷതകളുണ്ട്. അവ ചെളിനിറഞ്ഞ ചതുപ്പ് പ്രദേശത്ത് സ്ഥിതി ചെയ്യുന്നവയാണ്. അതുകൊണ്ട് മതിയായ പ്രാണവായു ലഭിക്കുന്നതിനായി അവയുടെ വേരുകൾ ജലോപരിതലത്തിലേയ്ക്ക് വളരും. ഇത്തരം മരങ്ങൾ കൂട്ടമായി നിൽക്കുമ്പോൾ അവയുടെ വേരുകൾ മുകളിലേക്ക് ഉയർന്ന് ഈ ഭാഗത്തെ ജലത്തെ ശാന്തമായി നിലനിർത്തുന്നു. അതുകൊണ്ട് വിവിധയിനം ജലമത്സ്യങ്ങൾ മുട്ടയിടുന്നതിനുള്ള സ്ഥലമായി ഈ ഭാഗം തിരഞ്ഞെടുക്കാറുണ്ട്. അതായത് ശുദ്ധ ജല മത്സ്യങ്ങളുടെ വളർച്ചയ്ക്ക് കണ്ടൽക്കാടുകൾ അനിവാര്യമാണ്.

ഇങ്ങനെയൊക്കെ നോക്കിയാൽ തണ്ണീർമുക്കം ബണ്ട് വേമ്പനാട് കായലിന്റെ ഭാവി അപകടത്തിലാക്കി എന്നാണോ പറയുന്നത് ?

തീർച്ചയായും അതെ. മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് മാത്രമല്ല. തണ്ണീർമുക്കം ബണ്ട് വെമ്പനാട് കായലിനെ പ്രത്യക്ഷമായിത്തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അതെങ്ങനെ ?

കായലിലേയ്ക്ക് 4 പ്രധാന നദികൾ ഒഴുകിയെത്തുന്നുണ്ട് എന്നു പറഞ്ഞല്ലോ ? ഇവ വലിയ തോതിൽ എക്കൽ ഒഴുക്കിക്കൊണ്ട് വരുന്നുണ്ട്. വിശേഷിച്ചും കിഴക്കൻ മലനിരകളിലെ കാടുകളുടെ ഘടനയ്ക്ക് വലിയ മാറ്റം വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മണ്ണൊലിപ്പ് വളരെ കൂടുതലാണ്. ഈ എക്കൽ മുഴുവൻ തണ്ണീർമുക്കം ബണ്ടിനോട് ചേർന്നുള്ള തെക്ക് ഭാഗത്ത് അടിയുകയാണ്. അതുകൊണ്ട് കുമരകത്ത് കവണാർ കായലിനോട് ചേരുന്ന ഭാഗം മുതൽ വടക്ക് ബണ്ട് വരെയുള്ള ഭാഗത്ത് മാർച്ച് - ഏപ്രിൽ മാസക്കാലത്തെ ശക്തമായ വേനലിൽ ചതുപ്പ് സ്വഭാവം കാണാൻ തുടങ്ങും. ഇതിന്റെ മുകളിൽ പുല്ലും ജലകളകളും വളർന്നാൽ അത് ക്രമേണ കരയായി മാറും. വേനൽക്കാലത്ത് ഈ ഭാഗത്ത് ആഴം കുറയുന്നു. അതായത് വേമ്പനാട്ട് കായൽ നികന്ന് കരയായിമാറുമോ ചതുപ്പായിത്തീരുകയോ ചെയ്യുന്ന കാലം വളരെയൊന്നും ദൂരത്തല്ല.

ഇത്രയും അപകടം സൃഷ്ടിക്കുന്ന ഒന്നാണ് ബണ്ടെന്ന് മുൻകൂട്ടി കാണാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്? ബണ്ടിന്റെ നിർമ്മാണം വരുത്താനിടയുള്ള പ്രശ്നങ്ങളെക്കുറിച്ച് എന്തെങ്കിലും പഠനം നടന്നിരുന്നോ?

തണ്ണീർമുക്കം ബണ്ടിന്റെ ശില്പിയായ പ്രസിദ്ധ എൻജിനീയർ ശ്രീ. പി. എച്ച് വൈദ്യനാഥൻ തന്റെ കുറിപ്പുകളിൽ ഇത് സൂചിപ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പഠിച്ച ഡോ. പദ്മകുമാർ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. “ 1949 ധനുമാസം 1-ാം തീയതി വേമ്പനാട് കായലിലെ ബ്ലോക്ക് കൃഷിയിൽ ഒരു മാസം മൂപ്പെത്തിയ വൃശ്ചികത്തിൽ വിതച്ച നെൽകൃഷി തലേ ദിവസത്തെ അതിശക്തമായ തുലാ മഴയിലും വേലിയേറ്റത്തിലും മട വീണ് നശിച്ചു. വിവരം അറിഞ്ഞ് മന്ത്രി ജോൺ ഫിലിപ്പോസ് അതിൽ തന്റെ നിലം കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കി ആലപ്പുഴയിൽ എത്തി. അസി. എൻജിനീയർ പി. എച്ച് വൈദ്യനാഥനോട് പ്രതിവിധി ആരായുന്നു. അമേരിക്കയിൽ പഠനം കഴിഞ്ഞെത്തിയ ശ്രീ. വൈദ്യനാഥൻ സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന ബണ്ട് കൃഷിരീതി പോലെയുള്ള ഒരു കൃഷിരീതിയെപ്പറ്റി പറയുന്നു. ഇത്തരത്തിലൊരു പദ്ധതിയ്ക്ക് സ്പെഷ്യൽ ഓഫീസറായി വൈദ്യനാഥൻ നിയമിക്കപ്പെടുന്നു. 8 മാസം കൊണ്ട് തയ്യാറാക്കിയ റിപ്പോർട്ട് മദ്രാസിലുള്ള ചീഫ് എൻജിനീയർക്ക് അയച്ചു കൊടുത്തപ്പോൾ ഇത് വളരെ ആലോചിച്ച് ചെയ്യേണ്ടതാണെന്ന് രേഖപ്പെടുത്തുന്നുണ്ട്. ബഹു. ജസ്റ്റിസ്. കൃഷണയ്യർ ജലസേചന മന്ത്രിയായിരുന്ന കാലത്ത് 1958-ൽ കേന്ദ്രമന്ത്രി വി.കെ. കൃഷ്ണ മേനോൻ തറക്കല്ലിട്ട പദ്ധതിയുടെ ശിലാസ്ഥാപന സമയത്ത് ചീഫ. എൻജിനീയർ റ്റി.പി. കുട്ടിയമ്മ പറഞ്ഞുവത്രേ "ഈ പദ്ധതി മത്സ്യമേഖലയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ബണ്ടിന് തെക്ക് ഭാഗത്ത് 85 ഊന്നിവലകൾ ഉണ്ട്. ഇത് മാറ്റുന്നതിന് നഷ്ടപരിഹാരം നൽകും. തെക്ക് ഭാഗത്ത് ശുദ്ധജല മത്സ്യം കൃഷി ചെയ്യുന്നതിനായാൽ മത്സ്യോത്പാദനം വർദ്ധിക്കും.കായലിലെ ഊന്നിവലകൾ മാറ്റിയാൽ പ്രശ്നങ്ങൾ തീരും.” വളരെ ലളിതമായിട്ടാണ് ഈ പ്രശ്നങ്ങളെ സമീപിച്ചതെന്ന് അർത്ഥം. തന്റെ നെൽകൃഷി വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടതറിഞ്ഞ ഒരു ഭരണാധികാരിയുടെ വ്യക്തിപരമായ ഉത്ക്കണ്ഠകളാണ് ഇതുപോലൊരു കൂറ്റൻ നിർമ്മിതിക്ക് കാരണമായിത്തീർന്നത്. പദ്ധതി വരുത്തിവയ്ക്കാൻ പോകുന്ന പാരിസ്ഥിതികാഘാതത്തെപ്പറ്റി കാര്യമായ പഠനങ്ങളൊന്നും നടന്നില്ല.

ഈ പദ്ധതിക്കെതിരായി, പരിസ്ഥിതി പ്രവർത്തകരിൽ നിന്ന് എതിർപ്പുകളൊന്നും ഉണ്ടായില്ലേ ?

1949 ലാണ് പദ്ധതി നിർദ്ദേശിക്കപ്പെടുന്നത്. 1958-ൽ തറക്കല്ലിട്ടു. തുടർന്ന് പണി ആരംഭിച്ചു. 1976-ൽ കമ്മീഷൻ ചെയ്തു. ഇക്കാലത്ത് കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെയാകമാനം പാരിസ്ഥിതിക അവബോധം ഇന്നത്തെ മാതിരി വികാസം പ്രാപിച്ചിരുന്നില്ല. 1960 കളിലാണ് ലോകത്ത് പൊതുവിൽ പരിസ്ഥിതി പ്രസ്ഥാനം ആരംഭിക്കുന്നത്. 1972-ലാണ് ആദ്യത്തെ പരിസ്ഥിതി സമ്മേളനം സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടക്കുന്നത്. ഇതിന്റെ അലയൊലികൾ കുട്ടനാട് പോലെയുള്ള ഒരു സ്ഥലത്ത് കാര്യമായൊന്നും എത്തിയിരുന്നില്ല. മാത്രമല്ല വികസനത്തെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് അന്ന് വ്യത്യാസമായിരുന്നു. കൂറ്റൻ ഫാക്ടറികൾ, വൻ അണക്കെട്ടുകൾ തുടങ്ങിയ നിർമ്മിതികൾ കൊണ്ട് സാമ്പത്തിക പുരോഗതി ഉണ്ടാകുമെന്നായിരുന്നു അന്നത്തെ വിശ്വാസം. അണക്കെട്ടുകൾ ഭാവി ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് എന്ന് ഭക്രാനംഗൽ അണക്കെട്ടിനെപ്പറ്റി ജവഹർലാൽ നെഹ്റു പറഞ്ഞത് ഓർമ്മിക്കുക. ഇന്ന് ലോകത്തെമ്പാടും ഇത്തരം വൻകിട അണക്കെട്ടുകളെപ്പറ്റി ഇത്തരത്തിലുള്ള അഭിപ്രായമല്ല നിലനിൽക്കുന്നത്. നമ്മുടെ പാരിസ്ഥിതികാവബോധം മാറിയിട്ടുണ്ട്. ഇന്നായിരുന്നുവെങ്കിൽ ഒരു പക്ഷേ പരിസ്ഥിതി സംബന്ധിച്ച കാരണങ്ങൾ കൊണ്ടുതന്നെ തണ്ണീർമുക്കം ബണ്ടിന്റെ നിർമ്മാണത്തിന് അനുമതി നിഷേധിക്കപ്പെട്ടേനെ.

അന്ന് യാതൊരു തരത്തിലുള്ള എതിരഭിപ്രായവും ഉണ്ടായിരുന്നില്ലേ ?

എതിരഭിപ്രായം ഉണ്ടായിരുന്നു. കുമരകത്തെ ഒരു കർഷക പ്രമുഖനായിരുന്ന ജോൺ എബ്രഹാം ആണ് എതിർപ്പ് ഉന്നയിച്ചത്. ബണ്ട് സൃഷ്ടിക്കാൻ പോകുന്ന പാരിസ്ഥിതിക ദുരന്തങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം ഒരു പ്രമുഖ ദിനപത്രത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. പക്ഷേ അധികാരികൾ അത് ഗൗരവമായി എടുത്തില്ല. ഇതുവരെയുള്ള ചർച്ചകൾ സൂചിപ്പിക്കുന്നത് തണ്ണീർമുക്കം ബണ്ട് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അത് കായലിന്റെ ഇരുകരകളിലുമുള്ള ജനജീവതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുമാണ്.

എന്നാലും ഇവയെ നെല്ലുല്പാദനവുമായി താരതമ്യം ചെയ്ത് ഏതാണ് പ്രധാനമെന്ന് തീരുമാനിക്കേണ്ടതല്ലേ?

നെല്ല് ഉത്പാദനം, മത്സ്യബന്ധനം, ആരോഗ്യസുരക്ഷ, പരിസ്ഥിതിസംരക്ഷണം ഇവയോരോന്നുമെടുത്ത് പ്രത്യേകമായി പരിശോധിച്ച് ഏത് വലുത് ഏത് ചെറുത് എന്ന് തർക്കിക്കുകയല്ല വേണ്ടത്. ഒരു പരിഷ്കൃത സമൂഹവും അത്തരം തർക്കങ്ങൾ നടത്താറുമില്ല. ഒരു പ്രദേശത്തെ ജനജീവതത്തെ അതിന്റെ സമഗ്രതയിൽ കാണുകയും അവരുടെ പൊതുവായ ഉന്നമനത്തെ ലക്ഷ്യമാക്കി നയങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുകയാണ് വേണ്ടത്. എന്നാൽ ഭൂമിയെയും വെള്ളത്തെയും അതുപോലെയുള്ള പ്രകൃതി വിഭവങ്ങളെയുമെല്ലാം ലാഭമുണ്ടാക്കാൻ മാത്രമുള്ള ഉപാധിയായി കാണുന്ന സമൂഹത്തിൽ വിവിധ വിഭാഗം ജനങ്ങളെയും അവരുടെ ഉത്പാദന പ്രവർത്തനങ്ങളെയും ലാഭമോഹത്തോടെ താരതമ്യം ചെയ്യുകയും സർക്കാരിനേയും അധികാരി വർഗത്തെയും സ്വാധീനിക്കാൻ കഴിയുകയും ചെയ്യുന്നവർക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാവുകയും ചെയ്യാം. ഇത് മുതലാളിത്തത്തിന്റെ തന്ത്രമാണ്. ഈ തന്ത്രം തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ തള്ളിക്കളഞ്ഞുകൊണ്ട് കായലിന്റെ ഘടനയിൽ നെൽകൃഷിക്ക് അനുകൂലമായ നിർമ്മാണ പ്രവർത്തനമെന്ന നിലയിൽ ബണ്ട് പണിയാൻ തീരുമാനിച്ചത്. ഈ തീരുമാനമെടുത്തത് ഏകദേശം മുക്കാൽ നൂറ്റാണ്ട് മുമ്പാണ്. അന്നത്തെ കർഷകൻ ഇന്നത്തെപ്പോലെ ദുർബലനായിരുന്നില്ല. അക്ഷരാർത്ഥത്തിൽ കായൽ രാജാക്കന്മാർ തന്നെയായിരുന്നു. തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചതിലൂടെ മത്സ്യത്തൊഴിലാളികൾക്കെതിരെ കായൽ രാജാക്കന്മാരുടെ പക്ഷം പിടിക്കുകയാണ് സർക്കാർ ചെയ്തത്. ഇന്ന് പുതിയൊരു രംഗമാണ് കാണുന്നത്. മത്സ്യത്തൊഴിലാളികൾ തകർന്നു. നെൽകർഷകർ ദുർബലരായി. അതുകൊണ്ട് കായലല്ല വയലുകളും പുതിയ മൂലധനശക്തികൾക്ക് കൈമാറുകയാണ് സമൂഹത്തിലെ ഉപരിവർഗ്ഗം. ഇതാണ് ഇന്ന് നെൽകൃഷി നേരിടുന്ന പ്രധാന പ്രശ്നം.

ഇത് വിശദീകരിക്കാമോ ?

ചരിത്രം പുതിയ രൂപത്തിൽ ആവർത്തിക്കുകയാണ്. കുട്ടനാടൻ പ്രദേശത്ത് മത്സ്യത്തൊഴിലാളികളെയും നെൽകർഷകരെയും നീക്കംചെയ്തുകൊണ്ട് ടൂറിസം മൂലധന ശക്തികൾ വരുന്നു. വൻതോതിൽ നെൽപാടം വാങ്ങി നികത്തി റിസോർട്ടുകൾ പണിയാനുള്ള ശ്രമത്തിലാണവർ.

ഒരു ഉദാഹരണം പറയാമോ ?

കുമരകം പഞ്ചായത്ത് അതിർത്തിയിലുള്ള മെത്രാൻ കായൽ പാടശേഖരം എടുക്കുക. ഏതാണ്ട് 400 ഏക്കർ വിസ്തൃതി വരും അതിന്. ഇതിന്റെ സിംഹഭാഗവും ഒരു വൻകിട ടൂറിസം കമ്പനി വിലയ്ക്കെടുത്തു കഴിഞ്ഞു. പാടം നികത്തി ഗോൾഫ് മൈതാനം നിർമ്മിക്കുകയാണവരുടെ മുഖ്യപരിപാടി. ഏതാനും നാളുകൾക്ക് മുമ്പ് മാലിക്കായലിൽ നെൽപ്പാടം നികത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും ഓർക്കുക. യഥാർത്ഥത്തിൽ ഈ പുതിയ സാമ്പത്തിക-വികസന നയങ്ങളാണ് നെൽകൃഷിയെ പ്രതിസന്ധിയിലെത്തിക്കുന്നത്.

നെൽപ്പാടം നികത്തുന്നത് തടയുന്ന നിയമങ്ങളുണ്ടല്ലോ ?

ഉണ്ട് നെൽവയൽ-നീർത്തട സംരക്ഷണ നിയമം. പക്ഷേ ഇനിയും നടപ്പിലായി തുടങ്ങിയിട്ടില്ല. സത്യത്തിൽ ഇത്തരം കാര്യങ്ങളാണ് അധികാരികൾ ശ്രദ്ധിക്കേണ്ടത്. നെൽവയലിന്റെ മേൽ വരുന്ന ഇത്തരം മൂലധന അധിനിവേശങ്ങളെ ചെറുക്കാൻ കർഷകരും അല്ലാത്തവരുമായ മുഴുവൻ ജനങ്ങളും അണിനിരക്കണം.

തണ്ണീർമുക്കം ബണ്ടിന്റെ കാര്യത്തിൽ എന്താണ് നാം തീരുമാനിക്കേണ്ട നിലപാട്. അത് പൂർണ്ണമായും പൊളിച്ച് മാറ്റണം എന്നാണോ ?

പൊളിച്ച് മാറ്റേണ്ടതില്ല. അതൊരു പാലമായി ഉപയോഗിക്കാമല്ലോ?

ബണ്ട് പൂർണ്ണമായും തുറന്നിടണം എന്നാണോ പറയുന്നത് ?

പൂർണ്ണമായും തുറന്നിടുന്നതിന് മുമ്പ് മതിയായ പഠനങ്ങൾ നടത്തണം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികം കാലം ഉപ്പുവെള്ള സാമീപ്യമില്ലാതിരുന്നതിനാൽ അതിന് യോജിച്ച ഒരു പാരിസ്ഥിതികാവസ്ഥ ഈ മേഖലയിൽ രൂപപ്പെട്ടിട്ടുണ്ട്. ബണ്ട് തുറന്നിട്ടാൽ ഇവിടേയ്ക്ക് ഉപ്പുവെള്ളം എത്തിച്ചേരുകയും അതുവഴി ബണ്ട് നിർമ്മിക്കുന്നതിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കപ്പെടുമെന്നും കരുതുക വയ്യ. കാരണം, പാരിസ്ഥിതിക മാറ്റങ്ങളിൽ വന്ന വഴിയേ ഉള്ള തിരിച്ച് പോക്ക് പലപ്പോഴും സംഭവിക്കുകയില്ല. ഇപ്പോഴത്തെ പരിതസ്ഥിതിയിലേയ്ക്ക് ഉപ്പുവെള്ളം കയറിവന്നാൽ അവ രണ്ടും ചേർന്ന പുതിയൊരു സ്ഥിതി വിശേഷം സംജാതമായേക്കാം. അത് എന്തായിരിക്കുമെന്ന് പൂർണ്ണമായി പ്രവചിക്കാനാവില്ല. അതിന് വിശേഷാൽ പഠനം വേണം.

ഈ പഠനം എങ്ങനെ നടത്തും?

ബണ്ട് പരീക്ഷണാർത്ഥം ഒരു നിശ്ചിത കാലത്തേക്ക് തുറന്നിടണം. ആ കാലത്ത് ഉണ്ടാകുന്ന വിവിധ മാറ്റങ്ങൾ പഠിക്കണം.

എന്തൊക്കെയാണ് പഠിക്കേണ്ടത്?

ബണ്ട് തുറന്നുകിടക്കുന്ന കാലത്തെ നെൽകൃഷിയിലെ മാറ്റം, മത്സ്യത്തിന്റെ വളർച്ച, കായലിലെ നീരൊഴുക്ക്, മലിനീകരണസ്ഥിതി, ജലകളകൾ, ജലഗുണത തുടങ്ങിയവയെല്ലാം പഠന വിധേയമാക്കണം. അതിനായി ഒരു വിദഗ്ദ്ധ കമ്മിറ്റിയെ നിയമിക്കണം. കേരള കാർഷിക സർവ്വകലാശാല, കൊച്ചിൻ യൂണിവേഴ്സിറ്റി CWRDM, മലിനീകരണ നിയന്ത്രണബോർഡ്, മെഡിക്കൽ കോളജുകൾ, ഫിഷറീസ് കോളേജ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ ഏകോപിച്ചുള്ള പ്രവർത്തനം ഇതിന് വേണ്ടി വരും.

പഠനത്തിനായി എത്ര വർഷം തുറന്നിടേണ്ടി വരും ?

മൂന്നു വർഷം തുടർച്ചയായി തുറന്നിടേണ്ടി വരും. ആദ്യ വർഷത്തിൽ ചില തിരിച്ചടികകൾ ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. ഒരു പക്ഷേ കുടിവെള്ള ക്ഷാമം പോലെയുള്ള ചില പ്രശ്നങ്ങൾ. അവ പെരുപ്പിച്ച് കാണിക്കുവാനും അതുവഴി അന്തിമ തീരുമാനം അശാസ്ത്രീയമാകുന്നതിനും സാദ്ധ്യതയുണ്ട്. ചുരുങ്ങിയത് മൂന്നുവർഷത്തെ മാറ്റങ്ങൾ പഠിക്കുകയാണെങ്കിൽ മാറ്റത്തിന്റെ ദിശകൃത്യമായി മനസ്സിലാക്കി പരമാവധി ശരിയായ തീരുമാനം എടുക്കുവാൻ കഴിയും.

ഈ മൂന്നു വർഷക്കാലം പുഞ്ചകൃഷി സാദ്ധ്യമാവുകയില്ലല്ലോ? അത് ഉപേക്ഷിക്കണമോ?

വേണ്ട, സാധാരണ പുഞ്ചകൃഷിക്ക് വിതയ്ക്കുന്നത് നവംബറിലാണ്. ഫെബ്രുവരിയിലോ മാർച്ചിലോ കൊയ്യുന്നു. വിത നീണ്ടുപോയാൽ കൊയ്ത്തും നീളും. ഈ സാഹചര്യത്തിലാണ് ബണ്ട് വേണ്ടിവരുന്നത്. ഒക്ടോബർ ആദ്യം വിതച്ചാൽ ഫെബ്രുവരി ആദ്യം കൃഷി പൂർത്തിയാക്കാം. തുലാമാസത്തെ വരെ വെള്ളപ്പൊക്കം കഴിയാൻ കാത്തിരിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്. തുലാവെള്ളത്തിൽ നിന്ന് നെല്ലിനെ രക്ഷിക്കാൻ കഴിയുന്ന രൂപത്തിൽ പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തിയാൽ നേരത്തെ വിതയ്ക്കാം. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുലാവെള്ളം മുൻകാലങ്ങളിലേതുപോലെ സംഹാരതാണ്ഡവം നടത്താറില്ലെന്നത് വേറെകാര്യം. എന്നാലും നമുക്കതിനെ വിശ്വസിക്കാൻ പറ്റില്ല. എല്ലാ പാടശേഖരങ്ങളുടെയും പുറം ബണ്ട് അടിയന്തിരമായി ബലപ്പെടുത്തണം. ഇപ്പോഴത്തെ പഞ്ചായത്തുകളുടെ പ്രവർത്തന പശ്ചാത്തലത്തിൽ അത് അസാദ്ധ്യമായ കാര്യമല്ല. ഇങ്ങനെ പുറംബണ്ട് ബലപ്പെടുത്തി വിത പുറകോട്ട് കൊണ്ടുവരാൻ കഴിഞ്ഞാൽ ഉപ്പുവെള്ളം വരുന്നതിന് മുമ്പു തന്നെ കൊയ്ത്ത് പൂർത്തിയാക്കാം. ബണ്ടില്ലെങ്കിലും രണ്ടാം കൃഷി സാദ്ധ്യമാകും.

വേനൽ പ്രതീക്ഷിക്കുന്നതിനേക്കാൾ ശക്തമാവുകയും ഉപ്പുവെള്ളം നേരത്തെ വരുകയും ചെയ്താലോ?

വളരെ ചെറിയ തോതിൽ മാത്രം സംഭവ്യമാകാനിടയുള്ള ഒരു അപകട സാദ്ധ്യതയാണത്. ഒരുപാട് നേരത്തെ എന്തായാലും ഉപ്പുവെള്ളം വരില്ല. എന്നാലും പൂർണ്ണമായും തള്ളിക്കളയേണ്ട. അങ്ങനെയുള്ള അത്യാവശ്യ ഘട്ടങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങളും മറ്റും ഉപയോഗിച്ച് മുഴുവൻ പാടങ്ങളും കൊയ്യാനുള്ള സംവിധാനം ഒരുക്കണം. എല്ലാ മുൻകരുതലുകളുമെടുത്തിട്ടും വിളനഷ്ടപ്പെടുകയാണെങ്കിൽ വിളയുടെ മുഴുവൻ വിലയും സർക്കാർ കർഷകന് നഷ്ടപരഹാരമായി നൽകണം. നിലവിലുള്ള വിള ഇൻഷ്വറൻസ് കാര്യക്ഷമമാക്കിയാലും മതിയല്ലോ? ഒരു പക്ഷേ കർഷക തൊഴിലാളികൾക്കും സഹായം നൽകേണ്ടി വന്നേക്കാം. എന്ത് വില കൊടുത്തും ബണ്ട് പരീക്ഷണാർത്ഥം മൂന്ന് വർഷത്തേക്ക് തുറന്നിടാനുള്ള തീരുമാനം എടുക്കുകയാണ് വേണ്ടത്.