തെരുവരങ്ങ് ചെറുനാടകങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
alt text

ഒക്ടോബർ 19 ന് കോഴിക്കോട് ന‌‌ടന്ന ശിൽപശാലയിൽ പുതുക്കിയ സ്ക്രിപ്റ്റുകൾ

 
കോഴിക്കോട് ന‌‌ടന്ന ശിൽപശാലയിൽ നിന്ന്

അടിവേര്‌ പൊട്ടിയ മല

നടു പാതിരനേരം, ഒരു മല -
യാർത്തുവിളിച്ചു കരഞ്ഞുപറഞ്ഞു
മാറിപ്പോ! കൊടുമുടികേറിയ
മന്ദതവാറ്റി മയങ്ങുന്നോരേ,
മാറിപ്പോ! സർവചരാചര ജീവികളേയെൻ ബലമഴിയുന്നു!
ഉരുൾപൊട്ടുകയല്ലിതു ഞാനെൻ
ഉള്ളം പൊട്ടിയൊലിച്ചു വരുന്നു..
തുടൽ പൊട്ടിയ പ്രാന്ത,ല്ലെന്നുടെ
കാലടി വെച്ച നിലം തകരുന്നു.
എവിടെന്റെ കനത്തിനുവേരായ്
മണ്ണിലുറച്ച കരിങ്കൽപ്പാറകൾ?
എവിടെന്റെ ബലത്തിനു,മറുബല -
മൂന്നാൻ ചാരിയൊരടിവേരുകളും?
ആരാണെൻ നീർച്ചാൽ വഴിയിൽ
തൊട്ടിലുകെട്ടിത്താരാട്ടുന്നു?
ആരാണെൻ കാറ്റു വഴികളിൽ
ഇരുമ്പും കല്ലും കുരിശേറ്റുന്നു?
മാറിപ്പോ! മർത്ത്യ ജയത്തിൻ
മന്ദതവാറ്റിമയങ്ങുന്നോരേ...
മാറിപ്പോ! കൊറ്റിനു തെണ്ടി
ഗതി കെട്ടീ വഴി വന്നവരേ...!
(പശ്ചാത്തലത്തിൽ)

" ചിങ്ങക്കര ബ്ബല നരസിംഹതെയ്യോ .......
ചെലക്കാണ്ട് പോയി കിടക്കെന്റെ തെയ്യോ ......
തെയ്യത്തിന് രണ്ടിറ്റ് റാക്ക് വേണോ ......
തെയ്യത്തിനെന്നുടെ ചോര വേണോ .....

(വടിയുടെ അറ്റത്ത്‌ ഭാണ്ഡവുമായി വരുന്ന അസ്വസ്ഥനായ അച്ഛൻ ഇടയ്‌ക്കിടയ്‌ക്ക്‌ ഞെട്ടി എഴുന്നേൽക്കുന്നു. വേദിയുടെ പല ഭാഗത്തേക്കായി അതാ എന്നു പറഞ്ഞു കൈ ചൂണ്ടുന്നു)
അച്ഛൻ : നിങ്ങളാരെങ്കിലും കണ്ടോ ന്റെ മോനെ, ഓനേ ഇനിക്ക്‌ കാവലാ. ഞാൻ ന്താ ള്ളക്കുട്ട്യാ എനിക്കെന്തോ തകരാറുണ്ടെന്നാ ............ ണ്ടോ എനിക്കെന്തോ തകരാറുണ്ടോ ഉവ്വോ
(വെടിയൊച്ച ഞെട്ടുന്നു)
കേട്ടില്ലേ ങ്ങള്‌ ആ മലേല്‌ പാറപൊട്ടിക്കണ ഒച്ച ഞളാരും കേക്കൂല അതാണെന്റെ പ്രശ്‌നം. ഞാനെടയ്‌ക്കെടക്ക്‌ കേക്കാണ്‌
(അച്ഛനെ തിരഞ്ഞ്‌ വരുന്ന മകൻ)
മകൻ : അച്ഛാ ................. അച്ഛാ എന്തുപണിയാ കാണിക്കുന്നത്‌. ഞാനെവിടൊക്കെ തിരഞ്ഞു. വീട്ടുപ്പോവാം.
അച്ഛൻ : നീ നടന്നോ
മകൻ : വേണ്ട അച്ഛനേയും കൊണ്ടേ ഞാൻ പോവുന്നുള്ളൂ.
അച്ഛൻ : ഉരുളുപൊട്ടി മലവെള്ളം പുഴപോലെ പാഞ്ഞുവന്നിട്ടും എന്നെ കൊണ്ടുപോവാൻ കഴി ഞ്ഞില്ല. (ശബ്‌ദം ഇടറി) എന്റെ ശരദേം എന്റെ മോളും ............. മഴശക്തി കൂടിവന്നപ്പോ ചെറതാഴത്തെ ഭഗവതിക്ക്‌ ഒരു പട്ടു നേരണമെന്ന്‌ ഞാൻ പറഞ്ഞതാ. നീ കേട്ടില്ല.
മകൻ : അപ്പോഴേയ്‌ക്കും ചെറതാഴത്തെ ഭഗവതി വെള്ളത്തിലായിപ്പോയില്ലേ.
അച്ഛൻ : ന്നാലും ശക്തിണ്ടാവും.
മകൻ : ഉണ്ടായിരുന്നു. ദേവിക്കല്ല, മലവെള്ളത്തിന്‌. (വെടി കേൾക്കുന്നു അച്ഛൻ ഞെട്ടുന്നു.) അച്ഛൻ വാ നമുക്ക്‌ പോവാം.
അച്ഛൻ : ന്റെ ശരദേം മോളും........... അവരില്ലാത്തിടത്തേക്ക്‌ ഞാനില്ല.
മകൻ : അവരെ നമുക്കിനി തിരിച്ച്‌ കിട്ടില്ലല്ലോ. അച്ഛനെപ്പോലെ എനിക്കുമില്ലേ സങ്കടം. പക്ഷേ നമുക്ക്‌ അവരില്ലെങ്കിലും ജീവിച്ചല്ലേ പറ്റൂ. ജീവിതം മുന്നോട്ടു കൊണ്ടുപോവണ്ടേ. നമ്മ ളെപ്പോലെ എല്ലാം നഷ്‌ടപ്പെട്ടവർ ഈ നാട്ടിൽ എത്രയോ പേരുണ്ട്‌. അവർക്കും ജീവി ക്കണം. നമുക്ക്‌ നമ്മുടെ ജീവിതം തിരിച്ചുപിടിക്കണം. അതിന്‌ ഈ നാടു മുഴുവൻ നമ്മോടൊപ്പമുണ്ട്‌.
അച്ഛൻ : എന്നിട്ട്‌ പിന്നേം കേൾക്കുന്നില്ലേ പാറ പൊട്ടിക്കുന്ന ശബ്‌ദം. ജെ.സി.ബിയുടെ അലർച്ച.
മകൻ : ഈ മല ഇനിയും തുരക്കുന്നത്‌ ഈ നാടിന്റെ വികസനത്തിന്‌ വേണ്ടിയല്ല. ജനങ്ങൾ ഇനിയും ഇതനുവതിക്കില്ല. ഈ ചൂഷണം ഇനിയിവിടെ ഉണ്ടാവില്ല.
അച്ഛൻ : ണ്ടാവും നീം ണ്ടാവും.
മകൻ : ചെങ്ങോട്ടുമല സംരക്ഷണം നമ്മൾ കണ്ടതല്ലേ. നമ്മൾ തടയും അതുപോലെ. അച്ഛനി േങ്ങാട്ടു വന്നേ. വൈകിട്ടു വരുമ്പോൾ പാടുന്ന ആ പാട്ടൊന്നു പാടൂ.

" ചിങ്ങക്കര ബ്ബല നരസിംഹതെയ്യോ .......
ചെലക്കാണ്ട് പോയി കിടക്കെന്റെ തെയ്യോ ......
തെയ്യത്തിന് രണ്ടിറ്റ് റാക്ക് വേണോ ......
തെയ്യത്തിനെന്നുടെ ചോര വേണോ .....

മലയായ മലയൊക്കെ തൊരന്നോണ്ട് പോണേ..
അടിമണ്ണ് പൊട്ടി പൊരമൊത്തം പോണേ...
മലവെള്ളം പോകാനിടമില്ലാതായേ
ഇനി ഞങ്ങൾ കണ്ടോണ്ടിരിക്കില്ല തെയ്യോ

ബോർഡുകൾ

ഏലോ ഏലയ്യോ
ഏലോ ഏലയ്യോ
വായ്ത്താരി...
(വലയെറിയുന്ന മത്സ്യത്തൊഴിലാളികൾ)
വലയിൽ നിന്നും കിട്ടിയത്‌ പ്ലാസ്റ്റിക്‌ വേസ്റ്റ്‌ ബോർഡുകൾ എന്നിവ.
കുഞ്ഞാണി : കുട്ട്യേട്ടാ. വലനിറച്ചും കിട്ടീക്ക്‌ണ്‌. നോക്ക്യാണി ആദ്യം പകുതി പ്ലാസ്റ്റിക്കും പകുതി മീനും കിട്ടീന്നു.
കുട്ട്യേട്ടൻ : പ്രളയം കഴിഞ്ഞപ്പോ ഒക്കെ പ്ലാസ്റ്റിക്കാ അല്ലേ. ഒറ്റ മീനില്ല.
കുഞ്ഞാണി : പറഞ്ഞപോലെ തന്നെ സകല കുണ്ടാമണ്ടീം വന്ന്‌ കേറീക്ക്‌ണ്‌.
കുട്ട്യേട്ടൻ : മെല്ലെ എടുത്ത്‌ ഒഴിവാക്ക്‌. വലക്കണ്ണി പൊട്ടും. ഒരു കണ്ണി പൊട്ട്യാലേ. കുത്തിച്ചേർക്കാൻ നേരം കുറച്ചാവും.
കുഞ്ഞാണി : അല്ല കുട്ട്യേട്ടാ. കുപ്പി മാത്രല്ല. കുറച്ചധികം ബോഡും ഇണ്ടല്ലോ.
കുട്ട്യേട്ടൻ : ഒക്കെ എടുത്ത്‌ ഒഴിവാക്ക്‌ കുഞ്ഞാണ്യേ. വല കേട്‌ വരുത്തല്ലേ.
കുഞ്ഞാണി : കുട്ട്യേട്ടാ ഇതൊക്കെ എങ്ങനാ കടലില്‌ എത്തിയത്‌.
കുട്ട്യേട്ടൻ : അതോ. വെള്ളം കേറി നമ്മളന്ന്‌ ബോട്ടുംകൊണ്ട്‌ പോയില്ലേ. സകല മതിലിമ്മലും ബോർഡുണ്ടായിരുന്നു. ഒക്കെ ചവിട്ടിപ്പൊളിച്ചാണ്‌ ബോട്ട്‌ ഓടിയത്‌. വല മാറ്റ്‌.
കുഞ്ഞാണി : (ഒരു ബോർഡ്‌ എടുത്ത്‌) ഇതൊന്ന്‌ വായിച്ചുനോക്കി. ഇത്‌ പൊതുവഴിയല്ല. അതെന്താ കുട്ട്യേട്ടാ.
കുട്ട്യേട്ടൻ : അതെന്നെ. മതിലോണ്ടൊരു കളിയല്ലേ. അങ്ങട്ടും പോവാൻ പറ്റൂല്ല. ഇങ്ങട്ടും പോവാൻ പറ്റൂല. നമ്മടെ ബോട്ട്‌ തിരിക്കാൻ പറ്റാത്തതൊക്കെ നിനക്ക്‌ ഓർമയില്ലേ. മതില്‌മ്മല്‌ ഒക്കെ തട്ടീട്ട്‌ നമ്മുടെ ബോട്ട്‌ പൊട്ടീത്‌ ഓർമ്മയില്ലേ.
കുഞ്ഞാണി : മതിലിമ്മല്‌ കുപ്പിച്ചില്ലും ആണീം ഒക്കെ വച്ചീരുന്നു. മ്മളെ എത്ര ആളുകളുടെ കാലിലാ മുറിയായത്‌.
കുട്ട്യേട്ടൻ : ഇപ്പം മതിലും ഗേറ്റും വച്ചവർക്കൊക്കെ ഒരു വഴിയില്ലാതായി.
കുഞ്ഞാണി : ഇതാ കുട്ട്യേട്ടാ അടുത്ത ബോർഡ്‌. പട്ടിയുണ്ട്‌ സൂക്ഷിക്കുക.
കുട്ട്യേട്ടൻ : എന്തേന്നു ഓന്റൊക്കെ പവറ്‌. പട്ടിയുണ്ട്‌ സൂക്ഷിക്കുക. ഇപ്പം വീടു നിന്നേടത്ത്‌ ഒരു പട്ടീം ഇല്ല.
കുഞ്ഞാണി : (അടുത്ത ബോർഡെടുത്ത്‌.) അന്യർക്ക്‌ പ്രവേശനം ഇല്ല.
കുട്ട്യേട്ടൻ : (ദേഷ്യത്തിൽ) അന്യര്‌. പിന്നെ ആരാ ഓനൊക്കെ രക്ഷപ്പെടുത്തിയത്‌. അവനാന്റതും കെട്ടിപ്പിടിച്ച്‌ നിന്നോരെയൊക്കെ രക്ഷപ്പെടുത്തിയത്‌ അവനാന്റെ ബന്ധുക്കളാ. നമ്മളല്ലേ കുഞ്ഞാണീ. തലയ്‌ക്കൊന്ന്‌ കൊടുക്കാ വേണ്ടത്‌.
കുഞ്ഞാണി : അതിനെന്താ ഞള്‌ ന്റെ മേത്തെക്കെടുക്കണ്‌. (അടുത്ത ബോർഡ്‌ നോക്കി) ---------- ഈ വീടിന്റെ ഐശ്വര്യം. ഇത്‌ ങ്ങള്‌ നോക്കീ.
കുട്ട്യേട്ടൻ : മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടല്ലോ. അതിലേതെങ്കിലുമൊന്നാവും. ഇതെന്റെ ഐശ്വര്യം ന്ന്‌ള്ളത്‌ മാഞ്ഞ്‌ പോയിട്ടുണ്ടാവും.
കുഞ്ഞാണി : ഇപ്പം ആ വീടിന്റെ ഐശ്വര്യം ആരാവും എന്ന്‌ ഞാൻ പറയാം. രണ്ട്‌ മുതല, മൂന്ന്‌ പാമ്പ്‌, ഒരഞ്ചെട്ട്‌ നീർക്കോലി, അരക്കൊപ്പം ചെളി ന്താ ല്ലേ. വല്ലാത്തൊരൈശ്വര്യം തന്നെ. അല്ല കുട്ട്യേട്ടാ ഈ ബോർഡ്‌ ഇങ്ങളെന്നെ വായിച്ചാ മതി. വണ്ടീം വലേം ആകും.
കുട്ട്യേട്ടൻ : സ്‌ത്രീകൾക്ക്‌ പ്രവേശനമില്ല. അതായത്‌. ഈ സ്‌ത്രീകൾക്ക്‌ എന്നു പറഞ്ഞാൽ (കുഞ്ഞാണി തടയുന്നു)
കുഞ്ഞാണി : നിക്കട്ടെ നിക്കട്ടെ. ഞളാ വിഷയം വിടീ. വിശ്വാസംള്ളോര്‌ പോട്ടേന്ന്‌. അതല്ലല്ലോ ഇപ്പോഴത്തെ നമ്മുടെ വിഷയം. പ്രളയത്തിന്‌ ശേഷം എത്ര പേർക്കാണ്‌ വീട്‌ കിടപ്പാടം തൊഴിൽ ഉടുക്കാനുള്ള തുണി, റോഡ്‌, പാലം ഒക്കെ പോയത്‌. ഇതൊക്കെ ശരിയാക്കി കൊണ്ടോരാൻ പോയപ്പഴാ സ്‌ത്രീ പ്രവേശനം വലിച്ചെറിഞ്ഞാണീ ഇത്‌.
കുട്ട്യേട്ടൻ : ന്നാ വലിച്ചെറിയാം.
(രണ്ടുപേരും ബോർഡുകളൊക്കെ കടലിലേക്ക്‌ വലിച്ചെറിയാൻ നോക്കുന്നു)
കുഞ്ഞാണി : ഏയ്‌... കടലിലേക്ക്‌ വലിച്ചെറിഞ്ഞ്‌ കടല്‌ നാശാക്കണ്ട. ഇതെഴുതിയവരുടെ മുഖത്തേക്ക്‌ വലിച്ചെറിയാം. (രണ്ടുപേരും വലിച്ചെറിയുന്നു. ചിരിക്കുന്നു)


ജന്മം തീര്‌

പശ്ചാത്തല സംഗീതം

മലയിങ്ങനെ
യുരുൾപൊട്ടുമ്പോൾ
മലനാടെങ്ങനെ
നിലനിൽക്കും?
മറുപാതി
തുരന്നു വരുന്നൊരു
ജേസീബിക്കതു
പറയാമോ?

മലവെള്ളമൊ-
ലിച്ചു പരന്നാൽ
ഇടനാടെങ്ങനെ
നിലനിൽക്കും
വയലേലകൾ
തിന്നു തടിക്കും
നഗരങ്ങൾക്കതു
പറയാമോ?

തിരയലകൾ
പൊങ്ങി മറിഞ്ഞാൽ
തീരം-
കടലായ്പ്പോവില്ലേ!
ഭൂഗോളം
ചുട്ടു പുഴുങ്ങി,
ഇരിക്കുംകൊമ്പു -
മുറിക്കരുതേ....!!
ഇരിക്കും കൊമ്പുമുറിക്കരുതേ....
(എം എം സചീന്ദ്രൻ)


അളിയൻ രംഗത്തേയ്‌ക്ക്‌. വരികൾ മൂളുന്നു. കസേരയിലിരുന്ന്‌ അകത്തേക്ക്‌ നോക്കി.
അളിയൻ : കുഞ്ഞാമിനാ അളിയനെങ്ങട്ടാ പോയേ ......... ആ അതു ശരി രജിസ്‌ട്രാഫീസിൽ പോയതാ. ഓ. രജിസ്‌ട്രറ്‌ കഴിഞ്ഞ്‌ വരുമ്പോ ഞാനുമ്മറുത്തുണ്ടാവും. അതൊരു പതിവാ. ഞ്ഞ്‌ പ്പോ ആധാരം വായിച്ച്‌ സംശയം തീർക്കണം. അതും ഒരു പതിവാ. (ഇരിക്കുന്നു)
ഹാജിയാർ : ഹാവൂ. വെള്ളം നിന്ന്‌ ഇറങ്ങിപ്പോയ സ്ഥലാ. വെയിലറച്ചപ്പോ എന്താ ചൂട്‌.
അളിയൻ : അസ്സലാമു അലൈക്കും.
ഹാജിയാർ : (സലാം മടക്കുന്നു) എപ്പളേ ങള്‌ വന്ന്‌. ഹാവൂ ന്റളിയാ ക്യാമത്ത്‌ നാള്‌ അടുത്തുക്ക്‌ണ്‌. എത്രങ്ങാനും കൈക്കൂലിയാണ്‌ ഇവരൊക്കെ വാങ്ങിത്തിന്നണത്‌. അതാണ്‌ താങ്ങാൻ കഴിയാത്തത്‌.
അളിയൻ : കൊടുക്കേണ്ടി വരുമല്ലോ. റോഡിന്റെ അടുത്ത്‌ ആ കാണുന്ന പള്ള്യാളി അല്ലേ ഇങ്ങള്‌ വാങ്ങിയത്‌. സെന്റിന്‌ രണ്ട്‌ ലക്ഷം ഉറുപ്പികയാണ്‌ വില. ഞള്‌ കാണിച്ചതോ സെന്റിന്‌ 12,000 ഉറുപ്പിക. അതല്ലേ മുദ്രക്കടലാസില്‌ കൊടുത്തത്‌.
അളിയൻ : അത്‌ ശരിയാ. നാട്‌ നന്നാവണെങ്കില്‌ എല്ലാരും നന്നാവണം. ആയ്‌ക്കോട്ടെ ഇജ്ജ്‌ ദൊന്ന്‌ വായിച്ച്‌ സംശയം തീർത്ത്‌ താ. വെള്ളപ്പൊക്കം വന്നതിന്‌ ശേഷം നിയമമൊക്കെ മാറ്റീണല്ലോ. എനിക്കങ്ങട്‌ പിടുത്തം കിട്ടണില്ല.
അളിയൻ : (മുദ്രപ്പത്രം വാങ്ങി വായിക്കുന്നു) പറങ്ങോട്ട്‌ ചന്തുനായർ മകൻ............. അല്ല പട്ടിക നോക്കാം. വടക്ക്‌ തന്നിലപ്പറമ്പ്‌, തെക്ക്‌ ചാലിപ്പാടം, കിഴക്ക്‌ റോഡ്‌, പടിഞ്ഞാറ്‌ പള്ളിയാളി. അപ്പോ പള്ളിയാളിയാണ്‌.
ഹാജിയാർ : പള്ളിയാളിയാണ്‌ അയിന്‌.
അളിയൻ : ഇത്‌ പ്പം ജെ.സി.ബി.പണി നടക്കൂലല്ലോ.
ഹാജിയാർ : അതെന്താപ്പം അങ്ങനെ. ഞാനിപ്പോ ജെ.സി.ബിയൊക്കെ ഏൽപ്പിച്ചല്ലോ.
അളിയൻ : ഈ ഭൂമി ചില ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ഈ ആധാരത്തിൽ എഴുതി ചേർത്തിട്ടുണ്ട്‌.
ഹാജിയാർ : തന്നെ.
അളിയൻ : അതാണ്‌.
ഹാജിയാർ : അപ്പോ ഈ പള്ളിയാളിയിൽ നമ്മള്‌ ഉദ്ദേശിച്ച പണി നടത്താൻ കയ്യൂലേ.
അളിയൻ : ഫില്ലിംങ്ങും ബിൽഡിങ്ങും നടക്കൂല.
ഹാജിയാർ : എന്ത്‌. മനുഷ്യന്‌ തിരിയണ ഭാഷയിൽ പറയ്‌.
അളിയൻ : മണ്ണിട്ട്‌ നിരപ്പാക്കലും കെട്ടിടം കെട്ടിപ്പൊക്കലും നടക്കൂല. കൃഷിക്ക്‌ മാത്രം ഉപയോഗിക്കാം. ആധാരത്തില്‌ കൃഷിഭൂമി ആയിട്ടാണ്‌ അടയാളപ്പെടുത്തിയത്‌.
ഹാജിയാർ : (തളർന്ന്‌ കസേരയിൽ ഇരിക്കുന്നു.) ല്ലാ ഹവുല വലാ കുടുങ്ങിയല്ലോ. കുഞ്ഞാമിനാ.
അളിയൻ : ഓളെ വിളിക്കണ്ട. ഓക്കും കയ്യൂല. മ്മളെ നാട്ടിലെ നിയമമാണ്‌. വെള്ളപ്പൊക്കം കഴിഞ്ഞപ്പം സർക്കാർ ഇതൊക്കെയൊന്ന്‌ ഉഷാറാക്കീന്ന്‌ മാത്രം. അല്ലെങ്കിലും പറ്റാത്ത പറമ്പിലും ചെരുവിലും പാടത്തും കായലിലും ഉണ്ടാക്കിയ ബിൽഡിങ്ങാണല്ലോ ഈ വെള്ളപ്പൊക്കത്തില്‌ നശിച്ചടിഞ്ഞത്‌.
ഹാജിയാർ : അതൊക്കെ ശരിയാണ്‌. വിടെ അയിന്‌ വെള്ളപ്പൊക്കം ഇണ്ടായില്ലല്ലോ.
അളിയൻ : ന്നാ കേട്ടോളീ അളിയാ. ഇനി അങ്ങട്ട്‌ നമ്മുടെ നാട്ടിലെ ഭൂമിയുടെ ഉപയോഗം നിയമം പോലേ നടക്കുള്ളൂ.
ഹാജിയാർ : (ദേഷ്യത്തിൽ) അളിയാ ങ്ങളൊന്ന്‌ കേട്ടോളീ. ഞാൻ വിട്ടുകൊടുക്കൂല.
അളിയൻ : കൊടുക്കേണ്ടി വരും അളിയാ.
ഹാജിയാർ : കൊടുക്കൂല.
അളിയൻ : എങ്ങനെ.
ഹാജിയാർ : ന്നാ കേട്ടോളീ. ന്റെ മഞ്ചേൽ ഒരുപാട്‌ വിത്തുണ്ട്‌. ഞാനങ്ങട്ട്‌ വെതയ്‌ക്കും. ബാപ്പാന്റെ മാതിരി കൃഷിയങ്ങട്ട്‌ നടത്തും. കളിക്കണ കളിയാ കുളിക്കണ കൊളം.
അളിയൻ : അളിയാ. അളിയനാണളിയാ അളിയൻ.
ഹാജിയാർ : അളിയാ.
..

ജന്മം തീറ്

എം എം സചീന്ദ്രൻ

ആധാരം എഴുത്താപ്പിസ്.. ഭൂമി രജിസ്ട്രാക്കാനുള്ളവരും സ്വത്ത് ഭാഗം വെക്കാൻ ഉള്ളവരുമൊക്കെയായി പലതരം സംഭാഷണങ്ങൾ കേൾക്കാം.
- എഴുത്ത്ഫീസിനെച്ചൊല്ലി തർക്കം. ഇത് എനിയ്ക്കല്ല, പൂൺ മുതൽ സബ് രജിസ്ട്രാർ വരെ ഓഹരി വെക്കണം എന്ന് എഴുത്തുകാരൻ

-കൈക്കൂലി കൊടുക്കുന്നതെന്തിനാണ് എന്ന് ചോദ്യം ആളുകൾ ന്യായം പറയുന്നു..
-ഇല്ലെങ്കിൽ സ്റ്റാമ്പ് പേപ്പർ ചിലപ്പോൾ പുതുതായി വാങ്ങേണ്ടി വരും. ഇല്ലാത്ത തെറ്റും കുറ്റവും കണ്ടുപിടിക്കും
-പിന്നെ നിങ്ങളും അങ്ങനെ സത്യവാനൊന്നും അല്ലല്ലോ .. സെന്റിന് അഞ്ച് ലക്ഷം വെച്ച് വാങ്ങുന്ന ഭൂമിയല്ലേ, പതിനായിരം മാത്രം വെല കാണിച്ച് രജിസ്ട്രാറ ക്കുന്നത്?
-അത് സർക്കാർ നിശ്ചയിച്ച തുകയല്ലേ?
- അതെ. പക്ഷേ, സർക്കാർ പറഞ്ഞത് മിനിമം തുകയാണ്. പരമാവധി എത്രയെന്നു പറഞ്ഞിട്ടില്ല' എത്രയും ആവാം എന്നർത്ഥം..

- ശരി. എന്തെങ്കിലും ചെയ്യ്


(മറ്റൊരാൾ) - എന്റെ ആധാരം എഴുതിക്കഴിഞ്ഞോ?
- കഴിഞ്ഞു. വായിച്ചു കേൾപ്പിക്കാം

- ഓ അതൊന്നും വേണമെന്നില്ല..
- വേണം അതു വേണം.. പിന്നെ തർക്കം വേണ്ടല്ലോ
(വായിക്കുന്നു. ഭൂമി ചില ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിബന്ധന ആധാരത്തിൽ. അതു കേട്ട് വാങ്ങാൻ വന്നയാൾ കോപിക്കുന്നു.


- അതെന്താ അ ങ്ങനെ? ഞാൻ പണം കൊടുത്തു വാങ്ങിയ ഭൂമി .. എന്റെ ഇഷ്ടം പോലെ ചെയ്യും. പറ്റില്ലെന്നു പറയാൻ ആർക്കാ അധികാരം?
- പണം കൊടുത്തതു ശരി തന്നെ പക്ഷേ ഈ നാട്ടിൽ ഇങ്ങനെ ചില നിബന്ധനകളുണ്ട്. നാട്ടുകാർ ഒന്നിച്ചെടുത്ത തീരുമാനം..
പണ്ടു പണ്ട് ഇവിടെയൊരു പ്രളയം വന്നു... നിരവധി വീടുകൾ ഒലിച്ചുപോയി.. ആളുകളും കന്നുകാലികളും ഒലിച്ചുപോയി. കോടി ക്കണക്കിന് രൂപയുടെ നഷ്ടം വന്നു...
അങ്ങനെയൊരു പ്രളയം ഇനി വരാതിരിക്കാൻ ഞങ്ങളെടുത്ത തീരുമാനമാണിത്.. അതിനു സമ്മതമല്ലാത്തവർ ഇവിടെ ഭൂമി വാങ്ങണ്ടാ..

ഭൂമി പൊതു സ്വത്താണ്

- അതെന്താ എന്റെ ഭൂമിക്കു മാത്രം ഇങ്ങനെയൊരു നിബന്ധന?


-നിങ്ങളുടേതു മാത്രമല്ല... എല്ലാവരുടെ ഭൂമിക്കു മുണ്ട് ഇത്തരം ചില നിബന്ധനകൾ..
ഓരോ ഭൂമിയുടെയും സ്വഭാവമനുസരിച്ച് നിബന്ധനയും മാറും എന്നു മാത്രം.. വേണ്ടെങ്കിൽ ഇപ്പോൾ പറയണം.. ആധാരം സ്റ്റാമ്പ് പേപ്പറിലേയ്ക്ക് പകർത്തിയിട്ടില്ല...
- എല്ലാവർക്കും ബാധകമാണെങ്കിൽ പിന്നെ എനിക്കു മാത്രം എന്താ? രജിസ്ട്രേഷൻ നടത്താം. എഴുതിക്കോളു.. ജന്മം തീറ്


കാവൽ

എം എം സചീന്ദ്രൻ

എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉള്ള ഒരു വീട്. വീട്ടിൽ പ്രായം ചെന്ന അച്ഛനും അമ്മയും.. ഓസ്ട്രേലിയയിൽനിന്ന് മകന്റെ വീഡിയോ കോൾ.. പുതിയ വീട്ടിലെ സംവിധാനങ്ങൾ ഓരോന്നായി മകനു കാണിച്ചു കൊടുക്കുകയാണ് അമ്മ.. ഇടയ്ക്ക് അച്ചൻ ഫോൺ തട്ടിപ്പറിച്ച് വേറെ ചിലത് കാണിച്ചു കൊടുക്കുന്നുണ്ട്. അച്ഛനു വയ്യ.. സ്ട്രോക്ക് വന്നതു കാരണം കയ്യ് ഒരു ഭാഗത്തേയ്ക്കു കോടിയിരിക്കുന്നു.. ചുണ്ടും കോടിയിട്ടുണ്ട്. അവ്യക്തമായാണ് സംസാരിക്കുന്നത് അസുഖത്തിന്റെ കാര്യം പറഞ്ഞ് അമ്മ ചീത്ത പറയുന്നു. ഫോൺ തിരിച്ചു വാങ്ങുന്നു..

ചുമരിൽ പിടിപ്പിച്ച വലിയ ടി വി , ഫ്രിഡ്ജ്, റിമോട്ട് കൺട്രോളിൽ അടയ്ക്കാനും തുറക്കാനും പറ്റുന്ന വാതിൽ, ഒന്നരയാൾ പൊക്കത്തിലുള്ള ചുറ്റുമതിൽ, ചുറ്റുമതിലിനു മുകളിൽ കുപ്പിച്ചില്ല്, റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഗെയ്റ്റ്, എന്നിവയൊക്കെ സംസാരത്തിൽ വരുന്നു... കള്ളന്മാരുടെ ശല്യമുണ്ട്.. അടുത്തു താമസിക്കുന്നതൊക്കെ വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്ത കൂട്ടരാണ്.. നമുക്ക് ഇടപെടാൻ പറ്റിയ കൂട്ടരല്ല, നമ്മളെ ആൾക്കാരും അല്ല..
പിന്നെ കുപ്പിയും പാട്ടയും പെറുക്കാൻ വരുന്നവരുടെ ശല്യം വേറെയും .. ഇപ്പോൾ ഒന്നും പേടിക്കാനില്ല.
പുറമെ നിന്ന് ഒരു ഈച്ച പോലും വരില്ല....

അച്ഛൻ, റിമോട്ട് കൺട്രോൾ ഉപയോഗിച്ചു് ഗെയ്റ്റ് അടയ്ക്കുന്നു, വീണ്ടും തുറക്കുന്നു, അടയ്ക്കുന്നു, വീഡിയോയിൽ മകന് കാണിച്ചു കൊടുക്കുന്നു... കണ്ടോ ഇപ്പോൾ അsച്ചു.. ഇനി ഒരു കള്ളനും തെണ്ടിയും ഇതിനകത്തു കയറുകയില്ല..

മതിലു ചാടിയാലോ? എന്ന് പ്രേക്ഷകരുടെ ചോദ്യം..

ചാടാനോ? ഈ മതിലോ എങ്ങനെ? ഒന്നരയാൾ ഉയരമുണ്ട്.. മാത്രമല്ല മുകളിൽ കൂർത്ത കുപ്പിച്ചില്ലും പതിച്ചിട്ടുണ്ട് എന്ന് അച്ഛൻ.

കൂടാതെ വീട്ടുമുറ്റത്ത് മൂന്നു പട്ടികളുണ്ട്. ഒരു അൾ സേഷ്യൻ ഒരു ഡോബർമൻ, ഒരെണ്ണം അതിലും കേമനാണ്..
ജർമ്മൻ ഷെപ്പേർഡ്.. കണ്ടാൽത്തന്നെ പേടിയാകും എന്ന് അമ്മ കൂട്ടിച്ചേർക്കുന്നു..
(പട്ടിയുടെ കുര പശ്ചാത്തലത്തിൽ കേൾക്കുന്നു.. അമ്മയും അച്ഛനും അഭിമാനത്തോടെ പൊട്ടിപൊട്ടിച്ചിരിക്കുന്നു)

പെട്ടെന്ന് പുറമെ നിന്ന് ആളുകളുടെ ആർത്തുവിളി... കൊടുങ്കാറ്റും പെരുമഴയും....
ശക്തമായ കാറ്റിന്റെയും തകർന്നു വീഴുന്നതിന്റെയും ശബ്ദം...

ഡാം തുറന്നിരിക്കുന്നു...
വെള്ളം പൊങ്ങിവരികയാണ്..
എല്ലാവരും പെട്ടെന്ന് വീട്ടിൽ നിന്ന് ഇറങ്ങണം..
സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം എന്ന അനൗൺസ്മെന്റ്.

അച്ഛന്റെ ആർത്തു കരച്ചിൽ, കാറ്റും മഴയും ശക്തമാകുന്നു .. ആളുകളുടെ കൂട്ടക്കരച്ചിൽ...
പുഴ കുത്തിയൊലിച്ചു വരുന്ന ശബ്ദം .. അച്ഛൻ കുഴഞ്ഞു വീഴുന്നു..
കയ്യിലുണ്ടായിരുന്ന റിമോട്ട് നിലത്തു വീണ് തകരുന്നു..

അയ്യോ ആ റിമോട്ട് പൊട്ടിച്ചോ എന്ന് അമ്മ എസ്റ്റാബ്ലിഷ് ചെയ്യുന്നു..

ഗെയ്റ്റ് തുറക്കൂ എന്ന്, പുറമെ നിന്ന് ബഹളം.. തുറക്കാൻ പറ്റുന്നില്ല എന്ന് അമ്മയുടെ കരച്ചിൽ...
മെബൈലിൽ മകന്റെ ശബ്ദം...
മതിലുചാടാം എന്ന് പുറത്തെ നാട്ടുകാർ..

-വേണ്ടാ, മതിലിൽ കയറി നിൽക്കുകയാണ് പട്ടികൾ. കടിച്ചുകീറിക്കളയും.

(പട്ടികളുടെ കുര... ) വെള്ളം പൊങ്ങി വരുന്ന കാര്യം അമ്മയുടെ കരച്ചിലിലൂടെയും അഭിനയത്തിലൂടെയും സ്ഥാപിക്കുന്നു..
അച്ഛൻ ബോധം കെട്ട് നിലത്ത്... ഒരു ഇളം നീലത്തുണി അച്ഛന്റെ മേലെയിട്ട് മൂടുന്നു
അമ്മ ഉയരത്തിൽ കയറി വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു. ബോട്ട് പുറത്ത് - നീന്താൻ പറ്റില്ല - പട്ടി കടിക്കും.....
ഹെലികോപ്റ്റർ അയയ്ക്കാൻ മകൻ റസ്ക്യൂ സെന്ററിലേയ്ക്ക് വിളിച്ചു കൊണ്ടേയിരിക്കുന്നു... മാറി മാറി പല പല നമ്പറിലേയ്ക്ക്...
ഞാപ്പം വരാം ട്ടോ... എന്ന് പറഞ്ഞ് കാണികളിലൊരാൾ എണീക്കുന്നു ..

ഛെ! നീയിതെങ്ങോട്ടാ? നാടകം കഴിഞ്ഞിട്ടില്ല...
ഞാനേ, എന്റെ മതില് തല്ലിപ്പൊളിക്കട്ടെ,
അപ്പോ അതിർത്തി ?
അതിന് വല്ല ജൈവമതിലും മതിയല്ലോ...
ജൈവമതിലോ?
അതെ.. പണ്ട് നമ്മടെ വേലിയിലായിരുന്നില്ലേ അരിപ്പുവും ചെമ്പരത്തിയും ഒടിച്ചു കുത്തിയും ഓടപ്പൂവുമൊക്കെ...
നാലുവരി പാട്ടിൽ അവസാനിക്കുന്നു..

തൊടമാട്ടേൻ

എം എം സചീന്ദ്രൻ

വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന വീട്...
വ്യദ്ധയായ ഒരു തമിഴ് ബ്രാഹ്മണ സ്ത്രീ രംഗത്ത്.. വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്താൻ വിളിച്ച് കരയുന്നു..
അയ്യാ കാപ്പാത്തുങ്കോ...!
അമ്മാ കാപ്പാത്തുകോ..!
കാപ്പാത്തുങ്കോ...
കാപ്പാത്തുങ്കോ...
നെഞ്ചുയരത്തിൽ വെള്ളം.. വെള്ളത്തിൽ നടക്കുന്നതിന്റെ തടസ്സമുണ്ട്..
സ്റ്റേജിന്റെ നാലു ഭാഗത്തേയ്ക്കും വിളിച്ചു കരയുന്നു... ചുറ്റും വെള്ളം.. ബോട്ടിലും തോണിയിലും ആളുകൾ തുഴഞ്ഞു പോകുന്നതിന്റെ ശബ്ദം...
അമ്മാ.... ഇതിൽ സ്ഥലം ഇല്ലാ, പോയിട്ട് വരാം... ഉയരമുള്ള സ്ഥലത്തേയ്ക്ക് കയറി നിൽക്കൂ.. എന്നൊക്കെ തോണിക്കാർ വിളിച്ചു പറയുന്നു...
അവസാനം ഒരു തോണി വൃദ്ധയുടെ മുമ്പിൽ.. തോണിയിലേയ്ക്ക് പിടിച്ചു കയറ്റാൻ ഒരു മത്സ്യത്തൊഴിലാളി കൈ നീട്ടുന്നു...
ഛായ്! തൊടമാട്ടേൻ..! എന്ന് വൃദ്ധ അലറി വിളിക്കുന്നു .. തോണിക്കാർ ഞെട്ടി മാറുന്നു, തോണി ചെരിയുന്നു സ്റ്റിൽ!

പ്രളയാനന്തരം മഹാപ്രളയം!

എം എം സചീന്ദ്രൻ

ഒരു ദുരിതാശ്വാസ ക്യാമ്പ്. പ്രളയത്തിൽ വീടുമുങ്ങിയവർ എല്ലാവരും ക്വാമ്പിൽ..
പല ഭാഗത്തു നിന്നും പല മതക്കാരും ജാതിക്കാരും പാർട്ടിക്കാരുമായ ആളുകൾ ക്യാമ്പിലേയ്ക്കു വരുന്നു. എല്ലാവരേയും സ്വീകരിക്കുന്നു.. ചിലരൊക്കെ അവരുടെ ദുരന്തം കണ്ണീരോടെ വിവരിക്കുന്നു ...
-പായ, ഗ്ലാസ്, പ്ലെയ്റ്റ് എല്ലാം കുറവാണ് സാരല്യ നമ്മളൊക്കെ മനുഷ്യന്മാരല്ലേ? ഇപ്പോൾ ഒരുമിച്ചു നിന്നില്ലെങ്കിൽ പിന്നെ എപ്പഴാ?
ഒരേ പാത്രം കഴുകി ഉപയോഗിക്കാമല്ലോ.. പായ അടുത്തടുത്തു വിരിച്ച് ഒരു മിച്ചുറങ്ങാം...
ഇവിടെ ഒരു മൂലയ്ക്ക് നിസ്കരിക്കാം. ഇവിടെ മെഴുകുതിരി കൊളുത്താ.. ഇവിടെത്തന്നെ നിലവിളക്കു കൊളുത്തി വെച്ച് പ്രാർത്ഥിക്കാം...
-എല്ലാവരും കൂടി ഒരുമിച്ച് ഭക്ഷണമുണ്ടാക്കി ഒരു മിച്ചിരുന്ന് കഴിച്ച് ഒരേ പായിൽ കിടന്നുറങ്ങുന്നതിന്റെ അവതരണം..
-പായ കുറച്ചു കൂടി കിട്ടിയിട്ടുണ്ട്... കോയ, റസാക്കേ ബിയ്യാത്തൂ, ദാ ഇവിടെ ഞാൻ വിരിച്ചിട്ടുണ്ട്...
ജോസഫേ, ത്രേസ്യാമ്മാ, വർഗ്ഗീസേ, ദാ ഇവിടെ ..
-ബ്രഹ്മദത്തൻ, ആര്യാംബിക, ഹരിഗോവിന്ദൻ , ദാ ഇവിടെ ..
-കൃഷ്ണാ, ഗോപാലാ, വെലായുധാ, കാർത്യായനീ. ഇതാ ഇവിടെ കിടക്കാം.. ങ്ങോട്ട് പോര്..
ഓരോ കുട്ടരായി സ്റ്റേജിസ്റ്റ ഓരോ മൂലയിൽ സംഘം ചേരുന്നു..
പൂണൂലിട്ട ഒരു പട്ടർ വന്ന് കാണികളോട് പറയുന്നു -
അതേ... ഒന്നും തോന്നരുത് ട്ടോ .. ഞങ്ങൾക്ക് ഇനി മുതൽ സമൂഹസദ്യ വേണ്ടാ -
പിന്നെ?
-അതേ, ഞങ്ങൾക്ക് കുറച്ച് അരിം പച്ചക്കറ്റിം വേറെ തന്നാൽ മതി.. ഞങ്ങൾ വെച്ചു കഴിച്ചോളാം..
(ഒന്നുകൂടി അടുത്തേയ്ക്കു വന്ന് സ്വകാര്യമായി)
അതിപ്പോ .. നിങ്ങള് അയിത്തജാതിക്കാർ ആയതോണ്ടൊന്നും അല്ലാട്ടോ .. അങ്ങനെ നിരീ ക്യേം വേണ്ടാ..
നിങ്ങടെ സ്വാദും എരിവും പുളിയും ഒന്നും ഞങ്ങടെ ആൾക്കാർക്ക് പിടിക്കൂലാ... അതാണ്... സ്റ്റേജിൽ പല ഭാഗത്തും അടുപ്പ് , തീ, പുക... വെവ്വേറെ പാചകമൊരുക്കുന്നു .
അതുവരെയുണ്ടായിരുന്ന അടുപ്പം ഇല്ലാതാകുന്നു... ഭക്ഷണക്രമത്തിന്റെ പേരിൽ കലഹം ...
പ്രളയശേഷം കേരളം അഭിമുഖീകരിക്കുന്ന മഹാപ്രളയത്തെ സൂചിപ്പിച്ചു കൊണ്ട് നാലുവരി പാട്ട്

അടിവേര് പൊട്ടിയ മല!

സുധാകരൻ ചൂലൂർ"

പ്രായം കൂടിയ ഒരാൾ വരുന്നു ഒളിച്ചും പതുങ്ങി യുമാണ് വരവ് കയ്യിൽ ഒര് ഭാണ്ഡം വേദിയിലെത്തി ചുറ്റും നോക്കുന്നു.

- ഹാവു.... ആശ്വാസമായി ആരും കണ്ടിട്ടില്ല'
നിങ്ങളാരെങ്കിലും എന്റെ മോൻ ഇതു വഴി എങ്ങാനും വരുന്നത് കണ്ടോ അവന്റെ കണ്ണ് വെട്ടിച്ച് പോന്നതാ ഞാൻ അവൻ കണ്ടാൽ വിടില്ല'

ഏത് സമയത്തും എനിക്ക് കാവലാ- ഞാനെന്താ ഇള്ളാ കുട്ടിയാ' എല്ലാവരും പറയുന്നത് എനിക്ക് എന്തോ തകരാറുണ്ടെന്നാ


[വെടി പൊട്ടുന്ന ശബ്ദം കേട്ടതായി അയാൾക്ക് തോന്നുന്നു രണ്ടും ചെവിയും പൊത്തി പിടിക്കുന്നു ]

കേട്ടില്ലേ നിങ്ങളാ വെടി ശബ്ദം അതാ എന്റെ സമനില തെറ്റിക്കുന്നത്

[ മകൻ വരുന്നു ]

-അച്ഛാ ......അച്ഛാ എന്ത് പണിയാ കാണിച്ചത് ഞാൻ എവിടെയൊക്കെതിരഞ്ഞു എന്റെ കണ്ണൊന്ന് -തെറ്റിയാൽ ഇറങ്ങിപ്പോരും എന്തിനാ അച്ഛാ എന്നെങ്ങനെ വിഷമിപ്പിക്കുന്നത് വാനമുക്ക് തിരിച്ച് പോകാം.

- " നീ നടന്നോ ഞാൻ വന്നോളാ....... "
-വേണ്ട അച്ഛനേം കൊണ്ടേ ഞാൻ പോണുള്ളു

- "മോനേ ഉരുള് പൊട്ടി മല വെള്ളം പാഞ്ഞ് വന്നിട്ടും അച്ഛനെ കൊണ്ടുപോവാൻ കഴിഞ്ഞില്ല പക്ഷെ എന്റെ ശാരദ എന്റെ മോള് അവരെ മലവെള്ളം കൊണ്ടു പോയില്ലേ? മഴ ശക്തി കൂടി വന്നപ്പം ഞാൻ നിന്നോട് പറഞ്ഞതാ ചിറത്താഴത്തെ ഭഗവതിക്ക് ഒര് പട്ട് നേർച്ച നേരാൻ നീ കേട്ടില്ല .....

" അച്ഛാ അപ്പോഴേക്കും ചിറത്താഴത്തെ ഭഗവതി വെള്ളത്തിനടിയിലായില്ലെ.....

"എന്നാലും ശക്തി ഉണ്ടാവും" ഉണ്ടായിരുന്നു ഭഗവതിക്കല്ല വെള്ളത്തിന്



[വീണ്ടും വെടി ശബ്ദം കേൾക്കുന്നതായിണയാൾക്ക് തോനുന്നു ചെവികൾ പൊത്തി പിടിക്കുന്നു ]

"കേട്ടില്ലേ പിന്നേം വെടി പൊട്ടുന്ന ശബ്ദം - "

-ഇല്ല ഞാനൊന്നും കേൾക്കുന്നില്ല അച്ഛന് തോന്നുന്നതാ- "

-ഇതാ നിനക്കുള്ള കഴപ്പം കേൾക്കണ്ടത് കേൾക്കില്ല കാണേണ്ടത് കാണില്ല. ഇനിയും ദുരന്തങ്ങളുണ്ടാവും ദേവീകോപം -

-എന്തിനാ ദേവിയെ കുറ്റം പറയുന്നത്...നല്ലത് വന്നാൽ ദേവീ കടാക്ഷം, ദോഷം വന്നാൽ ദേവി കോപം ഇത് നമ്മള് മനുഷ്യൻ മ്മാര് വരുത്തിവെച്ചതും കൂടിയാ. കുന്നിടിച്ചും പാറപൊട്ടിച്ചും കാട് മുടിച്ചും പ്രകൃതിയെ നശിപ്പിച്ചു എന്നിട്ട് പറയാ ദേവീ കോപം!അച്ഛൻ വാ നമുക്ക് പോകാം ...."

-എങ്ങോട്ട് എന്റെ ശാരദ എന്റെ മോള് അവരില്ലാത്തിടത്തേക്ക് ഞാനില്ല .....

-അവരെ നമുക്കിനി തിരിച്ച് കിട്ടില്ലല്ലോ അച്ഛനെപ്പോലെ എനിക്കും ല്ലേ സങ്കടം പക്ഷെ നമുക്ക് ജീവിച്ചല്ലേ പറ്റൂ നമ്മളെപ്പോലെ എല്ലാം നഷ്ടപ്പെട്ടവർ എത്രയോ ഈ നാട്ടിലുണ്ട് അവർക്കും ജീവിക്കണം നമുക്കു നമ്മുടെ ജീവിതം തിരിച്ച് പിടിക്കണം അതിന് ഈ നാട് മുഴുവൻ നമ്മോടൊപ്പമുണ്ട് -

-എന്നിട്ട് പിന്നേയും കേൾക്കുന്നില്ലേ പാറപൊട്ടിക്കുന്ന ശബ്ദം ജെ സി ബി യുടെ അലർച്ച -

-ശരിയായിരിക്കും പക്ഷെ ജനങ്ങൾ അനുമതി നിർത്തലാക്കിയ ക്വാറികൾ ഇനിയും തുരക്കാൻ ഇനിയും അനുവദിച്ചു കൊടുക്കില്ല.. ഈ മല ഇനിയും തുരക്കുന്നത് നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടിയല്ല....

-നാടിനെ നശിപ്പിച്ചു കൊണ്ട് ജനങ്ങളെ കുരുതി കൊടുത്തുകൊണ്ടുള്ള ഒര് വികസനവും ഇനി നടക്കരുത് . ജനങ്ങളുടെ സുരക്ഷയാണ് വലുത് അതൊക്കെ നോക്കി വേണം എന്ത് വികസനവും"

-അതൊന്നും നമ്മള് വിചാരിച്ചാൽ തടയാൻ കഴി യില്ല.....

-ആര് പറഞ്ഞു നടക്കില്ലെന്ന് അച്ഛൻ കേട്ടിട്ടില്ലെ 'ചെങ്ങോട്ടുമല 'ആ മല സംരക്ഷിക്കാൻ ആ നാട് ഒറ്റക്കെട്ടായി പ്രതിരോധം തീർത്തിരിക്ക്യാ അതുപോേലെ ഈ നാടിനെ രക്ഷിക്കാൻ ജനങ്ങൾ ഒന്നിച്ചിറങ്ങും തീർച്ച. അച്ഛൻ നടക്ക് എന്നിട്ട് മോന്തിക്ക് നമ്മളെ പെരേ ലേക്ക് വരുബ്ബം പാട്ന്ന പാട്ടൊന്ന് ഉറക്കെ പാട്: ...

" ചിങ്ങക്കര ബ്ബല നരസിംഹതെയ്യോ .......
ചെലക്കാണ്ട് പോയി കിടക്കെന്റെ തെയ്യോ ......
തെയ്യത്തിന് രണ്ടിറ്റ് റാക്ക് വേണോ ......
തെയ്യത്തിനെന്നുടെ ചോര വേണോ .....


മലയായ മലയൊക്കെ തൊരന്നോണ്ട് പോണേ..
അടിമണ്ണ് പൊട്ടി പൊരമൊത്തം പോണേ...
മലവെള്ളം പോകാനിടമില്ലാതായേ
ഇനി ഞങ്ങൾ കണ്ടോണ്ടിരിക്കില്ല തെയ്യോ

പഠിച്ചതും പഠിപ്പിക്കേണ്ടതും

എ.എംബാലകൃഷ്ണൻ

കിണർ

ടൈറ്റിൽസോങ്ങ് (നവകേരളം)
പാട്ട് തീരുന്നതിന് മുമ്പ് രംഗത്ത് കിണർ ഒരുക്കുന്നു. പലഭാഗങ്ങളിൽ നിന്നും വെള്ളം ശേഖരിക്കാനെത്തുന്നവരുടെ ദൃശ്യങ്ങൾ.
കിണർ താഴുന്നു
-നാരായണേട്ടന്റെ പറമ്പിലെ കിണറ് താന്ന് പോയേ!!
-നാരായേടത്തിയും ഐസുമ്മയും ജോസേട്ടനും എല്ലവരും വെള്ളമെടുക്കുന്ന കിണറ് ഭൂമിയിലേക്ക് താന്ന് പോയേ…
എല്ലാവരും കിണറിന് ചുറ്റും

- നാരായണേട്ടൻ കുടിച്ച കാലവും പ്രായവും പറയാനാകാത്ത കിണർ
- വെള്ളത്തിനായി എല്ലാവരും ദഒത്തകൂടുന്ന ഇടമായിരുന്നു
- കുശുമ്പും പുന്നായ്മയും കുന്നോളം വളരുന്ന സ്ഥലം
- നേരവും കാലവും നോക്കാണ്ട് വെള്ളം എടുത്തോണ്ടിരുന്ന കിണറാ
- നാട്ടിലെ ഏതു കിണറുവറ്റിയാലും ഇതില് വെള്ളമുണ്ടായിരുന്നതാ
- എത്രയെത്ര പ്രണയങ്ങൾ പൂത്ത ഇടമായിരുന്നു
- ഞാനിപ്പം എന്താ ചെയ്യാ? ചിറി നനക്കാൻ പോലും എന്റെ കിണറ്റിൽ ഒരു തുള്ളി വെള്ളമില്ല.
- കിണറായ കിണറുകളെല്ലാം നിറഞ്ഞൊഴുകിയ പെരുമഴ പെയ്തിട്ട് ഈ വെള്ളം എങ്ങോട്ടാ പോയപ്പാ.."

കിണറ്റിൽ നിന്നും ഒരു ശബ്ദം - എല്ലാവരും ഞെട്ടിത്തിരിയുന്നു.
കിണർ സാവകാശം പൊങ്ങിവരുന്നു.

കിണർ- അറിയല്ലല്ലേ ? ഈ വെള്ളം മുഴുവൻ എങ്ങോട്ടുപോയി എന്നറിയില്ല? പെരുമഴയത്ത് വെള്ളം കയറി വീടും കുടിയും ഒലിച്ചുപോയത് എങ്ങനാന്നറിയില്ല ?
യന്ത്രകൈകൾ കൊണ്ട് എന്നോടു ചേർന്ന് നിൽക്കുന്ന ഓരോ കുന്നും മാന്തിക്കീറുമ്പോൾ എന്നിലേക്ക് ഊർന്നിറങ്ങുന്ന ഉറവയുടെ ഞരമ്പുകളാണ് നിങ്ങൾ അറുത്തുമാറ്റുന്നതെന്ന് അറിഞ്ഞില്ല?
ജലഗോപുരങ്ങളായ കുന്നുകൾ ഇല്ലാതാവുമ്പോൾ ഝാനും ഇല്ലാതാവും എന്നറിയില്ല പോലും!

എല്ലാവരും കിണറിനു ചുറ്രും പലഭാഗത്തായി ഇരിക്കുന്നു.
തെളിനീരുറവയായി എന്നും നിങ്ങൾക്കുമുന്നിൽ നിൽക്കാൻ ആഗ്രഹമുണ്ട്. പക്ഷെ...
ചെളിമൂടിയ കിണറിന് കുടിനീര് ചുരത്താൻ ആവില്ല്ലല്ലോ…
കാണികളോട് - കേട്ടില്ലേ.. അരുതാത്തത് ചെയ്യുമ്പോൾ ആരും ഇത്രയൊന്നും ആലോചിച്ചിട്ടുണ്ടാവില്ല. അല്ലേലും മറ്റുള്ളോരെ നാം ഓർക്കാറേ ഇല്ല്ലല്ലോ…
നിങ്ങളുടെ കിണറ്റിൽ വറ്റാത്ത വെള്ളമുണ്ടെന്ന് വിചാരിച്ചാണോ ഇങ്ങനെയിരിക്കുന്നത്…? അതും
 വറ്റും.. ഇനി അധികകാലമില്ല..
അത്യാർത്തി പിടിച്ചുണ്ടാക്കുന്ന പണം കുടിച്ചുദാഹം തീർക്കാനാവില്ല ആർക്കും...ആർക്കും
1,2,3 - ഒരു കുടം വെള്ളം തന്നില്ലെങ്കിലും ഒരു കുളം വെള്ളം തരുന്ന പാഠമാണ് നമ്മൾ പഠിച്ചത്..കിണറ് നമ്മെ പഠിപ്പിച്ചത്.. പോകാം നമുക്ക് ഒരിക്കലും വറ്റാത്ത കിണറുകളുടെ കാലത്തേക്ക്

ജെ.സി.ബി

കവിത (രണ്ടുവരി)
ടി.വിയിൽ പ്രളയദുരന്തങ്ങളുടെ വാർത്തകൾ കേൾക്കുന്നു
പ്രളയജലത്തിൽ ഒലിച്ചുപോയ സ്വന്തം സ്ഥലത്തേക്ക് തിരിച്ചെത്തുന്ന സഹോദരങ്ങൾ (അയൽക്കാർ)
ടീ വി യി ൽ പ്രളയദുരന്തങ്ങളുടെ വാർത്തകൾ കേൾക്കുന്നു
പ്രളയജലത്തിൽ ഒലിച്ചുപോയ സ്വന്തം സ്ഥലത്തേക്കു തിരിച്ചെത്തുന്ന സഹോദരങ്ങൾ
(അയൽക്കാർ )
 1 :കുടിയും കുടിയിടവും കാണാനില്ല അളന്നു തിരിച്ച അതിരു കൃത്യമാക്കി മതിലുകെട്ടി നിർത്തിയതാ..
സർവേ നമ്പർ 210/ 6 5 സെന്റ് വീടും പുരയിടവും എന്റെ പേർക്ക് തിരിച്ചു കരമടച്ച വന്നതാ (തിരയുന്നു )ഇപ്പോ അതിരും ഇല്ല പുരയിടവും ഇല്ല

2 :എടാ നിന്റെ സ്ഥാലത്തോട് ചേർന്ന ഗോപാലന്റെ വീടിന്റെ പടിഞ്ഞാറു പഞ്ചായത്ത് റോഡിൻറെ തെക്കു ഭാഗം വയലോടു ചേർന്നായിരുന്നല്ലോ എന്റെ സ്ഥലം ,
നിന്നെക്കാളും ഉയരത്തിൽ മതിലും ഗേറ്റും കെട്ടിയതാ എല്ലാം പോയി .ഗോപാലന്റെ വീടും പഞ്ചായത്ത് റോഡും കാണാനേ ഇല്ല .ങാ ,ഇനി ഇപ്പൊ ഒന്നും നോക്കാനില്ല ,ഇതെല്ലം നമ്മുടേത് തന്നെ .അതിരൊന്നു മാറ്റിപിടിക്കാം
(ജെസിബിയുടെ ശബ്ദം ഉയരുന്നു)

പ്രദേശവാസി കടന്നു വരുന്നു.

-ഏയ് എന്താ പരിപാടി ഇത്രയൊക്കെയായിട്ടും പഠിച്ചില്ലേ ? വീണ്ടും ഇടിച്ചു താഴ്ത്തി ഇവിടെത്തന്നെ വീടുവെയ്ക്കാ ?

-ഇതെന്റെ സ്ഥലം ഞാൻ തീരുമാനിക്കും..

പ്രദേശവാസി: അതൊക്കെ ശരിതന്നെ.. നിങ്ങളുടെ ഭൂമി നിങ്ങളുടെ പട്ടയം...
നിങ്ങൾ തീരുമാനിച്ചോളൂ… പക്ഷെ ഈ പ്രളയം നമ്മളോട് ചിലത് പറയുന്നില്ലേ...
ഇനി നിങ്ങളുടെ ഇഷ്ടം...
(പോകുന്നു)
പരിഹാസച്ചിരി

ആദ്യം ഈ മല, പിന്നെ ആ മല , പിന്നെ മാമലകൾ.. ആ മല തുരന്ന് ഈ വയലിലേക്ക് ആ വയൽനികത്തി ഉയരങ്ങളിലേക്ക്…
അത് ഇവൻ ചെയ്യും ആള് വിദേശിയാ.. പുതിയ ഇറക്കുമതി… പഴയത് പ്രളയം കൊണ്ടുപോയി…

(JCB മുന്നോട്ട്)

പ്രളയപൂർവ്വകാലത്തെ വികസനശിൽപി ഇവനായിരുന്നു. മലകളെ വാരിയെട്ടുത്തവൻ,
കുഴികൾ നികത്തി സമതലം തീർത്തവൻ, ഉം- നീളട്ടെ യന്ത്രക്കൈകൾ…

(പതുക്കെ ചലിച്ച്)
എനിക്ക് മനസ്സില്ല.

-അപ്പോ വീട് വേണ്ടേ ?

-വേണം. പാർക്കാനൊരുവീട്. അതും പ്രകൃതിദുരന്തങ്ങളും പ്രളയവും കൊണ്ടുപോകാത്തയിടത്ത്.

-വീട് പാർക്കാനാണോ മറ്റാവശ്യത്തിനാണോ എന്നൊന്നും നീ നേക്കണ്ട നാവടക്കി പണിയെടുത്താൽ മതി…

-പാർപ്പിടമില്ലാത്തവർ പതിനായിരങ്ങളെങ്കിൽ പാർക്കാത്ത വീടുകൾ ലക്ഷങ്ങളാ..
ഇനി ആഴത്തിൽ കുഴിക്കാനും ആർത്തിയോടെ വാരാനും എനിക്കു വയ്യ…

-നീ വെറുമൊരു യന്ത്രം..ഞങ്ങൾ പറയുന്നതുപോലെ ചെയ്യും..
(കടന്നുവന്ന്) യന്ത്രത്തിനുള്ള വകതിരിവ് പോലുമില്ലാത്ത മനുഷ്യർ.. കഷ്ടം!
-ഇവർ എന്നെക്കൊണ്ട് ഇനിയും അടിവേര് മാന്തിക്കും. പക്ഷെ ഇങ്ങനെ പോയാൽ എന്നെ നിയന്തിക്കാൻ നിങ്ങളൊന്നും ബാക്കിയില്ലാത്തൊരു കാലംവരും ഓർത്തോ

ബോർഡുകൾ

- കവിത-
ഒരു ഭാണ്ഡക്കെട്ടുമായി ഒരാൾ ചാക്കിൽ കെട്ടിയ സാധനങ്ങൾ. അയാൾ അരങ്ങിൽ വന്നു ചാക്കടിച്ച് അതിനുള്ളിലെ സാധനങ്ങളെല്ലാം കുടഞ്ഞിടുന്നു.
കുറെ ബോർഡുകൾ ഓരോന്നും എടുത്തുകാണികളെ കാണിക്കുന്നു.

  1. ഇത് പൊതുവഴിയല്ല
  2. അന്യർക്ക് പ്രവേശനമില്ല
  3. -------------- ഈ വീടിന്റെ ഐശ്വര്യം
  4. പട്ടിയുണ്ട് സൂക്ഷിക്കുക
  5. സ്ത്രീകൾക്ക് പ്രവേശനമില്ല


വ്യത്യസ്തഭാവങ്ങൾ..അൽപം രോഷത്തോടെ
- കടല് തന്ന കോളാ...
ങാ...കടല് തിരിച്ചുതന്നതാ ഉടമസ്ഥർക്ക് തിരിച്ചുകൊടുക്കാൻ(രോഷത്തോടെ) ഇന്നാ കൊണ്ടുപൊയ്ക്കോ..കൊണ്ടുപോയി തൂക്കിയിട്...ചുമരിലും മതിലിലും ഗെയ്റ്റിലും ഒക്കെ…

-എന്താ വേണ്ടേ…?

ഓരോബോർഡും എടുത്ത് പ്രളയകാലത്തിന് മുമ്പുള്ള മനുഷ്യരുടെ ചെയ്തികളുടെക്കുറിച്ച് - ഇടുങ്ങിയ ചിന്താഗതികളെക്കുറിച്ച് - പ്രളയം വന്നപ്പോൾ ഇത്തരം ബോർഡുകൾക്ക് ഒന്നുംചെയ്യാൻ കഴിഞ്ഞില്ലെന്ന കാര്യത്തെക്കുറിച്ച് , ചിലബോർഡുകൾ ഉണ്ടാക്കിയ തടസ്സങ്ങളെക്കുറിച്ച് ഒക്കെ സംസാരിക്കുന്നു..(പലഭാവത്തിൽ)

അവസാനം കിതപ്പോടെ- ദേഷ്യത്തോടെ,ഒരിടത്ത് ഇരിക്കുമ്പോൾ സ്കൂൾ ബെൽ അടിക്കുന്ന ശബ്ദം കേൾക്കുന്നു. അങ്ങോട്ടു ശ്രദ്ധിക്കുന്നു.
ഒരാൾ (അധ്യാപകൻ) ഒരു പുസ്തകവുമായി നടന്നുപോവുമ്പോൾ ശബ്ദമുണ്ടാക്കി അയാളെ വിളിക്കുന്നു.
അയാൾ - ടീച്ചറാ ?
ടീച്ചർ - അതെ
അയാൾ- പുതിയ പുസ്തകമാണല്ലേ നോക്കട്ടെ… (പുസ്തകം വാങ്ങി മറിച്ചുനോക്കുന്നു) മാഷെ ഇതിൽ പഴയപാഠങ്ങൾ തന്നെയാണല്ലോ..ഇനി അതുതന്നെ പഠിപ്പിച്ചാൽ മതിയോ ?പുതിയപാഠങ്ങൾ പഠിക്കേണ്ടേ? പ്രകൃതിപഠിപ്പിച്ച പുചിയപാഠങ്ങൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത ജീവിതപാഠങ്ങൾ..

ടീച്ചർ സദസ്സിനോട് - ശരിയാണ് അത് തന്നെയാണ് ശരി..വളരുന്ന തലമുറ പഠിക്കേണ്ട കുറെ പാഠങ്ങളുണ്ട്…

(ടീച്ചർ - പ്രാസംഗികയായി- പ്രകൃതി,ജലം, മണ്ണ് - മനുഷ്യൻ പാർപ്പിടം തുടങ്ങിയ വ്യത്യസ്തമേഖലകളെ സംബന്ധിപ്പിച്ച് പരിഷത്ത് സമീപനം ചുരുക്കി ഒരു ക്ലാസിലെന്നപോലെ പറയുന്നു. കലാകാരന്മാർ കുട്ടികളായി കാണികളോടൊപ്പം സംശയങ്ങൾ ചോദിക്കാം...കാണികളെ ഇടപെടുവിക്കാം.)

അയാൾ- ഇതെല്ലാം നടക്കണമെങ്കിൽ നമ്മൾ വിചാരിക്കണം. നമ്മളും പഠിക്കാനുണ്ട്. എന്നാലെ സുസ്ഥിരവും സുരക്ഷിതവുമായ ഒരു നവകേരളം ഉണ്ടാക്കാനാകു…

(എല്ലാവരും ഒത്തു ചേർന്ന് പാട്ട് പാടുന്നു.)

ചെ_രുപ്പ്

ജാഫർ ഷെരീഫ്

പ്രശസ്ഥമായ ഒരു മ്യൂസിയത്തിന്റെ മുന്നിൽ അതിന്റെ പ്രധാന വാതിലിൽ ഒരു ബോർഡ് 'നിങ്ങളുടെ പാദരക്ഷകൾ ഇവിടെ സൂക്ഷിക്കുക. അതിന് ഒരു കാവൽക്കാരനും.
പലതരം പാദരക്ഷകൾ നിരനിരയായി വെച്ചിരിക്കുന്നു വില കൂടിയതും കുറഞ്ഞതും ഭാരം കൂടിയതും കുറഞ്ഞതും പല നിറങ്ങളിലും പല കമ്പനികളുടേതും.
ചെരുപ്പുകൾ സൂക്ഷിക്കാൻ വെക്കുന്നവർക്ക് നിർദ്ദേശങ്ങൾ നൽകി കൊണ്ട് കാവൽക്കാരൻ സജീവമായി നിൽക്കുന്നു.
-സാർ അത് താഴെ തട്ടിൽ വെക്ക്
-ഇത് അൽപ്പം കയറ്റി വെച്ചോളു എന്നൊക്കെ നിർദ്ദേശിച്ച് കൊണ്ട് .

ആൾക്കാർ ഒഴിഞ്ഞപ്പോൾ കസേരയിൽ വിശ്രമിക്കുന്ന കാവൽക്കാരൻ. അദ്ദേഹം അപ്പോഴാണ് ശ്രദ്ധിക്കുന്നത് എവിടെ നിന്നോ അടക്കി പിടിച്ച് സംസാരിക്കുന്ന ശബ്ദം

-നീ എവിടെ നിന്നാ വരുന്നത് ?
-ഞാൻ കുറേ ദൂരേന്നാ ?
-ഞാൻ ഇവിടെ അടുത്ത് നിന്നാ
-എന്താ ചാങ്ങാതി നിന്റെ ദേഹത്ത് മുഴുവൻ ചെളിയാണെല്ലോ, എന്ത് പറ്റി?
-അതേ എന്റെ നാട്ടിൽ മുഴുവൻ ചെളി നിറഞ്ഞ് കിടക്കുവല്ലെ പ്രളയമല്ലായിരുന്നോ. ഹോ ഞങ്ങൾ കഷ്ടിച്ചാ രക്ഷപെട്ടത്

ഈ ശബ്ദം ശ്രദ്ധിച്ച് ചെരുപ്പുകളുടെ അടുത്തേക്ക് ചെല്ലുന്ന കാവൽക്കാരൻ എന്നിട്ട് അത്ഭുതത്തോടെ ചെരുപ്പുകൾ നോക്കുന്നു.
-ഇത് എവിടെ നിന്നാ ശബ്ദം ഹായ് ചെരുപ്പുകൾ സംസാരിക്കുന്നോ

ഒന്നാം ചെരുപ് : എന്തേ ഞങ്ങൾക്ക് സംസാരിച്ചൂടെ
രണ്ടാം ചെരുപ്പ്: അതേ ഞങ്ങൾ ഞങ്ങളുടെ പ്രയാസങ്ങൾ പറയുകയായിരുന്നു.

കാവൽക്കാരൻ: എന്താ നിങ്ങൾക്ക് ഇത്ര പ്രയാസം

ഒ.ചെ: പറയാൻ ആണേൽ ഒരു പാട് ഉണ്ട് എല്ലാം കാണുന്നവരിൽ ഞങ്ങളുമുണ്ടല്ലോ.
ര. ചെ: ഈ പ്രളയ സമയത്ത് എന്തായിരുന്നു ഹോ. എന്ത് ബഹളമായിരുന്നു എല്ലാവരും ജീവന് വേണ്ടി ഓടുവായിരുന്നു.
ഒ.ചെ: എന്നെ അവിടെ ഇട്ടിട്ട എന്റെ മെലാളി ഓടിയത്. കൂടെ ഉള്ള പല ചങ്ങാതിമാരും പൊട്ടി പറിഞ്ഞ് അവിടെ കിടപ്പുണ്ടായിരുന്നു. ഇപ്പൊ കുറേ ഒക്കെ വാരി കൊണ്ട് പോയി

കാവൽക്കാരൻ: ശരിയാ കൂട്ടുകരുടെ അവിടൊക്കെയും വെള്ളം പൊങ്ങി ഒരു പാട് നഷ്ടമുണ്ടായി ഹാ എന്താ ചെയ്യുക ഇത് ഒക്കെ ശരിയാക്കി എടുക്കാൻ

ര ചെ: അതേ പ്രളയ സമയത്ത് നിങ്ങൾ മനുഷ്യർ എന്ത് ഒരുമയായിരുന്നു രക്ഷിക്കാനും ക്യാമ്പിലുമൊക്കെ അത് പോലെ ഒന്നിച്ച് നിന്ന് അങ്ങ് ശരിയാക്കണം.
എന്റെ ഉടമസ്ഥൻ പറയുന്നത് കേട്ടു കോടി കണക്കിന് രൂപ വേണമെന്ന് അത് മാത്രം പോരത്രേ ഇനിയുള്ള വികസനം സുസ്ഥിരമാകണമെന്ന് ഈ പ്രളയം ഉണ്ടകാൻ കാരണം
ഈ കാടും മലയും പുഴയുമൊക്കെ നശിപ്പിച്ചത് കൊണ്ടാണെന്ന്.

കാവൽ: അപ്പോൾ കെട്ടിടം പണിയാൻ കല്ലും മണ്ണും ഒന്നുമെടുക്കണ്ടാ എന്നാണോ (ചെരുപ്പിനെ നോക്കി)

ര ചെ: അങ്ങനെയല്ല സാർ പറയുന്നത് ശാസ്ത്രിയമായി പഠിച്ചിട്ട് വേണം അത് ചെയ്യാൻ എന്ന് കല്ല് ഒക്കെ പൊട്ടിക്കേണ്ട അളവിൽ പൊട്ടിക്കരുതത്രേ.. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വെള്ള പൊക്കവുമൊക്കെ ഇത്ര നാശം ഉണ്ടായത് അത്കൊണ്ടും കൂടിയാ,,,,
ഇനി എങ്കിലും നമുക്ക് ഇതൊക്കെ ശ്രദ്ധിക്കണം

കാവൽ: അതേ ശരിയാ നമ്മൾ തന്നെ വിചാരിക്കണം നമ്മൾ തന്നെ ശ്രദ്ധിക്കണം എന്നാലെ ഈ നാട്

ശരിയാകും (കാഴ്ച്ചക്കാരെ നോക്കി)

മറ്റ് ചെരുപ്പുകൾ: അതേ അതേ

അവതരണ കുറുപ്: വേദിയിൽ ചെരുപ്പ് സ്റ്റാന്റ് കാഴ്ച്ക്കാർ ശ്രദ്ധിക്കുന്നത് പോലെ ക്രമീകരിക്കുക.

കാവൽക്കാരൻ ശരിര ഭാഷകൊണ്ട് ചെരുപ്പുകളടെ പ്രതികരണങ്ങളെ കാഴച്ചക്കാരിലേക്ക് എത്തിക്കണം

"https://wiki.kssp.in/index.php?title=തെരുവരങ്ങ്_ചെറുനാടകങ്ങൾ&oldid=7152" എന്ന താളിൽനിന്ന് ശേഖരിച്ചത്