പുത്തൽ സാമ്പത്തിക പരിഷ്കാരങ്ങളും വ്യവസായമേഖലയും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

കേരള സ്വാശ്രയ സമിതി 1993 ജനുവരിയിൽ പ്രസിദ്ധീകരിച്ച ലഘുലേഖ


ആമുഖം

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യാ ഗവൺമെന്റ് ഇന്നുവരെ തുടർന്നുപോന്ന സാമ്പത്തിക നയങ്ങളെല്ലാം തന്നെ കഴിഞ്ഞ ഏതാനും മാസങ്ങളായി വൻ പൊളിച്ചെഴുത്തിന് വിധേയമായിക്കൊണ്ടിരിക്കയാണ്. നമ്മുടെ വ്യവസായ നയം, വ്യാപാര നയം, ധന നയം, ബജറ്റ് നയം എന്നിവയുടെയെല്ലാം അലകും പിടിയും ഇതിനകം മാറിക്കഴിഞ്ഞു. സമ്പദ്ഘടനയെ ഉയർന്ന വളർച്ചാ നിരക്കിലേയ്ക്ക് നയിക്കുവാനും അന്താരാഷ്ട്ര സമ്പദ്ഘടനയുമായി 'സംയോജിപ്പിക്കുവാനും' മറ്റും വേണ്ടിയാണ് ഈ മാറ്റങ്ങളത്രയും എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ ഇതല്ല യാഥാർത്ഥ്യം. രാജ്യത്തെ പത്തു ശതമാനത്തോളം വരുന്ന ധനിക ന്യൂനപക്ഷത്തിനു വേണ്ടി ആഢംബര ഉപഭോഗ വസ്തുക്കളും, സാങ്കേതിക വിദ്യകളും കൊള്ളപ്പലിശയ്ക്ക് കടം വാങ്ങി ഇറക്കുമതി ചെയ്തതു മൂലം ഒരു വൻ വിദേശ വിനിമയ പ്രതിസന്ധി സംജാതമായി. ഈ പ്രതിസന്ധിയെ മുറിച്ചു കടക്കാൻ എന്ന ഭാവേന ഐ. എം. എഫ്, ലോകബാങ്ക് ഉൾപ്പെടെയുള്ള അനേകം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഗവൺമെന്റ് വൻതോതിൽ കടമെടുത്തു കൊണ്ടിരിയ്ക്കുന്നു. ഈ കടത്തിന്റെ നിബന്ധനകൾ എന്ന നിലയിലാണ് ഇന്ത്യ ഇതേവരെ തുടർന്നു പോന്ന സാമ്പത്തിക നയങ്ങൾ മുഴുവൻ തിരുത്തി എഴുതിക്കൊണ്ടിരിക്കുന്നത്.

ഈ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ നമ്മുടെ സ്വാതന്ത്ര്യത്തേയും രാഷ്ട്രീയ, സാമ്പത്തിക, പരമാധികാരത്തേയും പണയപ്പെടുത്താൻ പോന്നവയാണ് എന്നതാണ് യാഥാർഥ്യം. വായ്പ തരുന്ന അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രക്കുന്ന വികസിത മുതലാളിത്ത രാഷ്ട്രങ്ങൾക്ക് നമ്മുടെ രാജ്യത്ത് ഒരു വിപണി തുറന്നു കൊടുക്കുക എന്നതാണ് ഈ നയങ്ങളുടെ മുഖ്യ ഉദ്ദേശ്യം. ഈ നയങ്ങൾ ഓരോ മേഖലയിലും ഉളവാക്കാവുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് രാജ്യത്ത് വ്യാപകമായ ചർച്ചകൾ നടന്നു കൊണ്ടിരിയ്ക്കയാണ്. ഈ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങിയിട്ട് കേവലം ഒരു വർഷം മാത്രമേ ആയിട്ടുള്ളു എങ്കിലും വിവിധ വിഭാഗം ജനങ്ങളുടെ നിത്യജീവിതത്തെ ഇത് സാരമായി ബാധിച്ചു കഴിഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ വൻവർധനവ്, രാസവള വിലയുടെ കുതിച്ചു കയറ്റം, മരുന്നു വിലകൾ നിയന്ത്രണാതീതമായി ഉയർന്നത്, വിവിധ മേഖലകളിൽ സബ്സിഡികൾ നിർത്തലാക്കിയത്, പ്രധാനപ്പെട്ട പല പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചു പൂട്ടാനോ അല്ലെങ്കിൽ സ്വകാര്യ മേഖലയ്ക്ക കൈമാറാനോ എടുത്ത തീരുമാനം, ചെറുകിട/കുടിൽ വ്യവസായ മേഖലയിൽ കുത്തകകൾക്ക് കടന്നു കൂടാൻ അനുവാദം നൽകിയത് തുടങ്ങിയ നടപടികൾ പുതിയ നയവ്യതിയാനങ്ങളിൽ പ്രധാനപ്പെട്ടവയാണ്. പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയുടെ വ്യവസായ മേഖലയ്ക്ക് നേരെ കടുത്ത വെല്ലുവിളി ഉയർത്തിയിരിക്കുന്നു. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചു പൂട്ടാനോ സ്വകാര്യ വൽക്കരിയ്ക്കാനോ ഉള്ള നീക്കങ്ങൾ അതിവേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് തൊഴിലാളികൾ പിരിച്ചുവിടൽ ഭീഷണിയിലാണിന്നു കഴിയുന്നത്. രാജ്യത്ത് നിലനിന്ന കുത്തക നിയന്ത്രണ നിയമങ്ങളൊക്കെ പൊളിച്ചു മാറ്റി വിദേശകുത്തകകളെ തന്ത്രപ്രധാനമായ മേഖലകളിലേക്കു പോലും മുതൽ മുടക്കാൻ ക്ഷണിച്ചു കഴിഞ്ഞു. പല മേഖലകളിലും വിദേശ മുതൽമുടക്ക് നൂറു ശതമാനം വരെയാകാം. ഉണ്ടാക്കുന്ന ലാഭം മുഴുവൻ വിദേശത്തേക്ക് കൊണ്ടു പോവുകയും ചെയ്യാം. വ്യവസായ തൊഴിലാളികളുടെ സുരക്ഷിതത്വം മുഴുവൻ നഷ്ടപ്പെടുത്തി അവരെ മുതലാളിമാരുടെ പൂർണ ദയാദാക്ഷിണ്യത്തിൻ കീഴിലാക്കുന്ന 'എക്സിറ്റ് പോളിസി' എന്ന അപകടകരമായ നയം നടപ്പിലാക്കുന്ന കാര്യം ഗവൺമെന്റ് ഗൗരവമായി ആലോചിച്ചു കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയുടെ വ്യവസായ മേഖലയിൽ ഉളവാക്കാവുന്ന പ്രത്യാഘാതങ്ങൾ വിശദമായി പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വിപുലമായ ഒരു ചെറുത്തുനില്പൂ പ്രസ്ഥാനം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയുമാണ് ഈ ലഘുലേഖ കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.