ഭാഷ സംസ്കാരം വിദ്യാഭ്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
19:33, 9 മാർച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajiarikkad (സംവാദം | സംഭാവനകൾ)

1995ലെ വിദ്യാഭ്യാസ ജാഥയിൽ പുറത്തിറക്കിയ ലഘുലേഖ

കേരളത്തനിമകൾക്ക് അടിസ്ഥാനമായി വർത്തിച്ച പൊതുവിദ്യാഭ്യാസത്തിനു നേരെ വൻഭീഷണി ഉയർന്നു വന്നിരിക്കുന്ന സാഹചര്യമാണിന്ന്. അതിശക്തമായി പ്രതികരിക്കുകയും ബദൽസമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതുവിദ്യാഭ്യാസം രക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ.

'പൊതുവിദ്യാഭ്യാസം സം‌രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണപരിപാടിയാണ് വിദ്യാഭ്യാസ ജാഥ.

കാസർകോട്, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നാരംഭിക്കുന്ന ജാഥകൾ നവംബർ 18-ന് വിപുലമായ പരിപാടികളോടെ തൃശൂരിൽ സമാപിക്കും.

ജാഥയോടനുബന്ധിച്ചു പുറത്തിറക്കുന്ന ലഘുലേഖകളിൽ ഒന്നാണിത്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുവാനുള്ള ഈ ശ്രമത്തിൽ കേരളത്തെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും പങ്കുചേരുമെന്നു പ്രതീക്ഷിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭാഷ, സംസ്കാരം, വിദ്യാഭ്യാസം

ഭാഷ എന്നത് ചിന്തയുടെ രൂപമാണ്. സമുദായ വ്യവസ്ഥയുടെയും മനുഷ്യബന്ധങ്ങളുടെയും രൂപമാണ്. ആധിപത്യത്തിന്റെയും അധികാരത്തിന്റെയും രൂപവും കൂടിയാണത്. ഒരു ഭാഷയുടെ വ്യാകരണം ഒരു സമൂഹത്തിന്റെ വ്യാകരണം, അല്ലെങ്കിൽ മനുഷ്യബന്ധങ്ങളുടെ ഒരു പ്രദർശനം ആയിത്തീരുന്നുണ്ട്. ഒരു ഭാഷ എങ്ങനെ രൂപപ്പെടുന്നുവോ അതുപോലെയാണ് സമുദായം രൂപപ്പെടുക എന്നുള്ളത് ഇന്ന് സാമൂഹ്യഭാഷാശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരാശയമാണ്.

നാം അറിഞ്ഞോ അറിയാതെയോ ഒരു ഭാഷയിൽ കൂടി ചിന്തിക്കുകയും സ്വപ്നം കാണുകയും നമ്മുടെ ചരിത്രം നിർമ്മിക്കുകയുമാണ് ചെയ്യുന്നത്. ഒരു കുട്ടിയെ ഒരു വാക്ക് പഠിപ്പിക്കുമ്പോൾ ഒരു ആശയത്തിനോ അനുഭവത്തിനോ രൂപം നൽകുന്നു എന്ന് ഒരു ഭാഷാശാസ്ത്രജ്ഞനറിയാം. ആർദ്രത എന്നുള്ളത് ഒരു പദമാണ്. ഈ ആശയമുണ്ടാകുന്ന ഈർപ്പം എന്ന ഒരനുഭവത്തിൽ നിന്നാണ്. ഈ ഈർപ്പം എന്ന ശാരീരിക അനുഭവത്തെ മാനസിക അനുഭവമായി രൂപാന്തരപ്പെടുത്തി നമ്മുടെ സമൂഹത്തിൽ ആർദ്രത വറ്റിക്കൊണ്ടിരിക്കുന്നു എന്നു പറയാറുണ്ട്. ഇത് വറ്റിപ്പോയ ഒരു പുഴയാകാം, കുളമാകാം വികാരവുമാകാം. ഇങ്ങനെ വറ്റിപ്പോകുമ്പോഴും ഈ ആർദ്രത ഭൂമിയുടെ ഉള്ളിൽ ഊറിക്കൂടുകയും ചിലപ്പോഴെല്ലാം അത് ഉറവകളായി മുകളിലേക്ക് വരികയും ചെയ്യുന്നു എന്നുള്ളത് ആർദ്രതയെ കുറിച്ചുള്ള ഒരു തത്വമാണ്.

വൈലോപ്പിള്ളി സംസ്കൃതത്തെ കുറിച്ച് എഴുതിയ ഒരു കവിതയിൽ സംസ്കൃതം ഇവിടെ ഒഴുകിയ ഒരു പുഴയാണെന്നും അതിനെ സരസ്വതി എന്നു വിളിക്കാമെന്നും പറയുന്നുണ്ട്. ത്രിവേണീസംഗമത്തിൽ രണ്ടു നദികളേ സംഗമിക്കുന്നുള്ളു. മൂന്നാമത്തെ നദിയായ സരസ്വതി ഭൂമിക്കടിയിൽ എവിടെയെല്ലാമോ ഒഴുകി ത്രിവേണീസംഗമത്തിൽ വന്നുയരുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ അന്തർവാഹിനിയായ സരസ്വതിയാണ് സംസ്കൃതം എന്ന് അദ്ദേഹം പറയുന്നു. ഇതിലെ ബോധം നമ്മുടെ സൗന്ദര്യബോധങ്ങൾ, നമ്മുടെ മൂല്യബോധങ്ങൾ എന്നിവ സൂക്ഷിക്കുന്ന ഒരന്തർവാഹിനിയായി ഭാഷ നിലനിൽക്കുന്നു എന്നുള്ളതാണ്.

ഇളംകാറ്റിന് സുഖമുണ്ട് എന്നു നാം കരുതുന്നത് "പാടല സംസർഗസുരഭിവനവാതാൻ..." എന്നുള്ള കാളിദാസന്റെ മാലിനീനദിയിലെ ഈർപ്പമുള്ള കാറ്റിനെകുറിച്ചുള്ള വർണനെയെകൂടി ഉള്ളിൽ കണ്ടുകൊണ്ടാണ്. സൂര്യനസ്തമിക്കുമ്പോൾ അതിന് ഭംഗിയുണ്ട് എന്ന് നിങ്ങൾക്കു തോന്നുന്നത് സൂര്യന് ഭംഗിയുള്ളതുകൊണ്ടല്ല; അതിന് ഭംഗിയുണ്ട് എന്നു ഞാൻ പറഞ്ഞതുകൊണ്ടാണ് എന്ന് ഓസ്കാർ വൈൽഡ് പറയുന്നത് ഭാഷ അനുഭവത്തിന്റെ രൂപമായതുകൊണ്ടാണ്. സൗന്ദര്യം ഭാഷയുടെ പ്രക്ഷേപണമാണ് എന്നാണ് ഇതിലെ ആശയം. സൗന്ദര്യം എന്നുള്ള മൂല്യം പോലെതന്നെ മുഖത്തിന്റെ കാന്തിയെപ്പറ്റി, ചന്ദ്രന്റെ കാന്തിയെപ്പറ്റി, പൂക്കളുടെ കാന്തിയെപ്പറ്റിയെല്ലാമുള്ള പ്രക്ഷേപണങ്ങൾ സൗന്ദര്യത്തിക്കുറിച്ചുള്ള ഒരു ഭാഷാശാസ്ത്ര നിവേദനമാണ് എന്നും ഇങ്ങനെയുള്ള നിവേദനങ്ങളിൽ കൂടിയാണ് നാം ലോകത്തെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നത് എന്നും നാം അറിഞ്ഞുതുടങ്ങിയിരിക്കുന്നു.

ഒരു സാർവലൗകിക ഭാഷയുണ്ടാക്കാനുള്ള ശ്രമം ഒരു ഭാഗത്തും നമ്മുടെ പ്രാചീനമായ ഭാഷാഭേദങ്ങളെയും സങ്കൽപങ്ങളെയും ഉയർത്തെഴുന്നേൽപിക്കാനുള്ള ശ്രമം മറുഭാഗത്തും നടന്നുവരുന്നു.

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തിൽ ഇത്തരം ഒരു പുനരുദ്ധാനം ഉണ്ടാകുന്നുണ്ട്. ഈ ഘട്ടത്തിലാണ് പുന്നശ്ശേരി നീലകണ്ഠശർമ്മ വള്ളത്തോളിനോട് പുരാണമൊക്കെ പഠിക്കണമെന്നു പറഞ്ഞത്. അങ്ങനെ വള്ളത്തോൾ പുരാണം പഠിക്കുകയും എല്ലാ പുരാണങ്ങളും പഠിച്ചതിനു ശേഷം 'പുരാണങ്ങൾ' എന്ന കവിത എഴുതുകയും ചെയ്യുന്നു. കാരണം ദേശീയതയുടെ ബൂർഷ്വാസങ്കൽപം ഒരടി പിന്നോട്ടുള്ള ഒരു പ്രയാണം കൂടിയാണ്. പുരാണങ്ങളുടെ വ്യാഖ്യാനങ്ങൾ ഉണ്ടാകുമ്പോൾ നാം നമ്മുടെ ദേശീയതയെ വീണ്ടും വ്യാഖ്യാനിക്കുന്നു എന്നും പൗരാണികമായ ചിഹ്നങ്ങളിൽ നാം നമ്മുടെ പൗരുഷത്തിന്റെയും സ്ത്രീത്വത്തിന്റെയും അടയാളങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു എന്നുള്ള ബോധം ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ഒരു ബോധം ആയിരുന്നു. ഈ ബോധം വീണ്ടും വീണ്ടും വരാം. സാർവലൗകികതയെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെയാണ് വ്യാവസായിക സംസ്കാരം ലോകത്തെ ഒരൊറ്റ വീടാക്കിത്തീർത്തുകൊണ്ടിരിക്കെയാണ്, നമ്മുടെ അന്തർമണ്ഡലങ്ങളിൽ നിന്ന്, ചെറിയ ബോധങ്ങൾ ഉയിർത്തെഴുന്നേൽക്കുകയും ദേശീയത, ഉപദേശീയത തുടങ്ങിയ സങ്കൽപങ്ങൾ വരികയും ചെയ്യുന്നത്. ഇത് അധികാരത്തിന്റെ ഒരു ഏറ്റുമുട്ടലും പുനർനിർവചനവും കൂടിയാണ്.

അധികാരത്തിന്റെ രൂപം കൂടിയാണ് ഭാഷ എന്നതിനാൽ അധികാരത്തെ തോൽപിക്കാൻ അതിന്റെ ഭാഷയെ തോൽപിക്കണമെന്ന് നമ്മുടെ ദേശീയത കരുതിപ്പോന്നിരുന്നു. ഇതേ ഉദ്ദേശത്തോടെയാണ് ഇംഗ്ലീഷ് സോപ്പിനെയും ഇംഗ്ലീഷ് മല്ലുമുണ്ടിനെയും ഇംഗ്ലീഷ് ഭാഷയെയും നാം എതിർത്തിരുന്നത്.

മാഞ്ചസ്റ്ററിൽ നിന്ന് പല ബാധകൾ വരുന്നുണ്ട് എന്നും അതിലൊരു ബാധ മല്ലുമുണ്ടാണെന്നും മല്ലുമുണ്ടിനെ എതിർക്കണമെന്നും ഇ.വി.കൃഷ്ണപിള്ള പാടിയിട്ടുണ്ട്.

ആധിപത്യത്തിന്റെ ഒരു പ്രധാന ഉപകരണം ഭാഷയാണെന്നും വസ്ത്രധാരണരീതിയാണെന്നും വിദ്യാഭ്യാസമാണെന്നുമുള്ള പ്രാഗ്‌ബോധം ഇന്ത്യൻദേശീയപ്രസ്ഥാനത്തിലുണ്ടായിരുന്നുവെന്ന് നാം ഇപ്പോൾ മനസ്സിലാക്കുന്നു. അത്കൊണ്ടാണ് അന്ന് വിദ്യാപീഠങ്ങൾ ഉണ്ടായതും അലിഗഢ് സർവകലാശാല ഉണ്ടായതും കാശിയിലെ ഹിന്ദു സർവകലാശാല ഉണ്ടായതും സമാന്തരവിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായതുമെല്ലാം. ഇത് ഒരു ശക്തി തിരിച്ചുപിടിക്കലാണ് എന്നും ഇങ്ങനെ ശക്തി തിരിച്ചുപിടിക്കാനുള്ള ഒരു മാർഗ്ഗം നമ്മുടെ ഭാഷയെ തിരിച്ചു പിടിക്കലാണ് എന്നും ഗാന്ധിജിയും കരുതിയിരുന്നു.

ഇംഗ്ലീഷിനെ നിരോധിക്കാനുള്ള മാർഗ്ഗം മലയാളം തിരിച്ചു പിടിക്കുകയാണ് അല്ലെങ്കിൽ ഹിന്ദിയെ തിരിച്ചു പിടിക്കുകയാണ് എന്ന ബോധം പോലെ തന്നെ വിദേശസാങ്കേതിക വിദ്യയെ നിഷേധിച്ചുകൊണ്ട് നാടൻ ചക്കിനെയും കൈത്തറിയെയും തിരിച്ചുപിടിക്കണം എന്നും അക്കാലത്തെ ദേശീയപ്രസ്ഥാനം കരുതിയിരുന്നു.

പ്രതിരോധത്തിന്റെ മാർഗം ഒരടി പിറകോട്ട് മാറി നിൽക്കലാണ് എന്നുള്ളത് ഒരു സാർവലൗകിക പ്രതിരോധ തന്ത്രമാണ്. അച്ചടി എല്ലായിടത്തുമുണ്ടായിട്ടും കൈയെഴുത്തുമാസിക തുടങ്ങുന്നതും ഡി.ടി.പി. വരുമ്പോഴും ഇൻലന്റ് മാസിക നടത്തുന്നതും ഒരു പ്രതിരോധതന്ത്രമത്രെ. എളിമയെ പൊലിമയാക്കുന്ന തന്ത്രം. ഇങ്ങനെ ഒരടി പിന്നോക്കം മാറി നിൽക്കുന്ന ഒരു ഭാഷാപ്രസ്ഥാനമായാണ് മലയാളത്തിൽ പച്ചമലയാളപ്രസ്ഥാനം രൂപം കൊണ്ടത്. സംസ്കൃതത്തിന്റെ ആധിപത്യത്തെ ചെറുക്കാനുള്ള ഒരു മാർഗ്ഗം നാടൻ ഭാഷയിൽ സംസാരിക്കുക എന്നുള്ളതാണ്. പരാജയപ്പെട്ട പച്ചമലയാളപ്രസ്ഥാനം പോലും കേരളദേശീയബോധത്തിന്റെ പ്രകടനമായിരുന്നു എന്നും അത് ദ്രാവിഡ ദേശീയബോധത്തിന്റെ ഭാഗമായിരുന്നു എന്നും അതിന്റെ പ്രക്ഷീണമായ പ്രതിധ്വനി മാത്രമെ മലയാളത്തിലുണ്ടായുള്ളു എന്നും നാം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.


"https://wiki.kssp.in/index.php?title=ഭാഷ_സംസ്കാരം_വിദ്യാഭ്യാസം&oldid=4781" എന്ന താളിൽനിന്ന് ശേഖരിച്ചത്