ശാസ്ത്രനിഘണ്ടു

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:25, 12 ഫെബ്രുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (added Category:പരിഷത്ത് പുസ്തകങ്ങൾ using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രം അതിവേഗം വളരുകയാണ്, ഒപ്പം ശാസ്ത്രസാഹിത്യവും. അത് തടസ്സം കൂടാതെ മുന്നേറണമെങ്കിൽ ഭാഷയുടെ പദാവലിയും കാലത്തിനൊത്തു വികസിക്കണം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രനിഘണ്ടുവിന്റെ ഒടുവിലത്തെ പരിഷ്‌കരിച്ച പതിപ്പ് വന്നത് 2010ൽ ആണ്. അതിനുശേഷം ശാസ്ത്രരംഗത്ത് വലിയ വളർച്ചയുണ്ടായി. ഭൗതിക-ജ്യോതിശ്ശാസ്ത്രമേഖലകളിലും ജനിതകശാസ്ത്രം, നാനോ സാങ്കേതികവിദ്യ തുടങ്ങിയ രംഗങ്ങളിലുമെല്ലാം വലിയ കുതിപ്പുകൾ തന്നെ ഉണ്ടായി. അനേകം പുതിയ സാങ്കേതികപദങ്ങൾ പ്രയോഗത്തിൽ വന്നു. അതെല്ലാം ഇംഗ്ലീഷി ലായിരുന്നു. അവ കൂടി ഉൾപ്പെടുത്തി, കഴിയുന്നത്ര പദങ്ങൾക്ക് തത്തുല്യമായ മലയാളപദങ്ങൾ ചേർത്ത് ശാസ്ത്രനിഘണ്ടു പരിഷ്‌കരിക്കേണ്ടത് ആവശ്യമായിത്തീർന്നു. അതിനുള്ള ശ്രമത്തിന്റെഫലമാണ് ഈ പരിഷ്‌കരിച്ച പതിപ്പ്. എല്ലാ ഇംഗ്ലീഷ് സാങ്കേതികപദങ്ങളും ഉൾപ്പെടുത്താനോ അവയ്‌ക്കെല്ലാം ലളിതമായ മലയാളപദങ്ങൾ കണ്ടെത്താനോ ഞങ്ങൾക്കു കഴിഞ്ഞിട്ടില്ല. പല സന്ദർഭങ്ങളിലും ഇംഗ്ലീഷ് പദങ്ങളെത്തന്നെ അതേപടിയോ ചെറിയ മാറ്റങ്ങളോടെയോ മലയാളപദങ്ങളായി സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അങ്ങനെയാണല്ലോ ഭാഷ വളരുന്നത്. മലയാള മാധ്യമത്തിലൂടെ സാമാന്യവിദ്യാഭ്യാസം നേടിയവരെയാണ് നിഘണ്ടു മുഖ്യമായും ലക്ഷ്യമാക്കുന്നത്; കൂടാതെ, ഉന്നതവിദ്യാഭ്യാസം നേടിയ ശേഷം മലയാളത്തിൽ ശാസ്ത്രഗ്രന്ഥങ്ങളും ലേഖനങ്ങളും തയ്യാറാക്കാൻ ശ്രമിക്കുന്നവരെയും. ആദ്യത്തെ വിഭാഗത്തിന് ഇംഗ്ലീഷിലുള്ള പോപ്പുലർ സയൻസ് പുസ്തകങ്ങൾ വായിക്കുമ്പോൾ മനസ്സിലാകാതെ വരുന്ന പദങ്ങളുടെ അർഥവും പരിചിതമായ മലയാളപദവും കിട്ടിയാൽ വായന എളുപ്പമാകും. രണ്ടാമത്തെ കൂട്ടർക്കാകട്ടെ ഇംഗ്ലീഷ് സാങ്കേതികപദങ്ങളുടെ അർഥമല്ല വേണ്ടത്, തത്തുല്യ മലയാളപദങ്ങൾ മാത്രമാണ്. ഇനിയുമൊരു കൂട്ടർക്കു മലയാളത്തിലുള്ള ശാസ്ത്രപുസ്തകങ്ങൾ വായിക്കുമ്പോൾ കാണുന്ന സാങ്കേതികപദങ്ങൾക്കുപകരം നിൽക്കുന്ന ഇംഗ്ലീഷ് പദങ്ങൾ ആണ് അറിയേണ്ടത്. ഒടുവിൽ പറഞ്ഞവർക്കായി അകാരാദിക്രമത്തിൽ മലയാളപദങ്ങളും, പകരം ഉപയോഗത്തിലുള്ള ഇംഗ്ലീഷ് പദങ്ങളും പദസൂചികയായി കൊടുത്തിട്ടുണ്ട്. പല ഇംഗ്ലീഷ് പദങ്ങൾക്കും അർഥമായി മലയാള പദത്തോടൊപ്പം അതേ ഇംഗ്ലീഷ് പദം തന്നെ മലയാളത്തിലും കൊടുത്തിട്ടുണ്ടാകും. ചിലപ്പോൾ ഒന്നിലേറെ മലയാളപദങ്ങളും ഉണ്ടാകാം. ഉപയോഗത്തിലൂടെ ഇവയിൽ അനുയോജ്യമായവ ക്രമേണ സ്വീകാര്യമായി വന്നുകൊള്ളും എന്ന പ്രതീക്ഷയിലാണത്. ഗൗരവതരമായ ശാസ്ത്രവായനയ്ക്ക് ശാസ്ത്രനിഘണ്ടു പ്രയോജനപ്പെടുമെന്നും മലയാളത്തിന്റെ പദസമ്പത്ത് വളർത്തുക വഴി ഭാഷയുടെ വളർച്ചയ്ക്കുതന്നെ അതു സഹായിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഇതു കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ട നിർദേശങ്ങളും സഹായവും പ്രതീക്ഷിച്ചുകൊണ്ട് ശാസ്ത്രനിഘണ്ടുവിന്റെ പരിഷ്‌കരിച്ച പതിപ്പ് വായനക്കാർക്കായി സമർപ്പിക്കുന്നു.

"https://wiki.kssp.in/index.php?title=ശാസ്ത്രനിഘണ്ടു&oldid=8549" എന്ന താളിൽനിന്ന് ശേഖരിച്ചത്