ഉന്നതവിദ്യാഭ്യാസരംഗത്തെ പുരോഗമനപരമായ നീക്കങ്ങൾ സംരക്ഷിക്കുക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

സെക്കുലറും ജനാധിപത്യപരവുമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അക്കാദമിക് സ്വയം ഭരണത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള സംവിധാനമാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിഭാവനം ചെയ്യപ്പെട്ടിരുന്നത്. 1969-ലെ സർവകലാശാല നിയമം ഈ ആശയത്തിന്റെ തെളിവായിരുന്നു. എന്നാൽ, ആഗോളതലത്തിലും അഖിലേന്ത്യാതലത്തിലും വേരൂന്നുന്ന കമ്പോളവിദ്യാഭ്യാസ ജാതിമതസമുദായ ശക്തികളുടെ താത്പര്യങ്ങൾക്കനുസരിച്ച് കേരളത്തിലെ ജനാധിപത്യസംവിധാനങ്ങളെ അട്ടിമറിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. കാലിക്കറ്റ് സർവകലാശാലയിലെ ഭൂമിദാനം വ്യാപകമായ എതിർപ്പ് ക്ഷണിച്ചുവരുത്തി കഴിഞ്ഞു. പുതിയ ഗവണ്മെന്റ് നിയോഗിച്ച ഒരു കമ്മിറ്റി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർവകലാശാലകളിൽ നിർണായകമായ സ്വാധീനം ലഭിക്കുന്നവിധത്തിൽ സർവകലാശാലാനിയമങ്ങളിൽ മാറ്റം വരുത്തുന്നതായി അറിയുന്നു. ഏറെക്കാലത്തെ ചർച്ചകൾക്കും ഒരുക്കങ്ങൾക്കും ശേഷം നടപ്പിലാക്കിയ കോളേജുകളിലെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും സൂചനകളുണ്ട്. അതേസമയം, പ്രൊഫഷണൽ കോളേജുകളുടെയും സർവകലാശാലകളുടെയും അക്കാദമിക് പ്രകടനം തെളിയിക്കുന്നത് ഉന്നതവിദ്യാഭ്യാസത്തിന്റെ അക്കാദമിക് ഗുണനിലവാരത്തിൽ കഴിഞ്ഞ ദശകത്തിൽ വമ്പിച്ച തിരിച്ചടിയുണ്ടായിട്ടുണ്ടെന്നാണ് സർവകലാശാലകളുടെ അക്കാദമിക് സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തിക്കൊണ്ടും സങ്കുചിത-കക്ഷിരാഷ്ട്രീയത്തിന്റെ ഇടപെടലുകളിൽനിന്ന് സർവകലാശാലകളെ വിമുക്തമാക്കി സ്വച്ഛമായ അക്കാദമിക് പ്രവർത്തനം ഉറപ്പുവരുത്തിക്കൊണ്ടും മാത്രമേ അക്കാദമിക് നിലവാരം വർദ്ധിപ്പിക്കാൻ കഴിയുകയുള്ളൂ. വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി ഒരു ബന്ധവുമില്ലാത്തവരും കച്ചവടക്കണ്ണോടുകൂടി മാത്രം സർവകലാശാലയെ സമീപിക്കുന്നവരുമായ വാണിജ്യ ലോബികളുടെയും ജാതിമത സംഘടനകളുടെയും ആധിപത്യത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതും ആവശ്യമാണ്. ഈ കാഴ്ചപ്പാടിനെ മുൻനിർത്തി ക്രെഡിറ്റ് സെമസ്റ്റർ സിസ്റ്റം, കോളേജ് ക്ലസ്റ്ററുകൾ, സർവകലാശാല അക്കാദമിക് സമിതികൾക്ക് നേതൃത്വം നൽകുന്ന പുതിയ ഭരണസംവിധാനങ്ങൾ തുടങ്ങിയവയടക്കമുള്ള ഗുണപരമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ മുൻകൈയ്യെടുക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഗവണ്മെന്റിനോടും സർവകലാശാലാ ഭരണാധികാരികളോടും അഭ്യർത്ഥിക്കുന്നു.