കേരള വികസനം പരിഷത്തിൻറെ ഇടപെടൽ ചരിത്രം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള വികസനം പരിഷത്തിൻറെ ഇടപെടൽ ചരിത്രം

കേരള വികസനവുമായി ബന്ധപ്പെട്ട ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ഇടപെടലുകൾക്ക്‌ കഴിഞ്ഞ നാല്‌ പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്‌. 1962 ലെ രൂപീകരണം മുതൽ 1974 വരെയുള്ള ഒരു ദശകക്കാലം കേരളത്തിലെ ജനങ്ങൾക്കിടയിൽ ശാസ്‌ത്രവിജ്ഞാനം പ്രചരിപ്പിക്കുകയും, ജനങ്ങളിലേക്ക്‌ ശാസ്‌ത്രബോധം എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു പരിഷത്തിന്റെ പ്രധാന പ്രവർത്തന ലക്ഷ്യം. 1975 മെയ്‌ 9, 10, 11 തിയ്യതികളിൽ പീച്ചിയിൽ വച്ചു നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിൽ വച്ചാണ്‌ ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം പരിഷത്ത്‌ ഏറ്റെടുക്കുന്നത്‌. ഇതോടെ പരിത്തിന്റെ പ്രവർത്തന ലക്ഷ്യങ്ങളും, പ്രവർത്തന പരിപാടികളും കൂടുതൽ വികസിപ്പിച്ചു. സമൂഹത്തിന്റെ അന്നത്തെ അവസ്ഥയെക്കുറിച്ചും, അതിനെ നിയന്ത്രിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള വിശകലനത്തിൽ നിന്നാണ്‌ പരിഷത്ത്‌ ആ മുദ്രാവാക്യത്തിലേക്ക്‌ എത്തിയത്‌. അവയെ ഇങ്ങനെ ക്രോഡീകരിക്കാം.

  • സമൂഹം ദരിദ്ര്വത്‌ക്കരിക്കപ്പെടുന്ന ഭൂരിപക്ഷവും, ധനിക വത്‌ക്കരിക്കപ്പടുന്ന ഭൂരിപക്ഷവുമായി വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
  • ഈ പ്രക്രിയയിലെ തലകീഴ്‌മറിക്കുക എന്നതാണ്‌ സാമൂഹ്യ വിപ്ലവം. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ കയ്യിൽ ഈ മാറ്റത്തിനുള്ള ഉപാധിയായി ശാസ്‌ത്രവും അതിലൂടെ സൃഷ്‌ടിക്കാവുന്ന അറിവും മാറണം.

ശാസ്‌ത്രത്തെ സംബന്ധിച്ച്‌ അതുവരെ നാം സ്വീകരിച്ച നിലപാടിൽ നിന്നുള്ള മുന്നോട്ടുപോക്കിരുന്നു ഇത്‌. ഈ മാറ്റത്തിന്‌ ആധാരമായി വർത്തിച്ചത്‌ താഴെ പറയുന്ന തിരിച്ചറിവുകൾ ആയിരുന്നു.

  • മനുഷ്യന്റെ അതിജീവന പ്രക്രിയയുടെ ഭാഗമായി പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ഇടപെടലുകളിലൂടെയും, കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കായുള്ള മനുഷ്യന്റെ അന്വേഷണങ്ങളൂടെയുമാണ്‌ ശാസ്‌ത്രം വികസിച്ചത്‌.
  • ശാസ്‌ത്രത്തിന്റെ വികാസം ഉത്‌പാദന പ്രക്രിയയും, അതിലൂടെ വികസിച്ചു വന്ന പുതിയ അറിവുകളുമായി ബന്ധപ്പെട്ട്‌ രൂപപ്പെട്ടതാണ്‌.
  • അതത്‌ കാലത്തെ അറിവുകളെയും, ശാസ്‌ത്ര അന്വേഷണങ്ങളേയും നിർണ്ണയിക്കുന്നതിൽ അന്നത്തെ സാമൂഹ്യ ഘടനകൾക്കും, മേധാവിത്വ ശക്തികൾക്കും പങ്കുണ്ട്‌.
  • അറിവിന്‌ വിമോചന സ്വഭാവം ഉണ്ടായിരിക്കുമ്പോൾ തന്നെ സമൂഹത്തെ നിയന്ത്രിക്കുന്ന ധനിക ജനപക്ഷത്തിന്റെ താല്‌പര്യങ്ങൾക്ക്‌ വേണ്ടി അത്‌ ഉപയോഗിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്‌.
  • അതിനാൽ അറിവിന്റെ വിമോചന അംഗത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിത ആവശ്യങ്ങളെ പരിഹരിക്കുന്നതിന്‌ വേണ്ടി ഉപയോഗിക്കുക എന്നത്‌ ഒരു ജനകീയ ശാസ്‌ത്ര പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ ദൗത്യവുമാണ്‌.

1974 ൽ ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യവും സ്വീകരിച്ചതുമുതൽ അറിവിന്റെ ജനപക്ഷ പ്രയോഗത്തെക്കുറിച്ച്‌ ചിന്തിക്കാനും, അതും നാടിന്റെ വികസന പ്രക്രിയയെ സംബന്ധിച്ച ബന്ധങ്ങളെ വിശകലനം ചെയ്യുന്നതും നാം ശ്രമിച്ചു. ഇതോടെ ശാസ്‌ത്രത്തിന്റെ അഥവാ അറിവിന്റെ വിവിധ വികസന മേഖലകളിലെ പ്രയോഗത്തെ പരിശോധിക്കുകയും, അവയെ ജനപക്ഷപരമായി മാറ്റിത്തീർക്കുകയും ചെയ്യുക എന്നത്‌ നമ്മുടെ ഒരു പ്രധാന പ്രവർത്തനമേഖലയായി. ഇങ്ങനെ വിവിധ മേഖലകളിലെ പരിശോധനകളിലൂടെയും ഇടപെടലുകളിലൂടെയും അതുവരെ മുഖ്യ പ്രവർത്തനമേഖലയായിരുന്ന കേവല ബോധവത്‌ക്കരണത്തിൽനിന്ന്‌ വികസന രംഗത്തെ നിലപാടു രൂപീകരണങ്ങളിലേക്കും, ഇടപെടലുകളിലേക്കും സംഘടനയുടെ പ്രവർത്തന മേഖല ഇതോടെ വ്യാപിച്ചു. u ശാസ്‌ത്രത്തിന്റെ ജനപക്ഷ പ്രയോഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 1972 ൽ തന്നെ ആലുവ പ്രദേശത്തെ മലിനീകരണവുമായി ബന്ധപ്പെട്ടു തന്നെ നാം ആരംഭിച്ചിരിക്കുന്നു.

കേരളത്തിന്റെ സമ്പത്ത്‌

1976 ലെ ബഹുജന സമ്പർക്ക പരിപാടിക്ക്‌ വേണ്ടി തയ്യാറാക്കിയതാണ്‌ കേരളത്തിന്റെ സമ്പത്ത്‌ എന്ന പുസ്‌തകം. വിഭവം എന്നതിനെ പറ്റി ശാസ്‌ത്രീയമായ ധാരണഉണ്ടാക്കുക, അതിന്റെ അടിസ്ഥാനത്തിൽ ചുറ്റും കാണുന്ന വസ്‌തുക്കളിൽ വിഭവം ദർശിക്കാനുള്ള കഴിവുണ്ടാക്കുകയും അവയെ സമ്പത്താക്കി മാറ്റാനുള്ള പ്രവർത്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ബഹുജന സമ്പർക്ക പരിപാടിയുടെ ഉദ്ദ്യേശ്യം. ഭൂവുഭയോഗം, ജനങ്ങലും വിഭവ പ്രശ്‌നങ്ങളും, കൃഷി, മൃഗസമ്പത്ത്‌, വന സമ്പത്ത്‌, ജല വിഭവങ്ങൾ, മത്സ്യ ബന്ധനം, വ്യവയായം , ഊർജ്ജ വിഭവം , പശ്ചാത്തല സൗകര്യങ്ങൾ വികാസത്തിന്റെ പരിപ്രേഷ്യം എന്നീ അധ്യായങ്ങളായി കേരളത്തിന്റെ സമ്പത്തിനെ പുസ്‌തകത്തിൽ വിശകലനം ചെയ്‌തിട്ടുണ്ട്‌.

1976 ൽ കേരളത്തിന്റെ സമ്പത്ത്‌ എന്ന ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തോടെയാണ്‌ പരിഷത്ത്‌ വികസന രംഗത്തെ ഇടപെടലുകൾക്ക്‌ തുടക്കമിടുന്നത്‌. 1976 ൽ തന്നെ ഈ പുസ്‌തകത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കേരള വികസന പരിപ്രേക്ഷ്യം എന്ന കുറിപ്പും വച്ചുകൊണ്ടുള്ള ക്ലാസുകൾ വ്യാപകമായി സംഘടിപ്പിച്ചു. u 1976 ൽ ജനുവരി മാസത്തിൽതന്നെ ശാസ്‌ത്രമാസമായി ആചരിക്കുകയും പ്രകൃതി-ശാസ്‌ത്രം-സമൂഹം എന്ന വിഷയത്തിൽ പ്രകൃതിയുടെ അടിസ്ഥാന നിലയങ്ങൾ, ശാസ്‌ത്രത്തിന്റെ വികാസം, സാമൂഹ്യ പ്രക്രിയയുമായി ഇവക്കുള്ള ബന്ധം എന്നിവ ചർച്ച ചെയ്യുന്ന 10000 ക്ലാസുകൾ സംസ്ഥാനത്താകെ സംഘടിപ്പിക്കുകയും ചെയ്‌തു. u ഗ്രാമശാസ്‌ത്ര സമിതികൾ: 1976-79ലെ കാലഘട്ടത്തിലാണ്‌ പഞ്ചായത്തുകൾ തോറും ഗ്രാമശാസ്‌ത്ര സമിതികൾ രൂപീകരിക്കുന്നത്‌. ഈ കാലഘട്ടത്തിൽ 700-ഓളം ഗ്രാമശാസ്‌ത്ര സമിതികൾ സംസ്ഥാനത്ത്‌ രൂപീകരിച്ചു. ശാസ്‌ത്രത്തെ സാധാരണക്കാരിലേക്ക്‌ ഇറക്കിക്കൊണ്ടുവരിക എന്ന പരിഷത്ത്‌ ലക്ഷ്യം യാഥാർത്ഥ്യമാക്കാനുള്ള ശ്രമമായിരുന്നു ഇത്‌. നാടിന്റെ ഭൗതിക സാഹചര്യം വിഭവങ്ങൾ ജനങ്ങളുടെ ജീവിത ആവശ്യങ്ങൾ എന്നിവയെ മനസ്സിലാക്കുക, ഇവയെ നാടിന്റെ വികസന പരിപാടിയുമായി ബന്ധപ്പിക്കുക എന്നിവയായിരുന്നു ഗ്രാമശാസ്‌ത്ര സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

വാഴയൂർ സർവ്വെ

ഗ്രാമശാസ്‌ത്ര സമിതി പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു പ്രദേശത്തെ വിഭവങ്ങൾ പഠിക്കുന്നതിന്‌ നടത്തിയ ശ്രമമായിരുന്നു 1976 ൽ മലപ്പുറം ജില്ലയിലെ വാഴയൂരിൽ നടത്തിയ സർവ്വെ പ്രവർത്തനം ഈ സർവ്വെയുടെ ഉത്‌പന്നം എന്നനിലയിൽ പഞ്ചായത്തിന്‌ ഒരു വികസന പരിസ്ഥിതി തയ്യാറാക്കി നാം സമർപ്പിച്ചു. ഒരു പതിറ്റാണ്ടിന്‌ ശേഷം സംഘടന ഏറ്റെടുത്ത വിഭവ ഭൂപട നിർമ്മാണത്തിന്റെയും സമഗ്ര ആസൂത്രണത്തിന്റെയും ബീജാവാപം നടന്നത്‌ വാഴയൂർ സർവ്വേയിൽ നിന്നായിരുന്നു.

ഗ്രാമശാസ്‌ത്രജാഥ

1977ൽ കൂവ്വേരി മുതൽ പൂവ്വച്ചൽ വരെ നടന്ന ശാസ്‌ത്ര സാംസ്‌കാരിക ജാഥ പരിഷത്ത്‌ പിന്നിട്ട വഴികളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ അധ്വാനശേഷി ഏറ്റവും വലിയ സമ്പത്ത്‌, വ്യവസായ വത്‌ക്കരണം പുരോഗതിയുടെ മാർഗ്ഗം എന്നീ ലഘുലേഖകൾ പ്രചരിപ്പിച്ച ജാഥ പരിഷത്തിന്റെ ദദിദ്രപക്ഷ രാഷ്‌ട്രീയത്തെ ഉയർത്തിപ്പിടിച്ച വലിയ ജനസമ്പർക്ക പരിപാടിയായിരുന്നു.

പരിസ്ഥിതിയും വികസനവും

1970 കളിലാണ്‌ പരിസ്ഥിതിയേയും വികസനത്തേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പരിഷത്തിന്റെ കാഴ്‌ചപ്പാടുകൾ വികസിച്ചു വന്നത്‌. 1974 ൽ ആലുവ-കളമശ്ശേരി വ്യവസായ മേഖലയിലെ മലിനീകരണ പ്രശ്‌നം, 1979 മുതൽ ആരംഭിച്ച ചാലിയാർ മലിനീകരണ വിരുദ്ധ സമരത്തിൽ 1985ൽ പരിഷത്ത്‌ നടത്തിയ ഇടപെടൽ, വെള്ളൂർ ന്യൂസ്‌ പ്രിന്റ്‌ ഫാക്‌ടറി - മുവ്വാറ്റുപുഴയാർ മലിനീകരണത്തിന്‌ എതിരായ സമരം,. തൃശ്ശൂരിലെ മധുര കോട്‌സുമായി ബന്ധപ്പെട്ട സമരം

എല്ലാം 1970 കളുടെ അവസാനത്തിലും 1980 കളുടെ ആരംഭത്തിലുമാണ്‌ രൂപപ്പെട്ടത്‌.പരിസ്ഥിതിയും വികസനവുമായി ബന്ധപ്പെട്ട ഒരു പുതിയ കാഴ്‌ചപ്പാട്‌ കേരളത്തിൽ അവതരിപ്പിക്കാൻ പരിഷത്തിനെ സഹായിച്ചത്‌ 1977 ൽ മുതൽ ആരംഭിച്ച്‌ 1979ൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ ലക്ഷ്യം കണ്ട സൈലന്റ്‌ വാലി പ്രക്ഷോഭം ആയിരുന്നു.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വ്യക്തമായി നിർവ്വിചിക്കുന്നതിനും 1979 ൽ പ്രസിദ്ധീകരിച്ച മനുഷ്യനും ചുറ്റുപാടും എന്ന ഗ്രന്ഥം 1977 ലെ കൊല്ലത്ത്‌ വച്ച്‌ നടന്ന സെമിനാറിലാണ്‌ പുറത്തിറക്കിയത്‌.

മനുഷ്യനും ചുറ്റുപാടും എന്ന പുസ്‌തകത്തിലാണ്‌ പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ട പാരസ്‌പര്യത്തിൽ അധിഷ്‌ഠിതമായ ബന്ധത്തെ വ്യക്തമാക്കുന്ന കാഴ്‌ചപ്പാടുകൾ വിശദീകരിക്കുന്ന ത്രി പരിസ്ഥിതി സിദ്ധാന്തം സംഘടന മുമ്പോട്ട്‌ വച്ചത്‌. ഈ പുസ്‌തകമാണ്‌ ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി വീക്ഷണത്തിന്‌ അടിത്തറ പാകിയത്‌. മനുഷ്യനും പ്രകൃതിയും തമ്മിൽ പ്രതിപ്രവർത്തിക്കുന്ന ഭൗതിക പരിസ്ഥിതി, മനുഷ്യനും മനുഷ്യനും തമ്മിൽ പ്രതിപ്രവർത്തിക്കുന്ന സാമൂഹിക സാമ്പത്തിക പരിസ്ഥിതി, ഇവ രണ്ടിനേയും നോക്കിക്കാണുന്ന സാംസ്‌കാരിക പരിസ്ഥിതി എന്നീ സങ്കൽപങ്ങളെ ഈ ഗ്രന്ഥത്തിലാണ്‌ വിശദീകരിക്കാൻ ശ്രമിച്ചത്‌. മനുഷ്യനും, മനുഷ്യനും തമ്മിലുള്ള ബന്ധം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സ്വാധീനിക്കുന്നു. നിർവ്വചിക്കുന്നു. ഇവയിലുള്ള വൈരുദ്ധ്യങ്ങളെ നോക്കി കാണുന്നു. മാറ്റങ്ങളുടെ തുടക്കം ദർശനത്തിൽ സംസ്‌കാരത്തിൽ നിന്നാണ്‌ സാമൂഹിക സാമ്പത്തീക പരിസ്ഥിതിയും, ഭൗതിക പരിസ്ഥിതിയും തമ്മിലുള്ള വൈരുദ്ധ്യാത്മ ബന്ധം വിശദീകരിക്കാൻ ഇത്‌ സഹായിക്കുന്നു. ഇതാണ്‌ ത്രിപരിസ്ഥിതി സിദ്ധാന്തം ചുരുക്കത്തിൽ വിശദീകരിക്കാൻ ശ്രമിച്ചത്‌.

1979ൽ ആരംഭിച്ച്‌ 1987 വരെ തുടർന്ന സൈലന്റ്‌ വാലി പ്രക്ഷോഭം പരിഷത്തിന്റെ വികസന കാഴ്‌ചപ്പാട്‌ രൂപീകരിക്കുന്നതിൽ നിർണ്ണായകമായ പങ്ക്‌ വഹിച്ച ഒന്നാണ്‌. സംഘടനകകത്ത്‌ നടന്ന നിരന്തരമായ ചർച്ചകൾക്ക്‌ ശേഷം 1978 ഒക്‌ടോബർ 10 ന്‌ പദ്ധതി നിർത്തിവക്കുന്നതിന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസ്സാക്കി മുഖ്യമന്ത്രിക്കും പ്രധാന മന്ത്രിക്കും അയച്ചുകൊടുത്തു. 1977 ൽ പരിഷത്ത്‌ നിയോഗിച്ച പഠന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘടന വ്യാപകമായ ജനസംവാദം കേരളത്തിൽ നടത്തി. ഇതേ തുടർന്ന്‌ കേന്ദ്ര സർക്കാർ നിയോഗിച്ച എം.ജി.കെ.മേനോൻ സമിതിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിക്കലും സൈലന്റ്‌ വാലിയെ സംരക്ഷിത വിജ്ഞാപനം പുറപ്പടുവിക്കയും ചെയ്‌തു. ഒരു കേവല പരിസ്ഥിതി പ്രക്ഷോഭം എന്നതിനപ്പുറത്ത്‌ കേരളത്തിന്റെ വികസന ചർച്ചകൾക്ക്‌ ഒരു പുതിയ മാനം നൽകുന്ന ഒന്നായി സൈലന്റ്‌ വാലി പ്രക്ഷോഭം മാറി. സൈലന്റ്‌ വാലി സംവാദത്തെ തുടർന്ന്‌ 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലുമായി പരിസ്ഥിതിയേയും, വികസനത്തേയും സംബന്ധിച്ച്‌ ഒരു സംതുലിതമായ നിലപാട്‌ എടുക്കാൻ പരിഷത്തിന്‌ കഴിഞ്ഞു. നിങ്ങൾ പരിസ്ഥിതിയുടെ പക്ഷത്തോ അതോ വികസത്തിന്റെ പക്ഷത്തോ എന്ന മൗലികവാദപരമായ ചോദ്യത്തിന്റെ പൊള്ളത്തരം പുറത്തുകാണിക്കാൻ സാധിച്ചു. പരിസ്ഥിതി സംരക്ഷണം സുസ്ഥിരമായ വികസനത്തിന്‌ വേണ്ടിയാണ്‌ എന്ന വാദമാണ്‌ നാം ഉയർത്തിയത്‌.

വികസനവും വൈദ്യുതിയും

സൈലന്റ്‌ വാലി പദ്ധതിയെ എതിർക്കുമ്പോൾ തന്നെ കേരള വികസനത്തിൽ വൈദ്യുതിയുടെ പങ്കിനേയും, അതിന്റെ ഉത്‌പാദനം വർദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകതയേയും നിഷേധിച്ചുകൊണ്ടുള്ള സമീപനം അല്ല പരിഷത്ത്‌ സ്വീകരിച്ചത്‌. സൈലന്റ്‌ വാലി പ്രക്ഷോഭ കാലഘട്ടത്തിൽ തന്നെ കേരളത്തിന്റെ ഭാവി ഊർജ്ജ ആവശ്യം ശാസ്‌ത്രീയമായി കണക്കാക്കി ആവശ്യമായ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിന്‌ താപവൈദ്യുത നിലയം അടിയന്തിരമായി സ്ഥാപിക്കേണ്ടതിന്റെ ആവശ്യം പരിഷത്ത്‌ ചൂണ്ടിക്കാട്ടി. ശാസ്‌ത്രീയമായ മാനേജ്‌മെന്റിന്റെ അഭാവം മൂലം പാഴാവുന്ന വൈദ്യുതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും അതിനുള്ള ബദൽ മാർഗ്ഗങ്ങളെപ്പറ്റിയും സംഘടന നിർദ്ദേശങ്ങൾ നൽകി. ഊർജ്ജം എന്ന വിഷയത്തിൽ ഒരു സംസ്ഥാന തല സെമിനാർ നടത്തുകയും കേരളത്തിന്റെ ബദൽ ഊർജ്ജ സാധ്യതകൾ വിശദീകരിക്കുന്ന ഊർജ്ജം എന്ന ലഘുലേഖ 1984 ൽ പുറത്തിറക്കുകയും ചെയ്‌തു. ഒരു പദ്ധതിയെ എതിർക്കുമ്പോൾ തന്നെ അതിന്‌ ബദൽ നിർദ്ദേശങ്ങൾ വക്കുക എന്ന ക്രിയാത്മക വിമർശനത്തിന്റെ പരിഷത്ത്‌ ശൈലി രൂപപ്പെട്ടുവന്ന അവസരം കൂടിയായി ഇതോടെ സൈലന്റ്‌ വാലി മാറി. ്‌. അണുനിലയങ്ങൾക്കെതിരായ നിലപാടുകൾ നമ്മൾ 1984 ൽ സ്വീകരിക്കുന്നതും ഊർജ്ജത്തെ സംബന്ധിച്ച പരിഷത്തിന്റെ അടിസ്ഥാന കാഴ്‌ചപ്പാടുകൾ വിശദീകരിക്കാനുള്ള മറ്റൊരു ശ്രമം ആയിരുന്നു. 1986 ലെ ഊർജ്ജ വികസന ജാഥകൾ ഈ കാഴ്‌ചപ്പാടിൽനിന്നാണ്‌ രൂപ പ്പെട്ടത്‌.


ഭാവികേരളം സുവനീറുകൾ

കേരള വികസനത്തെക്കുറിച്ചുള്ള ചർച്ചകൾ വിപുലമാക്കാനുള്ള ശ്രമങ്ങൾ 1984 ലെ ഗ്രാമശാസ്‌ത്ര ജാഥകളിലൂടെ തുടർന്നു. ഓരോ ജില്ലയിലും അഞ്ച്‌ വീതം പഞ്ചായത്തുകളിൽ 10 വീതം കേന്ദ്രങ്ങളിലായിരുന്നു ജാഥ. കേരളത്തിന്റെ സമ്പത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കേരള വികസന പരിപ്രേക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളാണ്‌ ഇതിൽ നടന്നത്‌. 1985 ൽ കോഴിക്കോട്‌ ദേവഗിരി കോളേജിൽ വച്ച്‌ നടന്ന 22-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിന്റെ വികസനത്തെക്കുറിച്ച്‌ പരിഷത്ത്‌ പുറത്തിറക്കിയ സുവനീർ ഭാവി കേരളത്തെ സംബന്ധിച്ച സംഘടനയുടെ വികസന നിലപാടുകൾക്ക്‌ തെളിമ നൽകി. പിന്നീട്‌ നടന്ന മൂന്നു വാർഷികങ്ങളിൽ കേരളവികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള വിഷയാധിഷ്‌ഠിത സുവനീറുകളാണ്‌ പരിഷത്ത്‌ പുറത്തിറക്കിയത്‌. 1986ൽ ഏറണാകുളം മഹാരാജാസ്‌ കോളേജിൽ വച്ചുനടന്ന 23-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിന്റെ വ്യവസായ വികസനത്തിന്‌ ഒരു പരിപ്രക്ഷ്യം എന്ന സുവനീർ പരിഷത്ത്‌ പുറത്തിറക്കി. കേരള വികസനത്തിന്‌ വ്യവസായ വ്യവസായവത്‌ക്കരണമല്ലാതെ മറ്റു വഴികളില്ല എന്നതായിരുന്നു സുവനീറിന്റെ കേന്ദ്ര ആശയം. ഉത്‌പാദന മേഖലയിൽ സംസ്ഥാനത്ത്‌ രൂപപ്പെട്ട്‌ വന്ന മുരടിപ്പും, അഭ്യസ്‌ത വിദ്യരുടെ തൊഴിലില്ലായ്‌മ എന്ന പ്രതിസന്ധിയും മറികടക്കാനുള്ള വഴി എന്ന നിലയിലാണ്‌ അന്നത്തെ പശ്ചാത്തലത്തിൽ വ്യവസായവത്‌ക്കരണം എന്ന ആശയം മുന്നോട്ട്‌ വച്ച്‌. 1987 ൽ കൊല്ലത്ത്‌ നടന്ന വാർഷികത്തിന്റെ സുവനീർ വ്യവാസയ മേഖലയിലെ കൂടുതൽ ആഴത്തിലുള്ള അന്വേഷണം ആയിരുന്നു. സമ്മേളനത്തോടനുബന്ധിച്ച്‌ കയർ, കൈത്തറി, ബീഡി, മത്സ്യബന്ധനം എന്നീ പരമ്പരാഗത വ്യവസായ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള സെമിനാർ നടത്തുകയും ആ രേഖകൾ പിന്നീട്‌ സുവനീർ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. അതുവരെ തയ്യാറാക്കിയ രേഖകൾ കൂടി ഉൾപ്പെടുത്തി 1987 ൽ പാലക്കാട്‌ നടന്ന പ്രവർത്തന ക്യാമ്പിൽ വച്ച്‌ 8-ാം പദ്ധതിക്ക്‌ ഒരാമുഖം എന്ന പഞ്ചവത്സര പദ്ധതി പരിപ്രേക്ഷ്യം ചർച്ചചെയ്‌തു. 1988 ലെ രജതജൂബിലി വാർഷികത്തിന്‌ അനുബന്ധമായി കേരള വികസനത്തെ ആഴത്തിൽ പരിശോധിക്കുന്ന കേരളത്തിന്റെ എട്ടാം പദ്ധതി ചർച്ചകൾക്കൊരാമുഖം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അതുവരെയുള്ള ഏഴ്‌ പദ്ധതികളിൽ നിന്ന്‌ ചുരുങ്ങിയത്‌ കേരളത്തിലെങ്കിലും വ്യത്യസ്‌തമായ ഒരു ചർച്ച ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമായിരുന്നു ഈ ഗ്രന്ഥം. വികേന്ദ്രീകൃതമായ ഒരു ആസൂത്രണ വ്യവസ്ഥയിലുയർന്ന ആശയവും അതിന്റെ ആവശ്യകതയും അതിനനുസൃതമായ രീതികളും കേരളത്തിന്റെ ഓരോ വികസന മേഖലയും മുൻഗണന നൽകേണ്ട പ്രശ്‌നങ്ങളും ലഭ്യമായ വിഭവങ്ങളും ഈ ഗ്രന്ഥത്തിൽ ആഴത്തിൽ ചർച്ച ചെയ്‌തു.

ഐ.ആർ.ടി.സിയുടെ ആരംഭം

ഐ.ആർ.ടി.സി

ഗ്രാമീണ വികസനത്തിന്‌ ശാസ്‌ത്രത്തെ ഉപയോഗിക്കുക എന്ന പരിഷത്തിന്റെ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടു വയ്‌പായിരുന്നു ഇന്റഗ്രേറ്റഡ്‌ റൂറൽ ടെക്‌നോളജി സെന്റർ. ഗ്രാമീണ സാങ്കേതിക വിദ്യാകേന്ദ്രം എന്ന ഐ.ആർ.ടി.സിയുടെ സ്ഥാപനം ഗ്രാമീണ വികസനത്തിന്‌ ആവശ്യമായ സാങ്കേതിക വിദ്യകൾ ഗവേഷണ പ്രവർത്തനങ്ങളിലൂടെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചു. കണ്ണൂരിൽ മുമ്പ്‌ തുടങ്ങിവന്ന ഗ്രാമീണ അക്കാദമി സ്ഥാപിക്കുക എന്ന ആശയത്തിന്റെ ഒരു തുടർ പ്രവർത്തനം ആയിരുന്നു ഫലത്തിൽ ഐ.ആർ.ടി.സിയിലൂടെ നിർവ്വഹിക്കപ്പെട്ടത്‌. 1987ൽ പാലക്കാട്‌ ജില്ലയിലെ മുണ്ടൂരിൽ ആണ്‌ ഐ.ആർ.ടി.സി സ്ഥാപിച്ചത്‌. 1978 മുതൽ സംഘടന ആരംഭിച്ച ദക്ഷത കൂടിയ അടുപ്പ്‌ നിർമ്മാണത്തിന്റെ പരീക്ഷണങ്ങളുടെ സ്വാഭാവിക തുടർച്ച എന്ന നിലയിൽ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിൽ നിന്ന്‌ ലഭിച്ച കോർ സപ്പോർട്ട്‌ ഗ്രാന്റോടുകൂടിയാണ്‌ ഐ.ആർ.ടി.സി എന്ന ആശയം യാഥാർത്ഥ്യമായത്‌. വികസന രംഗത്ത്‌ പിന്നീട്‌ നിർണ്ണായക സംഭാവന നൽകിയ സ്ഥലങ്ങൾ ആസൂത്രണ രംഗത്തെ പ്രവർത്തനങ്ങൾ, ഗാലസ പദ്ധതി, പഞ്ചായത്ത്‌ തല ആസൂത്രണ പരിപാടി എന്നിവയുടെയൊക്കെ സംഘാടനത്തിൽ ഒരു നിർണ്ണായക സംവിധാനമായി ഐ.ആർ.ടി.സിക്ക്‌ പിന്നീട്‌ പ്രവർത്തിക്കാൻ കഴിഞ്ഞു.

ഐ.ആർ.ടി.സി

വികസന ജാഥ

ശാസ്‌ത്രസമിതിയുടെ പ്രവർത്തനങ്ങളെ തുടർന്ന്‌ വികേന്ദ്രീകൃത ആസൂത്രണം പരിഷത്ത്‌ സംഘടനയുടെ ആവശ്യമാകാൻ തുടങ്ങിയിരുന്നു. 1987 ൽ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്പ്‌മെന്റ്‌ സ്റ്റഡീസിൽ വച്ച്‌ പരിഷത്ത്‌ ഒരു സംസ്ഥാന ശില്‌പശാല നടത്തി. 1987 ലെ ജില്ലാകൗൺസിലുകളുടെ ഉദയം കേരളത്തിൽ അനുരൂപമായ സാഹചര്യം സൃഷ്‌ടിച്ചു. 1986 ൽ വയനാട്‌ നടന്ന സംസ്ഥാന സമ്മേളനത്തിൽ ഡോ.ഐ.എസ്‌. ഗുലാത്തി നടത്തിയ വിഷയവതരണം കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണത്തെക്കുറിച്ചായിരുന്നു. ഈ ചർച്ചകകത്ത്‌ അതുവരെ വികസന രംഗത്ത്‌ പരിഷത്ത്‌ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലയിൽ ഏറ്റവും പ്രധാനമായ ഒരു പ്രവർത്തനം ആയിരുന്നു 1989 ൽ സംഘടിപ്പിച്ച വികസന ജാഥ. ആസൂത്രണവും വികസന പ്രവർത്തനങ്ങളും വികേന്ദ്രീകരിക്കേണ്ടതിന്റെ ആവശശ്യം കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്ക്‌ മുൻപിൽ അവതരിപ്പിക്കുന്നതിനാണ്‌ ഈ ജാഥ ശ്രമിച്ചത്‌. അധികാരം ജനങ്ങൾക്ക്‌ എന്നതായിരുന്നു ആഗസ്‌ത്‌ 17 മുതൽ 27 വരെ നടന്ന ആ ജാഥയുടെ കേന്ദ്രമുദ്രാവാക്യം. ജാഥക്ക്‌ മുൻപെതന്നെ കർണ്ണാടകത്തിലേയും, പശ്ചിമ ബംഗാളിലെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ സന്ദർശിച്ച്‌ പരിഷത്ത്‌ സംഘം പഠനങ്ങൾ നത്തിയിരുന്നു. 925 പഞ്ചായത്തുകളിൽ മൊത്തം 1064 കേന്ദ്രങ്ങളിൽ ജാഥ എത്തിചേർന്നു. കേരളത്തിൽ അധികാര വികേന്ദ്രീകരണത്തിനായി നടന്ന ഒരു ബൃഹത്തായ ജനകീയ വിദ്യാഭ്യാസ പരിപാടി ആയിരുന്നു അത്‌. 1987 ൽ ജില്ലാ കൗൺസിലുകൾ നിലനിന്നിരുന്ന കാലഘട്ടത്തിൽ ആണ്‌ ഈ ജാഥ നടത്തിയത്‌. താഴെ തലത്തിൽ കൂടുതൽ ഫലപ്രദമായ അധികാരവികേന്ദ്രീകരണം നടപ്പാക്കുന്നതിനുള്ള ഒരു സാമൂഹ്യസമ്മർദ്ദം ഉണ്ടാകുന്നതിനുള്ള ശ്രമമായിരുന്നു ഇതിലൂടെ നടന്നത്‌.

സാക്ഷരത പ്രവർത്തനം

സമഗ്രമായ വികസനത്തിന്റെ അടിത്തറയായിട്ടാണ്‌ പരിഷത്ത്‌ സാക്ഷരതാ പ്രവർത്തനത്തെ കണ്ടത്‌. അക്ഷര സാക്ഷരതക്കൊപ്പം വിഭവ സാക്ഷരത, ശാസ്‌ത്രസാക്ഷരത മുതലായവ ആവശ്യമാണെന്ന്‌ പരിഷത്തിന്‌ അറിയാമായിരുന്നു. ശാസ്‌ത്ര സാക്ഷരതയിൽ ആദ്യകാല പ്രവർത്തനങ്ങൾ ഊന്നിയ സംഘടന ഗ്രാമശാസ്‌ത്ര സമിതികളുടെ പ്രവർത്തനങ്ങളിലൂടെയാണ്‌ വിഭവ സാക്ഷരതയുടെ മേഖലയിലേക്ക്‌ പ്രവർത്തനം വ്യാപിപ്പിച്ചത്‌. 1989 ലാണ്‌ ദേശീയ സാക്ഷരത മിഷൻ ശാസ്‌ത്ര സാഹിത്യ പരിഷത്തിന്‌ അനുവദിച്ച പ്രൊജക്‌ട്രിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ സമ്പൂർണ്ണ സാക്ഷരതായജ്ഞം ഏറ്റെടുത്തത്‌. കേവലമായ സാക്ഷരതാ പ്രവർത്തനം എന്നതിന്‌ അപ്പുറത്ത്‌ വിപുലമായ തലങ്ങൾ ഈ പ്രവർത്തനത്തിന്‌ ഉണ്ടായിരുന്നു. കക്ഷിരാഷ്‌ട്രീയ, സാമൂദായിക മറതിരുവുകൾക്ക്‌ അപ്പുറത്ത്‌ നാടിന്റെ മാറ്റത്തിന്‌ വേണ്ട ഒരു പ്രവർത്തനത്തിന്‌ ജനകീയ കൂട്ടായ്‌മയിലൂടെ നിർവ്വചിക്കാനുള്ള ഒരു വലിയ ശ്രമം ആയിരുന്നു അത്‌. ..... സാമൂഹ്യ പ്രവർത്തകർ, അഭ്യസ്ഥരായ ചെറുപ്പക്കാർ, ജനപ്രതിനിധികൾ, രാഷ്‌ട്രീയ പ്രവർത്തകർ എന്നിവരുടെ ഒരു വലിയ കൂട്ടായ്‌മ സാക്ഷരതാ പ്രവർത്തനത്തിൽ ദൃശ്യമായി. പ്രാദേശിക സർക്കാരുകളെയും, ഭരണ നേതൃത്വത്തേയും ഒരു സാമൂഹ്യ പ്രക്രിയയിൽ നേതൃത്വസ്ഥാനത്തേക്ക്‌ കൊണ്ടുവരാൻ ഇത്‌ ഒരു ഉപകരണം ആയി. സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി വിപുലമായ പഞ്ചായത്ത്‌ വാർഡ്‌ തല കമ്മിറ്റികൾ എല്ലാ വിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെ രൂപപ്പെട്ടു. പ്രാദേശിക മനുഷ്യരുടെ ഒരു സംഘടന സംവിധാനത്തിലൂടെ നാടിന്റെ വികസനത്തിന്‌ എങ്ങനെ ഫലപ്രദമായി കണ്ണിചേർന്നു എന്നതിന്റെ ഉത്തമ ദൃഷ്‌ടാന്തമായിരുനനു പ്രാദേശികാ സാക്ഷരതാ സമിതികൾ കേവലമായ സാക്ഷരതക്ക്‌ അപ്പുറത്ത്‌ നാടിന്റെ അധികാര ഘടന, ഉദ്യോഗസ്ഥ സംവിധാനം എന്നിവയെ കുറിച്ചെല്ലാം വിമർശനപരമായ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള ഘടകങ്ങൾ സാക്ഷരതാ പരിപാടിയുടെ ക്യാമ്പുകളിലും, ഗാനങ്ങളിലും എല്ലാം അനൗപചാരിക ഉള്ളടക്കമായി ഉണ്ടായിരുന്നു. അക്ഷര സാക്ഷരതയിൽ നിന്ന്‌ വിഭവ സാക്ഷരതയിലേക്കുള്ള ഒരു വാതിലായി സാക്ഷരതാ പ്രവർത്തനം പിന്നീട്‌ മാറി. 1989 ജനുവരി 26ന്‌ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ ഉദ്‌ഘാടനം ചെയ്‌ത സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിന്‌ ശേഷം അന്നത്തെ പ്രധാനമന്ത്രി വി.പി.സിംഗ്‌ 1990 ഫെബ്രുവരി 4 ന്‌ എറണാകുളത്തെ സമ്പൂർണഅണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചു. ഇതേ സമ്മേളനത്തിൽ വച്ച്‌ കേരളത്തെ സമ്പൂർണ്ണ സാക്ഷരമാക്കുന്നതിനുള്ള അക്ഷര കേരളം പദ്ധതി വി.പി.സിംഗ്‌ പ്രഖ്യാപിച്ചു. 1990 പ്രധാനമായും സാക്ഷരതാ പ്രവർത്തനിത്തിന്‌ മാറ്റി വച്ച വർഷം ആയിരുന്നു. 45000 വീടുകളിൽ നടത്തിയ ഏകദിന സർവ്വെ, 15000 കേന്ദ്രങ്ങളിൽ പരിപാടി അവതരിപ്പിച്ചു. 300 കലാജാഥകൾ സംസ്ഥാനത്താകെ ജില്ലാ പഞ്ചായത്ത്‌ വാർഡ്‌ തലങ്ങളിൽ ജനകീയ സാക്ഷരതാ സമിതിയുടെ രൂപീകരണം 237650 ഇൻസ്‌ട്രക്‌ടർമാരു 26305 ട്രെയിനർമാരും ഉൾപ്പെട്ട പരിശീലന സംഘത്തിന്റെ രൂപീകരണവും പരിശീലനവും എങ്ങിങ്ങനെ വിപുലമായ പ്രവർത്തനങ്ങൾക്കൊടുവിൽ 1991 ഏപ്രീൽ 18 ന്‌ കോഴിക്കോട്‌ മാനാഞ്ചിറ മൈതാനിയിൽ ചേർന്ന പൊതു സമ്മേളനത്തിൽ കേരളം സമ്പൂർണ്ണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളുടെ കൂട്ടായ്‌മയെ നാടിന്റെ പൊതുവികസന ലക്ഷ്യത്തിന്‌ സംയോജിപ്പിച്ച വലിയ പ്രവർത്തനമായിരുന്നു സാക്ഷരതാ പ്രവർത്തനം. നാടിന്റെ വികസനത്തിന്‌ പ്രാദേശിക കൂട്ടായ്‌മകൾ പൊതു ലക്ഷ്യത്തോടെ രൂപീകരിക്കുക എന്ന ആശയത്തിന്റെ പ്രയോഗം കൂടി ആയിരുന്നു ഇതിലൂടെ സാധ്യമായത്‌. സർക്കാരിന്റെ ഒരു അനപൗചാരിക പദ്ധതി എന്നതിനപ്പുറം പരിഷത്തിന്റെ ഒരു സ്വന്തം പദ്ധതിയായാണ്‌ സംഘടന ഇത്‌ ഏറ്റെടുത്തത്‌. അഞ്ചുവർഷത്തിനകം കേരളത്തെ സമ്പൂർണ്ണ സാക്ഷരത സംസ്ഥാനം ആകും എന്ന 1986 ലെ എറണാകുളം വാർഷിക പ്രഖ്യാപനത്തിന്റെ സാക്ഷാത്‌കാരം കൂടിയായിരുന്നു സാക്ഷരകേരളം എന്ന നേട്ടം. ഒരു പൊതുലക്ഷ്യം നേടുന്നതിന്‌ വേണ്ടി സർക്കാർ സംവിധാനങ്ങളേയും, നാട്ടിലെ വൈദഗ്‌ധ്യത്തേയും, സംഘടനാ സംവിധാനങ്ങളെയും എല്ലാം ഫലപ്രദമായി കണ്ണി ചേർക്കാനാകും എന്ന ആശയത്തിന്റെ പരീക്ഷണ അനുഭവം കൂടിയായി സാക്ഷരത മാറുകയായിരുന്നു. സർക്കാരും ജനങ്ങളും തമ്മിലുള്ള കൂട്ടായ്‌മയിലൂടെ നാടിനെ മാറ്റിതീർക്കാനുള്ള വലിയ ശ്രമങ്ങൾ വളർത്തിയെടുക്കാനാകും എന്ന പാഠം കൂടിയാണ്‌ സാക്ഷരത കേരളസമൂഹത്തിന്‌ നൽകിയത്‌.

ജലസാക്ഷരതാ പ്രവർത്തനം

1991 ൽ സാക്ഷരതാ പ്രഖ്യാപനത്തിന്‌ ശേഷം പരിഷത്ത്‌ ജലസാക്ഷരതാ എന്ന ആശയത്തിൽ കേന്ദ്രീകരിച്ചു ഒരു ക്യാമ്പയിൻ പ്രവർത്തനമാണ്‌ നടത്തിയത്‌. ജലം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി 1991 മെയ്‌, 10, 11, 13 തിയ്യതികളിൽ സംസ്ഥാനത്തൊട്ടാകെ മേഖല തലത്തിൽ 60 ജലസംരക്ഷണ ജാഥകൾ നടത്തി. അന്താരാഷ്‌ട്ര ജലദശകത്തിന്റെ അവസാന വർഷത്തിൽ കേരളത്തിന്റെ സവിശേഷ ജല പ്രശ്‌നങ്ങൾ ജനങ്ങൾക്ക്‌ മുൻപിൽ അവതരിപ്പിക്കുകയും അവ പരിഹരിക്കുന്നതിനുള്ള ദീർഘകാല പരിഹാരങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്യുക എന്നതാണ്‌ ഇതിലൂടെ ചെയ്‌തത്‌.

അക്ഷര സാക്ഷരതയിൽ നിന്ന്‌ വികസന സാക്ഷരതയിലേക്ക്‌

സാക്ഷരതാ പ്രവർത്തനത്തിന്‌ ശേഷം നാട്ടിലെ വിഭവങ്ങളെ പറ്റിയും ബോധവാൻമാരാക്കുക, പ്രാദേശിക ആസൂത്രണപ്രക്രിയയുടെ മാതൃകകൾ വളർത്തിയെടുക്കുക. എന്നീ ലക്ഷ്യങ്ങളോടെ വികസന ആസൂത്രണ പ്രക്രിയയകളിലേക്ക്‌ പരിഷത്തിന്റെ മുഖ്യ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു. അക്ഷര സാക്ഷരതക്കായി കേരളം നേടിയെടുത്ത കൂട്ടായ്‌മയുടെ സാമൂഹ്യ അനുഭവത്തെ പ്രദേശിക വികസന പ്രക്രിയയിലേക്ക്‌ വികസിപ്പിക്കുക എന്നതോതിൽ അക്ഷര സാക്ഷരതയിൽ നിന്ന്‌ വികസന സാക്ഷരതയിലേക്ക്‌ എന്ന വിശാലമായ ലക്ഷ്യമായിരുന്നു പിൽക്കാല പ്രവർത്തനങ്ങൾക്കുണ്ടായിരുന്നത്‌. ഈ ദിശയിലുള്ള പരിപാടികൾ 1979-82 കാലഘട്ടത്തിലെ ഗ്രാമശാസ്‌ത്ര സമിതി പ്രവർത്തനങ്ങളിലൂടെ തന്നെ ആരംഭിച്ചിരുന്നു. 1976 ലെ വാഴയൂർ സർവ്വെ ഇതിന്റെ പ്രാഗ്‌ രൂപം ആയിരുന്നു. 1980 കളുടെ അവസാനത്തിലാണ്‌ ഐ.ആർ.ടി.സിയുടെ നേതൃത്വത്തിൽ പാലക്കാട്‌ ജില്ലയിൽ സ്ഥലജല ആസൂത്രണത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്‌. 1987 ൽ പാലക്കാട്‌ ജില്ലയിൽ നടന്ന ഗാലസപരീക്ഷണം കാർഷിക രംഗത്തെ ഉത്‌പാദന വർദ്ധനവിനുള്ള ഒരു പുതിയ ശ്രമം ആയിരുന്നു. 1980 കളിലെ പരിഷത്ത്‌ സമ്മേളനങ്ങളിൽ കാർഷിക ആസൂത്രണം, വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ കേരളത്തിന്റെ വ്യവസായ രംഗം എന്നിവ ക്ലാസ്സുകൾ, സെമിനാറുകൾ, സുവനീറുകൾ എന്നിവയ ചർച്ചാവിഷയം ആയിരുന്നു. 1990 ൽ മണ്ണുത്തിയിൽ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിൽ കേരളത്തിനൊരു കാർഷക പരിപ്രേക്ഷ്യം എന്ന വിഷയത്തെ ആസ്‌പദമാക്കി ഒരു വലിയ സെമിനാർ നടക്കുകയുണ്ടായി. 1990ൽ വികേന്ദ്രീകൃത ആസൂത്രണ പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലയിൽ പഞ്ചായത്തുകളിൽ വികസന പ്രൊജക്‌ടുകൾ തയ്യാറാക്കുന്നതിനുള്ള ഒരു പഠന കളരി തിരുവനന്തപുരത്തു വെച്ചു നടന്നു. പഠന കളരിയെ തുടർന്ന്‌ പഞ്ചായത്തുകൾ തോറും കേരളത്തിന്റെ വികസന പ്രതിസന്ധിയെക്കുറിച്ചും സംഘടന മുന്നോട്ടു വക്കുന്ന ബദൽ വികസന പരിപ്രേക്ഷ്യത്തെ കുറിച്ചും ക്ലാസുകൾ നടത്തുന്നതിനുള്ള പരിശീലനം നൽകി. കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം എന്ന ലഘുലേഖ ഇതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചു.

വിഭവഭൂപട നിർമ്മാണം

1991 ൽ സാക്ഷരതാ പ്രവർത്തനത്തിന്‌ ശേഷം ഏറ്റെടുത്ത വികസന രംഗത്തെ സുപ്രധാനമായ പ്രവർത്തനം ആയിരുന്നു കേരളത്തിലെ വലിയ 23 പഞ്ചായത്തുകളിൽ നടത്തിയ വിഭവഭൂപട നിർമ്മാണം. വികേന്ദ്രീകൃതാസൂത്രണത്തിന്റെ പ്രകിയ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടക്കം ആയിരുന്നു ഇത്‌. സാക്ഷരതാ പ്രവർത്തനത്തിലൂടെ സൃഷ്‌ടിക്കപ്പെട്ട വമ്പിച്ച യുവശക്തിയെ ക്രിയാത്മകമായി ഉപയോഗിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ടായിരുന്നു. വിവരശേഖരണം. ശേഖരിച്ച വിവരങ്ങളെ ഭൂപടത്തിലേക്ക്‌ പകർത്തൽ, സങ്കീർണ്ണമായ വിവരങ്ങൾ ശാസ്‌ത്രജ്ഞർ നേരിട്ട്‌ അടയാളപ്പെടുത്തുന്ന സയന്റിഫിക്ക്‌ മാപ്പിംങ്‌, ഇവയുടെ അടിസ്ഥാനത്തിൽ ആറ്‌ തരത്തിലുള്ള ഭൂപടങ്ങൾ നിർമ്മിക്കൽ, ഭൂപടങ്ങളെ അടിസ്ഥാനത്തിൽ പഞ്ചായത്തിന്റെ വികസനത്തിനുള്ള ആക്ഷൻ പ്ലാനുകൾ തയ്യാറാക്കൽ എന്നീ ആറു ഘട്ടങ്ങളായാണ്‌ വിഭവ ഭൂപട നിർമ്മാണ പ്രവർത്തനം നടന്നത്‌. ആദ്യ അഞ്ച്‌ ഘട്ടപ്രവർത്തനങ്ങളും വിഭവഭൂപടം നിർമ്മാണം പഞ്ചായത്തുകളിൽ മികച്ച രീതിയിൽ നടന്നു. സെന്റർഫോർ എർത്ത്‌ സയൻസ്‌ സ്റ്റഡീസിന്റെ (CESS) യുടെയും പരിഷത്തിന്റെയും ഒരു സംയുക്ത പദ്ധതിയായിട്ടാണ്‌ വിഭവഭൂപട നിർമ്മാണം നടന്നത്‌.

കല്യാശ്ശേരിയിലെ സമഗ്ര ആസൂത്രണം

തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ വിഭവഭൂപട നിർമ്മാണം നടത്തനാവാമെങ്കിലും പഞ്ചായത്തുകളുടെ വികസനത്തിന്‌ ഒരു സമഗ്ര ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിലേക്ക്‌ അത്‌ വികസിച്ചില്ല. പ്രകൃതി വിഭവങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾക്കൊപ്പം, ആ പഞ്ചായത്തിലെ ഒരു ജീവിതത്തെ കുറിച്ചും ജനങ്ങളുടെ ജീവിതാവസ്ഥയെക്കുറിച്ചും, മനുഷ്യ വിഭവങ്ങളെകുറിച്ചും വിവരങ്ങൾ നൽകാൻ കഴിയുന്ന സാമൂഹ്യ സാമ്പത്തീക സർവ്വെ കൂടി ആവശ്യമായിരുന്നതിനാൽ ഒരു പഞ്ചായത്ത്‌ കേന്ദ്രീകരിച്ച്‌ വിഭവ ഭൂപട നിർമ്മാണത്തോടൊപ്പം സാമൂഹ്യ സാമ്പത്തിക സർവ്വെ നടത്തുന്നതിനും പഞ്ചായത്തിന്റെ സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നതിനും പരിഷത്ത്‌ തീരുമാനിച്ചു. കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തിൽ ആയിരുന്നു 1993-94 കാലഘട്ടത്തിൽ ഈ പ്രവർത്തനം നടന്നത്‌. സന്നദ്ധ പ്രവർത്തകർക്ക്‌ പരിശീലനം നൽകി വിവരങ്ങൾ ശേഖരിക്കുകയും ഒരു ക്യാമ്പിൽ വച്ച്‌ വിവരങ്ങൾ ക്രോഡീകരിച്ച പട്ടികകളും അപഗ്രഥനങ്ങളും തയ്യാറാക്കുകയും ചെയ്‌തു. പഠനത്തോടൊപ്പം തന്നെ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക്‌ താഴേക്ക്‌ ആസൂത്രണ നിർവ്വഹണ പ്രവർത്തനങ്ങളെ വികേന്ദ്രീകരിക്കുന്നത്‌ ജനകീയ സംവിധാനങ്ങൾ രൂപപ്പെടുത്തിയിരുന്നു. പഞ്ചായത്തിലാകെ 25-30 വീടുകൾക്ക്‌ ഒരയൽക്കൂട്ടം എന്ന നിലയിൽ 150 അയൽക്കൂട്ടങ്ങളും ഓരോ അയൽക്കൂട്ടത്തില നിന്ന്‌ തെരഞ്ഞെടക്കപ്പെട്ട ഒരു പുരുഷനും, ഒരു വനിതകളും ഉൾപ്പെട്ട പഞ്ചായത്ത്‌ വികസന സമിതിയും ഇവിടെ രൂപീകരിച്ചു. അന്ന്‌ കേരള പഞ്ചായത്തിരാജ്‌ നിയമം നിലവിൽ വന്നിരുന്നില്ല. ആലപ്പുഴയിലെ കന്നിമാടത്തെ സി.പങ്കജാക്ഷകുറിപ്പിന്റെ തരക്കൂട്ടം എന്ന ആശയത്തിൽ നിന്നാണ്‌ അയൽക്കൂട്ടം എന്ന ആശയം പരിഷത്ത്‌ സ്വീകരിച്ചത്‌ വിഭവ ഭൂപടവും, സാമൂഹ്യ സാമ്പത്തിക സർവ്വേയിലെ വിവരങ്ങളും കൂട്ടിച്ചേർത്ത്‌ അയൽക്കൂട്ടങ്ങളെയും പഞ്ചായത്ത്‌ വികസന സമിതിയേയും ഉപോയഗിച്ച്‌ 1994 ൽ കല്യാശ്ശേരി പഞ്ചായത്തിന്‌ ഒരു സമഗ്ര വികസന പദ്ധതി ഉണ്ടാക്കി. കേരളത്തിൽ ഒരു പഞ്ചായത്തിന്‌ തനതായ വികസന പദ്ധതി താഴെതലത്തിൽ നിന്നുണ്ടാക്കിയ ആദ്യത്തെ പരീക്ഷണം ആയിരുന്നു കല്യാശ്ശേരിയിൽ നടന്നത്‌.

പി.എൽ.ഡി.പി

കല്യാശ്ശേരി പഞ്ചായത്തിലൂടെ അനുഭവങ്ങൾ 1995 ഒക്‌ടോബർ 2, 3 തിയ്യതികളിൽ തിരുവനന്തപുരത്ത്‌ സെന്റർഫോർ ഡെവലപ്പ്‌മെന്റ്‌ സ്റ്റഡീസിൽ നടന്ന സെമിനാർ അവതരിപ്പിച്ചും ഡോ.കെ.എൻ.രാജ്‌. പ്രൊഫ. ഐ.എസ്‌.ഗുലാത്തി, ഇ.എം.എസ്‌.നമ്പൂതരിപ്പാട്‌, എ.കെ. ആന്റണി തുടങ്ങിയ പ്രമുഖർ ആ സെമിനാറിൽ പങ്കെടുത്തു. കല്യശ്ശേരിയിലെ അനുഭവങ്ങൾ വ്യാപിപ്പിക്കുന്നതിന്‌ വ്യത്യസ്‌ത രാഷ്‌ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ ഉള്ള പഞ്ചായത്തുകളിൽ ഇത്ര വിലുലീകൃതമായ തോതിൽ പരീക്ഷിക്കേണ്ടത്‌ അനിവാര്യമാണ്‌ എന്ന അഭിപ്രായം ആണ്‌ അവിടെ ഉണ്ടായത്‌. വിപുലമായ ഒരു പദ്ധതി എന്ന നിലയിൽ സഹായം ലഭ്യമാക്കുന്നതിന്‌ സെന്റർഫോർ ഡെവലപ്പ്‌മെന്റ്‌ സ്റ്റഡീസിൽ ആ കാലത്ത്‌ ആരംഭിച്ച Kerala Research Programme for Local Level Development എന്ന പദ്ധതിയിൽ IRTCയുടെ ഒരു പ്രോജക്‌ടായി ഇത്‌ ഉൾപ്പെടുത്തി. മയ്യിൽ (കണ്ണൂർ), മെഴുവേലി, (പത്തനം തിട്ട), കുമരകം (കോട്ടയം), മാടക്കത്തറ (തൃശ്ശൂർ), ഒഞ്ചിയം (കോഴിക്കോട്‌) എന്നീ അഞ്ചു പഞ്ചായത്തുകളിലാണ്‌ 1995 മുതൽ ഈ പദ്ധതി ആരംഭിച്ചത്‌. പരിപാടിയുടെ ഔപചാരികമായ തുടക്കം 1996 ഏപ്രിൽ ആയിരുന്നു. 1996 ൽ ജനകീയാസൂത്രണ പ്രവർത്തനം ആരംഭിച്ചതോടെ PLDP പദ്ധതിയുടെ പ്രവർത്തനവും അതിന്റെ കൂടി ഭാഗമായി മാറി. പദ്ധതി 1996 മുതൽ 2001 കാലഘട്ടം വരെ തുടർന്നു. PLDP പ്രവർത്തനങ്ങളുടെ ഭാഗമായി വിഭവ വിലയിരുത്തൽ റിപ്പോർട്ട്‌ തയ്യാറാക്കുവാൻ പരിശീലനം, നീരൊഴുക്കു ഭൂപട നിർമ്മാണ ശില്‌പശാല, കാർഷക വികസന ശില്‌പശാലകൾ, ദ്വിതീയ വിവരശേഖരങ്ങളിൽ ജില്ലാ ഡോക്‌ടർമാരുടെ സംഗമം, സ്‌ത്രീപദവി പഠനം, ശില്‌പശാലാ, പ്രൊജക്‌ടുകൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം സാമൂഹ്യ സാമ്പത്തിക സർവ്വെ എന്നിവ തെരെഞ്ഞെടുത്ത പഞ്ചായത്തുകളിൽ നടത്തി. ഇതിൽ ഭൂരിഭാഗം പ്രവർത്തനങ്ങളും പിൽക്കാലത്ത്‌ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക്‌ സഹായകമായി. കേരളത്തിൽ പ്രാദേശിക ആസൂത്രണത്തെ സംബന്ധിച്ച ചർച്ചകൾ 1957 മുതൽ നടന്നിട്ടുണ്ട്‌. 1987 ലാണ്‌ അതിനെ ഫലപ്രദമായി കൊണ്ടുവരാനുള്ള ആദ്യശ്രമം ജില്ലാ കൗൺസിലറുകളുടെ രൂപത്തിൽ സർക്കാരിൽ നിന്ന്‌ ഉണ്ടായത്‌. 1990 കളിൽ ഇ.എം.എസ്‌, കെ.എൻ.രാജ്‌ എന്നിവരുടെ നേതൃത്വത്തിൽ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള സംവാദങ്ങൾ കേരളത്തിൽ വളർന്നു വന്നിരുന്നു. 73, 74 ഭരണഘടനാ ഭേദഗതികളും 1994ലെ കേരള പഞ്ചായത്തിരാജ്‌ നിയമവും ഈ ചർച്ചകൾക്ക്‌ ആക്കം പകർന്നു. 1094 ൽ തിരുവനന്തപുരത്ത്‌ എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ കേരള പഠന കോൺഗ്രസ്സിന്‌ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്ന്‌ അധികാര വികേന്ദ്രീകരണം ആയിരുന്നു. കേരളത്തിലെ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി അധികാര വികേന്ദ്രീകരണം കൂടിയപ്പോൾ ഉദയം കൊണ്ടേ ജനകീയാസൂത്രണത്തിന്റെ സംഘടാന രൂപങ്ങളുടെ ആസൂത്രണ പ്രക്രിയയും രൂപപ്പെടുത്തുന്നതിൽ വിഭവ ഭൂപടനിർമ്മാണം, പഞ്ചായത്ത്‌ തല സമഗ്ര ആസൂത്രണം PLDP എന്നിവയിലൂടെയുള്ള പരിഷത്തിന്റെ അനുഭവങ്ങൾ ഏറെ സംഭാവന ചെയ്യുകയുണ്ടായി. 1996 ലെ സംബ്‌തബറിൽ വയനാട്ടിൽ വെച്ചു നടന്ന സംസ്ഥാന പ്രവർത്തക ക്യമ്പിനെ ജനകീയാസൂത്രണ പ്രവർത്തനത്തിൽ ഇടപെടാൻ സംഘടനയുടെ പ്രവർത്തകർക്കുള്ള ഒരു പരിശീലനമാക്കി കൂടി മാറ്റി. ഇതിനാൽ തന്നെ 1996-2001 കാലഘട്ടത്തിൽ ജനകീയാസൂത്രണ പ്രവർത്തനത്തിൽ പരിഷത്ത്‌ സംഘടനയുടേയും പ്രവർത്തകരുടേയും വർദ്ധിതമായ പങ്കാളിത്തം ദൃശ്യമായി.

വികസന ജാഥകൾ

1998 ൽ പരിഷത്തിന്റെ വികസന സമീപനം ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനും, ജനകീയാസൂത്രണ പ്രവർത്തനങ്ങളിലെ ഒരു പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാനത്താകെ 243 വികസന ജാഥകൾ സംഘടിപ്പിച്ചു. ഇതേ വർഷം തന്നെ ജനകീയാസൂത്രണ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി ലഘുലേഖാ പ്രയാണം ഗ്രാമപാർലമെന്റ്‌, അയൽക്കൂട്ട സംഘാടനം, പൗരബോധന പരിപാടി തുടങ്ങിവ പരിഷത്ത്‌ സംഘടിപ്പിച്ചു.

വികസന സെമിനാറുകൾ

1998ൽ ഇ.എം.എസ്‌. സ്‌മരണയുടെ ഭാഗമായി കേരള വികസനവുമായി ബന്ധപ്പെട്ട 14 വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ ജില്ലകളിൽ നടത്തി. ടൂറിസം, ഊർജ്ജം, മനുഷ്യവിഭവ ആസൂത്രണം, പട്ടികവർഗ്ഗ വികസനം, സ്‌ത്രീക്ഷേമം, അടിസ്ഥാന ജീവിത സൗകര്യം, കേരള ചരിത്രവും സംസ്‌കാരവും, കേരളത്തിന്റെ ധന പ്രതിസന്ധി, നദീജല പ്രശ്‌നം, കാർഷിക വികസനവം, പ്രവാസി മലയാളി പ്രശ്‌നം, മത്സ്യവിഭവ വികസനം, വ്യാവസായിക വികസനം, ഭരണപരിഷ്‌കാരം എന്നീ വിഷയങ്ങളാണ്‌ ഈ സെമിനാറുകളിൽ ചർച്ച ചെയ്‌തത്‌. ഓരോ വിഷയത്തിലും പ്രഗ്‌തഭരായ വിദഗ്‌ധരാണ്‌ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചത്‌.

അട്ടപ്പാടി പഠനം

1998ൽ IRTCയുടെ നേതൃത്വത്തിൽ അട്ടപ്പാടിയുടെ വികസനാവസ്ഥയെ കുറിച്ച്‌ ഒരു പഠനം നടത്തി. അതാത്‌ വർഷങ്ങളിൽ അട്ടപ്പാടിയിൽ നടന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തൽ, അഹാഡ്‌സിന്റെ നേതൃത്വത്തിൽ ഈ സ്ഥിതി തുടരാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ നിർദ്ദേശങ്ങൾ നൽകുക എന്നതായിരുന്നു പഠന ലക്ഷ്യം. ഈ പഠനം വിജയകരമായി പൂർത്തിയാക്കുകയും റിപ്പോർട്ട്‌ നൽകുകയും ചെയ്‌തു. അട്ടപ്പാടിയെക്കുറിച്ച്‌ പഠിക്കാൻ ശ്രമിക്കുന്ന ആർക്കും ഒരു ആധാരരേഖയാണ്‌ ഈ പഠന റിപ്പോർട്ട്‌

ഉത്‌പാദനാധിഷ്‌ഠിത വികസനത്തിലേക്ക്‌

2004ൽ കാഞ്ഞങ്ങാട്‌ വെച്ച്‌ നടന്ന പ്രവർത്തക ക്യാമ്പിൽ വച്ചാണ്‌ കേരളത്തിന്റെ വികസനത്തെക്കുറിച്ച്‌ നിർണ്ണായകമായ നിലപാട്‌ പരിഷത്ത്‌ സ്വീകരിക്കുന്നത്‌. വികസനത്തിന്റെ സ്ഥായിത്വത്തിനും തുല്യതക്കും പാത സ്വീകരിക്കണം എന്ന നിലപാട്‌ ഈ ക്യാമ്പ്‌ സ്വീകരിച്ചു. പിന്നീടുള്ള പരിഷത്തിന്റെ വികസന രംഗത്തെ പ്രവർത്തനങ്ങൾ ഈ നിലപാടുകളുടെ തുടർച്ച ആയിരുന്നു.

കേരള പഠനം

കേരളത്തിന്റെ വികസനത്തെ സംബന്ധിച്ചു കൂടുതൽ ആഴത്തിലുള്ള നിലപാടുകൾ രൂപപ്പെടുത്തുന്നതിന്‌ കേരളം എങ്ങനെ ജീവിക്കുന്നു? എങ്ങനെ ചിന്തിക്കുന്നു? എന്ന ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 6000 വീടുകളെ സാംപിൾ ആയി എടുത്ത്‌ നടത്തിയ വിപുലമായ ജനകീയ പഠനം ആയിരുന്നു 2004ൽ നടത്തിയ കേരള പഠനം. വികസനത്തെ സംബന്ധിച്ച്‌ പരിഷത്ത്‌ അതുവരെ സ്വീകരിച്ചുവന്ന നിലപാടുകൾക്ക്‌ സ്ഥിരീകരണം നൽകാൻ ഈ പഠനം സംഘടനയെ സഹായിച്ചു. കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ദാരിദ്ര്യം, അസമത്വം, വരുമാനം, വരുമാന സ്രോതസ്സുകൾ, തൊഴിൽ മേഖലയിലെ മാറ്റങ്ങൾ, ഉപഭോഗത്തിലെ പ്രവണതകൾ, പുതിയ തൊഴിൽ മേഖലകൾ, തൊഴിലില്ലായ്‌മയുടെ പ്രത്യേകത, വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ, ആരോഗ്യ പ്രശ്‌നങ്ങൾ, രാഷ്‌ട്രീയ ആഭിമുഖ്യം, വിശ്വാസം, തുടങ്ങി വിപുലമായ വിവരങ്ങൾ ഈ പഠനത്തിലൂടെ ലഭിച്ചു. 2004ൽ ആരംഭിച്ച ഈ പഠനത്തിന്റെ റിപ്പോർട്ട്‌ 2006ൽ പുറത്തിറക്കി. ധനസമാഹരണം ഉൾപ്പെടെ തികച്ചും ജനീകയമായി നടത്തിയ പഠന പരിപാടിയിൽ പരിഷത്ത്‌ പ്രവർത്തകരും സുഹൃത്തുക്കളുമായി 5000 പേർ പങ്കാളികളായി. കേരള വികസനവുമായി ബന്ധപ്പെട്ട്‌ പരിഷത്ത്‌ നടത്തിയ ഇടപെടലുകളുടെ സ്വാഭാവികമായ തുടർച്ചയായിരുന്നു കേരള പഠനം. വികസന രംഗത്തെ വിവിധ പ്രശ്‌നങ്ങളിൽ ഇടപെടുന്നതോടൊപ്പം അവയെ മുന്നോട്ട്‌ നയിക്കുന്നതിന്‌ സഹായകമാകുന്ന പഠന പ്രവർത്തനങ്ങളിലും പരിഷത്ത്‌ പങ്കാളിയായി, 1987 ലും 1997 ലും നടത്തിയ ആരോഗ്യ സർവ്വെ ഇക്കൂട്ടത്തിൽ എടുത്തുപറയാവുന്ന ഒന്നാണ്‌. കേരളത്തിൽ വളർന്നു വരുന്ന അസമത്വം, സമ്പത്തിന്റെ കേന്ദ്രീകരണം, പ്രാഥമിക മേഖലകളുടെ തകർച്ച, സേവന മേഖലയുടെ കച്ചവടവത്‌ക്കരണം, ശക്തമാക്കുന്ന സാമൂദായിക-ജാതീയ ചിന്തകൾ എന്നിവയെക്കുറിച്ച്‌ തെളിവുള്ള വിവരങ്ങൾ കേരള പഠനം നൽകി. അസമത്വത്തെ കുറച്ചുകൊണ്ടുവരുന്നതിനും വികസന പ്രക്രിയയുടെ സ്ഥായിത്വം ഉറപ്പാക്കുന്നതുമായ ഉത്‌പാദന മേഖലയിൽ അധിഷ്‌ഠിതമായ ഒരു വികസന സമീപനമാണ്‌ കേരളത്തിന്‌ വേണ്ടത്‌ എന്ന നിലപാട്‌ പരിഷത്ത്‌ സ്വീകരിച്ചത്‌ ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌.

2006 വികസന ജാഥകൾ

കേരള വികസനത്തിന്റെ അസമത്വ പ്രവണതകളേയും, സാമൂഹ്യ രീതിയുടെ തകർച്ചയേയും ചൂണ്ടിക്കാണിച്ചുകൊണ്ട്‌ സുസ്ഥിര വികസനം-സാമൂഹിക നീതി എന്ന തലക്കെട്ടിൽ 2006 ൽ പരിഷത്ത്‌ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. കേരള പഠനത്തിന്റെ കണ്ടെത്തലുകൾ ഈ ലഘുലേഖയിൽ വിശദീകരിച്ചു. ഈ ലഘുലേഖയെ അധിഷ്‌ഠിതമാക്കി ജില്ലാതലങ്ങളിൽ കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിച്ചു.

കേരളത്തെ അറിയുക: കേരളത്തെ മാറ്റുക

കേരളത്തിന്റെ നിലവിലുള്ള വികസന പ്രയാണത്തിന്‌ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട്‌ പ്രാദേശിക പ്രശ്‌നങ്ങളിൽ ഇടപെട്ട്‌ ബദലുകൾ സൃഷ്‌ടിക്കുന്നതിന്‌ വേണ്ടി നടത്തിയ ശ്രമം ആയിരുന്നു 2006 ൽ പരിഷത്ത്‌ നടത്തിയ കേരളത്തെ അറിയുക കേരളത്തെ മാറ്റുക എന്ന പഠനപരിപാടി. പരിഷത്തിന്റെ 140 മേഖലകളിൽ ഓരോ വിഷയങ്ങൾ ഏറ്റെടുത്ത്‌ ആഴത്തിൽ പഠിക്കുക എന്നതും, അതിന്റെ അടുത്തഘട്ടത്തിൽ അവയെ മാറ്റി തീർക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുക എന്നതും ആയിരുന്നു ലക്ഷ്യം. കേരള പഠനത്തിൽ ഉത്തരം ലഭിക്കാത്ത ചില ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താനുള്ള സൂക്ഷ്‌മ അന്വേഷണത്തിന്റെ ലക്ഷ്യവും ഇതിന്‌ ഉണ്ടായിരുന്നു. 50 ലധികം മേഖലകളിൽ ഈ പഠന പരിപാടി നടന്നു. തുടർ പ്രവർത്തനങ്ങൾ കാര്യമായി മുന്നേറിയില്ല.

വേണം മറ്റൊരു കേരളം

വേണം മറ്റൊരു കേരളം ക്യാമ്പയിൻ

വികസനത്തിലെ അസമത്വം, തകരുന്ന ഉത്‌പാദനമേഖല, പാരിസ്ഥിതിക തകർച്ച, നിഷേധിക്കപ്പെടുന്ന ലിംഗനീതി, വർദ്ധിക്കുന്ന ക്രിമിനൽ വത്‌ക്കരണം, ഗുണതയില്ലാതാകുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ എന്നിവ ചൂണ്ടിക്കാട്ടി കേരള വികസന പ്രയാണത്തിന്റെ അപകടം ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനും, മറ്റൊരു കേരളത്തെ പറ്റിയുള്ള ചർച്ച നടത്തുന്നതിനും ആയി 2011-12 വർഷത്തിൽ പരിഷത്ത്‌ നടത്തിയ വിപുലമായ ക്യാമ്പയിൻ പ്രവർത്തനം ആയിരുന്നു- വേണം മറ്റൊരു കേരളം മൂന്നു തരം പ്രവർത്തനങ്ങളാണ്‌ ഈ ക്യാമ്പയിന്റെ ഭാഗമായി നടന്നത്‌.

  • പ്രാദേശിക ഇടപെടലുകൾ
  • വിഷയാധിഷ്‌ഠിത സെമിനാറുകൾ
  • വേണം മറ്റൊരു കേരളം പദയാത്ര

വേണം മറ്റൊരു കേരളം ക്യാമ്പയിന്റെ ആദ്യപടിയായി പരിഷത്തിന്റെ ഓരോ മേഖലയിലും പ്രാദേശിക പ്രാധാന്യമുള്ള ഒരു വിഷയത്തിൽ പഠന ഇടപെടൽ പ്രവർത്തനം ആസൂത്രണം ചെയ്‌തും നവംബർ 1 ന്‌ ഈ പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിക്കപ്പെടും ആദ്യഘട്ടത്തിൽ 72 മേഖലകളിലാണ്‌ ഇതുമായി ബന്ധപ്പെട്ട പഠന ഇടപെടൽ പ്രവർത്തനങ്ങൾ നടന്നത്‌. തുടർ ഇടപെടലുകൾ വേണ്ടത്ര പുരോഗമിച്ചില്ല. വികസന രംഗങ്ങൾ പ്രാദേശിക ഇടപെടലിന്റെ സാധ്യതകൾ ഈ പ്രവർത്തനം കാണിച്ചു തന്നു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പതിനാല്‌ വിഷയങ്ങളിൽ സംസ്ഥാനതല ശില്‌പശാലകളും, തുടർന്ന്‌ സെമിനാറുകളും 2011 വർഷത്തിൽ നടത്തി. സെമിനാറിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളുടെ കരട്‌ രൂപം തയ്യാറാക്കുക, ചിലവിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾ നടത്തുക എന്നിവയായിരുന്നു ശില്‌പശാലകളുടെ ലക്ഷ്യം. ശില്‌പശാലകളിലും തുടർന്ന്‌ നടന്ന സെമിനാറുകളിലുമായി അൻപതിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഓരോ രംഗത്തും സംസ്ഥാനതലത്തിൽ വിദഗ്‌ധരായ ആളുകളാണ്‌ പ്രബന്ധങ്ങൾ അവതരിപ്പിച്ചത്‌. കേരളത്തിന്റെ കാർഷിക മേഖല, പാർപ്പിടരംഗം, ആദിവാസി വികസനം എന്നീ വിഷയങ്ങളാണ്‌ സെമിനാറുകളിലും ശില്‌പശാലകളിലും കൈകാര്യം ചെയ്‌തത്‌. ഓരോ മേഖലയിലേയും നിലവിലുള്ള കേരളത്തിന്റെ അവസ്ഥയും നാളത്തെ കേരളത്തിനെക്കുറിച്ചുള്ള സങ്കൽപങ്ങളും പങ്കിടാനാണ്‌ ശില്‌പശാലകളിലൂടെയും, സെമിനാറുകളിലൂടെയും ശ്രമിച്ചത്‌. 2012 വർഷത്തെ സുവനീർ ആയി പുറത്തിറക്കിയ പുതുകേരള ചിന്തകൾ എന്ന പുസ്‌തകം ഈ ശ്രമത്തിന്റെ ഉത്‌പന്നം ആയിരുന്നു. കേരള വികസനത്തിന്റെ വിവിധ ധാരകളെ പരിശോധിക്കാനാണ്‌ ഇതിലൂടെ ശ്രമിച്ചത്‌. ശില്‌പശാലകളുടേയും, സെമിനാറുകളുടേയും ലക്ഷ്യം തുടർച്ചയായി വേണം മറ്റൊരു കേരളം എന്ന ആശയങ്ങളിലേക്ക്‌ എത്തിക്കുന്നതിന്‌ വേണ്ടി 2012 ജനവരി മാസത്തിൽ സംസ്ഥാനതലത്തിൽ വിപുലമായ രണ്ട്‌ പദയാത്രകൾ പരിഷത്ത്‌ സംഘടിപ്പിച്ചു. കാസർഗോഡ്‌ നിന്നും തിരുവനന്തപുരത്തുനിന്നും ആരംഭിച്ച്‌ ആലുവായിൽ സമാപനവും ആയിരുന്നു. ആ പദയാത്രകൾ വേണം മറ്റൊരു കാർഷിക കേരളം വേണം മദ്യരഹിത കേരളം, വേണം സ്‌ത്രീ സുരക്ഷയുള്ള കേരളം, വേണം പൊതു വിദ്യാഭ്യാസ കേരളം എന്നിങ്ങനെ മറ്റൊരു കേരളത്തിനായുള്ള മുദ്രാവാക്യങ്ങളാണ്‌ പ്രധാനമായും ഉന്നയിച്ചത്‌. 1991 ലെ സ്വാശ്രയ ജാഥകൾക്ക്‌ ശേഷം പരിഷത്ത്‌ നടത്തിയ ഏറ്റവും വലിയ ഒരു ജനസമ്പർക്ക പരിപാടി ആയിരുന്നു വേണം മറ്റൊരു കേരളം പദയാത്രകൾ.

വേണം മറ്റൊരു കേരളത്തിൽ നിന്ന്‌ നാളത്തെ കേരളത്തിലേക്ക്‌

നിലവിലുള്ള കേരളത്തെ സംബന്ധിച്ച വിമർശനങ്ങൾ മൊത്തമായി ഉന്നയിക്കുകയും മറ്റൊരു കേരളത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുമ്പോഴും നാളത്തെ കേരളത്തിന്റെ വിശദാംശങ്ങൾ സൂക്ഷ്‌മാംശത്തിൽ വ്യക്തമാക്കാൻ പരിഷത്തിന്‌ തനിയെ കഴിയുമായിരുന്നില്ല. ഇതിന്‌ ഓരോ മേഖലയിലേയും വിദഗ്‌ധർ, പ്രവർത്തകർ എന്നിവരുടെ സഹകരണം സംഘടനയ്‌ക്ക്‌ ആവശ്യമായിരുന്നു. ഓരോ മേഖലയിലേയും വിദഗ്‌ധരേയും, ആക്‌ടിവിസ്റ്റുകളായ ആളുകളേയും ഒരു കുടക്കീഴിൽ കൊണ്ട്‌വന്ന്‌ ആശയങ്ങൾ പങ്കിടുന്നതിനുള്ള ശ്രമങ്ങൾ ആയിരുന്നു 2013 ഏപ്രിൽ മാസത്തിൽ തുടങ്ങി ഡിസംബർ മാസം വരെ നീണ്ടുനിന്ന വികസന സംഗമങ്ങളും കേരള വികസന കോൺഗ്രസ്സും. വിഷയാധിഷ്‌ഠിതമായ കേരള വികസന സംഗമങ്ങൾ മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ നടന്നത്‌. ഏപ്രിൽ 29,30 മെയ്‌ 1 തീയ്യതികളിൽ തിരുവനന്തപുരത്തും നവംബർ 10,11 തീയ്യതികളിൽ കണ്ണൂരിലും, നവംബർ 16,17 തീയ്യതികളിൽ പാലക്കാടും വെച്ചാണ്‌ സംഗമങ്ങൾ നടന്നത്‌. തിരുവനന്തപുരത്തും യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന പരിപാടിയിൽ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ, പ്രകൃതി വിഭവങ്ങൾ, തൊഴിൽ സുരക്ഷ, ഗതാഗതം-ഊർജ്ജം എന്നീ വിഷയങ്ങളാണ്‌ ചർച്ച ചെയ്‌തത്‌. കണ്ണൂർ വി.കെ.കൃഷ്‌ണമേനോൻ മെമ്മോറിയൽ കോളേജിൽ വെച്ച്‌ നടന്ന വികസന സംഗമത്തിൽ ഭരണനിർവ്വഹണം, വ്യവസായം, പാർശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ, കേരളത്തിന്റെ ധനകാര്യം എന്നീ വിഷയങ്ങൾ ആണ്‌ ചർച്ച ചെയ്‌തത്‌. മൂന്ന്‌ സംഗമങ്ങളിലായി 1100 പ്രതിനിധികളും 350ലധികം വിദഗ്‌ധരും പങ്കാളികളായി. ആദ്യ ദിവസം പൊതു വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള സെമിനാറുകളും രണ്ടാം ദിവസം ഉപവിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള ശിൽപ്പശാലകളും എന്നതായിരുന്നു സംഗമങ്ങളുടെ ഉള്ളടക്കം. അതത്‌ മേഖലയിലെ മാതൃക അനുഭവങ്ങൾ പങ്കിടുന്നതിനുള്ള സമാന്തര സെഷനുകളും തിരുവനന്തപുരം, കണ്ണൂർ സംഗമങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു.

ഡിസംബർ26,27,28 തീയ്യതികളിൽ എറണാകുളം മഹാരാജാസ്‌ കോളേജിൽ വെച്ചാണ്‌ കേരള വികസന കോൺഗ്രസ്സ്‌ നടന്നത്‌. കേരള വികസന സംഗമങ്ങളിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ ക്രോഡീകരിച്ച്‌ കൊണ്ട്‌ ചർച്ച ചെയ്യുന്നതിനുള്ള അവതരണങ്ങളാണ്‌ വികസന കോൺഗ്രസ്സിൽ നടന്നത്‌. ഇതോടൊപ്പം വികസന സംഗമങ്ങളിൽ ചർച്ച ചെയ്യാൻ കഴിയാതിരുന്ന കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള കുടിയേറ്റം, സാംസ്‌കാരിക രംഗം, സഹകരണ മേഖല, ഐ.ടി, എന്നീ വിഷയങ്ങളിൾ അധിഷ്‌ഠിതമാക്കിയ സെമിനാറുകളും ശിൽപ്പശാലകളും കോൺഗ്രസ്സിൽ ഉൾപ്പെടുത്തിയിരുന്നു. പതിനാറ്‌ സെമിനാറുകളും അൻപതോളം ശിൽപ്പശാലകളും ഉൾപ്പെട്ട വിപുലമായ ഒരു അക്കാദമിക പ്രവർത്തനം ആയിരുന്നു ഇത്‌. സമാന്തരമായി നാല്‌ വിഷയങ്ങളിൽ സെമിനാറുകളും 10 മുതൽ 16 വരെ ശിൽപ്പശാലകളും നടക്കുന്ന രീതിയിലാണ്‌ മൂന്ന്‌ ദിവസത്തെ ഈ കോൺഗ്രസ്സ്‌ ആസൂത്രണം ചെയ്‌തത്‌. 700 പേർ വികസന കോൺഗ്രസ്സിൽ പങ്കാളികാളായി. 300ഓളം അക്കാദമിക വിദഗ്‌ധർ ഇതിന്റെ ഭാഗമായ ചർച്ചകളിൽ അവതാരകരും പാനൽ അംഗങ്ങളുമായി പങ്കാളികളായി. കേരള ആസൂത്രണ ബോർഡ്‌ കേരള വികസനത്തെക്കുറിച്ച്‌ ഒരുക്കിയ വിഷൻ 2030 എന്ന രേഖ ചർച്ച ചെയ്യുന്നതിനുള്ള സെമിനാറും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വികസന കോൺഗ്രസ്സിന്റെ സമാപന വേദിയിൽ കോൺഗ്രസ്സിന്റെ പ്രധാന നിർദ്ദേശങ്ങൾ വെച്ചുകൊണ്ട്‌ പരിഷത്ത്‌ പ്രസിഡന്റ്‌ ഡോ.എൻ.കെ ശശിധരൻപിള്ള നടത്തിയ അവതരണത്തോട്‌ പ്രതികരിച്ച്‌ കേരളത്തിലെ പ്രധാന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തുള്ള രമേശ്‌ ചെന്നത്തല, പന്ന്യൻ രവീന്ദ്രൻ, ഡോ.ടി.എം.തോമസ്‌ ഐസക്ക്‌ എന്നിവർ പ്രതികരിച്ചു. കേരള വികസനത്തെക്കുറിച്ച്‌ അടുത്തകാലത്തായി നടന്ന ഗൗരവമുള്ള ഒരു അക്കാദമിക പ്രവർത്തനം ആയി കേരള വികസന സംഗമങ്ങളും വികസന കോൺഗ്രസ്സും മാറി. 300 ലധികം വരുന്ന അവതരണങ്ങളും പ്രബന്ധങ്ങളും ഇവയുടെ ഭാഗമായി വരുന്ന അവതരണങ്ങളും പ്രബന്ധങ്ങളും ഇവയുടെ ഭാഗമായി രൂപപ്പെട്ടു. സംഗമങ്ങളിൽ അവതരിപ്പിച്ച പ്രവർത്തനങ്ങളെ ക്രോഡീകരിച്ചുകൊണ്ട്‌ പതിനാല്‌ രേഖകൾ വികസന കോൺഗ്രസ്സ്‌ ചർച്ചകൾക്ക്‌ വേണ്ടി അച്ചടിച്ചു നൽകുന്നതിന്‌ കഴിഞ്ഞു. വികസന കോൺഗ്രസ്സിൽ നടന്ന ചർച്ചകളുടെ തുടർച്ചയായി പരിഷത്ത് പ്രസിദ്ധീകരിക്കുന്ന കേരള വികസനത്തിനൊരു പരിപ്രേഷ്യം പുസ്തകം പണിപ്പുരയിലാണ്.