പൊതുവിദ്യാഭ്യാസം - ചില ചിന്തകൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

-കെ.ടി.രാധാകൃഷ്ണൻ തയ്യാറാക്കിയത് 2014 ലെ കുറിപ്പ്

1. കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ഇപ്പോൾ ഏതാണ്ടു പൂർണമായി എഴുതിത്തള്ളിയ മട്ടാണ്. ഇവിടത്തെ 5200-ൽപ്പരം ഗവൺമെന്റ്/ എയിഡഡ് വിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന സ്ഥിതി ഉണ്ടായിട്ട് വർഷങ്ങളേറെയായി. അധ്യാപകർക്കെല്ലാവർക്കും പ്രൊട്ടക്ഷൻ ഉറപ്പുവരുത്തിയതോടെ അധ്യാപകസംഘടനകൾ പോലും അതിനെക്കുറിച്ച് ശബ്ദിക്കാതായി. സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങളെക്കുറിച്ച് പയതുപോലുള്ള വേവലാതികളൊന്നും ആരും പറഞ്ഞു കേൾക്കുന്നില്ല. എസ് എസ് എ / ആർ എം എസ് എ ഫണ്ടുകൾ പോലുള്ളവ എങ്ങനെ ചെലവിടുന്നു എന്ന ചർച്ചകളും നടക്കാറില്ല. സ്‌കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞു പാഠപുസ്തകങ്ങളെത്തിയില്ലെങ്കിൽ ആർക്കും പരാതിയില്ല. പാഠപുസ്തകങ്ങളില്ലെങ്കിലും ഗൈഡ് വാങ്ങി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാമല്ലോ. പരീക്ഷകൾ മാറ്റിവച്ചാലും നടത്തിയില്ലെങ്കിൽപ്പോലും ആവലാതികളില്ല. അക്കാദമിക് വർഷത്തിനുള്ളിൽ തന്നെ അധ്യാപകരെ സ്ഥലംമാറ്റിയാൽ മാറ്റപ്പെട്ടവർക്കു പ്രയാസമുണ്ടാകുമെന്നല്ലാതെ (ചിലർക്കു സന്തോഷവുമായിരിക്കും) പഠിത്തത്തിന്റെ പകുതിയിൽ വച്ച് അധ്യാപകരെ നഷ്ടപ്പെടുന്ന വിദ്യാർഥികളുടെ അവസ്ഥ ആരും ശ്രദ്ധിക്കാറില്ല. സെക്രട്ടറിയേറ്റിലും വിദ്യാഭ്യാസ വകുപ്പിലുമിരുന്ന് പേനയുന്തുന്നവർക്ക് വിദ്യാർഥി ഒരു കഥാപാത്രമേ അല്ല. സാധാരണയായി അഭിപ്രായപ്രകടനം നടത്തുന്ന വരേണ്യവർഗത്തിന് സി ബി എസ് ഇ / ഐ സി എസ് ഇ/ ഇന്റർനാഷണൽ സ്‌കൂൾ മുതലായ മറ്റു സാധ്യതകൾ ധാരാളമുള്ളതുകൊണ്ട് പൊതുവിദ്യാലയങ്ങളിലേക്ക് തിരിഞ്ഞ് നോക്കാനോ അവിടത്തെ സ്ഥിതിയന്വേഷിക്കാനോ നേരമില്ല, താൽപ്പര്യവുമില്ല.

2. കേരളത്തിലെ പൊതുവിദ്യാഭ്യാസം മൃതപ്രായമായിക്കൊണ്ടിരിക്കുകയാണ് എന്നത് വസ്തുതയാണ്. ഇവിടെയുള്ള 40 ശതമാനം പ്രൈമറി വിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ടിവരുക 40 ശതമാനം അധ്യാപകർ പിരിച്ചുവിടപ്പെടുന്നതിന്റെ മാത്രം പ്രശ്‌നമല്ല. വിദ്യാഭ്യാസ വകുപ്പിന് സ്‌കൂളിലുള്ള കുറച്ച് തസ്തികകൾ ഇല്ലാതാകുന്നതിന്റെയും പ്രശ്‌നമല്ല. ഇത്തരം സ്‌കൂളുകളെ മാത്രം ശരണം പ്രാപിച്ചിരുന്ന നിരവധി പാവപ്പെട്ട വീടുകളിലെ കുട്ടികൾക്ക് അവർക്ക് നടന്നോ ഓടിയോ എത്താമായിരുന്ന വിദ്യാലയങ്ങൾ ഇല്ലാതാവുകയാണ്. പാവപ്പെട്ടവരും ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്നില്ലേ സ്‌കൂൾ ബസ് ഉപയോഗിക്കുന്നില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഉപയോഗിക്കുന്നവരുണ്ട്. എങ്കിൽ നാട്ടിൻപുറത്തെ വിദ്യാലയങ്ങളിൽ ഇപ്പോഴും പാവപ്പെട്ടവർ ഇംഗ്ലീഷ്മീഡിയത്തിലല്ല പഠിക്കുന്നത്. അവരുടെ പഠനസാധ്യതകൾ നശിപ്പിക്കുന്നു എന്നത് കേരളത്തിൽ ഇതുവരെ നിലനിന്നിരുന്ന ജനപക്ഷത്തു നിന്നുള്ള വിദ്യാഭ്യാസം തകരുന്നതിന്റെ തെളിവാണ്.

3. പൊതുവിദ്യാലയങ്ങളെ നിലനിർത്താനുള്ള ശ്രമങ്ങളും അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നത്. സ്‌കൂളുകളിലെ ഭൗതികസൗകര്യങ്ങൾ പരമാവധി പ്രയോജപ്പെടുത്തലും വളർത്തലും, നല്ലകളിസ്ഥലങ്ങളും കലാവേദികളും, ഉറപ്പുള്ള നല്ല വായുസഞ്ചാരവും വെളിച്ചവുമുള്ള ക്ലാസ്സ് മുറികൾ, കാര്യക്ഷമമായി അതേസമയം കുട്ടികളോട് സ്‌നേഹവായ്പുള്ളവരായി ബോധനം നടത്തുന്ന അധ്യാപകർ, സന്തോഷനിർഭരമായ കലാലയാന്തരീക്ഷം എന്നതിലല്ല ഊന്നൽ. സ്മാർട്ട് ക്ലാസ് റൂമുകൾ, ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ, യൂണിഫോമും മറ്റു കൃത്യതാശീലങ്ങളും, അച്ചടക്കം, പരീക്ഷകളിലെ പ്രകടനത്തിനു കുട്ടികളെ ത്യയ്യാറെടുപ്പിക്കുന്ന അധ്യാപകർ. ശാന്തവും നിശ്ശബ്ദവുമായ പഠനാന്തരീക്ഷം എന്നിവയ്ക്കാണ് പൊതുവിദ്യാലയങ്ങളിലെ അധ്യാപകരും രക്ഷിതാക്കൾ പോലും ഊന്നൽ നൽകുന്നത്. കുട്ടികളുടെ നൈസർഗികമായ കഴിവുകളെ അപഗ്രഥനതലത്തിലും ആവിഷ്‌ക്കാരതലത്തിലും സർഗാത്മകതലത്തിലുമെല്ലാം വളർത്തിയെടുക്കുകയാണ് വിദ്യാലയങ്ങൾ ചെയ്യേണ്ടതെന്നും കൃത്രിമമായ സാഹചര്യങ്ങളിൽ നിന്നല്ല അതു നടപ്പിലാക്കേണ്ടത് എന്നുമുള്ള ബോധനശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ പോലും മറന്ന മട്ടാണ്. രക്ഷിതാക്കൾക്ക് അത്തരം കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തതിൽ അത്ഭുതമില്ല. 'അടിയാപിള്ള പഠിയാ' സിദ്ധാന്തം നമ്മുടെ സംസ്‌കാരത്തിൽ തന്നെ വേരുറച്ചുപോയതാണല്ലോ.

4. കഴിഞ്ഞ കുറെ വർഷങ്ങളായി ഗവൺമെന്റിന്റെ പ്രവർത്തനവും ഇതിനെ അനുകൂലിക്കുന്ന വിധത്തിലാണ്. സി ബി എസ് ഇ / ഐ സി എസ് ഇ സ്‌കൂളുകൾക്ക് ഒരു നിയന്ത്രണവുമില്ലാതെ എൻ ഒ സി നൽകുക, എൻ ഒ സിയില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ നിന്നുപോലും കുട്ടികൾക്ക് റെഗുലർ വിദ്യാലയങ്ങളിലേക്ക് പ്രവേശനക്കയറ്റം അനുവദിക്കുക തുടങ്ങിയ സ്ഥിരം കലാപരിപാടികൾ കൂടാതെയാണ് പാഠപുസ്തകങ്ങൾ മാറ്റിയെഴുത്ത് നടന്നത്. അതിനു മുമ്പ് പാഠപുസ്തകങ്ങൾ തയ്യാറാക്കിയവരുമായി ചർച്ചനടത്തിയില്ലെന്നതു പോട്ടെ, ഇന്നത്തെ പഠനസാഹചര്യങ്ങളിൽ പാഠപുസ്തകങ്ങളുടെ പ്രയോഗം എന്താണെന്നുപോലുമറിയാത്ത കുറെ വിദഗ്ധരാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കിയത്. അത്തരം പാഠപുസ്തകങ്ങൾ കൊണ്ട് പ്രത്യേകം പ്രയോജനമൊന്നുമില്ലെന്നു കണ്ട അധ്യാപകരിൽ പലരും അതേതരക്കാരായ, സാമ്പത്തിക കാഴ്ചപ്പാടുകൾക്ക് മുൻഗണന നൽകുന്ന മറ്റു 'വിദഗ്ധ'രെഴുതുന്ന ഗൈഡുകൾ പഠിപ്പിച്ച് സംതൃപ്തരായി. കുട്ടികൾക്ക് സ്‌കൂൾ തുറക്കുമ്പോൾ തന്നെ കിട്ടുന്ന പുതിയ പാഠപുസ്തകം കയ്യിൽപ്പിടിച്ച് തുള്ളിച്ചാടാനുള്ള അവസരം നഷ്ടപ്പെട്ടുവെങ്കിലും പാഠപുസ്തകങ്ങൾ താലോലിക്കുന്നതിനെക്കാൾ പ്രധാനം പരീക്ഷ പാസാകലാണെന്ന് (അധ്യാപകരും രക്ഷിതാക്കളും മാനേജ്‌മെന്റുകളും ഇപ്പോൾ ഗവൺമെന്റുമെല്ലാം ഏകസ്വരത്തിൽ പുറപ്പെടുവിച്ച) വേദവാക്യം കേട്ട് വിറങ്ങലിച്ച പഠിതാക്കൾ 'വിദഗ്ധരുടെ ഗൈഡുകളും ക്ലാസ് നോട്ടുകളും ഉരുവിട്ടു പഠിച്ച് പരീക്ഷ പാസാകാനുള്ള ഒരുക്കത്തിലുമായി. ഇതുതന്നെ പഠിതാക്കളുടെ പരിണിതഫലങ്ങൾ (ഘലമിലൃ െഛൗരേലില)െ എന്ന മഹത്തായ ശീർഷകത്തിൻ കീഴിൽ ഒരു സിദ്ധാന്തമായി പ്രേരിപ്പിക്കപ്പെടുകയും ചെയ്തു. പാഠപുസ്തകം, ക്ലാസുമുറി പഠനം, പരീക്ഷ എന്നിവ ഏക താളത്തിൽ മുന്നോട്ടുനീങ്ങണമെന്ന മറ്റൊരു ആപ്തവാക്യം കൂടി വന്നതോടെ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി. ഏതെങ്കിലും ഒന്നിൽ, അതായത് പരീക്ഷയിൽ ശ്രദ്ധിച്ചാൽ മതിയല്ലോ.

5. അപ്പോഴാണ് മറ്റൊരു പൂച്ച പുറത്തുചാടുന്നത്. പഠനം എങ്ങനെ നടക്കണം, പരീക്ഷ എങ്ങനെ നടക്കണം? എന്തു പഠനം നടക്കണമെന്നത് പരീക്ഷ വഴി തീരുമാനിക്കപ്പെട്ടതുകൊണ്ട് പ്രശ്‌നം എങ്ങനെ നടക്കണം എന്നതു മാത്രമായി. കുട്ടി പരീക്ഷയിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ പ്രകൃതിപാഠം, പ്രാദേശിക പാഠം, പ്രാദേശിക സമൂഹവുമായുള്ള പാരസ്പര്യം, പ്രക്രിയാധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയവയ്‌ക്കൊന്നും പ്രസക്തിയില്ലാതായി. വിമർശനാത്മകബോധം മുമ്പു തന്നെ എല്ലാ ചടങ്ങുകളോടും കൂടി കഴിച്ചുമൂടപ്പെട്ടതുകൊണ്ട് ബാക്കിയുള്ളവയെയെല്ലാം ഒതുക്കാനുള്ള സൂത്രം എപ്പോഴും പരീക്ഷയുമാണ്. അപ്പോഴും പ്രശ്‌നം ഭാഷയായിരുന്നു. ആകാശത്തു നിന്നു സ്വർണം വാരിച്ചൊരിയുന്ന ആഗോള തൊഴിലുകളിൽ കണ്ണുംനട്ടിരിക്കുന്ന മദ്ധ്യവർഗമലയാളി രക്ഷിതാക്കൾക്കും ഇവരുടെ സ്വപ്നങ്ങളെ പണമാക്കി മാറ്റാൻ വെമ്പുന്ന മാനേജ്‌മെന്റുകൾക്കും തീരാശാപം നമ്മുടെ മലയാളമായിരുന്നു. മലയാളി (ലി) കൊള്ളാം, ന്യൂയോർക്കിലും അബുദാബിയിലും സിംഗപ്പൂരിലുമെല്ലാം അതൊരു വ്യക്തിത്വമാണ്. മലയാളം എന്തിനു കൊള്ളാം? അതു പഠിച്ചാൽ കേരളത്തിൽതന്നെ ചൊറിയും കുത്തിയിരിക്കുകയല്ലാതെ വേറെയെന്തുകാര്യം? അതുകൊണ്ട് നമുക്ക് വേണ്ടത് ഇംഗ്ലീഷ് പഠനമാണ്. പരീക്ഷ എഴുതേണ്ടത് ഇംഗ്ലീഷിലാണ്. എന്നാൽ മാത്രമേ ആ സർട്ടിഫിക്കറ്റ് കൊണ്ടു ലോക വിപണിയിൽ കാര്യമുള്ളൂ.

6. അങ്ങനെ ഇംഗ്ലീഷ് മീഡിയം എന്ന പേരിൽ നടത്തുന്ന അഭ്യാസങ്ങൾ മൂന്നു ദ്രോഹങ്ങളാണ് ഒറ്റയടിക്കു ചെയ്യുന്നത്. ഒന്ന്, കുട്ടികളുടെ പഠനത്തെ നൈസർഗികമായ പഠനാന്തരീക്ഷത്തിൽ നിന്ന് വേർതിരിക്കുകയും മറ്റൊരു ഭാഷയിലുള്ള പഠനാന്തരീക്ഷത്തിലേക്കു കൊണ്ടുവരുകയും ചെയ്യുന്നു. ഇതു സ്വാഭാവികമായി, സ്വന്തം ജീവിത സാഹചര്യങ്ങളിൽ നടത്താൻ കഴിയാത്തതുകൊണ്ട്, കൃത്രിമമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടിവരുന്നു. സ്മാർട്ട് ക്ലാസ് റൂമുകൾ, ലാംഗ്വേജ് ലാബുകൾ,സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. അതോടെ കുട്ടി സ്വന്തം സാമൂഹ്യാന്തരീക്ഷത്തിൽ നിന്നു തന്നെ അന്യവൽക്കരിക്കപ്പെടുകയാണ്. രണ്ടാമത്, വ്യത്യസ്ത വിഷയങ്ങളിലെ ഉള്ളടക്കവും അതിനു സ്വന്തം ചുറ്റുപാടുകളുമായുള്ള ബന്ധവും അപ്രധാനമാവുകയും വിഷയങ്ങളുടെ ഇംഗ്ലീഷ് ഭാഷയിലൂടെയുള്ള പ്രയോഗത്തിന് പ്രാധാന്യം വർധിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് ഭാഷയിലൂടെയല്ലാതെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളെപ്പോലും പരിചയപ്പെടുത്താൻ വിദ്യാർഥി അശക്തനായിതീരുന്നു. അതുതന്നെ താത്ത്വികതലത്തിൽ അമൂർത്തമായ ചില നിർവചനങ്ങളുടെയും സൂത്രവാക്യങ്ങളുടെയും രൂപത്തിലാണ് വിദ്യാർഥിക്ക് അവതരിപ്പിക്കാൻ കഴിയുന്നത്. പക്ഷേ, പരീക്ഷയ്ക്ക് അതു മതിയാകുമെന്നതുകൊണ്ട് പരിണതഫലങ്ങൾ ഉയർന്നതായിരിക്കും. സ്വന്തം ഭാഷയിൽ, ജൈവബന്ധങ്ങളുള്ള കുട്ടികൾ പ്രദർശിപ്പിക്കുന്ന ഭാവനാവിലാസങ്ങൾ ഉണ്ടാവുകയുമില്ല. ആഗോളാനന്ദലബ്ധിക്കിനിയെന്തു വേണം? മൂന്നാമത്, ഇംഗ്ലീഷ് ഭാഷാബോധത്തിന്റെ പ്രശ്‌നമാണ്. കൊളോണിയൽ കാലത്തും പിന്നീട് കൊളോണിയൽ അവശിഷ്ടമായ ബ്രിട്ടീഷ് കൗൺസിലും ഇംഗ്ലീഷ് ബോധത്തിനുള്ള മാർഗരേഖകൾ ഉണ്ടായിരുന്നു. ക്രമേണ അവ മാറി സംവേദനാത്മക (ഇീാാൗിശരമശേ്‌ല) ഇംഗ്ലീഷ്, പ്രവർത്തനക്ഷമ (ലേരവിശരമഹ) ഇംഗ്ലീഷ് എന്നും മറ്റും പേരിലുള്ള പുതിയ ബോധനരീതികൾ ആരംഭിച്ചു. ഇവയൊന്നും കേരളത്തിൽ ഒരു പൊതുബോധനരൂപമായിട്ടില്ല. അതിനുപകരം വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്ന മട്ടിൽ എസ് എസ് എൽ സി കഴിഞ്ഞവർക്കെല്ലാം ഇംഗ്ലീഷ് പാണ്ഡിത്യമുണ്ട്' എന്ന സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ സകല അധ്യാപകരെയും ഇംഗ്ലീഷ് പഠിപ്പിക്കാൻ നിർബന്ധിക്കുന്ന സ്ഥിതിയുണ്ടായി. പലപ്പോഴും ഇവർ ചെയ്തത് ഇംഗ്ലീഷ് ലേഖനങ്ങൾക്കും പദ്യങ്ങൾക്കും (അവർക്കു ശരിയെന്നു തോന്നിയ മലയാളത്തിലെ അർഥം പറയുകയാണ് ചെയ്തത്. അതേസമയം ഭൗതികം, രസതന്ത്രം, ഗണിതം, ജീവശാസ്ത്രം മുതലായവ പഠിപ്പിച്ച പണ്ഡിതന്മാർ അവയെല്ലാം ഇംഗ്ലീഷിൽ എങ്ങനെയാണ് പറഞ്ഞൊപ്പിച്ചതെന്നത് പഠനാർഹമായ വിഷയമാണ്. കുട്ടികൾ എന്താണ് മനസ്സിലാക്കിയതെന്നും പരീക്ഷകളിൽ എ പ്ലസ് നേടുന്നതിന് മനസ്സിലാകൽ ഒരു പ്രശ്‌നമല്ലാത്തതുകൊണ്ട് ഇംഗ്ലീഷ് മീഡിയം അങ്ങനെ വിജയത്തിന്റെ ശീതളഛായയിൽ വിലസുകയാണ്. ആഗോളസ്വർണമഴയ്ക്ക് മനസ്സിലാകൽ ഒരു വിഷയമേ അല്ലാത്തതുകൊണ്ട് രക്ഷിതാക്കളും രക്ഷപ്പെട്ടു. ആദ്യഘട്ടങ്ങളിൽ കുറച്ചു ബേജാറുണ്ടാകാമെങ്കിലും പുതിയ പരീക്ഷാസമ്പ്രദായത്തിന്റെ ഇരുമ്പുലക്ക (അഭിപ്രായം ഇരുമ്പുലക്കയല്ല പഴമൊഴി) പിടികിട്ടിയ കുട്ടികൾ ക്രമേണ ഇത്തരം സർക്കസ്സുകൾ ഒരു നേരംപോക്കായെടുത്തു താൽപ്പര്യമുള്ളവർ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ വിദ്യാഭ്യാസത്തിനു പുറത്ത് സ്വന്തം നിലയ്ക്കും ആരംഭിച്ചു. മനസ്സിലാകൽ ഒരു പ്രശ്‌നമല്ലാത്തവർ സ്വർണമഴയ്ക്കുള്ള നെട്ടോട്ടവും തുടർന്നു.

7. അപ്പോഴാണ്, ആദ്യം ആഗോളതലത്തിലും, പിന്നീട് അഖിലേന്ത്യാ തലത്തിലും, കേരളതലത്തിലും മറ്റൊരു ആപ്തവാക്യം അവതരിച്ചത്. എല്ലാത്തിന്റെയും മാനദണ്ഡം യോഗ്യത (ാലൃശ)േ ആണ്. അപ്പോൾ കഴിവുകളോ? നൈപുണികളോ? പ്രാപ്തികളോ? മികവിനുവേണ്ടിയുള്ള വിദ്യാഭ്യാസമല്ലേ നമുക്കാവശ്യം? ഒന്നും പോര. നമുക്കു വേണ്ടത് യോഗ്യരായ ചെറുപ്പക്കാരാണ്. എന്താണ് യോഗ്യത? നാം സൃഷ്ടിക്കേണ്ടത് മാനവികമൂലധനമാണ് (ഔാമി രമുശമേഹ), എന്നു പറഞ്ഞാൽ ഒരു വിദ്യാലയത്തിൽ നിന്ന് പുറത്തുവരുന്ന ചെറുപ്പക്കാരന് സമൂഹം/ ഭരണകൂടം/ തൊഴിൽദായകർ ആവശ്യപ്പെടുന്ന പ്രവർത്തനങ്ങൾ കൃത്യമായും കാര്യക്ഷമമായും നിർവഹിക്കാൻ കഴിയണം. ഒരു ബുദ്ധിയുള്ള യന്ത്രമായി അയാൾ മാറണം. ഇതിനുതകുന്ന വിധത്തിൽ അയാൾ നേടിയെടുക്കുന്ന വിഭവങ്ങളാണ് യോഗ്യത. യോഗ്യത അന്തിമമായി നിർണയിക്കുന്നത് തൊഴിൽദായകരാണ്. അതിന് വേണ്ട പരിശീലനം നൽകലാണ് വിദ്യാലയങ്ങളുടെ ജോലി. തൊഴിൽദായകസ്ഥാപനങ്ങൾക്കു വേണ്ടത് ഉന്നത വിദ്യാഭ്യാസമാണ്, അപ്പോൾ സ്‌കൂളുകളോ? ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്നത് വിദഗ്ധ പരിശീലനമാണ് (നാം മുമ്പു പറഞ്ഞ പാഠപുസ്തകമെഴുതുന്ന 'വിദഗ്ധ'നല്ല, വേറൊരാൾ) വിദഗ്ധ പരിശീലനത്തിനു യോഗ്യതയുള്ള ആളുകളെ നിർണയിക്കുകയാണ് സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ജോലി. അപ്പോൾ അതിനും പരിശീലനം വേണ്ടെ? വേണം. എൻട്രൻസ് പരീക്ഷകൾക്ക്, മറ്റുവിധം മത്സരപരീക്ഷകൾക്ക് ഒക്കെ ഉയർന്ന പരിണതഫലങ്ങൾ ഉണ്ടാക്കുന്ന വിദ്യാർഥികൾ വളർന്നുവരണം. അത്തരത്തിലുള്ള പരിശീലനം നമുക്ക് (തൃശ്ശൂരും പാലായുമൊക്കെയുള്ള) കോച്ചിങ്ങ് ജെയിലുകൾക്ക് വിട്ടുകൊടുത്തുകൂട. ഓരോ സ്‌കൂളും അതിസുന്ദരമായ, സുഖദമായ, ഒരാൾക്കും പുറത്തുപോകാനോ ശുദ്ധവായു ശ്വസിക്കാനോ താൽപ്പര്യമില്ലാത്ത വിധത്തിൽ സജ്ജീകരിക്കപ്പെട്ട ജെയിലുകളായി മാറാണം. എന്നാൽ മാത്രമേ നമുക്ക് യോഗ്യരായ വിദ്യാർഥികളെ ലഭിക്കുകയുള്ളൂ (അടിയാപിള്ള പഠിയാസിദ്ധാന്തം)

8. ഇന്ത്യയുടെ പ്രത്യേക സാഹചര്യങ്ങളിൽ ഇത്തരം യോഗ്യതാ നിർണയത്തിന് രണ്ടു വിലങ്ങുതടികൾ താണ്ടേണ്ടതുണ്ട്. അതിലൊന്നു ഭരണഘടനയാണ്. നെഹ്‌റുവും അംബേദ്ക്കറും കുറച്ചൊക്കെ യോഗ്യരായിരുന്ന (ശരിയല്ലേ? അവരിലെത്രപേർ എൻട്രൻസ് പരീക്ഷ പാസാകുമായിരുന്നുവെന്നറിയില്ല) മറ്റു കുറെപ്പേരും ചേർന്നു രൂപംനൽകിയ ഇന്ത്യൻ ഭരണഘടനയിൽ 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള എല്ലാ (അതായത് യോഗ്യരും അയോഗ്യരുമായ) കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുമെന്നു എഴുതിവെച്ചു. അതിന്റെ അപകടം മനസ്സിലാക്കിയ പിൻഗാമികൾ നടപ്പിലാക്കാനുള്ള നീക്കങ്ങളെ പരമാവധി നീട്ടിക്കൊണ്ടുപോയി. ഇന്ത്യ ലോകത്തിലെ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളിലൊന്നു മാത്രമല്ല, ഏറ്റവും നിരക്ഷരതയും പ്രാഥമിക വിദ്യാഭ്യാസത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നതുമായ രാഷ്ട്രമാണെന്നു കണ്ടെത്തിയതോടെ അതൊരു അഭിമാനപ്രശ്‌നമായി. ഗവൺമെണ്ട് തന്നെ മുൻകയ്യെടുത്ത് സാക്ഷരതാ ക്യാപെയിനുകൾ നടത്തി, ലോകബാങ്കിന്റെയടക്കമുള്ള മാർഗനിർദേശരേഖകൾ ഉപയോഗിച്ച് ഇന്ത്യാക്കാർ പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ശ്രമിച്ചു. പല ധനസഹായ ഏജൻസികളുടെയും പിന്തുണയോടെ ജില്ലാ പ്രൈമറി വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു. ആദ്യത്തെ നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ കുറെയൊക്കെ കഴിഞ്ഞു. കേരളത്തിൽ നടത്തിയ പാഠ്യപദ്ധതി പരിഷ്‌ക്കാരങ്ങൾ കാരണം എസ് എസ് എൽ സി പരീക്ഷാ ഫലങ്ങൾ കുത്തനെ വർധിച്ചു. ഇതാണ് ആദ്യത്തെ വിലങ്ങുതടി സൃഷ്ടിച്ചത്? ഈ ഉയർന്ന പ്രവേശനവും ഉയർന്ന പരീക്ഷാഫലങ്ങളും യോഗ്യതയുടെ ലക്ഷണമാണോ? പരീക്ഷ പാസാകുന്നവരിൽ എത്രപേർക്ക് മലയാളവും ഇംഗ്ലീഷും തെറ്റുകൂടാതെ എഴുതാൻ അറിയാം? എത്രപേർക്ക് ആഗോള സ്വർണമഴയിൽ സ്വർണം വാരാൻ സാധിക്കും? കുട്ടികൾ എങ്ങനെയൊക്കെയോ കുത്തിയിരുന്നു പഠിച്ചു കിട്ടിയ വിജയമല്ല, അധ്യാപകരും മന്ത്രിമാരുമൊക്കെ 'മാർക്ക്ദാനം' നൽകി കൃത്രിമമായി നിർമിച്ച വിജയമാണെന്നുവരെ പ്രചരണം നടന്നു. കാരണം എന്താണ്? ഇത്രയധികം കുട്ടികൾ യോഗ്യതാ മാനദണ്ഡങ്ങൾക്കനുസരിച്ച് അർഹരല്ല. യോഗ്യത എപ്പോഴും ഒരു ന്യൂനപക്ഷത്തിനു ലഭിക്കുന്ന ആനുകൂല്യമാണ്. അങ്ങിനെയേ ആകൂവൂ. എന്നാൽ മാത്രമേ മത്സരാധിഷ്ഠിത പരീക്ഷകൾ മത്സരാധിഷ്ഠിത മുതലാളിത്തത്തിനുപോലും പ്രസക്തിയുള്ളതാകൂ. കണ്ട ചെമ്മാനും ചെരുപ്പുകുത്തിയുമൊക്കെ യോഗ്യരുടെ ഇടയിൽ കടന്നുവരുന്നത് തടയണ്ടേ?

9. ഈ പ്രശ്‌നം പരിഹരിക്കാൻ കേന്ദ്രസർക്കാർ പിന്നീട് ഒരു വിദ്യ കണ്ടുപിടിച്ചിട്ടുണ്ട്. നൈപുണിക വികസന പരിപാടികൾ ((Skill Development Programme). . വളരെ മനോഹരമായ ഒരു സങ്കൽപ്പം. നമ്മുടെ കുഞ്ഞുമക്കളെല്ലാവരും ചരിത്രവും ഭൂമിശാസ്ത്രവും സയൻസും ഭാഷയുമെല്ലാം പഠിച്ച് ഒന്നുമാകാൻ പോകുന്നില്ല. അവർ ഒരു ബിരുദമെടുത്ത് തെണ്ടിത്തിരിഞ്ഞ് നടക്കും. പിന്നീട് എല്ലാ ആശകളും നഷ്ടപ്പെടുമ്പോൾ ചിലപ്പോൾ ഒരു മന്ത്രിയുടെ നേരെ കല്ലോ ചെരിപ്പോ ഒക്കെ വലിച്ചെറിഞ്ഞെന്നിരിക്കും. അത്തരം രാജ്യദ്രോഹകുറ്റങ്ങൾ ചെയ്യാൻ അവരെ തള്ളിവിടണോ? അതിനുപകരം തൊഴിൽ ദായകർക്കാവശ്യമുള്ള ഏതെങ്കിലും ഒരു തൊഴിൽ അവരെ പരിശീലിപ്പിക്കുക. പിന്നീട് പരീക്ഷയ്ക്ക് ഉന്നതവിജയം നേടിയില്ലേ? എൻട്രൻസ് പാസായില്ലേ? ഒരു കുഴപ്പവുമില്ല. സ്‌കിൽ ഡെവലപ്പ്‌മെന്റ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ ചിലപ്പോൾ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ വരെ തൊഴിലാളിയായി പ്രവേശിക്കാം. ജീവിതം കുശാലായില്ലേ? ഒരു വെടിക്ക് രണ്ടുപക്ഷി എന്ന നിലയിൽ അതുകൊണ്ട് മറ്റൊരു കാര്യവും സാധിക്കും. യോഗ്യതയുള്ളവർ വിദഗ്ധ തൊഴിലാളികളും വിദഗ്ധരുമൊക്കെയായി മുതലാളിമാർക്കൊപ്പമിരിക്കുന്നു. യോഗ്യതയില്ലാത്തവർ സർട്ടിഫിക്കറ്റും വാങ്ങി ആദ്യത്തെ കൂട്ടരുടെ കീഴിൽ ജോലി ചെയ്യുന്നു. അതല്ലേ അതിന്റെ യൊക്കെ ഒരു ശരി?

10. ദൗർഭാഗ്യവശാൽ, ഇതിനു മറ്റൊരു വിലങ്ങുതടികൂടിയുണ്ട്. ഭരണഘടന വേറൊന്നും കൂടി പറഞ്ഞുവച്ചിട്ടുണ്ട്, സംവരണം. ദളിത് ആദിവാസി വിഭാഗങ്ങൾക്കുള്ള (ഭരണഘടനാഭാഷയിൽ പട്ടികജാതി - പട്ടികവർഗം) സംവരണവും ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും ഭരണഘടന ആദ്യം തന്നെ അനുവദിച്ചു. പിന്നീട് മണ്ഡൽ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പിന്നോക്ക ജാതികൾക്കും സംവരണം അനുവദിച്ചു. ചില പ്രത്യേക വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണവും അംഗീകരിച്ചു. ഇപ്പോൾ സൂര്യനു താഴെയുള്ള വലിയൊരു ശതമാനം ജാതികൾ സംവരണത്തിനുവേണ്ടി സമരം ചെയ്യുകയാണ്. അപ്പോൾ യോഗ്യതയുള്ളവർ എവിടെ പോകും?

ഇവിടെ വേറൊരു പ്രശ്‌നം കൂടിയുണ്ട്. യോഗ്യർ എല്ലാവരും തന്നെ സി ബി എസ് ഇ / ഐ സി എസ് ഇ/ ഇന്റർനാഷണൽ സ്‌കൂൾ മുതലായ പരിശീലനക്കളരികളിലൂടെ കടന്ന് ഏതൊരങ്കത്തിനും തയ്യാറായി എത്തിയവരാണ്. എന്നാൽ സംവരണവിദ്യാർഥികൾ അങ്ങനെയല്ല. അവരിൽ നല്ലൊരു ശതമാനം പ്രാദേശിക സ്‌കൂളുകളിൽ സ്റ്റേറ്റ് സിലബസനുസരിച്ച് പഠിച്ചവരാണ്. സി ബി എസ് ഇ അങ്കച്ചേകവരുടെ ഒരു തടിമിടുക്കൊന്നും കാണിക്കാനവർക്കാകില്ല. അവരെ എന്തു ചെയ്യണം? യോഗ്യർക്ക് നൽകുന്ന എല്ലാ സൗകര്യങ്ങളും സഹായവുമെല്ലാം അവർക്കു നൽകണ്ടെ? കൂടാതെ അവരെ നിലനിർത്തുന്ന ജോലി കൂടി വിദ്യാലയങ്ങളേറ്റെടുക്കണ്ടേ? അതെല്ലാം വേണം. സംവരണതത്ത്വം ആദ്യം അംഗീകരിക്കപ്പെട്ടപ്പോൾ നിലനിന്ന ജനാധിപത്യ വിദ്യാഭ്യാസ സങ്കൽപ്പമനുസരിച്ച് എല്ലാവർക്കും തുല്യാവസരം നൽകണം, അക്കാദമിക് സ്വാതന്ത്ര്യം എല്ലാവർക്കും നൽകണം. ജനാധിപത്യപരമായ അവകാശങ്ങൾ നിലനിർത്തണം. കുറച്ചു കഴിഞ്ഞാൽ സംവരണത്തിലൂടെ വന്നവരും യോഗ്യതാ പരീക്ഷകളിലൂടെ വന്നവരും തമ്മിലുള്ള ഭിന്നത ഇല്ലാതാകും. അപ്പോൾ പാവം യോഗ്യർ എന്തു ചെയ്യും? അവർ സ്വപ്നം കണ്ടുനടന്ന സ്വർണമഴ ചെമ്മാനും ചെരുപ്പുകുത്തിയുമൊക്കെ തട്ടിയെടുക്കുകയില്ലേ? വമ്പിച്ച പണം മുടക്കി ആനന്ദമന്ദിരങ്ങളായ ജയിലറകളിൽ വർഷങ്ങൾ കിടന്നു കണ്ണിൽകണ്ട അധ്യാപകരുടെ ആട്ടുംതുപ്പും കൊണ്ട് കണ്ണിൽ എണ്ണയൊഴിച്ച് കാണാതെ പഠിച്ചുണ്ടാക്കിയ യോഗ്യതാ വിജയം പിന്നെയെന്തിനായിരുന്നു?

11. ഈ വികാരം പ്രകടിപ്പിച്ച കോടതി ജഡ്ജിമാരുണ്ട്. സി ബി എസ് ഇ പോലുള്ള സ്‌കൂളുകളിൽ പഠിക്കുന്നവർ ധൈഷണികമായി ഉയർന്നതലത്തിലുള്ളവരാണെന്നും, മലയാളം മീഡിയത്തിലുള്ളവർ പൊതുവെ മന്ദബുദ്ധികളാണെന്നും ദ്യോതിപ്പിക്കുന്ന വിധത്തിൽ കേരളത്തിലെ ഹൈക്കോടതി ജഡ്ജി മുമ്പു വിധിയെഴുതിയിരുന്നു. കേരളത്തിലെ ആഗോള സ്വപ്നജീവികളായ മധ്യവർഗത്തിന്റെ ഒരു പൊതുവികാരമാണ് അദ്ദേഹം ആ വിധിയിലെഴുതിയത്. ഈ പൊതുവികാരം പണമായി മാറ്റുന്ന തത്രപ്പാടിലാണ് വിദ്യാഭ്യാസം മണ്ണോ ചാണകമോ എന്നുപോലും തിരിച്ചറിയാനാവാത്ത നിരവധി നവതലമുറ സ്‌കൂൾ മാനേജ്‌മെന്റുകൾ. വിദ്യാഭ്യാസം എന്തായിരുന്നാലും സ്വന്തം സ്‌കൂളുകളെ മധ്യവർഗം പിന്തുണയ്ക്കുന്നിടത്തോളം കാലം ഇത്തരം സ്‌കൂളുകൾ നിലനിൽക്കുമെന്നും അവർ കരുതുന്നു. കോടതി ജഡ്ജിയുടെ ആഗ്രഹങ്ങൾക്കു വിരുദ്ധമായി ഉയർന്ന ബൗദ്ധിക നിലവാരം നിലനിർത്തുകയോ വളർത്തുകയോ ചെയ്യുന്ന ഏതെങ്കിലും ബോധനരൂപങ്ങൾ ഇത്തരം സ്‌കൂളുകളേതെങ്കിലും സ്വീകരിക്കുന്നതായറിവില്ല. അതിനുപകരം നിരന്തര പരിശീലനം, മൂല്യനിർണയ രൂപങ്ങൾ, അച്ചടക്കം തുടങ്ങിയ സാമ്പ്രദായിക രീതികൾ തന്നെയാണ് അവർക്കും പറയാനുള്ളത്. അവരെ സംബന്ധിച്ചിടത്തോളം മധ്യവർഗങ്ങളുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുക എന്നതിലപ്പുറമുള്ള വിദ്യാഭ്യാസപദ്ധതിയും നിലവിലില്ല. ഉണ്ടെങ്കിൽ തന്നെ, അവ സ്വന്തം ജാതിമത സമുദായങ്ങളുടെ ആശയ സംഹിതകളുമായി ബന്ധപ്പെട്ടവ മാത്രമായിരിക്കും.

12. ഇതോടെ നാം തിരിച്ചെത്തുന്നത് ആദ്യം സൂചിപ്പിച്ച പ്രശ്‌നത്തിലാണ്. ആഗോളതൊഴിൽ വിപണിയ്ക്കാവശ്യമുള്ള യോഗ്യതാ പരിശീലനത്തിൽ മാത്രം താൽപ്പര്യമുള്ള കേരളത്തിലെ മധ്യവർഗ വിഭാഗങ്ങൾക്ക് അടച്ചുപൂട്ടുന്ന 5000ത്തിൽപ്പരം സ്‌കൂളുകളെയും സംബന്ധിച്ച് ഒരു വേവലാതിയുമുണ്ടാകേണ്ടതില്ല. അത്തരം വിദ്യാലയങ്ങളിൽ നിന്ന് പഠിച്ചെത്തുന്ന വിദ്യാർഥികൾ സ്വന്തം മക്കളുടെ തൊഴിൽ സാധ്യതകൾക്ക് വെല്ലുവിളിയാകാമെന്നും അവർ കാണുന്നു. കേരളത്തിലെ ഉയർന്ന പരീക്ഷാ ഫലങ്ങളെ സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾ ഉദാഹരണമാണ്. സ്വന്തം കുട്ടികളെ പഠിപ്പിക്കുന്ന പരിശീലനക്കളരികളുടെ പ്രവർത്തനത്തിൽ അവർ തൃപ്തരാണെങ്കിൽ എന്തു വിലയും കൊടുത്ത് അത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കുവാൻ അവർ തയ്യാറാകും. അവയിലൂടെ ബലിയാടുകളാകുന്നത് സാധാരണ സ്‌കൂളുകളായിരിക്കും. മദ്ധ്യവർഗത്തിന്റെ മറ്റൊരു കാഴ്ചപ്പാടും പ്രസക്തമാണ്. അവർ സ്‌കൂളുകൾ തെരഞ്ഞെടുക്കുന്നത് ജാതിമതങ്ങളനുസരിച്ചാണ്, മാനേജ്‌മെന്റുകളുമായുള്ള അവരുടെ ബന്ധമനുസരിച്ചാണ്. പരിശീലനമുറകളും അച്ചടക്കവുമനുസരിച്ചാണ്, പ്ലസ് ടു വരെയുള്ള തുടർച്ചയായ പഠനം ഉറപ്പുവരുത്താനുള്ള സാധ്യതയനുസരിച്ചാണ്. ഇവയിലെല്ലാം പുറംതള്ളപ്പെടുന്നത് സാധാരണ സർക്കാർ എയിഡഡ് സ്‌കൂളുകളാണ്, പ്രത്യേകിച്ച് എൽ പി സ്‌കൂളുകൾ. പൊതുവിദ്യാഭ്യാസം നേരിടുന്ന ഏറ്റവും ഗൗരവമുള്ള വെല്ലുവിളിയായി ഇത്തരം സ്‌കൂളുകളുടെ നിലനിൽപ്പിനെ കാണേണ്ടതുണ്ട്.

13. മുമ്പു പറഞ്ഞ 'അടിയാപിള്ള പഠിയാ' സിദ്ധാന്തം അംഗീകരിക്കാത്തവർ പോലും ചൂണ്ടിക്കാണിക്കുന്ന ചില കാര്യങ്ങളുണ്ട്. ജനങ്ങൾക്ക് പഴയകാലത്തെ എൽ പി സ്‌കൂളുകളിൽ പോകാൻ താൽപ്പര്യമില്ല. ചോർന്നൊലിക്കുന്ന കെട്ടിടങ്ങളും പൊളിഞ്ഞ ബെഞ്ചുകളും തകർന്ന മൂത്രപ്പുരകളുമുള്ള സ്‌കൂളുകളിൽ ആരാണ് കുട്ടികളെ അയയ്ക്കുക? പകുതി ദിവസവും അവിടെ അധ്യാപകരും ഉണ്ടാകാറില്ല. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന പി ടി എകൾ ഉണ്ടെങ്കിൽ സ്‌കൂളുകൾ മെച്ചപ്പെടാറുണ്ട്. പാവപ്പെട്ടവർ പഠിക്കുന്ന സ്‌കൂളുകളിൽ പി ടി എ കൾക്ക് എന്തെങ്കിലും പ്രവർത്തനം നടത്തുന്നതിനുള്ള ആസ്തിയോ കഴിവോ ഇല്ല. സർക്കാർ സഹായമോ മാനേജ്‌മെന്റ് സ്‌കൂളുകളിൽ മാനേജ്‌മെന്റ് ഇടപെടലോ നടക്കുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. പിന്നെയെന്തുചെയ്യണം? അതങ്ങു പോട്ടെ എന്നു കരുതുന്നതല്ലേ നല്ലത്? അതിനു പകരം കുറച്ചു നല്ല സ്‌കൂളുകളിൽ ശ്രദ്ധപതിപ്പിച്ചാൽ പോരെ? ജനങ്ങൾക്ക് ഇംഗ്ലീഷ് മീഡിയം വേണമെന്നു പറഞ്ഞാൽ ഒന്നോ രണ്ടോ, ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ കൊടുക്കുന്നതിൽ എന്താണ് തെറ്റ്? ഇത്തരം ചോദ്യങ്ങൾ പുരോഗമനവാദികളിൽ നിന്നുപോലും ഉയർന്നുകേൾക്കാറുണ്ട്.

14. വിദ്യാലയങ്ങൾ എല്ലാ കാലത്തും നിലനിൽക്കാറില്ലെന്നതു പുതിയ വസ്തുതയല്ല. സാമ്പത്തിക ബാധ്യതകളും ആവശ്യക്കാരുടെ അഭാവവും മൂലം നിരവധി വിദ്യാലയങ്ങൾ അടച്ചുപൂട്ടാറുണ്ട്. മാനേജ്‌മെന്റ് സ്‌കൂളുകളിലും വ്യക്തിഗത വിദ്യാലയങ്ങളിലും ഈ പ്രവണത പ്രകടവുമാണ്. പക്ഷേ വിപുല മായ വിദ്യാഭ്യാസ ശൃംഖല വളർത്തിക്കൊണ്ടുവന്ന സർക്കാർ തന്നെ സ്വന്തം അനാസ്ഥ കൊണ്ടും (അല്ലെങ്കിൽ അനാസ്ഥ അഭിനയിച്ചും) സ്‌കൂളുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയിൽ എത്തിക്കുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. ചോർന്നൊലിക്കുന്ന കെട്ടിടങ്ങളും പൊട്ടിയ ബെഞ്ചുകളും അധ്യാപകരില്ലാത്ത അവസ്ഥയും എല്ലാമുണ്ടായത് സർക്കാറിന്റെ ബോധപൂർവമായ കെടുകാര്യസ്ഥതകൊണ്ടാണ്. പൊതു വിദ്യാലയങ്ങൾ മെച്ചപ്പെടുത്താനുള്ള നിരവധി പദ്ധതികൾ മുന്നോട്ടുവെച്ചിട്ടും അവയൊന്നും ചെവിക്കൊള്ളാത്ത ഗവൺമെന്റ് നയങ്ങൾ കൊണ്ടാണ് യോഗ്യതയുടെയും പഠനത്തിന്റെയും പരിണത ഫലങ്ങളുടെയും മികവിന്റെയുമൊക്കെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങളെ വേർതിരിക്കുമ്പോൾ ആഗോളകോർപറേറ്റ് തൊഴിൽ വിപണിയ്ക്ക് ആവശ്യമില്ലാത്ത ആളുകളെയൊക്കെ പുറന്തള്ളുക എന്ന മൂലധനനയം നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇങ്ങനെ പുറന്തള്ളപ്പെടാൻ വിധിക്കപ്പെട്ടവരാണ് പൊതുവിദ്യാലയങ്ങളിൽ ചേരുന്നത്, അവരിൽ ഭൂരിഭാഗം ആളുകളും കേരളത്തിൽ പഠിച്ച് ആർട്ട്‌സ് ആന്റ് സയൻസ് കോളേജുകളിലും സാങ്കേതികസ്ഥാപങ്ങളിലുമെല്ലാം എത്തുന്നുണ്ട്. നാം ഇന്നു ചർച്ചചെയ്യുന്ന മധ്യവർഗത്തിലും ഭാവിയെക്കുറിച്ച് ആഗ്രഹങ്ങളും സ്വപ്നങ്ങളും വച്ചുപുലർത്തുന്നവരിലുമെല്ലാം അവരും ഭാഗമാണ്. അവർ വളർന്നുവന്ന വഴികളാണ് ഇന്നു നഷ്ടപ്പെടുന്നത്. കേരളത്തിലെ 40 ശതമാനം വരുന്ന നഷ്ടത്തിലോടുന്ന സ്‌കൂളുകൾ അടച്ചുപൂട്ടുകയാണെങ്കിൽ നമ്മുടെ ഇടയിൽ സ്വന്തം പരിശ്രമത്തിലൂടെ മുമ്പോട്ടുവരുന്ന വമ്പിച്ച ജനവിഭാഗത്തിന്റെ വളർച്ചയുടെ വഴിത്താരകളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അവരുടെയും ആശ്രയം ബസ്സും യൂണിഫോമും അച്ചടക്കവും കോച്ചിങ്ങുമുള്ള സ്‌കൂളുകൾ മാത്രമാകും. താങ്ങാനാവാത്ത പണം ചെലവു ചെയ്ത് കുട്ടികളെ പഠിപ്പിച്ച് ആഗോളതൊഴിൽ വിപണിയിലെത്തിക്കാൻ കടിപിടി കൂടുന്ന രക്ഷിതാക്കളിൽ അവരും എത്തിപ്പെടും.

15. പക്ഷേ, ഇതൊക്കെ തന്നെയാണോ സർക്കാർ ചെയ്യേണ്ടത്? ഒരു സംസ്ഥാനത്തെ പകുതി സ്‌കൂളുകൾ സാമ്പത്തിക നഷ്ടം വരുത്തുന്നുവെന്നു പ്രഖ്യാപിക്കുകയും അതിനുശേഷം നഷ്ടംവരുത്താതിരിക്കാൻ ഒരു നടപടിയും എടുക്കാതിരിക്കുന്നത് സർക്കാർ നയമാണോ? പകുതി അധ്യാപകരെ 'സംരക്ഷിത' അധ്യാപകരാക്കി തീറ്റിപ്പോറ്റുന്നത് സർക്കാർ നയമാണോ? കണ്ണിൽക്കണ്ടയാളുകൾക്കൊക്കെ സ്‌കൂളുകൾ നൽകുകയും അവർ എന്തെങ്കിലും ചെയ്തുകൊള്ളട്ടെ എന്നും പറഞ്ഞ് വിടുകയും ചെയ്യുന്നത് സർക്കാർ നയമാണോ? അതിലുംഭേദം ഞങ്ങളുടെ കയ്യിൽ ദമ്പിടിപോലും കാശില്ല. നിങ്ങളെന്താച്ചാ ചെയ്‌തോളിൻ എന്നു പറഞ്ഞ് സർക്കാർ സ്‌കൂൾ വിദ്യാഭ്യാസത്തെ ആകെ പരസ്യമായി കയ്യൊഴിയുകയല്ലേ? അധ്യാപകർക്ക് നല്ല ശമ്പളം നൽകും എന്ന ഉറപ്പിന്മേൽ മാത്രമേ സ്‌കൂളുകൾ നൽകൂ എന്നു പ്രഖ്യാപിച്ചാൽ പോരെ? ബാക്കി എല്ലാം സ്‌കൂൾ നടത്തുന്ന മഹാപണ്ഡിതന്മാർ കൈകാര്യം ചെയ്യുകയില്ലേ? കേരളത്തിലെ ആഗോളസ്വപ്നജീവികളായ മധ്യവർഗവും സ്വന്തം കുട്ടികളെ സർക്കാർ സ്‌കൂളിൽ പഠിപ്പിച്ചു നാണം കെടേണ്ടിവരില്ല എന്ന് സമാധാനിപ്പിക്കുകയില്ലേ? കുറേപ്പേർ പുറന്തള്ളപ്പെടും. അവർ പുറന്തള്ളപ്പെടുന്നത് 'യോഗ്യത'യില്ലാത്തതുകൊണ്ടാണ്. അവരെ നമ്മുടെ വന്ദ്യപിതാക്കന്മാർ ചെയ്യുന്നതുപോലെ ജീവകാരുണ്യവും ദൈവസ്‌നേഹവുമായി കണക്കാക്കി സംവരണം വഴി സംരക്ഷിക്കാം. പക്ഷേ, പഠിത്തമൊക്കെ തൃശ്ശൂർ - പാലാ മോഡൽ അറവുശാലയിൽ തന്നെ. ഭൗതികസൗകര്യങ്ങൾ കുറച്ചുമോശമായിരിക്കും. അതൊക്കെ സഹിക്കണം. ഉള്ളതുപയോഗിക്കാൻ തന്നെ നല്ല കാശും തരണം. എത്താൻ പോകുന്നതു സ്വപ്നലോകത്തല്ലേ?

16. ഇതൊക്കെ മധ്യവർഗത്തിന്റെയും വിദ്യാഭ്യാസ അറവുശാലക്കാരുടെയും താൽപ്പര്യമാകാം. ഒരു ജനാധിപത്യ വിദ്യാഭ്യാസ സങ്കൽപ്പത്തിന് നിരക്കുന്നതല്ല. ജനാധിപത്യം ലഭ്യമാക്കുന്നത് ജനങ്ങളുടെ മൊത്തത്തിലുള്ള വികാസമാണ്. ഏതെങ്കിലും കുറച്ച് യോഗ്യതയുള്ളവരുടെ വികാസമല്ല. ജനാധിപത്യം നടത്തുന്നത് ദേവാലയങ്ങളുടെയും ഭദ്രാസന്നങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനവുമല്ല.

നാട്ടിലെമ്പാടും കുറെ സ്‌കൂളുകളും കോളേജുകളും സ്ഥാപിച്ച് അവയെ തോന്നിയപോലെ നടത്താൻ അനുവദിക്കുന്നത് കുറെ വിദ്യാഭ്യാസ ബ്യൂറോക്രാറ്റുകൾക്ക് ഇഷ്ടപ്പെട്ട കാര്യമായിരിക്കാം, അവരെ സംബന്ധിച്ചിടത്തോളം കുട്ടികൾക്ക് ഭൗതിക സൗകര്യങ്ങളേർപ്പെടുത്തിക്കൊടുക്കുന്നതിനേക്കാൾ പ്രധാനം അധ്യാപകരുടെ പഞ്ചിങ്ങാണ് (പഹയന്മാർ സമയത്തിന് വരണ്ടെ?!). പക്ഷേ, ജനാധിപത്യ പ്രക്രിയ ലഭ്യമാക്കുന്നത് അത്തരം സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധമായ പ്രവർത്തനമാണ്. അവിടെ യോഗ്യതയെന്നാൽ ഏതാനും പരീക്ഷകളിലെ പ്രകടനമോ കോർപറേറ്റ് തൊഴിലുകൾക്കു വേണ്ട പ്രായോഗിക ക്ഷമതയോ അല്ല. കുട്ടികൾ 10 -12 വർഷമോ അതിൽ കൂടുതലോ കാലം കൊണ്ട് നേടുന്ന അറിവുകളാണ്, കഴിവുകളാണ്. ശേഷികളാണ്, നൈപുണ്യങ്ങളാണ്, പ്രായോഗികക്ഷമതയാണ്, അഭിരുചികളാണ്, സർഗാത്മകചൈതന്യമാണ്, സമൂഹത്തിലെ ഏതു തൊഴിലും ചെയ്യാൻ പ്രാപ്തരാക്കുന്നത് ഇത്തരം ആർജിത രൂപങ്ങളുടെ ആകെത്തുകയാണ്, മനുഷ്യരെ കോർപറേറ്റുകളുടെ ആവശ്യമനുസരിച്ച് പാകപ്പെടുത്തുന്ന രീതിയെ അറവുശാലയെന്നോ അതു ചെയ്യുന്നവരെ ദെ ഷെഫ് എന്നോ വിളിക്കാം. അതു വിദ്യാഭ്യാസമല്ല. അത്തരം കച്ചവടക്കാർ നിലനിൽക്കരുത് എന്നാവശ്യപ്പെടേണ്ടത് ഇന്ത്യയാകമാനം, അംഗീകരിക്കേണ്ട ഒരു വിദ്യാഭ്യാസനയമായാലും. ഏതായാലും ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്നവർ ഇത്തരം വിദ്യാഭ്യാസ ഷെഫുമാർക്കു വേണ്ടി പൊതു വിദ്യാഭ്യാസത്തെ ബലികൊടുക്കാൻ തയ്യാറാവുകയില്ല, തയ്യാറാവരുത്. നേടുന്ന വിദ്യ ഒരു കുറ്റി പുട്ടല്ല.

17. അപ്പോൾ ജനാധിപത്യവാദികൾ എന്തുചെയ്യണം? പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കണം. അടച്ചുപൂട്ടാൻ പോകുന്ന ഒരു സ്‌കൂളിനു മുമ്പിൽ ബോർഡ്‌വച്ച് വെയിലത്തു കുത്തിയിരുന്നതുകൊണ്ടു മാത്രം സംരക്ഷണമാവില്ല. ഞങ്ങൾ പൊതുവിദ്യാഭ്യാസം സംരക്ഷിക്കും എന്നു പ്രസംഗിച്ചതുകൊണ്ടു മാത്രവും സംരക്ഷണമാവില്ല. സംരക്ഷണം എന്നാൽ അധ്യാപകരുടെ തസ്തികകളുടെ സംരക്ഷണവുമല്ല. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാതെ തസ്തിക സംരക്ഷിക്കാമെന്ന് ഇപ്പോൾ ഏകദേശം തെളിയിക്കപ്പെട്ടിട്ടുമുണ്ട്. അപ്പോൾ നമുക്കു വേണ്ടത് സംരക്ഷണവാചകമേളകളല്ല, യഥാർത്ഥത്തിലുള്ള സംരക്ഷണമാണ്. ഇവിടെ സംരക്ഷിക്കപ്പെടേണ്ടത് ചോർന്നൊലിക്കുന്ന കെട്ടിടങ്ങളോ ഒടിഞ്ഞ ബെഞ്ചുകളോ പൊട്ടിയ മൂത്രപ്പുരകളോ അല്ല, പൊതുവിദ്യാഭ്യാസമാണ്. അതു നടത്തേണ്ടത് ഇന്നത്തെ പൊതുവിദ്യാലയ സംവിധാനത്തിന്റെ പുനർനിർമാണത്തിലൂടെയാണ്. നമുക്ക് വേണ്ടത് വാചകമല്ല, പ്രവർത്തനമാണ്. കയ്യും മെയ്യും മറന്നുള്ള പ്രവർത്തനമാണ്.

18. പൊതുവിദ്യാലയ സംവിധാനത്തിന്റെ പുനർനിർമാണം എന്നാൽ എന്താണ്? അന്താരാഷ്ട്രതലത്തിൽ എവിടെയും കിടപിടിക്കാൻ കഴിയുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം നമ്മുടെ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവർക്ക് നൽകാൻ കഴിയുകയാണ്. പൊതുവിദ്യാലയ സംവിധാനത്തിന്റെ കാര്യക്ഷമതയുടെ അളവുകോലായി മാറേണ്ടത്. ഒരു വിദ്യാലയത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളയാർക്കും നാട്ടിനുംപുറത്തുമെവിടെയും ജീവിക്കാനുള്ള അടിസ്ഥാന ശേഷികൾ നൽകാൻ കഴിയണം. ഇതിന് ഒരു അറവുശാല പണിയേണ്ട ആവശ്യമില്ല. ഷെഫുമാരുടെ ആവശ്യമില്ല. ഭദ്രാസനങ്ങളുടെയും സരസ്വതി വിദ്യാലയങ്ങളുടെയും ഉലമാക്കളുടെയും ജീവകാരുണ്യത്തിന്റെ ആവശ്യമില്ല. വേണ്ടത് അറിവും വൈദഗ്ധ്യവും ആത്മവിശ്വാസവും തന്റേടവുമുള്ള ഒരു സംഘം അധ്യാപകരാണ്. അവരെ പിന്തുണയ്ക്കാൻ സന്നദ്ധതയുള്ള സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപങ്ങളും ഇവരുടെ കഴിവിൽ ഉറച്ച വിശ്വാസമുള്ള ജനസമൂഹവുമാണ്. സർക്കാർ കയ്യൊഴിയുകയാണെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം വിദ്യാലയങ്ങളെ ഏറ്റെടുക്കാൻ തയ്യാറാകണം, ഇരുകൂട്ടരും കയ്യൊഴിയുകയാണെങ്കിൽ ജനസമൂഹം ഏറ്റെടുക്കണം. ജനസമൂഹം ഏറ്റെടുക്കാത്ത വിദ്യാലയങ്ങൾ സർക്കാർ പിന്തുണ കൊണ്ടുപോലും അധികകാലം നിലനിൽക്കുകയില്ല.

19. അത്തരം വിദ്യാലയങ്ങളുടെ അനിവാര്യ ഘടകങ്ങൾ ഇപ്രകാരമാണ്.

  • - അടച്ചുറപ്പുള്ളതും വായുസഞ്ചാരവും വെളിച്ചവും അനുവദിക്കുന്നതുമായ ക്ലാസുമുറികൾ. കുട്ടികൾക്ക് അവരുടെ പഠനസാമഗ്രികൾ വരെ വെച്ചുപൂട്ടിപ്പോകാനുള്ള സൗകര്യമുണ്ടാകണം. നമുക്ക് വേണ്ടത് സ്മാർട്ടായ ക്ലാസുമുറികളാണ്. സ്മാർട്ട് ക്ലാസ് റൂമുകളല്ല.
  • - കുട്ടികൾ വായിച്ചിരിക്കേണ്ട എല്ലാ അടിസ്ഥാന ഗ്രന്ഥങ്ങളുമടങ്ങുന്ന സ്‌കൂൾ ലൈബ്രറികൾ - പ്രത്യേക വായനശാല
  • - കമ്പ്യൂട്ടർലാബുകൾ.
  • - എല്ലാവിധ പരീക്ഷണങ്ങളും നടത്താനുള്ള സൗകര്യങ്ങളുള്ള ലാബുകൾ.
  • - പൊതുചർച്ചകൾക്കുള്ള സൗകര്യങ്ങൾ, സെമിനാർ റൂമുകൾ, ഓഡിറ്റോറിയം.
  • - കലയരങ്ങും, ഓപ്പൺ തിയറ്ററും
  • - വിശ്രമസ്ഥലം (പാർക്ക് രീതി)
  • - കളിസ്ഥലം, കായികാഭ്യാസകേന്ദ്രം
  • - ഭക്ഷണശാല / പാചകശാല
  • - ശൗചാലയങ്ങൾ, ഹെൽത്ത് സെന്റർ
  • - ആവശ്യമുള്ള കുട്ടികൾക്ക് താമസിക്കാനും പഠിക്കാനുമുള്ള സൗകര്യങ്ങൾ.
  • - ഫലവൃക്ഷങ്ങളടങ്ങുന്ന ധാരാളം മരങ്ങളും ചെടികളും
  • - അറിവും ശേഷികളും വൈദഗ്ധ്യവുമുള്ള അധ്യാപകരും പിന്തുണാജീവനക്കാരും.

ഇത്രയും സംവിധാനങ്ങൾ ഒരു സ്‌കൂളിൽ വലിയ പ്രയാസമില്ലാതെ സൃഷ്ടിക്കാമെന്ന് കോഴിക്കോട്ടെ പ്രിസം പ്രൊജക്ട് തെളിയിച്ചതാണ്.

20. പൊതുവിദ്യാലയം ഒരു ജയിലറയല്ല. പുറംലോകവും സമൂഹവുമായുള്ള ബന്ധം അവശ്യഘടകമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത്തരം ബന്ധങ്ങൾ എളുപ്പത്തിൽ ഏർപ്പെടുത്താൻ കഴിയും.

  • - പ്രാദേശിക വായനശാലകളുമായുള്ള ബന്ധം, വായനശാലകളിൽ സ്റ്റുഡന്റ് കോർണറുകൾ.
  • - പ്രാദേശിക ആരോഗ്യകേന്ദ്രവുമായുള്ള ബന്ധം - സ്‌കൂൾ ഹെൽത്ത് വിസിറ്റുകൾ.
  • - പ്രാദേശിക തൊഴിൽ സ്ഥാപനങ്ങളുമായുള്ള ബന്ധം.
  • - തൊഴിൽ പരിശീലന കേന്ദ്രം
  • - പ്രാദേശിക കളിസ്ഥലങ്ങൾ, തിയറ്ററുകൾ -ചിൽഡ്രൻസ് ഫിലിംഷോകൾ
  • - നാടകക്കളരികൾ, നൃത്തസംഗീത പഠനം
  • - പ്രകൃതി യാത്രകൾ, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി

ഇവയിൽ ചിലത് സ്‌കൂളിൽതന്നെ നൽകാം. സ്‌കൂളിൽ നൽകാൻ കഴിയാത്തവ സ്‌കൂളിനു പുറത്തുള്ള കേന്ദ്രങ്ങളിൽ സാമൂഹ്യ സഹകരണത്തോടെ പ്രദാനം ചെയ്യാൻ ഏർപ്പാടുണ്ടാക്കാം.

21. എല്ലാ പൊതു വിദ്യാലങ്ങളിലും ജാതിമത ലിംഗഭേദമെന്യേയുള്ള പ്രവേശനം നിർബന്ധമാക്കുകയും പ്രവേശനം തികച്ചും സൗജന്യമാക്കുകയും വേണം. അതിനാവശ്യമായ വിധത്തിൽ സാമൂഹ്യമായ പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടണം. എല്ലാ പൊതു വിദ്യാലയങ്ങളിലും എസ് എം സികൾ നിർബന്ധിതമാക്കണം. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാ അധ്യാപക ഒഴിവുകൾ നികത്തുകയും അധ്യയനവർഷം കഴിയുന്നതുവരെ അവരാരും സ്ഥലമാറിപ്പോവുകയില്ല എന്നുറപ്പുവരുത്തുകയും വേണം. പ്രവൃത്തിദിനങ്ങൾ യാതൊരുവിധത്തിലും കുറവുവരുത്തുരുത്. പരിശോധനകൾ, തത്സമയ സഹായങ്ങൾ തുടങ്ങിയവ നടക്കുന്നുവെന്നുറപ്പാക്കണം. സാമ്പത്തിക നഷ്ടം വരുത്തുന്ന സ്‌കൂളുകളെക്കുറിച്ച് ദ്വിമുഖമായ കാഴ്ചപ്പാടുണ്ടാകാം.

  • - ചുറ്റുപാടും മറ്റു വിദ്യാലയങ്ങൾ ഇല്ലാതിരിക്കുകയും പ്രദേശത്തിലെ ഏറ്റവും പാവപ്പെട്ടവർക്ക് സ്വതന്ത്രവും സൗജന്യവുമായി പഠിക്കാൻ കഴിയുന്ന സ്‌കൂളുകൾ തൊട്ടയൽവക്കത്ത് ഇല്ലാതിരിക്കുകയും ചെയ്യുന്ന എല്ലാ പ്രദേശങ്ങളിലെയും വിദ്യാലയങ്ങൾ അതേപടി നിലനിർത്തണം. അത്തരം സ്‌കൂളുകളെ പൂർണമായി പുനർനിർമിക്കുന്നതിനും പുനക്രമീകരിക്കുന്നതിനും പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രൊജക്ടുകൾ തയ്യാറാക്കുകയും അവ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടപ്പിലാക്കുകയും വേണം.
  • - ചറ്റുപാടും സമാനധർമങ്ങൾ നിർവഹിക്കുന്ന പൊതുവിദ്യാലയങ്ങളുള്ള പ്രദേശങ്ങളിൽ എൽ പി സ്‌കൂളുകളെ അടുത്തുള്ള പൊതുവിദ്യാലയങ്ങളുമായി സംയോജിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കണം. സ്‌കൂളുകൾ ഒന്നായതിനു ശേഷം സ്‌കൂളിന്റെ മൊത്തം പ്രവർത്തനങ്ങളിൽ ചിലത് പഴയ സ്‌കൂൾ ക്യാമ്പസിൽ നടത്തുന്ന കാര്യം പരിഗണിക്കാം.
  • - തൊട്ടടുത്ത് ഒരു അൺഎയിഡഡ് വിദ്യാലയം ഉണ്ട് എന്നത് സ്‌കൂൾ പൂട്ടാൻ മതിയായ കാരണമാകരുത്. സ്‌കൂൾ പൂട്ടുക എന്നാൽ സൗജന്യവിദ്യാഭ്യാസം എന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമായിരിക്കും.

23. മേൽപ്പറഞ്ഞ വിധത്തിലുള്ള പൊതുവിദ്യാലയങ്ങളുടെ വികാസം സംസ്ഥാനമാസകലമുള്ള മൊത്തം പദ്ധതിയായി മാറണം. കരിക്കുലം, സിലബസ്, പാഠപുസ്തകങ്ങൾ, പരീക്ഷകൾ തുടങ്ങിയവ നടത്തുന്നതിനെ സംബന്ധിച്ച് ഗവൺമെന്റിന്റെ ഇടപെടൽ പൊതുവിദ്യാഭ്യാസ സങ്കൽപ്പത്തെ ആധാരമാക്കിയാകണം. പൊതുവിദ്യാലയങ്ങൾ സമൂഹവുമായി നേരിട്ടു ബന്ധപ്പെടുന്ന വിദ്യാഭ്യാസം നടത്തുന്ന വിദ്യാലയങ്ങളാണ്. അവിടെ ബോധനഭാഷ മലയാളം തന്നെയായിരിക്കണം. പൊതുവിദ്യാലയങ്ങളിൽ അന്താരാഷ്ട്ര നിലവാരമുള്ള കരിക്കുലം ഉപയോഗിക്കുമെന്നതുകൊണ്ട് ഭാഷാബോധനത്തിലും ശാസ്ത്രസാങ്കേതികബോധനത്തിലും ഉയർന്ന നിലവാരം അനിവാര്യമാണ്. പൊതുവിദ്യാലയങ്ങളിലെ കുട്ടി പഠിക്കുന്ന എല്ലാ ഭാഷകളും ഉന്നത നിലവാരത്തിൽ കൈകാര്യം ചെയ്യാൻ പഠിക്കണം. ശാസ്ത്രവും സാമൂഹ്യശാസ്ത്രവും പഠിക്കുന്നതിനോടൊപ്പം സാങ്കേതികവിദ്യകൾ ഉന്നതനിലവാരത്തിൽ കൈകാര്യം ചെയ്യാൻ പഠിക്കണം.

24. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുക എന്ന പരിപാടിക്കും സാമ്പത്തികനഷ്ടം വരുത്തുന്ന സ്‌കൂളുകൾ എന്ന സങ്കൽപ്പവും, മേൽപ്പറഞ്ഞ പൊതു സങ്കൽപ്പത്തിന്റെ വെളിച്ചത്തിൽ പൂർണമായി പിൻവലിക്കപ്പെടണം. പൊതുജനാരോഗ്യകേന്ദ്രം, അംഗൻവാടികൾ മുതലായവയെപ്പോലെ പൊതു വിദ്യാലയങ്ങൾ നിലനിർത്തേണ്ടത് ജനങ്ങളുടെ സാമൂഹ്യമായ ഉത്തരവാദിത്തമാണ്. വിദ്യാഭ്യാസ വിദഗ്ധർ കൊണ്ടുവരുന്ന ഒരു സിദ്ധാന്തത്തിനനുസരിച്ചും, ധനകാര്യമന്ത്രിമാരുടെ ലാഭനഷ്ടക്കണക്കുകളനുസരിച്ചും കശാപ്പുചെയ്യപ്പെടേണ്ടവയല്ല പൊതു വിദ്യാലയങ്ങൾ. അവ സമൂഹത്തിന്റെ വിഭവകേന്ദ്രങ്ങളാണ്. അത്തരത്തിൽ തന്നെ അവയെ നിലനിർത്താനും ഉയർന്ന നിലവാരം കൈവരിക്കാനുമുള്ള മുഖ്യ ഉത്തരവാദിത്തം സർക്കാരിന്റേതാണ്. സർക്കാർ പ്രവർത്തിക്കേണ്ടത് അധ്യാപകർക്കു ശമ്പളം നൽകുകയും പരീക്ഷകൾ നടത്തുകയും സാമ്പത്തികനഷ്ടം വന്നാൽ പൂട്ടുകയും ചെയ്യുന്ന ഏജൻസിയായല്ല, വിദ്യാഭ്യാസം എന്ന സാമൂഹ്യ പ്രക്രിയയുടെ മുഖ്യ സംഘാടകരായാണ്. നമ്മുടെ ഭദ്രാസനങ്ങൾക്കും ഉലമാക്കൾക്കും വൈദികാചാര്യന്മാർക്കും ഒരു സമൂഹത്തെ സമഗ്രമായി കണ്ട്, സമൂഹത്തിലെ അധഃസ്ഥിതരുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തിരിച്ചറിഞ്ഞ് അവർക്കുവേണ്ട വിദ്യാഭ്യാസം നൽകാനുള്ള കഴിവോ മനസ്സോ ഇല്ലാത്തതുകൊണ്ടാണ് സർക്കാരിന് ഈ സാമൂഹ്യകർത്തവ്യം ഏറ്റെടുക്കേണ്ടിവരുന്നത്. പൊതുവിദ്യാലയങ്ങളുടെ സമഗ്രമായ പുനർനിർമാണത്തിന്റെ മുഖ്യ സംഘാടനം ഏറ്റെടുക്കുന്നതുവഴി നമ്മുടെ സെക്കുലർ ജനാധിപത്യസംസ്‌കാരത്തെ മാത്രമല്ല, ജനങ്ങളുടെ ജീവിതാഭിലാഷങ്ങളെക്കൂടി മൊത്തത്തിൽ സാക്ഷാൽക്കരിക്കാൻ കഴിയണം. അല്ലെങ്കിൽ ഇതുവരെ ചെയ്തിരുന്നതുപോലെ, ഇപ്പോൾ ചെയ്യുന്നതുപോലെ ജാതിമത കോയ്മകളും കമ്പോളശക്തികളും ചേർന്നു നടത്തുന്ന അറവുശാലകൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ഒരു ദല്ലാൾ സംഘമായി മാറും. ആ അവസ്ഥയിൽ നിന്ന് രക്ഷപ്പെട്ട് മുന്നേറാൻ പുരോഗമന ജനാധിപത്യശക്തികൾ തയ്യാറായാലാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാവി രൂപപ്പെടുക.

-കെ.ടി.രാധാകൃഷ്ണൻ തയ്യാറാക്കിയത് 2014 ലെ കുറിപ്പ്