കേരളത്തിലെ ഭൂവിനിയോഗവും വികസനവും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരളത്തിലെ ഭൂവിനിയോഗവും വികസനവും കേരളത്തിന്റെ വികസനത്തെപ്പറ്റി പുതിയ നിലപാടുകൾ അവതരിപ്പിക്കാനും അവ നടപ്പാക്കാനുള്ള ജനകീയ സമ്മർദ്ദങ്ങൾ സംഘടിപ്പിക്കാനും കേരളശാസ്‌ത്രസാഹിത്യപരിഷത്ത്‌ എക്കാലത്തും ശ്രമിച്ചിരുന്നു. വിതരണനീതിയിലൂന്നിയ സമ്പത്തുൽപ്പാദനവും പരിസ്ഥിതി സന്തുലനത്തിലും ഭക്ഷ്യ, തൊഴിൽ സുരക്ഷയിലും അധിഷ്‌ഠിതമായ ഭൂവിനിയോഗവും പരിഷത്തിന്റെ വികസനസമീപനത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ഈ നിലപാടുകളുടെ പ്രസക്തിയും പ്രാധാന്യവും അനുദിനമെന്നോണം കൂടിവരികയാണെന്നതാണ്‌ കേരളത്തിലെ അനുഭവം. നമ്മുടെ ജീവിതത്തിലും ചുറ്റുപാടുകളിലും ഉണ്ടാവുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും അതാണ്‌ വ്യക്തമാക്കുന്നത്‌. ഈ സാഹചര്യത്തിൽ ഭൂവിനിയോഗവും ഭൂമിയിലെ ഉടമസ്ഥതയും അടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ നിലപാടും പ്രവർത്തനപരിപാടികളും അനിവാര്യമാണ്‌. അതിന്ന്‌ ഭരണകൂടം തയ്യാറാകണമെന്ന്‌ അഭ്യർത്ഥിക്കുന്നതും അവ ഉൾക്കൊള്ളുന്നതിന്‌ സഹായകമായ മനോഭാവം ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നതുമായ വിപുലമായൊരു പൗര വിദ്യാഭ്യാസ പരിപാടിക്ക്‌ പരിഷത്ത്‌ രൂപം നൽകിയിരിക്കയാണ്‌. ``ഭൂമി പൊതു സ്വത്താക്കുക എന്ന മുദ്രാവാക്യത്തെ മുൻനിർത്തിയാണ്‌ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്‌. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെടുത്തി പരിഷത്ത്‌ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ്‌ ഈ ക്യാമ്പയിൻ. അതിന്റെ ഉള്ളടക്കം വിശദീകരിക്കുന്നതാണ്‌ ഈ ലഘുലേഖ. കേരളത്തിൽ ഭൂമിക്കു നേരെയുള്ള കൈയേറ്റങ്ങൾ കൂടിവരികയാണ്‌. വനനശീകരണം, പാടം നികത്തൽ, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം, അവയുടെ കച്ചവടം എന്നിവയൊക്കെ അനിയന്ത്രിതമാവുകയാണ്‌. ലാഭക്കൊതിയോടെയുള്ള ഇത്തരം കടന്നാക്രമണങ്ങൾ ഭൂമിയുടെ സ്വതസിദ്ധമായ സന്തുലനാവസ്ഥ നശിപ്പിക്കുന്നു. ഇതിന്റെ ഫലമായി നീർത്തടങ്ങൾ, തണ്ണീർത്തടങ്ങൾ, വയൽ, പറമ്പ്‌, തീരപ്രദേശങ്ങൾ എന്നിങ്ങനെ വ്യത്യസ്ഥ ധർമങ്ങൾ നിറവേറ്റുന്ന ഇക്കോ വ്യൂഹങ്ങൾ തകരുകയാണ്‌. ഇക്കോവ്യൂഹങ്ങളുടെ തകർച്ച മൂലം എല്ലാ പ്രവചനങ്ങൾക്കുമതീതമായി കാലാവസ്ഥ താളം തെറ്റുകയാണ്‌. ഇത്‌ ഭക്ഷ്യസുരക്ഷയ്‌ക്കും തൊഴിൽ സുരക്ഷയ്‌ക്കും നേരെ പുതിയ വെല്ലുവിളികൾ ഉയർത്തുകയാണ്‌. കമ്പോളാധിഷ്‌ഠിതമായ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളതും പഴുതുകളില്ലാത്തതുമായ നിയമ നടപടികൾ ഉണ്ടാകുന്നില്ല. നിലവിലുള്ള നിയമങ്ങളാകട്ടെ കൃത്യമായി പാലിക്കപ്പെടുന്നുമില്ല. കേരളത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തുകൊണ്ടുള്ള ഒരു ഭൂനയം അതിന്റെ സമഗ്രതയിൽ തയ്യാറാക്കാനോ നടപ്പാക്കാനോ കഴിയുന്നില്ല. 1990-കളിൽ രാജ്യത്താകെ നവലിബറൽ നയങ്ങൾ ശക്തിപ്പെട്ടതോടെ സ്വതന്ത്രകമ്പോളത്തിന്റെ സ്വാധീനം കൂടിവന്നു. ഇതിന്റെ ഫലമായി ജീവിതസൗകര്യങ്ങൾ മിക്കതും പണക്കാർക്കായി പരിമിതപ്പെട്ടു. പണം ഉണ്ടാക്കുക എന്നത്‌ പ്രധാന ലക്ഷ്യമായി. ഇത്‌ ആവാസവ്യവസ്ഥയിലും ജീവിതശൈലിയിലും പലതരം മാറ്റങ്ങൾക്കിടയാക്കി. ഭൂവുടമകൾ, കരാറുകാർ, പുത്തൻ പണക്കാർ എന്നിവർ ചേർന്ന അവിശുദ്ധ കൂട്ടുകെട്ട്‌ ശക്തിപ്പെട്ടു. ഇവർക്ക്‌ പ്രാദേശികരാഷ്‌ട്രീയക്കാരിലുള്ള സ്വാധീനം കൂടി. അങ്ങിനെ പ്രകൃതിവിഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ഭൂമാഫിയ കേരളത്തിൽ ശക്തിപ്പെട്ടിരിക്കയാണ്‌. ഇതോടെ ഭൂമിയുടെ അനിയന്ത്രിത ക്രയവിക്രയവും അശാസ്‌ത്രീയവും അനാസൂത്രീതവുമായ വിനിയോഗരീതിയും വിപുലപ്പെട്ടു. ഭൂമി കേവലം വിൽപ്പനച്ചരക്ക്‌ മാത്രമായി മാറുന്ന സ്ഥിതിയുണ്ടായി. ഈ പശ്ചാത്തലം സാമ്പത്തികവും രാഷ്‌ട്രീയവുമായ വിവിധതരം സംഘർഷങ്ങൾക്കിടയാക്കിയിരുന്നു. ഭൂകേന്ദ്രീകൃതമായ ധാരാളം പ്രക്ഷോഭങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലായി ശക്തിപ്പെട്ടു. പ്ലാച്ചിമട, ചെങ്ങറ, വയനാട്ടിലെ ആദിവാസി ഭൂസമരം, ദേശീയപാത വികസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിരോധങ്ങൾ എന്നിങ്ങനെ വിവിധ തരം ജനകീയ ഇടപെടലുകൾക്ക്‌ കേരളം സാക്ഷിയായിക്കൊണ്ടിരിക്കയാണ്‌. വിശാലാടിസ്ഥാനത്തിൽ ചില പരിമിതികൾ ഇത്തരം സമരങ്ങൾക്ക്‌ ചൂണ്ടിക്കാണിക്കാമെങ്കിലും ഭൂകേന്ദ്രീകൃത സമരങ്ങൾ എന്ന നിലയിൽ ഇവയ്‌ക്കെല്ലാം പ്രസക്‌തിയും പ്രാധാന്യവുമുണ്ട്‌. ഭൂബന്ധിതമായ പ്രശ്‌നങ്ങളാൽ കേരളം സംഘർഷാത്മകമാകുന്ന സ്ഥിതിയെ അഭിമുഖീകരിക്കേണ്ടതുണ്ട്‌. ഇതിനുള്ള ആലോചനകൾ നടത്തുകയും പരിഹാര മാർഗങ്ങൾ രൂപപ്പെടുത്തുകയും ചെയ്യേണ്ടത്‌ ഇന്നത്തെ കേരളീയ സാഹചര്യത്തിൽ അനിവാര്യമാണ്‌. ഭൂപരിഷ്‌കരണത്തിന്റെ നീക്കിബാക്കി: ജനകീയസമരങ്ങളിലൂടെ ഭൂബന്ധങ്ങളിൽ വിപ്ലവകരമായ മാറ്റം വരുത്തിയ സംസ്ഥാനമാണ്‌ കേരളം. ഇവിടുത്തെ ഭൂപരിഷ്‌കരണം ജനജീവിതത്തിന്റെ എല്ലാരംഗങ്ങളിലും ഒട്ടേറെ അനുകൂല മാറ്റങ്ങൾ വരുത്തി. ഭക്ഷണലഭ്യത, ദരിദ്രജനങ്ങളുടെ വിലപേശൽ കഴിവ്‌, രാഷ്‌ട്രീയഅവബോധം എന്നിവയൊക്കെ ശക്തിപ്പെടുത്താനും ജന്മിത്വം അവസാനിപ്പിക്കാനും കഴിഞ്ഞു. കേരളീയരുടെ മൊത്തം ജീവിത ഗുണനിലവാരം ഉയർത്താൻ ഭൂപരിഷ്‌കരണം സഹായകമായി. 1957-ൽ തന്നെ നിയമസഭയിൽ അവതരിപ്പിച്ചെങ്കിലും 1970-ഓടെ മാത്രമാണ്‌ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കാനായത്‌. ഇതിന്നിടയിൽ ഭൂപരിഷ്‌കരണ ബില്ലിൽ ഭൂ ഉടമസ്ഥർക്കും തോട്ടക്കാർക്കും എല്ലാം അനുകൂലമായി ധാരാളം മാറ്റങ്ങൾ വരുത്തി. തോട്ടങ്ങൾ ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവായി എന്നാൽ, ആദിവാസികളുടെ ഭൂമി പോലും പൂർണമായി സംരക്ഷിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ ഭൂപരിഷ്‌കരണം അതിന്റെ സാമൂഹ്യ-രാഷ്‌ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കുറെയൊക്കെ വിജയിച്ചു. എങ്കിലും കാർഷികോൽപ്പാദന വർധന, ഉൽപ്പാദന സംരംഭങ്ങളുടെ തുടർ വളർച്ചയിലോ അധ്വാന ശക്തികളെയും ചെറുകിട ഉൽപ്പാദന സംരംഭങ്ങളേയും വളർത്തുന്നതിലോ വിജയിച്ചില്ല. കേരളത്തിൽ 1980കൾക്ക്‌ ശേഷം ഉൽപ്പാദനക്ഷമതയും ഉൽപ്പാദനവും വർധിച്ചിട്ടുണ്ട്‌. അതേസമയം തന്നെ ഉൽപ്പാദന ഉപാധി എന്ന നിലയിൽ ഭൂമിയുടെ ഉപയോഗം വർധിക്കുകയല്ല; കുറയുകയാണ്‌ ചെയ്‌തത്‌. ഇപ്പോഴത്തെ വരുമാന വർധന ഭൂബന്ധിതമല്ല; ഉൽപ്പാദനാധിഷ്‌ഠിതവുമല്ല. അത്‌ പ്രധാനമായും ഊഹക്കച്ചവടത്തിൽ അധിഷ്‌ഠിതമാണ്‌. അതുകൊണ്ടുതന്നെ ഭൂപരിഷ്‌കരണം വിപുലമായൊരു കാർഷിക പരിഷ്‌കരണമായി മാറിയില്ല. എന്നാൽ ഭൂപരിഷ്‌കരണം കേരളത്തിലെ ഭൂഘടനയിൽ വലിയ മാറ്റങ്ങൾക്കിടയാക്കി. കാർഷിക ഭൂമി, (വയലും, പറമ്പും) വലിയ തോതിൽ തന്നെ വിഭജിക്കപ്പെട്ടു. കുടികിടപ്പവകാശം ലഭിച്ചുവെങ്കിലും കൈവശഭൂമിയെ ഏറ്റവും ഉൽപ്പാദന ക്ഷമമായ രീതിയിൽ ഉപയോഗിക്കാനുള്ള കാർഷിക മുറകൾ ഉയർന്നുവന്നില്ല. കൂട്ടുകൃഷി, സഹകരണ കൃഷി ഗ്രൂപ്പ്‌ഫാമിങ്ങ്‌ എന്നിങ്ങനെയുള്ള പുതിയ നിർവഹണ രീതിയും ഉണ്ടായില്ല. ഇതോടെ; ഭൂമിയിൽ ലഭ്യമായ അവകാശം എന്തും കൃഷിചെയ്യാനും ഭൂമിയെ ഏതു രീതിയിലും ഉപയോഗിക്കാനും ഉള്ള അവകാശമായി മാറി. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന്‌ കാര്യമായ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയതുമില്ല. സങ്കരവിള രീതികൾ മാറി. ഏകവിള രീതി ശക്തിപ്പെട്ടു. പൊതു ഇടങ്ങൾ ഇല്ലാതായി. വയലുകളുടെ വിഭജനവും തരിശിടലും തകർച്ചയും പരമ്പരാഗത ജലസേചന സംവിധാനങ്ങളെ ഉപയോഗശൂന്യമാക്കി. കുളങ്ങൾ പരിചരിക്കപ്പെട്ടില്ല. പലയിടങ്ങളിലും കുളങ്ങൾ നികത്തി. റിസർവോയറുകൾ വരെ പരിപാലിക്കാൻ സംവിധാനമുണ്ടായില്ല. ഇത്‌ പാടശേഖരങ്ങൾ, ഏലകൾ എന്നിവയുടെ നാശത്തിനിടയാക്കി. ജലവിതരണത്തിലെ ഇത്തരം അപാകതകൾ ഭൂമിയുടെ തരിശിടൽ സാധ്യത വർധിപ്പിച്ചു. മറ്റൊരു പ്രധാന പരിമിതി പുതിയ സങ്കേതങ്ങളിലൂന്നിയ ഹരിതവിപ്ലവ തന്ത്രം അങ്ങിങ്ങായി നടന്ന ചില പരീക്ഷണങ്ങളെന്നതിലുപരിയായി കേരളത്തിൽ വ്യാപകമായില്ല. ഇത്‌ കേരളത്തിലെ കൃഷിയുടെ ആധുനികവൽക്കരണത്തിന്‌ സഹായകമായ അവസരങ്ങൾ ഇല്ലാതാക്കി. തൽപ്പര കക്ഷികൾ വിവിധ പഴുതുകളിലൂടെ തട്ടിയെടുത്ത അവകാശങ്ങളും അതിക്രമങ്ങളിലൂടെ നടത്തിയ ഭൂമി കൈയേറ്റങ്ങളും ശക്തിപ്പെടുന്ന സ്ഥിതിയാണ്‌ പിന്നീടുണ്ടായത്‌. ഇതുവഴി കമ്പോളശക്തികളിലേക്ക്‌ ഭൂവുടമസ്ഥത കൈമാറി വന്നതോടെ ഉല്‌പാദനഉപാധി എന്ന ഭൂമിയുടെ ധർമം നാണ്യവിളകളിലേക്ക്‌ പരിമിതപ്പെട്ടു. ജലസേചനം പോലുള്ള പിന്തുണാ സംവിധാനങ്ങൾ ഭക്ഷ്യവിളകൾക്ക്‌ അനുകൂലമായില്ല. ശാസ്‌ത്രസാങ്കേതികഗവേഷണം, പ്രോൽസാഹനം എന്നിവ തോട്ടവിളകളിലേക്കായി ഒതുങ്ങി. അതിൽ തന്നെ കൂടുതൽ ലാഭം കിട്ടുന്ന വിളകൾക്കായി പ്രാധാന്യം. തെങ്ങ്‌ പോലും അവഗണിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ്‌ പ്രവാസിപ്പണത്തിന്റെ ഒഴുക്ക്‌ ശക്തിപ്പെടുന്നത്‌. ഒപ്പം ധനമൂലധനത്തിന്റെ ആധിപത്യവും കൂടി വന്നതോടെ ഭൂമി കേവലമായ വിൽപ്പന ചരക്കായി മാറി. സ്വകാര്യ ലാഭത്തിനായി ഭൂമി എന്തും ചെയ്യാമെന്നായി. തന്നിഷ്‌ടപ്രകാരം ഭൂമി ഉപയോഗിക്കാനുള്ള അവകാശം ഒരു പരിഷ്‌കൃത സമൂഹത്തിനും യോജിച്ചതല്ല. സോഷ്യലിസ്റ്റു രാജ്യങ്ങളിൽ ഭൂവുടമസ്ഥത സ്റ്റേറ്റിൽ നിക്ഷിപ്‌തമായിരുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളിലും ഭൂമിയിൽ ആർക്കും എന്തും ചെയ്യാനുള്ള അധികാരമില്ല. അവിടെ ഭൂഇടപെടൽ സാമൂഹ്യമായി നിയന്ത്രിച്ചിരിക്കയാണ്‌. മിക്ക പരിഷ്‌കൃത രാജ്യങ്ങളിലും മേഖലാവത്‌കരണം (zoning) കർശനമാണ്‌. ജനവാസ പ്രദേശങ്ങളിൽ (residential zones) കച്ചവട സ്ഥാപനങ്ങളോ വ്യവസായങ്ങളോ സ്ഥാപിക്കാൻ അനുവാദം കിട്ടില്ല. മറിച്ചും പറ്റില്ല. വീടുകൾ പണിയുമ്പോൾ പോലും ആ സ്ഥലത്തെ പൈതൃക കെട്ടിട നിർമാണ രീതിക്ക്‌ യോജിക്കാത്ത കെട്ടിടങ്ങൾ പണിയാൻ സമ്മതിക്കില്ല. ഉദാഹരണമായി പരമ്പരാഗത രീതിയിൽ ഓടിട്ട കൂരകൾ നിരനിരയായി നിലനിൽക്കുന്ന തെരുവിൽ ഒരു കോൺക്രീറ്റ്‌ കെട്ടിടം അതെത്ര മനോഹരമായിരുന്നാൽ പോലും അരോചകമായിരിക്കും. എന്തിന്‌, സ്വന്തം വീട്‌ വേണ്ടതുപോലെ അറ്റകുറ്റപ്പണികൾ നടത്താതെ അലങ്കോലമായിട്ടിട്ടാൽ പോലും നഗരസഭ നിങ്ങൾക്ക്‌ നോട്ടീസയയ്‌ക്കും. അതായത്‌, സ്വകാര്യ സ്വത്ത്‌ എന്നത്‌ നിരങ്കുശമായ ഒരു അവകാശമല്ലെന്നർത്ഥം. ഇത്‌ മുതലാളിത്ത രാജ്യങ്ങളിലെ അവസ്ഥ. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലെ കാര്യം കൂടുതൽ കർശനമാണെന്ന്‌ പറയേണ്ടതില്ലല്ലോ. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും സ്വകാര്യഭൂമി ഉടമസ്ഥത എന്നത്‌ ഒരു വിശുദ്ധ പശുവിനെപ്പോലെ ഭരണകൂടം കൈവെക്കാൻ ഭയപ്പെടുന്ന ഒരു സംഗതിയാണ്‌. ഇന്ത്യയിൽ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭൂപരിഷ്‌കരണം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സ്വകാര്യ ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ട്‌ കേരളത്തിൽ അനിവാര്യമായിരിക്കുന്നതുപോലുള്ള സൂക്ഷ്‌മമായ ആലോചനകളോ നിയമനടപടികളോ അഖിലേന്ത്യാടിസ്ഥാനത്തിൽ ഉടൻ ഉണ്ടാവാനുള്ള സാധ്യത കുറവാണ്‌. അതിനാൽ വികസനത്തിന്റെ മറ്റ്‌ രംഗങ്ങളിലേത്‌ പോലെ കേരളത്തിൽ ഭൂപരിഷ്‌കരണരംഗത്തും കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുന്നതിന്നാവണം മുൻഗണന. തുടർ നടപടികളാകട്ടെ സമൂഹത്തിന്‌ മൊത്തത്തിലും ദരിദ്രർക്ക്‌ പ്രത്യേകിച്ചും പ്രയോജനപ്പെടുന്ന രീതിയിലാവണം. അതിന്‌ സഹായകമായ നിയമ നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണം. എതിർപ്പുകളെ ജനകീയമായി പ്രതിരോധിക്കാനും കഴിയണം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഭൂനയവും പരിസ്ഥിതിനയവും ഇതിന്ന്‌ അപര്യാപ്‌തമല്ല. അതിനാൽ ഭൂവിനിയോഗത്തിലും ഭൂഉടമസ്ഥതയിലും മാറ്റം വരുത്തിക്കൊണ്ടുള്ള നിയമനടപടികൾ അനിവാര്യമാണ്‌. എന്നാൽ കേരളത്തിൽ സംഭവിക്കുന്നതോ? കേരളത്തിൽ വികസനത്തിന്റെ പേരിൽ നടപ്പാക്കി വരുന്ന ഭൂബന്ധിത നടപടികൾ മിക്കതും ജനങ്ങൾക്ക്‌ പൊതുവിലും ദരിദ്രർക്ക്‌ പ്രത്യേകിച്ചും ഗുണകരമല്ല. ഇതിനിടയിൽ നടപ്പാക്കിയ പല പ്രവർത്തനങ്ങൾക്കും മുതലാളിത്ത വികസനത്തിന്റെ പരിമിതികളെ മറികടക്കാൻ പോലും കഴിയുന്നില്ല. എ ഡി ബി വായ്‌പ, PPP, എക്‌സ്‌പ്രസ്സ്‌ പാത, ബി ഒ ടി റോഡ്‌ നിർമാണം, SEZ, EPZ, പാടം നികത്തി റിയൽ എസ്റ്റേറ്റ്‌ ഉണ്ടാക്കൽ, എന്നിവയിലെ മൂലധനവ്യവസ്ഥയുടെ താൽപ്പര്യങ്ങളാണ്‌ സംരക്ഷിക്കുന്നത്‌. പ്രത്യേക ധർമങ്ങൾ നിർവഹിച്ചുകൊണ്ടിരുന്ന കേരളത്തിലെ സമുദ്രതീരങ്ങൾ, റോഡുകൾ, പുഴകൾ, കായലുകൾ, വയലുകൾ, കുന്നിൻ ചെരിവുകൾ, മലകൾ, തണ്ണീർത്തടങ്ങൾ എന്നിവയെല്ലാം ഇന്ന്‌ കമ്പോള ശക്തികളുടെ കടന്നാക്രമണങ്ങൾക്ക്‌ ഇരയായിക്കൊണ്ടിരിക്കയാണ്‌. ഭൂമി കൃത്യമായൊരു വിൽപ്പനച്ചരക്കായതോടെയും സാമൂഹ്യ നിയന്ത്രണ ഉപാധികൾ ദുർബലപ്പെട്ടതോടെയും ഇന്നത്തെ കടന്നാക്രമണ രീതി വിപുലപ്പെടുക മാത്രമല്ല വലിയ തോതിൽ ശക്തി കൈവരിച്ചിക്കുകയുമാണ്‌. മണ്ണ്‌, വെള്ളം, കല്ല്‌, പാറ, മണൽ, വനം എന്നീ പ്രകൃതി വിഭവങ്ങളിലെ കൈയേറ്റങ്ങൾ വിവിധതരം മാഫിയകൾ പങ്കുവെച്ചെടുത്തിരിക്കയാണ്‌. ഇവർക്കാകട്ടെ, പ്രാദേശിക രാഷ്‌ട്രീയ പാർട്ടികളുമായി നല്ല ബന്ധമുണ്ടെന്നത്‌ ജനകീയ പ്രതിരോധങ്ങളെ ദുർബലപ്പെടുത്തുന്നു. അനിയന്ത്രിതമായ നഗരവൽക്കരണത്തിന്റെയും വാണിജ്യത്തിന്റെ വ്യാപനത്തിന്റെയും പേരിൽ നമ്മുടെ ജൈവ പരിസ്ഥിതിയും ജൈവവൈവിധ്യവും തകരുകയാണ്‌. വർധിച്ച ജനസാന്ദ്രത, അണുകുടുംബ വ്യാപനം, സവിശേഷമായ ആവാസ വ്യവസ്ഥ എന്നിവ ഭൂമിയുടെ തുണ്ടവൽക്കരണത്തിന്‌ ആക്കം കൂട്ടുന്നു. ദാരിദ്ര്യം ഇത്തരം തുണ്ടുഭൂമികളുടെ വിൽപ്പന വർധിപ്പിക്കുന്നു. തുണ്ടുഭൂമി അവസാനം ധനികരിലേക്ക്‌ എത്തിപ്പെടുന്നു. അവർ ലാഭത്തിനു വേണ്ടി മറിച്ചു വിൽക്കുന്നു. ഈ പ്രക്രിയ കേരളത്തിൽ ഒരു ദൂഷിത വലയമായി മാറിയിരിക്കയാണ്‌. വയലുകൾ നികത്തിയുള്ള ഫ്‌ളാറ്റു നിർമാണം, മലമുകളിലെയും കടൽത്തീരത്തെയും റിസോർട്ട്‌ നിർമാണം എന്നിവ എല്ലാ പരിസ്ഥിതി-നിയമങ്ങളെയും നിയന്ത്രണങ്ങളെയും അതിലംഘിക്കയാണ്‌. CRZ നിയമം വൻതോതിൽ ലംഘിക്കപ്പെടുന്നു. ടൂറിസത്തിന്റെ പേരിൽ നടക്കുന്ന എല്ലാതരം കടന്നാക്രമണങ്ങളും വിദേശ പണം ലഭിക്കുന്നതിന്റെ പേരിൽ ന്യായീകരിക്കയാണ്‌. കേന്ദ്ര സർക്കാറും ആസൂത്രണ കമ്മീഷനും ഈയിടെയായി പശ്ചാത്തല സൗകര്യങ്ങളുടെ പേരിൽ ഭൂമി കൈയേറ്റം നടത്തിക്കൊണ്ടിരിക്കുകയോ കൈയേറാൻ സംസ്ഥാന സർക്കാറുകളെ പ്രേരിപ്പിക്കുകയോ ആണ്‌. ദേശീയ പാതകളുടെ ബി ഒ ടി വ്യവസ്ഥകളും ഇത്തരത്തിലുള്ളവയാണ്‌. കേന്ദ്രത്തിന്റെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നേരത്തെ കേന്ദ്ര പി ഡബ്ല്യു ഡി (PWD) മുഖേനയാണ്‌ നടന്നിരുന്നതെങ്കിലും ഇപ്പോൾ വൻകിടക്കാരായ സ്വകാര്യ കമ്പനികൾ BOT, PPPഎന്നീ സംവിധാനങ്ങൾ വഴിയാണ്‌ നടപ്പാക്കുന്നത്‌. പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിന്റെ പേരിൽ ഭൂമി പിടിച്ചെടുക്കുന്ന അവസ്ഥയാണ്‌. ഇതൊക്കെ വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ്‌ കേരളത്തിൽ സൃഷ്‌ടിക്കുന്നത്‌. സാധാരണക്കാരായ ജനങ്ങളും ദരിദ്രരും അവരുടെ തുണ്ട്‌ ഭൂമിയിൽ നിന്ന്‌ പുറംതള്ളപ്പെടുകയാണ്‌. ഏതാനും പുത്തൻ കൂറ്റ്‌ പണക്കാരും അവരുടെ സഹചാരികളുമാണ്‌ എല്ലാ ആസ്‌തികളുടെയും ഉടമസ്ഥരായിത്തീരുന്നത്‌. കേരളത്തിൽ ആസ്‌തികളുടെ നിയന്ത്രണം ചുരുക്കം പേരിലേക്ക്‌ പരിമിതപ്പെടുകയാണെന്നും ഇതിന്റെ ഫലമായി ധനിക-ദരിദ്ര അന്തരം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ്‌ പഠനങ്ങൾ കാണിക്കുന്നത്‌. ഇതിലെല്ലാം വ്യക്തമാകുന്നത്‌ കമ്പോളത്തിന്റെ ശക്തമായ കടന്നുവരൽ തന്ത്രങ്ങളാണ്‌. നയലിബറൽ നയങ്ങൾ ശക്തിപ്പെട്ടതോടെ എന്തും വിറ്റ്‌ കാശാക്കാനുള്ള ത്വര കൂടി വരികയുമാണ്‌. ഈയൊരു പശ്ചാത്തലത്തിന്റെ സ്വാധിനത്തിലാണ്‌ വികലമായ ഭൂവിനിയോഗ രീതികൾ ശക്തിപ്പെടുന്നതെന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഭരണകൂടം ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകുമ്പോൾ അതിന്റെ ജനവിരുദ്ധനയങ്ങൾ തുറന്നു കാണിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടത്‌ രാഷ്‌ട്രീയ പാർട്ടികളാണ്‌. എന്നാൽ ജനമനസ്സുകളെ സ്വാധീനിക്കുന്ന തലങ്ങളിലേക്ക്‌ രാഷ്‌ട്രീയ സമരങ്ങൾ ഉയരുന്നില്ല. അവ പലപ്പോഴും ആചാര സമരങ്ങളായി തരംതാഴുന്നതിനാൽ സ്ഥായിയായ മാറ്റൾക്ക്‌ പ്രചോദനമാകുന്നില്ല. ഇടതുപക്ഷപാർട്ടികൾക്ക്‌ പോലും ഭരണത്തിന്റെ ഭാഗമായുള്ള അനുരഞ്‌ജനങ്ങൾ മൂലം മൂലധന ശക്തികളുടെ ഇടപെടൽ തുറന്നു കാണിക്കാൻ കഴിയാതാകുന്നു. ഇടതുപക്ഷത്തിന്റേത്‌ പലപ്പോഴും കേവലമായ രാഷ്‌ട്രീയപ്രതിരോധം മാത്രമായി മാറുന്നു. ഈ സാഹചര്യം നവലിബറൽ നയങ്ങളുടെ കമ്പോള ഇടപെടലിന്ന്‌ ശക്തി പകരുന്നു. ഇതിന്‌ മറ്റൊരു വശം കൂടിയുണ്ട്‌. പലപ്പോഴും ആഗോള വ്യവസ്ഥയുടെയും കേന്ദ്ര നയങ്ങളുടെയും സമ്മർദ്ദം മൂലമാണ്‌ കേരളം പോലുള്ള സംസ്ഥാനത്ത്‌ സർക്കാറുകൾ ചില ജനവിരുദ്ധ പരിപാടികൾ നടപ്പാക്കാൻ നിർബന്ധിതരാകുന്നത്‌. ഉദാഹരണം ബി ഒ ടി മാതൃകയിലുള്ള ദേശീയ പാതാ വികസനം തന്നെ. ബി ഒ ടി ക്ക്‌ വഴങ്ങിയില്ലെങ്കിൽ കേരളത്തിൽ ദേശീയ പാതകൾ വീതികൂട്ടാൻ പണം തരില്ലെന്നാണ്‌ കേന്ദ്രം പറയുന്നത്‌. കേരളത്തിലെ ദേശീയ പാതകൾ മാത്രം അവികസിതമായി കിടന്നാൽ പഴി കേൾക്കേണ്ടി വരുന്നത്‌ സംസ്ഥാന സർക്കാരാണല്ലോ. ബി ഒ ടി വഴി പ്രാദേശിക യാത്രക്കാർക്ക്‌ യാത്ര നിഷേധിക്കപ്പെടുമ്പോൾ അവരുടെ രോഷം ഏറ്റുവാങ്ങേണ്ടിവരുന്നതും സംസ്ഥാന സർക്കാർ തന്നെ. ഇത്തരം പ്രശ്‌നങ്ങളെ രാഷ്‌ട്രീയവൽക്കരിച്ച്‌ കേന്ദ്രസർക്കാറിന്റെ നവലിബറൽ പരിഷ്‌കാരങ്ങളുടെ ജനവിരുദ്ധ സ്വഭാവം പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ കഴിയുന്നില്ല. ഇത്‌ ജനങ്ങൾക്കിടയിൽ വലിയതോതിൽ ആശയക്കുഴപ്പങ്ങൾക്കിടയാക്കുന്നു. മാറ്റങ്ങൾക്കുള്ള നിർദേശങ്ങൾ കേരളം ഇക്കാലത്ത്‌ നേരിടുന്ന ഭൂരിഭാഗം പ്രശ്‌നങ്ങളും ഭൂബന്ധിതമാണ്‌. ഭൂമിയിലും അതിന്റെ വിഭവങ്ങളിലും സാധാരണ ജനങ്ങൾക്ക്‌ നിയന്ത്രണമില്ലാതാകുന്നു എന്നതാണ്‌ പ്രധാന പ്രശ്‌നം. കമ്പോളം കൈയേറി തുടങ്ങിയതോടെ പരമ്പരാഗത ഭൂവിനിയോഗ രീതി തകർന്നു, ആധുനികവും ശാസ്‌ത്രീയവുമായ ബദൽ രീതിയാകട്ടെ, വളർന്നുവന്നതുമില്ല. അതുകൊണ്ടുതന്നെ ജനങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും സ്വതന്ത്രമായി ജീവിക്കാനും ഭക്ഷിക്കാനും പ്രവർത്തിക്കാനും ഇടപെടാനുമുള്ള അവസരങ്ങൾ ഉറപ്പാക്കുന്ന രീതിയിൽ ശാസ്‌ത്രീയമായ ഭൂവിനിയോഗ രീതി ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതിന്‌ സഹായകമാം വിധം പാർപ്പിടം, കൃഷി, വ്യവസായം, ഖനനം, ടൂറിസം, ഗതാഗതം, മറ്റ്‌ പശ്ചാത്തല സൗകര്യം എന്നിവയൊക്കെ വികസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും സ്ഥലീയ ആസൂത്രണ രീതികളും വളർന്നുവരണം. കേരളം പോലെ പാരിസ്ഥിതിക പ്രശ്‌നങ്ങളും കനത്ത ജനസാന്ദ്രതയുള്ള ഒരു പ്രദേശത്ത്‌ സന്തുലിതമായ ഭൂവിനിയോഗം അത്യാവശ്യമാണ്‌. ഇതിന്‌ ആവാസ വ്യവസ്ഥകൾ, ജൈവ മേഖലകൾ, ഉൽപ്പാദന മേഖലകൾ, സാംസ്‌കാരിക മേഖലകൾ, വിനിമയ- ഗതാഗത മേഖലകൾ എന്നിവ കൃത്യമായി നിർണയിക്കുന്ന സ്ഥലീയ ആസൂത്രണം ആവശ്യമാണ്‌. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ സ്ഥലീയ ആസൂത്രണം ജലവിഭവാസൂത്രണവുമായും ബന്ധപ്പെടും. അതുകൊണ്ട്‌ സമഗ്രമായ നീർത്തട വ്യവസ്ഥകളുടെ ആസൂത്രണത്തിന്റെ ഭാഗമായി വേണം ഭൂവിനിയോഗ ആസൂത്രണം നടത്തുന്നത്‌. വ്യവസായ മേഖലകൾക്കും വിവിധ സ്ഥാപനങ്ങൾക്കുമുള്ള ഭൂമിയും ഇതിന്റെ ഭാഗമാകണം. ഉൽപ്പാദന വ്യവസ്ഥകളും ജൈവ പ്രകൃതിയും മനുഷ്യ ജീവിതവും തമ്മിലുള്ള സംതുലനം ഏറ്റവും ഫലപ്രദമായി നടക്കുക്ക പ്രാദേശിക തലത്തിലാണ്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ ഭൂവിനിയോഗ-നിർവഹണത്തിൽ പ്രധാന പങ്കു വഹിക്കാനുണ്ട്‌. അതിന്‌ നിയമപരമായ പ്രാബല്യമുണ്ടാവുകയും ഭൂവിനിയോഗത്തെ കർശനമായി നിർണയിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ തദ്ദേശീയ ഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച നിയമങ്ങളിൽ ഉൾപ്പെടുത്തുകയും വേണം. നീർത്തടാധിഷ്‌ഠിതമായ ജനകീയ സമിതികളെയും ഇതിനായി പരിഗണിക്കാവുന്നതാണ്‌. ഭൂമി വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട്‌ ചില നിർദ്ദേശങ്ങൾ ചർച്ചക്കായി സമർപ്പിക്കുകയാണ്‌. 1. പാർപ്പിടം: എല്ലാവരുടെയും പാർപ്പിട പ്രശ്‌നം പരിഹരിക്കണം. എല്ലാ ഭൂമിയും പാർപ്പിടയോഗ്യമല്ല. പാർപ്പിടയോഗ്യമല്ലാത്ത വയലുകൾ നികത്തിയും കുന്നുകൾ നിരപ്പാക്കിയും പാർപ്പിടമേഖലയാക്കി മാറ്റുന്നത്‌ ശാസ്‌ത്രീയമല്ല. പാർപ്പിടം ഏറ്റവും അനുയോജ്യമായ മേഖലകളിലേക്ക്‌ പരിമിതപ്പെടുത്തണം. ദരിദ്രജനങ്ങൾക്ക്‌ പാർപ്പിടം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. ഈ ആവശ്യത്തിന്നായി സർക്കാർ നൽകുന്ന ഭൂമിയും വീടും ഒരു കാരണവശാലും വിൽക്കാൻ പാടില്ല. എന്നാൽ തലമുറകളായി ഉപയോഗിക്കാം. പാർപ്പിടത്തെപ്പറ്റി കൃത്യമായ ആസൂത്രണം വേണം. അതിന്റെ അടിസ്ഥാനത്തിൽ പാർപ്പിട (ഹൗസിങ്ങ്‌) മേഖലകൾ ഉണ്ടായി വരണം. 2. ഖനനം: ഭൂവിഭവങ്ങൾക്കായുള്ള (മണ്ണെടുപ്പും വെള്ളമൂറ്റലും ഉൾപ്പെടെ) എല്ലാവിധ ഖനനവും അതിനുവേണ്ടി നിർദ്ദേശിച്ച സ്ഥലത്ത്‌ കൃത്യമായ ലൈസൻസിന്‌ വിധേയമായിമാത്രമേ ആകാവൂ. സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനത്തിന്‌ ശേഷം പരിസ്ഥിതി ആഘാതങ്ങൾ വിലയിരുത്തി അവ പരമാവധി ലഘൂകരിച്ച്‌ മാത്രമേ ലൈസൻസ്‌ നൽകാവൂ. ഖനനത്തിന്‌ ശേഷം ആ ഭൂമിയുടെ പുനരുപയോഗത്തിനുള്ള പദ്ധതിയും അതിനുള്ള ചെലവും കൂടി കണക്കിലെടുക്കണം. വൻതോതിൽ ഖനന സാധ്യതയുള്ള പ്രദേശങ്ങൾക്ക്‌ മൊത്തമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ആവശ്യമായ പുനരധിവാസ പരിപാടികൾ നടപ്പാക്കിയ ശേഷമേ ഖനനം തുടങ്ങാവൂ. 3. നീർതടാധിഷ്‌ഠിത വികസന മാസ്റ്റർ പ്ലാനുകളുടെ അടിസ്ഥാനത്തിലാവണം കാർഷിക വികസന പരിപാടികൾ നടപ്പാക്കേണ്ടത്‌. നെൽപ്പാടങ്ങളായോ നീർത്തടങ്ങളായോ നിർദ്ദേശിച്ച സ്ഥലങ്ങൾ അപ്രകാരം തന്നെ സംരക്ഷിക്കണം. അവയിൽ എന്തെങ്കിലും മാറ്റം അനിവാര്യമായാൽ ആ സാഹചര്യം `പബ്ലിക്‌ ഹിയറിംഗി'ലൂടെ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി സുതാര്യമായി ചെയ്യേണ്ടതാണ്‌. യാതൊരു കാരണവശാലും അത്‌ സ്വകാര്യ ലാഭാർത്ഥമാകരുത്‌. പൊതു ആവശ്യങ്ങൾക്കുമാത്രമേ ആകാവൂ. കുളങ്ങൾ നികത്തുന്നത്‌ നിരോധിക്കണം. 4. ടൂറിസത്തിനായുള്ള ഭൂവികസനവും മേൽസൂചിപ്പിച്ച നിയാമകതത്വങ്ങൾക്ക്‌ വിധേയമായി മാത്രമേ നടപ്പാക്കാവൂ. ഇക്കോ ടൂറിസത്തിനും ചരിത്രപ്രാധാന്യമുള്ള ടൂറിസത്തിനുമാകണം മുൻഗണന. ഏകജാലക സമ്പ്രദായം ചട്ടങ്ങൾക്ക്‌ ഇളവുനൽകാനുള്ള പിൻവാതിലാകരുത്‌. 5. ഇന്ന്‌ ഭൂമി കൈവശം വെച്ചിരിക്കുന്നവരിൽ നിക്ഷിപ്‌തമായുള്ളത്‌ അതിന്റെ സംര ക്ഷണത്തിനുള്ള നിയമപരമായ അധികാരം മാത്രമാണ്‌. ഭൂമി പ്രകൃതിദത്ത ഉത്‌പാദന ഉപാധിയാണ്‌. അതുകൊണ്ട്‌ തന്നെ സംരക്ഷണത്തിനുളള നിയമപരമായ അധികാരം ഭൂമിയുടെ പ്രകൃതിദത്ത ഗുണത്തെ നശിപ്പിക്കാള്ള അവകാശമായി ഒരു തരത്തിലും മാറാൻ പാടില്ല. 6. ഭൂമിക്ക്‌ കരം കൊടുക്കുന്നതും, ഭൂമി രജിസ്‌ട്രർചെയ്‌തു വാങ്ങുന്നതും കാണിക്കുന്നത്‌ ഭൂമിയിലെ നിയമപരമായ അവകാശത്തിന്റെ കൈമാറ്റ സാധ്യതകൾ മാത്രമാണ്‌. ഒരാൾ മറ്റൊരാളിലേക്ക്‌ ഭൂമി ഒരു കരാറിലൂടെ കൈമാറുകയാണ്‌. അതുകൊണ്ട്‌ തന്നെ അത്യന്തിക അവകാശം സമൂഹത്തിൽ/സ്റ്റേറ്റിൽ തന്നെയാണ്‌ നിക്ഷിപ്‌തമായിരിക്കുന്നത്‌. ഇക്കാര്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഭൂനയ പ്രഖ്യാപനം നടത്തണം.

7. ക്രയവിക്രയ വില ഭൂമിയുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി തീരുമാനിക്കണം. ഉൽപ്പാദനാവശ്യത്തിന്ന്‌ സർക്കാർ സബ്‌സിഡി അനുവദിക്കണം. എന്നാൽ, അത്തരം ഭൂമി ഉപയോഗിക്കുന്നത്‌ ഉൽപാദനാവശ്യത്തിന്ന്‌ തന്നെയാണെന്ന്‌ ഉറപ്പാക്കണം. നിർദ്ദേശിക്കപ്പെട്ട പ്രവർത്തനം നിശ്ചിത സമയത്തിനുള്ളിൽ ആരംഭിച്ചില്ലെങ്കിൽ കൈമാറ്റം റദ്ദാക്കണം. ഇക്കാര്യങ്ങൾ സുഗമമാക്കുന്ന വിധം ഭൂമിയുടെ ക്രയവിക്രയ പ്രക്രിയയിൽ പ്രാദേശിക ഭരണസമിതികൾക്കും പങ്കാളിയാകാൻ കഴിയണം. 8. നീർത്തടാധിഷ്‌ഠിത വികസനം/സ്ഥലീയ ആസൂത്രണം: കുറക്കണം പ്രാദേശിക ഉത്‌പാദനത്തിനും വിപണനത്തിനും സഹായകമെന്നോണം മനുഷ്യാധ്വാനത്തെയും പ്രകൃതി വിഭവങ്ങളെയും കാര്യക്ഷമമായി വിനിയോഗിക്കുന്ന രീതിയാണ്‌ സ്ഥലീയ ആസൂത്രണം (Spacial planning). ഇവിടെ നാം സ്ഥല-ജല വിഭവങ്ങളുടെ ശാസ്‌ത്രീയമായ വിനിയോഗത്തെയാണ്‌ ലക്ഷ്യമാക്കുന്നത്‌. സ്ഥലീയാസൂത്രണമെന്നാൽ വിഭവാസൂത്രണണമാണ്‌. ചെറുതും വലുതുമായ നീർത്തടങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭൂപ്രദേശമായിരിക്കും ആസൂത്രണത്തിന്റെ അടിസ്ഥാന യൂണിറ്റ്‌. ഒരു ജല സ്രോതസ്സിലേക്ക്‌ വെള്ളത്തെ എത്തിക്കുന്നതും അതിലെ വെള്ളം ഉപയോഗിക്കുന്നതുമായ പ്രദേശങ്ങൾ ചേർന്നതാണ്‌ നീർത്തടം. നീർത്തടം പ്രകൃതിദത്തമാണ്‌. അത്‌ മണ്ണ്‌, ജലം, മനുഷ്യാധ്വാനം, സൂര്യപ്രകാശം എന്നിവയുടെ കൂട്ടായ ഉപയോഗം ഉറപ്പാക്കുന്നു. 9. സ്ഥലീയ ആസൂത്രണത്തിന്റെ പരിധിയിൽ കൃഷിക്ക്‌ പുറമെ വ്യവസായം, കളിസ്ഥലം, പൂന്തോട്ടം, ഗതാഗതം, കെട്ടിട നിർമാണം, വന സംരക്ഷണം, എന്നിവയൊക്കെ ചേരണം. ഓരോ പ്രവൃത്തിക്കും ഉചിതമായ സ്ഥലം കണ്ടെത്തണം. നീർത്തടത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾക്കനുസരിച്ച്‌ അതാതിടത്തെ ആവശ്യങ്ങൾ ക്രമീകരിക്കാനും കഴിയണം. 10. ഗതാഗത നയം: കുറക്കണം ഭൂവിനിയോഗവുമായി ബന്ധപ്പെട്ട്‌ ഏറെ ചർച്ച ചെയ്യുന്ന രംഗമാണ്‌ ഗതാഗതം. പ്രധാന റോഡുകൾ കുറക്കുക. BOT അടിസ്ഥാനത്തിൽ പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെടുത്തി കേരളത്തിൽ വലിയ സംഘർഷങ്ങൾ തന്നെ ഉണ്ടാകുന്നു. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട ഗതാഗത നയത്തിന്റെ അഭാവമാണ്‌ ഇതിന്‌ കാരണം. ഗതാഗതനയത്തിന്റെ ലക്ഷ്യം ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ ചെലവ്‌ കുറഞ്ഞ നിരക്കിൽ കൂടുതൽ ജനങ്ങളും ചരക്കുകളും എത്തുക എന്നതായിരിക്കണം. ഒരിക്കലും പരമാവധി വാഹനങ്ങളെ എത്തിക്കുന്നതിനാകരുത്‌ മുൻഗണന. ഈ രീതിയിൽ പരമാവധി ജനങ്ങളുടെ യാത്ര എന്ന നിലയിൽ തെക്ക്‌- വടക്ക്‌ റെയിൽ ഗതാഗതവും, കിഴക്ക്‌- പടിഞ്ഞാറ്‌ റെയിൽവെസ്റ്റേഷനുകളുമായി ബന്ധിപ്പിച്ച്‌ റോഡ്‌ ഗതാഗതവും എന്നതായിരിക്കും ഏറ്റവും അനുയോജ്യം. കൂടുതൽ ഹ്രസ്വദൂര തീവണ്ടികൾ ഓടിക്കണം. NH 17, NH 47, എന്നീ പ്രധാന റോഡുകളോടൊപ്പം മറ്റ്‌ NH കളുടേയും അവസ്ഥ മെച്ചപ്പെടുത്തണം. വീതി 30 മീറ്ററിൽ നിജപ്പെടുത്തണം; BOT ഒഴിവാക്കണം. MC റോഡ്‌ നാല്‌ വരിപ്പാതയാക്കി കുറ്റമറ്റതാക്കണം. ഇത്രയും ചെയ്‌താൽ തന്നെ കേരളത്തിന്റെ ഗതാഗത പ്രശ്‌നങ്ങൾ നല്ലൊരു പരിധിവരെ പരിഹരിക്കാൻ കഴിയും. 11. വർദ്ധിച്ചു വരുന്ന നഗരവൽക്കരണം അമിത കേന്ദ്രീകരണത്തിനിടയാക്കുന്നു. മാലിന്യനിർമാർജ്ജനം ഒരു തീരാപ്രശ്‌നമായി മാറുന്നു. ഗ്രാമങ്ങളിലെ വിഭവങ്ങൾ നഗരങ്ങളിലേക്ക്‌ കടത്തിക്കൊണ്ടു പോകുന്നു. അസന്തുലിതാവസ്ഥ വർധിക്കുന്നു. ഭൂമിയുടെ സവിശേഷത കണക്കിലെടുത്തുകൊണ്ട്‌ ആവാസകേന്ദ്രങ്ങളും മറ്റ്‌ പ്രവർത്തന മേഖലകളും വേർതിരിക്കാൻ കഴിയണം. 12. CRZ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കണം. ഇതിന്റെ ഭാഗമായി തരിശ്‌ഭൂമി വികസനം നഗരവികസന പദ്ധതികളുടെ ശാസ്‌ത്രീയത, ജലാശയങ്ങളുടെ സംരക്ഷണം എന്നിവയൊക്കെ ഉറപ്പാക്കേണ്ടതുണ്ട്‌. 13. കാർഷികോൽപ്പാദനം വർധിപ്പിക്കുന്നതിൽ ഊന്നിക്കൊണ്ടാവണം വികേന്ദ്രീകൃത ആസൂത്രണ പദ്ധതികൾ തയ്യാറാക്കേണ്ടത്‌. ഭൂമി കൈയേറ്റം തടയുംവിധം രജിസ്‌ട്രേഷൻ വ്യവസ്ഥയിൽ മാറ്റം വരുത്തേണ്ടതുണ്ട്‌. ഭൂമിയുടെ ഉൽപ്പാദന- സേവന ആവശ്യങ്ങൾ നിറവേറ്റപ്പെടുമെന്ന്‌ ഉറപ്പാക്കണം. ഉൽപ്പാദന ആവശ്യങ്ങൾക്കല്ലാതെ ഒരു ക്രയവിക്രയ വസ്‌തു എന്ന രീതിയിലേക്ക്‌ ഭൂമി മാറാൻ പാടില്ല. 14. ഭക്ഷ്യ സുരക്ഷ: ഏതൊരു സമുഹത്തിന്റെയും നിലനിൽപ്പിന്‌ ഒഴിച്ചുകൂടാനാവാത്തതാണ്‌ ഭക്ഷണം. ഭക്ഷണകാര്യത്തിൽ കേരളം ഒട്ടേറെ പ്രശ്‌നങ്ങളെ നേരിടുകയാണ്‌. വേണ്ടത്ര ഭക്ഷണം പ്രത്യേകിച്ചും ധാന്യങ്ങൾ ഇവിടെ ഉത്‌പാതിപ്പിക്കാൻ കഴിയുന്നില്ല. നമുക്ക്‌ വേണ്ട അരിയുടെ 20% ൽ താഴെയാണ്‌ ഇപ്പോഴത്തെ ഉത്‌പ്പാദനം. മിക്ക കാർഷിക വിളകളുടേയും കൃഷി വിസ്‌തീർണ്ണം, മൊത്തം ഉൽപ്പാദനം, ഉൽപ്പാദനക്ഷമത എന്നിവയെല്ലാം കുറഞ്ഞു വരികയാണ്‌. നെൽപ്പാടങ്ങൾ നികത്തുന്നു. ധാന്യകൃഷിക്ക്‌ പകരം നാണ്യ വിളകൃഷി വ്യാപിക്കുന്നു, കൃഷിയിടങ്ങൾ ഇഷ്‌ടികകളങ്ങളും കെട്ടിടങ്ങളുമായി മാറുന്നു. അങ്ങനെ ഭക്ഷണ ഉൽപ്പാദനം എന്ന ഭൂമിയുടെ ധർമം നടക്കാതാവുന്നു. ഈ സ്ഥിതി അവസാനിപ്പിക്കണം. 15. ഭൂസുരക്ഷ തൊഴിൽ സുരക്ഷ: ഭക്ഷണം അടക്കമുള്ള ജീവിതോപാധികൾ വാങ്ങുന്നതിന്‌ തൊഴിലും വരുമാനവും ഉണ്ടാവണം. കേരളീയരിൽ പകുതി പേർക്കും സംസ്ഥാനം ഇതിനകം നേടിയ നേട്ടങ്ങളുടെ ശരാശരി പോലും അനുഭവിക്കാൻ കഴിയുന്നില്ല. അതുകൊണ്ടു തന്നെ അവർ ദരിദ്രരാണ്‌. ഇവരിൽ പകുതിയും കേവലമായി ദരിദ്രരാണ്‌. പരിഷത്ത്‌ നടത്തിയ ``കേരള പഠനപ്രകാരം കർഷകതൊഴിലാളികൾ, പരമ്പരാഗത വ്യവസായതൊഴിലാളികൾ, കടലോരനിവാസികൾ, ദളിതർ, ആദിവാസികൾ-ഇവരൊക്കെ ദാരിദ്ര്യത്തിന്റെ കൊടും പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ്‌. ഇവർക്ക്‌ പരിമിതമായുള്ള കൈവശഭൂമിപോലും വിൽക്കേണ്ടി വരികയാണ്‌. ഈ സ്ഥിതി മാറണം. മനുഷ്യാധ്വാനമാണ്‌ പ്രധാന ഉൽപ്പാദന ശക്തി. അതിനെ വളർത്തിയും വികസിപ്പിച്ചും മാത്രമേ നാടിന്റെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും കൂട്ടാൻ കഴിയൂ. നമ്മുടെ വിദ്യാഭ്യാസം, ആരോഗ്യ പ്രവർത്തനങ്ങൾ ഈ ലക്ഷ്യത്തോടെ സംഘടിപ്പിക്കുമ്പോൾ മാത്രമേ ഭൂ വിനിയോഗം കൂടുതൾ ശാസ്‌ത്രീയമാകൂ. 16. തൊഴിലിന്റെ പേരിലാണ്‌ കേരളത്തിലെ നാണ്യവിള തോട്ടങ്ങൾ ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയിൽ നിന്ന്‌ ഒഴിവായത്‌. എന്നാൽ ക്രമത്തിൽ ഇത്തരം തോട്ടങ്ങളിൽ ഒരു ഭാഗം പറമ്പുകളോ റിസോർട്ടുകളോ ആയി മാറിയിട്ടുണ്ട്‌. ഈ മാറ്റം ഭൂപരിഷ്‌കരണ നിയമത്തിന്റെ ലംഘനമാണ്‌. എന്നാൽ അതിന്റെ ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടായില്ല. അതുകൊണ്ട്‌ തന്നെ ഭൂപരിഷ്‌കരണനിയമത്തിന്റെ ലംഘനം ഇല്ലാതാക്കാൻ കഴിയുന്ന പുതിയ നിയമനിർമ്മാണം നടത്തണം. 17. ഭൂബന്ധ സംഘർഷങ്ങൾ: ഭൂപരിഷ്‌കരണനിയമത്തിലെ പഴുതുകൾ ഉപയോഗിച്ച്‌ നാണ്യവിള തോട്ടങ്ങൾ വൻകിടക്കാർ സ്വന്തമാക്കി. കയ്യേറ്റം, കുടിയേറ്റം എന്നിങ്ങനെ വിവാദങ്ങൾ ശക്തിപ്പെട്ടതല്ലാതെ തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിച്ചില്ല. അവയെ സ്വകാര്യ സ്വത്താക്കി മാറ്റാൻ മാറിമാറി അധികാരത്തിൽ വന്ന പാർട്ടികളെയും സർക്കാരുകളെയും സ്വാധീനിക്കുകയാണ്‌ കൈയേറ്റക്കാർ ചെയ്‌തത്‌. ഇതിലൂടെയുള്ള നേട്ടങ്ങൾ വീതിച്ചെടുക്കുന്നതിൽ രാഷ്‌ട്രീയ പാർട്ടികളും മത്സരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഭൂബന്ധിതമായ ധാരാളം സംഘർഷങ്ങൾ കേരളത്തിൽ ഉണ്ടായത്‌. പ്ലാച്ചിമടയിൽ കൊക്കോകോലകമ്പനിക്കെതിരെ നടന്ന സമരം, ചെങ്ങറ ഭൂസമരം, മൂന്നാർ പ്രശ്‌നം, വയനാട്ടിലെ ആദിവാസിഭൂസമരം എന്നിങ്ങനെ ഇതിലൊക്കെ പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ കൃത്യമായ നിലപാടെടുക്കാൻ കഴിയാതെ രാഷ്‌ട്രീയ പാർട്ടികൾ ഇരുട്ടിൽ തപ്പുന്നത്‌ കാണാം. ഇവയുടെയെല്ലാം ഫലമായി കേരളത്തിൽ പുതിയരീതിയിലുള്ള സാമൂഹ്യ, രാഷ്‌ട്രീയ സംഘർഷങ്ങൾ ശക്തിപ്പെടുകയാണ്‌. ഒരു ഭാഗത്ത്‌ ഉയർന്ന ജീവിത സാഹചര്യം, മറുഭാഗത്ത്‌ കേവല ദാരിദ്ര്യം, തൊഴിൽ സുരക്ഷക്ക്‌ പകരം കരാർ തൊഴിൽ, അഭ്യസ്ഥവിദ്യരുടേതടക്കം തൊഴിലില്ലായ്‌മ ഒരു ഭാഗത്ത്‌, കൃഷിപ്പണിക്ക്‌ ആളെ കിട്ടാനില്ലാത്ത സ്ഥിതി മറുഭാഗത്ത്‌. കാർഷികോൽപ്പാദനം വർദ്ധിപ്പിക്കാൻ പ്രചരണം നടക്കുമ്പോൾ വിളഞ്ഞ നെല്ല്‌ പോലും കൊയ്‌തെടുക്കാൻ കഴിയാത്തസ്ഥിതി. പ്രവാസിപ്പണം ഉപയോഗിക്കാൻ പദ്ധതികൾ ഇല്ലാത്തപ്പോൾ നിബന്ധനകളോടെയുള്ള വിദേശപ്പണം സ്വീകരിക്കുന്ന സ്ഥിതി. ഉയർന്ന സ്‌ത്രീ വീദ്യാഭ്യാസം, എന്നാൽ കുറഞ്ഞ സ്‌ത്രീ തൊഴിൽ പങ്കാളിത്തം. അശാസ്‌ത്രീയ കൂലിവ്യവസ്ഥ, കാർഷിക ഉൽപാദന മുരടിപ്പ്‌, തൊഴിലാളികളുടെ വൈദഗ്‌ധ്യകുറവ്‌ എന്നിങ്ങനെയുള്ള വൈരുദ്ധ്യങ്ങൾ കൂടിവരുന്ന സ്ഥിതി. ഇവയൊക്കെ ചേർന്ന്‌ കേരളത്തിന്റെ നാട്ടിൽ പുറങ്ങളിൽ പോലും പുതിയ സംഘർഷങ്ങൾ രൂപപ്പെടുന്നു. ചെറുകിട ഇടത്തരം കൃഷിക്കാരും കർഷകത്തൊഴിലാളികളും തമ്മിലുള്ള സംഘർഷങ്ങളും കൂടി വരികയാണ്‌. ഈ സ്ഥിത്‌ പരിഹരിക്കേണ്ടതുണ്ട്‌. ഭൂമി പൊതു സ്വത്താകണം മുകളിൽ വിശദീകരിച്ച കാര്യങ്ങൾ വ്യക്തമാക്കുന്നത്‌ കമ്പോള യുക്തിക്കനുസൃതമായ ഒരു ഭൂ ഉപയോഗ രീതിയാണ്‌ കേരളത്തിലേത്‌ എന്നാണ്‌. ഇത്‌ ഇന്നത്തെ ധനികവൽക്കരണ- ദരിദ്രവൽക്കരണ പ്രക്രിയയ്‌ക്ക്‌ ആക്കം കൂട്ടുന്നതും പാർശ്വവൽക്കരിക്കപ്പെടുന്ന ജനങ്ങളുടെ ജീവിതത്തെ തകർക്കുന്നതുമാണ്‌. ഈ അവസ്ഥയെ പ്രതിരോധിക്കണം. അതുകൊണ്ടുതന്നെ, പ്രതിരോധത്തിനായുള്ള ചെറുത്തുനിൽപ്പുകൾ ആഗോളവൽക്കരണത്തിനും നവലിബറൽ കടന്നാക്രമണങ്ങൾക്കും അതുണ്ടാക്കുന്ന ജീവിതശൈലിക്കും എതിരായ സമരത്തിന്റെ ഭാഗം തന്നെയാണ്‌. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്‌ക്കാനും ആത്യന്തികമായി ഇല്ലാതാക്കാനും വേണ്ടിയുള്ള സമരത്തിന്റെ ഭാഗമാണ്‌. ദരിദ്രരും ഇടത്തരക്കാരും സമ്പന്നരുടെ ആശ്രിതരായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ ഇല്ലാതാക്കലാണ്‌. ഇന്നത്തെ പശ്ചാത്തലത്തിൽ ഇത്തരം സമരങ്ങൾ ലക്ഷ്യം കൈവരിക്കണമെങ്കിൽ ഭൂമിയെ യഥാർത്ഥ ഉൽപ്പാദനോപാധിയായി തിരിച്ചുകൊണ്ടു വരികയും അതിന്റെ വിനിയോഗം ഭൂസുരക്ഷയും തൊഴിൽ സുരക്ഷയും ഉറപ്പാക്കും വിധം പുനർക്രമീകരിക്കയും വേണ്ടതുണ്ട്‌. ഈ വിശാല കാഴ്‌ചപ്പാടിനെ `ഭൂമി പൊതുസ്വത്താക്കുക' എന്ന മുദ്രാവാക്യത്തിലൂടെ ഉയർത്തിക്കൊണ്ടുവരാനാണ്‌ ഭൂവിനിയോഗ കാമ്പയിൻ വഴി പരിഷത്ത്‌ ശ്രമിക്കുന്നത്‌. ഈ മുദ്രാവാക്യത്തിലൂടെ പരിഷത്ത്‌ എന്ത്‌ ഉദ്ദേശിക്കുന്നു എന്ന കാര്യം ചുരുക്കി വിവരിക്കാം. കേരളം ഇതര സംസ്ഥാനങ്ങളെപ്പോലെ തന്നെ ഒരു കാർഷിക ഭൂപ്രദേശമാണ്‌. അതിനാൽ ഭൂമിയും അതിലെ വിഭവങ്ങളും ഉൽപ്പാദനവും ആണ്‌ കേരളത്തിലെ ജനജീവിതത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ചുവന്നത്‌. ഭൂമിയേയും അതിലെ വിഭവങ്ങളേയും കൈയേറിക്കൊണ്ട്‌ ജനങ്ങളുടെ ജീവിതോപാധികളെ തങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവന്ന ജാതി-ജന്മി-നാടുവാഴി വ്യവസ്ഥക്കെതിരായ ജനകീയ പോരാട്ടങ്ങളാണ്‌ ആധുനിക കേരള രൂപീകരണത്തിന്‌ അടിത്തറയിട്ടത്‌. ഭൂപരിഷ്‌കാരം ഭൂമിയുടെ മേലുള്ള ചൂഷക വിഭാഗങ്ങളുടെ (ധനികരുടെ) ആധിപത്യത്തിനേറ്റ ശക്തമായൊരു പ്രഹരമായിരുന്നു. എന്നാൽ ഇന്ന്‌ പുതിയ സാഹചര്യങ്ങളിൽ മറ്റൊരു തരത്തിലുള്ള ഭൂകേന്ദ്രീകരണം നടക്കുകയാണ്‌. ഒരു സംഘം കർഷക മുതലാളിമാർക്ക്‌ പുറമെ കൃഷിയുമായോ ഭൂമിയുമായോ യാതൊരു ബന്ധവുമില്ലാത്ത ഊഹക്കച്ചവടക്കാരുടെയും കരാറുകാരുടെയും റിസോർട്ട്‌ ഉടമകളുടെയും കൈയിലാണ്‌ കേരളത്തിലെ ഭൂമിയുടെ നല്ലൊരു ഭാഗം. പരിഷത്ത്‌ നടത്തിയ കേരള പഠനം ഇക്കാര്യം വസ്‌തുനിഷ്‌ഠമായി തെളിയിച്ചതാണ്‌. 2004ലെ കണക്കനുസരിച്ച്‌ 43 ശതമാനം ആസ്‌തിയും 10 ശതമാനത്തിൽ താഴെ വരുന്ന സമ്പന്നരാണ്‌ കൈയടക്കിയിരിക്കുന്നത്‌. ഇന്നാകട്ടെ കേന്ദീകരണം കൂടിയിരിക്കാനാണ്‌ സാധ്യത. കാരണം ഭൂമി കൈമാറ്റത്തിന്റെ വേഗത അത്രയും വർദ്ധിച്ചിരിക്കയാണ്‌. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ പശ്ചാത്തല സൗകര്യ വികസനത്തെക്കുറിച്ചുള്ള നിബന്ധനകൾ അനുസരിച്ച്‌ ദേശീയ, അന്തർദേശീയ തലത്തിലുള്ള വിവിധ തരം ഏജൻസികളും ഇന്ന്‌ കേരളത്തിൽ ഭൂമി ഇടപാടുകളിൽ സജീവ പങ്കാളികളാണ്‌. ഇവർക്കാർക്കും തന്നെ കേരളത്തിലെ ഭൂമിയുടെ സുരക്ഷയെക്കുറിച്ചോ ഭക്ഷ്യസുരക്ഷയെക്കുറിച്ചോ ജനജീവിതത്തെക്കുറിച്ചുപോലുമോ യാതൊരു താൽപ്പര്യവുമില്ല. ഇന്നത്തെ സാഹചര്യങ്ങളിൽ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക്‌ തല ചായ്‌ക്കാനുള്ള നാല്‌ സെന്റിനുള്ള അവകാശം പോലും ഭീഷണിയെ നേരിടുകയാണ്‌. കമ്പോളം സൃഷ്‌ടിക്കുന്ന മോഹവില നൽകി ഭൂമി വാങ്ങാനോ വീടു പണിയാനോ സാധാരണ ജനങ്ങൾക്ക്‌ കഴിയുന്നില്ല. പലതരം വികസന പ്രവർത്തനങ്ങളാൽ പുറം തള്ളപ്പെടുന്നവർക്ക്‌ അവരുടെ നിത്യജീവിതം നടത്താനുതകുന്ന വിധത്തിൽ ഭൂമി ലഭിക്കുന്നില്ല. തൊഴിൽ ചെയ്യാൻ താൽപ്പര്യമുള്ളവർക്കുപോലും ആവശ്യമായ ഭൂമിയില്ല. അതേസമയം വൻകിടക്കാരുടെ ഭൂമികൾ തരിശിടുകയും പാഴാവുകയും ഒന്നും ചെയ്യാതെ ഭാവി ക്രയവിക്രയ ആവശ്യങ്ങൾക്ക്‌ വേണ്ടി മാത്രം നിലനിർത്തുകയും ചെയ്യുന്ന അവസ്ഥയും ഇന്നുണ്ട്‌. ക്രയവിക്രയത്തിനുവേണ്ടിയുള്ള ഇത്തരം വൻകിടക്കാരുടെ കടന്നുകയറ്റങ്ങൾ നിലവിലുള്ള ഏറെ ദുർബലമായ ഭൂ നിയമങ്ങളെ മാത്രമല്ല, കേരളത്തിലെ ഭൂഘടനയെക്കുറിച്ച്‌ നമുക്കുള്ള ശാസ്‌ത്രീയ അറിവിനെയും ശാസ്‌ത്രജ്ഞർ നിർദേശിച്ച ഭൂവിനിയോഗ നിബന്ധനകളെയും അട്ടിമറിക്കുന്നവയാണ്‌. ഇത്തരത്തിലുള്ള അനിയന്ത്രിതമായ സ്വകാര്യ കൈയേറ്റങ്ങൾ കൊണ്ട്‌ സന്തുലിതവും സ്ഥായിയും ജനപക്ഷത്തുനിന്നുള്ളതുമായ ഒരു ഭൂവിനിയോഗ ക്രമം സൃഷ്‌ടിക്കുക സാധ്യമല്ല. അതുകൊണ്ട്‌ ഭൂമിയുടെ മേൽ സമൂഹത്തിന്‌ മൊത്തത്തിലും അവരുടെ പ്രതിനിധികളെന്ന നിലയിൽ ഭരണകൂടത്തിനും ഉള്ള നിയന്ത്രണാധികാരങ്ങൾ പരമാവധി വർധിപ്പിക്കേണ്ടതുണ്ട്‌. ഭൂമിയുടെ മേൽ ആർക്കും ആത്യന്തിക അവകാശമില്ല, അതിനെ ഉപയോഗിച്ച്‌ ജീവിതവൃത്തി നടത്തുന്നതിനുള്ള നിയമവിധേയമുള്ള കൈവശാവകാശമാണ്‌ ഇന്നുള്ളത്‌. അത്‌ നിലനിർത്തിക്കൊണ്ടുതന്നെ ഭൂവിനിയോഗത്തിന്റെ മേലുള്ള നിയന്ത്രണം ഭരണകൂടം ഏറ്റെടുക്കുക എന്നത്‌ തന്നെയാണ്‌ ഇതിനുള്ള സ്ഥായിയായ പോംവഴി. ജനങ്ങളുടെ ഭക്ഷണം, പാർപ്പിടം, തൊഴിൽ മുതലായവ സംരക്ഷിക്കുന്നതിനാവശ്യമായ സമഗ്രമായ സ്ഥലജല പരിപാലനം നടത്താനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനാണുള്ളത്‌. അത്‌ ഭരണകൂടത്തിൽ നിക്ഷിപ്‌തവുമാണ്‌. ഈ അർത്ഥത്തിൽ കേരളത്തിലെ ഭൂമിയെ കേരളത്തിലെ ജനങ്ങളുടെ പൊതു സ്വത്തായി പ്രഖ്യാപിക്കുകയും അതിന്റെ ഉള്ളിൽ നിയമവിധേയമായ അവകാശങ്ങളും വിനിയോഗവും എങ്ങനെ നടത്തണം എന്നുള്ളതിനെ കുറിച്ച്‌ വിശദമായ ചർച്ച നടത്തി അത്തരത്തിലുള്ള ഒരു സ്ഥലജല ആസൂത്രണത്തിന്‌ അന്തിമ രൂപം നൽനൽകുകയും വേണം. അതിനുള്ള ബാധ്യത ഭരണകൂടത്തിനാണ്‌. ശാസ്‌ത്രീയമായ സ്ഥലീയ ആസൂത്രണം വഴി മാത്രമേ ഭൂരഹിതരുടെയും പുറംതള്ളപ്പെടുന്നവരുടെയും തൊഴിൽ ചെയ്യാൻ താൽപ്പര്യമുള്ള സാധാരണക്കാരുടെയും ഭൂമിയുടെ മേലുള്ള അവകാശം ഉറപ്പുവരുത്താൻ കഴിയൂ. ഇന്ന്‌ കേരളം ഭക്ഷണത്തിലും നിത്യോപയോഗ വസ്‌തുക്കളുടെ ലഭ്യതയിലും അനുഭവിച്ചുവരുന്ന ഭീകരമായ പരാധീനതയ്‌ക്ക്‌ പരിഹാരം കാണാനും ഇത്തരത്തിലുള്ള നയപരമായ ഇടപെടലിലൂടെ മാത്രമേ കഴിയൂ. എങ്കിൽ മാത്രമേ ലാഭക്കൊതിയന്മാരായ മാഫിയകളുടെ അനിയന്ത്രിതമായ കടന്നുകയറ്റങ്ങളിൽ നിന്ന്‌ ഭൂമിയെ സംരക്ഷിക്കാൻ കഴിയൂ. പൊതു സ്വത്ത്‌ എന്ന നിലയിൽ ഭൂമിയുടെ ഉടമസ്ഥതയും നിയന്ത്രണവും സ്റ്റേറ്റിൽ നിക്ഷിപ്‌തമാകണം. വ്യക്തികൾക്ക്‌ ഇന്ന്‌ ഭൂമിയിലുള്ള അവകാശം ഭൂമിയുടെ പരിപാലന അവകാശം മാത്രമാണ്‌. ഭൂമിയെ സുഭദ്രമായി വരും തലമുറക്ക്‌ കൈമാറാനുള്ള ഉത്തരവാദിത്വം കൂടി ഓരോ വ്യക്തിക്കും ഉണ്ട്‌. ഇക്കാര്യം കുറച്ചുകൂടി വിശദീകരിക്കാം. $ ഭൂവുടമസ്ഥത നിയമപരം മാത്രമാണ്‌. നിലവിലുള്ള അവകാശം പ്രകൃതി ദത്തമോ സ്വാഭാവികമോ അല്ല. ഭൂമി ആത്യന്തികമായി ആരുടേയും പൈതൃകസ്വത്തല്ല. ഭൂമിയുടെ കായ്‌ഫലങ്ങൾ എടുത്തുപയോഗിക്കാനുള്ള അവകാശം ഇന്നത്തെ ഉടമസ്ഥർക്ക്‌ ഉണ്ട്‌. കാരണം അത്‌ അവരുടെ അധ്വാനത്തിന്റെ വിലയാണ്‌. വീടുവെക്കാനും ഭൂമി ഉപയോഗിക്കാം. എന്നാൽ തോന്നിയപോലെ ക്രയവിക്രയം ചെയ്യാനോ ഭൂമിയുടെ ഘടനാപരമായ സ്വഭാവം മാറ്റാനോ ഉള്ള അവകാശമില്ല. അതായത്‌ കുന്നിടിച്ച്‌ നിരത്താനോ കുളം നികത്തി വീടു വയ്‌ക്കാനോ, വയൽ നികത്തി ഷോപ്പിങ്ങ്‌ കോംപ്ലക്‌സ്‌ പണിയാനോ ഉള്ള അവകാശം ആരും അനുവദിച്ചിട്ടില്ല. $ സ്വകാര്യ വ്യക്തികൾക്ക്‌ ലഭിച്ച പട്ടയം ആ ഭൂമി നിർദ്ദിഷ്‌ടമായ പ്രത്യേക ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാനുള്ള ലൈസൻസ്‌ മാത്രമാണ്‌. അത്തരം ആവശ്യത്തിന്‌ ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ ഭൂമി സ്റ്റേറ്റിന്‌ തിരിച്ചു നൽകണം. $ ഭൂമി രജിസ്റ്റർ ചെയ്യുമ്പോൾത്തന്നെ എന്ത്‌ ആവശ്യത്തിന്ന്‌ എന്ന്‌ പ്രമാണത്തിൽ വ്യക്തമാക്കണം. പ്രസ്‌തുത ആവശ്യത്തിന്ന്‌ മാത്രമേ ആ ഭൂമി ഉപയോഗിക്കാൻ പാടുള്ളൂ. മറ്റെന്ത്‌ ആവശ്യത്തിന്‌ ഉപയോഗിക്കുന്നതും ശിക്ഷാർഹമായിരിക്കണം. ഘടനാപരമായ മാറ്റങ്ങൾ വരുത്തുന്ന പ്രവർത്തനങ്ങൾക്ക്‌ വേണ്ടി ഭൂമി റജിസ്റ്റർ ചെയ്‌ത്‌ നൽകാൻ പാടില്ല. $ സർക്കാർ വക ഭൂമിയുടെ ഭൂവിനിമയങ്ങളും സ്വകാര്യവ്യക്തികൾ തമ്മിലുള്ള കൈമാറ്റങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഒരു ഭൂവിനിമയബാങ്ക്‌ (Land Bank) ഉണ്ടാവണം. എല്ലാ സർക്കാർ ഭൂമിയും ഭൂവിനിമയബേങ്കിന്റെ നിയന്ത്രണത്തിൽ വരണം. സ്വകാര്യ വ്യക്തികൾ കൈമാറുന്ന ഭൂമിയും ഭൂവിനിമയബേങ്കിന്റെ നിയന്ത്രണത്തിൽ വരണം. ഇങ്ങനെ സ്വരൂപിക്കുന്ന ഭൂമിയിൽ നിന്ന്‌ സ്വകാര്യആവശ്യങ്ങൾക്കോ പൊതു ആവശ്യങ്ങൾക്കോ വേണ്ടതായ ഭൂമി ഭൂവിനിമയ ബേങ്ക്‌ ലഭ്യമാക്കും. $ നെൽവയലുകൾ സംരക്ഷിക്കാനായി നിയമം പാസ്സാക്കിയിട്ടുണ്ടെങ്കിലും തുടർ നടപടികളുണ്ടാകാത്തതുകൊണ്ട്‌ അത്‌ പ്രഹസനമായിത്തീർന്നിരിക്കുന്നു. നാം നിർദ്ദേശിക്കുന്ന ഭൂ നയത്തിൽ നെൽവയൽ സംരക്ഷണം സ്വാഭാവികമായ ഒരു പരിണിതിയായിരിക്കും. മാത്രമല്ല, ആർക്കും സ്വന്തം വയൽ തരിശായിടാൻ അവകാശമുണ്ടാവില്ല. അപ്രകാരം തരിശു കിടക്കുന്ന ഭൂമി ഏറ്റെടുത്ത്‌ അധ്വാനിക്കാൻ തയ്യാറുള്ള ജനകീയ കൂട്ടായ്‌മകൾക്ക്‌ കൃഷിക്കായി നൽകാൻ പഞ്ചായത്തുകൾക്ക്‌ അധികാരമുണ്ടാകും. തരിശിടുന്ന ഭൂമിയിൽ നിന്ന്‌ ആദായമൊന്നും പ്രതീക്ഷിക്കാൻ ഭൂവുടമയ്‌ക്ക്‌ ന്യായമൊന്നുമില്ലല്ലോ. വ്യക്തികൾ തമ്മിലുള്ള പാട്ടക്കൈമാറ്റം ക്രമേണ അമിതമായ പാട്ടക്കൂലിയിലേക്കും പഴയ ചൂഷണ വ്യവസ്ഥയിലേക്കും നയിക്കും എന്നതുകൊണ്ട്‌ അതിന്റെ നിരോധനം തുടരണം. പകരം ഭൂവിനിമയ ബാങ്ക്‌ മുഖേന പഞ്ചായത്തിന്റെ മധ്യസ്ഥതയിൽ കൃഷിഭൂമി യഥാർത്ഥ കർഷകരിലേക്ക്‌ എത്തിക്കാനുള്ള ശ്രമമായി പുതിയ ഭൂനയം മാറണം. ഭൂവിനിയോഗവും വികസനവും ആത്യന്തികമായി ഭൂവിനിയോഗം എന്നത്‌ കേരളത്തിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായും അതിന്‌ സമാന്തരമായും നടക്കേണ്ട ഒരു പ്രക്രിയയാണ്‌. അതുകൊണ്ടുതന്നെ എന്തായിരിക്കണം, എങ്ങനെയായിരിക്കണം വികസനം എന്നത്‌ ഏറെ പ്രസക്തമാണ്‌. വികസനത്തിന്റെ കാര്യത്തിൽ ``രാഷ്‌ട്രീയത്തിന്‌ അതീതമായ സമവായമുണ്ടാകണമെന്ന വാദം പലപ്പോഴും കേൾക്കാറുണ്ട്‌. എന്താണിതിന്‌ അർത്ഥം? തീർച്ചയായും കക്ഷിരാഷ്‌ട്രീയത്തിന്റെ സങ്കുചിത താത്‌പര്യങ്ങൾക്കതീതമാകണം വികസനരംഗത്തെ ഇടപെടൽ. ഏതു കക്ഷിക്ക്‌ ഗുണം കിട്ടുന്നു എന്ന്‌ നോക്കേണ്ടതില്ല. പക്ഷേ, ഏതു വിഭാഗത്തിനാണ്‌ വികസനം കൊണ്ട്‌ ഗുണം കിട്ടുന്നത്‌ എന്നത്‌ തീർച്ചയായും പ്രസക്തമാണ്‌. അതാണ്‌ വികസനത്തിന്റെ രാഷ്‌ട്രീയം. വിദേശത്തുപോയി അധ്വാനിച്ച്‌ പണമുണ്ടാക്കി നാട്ടിലേക്ക്‌ അയക്കുന്നവർ തീർച്ചയായും നാടിന്റെ വികസനത്തിന്‌ സംഭാവന നൽകുന്നുണ്ട്‌. അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും താത്‌പര്യങ്ങൾ സംരക്ഷിക്കപ്പെടണം. പക്ഷേ, ഗൾഫ്‌ നാടുകളിലും അമേരിക്കയിലും കാണുന്നതാണ്‌ വികസനമെന്നും അത്‌ പിന്തുടരുകയാകണം കേരളത്തിന്റെ വികസനത്തിനുള്ള കുറിപ്പടിയെന്നും കരുതുന്നത്‌ ശരിയാവില്ല. എക്‌സ്‌പ്രസ്‌ വേയും ഷോപ്പിങ്ങ്‌ ഫെസ്റ്റിവലും ജില്ല തോറും വിമാനത്താവളങ്ങളും ബഹുനില മന്ദിരങ്ങളുമൊക്കെ വികസന ചിഹ്നങ്ങളാകുന്നത്‌ അങ്ങനെയാണ്‌. ഗൾഫിൽ നടക്കുന്ന അത്തരം വികസനത്തിന്റെ പൊട്ടും പൊടിയും അവശിഷ്‌ടങ്ങളും നമുക്കു വീണുകിട്ടുന്നുണ്ടെന്നതും ശരിയാണ്‌. പക്ഷേ, നമ്മുടെ വികസന മുൻഗണനകൾ അതാകരുത്‌. നമ്മുടെ മുൻഗണനകൾ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തൽ തന്നെയാകണം. വികസനം കാർഷിക-വ്യാവസായിക ഉൽപാദനം വർദ്ധിപ്പിക്കണം ഉൽപ്പാദന പ്രക്രിയയുടെ അടിത്തറ വിപുലപ്പെടുത്തുകയും തൊഴിലാളികളുടെ അധ്വാനശേഷി നിരന്തരമായി വളർത്തിക്കൊണ്ടു വരികയും വേണം. സമ്പത്തുൽപാദനത്തിന്റെ അടിത്തറ വികസിപ്പിക്കുന്നതിന്‌ മുൻഗണന നൽകുന്നതാകണം വികസനപ്രക്രിയ. ഈ രീതിയിൽ ഇന്ന്‌ കേരളത്തിന്‌ അനുയോജ്യമായ വികസനപ്രക്രിയയെ ``ഉത്‌പാദനാധിഷ്‌ടിത വികസനം എന്ന്‌ പറയുന്നതാവും ശരി. ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ സംഘടിപ്പിക്കുന്നതും മനുഷ്യാധ്വാനത്തേയും പ്രകൃതിവിഭവങ്ങളെയും കൂട്ടായി ഉപയോഗിക്കുന്നതും പ്രാദേശിക പ്രസക്തവുമായ ഉൽപാദന-വിതരണസംവിധാനങ്ങൾക്ക്‌ പൊതുവിലാണ്‌ ഉൽപാദനാധിഷ്‌ഠിതവികസനം എന്ന്‌ പറയുന്നത്‌. ഇത്തരത്തിൽ സാമഗ്രമായൊരു വികസന ഇടപെടലിന്ന്‌ ഇക്കാലത്ത്‌ കേരളത്തിൽ തടസ്സമാകുന്നത്‌ നിലവിലുള്ള ഭൂവിനിയോഗ രീതിയാണ്‌. അതുകൊണ്ടുതന്നെ ഉടമസ്ഥതയിലടക്കം ഭൂബന്ധങ്ങളിൽ മാറ്റം വരേണ്ടതുണ്ട്‌. കേരളത്തിലെ ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ സഹായിച്ച ഘടകങ്ങളായിരുന്നു ഭക്ഷ്യ സുരക്ഷ, തൊഴിൽ സുരക്ഷ, സാമൂഹ്യ സുരക്ഷ എന്നിവ. ഭൂമിയുടെ അനിയന്ത്രിതമായ സ്വകാര്യ ഉടമസ്ഥത എല്ലാതരം സുരക്ഷക്കും തടസ്സമാണ്‌. ഭൂമാഫിയകളുടെ വ്യാപനം സാമൂഹ്യ സുരക്ഷക്ക്‌ വൻ ഭീഷണിയാണ്‌. ജനങ്ങൾക്ക്‌ സൈ്വര്യ ജീവിതം ഉറപ്പ്‌ വരുത്താനായി ഭൂ മാഫിയയെയും റിയൽ എസ്റ്റേറ്റ്‌ കച്ചവടത്തെയും നിയന്ത്രിക്കണം. ഇതിന്‌ കഴിയണമെങ്കിൽ ഭൂമിയിലെ സ്വകാര്യ ഉടമസ്ഥത അവസാനിപ്പിക്കണം. ഭൂവിനിയോഗ കാമ്പയിന്റെ രാഷ്‌ട്രീയ പ്രാധാന്യം ഇന്ന്‌ ലോകം അടക്കിവാഴുന്നത്‌ മുതലാളിത്ത വ്യവസ്ഥയാണ്‌. മുതലാളിത്തവളർച്ച സാമ്പത്തിക അസമത്വം കൂട്ടുന്നതാണ്‌. നമ്മുടെ ലക്ഷ്യമാകട്ടെ, സാമൂഹ്യ നീതിയ്‌ക്കുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുകയാണ്‌. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മുതലാളിത്ത വ്യവസ്ഥയിൽ സാമ്പത്തിക വളർച്ചയും സാമൂഹ്യനീതിയും പൊരുത്തപ്പെട്ട്‌ നിലനിൽക്കില്ല. അതേ സമയം സാമൂഹ്യ നീതി ബലികഴിച്ചുകൊണ്ടുള്ള സാമ്പത്തിക വളർച്ചക്ക്‌ ദരിദ്രപക്ഷ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയാത്തതിനാൽ നമുക്ക്‌ അംഗീകരിക്കാനും കഴിയില്ല. സാമൂഹ്യ നീതി ഇല്ലാത്ത ഉൽപ്പാദനവളർച്ച സമ്പത്തിന്റെ അമിത കേന്ദ്രീകരണത്തിനും ഭൂരിഭാഗം ജനങ്ങളുടെ ദരിദ്രവൽക്കരണത്തിനും മാത്രമേ ഇടയാക്കൂ. മുതലാളിത്തം പ്രതിസന്ധിയിൽ നിന്ന്‌ കരകയറാനായി ഇപ്പോൾ നടത്തിവരുന്ന അതിജീവന ശ്രമങ്ങളിൽ തകരുന്നത്‌ ദരിദ്ര രാജ്യങ്ങളും ദരിദ്ര ജനതയുമാണ്‌. ഇതിനെതിരെയുള്ള ചെറുത്തുനിൽപ്പ്‌ സമരങ്ങൾ ജനപങ്കാളിത്തത്തിലൂടെ പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിൽ ഊന്നിയാവണം. ഭൂമി അടക്കമുള്ള പ്രാദേശിക വിഭവങ്ങളുടെ സ്റ്റേറ്റ്‌ ഉടമസ്ഥത ഉറപ്പാക്കിക്കൊണ്ടു മാത്രമെ ഇത്‌ സാധ്യമാകൂ. എങ്കിൽ മാത്രമെ കൃഷിയും ചെറുകിട സംരംഭങ്ങളും നിലനിർത്താനും വളർത്താനും കഴിയൂ. അതാണ്‌ ഭൂസുരക്ഷക്കും തൊഴിൽ സുരക്ഷക്കും അടിസ്ഥാനം. അതിന്ന്‌ കഴിയണമെങ്കിൽ ഭൂമി പൊതു സ്വത്തായി തന്നെ നിലനിൽക്കണം. പരിഷത്ത്‌ നടത്തുന്ന ക്യാമ്പയിൻ ദരിദ്രരുടെ താല്‌പര്യങ്ങൾ സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണ്‌. അത്‌ കുടികിടപ്പുകാരുടേയോ ദരിദ്ര കർഷകരുടെയോ, ഇടത്തരം കൃഷിക്കാരുടേയോ നിലവിലുള്ള പരിമിതമായ ഭൂഉടമസ്ഥത ഇല്ലാതാക്കാനുള്ള ശ്രമമല്ല. അവരുടെ ജീവിതം അനുദിനം സംഘർഷാത്മകമായി മാറുമ്പോൾ ദരിദ്ര കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും ഇടയിലുള്ള ഐക്യം പോലും തകരുകയുമാണ്‌. അവർക്കിടയിലെ ഐക്യം തകരുന്നതിന്റെ കാരണക്കാർ ഭൂമാഫിയകളാണ്‌. ഭൂമാഫിയ ഭൂമിയുടെ ഊഹക്കച്ചവടക്കാരാണ്‌. മാഫിയകൾ ഭൂമിയെ ഊഹക്കച്ചവടത്തിനുള്ള ഉപാധിആക്കിയതുകൊണ്ടാണ്‌ കൃഷിയും വ്യവസായവും തകരുന്നത്‌. കാർഷിക വ്യവസ്ഥയുടെ തകർച്ചയാണ്‌ ദരിദ്രർക്കിടയിൽ സംഘർഷങ്ങൾക്കിടയാക്കുന്നത്‌. ദരിദ്രർക്കിടയിലെ ഐക്യം ശക്തിപ്പെടുത്തി ഭൂമാഫിയയെ പ്രതിരോധിക്കുകയാണ്‌ ഈ ക്യാമ്പയിനിലൂടെ പരിഷത്ത്‌ പ്രതീക്ഷിക്കുന്നത്‌. ``ഭൂമി പൊതുസ്വത്താക്കുക എന്ന മുദ്രാവാക്യം കേവലമായ റൊമാന്റിക്‌ സ്വപ്‌നമല്ല. ഭൂമി ആർക്കും തന്നിഷ്‌ടം പോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നല്ലെന്നും ചരിത്രത്തിന്റെ എല്ലാ ദശകളിലും മനുഷ്യർക്ക്‌ ഭൂമിയുടെ മേൽ ഉപയോഗാവകാശം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമുള്ള ഓർമപ്പെടുത്തലാണത്‌. ഭൂമിയുടെയും പ്രകൃതിദത്തമായ വിഭവങ്ങളുടെയും മേലുള്ള മനുഷ്യരുടെ അവകാശം സ്വതസിദ്ധമല്ല. ഓരോ ഘട്ടത്തിലും സമൂഹവും ഭരണകൂടങ്ങളും വ്യക്തിക്കു നൽകുന്ന നിയമാവകാശം മാത്രമാണത്‌. കൃഷിഭൂമിയുടെ മേൽ കർഷകന്‌ ലഭിക്കുന്ന അവകാശം കാർഷിക രംഗത്തെ ഉൽപ്പാദന ശക്തികളുടെ വികാസത്തിന്റെ സൂചനയാണ്‌, ഭൂമി ക്രയവിക്രയ വസ്‌തു മാത്രമാക്കി മാറ്റുന്നതിനുള്ള ലൈസൻസല്ല ഇത്‌. കൃഷിഭൂമി കൃഷിചെയ്യാൻ കൂട്ടാക്കാത്തവർ അത്‌ കൃഷി ചെയ്യാൻ തയ്യാറുള്ളവർക്ക്‌ നൽകുകയാണ്‌ വേണ്ടത്‌. ഭൗമ പരിസ്ഥിതിയുടെ മേൽ ആഘാതമേൽപ്പിക്കാനുള്ള അവകാശം സ്വകാര്യ സ്വത്തുടമാ അവകാശത്തിനോട്‌ ചേരുന്നതല്ലെന്നും മനസ്സിലാക്കേണ്ടതുണ്ട്‌. സ്വത്തുടമാവകാശം സ്വത്തിനെ വളർത്താനുള്ളതാണ്‌, നശിപ്പിക്കാനുള്ളതല്ല. ഭൂവിനിയോഗത്തിന്‌ മേലുള്ള സാമൂഹ്യ നിയന്ത്രണത്തിനും സ്ഥലജല ആസൂത്രണത്തിനും വേണ്ടിയാണ്‌ നാം വാദിക്കുന്നത്‌. ഇന്നത്തെ സാഹചര്യത്തിൽ ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഇത്തരം ആസൂത്രണത്തിന്‌ നേതൃത്വം കൊടുക്കേണ്ടത്‌ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഗവണ്മെന്റുകളാണ്‌. പ്രാദേശിക തലത്തിൽ അതിന്‌ നേതൃത്വം നൽകേണ്ടത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്‌. അവയുടെ നേതൃത്വത്തിൽ കേരളത്തിലെ ഭൂവിനിയോഗം ശാസ്‌ത്രീയമായും സന്തുലിതമായും പുനഃസംവിധാനം ചെയ്യുന്നതിനുള്ള ധീരമായ നടപടികൾ ഇന്നത്തെ ആവശ്യമാണ്‌. കർഷകരെയും കർഷകത്തൊഴിലാളികളെയും അധ്വാനിക്കുന്ന ജനങ്ങളെയും യോജിപ്പിച്ചുകൊണ്ട്‌ റിയൽ എസ്റ്റേറ്റ്‌-ഭൂമി കൈയേറ്റ സംഘങ്ങൾക്കെതിരായ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടത്തിലൂടെ മാത്രമേ ഇന്നത്തെ അവസ്ഥയിൽ നിന്ന്‌ കേരളത്തെ മോചിപ്പിക്കാൻ കഴിയൂ.