കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ


ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.


വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിൽ സവിസ്‌തരം ചർച്ച ചെയ്യപ്പെട്ട വിഷയമാണ്‌ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം. റിപ്പോർട്ടിന്റെയും പിന്നീടു നടന്ന ചർച്ചകളുടേയും അടിസ്ഥാനത്തിൽ രൂപം കൊണ്ട ചില ആശയങ്ങളാണ്‌ താഴെ നൽകുന്നത്‌.

1. ജനാധിപത്യ സമൂഹത്തിന്റെ അടിത്തറ ജനാധിപത്യ വിദ്യാഭ്യാസമാണ്‌. ജനാധിപത്യപരമായ ഘടന, ജനാധിപത്യപരമായ ഉള്ളടക്കം, സമൂഹവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം, സാമൂഹ്യനീതി, വിദ്യാഭ്യാസ അവകാശങ്ങളുടെ തുല്യത തുടങ്ങിയവയെല്ലാം ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്‌. ഇന്ന്‌ കേരളത്തിൽ വിദ്യാഭ്യാസത്തിൽ പ്രവേശനത്തിന്റെ കാര്യത്തിൽ ജനാധിപത്യവൽക്കരണം നടപ്പിൽ വന്നിട്ടുണ്ട്‌. ഭരണത്തിന്റെ ചില മേഖലകളിൽ ഔപചാരിക ജനാധിപത്യ സംവിധാനം നിലവിലുണ്ട്‌. പക്ഷെ, ജനാധിപത്യസംവിധാനം വിദ്യാഭ്യാസ രംഗത്ത്‌ പൂർണ്ണമായി വികസിച്ചിട്ടുണ്ടെന്നു പറയാനാകില്ല. പ്രവേശനം നേടുന്ന എല്ലാ വിദ്യാർഥികൾക്കും നൽകുന്ന വിദ്യാഭ്യാസത്തിന്‌ തുല്യമായ ഗുണനിലവാരം ഉറപ്പു വരുത്തിയിട്ടില്ല. പ്രൈമറിതലം കഴിഞ്ഞാൽ പ്രവേശനത്തിന്റെ കാര്യത്തിലും തുല്യത ഇല്ല. കരിക്കുലത്തിന്റെയും ബോധനരൂപങ്ങളുടെയും രൂപീകരണത്തിൽ അധ്യാപകർക്കു മൊത്തമായ പങ്കാളിത്തമില്ല. സർവകലാശാലകളിലും സ്ഥിതി വ്യത്യസ്‌തമല്ല. വിദ്യാർഥികൾക്ക്‌ അവർ നേടുന്ന വിദ്യാഭ്യാസത്തെയും സൗ കര്യങ്ങളെയും വിലയിരുത്താനുമുള്ള സൗകര്യങ്ങളും കുറവാണ്‌. വിദ്യാർഥി സംഘടനകൾ വഴിയായി ലഭിക്കുന്ന അവസരങ്ങൾ മാത്രമാണ്‌ ഇപ്പോൾ നിലവിലുള്ളത്‌.

2. അടുത്തകാലത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പല പരിഷ്‌കാരങ്ങളും ജനാധിപത്യവൽക്കരണ പ്രവണതകൾക്ക്‌ എതിരാണ്‌. സർവകലാശാലാ ഭരണസമിതികളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ വേണ്ടെന്ന നിബന്ധന ഇന്ന്‌ ഏതാണ്ട്‌ അംഗീകരിക്കപ്പെടുന്നു. ക്യാമ്പസുകളിൽ വിദ്യാർഥി രാഷ്‌ട്രീയം വേണ്ടെന്ന വാദവും ശക്തമായുണ്ട്‌. സ്‌കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ഇപ്പോൾ തന്നെ ഇല്ലാതായിരിക്കുന്നു. കോളേജുകളിലെ തെരഞ്ഞെടുപ്പ്‌ വേണ്ടെന്നു വയ്‌ക്കാനുള്ള സമ്മർദവും ശക്തമാണ്‌. ക്യാമ്പസുകളിലെ വിദ്യാർഥി സംഘടനകൾ തമ്മിലുള്ള സംഘർഷങ്ങളും സർവകലാശാല ഭരണസമിതികളിലെ രാഷ്‌ട്രീയ വൈരങ്ങളും ഈ വാദങ്ങൾക്കനുകൂലമായ അഭിപ്രായ രൂപീകരണം നാട്ടിലുണ്ടാക്കിയിട്ടുണ്ട്‌. പക്ഷെ, ``രാഷ്‌ട്രീയ വിമുക്തമായ ക്യാമ്പസ്‌ എന്നത്‌ ജനാധിപത്യവൽക്കരണത്തെ തടയുന്നതിനും വിദ്യാർഥികളുടെ വിമർശനാത്മകമായ അവബോധത്തിന്റെ വളർച്ചയെ മുരടിപ്പിച്ച്‌ അവരെ സാമൂഹ്യ ഉപകരണങ്ങളാക്കുന്നതിനും വേണ്ടിയാണ്‌ ഇന്നുപയോഗിക്കുന്നത്‌. സ്വന്തം കുട്ടികളെ പദവി ചിഹ്നമായ തൊഴിലുകളിലെത്തിക്കുന്നതിനുള്ള മധ്യവർഗങ്ങളുടെ വെമ്പൽ ഈ സിദ്ധാന്തത്തെ ന്യായീകരിക്കുന്നു.

3. വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണത്തിന്റെ ഒരു പ്രധാന വശം ക്യാമ്പസിന്റെ ജനാധിപത്യവൽക്കരണമാണ്‌. ക്യാമ്പസ്സിൽ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന അക്കാദമിക്‌ സമൂഹം ക്യാമ്പസ്സിനുള്ളിലെ അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾ കൂട്ടായി നിയന്ത്രിക്കുന്നതിൽ നിന്ന്‌ ജനാധിപത്യവൽക്കരണമാരംഭിക്കുന്നു. കൂട്ടായ വിലയിരുത്തലിനും വിലപേശലിനും കൂട്ടായ പ്ലാനിംഗിനുമുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടത്‌ ആവശ്യമാണ്‌. കരിക്കുലം, സിലബസ്‌ രൂപീകരണം, ബോധനരൂപങ്ങൾ, മൂല്യനിർണയം, കലാപരിപാടികൾ, അധ്വാനരൂപങ്ങൾ. സാമൂഹ്യപ്രവർത്തനങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം ഈ കൂട്ടായ്‌മ വ്യാപിപ്പിക്കാം. ഇത്തരം പ്രവർത്തനങ്ങളിലെല്ലാം അഭിപ്രായവ്യത്യാസം ഉണ്ടാവുക സ്വാഭാവികമാണ്‌. അഭിപ്രായഭിന്നതകൾ വിശദമായി ചർച്ചചെയ്‌ത്‌ സമന്വയത്തിലെത്തുകയും ഭൂരിപക്ഷാഭിപ്രായമനുസരിച്ച്‌ തീരുമാനിക്കുകയും ചെയ്യാനുള്ള പരിശീലനം സ്‌കൂളുകളിൽ തന്നെ നൽകുന്നത്‌ ജനാധിപത്യബോധത്തിന്റെ വളർച്ചയുടെ ഭാഗമാണ്‌. ഈ ലക്ഷ്യം മുൻനിർത്തി സ്‌കൂൾ പാർലമെന്റുകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാം.

4. കോളേജ്‌-സർവകലാശാലാ വിദ്യാർഥികൾ പൂർണ പൗരന്മാരാണ്‌. അവരവർക്കു വേണ്ട വിദ്യാഭ്യാസമെന്തെന്നു തീരുമാനിക്കുന്നതിനും കോഴ്‌സുകൾ തെരഞ്ഞെടുക്കുന്നതിനുമുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്‌. കോഴ്‌സുകളുടെ ഘടന, ഉള്ളടക്കം, ബോധനരൂപങ്ങൾ, മൂല്യനിർണയം എന്നിവ തീരുമാനിക്കുന്നതിൽ അവർക്കുകൂടി പങ്കുണ്ടാവണം. ഫാക്കൽറ്റി/ഡിപ്പാർട്ട്‌മെന്റ്‌്‌ കൗൺസിലുകളിൽ വിദ്യാർഥി പ്രാതിനിധ്യം, സ്റ്റുഡന്റ്‌ ഫാക്കൽറ്റി കൗണ്‌സിലുകൾ, അധ്യാപകരുടെയും സ്ഥാപനങ്ങളുടെയും വിദ്യാർഥി മൂല്യ നിർണയം മുതലായവും കൂട്ടായ ക്യാമ്പസ്‌/സാമൂഹ്യപ്രവർത്തനങ്ങളും കോളേജ്‌ ക്യാമ്പസ്സുകളിലാവാം. കൂട്ടായ പ്രവർത്തനങ്ങളും അഭിപ്രായ സമന്വയവും ഉറപ്പുവരുത്താനുള്ള വേദികളാക്കി കോളേജ്‌ യൂനിയനുകൾ മാറണം. രാഷ്‌ട്രീയവും സാമൂഹ്യവുമായ അഭിപ്രായങ്ങൾ കോളേജ്‌ വിദ്യാർഥികൾക്കും അധ്യാപകർക്കും നിഷേധിക്കാനാവില്ല. സംഘടനാ സ്വാതന്ത്ര്യവും ആവശ്യമാണ്‌. പക്ഷേ, ക്യാമ്പസുളിൽ അഭിപ്രായസമന്വയങ്ങൾക്കുള്ള പൊതുവേദികളായി കോളേജ്‌ യൂണിയനുകൾ മാറണം. പൊതു ചർച്ചകളുടെ അടിസ്ഥാനത്തിൻ കോളേജുകളുടേയും സർവകലാശാലകളുടെയും പ്രവർത്തനത്തെ സംബന്ധിച്ച്‌ തീരുമാനങ്ങളെടുക്കുന്ന കീഴ്‌വഴക്കം സൃഷ്‌ടിക്കുകയാണ്‌ അനാവശ്യ വിവാദങ്ങളും സംഘർഷങ്ങളും ഒഴിവാക്കാനുള്ള ഫലപ്രദമായ മാർഗം.

5. ഭരണ സമിതികളുടെ ജനാധിപത്യവൽക്കരണവും അനിവാര്യമാണ്‌. സർവകലാശാലകളിലും കോളേജുകളുലും തെരഞ്ഞെടുക്കപ്പെട്ട സമിതികൾ ഒഴിവാക്കുന്നതുകൊണ്ട്‌ അവയുടെ പ്രവർത്തനം മെച്ചപ്പെട്ടതായി അനുഭവമില്ല. ഔപചാരിക പ്രാതിനിധ്യം കൊണ്ടുമാത്രം ഫലമില്ലെന്ന വാദം ശരിയാണ്‌. രാഷ്‌ട്രീയ പ്രതിനിധികൾക്കെതിരായ വിമർശനവുമുണ്ട്‌. പക്ഷെ, ഭരണസമിതികളിലെല്ലാം ഇപ്പോഴും ഭൂരിപക്ഷം അധ്യാപകർ തന്നെയാണ്‌. ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായ അവബോധം അവർക്കുമില്ലെന്നതു വസ്‌തുതയാണ്‌. അതു കൊണ്ട്‌ ഭരണസമിതികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള മാർഗം കൂടുതൽ വിശാലമായ അഭിപ്രായ സമന്വയത്തിനുള്ള സൗകര്യമൊരുക്കുകയും അതിന്റെ ഫലമായി ഉണ്ടാകുന്ന തീരുമാനങ്ങളുടെ നിർവഹണ സമിതികളായി ഭരണ സമിതികൾ പ്രവർത്തിക്കുക എന്നതാണ്‌.

6. ജനാധിപത്യ പരമായ കൂട്ടായ്‌മകളുടെ വികാസം വിഭാഗീയ പ്രവണതകളെ തടയാൻ ഒരു പരിധി വരെ സഹായിക്കും. നിലവിലുള്ള സാമൂഹ്യ രാഷ്‌ട്രീയ ഭിന്നതകളുടെയും സാമുദായിക പ്രവണതകളുടെയും പശ്ചാത്തലത്തിൽ ക്യാമ്പസ്‌ സംഘർഷങ്ങളെ പൂർണമായി ഒഴിവാക്കാൻ ഈ ശ്രമങ്ങൾ കൊണ്ട്‌ സാധിക്കണമെന്നില്ല. നിലവിലുള്ള സമൂഹത്തിന്റെ ഒരു പരിഛേദമാണ്‌ വിദ്യാലയങ്ങളും. എങ്കിലും സാമൂഹ്യനീതി, മതനിരപേക്ഷത, തുല്യത, ജനാധിപത്യബോധം എന്നിവയിലധിഷ്‌ഠിതമായ ഉള്ളടക്കം ഉൾക്കൊണ്ട്‌ വളർന്നു വരുന്ന തലമുറക്ക്‌ അവയോട്‌ പ്രായോഗികമായ പ്രതിബദ്ധത പുലർത്തേണ്ട ബാധ്യതയുണ്ട്‌. വിഭാഗീയ പ്രവണതകൾക്കെതിരായ സമ്മർദം വിദ്യാലയങ്ങൾക്കകത്തു നിന്നു വളർന്നു വരേണ്ടതാണ്‌. അതിനാവശ്യമായ പിന്തുണ മേൽസൂചിപ്പിച്ച ആശയങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന സമൂഹവിഭാഗങ്ങൾ നൽകേണ്ടതുമാണ്‌.

7. വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം വിദ്യാലയങ്ങളും സമൂഹവും തമ്മിലുള്ള ബന്ധമാണ്‌. പുതിയ തലമുറയ്‌ക്ക്‌ വിജ്ഞാനവും നൈപുണ്യവും പകരുന്നത്‌ വിദ്യാലയങ്ങളാണ്‌. സമൂഹത്തിന്റെ വിഭവ കേന്ദ്രങ്ങളായും വിദ്യാലയങ്ങൾക്കു പ്രവർത്തിക്കാൻ കഴിയും. സമൂഹത്തിനോട്‌ വിദ്യാലയങ്ങൾക്ക്‌ ബാധ്യതയുണ്ട്‌. സമൂഹത്തിന്‌ അവരുടെ കൈവശമുള്ള വൈദഗ്‌ദ്യവും വിഭവങ്ങളും സ്‌കൂളുകൾക്ക്‌ നൽകാൻ കഴിയും. സ്‌കൂളിന്റെ ഗുണഭോക്താക്കൾ അതു നിലനിൽക്കുന്ന സമൂഹമാണ്‌. അതനുസരിച്ചുള്ള പരസ്‌പര ബന്ധങ്ങൾ എല്ലാ വിദ്യാലയങ്ങൾക്കും ആവശ്യമാണ്‌. സ്വകാര്യ വിദ്യാലയങ്ങളും ഈ ബാധ്യത അംഗീകരിക്കേണ്ടതുണ്ട്‌. സ്വന്തം ഇഷ്‌ടാനിഷ്‌ടങ്ങൾ സമൂഹത്തിനു മേൽ അടിച്ചേൽപ്പിക്കുന്നതിനു പകരം സമൂഹത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുക സ്വകാര്യ മാനേജ്‌മെന്റുകളുടെ കടമയാണ്‌. ഇതിന്റെ ഭാഗമായി രക്ഷാകർതൃ സമിതികൾ, സ്‌കൂൾ സമിതികൾ, അയൽക്കൂട്ടങ്ങൾ തുടങ്ങിയവ പ്രവർത്തിക്കാം.

8. വിദ്യാലയവും സമൂഹവും തമ്മിലുള്ള ബന്ധം ഉറപ്പുവരുത്തുന്നതിനുള്ള ഏജൻസിയായി തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങൾ രൂപപ്പെടാം. ജനാധിപത്യപരമായ ചർച്ചകളിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയും വിദ്യാലയങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനുള്ള സാധ്യതയും പഞ്ചായത്ത്‌രാജ്‌ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ തെളിഞ്ഞു വരുന്നു. വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങളുടെ സാമൂഹ്യ മോണിറ്ററിംഗ്‌ നടത്തുന്നതു കൂടാതെ വിദ്യാലയങ്ങളിൽ ആവശ്യമായ സൗകര്യങ്ങളും വൈദഗ്‌ധ്യവും ഉറപ്പുവരുത്താനും ഈ സംവിധാനങ്ങൾക്കു സാധിക്കും.