വേണം മദ്യവിമുക്ത കേരളം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(മദ്യപാനം അന്തസ്സല്ല; അപമാനമാണ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേണം മദ്യവിമുക്ത കേരളം
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ, 2012

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

കേരളം നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളിൽ പ്രധാനമാണ്‌ മദ്യപാനവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും. സംസ്ഥാനം നേടിയെടുത്ത സാമൂഹിക നേട്ടങ്ങൾ പലതും ഇല്ലാതാക്കുന്ന ഒന്നായി മദ്യം മാറിയിരിക്കുന്നു. മദ്യപാനം സൃഷ്‌ടിക്കുന്ന ദുരിതങ്ങൾ കേരളത്തിലെ കുടുംബങ്ങളിലും സമൂഹത്തിലും സമ്പദ്‌ഘടനയിലും രാഷ്‌ട്രീയ രംഗത്തുമെല്ലാം കൂടിക്കൊണ്ടിരിക്കുകയാണ്‌. എന്നിട്ടുപോലും മദ്യത്തിനെതിരായുള്ള ജനകീയ ഇടപെടലുകൾ വളരെ പരിമിതമാണെന്ന്‌ മാത്രമല്ല മദ്യത്തിനുള്ള സാമൂഹിക അംഗീകാരം വർധിച്ചുവരികയുമാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ മദ്യത്തിനെതിരായ ഒരു ബോധവൽക്കരണ ക്യാമ്പയിന്‌ രൂപം നൽകിയിരിക്കുന്നത്‌. അതിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഈ ലഘുലേഖയിൽ രണ്ട്‌ കാര്യങ്ങൾക്കാണ്‌ ഊന്നൽ നൽകിയിട്ടുള്ളത്‌. മദ്യത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾക്കും അതിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങൾക്കും. ഇതോടൊപ്പം മദ്യവിപത്തിനെതിരെ എന്തൊക്കെ ചെയ്യണമെന്ന നിർദ്ദേശങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്‌.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌

ആമുഖം

ക്രമസമാധാന പരിപാലനത്തിന്‌ ചുമതലപ്പെട്ട ഒരു പോലീസുദ്യോഗസ്ഥൻ തീവണ്ടി യാത്രയ്‌ക്കിടയിൽ സ്വന്തം മകളുടെ പ്രായമുള്ള സഹയാത്രികയെ ഉപദ്രവിക്കാൻ ശ്രമിച്ചത്‌ സമീപകാലത്താണ്‌ വാർത്തയായത്‌. സ്വന്തം മകളോട്‌ തന്നെ അരുതായ്‌മകൾ പ്രകടിപ്പിച്ച അച്ഛന്മാരും ഈ കേരളത്തിൽ ജീവിച്ചിരിക്കുന്നു എന്ന്‌ നാം ഞെട്ടലോടെ അറിയുന്നു. ബാല്യം വിട്ടുമാറാത്ത പിഞ്ചു പെൺകുട്ടിയെ പീഡിപ്പിച്ചതിന്‌ശേഷം കൊന്നുതള്ളിയ അയൽപക്കത്തെ മധ്യവയസ്‌കന്റെ കഥയും നാം വായിച്ചറിഞ്ഞു. വിദ്യാർത്ഥിയായ മകൻ സ്വരൂപിച്ച സമ്പാദ്യം തട്ടിയെടുക്കാൻ അവന്റെ തലതന്നെ ചുമരിൽ തല്ലിച്ചതച്ചു കൊന്ന ഒരച്ഛന്റെ കഥയും കുറച്ചുനാൾ മുമ്പ്‌ നാം കേട്ടു. മക്കൾ മാതാപിതാക്കളെ, സഹോദരൻ സഹോദരനെ കൊല്ലാനും തല്ലാനും തയ്യാറാവുന്ന സംഭവങ്ങൾ ദിനംപ്രതി പുറത്തു വരുന്നു. നിഷ്‌ഠൂരമായ കൊലപാതകരീതിയിലൂടെ വ്യക്തിപരമായി യാതൊരു ശത്രുതയുമില്ലാത്തവരെ കൊന്നൊടുക്കാൻ തയ്യാറാവുന്ന ക്വട്ടേഷൻ സംഘങ്ങൾ ഇടക്കിടെ നമ്മെ പരിഭ്രാന്തരാക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ കേരളത്തിൽ പരിഷ്‌കൃത സമൂഹത്തിന്‌ ചിന്തിക്കാൻ പോലും കഴിയാത്ത നീചകൃത്യങ്ങൾ ചെയ്യാൻ തയ്യാറാവുന്ന മനുഷ്യമൃഗങ്ങൾ വർധിച്ചു വരാൻ കാരണമെന്താണ്‌ ? ചിന്താശേഷിയും വിവേചനബുദ്ധിയും നശിപ്പിക്കുന്ന മദ്യമാണ്‌ ഇവിടെയെല്ലാം പ്രധാന വില്ലൻ.

ശരാശരി ഇന്ത്യക്കാരനെക്കാൾ മലയാളി പത്തുവർഷം കൂടുതൽ ജീവിക്കുമെന്നത്‌ കേരളത്തിന്റെ ഒരു പ്രധാന നേട്ടമായി നാം ചൂണ്ടിക്കാട്ടാറുണ്ട്‌. മെച്ചപ്പെട്ട ആരോഗ്യശീലവും വിപുലമായ ആരോഗ്യ പരിപാലന സംവിധാനവുമാണ്‌ ആ നേട്ടത്തിന്‌ നമ്മെ സഹായിച്ചത്‌. എന്നാൽ ചെറുപ്രായത്തിൽ തന്നെ സർഗ്ഗസമ്പന്നരായ പലരും നമ്മെ വിട്ടു പോകുന്നു. അവരിൽ പലരെയും മരണത്തിലേക്ക്‌ തള്ളിയത്‌ കരൾ രോഗമാണ്‌ എന്നു കൂടി നാം അറിയുന്നു. ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു എന്നതാണ്‌ സമീപകാല കേരളത്തിന്റെ സവിശേഷതകളിലൊന്ന്‌. റോഡപകടങ്ങളിൽ നാം അതിവേഗം മുന്നേറുകയാണ്‌. വർഷത്തിൽ നാല്‌പതിനായിരത്തിലേറെ അപകടങ്ങൾ കേരളത്തിലെ റോഡുകളിൽ സംഭവിക്കുന്നു. അവയിലൂടെ നിരവധി ജീവിതങ്ങൾ നമുക്ക്‌ നഷ്‌ടമാകുന്നു. ഇങ്ങനെ മരിക്കുന്നവരിൽ കാൽനടക്കാരും ട്രാഫിക്‌ നിയമങ്ങൾ കൃത്യതയോടെ പാലിച്ച്‌ വാഹനമോടിക്കുന്നവരുമെല്ലാമുണ്ട്‌. രോഗത്തിലൂടെ, ആത്മഹത്യയിലൂടെ, അപകടത്തിലൂടെ മലയാളികളുടെ ജീവൻ അകാലത്തിൽ തട്ടിയെടുക്കുന്നതിൽ ഒരു പ്രധാന നിമിത്തമാകുന്നത്‌ ഇന്ന്‌ മദ്യമാണ്‌.

ഭാര്യയും ഭർത്താവും ജോലിക്കു പോയിട്ടും പല കുടുംബവും കടബാധ്യതയിലേക്ക്‌ വലിച്ചെറിയപ്പെടുകയാണ്‌. കിട്ടിയ പണം ജോലിസ്ഥലത്തു നിന്ന്‌ വീട്ടിലെത്തുന്നതിനിടയിൽത്തന്നെ നഷ്‌ടപ്പെടുത്തുന്ന ഭർത്താവിന്റെ രോഗചികിത്സയ്‌ക്കായി സ്വന്തം അധ്വാനഫലവും കുടുംബസ്വത്തും വിനിയോഗിക്കേണ്ടിവരുന്ന ഹതഭാഗ്യകളുടെ എണ്ണം കേരളത്തിൽ ഏറെയാണ്‌. കേരളത്തിൽ വർദ്ധിച്ചു വരുന്ന ഗാർഹിക പീഡനങ്ങളും വിവാഹമോചനവുമെല്ലാം പൊതുവിൽ ചർച്ചചെയ്യപ്പെടുന്ന വസ്‌തുതകളാണ്‌. മദ്യപാനമല്ലാതെ മറ്റൊന്നുമല്ല ഇക്കാര്യങ്ങളിലും പ്രധാന വില്ലൻ.

രാഷ്‌ട്രീയ പ്രബുദ്ധതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നാടായാണ്‌ കേരളത്തെ വിശേഷിപ്പിക്കാറുള്ളത്‌. യൗവനം ആരംഭിക്കുന്നതിനു മുമ്പ്‌ തന്നെ രാഷ്‌ട്രീയബോധം ഉറയ്‌ക്കുന്ന വിദ്യാർത്ഥികൾ കേരളത്തിന്റെ പ്രത്യേകതയായി കണ്ടിരുന്നു. വിദ്യാർത്ഥിസംഘടനകളുടെ പ്രവർത്തനം മാത്രമല്ല, നമ്മുടെ ഗ്രാമീണവായനശാലകളും സാംസ്‌കാരികകേന്ദ്രങ്ങളുമെല്ലാം യുവാക്കളുടെയിടയിൽ രാഷ്‌ട്രീയ ബോധം പ്രസരിപ്പിക്കുന്നതിൽ വലിയ പങ്കാണ്‌ വഹിച്ചത്‌. എന്നാൽ ഇന്നത്തെ യൗവനത്തിന്റെ പ്രത്യേകത അരാഷ്‌ട്രീയതയാണ്‌. രാഷ്‌ട്രീയം പുറമെ പ്രകടിപ്പിക്കുന്നവരിൽ പോലും ഉള്ളത്‌ കാഴ്‌ചപ്പാടിന്റെ അഭാവത്താൽ ഉള്ള്‌ പൊള്ളയായ, പ്രകടനപരതയിലൂന്നിയ രാഷ്‌ട്രീയമാണ്‌. വായനശാലയിലെയും സാംസ്‌കാരികസ്ഥാപനത്തിലെയും കൂട്ടായ്‌മകൾക്കും ആദർശാത്മക നിലപാടുകളുടെ പേരിലുള്ള ആവേശത്തിനും പകരം മിക്കവരെയും ഹരം കൊള്ളിക്കുന്നത്‌ ആളൊഴിഞ്ഞ വീടുകളുടെ വരാന്തകളിലും പ്രത്യേകം തയ്യാറാക്കിയ വഴിയോര പന്തലുകളിലുമുള്ള സൊറപറച്ചിലും മദ്യലഹരിയുമാണ്‌.

വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മാത്രമല്ല കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും സ്വസ്ഥതയെയും മദ്യം അപകടത്തിലാക്കുന്നു. സാമൂഹികതിന്മകൾ വളർത്തിയെടുക്കുന്നു. രാഷ്‌ട്രീയമായി ഒരു ജനതയെ നിഷ്‌ക്രിയരാക്കുന്നു. ഇന്ന്‌ ഈ പ്രശ്‌നങ്ങളെല്ലാം കേരളത്തിൽ കൂടി വരികയാണ്‌ ; വർദ്ധിച്ചു വരുന്ന മദ്യാസക്തിക്ക്‌ ആനുപാതികമായിത്തന്നെ. ഈ നിരീക്ഷണത്തിന്‌ സാധുത പകരുന്നതാണ്‌ കേരളത്തിലെ മദ്യപാനം സംബന്ധിച്ച്‌ ലഭ്യമായ കണക്കുകൾ.

മദ്യപരുടെ സ്വന്തം നാടോ ?

ഇന്ന്‌ രാജ്യത്ത്‌ ഏറ്റവുമധികം മദ്യം വാങ്ങിക്കുടിക്കുന്നത്‌ കേരളത്തിലാണ്‌. മൊത്തം ജനസംഖ്യയുടെ 3 ശതമാനം മാത്രമുള്ള കേരളത്തിൽ ആണ്‌ രാജ്യത്തെ മൊത്തം മദ്യവില്‌പനയുടെ 16 ശതമാനവും നടക്കുന്നത്‌. ഇക്കാര്യത്തിൽ പരമ്പരാഗതമായി കടുത്ത മദ്യപാന ശീലമുള്ള പഞ്ചാബിനെയും ഹരിയാനയെയും നാം കടത്തി വെട്ടിയിരിക്കുന്നു. കണക്കുകൾ സൂചിപ്പിക്കുന്നത്‌ ശരാശരി 11 ലിറ്റർ മദ്യം ഒരു വർഷം കേരളീയർ അകത്താക്കുന്നു എന്നാണ്‌. ഇതിൽ ഏഴു ലിറ്ററും വീര്യം കൂടിയ ഇന്ത്യൻനിർമ്മിത വിദേശമദ്യമാണ്‌. സാധാരണഗതിയിൽ മദ്യപാനശീലമില്ലാത്ത സ്‌ത്രീകളെയും കുട്ടികളെയും മദ്യപന്മാരല്ലാത്ത പുരുഷന്മാരെയും കൂടി പരിഗണിച്ചാണ്‌ ഈ ശരാശരി കണക്കിൽ എത്തിയിരിക്കുന്നത്‌. അപ്പോൾ കേരളത്തിലെ മദ്യപാനികളുടെ മദ്യ ഉപഭോഗത്തിന്റെ ശരാശരി ഇതിന്റെ അഞ്ച്‌ മടങ്ങെങ്കിലും വരും. 2011-12ൽ ബിവറേജസ്‌ കോർപ്പറേഷൻ വഴി വിറ്റഴിച്ച മദ്യത്തിന്റെ അളവ്‌ 7860 കോടി രൂപയുടേതാണ്‌. തൊട്ടുമുൻവർഷങ്ങളിൽ 6730 കോടി, 5538 കോടി എന്നിങ്ങനെയാണ്‌. 2005-06ൽ ഇത്‌ 2056 കോടിയായിരുന്നു. അതായത്‌ ആറ്‌ വർഷത്തിനിടയിൽ നാലിരട്ടിയോടടുത്ത വർദ്ധനവ്‌. 1987-88 വർഷത്തിൽ മദ്യവില്‌പനയിലൂടെ ബിവറേജസ്‌ കോർപ്പറേഷൻ നേടിയത്‌ കേവലം 81.42 കോടി രൂപ മാത്രമായിരുന്നു. 2010ൽ 188 ലക്ഷം മദ്യപ്പെട്ടികളാണ്‌ വിറ്റത്‌. 2000ൽ അത്‌ 64.34 ലക്ഷം മാത്രമായിരുന്നു. മദ്യത്തിന്റെ വർദ്ധിച്ച ഉപഭോഗം വ്യക്തമാക്കാൻ ബിവറേജസ്‌ കോർപ്പറേഷൻ നടത്തിയ മദ്യവിൽപനയുടെ കണക്കുകൾ ചുവടെ ചേർക്കുന്നു.

ബിവറേജസ്‌ കോർപ്പറേഷൻ വഴിയുളള മദ്യവിൽപനയുടെ കണക്ക്‌ വിൽപന ലക്ഷം കെയ്‌സുകളിൽ വിൽപന കോടിരൂപയിൽ വർഷം IMFL BEER ആകെ 84-85 9.34 5.05 55.46 89-90 14.66 5.24 117.41 94-95 24.61 26.79 353.91 99-00 64.34 25.17 1184.65 04-05 108.92 37.98 2320.15 09-10 188.03 85.19 5538.90


കേരളത്തിലെ മദ്യപാനികളിൽ ഏറെയും 35 വയസ്സിൽ താഴെയുള്ളവരാണ്‌. മദ്യപാനികളിൽ ഭൂരിപക്ഷവും പ്ലസ്‌ടു കാലഘട്ടത്തിൽ തന്നെ മദ്യപാനശീലം തുടങ്ങിയവരാണത്രേ. മദ്യം കഴിച്ചുതുടങ്ങുന്ന പ്രായം പത്ത്‌ വർഷം മുമ്പ്‌ 17 വയസ്സായിരുന്നെങ്കിൽ ഇന്നത്‌ 12 വയസ്സിലേക്കെത്തി എന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്‌. യുവമദ്യപാനികളിൽ 42% കടുത്ത മദ്യപാനികളാണത്രെ. അതായത്‌ 180 മി.ലി മദ്യത്തിൽ കൂടുതൽ ഒറ്റയിരിപ്പിന്‌ അകത്താക്കുന്നവർ. കടുത്ത മദ്യപാനികളിൽ ഏറെപ്പേരും രാവിലെ മുതൽ തന്നെ മദ്യം കഴിച്ചുതുടങ്ങുന്നവരാണ്‌. തികച്ചും അസാധാരണമായ പ്രവൃത്തിയായാണ്‌ ഇതിനെ ആരോഗ്യശാസ്‌ത്രജ്ഞർ വിശേഷിപ്പിക്കാറുള്ളത്‌. മദ്യം വ്യക്തിയെ വിഴുങ്ങുന്നതിന്റെ തുടക്കമാണിത്‌.

കേരളത്തിലെ മൊത്തം മദ്യപാനികളിൽ 58%വും കടുത്ത തോതിൽ മദ്യം കഴിക്കുന്നവരാണ്‌. ഇവരിലേറെയും ദിവസക്കൂലിക്കാരായ തൊഴിലാളികളും വിദ്യാർത്ഥികളുമാണ്‌ (യഥാക്രമം 30%വും 27%വും). മിതമായ തോതിൽ മദ്യം കഴിക്കുന്നവർ 41% ആണ്‌. ആഴ്‌ചയിൽ എല്ലാ ദിവസവും മദ്യം കഴിക്കുന്നവർ 34% ആണ്‌. 3 ദിവസം മുതൽ 5 ദിവസം വരെ മദ്യപിക്കുന്നവർ 23% വരും. മദ്യം കഴിക്കുന്നതിൽ സാമൂഹികമോ സാംസ്‌കാരികമോ ആയ തെറ്റ്‌ കാണാത്തവരാണ്‌ മദ്യപാനികളിൽ 83%വും. മദ്യപാനം ബാറുകളിൽ പോയി നടത്തുന്നവർ 40% ആണ്‌. 35% പേരും പൊതുസ്ഥലങ്ങളിൽ/നിരത്തുകളിൽ മദ്യപിക്കുന്നവരാണ്‌ എന്നതാണ്‌ ശ്രദ്ധേയമായ വസ്‌തുത. 13% പേർ വീട്ടിൽ വെച്ച്‌ തന്നെ മദ്യപിക്കാറുണ്ടത്രെ.

ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം കേരളത്തിലെ 15-49 പ്രായമുള്ള പുരുഷന്മാരിൽ 45% മദ്യപാനികളാണ്‌. ഇന്ത്യൻ ശരാശരി ഇത്‌ 31.9% മാത്രമാണ്‌. കേരളത്തിലെ ഗ്രാമീണരായ പുരുഷന്മാരിൽ 38%വും നഗരങ്ങളിലെ പുരുഷന്മാരിൽ 29.4%വും മദ്യപാനികളാണ്‌. ഇന്ത്യയിൽ ഈ കണക്ക്‌ യഥാക്രമം 28%വും 22.2%വും ആണ്‌ (ഡെക്കാൺ ക്രോണിക്കിൾ ജൂലായ്‌ 27, 2011).

ഓണം, ക്രിസ്‌തുമസ്‌, ന്യൂഇയർ തുടങ്ങിയ വിശേഷദിവസങ്ങളിലും ഹർത്താൽ ദിനങ്ങളുടെ തലേന്നുമാണ്‌ മദ്യവില്‌പന കേരളത്തിൽ പൊടിപൊടിക്കുന്നത്‌. 2009, 2010, 2011 വർഷങ്ങളിൽ ഓണനാളുകളിലെ മദ്യവില്‌പന യഥാക്രമം 132 കോടി, 156 കോടി, 236 കോടി എന്നിങ്ങനെയാണ്‌.

കേരളം മദ്യത്തിൽ എത്രത്തോളം മുങ്ങിത്താണു എന്ന്‌്‌ സൂചിപ്പിക്കാനാണ്‌ ഈ കണക്കുകൾ നൽകിയത്‌. കണക്കുകളെല്ലാം അംഗീകൃതമായി ബിവറേജസ്‌ കോർപ്പറേഷൻ വഴി വിൽക്കപ്പെടുന്ന മദ്യത്തിന്റേതാണ്‌. കോഴിക്കോട്‌, കണ്ണൂർ ജില്ലകളിൽപെട്ടവർ മാഹി പ്രദേശത്തു നിന്ന്‌ വാങ്ങുന്ന മദ്യവും, നാട്ടിൽ പരക്കെ വിൽക്കപ്പെടുന്ന അനധികൃത മദ്യവും, കള്ള്‌ഷാപ്പുകളുടെ വിറ്റുവരവുമൊന്നും ഈ കണക്കിൽ പെടുന്നില്ല. അവ കൂടി കണക്കാക്കുമ്പോഴാണ്‌ കേരളീയർ മദ്യത്തിൽ എത്രത്തോളം മുങ്ങി എന്ന വസ്‌തുത പിടികിട്ടുകയുള്ളൂ.

മദ്യത്തിന്റെ ശാസ്‌ത്രവും ആരോഗ്യ പ്രത്യാഘാതവും

പൗരാണിക കാലംമുതൽതന്നെ മനുഷ്യൻ മദ്യം ഉപയോഗിച്ചിരുന്നു. 10000 വർഷം മുമ്പ്‌ തന്നെ നാം മദ്യം ഉണ്ടാക്കാൻ പഠിച്ചിട്ടുണ്ട്‌. ആദ്യത്തെ രാസവ്യവസായം എന്ന്‌ പോലും ഇതിനെ വിശേഷിപ്പിക്കാം. മഹാഭാരതം, രാമായണം, ബൈബിൾ എന്നിവയിലെല്ലാം മദ്യപാനത്തെക്കുറിച്ചുള്ള വിവരണങ്ങൾ ഉണ്ട്‌. 5000 വർഷം മുമ്പ്‌ തന്നെ വൈൻ യാർഡുകൾ ഉണ്ടായിരുന്നു. 2000 വർഷം മുമ്പ്‌ ബാബിലോണിയയിലെ ഹമ്മുറബി എന്ന രാജാവ്‌ മദ്യത്തിന്റെ സൂക്ഷിപ്പും വിൽപ്പനയുമായി ബന്ധപ്പെട്ട നിയമങ്ങൾ പോലും ഉണ്ടാക്കിയിരുന്നു.

പഞ്ചസാരലായനിയിൽ ഈസ്റ്റ്‌ ചേർത്ത്‌ ഫെർമെന്റേഷൻ എന്ന രാസപ്രക്രിയയിലൂടെയാണ്‌ ഈതൈൽ ആൽക്കഹോൾ ഉണ്ടാക്കുന്നത്‌. മദ്യത്തിന്‌ വിവിധ പേരുകൾ ഉണ്ടെങ്കിലും എല്ലാത്തിന്റെയും പ്രധാനഘടകം ഈതൈൽ ആൽക്കഹോൾ ആണ്‌. വീര്യം, മണം, രുചി എന്നിവയിലേ വ്യത്യാസമുള്ളൂ. ശരീരത്തിലുണ്ടാക്കുന്ന ഫലം ഒന്നുതന്നെയാണ്‌.


വിപണിയിലുള്ള മദ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവ്‌ റം, വോഡ്‌ക 50-60% വിസ്‌കി, ബ്രാണ്ടി, ജിൻ 40-45% ചാരായം 30-35% വൈൻ, ഷാംപെയിൻ 6-12% ബിയർ 4-6% കള്ള്‌ 4%

12 ഔൺസ്‌ കള്ള്‌/ബിയർ, 4-5 ഔൺസ്‌ വീഞ്ഞ്‌, 1 ഔൺസ്‌ വിദേശമദ്യം എന്നിവയിൽ അടങ്ങിയിരിക്കുന്ന മദ്യത്തിന്റെ അളവ്‌ ഏകദേശം തുല്യമാണ്‌. അതായത്‌ 1/2 കുപ്പി കള്ള്‌/ബിയർ കുടിക്കുന്നതും, 1/2 പെഗ്‌ വിസ്‌കി/ബ്രാണ്ടി കുടിക്കുന്നതും ഒരുപോലെയാണ്‌. അകത്ത്‌ ചെല്ലുന്ന ചാരായത്തിന്റെ അളവിൽ വ്യത്യാസമില്ല.

ഈതൈൽ ആൽക്കഹോൾ (മദ്യം) അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവിടങ്ങളിൽവച്ചെല്ലാം ശരീരത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെടുന്നു. മദ്യം, ആൽക്കഹോൾ ഡിഹൈഡ്രോജനേസ്‌ എന്ന എൻസൈം ഉപയോഗിച്ച്‌ അസറ്റാൽഡിഹൈഡ്‌ എന്ന വിഷമായി മാറുന്നു. ഈ അസറ്റാൽഡിഹൈഡ്‌ ആണ്‌ ശരീരത്തിന്‌ എല്ലാ ദോഷങ്ങളും ഉണ്ടാക്കുന്നത്‌. കരളുല്‌പാദിപ്പിക്കുന്ന അസറ്റാൽഡിഹൈഡ്‌ ഡിഹൈഡ്രൊജനേസ്‌ എന്ന എൻസൈം മൂലം അസറ്റാൽഡിഹൈഡ്‌, അസറ്റേറ്റ്‌ ആയി മാറുന്നു. ഇത്‌ ശരീരത്തിന്‌ ദോഷമുള്ളതല്ല. തുടർന്നുള്ള രാസപ്രക്രിയകളിലൂടെ ഒരു ഗ്രാം മദ്യത്തിൽനിന്ന്‌ ഏകദേശം 7 കി.കലോറി ഊർജം ഉല്‌പാദിപ്പിക്കപ്പെടും. പക്ഷെ ഈ പ്രക്രിയയിലൂടെ ഒരൗൺസ്‌ മദ്യം നിർവീര്യമാക്കാൻ ശരീരത്തിന്‌ ചുരുങ്ങിയത്‌ 3 മണിക്കൂർ സമയം വേണ്ടിവരും. അതുകൊണ്ടാണ്‌ ഇന്ന്‌ കഴിച്ച മദ്യത്തിന്റെ ലഹരി അടുത്ത ദിവസവും മാറാതെ നിൽക്കുന്നത്‌. എന്നാൽ യൂറോപ്പിൽ നിന്ന്‌ വ്യത്യസ്‌തമായി കൊക്കേഷ്യൻസ്‌ എന്ന വിഭാഗത്തിൽപ്പെട്ട ഏഷ്യൻ വംശജരായ ഇന്ത്യക്കാരിൽ 50% പേർക്കും കരളിൽ ALDH എന്ന എൻസൈം ഇല്ല. തന്മൂലം അസറ്റാൽഡിഹൈഡ്‌ കൂടിയ അളവിൽ കുറേസമയം രക്തത്തിൽ കെട്ടിക്കിടക്കുകയും, വളരെയധികം ദോഷങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതാണ്‌ ലിവർ സിറോസിസ്‌ എന്ന കരൾവീക്കം, വെള്ളക്കാരെക്കാൾ ഇന്ത്യക്കാരിൽ ഉണ്ടാകാൻ കാരണം. മാത്രമല്ല നമ്മുടെ മദ്യപാനശീലത്തിലും വ്യത്യാസമുണ്ട്‌. വെള്ളക്കാർ ഭൂരിഭാഗവും അല്‌പംമാത്രം മദ്യം വളരെയധികം സമയമെടുത്ത്‌ സാവകാശം കുടിക്കുമ്പോൾ നാം കണ്ണടച്ച്‌ ഒറ്റവലിക്ക്‌ കൂടിയ അളവിൽ മദ്യം കുടിക്കുന്നവരാണ്‌. വെറുതെ കിട്ടുന്നതാണെങ്കിൽ വയർനിറച്ചു കുടിക്കുന്ന ശീലവുമുണ്ട്‌.

വൈപ്പിൻ മദ്യദുരന്തംപോലുള്ള സംഭവങ്ങൾക്ക്‌ കാരണം ഈതൈൽ ആൽക്കഹോളിൽ (എത്തനോൾ), മെത്തനോൾ എന്ന മീതൈൽ ആൽക്കഹോൾ ചേർക്കുന്നതാണ്‌. ഇത്‌ അതിമാരകമായ ഫോർമിക്‌ ആസിഡ്‌ ആയി മാറുന്നതോടെ മരണം സംഭവിക്കാം.

മദ്യം കരളിന്‌ കേടുവരുത്തുന്നു എന്ന്‌ മാത്രമാണ്‌ പൊതുവെ എല്ലാവരുടെയും ധാരണ. എന്നാൽ മദ്യം ശരീരത്തിലെ ഒരവയവത്തെയും വെറുതെ വിടുന്നില്ല എന്നതാണ്‌ യാഥാർത്ഥ്യം. അന്നനാളം മുതൽ ആമാശയം വരെയുള്ള ദഹനവ്യൂഹം, പാൻക്രിയാസ്‌, തലച്ചോറ്‌, ഹൃദയം, എല്ലുകൾ, സന്ധികൾ, ത്വക്ക്‌, പ്രത്യുല്‌പാദന അവയവങ്ങൾ തുടങ്ങി എല്ലാ അവയവങ്ങളെയും മദ്യം പ്രതികൂലമായി ബാധിക്കുന്നു.

മദ്യത്തെ വിഘടിപ്പിക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ ഡിഹൈഡ്രോജനേസ്‌ തുടങ്ങിയ എൻസൈമുകൾ, വിഘടനശേഷം ഉണ്ടാകുന്ന അസറ്റാൽഡിഹൈഡ്‌, ലാക്‌റ്റിക്‌ ആസിഡ്‌ എന്നിവയാണ്‌ ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും കാരണം. അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവിടങ്ങളിലെല്ലാം കാൻസറിന്‌ മദ്യം കാരണമാകുന്നു. ഉപ്പിട്ടുണക്കിയ മത്സ്യം, പുകയേറ്റി ഉണക്കിയ മാംസം, കൊല്ലമുളകു ചേർത്ത അച്ചാറുകൾ എന്നിവയും ആമാശയ കാൻസറിന്‌ കാരണമാകാം. മദ്യപാനികൾ ഇത്തരം ഭക്ഷണങ്ങളും അച്ചാറുകളും ധാരാളം ഉപയോഗിക്കാനുള്ള സാധ്യതയുള്ളതുകൊണ്ട്‌ രോഗവും കൂടുന്നു.

കരളിൽ ഉണ്ടാകുന്ന അസറ്റാൽഡിഹൈഡ്‌, ലാക്‌റ്റിക്‌ അമ്ലം എന്നിവ ഓക്‌സിജന്റെ അളവ്‌ കുറയ്‌ക്കുന്നു. കൊഴുപ്പമ്ലങ്ങളുടെ ഓക്‌സീകരണത്തെ തടയുന്നതുമൂലം കൊഴുപ്പ്‌, കരളിൽ കെട്ടിക്കിടന്ന്‌ ഫാറ്റിലിവറിന്‌ (കരൾ ദുർമേദസ്സിന്‌) കാരണമാകുന്നു. ഇത്‌ കരൾ കോശങ്ങളുടെ സ്വാഭാവികമായ പ്രവർത്തനങ്ങളെ തടയുകയും, കരൾ കോശങ്ങൾ ജീർണിച്ച്‌ ലിവർ സിറോസിസ്‌ എന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു. ഇത്‌ കരൾവീക്കത്തിന്‌ (Alcoholic hepatitis) കാരണമാകും. ക്രമേണ കരളിൽ, പ്രോട്ടീൻ ദഹനരസങ്ങളുടെ നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിലയ്‌ക്കുന്നതോടെ ശരീരത്തിലും വയറിലും നീരുവരുന്നതാണ്‌ മഹോദരം. 20-30 ലക്ഷത്തോളം രൂപമുടക്കി കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയല്ലാതെ പൂർണസുഖം പ്രാപിക്കാവുന്ന ചികിത്സകൾ ഇല്ല. തുടക്കത്തിൽതന്നെ മദ്യപാനം നിറുത്തിയാൽ കരൾ ദുർമേദസ്‌ കുറയുന്നതിന്‌ ഇടയാകുമെങ്കിലും സിറോസിസ്‌ പൂർണമായി മാറണമെന്നില്ല.

കരളിലേയ്‌ക്കുള്ള രക്തക്കുഴലിൽ സമ്മർദ്ദമേറുന്നതിനും അവ വീർക്കുന്നതിനും സിറോസിസ്‌ ഇടയാക്കും. അന്നനാളം, ആമാശയം, മലാശയം എന്നിവിടങ്ങളിൽ ഇത്തരം രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവമുണ്ടാകാനും, മരണം സംഭവിക്കാനും കാരണമാകും. മാത്രമല്ല, ഇത്തരം കുഴലുകൾ മറ്റ്‌ രക്തലോമികകളുമായി കൂടിച്ചേർന്നാൽ വിഷാംശങ്ങൾ പലതും കരളിൽ എത്താതെ ശരീരത്തിൽ വ്യാപിക്കാനും നിർവീര്യമാക്കപ്പെടാതിരിക്കാനും സാധ്യതയേറും.

മദ്യപാനംമൂലമുള്ള പോഷകാഹാരക്കുറവിന്റെ കൂടെ കരൾനാശം മൂലമുള്ള ദഹനക്കേടും കൂടിയാകുമ്പോൾ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കുറവനുഭവപ്പെടുന്നു. ഇത്‌ നാഡികൾ, മാംസപേശികൾ, എല്ലുകൾ, പല്ലുകൾ എന്നിവ ക്ഷയിക്കുന്നതിന്‌ ഇടയാക്കും. മസ്‌തിഷ്‌കം ഉൾപ്പെടെയുള്ള നാഡീകോശങ്ങളുടെ നാശം രക്തസമ്മർദ്ദം, ഓർമ്മക്കുറവ്‌, വിറയൽ, ചലനവൈകല്യങ്ങൾ, പക്ഷാഘാതം, കാഴ്‌ച്ചക്കുറവ്‌ തുടങ്ങി അനേകം പ്രശ്‌നങ്ങൾക്ക്‌ ഇടയാക്കും. സിറോട്ടോണിൻ, ഗാബ തുടങ്ങി നാഡീപ്രേഷകങ്ങളുടെ ഉല്‌പാദനത്തെ ബാധിക്കുന്നതോടെ ഉറക്കം, ആത്മവിശ്വാസം, സന്തോഷം, സംതൃപ്‌തി എന്നിവ നഷ്‌ടപ്പെട്ട്‌, സ്വയം നിയന്ത്രണമില്ലാത്ത തരത്തിൽ, സ്വഭാവത്തിൽ തന്നെ മാറ്റം വരുന്നു. ഇവ മദ്യം നിറുത്തിയാലും പൂർണമായി പരിഹരിക്കണമെന്നില്ല. അതുകൊണ്ട്‌ ദീർഘകാലമദ്യപാനം വ്യക്തിയുടെ നാശത്തിലേക്ക്‌ തന്നെ നയിക്കുന്നു.

മദ്യപാനികളിൽ 61 ശതമാനം പേർ പ്രമേഹരോഗികളും, 31 ശതമാനം പേർ രക്തസമ്മർദ്ദവുമുള്ളവരാണ്‌. ഉയർന്ന രക്തസമ്മർദ്ദവും, ഹൃദയപേശികൾക്ക്‌ ഏൽക്കുന്ന ക്ഷതവും ഹൃദ്രോഗങ്ങൾക്കും, ഹൃദയസ്‌തംഭനത്തിനും ഇടയാക്കുന്നു. കരൾകോശങ്ങളുടെ നാശവും, ഉയർന്ന രക്തസമ്മർദ്ദവും, വൃക്കകളിലേയ്‌ക്കുള്ള രക്തപ്രവാഹത്തെ പ്രതികൂലമായി ബാധിക്കുകയും, വൃക്കസംബന്ധമായ രോഗങ്ങൾ ഉണ്ടാകാൻ ഇടയാകുകയും ചെയ്യുന്നു. സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്‌ട്രൊളൈറ്റുകളുടെ അനുപാതത്തിൽ മാറ്റം വരികയും, ഹൃദയം, നാഡീവ്യൂഹം എന്നിവയുടെ പ്രവർത്തനം തകരാറിലാകുകയും ചെയ്യും. പ്രമേഹരോഗികളിൽ മദ്യം പ്രമേഹത്തെ വർദ്ധിപ്പിക്കുന്നതായാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്നത്‌. പ്രമേഹം മൂലം ഷണ്ഡത്വം തന്നെ ഉണ്ടാകാമെന്നിരിക്കെ, പ്രമേഹരോഗി മദ്യപാനി കൂടിയാണെങ്കിൽ ഈ സാധ്യത പതിന്മടങ്ങ്‌ വർദ്ധിക്കുന്നു.

നാഡീവ്യൂഹവും ഹോർമോണുകളും ചേർന്നാണ്‌ ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്‌. അന്ത:സ്രാവിഗ്രന്ഥികളുടെ ഹോർമോൺ ഉല്‌പാദനത്തെ മദ്യം തകിടം മറിക്കുന്നു. ഇത്‌ ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളായ നിർമ്മാണപ്രക്രിയകൾ, വളർച്ച, ഊർജലഭ്യത, ഊർജശേഖരണം, രോഗപ്രതിരോധ സന്നാഹങ്ങൾ, അസ്ഥികളുടെയും മാംസപേശികളുടെയും പ്രവർത്തനങ്ങൾ, ശരീരദ്രവങ്ങളുടെ രാസഭൗതിക സന്തുലിതാവസ്ഥ എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നു. ഇതോടെ ഹൈപ്പോതലാമസ്‌,പിറ്റിയൂറ്ററി, തയ്‌റോയ്‌ഡ്‌, പാരാതൈറോയ്‌ഡ്‌, അഡ്രിനൽ, പാൻക്രിയാസ്‌ പ്രത്യുല്‌പാദനഗ്രന്ഥികൾ എന്നിവയുടെ പ്രവർത്തനം അവതാളത്തിലാകുന്നു. മദ്യപാനം തുടക്കത്തിൽ ലൈംഗിക ഉത്തേജനം നൽകുമെങ്കിലും അമിതമദ്യപാനം മൂലം ഉണ്ടാകുന്ന കരൾനാശവും, അന്ത:സ്രാവിഗ്രന്ഥികളുടെ നാശവും ചേർന്ന്‌ ലൈംഗിക ഹോർമോണുകളുടെ ഉല്‌പാദനം കുറയുന്നതോടെ ലൈംഗികശേഷിയും പ്രത്യുല്‌പാദനശേഷിയും കുറയുന്നു.

തലച്ചോറിന്റെ ബാഹ്യഭാഗം മന്ദീഭവിക്കുന്നതുമൂലം സ്വയം നിയന്ത്രണം നഷ്‌ടപ്പെടുന്നു. സാമൂഹികവിലക്കുകൾ മറികടന്ന്‌ മാന്യമല്ലാത്ത രീതിയിൽ പരിസരബോധമില്ലാതെ ലൈംഗിക ചുവകലർന്ന നോട്ടത്തിനും, സംഭാഷണത്തിനും, പെരുമാറ്റത്തിനും മദ്യം കാരണമാകുന്നു. നാഡീനിയന്ത്രണങ്ങളും ഏകോപനവും തകിടം മറിയുന്നതുവഴി ലൈംഗികബന്ധം തൃപ്‌തികരമായി പൂർത്തിയാക്കാൻ കഴിയാതെ വരുന്നു. ഇത്‌ ഭാര്യയെ സംശയിക്കുന്നതിലേക്കും, അടി, ഇടി, കുടുംബ കലഹം, വിവാഹമോചനം, കൊലപാതകം എന്നിവയിലേക്കും നയിക്കാം. മദ്യപിച്ചാൽ മൂക്ക്‌ ചുവക്കും, ഉറങ്ങും, മൂത്രമൊഴിക്കും, വിഷയാസക്തിയോ ? മോഹിപ്പിക്കും. പക്ഷേ, കാര്യം സാധിക്കില്ല. 4 നൂറ്റാണ്ട്‌ മുമ്പ്‌ വില്ല്യം ഷേക്‌സ്‌പിയർ, മാക്‌ബത്ത്‌ എന്ന നാടകത്തിൽ ഇങ്ങനെ എഴുതിയത്‌ വെറുതെയല്ല. പ്രായമായാൽ അല്‌പം മദ്യപിക്കുന്നതുകൊണ്ട്‌ കുഴപ്പമില്ല എന്ന്‌ മാത്രമല്ല, നല്ലതാണെന്നുമുള്ള തെറ്റിദ്ധാരണ വിദ്യാഭ്യാസമുള്ളവരിൽ പോലും പരക്കെയുണ്ട്‌. സത്യത്തിൽ വൃദ്ധരിൽ മദ്യം ചെറുപ്പക്കാരേക്കാൾ വളരെ അപകടകാരിയാണ്‌. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ മൂലം കഷ്‌ടതയനുഭവിക്കുന്ന വൃദ്ധരാണെങ്കിൽ പ്രത്യേകിച്ചും. അവരിൽ രക്തസ്രാവം, ഹൃദയാഘാതം, പക്ഷാഘാതം, സന്ധിരോഗങ്ങൾ എന്നിവ വർദ്ധിച്ച തോതിൽ ഉണ്ടാകാൻ മദ്യം കാരണമാകും.

കുട്ടികളിലും സ്‌ത്രീകളിലും മദ്യം പുരുഷന്മാരേക്കാൾ വേഗത്തിൽ ആഗിരണം ചെയ്യുകയും കൂടുതൽ കുഴപ്പങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യും. ഗർഭിണികളായ സ്‌ത്രീകൾ മദ്യപിച്ചാൽ വലിപ്പം കുറഞ്ഞ തല, ക്ഷയിച്ച തലച്ചോർ, ഹൃദയഅറകൾ വേർതിരിക്കുന്ന ഭിത്തിക്ക്‌ തകരാറ്‌, സുഷുമ്‌നാനാഡീതകരാറുകൾ, തൂക്കക്കുറവ്‌ എന്നിവയുള്ള (Foetal Alcohol Syndrome) കുട്ടികൾ ജനിക്കാനിടയാകുന്നതായി തെളിഞ്ഞിട്ടുണ്ട്‌. സ്‌ത്രീകൾ മദ്യപിക്കരുതെന്ന്‌ ബൈബിൾ വ്യക്തമായി പറയുന്നുണ്ട്‌. എങ്കിലും നിർഭാഗ്യകരമെന്ന്‌ പറയട്ടെ സ്‌ത്രീകൾ ഉൾപ്പെടെ കുടംബസമേതമുള്ള മദ്യപാനം ഏറ്റവും കൂടുതലുള്ളത്‌ ക്രിസ്‌ത്യാനികളുടെ ഇടയിലാണ്‌.

ആൽക്കഹോളിസം ഒരു രോഗമാണ്‌ എന്ന്‌ നാം അംഗീകരിക്കണം. മദ്യാശ്രിതത്വം ഒരു മാനസികരോഗമാണ്‌. ജനിതക കാരണങ്ങൾ, പാരിസ്ഥിതിക സവിശേഷതകൾ, കുടുംബ-സാമൂഹികാന്തരീക്ഷം, സാംസ്‌കാരിക പ്രത്യേകതകൾ, മാനസിക രോഗാതുരത, അനഭിലഷണീയ സുഹൃദ്‌ബന്ധങ്ങൾ തുടങ്ങി ഒട്ടനവധി ഘടകങ്ങൾ മദ്യാസക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദീർഘകാല മദ്യപാനം ശരീരത്തിലും തലച്ചോറിലും ഘടനാപരമായും രാസപരമായും മാറ്റങ്ങളുണ്ടാക്കുന്നതോടെ അയാൾ മദ്യത്തിന്‌ അടിമയാകുന്നു. വ്യക്തിയുടെ നാശത്തിലേയ്‌ക്ക്‌ മാത്രമല്ല, കുടുംബം, സമൂഹം എന്നിവയുടെയെല്ലാം നാശത്തിലേയ്‌ക്ക്‌ നയിക്കുന്നു.

മദ്യത്തിന്റെ സാമൂഹികവും രാഷ്‌ട്രീയവുമായ പ്രത്യാഘാതങ്ങൾ

മദ്യപാനം അത്‌ ചെയ്യുന്നയാളുടെ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത്‌ ; സമൂഹത്തെയാകെയാണ്‌. തൊഴിൽ ചെയ്‌ത്‌ കിട്ടുന്ന വരുമാനമാകെ മദ്യത്തിന്‌ വേണ്ടി ചെലവഴിക്കുന്ന തൊഴിലാളികൾ വളരെ ഏറെയാണ്‌. പ്രതിമാസം 5000 രൂപയിൽ താഴെ വരുമാനമുള്ള തൊഴിലാളികളാണ്‌ കടുത്ത മദ്യപാനികളിൽ വലിയൊരു ഭാഗവും. ഇവരുടെ കുടുംബങ്ങൾ മൂന്നു വിധത്തിലുള്ള പീഡനങ്ങൾ നേരിടേണ്ടി വരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ചെലവിൽ അല്‌പം പോലും സഹായിക്കാൻ കഴിയില്ല എന്നതാണ്‌ ഒന്നാമത്തെ കാര്യം. മൂക്കറ്റം മദ്യപിച്ച്‌ വീട്ടിലെത്തുമ്പോൾ കുടുംബാംഗങ്ങൾക്ക്‌ ഏൽക്കേണ്ടിവരുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾ ആണ്‌ രണ്ടാമത്തേത്‌. മദ്യപന്മാരുടെ വീട്ടിലെ കുട്ടികൾ ആരോഗ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലാകുന്നത്‌ സ്വാഭാവികമാണ്‌. മൂന്നാമത്തെ ദുരന്തം പിന്നീട്‌ വന്നു ചേരുന്നതാണ്‌. മദ്യപാനത്തിലൂടെ സൃഷ്‌ടിക്കപ്പെടുന്ന രോഗം ചികിത്സിക്കേണ്ടതിന്റെ ബാധ്യതയും കുടുംബത്തിന്റെ മേലാണ്‌ വന്നുവീഴുന്നത്‌.

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ മുഖ്യപ്രേരണ മദ്യമാണ്‌. കുടുംബകലഹങ്ങളിൽ 85% ഗൃഹനാഥന്റെ മദ്യപാനം മൂലമാണ്‌. 30% വിവാഹമോചനത്തിന്റെ കാരണവും മദ്യപാനം തന്നെ. കുടുംബപരമായ അസംതൃപ്‌തിയും, അമിതമദ്യപാനം സൃഷ്‌ടിക്കുന്ന ലൈംഗിക ശേഷിക്കുറവും, ലൈംഗികവൈകൃതങ്ങളിലേക്കും, സമൂഹത്തിലെ മറ്റു സ്‌ത്രീകളുെട നേരെയുള്ള അതിക്രമങ്ങളിലേക്കുമാണ്‌ ഇവരെ നയിക്കുക. കേരളത്തിലെ സ്‌ത്രീപീഡനകേസുകളിൽ പ്രതികളാകുന്നവരിലേറെയും മദ്യപാനികളാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

റോഡപകടങ്ങളിൽ കേരളം ഇന്ത്യയിൽ രണ്ടാംസ്ഥാനത്താണ്‌. അപകടങ്ങളിൽ 60%വും മദ്യപാനികൾ അശ്രദ്ധമായി വാഹനം ഓടിക്കുന്നതുകൊണ്ടാണത്രെ. കേരളത്തിൽ മദ്യഷാപ്പുകളുടെ ഒഴിവ്‌ ദിവസങ്ങളിലാണ്‌ റോഡപകടങ്ങൾ കുറയുന്നത്‌ എന്നത്‌ ഈ നിരീക്ഷണത്തിന്‌ ശക്തി പകരുന്നു. കോഴിക്കോട്‌ നഗരത്തിൽ മാത്രം 2008 ജൂണിൽ മദ്യപിച്ച്‌ വാഹനമോടിച്ച്‌ ട്രാഫിക്‌ പോലീസിന്റെ പിടിയിലായവർ 219 പേർ ആയിരുന്നെങ്കിൽ 2009 ൽ അത്‌ 357 ആയി വർദ്ധിച്ചത്രെ. (മാതൃഭൂമി 2009 ആഗസ്‌ത്‌ 13) സ്വകാര്യ വാഹനങ്ങളുടെ വർദ്ധനവും ഗതാഗതരംഗത്തെ പ്രധാനപ്പെട്ട ഒരു പ്രശ്‌മാണ്‌. എന്നാൽ പൊതുഗതാഗത സൗകര്യങ്ങളുടെ പോരായ്‌മയാണ്‌ സ്വകാര്യ വാഹനങ്ങൾ വർദ്ധിക്കാനുള്ള ഒരു കാരണം. മിക്ക നഗരങ്ങളിലും വൈകുന്നേരമായാൽ ഓട്ടോറിക്ഷകൾ മതിയായ തോതിൽ ലഭ്യമല്ല എന്നത്‌ ഏവരും ശ്രദ്ധിച്ചിരിക്കും. തൊഴിലാളികളുടെ മദ്യപാനശീലവും ഇതിനൊരു കാരണമായി ചിലർ ചൂണ്ടിക്കാട്ടുന്നു.

തൊഴിലാളികളുടെ ഉല്‌പാദനക്ഷമത കുറയുന്നതിന്‌ മദ്യം കാരണമാകുന്നു. പുതിയ അറിവുകൾ സ്വാംശീകരിക്കുന്നതിനോ രാഷ്‌ട്രീയബോധം ഉൾക്കൊള്ളുന്നതിനോ മദ്യപനായ തൊഴിലാളിക്ക്‌ കഴിയാറില്ല. സ്ഥാപനത്തിനും തൊഴിലാളി സംഘടനയ്‌ക്കും ഒരുപോലെ ഭാരമായി മാറുകയാണ്‌ ഇത്തരക്കാർ. സംഘടിത ശേഷിയുടെ കരുത്തിൽ മദ്യപാനികളായ തൊഴിലാളികളെ സംരക്ഷിക്കേണ്ടി വരുമ്പോൾ സ്ഥാപനവും സംഘടനയുടെ ന്യായമായ ആവശ്യങ്ങൾക്ക്‌ വേണ്ടിയുള്ള പോരാട്ട ശേഷിയും ഒരുപോലെ അപകടത്തിലാവുന്നു.

അനധികൃതമായ പ്രവൃത്തികളിലൂടെ വൻതോതിൽ പണം സമ്പാദിക്കുകയും അധികാര കേന്ദ്രങ്ങളെ സ്വാധീനിച്ച്‌ നിയമവിരുദ്ധ പ്രവൃത്തികൾ തുടരുകയും ചെയ്യുന്ന മാഫിയാ സംഘങ്ങൾ മദ്യവ്യാപാരരംഗത്ത്‌ വളരെ മുമ്പുതന്നെ പ്രബലമാണ്‌. നികുതി വെട്ടിച്ചും വ്യാജമദ്യമൊഴുക്കിയും കള്ളിൽ മായം ചേർത്തുമെല്ലാം ഇക്കൂട്ടർ കോടികളാണ്‌ സമ്പാദിക്കുന്നത്‌. വാടകഗുണ്ടകളെവെച്ചും തൊഴിലാളി യൂണിയനുകളെ വശപ്പെടുത്തിയും രാഷ്‌ട്രീയ നേതാക്കൾക്ക്‌ വൻതോതിൽ സംഭാവന നൽകിയുമാണ്‌ അവർ തങ്ങളുടെ സ്വാധീനവലയം നിലനിർത്തുന്നത്‌. തെരഞ്ഞെടുപ്പ്‌ പോലുള്ള രാഷ്‌ട്രീയപ്രക്രിയകളിൽ ഈ മദ്യരാജാക്കന്മാരുടെ സ്വാധീനം പലപ്പോഴും പ്രകടമാണ്‌. പ്രകൃതിവിഭവങ്ങൾ കൊള്ള ചെയ്യുന്ന ഭൂമാഫിയകൾക്കും മണൽമാഫിയകൾക്കുമെല്ലാം സഹായവും നേതൃത്വവും നൽകുന്നത്‌ മദ്യമാഫിയകളാണ്‌. ചിലർ മദ്യത്തോടൊപ്പം ഇത്തരം മേഖലകളിലേക്കും കുടിയേറിയിട്ടുണ്ട്‌.

നാടിന്റെയും നാട്ടുകാരുടെയും താൽപര്യങ്ങളും അവകാശങ്ങളും നടപ്പാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന്‌ പകരം, പലപ്പോഴും, ഇത്തരം മാഫിയകളുടെ താൽപര്യമാണ്‌ നടപ്പാക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നത്‌ എന്നുള്ള ഭീകരാവസ്ഥ വളർന്നുവരികയാണ്‌. ഇതിനെ പ്രതിരോധിക്കാനുള്ള ശേഷി സംഘടിതപ്രസ്ഥാനങ്ങളിൽ ഇല്ലാതാവുകയും ചെയ്യുന്നു. രാഷ്‌ട്രീയ പാർട്ടികൾ പരസ്‌പരം ഏറ്റുമുട്ടുമ്പോൾ മാഫിയകൾ നാടിനെ പകുത്തെടുക്കുകയാണ്‌. ഈ സ്ഥിതി ജനങ്ങളെ നിരാലംബരാക്കുന്നു. ജീവിത സംഘർഷങ്ങൾ വർധിപ്പിക്കുന്നു. ഇതിലെ പ്രധാന വില്ലൻ മദ്യമാണെന്നിരിക്കെ അതിനെ പ്രതിരോധിക്കാൻ ജനങ്ങളും അവരുടെ വിവിധ പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങുക തന്നെ വേണം.

ഇന്നത്തെ കേരളത്തിൽ ജനാധിപത്യം, മതേതരത്വം, സമത്വം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ ദുർബലപ്പെടുത്തുകയാണ്‌. ഇവയോടൊപ്പം രാഷ്‌ട്രീയ പ്രവർത്തനങ്ങളിലുള്ള അവിശ്വാസവും കൂടിയായാൽ പൊതുസമൂഹത്തിന്റെ ആത്മവിശ്വാസം അമ്പേ തകരും. യുക്തിസഹമായ പ്രവർത്തനങ്ങൾ തന്നെ അപ്രസക്തമാകും. നിർഭാഗ്യവശാൽ ഇത്തരം കാര്യങ്ങളൊന്നും കേരളത്തിന്റെ സാംസ്‌കാരിക പ്രവർത്തനത്തിന്റെ മുഖ്യ അജണ്ടയിൽ വരുന്നില്ല.

കേരളം സമരം ചെയ്‌ത്‌ നേടിയ അവകാശങ്ങളും, കൈവരിച്ച സാമൂഹികനേട്ടങ്ങളും കാർന്നുതിന്നുകയാണ്‌ സമൂഹത്തിൽ പിടിമുറുക്കിയിട്ടുള്ള മദ്യാസക്തി. ഈ പോക്ക്‌ നിയന്ത്രിച്ചില്ലെങ്കിൽ സാമൂഹികപുരോഗതിയുടെ സദ്‌ഫലങ്ങൾ സാധാരണ ജനങ്ങൾക്ക്‌ നിഷേധിക്കപ്പെടും.

സ്വന്തം കഴിവുകൾ ഫലപ്രദമായി ഉപയോഗിക്കാനും തൃപ്‌തികരമായി ജീവിക്കാനും ഉള്ള ജനങ്ങളുടെ അവകാശം മദ്യപാനം ഇല്ലാതാക്കുകയാണ്‌. ശക്തമായൊരു പോരാട്ടത്തിലൂടെ മാത്രമേ ഈ അവസ്ഥയെ മറികടക്കാനാകൂ. മദ്യം ഇത്തരം സമരങ്ങളെ ദുർബലപ്പെടുത്തുന്നു എന്നതുകൊണ്ടുതന്നെ കേരളത്തിലെ പൗരസമൂഹം മദ്യത്തിനെതിരായ സമരനേതൃത്വം ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

തകരുന്ന കേരള മാതൃക

ജനകീയ ഇടപെടലുകൾ വഴി മെച്ചപ്പെട്ട സാമൂഹികവികസനം രൂപപ്പെട്ടുവന്ന സംസ്ഥാനമാണ്‌ കേരളം. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങൾ മുതൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി വരെ ജനക്ഷേമത്തിൽ ഊന്നിയ ``കേരള വികസന മാതൃക കരുപ്പിടിപ്പിക്കുന്നതിൽ പങ്കാളികളായിരുന്നു. ഇതിലൊക്കെ തൽപ്പരരായ മാലോകർ ഇവിടേയ്‌ക്ക്‌ ധാരാളമായി വരികയും കേരളത്തെക്കുറിച്ച്‌ ആഴത്തിൽ പഠിക്കുകയും ചെയ്‌തിട്ടുണ്ട്‌. അങ്ങനെയാണ്‌ ``കേരള മാതൃക ലോകം മുഴുവൻ അറിയാൻ ഇടയായത്‌.

ക്ഷേമാധിഷ്‌ഠിതമായ കേരള മാതൃകയുടെ ഉൾക്കാമ്പ്‌ തകരുന്ന സ്ഥിതിയാണ്‌ ഇന്നുള്ളത്‌. ജനസൗഹൃദപരമായ സൂചികകളെല്ലാം മെച്ചപ്പെട്ടതാണെങ്കിലും അത്തരം മെച്ചപ്പെട്ട ഒരു സമൂഹത്തിൽ ലഭിക്കേണ്ട മനസമാധാനമോ, ശാന്തിയോ, ക്രിയാത്മകമായ അന്തരീക്ഷമോ കേരളത്തിൽ ഇല്ലെന്നതാണ്‌ അനുഭവം. ജനജീവിതം ഏത്‌ രീതിയിലും സംഘർഷാത്മകമാണ്‌. ഇത്തരം സംഘർഷങ്ങളെ യുക്തിസഹമായി നേരിടാൻ രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്ക്‌ പോലും കഴിയാതാവുന്നു. ഈ സ്ഥിതി സംഘടിത രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം ചോർത്തിക്കളയുന്നു. ജനങ്ങൾ അവനവനിലേയ്‌ക്ക്‌ മാത്രമായി ചുരുങ്ങാൻ ശ്രമിക്കുന്നു. കമ്പോളത്തിന്റെ അതിപ്രസരം കൂടിയാകുമ്പോൾ ഈ പ്രക്രിയക്ക്‌ ആക്കം കൂടിക്കൊണ്ടിരിക്കുന്നു.

പ്രശ്‌നങ്ങളെ വ്യക്തിപരമായി സമീപിക്കുന്നതിനാൽ പ്രയാസങ്ങൾ പരസ്‌പരം പങ്കുവെക്കാനുള്ള സാഹചര്യങ്ങൾ പോലും ഇല്ലാതാവുകയാണ്‌. ഇത്‌ കുടുംബ സാമൂഹികബന്ധങ്ങൾ കൂടുതൽ ശിഥിലീകരിയ്‌ക്കാനിടയാക്കുന്നു. സ്‌ത്രീകൾക്കെതിരായുള്ള കടന്നാക്രമണങ്ങളും കുറ്റകൃത്യങ്ങളും കേരളത്തിൽ കൂടിവരികയാണ്‌. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മനോരോഗ മരുന്നുകളിൽ മൂന്നിലൊന്നോളം വാങ്ങി ഉപയോഗിക്കുന്നത്‌ കേരളത്തിലാണത്രെ. മൊത്തം ഔഷധവിൽപ്പനയിലും ഇന്ത്യയിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനം കേരളം തന്നെ.

ക്ഷേമാധിഷ്‌ഠിത കേരള മാതൃക ഇന്ന്‌ ദുർബലപ്പെടുകയാണ്‌. പകരം മദ്യപാനം, ആത്മഹത്യ, റോഡപകടം, കുറ്റകൃത്യങ്ങൾ, മാഫിയാവത്‌കരണം എന്നിവ പെരുകിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥ അപചയമല്ല അപകടകരമാണ്‌.

മദ്യവ്യാപനത്തിന്‌ പിന്നിൽ

എന്തുകൊണ്ട്‌ മദ്യാസക്തിയിലേക്ക്‌ കേരളീയർ വഴുതി വീഴുന്നു? വ്യക്തിപരമായ താല്‌പര്യങ്ങൾ മാത്രമാണ്‌ കാരണമെങ്കിൽ സമീപകാലത്തുണ്ടായ വൻവർദ്ധനവിന്‌ എന്ത്‌ വിശദീകരണമാണ്‌ നൽകാൻ കഴിയുക ? സാമൂഹികവും രാഷ്‌ട്രീയവുമായ ഒട്ടേറെ ഘടകങ്ങൾ ചേർന്നാണ്‌ ?മദ്യത്തിന്റെ സ്വന്തം നാടായി? കേരളം പരിഹാസ്യമാവാൻ ഇടയായത്‌ എന്നതാണ്‌ വസ്‌തുത.

കുടുംബത്തിൽ ഗൃഹനാഥനും സുഹൃത്തുക്കളും മദ്യപിക്കുന്നത്‌ കണ്ടു വളരുന്ന കുട്ടികൾ മദ്യപാനശീലത്തിലേക്ക്‌ വീഴുന്നത്‌ സ്വാഭാവികമാണ്‌. അവരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ സാധാരണ രീതി മാത്രമാണത്‌. ചില കുടുംബങ്ങളിലെങ്കിലും ഭാര്യയും ഭർത്താവും കുട്ടികളുമെല്ലാം ഒന്നിച്ചിരുന്നു മദ്യം കഴിക്കുന്ന പതിവും കേരളത്തിലുണ്ടത്രെ.

മദ്യപാനത്തിന്‌ മറ്റൊരു പ്രേരക ഘടകം സുഹൃദ്‌ബന്ധങ്ങളാണ്‌. സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിനും ഉള്ളുതുറക്കുന്നതിനുമെല്ലാം ഒരു മാർഗമായി പലരും മദ്യപാനത്തെ കാണുന്നു. അത്തരമുള്ള കമ്പനി ചേരൽ അന്തസ്സായ ഒരു പ്രവൃത്തിയായി പലരും കരുതുന്നു. ഒട്ടുമിക്ക ഓഫീസുകളിലും വ്യക്തിഗത ആഘോഷങ്ങൾ നടത്തുന്നത്‌ മദ്യസൽക്കാരത്തിലൂടെയാണ്‌. ഇത്തരം മദ്യസൽക്കാരങ്ങളിൽ നിന്ന്‌ വിട്ടുനിൽക്കുന്നവർ അപരിഷ്‌കൃതരായി മുദ്രകുത്തപ്പെടുകയും ഒറ്റപ്പെടുത്തലിന്‌ ഇരയാവുകയും ചെയ്യും. മദ്യസൽക്കാരങ്ങളിൽ ഉയർന്ന ഉദ്യോഗസ്ഥരുമായി തുല്യതയോടെ തന്നെ പങ്കാളിയാകാമെന്നത്‌ കീഴുദ്യോഗസ്ഥർക്ക്‌ പലപ്പോഴും ആവേശകരമായ കാര്യമാണ്‌. കീഴുദ്യോഗസ്ഥന്മാരെക്കൊണ്ട്‌ അധിക ജോലികൾ ചെയ്യിക്കാനുള്ള മാർഗമായി മദ്യസൽക്കാരത്തെ ഉയർന്ന ഉദ്യോഗസ്ഥർ പലരും കാണുകയും ചെയ്യുന്നു. മുമ്പ്‌ പല സ്ഥാപനങ്ങളിലും ഓവർടൈം വേതനമായിരുന്നു നൽകിയിരുന്നതെങ്കിൽ ഇന്ന്‌ മദ്യം വിളമ്പിയാണ്‌ അധികജോലികൾ തീർക്കാൻ തൊഴിലാളികളെ സന്നദ്ധരാക്കുന്നത്‌.

ആഘോഷാവസരങ്ങൾക്കു പുറമെ അവിഹിതകാര്യങ്ങൾ സാധിക്കാനും, ശുപാർശകൾ നടത്താനും, കേസിൽ നിന്നു തടിയൂരാനുമെല്ലാം മദ്യസൽക്കാരം പ്രയോജനപ്പെടുത്തുന്നു. മധ്യവർഗ്ഗ-ഉപരിവർഗ്ഗങ്ങൾ വ്യാപകമായി നടത്തുന്ന ഈ രീതികൾ അടിസ്ഥാന വിഭാഗത്തിൽപ്പെട്ടവരും അനുകരിക്കാൻ ശ്രമിക്കുകയാണ്‌. വിവാഹം, മരണം, ജനനം എന്ന്‌ വേണ്ട ഏത്‌ വിശേഷങ്ങൾക്കും മദ്യം വിളമ്പി സൽക്കരിക്കുന്നത്‌ പലർക്കും ഇന്നൊരന്തസ്സാണ്‌. എന്ന്‌ മാത്രമല്ല മുമ്പ്‌ പൂർണ്ണമായും സന്നദ്ധാടിസ്ഥാനത്തിൽ നടത്താറുള്ള സദ്യയൊരുക്കം പോലുള്ള പ്രവൃത്തികൾ ഇന്ന്‌ മദ്യസേവയിലൂടെ മാത്രമേ ലഭ്യമാവൂ എന്ന സ്ഥിതിയുണ്ട്‌. അതിനാൽ ഇഷ്‌ടമില്ലെങ്കിലും വിവാഹം പോലുള്ള ചടങ്ങുകളുടെ തലേന്ന്‌ മദ്യം വിളമ്പാൻ പലരും നിർബന്ധിതരാവുന്നു.

അടിസ്ഥാനവിഭാഗത്തിൽപ്പെട്ടവർ കൂടുതലായി മുമ്പുപയോഗിച്ചിരുന്ന മദ്യം, കള്ളും വാറ്റുചാരായവുമാണ്‌. ചാരായം നിരോധിക്കുകയും കള്ളിന്റെ ലഭ്യത കുറയുകയും ചെയ്‌തതോടെ പലരും വിദേശമദ്യം ഉപയോഗിക്കാൻ തുടങ്ങി. ചെലവ്‌ കൂടിയെങ്കിലും ചാരായവും കള്ളും കുടിക്കുന്നവന്റെ അന്തസ്സും വിദേശമദ്യം കഴിക്കുന്നവന്റെ അന്തസ്സും വ്യത്യസ്‌തമായതിനാൽ സ്വന്തം കുടുംബത്തിൽ നിന്നുപോലും ശക്തമായ എതിർപ്പ്‌ ഉയർന്നുവന്നില്ല.

മദ്യപാനം വ്യാപിക്കുന്നതിൽ നമ്മുടെ സിനിമയും സാഹിത്യ സൃഷ്‌ടികളും വഹിച്ച പങ്കും വളരെ വലുതാണ്‌. കൂട്ടമായി മദ്യപാനം നടത്തുന്നത്‌ ചിത്രീകരിക്കാത്ത സിനിമകൾ അപൂർവ്വമാണ്‌. അതും സിനിമയിലെ നാടകകഥാപാത്രമുൾപ്പടെ. വിദേശമദ്യത്തിൽ കരിക്കിൻ വെള്ളം ചേർത്ത്‌ കഴിക്കുന്ന പതിവ്‌ കേരളത്തിൽ പ്രചാരമായത്‌ ഒരു പ്രത്യേക സിനിമ റിലീസ്‌ ചെയ്യപ്പെട്ടതിന്‌ ശേഷമാണത്രെ. സിനിമാ, സാഹിത്യ രംഗങ്ങളിലുള്ള ചില പ്രതിഭകൾ വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിൽ ആരംഭിച്ചിരിക്കാവുന്ന മദ്യപാനശീലം അവരുടെ പ്രതിഭയുടെ ഭാഗമായി കണ്ട്‌ അനുകരിക്കുന്നവരും ഉണ്ട്‌. യഥാർത്ഥത്തിൽ മദ്യം കഴിക്കുമ്പോഴല്ല അവരുടെ സൃഷ്‌ടികൾ ജനിക്കുന്നത്‌, അല്ലാത്തപ്പോഴാണ്‌ എന്ന വസ്‌തുത പലരും ശ്രദ്ധിക്കാറേയില്ല.

ജീവിത പ്രയാസങ്ങൾ അനുഭവിക്കുന്നവരിൽ ചിലർ അത്‌ മറികടക്കാൻ താൽക്കാലികാശ്വാസമെന്ന നിലയിൽ മദ്യപാനം ശീലമാക്കാറുണ്ട്‌. അഥവാ മദ്യപാനം അതിന്‌ സഹായമാകുമെന്ന തെറ്റിദ്ധാരണ സമൂഹത്തിൽ എങ്ങനെയോ പരന്നിട്ടുണ്ട്‌. യഥാർത്ഥത്തിൽ ജീവിത പ്രശ്‌നം രൂക്ഷമാക്കാനാണ്‌ അവ സഹായിക്കുന്നത്‌ എന്ന തിരിച്ചറിവ്‌ പകർന്നു നൽകപ്പെടുന്നുമില്ല.

രാഷ്‌ട്രീയ പ്രവർത്തനത്തിൽ വന്ന മൂല്യച്യുതിയും മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്‌. നാളത്തെ സമൂഹം ഏത്‌ രീതിയിൽ പുരോഗമിക്കണമെന്നും അതിന്‌ അധികാരം ഏതുവിധം പ്രയോജനപ്പെടുത്തണമെന്നുള്ള തിരിച്ചറിവാണ്‌ രാഷ്‌ട്രീയ ബോധത്തിന്റെ അടിസ്ഥാനം. അങ്ങനെ രാഷ്‌ട്രീയബോധം സ്വാംശീകരിക്കപ്പെടുമ്പോൾ രാഷ്‌ട്രീയ പ്രവർത്തനം എന്നത്‌ സ്വമേധയാ ചെയ്യുന്ന ക്രിയാത്മക പ്രവർത്തനമാണ്‌. ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും മൂല്യങ്ങൾ കൈവിടാൻ അവർക്കാവില്ല. എന്നാൽ യാന്ത്രികമായി രാഷ്‌ട്രീയ പാർട്ടിയിൽ അണിനിരക്കുകയും ഉദ്ദേശ്യലക്ഷ്യങ്ങൾ മനസ്സിലാക്കാതെ പരിപാടിയിൽ പങ്കാളിയാവുകയും ചെയ്യുന്ന ശൈലി വളർന്നുവന്നതോടെ രാഷ്‌ട്രീയ പ്രവർത്തനം ഉൾക്കാമ്പില്ലാത്ത അനുഷ്‌ഠാനമായി പലർക്കും മാറി. അവർക്ക്‌ ആവേശം കൊള്ളാൻ മദ്യമാണ്‌ ഒരു പോംവഴി എന്ന്‌ വന്നതോടെ മദ്യപാനം നേതൃത്വം നിയന്ത്രിക്കാതെയുമായി. ബന്ദും ഹർത്താലുമെല്ലാം ബോധപൂർവ്വമായ രാഷ്‌ട്രീയ സമരങ്ങൾ ആയല്ല ഇന്ന്‌ അനുഭവപ്പെടുന്നത്‌. ഇത്തരം സമരനടപടികൾ പലപ്പോഴും ആഹ്ലാദം കൊള്ളിക്കുന്നത്‌ മദ്യപാനികളെയും മദ്യവില്‌പനക്കാരെയുമാണെന്ന്‌ വിളിച്ചോതുന്നതാണ്‌ തലേ ദിവസങ്ങളിൽ മദ്യഷാപ്പുകളുടെ മുമ്പിൽ കാണുന്ന മനുഷ്യ നിരകൾ.

മദ്യത്തിന്റെ സുഗമമായ ലഭ്യത തന്നെയാണ്‌ മദ്യവ്യാപനത്തിന്റെ ഒരു കാരണം. ബിവറേജസ്‌ കോർപറേഷന്റെ 337 ലിക്വർഷാപ്പുകൾ കേരളത്തിൽ പ്രവർത്തിക്കുന്നു. ശരാശരി 80,000 ഇടപാടുകാർ ഓരോ വർഷവും ഓരോ ഔട്ട്‌ലെറ്റിൽ നിന്നും മദ്യം വാങ്ങാറുണ്ടത്രെ. ഇവ കൂടാതെ ഇന്ത്യൻനിർമ്മിത വിദേശമദ്യം വിൽക്കുന്ന 600 പ്രൈവറ്റ്‌ ബാറുകളും പ്രവർത്തിക്കുന്നു. വീര്യം കൂടിയ വിദേശമദ്യവും, വീര്യം കുറഞ്ഞ ബിയറും ഇവിടങ്ങളിലൂടെയാണ്‌ മുഖ്യമായും വിറ്റഴിക്കുന്നത്‌. കൂടാതെ കേരളത്തിന്റെ പരമ്പരാഗത ലഹരി പാനീയമായ കള്ള്‌ വിൽക്കുന്ന 5000 ഷാപ്പുകളും പ്രവർത്തിക്കുന്നുണ്ട്‌. ടൂറിസ്റ്റുകളെ ആകർഷിക്കാനെന്ന പേരിൽ മദ്യഷാപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്‌ എല്ലാ സർക്കാരുകളുടെയും നയമാണ്‌. ഈ നയം മദ്യം സുലഭമായി ലഭ്യമാകുന്ന സാഹചര്യമാണ്‌ സൃഷ്‌ടിക്കുന്നത്‌.

ഏതൊരു അവശ്യസർവ്വീസിൽ പോലും കാണിക്കാത്ത ജാഗ്രതയോടെയാണ്‌ നമ്മുടെ നാട്ടിലെ മദ്യഷാപ്പുകൾ തുറന്നുപ്രവർത്തിക്കുന്നത്‌. ശ്രീനാരായണജയന്തി, സമാധി, ഗാന്ധിജയന്തി, തെരഞ്ഞെടുപ്പുദിനങ്ങൾ എന്നിവ ഒഴിച്ച്‌ ബാക്കി എല്ലാ ദിവസങ്ങളിലും മദ്യഷാപ്പുകൾ തുറന്നു പ്രവർത്തിക്കുന്നു. ഈ സാഹചര്യത്തിൽ മദ്യഷാപ്പുകൾ 5.00 മണിക്കുശേഷം മാത്രമേ തുറന്നു പ്രവർത്തിക്കാവൂ എന്ന ഹൈക്കോടതി നിർദ്ദേശം സ്വാഗതാർഹമാണ്‌.

മദ്യവും സർക്കാരും

മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാരിനും വലിയ പങ്കാണുള്ളത്‌. സർക്കാരിന്റെ നികുതി വരുമാനത്തിൽ നാൽപ്പതു ശതമാനവും മദ്യ വിൽപ്പനയിലൂടെയാണത്രെ സമാഹരിക്കപ്പെടുന്നത്‌. 2010-2011 ൽ 6730 കോടി രൂപ മദ്യവില്‌പനയിലൂടെ ലഭിക്കുമ്പോൾ അതിൽ 5239 കോടി രൂപയും സർക്കാർ ഖജനാവിലേക്കാണ്‌ ഒഴുകിയത്‌. കേരളത്തിൽ സമ്പന്ന വിഭാഗങ്ങളിൽ നിന്നും മദ്ധ്യവർഗ്ഗവിഭാഗത്തിൽ നിന്നും കൂടുതൽ നികുതി പിരിക്കാൻ പല കാരണങ്ങൾ കൊണ്ടും സർക്കാരിന്‌ കഴിയുന്നില്ല; തയ്യാറാവുന്നുമില്ല. അതിനാൽ കേരളത്തിൽ അധികാരത്തിൽ വരുന്ന സർക്കാരുകളെല്ലാം മുഖ്യ വരുമാനമാർഗ്ഗമായി കാണുന്നത്‌ മദ്യവില്‌പനയും ലോട്ടറിയുമാണ്‌. ഇത്‌ രണ്ടും സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്ന ഏർപ്പാടുകളാണ്‌.


ബിവറേജസ്‌ കോർപ്പറേഷൻ വഴി സർക്കാർ ഖജനാവിലേക്ക്‌ ലഭിക്കുന്ന തുക (കോടി രൂപയിൽ) 84-85 25.63 89-90 78.33 94-95 215.58 00-01 1025.93 04-05 1824.04 09-10 4259.80


സർക്കാരിന്‌ വരുമാനമുണ്ടെങ്കിലേ ക്ഷേമപ്രവർത്തനം നടത്താൻ കഴിയൂ. അതിനാൽ മദ്യവില്‌പന നിർത്തിയാൽ സർക്കാർ എന്തു ചെയ്യുമെന്ന്‌ ചോദിക്കുന്നവരുണ്ട്‌. ഈ രംഗത്ത്‌ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതമാർഗ്ഗവും മദ്യവ്യവസായത്തിന്റെ നിലനിൽപിനെ ആശ്രയിച്ചാണ്‌ എന്നും ഇവർ വാദിക്കുന്നു. ബിവറേജസ്‌ കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിൽ ആകെ ജോലി ചെയ്യുന്നത്‌ 2700 പേർ മാത്രമാണ്‌ ; മദ്യഉല്‌പാദന രംഗത്ത്‌ 12000 പേരും (പലപ്പോഴും മദ്യവ്യവസായികളെ സംരക്ഷിക്കുന്ന നിലപാട്‌ തൊഴിലാളി സംഘടനകൾ എടുക്കേണ്ടി വരുന്നതിന്റെ ന്യായീകരണം അതാണ്‌). 7000 കോടി രൂപയുടെ മദ്യവിൽപന നടക്കുമ്പോൾ 5500 കോടി രൂപയോളം സർക്കാരിന്‌ ലഭിക്കുന്നു എന്നത്‌ നേരാണ്‌. ആ രംഗത്ത്‌ പണിയെടുക്കുന്ന തൊഴിലാളികൾക്ക്‌ (കള്ള്‌ ചെത്ത്‌ വ്യവസായം മാറ്റി നിർത്തിയാൽ പതിനഞ്ചായിരത്തോളം പേർ മാത്രം) ശമ്പളവും കൂലിയുമായി നൽകുന്നത്‌ നൂറ്‌ കോടി രൂപയിൽ താഴെ മാത്രമേ ആകാൻ സാധ്യതയുള്ളൂ. നിയമപ്രകാരവും അല്ലാതെയും വലിയൊരു ശതമാനം തുക പോകുക മദ്യവ്യാപാരികളുടെ കൈകളിലേക്കാണ്‌. അതിൽ ഒരു പങ്ക്‌ അധികാര കേന്ദ്രങ്ങളിലേക്കും ഒഴുകും. പക്ഷേ ഈ പണം മുഴുവൻ വന്നത്‌ ജനങ്ങളുടെ കയ്യിൽ നിന്നാണ്‌. അവരിൽ ഏറെ പേരും ദരിദ്ര കുടുംബങ്ങളാണ്‌. മദ്യം സൃഷ്‌ടിച്ച ആരോഗ്യപരവും സാമൂഹികപരവുമായ ദുരിതങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ആത്മാർത്ഥമായി തുനിയുകയാണെങ്കിൽ അതിന്‌ നീക്കി വെക്കേണ്ടി വരിക മദ്യവിൽപ്പനയിലൂടെ ലഭ്യമാകുന്ന തുകയേക്കാൾ എത്രയോ കൂടുതലായിരിക്കും. ജനങ്ങളുടെ ക്ഷേമം തകർത്ത്‌ അവരുടെ അധ്വാനഫലം കൊള്ളയടിച്ച്‌ മദ്യമാഫിയകൾക്ക്‌ നൽകുന്ന ഇടനിലക്കാരന്റെ ജോലിയാണ്‌ സർക്കാർ ഇപ്പോൾ ചെയ്യുന്നത്‌.

സാമൂഹികസേവനമേഖലകളെ കച്ചവടച്ചരക്കാക്കിയും, പ്രകൃതിവിഭവങ്ങൾ കൊളളയടിച്ചും, പൊതുമുതലുകൾ കയ്യേറിയും അതിസമ്പന്നരായിത്തീർന്നവരുടെ ഒരു വലിയ നിരയുണ്ട്‌ കേരളത്തിൽ. ആഡംബര ഉപഭോഗങ്ങളുടെ കാര്യത്തിൽ പരിധിവിട്ട പ്രവർത്തനമാണ്‌ ഈ സമ്പന്നവിഭാഗങ്ങൾ നടത്തുന്നത്‌. ഇത്തരക്കാരിൽ നിന്ന്‌ കനത്ത നികുതികളിലൂടെയും ഫീസുകളിലൂടെയും സർക്കാർ വരുമാനം വർദ്ധിപ്പിക്കുന്നതിനു പകരം സാധാരണ ജനങ്ങളെ കൊളളയടിച്ചുനശിപ്പിക്കുന്ന മദ്യവിൽപനയെ സർക്കാർ ആശ്രയിക്കുന്നത്‌ അധാർമ്മികമാണ്‌, കുറ്റകരമാണ്‌.

സാമ്പത്തിക വളർച്ചമാത്രം നോക്കി നാടിന്റെ പുരോഗതി വിലയിരുത്തുന്ന നവലിബറൽ നയങ്ങളും മദ്യപാനാസക്തി വളർത്തുന്നതിൽ പ്രധാന പങ്കാണ്‌ വഹിച്ചത്‌. മദ്യത്തിന്റെ ഉല്‌പാദനവും ഉപഭോഗവും വർദ്ധിക്കുന്നത്‌ സാമ്പത്തികവളർച്ചയിലും പ്രതിഫലിക്കുമെന്നത്‌ ഇത്തരം വ്യവസായങ്ങളെ കാര്യമായി സഹായിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു.

മദ്യവിരുദ്ധ പ്രവർത്തനങ്ങൾ

കേരളത്തിൽ ക്ഷേമാധിഷ്‌ഠിത വികസനം രൂപപ്പെടുത്തുന്നതിൽ ശ്രീനാരായണ പ്രസ്ഥാനം മുതൽ കമ്യൂണിസ്റ്റു പാർട്ടിവരെ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. അവയെല്ലാം മദ്യത്തിനെതിരായിരുന്നു. ഈഴവരോട്‌ അവരുടെ കുലത്തൊഴിലായ കള്ളുചെത്ത്‌ അവസാനിപ്പിക്കാനാണ്‌ ശ്രീനാരായണഗുരു ആവശ്യപ്പെട്ടത്‌. അതുണ്ടാക്കുന്ന വരുമാനത്തകർച്ച ഗുരുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ `ഏറ്റ്‌ കത്തി'യെ `ക്ഷൗരക്കത്തി'യാക്കി ഉപയോഗിക്കുന്നതാണ്‌ നല്ലതെന്നായിരുന്നു ഗുരുദേവന്റെ നിലപാട്‌. ആ നിലപാടിന്റെ പൊരുൾ മനസ്സിലാക്കിയ അന്നത്തെ ഈഴവ സമുദായം സർക്കാരിന്റെ `ദ്രവ്യലാഭത്തിന്‌ പകരം ഗുരുവിന്റെ ``ധർമലാഭം മതി എന്ന നിഗമനത്തിലെത്തുകയായിരുന്നു. ഇതിലൂടെ കേരളത്തിൽ നടന്നത്‌ യാഥാർഥ്യബോധത്തോടെയുള്ള മദ്യവിരുദ്ധ സമരങ്ങളായിരുന്നു.

കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികൾ അവയുടെ പ്രവർത്തകരാരും മദ്യപാനികൾ ആകാനാഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല ; മദ്യത്തിനെതിരായി അവരുടെ ഭരണഘടനയിൽത്തന്നെ പറയുന്നുമുണ്ട്‌. എന്നാൽ ഇന്ന്‌ മിക്ക പാർട്ടികളിലും മദ്യപരുടെ എണ്ണം കൂടിക്കൂടി വരികയാണ്‌. ഇവിടെയാണ്‌ രാഷ്ട്രീയ പ്രതിരോധങ്ങൾ ദുർബലപ്പെടുന്നത്‌. രാഷ്ട്രീയപ്പാർട്ടികൾ മദ്യത്തിനെതിരാണെങ്കിലും ഒരു പാർട്ടിയും മദ്യത്തിനെതിരെ പ്രകടമായി രംഗത്ത്‌ വരുന്നില്ല. അവരുടെ പ്രധാന അജണ്ടയിൽ ഒന്നായി മദ്യവിരുദ്ധ പ്രവർത്തനങ്ങൾ മാറുന്നില്ല.

മദ്യത്തിനെതിരായി രണ്ട്‌ തരത്തിലുള്ള സമീപനങ്ങളാണ്‌ ഉളളത്‌. ഒന്നാമത്തേത്‌, മദ്യവർജനത്തിനായുള്ളത്‌ (temperence) ; രണ്ടാമത്തേതാകട്ടെ, മദ്യനിരോധനത്തിനായി (Prohibition) ഉള്ളത്‌. ബോധവൽക്കരണത്തിലൂടെ മനുഷ്യരെ മദ്യത്തിൽ നിന്ന്‌ ഭാഗികമായോ, പൂർണമായോ പിന്തിരിപ്പിക്കുന്നതിന്‌ ഊന്നൽ നൽകുന്ന രീതിയാണ്‌ മദ്യവർജനം. മദ്യനിരോധനമാകട്ടെ എല്ലാതരം മദ്യവിരുദ്ധ പ്രവർത്തനങ്ങളും അംഗീകരിക്കുന്നതോടൊപ്പം തന്നെ, മദ്യം ലഭ്യമാകാതിരിക്കുകയാണ്‌ പ്രധാനമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. മദ്യത്തിൽ നിന്ന്‌ മനുഷ്യനെ മുക്തമാക്കാനുള്ള ഫലപ്രദമായ മാർഗം മദ്യം ലഭ്യമാക്കാതിരിക്കുകയാണെന്ന്‌ മദ്യനിരോധന പ്രസ്ഥാനം ലക്ഷ്യമിടുന്നു. അതിനാൽ മദ്യം ഉണ്ടാക്കുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും നിയമം മൂലം തടയണമെന്നാണ്‌ മദ്യനിരോധനപ്രസ്ഥാനം ആവശ്യപ്പെടുന്നത്‌.

മദ്യവർജനം വ്യക്തിപരമാണ്‌. എന്നാൽ ഭരണകൂടപിന്തുണ അനിവാര്യമായി വേണ്ടതാണ്‌ മദ്യനിരോധനം. മദ്യവർജനം മദ്യപന്റെ സഹകരണത്തിലൂടെ മാത്രമേ സാധ്യമാകൂ. മദ്യപാനികൾ കുടിക്കുകയല്ല ; വിവിധ തൽപ്പരകക്ഷികൾ അവരെക്കൊണ്ട്‌ കുടിപ്പിക്കുകയാണെന്ന്‌ അഭിപ്രായമുണ്ട്‌. അതിനാൽ, മദ്യത്തെ നിയമം കൊണ്ട്‌ വിലക്കണമെന്നും നിയമലംഘകരെ കർശനമായി ശിക്ഷിക്കണമെന്നും മദ്യനിരോധനക്കാർ ആവശ്യപ്പെടുന്നു

കൗതുകകരമായ കാര്യം കേരളത്തിലെ മദ്യവിരുദ്ധ ചർച്ചകളെല്ലാം മദ്യവർജനമാണോ മദ്യനിരോധനമാണോ വേണ്ടതെന്ന തർക്കത്തിൽ തട്ടി അലസിപ്പോകാറുണ്ട്‌ എന്നുള്ളതാണ്‌. മദ്യനിരോധനത്തിനുവേണ്ടി ശക്തമായി ശബ്‌ദമുയർത്താറുള്ള ക്രിസ്‌ത്യൻ സഭകൾ സ്വന്തം സഭാംഗങ്ങൾ മദ്യവില്‌പന നടത്തുന്നതിനെ നിരുത്സാഹപ്പെടുത്താൻ തയ്യാറാകുന്നില്ല. അതേപോലെ മദ്യവർജനമാണ്‌ വേണ്ടതെന്നു പറയുകയും സ്വന്തം അംഗങ്ങൾ മദ്യപിക്കരുതെന്ന്‌ വാശിപിടിക്കയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ തൊഴിലാളി സ്‌നേഹത്തിന്റെ പേരിൽ മദ്യക്കച്ചവടത്തെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും രംഗത്തു വരികയും ചെയ്യുന്നു. മദ്യവർജനം എന്നത്‌ മദ്യം ഉപയോഗിക്കുന്നവരെ ലക്ഷ്യംവെച്ച്‌ നടത്തുന്ന ബോധവൽക്കരണവും അവരുടെ സ്വയം പിൻവാങ്ങലുമാണ്‌. മദ്യത്തിന്‌ അടിമപ്പെട്ട വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇതെത്രത്തോളം പ്രായോഗികമാണെന്നത്‌ ചിന്തനീയമാണ്‌. മദ്യത്തിനടിപ്പെടാത്തവരെയും മദ്യം കഴിച്ചു തുടങ്ങാത്തവരെയും ലക്ഷ്യംവെച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്‌ ഏറെ പ്രസക്തിയുണ്ടെന്ന്‌ അംഗീകരിക്കുമ്പോൾതന്നെ നാം നേരിടുന്ന മദ്യവിപത്ത്‌ ഇല്ലാതാക്കാൻ മദ്യവർജന പ്രവർത്തനം മാത്രമാകുന്നത്‌ തീർത്തും അപര്യാപ്‌തമാണെന്ന്‌ തന്നെ പറയേണ്ടി വരും.

മദ്യനിരോധനത്തിനുമുണ്ട്‌ പ്രശ്‌നം. മദ്യം കഴിക്കാൻ ജനങ്ങൾ ആഗ്രഹിക്കുകയും നിയമവിധേയമായ മദ്യം ലഭ്യമാകാതിരിക്കുകയും ചെയ്‌താൽ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ അവർ തേടുമെന്നുറപ്പാണ്‌. അതിനാൽ ഒറ്റയടിക്കുള്ള മദ്യനിരോധനം പ്രായോഗികമല്ലെന്ന്‌ മാത്രമല്ല, ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ചെയ്യും. അപ്പോളെന്താണ്‌ പോംവഴി ?

എന്തൊക്കെ ചെയ്യാം ?

ആരോഗ്യപൂർണ്ണവും സംസ്‌കാരസമ്പന്നവുമായ ഒരു കേരളം കെട്ടിപ്പടുക്കുന്നതിന്‌ കേരളം മദ്യമുക്തമായെ മതിയാവൂ. കേരളം ഈ വിധം മദ്യത്തിൽ മുങ്ങാൻ ഒട്ടേറെ കാരണങ്ങളുണ്ട്‌ എന്ന്‌ നാം കണ്ടു. അതിൽ വ്യക്തിപരമായ അജണ്ടയും തെറ്റിദ്ധാരണകളുമുണ്ട്‌. സർക്കാരിന്റെ പ്രോത്സാഹനവും കാര്യക്ഷമതയില്ലായ്‌മയുമുണ്ട്‌. എന്നാൽ കേരളത്തിൽ സമീപകാലത്തുണ്ടായ വർദ്ധനവിൽ മുഖ്യപങ്ക്‌ വഹിച്ചത്‌ സാമൂഹികമനോഭാവത്തിലുണ്ടായ മാറ്റമാണ്‌. പരിഷ്‌കാരിയായ പുരുഷൻ മദ്യപിക്കുക സാധാരണമാണ്‌. സുഹൃദ്‌സംഗമങ്ങൾക്ക്‌ ഹൃദ്യത പകരാൻ മദ്യം ഒഴിച്ച്‌ കൂടാൻ വയ്യാത്തതാണ്‌ തുടങ്ങിയ ചിന്തകൾ സ്‌ത്രീകളുടെയിടയിൽപോലും ഇന്ന്‌ പ്രബലമാണ്‌. ഇതിനെയൊക്കെ അംഗീകരിക്കുകയോ, കണ്ണടച്ച്‌ കൊടുക്കുകയോ ആണ്‌ ജനക്ഷേമപ്രവർത്തനങ്ങളിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സാമൂഹികക്ഷേമപ്രസ്ഥാനങ്ങൾ ചെയ്യുന്നത്‌. അതിനാൽ മദ്യത്തിനെതിരായുള്ള ക്യാമ്പയിൻ മൂന്നുതലത്തേയും ലക്ഷ്യം വെച്ചാകണം.

1. മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി, പ്രത്യേകിച്ച്‌ ആരോഗ്യ രംഗത്തെക്കുറിച്ച്‌, ബോധവൽക്കരിച്ചുകൊണ്ട്‌ വ്യക്തികളെ മദ്യപാനത്തിൽ നിന്ന്‌ മുക്തമാക്കാനും, പുതിയതായി ആരും മദ്യപാനം തുടങ്ങാതിരിക്കാനുമുള്ള പ്രവർത്തനങ്ങൾ.

2. മദ്യപാനത്തിന്റെ കുടുംബപരവും സാമൂഹികപരവുമായ പ്രത്യാഘാതങ്ങൾ സംബന്ധിച്ച്‌ ചർച്ചകൾ ഉയർത്തിക്കൊണ്ടുവന്ന്‌ മദ്യപാനത്തിനെതിരെയുള്ള മനോഭാവം സൃഷ്‌ടിക്കൽ, പൊതുഇടങ്ങളെയും, പൊതുചടങ്ങുകളേയും മദ്യവിമുക്തമാക്കാനുള്ള സാമൂഹികഇടപെടലുകൾ.

3. മദ്യത്തിന്റെ ലഭ്യത കുറച്ച്‌ കൊണ്ടുവരാനും, പിന്നീട്‌ നിരോധനം തന്നെ സാധ്യമാകുമാറ്‌, മദ്യവിപണനത്തിലും, മദ്യ ഉപഭോഗത്തിലും സർക്കാർ കൊണ്ടുവരേണ്ടുന്ന നിയമപരമായ നിയന്ത്രണങ്ങൾ.

ഈ വിധം വ്യക്തിതലത്തിലും, പ്രാദേശികസമൂഹത്തിലും, രാഷ്‌ട്രീയ തലത്തിലുമുള്ള പ്രവർത്തനങ്ങൾകൊണ്ടേ കേരളം മദ്യവിപത്തിൽ നിന്ന്‌ രക്ഷപ്പെടൂ. ഏതൊക്കെ തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യാമെന്ന്‌ ചില നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

1. മദ്യത്തിന്റെ ആരോഗ്യപരവും സാമൂഹികപരവുമായ പ്രത്യാഘാതങ്ങൾ വിവരിച്ച്‌ ബോധവൽക്കരണ ക്ലാസ്സുകൾ വ്യാപകമായി നടത്തണം. വായനശാലകൾ, റസിഡൻസ്‌ അസോസിയേഷനുകൾ, പണിശാലകൾ, തൊഴിലാളി സംഘടനകൾ, യുവജന സംഘടനകൾ എന്നിവയുടെ സഹകരണത്തിലൂടെ, മദ്യപാനത്തിന്റെ ആപത്ത്‌ പൊതുവിൽ ബോധ്യപ്പെടുത്തി, തുടക്കക്കാരെ പിന്തിരിപ്പിക്കാനും, പുതുതായി ആരും മദ്യപിക്കാതിരിക്കാനുമാകണം ഈ ക്യാമ്പയിൻ ലക്ഷ്യമിടേണ്ടത്‌.

2. വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചുള്ള പ്രത്യേക ബോധവൽക്കരണ പരിപാടികൾ. മദ്യപാനം അന്തസ്സല്ല എന്നും, പൊതുസമൂഹത്തിന്റെ അവജ്ഞ ഏറ്റുവാങ്ങുന്ന, സ്വന്തം ആരോഗ്യത്തെയും കുടുംബത്തെയും തകർക്കുന്ന നീചപ്രവർത്തനമാണ്‌ അത്‌ എന്നുമുള്ള ബോധം കുട്ടികളിൽ വളർത്തണം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതുചടങ്ങുകളിൽ മദ്യം വിളമ്പാതിരിക്കാൻ സമ്മർദ്ദം ചെലുത്തണം. സാമൂഹിക, രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ സഹകരണം ഇതിനായി തേടണം. ഇത്തരം ഘട്ടങ്ങളിലേക്കാവശ്യമായ സന്നദ്ധ പ്രവർത്തനം നൽകാൻ തയ്യാറുള്ള മദ്യപരല്ലാത്ത യുവാക്കളുടെ ഗ്രൂപ്പുകളെയും കുടുംബശ്രീയെയും പ്രയോജനപ്പെടുത്തണം.

3. മദ്യപാനം നിർത്താനാഗ്രഹിക്കുന്ന ഒരാളെ സഹായിക്കാനുള്ള സാമൂഹികസംഘടനകൾ ഉണ്ടാവണം. മദ്യാസക്തി ഒഴിവാക്കാനുള്ള കൗൺസലിംഗ്‌ കേന്ദ്രങ്ങൾ ആരംഭിക്കുകയും, Alcoholic Anonymous പോലുള്ള സംഘടനകളുടെ സഹായം ഉപയോഗപ്പെടുത്തുകയും വേണം.

4. പൊതുസ്ഥലങ്ങളിൽവെച്ച്‌ മദ്യപിക്കുന്നവരെയും, മദ്യപിച്ച നിലയിൽ കാണപ്പെടുന്നവരെയും പോലീസിലേൽപ്പിക്കാൻ പൗരസമൂഹം മുൻകൈ എടുക്കണം. ഇത്‌ സംബന്ധമായ നിയമങ്ങൾ കർശനമായി പാലിക്കാൻ അധികാരികളിൽ സമ്മർദ്ദം ചെലുത്തണം.

5. ജോലിസ്ഥലങ്ങളിൽ മദ്യംകഴിച്ചെത്തുന്ന ഏത്‌ ജീവനക്കാരനെയും കർശനമായി ശിക്ഷിക്കണം. ജോലിസ്ഥലം മദ്യപാനത്തിന്‌ ഉപയോഗ പ്പെടുത്തുന്നു എന്നറിഞ്ഞാൽ ഓഫീസ്‌ മേധാവികൾക്കെതിരെ നടപടിയുണ്ടാകണം.

6. രാത്രിയിൽ വാഹനം ഓടിക്കുന്നവരുടെ നിശ്വാസവായു പരിശോധന കർശനമാക്കണം. പരിശോധനയിൽ മദ്യപരെ കണ്ടെത്തിയാൽ ലൈസൻസ്‌ റദ്ദ്‌ ചെയ്യണം ; കനത്ത പിഴ ഈടാക്കണം. ഇതിന്‌ സഹായകമായ രീതിയിൽ പോലീസ്‌, എക്‌സൈസ്‌ വകുപ്പിന്‌ പുതിയ അധികാരങ്ങൾ നൽകണം. പൊതുസ്ഥലങ്ങളിൽ മദ്യപാനം പാടില്ലെന്ന നിയമം നടപ്പാക്കാൻ നടപടികൾ സ്വീകരിക്കണം.

7. രാഷ്‌ട്രീയപ്രകടനങ്ങളിലും, പൊതുയോഗങ്ങളിലും മദ്യപിച്ച്‌ എത്തുന്നത്‌ നിരുത്സാഹപ്പെടുത്തണം. അത്തരം വ്യക്തികൾക്കെതിരെ നടപടിയെടുക്കണം. മദ്യപരെ അണിനിരത്തുന്ന സംഘടനകളെ പൊതുസമൂഹത്തിൽ തുറന്ന്‌ കാണിക്കാൻ മാധ്യമങ്ങൾ തയ്യാറാവണം.

8. മദ്യപിച്ച്‌ ഗാർഹികപീഡനം നടത്തുന്ന പുരുഷന്മാരെ ചോദ്യം ചെയ്യാൻ വനിതകളെ പ്രാപ്‌തരാക്കണം. അവർക്കാവശ്യമായ സഹായസഹകരണങ്ങളും സംരക്ഷണവും നൽകണം. സാമൂഹിക ചടങ്ങുകളിൽ നിന്ന്‌ മദ്യപാനികളെ ബോധപൂർവ്വം ഒഴിവാക്കണം.

9. ഷാപ്പിൽ നിന്നും വീട്ടിലേയ്‌ക്ക്‌ വാങ്ങിക്കൊണ്ടുപോകാവുന്ന മദ്യത്തിന്റെ അളവ്‌ ഗണ്യമായി കുറയ്‌ക്കണം. മദ്യം വീട്ടിൽ സൂക്ഷിക്കാൻ അനുവദിക്കരുത്‌. നാട്ടിൻപുറങ്ങളിൽപ്പോലും വീടുകൾ കേന്ദ്രീകരിച്ച്‌ ഉയർന്നുവരുന്ന മിനിബാറുകൾ തടയണം.

10. പട്ടാളക്കാർക്ക്‌ മദ്യം നൽകുന്ന രീതി അവസാനിപ്പിക്കണം. പെൻഷനായ പട്ടാളക്കാർക്ക്‌ നൽകുന്ന മദ്യവും പ്രാദേശികമായി വിതരണം ചെയ്യരുത്‌. പട്ടാളക്കാരുടെ വിധവകൾക്ക്‌ മദ്യം നൽകുന്നത്‌ അവസാനിപ്പിക്കണം.

11. മദ്യം സംബന്ധിച്ച്‌ പ്രാദേശികമായി ഉണ്ടാകുന്ന കേസ്സുകളിൽ ജനകീയ പ്രസ്ഥാനങ്ങൾ കക്ഷിചേരണം. വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസ്സുകളിലൊക്കെ സംസ്ഥാനസർക്കാർ തോറ്റുകൊടുക്കാറാണ്‌ പതിവ്‌. അതിനാൽ കേസ്സ്‌ നടത്തിപ്പിൽ ഇടപെടണം.

12. മദ്യവിരുദ്ധപ്രവർത്തനങ്ങൾക്ക്‌ പ്രാദേശിക ഭരണസമിതിയെ വൻതോതിൽ സഹായിക്കുന്ന സന്നദ്ധസംഘടകൾ, മദ്യവിരുദ്ധ പ്രവർത്തകർ എന്നിവരടങ്ങിയ കർമ്മസമിതിയെ നിയോഗിക്കണം. പ്ലാൻ ഫണ്ടിന്റെ 4-5 ശതമാനം തുകയെങ്കിലും മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ നീക്കിവെക്കണം. ഇതിനായി ഭരണസമിതികൾക്ക്‌ അധികാരം ലഭ്യമാക്കണം.

13. ഗ്രാമസഭയിലെ ഒരു അജണ്ടയായി, പ്രാദേശിക മദ്യവിൽപ്പന, ഉപയോഗം, മദ്യപൻമാരിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, കള്ളവാറ്റ്‌ പ്രശ്‌നം എന്നിവ മാറണം. കള്ളവാറ്റ്‌ കർശനമായി തടയണം. കള്ളവാറ്റുകാരെ ഒറ്റപ്പെടുത്താൻ പ്രാദേശികവാസികൾ തയ്യാറാവണം. കള്ളവാറ്റ്‌ സംരക്ഷിക്കുന്ന പ്രദേശവാസികൾക്ക്‌ കൂട്ടപ്പിഴ ഈടാക്കാൻ പ്രാദേശിക ഭരണസമിതിക്ക്‌ അധികാരം നൽകണം.

14. പൊതുസ്ഥലങ്ങളിൽ മദ്യത്തിന്റെ പരസ്യം ഒഴിവാക്കണം. ടി.വി, സിനിമ എന്നിവയിൽ മദ്യം ഉപയോഗിക്കുന്ന രംഗങ്ങൾ സെൻസർ ചെയ്യണം.

15. എക്‌സൈസ്‌ വകുപ്പിനെ ആധുനികവൽക്കരിക്കുകയും, ശക്തി പ്പെടുത്തുകയും, അഴിമതി വിമുക്തമാക്കുകയും വേണം. അബ്‌കാരി നിയമം ഇതിനനുസൃതമായി ഭേദഗതി ചെയ്യണം.

മദ്യവ്യാപനത്തിനെതിരായുള്ള ഏറ്റവും പ്രധാന പ്രവർത്തനങ്ങളിൽ മുഖ്യം, മദ്യത്തിന്റെ ലഭ്യത പടിപടിയായി കുറച്ച്‌കൊണ്ടുവരിക എന്നതാണ്‌. കള്ള്‌ പോലുള്ള വീര്യം കുറഞ്ഞ മദ്യങ്ങളെ തൽക്കാലം നിലനിർത്തി, വീര്യം കൂടിയ മദ്യങ്ങളെയായിരിക്കണം ആദ്യം ഒഴിവാക്കേണ്ടത്‌. മദ്യനിരോധനത്തിനുള്ള തുടക്കം എന്ന നിലയിൽ ചില ഇനങ്ങളുടെയും, ചില പ്രദേശങ്ങളിലേയും നിരോധനം, മദ്യത്തിന്റെ വില വർദ്ധിപ്പിക്കൽ, കാർഡ്‌ സമ്പ്രദായം ഇവ പരീക്ഷിക്കാവുന്നതാണ്‌. ചില നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

1. ഇന്നു നിലവിലുള്ള ഷാപ്പുകളുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്‌ക്കാനുള്ള നടപടിയല്ലാതെ, പുതുതായി ഒരു ഷാപ്പുപോലും കേരളത്തിൽ അനുവദിക്കുകയില്ലെന്നുറപ്പാക്കണം. മദ്യത്തിന്റെ ഗുണനിലവാരം, വീര്യം, മദ്യഷാപ്പിൽ നിയമങ്ങൾ കർശനമാക്കൽ, മദ്യഷാപ്പിന്റെ പ്രവർത്തന രീതി, വേണ്ടിവന്നാൽ ശിക്ഷാനടപടി കൈക്കൊള്ളാനുള്ള അധികാരം എന്നിവയൊക്കെ പ്രാദേശിക ഭരണസമിതികൾക്കായിരിക്കണം.

2. 1994ലെ കേരളപഞ്ചായത്ത്‌ രാജ്‌ നിയമത്തിൽ ഉണ്ടായിരുന്നതും, ഇപ്പോൾ കൂട്ടിച്ചേർക്കുമെന്നു പറഞ്ഞതുമായ നിബന്ധനകൾ പഞ്ചായത്ത്‌ രാജ്‌ നിയമത്തിൽ എത്രയും വേഗം പുനഃസ്ഥാപിക്കണം.

3. ടൂറിസ്റ്റുകളുടെ ആവശ്യങ്ങൾ പരിഗണിച്ച്‌ കേരളത്തിന്റേതായ ഒന്നോ, രണ്ടോ തദ്ദേശീയ മദ്യം ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാവുന്നതാണ്‌. മായം ചേർക്കാത്ത കള്ള്‌, ചക്ക, മാങ്ങ, പൈ നാപ്പിൾ, കശുവണ്ടി എന്നിവയിൽ നിന്നുള്ള ``ഫെനി പോലുള്ള മദ്യം, ഇവ ഇക്കാര്യത്തിൽ പരിഗണിക്കാം.

4. അബ്‌കാരിരംഗത്ത്‌ കരാറുകാരെ ഒഴിവാക്കണം. തെങ്ങിൽ നിന്ന്‌ നേരിട്ട്‌ കള്ള്‌ ചെത്തി വിൽക്കാൻ കർഷകർക്ക്‌ അനുമതി നൽകണം.

5. മദ്യവ്യവസായത്തിൽ നിന്നുള്ള തൊഴിലവസരങ്ങൾ പ്രധാനമാണ്‌. എങ്കിലും മദ്യത്തെ മാത്രം ആശ്രയിച്ചുള്ള തൊഴിൽ കുറച്ചുകൊണ്ടുവരികയും, മദ്യവ്യവസായതൊഴിലാളികളെ മറ്റ്‌ രംഗങ്ങളിലേയ്‌ക്ക്‌ പുനർവിന്യസിക്കുകയും വേണം.

കാർഡ്‌ സമ്പ്രദായം

മദ്യം ആവശ്യമുളളവർക്ക്‌ ബീവറേജസ്‌ ഡിപ്പൊ വഴി നിശ്ചിത അളവിൽ ലഭ്യമാക്കുന്നതിനുള്ള ഒരു തിരിച്ചറിയൽ കാർഡ്‌ സമ്പ്രദായത്തെക്കുറിച്ച്‌ ഗൗരവത്തിൽ ആലോചിക്കേണ്ടതാണ്‌. ഈ കാർഡ്‌ സമ്പ്രദായത്തിന്‌ ചില നിബന്ധനകൾ അനിവാര്യമാണ്‌. അവ ചർച്ചയ്‌ക്കായി സൂചിപ്പിക്കട്ടെ.

a. കാർഡിൽ ഫോട്ടോ പതിച്ചിരിക്കണം.

b. കാർഡുടമസ്ഥന്‌ മാത്രമേ മദ്യം നൽകാൻ പാടുള്ളൂ.

c. ഒരാഴ്‌ച വാങ്ങാവുന്ന മദ്യം ഇത്രയെന്ന്‌ നിജപ്പെടുത്തിയിരിക്കണം.

d. ഇത്തരം കാർഡുകൾ BPL വിഭാഗത്തിൽപ്പെട്ടവർക്ക്‌ നൽകാൻ പാടില്ല.

e. കാർഡുടമസ്ഥർക്ക്‌ മദ്യം കഴിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക്‌, സർക്കാർ ആശുപത്രികളിൽ സൗജന്യചികിത്സ നൽകാതിരിക്കണം.

f. വീട്ടിൽ വൈദ്യുതി ഉള്ളവർക്ക്‌ റേഷൻ മണ്ണെണ്ണ നിയന്ത്രിക്കുന്നത്‌ പോലെ ഈ കാർഡ്‌ ഉള്ളവർക്ക്‌ BPL ആനുകൂല്യങ്ങൾ പലതും നിയന്ത്രിക്കണം.

g. 21 വയസ്സ്‌ തികയാത്തവർക്ക്‌ കാർഡ്‌ അനുവദിക്കരുത്‌.

h. കാർഡുടമസ്ഥർ അത്‌ കൈമാറ്റം ചെയ്യാനോ മറ്റൊരാൾ മുഖേന മദ്യം വാങ്ങിപ്പിക്കാനോ അനുവദിക്കരുത്‌

മദ്യവിമുക്ത കേരളത്തിന്റെ നേട്ടങ്ങൾ

മേൽവിവരിച്ച കാര്യങ്ങളിലെ ബോധവൽക്കരണപ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും വളർത്തിയെടുക്കാൻ പ്രാദേശികകൂട്ടായ്‌മകൾ സംഘടിപ്പിക്കണം. നിയമവ്യവസ്ഥകൾ നടപ്പിൽവരുത്തുന്നതിന്‌ ജനകീയപ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരണം. മദ്യപാനം നിയന്ത്രിക്കുക വഴി ഒട്ടേറെ നേട്ടങ്ങൾ സമൂഹത്തിന്‌ കൈവരിക്കാൻ കഴിയും. മദ്യപാനികൾ ഉണ്ടാക്കുന്ന സാമൂഹികപ്രശ്‌നങ്ങളും കുറയും. അതുവഴി സർക്കാരിനുണ്ടാകുന്ന ചെലവും കുറയ്‌ക്കാം. ആശുപത്രി, പോലീസ്‌, ജയിൽ, ഇൻഷ്വറൻസ്‌, തൊഴിൽ നഷ്ടം, നഷ്ടപരിഹാരം എന്നീ നിലകളിലെല്ലാം സർക്കാരിന്‌ വഹിക്കേണ്ടിവരുന്ന ബാധ്യതകളും, ചെലവുകളും ഗണ്യമായി കുറയ്‌ക്കാൻ കഴിയും. ജനങ്ങൾ മദ്യത്തിന്‌ ചെലവാക്കുന്ന പണം കൊണ്ട്‌ മറ്റ്‌ വസ്‌തുക്കൾ വാങ്ങിയാൽ സർക്കാരിലേയ്‌ക്ക്‌ വിൽപ്പനനികുതി ലഭിക്കും. ഇവയെല്ലാം ചേർത്തുവെച്ച്‌ പരിശോധിച്ചാൽ മദ്യത്തിൽ നിന്നുള്ള യഥാർത്ഥ വരുമാനം സർക്കാർ ഇന്ന്‌ അവകാശപ്പെടുന്ന അത്രയും ലഭിക്കാറുണ്ടോ എന്ന കാര്യം കൂടുതൽ വിശദമായി പഠിക്കേണ്ടതാണ്‌.

കേരളം നേരിടുന്ന മുഖ്യവിപത്തും നാണക്കേടുമായ മദ്യാസക്തിയിൽ നിന്ന്‌ കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിന്‌ വേണ്ടി ജനനന്മയെ ലക്ഷ്യം വെയ്‌ക്കുന്ന മുഴുവൻ പ്രസ്ഥാനങ്ങളും രംഗത്തിറങ്ങണം. അതിലൂടെ മദ്യത്തിനെതിരെയുള്ള ഒരു ബഹുജനമുന്നേറ്റമാണ്‌ കാലഘട്ടത്തിന്റെ ആവശ്യം."https://wiki.kssp.in/index.php?title=വേണം_മദ്യവിമുക്ത_കേരളം&oldid=3729" എന്ന താളിൽനിന്ന് ശേഖരിച്ചത്