"ജനകീയാസൂത്രണ വിവാദം ശാസ്ത്രസാഹിത്യ പരിഷത്തിന് പറയാനുള്ളത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('{{Infobox book | name = ജനകീയാസൂത്രണ വിവാദം ശാസ്ത്രസാഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(വ്യത്യാസം ഇല്ല)

16:10, 20 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജനകീയാസൂത്രണ വിവാദം ശാസ്ത്രസാഹിത്യ പരിഷത്തിന് പറയാനുള്ളത്
[[[[പ്രമാണം:|thumb|ലഘുലേഖ]]]]
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ജനുവരി 2002

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

==ജനകീയാസൂത്രണ വിവാദം ശാസ്ത്രസാഹിത്യ പരിഷത്തിന് പറയാനുള്ളത്==

“ജനകീയാസൂത്രണം സി.ഐ.എ പദ്ധതി?” എന്ന ചൂടുള്ള തലക്കെട്ടോടെ ഒന്നാംപേജിൽ പെട്ടിക്കോളം വാർത്തയുമായാണ് 2003 ജൂലായ് 3ന് "മാതൃഭൂമി' ദിനപത്രമിറങ്ങിയത്.

ജനകീയാസൂത്രണം ഡച്ച് സർക്കാറിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ സി.ഐ.എ പദ്ധതിയാണെന്നും പദ്ധതിയുടെ ഇടനിലക്കാരായി പ്രവർത്തിച്ചത് ശാസ്ത്രസാഹിത്യ പരിഷത്തും തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനവുമാണെന്നും പാഠം എന്ന പ്രസിദ്ധീകരണത്തിന്റെ മെയ്-ജൂൺ ലക്കത്തിൽ ആരോപിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് വാർത്ത. ഇതിനായി 3.46 ദശ ലക്ഷം ഡോളർ (15 കോടിയോളം രൂപ) പരിഷത്തും സി.ഡി.എസ്സും കൈപ്പ റ്റിയിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ സി.ഡി.എസിന്റെ വാർഷിക റിപ്പോർട്ടിലുണ്ടെന്നും കണ്ടു പിടിച്ച ലേഖകൻ പിന്നീട് ജനകീയാസൂത്രണത്തിന്റെ മാർഗരേഖ തയ്യാറാക്കിയത് റിച്ചാർഡ് ഫ്രാങ്കി എന്ന സി.ഐ.എക്കാരനാണെന്നും അറിയിച്ചു. 96ലാണ് ഡച്ച് സർക്കാർ പദ്ധതിയും ജനകീയാസൂത്രണവും തുടങ്ങുന്നത്. ഐ.ആർ.ടി.സി എന്ന സ്ഥാപനം വഴിയാണ് ശാസ്ത്രസാഹിത്യപരിഷത്ത് ജനകീയാസൂത്രണത്തിൽ ഇടപെട്ടതെന്നും വിദേശപ്പണം സ്വീകരിക്കാൻ ഐ.ആർ.ടി.സിക്ക് അനുമതിയുണ്ടെന്നും. വാർത്ത വിശദീകരിക്കുന്നു. സി.ഡി.എസ് റിപ്പോർട്ടിന്റെ ഒരു ചെറുഭാഗം അടിവരയിട്ടു കൊടുത്തിട്ടുമുണ്ട് വാർത്തയിൽ. - തൊട്ടുതലേദിവസം കൊച്ചിയിൽ നടത്തിയ പ്രതസമ്മേളനത്തിൽ ജനകീയാസൂത്രണം എന്ന രാജ്യാന്തര ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന വി.ബി.ചെറിയാന്റെ പ്രസ്താവനയോടെയാണ് മനോരമ വിവാദ പംക്തി ആരംഭിച്ചത്.

തുടർന്നങ്ങോട്ട് ഒരാഴ്ചക്കാലം ചില മാധ്യമങ്ങളിൽ അപസർപ്പക കഥയെ വെല്ലുന്ന വിധത്തിൽ സത്യവുമായി വിദൂര ബന്ധം പോലുമില്ലാത്ത റിപ്പോർട്ടുകളുടെ ഘോഷയാത്രയായിരുന്നു. എന്തെല്ലാം കണ്ടുപിടുത്തങ്ങൾ. പരിഷത്തിനെക്കുറിച്ചും ജനകീയാസൂത്രണത്തെക്കുറിച്ചും ഇന്നേവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ മാതൃഭൂമിയും മനോരമയും മാധ്യമവും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. - കേരളത്തിന്റെ സാമ്പത്തികസ്ഥിതി തകർക്കപ്പെട്ടതിനു പിന്നിൽ ഡച്ചു പദ്ധതി, വിദേശ ധനകാര്യസ്ഥാപനങ്ങളുടെ കടന്നുവരവിനു പിന്നിൽ ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രാമങ്ങളിലെപ്പോലും സ്ഥിതിവിവരക്കണ ക്കുകൾ ഡച്ച് സർക്കാരിലൂടെ എ.ഡി.ബിക്ക് കൈമാറി എന്നിങ്ങനെ വാർത്തകൾ വികസിച്ചുവന്നു. പുതുപുത്തൻ തലക്കെട്ടുകളും പുതിയ കോളങ്ങളും തുടങ്ങി. മാതൃഭൂമിയും മനോരമയും തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, ന്യൂഡൽഹി എന്നിവിടങ്ങളിൽനിന്നെല്ലാം വാർത്തകൾ പടച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ വിദേശസഹായത്തോടെ ഗവേഷണം തുടങ്ങിയത് കല്ല്യാശ്ശേരിയിൽ, ജനകീയാസൂത്രണത്തിന്റെ ബീജാവാപം അമേരിക്കയിൽ, ഐ.ആർ.ടി.സി രൂപീകരിച്ചതു പണംപറ്റാൻ തുടങ്ങിയ തലക്കെട്ടുകളോടെ തുടർക്കഥ വികസിക്കുകയായിരുന്നു. - പരിഷത്തിന്റെ നിഷേധക്കുറിപ്പുകളും ഡോ.തോമസ് ഐസക്കിന്റെ പ്രതസമ്മേളനവുമെല്ലാം വസ്തുതാവിരുദ്ധമായ കാര്യങ്ങളെ നിഷേധിച്ചെങ്കിലും സുധീഷ്, എം.എൻ.വിജയൻ എന്നീ പുത്തൻ താരങ്ങളെ അണിനിരത്തി തുടരൻ കഥകൾ മെനഞ്ഞുകൊണ്ട് തംബോലക്കളി തുടരുകയാണ്.

അടുത്ത ഘട്ടം പ്രതങ്ങളിലും വാരികകളിലും ലേഖനങ്ങളുടെ വരവായിരുന്നു.

അസത്യപ്രസ്താവനകൾ നിറഞ്ഞ വിഷലിപ്തമായ പ്രചരണത്തിലൂടെ ജനകീയാസൂത്രണത്തിനും പരിഷത്തിനുമെതിരെ ഇത്തരമൊരാക്രമണ മഴിച്ചുവിടാൻ എന്തെങ്കിലും പ്രകോപനമുണ്ടായതായി അറിയില്ല. എന്നാൽ ഈ വിവാദപരമ്പര പൊട്ടിമുളച്ചതും വികസിച്ചുവന്നതുമെല്ലാം വിശദമായി പരിശോധിക്കുമ്പോൾ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.


പരിഷത്തിനെ നിശബ്ദമാക്കാൻ

കേരളത്തിലെ സാമൂഹ്യസാഹചര്യങ്ങൾ ഇന്ന് ഫോടനാത്മകമായ ഒരവസ്ഥയിലെത്തിനിൽക്കുകയാണ്. മുത്തങ്ങയും മാറാടും രണ്ടു സംഭവങ്ങൾക്കപ്പുറം വിഭിന്ന തലത്തിൽ വിശാലമായ ദിശാസൂചന നൽകുന്നവയാണ്. വിദ്യാഭ്യാസ മേഖലയിലെ വീണ്ടുവിചാരമില്ലാത്ത പരിഷ്കാരങ്ങൾ കേരളത്തെ പിറകോട്ടടിപ്പിക്കുകയും കടുത്ത സാമൂഹ്യസംഘർഷങ്ങളിലേക്കു നയിക്കുകയുമാണ്. കേരളത്തിൽ ആരോഗ്യപ്രതിരോധ ശേഷിയെ നോക്കുകുത്തിയാക്കിക്കൊണ്ട് പകർച്ചപ്പനി മരണതാണ്ഡവ മാടുമ്പോൾ ലോകബാങ്കുകടം തരപ്പെടുത്താനും ആശുപ്രതികൾ വിൽക്കാനുമുള്ള ശ്രമത്തിന്റെ പണിപ്പുരയിലാണ് മന്ത്രിയും വകുപ്പും. ജിം ഒന്നുമില്ലാതെയൊടുങ്ങിയെങ്കിലും പ്രകൃതിവിഭവ വിൽപനയുടെ കച്ചവടസംഘങ്ങൾ കേരളമെമ്പാടും ലേലം വിളിക്കൊരുങ്ങി നടക്കുകയാണ്. കേരളത്തിലെ ഭരണവ്യവസ്ഥയെയാകെ പുത്തൻ കച്ചവട വ്യവസ്ഥക്ക് അനുപൂരകമായ വിധത്തിൽ പൊളിച്ചു പണിയാനുള്ള വൻപദ്ധതിയും അണിയറയിലൊരുങ്ങുന്നു. - ഇവയ്ക്കെല്ലാമെതിരെ ജനമുന്നേറ്റം ഉയരുന്നുണ്ട്. ഇതിൽ സംഘടിത രൂപത്തിലുള്ളവയും പ്രാദേശികമായ പ്രതികരണങ്ങളുമുണ്ട്. ഇപ്പോൾ ഉയരുന്ന പ്രക്ഷോഭങ്ങളിൽ പലതിന്റെയും പ്രത്യേകത പരമ്പരാഗത മുന്നണി ബന്ധത്തിന്റെ അതിരുകളെല്ലാം ഭേദിക്കുന്ന ജനകീയകൂട്ടായ്മകളുയരുന്നു എന്നതാണ്. വിദ്യാഭ്യാസ പ്രക്ഷോഭത്തിൽ ഇത് വളരെ വ്യക്തമാണ്. കരി മണൽ ഖനനത്തിനെതിരെ ആലപ്പുഴയിൽ നടന്ന ജനകീയപ്രക്ഷോഭം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. ഈ പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം മുതൽ അതു രൂപപ്പെടുത്തിയെടുക്കുന്നതിലും വിവരങ്ങൾ നൽകി ജനങ്ങളെയും പ്രസ്ഥാനങ്ങളെയും അണിനിരത്തുന്നതിലും പരിഷത്ത് വഹിച്ച പങ്ക് സുപ്രധാനമാണ്.

വിവാദത്തിനൊടുവിൽ വന്ന എല്ലാ റിപ്പോർട്ടുകളിലെയും സൂചനകൾ ചേർത്തുവായിക്കുമ്പോൾ എത്തുന്ന നിഗമനമിതാണ്. വിദേശ ലോബികളുടെ സമ്മർദ്ദത്താലും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും കേരളത്തിൽ നടക്കുന്ന ജനവിരുദ്ധ നീക്കങ്ങളെ എതിർക്കാനും വസ്തുതകൾ ജനങ്ങളെ അറിയിക്കാനും ശ്രമിക്കുന്നവരെ നിശ്ശബ്ദരാക്കണം. എതിർക്കാൻ സാധ്യതയുള്ള എല്ലാവരെയും വിദേശബന്ധമുള്ളവരും ചാരന്മാരുമായി മുദ്രയടിക്കുന്നതിലൂടെ ഒറ്റവെടിക്ക് നിരവധി പക്ഷികളെ വീഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കൂട്ടത്തിൽ വന്ന പി.ടി.തോമസിന്റെ പ്രതസമ്മേളനവും മന്ത്രിമാരായ എം.എം.ഹസ്സന്റെയും എം.വി. രാഘവന്റെയും മറ്റും പ്രസ്താവനകളും വിവാദസൃഷ്ടിയുടെ അന്തിമലക്ഷ്യം മറനീക്കി പുറത്തുവന്നു. വിദേശ പദ്ധതികളുടേയും സ്വകാര്യ പദ്ധതികളുടേയും വക്താക്കളാകട്ടെ ഈ സംഭവവികാസങ്ങളിൽ ആഹ്ലാദഭരിതരാണ്.


ചരിത്രം മാറ്റിയെഴുതാൻ ശ്രമം

ഇതു ചരിത്ര നിരാസത്തിനു മാന്യത നൽകുന്ന കാലമാണല്ലോ. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജന്മത്തിനും കർമത്തിനുമെല്ലാം പുതിയ ചരിത്ര ഭാഷ്യങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം ചില കോണിൽ നിന്നുയരുന്നത് നിരുപദ്രവമാണെന്നേ പലരും ധരിച്ചിരുന്നുള്ളൂ. പാഠത്തിന് എന്തെങ്കിലും സാമൂഹ്യദൗത്യം നിർവ്വഹിക്കാനുണ്ടെന്നു കരുതിയെങ്കിൽ തെറ്റി. അനിതര സാധാരണമായ വേഗത്തോടെയും വഴക്കത്തോടെയുമാണ് ആഗോള മൂലധന ഏജന്റുമാരും ഈ പുതുചരിത്ര രചനക്കാരും ഒത്തു ചേരുന്നത്. അവർക്ക് അലോസരമുണ്ടാക്കുന്നത് പരിഷത്തിന്റെ ചരിത്രവും കേരളസമൂഹത്തിൽ പരിഷത്തിനുള്ള സവിശേഷ സ്ഥാനവുമാണ്. ഇവ മായ്ച്ചുകളയാനുള്ള കൊണ്ടു പിടിച്ച പരിശ്രമങ്ങളാണ് "കറുത്ത പാഠ'ങ്ങളായി ഇപ്പോൾ അവതരിച്ചുകൊണ്ടിരിക്കുന്നത്. - കേരളശാസ്ത്രസാഹിത്യ പരിഷത്ത് വിപുലമായ പ്രവർത്തന മേഖലകളുള്ള അറിയപ്പെടുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനമാണിന്ന്. കേരളത്തിലെ ജനജീവിതവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിൽ ജനപക്ഷത്തു നിന്നുകൊണ്ടുള്ള വ്യത്യസ്തവും മൗലികവുമായ നിലപാടുകളെടുക്കുന്നതിനും അവ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനും പരിഷത്ത് പ്രവർത്തകർ പ്രതിബദ്ധതയോടെ പ്രവർത്തിച്ചുവന്നിട്ടുണ്ട്. സാധ്യമായ മേഖലകളിലെല്ലാം പ്രയോഗിക ബദൽ പ്രവർത്തനങ്ങളും മാതൃകകളും പരീക്ഷണങ്ങളും ആവിഷ്കരിച്ച് നിലപാടുകളുടെ വിശ്വാസ്യതയും അറിവിന്റെ അടിത്തറയും വിപുലമാക്കാൻ പരിഷത്ത് ശ്രമിച്ചു പോന്നിട്ടുണ്ട്. ഒരു മുതലാളിത്ത സമൂഹത്തിൽ ഈ സമരരൂപങ്ങളുടെ പരിമിതികൾ മനസ്സിലാക്കിക്കൊണ്ടും അവ ശ്വാശ്വത പരിഹാരങ്ങളല്ല എന്നറിഞ്ഞു കൊണ്ടും തന്നെ ആണ് ഇന്ന് പരിഷത്ത് ബദലുകളെക്കുറിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രശ്നങ്ങളുടെ രാഷ്ട്രീയവും പരസ്പരബന്ധങ്ങളും ജനങ്ങളിലെത്തിക്കാനുള്ള സമരായുധങ്ങളെന്ന നിലയിലാണ് പരിഷത്ത് ഇവയെ കണ്ടത്. ഒട്ടുമിക്ക പ്രശ്നങ്ങളിലും മുഖ്യധാരാ നിലപാടുകളുമായി സംഘർഷത്തിനിടയാക്കിയെങ്കിലും ശാസ്ത്രീയതയുടെ പിൻബലമുള്ള പരിഷത്ത് നിലപാടുകൾക്ക് കാലക്രമത്തിൽ തെളിമയും അംഗീകാരവും കൈവരുകയാണുണ്ടായത്. പ്രശ്നങ്ങളെ അവയുടെ സമഗ്രതയിൽ സമീപിക്കുന്നതിനോടൊപ്പം ലാളിത്യമാർന്ന പ്രവർത്തനശൈലിയും പ്രവർത്തന രൂപങ്ങളും വർഷങ്ങളിലൂടെ പരിഷത്തിനുണ്ടായ ജനബന്ധവും പ്രവർത്തനശേഷിയും ഏറെ അത്ഭുതത്തോടെയും ആദരവോടെയുമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ പ്രസ്ഥാനങ്ങളും പ്രതിരോധ പ്രവർത്തകരും കാണുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളെ വിമർശനത്തോടെ കാണുന്നവരും അമിത പ്രതീക്ഷയോടെ കാണുന്നവരും അതിലളിതവൽക്കരിച്ചു കാണുന്നവരുമെല്ലാം നമ്മുടെ സമൂഹത്തിലുണ്ട്.

പരിഷത്തിനെ പരിഷത്താക്കിയത് ആയിരക്കണക്കായ പ്രവർത്തകരുടെ സമർപ്പണബോധത്തെടെയുള്ള പ്രവർത്തനമാണ്. കെ.ജി.അടിയോടിയും എം.എൻ.സുബ്രഹ്മണ്യനും ഐ.ജി.ഭാസ്കരപ്പണിക്കരും, കോന്നിയൂർ നരേന്ദ്രനാഥുമെല്ലാം ചേർന്ന് രൂപീകരിച്ച ശാസ്ത്രസാഹിത്യ പരിഷത്ത്, എൻ. വി.കൃഷ്ണവാര്യരുൾപ്പെടെയുള്ള നിരവധി ധിഷണാശാലികളുടെ അധ്വാനത്തിലൂടെയാണ് വളർന്നുവന്നത്. പി.ടി.ഭാസ്കരപ്പണിക്കരെ പോലുള്ള നിരവധി പേരുടെ നേതൃത്വത്തിലൂടെ കേരളത്തിലെ ഗ്രാമങ്ങളിലേക്ക് ഈ പ്രസ്ഥാനം വളർന്നു വ്യാപിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്. രാഘവൻനമ്പ്യാർ, എസ്.പി.എൻ, ഇ.കെ. നാരായണൻ എത്രയെത്ര പേരുടെ ജീവവായുവായിരുന്നു പരിഷത്ത്. ഇന്നു രംഗത്തുള്ളവരും ഇല്ലാത്തവരുമായ നിരവധി പേരുടെ കൂട്ടായ അധ്വാനത്തിന്റെയും ആശയരൂപീകരണത്തിന്റെയും ആകത്തുകയാണ് ഇന്നത്തെ പരിഷത്ത്. എന്നാൽ ഇതൊക്കെ വെറും കെട്ടുകഥയാണെന്നും പരിഷത്തിന്റെ യഥാർത്ഥ പിതൃത്വം മറ്റെവിടെയോ ആണെന്നും ഗവേഷണം ചെയ്ത് കണ്ടെത്തിയതായി പാഭാഷ്യങ്ങൾ വന്നിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു സാധാരണ NGO (Non Government Organisation) ആണെന്നും സാമാജ്വത്വമാണതിനു ജന്മം കൊടുത്തതെന്നും കേരളത്തിൽ ഇങ്ങനെയൊരു സംഘടന ഉണ്ടായി വരാൻ ഒരു ചരിത്രസാഹചര്യവുമുണ്ടായിരുന്നില്ലെന്നും പാഠം പറഞ്ഞാണല്ലോ ചില പരിഷത്തുകാരെങ്കിലുമറിയുന്നത്.

ഈ പ്രചരണത്തിന് കുറെ പഴക്കമുണ്ടെങ്കിലും ഇപ്പോൾ ഇതുയർത്തുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയിലാരംഭിച്ച ആദ്യ നാളുകളിൽ തന്നെ സാമാജ്യത്വ ആഗോള വൽക്കരണത്തിനെതിരെയുള്ള അതിശക്തമായ പ്രചരണ പരിപാടികൾ ആരംഭിച്ച പ്രസ്ഥാനമാണ് പരിഷത്ത്. കാൽനടജാഥകളും കലാ ജാഥകളും സ്വാശ്രയ കാമ്പെയിനുകളും തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ ആഗോളവൽക്കരണത്തിന്റെ നിതാന്ത ശ്രതുക്കളായി പരിഷത്തുകാർ അറിയപ്പെട്ടുതുടങ്ങി. സാമാജ്യത്വ അധീശത്വത്തിന്റെ പുത്തൻ വഴികളും അനന്തവൈവിധ്യമാർന്ന ചൂഷണ രൂപങ്ങളും പ്രചരണോപാധികളും നേരിടാൻ പരമ്പരാഗത സമരരൂപങ്ങൾമാത്രം മതിയാവില്ല എന്ന തിരിച്ചറിവ്, ലോകത്തു നടക്കുന്ന പ്രതിരോധ സമരങ്ങളിൽ നിന്നും ഇന്നാട്ടിലെ തന്നെ അനുഭവങ്ങളിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കാൻ പരിഷത്തിന് പ്രേരണയായിട്ടുണ്ട്. വിദ്യാഭ്യാസവും വികസനവും പ്രകൃതി വിഭവങ്ങളുമെല്ലാം സാമാജ്യത്വ പിടിയിലും ജനജീവിതം വർഗീയ ഭരണകൂടത്തിന്റെ കൈകളിലും ഞെരിഞ്ഞമരുന്ന കാലഘട്ടത്തിലാണ് ശാസ്ത്രത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള പുതിയ അറിവുകളുപയോഗിച്ച് വ്യവസ്ഥാപിത രീതികൾക്കു പുറത്തുള്ള പുതിയ സമരമുഖങ്ങളിലേക്കു പരിഷത്ത് പ്രവേശിക്കുന്നത്. - ഈ പ്രവർത്തനങ്ങളും പ്രതികരണങ്ങളും അസഹനീയമായി കരുതുന്ന ശക്തികൾ കേരളത്തിൽ ഇടതും വലതുമായി നിന്ന് ഒത്തൊരുമിച്ചു വന്ന കാഴ്ച കൗതുകമുളവാക്കുന്നുണ്ടെങ്കിലും അതിന്റെ പിന്നിലുള്ള പ്രത്യ യശാസ്ത്രം കേരളത്തിന്റെ ഭയാനകമായ ഭാവിയുടെ സാധ്യതകളിലേക്കു വിരൽ ചൂണ്ടുന്നു. - പരിഷത്തിന്റെ ഗവേഷണത്തെക്കുറിച്ചും ജനകീയാസൂത്രണത്തെക്കു റിച്ചുമാണല്ലോ സംശയങ്ങൾ. ഇക്കാര്യങ്ങളിൽ നമുക്കു പരിഷത്തിന്റെ ചരിത്രത്തിലെ കൊച്ചുകൊച്ചു നാഴികക്കല്ലുകൾ മാത്രം മതി സാക്ഷികളായി. "ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന മുദ്രാവാക്യം പരിഷത്ത് അംഗീകരിച്ച(1973)പ്പോൾ അറിയാതെതന്നെ ജനകീയ ഗവേഷണവും ജനകീയാ സൂത്രണവുമെല്ലാം അതിൽ ഉൾച്ചേർന്നിരുന്നു. അങ്ങനെയായാൽ അത് രാഷ്ട്രീയമാവുമല്ലോ എന്നു ശങ്കിച്ചവർ അന്നേയുണ്ടായിരുന്നു. പുതിയ കാറ്റും വെളിച്ചവുമെല്ലാം സംഘടനയിലേക്ക് കടത്തിവിടുന്നത് അപകടകരമാകുമെന്നാണവർ വാദിച്ചത്. (സംഘടനയിലേക്ക് കാറ്റും വെളിച്ചവും കടത്തിവിട്ടാൽ അതിന്റെ വളർച്ചയല്ല ശൈഥില്യമാണ് സംഭവിക്കുക- എം. എൻ.വിജയൻ)

എന്നാൽ കാറ്റും വെളിച്ചവും പുതിയ അറിവുകളുടെ രൂപത്തിൽ പരിഷത്തിലേക്കു കടന്നു വരിക തന്നെ ചെയ്തു. അവ കേരളീയ സമൂഹത്തിൽ പുതിയ വെളിച്ചം വിതറുകയും ചെയ്തു.

"കേരളത്തിന്റെ സമ്പത്ത്' എന്ന പഠന ഗ്രന്ഥം ഇങ്ങനെയൊരു പുതിയ വെളിച്ചമായിരുന്നു. ഈ ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ക്ലാസുകൾ കേരളം നെഞ്ചോടു ചേർത്തു. 1977 മുതൽ ഗ്രാമ ശാസ്ത്രസമിതി പ്രവർത്തനമായി അതു വളർന്നു. ഗ്രാമപഠനങ്ങൾ ഗ്രാമവികസന ചർച്ചകൾ, ഗ്രാമതലാസൂത്രണ ശില്പശാലകൾ എന്നിങ്ങനെ തൃണമൂല തലത്തിൽ പലതരം ആലോചനകൾ. എല്ലാം ചെന്നെത്തിയത് വ്യവസ്ഥയുടെ പരിമിതികളെക്കുറിച്ചും വ്യവസ്ഥ മാറ്റാനുള്ള വഴികളിലേക്കുമാണ്.

വികസനത്തെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളും ഇടക്കാലത്ത് നേർക്കു നേർ വന്നു-സൈലന്റ് വാലി വിവാദം. മണ്ണ്, കാട്, ജലസേചനം, കൃഷി, വൈദ്യുതി ഇവയെ കുറിച്ചെല്ലാമുള്ള ആലോചനകളിലേക്ക് അറിവിന്റെ പുതിയ വെളിച്ചം ചിതറി വീണു. പരമ്പരാഗതമായ ചിന്താധാരകൾ ചോദ്യം ചെയ്യപ്പെട്ടു. അപ്പോഴാണ് ആദ്യമായി സി.ഐ.എ. പ്രത്യക്ഷപ്പെട്ടത്. അധിക്ഷേപങ്ങളും വ്യാജവാർത്തകളും ആരോപണങ്ങളുമെല്ലാം ഇന്നത്തേക്കാൾ എത്രയോ മടങ്ങുണ്ടായിരുന്നു.

1980-ലെ വാഴയൂർ സർവ്വേയുടെ രേഖകളെടുത്തു പരിശോധിക്കുക. ജനകീയാസൂത്രണത്തിന്റെ ഭാഗമായ പഞ്ചായത്തു വികസന റിപ്പോർട്ടിലെ മിക്ക് അധ്യായങ്ങളും അതിൽ കാണാം. വിഖ്യാതമായ 1989-ലെ ലോക ബാങ്ക് രേഖയുണ്ടല്ലോ. അതിൽ പറഞ്ഞ മിക്ക പദങ്ങളും ഇതിലും കാണും. വേറെ അർത്ഥത്തിലാണെന്നു മാത്രം. കുറച്ചുകൂടി പിറകോട്ടു പോയാൽ ഇ.എം.എസിന്റെ പുസ്തകത്തിലും ഗാന്ധിജിയുടെ പുസ്തകത്തിലുമെല്ലാം ഈ പദങ്ങൾ കാണാം. എന്തുചെയ്യാം?

1988 ൽ പ്രസിദ്ധീകരിച്ച കേരളത്തിന്റെ 8-ാം പദ്ധതി- ചർച്ചകൾക്കൊരാമുഖം എന്ന സമഗ്ര പഠനം പരിഷത്തിന്റെ രജതജൂബിലി സുവനീർ ആയിരുന്നു. അതിനും മുമ്പേയുള്ള നാലഞ്ചു വാർഷിക സുവനീറുകളിൽ കേരളത്തിന്റെ വിവിധ മേഖലകളെ കുറിച്ച് വിശദമായ പഠനങ്ങൾ അവ തരിപ്പിച്ചിരുന്നു. ഇവയിലുള്ള ചില വാക്കുകളും 89-ലെ ലോകബാങ്ക് രേഖയിലുണ്ടാവും (അപ്പോൾ അതിനുമുമ്പും തുടങ്ങി അല്ലേ? 1987-ൽ പരിഷത്ത് പ്രവർത്തകർ കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ച് ഗ്രാമതലത്തിൽ സർവ്വേ നടത്തി മികച്ച ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. 1997-ൽ ഈ പഠനം പുതുക്കുകയും ചെയ്തു.

കേരളത്തിലെ ആരോഗ്യ മേഖലയെക്കുറിച്ചുള്ള ഏതു ചർച്ചക്കും പരിഷത്ത് ആ വിവരങ്ങളുപയോഗിക്കും. ലോകബാങ്ക് പദ്ധതികളെ എതിർക്കാനായി നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും ശക്തമായ ആയുധവും ഈ പഠനം തന്നെ. അശോക്സ്മിതയുടെ നേതൃത്വത്തിൽ കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പരിഷത്തിന് പ്രചോദനമേകിയതും ഇതേ ആശയം തന്നെയാണ്. സി.ഐ.എ അതെങ്ങാനും കണ്ടാലോ എന്നു ഭയന്ന് നമുക്കിതെല്ലാം അറിയാതിരിക്കുകയും പഠിക്കാതിരിക്കുകയും ചെയ്യാം എന്നാണെങ്കിൽ ശാസ്ത്ര സാഹിത്യ പരിഷത്തിൽ നിന്നു "ശാസ്ത്രം' അങ്ങടുത്തുകളയുന്നതായിരിക്കില്ലേ കൂടുതൽ നല്ലത്. - 1989-ൽ വീണ്ടും വാഴയൂരിന്റെ ജലസ്രോതസ്സുകളുടെ മാപ്പ് തയ്യാറാക്കിയത് വിഭവഭൂപടനിർമ്മാണം എന്ന വിപുലമായ പ്രവർത്തന മേഖല യിലേക്കുള്ള ആദ്യത്തെ പടവായിത്തീർന്നു. എ.പി.ചന്ദ്രൻ എന്ന സ്കൂൾ അധ്യാപകന്റെയും സുബ്രതോസിഹ്ന എന്ന ഭൗമ ശാസ്ത്രജ്ഞന്റെയും ചിന്തകളും ഭാവനയും സംയോജിപ്പിക്കാൻ പരിഷത്തിന് കഴിഞ്ഞു. കല്യാശ്ശേരിയുടെ സാമ്രാജ്യത്വബന്ധം ഇത്രമാത്രമേ ഉള്ളൂ. കല്യാശ്ശേരിയിലും പിന്നെ കേരളത്തിലെ നിരവധി പഞ്ചായത്തുകളിലും വിഭവഭൂപടത്തിനൊപ്പം ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരമായി ജനപങ്കാളിത്തത്തോടെയുള്ള സംഘടനാ രൂപങ്ങൾ പ്രാദേശികമായ ആലോചനകളിൽ തെളിഞ്ഞുവന്നു.


ഐ.ആർ.ടി.സി.ക്ക് മുമ്പ്

ഗ്രാമശാസ്ത്ര സമിതി ചർച്ചകളിലും കേരളത്തിന്റെ സമ്പത്ത് ചർച്ചയിലും കൃഷിക്കാരും സാധാരണക്കാരും പരിഷത്ത് പ്രവർത്തകരോടുയർത്തിയ ചോദ്യങ്ങളാണ് ജനകീയ ഗവേഷണത്തെക്കുറിച്ചുള്ള ആശയങ്ങളിലേക്ക് നയിച്ചത്. കേരളത്തിൽ നിരവധി ഗവേഷണ സ്ഥാപനങ്ങളുണ്ട്. എന്നാൽ അവർക്കാവശ്യമുള്ള അടുപ്പിനെക്കുറിച്ച്, വൈദ്യുതി ലാഭിക്കുന്നതിനെക്കുറിച്ച്, ഭൂമിയുടെ ഉപയോഗത്തെക്കുറിച്ച് എല്ലാം എവിടെ നിന്നു വിവരം ലഭിക്കും. ഗവേഷണ സ്ഥാപനങ്ങളുടെ മുൻഗണനകളുടെയും അവയുടെ ഫലങ്ങൾ ജനങ്ങളിലെത്താത്തതിന്റെയും പ്രശ്നമായിരുന്നു മുഖ്യം. പരിഷത്ത് നേരത്തെ ഗ്രാമീണ അക്കാദമിയെക്കുറിച്ചാലോചിച്ചിരുന്നു. ഫലപ്രാപ്തിയിലെത്തിയില്ല. NADET എന്നൊരു സ്ഥാപനം മലപ്പുറം ജില്ലയിൽ ഒതളൂരിൽ തുടങ്ങി. കുറച്ചു മുന്നോട്ടു പോയി. പിന്നെ നിന്നിടത്തുനിന്നു കുറേ പാഠങ്ങൾ പഠിച്ചു. അടുപ്പിന്റെ ഗവേഷണം തിരുവനന്തപുരത്ത് പരിഷദ് ഭവനിലെ ഒരു ചായ്പിലാണ് നടന്നിരുന്നത്. പ്രാകൃത രീതിയിൽ എന്നുതന്നെ വിശേഷിപ്പിക്കാം.

പിന്നെയും കാലമേറെ പിടിച്ചു മുണ്ടൂരിൽ ഐ.ആർ.ടി.സി.ആരംഭിക്കാൻ. ഇന്ന് അതൊരു മികവുറ്റ സ്ഥാപനമാണ്. എന്നാൽ അത് പരിഷത്തിന്റേതാണ്. പരിഷത്ത് നിശ്ചയിച്ചുറച്ച വഴിക്കാണ് അതിന്റെ പ്രവർത്തനങ്ങൾ. ചെറുകിട ജലവൈദ്യുത നിലയം പണിയുന്നതിനെക്കുറിച്ചും കക്കൂസ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അവിടെ ഗവേഷണം നടക്കും. വൈദ്യുതിയുടെ പ്രഷണനഷ്ടത്തെക്കുറിച്ചും ഗ്രാമസഭയിലെ ജനതാല്പര്യ നഷ്ടത്തെക്കുറിച്ചും അവിടെ പഠനങ്ങളുണ്ടാവും. കോളകമ്പനി മലിനീകരിച്ച് കുടിവെള്ളത്തിലെ പതയെക്കുറിച്ചും കേരളത്തിലെ തൊഴിൽ രഹിതരായ സഹോദരിമാർ നിർമ്മിക്കുന്ന സ്വദേശി സോപ്പിന്റെ പതയെക്കുറിച്ചും അവിടെ ഗവേഷണം നടക്കും. അതൊന്നും വിദേശി കൊണ്ടുപോകുമെന്നു പേടിച്ച് ചെയ്യാതിരിക്കില്ല. അവിടുത്തെ പ്രവർത്തനത്തിനു പരിഷത്തുകാരിൽ നിന്നു പിരിവെടുക്കും. കടം വാങ്ങിച്ചിട്ടുണ്ട്. സർക്കാരിൽ നിന്നു ഫണ്ടു വാങ്ങും- ന്യായമായ വഴിയിൽ, നിശ്ചയിച്ചുറച്ച ആവശ്യങ്ങൾക്കുമാത്രം. ഗവേഷണസ്ഥാപനങ്ങളുമായി സഹകരിക്കും. പരിഷത്തിന് ഏറ്റവും അത്യാവശ്യമെന്നു തോന്നിയ പ്രോജക്ടുകൾ ചെയ്യും. എന്നാൽ പല ഗവേഷണസ്ഥാപനങ്ങളും വിദേശഫണ്ടു സ്വീകരിക്കുന്നവയാണ്. അവയുമായി ബന്ധപ്പെടുമ്പോൾ ശ്രദ്ധ വേണം. ആയതിനാൽ നല്ലവണ്ണം ആലോചിക്കും. KRPLLD പദ്ധതിയിൽ പ്രാജക്ട് എടുക്കുന്നതിനുമുമ്പ് പരവൂരിൽ നടന്ന സംസ്ഥാന ക്യാമ്പിൽ തന്നെ ആലോചിച്ചു. എന്നാൽ ഇതുവരെയുള്ള സാഹചര്യത്തിൽ നാം ആലോചിച്ചെടുത്ത ഒരു തീരുമാനമുണ്ട്. പരിഷത്ത് വിദേശഫണ്ട് വാങ്ങില്ല. ഐ.ആർ.ടി.സിയും വാങ്ങില്ല. 1475 സംഘടനകളാണ് കേരളത്തിൽ വിദേശപണം വാങ്ങുന്നത്. ഇന്ത്യയിൽ 14598 സംഘടനകൾ. പരിഷത്ത് അങ്ങനെയൊരു എൻ.ജി.ഒ അല്ല. പാഠകാരനും തംബോല മുത്തശ്ശിയും, സമ്മാനമഴമാമനും എത്രയെത്ര എഴുതിയാലും പരിഷത്ത് “ആ ഗണത്തിൽ” പെട്ട സംഘടനയാവാൻ തീരുമാനിച്ചിട്ടില്ല. അതിന് ഞങ്ങൾക്ക് പാഠക്കാരന്റെ ഉപദേശവും ആവശ്യമില്ല.

സി.ഐ.എ.യുടെയും ലോകബാങ്കിന്റെയും റിപ്പോർട്ടുകളിൽ ലോകത്തിലെ ഒട്ടെല്ലാ കാര്യങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ടാവും. അതുകൊണ്ട് ആ മേഖലയിലൊന്നും ചെയ്യാൻ പാടില്ലെന്ന വാദം യാന്തികമായി ഉയർത്തുകയാണ് ചിലർ. സാമ്രാജ്യത്വ ഏജൻസികൾ പറഞ്ഞപോലെ കാര്യങ്ങൾ ചെയ്യാതിരിക്കാനും അവരുടെ സന്ദേശം പകരാതിരിക്കാനും അതീവ ജാഗ്രത തന്നെവേണമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. വിദേശ ഇടപെടൽ ഇന്നൊരു യാഥാർത്ഥ്യമാണ്. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ മാനങ്ങൾ അവയ്ക്കുണ്ട്. അവയെല്ലാം മനസ്സിലാക്കാൻ ശ്രമിക്കാതെ യാന്ത്രികമായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അപകടകരമാണ്. ഇതിനെക്കുറിച്ചെല്ലാം സംവാദമാവാം. പക്ഷേ ഇപ്പോഴത്തെ "പാഠ'ഭാഗങ്ങൾ ആഗോള വൽക്കരണക്കാരെ തെല്ലൊന്നുമല്ല സഹായിക്കുന്നതെന്ന് സമകാലിക കേരളത്തിലെക്കൊന്നു കണ്ണാടിക്കുന്നവർക്ക് മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല.

"ജനകീയാസൂത്രണം' എങ്ങനെ ജനങ്ങളെ അകറ്റി എന്നതാണല്ലോ ചർച്ചാവിഷയം. മുമ്പൊരുകാലത്തുമില്ലാത്ത വിധം ജനങ്ങൾ അടുത്തിരുന്നു എന്നാണ് പരിഷത്ത് വിശ്വസിക്കുന്നത്. എന്നാൽ അതു മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതിരുന്നത് എന്തുകൊണ്ട് എന്ന ആലോചന വളരെ പ്രസക്തമാണ്. അതൊരു വേവലാതിയായി നാം മുന്നോട്ടു കൊണ്ടുപോകണം. പക്ഷേ ഇപ്പോഴെന്താണ് പ്രശ്നം? അധികാരം കിട്ടിയാൽ ജനകീയാസൂത്രണം പൊളിച്ചടുക്കുകയാണ് ഒന്നാമത്തെ അജണ്ട എന്ന പ്രഖ്യാപിച്ചുകൊണ്ട് ഒരു ജാഥ തെരെഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ നയിച്ചത് ആരാണെന്ന് ഓർക്കുക. ആഗോളവൽക്കരണം നടപ്പാക്കുന്നതിനുള്ള പച്ചയായ അജണ്ട് പ്രഖ്യാപിച്ചവരുടെ ഒന്നാം അജണ്ട "സാമാജ്യത്വ ജനകീയാസൂത്രണ'ത്തെ സർവ്വാത്മനാ മുന്നോട്ട് കൊണ്ടു പോകുന്നതായിരിക്കണമല്ലോ. എന്നിട്ടുമെന്തേ ഒരു വൈരുദ്ധ്യം? മന്ത്രിമാരുടെ എണ്ണം ഇരുപ താക്കി, ഗ്രാമവികസനവും തദ്ദേശ സ്വയംഭരണവും രണ്ടാക്കി, ഡി.ആർ. ഡി.എയും മറ്റു സമാന്തര ഏജൻസികളും പുനസ്ഥാപിച്ച്, ഫണ്ട് വെട്ടിക്കുറച്ചു; ഗ്രാമസഭയെ നോക്കുകുത്തിയാക്കി, ജനകീയ ഇടപെടൽ രൂപങ്ങളെയാകെ ഇല്ലാതാക്കി, ഉദ്യോഗസ്ഥമേധാവിത്വം പുനഃസ്ഥാപിച്ച്, പട്ടി കവർഗ്ഗ ഫണ്ട് തിരിച്ചെടുത്ത്, ഓംബുഡ്സ്മാൻ പിരിച്ചുവിട്ട് ജനപക്ഷത്തു നിന്ന് പ്രവർത്തിച്ച ഉദ്യോഗസ്ഥരെ പീഡിപ്പിച്ച് ജനകീയാസൂത്രണത്തെ കൊല ചെയ്തിരിക്കുന്നു. കേരളത്തിന്റെ നന്മകൾ ഒന്നൊന്നായി കൊല ചെയ്യുന്ന കൂട്ടത്തിൽ. അതുകൊണ്ട് അവരെ നമുക്ക് വെറുതെവിടാം. ജനകീയാസൂത്രണത്തിന്റെ ജാതകം അന്വേഷിക്കാം. ഒറിജിനൽ ജാതകമുണ്ട്. അതിലുള്ള വിവരങ്ങൾ ഈ പുതിയ ബന്ധത്തിനു ചേരില്ല. അതു കൊണ്ട് ഒരു പുതിയ കമ്പ്യൂട്ടർ ജാതകം തയ്യാറാക്കിയിരിക്കുന്നു. ജനകീയാസൂത്രണം സി.ഐ.എ.പരിപാടി-ഡച്ച് പദ്ധതി. ജനകീയാസൂത്രണം തകർത്തതല്ല പ്രശ്നം; ജനകീയാസൂത്രണം ഉണ്ടായതാണ്. യഥാർഥ പ്രശ്നം-ഇത് "സാമ്രാജ്യത്വവിരുദ്ധ'സമരത്തിന്റെ യഥാർഥ പാഠം തന്നെ.

കേരളത്തിൽ സാക്ഷരതാ പ്രവർത്തനം നടന്നപ്പോഴും ഒരു കൂട്ടർ ഇങ്ങനെതന്നെയായിരുന്നു. അക്ഷരം പഠിപ്പിച്ചാലുള്ള കുഴപ്പത്തെക്കുറിച്ച് തീവ്രമായി ചിന്തിച്ചവർ ഏറെയായിരുന്നു. സാക്ഷരത കഴിഞ്ഞപ്പോൾ മനോരമയുടെ ഭാവനയിലുള്ള എല്ലാ സാമാജ്യത്വ കഥകളും കണ്ടും കേട്ടും കേരളം തരിച്ചിരുന്നിരുന്നു. ഇക്കൂട്ടർ പിന്നീട് പ്രത്യക്ഷപ്പെടുന്നത് പുതിയ പാഠ്യപദ്ധതികാലത്താണ്. ഡി.പി.ഇ.പിയും വിദേശ സഹായവുമെല്ലാം വരും, കൂടും, തുടരും. അതിനേക്കാൾ വലിയ എസ്.എസ്.എ വരും, നാടുമുടിക്കും. ഒന്നു മാത്രമേ പാടില്ലാത്തതുള്ളൂ. പഠിപ്പിക്കുന്ന കാര്യങ്ങൾ മാറരുത്. പാഠ്യപ ദ്ധതിയിൽ തൊടരുത്. ക്ലാസുമുറികളിൽ ചോദ്യങ്ങൾ ഉയരരുത്-എന്തായിരുന്നു അക്കാലത്ത് കേരളത്തിലെ വിപ്ലവവീര്യം! "ആഗോളവത്കരണത്തിന്റെ എതിരാളികൾ' അധികാരത്തിൽ വന്നപ്പോൾ മന്ത്രിസഭചേരും മുമ്പ് പാഠ്യപദ്ധതിയും പാഠപുസ്തകവും എടുത്തു പുറത്തിട്ടു. വിദേശ സഹാ യമോ, കടമോ, അഴിമതിയോ, വിദ്യാഭ്യാസ കച്ചവടമോ സ്വകാര്യവൽക്കരണമോ ഒന്നും കുറഞ്ഞില്ല. എല്ലാം കൂടി ഇപ്പോൾ ആരെയും കാണുന്നില്ല. SUCI യുടേയും മറ്റു വിപ്ലവകാരിയുടേയും പൊടി കാണാനില്ല. പൊതു യോഗങ്ങളില്ല, പ്രദർശനങ്ങളില്ല. വിദേശ സഹായികൾക്ക് വേണ്ടത് അതു തന്നെയായിരുന്നു. പ്രതിരോധത്തിന്റെ വെടിമരുന്ന് പാഠ്യപദ്ധതിയിലായിരുന്നു. അതെടുത്തുകളയാൻ "വിപ്ലവകാരികളുടെ' കമ്മിറ്റി തന്നെയുണ്ടായല്ലോ. ഇതിന്റെയെല്ലാം പാഠസുവിശേഷങ്ങൾ ഏറെ എഴുതിത്തള്ളിയതുമാണല്ലോ. ഇന്നത്തെ സാഹചര്യത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ശല്യമാണ്. അസ്വസ്ഥതയാണ്. അവർ ആഗോളവൽക്കരണത്തെക്കുറിച്ച് പ്രചരണം നടത്തുന്നു. അതിനു ബദലായുള്ള രാഷ്ട്രീയത്തെക്കുറിച്ച് അന്വേഷണം നടത്തുന്നു. അതിനു സഹായകമായ ഗവേഷണ പഠനങ്ങൾ നടത്തുന്നു. ബഹുരാഷ്ട്രകുത്തക ഉല്പന്നങ്ങളെ ബഹിഷ്കരിക്കുന്നു. ബദൽ ഉൽപന്നങ്ങൾക്കും ഉപഭോഗശീലങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നു. ജിമ്മിനെ എതിർക്കുന്നു. കരിമണൽ സമരത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നു. എക്സ്പ്രസ് ഹൈവേക്കെതിരെ അഭിപ്രായം സ്വരൂപിക്കുന്നു. ആരോഗ്യരംഗത്തെയും വിദ്യാഭ്യാസ മേഖലയിലേയും സ്വകാര്യവൽക്കരണത്തിനുള്ള വസ്തുതകൾ വച്ചു സംസാരിക്കുന്നു. ജനങ്ങളുമായി സജീവ ബന്ധം പുലർത്തുന്നു. പുസ്തക പ്രചരണത്തിലൂടെ പ്രവർത്തനങ്ങൾക്കു കാശുണ്ടാക്കുന്നു. ഭാരവാഹികളെ രണ്ടുകൊല്ലം കൂടുമ്പോൾ മാറ്റുന്നു. ഇതൊക്കെ സഹിക്കാമോ? അതുകൊണ്ട് ഏറ്റവും മികച്ച ആയുധം-ഇന്നത്തെ സാഹചര്യത്തിൽ എല്ലാവർക്കും സമൃദ്ധമായി ഉപയോഗി ക്കാവുന്ന ആയുധം - "ചാരൻ' തന്നെ പുറത്തെടുത്തിരിക്കുന്നു. "വിദേശ ചാരൻ പലപേരിലും വരും' എന്നതിന്റെ അർത്ഥതലങ്ങൾ ഇപ്പോൾ നല്ല വ്യക്തതയോടെ മനസ്സിലാവുന്നുണ്ടല്ലോ.


ആരോപണങ്ങൾ പുത്തനല്ല

നാലു പതിറ്റാണ്ടിലേറെ വരുന്ന പരിഷത്തിന്റെ പ്രവർത്തന ചരിത്രത്തിൽ ഇതിനുമുമ്പും പല കോണുകളിൽ നിന്നായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. 1978 ൽ സൈലന്റ് വാലി പദ്ധതിയുമായി ബന്ധപ്പെട്ട് ഞങ്ങൾ സി.ഐ.എ. ഏജന്റുമാരാണെന്നും 1984 ൽ ഭോപ്പാൽ ദുരന്തത്തെത്തുടർന്ന് യൂണിയൻ കാർബൈഡ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തപ്പോൾ ഇന്ത്യൻ കുത്തകകളെ സഹായിക്കാനുള്ള ഗൂഢാലോചനയാണെന്നും കേരള സർക്കാറിന്റെ പുത്തൻ പാഠ്യപദ്ധതിയുമായി സഹകരിച്ചപ്പോൾ പരിഷത്ത് ലോക ബാങ്കിന്റെ കാശുവാങ്ങിയെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് സി.ഐ.എ. ബന്ധവും വിദേശപ്പണ ഇടപാടും ആരോപിച്ചിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ജനകീയാസൂത്രണപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പരിഷത്ത് വിദേശപ്പണം കൈപ്പറ്റിയെന്ന ആരോപണം സർക്കാർ അന്വേഷിക്കണമെന്നും സത്യം കേരളത്തിലെ ജനങ്ങളെ അറിയിക്കണമെന്നും ഞങ്ങൾ ശക്തമായി ആവശ്യപ്പെട്ടത് - പരിഷത്തിനെയും പരിഷത്തിനെ പിന്തുണയ്ക്കുന്ന കേരളീയ സമൂഹത്തേയും മാനസികമായി തളർത്താനും നിശ്ശബ്ദരാക്കാനുമുള്ള ശ്രമത്തെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു കൊണ്ട് ഞങ്ങൾ തള്ളിക്കളയുന്നു.

പാഠവും തുടർന്ന് വിവിധ മാധ്യമങ്ങളും ഉയർത്തിയ ചില പ്രശ്നങ്ങളെ അല്പംകൂടെ വിശദീകരിക്കേണണ്ടതുണ്ടെന്ന് ഞങ്ങൾ കരുതുന്നു. അവയണ് ചുവടെ ചേർക്കുന്നത്.


ജനകീയാസൂത്രണം സി.ഐ.എ ഗൂഡാലോചനയാണോ?

ജനകീയാസൂത്രണം സി.ഡി. എസിന്റെ പദ്ധതിയാണോ? ഡച്ച് പണമാണോ അതിന്നാധാരം? ഡച്ച് പണം സി.ഐ.എ ഗൂഢാലോചനയുടെ ഫല‌മാണോ? - മൂന്നും തികച്ചും തെറ്റാണ്. ജനകീയാസൂത്രണത്തിന്റെ മൂലം കിടക്കുന്നത് ഗാന്ധിജിയുടെ ഗ്രാമസ്വരാജിലും ഇ.എം.എസിന്റെ വികേന്ദ്രീകൃത ഭരണ സങ്കൽപത്തിലുമാണ്. അവരും സി.ഐ.എ ഏജന്റുമാരാണ് എന്ന് സുധീഷും കൂട്ടരും പറഞ്ഞാൽ കേരള ജനത അത് വിശ്വസിക്കണമോ? അത് പ്രയോഗത്തിൽ കൊണ്ടുവരുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തിയത് ഒരു നിലക്ക് കോൺഗ്രസ് പാർട്ടിയും (പഞ്ചായത്ത് രാജ് ആക്ട്) മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയും (പശ്ചിമബംഗാളിൽ 20 കൊല്ലം മുമ്പ് ഇതിനു തുടക്കം കുറിച്ചിരുന്നു) കേരള ശാസ്ത്രസാഹിത്യപരിഷത്തും ആണ്. ജനങ്ങളുടെയിടയിൽ അധികാരമുണ്ടായാലേ ജനാധിപത്യമെന്നത് യാഥാർഥ്യമാകൂ എന്ന് 1974 മുതൽക്കേകണ്ട പരിഷത്ത് അതിനുവേണ്ടി പ്രവർത്തിച്ചിരുന്നു. ഗ്രാമശാസ്ത്രസമിതി (1974), ഗ്രാമീണ അക്കാദമി (1978-80), ഐ.ആർ.ടി.സി (1987) എന്നിവയും "കേരളത്തിന്റെ സമ്പത്ത്' മുതലായ പുസ്തകങ്ങളും, വാഴയൂർ സർവേ, വിഭവ ഭൂപട നിർമാണം, കല്യാശ്ശേരി പദ്ധതി മുതലായവയും ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളായിരുന്നു. ഇവയുടെ സ്വാഭാവിക തുടർച്ച മാത്രമാണ് പി.എൽ.ഡി.പി (പഞ്ചായത്ത് ലവൽ ഡവലപ്മെന്റ് പ്ലാനിങ്). അതാരംഭിച്ചപ്പോഴും ജനകീയാസൂത്രണമെന്ന ആശയം ആരുടെയും മനസ്സിൽ ഉണ്ടായിരുന്നില്ല. 1995 ജൂലായിലാണ് അതിനുവേണ്ട തയ്യാറെടുപ്പ് തുടങ്ങിയത്. UDF ഗവൺമെന്റ് മാറി. തുടർന്ന് LDF ഗവൺമെന്റ് അധികാരത്തിൽ വന്നു അപ്പോഴാണ് നാളിതു വരെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ, പഞ്ചായത്ത് രാജ് ആക്ടിന്റെയും ഗ്രാമസ്വരാജിന്റെയും സത്ത കുറയെങ്കിലും ഉൾക്കൊള്ളുന്ന ഒരു പരീക്ഷണം സാധ്യമായത്. ഈ അർഥത്തിലാണ് PLDP Project.. was the direct proge nitor of PPC (Peoples Plan Campaign) എന്നു പറഞ്ഞിട്ടുള്ളത്. CDS റിപ്പോർട്ടിൽ ഇതിനു തുടർച്ചയായി എഴുതിയിട്ടുള്ള പേജുകൾ ചേർത്തുവായിച്ചാൽ സംഗതി കൂടുതൽ വ്യക്തമാകും. KRPLLD എന്നത് CDS ഡച്ച് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ്. അതിന്റെ ലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്:

a) സുസ്ഥിര വികസനം, ദാരിദ്ര്യനിർമാർജനം, ലിംഗനീതി, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ആവശ്യമായ ഗവേഷണം പ്രോത്സാഹിപ്പിക്കുക. (ഇവയെല്ലാം തന്നെ ബൂർഷാ സങ്കൽപങ്ങളാണ്, സാമാജ്യത്വ പരിതങ്ങളാണ് എന്ന് സൈലന്റ് വാലി വിവാദകാലം മുതൽക്കേ വി.ബി ചെറിയാനും അദ്ദേഹത്തിന്റെ ചില സഹപ്രവർത്തകരും ഒട്ടേറെ വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്, എഴുതിയിട്ടുണ്ട്.

b) മേൽ ഗവേഷണം നടത്തുന്നതിനാവശ്യമായ ഗവേഷണ ശേഷികൾ വികസിപ്പിക്കുക. ഈ പരിപാടിയിൻ കീഴിൽ മുന്നൂറിലധികം ഗവേഷണ പ്രോജക്ടുകൾ നടന്നിട്ടുണ്ട്. അതിൽ ഒന്ന് - പ്രധാനപ്പെട്ട ഒന്ന് ആണ് പി.എൽ.ഡി.പി.

ഈ പ്രോജക്ടുകൾ ഏറ്റെടുത്ത നൂറുകണക്കിന് സാധാരണക്കാരായ അധ്യാപകരും മറ്റുള്ളവരും ഏതെങ്കിലും സമ്മർദത്തിന് വിധേയമായോ ഗൂഢാലോചനയുടെ ഭാഗമായോ ആണ് അത് ചെയ്തത് എന്നു കരുതുന്നുണ്ടാകില്ല. ഗാന്ധിജിയും ഇഎംഎസും ഒക്കെ അമേരിക്കൻ ചാരന്മാരായിരുന്നില്ല. എന്നു തെളിയിക്കുവാൻ ആർക്കു കഴിയും? അങ്ങനെ സംശയിക്കുവാനും ജനങ്ങൾക്ക് അവകാശമുണ്ട് - എന്നാണ് ചിലരിപ്പോൾ പറയുന്നത്. അതിനുത്തരം ജനങ്ങൾ തന്നെ നൽകിക്കൊള്ളും.

ഡച്ചു ഗവൺമെന്റിന്റെ MMRP (Multiannual Multi disiplinary Research Programme) ഒരു സി.ഐ.എ ആസൂത്രിത പരിപാടിയാണെന്ന് കരുതാൻ ഒരു കാരണവും കാണുന്നില്ല, ഒരു സൂചനയും ലഭിക്കുന്നുമില്ല.


ലോകബാങ്ക്, IMF, WTO എന്നിവയും ഐക്യരാഷ്ട ഏജൻസികളും ഒരു പോലെയാണോ?

"പാഠ'ത്തിൽ ലോകബാങ്കിനെയും യുനെസ്കോയെയും ഒരേപോലുള്ള മുതലാളിത്ത സ്ഥാപനങ്ങളായി പലതവണ ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെ ചെയ്തത് അബദ്ധവശാലല്ല എന്ന് അത് വ്യക്തമാക്കുന്നു. ഈ സ്ഥാപനങ്ങൾ തമ്മിൽ മൗലികമായ വ്യത്യാസമുണ്ട് എന്ന വസ്തുത കാണാതെയോ മറന്നുകൊണ്ടോ ആണ് ഇങ്ങനെ ചെയ്യുന്നത്.

ലോകബാങ്കും സഹോദരസ്ഥാപനങ്ങളായ ഐ. എം. എഫും മുതലാളിത്താടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അവയിൽ നിക്ഷേപിച്ച പണത്തിനു ആനുപാതികമായാണ് ഓരോ രാജ്യത്തിനും അവയുടെ മേലുള്ള നിയന്ത്രണം രണ്ട് ഡസനോളം വരുന്ന സാമ്രാജ്യശക്തികളെല്ലാം കൂടി അവയുടെ 80 ശതമാനത്തിൽപ്പരം ഓഹരികൾ നിയന്ത്രിക്കുന്നു. (അമേരിക്ക മാത്രം ഏതാണ്ട് 20 ശതമാനം) അതിനാൽ അവ വിചാരി ച്ചാൽ 150-ൽപ്പരം വരുന്ന മററ് രാജ്യങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായ തീരുമാനം കൈക്കൊള്ളാൻ ലോകബാങ്കിനും ഐ.എം. എഫിനു മൊക്കെ കഴിയുന്നു.

ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അതല്ല സ്ഥിതി. അവയിൽ വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാ രാജ്യങ്ങൾക്കും ഓരോ വോട്ടാണുള്ളത്. അതിനാൽ ലോകബാങ്കിലും മറ്റും തങ്ങളുടെ അഭിപ്രായം സ്ഥാപിച്ചെടുക്കാൻ കഴിയാത്ത വികസ്വര രാജ്യങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടനകളിൽ അതിനു കഴിയും. ആ നിലയ്ക്ക് ലോകബാങ്കാദികളെയും ഐക്യരാഷ്ട്ര സംഘടനകളെയും പാഠമെഴുത്തുകാർ ചെയ്യുന്നതുപോലെ തുലനം ചെയ്യുന്നത് യാഥാർത്ഥ്യത്തിനു നിരക്കുന്നതല്ല.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയെക്കൊണ്ട് തങ്ങൾ ഇച്ഛിക്കുന്ന പലതും ചെയ്യിക്കാൻ സാമാജ്യത്വ ശക്തികൾക്ക് കഴിയുന്നുണ്ട്. എന്നാൽ എല്ലാ കാര്യങ്ങളിലും വികസ്വരരാജ്യങ്ങൾ സാമ്രാജ്യത്വ സമ്മർദ്ദത്തിന് ഒരുപോലെ കീഴടങ്ങുന്നില്ല. മുതലാളിത്ത സൃഷ്ടികളായ ലോകബാങ്കാദികളെയും സാമ്രാജ്യത്വത്തിനെതിരെ സോഷ്യലിസ്റ്റ് കോളനി രാഷ്ട്രങ്ങൾ വിജയം കൈവരിച്ച കാലത്തെ സൃഷ്ടിയായ ഐക്യരാഷ്ടസഭയെയും അതിന് കീഴിലുള്ള ഏജൻസികളെയും (UNESCO, WHO, ILO, UNICEF, UNDP) 63026.Joel AMDODOMO ഏതായാലും ശരിയല്ല.


വിദേശപ്പണത്തെ മൊത്തത്തിൽ നിഷേധിക്കണമോ?

മുതലാളിത്തം ഒരു സാർവ്വദേശീയ വ്യവസ്ഥയാണ്. ആ ഉല്പാദന വ്യവസ്ഥയ്ക്കു കീഴിൽ ഏതെങ്കിലും ഒരു രാജ്യത്തിനു സ്വന്തം ഉല്പാദാനത്തെയും ഉത്പന്നങ്ങളെയും മൂലധനത്തെയും മാത്രം ആശ്രയിച്ച് കഴി യാൻ പലതരത്തിലുള്ള പ്രയാസമുണ്ടാകും. ആ ഉൽപ്പാദന വ്യവസ്ഥയുടെ പ്രത്യേകത മൂലമാണത്. മുതലാളിത്ത വ്യവസ്ഥയിൻ കീഴിൽ വരുന്നതിനുമുമ്പ് സ്വതന്ത്രമായിരുന്ന രാജ്യങ്ങൾപോലും പിന്നീട് അങ്ങനെയല്ലാതായി.

ഈ പരസ്പരാശയം തുല്യതയുടെ, പൂർണമായ മത്സരത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ഒരു രാജ്യത്തിനും മറ്റ് രാജ്യങ്ങളുടെ മേൽ കുതിരകയറാനാവില്ല. എന്നാൽ, സാമാജ്യത്വശക്തികളും കുത്തകകളും അത് സമ്മതിക്കാറില്ല. എങ്കിലും, അവയുടെ മേധാവിത്വത്തെയും മേൽക്കോയ്മയെയും ചെറുത്ത് ഒരളവോളം തുല്യത അന്താരാഷ്ട്രക്കൊള്ള ക്കൊടുക്കയിൽ വരുത്തുന്നതിനു അവികസിത - വികസ്വര രാജ്യങ്ങൾക്ക് അവയുടെ കൂട്ടായ പ്രവർത്തനഫലമായി ചിലപ്പോൾ കഴിയാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അവയ്ക്ക് ചരടില്ലാത്ത വായ്പയും ന്യായമായ വ്യവസ്ഥകളിൽ മൂലധനവും സാമാജ്യത്വരാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നു. ഇവ ലഭിക്കണമെന്നാണ് എന്നും വികസ്വര രാജ്യങ്ങൾ ആവശ്യപ്പെടുന്നത്. ചരടുള്ള സഹായത്തെയും അന്യായമായ രീതിയിലുള്ള മൂലധനനിക്ഷേപത്തെയും അവ എതിർക്കുന്നു.

സാമ്രാജ്യത്വത്തിന് മേൽക്കെയുള്ള ഇക്കാലത്തും ചരടില്ലാത്ത സഹായവും ന്യായമായ വ്യവസ്ഥകളോടെയുള്ള മൂലധനവും നൽകാൻ പല സ്ഥാപനങ്ങളും തയ്യാറാകാറുണ്ട്. അവയും വിദേശപ്പണമാണ്; അങ്ങനെയല്ലാത്ത സഹായവും മൂലധനവും വിദേശപ്പണമാണ്. വസ്തുത ഇതായിരിക്കേ ന്യായമായ വ്യവസ്ഥകളിലുള്ള സഹായത്തെയും മൂലധനത്തെയും നിഷേധിക്കുന്നത് മൂന്നാം ലോകരാജ്യങ്ങളുടെ താല്പര്യങ്ങൾക്ക് ഹാനികരമാണ്.

അന്താരാഷ്ട്ര ധന ഇടപാടുകളുടെ സങ്കീർണ്ണസ്വഭാവം മനസ്സിലാക്കാത്ത പലരും വിദേശപ്പണത്തെ മൊത്തത്തിൽ എതിർക്കാറുണ്ട്. അത് മൂന്നാം ലോകരാജ്യങ്ങൾക്ക് പൊതുവിൽ ഗുണകരമല്ല. "പാഠ'ത്തിലെ എഴുത്തുകാരുടെ സാമ്പത്തിക വീക്ഷണം പക്ഷെ വിദേശപ്പണത്തെ മൊത്തത്തിൽ എതിർക്കുന്നു.


തൊലിവെളുത്തവരെല്ലാം സി. ഐ. എ. ചാരന്മാരോ

"പാഠ'ത്തിന്റെ മേയ്-ജൂൺ പതിപ്പിൽ എസ്. സുധീഷ് എഴുതിയ ലേഖനത്തിൽ “തോമസ് ഐസക്കിനോടൊപ്പം ജനകീയാസൂത്രണത്തിന്റെ പ്രബന്ധം രചിച്ച റിച്ചാർഡ് ഫ്രാങ്കി സി. ഐ. എ . ഉദ്യോഗസ്ഥനായിരുന്നു” എന്ന് എഴുതിയിരുന്നു. ഫ്രാങ്കിനെക്കുറിച്ച് ഈ നിഗമനത്തിലെത്തിയതിന്റെ അടിസ്ഥാനം പത്രപ്രതിനിധികൾ ചോദിച്ചപ്പോൾ അതൊരു ഊഹം മാത്രമാണെന്നായിരുന്നു സുധീഷിന്റെ ഉത്തരം.

സുധീഷിന്റെ ഈ ലേഖനത്തിന്റെ മാത്രമല്ല, ഇതിനു മുമ്പ് പാഠത്തിൽ ഇത്തരത്തിലെഴുതിയ ലേഖനങ്ങളുടെ ആധികാരികതയും ഇങ്ങനെ ഊഹാധിഷ്ഠിതമാകുന്നു. ജനകീയാസൂത്രണത്തിന്റെ സൂത്രധാരന്മാർ ഡച്ച് ഗവൺമെന്റും ലോകബാങ്കും ആണ് എന്നതിനു സുധീഷ് ഹാജരാക്കുന്ന തെളിവ് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിനു കീഴിലുള്ള കെ.ആർ.പി.എൽ. എൽ.ഡി എന്ന പദ്ധതിയുടെ റിപ്പോർട്ടാണ്. അധികാരവികേന്ദ്രീകരണം, അധികാരം ജനങ്ങൾക്ക്, വികേന്ദ്രീകൃത ആസൂത്രണം എന്നിവ സംബന്ധിച്ച് ഡച്ച് ഗവൺമെന്റും ലോകബാങ്കും ഇടപെടുന്നതിനു മുമ്പെ എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത വ്യക്തികളും സംഘടനകളും കേരളത്തിലുണ്ട്. അവരുടെ കൃതികളൊന്നും നോക്കാൻ സുധീഷ് തയ്യാറല്ല, നോക്കിയാൽ പിന്നെ ലേഖനത്തിനു പ്രസക്തിയില്ലാതാകും.

ഇതൊക്കെ കാണിക്കുന്നത് സുധീഷിന്റെയും അദ്ദേഹത്തിന്റെ അഭിപ്രായം മാറ്റൊലിക്കൊള്ളുന്നവരുടെയും മുൻവിധിയാണ്. അതുകൊണ്ടാണ് അമേരിക്കക്കാരനാണ് ഫ്രാങ്കി എന്ന ഒറ്റക്കാരണത്താൽ അദ്ദേഹം സി.ഐ.എ. ഉദ്യോഗസ്ഥനായിരുന്നു എന്ന് സുധീഷ് എഴുതിയത്. ഗീബൽ സിന്റെ തത്വമനുസരിച്ച് അത് പലരും ആവർത്തിച്ച് അതാണ് സത്യം എന്ന പ്രതീതി പരത്താൻ ശ്രമിക്കുകയാണ്. സ്വാതന്ത്ര്യസമരകാലത്ത്, അതിനെ അനുകൂലിച്ചും മഹാത്മാഗാന്ധിയുടെ അനുയായികളായും പ്രവർത്തിച്ചിരുന്ന സി. എഫ്. ആൻഡ്രസ്, ലൂയി ഫിഷർ മുതലായ വെള്ളക്കാരുണ്ട്. ഇന്ത്യക്കാർക്കനുകൂലമായ നിലപാട് കൈക്കൊണ്ട് ആനി ബസന്റ് ഉണ്ട്. അവരെപോലെ കേരളത്തിന് അനുകൂലമായി നിലകൊള്ളുന്ന അമേരിക്കക്കാരനാണ് റിച്ചാർഡ് ഫ്രാങ്കി എന്ന് അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നവർക്ക് മനസ്സിലാകും.

അങ്ങനെയൊരാളെ വ്യക്തമായ തെളിവൊന്നുമില്ലാതെ സി.ഐ.എ.ക്കാരനായി മുദ്രയടിക്കുക. കെ.ആർ.പി.എൽ.എൽ.ഡി റിപ്പോർട്ടിലെ ചില വരികൾ ഉദ്ധരിച്ച് ജനകീയാസൂത്രണത്തെ വിദേശചരക്കായി വിധിയെഴുതുന്നതുപോലെ പൊള്ളയാണ് ഇതും. സാമ്രാജ്യത്വത്തിനും ആഗോളവൽക്കരണത്തിനും എതിരെ നാനാ രാജ്യങ്ങളിലുള്ളവരുടെ വിശാലമായ ചെറുത്തുനിൽപ്പ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഊർജ്ജിതമായ ശ്രമം നടക്കുന്ന സന്ദർഭമാണിത്. അതിനു പാര വെക്കുന്നതിനും സാമ്രാജ്യത്വത്തിനെതിരെ പോരാടുന്ന ജനങ്ങളെ നിരായുധരാക്കുന്നതിനും മാത്രമേ അതിവിപ്ലവ മേലങ്കിയണിഞ്ഞ ഇത്തരം അരാജക പ്രവണതകൾക്ക് കഴിയു.


പരിഷത്തും പ്രോജക്ടും

ബദലുകളെപ്പറ്റി പറഞ്ഞുനടന്നാൽ പോരാ കഴിയുന്നിടത്തോളം ബദൽ മാതൃകകൾ സൃഷ്ടിച്ച് പ്രായോഗികമാണെന്ന് തെളിയിച്ചു കാണിക്കുക കൂടി വേണം എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പരിഷത്ത് സ്വയം അത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തീരുമാനിച്ചത്. ആദ്യമായി ഞങ്ങൾ ശ്രമിച്ചത് കേരളത്തിലെ സാഹചര്യങ്ങൾക്കിണങ്ങുന്ന ദക്ഷത കൂടിയ അടുപ്പ് വികസിപ്പിച്ചെടുക്കാനാണ്. അതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ ധനസഹായവും കിട്ടി. സാങ്കേതിക പശ്ചാത്തലമുള്ള ഏതാനും പരിഷദ് പ്രവർത്തകർ തന്നെ അവധിയെടുത്തും ഒഴിവു സമയം കണ്ടെത്തിയും നടത്തിയ ഒരു സന്നദ്ധപ്രവർത്തനമായിരുന്നു അത്. അതിന്റെ അത്ഭുതകരമായ വിജയം ഞങ്ങളെ ആവേശഭരിതരാക്കി. ഡി.എസ്.റ്റി. യിൽ നിന്ന് ആഷ്ണമോഹ് സിമന്റ് (ഉമിച്ചാരത്തിൽ നിന്ന് സിമന്റുണ്ടാക്കൽ) പ്രോജക്ട് ഞങ്ങൾ ഏറ്റെടുത്തു. അതോടെ വെറും സന്നദ്ധ-ഒഴിവു സമയ-പ്രവർത്തനത്തിന്റെ പരിമിതികൾ പരിഷത്തിന് ബോധ്യമായി. ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് സ്ഥാപനവൽകൃതമായ പശ്ചാത്തല സംവിധാനങ്ങളും മുഴുസമയപ്രവർത്തകരുമില്ലാതെ പറ്റില്ലാ എന്നു മനസ്സിലാക്കിയാണ് ഐ.ആർ.ടി.സി. രൂപീകരിച്ചത് (1987 ൽ). ഇതിനായി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ധനസഹായം ലഭിച്ചു. പിന്നീട് സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പും ഇതിനായി ഗ്രാന്റ് ഇൻ എയ്ഡ് നൽകിത്തുടങ്ങി. തുടക്കത്തിൽ പ്രതിവർഷം അഞ്ചു ലക്ഷം രൂപ ആയിരുന്നത് ഇടയ്ക്ക് കൂടി, പിന്നെ കുറഞ്ഞു, ഇപ്പോൾ ഏതാണ്ട് പത്തു ലക്ഷം രൂപയിൽ നിൽക്കുന്നു. ഇതുപ യോഗിച്ച് സ്ഥലം, കെട്ടിടം, ലൈബ്രറി, ലബോറട്ടറി, വർക്ക്ഷോപ്പ്, കംപ്യൂട്ടർ, ഓഫീസ് ഭരണസംവിധാനങ്ങൾ മുതലായവ നിലനിർത്തുന്നു. ഇതുകൂടാതെ മുയൽ വളർത്തൽ, മത്സ്യകൃഷി, കൂൺകൃഷി, മുതലായി ഗ്രാമീണതൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്ന പഠനഗവേഷണപ്രവർത്തനങ്ങൾ എന്നിവ ഐ.ആർ.ടി.സി പ്രത്യേക പ്രോജക്ടുകളായി എടുത്തിട്ടുണ്ട്. ഗ്രാമതലത്തിലുള്ള വിഭവഭൂപട നിർമാണം ഭൗമ പഠന കേന്ദ്രത്തിന്റെ സഹായത്തോടെ ഞങ്ങൾ ഏറ്റെടുത്ത പഠന പ്രവർത്തനമായിരുന്നു. പൂമാല ഗ്രാമത്തിലും നെല്ലായയിലും നാം നടത്തിയ പഠനങ്ങളുടെ തുടർച്ചയായിട്ടാണ് പിന്നീട് പാലക്കാടു ജില്ലയിൽ പ്രയോഗത്തിലായ "ഗാലസ' രൂപം കൊണ്ടത്. ചാലക്കുടി മുനിസിപ്പാലി റ്റിക്കുവേണ്ടി നഗരമാലിന്യനിർമാർജനത്തിനുള്ള ബദൽ പരിപാടി നടപ്പിലാക്കിക്കൊടുത്തത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഡച്ചുഗവൺമെന്റിന്റെ ധനസഹായത്തോടെ തിരുവനന്തപുരത്തെ സി.ഡി.എസ് നടപ്പാക്കുന്ന കേരള പ്രാദേശിക വികസന ഗവേഷണ പരിപാടിയിൽ (കെ.ആർ.പി. എൽ.എൽ.ഡി) പെടുത്തിയും കുറേ പ്രോജക്ടുകൾ ഐ.ആർ.ടി.സി ഏറ്റെടുത്തിട്ടുണ്ട്. അവയിൽ പ്രധാനം കല്ല്യാശേരിയിൽ പരീക്ഷിച്ച പഞ്ചായത്തുതല വിഭവാധിഷ്ഠിത ആസൂത്രണത്തിന്റെയും പങ്കാളിത്ത ജനാധിപത്യഘടനയുടെയും വികസിതരൂപമായ പഞ്ചായത്തുതല വികസന ആസൂത്രണം (PLDP) ആയിരുന്നു. അയൽക്കൂട്ടങ്ങൾ, വാർഡുസമിതികൾ, പഞ്ചായത്തു വികസന സമിതി എന്നീ സൂക്ഷ്മതലസംഘടനാ രൂപങ്ങളിലൂടെ വികസന പരിപാടികളിൽ ജനകീയ പങ്കാളിത്തം വർധിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ഒരു പ്രധാന ഘടകം. മറ്റേത്, വിഭവഭൂപടം തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിൽ സുസ്ഥിര വികസനത്തിനായുള്ള ആസൂത്രണ മാതൃകകൾ നിർമിച്ചെടുക്കുക എന്നതും, അതിനുള്ള ശേഷി വളർത്തിയെടുക്കാനായി സന്നദ്ധ സാങ്കേതിക സമിതികളും ഉണ്ടാക്കി. ഈ ഗവേഷണപരിപാടിയുടെ പല അംശങ്ങളും പിന്നീട് ജനകീയാസൂത്രണത്തിൽ ഉപയോഗപ്പെടുത്തി എന്നത് പരിഷത്തിന്റെ അഭിമാനാർഹമായ സംഭാവനയായി ഞങ്ങൾ വിലയിരുത്തുന്നു.

ചുരുക്കത്തിൽ, പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിലൂടെ ബദൽ വികസനാന്വേഷണത്തിന് സഹായകമായ പല സാങ്കേതികവിദ്യകളും മാതൃകകളും ഉരുത്തിരിച്ചെടുക്കാൻ പരിഷത്തിനു കഴിഞ്ഞിട്ടുണ്ട്. “ഇവർ വെറുതെ കുറ്റം മാത്രം പറയുന്ന കൂട്ടരല്ല, പകരം വയ്ക്കാൻ മാതൃകകൾ ചമയ്ക്കുന്നവർ കൂടിയാണ് എന്ന പ്രതിഛായ ഉണ്ടാക്കാനും ഇതുതകിയിട്ടുണ്ട്. ഇതു പരിഷത്തിന്റെ തനിമയുടെ ഒരു പ്രധാന അംശമാണ്.


പരിഷത്തും വിദേശഫണ്ടും

താഴെ പറയുന്ന കാരണങ്ങളാൽ വിദേശ ഫണ്ടിങ്ങുള്ള പ്രാേജക്ടുകൾ സ്വീകരിക്കേണ്ടതില്ല എന്ന നിലപാടാണ് പരിഷത്ത് എന്നും എടുത്തിട്ടുള്ളത്.

1. രാജ്യത്തിന്റെ വികസന മുൻഗണനകൾക്കനുസൃതമായി സവിശേഷ പ്രാേജക്ടകൾക്കു വേണ്ടി സർക്കാർ വിദേശ സഹായം സ്വീകരിക്കുന്നതിൽ തെറ്റു പറയാനില്ല. എന്നാൽ എ.ഡി.ബി വായ്പയുടെ കാര്യത്തിലെന്ന പോലെ കൃത്യമായും സമ്പദ്ഘടനയുടെ ജനവിരുദ്ധമായ പുനക്രമീകരണം ലക്ഷ്യം വച്ചുകൊണ്ടുള്ള വിദേശ സഹായം ആത്മഹത്യാപരമാണെന്ന് പരിഷത്ത് കരുതുന്നു.

  1. അത് പലപ്പോഴും പ്രത്യക്ഷമായോ പരോക്ഷമായോ ചരടുകളുള്ളതായിരിക്കും. ഫോർഡ് ഫൗണ്ടേഷൻ, റോക്ഫെല്ലർ ഫൗണ്ടഷൻ മുതലായവ നിർലോപം വിതരണം ചെയ്ത പണം പലപ്പോഴും സി.ഐ.എ നിർദേശപ്രകാരമായിരുന്നു എന്നു പിന്നീട് തെളിഞ്ഞിട്ടുണ്ട്.
  2. സാമാജ്യത്വാനുകൂലമായ കാഴ്ചപ്പാടുകളും മനോഭാവങ്ങളും പ്രചരിപ്പിക്കാനും അവയ്ക്ക് ജനങ്ങളിൽ സ്വീകാര്യത വരുത്താനും ഇതു സഹായകമായേക്കാം.
  3. വലിയ നിയന്ത്രണങ്ങളൊന്നുമില്ലാതെ കണക്കറ്റ പണം വരുന്നത് സ്വീകർത്താക്കളിൽ ധൂർത്തും ധാരാളിത്തവും സുഖാസക്തിയും വളർത്തുകയും ജനങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയും പ്രവർത്തനോത്സുകതയും സേവനസന്നദ്ധതയും ചോർന്നുപോകുന്നതിന് കാരണമാകുകയും ചെയ്തേക്കാം.
  4. മുൻഗണനകളെ മാറ്റിമറിക്കാനും ഫണ്ടുകിട്ടാൻ എളുപ്പമുള്ള കാര്യങ്ങൾ ചെയ്യാനുമുള്ള പ്രവണത ശക്തിപ്പെടും.
  5. കൃത്യമായ മോണിട്ടറിങ്ങോ കണക്കു നോക്കലോ സാമൂഹിക ഉത്തരവാദിത്തമോ ഇല്ലാതെ വലിയ തുകകൾ കൈകാര്യം ചെയ്യുന്നവർ വ്യക്തിപരമായ വീഴ്ചകൾക്കും പണദുർവിനിയോഗത്തിനും ഇരയായിത്തീരാനിടയുണ്ട്.


2. PLDP പ്രാജക്ട് ഏറ്റെടുത്തപ്പോൾ കേരള പ്രാദേശിക വികസന ഗവേഷണ പഠനങ്ങൾക്കായി സി.ഡി.എസ്സിൽ നിന്നാണ് ഐ.ആർ.ടി.സിക്ക് ധനസഹായം ലഭിച്ചത്. സി.ഡി.എസ്സിന് പണം നൽകിയത് ഡച്ചുഗവൺമെന്റാണെങ്കിലും ഗവേഷണ അജണ്ട തീരുമാനിക്കുന്നതും പ്രോജക്ടുകൾ തെരഞ്ഞെടുക്കുന്നതും പുരോഗതി വിലയിരുത്തുന്നതും ഒക്കെ അതിനായി കേരളത്തിൽ രൂപീകരിച്ചിട്ടുള്ള വിദഗ്ധ സമിതികളാണ്. ഡോ.കെ.എൻ.രാജിനെപ്പോലുള്ള സാർവാദരണീയരായ പ്രഗത്ഭരാണ് അതിനു മേൽനോട്ടം വഹിക്കുന്നത്. ഈ ഗവേഷണ പരി പാടി ഏറ്റെടുക്കുന്ന ഐ.ആർ.ടി.സിക്കാണെങ്കിൽ കൃത്യമായ സർക്കാർ ഓഡിറ്റും പരിഷത്ത് നടത്തുന്ന ഫലപ്രദമായ സോഷ്യൽ ഓഡിറ്റും ഉണ്ട്. അതുകൊണ്ട് മേൽസൂചിപ്പിച്ച അപകടങ്ങളും പാളിച്ചകളും ഉണ്ടാ കാതെ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ നേടാനായി ഈ ഫണ്ട് വിനിയോഗിക്കാൻ കഴിയും എന്നു ബോധ്യപ്പെട്ടിട്ടാണ് ഈ ധനസഹായം സ്വീകരിക്കാൻ പരിഷത്തും ഐ.ആർ.ടി.സിയും തീരുമാനിച്ചത്.


3. ഇത്രയൊക്കെ "റിസ്ക്' എടുത്ത് ഈ ധനസഹായം സ്വീകരിക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യം ചില സുഹൃത്തുക്കളുടെയെങ്കിലും മനസ്സിൽ ഉയർന്നേക്കാം. "റിസ്ക്' പ്രധാനമായും മറ്റുള്ളവർ' എന്തു പറയും എന്നതാണ്. നാം ചെയ്യുന്നത് ശരിയാണ് എന്ന പൂർണ ബോധ്യമുണ്ടെങ്കിൽ അപവാദ ശങ്ക നമ്മെ ചെയ്യേണ്ടതു ചെയ്യുന്നതിൽ നിന്നു പിന്തിരിപ്പിക്കാൻ പാടില്ല. അതു കർമ ഭീരുത്വമാണ്.

ബദൽ വികസനത്തെപ്പറ്റി പ്രസംഗിച്ചാൽ പോരാ, ചിലതു ചെയ്ത കാണിക്കുകകൂടി വേണം, എന്നു നാം തീരുമാനിച്ച സ്ഥിതിക്ക് ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തുക തന്നെ വേണം. അതാണ് പരിഷത്തിനെ ഒരു വ്യത്യസ്ത സംഘടനയാക്കുന്നത്. അതിൽ പരിഷത്തിന് അഭിമാനമേയുള്ളൂ.


സി.ഡി.എസ്സും പരിഷത്തും

കേരളത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യശാസ്ത്ര ഗവേഷണകേന്ദ്രമാണ് സി.ഡി.എസ്. 1971ൽ അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യാനുസരണം ഡോ.കെ.എൻ.രാജ് മുൻകൈ എടുത്താണ് സി.ഡി.എസ് ആരംഭിച്ചത്. ഇവിടുത്തെ പ്രധാന ഗവേഷണ വിഷയം സാമ്പത്തികശാസ്ത്രമാണ്.

ദൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയുടെയും കേരള സർവ കലാശാലയുടെയും അംഗീകൃത ഗവേഷണ സ്ഥാപനമാണിത്. എം.ഫിൽ, പി.എഛ്.ഡി ബിരുദങ്ങളിലാണ് ഈ സ്ഥാപനത്തിൽ പഠനം നടക്കുന്നത്.

ഡോ.കെ.എൻ.രാജിനു പുറമേ ഡോ.ടി.എൻ.കൃഷ്ണൻ, ഡോ.എ. വൈദ്യനാഥൻ, ഡോ.പി.ജി.കെ പണിക്കർ, ഡോ.ഐ. എസ്.ഗുലാത്തി, ഡോ.കെ. കെ.സുബ്രഹ്മണ്യം , ഡോ.പി.കെ.മൈക്കിൾ തരകൻ, ഡോ.പി. എസ്.ജോർജ് എന്നിങ്ങനെ ഒട്ടേറെ വിശ്വോത്തര ധനശാസ്ത്രജ്ഞർ ഇവിടുത്തെ അധ്യാപകരായിരുന്നു. ഇവരിൽ ചിലർ ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഡോ.കെ.പി.കണ്ണനാണ് ഇപ്പോഴത്തെ ഡയറക്ടർ. ഇന്ത്യയിലെ ഏറ്റവും പ്രധാന നിയമശാസ്ത്രജ്ഞനായ ഡോ.എൻ.ആർ. മാധവമേനോനാണ് സി.ഡി.എസിന്റെ ഗവേണിങ് ബോഡി ചെയർമാൻ. - ഐക്യ രാഷ്ട്ര സംഘടന യുടെ സഹായത്തോടെ ഡോ.കെ. എൻ.രാജിന്റെ നേതൃത്വത്തിൽ സി.ഡി.എസ് പ്രസിദ്ധീകരിച്ച "Poverty Unemployment & Development Policy' എന്ന ഗ്രന്ഥമാണ് യഥാർഥത്തിൽ കേരള വികസനമാതൃക എന്ന സവിശേഷ ആശയത്തിന് രൂപം നൽകിയത്. എണ്ണമറ്റ എത്രയോ ഗവേഷണ പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും ഈ സ്ഥാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇത്രയും പ്രധാനപ്പെട്ട സി.ഡി.എസ് എന്ന സ്ഥാപനവുമായി അതിന്റെ തുടക്കം മുതലേ പരിഷത്തിന് ബന്ധമുണ്ടായിരുന്നു. 1976ൽ പരിഷത്ത് പ്രസിദ്ധീകരിച്ച “കേരളത്തിന്റെ സമ്പത്ത്' എന്ന ഗ്രന്ഥം തയ്യാറാക്കുന്നതിന് അവിടത്തെ ഒട്ടേറെ വിദഗ്ധർ സഹായിച്ചിരുന്നു. അവിടുന്നിങ്ങോട്ട് അധികാര വികേന്ദ്രീകരണം, കേരളത്തിന്റെ വികസനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രചരണങ്ങളിലും പ്രവർത്തനങ്ങളിലും സി.ഡി.എസിലെ വിദഗ്ധരുടെ ഉപദേശം പരിഷത്ത് തേടിയിട്ടുണ്ട്. സി.ഡി.എസിന്റെ ഒന്നാമത്തെ ഗവേഷണ പ്രബന്ധം (Working paper) തന്നെ കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചാണ്. ഇത്തരത്തിലുള്ള ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് അഭിമാനകരമാണെന്നാണ് പരിഷത്ത് കരുതുന്നത്.


ജനകീയ ശാസ്ത്രപ്രസ്ഥാനവും എൻ.ജി.ഒകളും

കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം മുതലായവയ്ക് സർക്കാർ വകുപ്പുകൾ ഉണ്ട്. "സർക്കാരീയ (govermental) സ്ഥാപനങ്ങളുണ്ട്. സർവകലാശാലകൾ, സി.എസ്.ഐ.ആർ ഗവേഷണശാലകൾ, CESS, CWRDM, RRL, മുതലായവയെ സർക്കാർ സ്ഥാപനങ്ങൾ എന്നു വിളിക്കാറില്ല - അവയ്ക്ക് സർക്കാരിൽ നിന്ന് ഗ്രാന്റ് ലഭിക്കുന്നുണ്ടെങ്കിലും. സാംസ്കാരിക സംഘടനകൾ, സന്നദ്ധ സംഘടനകൾ, ബഹുജന സംഘ ടനകൾ, വർഗ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ മുതലായവയെ ആരും ഒരിക്കലും സർക്കാർ സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ ആയി കാണാറില്ല. എന്നാൽ NGO (നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻ) എന്നത് ധാത്വർഥപ്രകാരം ഈ പറഞ്ഞതിനെയെല്ലാം ഉൾക്കൊള്ളുന്നു. കാരണം അവയൊന്നും സർക്കാരല്ല, സർക്കാരേതരമാണ്. അതായത് CPI (ML)ഉം CPI(M)ഉം CPIയും "ഐ' കോൺഗ്രസ്സും "എ' കോൺഗ്രസ്സും "കെ'കോൺഗ്രസ്സും ഒക്കെ വാച്യാർഥപ്രകാരം “എൻ.ജി. ഒ' - സർക്കാരിതര - സ്ഥാപനങ്ങളാണ്. എന്നാൽ ഒരു രാഷ്ട്രീയപ്പാർട്ടിയെ നാമാരും എൻ.ജി.ഒ എന്നു വിളിക്കാറില്ല, ഒരു വർഗ സംഘടനയേയും വിളിക്കാറില്ല; ഒരു ബഹുജന സംഘടനയേയും ഒരു യുവജന-മഹിളാ-സാംസ്കാരിക സംഘടനയേയും നാം എൻ.ജി.ഒ എന്ന് വിശേഷിപ്പിക്കാറില്ല. അവയെല്ലാം സർക്കാരിതരമാ ണെങ്കിലും NGO എന്ന വാക്ക് ചില പ്രത്യേകതരം സംഘടനകളെ കുറിക്കാനാണ് ഉപയോഗിക്കുന്നത്. "നോൺ ഗവൺ മെന്റൽ' എന്ന വിശേഷ ണത്തിനല്ല അവിടെ പ്രാധാന്യം. ഇത്തരം സംഘടനകളുടെ സവിശേഷ സ്വഭാവമെന്ത്? മിക്കവാറും എല്ലാം തന്നെ അവയുടെ നിലനില്പിനായി ഏതെങ്കിലും ഒരു ഫണ്ടിങ്ങ് ഏജൻസിയെ- സർക്കാരിതര ഏജൻസിയെ ആശ്രയിക്കുന്നു. ഇത് ദേശീയമാകാം. വിദേശീയമാകാം. പ്രവർത്തകരുടെ ഉപജീവനമാണ് ഈ ഫണ്ടുകൾ.

ഇന്ത്യയിലും ഇതര രാജ്യങ്ങളിലുമുള്ള NGO കളിൽ ഭൂരിഭാഗവും രാഷ്ട്രീയ സംഘടനകളെയും വർഗ സംഘടനകളെയും ബഹുജന പ്രസ്ഥാനങ്ങളെയും തള്ളിപ്പറയുന്നവയാണ്. ഇവർക്ക് ഫണ്ട് നൽകുന്നവർ പലപ്പോഴും രാജ്യത്ത് വളർന്നുവരുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അത് ചെയ്യുന്നത്. പല രാജ്യങ്ങളിലും ഇവ പ്രതിവിപ്ലവ ശക്തികളുടെ പിന്നിലാണ് അണി നിരക്കാറ്. അപ്പോഴും അവർ പുരോഗമനക്കുപ്പായം ധരിച്ചിരിക്കാം. ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ NGOകൾ അല്ല. അവയിലെ പ്രവർത്തകരുടെ ഉപജീവനമല്ല അത്. അവ ഫണ്ടിങ്ങ് ഏജൻസികളെ ആശയിച്ചല്ല നിലകൊള്ളുന്നത്. സർക്കാരിൽ നിന്നും ചിലപ്പോൾ UNESCO, UNICEF മുതലായ ഏജൻസികളിൽ നിന്നും വ്യക്തമായ ചില പ്രവർത്തനങ്ങൾക്കായി ഫണ്ടുകൾ സ്വീകരിക്കുമെങ്കിലും ആ ഫണ്ടില്ലെങ്കിൽ ആ പ്രവർത്തനമില്ല എന്നതല്ലാതെ സംഘടനയില്ല എന്നു വരില്ല. തങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളുടെ അനന്തര ഫലങ്ങളെക്കുറിച്ച് അവർ തികച്ചും ബോധമുള്ളവരുമാണ്

ജനകീയ ശാസ്ത്രപ്രസ്ഥാനം വർഗ സംഘടനകൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ ബദലല്ല. എതിരുമല്ല. അവയ്ക്ക് അനുപൂരകങ്ങൾ മാത്രമാണ്. ആ നിലക്ക് അവയെ സാംസ്കാരിക പ്രസ്ഥാനങ്ങൾ എന്നു വിളിക്കുകയായിരിക്കും കൂടുതൽ ശരി. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെയും വർഗ സംഘടനകളുടെയും ചില നിലപാടുകളെ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾ എതിർത്തിട്ടുണ്ട്. ഇനിയും എതിർക്കേണ്ടി വന്നേക്കും. എന്നാൽ അത് രാഷ്ട്രീയത്തെയോ വർഗ താല്പര്യങ്ങളെയോ നിഷേധിക്കലല്ല. ഉദാഹരണത്തിന് എക്സ്പ്രസ് ഹൈവേ, സ്വാശ്രയ കോളേജ്, വനസംരക്ഷണം, പരിസ്ഥിതി മലിനീകരണം എന്നിങ്ങനെ പല പ്രശ്നങ്ങളിലും വ്യത്യസ്ത രാഷ്ട്രീയപ്പാർട്ടികളുടെ നിലപാടുകളെ ശാസ്ത്രസാഹിത്യ പരിഷത്ത് എതിർത്തിട്ടുണ്ട്.

ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് വ്യക്തമായ പക്ഷപാതിത്വമുണ്ട്. തുടർച്ചയായി ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന് അനുകൂലവും അവരുടെ ചെലവിൽ തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്ന ന്യൂനപക്ഷത്തിന് പ്രതികൂലവും ആണ്. ഈ പക്ഷപാതിത്വം. ചെറുകിട കർഷകർ, ദരിദ്രകർഷകർ, കർഷകത്തൊഴിലാളികൾ, പരമ്പരാഗത വ്യവസാ യത്തൊഴിലാളികൾ, സ്ത്രീകൾ, ദളിതർ, കുട്ടികൾ മുതലായവരോട് പരിഷത്തിന് പ്രത്യേകമായ മമതയുണ്ട്.

സാമൂഹ്യ വിപ്ലവത്തിന് നിലകൊള്ളുന്ന സംഘടനകളാണ് ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ. രാഷ്ട്രീയപ്പാർട്ടികളും വർഗ സംഘടനകളും അടങ്ങുന്ന സകല വിപ്ലവ പ്രസ്ഥാനങ്ങളിലേക്കും ശാസ്ത്രബോധത്തിന്റെ സിദ്ധികൾ എത്തിക്കുക എന്നതാണ് അവയുടെ ലക്ഷ്യം. പരിസ്ഥിതി സംരക്ഷണവും ലിംഗനീതിയും ദളിതവകാശങ്ങളും ഒക്കെ അവരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ബാഹ്യപ്രശ്നങ്ങളല്ല. രാഷ്ട്രീയപ്പാർട്ടി, വർഗസംഘടന, ബഹുജന സംഘടന എന്നിവയിലൊന്നും ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്താൻ പറ്റില്ല. പ്രത്യയ ശാസ്ത്രത്തിനു നൽകുന്ന പ്രാധാന്യം, പ്രവർത്തനരീതി എന്നിവയിൽ അവ രാഷ്ട്രീയ പാർട്ടികളോട് ഒരളവുവരെ സദൃശമാണ്. എന്നാൽ രാഷ്ട്രീയാധികാരം കയ്യാളുകയെന്നത് അവയുടെ ലക്ഷ്യമല്ല. അക്കാര്യത്തിൽ അവ രാഷ്ട്രീ യപ്പാർട്ടികളിൽ നിന്ന് വ്യത്യസ്തമാണ്. “ദരിദ്രവത്കരിക്കപ്പെടുന്ന ഭൂരിപക്ഷം” കർഷകർ, കർഷകത്തൊഴിലാളികൾ, വ്യവസായത്തൊഴിലാളികൾ, ജീവനക്കാർ... തുടങ്ങി നിരവധി വിഭാഗങ്ങൾ അടങ്ങുന്ന ഒരു സമസൃഷ്ടിയാണ്. ഓരോ പ്രത്യേക വർഗത്തിനും വേണ്ടി നിലകൊള്ളുന്ന വർഗ സംഘടനകളിൽ നിന്നും വ്യത്യസ്തമാണ് ചൂഷണമനുഭവിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനം. അതുപോലെ സവിശേഷ പക്ഷപാതിത്വമുണ്ടെന്നതുകൊണ്ട് അത് ബഹുജന സംഘടനകളിൽ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ യാണ് അവ “ജനകീയ ശാസ്ത്രപ്രസ്ഥാനം” എന്ന പുതിയൊരു പേർ സ്വീകരിച്ചത്. (1978ൽ ആയിരുന്നു ഇത്) ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ NGO അല്ല. ആണെന്നു വാദിക്കുന്നത് NGO കളിൽ ഭൂരിപക്ഷത്തിന്റെയും പൊതു സ്വഭാവത്തെ ഇവരിൽ അടിച്ചേല്പിക്കുക എന്ന ദുഷ്ടലാക്കോടു കൂടിയാണ്. NGO അല്ലെങ്കിൽ GO ആണ് എന്നു പറയുന്നതും തെറ്റാണ്. കാരണം അങ്ങനെയാണങ്കിൽ രാഷ്ട്രീയപാർട്ടികളും ട്രേഡ് യൂണിയൻ സംഘടനകളും സാംസ്കാരിക സംഘടനകളും യുവജന സംഘടനകളും ഒക്കെ GO കൾ -സർക്കാർ സംഘടനകൾ- ആണ് എന്നു പറയേണ്ടിവരും. തികച്ചും അർഥ ശൂന്യമായ നിഗമനമാണല്ലോ അത്.


വർഗസമരവും വർഗസഹകരണവും

ജനകീയാസൂത്രണത്തെക്കുറിച്ചുള്ള വിമർശനത്തിന്റെ ഒരു ഘട്ടത്തിൽ അത് വർഗസഹകരണമാണ്, വർഗസമരത്തെ വഴിതെറ്റിക്കലാണ് എന്ന ഒരു വാദം ഉയർന്നുവന്നു. എല്ലാത്തരം വികസന പ്രവർത്തനങ്ങളും വർഗ സമരത്തെ തളർത്തുമെന്നും വാദമുയർന്നു. അതിന്റെ പാരമ്യത്തിൽ "ദാരിദ്ര്യവും രഹസ്യാത്മകത'യും വിപ്ലവ വിജയത്തിന്റെ അവശ്യഘടകങ്ങളാണ് എന്നുവരെ എത്തി വാദം.

വിപ്ലവത്തിൽ സായുധ സമരത്തിന്റെ പങ്ക്, പാർലമെന്ററി പ്രവർത്തനത്തിന്റെ ഗുണദോഷങ്ങൾ, “ഇങ്ങനെ ഭരിക്കപ്പെടാൻ ഇനി തയ്യാറല്ലെന്ന്” ജനങ്ങൾ പ്രഖ്യാപിക്കുന്ന സന്ദർഭം, അതിനവരെ പ്രേരിപ്പിക്കുന്ന സാഹ ചര്യങ്ങൾ ഇവയെപ്പറ്റിയെല്ലാമുള്ള തർക്കങ്ങൾക്ക് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. “ഇടതുപക്ഷ തീവ്രവാദം- ഒരു ബാലാരിഷ്ടത” എന്ന ലെനിന്റെ പുസ്തകം ഈ പ്രശ്നത്തെ ആസ്പദമാക്കിയുള്ളതാണ്. ഇതിന്റെയടിസ്ഥാനത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾ പിളർന്നിട്ടുണ്ട്. ഇടതു കഷണങ്ങളും വലതു കഷണങ്ങളും നടുക്കഷണങ്ങളുമൊക്കെയുണ്ടാ യിട്ടുണ്ട്. അക്കൂട്ടത്തിൽ വലിയവപോലും വിപ്ലവപ്പാർട്ടിയേയല്ല എന്നു വാദിക്കുന്നവരുണ്ടാകും. അങ്ങനെ വാദിച്ച പലരും ഇന്ന് കടുത്ത വലതുപക്ഷക്കാരായി മാറിയിട്ടുണ്ട്. പലരും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും വൻകിട ഡിപ്പാർട്ട്മെന്റൽ സ്റ്റോറുകളും ഒക്കെ വിപ്ലവത്തിന് ആവശ്യമാ ണെന്ന് വാദിക്കാൻ തുടങ്ങിയിട്ടുണ്ട്. ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ് ഇന്ന്.

ദരിദ്രകർഷകനും കർഷകത്തൊഴിലാളികളും പരമ്പരാഗത വ്യവസായത്തൊഴിലാളികളും തമ്മിലുള്ള സഹകരണത്തെ, -അയൽക്കൂട്ടതലങ്ങളിലും ഗ്രാമസഭാതലങ്ങളിലും ഉല്പാദന-ഉപഭോഗ തലങ്ങളിലും ഒക്കെ നടക്കുന്ന സഹകരണം- വർഗ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. തുടർച്ചയായി ദരിദ്രവൽക്കരിക്കപ്പെടുന്നവരിൽ ഒരു ഭാഗവും അവരെ ദരിദ്രവൽക്കരിക്കുന്ന ധനികവർഗവും തമ്മിൽ, ഭൂരിപക്ഷം വരുന്ന ചൂഷിതർക്കും തങ്ങൾക്കു തന്നെയും ദോഷകരമായ രീതിയിൽ സഹകരിക്കുന്നതിനെയാണ് വർഗസഹകരണം എന്നുപറയുന്നത്.

സാക്ഷരതാ പ്രവർത്തനം നടത്തുന്നത് ഒരു കാലത്തും വർഗ സഹകരണമല്ല. ശാസ്ത്രം പ്രചരിപ്പിക്കുന്നതും അല്ല. സോപ്പുണ്ടാക്കാൻ പഠിപ്പിക്കുന്നതും കൂൺകൃഷി പഠിപ്പിക്കുന്നതും അല്ല. ദക്ഷതകൂടിയ അടുപ്പും ചൂടാറാപ്പെട്ടിയുമൊക്കെ പ്രചരിപ്പിക്കുന്നതും വർഗ സഹകരണമല്ല. ദരി ദ്രവൽക്കരണത്തിനെതിരായ സമരത്തിൽ അവരെ സഹായിക്കാൻ ഉതകുന്ന ഗവേഷണ പ്രവർത്തനങ്ങളും വിഭവ ഭൂപട നിർമാണം വിവര സംഭരണം മുതലായവയും അല്ല. എന്നാൽ വനംകൊള്ളക്കു കൂട്ടുനിൽക്കുന്നതും ചാരായ മുതലാളിമാരെ സംരക്ഷിക്കുന്നതും സ്വാശ്രയ കോളേജുകൾ പ്രോത്സാഹിപ്പിക്കുന്നതും ഒക്കെ വർഗസഹരണമാണ്. കൈക്കൂലിവാങ്ങലും പ്രൈവറ്റ് പ്രാക്ടീസും ട്യൂഷനും സാധാരണ ജനങ്ങളുടെ ഫയൽ ചുവപ്പുനാടയിൽ കുരുക്കുന്നതും കോൺട്രാക്ടർമാരുടെ ഫയലുകളിൽ പ്രത്യേക താല്പര്യം കാണിക്കുന്നതും വർഗസമരമല്ല.

വിദ്യാർഥികൾ നന്നായി പഠിക്കുന്നത്, അവരെ നന്നായി പഠിപ്പിക്കുന്നത്, അവർക്ക് അറിവിനും കഴിവിനും പുറമെ ദരിദ്രവത്ക്കരിക്കപ്പെടുന്നവർക്ക് അനുകൂലവും സാമാജ്വത്വത്തിന് എതിരും ആയ മൂല്യബോധം ഉണ്ടാക്കുന്നത്; സാധാരണക്കാർക്ക് പവറ്റ് ആശുപത്രികളെ ആശ്രയിക്കാതെ ചികിത്സയും ശുശ്രൂഷയും ലഭ്യമാക്കുന്നത്, സെയിൽ ടാക്സ്എക്സൈസ് തട്ടിപ്പുകാരെ പിടികൂടുന്നത്, തട്ടിപ്പു ഫയലുകൾ പിടികൂടുന്നത്; റോഡുകളിലെ ചപ്പുചവറുകൾ ദിവസേന നീക്കുന്നത്, ധനിക വർഗത്തിന്റെ കള്ളക്കളികൾ തുറന്നു കാട്ടുന്നത്- ഇതെല്ലാം വർഗസമരമാണ്; വർഗസഹകരണമല്ല. സമരം ശ്രതുവെ വേദനിപ്പിക്കുന്നു. സഹകരണം ശ്രതുവെ സഹായിക്കുകയും മിത്രത്തെ വേദനിപ്പിക്കുയും ചെയ്യുന്നു. ഇതാണ് ഉരകല്ല്.


സിവിൽ സൊസൈറ്റി

ഏറെ പ്രതികരണമുണ്ടാക്കുന്ന ഒരു ശബ്ദമാണിത്. അത് കേൾക്കു മ്പോൾ ചിലർ ഹർഷപുളകിതരാകുന്നു; മറ്റു ചിലർ കോപംകൊണ്ട് വിറ യ്ക്കാൻ തുടങ്ങുന്നു. ഒട്ടേറെ പേർ ഒട്ടേറെ അർഥത്തിൽ പ്രയോഗിക്കുന്ന ഈ ശബ്ദം കേട്ട ഉടനെ ഇങ്ങനെ വികാരാധീനരാകേണ്ട ആവശ്യമില്ല. കാലത്തിനും ദേശത്തിനും ആളിനും അനുസരിച്ച് അതിന് വ്യത്യസ്ത അർഥങ്ങൾ കൈവന്നിട്ടുണ്ട്. ലോക്കും റൂസ്സോയും മാർക്സസും ഗ്രാംഷിയും ഒക്കെ വ്യത്യസ്ത അർഥത്തിലാണ് ഈ പദം ഉപയോഗിച്ചിട്ടുള്ളത്. സന്ദർഭാനുസരണം ഈഷദ് വ്യത്യാസവും അവർ കല്പിച്ചിട്ടുണ്ട്. എന്താണ് സിവിൽ സൊസൈറ്റി - പൗരസമൂഹം-എന്ന ചർച്ചകളിൽ ഉയർന്നു വരാ റുള്ള മറ്റു രണ്ടു പദ ങ്ങ ളാണ് "നേത്യത്വ ശക്തി' (Hegemony), പത്യ യ ശാസ്ത്രം (Ideiology) എന്നിവ. സിവിൽ സൊസൈറ്റി എന്ന പദത്തേക്കാൾ കൂടുതൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാ ക്കുന്ന രണ്ടു പദങ്ങളാണിവ. ഈ മൂന്നു പദങ്ങളുമുപയോഗിച്ചുകൊണ്ടുള്ള സംവാദങ്ങൾ ഏറിയകൂറും “അരിയെത്ര?' എന്ന ചോദ്യത്തിന് "പയറ് വെന്തില്ല' എന്ന് ഉത്തരം നൽകുന്നതിനെയാണ് അനുസ്മരിപ്പിക്കുക.

കാടത്തത്തിൽ നിന്ന് സംസ്കൃതിയിലേക്കുള്ള പരിവർത്തനത്തെ സൂചിപ്പിക്കാനാണ് (സിവിലൈസേഷൻ) ലോക്കും റൂസ്സോയുമൊക്കെ ആദ്യം സിവിൽ സൊസൈറ്റി എന്ന പദമുപയോഗിച്ചത്. ഭരിക്കുന്ന ഫ്യൂഡൽസമൂഹത്തെ എതിർത്ത് വളർന്ന ബൂർഷ്വാസമൂഹത്തെ കുറിക്കാനാണ് മാർക്സ് ആദ്യം ഈ പദം ഉപയോഗിച്ചത്. അതിനെ "പൊളിറ്റിക്കൽ സൊസൈറ്റി'യിൽനിന്ന് - ഭരണകൂട വ്യവസ്ഥയിൽനിന്ന്- വേർതിരിക്കാൻ. ചരിത്രപരമായി പൗരസമൂഹം മുന്നോട്ടുള്ള ഒരു കാൽവെപ്പാണ്. ഇതിൽ അടിസ്ഥാനം: പൗരസമൂഹവും രാഷ്ട്രീയ സമൂഹവും തമ്മിലുള്ള വേർതിരിവാണ്. രാഷ്ട്രീയ സമൂഹം എന്നത് ബലപ്രയോഗംഭരണം - ആയി ബന്ധപ്പെട്ടിരിക്കുന്ന കോടതി, ജയിൽ, പോലീസ്, പട്ടാളം ഇവയുടെ പിൻബലമുള്ളതാണ്. പൗരസമൂഹത്തിന്റെ പിൻബലം നേതൃത്വശക്തി - ഹൈജമനി- ആണ്. ഇതിന് ഗ്രാംഷി നൽകുന്ന അർഥം അതി ബലാധിഷ്ഠിത (സൈന്യം) ആധിപത്യമല്ല, വിശ്വാസങ്ങൾ, ആചാരങ്ങൾ, കീഴ്വഴക്കങ്ങൾ മുതലായവ മനുഷ്യമനസ്സുകളിൽ ചെലുത്തുന്ന സ്വാധീനവും അവയെ മറികടക്കാനുള്ള കഴിവില്ലായ്മയും (അവക്ക് കീഴ്പെടൽ) ആണ്. ഭരണകൂടത്തിന്റെ സുസ്ഥിരതക്ക് സൈനികശക്തി മാത്രം പോരാ, ആശയപരമായ - (പ്രത്യയശാസ്ത്രപരമായ - ആധിപത്യം (ഹൈജമനി) കൂടിവേണം. ഭരണകൂടത്തിന്റെ ബലപ്രയോഗത്തെ പൗരന്മാർ അംഗീകരിക്കുന്നതിലേക്ക് ഇത് നയിക്കുന്നു. അതിനെതിരായ, ചൂഷണത്തിനും സ്വകാര്യസ്വത്തിനും അവയ്ക്കാധാരമായ ആശയ- ആചാരഅനുഷ്ഠാനങ്ങൾക്കും എതിരായ ഒരു ചിന്താഗതി -തൊഴിലാളിവർഗ ചിന്താഗതി- പൗരന്മാരെ ഗണ്യമായ തോതിൽ സ്വാധീനിക്കാൻ തുടങ്ങുമ്പോൾ, അതായത് അവരുടെ മനസ്സിനു മേൽ ആധിപത്യം -ഹൈജമനിസ്ഥാപിക്കാൻ തുടങ്ങുമ്പോൾ ഒരു പ്രത്യയശാസ്ത്രത്തിന്റെ ഹൈജമനി തുടങ്ങുന്നതായി പറയാം.

ഇവിടെ കേരളത്തിൽ ഇടക്കിടക്ക് നടക്കുന്ന പൗരസമൂഹം Vs രാഷ്ട്രീയപാർട്ടി ചർച്ചകളിൽ പൗരസമൂഹം = അരാഷ്ടീയത എന്നാണ് പലരും അർഥം കൽപിക്കുന്നത്. ഇവിടെ രണ്ടേ രണ്ടു കാറ്റഗറിയേപാടുള്ളൂ എന്ന നിർബന്ധം എന്തിനാണ്? - ഭരണകൂടമുണ്ട്. അതിന് തനതായ വർഗസ്വഭാവമുണ്ട്. അത് പ്രതിഫലിക്കുന്ന നിയമങ്ങൾ, പോലീസ്, സൈന്യം, മാധ്യമങ്ങൾ എന്നിവയൊക്കെയുണ്ട്.

മാറി മാറി അധികാരത്തിൽ വരുന്ന രാഷ്ട്രീയപാർട്ടികളുണ്ട്. അവയിൽ പലതിനും അധികാരത്തിലിരിക്കുന്ന വർഗത്തിന്റേതിൽ നിന്ന് വ്യത്യസ്തമായ വർഗസ്വഭാവമുണ്ട്. ചിലതെല്ലാം തികച്ചും എതിരുതന്നെയാണ്. പക്ഷേ, അധികാരി വർഗത്തിൽ നിന്ന് സ്വത്രന്തമായി ഭരണം നടത്താൻ അവർക്കു കഴിയില്ല.

അധികാരം ലക്ഷ്യമാക്കിയിട്ടുള്ള എന്നാൽ പാർട്ടികളിൽ നിന്ന് സ്വതന്തമായ പ്രസ്ഥാനങ്ങളുണ്ട്. NPPF- നോൺപാർട്ടി പൊളിറ്റിക്കൽ ഫോർമേഷൻസ് എന്ന പേരിൽ ഇവ അറിയപ്പെടുന്നു. ഏറ്റവും പ്രകടമായ ഉദാഹരണമാണ് NAPM-നാഷണൽ അലയൻസ് ഓഫ് പീപ്പ്ൾസ് മൂവ്മെന്റ് (ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം). - അധികാരം അജണ്ടയിലില്ലാത്ത, എന്നാൽ തികഞ്ഞ രാഷ്ട്രീയ സ്വഭാ വമുള്ള അതേ സമയം ഒരു രാഷ്ട്രീയ പാർട്ടിയുടെയും കീഴിലല്ലാത്ത - പസ്ഥാനങ്ങളുണ്ട്. ജനകീയ ശാസ്ത്ര പ്രസ്ഥാനം, പരിസ്ഥിതി പ്രസ്ഥാനം, വനിതാ വിമോചന പ്രസ്ഥാനം, പൗരസ്വാത്രന്ത്യ പ്രസ്ഥാനം, അധഃസ്ഥിത വിമോചന പ്രസ്ഥാനം മുതലായവ.

ഒരു രാഷ്ട്രീയ സ്വഭാവവും അജണ്ടയുമില്ലാത്ത സംഘങ്ങളും പ്രസ്ഥാനങ്ങളുമുണ്ട്. വിവിധ വികസന ഏജൻസികൾ, കലാകായിക സംഘങ്ങൾ, വായനശാലകൾ, സുഹൃത് സംഘങ്ങൾ... ഇങ്ങനെ പലതും.

ഇവയെയെല്ലാം കൂട്ടിക്കലർത്തി വെറും രണ്ടേ രണ്ടു കാറ്റഗറിയാക്കണമെന്ന നിർബന്ധം, സെപ്തംബർ 11നെ തുടർന്ന് ബുഷ് നടത്തിയ പ്രഖ്യാപനത്തിന് - ഒന്നുകിൽ ഞങ്ങൾ പറയും പോലെ അല്ലെങ്കിൽ ഞങ്ങൾക്കെതിരെ എന്ന പ്രഖ്യാപനത്തിന് - സദൃശമാണ്. അത് അംഗീ കരിക്കാനാവില്ല. ഒരു രാഷ്ട്രീയപാർട്ടിയുടെയും ചൊല്പടിക്കു കീഴിലല്ലാതെ തന്നെ വ്യക്തമായ രാഷ്ട്രീയ പ്രതിബദ്ധത വെച്ചുപുലർത്താൻ കഴിയുമെന്നും അതേ പ്രതിബദ്ധതയുള്ള രാഷ്ട്രീയ ശക്തികൾക്ക് അവ സഖ്യശക്തിയായി മാറുമെന്നും മനസ്സിലാക്കണം. ഇങ്ങനെയുള്ള പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാൻ ഇടമില്ലെങ്കിൽ അത് രാഷ്ട്രീയപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയല്ല ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. തങ്ങളുടെ ചൊല്പടിക്കു കീഴിലല്ലാത്ത എല്ലാ പ്രസ്ഥാനങ്ങളും തങ്ങൾക്കെതിരാണ് എന്ന സങ്കല്പമാണ് വി.ബി.ചെറിയാനും കൂട്ടുകാരും വെച്ചുപുലർത്തുന്നതെന്നു തോന്നുന്നു.

പരിഷത്ത് ഒരു എൻ.ജി.ഒ അല്ല, എന്നപോലെതന്നെ അത് ഒരു "അരാഷ്ടീയ' പൗരസമൂഹമല്ല. രാഷ്ട്രീയ പൗരസമൂഹത്തിലെ (ഇത്തരം ഒരു പദം അസംബന്ധമായി തോന്നിയേക്കാം, കാരണം പൗരസമൂഹവും രാഷ്ട്രീയ സമൂഹവും പരസ്പരവർജകങ്ങളായ കാറ്റഗറികൾ ആയാണല്ലോ നിർവചിക്കപ്പെടുന്നത്) അംഗമായ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമാണ് പരിഷത്ത്.