"വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ-വിമർശനങ്ങളുടെ നേരും നുണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ - വിമർശനങ്ങളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(വ്യത്യാസം ഇല്ല)

20:04, 17 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ - വിമർശനങ്ങളുടെ നേരും നുണയും

കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖല വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നും സാധാരണക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകി വരുന്ന പൊതു വിദ്യാലയങ്ങൾ തകർന്നു തരിപ്പണമാവാൻ പോകുന്നുവെന്നെല്ലാം വിവിധ കോണുകളിൽ നിന്നും ശക്തമായ വിമർശനങ്ങളായി ഉയർന്നു വന്നുകൊണ്ടിരിക്കുന്നു. എസ്.യു.സി.ഐ, ജനകീയ പ്രതിരോധസമിതി, ചില അധ്യാപക സംഘടനകൾ എന്നിവ രോടൊപ്പം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളും ഈ വിമർശനങ്ങൾക്ക് ചൂടും ചൂരും പകരുന്നു. കേരളത്തിലെ ചില മാധ്യമങ്ങളും സാംസ്കാരിക പ്രമുഖരിൽ ചിലരും ഈ പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെച്ചുകൊണ്ടിരിക്കുന്നു. പഞ്ചായത്തുകൾക്ക് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസമെല്ലാം ഏല്പ്പിച്ചുകൊടുത്ത് സർക്കാർ അതിന്റെ ഉത്തരവാദിത്വം കൈയൊഴിയുന്നു എന്നതാണ് വിമർശനങ്ങളിൽ മുഖ്യമായ ഒരിനം. ഇങ്ങനെ ഏൽപ്പിച്ചു കൊടുക്കുന്ന ചരിത്രപരമായ വിഡ്ഢിത്തത്തെ കുറിച്ച് വി.ആർ കൃഷ്ണയ്യർ ശക്തമായി പ്രതികരിച്ചു. ഈ നയം ഭാരതത്തെ രണ്ടാക്കാൻ പോകുന്നുവെന്നും പഞ്ചായത്തിന് വിദ്യാഭ്യാസം നൽകുക എന്നത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറയുന്നു. സ്കൂൾ മാർക്ക് പകരം ഫെസിലിറ്റേറ്റർമാരെ നിയോഗിച്ചിരിക്കുന്നുവെന്നും പാവപ്പെട്ട വീട്ടിലെ കഞ്ഞി കുടിക്കാൻ വകയില്ലാത്ത കുഞ്ഞുകുട്ടികളെ പഠിപ്പിക്കുന്ന ഏർപ്പാട് ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞത്. ഈ രാജ്യത്തിലെ ശിശുക്കളെ തെരുവുതെണ്ടികളും കൊള്ളക്കാരും ഗുണ്ടകളും ആക്കുന്ന പിശാചു ബാധിച്ച വിദ്യാഭ്യാസത്തെ അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയോടപേക്ഷിക്കുന്നു (ജനകീയ പ്രതിരോധ സമിതി ബുള്ളറ്റിൻ 2007 ആഗസ്ത്). പഞ്ചായത്തുകൾ സ്വന്തം പാഠപുസ്തകം നിർമ്മിച്ച് സ്കൂളിൽ പഠിപ്പിക്കുന്നു, മടിക്കൈ ഗ്രാമപഞ്ചായത്ത് അവിടുത്തെ സ്കൂൾ സമയം മാറ്റി, കോട്ടയത്തുള്ള കുറിച്ചി ഗ്രാമ പഞ്ചായത്ത് ഗ്രാമസഭകളുടെ മിനിട്സ് എഴുതുവാൻ അധ്യാപകരെ നിയമിച്ച് ഉത്തരവിട്ടു, ആലപ്പുഴ പൂന്തോപ്പ് എൽപി സ്കൂളിൽ പഞ്ചായത്ത് പരിശോധന നടത്തി അധ്യാപികയെ സസ്‌പെന്റ് ചെയ്തു തുടങ്ങിയ കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രീ.ഉമ്മൻ ചാണ്ടി വിദ്യാഭ്യാസ രംഗത്ത് കാലുഷ്യങ്ങളെ വിവരിക്കുന്നത്. അധ്യാപക നിയമനം തൊട്ട് ശമ്പളം വരെയുള്ള സർവ്വതും പഞ്ചായത്തിന് ഏൽപിച്ചു കൊടുക്കുന്നതിന്റെ പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ലോകബാങ്ക് പോലുള്ള സാമ്രാജ്യത്വ സ്ഥാപനങ്ങൾ നൽകുന്ന വായ്പ ഉപയോഗിച്ച് അവരുടെ അജണ്ടയോടൊപ്പം തങ്ങളുടെ അജണ്ടയും നടപ്പാക്കുകയാണ് ഗവൺമെന്റ് എന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. സംയുക്ത അധ്യാപക സമിതിക്കുവേണ്ടി ചെയർമാൻ വിക്രമൻ നായരും ജനറൽ കൺവീനർ സി.പി.ചെറിയ മുഹമ്മദും അടിച്ചിറക്കിയ നോട്ടീസിലും ഇത്തരം കാര്യങ്ങൾ പരാമർശിക്കുന്നു. അധ്യാപക ദ്രോഹ നടപടികൾക്കും പൊതുവിദ്യാഭ്യാസത്തെ നശിപ്പിക്കുന്നതിനുമെതിരായി അവർ ക്ലസ്റ്റർ യോഗങ്ങൾ ബഹിഷ്ക്കരിക്കാനും പ്രക്ഷോഭത്തിനിറങ്ങാനും അധ്യാപകരോട് ആഹ്വാനം ചെയ്തു കഴിഞ്ഞു. ഗവൺമെന്റ് വിദ്യാലയങ്ങളിൽ പഞ്ചായത്ത് ഇടപെടുന്നതിൽ വലിയ കുഴപ്പമില്ലെന്നും എന്നാൽ എയിഡഡ് മാനേജ്മെന്റ് സ്കൂളുകളിലേക്ക് ഈ സമീപനവുമായി വരേണ്ടതില്ലെന്നും അത് ഞങ്ങൾ നോക്കിക്കൊള്ളുമെന്നും മതപുരോഹിതരും മാനേജർമാരുമായ പലരും പ്രസ്താവിച്ചുകഴിഞ്ഞു. മതമേലധ്യക്ഷൻമാരുടെ ഇടയലേഖനങ്ങളുടെ പരമ്പര തന്നെ ഇതിനകം ഇറങ്ങിക്കഴിഞ്ഞു. ഗവൺമെന്റ് ന്യൂനപക്ഷാവകാശങ്ങളെ ധ്വംസിക്കുകയാണെന്നും സ്കൂളുകളുടെ മേലുള്ള അധികാരം കവർന്നെടു ക്കുകയാണെന്നുമുള്ള മതമേലധ്യക്ഷൻമാരുടെയും അവരെ പിന്തുണച്ച് കൊണ്ട് വലതു പക്ഷ രാഷ്ട്രീയക്കാരുടെയും ഇടതു പക്ഷ ബുദ്ധിജീവികളുടെയും പ്രസ്താവനകളും വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ വിവാദത്തിന്റെ നെല്ലും പതിരും തിരിച്ചറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അർത്ഥശങ്കക്കിടയില്ലാതെ സ്വന്തം നിലപാടുകൾ അവതരിപ്പിക്കാനുള്ള ബാധ്യത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്ന സംഘടനകൾക്കുമുണ്ട്.

വിവാദ വിഷയങ്ങളുടെ ചരിത്രം ഇപ്പോൾ പാഠ്യപദ്ധതി പരിഷ്ക്കാരങ്ങൾക്കെതിരായി വാളോങ്ങി നിൽക്കുന്ന വലതുപക്ഷ വിദ്യാഭ്യാസ വാണിഭക്കാരുടേയും ഇടതുപക്ഷ ബുദ്ധി ജീവികളുടെയും വാദങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ വികാസ പരിണാമങ്ങളെ സംബന്ധിച്ച ചില പ്രാഥമിക കാര്യങ്ങളെക്കുറിച്ചു പറയണം. നമ്മുടെ മത മേലധ്യക്ഷൻമാരും അവരെ പിന്താങ്ങുന്ന ബുദ്ധി ജീവികളും അവകാശപ്പെടുന്നതു പോലെ കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ വളർച്ചയിൽ ക്രൈസ്തവ സഭകൾ അടക്കമുള്ള സാമുദായിക സംഘടനകൾക്ക് പങ്കുണ്ട്. പക്ഷെ ഇവരുടെ ഉദാര മനസ്കത കൊണ്ടാ വിദ്യാഭ്യാസരംഗത്ത് ഇക്കൂട്ടർ നൽകിയ എന്തെങ്കിലും ധൈഷണിക സംഭാവന കൊണ്ടാ വളർന്ന് വന്നതല്ല ഇത്തരം വിദ്യാലയങ്ങൾ. ഒരു പ്രദേശത്തെ ജനങ്ങൾ ഭൂമിയും പണവും പലപ്പോഴും ഉൽപ്പന്നങ്ങളും നൽകി സഹായിച്ചതു കൊണ്ടും സർക്കാരിന്റെ ഗ്രാന്റ് ഇൻ എയിഡിന്റെ സഹായത്താലുമാണ് ഇത്തരം സ്കൂളുകൾ നിലനിന്നത്. സെമിനാരികളിലെ അച്ചടക്ക സങ്കൽപ്പവും ധാർമ്മികതയും കൃത്യതയോടെ യാന്ത്രികമായ ബോധനവുമല്ലാതെ ഏതെങ്കിലും വിധത്തിലുള്ള വിദ്യാഭ്യാസ പരീക്ഷണങ്ങൾ നമ്മുടെ വൈദിക അധ്യാപകർ നടത്തിയതായി അറിവില്ല. വിദ്യാഭ്യാസ രംഗത്തെ ഏതെങ്കിലും നൂതന പ്രവർത്തനങ്ങളെ കുറിച്ച് ധാരണകളുണ്ടായിരുന്നതായും അറിവില്ല. ഇതിന്റെ ഫലമായി ഗവൺമെന്റ് സ്കൂളുകളിലും സ്വകാര്യസ്കളുകളിലുമുണ്ടായിരുന്ന ബോധന രീതികളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലായിരുന്നു. മധ്യവർഗ്ഗ താൽപര്യങ്ങളെ കൂടുതൽ ഫലപ്രദമായി സംരക്ഷിച്ചവർ എന്ന നിലയിൽ വൈദികവിദ്യാലയങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട പരീക്ഷാഫലങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് മാത്രം. വിദ്യാഭ്യാസരംഗത്തുള്ള പ്രാദേശിക സമൂഹത്തിന്റെ ഉത്തരവാദിത്വ സങ്കൽപ്പവും പുതിയതല്ല. കേരള സംസ്ഥാനത്തിന്റെ ആവിർഭാവം മുതൽ തന്നെ അധ്യാപക രക്ഷാകർതൃ സമിതി എന്ന സങ്കൽപ്പമുണ്ട്; അവരുടെ അവകാശങ്ങളെ കുറിച്ചുള്ള ആശയവുമുണ്ട്. ഗവൺമെന്റ് സ്കൂളുക ളിൽ പി.ടി.എ കൾ ഫലപ്രദമായി നടക്കാറുണ്ട്. സഭാമേലധ്യക്ഷൻമാരുടെ സ്കൂളുകളിലാണ് പി.ടി.എ കൾക്ക് പ്രാധാന്യമില്ലാത്തത്. എന്നാലും കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനുമെല്ലാം അവരും പി.ടി.എകളെ ആശ്രയിക്കാറുണ്ട്. ഇടവകകളിൽ നിന്നു പിരിവെടുത്ത് ആരംഭിക്കുന്ന സ്കൂളുകളെ കുറിച്ചും നമുക്കറിയാം. സ്കൂളുകൾ നടത്തുമ്പോഴുള്ള സാമൂഹ്യ ഉത്തരവാദിത്വത്തെക്കുറിച്ച് ഒരു കാലത്ത് ക്രിസ്ത്യൻ പള്ളികൾക്ക് തന്നെ നല്ല ധാരണയുണ്ടായിരു ന്നു. സബ്സിഡിയാരിറ്റി എന്ന ആശയമനുസരിച്ച് വിദ്യാലയങ്ങളിലെ സാമൂഹ്യ ഇടപെടലുകൾ കഴിയാവുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് വാദിച്ചത് പിയൂസ് മാർപ്പാപ്പ തിരുമേനിയാണ്. സ്കൂളുകളിൽ മേലധ്യ ക്ഷൻമാരുടെ അരമനകളുടെ ഉത്തരവാദിത്വം മാത്രമല്ല,ഇടവകയിലെ വിശ്വാസികളുടെയും വിദ്യാലയങ്ങൾ നിലനിൽക്കുന്ന സ്ഥലത്തിലെ ജന ങ്ങളുടെയും ഉത്തരവാദിത്വമാണ്. മുമ്പ് സൂചിപ്പിച്ച ഇടവക പിരിവുകളെല്ലാം ഈ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് നടത്തിയത്. 1958ലെ വിദ്യാഭ്യാസ നിയമത്തിൽ Local Education Authority, Local Education Committee, എന്ന പേരുകളിൽ വിദ്യാലയങ്ങളിൽ കുട്ടികൾ പ്രവേശിക്കപ്പെടുന്നു എന്നുറപ്പു വരുത്തുന്നതിനും വിദ്യാലയങ്ങളുടെ നടത്തിപ്പിൽ സഹായിക്കുന്നതിനുമുള്ള സമിതികൾ നിർദേശിക്കപ്പെട്ടിരുന്നു. പക്ഷെ,അന്നു നടത്തിയ വിമോചന സമരത്തിന്റെ കുന്തമുന ഈ സമിതികളായിരുന്നില്ല. പിന്നീട് ഈ സമിതികൾ ഫലപ്രദമായി വിദ്യാഭ്യാസ രംഗത്തുനിന്നും ഒഴിവാക്കപ്പെട്ടെന്നു മാത്രം. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസം പ്രാദേശിക സർക്കാരുകളുടെ കീഴിൽ വരിക എന്നത് ഒരു പുതിയ ആശയമല്ല. അത്തരം ആശയങ്ങളുടെ ഉപഭോക്താക്കളായി ലോകബാങ്കിനെ കാണേണ്ടതുമില്ല. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കാലത്ത് റിപ്പൺ പ്രഭുവിന്റെ വികേന്ദ്രീകരണ ശ്രമങ്ങളുടെ ഭാഗമായി ഡിസ്ട്രിക്റ്റ് ബോർഡുകൾ എന്ന സംവിധാനം നിലവിൽ വന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മേലുള്ള ചുമതല ഡിസ്ട്രിക്ക് ബോർഡുകൾക്കായിരുന്നു. മലബാറിൽ ഇന്ന് നിലവിലുള്ള നിരവധി സ്കൂളുകൾ സ്ഥാപിച്ചത് മലബാർ ഡിസ്ട്രിക് ബോർഡായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ വികേന്ദ്രീകരണ ശ്രമങ്ങളിലെല്ലാം വിദ്യാഭ്യാസം ആരോഗ്യം, കൃഷി മുതലായ തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കണണമെന്ന ധാരണയുണ്ടായിരുന്നു. ഈ ധാരണയെ വലതുപക്ഷമോ ഇടതുപക്ഷമോ എതിർത്തതുമില്ല. പ്രാദേശിക സർക്കാരുകൾ പിരിക്കുന്ന വിദ്യാഭ്യാസ സൈസ് മുതലായ ആശയങ്ങളും അന്ന് നിലവിലിരുന്നുവെന്നോർക്കണം. ഇത്തരം ആശങ്ങൾക്ക് പലതിനും ഇടതുപക്ഷത്തിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണമേൻമയുടെ പ്രശ്നവും പാഠ്യപദ്ധതിയിൽ സമൂലമായ മാറ്റം വേണമെന്ന ആശയവും ഉയർത്തിയത് 1990 കളിലല്ല. 1996ലെ കോത്താരി കമ്മീഷൻ റിപ്പോർട്ടിൽ ഈ ആശയം വ്യക്തമായിക്കാണാം. കോത്താരി കമ്മീഷൻ റിപ്പോർട്ടിൽ മറ്റൊരു ആശയവും കാണാം. വിദ്യാഭ്യാസത്തിന്റെ ഗുണ മേൻമയുടെ കാര്യത്തിൽ പൊതുവിദ്യാലയങ്ങളാണ് മാതൃക കാണിക്കേണ്ടതെന്നും സ്വകാര്യ വിദ്യാലയങ്ങൾ അതനുസരിച്ച് നീങ്ങേണ്ടതാണെന്നും അതിൽ ചൂണ്ടിക്കാണിക്കുന്നു. വിദ്യാലയങ്ങളുടെ മേലുള്ള സാമൂഹ്യനിയന്ത്രണം എന്ന ആശയം കോത്താരി കമ്മീഷൻ എടുത്തു പറയുന്നുണ്ട്. അത്തരം ആശയങ്ങൾ നടപ്പിൽ വരുത്തുന്നതിൽ കേരളത്തിൽ കാലതാമസമുണ്ടായി എന്നു മാത്രമല്ല വ്യാപകമായ സ്വകാര്യവൽക്കരണത്തിലേക്ക് അതിവേഗം നീങ്ങുകയും ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസത്തിൽ ഗുണമേൻമയിലുണ്ടാകേണ്ട വർധന എന്നത് മധ്യവർഗ്ഗ ആശയമല്ല. കസ്തവ സഭകളും മറ്റു വിഭാഗങ്ങളും നടത്തിപ്പോന്ന വിദ്യാലയങ്ങളിൽ അവരുടെ രീതിയിൽ നൂറുമേനി ഗുണം സൃഷ്ടിച്ചു പോന്നു. കേരളത്തിലെ മധ്യവർഗ്ഗം ഒരു കാലത്ത് സൃഷ്ടിക്കപ്പെട്ടതും ഇത്തരം സ്കൂളുകളിൽ നിന്നാണ്. എന്നാൽ ഇത്തരം സ്കൂളുകളിൽ നിന്ന് പുറം തള്ളപ്പെട്ട സാധാരണ സ്കൂളുകളിൽ പഠിച്ചു തോറ്റു പോകുന്ന സാധാരണക്കാരുടെ കുട്ടികളെ സംബന്ധിച്ചാണ് ഗുണമേൻമ ഒരു പ്രശ്നമായി മാറുന്നത്. വിദ്യാലയങ്ങളിൽ പ്രവേശിക്കാനുള്ള അവകാശം ഒരു കുട്ടിക്കുണ്ടെങ്കിൽ അവിടെ ഉയർന്ന രീതിയിലുള്ള വിദ്യാഭ്യാസം നേടാനുള്ള അവകാശവും കുട്ടിക്കുണ്ട്. ജാതിയോ മതമോ പണമോ പദവിയോ ഒന്നും അതിന് പ്രതിബന്ധമാകരുത്. ഇത് സാധ്യമാകണമെങ്കിൽ വിദ്യാലയങ്ങളുടെ അന്തരീക്ഷത്തിൽ മാറ്റം വരണം. അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളിൽ മാറ്റമുണ്ടാകണം. കുട്ടികളുടെ സർഗാത്മകതയും ക്രിയാശേഷിയും പ്രാധാന്യം നൽകുന്ന ജനാധിപത്യപരമായ രീതി വിദ്യാലയങ്ങളിൽ വളരണം. സാമൂഹ്യ നീതി ഉറപ്പുവരുത്താൻ വിദ്യാലയാന്തരീക്ഷത്തിന് കഴിയണം. ഈ ആശയങ്ങളാണ് പാഠ്യപദ്ധതി പരിഷ്ക്കാരങ്ങളിലേക്കു നയിച്ച ഒട്ടനവധി പരീക്ഷണങ്ങൾ വളർത്തിയെടുത്തത്. ശിവപുരം, മടിക്കെ, കല്ല്യാശേരി, വെള്ളനാട് മുതലായ നിരവധി പരീക്ഷണങ്ങളുടെ പിൻബലം അതതു പ്രദേശങ്ങളിലെ പഞ്ചായത്തുകളുടെയും സഹകരണമായിരുന്നു. ഈ അനുഭവങ്ങളാണ് 1996-97 മുതൽ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്ക്കാരങ്ങളിലേക്ക് നയിച്ചത്. നമ്മുടെ നാട്ടിൽ നടക്കുന്ന എല്ലാ പരിവർത്തന ശ്രമങ്ങളെയും പോലെ വിദ്യാഭ്യാസരംഗവും ഒരു ദുർഗതി നേരിടുന്നുണ്ട്. വിദ്യാഭ്യാസരംഗത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ജനാധിപത്യപരമായ സംവാദങ്ങളും ചർച്ചകളും ആവശ്യമാണെന്നതിൽ തർക്കമില്ല. അവിടെ മുന്നോട്ട് വെയ്ക്കുന്ന വിവാദ വാദമുഖങ്ങൾ തമ്മിലുള്ള സർഗാത്മകമായ ഏറ്റുമുട്ടൽ നടക്കണം. അവയിൽ നിന്ന് ഏറ്റവും നീതിയുക്തവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾക്കനുസൃതവുമായ മാർഗം തെരെഞ്ഞടുക്കുവാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ടാവണം. ഒരു മാർഗം തീരുമാനിച്ചു കഴിഞ്ഞാൽ അതിന് ഒരു സ്വയം നിർണ്ണയ സ്വഭാവം ആവശ്യമാണ്. അതിന്റെ സാധ്യതകൾ പൂർണ്ണമായി പരിശോധിക്കാതെ നിരാകരിക്കുന്നത് ആശാസ്യമല്ല. പക്ഷേ കേരളത്തിലെ വിദ്യാഭ്യാസ സംവാദങ്ങളിൽ അത്തരമൊരു സ്ഥിതി ഉണ്ടാകുന്നില്ല. പാഠ്യപദ്ധതി നടപ്പിലാക്കിയപ്പോൾ വലതുപക്ഷക്കാരുടെയും ഇടതുപക്ഷ ബുദ്ധിജീവികളുടെയും യോജിച്ചുള്ള എതിർപ്പിനെ അതിജീവിച്ചാണ് അതിന് നിലനിൽക്കാൻ കഴിഞ്ഞത്. അതിന്റെ സാധ്യതകളെ പൂർണ്ണമായി പരിശോധിക്കാനുള്ള വഴിയൊരുക്കുന്നതിന് പകരം സെക്കന്ററി, ഹയർ സെക്കന്ററി തലങ്ങളിൽ വികലമായ നിർവ്വഹണ രീതി വഴി സാധ്യതകളെ ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്തത്. പുതിയ രീതികളും പരമ്പരാഗതമായ ബോധനരീതിയും തമ്മിലുള്ള വികലമായ ചേരുവയാണ് സെക്കണ്ടറി തലത്തിൽ നടപ്പിലാക്കപ്പെട്ടത്. ഹയർ സെക്കണ്ടറിയിൽ അതുപോലും ഉണ്ടാവില്ല. അതേസമയം ഗഡിങ്ങ് നിരന്തര മൂല്യനിർണയം മുതലായവ നടപ്പിലാക്കുകയും ചെയ്തു. ഭരണസംവിധാനത്തിന്റെ നിരുത്തരവാദിത്വവും പിടിപ്പുകേടും ഈ സ്ഥിതിയെ കൂടുതൽ വഷളാക്കാൻ സഹായിക്കുകയും ചെയ്തു. എന്നിട്ടും ഒരു പരിധി വരെ ഗുണമേൻമ വർദ്ധിച്ചുവെന്നത് പാഠ്യപദ്ധതിയുടെ ശക്തിയെയാണ് തെളിയിക്കുന്നത്. സ്വാഭാവികമായും ഇനിയങ്ങോട്ട് ചെയ്യേണ്ടത് പാഠ്യപദ്ധതിയെ വിമർശനപരമായി അവലോകനം ചെയ്യുകയും തെറ്റുകൾ തിരുത്തി മുന്നോട്ടു പോവുകയും ചെയ്യുകയെന്നതാണ്. അത്തരം വിമർശനത്തിന്റെയും സ്വയം വിമർശനത്തിന്റെയും ശൈലി നമുക്ക് നഷ്ടമായിരിക്കുന്നു. പാഠ്യപദ്ധതിയിലെ പിഴവുകൾ തിരുത്തി മുന്നോട്ടുപോവുക എന്നതല്ല വിമർശകർ ആവശ്യപ്പെടുന്നത്. പാഠ്യപദ്ധതി തന്നെ ഉപേക്ഷിച്ച് 1996ന് മുമ്പുള്ള സ്ഥിതിയിലേക്ക് പോവുകയെന്നതാണ്. അധികാര വികേന്ദ്രീകരണം പ്രാദേശിക തലത്തിൽ വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്തിയതാണനുഭവം. ചില പാളിച്ചകൾ ചില പഞ്ചായത്തുകളുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ടാകാം. പക്ഷെ ഇപ്പോൾ വലതുപക്ഷ-ഇടതുപക്ഷ സഖ്യം ആവശ്യപ്പെടുന്നത് തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങൾ വിദ്യാലയങ്ങളിൽ ഒരു രീതിയിലും ഇടപെടരുതെന്നാണ്. അതായത് പത്ത് വർഷത്തെ വിദ്യാലയ പരിഷ്ക്കാരം അവസാനിപ്പിക്കണം. ക്രൈസ്തവ മേലധ്യക്ഷൻമാരുടെയും സാമുദായിക ശക്തികളുടെയും ആധിപത്യം വിദ്യാഭ്യാസത്തിന്റെ മേൽ തുടരാൻ അനുവദിക്കണം. സാമൂഹ്യ നീതി, വിദ്യാർത്ഥികളുടെ അവകാശം, വികേന്ദ്രീകരണം, താഴെ തട്ടിലുള്ളവരുടെ മോചനം തുടങ്ങിയ പദങ്ങൾ ഇനി ഉച്ചരിക്കാൻ പാടില്ല. അതെല്ലാം ഇനി മുതൽ ജാതിമത സ്വാശ്രയ വിദ്യാഭ്യാസ കോയ്മകൾക്ക് ന്യൂനപക്ഷ അവകാശങ്ങളുടെയും വെറും പണത്തിന്റെയും മറവിൽ വിഹരിക്കാനുള്ള മേച്ചിൽ സ്ഥലങ്ങളാണ്. അതിനനുകൂലമായ ഇടതുപക്ഷ നീതീകരണം കൂടിയായാൽ കാര്യങ്ങൾ ഭംഗിയാകും. ഈ വായാടിത്തം നാം എത്ര നാൾ കേൾക്കണം. എന്താണ് വിദ്യാഭ്യാസ പ്രവർത്തനത്തിനനുകൂലമായി നിലനിൽക്കുന്ന ശക്തികൾക്ക് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വിവാദ വ്യവസായത്തെ കുറിച്ച് പറയാനുള്ളത്? പൊതുവിദ്യാഭ്യാസവും കരിക്കുലം പരിഷ്ക്കാരവും: കേരളം പൊതുവിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ വർഷം ചെലവഴിച്ചത് പ്രൈമറിക്കു വേണ്ടി സ്റ്റേറ്റ് ബജറ്റിന്റെ 7.3%വും സെക്കന്ററിക്ക് വേണ്ടി 6.81% തുകയുമാണ്. ഒരു കുട്ടിയുടെ സ്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടി പ്രതിവർഷം ശരാശരി 9894 രൂപ ചെലവഴിക്കുന്നു. മറ്റു സംസ്ഥാനങ്ങളുടെ ഈ മേഖലയിലെ ധനവിനിയോഗം താരതമ്യം ചെയ്യുമ്പോഴാണ് ഈ തുകയുടെ വലുപ്പം നമുക്ക് തിരിച്ചറിയാനാവുക.

Expenditure On School Education 2005-06

                          Ele Edu           Sec Edu         1 കുട്ടിക്ക് 

സംസ്ഥാനം ബജറ്റ് %ത്തിൽ ബജറ്റ് %ത്തിൽ ശരാശരി കർണാടക 9.40 4.62 5033 പശ്ചിമ ബംഗാൾ 6.66 8.06 3561 പഞ്ചാബ് 3.11 7.45 7615 ആന്ധാപ്രദേശ് 6.18 4.05 3370 കേരളും 7.37 6.81 9894 National Knowledge Commission-Concept Paper

ശരാശരി 10000 ത്തിനടുത്ത തുക ചെലവഴിക്കുന്നതിലൂടെ നാം നേടിയെടുത്ത വിദ്യാഭ്യാസ ഗുണത ഉയർന്ന എൻറോൾമെന്റ് തന്നെയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് മികച്ചത് തന്നെയാണ് കേരളത്തിലെ 5- 14 വയസുവരെയുള്ള കുട്ടികളിൽ 97.6% പേരും സ്കൂളിൽ എത്തിക്കഴിഞ്ഞു. ഇതിൽ തന്നെ പലതരം വൈകല്യമുള്ളവർ മറ്റു പ്രശ്നങ്ങൾ ഉള്ളവർ എന്നിവരെ മാറ്റി നിർത്തിയാൽ ഏകദേശം 100%ത്തിന് അടുത്തുതന്നെയാണ്. എന്നാൽ സ്കൂൾ പ്രവേശനത്തിനും (Enrolement) പൊതു പരീക്ഷാഫലത്തിനും ഇടയിൽ ഈ കുട്ടികൾക്ക്, പ്രത്യേകിച്ച് ദളിദ് ആദിവാസി വിഭാഗങ്ങളിലെ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത്? എങ്ങനെയാണിക്കുട്ടികൾ പഠിക്കുന്നത് ? എന്തുകൊണ്ടാണ് പഠിക്കാതിരിക്കുന്നത്? എങ്ങനെയുള്ള ശിക്ഷണമാണ് ക്ലാസ് മുറിയിൽ അവർക്ക് കിട്ടുന്നത്? കുട്ടികളുടെ വിദ്യാഭ്യാസത്തിൽ അവർ താമസിക്കുന്ന ചുറ്റുപാടുൾപ്പെടെയുള്ള ജീവിത സാഹചര്യങ്ങൾക്ക് എത്രമാത്രം പങ്കുണ്ട് ? ഇതെല്ലാം പരിശോധിക്കുമ്പോൾ മാത്രമെ ഒരു കുട്ടിക്കുവേണ്ടി ചെലവഴിക്കുന്ന ശരാശരി തുക ഫലപ്രദമായി വിദ്യാഭ്യാസ ഗുണനിലവാരത്തിന് വേണ്ടി പ്രയോജനപ്പെടുന്നു എന്നുറപ്പിക്കാനാകൂ. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ SSLC പരീക്ഷയിലെ വിജയശതമാനം പരിശോധിച്ചാൽ ഇത് വ്യക്തമാകും SSLC പരീക്ഷാ വിജയ ശതമാനം വർഷം SC ST മറ്റുള്ളവർ 1971 19.87 22.95 3806 1980 24.51 26.06 36.77 1991 19.20 11.00 54.88 2001 36.74 32 85 58.70 2005 37.03 32.05 62 അവലംബം: വിവിധ റിപ്പോർട്ടുകൾ ഡി.പി.ഐ.

പരീക്ഷാ ഫലത്തിന്റെ പഠനം വ്യക്തമാക്കുന്ന ഈ വ്യതിയാനത്ത ന്യായീകരിക്കുന്നതാണ് 2006 ലെ SSLC റിസൽട്ടിൽ 33%ൽ താഴെ വിജയം നേടിയ 104 വിദ്യാലയങ്ങളിൽ നിന്ന് തെരെഞ്ഞെടുത്ത 25 വിദ്യാലയങ്ങളിൽ നടത്തിയ പഠനം. ഈ വിദ്യാലയങ്ങളിലെ ഭൂരിപക്ഷം കുട്ടികളും സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട വിഭാഗത്തിലെ കുട്ടികളാണ്. നേരത്തെ ചോദിച്ച ചോദ്യങ്ങൾ വളരെ പ്രസക്തമാണെന്ന് പഠനത്തിലെ പിന്നോക്കാവസ്ഥ സംബന്ധിച്ച ചോദ്യങ്ങൾ മുൻ നിർത്തി ഈ കുട്ടികളിൽ നിന്നുള്ള മറുപടി തെളിയിക്കുന്നു. തങ്ങൾക്ക് പഠനത്തിൽ പ്രയാസമനുഭവപ്പെടുന്ന വിഷയങ്ങളും,അവയിൽ അധ്യാപകരിൽ നിന്നു ലഭിക്കുന്ന സഹായത്തിന്റെ പര്യാപ്തതയും താരതമ്യം ചെയ്യുന്ന പട്ടികകൾ നോക്കുക. പ്രയാസമനുഭവപ്പെടുന്ന വിഷയങ്ങളും അവയ്ക്ക് ലഭിക്കുന്ന സഹായവും വിഷയം പ്രയാസമുള്ളവർ സഹായം സഹായം

                                                                   പര്യാപ്തം %     പര്യാപ്തമല്ല %

മലയാളം 20 95 5 ഇംഗ്ലീഷ് 78 42 58 ഹിന്ദി 60 62 38 സാമൂഹ്യശാസ്ത്രം 28 68 32 ഗണിതം 85 40 60 ഭൗതിക ശാസ്ത്രം 30 54 46 രസതന്ത്രം 50 44 56 ജീവശാസ്ത്രം 38 62 38 ഐ.ടി 45 42 58 (2006 ലെ SSLC പരീക്ഷാ ഫലത്തെ അടിസ്ഥാനമാക്കി SCERT നടത്തിയ പഠന റിപ്പോർട്ട്) അഥവാ പഠനം എന്നത് വിദ്യാലയത്തിൽ ഫലപ്രദമായി നടക്കുന്നുവെന്നും നിലവിലുള്ള വിദ്യാഭ്യാസ പാഠ്യ പദ്ധതിയും വിനിമയ പ്രക്രിയകളും സമൂഹത്തിലെ സാമ്പത്തികമായും സാമൂഹ്യമായും പിന്നിൽ നിൽക്കുന്നവരെക്കൂടി ഉൾക്കൊള്ളുന്ന രീതിയിൽ മാറ്റേണ്ടതുണ്ടെന്നും ഈ പഠനം നമ്മെ ബോധ്യപ്പെടുത്തുന്നു. ഇതേ പഠനത്തെയാണ് കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ 85% കുട്ടികളും ഗണിതത്തിൽ പിറകിലാണെന്നും ഇംഗ്ലീഷിന് 78%ഉം, ഹിന്ദിയിൽ 60%ഉം പുറകിലാണെന്നും, ഇത് നൽകുന്ന സൂചന പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം ഞട്ടിപ്പിക്കുന്ന രീതിയിൽ പുറകിലാണെന്നുമാണ് "പൊതുവിദ്യാഭ്യാസം വികേന്ദ്രീകരണം ആരുടെ അജണ്ട (മാതൃഭൂമി, ജൂലൈ 15-21 ലക്കം 20) എന്ന ലേഖനത്തിൽ ജി.എസ്. പത്മകുമാർ സ്ഥാപിക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണം എന്ന അജണ്ടയെ മുന്നിൽ നിർത്തി വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താൻ തയ്യാറാക്കിയ പദ്ധതിക്ക് മുമ്പായി നടത്തിയ ഒരു പഠനത്തെ വികൃതമായി വ്യാഖ്യാനിക്കുന്നത് ഒരു രഹസ്യ അജണ്ടയാണ്. ഈ ലേഖന ത്തിലുടനീളം ഇത്തരത്തിൽ ഗുണനിലവാരമുയർത്താൻ നടത്തുന്ന ശ്രമങ്ങളെ പൊതു വിദ്യാലയങ്ങളെ ഇന്നത്തെ അവസ്ഥ എന്ന നിലയിലേക്ക് വിരൽ ചൂണ്ടി അൺഎയിഡഡ് CBSE വിദ്യാഭ്യാസത്തിന്റെ "ഗുണതയെ ഹൈലൈറ്റ് ചെയ്യുന്നു. ഇത്തരം ലേഖനങ്ങളിൽ പിന്നോക്ക വിഭാഗ മായ മുസ്ലീം വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ വർഷം തോറും 25 CBSE Unaided വിദ്യാലയങ്ങൾ നൽകാനുള്ള ഗവൺമെന്റ് തീരുമാനത്തെ വിമർശിക്കുന്നുമില്ല. 2000 ത്തിൽ NCERT പുറത്തിറക്കിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പുരോഗമന പ്രസ്ഥാനങ്ങളുടെ നിശിതമായ വിമർശനത്തിന് ഇരയായ ഒരു രേഖയാണ്. പൊതു വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നു എന്ന മട്ടിൽ വർഗീയ ഹിന്ദുത്വ അജണ്ട് മുന്നോട്ടുവെയ്ക്കാനും കൺസ്ട്രക് റ്റീവിസം ഉൾപ്പെടെയുള്ള പഠന സിദ്ധാന്തങ്ങൾ അവതരിപ്പിച്ച് പുരോഗമനപരം എന്ന് സ്വയം വിശേഷിപ്പിക്കാനും ശ്രമിച്ച ആ രേഖ ഇന്ന് വിമർശനമുയർത്തുന്ന SUCI ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ അവലംബിച്ചില്ലെന്നത് ശ്രദ്ധേയമാണ്. എന്നാൽ പുരോഗമന പ്രസ്ഥാനങ്ങൾ ഉയർത്തിയ വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കരിക്കുലം രേഖ പരിഷ്ക്കരിക്കുന്നത്. ദേശിയപാഠ്യപദ്ധതി ചട്ടക്കൂട്-2005(NCF 2005), ഈ അർഥത്തിൽ പരിശോധിക്കുമ്പോൾ NCF 2005 മുന്നോട്ട് വെച്ച് വർഗീയ ഹിന്ദുത്വ അജണ്ടയോട് മൃദുസമീപനം നടത്തുന്നു എന്ന വിമർശനം നടത്തിയതും അതിനെ കുറിച്ചുള്ള ചർച്ചകൾ കേരളത്തിൽ നടത്തിയതും ശാസ്ത്രസാഹിത്യ പരിഷത്തും പുരോഗമന പ്രസ്ഥാനങ്ങളുമാണ്. (ദേശീയ വിദ്യാഭ്യാസ അസംബ്ലി 2005, കോഴിക്കോട്) ഇതിന്റെ തുടർച്ചയായി കേരളത്തിൽ പുതുതായി അധികാരത്തിൽ വന്ന ഇടതുപക്ഷ ഗവൺമെന്റ് പാഠ്യപദ്ധതി പരിഷ്ക്കരണം നടത്താൻ തീരുമാനിക്കുകയുണ്ടായി. എന്നാൽ ഇതിനുള്ള ശ്രമം തുടങ്ങിയത് 2006 ജനുവരിയിൽ NCERT എല്ലാ സംസ്ഥാനങ്ങൾക്കും തങ്ങളുടെ പാഠ്യപദ്ധതികൾ NCF 2005 ന്റെ പശ്ചാത്തലത്തിൽ പുതുക്കുന്നതിനായി 10 ലക്ഷം രൂപ വീതം നൽകിയതോടു കൂടിയാണ്. എന്നാൽ അന്നത്തെ സർക്കാർ നടപടിയെടുക്കാതിരുന്ന അക്കാര്യത്തിൽ പുതിയ സർക്കാർ ഒരു തീരുമാനമെടുക്കുകയും പാഠ്യപദ്ധതി തയ്യാറാക്കാൻ SCERT യെ ചുമതലപ്പെടുത്തുകയുണ്ടായി. ഇതിന് നേതൃത്വം നൽകുന്നതിനായി GO(Rt) NO:4550/06 Gen Edu 18/10/2006 എന്ന സർക്കാർ ഉത്തരവിലൂടെ ഒരു കരിക്കുലം കമ്മറ്റിക്ക് സർക്കാർ രൂപം നൽകി. പൊതു വിദ്യാഭ്യാസ സെക്രട്ടറി ചെയർമാനും SCERT ഡയറക്ടർ കൺവീനറുമായ ഈ സമിതിയിലുള്ള 26 അംഗങ്ങളിൽ10 പേർ അദ്ധ്യാപകസംഘടനാ പ്രതിനിധികളാണ്. (ശ്രീ. എ.കെ ചന്ദ്രൻ (KSTA), ശ്രീ. വിക്രമൻനായർ (GSTU), ശ്രീ.പി.രാധാകൃഷ്ണൻ(PSTA), ശ്രീ.ഹരിഹരൻ (KAPTU), ശ്രീ സിറി യക്ക് കാവിൽ (KSTF), കെ.വി.ദേവദാസ്(KSTU), ശ്രീചുനക്കര ഹനീഫ, (KSTC), ശ്രീ. എൻ. ശ്രീകുമാർ(AKSTU), ശ്രീ. സി.പി ചെറിയമുഹമ്മദ് (KSTU), ശ്രീ. ജോൺ ഫിലിപ്പ് (KSTA) ) കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രൈമറി തലത്തിൽ നിന്ന് ഹൈസ്കൂൾ ഹയർ സെക്കന്ററി തലത്തിലേക്ക് പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്ക്കരിച്ചത് ഇത്തരം യാതൊരു നടപടികളും കൂടാതെയാണ്. അതിൽ നിന്നു വ്യത്യസ്തമായി ജനാധിപത്യപരമായ നടപടിക്രമമാണ് ഇത്തവണ പാഠ്യപദ്ധതി പരിഷ്ക്കരണത്തിന് സർക്കാർ നിർദ്ദേശിച്ചത്. കേരളത്തിലെ പ്രമുഖ വിദ്യാഭാസ ചിന്തകർ നേതൃത്വം നൽകുന്ന 14 ഫോക്കസ് ഗ്രൂപ്പുകൾ, ഓരോന്നിലും 10 മുതൽ 18 വരെ അംഗങ്ങൾ, ഇവരുടെ നേതൃത്വത്തിൽ 3 മാസക്കാലം കൊണ്ട് 14 ഡയറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലൂടെ രൂപപ്പെ ടുത്തിയതാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 ന്റെ കരട് (KCF-2007 DRAFT). തുടർന്ന് എല്ലാ പഞ്ചായത്തുകളിലും ജനകീയ ചർച്ചയ്ക്ക് ശേഷം പാഠ്യപദ്ധതിയും തുടർന്ന് സിലബസ് പാഠ പുസ്തക നിർമ്മാണവുമാണ് ലക്ഷ്യമിട്ടത്. എന്നാൽ ഈ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായവർ തന്നെ ഇതിലെ കരടു നിർദ്ദേശങ്ങൾ അവയുടെ പശ്ചാത്തലത്തിൽ നിന്നടർത്തി മാറ്റി സമൂഹത്തിൽ പ്രക്ഷോഭമുയർത്തുകയാണ്. പഠനം സംബന്ധിച്ച് NCF- 2005 മുന്നോട്ടുവെച്ച സാമൂഹ്യ ജ്ഞാനാർജ്ജന സിദ്ധാന്തവും വിമർശനാത്മക ബോധന തന്ത്രവും പ്രയോഗത്തിൽ കൊണ്ടു വരണമെങ്കിൽ പഠനം സംബന്ധിച്ച അടിസ്ഥാന നിലപാടുകളിൽ മാറ്റം വരണമെന്നാണ് കേരള കരിക്കുലം ചട്ടക്കൂട് (കെ.സി.എഫ്-2007) വാദിക്കുന്നത്. ഇത് കഴിഞ്ഞ 10 വർഷക്കാലത്തെ കേരളത്തിന്റെ അനുഭവം നൽകുന്ന പാഠമാണ്. അറിവു നിർമ്മിക്കുന്ന പ്രക്രിയയിൽ കുട്ടികളെ കേന്ദ്ര സ്ഥാനത്തു നിർത്തുമ്പോൾ അധ്യാപകൻ അതിനനുസൃതമായി മാറേണ്ടതുണ്ട്. കേവലം വിജ്ഞാനം വിതരണം ചെയ്യേണ്ട(dessiminate) ജോലിയിൽ നിന്ന് പ്രസക്തമായ അന്വേഷണങ്ങളിലേക്കും,നിഗമനങ്ങളിലേക്കും പഠിതാക്കളെ നയിക്കുന്നതിനാവശ്യമായ വിഭവങ്ങൾ, രേഖകൾ, അനുഭവങ്ങൾ എന്നിവ ക്ലാസ് മുറിയിലും ഉൾചേർക്കാൻ അധ്യാപകൻ സ്വയം മാറേണ്ടതുണ്ട്. ഇതിനു പര്യാപ്തമായ വിധത്തിൽ പഠനത്തെ നിർവചിക്കുകയും വേണം. ഈ മാറ്റമാണ് പാഠ്യപദ്ധതി ചട്ടക്കൂടിലെ ഈ വരികൾ നിർവഹിക്കുന്നത്. “വിമർശനാധിഷ്ഠിത പഠനരീതി അധ്യാപകരും ഭൗതിക സാഹചര്യങ്ങളും പഠിതാക്കളും തമ്മിലുള്ള സന്തുലിതമായ ബന്ധങ്ങളെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. അധ്യാപകർ കുട്ടികളുടെ ചുറ്റുപാടുകളെയും കൈകാര്യം ചെയ്യുന്ന ജ്ഞാനരൂപങ്ങളെയും കുറിച്ച് വ്യക്തമായ അവ ബോധമുള്ളവരാകണം. വിമർശനാധിഷ്ഠിത പദ്ധതിയുടെ രീതിശാസ്ത്രത്തെപ്പറ്റി അവഗാഹമുള്ളവരായിരിക്കണം. സ്വാഭാവികമായ പഠനസാഹചര്യങ്ങൾ പൂർണ്ണ സാഹചര്യങ്ങൾ പൂർണ്ണമായും ക്ലാസ് മുറിയിൽ സന്നിവിശേപ്പിക്കാൻ സാധ്യമല്ലെന്നും പഠിതാവിനെ സ്വന്തം ജീവിതസാഹചര്യങ്ങൾ വിമർശനാത്മകമായി തിരിച്ചറിയാൻ പ്രേരിപ്പിക്കുകയും അതിനു ശേഷമുള്ള ശേഷി വികസിപ്പിക്കുകയുമാണ് വേണ്ടതെന്നും അവർ മനസ്സിലാക്കണം. ക്ലാസ് മുറിക്കകത്തും പുറത്തുമുള്ള ഭൗതിക സാഹചര്യങ്ങളും പഠിതാവിന്റെ ജീവിത പരിസരത്തിലെ ലഭ്യമായ സാധ്യതകളും ഇതിനനുസരിച്ച് പ്രയോജനപ്പെടുത്താൻ വിദ്യാഭ്യാസ പദ്ധതിക്ക് കഴിയണം. പഠിതാവിന്റെ ജീവിതപരിസരത്തിൽ നിലനില്ക്കുന്ന വൈരുദ്ധ്യങ്ങളെയും വൈവിധ്യമാർന്ന പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യാൻ പ്രേരകമാകുന്ന പാഠപുസ്തകങ്ങൾ നിർമ്മിക്കുകയും പ്രവർത്തനപദ്ധതികൾ സജ്ജമാക്കുകയും വേണം. ഈ പഠനപ്രവർത്തന രൂപങ്ങളിലൂടെയാണ് പഠിതാവ് സ്വന്തം സ്വത്വം തിരിച്ചറിയുകയും സാമൂഹികപ്രവർത്തനങ്ങിൽ സർഗാത്മകവും ക്രിയാപരവുമായ പങ്കുവഹിക്കാനുള്ള നൈപുണിയും ശേഷികളും സന്നദ്ധതയും കൈവരികക്കുകയും ചെയ്യുന്നത്. സർഗാത്മകവും ചൈതന്യവത്തുമായ പൗരസമൂഹം സൃഷ്ടിക്കുന്നതിനുള്ള സുപ്രധാനമായ കാൽവെയാണ് പൊതുവിദ്യാഭ്യാസ ഘട്ടം പൂർത്തിയാകുന്നതിലൂടെ സംഭവിക്കുന്നത്.” “രണ്ടാമത്തെ തലം വിദ്യാലയാന്തരീക്ഷവും സൗകര്യങ്ങളുമാണ്. ഏതു സാഹചര്യത്തിലും ജ്ഞാനിർമിതി നടത്താൻ പഠിതാവിന് സാധിക്കും എന്ന വിശ്വാസം അശാസ്ത്രീയമാണ്. ഈ അശാസ്ത്രീയതയാണ് ആദിവാസികളെയും ദളിതരെയും തീരപ്രദേശവാസികളെയും ഇന്ന് പുറകിൽ നിർത്തുന്നത്. സമൂഹനൈപുണികൾ നേടുന്നതിൽ നിന്ന് സ്ത്രീപഠിതാക്കളെ പിന്തിരിപ്പിക്കുന്നതും അതുതന്നെയാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ വ്യത്യസ്തമായ അനുഭവങ്ങളെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെയും സംവാദങ്ങളിലൂടെയും വിശകലനം ചെയ്ത്, ശേഷികളും നൈപുണികളും കൈവരിക്കാനുള്ള അരങ്ങുകളാണ് വിദ്യാലയങ്ങൾ. ഇത് നൽകാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലുണ്ടാകണം. ക്ലാസ്മറികൾ, ലൈബ്രറികൾ, ലബോറട്ടറികൾ, സെമിനാർമുറികൾ, തൊഴിൽശാലകൾ, കളിസ്ഥലങ്ങൾ, കലാമണ്ഡപങ്ങൾ തുടങ്ങിയവ സ്കൂളുകളിൽ വേണം. ജ്ഞാനനിർമിതിയുടെ എല്ലാതലവും പൂർണമാക്കേണ്ട ചുമതല സ്കൂളുകളുടേതാണ്. പഠിതാവ് വീട്ടിൽ പോകുന്നത് ഗൃഹപാഠങ്ങൾ ചെയ്യാനാണെന്നുള്ള ധാരണ ഉപേക്ഷിക്കണം. അതിനുപകരം അടുത്ത ജ്ഞാനരൂപം ആർജ്ജിക്കുന്നതിന് ആധാരമാവേണ്ട അനുഭവതലം വളർത്തുന്നതിന് മാത്രമാണ് പഠിതാവ് ശ്രമിക്കേണ്ടത്. അതായത്, സമൂഹജീവിതത്തിൽ കുട്ടികൾക്ക് കഴിയാവുന്നത് സ്വതന്ത്രമായി ഇടപെടുന്നതിനുള്ള സൗകര്യമാണ് വിദ്യാലയങ്ങൾക്ക് പുറത്ത് ഒരുക്കേണ്ടത്. ജ്ഞാന നിർമിതി നടത്തുന്നതിനാവശ്യമായത്ര സമയം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കണം. രാവിലെ മുതൽ ഉച്ചവരെ ക്രമീകൃത്രപ്രവർത്തനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം പഠിതാവിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള സ്വതന്ത്രപ്രവർത്തനങ്ങൾക്കും സ്കൂളിൽ സൗകര്യമുണ്ടാവണം. ചുരുക്കത്തിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ വിദ്യാലയം പഠനപ്രവർത്തനങ്ങൾക്കായി ലഭ്യമാവും.” ഇതിൽ നിന്നു തന്നെ നിലവിലുള്ള പഠന സമയം(Institutional Hours)ത്തിൽ മാറ്റം വരാതെ ചില ക്രമീകരണങ്ങളിലൂടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ പഠനപ്രക്രിയയെ ശക്തിപ്പെടുത്താൻ ഉപയോഗിക്കുക മാത്രമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ SSLC റിസൾട്ടിൽ പിറകിൽ നിന്ന് 104 വിദ്യാലയങ്ങളിൽ നടത്തിയ പ്രത്യേക പ്രവർത്തനങ്ങളും അതുണ്ടാക്കിയ മാറ്റവും നിർദ്ദേശത്തിന് പിറകിലുണ്ട്. മാത്രമല്ല ഇവിടങ്ങളിലൊക്കെ ഔപചാരിക പഠനം മെച്ചപ്പെടുത്താൻ മദ്രസാ പഠനത്തിലൂടെ പ്രാദേശിക സമയക്രമം നടത്തിയ അനുഭവവും ഉണ്ട്. ഹയർ സെക്കന്ററി ഘട്ടത്തിലെ പഠന വിഷയങ്ങളിലും കോമ്പിനേഷനുകളിലും നിർദ്ദേശിച്ചിട്ടുള്ള മാറ്റവും ഈ പശ്ചാത്തലത്തിൽ വേണം പരിശോധിക്കാൻ. “ജ്ഞാനതലത്തേയും പ്രയോഗതലത്തെയും പരസ്പരം ബന്ധിപ്പിച്ചു മുന്നോട്ടു പോകുന്ന ചാക്രികഘടനയിൽ വിവരശേഖരണം മുതൽ പ്രയോഗം വരെയുള്ള ഘട്ടങ്ങൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലുമുണ്ടാവും. പൂവുകളുടെയും പൂമ്പാറ്റകളുടെയും സവിശേഷതകളിൽ അത്ഭുതം കൂറുന്ന പ്രീപ്രൈമറി-ലോവർ പ്രൈമറി ഘട്ടങ്ങളിൽ പോലും ഓരോ പഠനാനുഭവത്തിന്റെയും ഒടുവിൽ ചില കണ്ടെത്തലുകൾ ഉണ്ടാവും. എന്നാൽ ഉത്പാദനപ്രക്രിയയിൽ സ്വയം തിരഞ്ഞെടുത്ത ഒരു മേഖലയിൽ ഫലപ്രദമായി ഇടപെടുന്ന ഒരു പൂർണവ്യക്തിത്വത്തെ നിർമിക്കുന്ന ഹയർ സെക്കൻഡറി വരെയുള്ള മൊത്തം ഘട്ടം പരിശോധിക്കുമ്പോൾ, പരിസരത്തിൽ കുട്ടി നടത്തുന്ന പ്രാഥമികമായ പരീക്ഷണനിരീക്ഷണങ്ങൾക്കാവും ഈ ഘട്ടത്തിൽ പ്രാധാന്യം. ഇത്തരം കണ്ടെത്തലുകളെ ആവിഷ്ക്കരിക്കാനുതകുന്ന ചിഹ്നരൂപങ്ങൾ വികസിപ്പിച്ചെടുക്കലും ഈ ഘട്ടത്തിലെ മുഖ്യ ഊന്നലാവും. അപ്പർ പ്രൈമറി ഘട്ടത്തിൽ പ്രാഥമിക നിഗമനങ്ങളിൽ എത്തിച്ചേരാനുള്ള കഴിവ് ലക്ഷ്യമാക്കപ്പെടും. സെക്കൻഡറിയെ അമൂർത്തതലത്തിൽ ആശയാവിഷ്കാരങ്ങൾ നടത്താനും സ്വയം തിരിച്ചറിയാനുമുള്ള ഘട്ടമായി പരിഗണിക്കാം. ഹയർ സെക്കൻഡറി തലത്തോടെ സമൂഹത്തിൽ തന്റെ ഇടം എന്ത് എന്ന് തീരുമാനിക്കുവാനുള്ള ശേഷി പഠിതാവിന് കൈവരുക എന്നതിലാവും” നമ്മുടെ ശ്രദ്ധ സമൂഹത്തിലെ തന്റെ ഇടം എന്ത് എന്ന് തീരുമാനിക്കാൻ പഠിതാവിന് ശേഷി കൈവരണമെങ്കിൽ നിലവിലുള്ള ഉന്നത വിദ്യാഭ്യാസ അവസരം മാത്രം മുൻനിർത്തിയുള്ള വിഷയ വിഭജനവും കോമ്പിനേഷനുകളും മാറ്റേണ്ടതുണ്ട്. ഇത് പക്ഷേ കുറേക്കൂടി ചർച്ചകളുടെയും പ്രായോഗ സാധുത വിശകലനത്തിന്റെയും അടിസ്ഥാനത്തിലാവണമെന്നുമാത്രം. പ്രാദേശിക ഭരണകൂടങ്ങളും വിദ്യാഭ്യാസവും പ്രാദേശിക ഭരണകൂടങ്ങൾ അവരുടെ പരിധിക്കകത്തുള്ള വിദ്യാഭ്യാസം, ആരോഗ്യം മുതലായ കാര്യങ്ങളിൽ ഇടപെടുകയും മെച്ചപ്പെടുത്തുകയും ചെയ്യണമെന്ന ആശയത്തിന് ഏറെ പഴക്കമുണ്ട്. ഗ്രാമസ്വരാജിലും അധികാര വികേന്ദ്രീകരണം സംബന്ധിച്ച ആദ്യകാല റിപ്പോർട്ടുകളിലുമൊക്കെ ഇത് കാണാം. താഴെ തട്ടിൽ ചെയ്യാനുള്ളതൊക്കെ അവിടെതന്നെ ചെയ്യാനുള്ള അധികാരവും സമ്പത്തും ഉണ്ടാവുക എന്നത് വികേന്ദ്രീകരണത്തിന്റെ സാമാന്യമായ തത്വമാണ്. എന്നാൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ച് അംഗീകരിച്ച 73,74 ഭരണഘടനാ ഭേദഗതിയോടെയാണ് ഇത് പ്രാവർത്തികമാക്കാനുള്ള ചർച്ചകൾ സജീവമാകുന്നത്. 1993ൽ ശ്രീ വീരപ്പ മൊയിലി(മുൻ കർണാടക മുഖ്യമന്ത്രി) അധ്യക്ഷനായുള്ള ഒരു കമ്മിറ്റിയെ 73,74 ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ രംഗത്തു വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങളെക്കുറിച്ചു പഠിക്കാൻ CABE (Centreal Advisory Board of Education) നിയോഗിച്ചു. പ്രസ്തുത കമ്മീഷൻ റിപ്പോർട്ടിലെ നാലാം അധ്യായത്തിൽ ഇതു സംബന്ധമായ പരാമർശങ്ങൾ നോക്കാം.

“4.5 പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റിയെ പഞ്ചായത്ത് രാജ് നിയമത്തിന്റെ പരിധിക്കകത്ത് കൊണ്ടുവന്ന് ഭരണഘടനാപരമായ അധികാരങ്ങൾ നൽകണം. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ശിശുവിദ്യാഭ്യാസം, അനൗപചാരിക വിദ്യാഭ്യാസം, പ്രൈമറി വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നിവയുടെ മേൽനോട്ടം വഹിക്കും. പഞ്ചായത്ത് സമിതിയുടെ പ്രത്യേക അനുമതിയോടെ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി അപ്പർ പ്രൈമറി സ്കൂളുകളുടെ കൂടി മേൽനോട്ടം വഹിക്കാവുന്നതാണ്.

4.11 പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റിക്ക് സ്ഥാപനങ്ങൾ സന്ദർശിക്കാനും അറ്റന്റൻസ് പരിശോധിക്കാനും മറ്റു രജിസ്റ്ററുകൾ പരി ശോധിക്കാനും അധികാരങ്ങൾ ഉണ്ടായിരിക്കും. ജില്ലാ പഞ്ചായത്തിന്റെ മാർഗനിർദ്ദേശാനുസരണം പ്രവർത്തന ദിനങ്ങൾ, അവധി ദിനങ്ങൾ, വെക്കേഷൻ എന്നിവ സൂചിപ്പിക്കുന്ന സ്കൂൾ കലണ്ടർ തയ്യാറാക്കാനുള്ള അധികാരം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റിക്ക് ഉണ്ടായിരിക്കും. 4.20 പഞ്ചായത്ത് സമിതി വിദ്യാഭ്യാസ പ്രവർത്തനങ്ങുടെ കാര്യനിർവ്വഹണത്തിനു വേണ്ടി പഞ്ചായത്ത് സമിതി സ്റ്റാന്റിങ് കമ്മറ്റി ഓഫ് എജുക്കേഷൻ (പി.എസ്.ഇ.സി.) നിയോഗിക്കും. 4.23 പി.എസ്.ഇ.സി.ക്കായിരിക്കും വയോജന വിദ്യാഭ്യാസം, അനൗപചാരിക വിദ്യാഭ്യാസം, ശിശുവിദ്യാഭ്യാസം, പ്രൈമറി തലം വരെയുള്ള വിദ്യാലയങ്ങൾ എന്നിവയുടെ കാര്യനിർവ്വഹണത്തിനുള്ള ഉത്തരവാദിത്തം. 4.24 നിലവിലുള്ള എല്ലാ ഗവൺമെന്റ് അപ്പർ പ്രൈമറിവരെയുള്ള വിദ്യാലയങ്ങൾ പി.എസ്.ഇ.സി.യുടെ പരിധിയിൽ വരും. എയ്ഡഡ് വിദ്യാലയങ്ങളുടെ മേലും മേൽനോട്ടത്തിനുള്ള അധികാരം ഈ സമിതിക്കായിരിക്കും. 4.25 പി.എസ്.ഇ.സി. പ്രവറ്റ് ഉൾപ്പെടെയുള്ള എല്ലാവിധ അപ്പർ പ്രൈമറി സ്കൂളുകളുടെയും അക്കാദമിക മേൽനോട്ടം നിർവ്വ ഹിക്കുന്നതാണ്. 4.28 പി.എസ്.ഇ.സി.ക്ക് സർക്കാർ കൈമാറ്റം ചെയ്തു നല്കിയ സ്കൂളുകളിലെ ജീവനക്കാരുടെ ശമ്പളം നൽകാനുള്ള അധികാരമുണ്ടായിരിക്കും. സെക്കന്ററി തലത്തിന്റെ ചുമതല ജില്ലാ പഞ്ചായത്തുകൾക്കായിരിക്കും. 73, 74 ഭരണഘടനാ ഭേദഗതി, വീരപ്പമൊയ്‌ലി റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ നിരവധി സംസ്ഥാന സർക്കാറുകൾ വിദ്യാലയങ്ങളുടെ ചുമതല പഞ്ചായത്തുകൾക്ക് കൈമാറിയിട്ടുണ്ട്. അവ ചുവടെ ചേർക്കുന്നു. വിദ്യാലയങ്ങളുടെ ഉടമസ്ഥത വിവിധ സംസ്ഥാനങ്ങളിൽ സംസ്ഥാനം വിദ്യാഭ്യാസ പ്രാദേശിക പ്രൈവറ്റ് അൺ

                       വകുപ്പ്         ഗവൺമെന്റുകൾ        എയ്ഡഡ്       എയ്ഡഡ്

ആന്ധ്രപ്രദേശ് 03.11 73.81 03.91 14.71 മഹാരാഷ്ട്ര 01,46 70.57 18, 10 07,08 ഡൽഹി 22.92 37.75 06.37 28.50 ഗുജറാത്ത് 21.23 66.56 02.11 08.00 തമിഴ്നാട് 13.61 53.33. 16.66 12.60 കേരളം 36.4 02.91 55.60 02.58 (അവലംബം: നാഷണൽ നോളഡ്ജ് കമ്മീഷൻ - കോൺസപ്റ്റ് പേപ്പർ.)

മേൽക്കൊടുത്ത പട്ടികയിൽ നിന്നും കേരളം കോൺഗ്രസ് ഭരിക്കുന്ന ആന്ധ്ര,കർണാടക മുതലായ സംസ്ഥാനങ്ങളെപ്പോലെ വിദ്യാലയങ്ങളെ പഞ്ചായത്തുകൾക്ക് വിട്ടു കൊടുത്തിട്ടില്ല എന്നു കാണാം. വീരപ്പമൊയിലി നിർദ്ദേശങ്ങളും73,74 ഭേദഗതികളും അതിനെ തുടർന്ന് 1995 സെപ്തംബർ മാസം 18ന് (12 വർഷം മുമ്പ്) ഗ്രാമ പഞ്ചായത്തുകൾക്ക് അതിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം ഏല്പിച്ചു കൊടുത്തുള്ള ഉത്തരവും. ഇതൊക്കെയുണ്ടായിട്ടും എന്തേ കേരളത്തിൽ ഇങ്ങനെ നടപ്പിലാക്കാതിരുന്നത്? അധ്യാപകരുടെ ശമ്പളവും നിയമനവും എന്തു കൊണ്ട് പഞ്ചായത്തുകളെ ഏൽപിച്ചില്ല? ഇവിടെയാണ് 80 മുതൽ ആരംഭിച്ചതും 90 കളിൽ വ്യക്തമായ രാഷ്ട്രീയമായി മാറിയതുമായ ഇന്ത്യയിലെ പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങളെ കേരളീയർ ചെറുത്തു നിൽക്കുന്നതിന്റെ അനുഭവങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതും പഠന വിധേയമാക്കേണ്ടതിന്റെയും പ്രാധാന്യം കുടികൊള്ളുന്നതും. വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സർക്കാരിന്റേതാണെന്ന തിരിച്ചറിവ് വളരെ നേരത്തെ ഉണ്ടായ പ്രദേശമാണ് കേരളം. ഐക്യകേരളത്തിന് മുമ്പ് തന്നെ ഭരണാധികാരികൾക്ക് ഇത്തരം പ്രഖ്യാപനങ്ങൾ നടത്തേണ്ടി വന്നു.1957ലെ കേരള ഗവൺമെന്റ് കൊണ്ടു വന്ന വിദ്യാഭ്യാസ ബില്ല് എയിഡഡ് വിദ്യാലയങ്ങളിലുൾപ്പെടെയുള്ള അധ്യാപകർക്ക് നേരിട്ട് ശമ്പളം നൽകാൻ തീരുമാനമെടുത്തു. സ്കൂളുകളിൽ ഉച്ചഭക്ഷണവും ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സൗജന്യ പാഠപുസ്തകങ്ങളും നല്കി. പലതരം പ്രോത്സാഹന സ്കോളർഷിപ്പുകൾ ഏർപ്പെടുത്തി. ഏതാനും വർഷം മുമ്പ് അൺ-എക്കണോമിക് എന്നു പറഞ്ഞ് സ്കൂളുകൾ വ്യാപകമായി അടച്ചുപൂട്ടാൻ മുൻ സർക്കാർ തീരുമാനമെടുത്തപ്പോൾ അധ്യാപക വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയവയുടെ നേതൃത്വത്തിൽ വ്യാപകമായ ചെറുത്ത് നിൽപു ണ്ടായതും ഗവൺമെന്റ് തീരുമാനത്തിൽ നിന്നു പിറകോട്ടു പോയതും ചരിത്രത്തിന്റെ ഭാഗമാണ്. ജി.ഡി.പി യുടെ 6%മെങ്കിലും വിദ്യാഭ്യാസത്തിനായി ചെലവാക്കണമെന്നത് ദേശീയ തലത്തിലുള്ള പൊതു കാഴ്ചപ്പാടാണ്. ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന യു.പി.എ സർക്കാരിന്റെ പൊതുമിനിമം പരിപാടിയിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വസ്തുതയെന്താണ് ? കോൺഗ്രസിതര ഗവൺമെന്റുകൾ 4%വരെ വിദ്യാഭ്യാസത്തിനുള്ള വിഹിതം ഉപയോഗിച്ചെങ്കിൽ ഇപ്പോൾ 3.75 ശതമാനമായി അത് കുറച്ചിരിക്കുകയാണ്. 10-ാം പഞ്ചവത്സര പദ്ധതിവരെ SSA പദ്ധതിക്കുള്ള കേന്ദ്രവിഹിതം 75% ആയി രുന്നെങ്കിൽ 11-ാം പദ്ധതിക്കാലത്തേയ്ക്ക് അത് 50%മാക്കി കുറച്ചിരിക്കുന്നു. സംസ്ഥാനങ്ങൾ ഏകകണ്ഠമായി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ നിർദ്ദാക്ഷിണ്യം തള്ളിക്കൊണ്ടാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വസ്തുതകൾ ഇതായിരിക്കെ ഇതിനോടു പ്രതികരിക്കാതെ സംസ്ഥാന ഗവൺമെന്റ് വിദ്യാഭ്യാസ രംഗത്തുനിന്നു പിന്മാറുകയാണ് എന്ന് ആവർത്തിച്ചാവർത്തിച്ച് പ്രചാരണം നടത്തുന്നവർ കേന്ദ്രഗവൺമെന്റിന്റെ ജനവിരുദ്ധ വിദ്യാഭ്യാസനയങ്ങളെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ഒരു കാര്യം സൂചിപ്പിക്കട്ടെ. വിദ്യാഭ്യാസം പഞ്ചായത്തുകളെ ഏൽപ്പിക്കുന്നതിനെതിരെ മുറവിളി കൂട്ടുന്നവർ കേരളത്തിലെ എത സ്കൂളുകൾ പഞ്ചായത്തുകളുടെ നിയന്ത്രണത്തിലുണ്ടെന്ന് പരിശോധിച്ചിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന ആന്ധാപ്രദേശിൽ ഭൂരിപക്ഷം ഗ്രാമീണ സ്കൂളുകളും പഞ്ചായത്തുകളാണ് നേരിട്ട് നടത്തുന്നത്. കർണാടക, മഹാരാഷ്ട്ര മുതലായ സംസ്ഥാനങ്ങളിലും പഞ്ചായത്തുകൾ നേരിട്ടു നടത്തുന്ന സ്കൂളുകൾ കൂടുതലാണ്. കേരളത്തിൽ അവയുടെ എണ്ണം 2.73 ശതമാനം മാത്രമാണ്. അവയെ സ്വകാര്യ സ്കൂളുകളായാണ് കണക്കിൽപ്പെടുത്തിയിരിക്കുന്നതും. സ്കൂൾ മാനേജർമാർ പഞ്ചായത്തുകളുടെ ഇടപെടൽ സംബന്ധിച്ച് ഉത്കണ്ഠപ്പെടുന്നത് മനസിലാക്കാം. പക്ഷെ മറ്റു സംസ്ഥാനങ്ങളിൽ പഞ്ചായത്തുകളുടെ ഇടപെടൽ നടപ്പിലാക്കുന്ന രാഷ്ട്രീയ പാർട്ടികൾ തന്നെ വേറെ വിധത്തിൽ സംസാരിച്ചു തുടങ്ങിയാലോ? ആരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് നാം അന്വേഷിക്കണ്ടേ? ഇന്നത്തെ സ്ഥിതിയിൽ പഞ്ചായത്തുകളുടെ ഇടപെടലുകളും DPEP,SSA മുതലായ പ്രൊജക്ടുകളുടെ നടത്തിപ്പും ഗവൺമെന്റ് സ്കൂളുകളിൽ മാത്രമാണുള്ളത്. SSA യുടെ നിർവ്വഹണം എയ്ഡഡ് സ്കൂളുകൾക്കു കൂടി ബാധകമാക്കണമെന്ന ആവശ്യം നേരത്തെ ഉള്ളതാണ്. പന്ത്രണ്ട് വർഷം മുമ്പ് 1995 ലെ പഞ്ചായത്ത് നിയമത്തിൽ തന്നെ വിദ്യാഭ്യാസം പഞ്ചായത്തുകൾക്ക് കൈമാറപ്പെട്ട വിഷയങ്ങളിൽപ്പെടുത്തിയതാണ്. പ്രീ പ്രൈമറി സ്കൂളുകളുടെ മാനേജ്മെന്റ് ഗ്രാമപഞ്ചായത്തുകൾക്കും, സെക്കന്ററി ഹയർ സെക്കന്ററി സ്കൂളുകളുടെ മാനേജ്മെന്റ് ജില്ലാ പഞ്ചായത്തുകൾക്ക് നൽകിയിരുന്നതാണ്. പഞ്ചായത്ത് നിയമത്തെ അടിസ്ഥാനമാക്കി സ്കൂളുകളടക്കമുള്ള കൈമാറ്റം ചെയ്യപ്പെട്ട ഗവൺമെന്റ് സർവ്വീസുകളുടെ മേൽ പഞ്ചായത്തുകൾക്കുള്ള അധികാരത്തെ സംബന്ധിച്ച് 1997 ൽ പുറത്തിറക്കിയ സർക്കാർ ഉത്തരവിന്റെ വിശദാംശങ്ങളാണ് വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ നൽകിയത്. ഈ പ്രസ്താവന സ്കൂൾ മാനേജർമാരുടെയിടയിൽ മാത്രമല്ല അധ്യാപക സംഘടനകളിൽ പോലും അങ്കലാപ്പുണ്ടാക്കി. ഇവിടെ ശ്രദ്ധേയമായ കാര്യം വേറൊന്നാണ്. മേൽസൂചിപ്പിച്ച ഉത്തരവ് പത്തു വർഷമായി നിലവിലുള്ളതും പഞ്ചായത്തുകളുടെ അധികാര പരിധിയെ നിർണ്ണയിക്കുന്നതുമാണ്. ഇതിനെതിരെ അധ്യാപക സംഘടനകളടക്കം ആരും തന്നെ ശബ്ദമുയർത്തിയതായി കേട്ടിട്ടില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ പഞ്ചായത്തു പ്രസിഡന്റോ ജനപ്രതിനിധികളോ സ്കൂളുകളിൽ ഇടപെട്ടതായും അറിയില്ല. പഞ്ചായത്തുകളുടെ സഹായത്തോടെ നിരവധി പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടന്നതായും അറിയാം. പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ വെറും തെമ്മാടികളും വിദ്യാഭ്യാസമില്ലാത്തവരുമായിരുന്നെങ്കിൽ ഇവരുടെ തനി സ്വഭാവം ഇതിനകം കാണിക്കേണ്ടതായിരുന്നില്ലേ? പഞ്ചായത്തുകളുടെ ഇടപെടൽ ഗവൺമെന്റ് സ്കൂളിലായതുകൊണ്ട് അവിടെ എന്ത് നടന്നാലും പ്രശ്നമല്ല എന്ന മധ്യവർഗ അഹന്തയാണോ ഇതിന് കാരണം ? കൂട്ടത്തിൽ ഒന്നു കൂടി സൂചിപ്പിക്കാതിരിക്കാൻ വയ്യ. സഭാമേലധ്യക്ഷൻമാർ മുതൽ നിയമ സഭാ സാമാജികർ വരെയുള്ളവർ പഞ്ചായത്ത് പ്രതിനിധികളെകുറിച്ച് പറയുമ്പോൾ ഉപയോഗിക്കുന്ന ഭാഷയുടെ കാര്യമാണത്. പഞ്ചായത്ത് ബോർഡുകളിൽ നിരവധി സാധാരണക്കാർ, പ്രത്യേകിച്ച് സ്ത്രീകൾ തെരെഞ്ഞെടുക്കപ്പെട്ടുപോന്നിട്ടുണ്ട്. അവർ മറ്റുള്ളവരെപ്പോലെ കാര്യപ്രാപ്തിയുള്ളവരാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ കോളേജ് അദ്ധ്യാപകർ മുതൽ കാട്ടിൽ നിന്ന് തോൽ പെറുക്കി ജീവിക്കുന്നവർ വരെയുണ്ട്. നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ ആഴത്തിനെയും വ്യാപ്തിയെയും ആണ് ഇത് കാണിക്കുന്നത്. അവരെ ചെന്നായ്ക്കൾ എന്നും മറ്റും അധിക്ഷേപിക്കുകയും അവരുടെ തൊഴിലിനെയും ലൈംഗികതയെയും ഭർത്സിക്കുകയും ചെയ്യുന്നത് മാധ്യമങ്ങൾ മുതൽ ചില നിയമസഭാസാമാജികൻമാർ വരെയുള്ളവരുടെ സ്ഥിരം ഏർപ്പാടാണ്. മധ്യവർഗത്തിന്റെ കുഴലൂത്തുകാർ എന്ന മേലങ്കി യൊഴിച്ചാൽ ജനപ്രതിനിധികളെ അധിക്ഷേപിക്കാനുള്ള എന്ത് യോഗ്യതയാണ് മാധ്യമക്കാർക്കും ഈ എം എൽ. എ മാർക്കുമുള്ളതെന്ന് ആലോചിക്കുന്നത് നന്ന്. കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം ഇപ്പോൾ തന്നെ വികേന്ദ്രീകരിക്കപ്പെട്ടതാണ്. കെ.ഇ.ആറിന്റെ ഭാഗമായി വന്ന റവന്യൂജില്ല, വിദ്യാഭ്യാസ ജില്ല, ഉപജില്ലാ സംവിധാനം ഇപ്പോഴും ഫലപ്രദമായി നടക്കുന്നുണ്ട്. ഈ സംവിധാനത്തെ ശാസ്ത്രീയമായി പരിഷ്കരിക്കുകയും അവയെ തദ്ദേശീയ സ്വയംഭരണ സംവിധാനത്തിന് അനുകൂലമാക്കുകയും വേണമെന്ന നിർദ്ദേശം നേരത്തേ ഉയർന്നിട്ടുള്ളതാണ്. വിദ്യാഭ്യാസ വകുപ്പിന്റെ സംവിധാനങ്ങൾ,SSA, പഞ്ചായത്തുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ ഫലപ്രദമായി ഏകോപിപ്പിക്കുവാനും ഇത് സഹായകരമാവും, കെ.ഇ.ആറിൽ നിർദ്ദേശിക്കപ്പെട്ട പ്രാദേശികമായ വിദ്യാഭ്യാസസമിതിയുടെ സ്ഥാനം പഞ്ചായത്ത് തലത്തിലുള്ള വിദ്യാഭ്യാസ സമിതികൾക്ക് ഏറ്റെടുക്കാവുന്നതാണ്. അതേസമയം അധ്യാപകരുടെ സേവനവേതന വ്യവസ്ഥകളടക്കം നിലവിൽ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള അധികാരങ്ങൾ അടർത്തിയെടുക്കേണ്ട ആവശ്യമുണ്ടാകുന്നില്ല. വിദ്യാഭ്യാസ രംഗത്തെ സാമൂഹ്യ ഉത്തരവാദിത്വവും നിയന്ത്രണവും ഉറപ്പു വരുത്തുന്ന വിധത്തിൽ പ്രാദേശിക പിന്തുണാസംവിധാനങ്ങൾ രൂപപ്പെടുത്തുക, വിദ്യാഭ്യാസ നിലവാരം ഉറപ്പു വരുത്തുന്നതിനാവശ്യമായ സഹായങ്ങൾ നൽകുക, ഭൗതിക സൗകര്യങ്ങൾ ഉറപ്പു വരുത്തുക, വിദ്യാഭ്യാസ മാനേജ്മെന്റിലെ ജനാധിപത്യപരമായ തലം ഉറപ്പു വരുത്തുകയും അതിനാവശ്യമായ ഒരു കൺസൾട്ടിങ്ങ് ഏജൻസിയായി പ്രവർത്തിക്കുകയും ചെയ്യുക, അയൽപക്കത്തു നിന്നുള്ള കുട്ടികളുടെ പ്രവേശനവും പഠന സൗകര്യങ്ങളും ഉറപ്പ് വരുത്തുക., വായനശാലകൾ, വർക്സ്ഷോപ്പുകൾ, ലൈബ്രറികൾ,സാംസ്കാരിക നിലയങ്ങൾ തുടങ്ങിയവയെ സ്കൂളുമായി ബന്ധപ്പെടുത്തുക തുടങ്ങിയ ഒട്ടനവധി മേഖലകളിൽ ഒരു സാമൂഹ്യ ഏജൻസിയായി പ്രവർത്തിക്കാൻ പഞ്ചായത്തുകൾക്കാവും. ഇതു തന്നെയാണ് സഭാമേലധ്യക്ഷൻമാരെയും മറ്റ് പഞ്ചായത്ത് വിരുദ്ധരെയും ഭയപ്പെടുത്തുന്നതും. കേരള വിദ്യാഭ്യാസ നിയമം സ്വകാര്യ സ്കൂളുകൾക്ക് വേണ്ടി നടപ്പിലാക്കിയ നിയമമാണ്. പഞ്ചായത്തുകളെ സംബന്ധിച്ച വ്യവസ്ഥകൾ കേരള വിദ്യാഭ്യാസ നിയമത്തിൽ വരികയാണെങ്കിൽ അതിന്റെ അർത്ഥം സ്വകാര്യ എയ്ഡഡ് സ്കൂളുകൾ പഞ്ചായത്തുകളുടെ പ്രവർത്തന പരിധിയിൽ വരുമെന്നതാണ്. അതോടൊപ്പം പഞ്ചായത്തുകളടക്കമുള്ള എല്ലാ സർക്കാർ പ്രവർത്തനങ്ങളുടെയും ഗുണ ഭോക്താക്കളായി എയിഡഡ് വിദ്യാലയങ്ങൾ മാറുമെന്നത് അവർക്കൊരു പ്രശ്നമല്ല. ഏതെങ്കിലും വിധത്തിലുള്ള പൊതു നിയന്ത്രണ രൂപങ്ങളിൽ നിന്നു മാറി തന്നിഷ്ടപ്രകാരം അല്ലെങ്കിൽ സ്വന്തം മത താൽപര്യമനുസരിച്ച് വിദ്യാഭ്യാസത്തെ നടത്തിക്കൊണ്ടു പോകാനുള്ള അവകാശം നിഷേധിക്കപ്പെടുമെന്ന് അവർ പേടിക്കുന്നു. ഇതിനുവേണ്ടി ന്യൂനപക്ഷ അവകാശങ്ങളും വർഗീയത അടക്കമുള്ള എന്ത് മാർഗങ്ങളും സ്വീകരിക്കാൻ അവർക്ക് യാതൊരു മടിയുമില്ല. അവരോടൊപ്പം വലതുപക്ഷ രാഷ്ട്രീയക്കാരും ഇടതുപക്ഷ ബുദ്ധിജീവികളും അണിനിരക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രായോഗിക സാധ്യതാ വിശകലനങ്ങളോ അല്ലെങ്കിൽ സ്വന്തം നിലപാടുകളുടെ അടിസ്ഥാനത്തിലുള്ള നിർദ്ദേങ്ങളോ ഇപ്പോൾ നടക്കുന്ന വിവാദ കോലാഹലങ്ങൾക്കിടയിൽ ആരെങ്കിലും ഉന്നയിച്ചതായിക്കാണുന്നില്ല. കെ സി എഫിന് ആധാരമായി എൻ സി എഫ് 2005ൽ വളർത്തികൊണ്ടു വന്നിട്ടുള്ള കാഴ്ചപ്പാടിനെപ്പോലും വിവാദ വ്യവസായികൾ സൂക്ഷ്മമായി പരിശോധിച്ചിട്ടില്ല. ഇതിനെ സംബന്ധിച്ച് അഖിലേന്ത്യാതലത്തിൽ നടന്നിട്ടുള്ള ചർച്ചകൾ ആരും കണ്ടിട്ടുമില്ല. അതിനു പകരം കേരളത്തിലെ പഠന പദ്ധതിയാണ് എൻ സി എഫ് 2005ലേക്ക് നയിച്ചത് എന്ന ബാലിശമായ വാദഗതിയാണ് ഉന്നയിക്കപ്പെടുന്നത്. എത്രയൊക്കെ പരിമിതികളുണ്ടായിരുന്നാലും എൻ സി എഫ് 2005ന്റെ രൂപീകരണത്തിൽ സജീവമായ പങ്കു വഹിച്ച ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പണ്ഡിതൻമാരെ പരിഹസിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. എൻ സി എഫ് 2005ൽ മുന്നോട്ടുവെച്ച സാമൂഹ്യജ്ഞാന നിർമ്മിതിവാദവും വിമർശനാത്മക ബോധവും ഗൗരവത്തിൽ പരിശോധിക്കാൻ പോലും ഇക്കൂട്ടർ പരിശ്രമിച്ചിട്ടില്ല. ലോകത്തിലെ വിദ്യാഭ്യാസ പരിവർത്തന നിർദ്ദേശങ്ങളെല്ലാം ലോകബാങ്കിന്റെ മസ്തിഷ്കത്തിൽ നിന്നുയരുന്നതാണെന്ന അതീവ ലളിതവും ബാലിശവുമായ ബോധമുള്ളവരിൽനിന്ന് കൂടുതൽ പ്രതീക്ഷിച്ചിട്ട് കാര്യവുമില്ല. എങ്കിലും അവരുയർത്തുന്ന വാദങ്ങളുടെ സാമൂഹ്യ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ചില വിശദീകരണങ്ങൾ ആവശ്യമാണ്.

11-ാം പദ്ധതിയും വിദ്യാഭ്യാസവും 11-ാം പദ്ധതിയോടെ സ്കൂളുകൾ പൂർണ്ണമായും കമ്യൂണിറ്റി ഉടമസ്ഥതയിലേയ്ക്ക് മാറുമെന്നും വിദ്യാഭ്യാസത്തിന്റെ ഓരോ ഭാഗവും സ്പോൺസർ ചെയ്യാൻ പഞ്ചായത്തുകാരോട് നിർദ്ദേശിച്ചിരിക്കുന്നുവെന്നെല്ലാമാണ് രേഖകളെ ഉദ്ധരിച്ചുകൊണ്ട് ഒരു കൂട്ടർ പ്രചരിപ്പിക്കുന്നത്. ഈ പ്രചാരണത്തിൽ "ചില സാംസ്കാരിക നായകന്മാർ' വരെ ചെന്നു വീണിട്ടുമുണ്ട്. ഇതൊന്നും ഞാനറിഞ്ഞിരുന്നില്ല; എന്നാൽ പിന്നെ എതിർത്തുകളയാം എന്നാണവരുടെ ഭാവം. പദ്ധതി രൂപീകരണ പ്രക്രിയയിൽ പ്രാദേശിക ഗവൺമെന്റുകൾക്ക് മാർഗനിർദ്ദേശം നൽകുന്ന രേഖ വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ്മ ഉറപ്പുവരുത്തണമെന്നും ഏകോപിതമായ പ്രവർത്തനം ഉണ്ടാവണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ഏറെക്കാലമായുള്ള വ്യാപകമായ ഒരാവശ്യമാണ്. അതോടൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായുള്ള ധനസാതസ്സുകൾക്കായി പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട്, SSA ഫണ്ട്, തനതു ഫണ്ട്, MLA, MP, PTA ഫണ്ട്, സമൂഹം സ്പോൺസറിംഗിലുടെയും സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും നൽകുന്ന ഫണ്ട് ഇവയെല്ലാം പ്രയോജനപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നു. (വിദ്യാഭ്യാസ പദ്ധതി രൂപീകരണ മാർഗരേഖ 2007-08 പേജ് 9) ഇതിൽ നിന്നും സ്പോൺസറിംഗിന്റെയും സമൂഹ പങ്കാളിത്തത്തിന്റെയും ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് മറ്റൊരു വരുമാനവും ഇനി മേൽ ഇല്ല എന്നു വരുത്തിത്തീർത്ത് ജനങ്ങളിൽ ആശങ്ക വളർത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇക്കൂട്ടർ നടത്തുന്നത്. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് എന്നത് സർക്കാർ ഫണ്ടാണെന്നുള്ള കാര്യം മറച്ചുവെയ്ക്കാനും പൊതുവിദ്യാഭ്യാസത്തിന്റെ പുരോഗതിക്കുവേണ്ടി കാലാകാലങ്ങളിലായി സമൂഹം സ്വയം സന്നദ്ധമായി നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങളെയും ക്രിയാത്മകമായ ഇടപെടലുകളെയും നശിപ്പിക്കുവാനുമാണ് ഇവർ ശ്രമിക്കുന്നത്. 10-ാം പദ്ധതിയിലെ അവസാന വർഷം കേന്ദ്രവും സംസ്ഥാനവും പ്ലാൻ ഇനത്തിൽ ചെലവഴിച്ച തുകയേക്കാൾ കൂടുതൽ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പദ്ധതി യിൽപ്പെടുത്തി ചെലവഴിച്ചിട്ടുണ്ട് എന്നു പരിശോധിച്ചാൽ കാണാവുന്നതാണ്. പ്ലാൻ 22.46 കോടി

                                                                                                  141.30

കോടി സി.എസ്.എസ്. പ്ലാൻ 18.4 കോടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (സംസ്ഥാന വിഹിതം) 129.26 കോടി

                                                                                                 175.71 കോടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (പ്ലാൻ) 46.45 കോടി ശമ്പളത്തിനും മറ്റുമായി സംസ്ഥാനം ചെലവഴിച്ച 3127 കോടി രൂപയ്ക്ക് പുറമേയാണിത് എന്നതും ഓർക്കേണ്ടതുണ്ട്. ഇപ്പറഞ്ഞവയിൽ ഏതാണ് കേരളത്തിൽ പുതുതായി വേണ്ടെന്നു വച്ചത്? ഇവയിൽ ഏതാണ് പുതുതായി പഞ്ചായത്തുകളെ ഏല്പിച്ച് ഗവൺമെന്റ് മാറി നിൽക്കുന്നത്? വിദ്യാഭ്യാസ കോംപ്ലക്സുകൾ വിദ്യാഭ്യാസം കൈയൊഴിയാനോ? 1966ലെ കോത്താരി കമ്മീഷൻ റിപ്പോർട്ടിന്റെ ശുപാർശയിൽപെട്ടതാണ് വിദ്യാഭ്യാസ കോംപ്ലക്സ്സുകൾ സംഘടിപ്പിക്കുക എന്നത്. ഒരു ന്യൂക്ലിയസ് സ്കൂളും അവിടേയ്ക്ക് കുട്ടികളെ അയയ്ക്കുന്ന ഫീഡിംഗ് സ്കൂളുകളും ചേർന്നതാണ് അതിൽ നിർദ്ദേശിച്ചിരുന്നത്. ഇന്ത്യയിൽ പലേടത്തും ഇത്തരം കോംപ്ലക്സുകൾ നിലവിൽ വന്നെങ്കിലും ഔദ്യോഗിക കേന്ദ്രീകരണവും കാഴ്ചപ്പാടില്ലായ്മയും അതിവേഗം അവയെ ക്ഷയിപ്പിച്ചു. 1992-93-ൽ കണ്ണൂരിലെ ശിവപുരം സ്കൂളിനെ കേന്ദ്രീകരിച്ച് നിലവിൽ വന്ന സ്കൂൾ കോംപ്ലക്സ്, പിന്നീട് 93-94ൽ കണ്ണൂരിലെതന്നെ കല്ല്യാശ്ശേരിയിലും കാസർകോട്ടെ മടിക്കെ പഞ്ചായത്തിലും പഞ്ചായത്തിനകത്തുള്ള വിദ്യാലയങ്ങളുടെ കൂട്ടായ്മയിലൂടെ രൂപപ്പെട്ട സ്കൂൾ കോംപ്ലക്സസുകൾ ഇവയും നിലവിൽ വന്നു. പഞ്ചായത്ത് സ്കൂൾ കോംപ്ലക്സസുകൾക്ക് പഞ്ചായത്ത് എന്ന ഭരണ യൂണിറ്റിനെ പ്രയോജനപ്പെടുത്തിയും ഭൂമിശാസ്ത്രപരമായ സാധ്യതകൾ പ്രയോജനപ്പെടുത്തിയും പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ഇത്തരം അനുഭവങ്ങളെത്തുടർന്ന് ജനകീയാസൂത്രണ പ്രവർത്തനങ്ങളോടൊപ്പവും അതിനു മുമ്പും കേരളത്തിലെ നിരവധി ഗ്രാമപഞ്ചായത്തുകൾ കോംപ്ലക്സ് പ്രവർത്തനങ്ങളാവിഷ്കരിച്ചു. ഗുണപരമായ ഒട്ടേറെ അനുഭവങ്ങളുമുണ്ടായി. അങ്ങനെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാൾക്കും വിദ്യാഭ്യാസ കോംപ്ലക്സുകൾ എന്ന ആശയത്തെ, പ്രായോഗികമായി നടത്തി വിജയിപ്പിക്കാവുന്ന ഒട്ടനവധി പ്രവർത്തനങ്ങളെ, അവയിലൂടെ ഉരുത്തിരിഞ്ഞുവരുന്ന വിവിധ തലങ്ങളിലുള്ളവരുടെ കൂട്ടായ്മയെ, അക്കാദമികവും ഭൗതികവുമായ ഗുണപരമായ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്ന് ബോധ്യമായി. അതിനാലാണ് പലവിധ കാരണങ്ങളാൽ ദുർബ്ബലപ്പെട്ടുപോയ ഈ ആശയത്തെ വീണ്ടും വീണ്ടും ശക്തിപ്പെടുത്താൻ സമീപകാലത്തും ശ്രമിച്ചിട്ടുള്ളത്. 2007 ൽ ജൂൺ മാസം സ്കൂൾ തുറക്കുന്നതോടെ സ്കൂൾ കോംപ്ലക്സ് പ്രവർത്തനങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തുതലങ്ങളിൽ അധ്യാപക സംഗമങ്ങളും സ്കൂൾ തലത്തിൽ ആസൂത്രണ യോഗങ്ങളും കേരളത്തിലെല്ലായിടത്തും നടന്നു. വമ്പിച്ച പങ്കാളിത്തവും പ്രതീക്ഷയുമാണ് അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഈ പ്രവർത്തനങ്ങൾക്കുള്ള മാർഗ രേഖയായി SCERT തയ്യാറാക്കി SSA പ്രസിദ്ധീകരിച്ച രേഖയിൽ ഒരിടത്തു പോലും വിദ്യാഭ്യാസത്തിൽ നിന്നു ഗവൺമെന്റ് മാറിനിൽക്കുന്ന സൂചനകളില്ലന്നുമാത്രമല്ല ഗവൺമെന്റിന്റെ ഇടപെടലുകളെ ഫലവത്താക്കാനുള്ള ഒട്ടനവധി സാധ്യതകളും പ്രവർത്തന പരിപാടികളും വിശദീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് സ്കൂൾ കോംപ്ലക്സസ് ആവശ്യമാക്കുന്ന സവിശേഷ പ്രശ്നങ്ങൾ ലക്ഷ്യങ്ങൾ പ്രവർത്തനങ്ങൾ (പഞ്ചായത്ത് വിദ്യാലയ കൂട്ടായ്മ - സ്കൂൾ കോപ്ലക്സ് - 10-14) എന്നീ ഭാഗങ്ങൾ എവിടെ പരിശോധിച്ചാലും പഞ്ചായത്തിനെ ഏൽപിച്ച് ഗവൺമെന്റ് വിദ്യാഭ്യാസം കൈയൊഴിയുന്നു എന്നു കാണുന്നില്ല. സ്കൂളുകളുടെ കൂട്ടായ്മകളിലൂടെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതിനെക്കുറിച്ചും സൂചനകളുണ്ട്. ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് എല്ലാം. പഞ്ചായത്തു ചെയ്യണമെന്നു നിർദ്ദേശിച്ചിരിക്കുന്നു എന്നു നുണ പ്രചരണം നടത്തുന്നത് ആർക്കു വേണ്ടിയാണ്? പഞ്ചായത്തിനകത്തെ സ്കൂളുകളുടെ സഹകരണത്തോടെ ശാസ്ത്ര പരീക്ഷണങ്ങൾ, പഠനയാത്രകൾ, വിദഗ്ധരുടെ ക്ലാസുകൾ, കലാപരിപാടികൾ, കുട്ടികളുടെ മാസികകൾ, പഠന ഉപകരണ ശില്പശാലകൾ, സഹവാസ ക്യാമ്പുകൾ തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ എത്രയോ നടന്നിട്ടുണ്ട്. ഇങ്ങനെയുള്ള കൂട്ടായ്മയിലൂടെ നേടിയ അനുഭവങ്ങൾ കേരളത്തിലെ നൂറുകണക്കിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും ആയിരക്കണക്കിനു കുട്ടികളുടെയും മനസിലുണ്ട്. ഇവയൊന്നും സൂചിപ്പിക്കാൻ പാടില്ലെന്നാണോ വിമർശകരുടെ അഭിപ്രായം? ഇനി കോംപ്ലക്സിന്റെ നേതൃത്വം ആർക്കൊക്കെയെന്നു പരിശോധിക്കാം, പഞ്ചായത്ത് വിദ്യാഭ്യാസ കോംപ്ലക്സസുകൾക്ക് പഞ്ചായത്ത് വിദ്യാഭ്യാസസമിതി, അക്കാദമിക് കോർ ഗ്രൂപ്പ്, പഞ്ചായത്തുതല വിഷയസമിതികൾ, പഞ്ചായത്ത് മോണിറ്ററിംഗ് സമിതി എന്നിവയാണ് നിർദേശിച്ചിരിക്കുന്നത്. ഇതിൽ വിദ്യാഭ്യാസസമിതിയിൽ സ്കൂളുകൾക്കു പുറമെ ഗ്രന്ഥശാലകൾ, അംഗണവാടികൾ, തുടർ വിദ്യാകേന്ദ്രങ്ങൾ എന്നിവ കൂടി ഉൾപ്പെടുന്നു. ഇവയുടെ ഒന്നു രണ്ടു പ്രതിനിധികളെയും പഞ്ചായത്ത് പ്രസിഡണ്ട്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എന്നിവരെ ഒഴിച്ചു നിർത്തിയാൽ കമ്മറ്റിയിലെ വൻ ഭൂരിഭാഗവും അധ്യാപകരാണ്. ഇംപ്ലിമെന്റിംഗ് ഓഫീസറാണ് കൺവീനർ. ഗവൺമെന്റ് സ്കൂൾ HM ആയിരിക്കും ഇത്. എല്ലാ UP, LP,HS,HSS ഹെഡ്മാസ്റ്റർമാരും അധ്യാപകരും സംഘടനാ പ്രതിനിധികളും ഈ സമിതിയിൽ അംഗങ്ങളായിരിക്കും. പഞ്ചായത്തിലെ എല്ലാത്തരം വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കുക എന്നതാണ് ഈ സമിതിയുടെ പ്രവർത്തന ലക്ഷ്യം. വിവിധ ഏജൻസികൾ സംസ്ഥാന ജില്ലാ ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ വർഷം തോറും നടത്തി വരുന്ന DPIDDE,DEO,AEO,DIET,SCERT, IT, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തുടങ്ങിയവയുടെ നേതൃത്വത്തിൽ ഒരേ ലക്ഷ്യത്തിനു വേണ്ടി പല പ്രവർത്തനങ്ങൾ ആവർത്തിക്കപ്പെടുന്നത് ഒഴിവാക്കണമെന്നും ഇവയെ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കണമെന്നുമുള്ളത് ചിരകാലമായുള്ള ഒരാവശ്യമാണ്. ഇതിനായി മേൽപറഞ്ഞ പ്രവർത്തനങ്ങൾ സംസ്ഥാന ജില്ലാ തലത്തിൽ ആസൂത്രണം ചെയ്ത് അവ ഗ്രാമപഞ്ചായത്തുകൾ വഴി വിദ്യാഭ്യാസ സമിതികളുടെ മേൽനോട്ടത്തോടെ നടത്തുന്നത് അങ്ങേയറ്റം ഗുണകരമായിരിക്കും. ഇതിനർത്ഥം പരിശീലനങ്ങളും പദ്ധതികളും ഇനി മുതൽ പഞ്ചായത്ത് ഉണ്ടാക്കിയാൽ മതിയെന്നല്ല. കരിക്കുലം, പാഠപുസ്തകം മുതലായവയിലും അധ്യാപക പരിശീലനത്തിലും SCERT, DIET, എന്നിവയുടെ കൃത്യമായ നിയന്ത്രണവും പരിശോധനയും ഉണ്ടാവണം. എന്നാൽ താഴെതട്ടിൽ അത് വിജയിപ്പിക്കുന്നതിൽ ജനപങ്കാളിത്തത്തോടു കൂടിയുള്ള ഇടപെടലുകൾക്കും സാമൂഹ്യ ഓഡിറ്റിംഗിനും പഞ്ചായത്തുതല പ്രവർത്തനങ്ങൾക്ക് സാധിക്കും. ഇതിനു പുറമെ സംസ്ഥാന പദ്ധതി വിഹിതം, ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് എന്നിവ ഉപയോഗിച്ച് ഗ്രാമസഭകളിലൂടെ ഉയർന്നു വരുന്ന വിദ്യാഭ്യാസ പദ്ധതികളെ ഫലപ്രദമായി നടപ്പാക്കാനും പഞ്ചായത്ത് വിദ്യാഭ്യാസസമിതി സഹായിക്കും. അക്കാദമിക്ക് കോർ ഗ്രൂപ്പിന്റെ ഘടന പരിശോധിച്ചാൽ അതിലെ ചെയർമാൻ മുതൽ കൺവീനറും മറ്റു മുഴുവൻ അംഗങ്ങളും അധ്യാപകരാണ്. വിവിധ വിഷയങ്ങളിലെ വിദഗ്ധരായ അധ്യാപകരാണ് ഇതിൽ ഏറെയും. വിഷയസമിതികളിലെ അംഗങ്ങളും പഞ്ചായത്തിലെ അതത് വിഷയങ്ങളിലെ പ്രഗത്ഭരായ അധ്യാപകർ തന്നെയാണ്. ഇതിൽ നിന്നു അധ്യാപകർ തന്നെയാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതും. മോണിറ്ററിംഗ് സമിതിയുടെ ചെയർമാൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനാണ് (ഇത് നിരവധി പഞ്ചായത്തുകളിൽ അധ്യാപകർ തന്നെയാണ്) കൺവീനർ അക്കാദമിക കോർ ഗ്രൂപ്പ് ചെയർ പേഴ്സണായ HSS പ്രിൻസിപ്പളോ HS ഹെഡ്മാസ്റ്ററോ ആയിരിക്കും. ജോ. കൺവീനർ BRC ട്രെയിനറും അംഗങ്ങൾ വിഷയവിദഗ്ധർ, ഹെഡ് മാസ്റ്റർമാർ, അധ്യാപക സംഘടനാ പ്രതിനിധികൾ, പി.ടി.എ. പ്രതിനിധികൾ, വാർഡ് മെമ്പർമാർ എന്നിവരുമാണ്. യഥാർത്ഥ വസ്തുതകൾ ഇതായിരിക്കേ എന്തിനാണ് പഞ്ചായത്തുകളെ കാട്ടി ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നത്? മടിക്കൈ ഗ്രാമപഞ്ചായത്തിലെ നിവാസികൾ തന്നെ അവിടത്തെ സ്കൂൾ സമയം മാറ്റിയിട്ടില്ലെന്നു കാണിച്ച് പ്രതിപക്ഷ നേതാവിന്റെ ലേഖനത്തോട് പ്രതികരിച്ചു. ആലപ്പുഴ ജില്ലയിലെ പൂന്തോപ്പ് LP സ്കൂളിലെ അധ്യാപികയെ ആ ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതെന്നും ഡയറ്റിലെ ഉദ്യോ ഗസ്ഥയോട് ധിക്കാരപരമായി പെരുമാറുകയും ഡിപ്പാർട്ടുമെന്റ് നിർദ്ദേശങ്ങൾ അനുസരിക്കാത്തതിനാലുമാണിതെന്നും പിന്നീട് ടീച്ചർ മാപ്പെഴുതിക്കൊടുത്തെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുകയുണ്ടായി. കോട്ടയത്തെ കുറിച്ചി ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭയുടെ മിനിട്സ് എഴുതാൻ അധ്യാപകരെ നിയോഗിച്ചു എന്നതായിരുന്നു മറ്റൊരു സംഗതി. 2002 ആഗസ്റ്റിൽ അന്നത്തെ ഗവൺമെന്റ് ഇറക്കിയ ഉത്തരവു പ്രകാരം (33276/ഡി.പി/1/02ത.ഭ.വ-2000) ഗ്രാമപഞ്ചായത്തുകൾക്ക് ഗ്രാമസഭയുടെ കോർഡിനേറ്ററായി ഒരുദ്യോഗസ്ഥനെ നിയോഗിക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇങ്ങനെ കോർഡിനേറ്ററായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ഗ്രാമസഭയുടെ കൺവീനറായി വാർഡ് മെമ്പറുടെ നിർദ്ദേശാനുസരണം ഗ്രാമസഭകൾ വിളിച്ചു ചേർത്ത് മിനിട്സും മറ്റു രേഖപ്പെടുത്തേണ്ടതുമാണ്. വളരെ വിലപ്പെട്ട ആധികാരിക രേഖയാണല്ലോ ഗ്രാമസഭാ മിനുട്സ്. അതിനാലാണിതിനു പ്രാധാന്യം കൈവന്നത്. നിയന്ത്രണാധികാരമുള്ള കോ ഓർഡിനേറ്റർ വിവിധ പ്രദേശങ്ങളിൽ വിവിധ ഉദ്യോഗ സ്ഥരാണ്. UDF ഭരണകാലത്തുണ്ടായ ഈ ഉത്തരവ് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഇപ്പോൾ സംഭവിച്ച കാര്യമവതരിപ്പിക്കുന്നത് രഹസ്യമായ ഒരജണ്ട് പ്രകാരമല്ലേ? ഏതായാലും പ്രവൃത്തി ദിനങ്ങളിൽ അധ്യാപകരെ മിനിട്സ് എഴുതാൻ വിളിച്ച് സാധ്യായ മണിക്കൂറുകൾ നഷ്ടപ്പെടുത്തുന്നതിനോട് ശാസ്ത്രസാഹിത്യ പരിഷത്തിന് യോജിപ്പില്ല. തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്ത് പാഠപുസ്തകം അച്ചടിച്ച് സ്കൂളിൽ നിർബന്ധമായി പഠിപ്പിച്ചുവെന്നതാണ് ഗ്രാമപഞ്ചായത്ത് ചെയ്ത മറ്റൊരപരാധം. കേരളത്തിൽ SSLC റിസൽട്ട് മെച്ചപ്പെടുത്താൻ ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പുസ്തകമച്ചടിച്ചത് മലപ്പുറം ജില്ലയിലാണ്. 1997 ൽ പുതിയ പാഠ്യപദ്ധതി നടപ്പിലാ യതോടെ വിവിധ പഞ്ചായത്തുകളുടെയും വിദ്യാലയങ്ങളുടെയും ആഭിമുഖ്യത്തിലും ജില്ലാ പഞ്ചായത്തുകളും കുട്ടികളുടെ സർഗാത്മകരചനകളും അനുഭവങ്ങളും പുസ്തക രൂപത്തിലാക്കിയിട്ടുണ്ട്. ഇവയെല്ലാം വിദ്യാഭ്യാസ രംഗത്തെ സൃഷ്ടിപരമായ ഇടപെടലുകളായാണ് എല്ലാ വരും ഇതുവരെ കണക്കാക്കിയത്. കേരളത്തിൽ പാഠപുസ്തകങ്ങളുടെ നിർമ്മാണം വിതരണം തുടങ്ങിയവയുടെ ഉത്തരവാദിത്തം സംസ്ഥാന ഗവൺമെന്റ് മറ്റാർക്കും നൽകിയിട്ടില്ല. ഗവൺമെന്റ് ഉടമസ്ഥതയിൽ വിദ്യാഭ്യാസ ഗവേഷണസ്ഥാപനമായ എ.ൻ.സി.ആർ.ടി.യും ടെക്സ്റ്റ് ബുക്കു ഡിപ്പോകളും ഗവൺമെന്റ് പ്രസുകളുമാണ് ഈ ജോലി ഇപ്പോഴും നിർവ്വഹിച്ചു പോരുന്നത്. കരകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അവിടെ പ്രവർത്തിക്കുന്ന ഗ്രാമീണ പഠന കേന്ദ്രത്തിന്റെ പിന്തുണയോടെ തയ്യാറാക്കിയ "പഞ്ചായത്ത് രാജ് കുട്ടികൾക്ക്' എന്ന പുസ്തകമാണ് വിവാദമായിരിക്കുന്നത്. പഞ്ചായത്ത് രാജ് സംവിധാനത്തെകുറിച്ചും അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കു ന്നതിനുതകുന്ന ഈ കൈപ്പുസ്തകത്തിനു അവർ അവർ പാഠപുസ്തകം' എന്ന പേരിട്ടു. മാത്രമല്ല ഈ പഠന സഹായി അനൗപചാരികമായ ശൈലിയിൽ ഒരാഴ്ചയിൽ രണ്ട് പിരീഡ് വീതം കണ്ടെത്തി വിശദീകരിക്കണം എന്നും നിർദേശിച്ചു. ഈ രണ്ടു കാര്യങ്ങളും സംഭവിക്കാൻ പാടില്ലാത്തതാണ്. അത് തിരുത്താവുന്നതുമാണ്. രണ്ട് പിരിയഡ് പഠിപ്പിച്ചില്ലെങ്കിൽ ശിക്ഷിക്കുമെന്ന് പഞ്ചായത്ത് ഉത്തരവിട്ടതായാണ് പ്രചരണം. ഇത്തരം കല്ലുവെച്ച നുണകൾ തുറന്നു കാട്ടപ്പെടേണ്ടതുമാണ്. കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ 108-ാം പേജിൽ ഇനിമുതൽ പാഠ്യ പദ്ധതിയുണ്ടാക്കേണ്ടത് ഓരോ ജില്ലാതല സമിതിയുമായിരിക്കുമെന്നു പറഞ്ഞിട്ടുണ്ടെന്നു (2007 ജൂലൈ മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 15 പേജ് 11) പറഞ്ഞാണ് ഇങ്ങനെ പുസ്തകങ്ങൾ ഉണ്ടാക്കുന്നത് സംസ്ഥാന നയമായി ചിത്രീകരിക്കുന്നത്. 108-ാം പേജിലെ 9 കാര്യങ്ങളിലെ ഒരു ഭാഗം അടർത്തിയെടുത്ത് തെറ്റിദ്ധാരണ പരത്തുകയെന്നതാണ് മാതൃഭൂമി ലേഖനത്തിന്റെ ഉദ്ദേശ്യം. ഈ പേജിൽ സംസ്ഥാനത്തിന്റെ മുഴുവൻ അക്കാദമിക പ്രവർത്തനങ്ങളുടെയും നേതൃത്വം SCERT ക്ക് ആയിരിക്കുമെന്ന് സംശയലേശമന്യേ പ്രസ്താവിച്ചിട്ടുണ്ട്. ജില്ലകളിൽ SCERT ക്ക് കീഴിലുള്ള DIETകളായിരിക്കും കേന്ദ്ര അക്കാദമിക സ്ഥാപനമെന്നതും ബോധപൂർവ്വം ലേഖനകർത്താവ് ഒഴിവാക്കി. പൊതു കരിക്കുലത്തെ ശക്തിപ്പെടുത്തുന്നതിനു പ്രാദേശിക പ്രസക്തമായ ഒട്ടനവധി പഠന സാമഗ്രികൾ വളരെക്കാലമായി കേരളത്തിൽ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇത്തരം പഠന സാമഗ്രികൾ വികസിപ്പിക്കാൻ സ്കൂളുകൾക്കടക്കം സ്വാതന്ത്ര്യവും നൽകേണ്ടതാണ്. പാഠ്യപദ്ധതി ചട്ടക്കൂട് അത്രയും പറഞ്ഞില്ല. ജില്ലാതലത്തിൽ ഉണ്ടാക്കുന്ന പഠന സാമഗ്രികൾ SCERT യുടെ പിന്തുണയോടു കൂടിയായിരിക്കണം ഉണ്ടാക്കേണ്ടതെന്നും വ്യക്തമായി പറഞ്ഞു. ഇക്കാര്യത്തെയാണ് ഇനി മുതൽ കരിക്കുലവും പാഠപുസ്തകവുമെല്ലാം പഞ്ചായത്തിനെ ഏല്പിച്ചു ഗവൺമെന്റ് കൈകഴുകി എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്. പൊതു കരിക്കുലവും പാഠപുസ്തകവും തയ്യാറാക്കുന്നതിൽ നിന്നു സംസ്ഥാന ഗവൺമെന്റോ SCERT യോ തെല്ലും മാറിയിട്ടില്ല. എസ്. സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ തയ്യാറാക്കിയാൽ അതിന്റെ അച്ചടി ജില്ലാ പഞ്ചായത്തുകളെ ഏല്പിക്കാവുന്നതാണ്. ഓരോ ജില്ലയിലെയും ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം DD മാർ വഴി എളുപ്പത്തിൽ ശേഖരിക്കാവുന്നതേയുള്ളൂ. ഇങ്ങനെ അച്ചടി വികേന്ദ്രീകരിച്ചാൽ ഇന്നു നില നിൽക്കുന്ന പാഠപുസ്തക വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ സാധിക്കും. ഇത്തവണയും സ്കൂൾ തുറന്ന് ഓണപ്പരീക്ഷ കഴിഞ്ഞിട്ടും എല്ലാ കുട്ടികൾക്കും പാഠപുസ്തകങ്ങൾ ലഭ്യമായില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നേരത്തെ സൂചിപ്പിച്ചതു പോലെ പഞ്ചായത്തു മെമ്പർമാർക്ക് മോണിട്ടറിംഗ് സമിതിയിലും മറ്റും ബഹുഭൂരിപക്ഷം വരുന്ന അധ്യാപകരോടൊപ്പം അവരുടെ ചുമതലകൾ നിർവ്വഹിക്കാൻ കഴിയും. ജനാധിപത്യപരമായ രീതിയിൽ ഇന്ത്യയിലെ മറ്റെല്ലാ തെരഞ്ഞെടുപ്പുപോലെ തന്നെ തെരെഞ്ഞെടുപ്പു നടത്തി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നവരാണ് തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങൾ, ഭരണഘടനാപരമായ ഒരു സമിതിയാണിത്. പ്രാദേശിക ഗവൺമെന്റാണത്. സംസ്ഥാന ഗവൺമെന്റ് അതിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നു മാറാതെ പ്രാദേശിക ഗവൺമെന്റുകൾ വഴി കൃത്യനിർവ്വഹണം നടത്തുന്നുവെന്നു മാത്രം ഈ ഗവൺമെന്റുകളെ അംഗീകരിക്കാൻ പലർക്കും കഴിയുന്നില്ല. ഇതാണ് മുഖ്യപ്രശ്നം. ഇത്തരക്കാർ സ്കൂൾ സന്ദർശിച്ചാൽ ആകെ തകർന്നു പോകുന്നതാണോ കേരളത്തിലെ പൊതു വിദ്യാഭ്യാസം? പഞ്ചായത്തുകൾ വഴി ഗവൺമെന്റ് നടപ്പാക്കുന്ന എല്ലാ പദ്ധതികളും എയിഡഡ് സ്കൂളുകൾക്കും ലഭിക്കണമെന്നതാണ് ഏറെക്കാലമായുള്ള അവരുടെ ആവശ്യം. ഇങ്ങനെ ആവശ്യപ്പെടുന്നവർ തന്നെ പഞ്ചായത്ത് അംഗങ്ങൾക്ക് സ്കൂളിന്റെ നടത്തിപ്പും സൗകര്യങ്ങളുമൊക്കെ അന്വേഷിക്കാൻ വരുന്നത് സമ്മതിക്കാതിരിക്കുന്നത് അവരുടെ മധ്യവർഗ്ഗ ആഢ്യ മനോഭാവം കൊണ്ടു മാത്രമാണ്. ഏതു രക്ഷിതാവിനും സ്കൂൾ കാര്യങ്ങള ന്വേഷിക്കാൻ വരാമെന്നിരിക്കേ പഞ്ചായത്തു മെമ്പർമാരെ രാഷ്ടീയ ചെന്നായ്ക്കളോടുപമിച്ച് പ്രചരണം നടത്തുന്നവർക്ക് വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. അക്കാദമിക കാര്യങ്ങളിൽ ഇടപെടാനും വിലയിരുത്താനും അതതു സ്കൂളിലെ പ്രാധാനാധ്യാപിക അധ്യാപകനു തന്നെയാണു മുഖ്യ ചുമതല. ഇതിനു പുറമെ AEO, DEO, DIET,BRC ടെയിനർ തുടങ്ങിയവരുമുണ്ട്. എന്നാൽ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയിൽപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിരീക്ഷിക്കാനും വിലയിരുത്താനും പഞ്ചായത്ത് പ്രതിനിധികൾക്കവകാശമില്ലെന്നു പറയുന്നത് ഒരിക്കലും അംഗീകരിക്കുക സാധ്യമല്ല. കേരളത്തിലെ ആയിരത്തോളം പഞ്ചായത്തുകളിൽ വിരലിലെണ്ണാവുന്ന ചിലയിടങ്ങളിൽ പഞ്ചായത്ത് മെമ്പർമാരോ പ്രസിഡണ്ടാ ഔചിത്യപൂർണമല്ലാതെ പെരുമാറിയതിനെ പർവ്വതീകരിച്ച് കേരളമൊനിധികൾ തങ്ങളെ വിലയിരുത്തുക വഴി പലരുടെയും കപടമുഖങ്ങൾ അഴിഞ്ഞു വീഴുമെന്ന പേടി കൊണ്ടായിരിക്കാം. തെറ്റായ സമീപനങ്ങൾ പഞ്ചായത്തംഗങ്ങളിൽ നിന്നുണ്ടായാൽ തന്നെ അതിനെ തിരുത്താൻ കേരളത്തിലെ അധ്യാപക സമൂഹത്തിനു കഴിവും തന്റേടവുമുണ്ടെന്നാണ് പരിഷത്തിന്റെ വിശ്വാസം. സമയമാറ്റം: ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു പ്രശ്നമാണ് സ്കൂൾ സമയത്തെ സംബന്ധിച്ചത്. മടിക്കൈ പഞ്ചായത്തിൽ സംഭവിച്ചതെന്ത് എന്നു നേരത്തെ സൂചിപ്പിച്ചു. സ്കൂൾ സമയം മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു എന്ന മട്ടിലായിരുന്നു പ്രചരണം. അതിനെതിരെ അനവധിയാളുകളെ തെരുവിലിറക്കി. പക്ഷെ എന്തായിരുന്നു വസ്തുത? കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ സമയമാറ്റം പരിഗണിക്കാമെന്ന ഒരു സൂചനയുണ്ട്. നിർബന്ധമായി ഒന്നും പറഞ്ഞിട്ടില്ല. സ്കൂൾ പഠനം രാവിലെ 8 ന് ആരംഭിക്കുന്നതാണ് ഉചിതം. രാവിലെയുള്ള സമയം പഠനത്തിന് ഏറ്റവും അനുയോജ്യമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പാഠ്യപദ്ധതി വിനിമയ സമയം 5 മണിക്കൂറും ബാക്കി സമയം തുടർ പഠനത്തിനുമായി ക്രമീകരിക്കാൻ ഇത് സൗകര്യപ്രദമാണ് (Page 106,KCF 2007). ഈ നിർദേശം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ പ്രാദേശിക തലത്തിൽ പരിഗണിക്കാവുന്ന ഒന്നായാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. കരടുരൂപത്തിലുള്ള ഈ നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലാണിരിക്കുന്നത്. ഇത്തരം ഒരു നിർദ്ദേശം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ടിൽ (P 91) ഉണ്ടുതാനും. സാഹചര്യം ഇതായിരിക്കെ തീരുമാനമെടുത്തു എന്ന മട്ടിൽ വർഗീയ പ്രചരണവുമായി പലരും രംഗത്തെത്തിയത് അനാവശ്യമായ ഒന്നാണ്. ജനാധിപത്യപരമായ ഒരു ചർച്ചയ്ക്കു പോലും തയ്യാറല്ല. എന്ന നിലയിലുള്ള സമീപനം ശരിയല്ല. മനഃശാസ്ത്രപരമായ പരിഗണന വെച്ചുനോക്കിയാൽ സ്കൂൾ സമയം മാറ്റാനുള്ള നിർദേശത്തിൽ കഴമ്പുണ്ട്. കാര്യങ്ങളെ കുട്ടികളുടെ ഭാഗത്തു നിന്നു നോക്കുമ്പോൾ ഇതിന്റെ ആവശ്യകത ബോദ്ധ്യമാവും. പല മുസ്ലിം രാജ്യങ്ങളിലും ഇത്തരം കാര്യങ്ങൾ പരിഗണിച്ചു കൊണ്ടുള്ള സമയ ക്രമം സ്വീകരിച്ചിട്ടുണ്ട്. അത് സ്കൂൾ പഠനത്തിനും മദ്രസാ പഠനത്തിനും ഒരു പോലെ "സഹായകമാവും. ഇവിടെ വിലക്കു വന്നിരിക്കുന്നത് പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങളിലെ സമയമാറ്റവുമായി ബന്ധപ്പെട്ടാണ്. സമ്പന്നകുടുംഗങ്ങളിലെ മുസ്ലീം കുട്ടികൾ പഠിക്കുന്ന പല സ്വകാര്യ വിദ്യാലയങ്ങളിലും നേരത്തെ പഠനം ആരംഭിക്കുന്നവെന്നത് എതിർക്കപ്പെട്ടതായി അറിവില്ല. മദ്രസകളുടെ പാഠ്യപദ്ധതിയും സമയവും മദ്രസകൾ നടത്തുന്ന ഉലമാക്കളുടെ ബോർഡുകൾ തീരുമാനിക്കുന്നതാണ്; അവരുടെ തീരുമാനങ്ങളിൽ സർക്കാർ ഇടപെട്ടിട്ടില്ല. ഇടപെടാൻ സാധ്യവുമല്ല. മദ്രസാ പഠനസമയത്തിൽ മാറ്റം വരുത്താതെ തന്നെ ഉചിതമായ ബോധനസമയം സ്കൂളുകളിൽ തുടങ്ങുന്നതിന് ആരും എതിരല്ല. അപ്പോൾ സ്വന്തം സമുദായത്തിലെ കുട്ടികളുടെ ഭാവിയെ മുൻ നിർത്തിക്കൊണ്ട് മദ്രസ പഠനത്തെ സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് അവരുടെ ബാധ്യതയാണ്. മദ്രസാ പഠനസമയം സർക്കാർ അട്ടിമറിക്കുന്നു എന്ന പേരിൽ സമരം നടത്തിയത് എന്തിനു വേണ്ടിയായിരുന്നു? പഞ്ചായത്തുകൾ സ്കൂൾ കലണ്ടറുകൾ ഉണ്ടാക്കുന്നുവെന്നും അതിൽ ശനിയും ഞായറും പ്രവൃത്തി ദിവസങ്ങളാക്കിയിരിക്കുന്നുവെന്നുമാണ് വിവാദങ്ങളിലെ മറ്റൊരിനം. സംസ്ഥാനം, ജില്ല, പഞ്ചായത്ത്, സ്കൂൾ എന്നീ തലങ്ങളിലെല്ലാം കലണ്ടറുകൾ നിർമ്മിക്കാറുണ്ട്. ഇതൊന്നും പുതിയ കാര്യങ്ങളല്ല. സ്കൂൾ പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിന് ഇത് അത്യാവശ്യമാണെന്ന് കാണാനും വിഷമമില്ല. ഓരോ തട്ടിലുള്ള കലണ്ടർ നിർമിക്കുമ്പോഴും മേൽത്തട്ടിലെ കലണ്ടറും പ്രാദേശിക ആവശ്യങ്ങളും ഒന്നിച്ചു പരിഗണിക്കും. അപ്പോൾ പല പ്രവർത്തനങ്ങളും അവധി ദിവസങ്ങളിലേക്ക് മാറ്റേണ്ടി വരും. അധ്യാപകപരിശീലനം, PTA യോഗങ്ങൾ തുടങ്ങിയവയാണ് ഇങ്ങനെ മാറ്റിയിട്ടുള്ളത്. അധ്യാപക സംഘടനകളുമായി ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടുണ്ട്. പരിശീലനങ്ങൾ അവധിദിനങ്ങളിലാക്കുന്നതിനെ അവർ തത്വത്തിൽ അംഗീകരിച്ചിട്ടുമുണ്ട്. ഇതെല്ലാം വേണ്ടി വരുന്നത് കുട്ടികൾക്കു കിട്ടുന്ന പഠനദിനങ്ങളിൽ കേരളം ഏറ്റവും പിറകിൽ നിൽക്കുന്നതിനാലാണ്. 200 പ്രവൃത്തി ദിനങ്ങളെങ്കിലും കിട്ടാതെ വരുന്ന സ്ഥിതിയിൽ മാറ്റം വന്നേ മതിയാവൂ. ഇക്കാര്യത്തിൽ കേരളത്തിലെ ദയനീയസ്ഥിതി അടുത്ത പേജിലുള്ള പട്ടിക വെളിവാക്കും. ഇതിനു മാറ്റം വരണമെങ്കിൽ ചില വിട്ടുവീഴ്ചകൾ വേണ്ടി വരും. ഞായറാഴ്ചകളെ ഒഴിവാക്കി തീരുമാനമെടുക്കുന്ന കാര്യം ഗൗരവത്തിൽ പരിഗണിക്കണം. അഞ്ചു പ്രവർത്തിദിനങ്ങളിൽ കൂടുതൽ ഒരാഴ്ച പോലും പ്രവർത്തിക്കില്ല എന്ന പിടിവാശി അധ്യാപക സംഘടനകൾ ഉപേക്ഷിക്കുമെന്നു പ്രതീക്ഷിക്കാം ചില സംസ്ഥാനങ്ങളിൽ (ഉദാ: ആന്ധാപ്രദേശ്) നിശ്ചിത സാദ്ധ്യായ ദിവസങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് സ്കൂളുകൾ അടക്കുക. ഒഴിവുദിനങ്ങളെയും സ്കൂൾ സമയത്തെയും കുറിച്ച് ഒരു വിട്ടുവീഴ്ചയും ചെയ്യാൻ കൂട്ടാക്കാത്ത അധ്യാപക സംഘടനകൾ ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക എന്നറിയില്ല. ഒരു ചർച്ചയിലൂടെ പരിഹരിക്കാവുന്ന ഈ പ്രശ്നം വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമായി പർവതീകരിക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായകമല്ല. ജനകീയ പ്രതിരോധസമിതി ഈ വിവാദങ്ങൾക്കിടയിൽ പുതിയ പാഠ്യപദ്ധതിയുടെ മേന്മകളെ ഇടിച്ചു താഴ്ത്താൻ ചിലർ ബോധപൂർവമായി ശ്രമിക്കുന്നതു കാണാം. തീവ്ര ഇടതുപക്ഷമെന്ന് ഭാവിക്കുന്ന എസ്.യു.സി.ഐ.ക്കാരും അവർ സൃഷ്ടിച്ച വലതു സഖ്യമായ ജനകീയ പ്രതിരോധ സമിതിക്കാരുമാണ് ഈ വാദം മുഖ്യമായും ഉയർത്തുന്നത്. ഇതിനായി വിദ്യാഭ്യാസം വീണ്ടടുക്കുന്നതെങ്ങനെ?' എന്ന ലഘുലേഖയും ഏതാനും ലേഖനങ്ങളും ഇതിന്റെ അമരക്കാർ പടച്ചു വച്ചിട്ടുണ്ട്. പാഠ്യപദ്ധതിയെ ഇപ്പോഴും വിമർശിക്കുന്നവരുടെ വാദങ്ങൾ നോക്കു. "കുട്ടികൾ അക്ഷരവും അക്കവും പഠിക്കാതെ കളിച്ചു മുന്നേറുകയാണ്. അവർ അറിവില്ലാതെ, അനുസരണയില്ലാതെ തെമ്മാടികളായി മാറുന്നു. പരീക്ഷ ഇല്ലാതായിരിക്കുന്നു. പാഠപുസ്തകത്തെ ഉപേക്ഷിച്ചിരിക്കുന്നു. അധ്യാപകനെ നിഷ്കാസനം ചെയ്തിരിക്കുന്നു. കോപ്പിയെഴുത്തും, കേട്ടെഴുത്തും, പദ്യംചൊല്ലലും, മനഃപാഠമാക്കലും ഗദ്യം വായിക്കലുമെല്ലാം നിരോധിക്കപ്പെട്ടിരിക്കുന്നു', ഇത്തരം വിമർശനങ്ങൾ പത്തുകൊല്ലം മുമ്പേ നാം കേട്ടുതുടങ്ങിയതാണ് ഇപ്പോഴും ഇതൊക്കെ വിളിച്ചു പറയണമെങ്കിൽ അസാധാരണമായ തൊലിക്കട്ടി വേണം. ഒന്നാമതായി, പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള മൂന്ന് ബാച്ച് എസ്.എസ്.എൽ.സി. വിദ്യാർത്ഥികളും ഒരു ബാച്ച് +2 വിദ്യാർത്ഥികളും പുറത്തിറങ്ങി കഴിഞ്ഞു. വിമർശകരുടെ വാദമനുസരിച്ച് ഇവർക്ക് ഒരക്ഷരം എഴുതാനാവില്ല. കണക്കു കൂട്ടാനാവില്ല. "ചപ്പും പുല്ലും' പെറുക്കാനല്ലാതെ ശാസ്ത്രീയമായ അറിവുകൾ ഒന്നുമില്ല. പ്രാദേശികമായ ചില നൈപുണികളിലുള്ള പരിശീലനമേ അവർക്ക് കിട്ടിയിട്ടുള്ളൂ അന്ധത ഒന്നു മാത്രമേ ഇത്തരം അന്തഃസോരശൂന്യമായ വിമർശനത്ത നിർമിക്കൂ. കേരളത്തിലെ രക്ഷിതാക്കൾക്ക് ഇന്ന് അനുഭവത്തിലൂടെ പുതിയ പാഠ്യപദ്ധതി അവരുടെ കുട്ടികളിൽ ഉണ്ടാക്കിയ മാറ്റം എന്തെന്നറിയാം. NCERT സിലബസ് പിന്തുടരുന്ന CBSE വിദ്യാലയങ്ങളിൽ മെച്ചപ്പെട്ട മറ്റെന്തോ നടക്കുന്നു എന്നാണ് ഇവരുടെ പല്ലവി. പക്ഷെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. 2005ൽ ഒരു ദേശീയ പാഠ്യപദ്ധതി വന്നു. തുടർന്ന് കഴിഞ്ഞ വർഷവും ഈ വർഷവുമായി ഒന്നു മുതൽ പന്ത്രണ്ടു വരെ യുള്ള മിക്കവാറും പുസ്തകങ്ങൾ മാറിക്കഴിഞ്ഞു. കേരളം സ്വീകരിച്ച

സാധ്യായ ദിവസങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ സംസ്ഥാനം പ്രവൃത്തിദിനങ്ങ ഒരു ദിവസം ലഭി ഒരു പിരിയഡിന്

                                             ളുടെ എണ്ണം             ക്കുന്ന പിരിയഡ്             ലഭിക്കുന്ന
                                                                                                                  മിനിട്ടുകൾ 

ആന്ധാപ്രദേശ് 217 7 45 അരുണാചൽ പ്രദേശ് 178 7 40 ആസ്സാം 198 7 41 ബീഹാർ 212 7 43 ഛത്തീസ്ഗഡ് 223 6 40 ഡൽഹി 204 7 35 ഗോവ 215 8 36 ഗുജറാത്ത് 219 7 36 ഹരിയാന 219 4 41 ഹിമാചൽപ്രദേശ് 226 9 35 ജമ്മു & കാശ്മീർ 203 7 41 കർണാടക 218 8 40 കേരളം 186 7 43 മധ്യപ്രദേശ് 221 6 43 മഹാരാഷ്ട്ര 222 8 36 മണിപ്പൂർ 209 7 43 മിസോറാം 196 7 41 നാഗാലാന്റ് 184 7 39 ഒറീസ്സ 225 7 42 പഞ്ചാബ് 207 6 38 രാജസ്ഥാൻ 225 8 38 സിക്കിം 208 7 40 തമിഴ്നാട് 219 7 44 ത്രിപുര 205 6 41 ഉത്തർപ്രദേശ് 216 8 39 ഉത്തരാഞ്ചൽ 224 7 36 പ. ബംഗാൾ 218 6 40 ആന്റമാൻ നിക്കോബാർ 218 8 40 ഛത്തീസ്ഗഡ് 233 7 40 പോണ്ടിച്ചേരി 192 7 45 ഇന്ത്യയിലെ ആകെ ശരാശരി 213 7 40 വിദ്യാഭ്യാസ സമീപനത്തിലേക്കാണ് പത്തു വർഷം കഴിഞ്ഞ് NCERT എത്തിയിരിക്കുന്നത്. എന്നു പറഞ്ഞാൽ, അക്ഷരവും അക്കവും പഠിക്കാൻ ഉതകാത്ത അതേ രീതിയാണ് ഇന്ന് CBSE വിദ്യാർത്ഥികൾ പഠിക്കുന്നത്. കാലം വരുത്തിയ ഈ മാറ്റത്തിൽ അടിതെറ്റിയ വിമർശകർ ഇക്കാര്യം തങ്ങൾ അറിഞ്ഞിട്ടേയില്ല എന്ന മട്ടിൽ തല മണ്ണിൽ പൂഴ്ത്തിയാണ് നില്പ്. അവരുടെ ദുരഭിമാനം അവരെ സ്വയം പരിഹാസ്യരാക്കികൊണ്ടിരിക്കുന്നു. ഇതും രക്ഷിതാക്കൾ മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ട്. മേൽ വിമർശനത്തെ ബോധനശാസ്ത്രപരമായും വർഗരാഷ്ടീയത്തിന്റെ അടിസ്ഥാനത്തിലും വിശകലനം ചെയ്താൽ വിമർശനത്തിന്റെ ദുർബലത ഒന്നു കൂടി വ്യക്തമാകും. മനഃപാഠം, അച്ചടക്കം, പാഠപുസ്തക കേന്ദ്രീകൃതപഠനം തുടങ്ങിയവ വ്യവഹാരമനഃശാസ്ത്രത്തിന്റെ സമീപനങ്ങളാണെന്നത് പ്രസിദ്ധമാണ്. ചോദന-പ്രതികരണ ബന്ധം ആവർത്തിച്ചുറപ്പിക്കുക എന്നതാണതിന്റെ രീതി. ഇവിടെ കുട്ടി അനുസരണയുള്ള ഒരു ജീവി മാത്രമാണ്. പൂച്ചയിലും പട്ടിയിലും എലിയിലും പ്രാവിലും മറ്റും പരീക്ഷിച്ച കാര്യങ്ങൾ മനുഷ്യശിശുവിൽ ആരോപിക്കുന്ന ഏറ്റവും മനുഷ്യവിരുദ്ധമായ സമീപനമാണിത്. കുട്ടികളുടെ തനതായ ജിജ്ഞാസ, ചിന്താശേഷി എന്നിവയെല്ലാം വിസ്മരിച്ചു കൊണ്ടുള്ള യാന്ത്രിക വിദ്യാഭ്യാസ രീതിയാണ് വ്യവഹാര വാദികൾ മുന്നോട്ടു വെച്ചത്. എൻട്രൻസ് പരീക്ഷകളിലടക്കം ഇപ്പോഴും പിൻതുടരുന്ന ടെസ്റ്റിംഗ് രീതികൾ ആദ്യമായി ഉപയോഗിച്ചത് അമേരിക്കയിൽ ഒന്നാം ലോക മഹായുദ്ധകാലത്ത് പട്ടാളത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനാണെന്നും ക്രമേണ അത് മാനേജ്മെന്റ് ട്രെയിനിംഗിലേക്കും സിവിൽ സർവീസ് പരീക്ഷകളിലേക്കും വ്യാപിക്കുകയാണ് ചെയ്തതെന്നും നാം ഓർക്കേണ്ടതുണ്ട്. പ്രകടമായും സാമാജ്യത്വസൈനിക ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കപ്പെട്ട ടെസ്റ്റിംഗ് സമ്പദായത്തെയാണ് ഇവിടെ ഏറ്റവും ഉദാത്തമായി വ്യാഖ്യാനിക്കുന്നത്. ലോകം അറുപതുകളുടെ ഒടുവിൽ തന്നെ തള്ളിത്തുടങ്ങിയ ഈ കാഴ്ചപ്പാടാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലും ചിലരെ ആവേശം കൊള്ളിക്കുന്നത് എന്നത് വിസ്മയാവഹമാണ്. കുട്ടിയെയും അവന്റെ ബൗദ്ധിക ശേഷികളെയും അതിൽ അവൻ ജീവിക്കുന്ന ചുറ്റുപാടുകളുടെയും സംസ്കാരത്തിന്റെയും സാമൂഹ്യ ഘടകങ്ങളുടെയും സ്വാധീനത്തെയും ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു സമീപനത്തെയാണ് പാഠ്യപദ്ധതി സ്വീകരിച്ചത്. ഇത് നിശ്ചയമായും കഴിഞ്ഞ ഇരുനൂറു വർഷക്കാലത്തെ സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിലെ വലിയൊരു ദിശാ വ്യതിയാനമാണ്. ആധുനിക ബോധനശാസ്ത്രം ലോകമാകെ വരുത്തിയ മാറ്റം അല്പം വൈകിയെങ്കിലും ഇവിടെ സ്വീകരിക്കപ്പെട്ടു എന്നത് ആശ്വാസകരമാണ്. അതിൽ കേരളം ഇന്ത്യക്ക് വഴികാട്ടിയായി മാറി എന്നത് നമുക്ക് അഭിമാനിക്കാവുന്ന ഒരു കാര്യവുമാണ്. പഠന സമീപനത്തിന്റെ രാഷ്ട്രീയം: ഇനി ഈ പഠന സമീപനത്തിന്റെ രാഷ്ട്രീയത്തിലേക്കു വരാം. മുമ്പുണ്ടായിരുന്നത് കുട്ടിയെ അവന്റെ അനുഭവങ്ങളിൽ നിന്നും വേർപെടുത്തുന്ന സമീപനമായിരുന്നു. അറിവിനെ പാഠപുസ്തക നിഷ്ഠമാക്കുന്ന, ജീവിതത്തിൽ വേർപെടുത്തി അവതരിപ്പിക്കുന്ന രീതിയായിരുന്നു. അന്യവത്കരിക്കപ്പെട്ട ഒരു തലമുറയാണ് ഇതിലൂടെ ഉണ്ടാവുക. യഥാർത്ഥ ജീവിതത്തെ ഭാവിയിൽ നേരിടാൻ ആ തലമുറ അശക്തമായിരിക്കും.

പഴയ സമ്പ്രദായം ആരോ നിർമിച്ചുവെച്ച ഒരറിവിനെ ചോദ്യം ചെയ്യാതെ ഉൾക്കൊള്ളുന്ന കുട്ടിയെ മഹത്വവത്കരിക്കുന്നു. വാസ്തവത്തിൽ കൊളോണിയൽ വിദ്യാഭ്യാസം അവർക്ക് വേണ്ട മാനസികമായ അടിമത്തമുള്ള ഒരു വിഭാഗമാളുകളെ സൃഷ്ടിക്കാനായിരുന്നു ഈ രീതി ഇവിടെ അടിച്ചേൽപിച്ചത്. ഗുരുവുമായി സംവാദത്തിലേർപ്പെടുന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു. കുട്ടികളെ അവരുടെ പഠന വേഗതയനുസരിച്ച് മുന്നേറാനുള്ള അവസരമൊരുക്കുന്നതിനെയും കുട്ടികൾക്ക് അഭിരുചിയുള്ള വിഷയങ്ങളിൽ തുടർപഠനം നടത്താൻ പ്രേരിപ്പിക്കു ന്നതിനെയും കുറിച്ച് കുടിപ്പള്ളിക്കൂടങ്ങളിലെ ഗുരുക്കന്മാർ ബോധവാ ന്മാരായിരുന്നു. കുട്ടികളുടെ താല്പര്യവും പഠന സാഹചര്യങ്ങളുമനുസരിച്ച് പഠന സമയം ക്രമീകരിക്കുന്നതിനും അവർ തയ്യാറായിരുന്നു. മൂല്യനിർണയം വെറും എഴുത്തു പരീക്ഷകളിലൂടെ മാത്രമായിരുന്നില്ല. പരീക്ഷകളും സംവാദങ്ങളും ഇതിന്റെ ഭാഗമായിരുന്നു. “കടവല്ലൂർ അന്യോന്യം” പ്രസിദ്ധമായ പരീക്ഷാരീതിയാണല്ലോ. കൊളോണിയ ലിസം ഇറക്കു മതി ചെയ്ത വ്യവഹാരവാദ വിദ്യാഭ്യാസ രീതി ആ പാരമ്പര്യത്തെ പൂർണമായും ഇല്ലാതാക്കാനാണ് ശ്രമിച്ചത്. അധ്യാപകന്റെ പദവിയും മാധ്യമത്തിന്റെ മഹത്വവും പാഠപുസ്തകത്തിന്റെ കേന്ദ്രസ്ഥാനവും പരീക്ഷയുടെ പ്രഹരശേഷിയും ഇൻസ്പെക്ഷന്റെ ഭീതി തമായ അന്തരീക്ഷവും ഒക്കെ ഉപയോഗിച്ച് ഇന്ത്യൻ മനസ്സിനെ വിദ്യാഭ്യസത്തിലൂടെ അവർ മെരുക്കിയെടുത്തു. ചുരുക്കത്തിൽ, ഭരണകൂടത്തിന്റെ ഇച്ഛാനുസരണം ഒരു തലമുറയെ രൂപപ്പെടുത്തുന്ന രാഷ്ടീയ പദ്ധതിയുടെ ഭാഗമായിരുന്നു പഴയ വിദ്യാഭ്യാസ സമ്പ്രദായം.

എന്നാൽ കുട്ടിയുടെ ചിന്തയെ ഉയർത്തിപ്പിടിക്കുന്ന ജ്ഞാനനിർമിതിവാദവും പഠനത്തിന്റെ സാമൂഹ്യ തലത്തെകൂടി പ്രധാനമായി കരുതുന്ന സാമൂഹ്യജ്ഞാന നിർമിതിവാദവും മറിച്ചുള്ള ഒരു രാഷ്ട്രീയ പ്രക്രിയയെ ഉയർത്തിപ്പിടിക്കുന്നു. ചിന്തിക്കുന്ന, ചോദ്യം ചെയ്യുന്ന ഒരു തലമുറയുടെ നിർമിതിയാണത്. ചുരുക്കത്തിൽ പഴയ വിദ്യാഭ്യാസരീതി വ്യവസ്ഥയെ പുനരുൽപാദിപ്പിക്കുമ്പോൾ പുതിയ പഠനസമീപനം വ്യവസ്ഥയെ പരിവർത്തിപ്പിക്കുന്ന വിദ്യാഭ്യാസമായി മാറുന്നു. വിമർശനശേഷി പകരുന്ന വിദ്യാഭ്യാസത്തിന്റെ “രാഷ്ടീയം' തിരിച്ചറിയാത്തവരുടെ യഥാർത്ഥ രാഷ്ട്രീയം എന്തെന്ന ചോദ്യം ഉയർത്താൻ സമയമായിരിക്കുന്നു. പുതിയ പാഠ്യപദ്ധതി "നിരീശ്വരവാദ'മാണോ? “ശാസ്ത്രത്തിന്റെയും പുരോഗതിയുടെയും പേര് പറഞ്ഞ് പിഞ്ചുമനസ്സുകളിൽ ശുദ്ധമാർഗ്ഗങ്ങളിലൂടെ നിരീശ്വരത്വം നിറയ്ക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആശയങ്ങളാണ് വിദ്യാഭ്യാസത്തിന്റെയും പരിസ്ഥിതിയുടെയും സമൂഹത്തിന്റെയും സർവ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ പരിശ്രമിക്കുന്നത് എന്ന് നമ്മൾ തിരിച്ചറിയണം”. ഇതു പറയുന്നത് ഇരിങ്ങാലക്കുട രൂപതയുടെ ഒരു സാംസ്കാരിക സംഘടനയാണ്. ശാസ്ത്രസാഹിത്യ പരിഷത്തിനെപറ്റി പറയുന്ന വാക്കുകൾ തികഞ്ഞ അസംബന്ധമാണ്. പരിഷത്ത് കഴിഞ്ഞ നാലു ദശകങ്ങളായി പരസ്യമായി പ്രവർത്തിക്കുന്ന സംഘടനയാണ്. പരിഷത്തിന്റെ യുറീക്കയും ശാസ്ത്രകേരളവും ആരംഭിച്ചിട്ടും ഏറെക്കാലമായി. യുറീക്കാ വിജ്ഞാനപരീക്ഷ മുതൽ ഇപ്പോൾ നടത്തിപ്പോരുന്ന വിജ്ഞാനോത്സവങ്ങൾ വരെ കുട്ടികളുടെ ഇടയിൽ നടത്തുന്ന പ്രവർത്തനങ്ങളും പരസ്യമാണ്. ഇവയിലൊന്നും ഒരു ഗൂഢമാർഗവും ഇല്ല. പരിഷത്ത് ശാസ്ത്രവും ശാസ്ത്ര ബോധവും പ്രചരിപ്പിക്കുന്നുണ്ട്. അവയിൽ ഒരു നിരീശ്വരവാദവുമില്ല. ഇത്തരത്തിലുള്ള കുപ്രചരണങ്ങൾക്ക് വിശദമായ മറുപടി പറയേണ്ട ആവശ്യമില്ല. പക്ഷെ, രണ്ടാമത്തെ ഭാഗം വിചിത്രമാണ്. പരിഷത്ത് പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന വിദ്യാഭ്യാസ ആശയങ്ങൾ ഒന്നും പരിഷത്തിന്റെ സ്വയം സൃഷ്ടിയല്ല. കഴിഞ്ഞ നൂറ്റാണ്ടുകളിൽ വിദ്യാഭ്യാസ രംഗത്തെ പ്രതിഭാധനർ ആവിഷ്കരിച്ച ആശയങ്ങളാണ് പരിഷത്ത് അവതരിപ്പിക്കുന്നത്. അവരിൽ വിമർശനാത്മകബോധനത്തിന്റെ സഷ്ടാക്കളിൽ ഒരാളായ പൗലോഫയർ കത്തോലിക്കാ വൈദികനുമാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുക്കാൻ പിടിക്കുന്നുവെന്ന് അവകാശപ്പെടുന്നവർക്ക് ഇന്ന് ലോകത്തിൽ നടക്കുന്ന വിദ്യാഭ്യാസ രംഗത്തെ പരീക്ഷണങ്ങളെക്കുറിച്ചും അതിൽ കത്തോലിക്കാ പുരോഹിതർ നടത്തുന്ന സംഭാവനകളെ കുറിച്ചു പോലും ഒരു വിവരവുമില്ലെന്നല്ലേ ഇതിന്റെ അർത്ഥം? ശാസ്ത്രസാഹിത്യ പരിഷത്തിനെതിരായ വിമർശനം അഭിവന്ദ്യ മെത്രാൻ റവ.സൂസെപാക്യവും ആവർത്തിച്ചിരിക്കുന്നു! മറ്റുള്ളവരെ ചീത്ത പറയുന്നതിനു മുമ്പ് സ്വന്തം വിഭവങ്ങളെയും സംഭാവനകളെയും കുറിച്ചും അവരവർ സഞ്ചരിക്കുന്ന വഴികളെക്കുറിച്ചും സത്യസന്ധമായ വിലയിരുത്തൽ നടത്തുന്നത് തെറ്റാവില്ല. കേരളത്തിന്റെ വിദ്യാഭ്യാസസമീപനം ദേശീയ പാഠ്യപദ്ധതിയിൽ സ്വീകരിച്ചതിന് പ്രതിരോധ സമിതിക്കാർ കണ്ടെത്തിയ ന്യായം എന്തെന്നോ?' മുൻപരിഷത്ത് നേതാവ് ശ്രീ. കൃഷ്ണകുമാറാണ് എൻ.സി.ഇ.ആർ.ടി. ഡയറക്ടർ. അവരുടെ വമ്പിച്ച മേധാവിത്വമുള്ള സമിതിയാണിത് (P-26 വിദ്യാഭ്യാസം വീണ്ടെടുക്കുന്നതെങ്ങനെ?) NCERT യുടെ ഇപ്പോഴത്തെ ഡയറക്ടർ ഉത്തരേന്ത്യക്കാരനും ദൽഹി സർവകലാശാലയിലെ വിദ്യാഭ്യാസ വിഭാഗം മുൻ മേധാവിയുമാണ് ഇദ്ദേഹത്തെയാണ് പരിഷത്ത് നേതാവാക്കി മാറ്റിയിരിക്കുന്നത്. മാത്രമല്ല, NCERTയുടെ കരിക്കുലം തയ്യാറാക്കിയ നേഷണൽ സ്മിയറിംഗ് കമ്മറ്റിയിലെ 35 അംഗങ്ങളിൽ ഒരാൾ മാത്രമാണ് മലയാളി. NCERT യുടെ കരിക്കുലം ഫാക്കൽട്ടി ഹെഡ് ആയിരുന്ന പ്രൊഫ. എം.എ. ഖാദറാണത്. ഈ കമ്മറ്റിയിൽ പരിഷത്ത് മെമ്പർമാർ ആരും തന്നെയില്ല. വിദ്യാഭ്യാസ വിഷയത്തിൽ പരിഷത്തുമായി അഭിപ്രായ ഐക്യം പുലർത്തുന്നവർ ഉണ്ടായേക്കാം എന്നു മാത്രം. ഏതായാലും വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പരുവത്തിലായിപ്പോയി വിമർശകരുടെ സ്ഥിതി. ഈ ഭീമാബദ്ധം ചൂണ്ടിക്കാണിച്ചതിനു ശേഷവും ഒരു നാണവുമില്ലാതെ അവർ ആവർത്തിക്കുന്നതായാണ് കാണുന്നത്. അപ്പോൾ അവരുടെ ഉദ്ദേശ്യം ബോധപൂർവമായ കുപ്രചരണമാണെന്ന് കരുതാതിരിക്കാൻ ന്യായമില്ല. കള്ളവും അതിശയോക്തികളും സത്യമെന്ന് തോന്നിപ്പിക്കുന്ന വ്യാഖ്യാനങ്ങളും തട്ടിവിടാൻ ഇവർക്കുള്ള മിടുക്ക് നാം മുമ്പേ കണ്ടതാണ്. ലോക ബാങ്ക് പദ്ധതിയായ DPEP നടപ്പിലാക്കിയതിന്റെ ഭാഗമായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പല അട്ടിമറികളും തകർച്ചകളും വരാൻ പോകുന്നുവെന്ന് 2000 ൽ പ്രസിദ്ധീകരിച്ച "ഡി.പി.ഇ.പിയുടെ അകംപൊരുൾ എന്ന ലഘുലേഖയിലൂടെ അവർ പ്രചരിപ്പിച്ചു. ചില സാമ്പിളുകൾ നോക്കുക. "ഉച്ചക്കഞ്ഞിയും കോളർഷിപ്പും നിർത്തലാക്കാൻ പോകുന്നു. ബി.എഡ്, ടി.ടി.സി, കോഴ്സുകൾ ഇനി മേൽ നടത്തേണ്ടെന്ന് ലോക ബാങ്ക് നിർദേശിച്ചിട്ടുണ്ട്, ഡി.പി.ഇ.പി, ചിട്ടയായി എഴുത്ത് പഠിപ്പിക്കാത്തത് എഴുത്ത് പഠിപ്പിക്കേണ്ടതില്ല എന്ന് ലോക ബാങ്ക് അനുശാസിച്ചതു കൊണ്ടാണ്. ലോക ബാങ്കിന് തൃപ്തികരമായ വിധം DIET കളെ പുനഃസംഘടിപ്പിച്ചിരിക്കുന്നു. SCERTക്ക് ബദലായാണ് SIEMAT വരുന്നത്'. എന്നുവെച്ചാൽ ലോക ബാങ്ക് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പൂർണമായ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞു. പാഠ്യപദ്ധതി മാറ്റം പോലും അവരുടെ നിർദേശാനുസരണമേ ആവാൻ തരമുള്ളൂ. ലോക ബാങ്കിന് വിദ്യാഭ്യാസത്തിൽ സ്വന്തം അജണ്ടകൾ ഉണ്ടെന്നതിൽ സംശയമില്ല. അവരുടെ രേഖകളിൽ അത്തരം ലക്ഷ്യങ്ങളും പരിപാടികളും അവർ തുറന്നു പറഞ്ഞിട്ടുണ്ട്. അവ ഇവിടെ നടപ്പിലാക്കിയാൽ നാം അതിനെ എതിർക്കും, എതിർക്കണം എന്നതിൽ സംശയമില്ല. ഡി.പി.ഇ.പി. പ്രാജക്ട് ഇവിടെ ആവശ്യമില്ലെന്നും അത് പല ദോഷഫലങ്ങൾക്കും ഇട നൽകുന്നുണ്ടെന്നും കേരളത്തിൽ ആദ്യം പറഞ്ഞത് പരിഷത്താണ്. എന്നാൽ 96-97 ൽ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണം ലോകബാങ്കിന്റെ തിട്ടൂരമനുസരിച്ചാണെന്ന് പരിഷത്ത് കരുതുന്നില്ല. കാരണം, പുരോഗമനപരമായ ഒരു സമീപനമാണ് ആ പരിഷ്കരണത്തിൽ ഉടനീളം പുലർത്തിയിട്ടുള്ളത്. കേവല തൊഴിലാളികളെ ഉത്പാദിപ്പിക്കുന്ന ഒരു വിദ്യാഭ്യാസമായി അത് അധഃപതിച്ചു എന്ന വാദം ആടിനെ പട്ടിയാക്കുന്ന വിദ്യയിൽ കവിഞ്ഞ് ഒന്നുമല്ല. ലോകബാങ്കിന്റെ മറ്റ് നിർദേശങ്ങളായി മുകളിൽ പറഞ്ഞ ഒരു കാര്യവും ഇവിടെ ഉണ്ടായിട്ടില്ല. നടന്നു എന്നു പറയുന്നത് ശുദ്ധകള്ളമാണെന്ന് പത്തു വർഷങ്ങൾക്ക് ശേഷം തിരിഞ്ഞുനോക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്നതേയുള്ളു. ദേശീയ നയപരിപാടികളുടെ ഭാഗമായി വന്ന DPEP,SSA പ്രോജക്ടുകൾ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിത്തറ തകർത്തുവെന്ന പ്രചരണം മറ്റെന്തോ ലക്ഷ്യങ്ങൾ വെച്ചു കൊണ്ടുള്ളതാണ്. സത്യസന്ധതയില്ലാത്ത സാമാജ്യ വിരുദ്ധ നാട്യമാണത്. ആഗോളവത്കരണ നയങ്ങൾ ഇവിടെ കൊണ്ടുവന്ന വലതുപക്ഷവും ഇതോടൊപ്പം ചേരുന്നത് ചരിത്രത്തിലെ വൃത്തികെട്ട ഒരു കാഴ്ചയാണ്. ഈ അതി തീവ്ര ഇടതുപക്ഷത്തിന്റെയും കളങ്കിത വലതുപക്ഷത്തിന്റെയും കൂട്ടായ്മ ലക്ഷ്യം വെക്കുന്നത് യഥാർത്ഥ ഇടതുപക്ഷ രാഷ്ട്രീയത്തെയും അതിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളെയുമാണ്. പൊതു വിദ്യാഭ്യാസത്തെ പരിഹസിച്ചും ഇടിച്ചു താഴ്ത്തിയും അവതരി പ്പിക്കുക വഴി ഇവർ ഫലത്തിൽ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും മക്കളെ എത്തിച്ചു കൊടുക്കുകയാണ്. കേരളത്തിലെ ഭൂരിപക്ഷം വരുന്ന രക്ഷിതാക്കളുടെ മധ്യവർഗ ചാഞ്ചാട്ടത്തെ കുപ്രചരണങ്ങളിലൂടെ വലവീശിപ്പിടിച്ച് പൊതു വിദ്യാഭ്യാസ സംവിധാനത്തിൽ നിന്നും അവരെ അകറ്റി പൊതു സംവിധാനത്തെ തകർക്കുന്ന യഥാർത്ഥ ആഗോളവിടുപണിയാണ് ഇവർ ഫലത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് കേരള സമൂഹത്തെ വലതു പക്ഷവത്കരിക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ ഭാഗമാണ്. വർഗീയ അജണ്ടകൾ മുന്നോട്ടു വെക്കുന്നവരും ജാതി-മത ശക്തികളും അൺ എയിഡഡ് മുതലാളിമാരുമൊക്കെ ഇവർക്കൊപ്പം ചേരുന്നത് ഏതെല്ലാമോ പൊതു താല്പര്യങ്ങൾ ഇവർ പങ്കിടുന്നു എന്നതു കൊണ്ടാണ്. സർക്കാർ വിദ്യാലയങ്ങൾ പഞ്ചായത്തിനു കീഴിൽ വരുന്നതിനെയല്ല, മറിച്ച് സ്വകാര്യ വിദ്യാലയങ്ങളെ പഞ്ചായത്തുകൾ നേരിയ തോതിലെങ്കിലും നിയന്ത്രിക്കുന്നതാണ് ഇപ്പോഴത്തെ പുകിലുകൾക്കു പിറകിലെ യഥാർത്ഥ പശ്നമെന്ന് യു.ഡി.എഫ് നേതാവായ കെ.സി. ജോസഫ് എം.എൽ.എ.യുടെ മാതൃഭൂമി ലേഖനം വഴി വ്യക്തമായിക്കഴിഞ്ഞു. സ്വശ്രയ പ്രശ്നവും ഇതുമായി കൂടിക്കുഴയുന്നതിന്റെയർഥം, സ്വകാര്യ വിദ്യാഭ്യാസകച്ചവടം ജാതി മത പിന്തിരിപ്പൻ താൽപര്യങ്ങളും തന്നെയാണ് യഥാർത്ഥത്തിൽ ഇന്നത്തെ വിവാദങ്ങളുടെ അടിയിൽ പ്രവർത്തിക്കുന്നത് എന്നാണ്. ഈ വാദങ്ങൾ നേരിട്ട് ഉയർത്തിയാൽ ജനങ്ങൾ അതിലടങ്ങിയ നിക്ഷിപ്ത താല്പര്യങ്ങൾ തിരിച്ചറിയുമെന്നതിനാൽ കപടമായ ലോക ബാങ്ക് വിരുദ്ധ വാചകമടിയും കൂടെച്ചേർക്കുന്നുവെന്നേയുള്ളൂ. പൊതു വിദ്യാഭ്യാസത്തെ വിമർശിച്ചും പരിഹസിച്ചും അതിശയോക്തിയും കള്ളവും പ്രചരിപ്പിച്ച് ഇല്ലാതാക്കാനും സ്വകാര്യ വിദ്യാഭ്യാസത്തയും കച്ചവടതാല്പര്യങ്ങളെയും ശക്തിപ്പെടുത്താനും നടത്തുന്ന ഈ "രണ്ടാം വിമോചന സമരത്തെ പ്രബുദ്ധമായ കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നതിൽ സംശയമില്ല. പാഠ്യപദ്ധതിയുടെ യഥാർത്ഥ രാഷ്ട്രീയം തിരിച്ചറിയാനും പുരോഗമന നിലപാടുകളിലേക്കുള്ള അതിന്റെ മുന്നേറ്റം ശക്തിപ്പെടുത്താനും പ്രാദേശികമായി ചെയ്യേണ്ടത് അവിടെയും കേന്ദ്രീകൃതമായി ചെയ്യേണ്ടത്. അതത് ഇടങ്ങളിലും ഫലപ്രദമായി നിർവ്വഹിക്കുന്നതിലേക്കാണ് നമുക്ക് നിങ്ങേണ്ടത്. പാഠ്യ പദ്ധതിയുടെ രാഷ്ട്രീയം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ സർക്കാരിനു സംഭവിക്കുന്ന വീഴ്ചകളും വിമർശനപരമായി പരിശോധിക്കേണ്ടതുണ്ട്. എൻ.സി.എഫ് 2005നു തുടർച്ചയായി കേരള കരിക്കുലം രൂപരേഖ 2007 എന്ന രേഖ തയ്യാറാക്കിയെങ്കിലും ഇതുവരെ അതു പൊതുചർച്ചക്ക് വിടുകയോ ക്രോഡീകരിക്കുകയോ ചെയ്തിട്ടില്ല. കരിക്കുലം രൂപരേഖയുടെ നിർമ്മാണത്തിൽ എല്ലാ സംഘടനകളുടെ പ്രതിനിധികളും അധ്യാപകരും പങ്കാളികളായിട്ടുണ്ട്. അവർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ അസ്വീകാര്യമായ പലതും ഉണ്ടാകും. അവ പൊതു ചർച്ചയ്ക്ക് വെച്ച് ജനാധിപത്യപരമായ സമവായത്തിൽ എത്തുന്നതല്ലേ ശരി? അതിനു പകരം രേഖാ ചർച്ച് നീട്ടിക്കൊണ്ടു പോവുന്നതിന്റെ സാംഗത്യമെന്താണ്? എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ പരിഷ്കരിച്ചത് എൻ.സി.എഫ്. 2005 അംഗീകരിക്കപ്പെട്ടതിനു ശേഷമാണ്. കേരളത്തിൽ കെ. സി.എഫ്. 2007 അംഗീകരിക്കാതെ തന്നെ പാഠപുസ്തക നിർമ്മാണവുമായി എസ്.സി.ഇ.ആർ.ടി. മുന്നോട്ടുപോവുകയാണ്. എന്തടിസ്ഥാനത്തിലാണ് പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതെന്നോ അവയുടെ ലക്ഷ്യങ്ങൾ എന്താണെന്നോ വ്യക്തമല്ല. പഞ്ചായത്ത് കോംപ്ലക്സ് എന്ന ആശയം പ്രാവർത്തികമാക്കിക്കൊണ്ടാണ് സ്കൂൾ വർഷം ആരംഭിച്ചതെന്നത് ശരിയാണ്. എങ്കിലും കോംപ്ലക്സ് പ്രവർത്തനങ്ങൾ കോംപ്ലക്സ് പ്രവർത്തനങ്ങൾ മുന്നോട്ടു പോയിട്ടില്ല. അതിനു പകരം പഞ്ചായത്തുകളും വിദ്യാലയങ്ങളും തമ്മിലുള്ള ബന്ധം തന്നെ ചോദ്യം ചെയ്യപ്പെടുകയാണുണ്ടായത്. ഈ സാഹചര്യങ്ങളിൽ പഞ്ചായത്തുകളുടെ അധികാരങ്ങളെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് പുറത്തു വരുന്നത്. അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും ശക്തരായ വക്താക്കളായ ഗവൺമെന്റ്, വിദ്യാലയങ്ങളുടെ മേൽ പഞ്ചായത്തുകൾക്കുള്ള അധികാരങ്ങളെക്കുറിച്ച് അർത്ഥശങ്കയ്ക്കിടവരാത്ത നില പാടുകളുമായി മുന്നോട്ടു വരാത്തത് ഖേദകരമാണ്. ഭരണ രംഗത്തുള്ള വീഴ്ചകളും ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. ഒന്നാം ക്ലാസിലെ പാഠപുസ്തകങ്ങൾ സ്കൂളിലെത്തിയിട്ടില്ല. മറ്റു പല ക്ലാസുകളിലെ പാഠപുസ്തകങ്ങളും പൂർണമായി സ്കൂളുകളിലെത്തിയിട്ടില്ല. ഈ വർഷം കാര്യക്ഷമതാ വർഷമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതു നടപ്പിലാക്കുന്നതിലെ പാളിച്ചകളും ചില അധ്യാപക സംഘടനകളുടെ നിസ്സഹകരണവും മൂലം പൂർണ വിജയത്തിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ചില നിക്ഷിപ്ത താല്പര്യങ്ങളുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി ന്യൂനപക്ഷ പിന്നോക്കാവസ്ഥ പരിഹരിക്കാനെന്ന പേരിൽ സി.ബി.എസ്.ഇ. സ്കൂളുകൾക്ക് അംഗീകാരം നൽകാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെയും ശക്തമായ വിമർശനങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. എസ്.സി.ഇ.ആർ.ടിയെ പതിനൊന്നാം ക്ലാസ്സ് അടക്കമുള്ള പാഠ പുസ്തകങ്ങളുടെ നിർമ്മാണം ഏൽപിച്ചിരിക്കെ തന്നെ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് യഥേഷ്ടം മാറ്റം വരുത്തുന്നു. എൻട്രൻസ് പരീക്ഷയ്ക്കുള്ള പരിശീലനമെന്ന പേരിൽ 11-ാം ക്ലാസിൽ MCQ പരീക്ഷകൾ ഡയറക്ടർ നിർദേശിക്കുന്നു. എൻട്രൻസ് പരീക്ഷയിൽ തന്നെ മാറ്റങ്ങൾ നിർദേശിക്കാൻ ഒരു കമ്മീഷനുള്ളപ്പോഴാണ് ഈ പ്രകടനം. ഇത്തരത്തിലുള്ള പ്രസ്താവനകളും നിർദേശങ്ങളും കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ. അതേ സമയം പാഠ്യപദ്ധതി പരിഷ്കരണശ്രമം, KER പരിഷ്കരണം, വിദ്യാഭ്യാസ കൂട്ടായ്മകൾ പ്രാദേശിക തലത്തിൽ ശക്തിപ്പെടുത്താനുള്ള നീക്കം എന്നിവയെ പിന്നോട്ടടിപ്പിക്കുവാൻ ഒരു വിഭാഗം നടത്തുന്ന ശ്രമത്തെ പ്രതിരോധിക്കുവാനും കേരള സമൂഹം തയ്യാറാവണമെന്ന് പരിഷത്ത് ആഗ്രഹിക്കുന്നു. മേൽ സൂചിപ്പിച്ച പശ്ചാത്തലത്തിൽ പൊതു വിദ്യാഭ്യാസത്തെയും പുതിയ