"പരിഷത്തും സ്ത്രീപ്രശ്നവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: | വരി 1: | ||
{{Infobox book | {{Infobox book | ||
| name = പരിഷത്തും സ്ത്രീപ്രശ്‌നവും | | name = പരിഷത്തും സ്ത്രീപ്രശ്‌നവും | ||
| image = [[പ്രമാണം: | | image = [[പ്രമാണം:Vanitharekha1987kssp 0000.jpg|thumb|പരിഷത്തും സ്ത്രീപ്രശ്നവും എന്ന ലഘുലേഖയുടെ കവർ]] | ||
| image_caption = | | image_caption = | ||
| author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | | author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
12:06, 14 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിഷത്തും സ്ത്രീപ്രശ്നവും | |
---|---|
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഭാഷ | മലയാളം |
വിഷയം | ജെൻഡർ |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | സെപ്റ്റംബർ 1987 |
പരിഷത്തും സ്ത്രീപ്രശ്‌നവും
1987 ജൂലൈ 24, 25, 26 തീയതികളിൽ വലപ്പാട്ട് ചേർന്ന വനിതാ ശിബിരത്തിലും സെപ്തംബർ 26ന് തിരുവനന്തപുരത്തു നടന്ന വർക്ക്‌ഷോപ്പിലും അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെയും ചർച്ചകളുടേയും അടിസ്ഥാനത്തിൽ തയാറാക്കപ്പെട്ട വനിതാരേഖയാണിത്. തുടർന്ന് ഈ രംഗത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ഈ രേഖയിൽ പ്രതിഫലിക്കുന്നില്ല. അത് ആവശ്യമുള്ളവർ തുടർന്ന് പ്രസിദ്ധീകരിക്കപ്പെട്ട രേഖകൾ പരിശോധിക്കണമെന്ന് അഭ്യർഥിക്കുന്നു
ജനകീയശാസ്ത്ര പ്രസ്ഥാനം
- കഴിഞ്ഞ കാൽനൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിച്ചുവരുന്ന ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ജനകീയ ശാസ്ത്രപ്രസ്ഥാനമെന്ന പ്രയോഗത്തിന് മുഖ്യമായി രണ്ടുവശങ്ങൾ ഉണ്ട്. ഒന്നാമത്തേത് ശാസ്ത്രവുമായുള്ള ഈ പ്രസ്ഥാനത്തിന്റെ ബന്ധമാണ്. ജനങ്ങളിൽ ശാസ്ത്രബോധം വളർത്തി. സാമൂഹ്യബന്ധങ്ങളിലും പ്രകൃതിമനുഷ്യബന്ധങ്ങളിലും പ്രതികരിക്കാൻ അവരെ പ്രാപ്തരാക്കുക, ശാസ്ത്രത്തിന്റെ ജനദ്രോഹകരമായ ഉപയോഗത്തിനെതിര ബോധവൽക്കരണവും പ്രക്ഷോഭവും സംഘടിപ്പിക്കുക, ജനക്ഷേമകരമായ നിർമ്മാണ പ്രവർത്തനങ്ങളിലുടെ ശാസ്ത്രത്തിന്റെ വിപുലമായ സാധ്യതകളെക്കുറിച്ച് ജനങ്ങളിൽ ശുഭാപ്തിവിശ്വാസം വളർത്തുക തുടങ്ങിയ പ്രവർത്തനങ്ങളിൽ തൽപരമായ ശാസ്ത്രജ്ഞരുടേയും ശാസ്ത്രപ്രചാരകരുടേയും ബൃഹത്തായ ഒരു പ്രസ്ഥാനമാണിത്.
- രണ്ടാമതായി പരിഷത്ത് ഒരു ജനകീയ പ്രസ്ഥാനമാണ്. ജനകീയം എന്ന വിശേഷണത്തിൽ അതിന്റെ നിഷേധത്തോടും ജനവിരുദ്ധരോടുള്ള എതിർപ്പും അന്തർലീനമാണല്ലോ. ആരാണു ജനങ്ങൾ? ആരാണു ജനവിരുദ്ധർ? നമ്മുടെ സമൂഹത്തിൽ നിരന്തരം ദരിദ്രവൽക്കരിക്കപ്പെടുകയോ അതിന്റെ സജീവ ഭീഷണിയുടെ നിഴലിൽ കഴിയുകയോ ചെയ്യുന്ന ഒരു ഭൂരിപക്ഷവും അവരുടെ ചെലവിൽ തുടർച്ചയായി ധനികവൽക്കരിച്ചുവരുന്ന ഒരു ന്യൂനപക്ഷവുമുണ്ട്. തങ്ങളെ പാപ്പരക്കുന്ന ഈ സാമൂഹ്യവ്യവസ്ഥക്കെതിരായി ദരിദ്രവൽക്കരണത്തിനു വിധേയമാകുന്നവർ നടത്തുന്ന വിവിധങ്ങളായ പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കും ശാസ്ത്രീയ വിജ്ഞാനത്തിന്റെതായ ആയുധം നൽകുക എന്ന ഉത്തരവാദിത്തമാണ് ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമെന്ന നിലക്ക് പരിഷത്തിന് ഏറ്റെടുക്കേണ്ടിവന്നിട്ടുള്ളത്. ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെകുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങളും അവയെ ആധാരമാക്കിയുള്ള പ്രവർത്തനങ്ങളും സമന്വയിപ്പിച്ചുകൊണ്ടാകണം പരിഷത്ത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്'എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി ഇവിടെയാണ്. പരിഷത്ത് ഏർപ്പെട്ടു പ്രവർത്തിക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, പരിസരസംരക്ഷണം, വികസനനയങ്ങൾ തുടങ്ങിയ മേഖലകളിലോരോന്നിലും പരിഷത്തിന്റെയും ശാസ്ത്രത്തിന്റെയും പക്ഷപാതിത്വത്തെപ്പറ്റിയുമുള്ള പ്രശ്‌നങ്ങൾ പൊന്തിവരിക സ്വാഭാവികം ആണ്. ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന് അനുകൂലമായും ധനികവത്കരിക്കപ്പെടുന്ന ന്യൂനപക്ഷത്തിന് എതിരായുമുളള തികച്ചും പക്ഷപാതപരമായ ഒരു നിലപാട് തന്നെയാണ് പരിഷത്ത് സ്വീകരിച്ചുപോന്നിട്ടുള്ളത്. ഈ പക്ഷപാതത്തെയാകണം ജനകീയം എന്ന വിശേഷണം കൊണ്ട് സൂചിപ്പിക്കുന്നത്.
- കഴിഞ്ഞ ഇരുപത്തഞ്ചു വർഷക്കാലത്തിനുളളിൽ കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് അഭിമാനാർഹമായ പലതും നേടുന്നതിന് കഴിഞ്ഞിട്ടുണ്ട്. അംഗങ്ങളുടേയും അനുഭാവികളുടേയും എണ്ണത്തിൽ മാത്രമല്ല, ഏർപ്പെടുന്ന പ്രവർത്തനങ്ങളുടെ വൈപുല്യവും വൈവിധ്യവും കേരള ശാസ്ത്രസാഹിത്യപരിഷത്തിനെ ഇന്ത്യയിലെ പ്രഥമ ശാസ്ത്രപ്രസ്ഥാനമെന്ന പദവിക്കർഹമാക്കിയിട്ടുണ്ട്. ശാസ്ത്രവും സമൂഹവും തമ്മിലുള്ള നിർണ്ണായകമായ ബന്ധം ജനങ്ങളുടേയും ഇതര ജനകീയ പ്രസ്ഥാനങ്ങളുടേയും സജീവ പരിഗണനക്ക് വിധേയമാക്കാൻ കഴിഞ്ഞു എന്നതുതന്നെയാണ് നമ്മുടെ ഏറ്റവും പ്രധാനമായ നേട്ടം. പഠനത്തെ പ്രവർത്തനത്തോട് തുടർച്ചയായി കൂട്ടിയിണക്കുന്ന ഒരു ശൈലി കരുപ്പിടിക്കുന്നതിന് പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്, പഴയതും പുതിയതുമായി ഒട്ടേറെ മാധ്യമങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തികൊണ്ട് കരുത്തുറ്റ ഒരു ബഹുജന വിദ്യാഭ്യാസ പരിപാടി പ്രാവർത്തികമാക്കുന്നതിനും, കേരളത്തിലെ ഔപചാരിക വിദ്യാഭ്യാസ രംഗത്തെ വിവിധങ്ങളായ പ്രശ്‌നങ്ങളിൽ തനതായ രീതിയിൽ ഇടപെടുന്നതിനും പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ വികസന സംവാദത്തിന് പശ്ചാത്തലമൊരുക്കുന്നതിനും 'സമഗ്രമായ ഒരു വികസന പരിപ്രേക്ഷ്യം' സംസ്ഥാനത്തെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ഇന്നും പ്രകടമായികൊണ്ടിരിക്കുന്ന പുതിയ പരിസര അവബോധത്തിനും ആരോഗ്യരംഗത്തെ അശാസ്ത്രീയതകൾക്കെതിരായ സംവാദങ്ങൾക്കും പരിഷത്ത് അടിസ്ഥാനപരമായ സംഭാവനകൾ നല്കുകയുണ്ടായി. മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിന്റെ വികസനത്തിൽ പരിഷത്ത് പ്രസിദ്ധീകരണങ്ങൾ സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്നിപ്പോൾ കേരളത്തിലെ ഈ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ അനുരണനങ്ങൾ കേരളത്തിനു പുറത്തേക്കും വ്യാപിച്ചു തുടങ്ങിയിരിക്കുന്നു.
സ്ത്രീ പ്രശ്‌നം
- എന്നാൽ ഈ വളർച്ചയുടെ ദൗർബല്യങ്ങളെക്കുറിച്ച് നമുക്ക് ബോധ്യമുണ്ട്. ഏറ്റവും പ്രകടമായ പ്രശ്‌നങ്ങളിലൊന്ന് പരിഷത്ത് പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തത്തിലുള്ള അപര്യാപ്തതയാണ്. മുപ്പതിനായിരത്തോളം അംഗങ്ങളുളള ഒരു സംഘടനയാണ് പരിഷത്ത്. അതിൽ പത്ത് ശതമാനത്തോളം മാത്രമാണ് സ്ത്രീകൾ. സംഘടനാ പ്രവർത്തനത്തിലേക്ക് വരുമ്പോഴാകട്ടെ ഈ പങ്കാളിത്തം പിന്നെയും താഴുന്നു.
- എന്തുകൊണ്ടാണ് പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞിരിക്കുന്നത്? പരിഷത്ത് ഇന്ന് ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ എല്ലാം തന്നെ പുരുഷൻമാർക്കെന്നപോലെ സ്ത്രീകൾക്കും പ്രാധാന്യമുളളവയല്ലേ? ശാസ്ത്രസാഹിത്യ പരിഷത്തിൽ മാത്രമല്ലല്ലോ സ്ത്രീകളുടെ പങ്കാളിത്തക്കുറവുളളത്. മറ്റു പ്രസ്ഥാനങ്ങളിലും സജീവമായി പ്രവർത്തിക്കാൻ സന്നദ്ധരായി വരുന്ന സ്ത്രീകളുടെ സംഖ്യയും കുറവല്ലേ? സമൂഹത്തിൽ മൊത്തം ബാധകമായ ഏതോ വിലക്കുകളും പ്രതിബന്ധങ്ങളും ആയിരിക്കുകയില്ലേ സ്ത്രീപങ്കാളിത്തം താഴ്ന്നിരിക്കുന്നതിന്റെ കാരണം? പക്ഷേ ഈ വിലക്കുകളിൽനിന്നും ചങ്ങലകളിൽനിന്നും പരിഷത്ത് സ്വതന്ത്രമാണെന്ന് അവകാശപ്പെടുവാൻ കഴിയുമോ? പരിഷത്തിന്റെ സംഘടനാ സംവിധാനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ദുഷ്‌ക്കരമാക്കുന്ന എന്തെങ്കിലുമുണ്ടോ? സ്ത്രീകൾക്ക് പ്രത്യേകം താല്പര്യമുള്ള ഏതെങ്കിലും പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ടോ? വനിതാരംഗത്ത് ഇന്ന് നടക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് അനുപൂരകവും സംപൂരകവുമായി തനതായി പരിഷത്തിന് എന്ത് സംഭാവന ചെയ്യാൻ കഴിയും? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ ഉയർന്നുവരാറുണ്ട്. ജൂലൈ 24, 25, 26 തീയതികളിൽ വലപ്പാട് ചേർന്ന വനിതാശിബിരത്തിലും സെപ്തംബർ 26ന് തിരുവനന്തപുരത്തു നടന്ന വർക്ക്‌ഷോപ്പിലും ഇത്തരം പ്രശ്‌നങ്ങൾ സജീവമായി ചർച്ച ചെയ്യപ്പെടുകയുണ്ടായി. അവിടെ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടേയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ടതാണ് ഈ രേഖ. എല്ലാ തലങ്ങളിലുമുള്ള പരിഷത്ത് പ്രവർത്തകരുടേയും സുഹൃത്തുക്കളുടെയും വിമർശനാത്മകമായ പരിശോധനയിലൂടെ ഈ രേഖയെ ഇനിയും സംപുഷ്ടമാക്കേണ്ടതുണ്ട്. സ്ത്രീപ്രശനം സംബന്ധിച്ച് ശാസ്ത്രീമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടതിന് ഇന്ന് എന്നത്തേ ക്കാളേറെ പാധാന്യമുണ്ട്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും കുടുംബമേഖലയിലും സാമ്പത്തിക രംഗത്തും സാംസ്‌കാരികതലങ്ങളിലും എല്ലാം സ്ത്രീകൾ അനുഭവിക്കുന്ന വിവേചനം അവർ നേരിടുന്ന പീഡനവും ഇന്നു കൂടുതൽ കൂടുതൽ വെളിച്ചത്തുവന്നുകൊണ്ടിരിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളാകട്ടെ ദിനംപ്രതി വർധിച്ചുവരികയാണ്. ഇതാണ് ലജ്ജാവഹമായ വശമെങ്കിൽ ആശാവഹമായ മറ്റൊരു പ്രവണതകൂടി നിലവിലുണ്ട്. സ്ത്രീ നീതിക്കുവേണ്ടിയുള്ള പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തിയാർജിച്ചുവരുന്നു. ദശാബ്ദങ്ങളായി സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുവന്ന മഹിളാ സംഘടനകൾ ശക്തിപ്പെട്ടുവരുന്നു എന്നു മാത്രമല്ല ഒട്ടേറെ ചെറുതും വലുതുമായ വനിതാ ഗ്രൂപ്പുകളും രൂപം കൊള്ളുന്നുണ്ട്. ഇവയെല്ലാം സ്ത്രീ പ്രശ്‌നത്തിന്റെ മൂലകാരണങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും അതിരൂക്ഷമായ ആശയസംഘട്ടനങ്ങൾക്ക് വേദിയൊരുക്കിയിരിക്കുന്നു. ഈ സംവാദങ്ങളിൽ ഉയർന്നുവരുന്ന നിലപാടുകളെ ഓരോന്നിനേയും സൂക്ഷ്മമായ വിമർശന പരിശോധനക്ക് വിധേയമാക്കുന്നതിന് ഈ രേഖയിൽ ഒരുമ്പെടുന്നില്ല. കൂടുതൽ അവധാനതയോടെയും ആഴത്തിലുമുള്ള പഠനം ഇതിനാവശ്യമാണ്. ഇത് നമ്മൾ ചെയ്യുകയും വേണം. പരീക്ഷണത്തിന് സ്വീകാര്യമായി പൊതുസമീപനം മാത്രമേ ഇവിടെ പ്രതിപാദിക്കുന്നുള്ളു.
- സമൂഹത്തിലെ സ്ത്രീകളുടെ അധമമായ പദവിയും സാമൂഹ്യ-സാമ്പത്തിക ഘടനയുമായുള്ള കാര്യകാരണബന്ധത്തെയും പരിഷത്ത് അംഗീകരിക്കുന്നു. സാമൂഹ്യഘടനയുടെ ചരിത്രപരമായ വളർച്ചയെ വിസ്മരിച്ച് സ്ത്രീ പുരുഷബന്ധങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിശകലനത്തോട് യോജിക്കുക വയ്യ. ചരിത്രത്തിൽ സ്ത്രീയുടെ അധഃപതനം ആരംഭരിക്കുന്നത് സ്വകാര്യ സ്വത്തിന്റെ ഉദ്ഭവത്തോടെയാണ്. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള കർക്കശമായ തൊഴിൽ വിഭജനവും സാമ്പത്തിക ഘടകമെന്ന നിലയിലുള്ള കുടുംബത്തിന്റെ ആവിർഭാവവും ഈ കാലഘട്ടത്തിലുണ്ടായ മറ്റു രണ്ടു സംഭവവികാസങ്ങളാണ്. സ്വകാര്യസ്വത്തിനെ ആധാരമാക്കി ഉയർന്നുവന്നിട്ടുള്ള സാമൂഹ്യ വ്യവസ്ഥകളെല്ലാം പുരുഷ കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥകൾ കൂടിയായിരുന്നത് യാദൃശ്ചികമല്ല. പുരുഷ മേധാവിത്തത്തിന്റെ സ്വാഭാവത്തിലും രൂപത്തിലും കാലദേശങ്ങൾക്കനുസ്യതമായ അന്തരങ്ങൾ കാണണമെന്നുമാത്രം. സാമൂഹ്യഘടനയും സ്ത്രീയുടെ അധമ പദവിയും തമ്മിലുളള ബന്ധം പ്രാങ് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥകളിൽ പ്രത്യക്ഷവും പ്രകടവുമാണ്. പ്രാഥമികമായി അവകാശങ്ങൾ പോലും അവൾക്കു നിഷേധിക്കപ്പെടുന്നു. സ്ത്രീ പുരുഷ തൊഴിൽ വിഭജനം സ്ഥാപനവൽക്കരിക്കപ്പെടുന്നു. പ്രത്യുല്പാദനപരമായ കർത്തവ്യങ്ങൾ പോലും മേലാളരുടെ പ്രത്യക്ഷമായ നിയന്ത്രണത്തിനു കീഴ്‌പ്പെടുന്നു. ജനനം മുതൽ മരണം വരെ പാരമ്പര്യ ചങ്ങലകൾ സ്ത്രീയെ പുരുഷനു കീഴ്‌പ്പെടുത്തുന്നു. ഇതിനെല്ലാം മതസംഹിതകളുടെ ആശീർവാദവും ഉണ്ടാകും.
- എന്നാൽ മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ ഉദയത്തോടെ സ്ത്രീയുടെ അധമപദവിയും സാമൂഹ്യഘടനയും തമ്മിലുള്ള ബന്ധത്തിന് ഒരു മറ വീഴുന്നു. പീഡനത്തിന്റെ സാമൂഹ്യവശം മറയ്ക്കപ്പെടുന്നു. പീഡനം ഒരു വ്യക്തിപരമായ അനുഭവമാണെന്ന പ്രതീതി ഉണ്ടാകുന്നു. മാത്രമല്ല പാരമ്പര്യ ചങ്ങലങ്ങളെ വെട്ടിമുറിച്ചു മാറ്റുന്ന വിമോചക ശക്തിയായിട്ടാണല്ലോ പുതിയ വ്യവസ്ഥ രംഗപ്രവേശനം ചെയ്യുന്നത്. കമ്പോള മത്സരത്തിലൂടെ നിർണയിക്കപ്പെടുന്ന തീരുമാനങ്ങൾക്കപ്പുറം ഒരു പാരമ്പര്യ ക്രമത്തേയും പുതിയ വ്യവസ്ഥ അംഗീകരിക്കുന്നില്ല. പുതിയ കാലത്തിന്റെ ലിബറൽ വക്താക്കളാണ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആദ്യകാഹളം ഊതിയത്. നമ്മുടെ രാജ്യത്തു തന്നെ സതി, ശൈശവ വിവാഹം, വിധവാ വിവാഹനിരോധനം തുടങ്ങിയ അനാചാരങ്ങൾക്കെതിരെ ഉയർന്നുവന്ന നവോത്ഥാന നായകർ ലിബറലിസത്തിന്റെ ആശയ കവചമണിഞ്ഞവരായിരുന്നു.
- പഴയ ചങ്ങലകളെ തകർക്കുന്ന ലാഭാധിഷ്ഠിത വ്യവസ്ഥ സ്ത്രീകൾക്കു പുതിയ കാണാച്ചങ്ങലകൾ തീർക്കുന്നു. ഈ സാമൂഹ്യവ്യവസ്ഥ ഏറ്റവും വികസിതമായിരിക്കുന്ന പാശ്ചാത്യരാജ്യങ്ങളിലെ സ്ത്രീകളുടെ ഇന്നത്തെ സ്ഥിതിയെ ഒന്നവലോകനം ചെയ്താൽ ഇതു വ്യക്തമാകും. സ്ത്രീവിദ്യാഭ്യാസത്തിലും മറ്റും പുരോഗതി എല്ലാം ഉണ്ടായിരുന്നിട്ടും സ്ത്രീപുരുഷ സമത്വം ഇന്നും ഒരു ദിവാസ്വപ്‌നമായി തുടരുന്നു. സ്ത്രീയുടെ തൊഴിൽ പങ്കാളിത്തം ഉയർന്നിട്ടുണ്ടെങ്കിലും കുടുംബചുമതലകൾ പാഥമികമായും സ്ത്രീയുടെ തന്നെ ചുമലിലാണ്. ഇതാവട്ടെ പ്രത്യേക കമ്പോള വില ആവശ്യമില്ലാത്ത സ്ത്രീയുടെ കുടുംബത്തിനുവേണ്ടിയുളള സ്‌നേഹോപഹാരമായിട്ടാണ് കരുതപ്പെടുന്നത്. തൊഴിൽ ശക്തിയുടെ പ്രത്യുല്പാദനപരമായ ചെലവ് ഗണ്യമായി കുറയ്ക്കുന്നതിന് ഇതുവഴി തൊഴിലുടമകൾക്കു കഴിയുന്നു. അനായാസം വ്യവസായമേഖലയിലേക്കു റിക്രൂട്ട് ചെയ്യുവാനും പുറന്തള്ളുവാനും കഴിയുന്ന ഒരു വ്യവസായ കരുതൽ സേനയായിട്ടാണ് സ്ത്രീകളിൽ നല്ലൊരു പങ്കും പരിഗണിക്കപ്പെടുന്നത് തൊഴിലെടുക്കുന്ന സ്ത്രീകൾതൊഴിലിന്റെ സ്വാഭാവത്തിൽ കൂലി സേവനവ്യവസ്ഥകളിൽ എല്ലാം വിവേചനത്തിനു വിധേയരാകുന്നു. ലിംഗാടിസ്ഥാനത്തിലുള്ള തൊഴിൽ കമ്പോള ഭിന്നിക്കലും സ്ത്രീകൾ ചില പ്രത്യേകതരം തൊഴിലുകളിൽ കേന്ദ്രീകരിക്കപ്പെടുന്നതും അവരുടെ വരുമാനം കുടുംബവരുമാനത്തിനു അനുപൂരകം മാത്രമാണെന്ന തെറ്റായ ധാരണയും കൂലിച്ചെലവ് കുറയ്ക്കുന്നതിന് തൊഴിലുടമകളെ സഹായിക്കുന്നു. ഇതിലെല്ലാം ഉപരി കമ്പോളമാത്സര്യവ്യവസ്ഥ സ്ത്രീയെ വില്പന ചരക്കാക്കുന്നു. സ്ത്രീ ലൈംഗിക ഉപഭോഗ വസ്തുവായി അധഃപതിക്കുന്നു. ലൈംഗിക വികാരങ്ങളെ ഇക്കിളിപ്പെടുത്തി ചരക്കുകൾ വിൽക്കുന്നതിനുള്ള ഒരു പരസ്യ ഫോർമുലയായി സ്ത്രീ തരം താഴുന്നു. സ്ത്രീകളുടെ അമാനവീകരണം ഇത്രമാത്രം ബീഭത്സത എഴുന്ന മറ്റൊരു കാലമില്ല. ഇവയൊക്കെ ന്യായീകരിക്കുന്ന പുതിയ ആശയ സംഹിതകളും ഉടലെടുക്കുന്നു.
- ഇന്ത്യയെപ്പോലുള്ള അവികസിതരാജ്യങ്ങളിലാണെങ്കിൽ മുതലാളിത്ത വളർച്ചയ്ക്ക് പണ്ടൊരു കാലത്ത് പാശ്ചാത്യനാടുകളിൽ വഹിച്ച വിമോചകദൗത്യംപോലും നിർവഹിക്കുന്നതിനു കഴിയുന്നില്ല. കാരണം പാരമ്പര്യ മതിൽക്കെട്ടുകളെ തകർക്കുന്നതിനല്ല, മറിച്ച് അവയുടെ അടിത്തറയിൽ പുതുലോകം പണിതുയർത്തുന്നതിനാണ് പരിശ്രമം നടക്കുന്നത്. ഫലമോ? ജാത്യാധിഷ്ഠിതമായ പരമ്പരാഗത സാമൂഹ്യവ്യവസ്ഥയുടെ അവശിഷ്ടങ്ങളും പരമ്പരാഗത സ്ത്രീപീഡനങ്ങളും അനാചാരങ്ങളും നമ്മുടെ സമൂഹത്തിൽ ശാശ്വതീകരിക്കപ്പെടുന്നു. മുതലാളിത്ത വളർച്ച ഇവയെ ഉപയോഗപ്പെടുത്തുക മാത്രമല്ല പലപ്പോഴും അവയോട് പുതിയ വൈകൃതങ്ങളെ കൂട്ടിചേർക്കുകയും ചെയ്യുന്നു. സാമ്രാജ്യത്വ താല്പര്യങ്ങൾ ഇവയിൽ വഹിക്കുന്ന പങ്കും ചെറുതല്ല. ദ്വിമുഖമായ പീഡനമാണ് ഇവിടെ നടക്കുന്നത്. പാരമ്പര്യത്തിന്റെ ചങ്ങലയിൽ ബന്ധിതയായിരിക്കെ തന്നെ മുതലാളിത്ത അമാനവീകരണത്തിനും സ്ത്രീ വിധേയയാകുന്നു.
- പൊതു ഉടമസ്ഥതയിലും ജനങ്ങളുടെ പരസ്പര സഹകരണത്തിലും ഊന്നുന്ന ഒരു സാമൂഹ്യവ്യവസ്ഥയിൽ മാതമേ സ്ത്രീപുരുഷ സമത്വം കൈവരിക്കാൻ കഴിയൂ. സാമ്പത്തിക പദവിയിലും സാമൂഹ്യ പദവിയിലും സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ സ്തീകളുടെ പദവി ഇതര രാജ്യങ്ങളിൽ നിന്ന് ഗുണാത്മകമായി തന്നെ എത്രയോ ഉയർന്നതാണ് ഈ സമൂഹങ്ങളിൽ നിന്നുപോലും പുരുഷമേധാവിത്വത്തിന്റെ ഭൂതകാല പ്രേതബാധ ഇനിയും പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ല. ഇതു ചൂണ്ടിക്കാണിച്ചു കൊണ്ട് പുരുഷമേധാവിത്വമെന്നത് സാമൂഹ്യ വ്യവസ്ഥകൾക്ക് അതീതമായി സ്വതന്ത്ര്യമായ ഒരു പ്രതിഭാസമാണെന്നു വാദിക്കുന്നവരുണ്ട്. ഈ വാദം അംഗീകരിക്കാനാവില്ല. എന്തുകൊണ്ടെന്നാൽ സ്വകാര്യസ്വത്തിനെ അടിസ്ഥാനമാക്കിയുള്ള ചൂഷണസാഹചര്യങ്ങളുടെ ഉന്മൂലനവും പരസ്പര സഹകരണാധിഷ്ഠിതമായ സാമൂഹ്യബന്ധങ്ങളും സ്ത്രീപുരുഷ സമത്വത്തിനാവശ്യമായ വസ്തുനിഷഠ സാഹചര്യം തീർച്ചയായും സൃഷ്ടിക്കുന്നു. ഈ സാധ്യത യാഥാർഥ്യമാക്കുന്നതിന് ബോധപൂർവമായ ഇടപെടലിലൂടെ സാധിക്കുന്നതാണ്. നൂറ്റാണ്ടുകളായി മനുഷ്യന്റെ ഉപബോധമനസ്സിൽ നിറഞ്ഞുകിടക്കുന്ന പുരുഷമേധാവിത്വാശയങ്ങളെ ഇല്ലാതാക്കുന്നതിൽ സോഷ്യലിസ്റ്റു രാജ്യങ്ങൾക്ക് ബഹുദൂരം സഞ്ചരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.
- നാം ജീവിക്കുന്ന സമൂഹങ്ങളിൽ പുരുഷമേധാവിത്വ ആശയങ്ങളുടെ സ്വാധീനം സർവസ്പർശിയാണ്. ഇന്നത്തെ അവസ്ഥ സനാതനവും സ്വാഭാവികവുമാണെന്ന ബോധമാണ് സ്ത്രീകളടക്കം ഭൂരിപക്ഷം ആളുകളെയും ഭരിക്കുന്നത്. ജനനം മുതൽ ഓരോരുത്തർക്കും ലഭിക്കുന്ന സാമൂഹ്യ ശിക്ഷണം പുരുഷമേധാവിത്വ ആശയഗതികളെ അരക്കിട്ടുറപ്പിക്കുന്നു. ഇന്നത്തെ വിദ്യാഭ്യാസം സ്ത്രീകളെ വരിഞ്ഞുകെട്ടിയിട്ടുള്ള കാണാച്ചങ്ങലകളെ കണ്ടുപിടിക്കുന്നതിന് പര്യാപ്തമല്ല. നേരെമറിച്ച് അവയെ വീണ്ടും ഉറപ്പിക്കുകയാണ് ചെയ്യുന്നത്. സാക്ഷരതാ ശതമാനം ഉയർന്നതുകൊണ്ടുമാത്രം സ്ത്രീകൾ തന്റേടമുള്ളവരും പൊതുപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരും ആകണമെന്നില്ല. പുരുഷമേധാവിത്വാശയങ്ങൾ അതിരൂഢമൂലമായി തുടരുന്നതിന്റെ ഫലമായി വീട്ടിന് പുറത്തുള്ള പണിയോടൊപ്പം വീട്ടുപണിയുടെ ഭാരവും അവരുടെ ചുമലിൽ തന്നെ തുടരുകയാണെങ്കിൽ ഈ തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് പൊതുപ്രവർത്തനത്തിലേർപ്പെടുന്നത് ശ്രമകരമായി തീരാം. ആയതിനാൽ സ്ത്രീകളെ സാമൂഹ്യമാറ്റത്തിനുവേണ്ടി അണിനിരത്തുന്നതിനുള്ള ഒരു അവശ്യഉപാധിയാണ് സമൂഹത്തിന്റെ സർവതലങ്ങളിലും നമ്മളിലോരോരുത്തരിലും വ്യാപിച്ചു കിടക്കുന്ന പുരുഷമേധാവിത്വ ആശയങ്ങളോടുള്ള പടപൊരുതൽ സ്ത്രീകളുടെ സവിശേഷ പ്രശ്‌നങ്ങളെ ആസ്പദമാക്കിയുള്ള വനിതാ പ്രസ്ഥാനങ്ങളുടെയും അത്തരം പ്രശ്‌നങ്ങൾ പൊതുപ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടുന്നതിന്റെയും പ്രാധാന്യം ഇതുതന്നെയാണ്.
- തുല്യപ്രാധാനമർഹിക്കുന്ന മറ്റൊരു നിഗമനം കൂടി മുൻവരികളിലെ വിശകലനത്തിൽ നിന്ന് തെളിയു ന്നുണ്ട്. സ്ത്രീവിമോചനത്തിനായുള്ള പരിശ്രമങ്ങൾ ഫലവത്താകണമെങ്കിൽ അടിസ്ഥാനപരമായ ഘടനാ മാറ്റങ്ങൾ സമൂഹത്തിലുണ്ടായേ തീരൂ. അവ മാത്രമാണ് നമ്മുടെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കപ്പെടുമെന്നതിനുള്ള ഉറപ്പ് ആയതിനാൽ സ്ത്രീവിമോചനത്തിനായുള്ള യത്‌നങ്ങളെ സാമൂഹ്യവിപ്ലവത്തിനായുളള പൊതുപ്രസ്ഥാനങ്ങളുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നുവരുന്നു. പുരുഷനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചുകൊണ്ടുളള ചില വനിതാഗ്രൂപ്പുകളുടെ മുഖ്യദൗർബല്യം ഈ വസ്തുത വിസ്മരിക്കുന്നു എന്നതാണ്. തങ്ങളെ ഭരിദ്രവൽക്കരിക്കുന്നവർക്കെതിരായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ നടത്തുന്ന പോരാട്ടത്തിൽ ശാസ്ത്രം അവർക്കെങ്ങനെ ഉപകരിക്കുമോ, അതുപോലെ തന്നെ ചരിത്രപരമായി രൂപപ്പെട്ടുവന്ന പീഡിതാവസ്ഥയെക്കെതിരെ സ്ത്രീകൾ നടത്തുന്ന പോരാട്ടത്തിലും ശാസ്ത്രം അവർക്കൊരായുധമായി തീരണം. അതേ സമയം ഈ രണ്ടു പോരാട്ടങ്ങളും പരസ്പര സ്വതന്ത്ര്യങ്ങലല്ലെന്ന് മനസ്സിലാക്കുകയും വേണം.
പരിഷത്തിന്റെ പ്രവർത്തന മേഖലകളും സ്ത്രീകളും
- മുകളിൽ കൊടുത്ത വിശകലനത്തിന്റെ പശ്ചാത്തലത്തിൽ പരിഷത്തിന് താൽപര്യമുള്ള ചില മേഖലകളിലെ സ്ത്രീപ്രശ്‌നങ്ങളെ സാമാന്യമായി പരിശോധിക്കുന്നതിനാണ് ഇനി ശ്രമിക്കുന്നത്. ഈ പരിശോധനയിൽ ആദ്യം പരിഗണിക്കേണ്ടത് ശാസ്ത്രത്തിന്റെ പക്ഷപാതങ്ങൾ തന്നെയാണ്. തലനാരിഴകീറുന്ന തർക്കവിതർക്കങ്ങൾ നടക്കുന്ന ഒരു മേഖലയാണ് ശാസ്ത്രത്തിന്റെ പക്ഷപാതിത്വം. ശാസ്ത്രം ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ല. പലരും കരുതുന്നതുപോലെ അതു കേവലവും, നിർഗുണവും നിഷ്പക്ഷവുമായ ഒരു സത്തയുമല്ല. പ്രകൃതി നിയമങ്ങൾ പക്ഷപാതപരമല്ല, അവ ഉദാസീനമാണ്. അവ വസ്തുനിഷഠവുമാണ്. പക്ഷെ ശാസ്ത്രമെന്നത് നിയമങ്ങൾ മാത്രമല്ല, അവയ്ക്കായുളള അന്വേഷണവും അവയുടെ പ്രയോഗവും ശാസ്ത്രത്തിന്റെ ഭാഗമാണ്. ഇവ രണ്ടിന്റെയും പ്രകൃതമാകട്ടെ നിശ്ചയിക്കുന്നത് സാമൂഹ്യബന്ധങ്ങളും സാമൂഹ്യ ആവശ്യങ്ങളുമാണം ഈ ആത്മനിഷ്ഠ ഘടകങ്ങളി ലെ വർഗമേധാവിത്വപരവും പുരുഷ മേധാവിത്വപരവുമായ സ്വാധീനത്തെ വിമർശനപരമായി പരിശോധിക്കേണ്ടത് ശാസ്ത്രപ്രസ്ഥാനമെന്ന നിലയിൽ നമ്മുടെ കടമയാണ്. ജീവശാസ്ത്രരംഗം, വൈദ്യശാസ്ത്ര മേഖല സാങ്കേതികവിദ്യകളുടെ നിർണയവും പ്രയോഗവും ഇവ പത്യേക ശ്രദ്ധയർഹിക്കുന്നു. സാമൂഹ്യശാസ്ത്രങ്ങളുടെ സ്ഥിതി പ്രത്യേകം പറയേണ്ടതില്ലല്ലോ. ലിംഗപരമായ വിവേചനത്തെ ലിംഗപരമായ ജൈവ വ്യത്യാസങ്ങൾ ഉപയോഗിച്ച് ന്യായീകരിക്കുന്നതിനുള്ള പരിശ്രമങ്ങളെ തുറന്നു കാട്ടേണ്ടിയിരിക്കുന്നു.
- ഒരു ജനകീക ആരോഗ്യ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ആരോഗ്യരംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ പഠിക്കുന്നതിന് പരിഷത്ത് ശമിച്ചുവരുന്നുണ്ടെങ്കിലും സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങളെ ആരോഗ്യ ക്യാമ്പയിനിലെ ഒരു മുഖ്യ ഇനമായി ഉയർത്തുന്നതിന് കഴിഞ്ഞിട്ടില്ല. നിലവിലുള്ള പൊതു ആരോഗ്യ രക്ഷാസംവിധാനം ഭൂരിപക്ഷം ജനങ്ങളുടെയും ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉതകുന്നില്ലെന്ന യാഥാർത്ഥ്യം ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ഔഷധ വ്യവസായരംഗത്ത് അശാസ്ത്രീയതകൾക്കെതിരെ പ്രക്ഷോഭകരമായി പ്രതികരിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇവയുടെ തിക്തഫലങ്ങൾക്ക് ഇന്ന് സമൂഹത്തിൽ കൂടുതൽ ഇരയായി തീരുന്നത് സ്ത്രീകളാണ് എന്ന വസ്തുതക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. ഇന്ത്യ മൊത്തത്തിലെടുത്താൽ സ്ത്രീകളുടെ ആരോഗ്യനില പുരുഷന്മാരുടേതിനേക്കാൾ എതയോ പിന്നിലാണ്. കേരളത്തിലെ നില താരതമ്യേന മെച്ചമാണെങ്കിലും കേവലം മരണനിരക്കിനെ മാത്രം അടിസ്ഥാനമാക്കി ആരോഗ്യനിലയെ അളക്കുന്നത് ശരിയല്ലെന്ന വിമർശനം നമ്മുടെ സംസ്ഥാനത്തിന് കൂടുതൽ പ്രസക്തമാണെന്ന് പല പണ്ഡിതന്മാരും ചൂണ്ടിക്കാണിക്കുന്നു. ദാരിദ്ര്യം കൊണ്ടുള്ള പോഷകാഹാരക്കുറവ് പുരുഷനെയും സ്ത്രീകളെയും ഒരു പോലെയല്ല ബാധിക്കുന്നത്. ആദ്യം പുരുഷൻ പിന്നെ കുട്ടികൾ പിന്നെ ബാക്കിയുണ്ടെങ്കിൽ സ്ത്രീകൾ ഇതാണല്ലൊ സാധാരണ വീടുകളിലെ ഭക്ഷണക്രമം. സാമ്പത്തിക ഞെരുക്കമുണ്ടാകുമ്പോൾ ആദ്യം മുണ്ട് മുറുക്കിയുടുക്കേണ്ടിവരുന്നതും സ്ത്രീ തന്നെയായിരിക്കും. സ്ത്രീക്ക് പുരുഷനേക്കാൾ കുറച്ച് ഊർജം മതിയാകും തുടങ്ങിയ അബദ്‌നധാരണകളാണ് പോഷകാഹാരക്കുറവിനോടൊപ്പം വൈദ്യസഹായത്തിന്റെ ലഭ്യതയില്ലായ്മ, ശിശുവിവാഹം, പ്രസവ ബാഹുല്യം, സെപ്റ്റിക്, അബോർഷൻ, ഗർഭസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയെല്ലാം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുന്നു. ആൺകുട്ടികളുടെ ആരോഗ്യപരിരക്ഷണയിൽ പ്രകടിപ്പിക്കുന്ന ആകാംക്ഷ പൊതുവെ പെൺകുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ കാണാറില്ല. ഇന്ത്യയിലെ പെൺകുട്ടികളുടെ മരണനിരക്ക് ആൺകുട്ടികളേക്കാൾ ഉയർന്നിരിക്കുന്നു. ഗർഭകാലത്തുണ്ടാകുന്ന വിളർച്ച ഉയർന്ന മാതൃമരണനിരക്കിനും ജനനസമയത്തുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് വർദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്നു.
- സ്ത്രീകളുടെ ആരോഗ്യ രംഗത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് അവരെ മുഖ്യമായും ലക്ഷ്യമാക്കുന്ന 'കുടുംബ ക്ഷേമ' പദ്ധതിയാണ്. സ്ത്രീകൾക്കുള്ള ഗർഭ നിരോധന ഗുളികകൾ, ഫോർമോൺ ഇഞ്ചക്ഷനുകൾ തുടങ്ങിയവയിൽ പലതും ദോഷഫലങ്ങളുളവാക്കുന്നവയാണ്. ഗുളികകളുടെ അത്രത്തോളം പചാരമില്ലെങ്കിലും ഹോർമോൺ ഇഞ്ചക്ഷനുകളും ഇവിടെ നൽകാൻ തുടങ്ങിയിട്ടുണ്ട്. നെറ്റ്-എൻ (ചലേഋി)പ്രോവെരെ (ഉലുീ ജൃീ്‌ലൃമ) തുടങ്ങിയവയാണ് പ്രചാരത്തിൽ ഉള്ള ഇഞ്ചക്ഷനുകൾ. ഇവ വികസിപ്പിച്ചെടുത്തത് അമേരിക്കയിലാണെങ്കിലും അവിടെ ഉപയോഗിക്കുന്നില്ല. എന്നാൽ അവിടെ നിന്ന് എൺപതോളം വികസ്വര രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. അമേരിക്കയെപ്പോലുള്ള സാമ്രാജ്യ ശക്തികൾ അവരുടെ ഉല്പന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്തുന്നതിനും പരീക്ഷണങ്ങൾ നടത്തുന്നതിനും വേണ്ടി മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളെ ബലിയാടാക്കുന്നതിനുള്ള നല്ല ഉദാഹരണമാണിത്. അതുപോലെ തന്നെ ശാസ്ത്രപരീക്ഷണത്തിലും ഉപയോഗത്തിലുമുള്ള പക്ഷപാതിത്വത്തിനും. മറ്റൊരു പ്രസക്തമായ പ്രശ്‌നം ആംമ്‌നിയോ സെന്റസീസിന്റെ പ്രയോഗമാണ്. ഭ്രൂണവൈകല്യങ്ങൾ നിർണയിക്കുന്നതിനും ചികിത്സക്കും പ്രയോജനപ്പെടുത്താവുന്ന അമിനിയോ സിന്തസിസ് ലിംഗനിർണയത്തിനും പെൺശിശുക്കളെ ഭ്രൂണാവസ്ഥയിൽ നശിപ്പിക്കുന്നതിനും ആണ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ കൂടുതലും ഉപയോഗിക്കപ്പെട്ടത്. ലിംഗനിർണ്ണയത്തിനുശേഷം പെൺശിശുക്കളെ ഭ്രൂണാവസ്ഥയിൽ നശിപ്പിക്കുന്നതിനാണ്.
- നമ്മുടെ ആരോഗ്യവ്യവസ്ഥ പൊതുവെ സ്ത്രീകളെ അവഗണിക്കുന്നതാണെന്നുള്ള കാര്യം പറയാതെ വയ്യ. ഗവൺമെന്റ് ആസ്പത്രികളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വീതിച്ചിട്ടുള്ള ബെഡ്ഡുകളുടെ അനുപാതം, സ്ത്രീകൾക്ക് മാത്രമായുള്ള ഗൈനോക്കോളി വിഭാഗത്തിൽ രോഗികൾ അനുഭവിക്കേണ്ടി വരുന്ന അസൗകര്യങ്ങൾ, അബോർഷന് വിധേയരാവുന്ന സ്ത്രീകളോട് കാണിക്കുന്ന അവജ്ഞ എന്നിവയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതാണ്. സ്ത്രീകൾക്കും അവരുടെ ശരീരത്തിനുമേലുള്ള നിയന്ത്രണാവകാശങ്ങളെ വൈദ്യശാസ്ത്രം അംഗീകരിക്കുന്നില്ല. ഗർഭധാരണവും പ്രസവവും ഇന്നത്തെ വൈദ്യസമ്പദായം ഒരു രോഗമാക്കി മാറ്റിയിട്ടുണ്ട്. സ്ത്രീശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ അസാധാരണമായും രോഗമായും കാണുന്നതിനുളള പ്രവണതയാണിപ്പോഴുള്ളത. ഗർഭിണികൾക്കാവശ്യമായ പോഷകാഹാരം കൊടുക്കുന്നതുവഴിയും ആരോഗ്യവിദ്യാഭ്യാസം നൽകുന്നതുവഴിയും പ്രസവത്തെ സംബന്ധിച്ച് മിക്ക'രോഗ'ങ്ങളും ഇല്ലാതാക്കാൻ കഴിയും എന്നതാണ് സത്യം.
- ആരോഗ്യത്തിന്റെ കാര്യത്തിലെന്നപോലെ വിദ്യാഭ്യാസരംഗത്തും സാക്ഷരതയുടെ കാര്യമെടുത്താൽ കേരളത്തിലെ നില താരതമ്യേന മെച്ചപ്പെട്ടതാണ്. എങ്കിലും പുരുഷന്മാരുട സാക്ഷരതാ ശതമാനം 75.26 ശതമാനവും സ്ത്രീകളുടേത് 65.73 ശതമാനവും വീതമാണെന്നത് സ്മരണീയമാണ്. കേരളത്തിലെ നിരക്ഷരത പൂർണ്ണമായും നിർമാർജനം ചെയ്യുമെന്നുള്ള യജ്ഞത്തിൽ സ്ത്രീകൾക്ക് പ്രത്യേക പങ്ക് വഹിക്കാനുണ്ട്. എന്നിരുന്നാൽ തന്നെയും വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങൾ പരിശോധിക്കുമ്പോൾ കൂടുതൽ ശ്രദ്ധയർഹിക്കേണ്ടത് വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലെ പുരുഷമേധാവിത സ്വാധീനങ്ങളാണ്. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഇന്നുള്ള വിമർശനങ്ങൾ ഈ അപാകതകളെ തുറന്നുകാട്ടു ന്നതിന് പര്യാപ്തമല്ല. സ്ത്രീകളെക്കുറിച്ചുള്ള മാമൂൽസങ്കൽപ്പങ്ങളെ അരക്കിട്ടുറപ്പിക്കുന്നതിനുതകുന്ന താണ് ഇന്നത്തെ വിദ്യാഭ്യാസം. നഴ്‌സറി പാട്ടുകളിൽ തുടങ്ങി ഉന്നത വിദ്യാഭ്യാസ പാഠപുസ്തകങ്ങളിൽ വരെ പരന്ന് കിടക്കുന്ന സ്ത്രീ സങ്കല്പത്തെ ചിട്ടയായി പരിശോധിച്ച് തുന്നുകാട്ടേണ്ട കടമ ഇനിയും ചെയ്തുതുടങ്ങേണ്ടിയിരിക്കുന്നു.
- വികസന പരിസര മേഖലകളിലെ ആശയസംവാദങ്ങളിലും അശാസ്ത്രീയമായ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭണ പ്രചാരണപ്രവർത്തനങ്ങളിലും പരിഷത്ത് സജീവമായി പ്രവർത്തിക്കുന്നു. പാളുന്ന വികസന നയങ്ങളുടെയും പരിസര അസന്തുലിതാവസ്ഥയുടെയും തിക്തഫലങ്ങൾ പലപ്പോഴും അസമമായി സ്ത്രീകളുടെ ചുമലിലാണ് വീഴുന്നത്. ഉദാഹരണത്തിന് തെറ്റായ ജലപരിപാലനത്തിന്റെയും വനനാശനത്തിന്റെയും ഫലമായി കേരളത്തിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തികനഷ്ടം സ്ത്രീപുരുഷ ഭേദമന്യേ ജനങ്ങളുടെമേൽ പതിക്കുന്നുണ്ടെങ്കിലും ഇത് സ്ത്രീകളുടെ കുടുംബാധ്വാനഭാരം പതിന്മടങ്ങു വർദ്ധിപ്പിക്കുന്നു. കുടിവെള്ളത്തിനായി കുടുതൽ ദൂരം നടക്കുന്നതിനും ഭാരം ചുമക്കുന്നതിനും ഉറക്കമൊഴിയുന്നതിനും അവരാണ് കൂടുതൽ നിർബന്ധിതരാകുന്നത്. സാമ്പത്തിക ഞെരുക്കം മൂലം പുറത്തുനിന്ന് വാങ്ങിയിരുന്ന പലതും വീട്ടിൽ തന്നെയുണ്ടാക്കുന്നതിനും പഴയത് റിപ്പയർ ചെയ്ത് വീണ്ടുമുപയോഗിക്കുന്നതിനും സ്വന്തം ആവശ്യങ്ങൾ പലതും വെട്ടിക്കുറക്കുന്നതിനും സ്ത്രീകൾ നിർബന്ധിതരാകുന്നു. സാമ്പത്തിക ഞെരുക്കം പലപ്പോഴും വഴിതെളിക്കുന്ന കുടുംബാസംഘർഷത്തിന്റെ വൈകാരികഭാരം പലപ്പോഴും സ്ത്രീകളുടെമേലാണ് പതിക്കുക. ഇങ്ങനെ പലതും. നഗരങ്ങളിലും ചേരിപ്രദേശങ്ങളിലുമുള്ള മലിനീകരണവും പാർപ്പിടങ്ങളുടെ അസൗകര്യവും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തെയാണ്. മറ്റൊരുദാഹരണമെടുത്താൽ വികസനത്തിന്റെ പേരിൽ നടക്കുന്ന അനിയന്ത്രിതമായ സാങ്കേതികനവീകരണം പലപ്പോഴും സ്ത്രീകളെയാണ് കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. സ്ത്രീകൾ കൂടുതലും പണിയെടുക്കുന്നത് പിന്നോക്ക സാങ്കേതികമേഖലകളിലുമാണ്. കയർ മേഖലയിൽ നടക്കുന്ന വിവാദം സ്മരണീയമാണ്. സംഘടിത മേഖലയിൽപോലും ഇതാണ് സ്ഥിതി. തുണി വ്യവസായത്തിലെ സാങ്കേതികവിദ്യാ മാറ്റത്തിന്റെ ഫലമായി സ്ത്രീതൊഴിലാളികളുടെ എണ്ണം ഈ മേഖലയിൽ 25 ശതമാനത്തിൽ നിന്നും 5 ശതമാനമായി താഴ്ന്നത് വളരെ പ്രസിദ്ധമാണ്. പുകയില, ചണം, ഖനി മേഖലകളിലും ഈ പ്രവണത വളരെ പ്രകടമായിട്ടുണ്ട്. ഗാമീണമേഖലയിൽ ഇന്നു വന്നു ചേർന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഗ്രാമീണ സ്ത്രീകളുടെ നിലയെ പ്രതികൂലമായി ബാധിച്ചതിനെക്കുറിച്ച് ഒട്ടനവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. വികസനം സംബന്ധിച്ച ചർച്ചകളിൽ വികസന പ്രവർ ത്തനങ്ങൾ സ്ത്രീകളുടെ നിലയിൽ സ്യഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.
- വീട്ടിനു പുറത്ത് തൊഴിലെടുക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. ഇവ ഓരോന്നും വിശദമായി പരിശോധിക്കുന്നതിന് ഇവിടെ തുനിയുന്നില്ല. കൂലിയിലും സേവനവ്യവസ്ഥകളി ലുമുള്ള വിവേചനങ്ങൾ, പ്രസവാനുകൂല്യങ്ങളുടെ അപര്യാപ്തത, ക്രെഷുകളുടെ അഭാവം, (ഇന്ത്യയിൽ 940 ഫാക്ടറികളിലാണ് ക്രെഷുകൾ ഉള്ളത്) സ്ത്രീകളെ സംബന്ധിച്ച ഫാക്ടറി നിയമ വ്യവസ്ഥകളുടെ വ്യാപകമായ ലംഘനങ്ങൾ, കാർഷിക മേഖലയിലെയും കുടിൽ വ്യവസായ മേഖലയിലെയും സ്ത്രീതൊഴിലാളികൾ പ്രവർത്തിയെടുക്കേണ്ടിവരുന്ന അതിശോചനീയമായ സാഹചര്യങ്ങൾ, തൊഴിൽ സ്ഥലത്ത് നേരിടേണ്ടിവരുന്ന ലൈംഗിക പീഡനങ്ങൾ എന്നിങ്ങനെ ഈ പട്ടിക നീട്ടാം. ഏറിയും കുറഞ്ഞും ഓരോ പ്രദേശങ്ങളിലെയും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ ഇവയുടെ പരിഹാരത്തിനായി ശ്രമിച്ചു വരുന്നുണ്ട്. പരിഷത്തിന് ഈ മേഖലയിൽ ഗൗരവമായ സംഭാവനകൾ നൽകാൻ കഴിയുന്ന ഒരു രംഗം തൊഴിലെടുക്കുന്ന സ്ത്രീകളുടെ സവിശേഷമായ ആരോഗ്യപ്രശനങ്ങളെ പഠിക്കുകയും ജനശ്രദ്ധയിൽ അവ കൊണ്ടുവരികയും ചെയ്യുക എന്നതാണ്. ആവശ്യ പരിരക്ഷകൾ ഇല്ലാതെ 10-12 മണിക്കുർ തുടർച്ചയായി പണിയെടുക്കേണ്ടിവരുന്ന മൽസ്യ സംസ്‌ക്കരണ മേഖലയിലെ തൊഴിലാളികൾ, തുടർച്ചയായി കുത്തിയിരിക്കേണ്ടിവരുന്ന കശുവണ്ടി ഫാക്ടറികളിലെ സ്ത്രീതൊഴിലാളികളുടെ പ്രശ്‌നങ്ങൾ, ചുമട്ടുപണി ചെയ്യുന്ന സ്ത്രീകൾ, പാറ പൊട്ടിക്കുന്നവർ തുടങ്ങിയ കേരളത്തിലെ തെന്ന എത്രയോ വിഭാഗം സ്ത്രീതൊഴിലാളികളുടെ ആരോഗ്യപ്രശ്‌നങ്ങൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അസംഘടിത മേഖലയിൽ പ്രവർത്തിയെടുക്കുന്ന സ്ത്രീതൊഴിലാളികൾക്ക് അനുയോജ്യമായ ഇടനിലസാങ്കേതിക വിദ്യകൾ രൂപകല്പന ചെയ്യേണ്ടതും ആവശ്യമാണ്.
- 8-14 മണിക്കുർ നേരത്തെ കാഠിനധ്വാനത്തിനുശേഷം വീട്ടിലും തുടർച്ചയായി പണിയെടുക്കേണ്ടി വ രുന്ന അവസ്ഥയാണ് ഇന്ന് സ്ത്രീകൾക്കുള്ളത്. ഏറ്റവും പുരോഗമന ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന പല പുരുഷന്മാരും തന്റെ വീട്ടിനുള്ളിൽ മാമൂൽ യജമാനന്മാരായിട്ടാണ് പെരുമാറുക എന്നത് പരസ്യമായ രഹസ്യം മാത്രമാണ്. സ്ത്രീയും പുരുഷനും ഒരുമിച്ച് വീട്ടു ജോലികൾ പങ്കിടുന്ന ഒരു പുതിയ സംസ്‌കാരത്തിനുവേണ്ടി ശക്തമായ ആശയപ്രചരണം നടത്തുന്നതിനും സ്വന്തം ജീവിതത്തിൽ അത് നടപ്പാക്കുന്നതിന് ശ്രമിക്കേണ്ടത് ഓരോ പരിഷത്ത് പ്രവർത്തകന്റെയും കടമയാണ്, വിറകടുപ്പിൽ നിന്നുണ്ടാകുന്ന പുകമൂലം കണ്ണിനും ശ്വാസകോശ ങ്ങൾക്കും അസ്വാസ്ഥ്യങ്ങൾ ഉണ്ടാവുക സാധാരണമാണ്. അടുക്കള പുകയുടെ ആരോഗ്യവിരോധ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ ഇന്ന് ലഭ്യമാണ്. പരിഷത്ത് അടുപ്പുകളുടെ പ്രചാരം അടുക്കളയിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസപ്രദമാണ്. പരിഷത്ത് അടുപ്പിന്റെ സ്ഥാപനം വീട്ടമ്മമാരുമായി സംവദിക്കുന്നതിനും പ്രകൃതി-സത്രീസമൂഹം എന്നിവയുടെ പരസ്പരബന്ധത്തെക്കുറിച്ച് സമഗ്രമായ ഒരു വീക്ഷണത്തിന്റെ വിത്തു പാകുന്നതിനുമുള്ള അവസരമാക്കേണ്ടതുണ്ട്. അടുപ്പ് പ്രചാരണം ബോധവൽക്കരണ യജ്ഞത്തിലെ ഒരു പ്രധാന കണ്ണിയാക്കിത്തീർക്കാൻ കഴിയും. ഉപഭോകത കുടുംബ യൂണിറ്റിന്റെ മുഖ്യ സംഘാടക എന്ന നിലയിൽ ഉപഭോക്തൃ വഞ്ചനക്കെതിരായ പ്രസ്ഥാനങ്ങളിൽ സ്ത്രീകളെ പങ്കാളികളാക്കുന്നതിന് വിപുലമായ സാധ്യതകൾ ഉണ്ട്. ഉപഭോകതൃ സംഘടനയുടെ വൈവിധ്യമാർന്ന മുഖങ്ങൾ ഇന്നത്തെ മത്സരാധിഷ്ഠിത സാമൂഹ്യഘടനയുടെ യഥാർഥ രൂപത്തിക്കുറിച്ച് ബോധവൽക്കരിക്കുന്നതിന് ഒട്ടേറെ സാധ്യതകൾ സൃഷ്ടിക്കുന്നു.
- സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഒട്ടനവധി ചെറുതും വലുതുമായ പ്രക്ഷോഭങ്ങൾ ഇന്നു രാജ്യത്തു നടക്കുന്നുണ്ട്. തൊഴിലുടമകളുടെ ബലപ്രയോഗം ഗ്രാമീണ സ്ത്രീകളെ സംബന്ധിച്ചിടത്തോളം നഗ്‌നമായ ലൈംഗിക ബലപ്രയോഗമായി തീരാം. കയറൂരി വിടപ്പെടുന്ന പോലീസ് ചിലപ്പോൾ നടത്തുന്ന സ്ത്രീ വേട്ടയാടലുകളെ അധിനിവേശ സൈന്യങ്ങളുടെ പരാക്രമങ്ങളോടു മാത്രമേ താരതമ്യപ്പെടുത്താനാവൂ, ജയിലുകളിലും ലോക്കപ്പുകളിലും സ്ത്രീപീഡനം ലൈഗിംക പീഡനമായി മാറുന്നു. സാമൂഹ്യ സംഘടനങ്ങളിൽ പക വീട്ടലുകൾക്കു സ്ത്രീകൾ പ്രത്യേക ടാർജറ്റുകളായി തീരുന്നു ഇങ്ങനെയുള്ള പ്രത്യേക സന്ദർഭങ്ങളിൽ മാത്രമല്ല പൊതുസ്ഥലങ്ങളിലും യാത്രാവാഹനങ്ങളിലുമെല്ലാം ലൈംഗിക അവഹേളനത്തിന്റെയും ബലപ്രയോഗത്തിന്റെയും ഭീഷണിയുടെ നിഴലിലാണ് സ്ത്രീകൾ ഇന്നു ജീവിക്കേണ്ടി വരുന്നത്. കിമിനലുകൾ മാത്രമല്ല കുറവാളികളായിരിക്കുക. മറ്റെല്ലാ തരത്തിലും സാധാരണക്കാരെന്നു വിശേഷിപ്പിക്കാവുന്ന പുരുഷൻമാരും ഇത്തരം പ്രവർത്തനങ്ങളിൽ പലപ്പോഴും പങ്കാളികളാകുന്നു എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. പുറംലോകത്തെ പരാജയങ്ങൾക്കു പുരുഷൻ പലപ്പോഴും പകരം വീട്ടുന്നത് വീട്ടിലെ സ്ത്രീയോടാണ്. ഭർത്താവിന്റെ മദ്യപാനം സ്ത്രീപീഡനത്തിന് മിക്കപ്പോഴും കാരണമായി തീരാറുണ്ട്. സ്ത്രീധന സമ്പ്രദായം വീട്ടിനുള്ളിലെ സ്ത്രീ പീഡനത്തിന് ഒരു സുപ്രധാന കാരണമായി തീരുന്നു. സ്ത്രീധനഹത്യകൾ കുപ്രസിദ്ധങ്ങളാണല്ലോ.
- പരിഷത്ത് സജീവമായി ഇടപെട്ടിട്ടില്ലെങ്കിലും വളരെയേറെ ജനോപകാരപ്രദമായ ഒരു പ്രവർത്തനമേഖലയാണ്, ജനകീയനീതിപ്രവർത്തനങ്ങൾ. അലിഖിതങ്ങളായ പാരമ്പര്യങ്ങൾ മാത്രമല്ല ലിഖിതങ്ങളായ നിയമ സംഹിതകളും സ്ത്രീകളോടു വിവേചനം കാണിക്കുന്നു. വ്യക്തിനിയമങ്ങളിൽ ഇത് വളരെ പ്രകടമായി കാണാവുന്നത്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ മുതലായവയെ സംബന്ധിക്കുന്ന നിയമങ്ങൾ ഓരോ മതവിഭാഗങ്ങളും അവരവർക്കുവേണ്ടി രൂപീകരിച്ചിട്ടുണ്ട്. അങ്ങനെ ഹിന്ദുനിയമം, ഇസ്ലാമിക നിയമം, ക്രിസ്ത്യൻ നിയമം, പാർസി നിയമം തുടങ്ങിയ വ്യക്തി നിയമങ്ങൾ പാബല്യത്തിലുണ്ട്. അതിന്റെ ഫലമായി ഭരണഘടനയിൽ വാഗ്ദാനം ചെയ്തിരിക്കുന്ന സ്ത്രീ പുരുഷ സമത്വവും ദേശീയ ഐക്യവും സാക്ഷാൽകരിക്കുക അസാധ്യമായിരിക്കുകയാണ്. ഇന്നത്തെ സാമുദായിക അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങൾ പൊളിച്ചെഴുതുകയും ഭരണഘടനയുടെ നാലാം അദ്ധ്യായത്തിൽ ഉൾപ്പെടുത്തിയരിക്കുന്ന ഏകീകൃത സിവിൽ നിയമം നടപ്പാക്കുകയും ചെയ്യേണ്ടത് സ്ത്രീ പുരുഷ സമത്വവാദികളുടെ പ്രഥമകടമകളിലൊന്നായിരിക്കുന്നു. 1986-ലെ ഷബാനോ ബീഗം കേസിൽ മുസ്ലീം വ്യക്തി നിയമം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയും ക്രിസ്ത്യൻ പിന്തുടർച്ചാവകാശ ബില്ലിനെ ചോദ്യം ചെയ്ത ശ്രീമതി മേരി റോയിയുടെ അപേക്ഷയിൽ സുപ്രീം കോടതി നൽകിയ തീർപ്പും വ്യക്തി നിയമങ്ങളിലെ അപാകതകള രാജ്യമുടനീളം ചർച്ചാ വിഷയമാക്കി. ഷബാനോ കേസിൽ മുമ്പ് ഭർത്താവിൽ നിന്നു ജീവനാംശം കിട്ടാനുള്ള സ്ത്രീയുടെ അവകാശത്തിന് കോടതി നൽകിയ അംഗീകാരത്തെ മറികടക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമം വ്യാപകമയ പ്രതിഷേധമുണ്ടാക്കി. സ്ത്രീധന നിരോധനനിയമം, ബലാൽസംഗത്തിനെതിരെയുള്ള നിയമം, സ്ത്രീകളെ അപമര്യാദയായി ചിത്രീകരിക്കുന്നതിനെതിരെയുള്ള നിയമം, തുല്യവേതനനിയമം തുടങ്ങി ഒട്ടെറ നിയമങ്ങൾ ഉണ്ടെന്നാണ് വയ്പ്. ലംഘനത്തിലൂടെയാണിവ പാലിക്കപ്പെടുകയെന്ന് മാത്രം. ഈ നിയമങ്ങളിലെല്ലാം കുന്നുകൂടിയിരിക്കുന്ന പഴുതുകളുപയോഗിച്ച് കുറ്റവാളികൾ രക്ഷപ്പെടുന്നു. മറ്റൊന്ന് ഈ നിയമങ്ങളിലെ പഴുതുകളടകുന്നതിനും അവ നടപ്പാക്കുന്നതിനും സർക്കാർ കാണിക്കുന്ന അലംഭാവമാണ്. ഈ രണ്ടു തരം പാളിച്ചകളും സ്ത്രീകളുടെ ഒട്ടേറെ പ്രക്ഷോഭണങ്ങൾ കാരണമായിത്തീർന്നിട്ടുണ്ട്. സ്ത്രീധനഹത്യകൾക്കും സ്ത്രീപീഡനത്തിനുമെതിരായി കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു നടന്നിട്ടുളള ഒട്ടേറെ പ്രാദേശിക പ്രശ്‌നങ്ങൾ-പക്ഷോഭങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അശ്ലീല പോസ്റ്ററുകൾക്കും, പുസ്തകങ്ങൾക്കും, സിനിമകൾക്കുമെതിരെയുള്ള പ്രാദേശിക പ്രക്ഷോഭങ്ങളും ഇതുപോലെ ജനശ്രദ്ധ ആകർഷിക്കുകയുണ്ടായിട്ടുണ്ട്. എന്തൊക്കെ പഴുതുകളുണ്ടെങ്കിലും നിയമത്തെ തന്നെ പ്രക്ഷോഭ പ്രചാരത്തിനായുള്ള വേദിയാക്കി മാറ്റുന്നതിനുള്ള സാധ്യതകളിലേക്ക് ഇവ വിരൽ ചൂണ്ടുന്നുണ്ട്. നിലവിലുള്ള നിയമങ്ങളെക്കുറിച്ചുത്തന്നെ സ്ത്രീകൾ വേണ്ടത്ര ബോധവതികളല്ല. അവയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളും ആവിഷക്കരിക്കേണ്ടതാണ്.
- വളരെ വൈവിധ്യമാർന്ന പ്രചരണ മാധ്യമങ്ങളെ വളരെയേറെ ഭാവനാ പൂർണമായി ഉപയോഗപ്പെടുത്തുന്നതിന് പരിഷത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതുമൂലം മാധ്യമങ്ങൾ ആശയ രൂപീകരണത്തിൽ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് അനുഭവബോധ്യവും ഉണ്ട്. എഴുപതു ശതമാനത്തോളം സാക്ഷരതയുള്ള കേരളത്തിൽ പത്രമാസികകളുടെ സ്വാധീനം അന്യാദൃശമാണ്. റേഡിയോ, ടിവി., നാടകവേദി കൾ, ദൃശ്യശ്രാവ്യ മാധ്യങ്ങൾ ഇവയുടെ സ്വാധീനവും പരിഗണിക്കേണ്ടതുണ്ട്. ഇവയിലൂടെെയല്ലാം ജനങ്ങളുടെ മനസ്സിൽ നിരന്തരം പതിയുന്ന സ്ത്രീയുടെ ഇമേജ് പരിഗക്കേണ്ടതാണ്. 'മ' പ്രസിദ്ധീകരണ ങ്ങളാണ് ഏറ്റവും അധികം വിറ്റഴിയപ്പെടുന്ന വാരികകൾ. സംഭ്രമജനകമായ ഇക്കിളി നോവലുകൾ, കഥകൾ, ഫീച്ചറുകൾ മുതലായവയാണ് ഇത്തരം മാസികകളുടെ പ്രധാന വിഷയം. അബലയായ സ്ത്രീത്വത്തെക്കുറിച്ചും നന്മനിറഞ്ഞ പുരുഷ സ്വേച്ഛാധിപത്യത്തെക്കുറിച്ചും ഉള്ള സങ്കൽപങ്ങളുടെ ഏറ്റവും ശക്തമായ പ്രചരണോപാധികളാണിവ. സ്ത്രീകളെ യഥാർഥ സാമൂഹ്യപ്രശ്‌നങ്ങളിൽ നിന്നു പിന്തിരിപ്പിക്കുകയും തങ്ങളുടെ കഥകളിലും നോവലുകളിലും സൃഷ്ടിക്കുന്ന വ്യാമോഹ പൂരിതമായ ലോകത്തിൽ അവരെ ഒതുക്കി നിർത്തുകയുമാണ് ഇവ ചെയ്യുന്നത്. സ്ത്രീകൾക്ക് 'മ' പ്രസിദ്ധീകരണങ്ങളോടുള്ള കമ്പം അവരുടെ നിഷ്‌ക്രിയത്വത്തെ രൂഢമൂലമാക്കുന്നു. 'വനിതാ മാസികകൾ' ഈ ദുസ്ഥിതിയിൽ നിന്ന് സ്ത്രീകളെ രക്ഷപ്പെടുത്തുന്നില്ല. വാണിജ്യാടിസ്ഥാനത്തിൽ പത്ര മുതലാളിമാർ നടത്തുന്ന ഈ വാരികകളുടെ ആത്യന്തിക ലക്ഷ്യം അവരുടെ ലാഭം തന്നെയാണ്. അതിനുവേണ്ടുന്ന ചർച്ചകളും വിവാദങ്ങളും എല്ലാം അനുവദനീയം ആയിരിക്കും. പാചകം, ആഭരണങ്ങൾ, ഭാവി വരനെ കണ്ടെത്തൽ, അതിഥി സൽക്കാരം, മേക്കപ്പ് എന്നിവ മുതൽ പുരുഷ വിരോധ സ്ത്രീവിമോചന അതു വിപ്ലവം വരെയുള്ള ഈ അവിയൽ മാസികകൾ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മലയാള സിനിമകളിലെ സ്ത്രീ അവഹേളന രതി തരംഗം ദേശീയ കുപസിദ്ധി ആർജിക്കുക തന്നെയുണ്ടായല്ലോ. സ്ത്രീയുടെ മാമൂൽ റോളുകളെ അപകീർത്തിക്കുന്ന 'കുടുംബ സിനിമകളാണ് പണം വാരുന്ന മറ്റൊരു സിനിമാ വിഭാഗം. നാടകങ്ങളിലേയും സ്ഥിതി വളരെയൊന്നും വ്യത്യസ്തമല്ല. പത്രമാസികകളിലും ടി.വി, റേഡിയോ പോലുള്ള ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലും വരുന്ന പരസ്യങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളെ ഉപയോഗിച്ചു കൊണ്ടുള്ളവയാണ്. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി പ്രദർശിപ്പിക്കുക മാത്രമല്ല ഇവ ചെയ്യുന്നത്. വികൃതമായ ഒരു ഉപഭോക്തൃ സംസ്‌ക്കാരം വളർത്തിയെടുക്കുന്നതിനും ഇവ സഹായിക്കുന്നു.
- മാധ്യമങ്ങളിലൂടെയുള്ള ഈ സാംസ്‌ക്കാരിക ജീർണതയുടെ ആധിപത്യത്തെ ചെറുക്കുന്നത് സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ അത്യന്താപേക്ഷിതമാണ്. ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ മാധ്യമങ്ങളുടെ താല്പര്യം നിലവിലുള്ള സാംസ്‌ക്കാരിക രൂപങ്ങളുടെ സംരക്ഷണമാണ്. അതുകൊണ്ടുതന്നെ സാമൂഹ്യവിപ്ലവത്തിനു വേണ്ടി പ്രവർത്തിക്കുന്നവർ ഇന്നു മേധാവിത്വം വഹിക്കുന്ന മാധ്യമ ജീർണതക്കെതിരെ പുതിയൊരു മാധ്യമ സംസ്‌ക്കാരം വളർത്തുന്നതിനായി യത്‌നിക്കേണ്ടതുണ്ട്. സ്ത്രീ സമത്വത്തിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുകയും സ്ത്രീയുടെ വാണിജ്യവൽക്കരണത്തിനെതിരായി ശബ്ദമുയർത്തുകയും ചെയ്യുന്ന മാധ്യമ രൂപങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു.
- ഈ രേഖയിലെ വിശകലനം ഊന്നിയത് പരിഷത്തിന്റെ ഇന്നത്തെ പ്രവർത്തന മേഖലകളിൽ സ്ത്രീകളെ കൂടുതൽ സജീവമായി പങ്കാളികളാക്കുന്നതിലാണ്. ഇതിനായി ഓരോ പ്രവർത്തന മണ്ഡലത്തിലേയും പുരുഷ പക്ഷപാതിത്വ സ്വാധീനങ്ങളയും വിശകലനം ചെയ്തു മനസ്സിലാക്കുകയും അവിടങ്ങളിലെല്ലാം സ്ത്രീകൾ ഇന്നനുഭവിക്കുന്ന സവിശേഷ പ്രശ്‌നങ്ങളെ ആസ്പദമാക്കി പ്രചരണ പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്യേണ്ടതുണ്ട്. ഈ പ്രവർത്തനങ്ങൾ പരിഷത്തിലെ വനിതാ അംഗങ്ങളുടെ മാത്രം പ്രത്യേക ചുമതലയല്ല, മറിച്ച് മുഴുവൻ പ്രസ്ഥാനത്തിന്റേയും ഉത്തരവാദിത്വമായിരിക്കും.