"ദേശീയവിദ്യാഭ്യാസനയം ഒരു വിമർശനാത്മക വായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox book | name = ദേശീയവിദ്യാഭ്യാസനയം ഒരു വിമർശ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 21: | വരി 21: | ||
| wikisource = | | wikisource = | ||
}} | }} | ||
==പ്രസാധകക്കുറിപ്പ്== | |||
കോവിഡ് മഹാമാരിയുടെ മറവിൽ കേന്ദ്രസർക്കാർ പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചിരിക്കുകയാണ്. പാർലമെന്റിൽ അവതരിപ്പിച്ച് ചർച്ച ചെയ്യാതെ ഒരു പത്രസമ്മേളനത്തിലൂടെയാണ് രാജ്യത്തെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന ഈ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ മൂന്നാമത്തെ ഈ വിദ്യാഭ്യാസനയമാണ്. | |||
നയം തയ്യാറാക്കുന്നതിനുവേണ്ടി രൂപീകരിച്ച കമ്മിറ്റി 2019 മെയ് മാസത്തിലാണ് റിപ്പോർട്ട് സമർപിച്ചത്. റിപ്പോർട്ടിനെ കുറിച്ച് അഭിപ്രായം രൂപീകരിക്കുന്നതിനായി നടന്ന ചർച്ചകളിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും സംഘടനകളിൽനിന്നും മറ്റും ഉയർന്നുവന്ന നിർദേശങ്ങൾ ഒന്നും പരിഗണിക്കാതെയാണ് നയത്തിന് അവസാന രൂപം നല്കിയിട്ടുള്ളത്. | |||
വിദ്യാഭ്യാസത്തിന്റെ ദാർശനിക തലമോ സമൂഹതാൽപര്യങ്ങളോ പരിഗണിക്കാതെ പ്രായോഗിക കാര്യങ്ങളോടുള്ള പ്രതികരണങ്ങൾ മാത്രമായിരുന്നു രേഖ തയ്യാറാക്കാനായി ശേഖരിച്ചത്. സാധാരണയായി ഇത്തരമൊരു നയരേഖയിൽ ലക്ഷ്യം നേടുന്നതിനുള്ള നയസമീപനങ്ങൾ മാത്രമാണ് അവതരിപ്പിക്കാറുള്ളത്. എന്നാൽ പുതിയ രേഖയിൽ നയസമീപനത്തോടൊപ്പം നയം നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനപരിപാടിയും ഉൾപ്പെടുത്തിയിരിക്കുന്നു. അത് ചർച്ചചെയ്യുന്നതിന് മുമ്പായിത്തന്നെ കോവിഡ് സാഹചര്യം മുതലെടുത്തുകൊണ്ട് സാമ്പത്തികഭാരമില്ലാത്ത നിർദേശങ്ങൾ നടപ്പിൽ വരുത്തുവാനും തുടങ്ങിയിരിക്കുന്നു. | |||
നമ്മുടെ രാജ്യത്തെ മുന്നോട്ടുനയിക്കേണ്ട കാഴ്ചപ്പാടുകളും സ്വപ്നങ്ങളും ഭരണഘടനയുടെ ആമുഖത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിൽ പറയുന്ന പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നമ്മുടെ രാജ്യം നിലനിൽക്കണമെങ്കിൽ അതിൽ ഊന്നിയുള്ള വിദ്യാഭ്യാസമായിരിക്കണം ഇവിടെ വികസിച്ചുവരേണ്ടത്. എന്നാൽ നയത്തിൽ ഒരിടത്തും 'ജനാധിപത്യം’, 'മതേതരത്വം’, 'സോഷ്യലിസം' എന്നീ വാക്കുകൾ പേരിനു പോലും പറയുന്നില്ല. എന്നാൽ ഭാരതവത്കരണം, ഇന്ത്യൻ ധാർമികത തുടങ്ങിയ പ്രയോഗങ്ങളും സേവ, അഹിംസ, സ്വച്ഛത, സത്യം, നിഷ്കാമകർമം, ശാന്തി, ത്യാഗം, സഹിഷ്ണുത തുടങ്ങിയ 'ഇന്ത്യൻ മൂല്യങ്ങ'ളെ സൂചിപ്പിക്കുന്ന വാക്കുകളും ഊന്നിപ്പറയുകയും ചെയ്തിരിക്കുന്നു. | |||
സംസ്ഥാനത്തിന് പരിപൂർണമായ അധികാരമുണ്ടായിരുന്ന മേഖലയായിരുന്നു വിദ്യാഭ്യാസം. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടപെടാവുന്ന മേഖലയായി അത് മാറി. പുതിയ നയത്തിൽ ഈ അവകാശവും അധികാരവും കൂടി ഇല്ലാതാവുകയാണ്. | |||
ചുരുക്കത്തിൽ ഫെഡറലിസം ഇല്ലാതാക്കുന്നതും, വർഗീയതയുടെ വേരുകൾ അങ്കണവാടി പ്രായത്തിലുള്ള കുട്ടികളിലേക്കുവരെ നീളുന്നതുമാണ് നയരേഖയിലൂടെ വ്യക്തമാകുന്നത്. ദേശീയ ശാസ്ത്രകോൺഗ്രസ് പോലുള്ള വേദികളിൽ പോലും മിത്തുകളെയും ഐതിഹ്യങ്ങളെയും പൗരാണിക ശാസ്ത്രപുരോഗതിയായി ഉദ്ഘോഷിക്കാൻ മടികാട്ടാത്തവരാണ് കേന്ദ്രം ഭരിക്കുന്നത്. അവരിൽനിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാനാവില്ല. | |||
അതുകൊണ്ടുതന്നെ രേഖ വ്യാപകമായ ചർച്ചക്ക് വിധേയമാക്കുകയും അതിലുള്ള നവലിബറൽ - ഹിന്ദുത്വ അജണ്ടയെ തുറന്നുകാട്ടുകയുമാണ് നമുക്ക് ചെയ്യാനുള്ളത്. ചരിത്രപരമായ ഈ കടമ ഏറ്റെടുക്കാൻ കേരളത്തിലെ പുരോഗമന വിദ്യാഭ്യാസ പ്രവർത്തകരും പൊതുസമൂഹവും സംസ്ഥാനത്തിന്റെ വികസനത്തിൽ താല്പര്യമുള്ള മുഴുവൻ ആളുകളും മുന്നോട്ടുവരേണ്ടതുണ്ട്. ഈ ലഘു പുസ്തകം അതിന് സഹായകമാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. | |||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | |||
==ഭാഗം - 1== | |||
===ആമുഖം=== | |||
നീണ്ട മുപ്പത്തിനാല് വർഷങ്ങൾക്ക് ശേഷമാണ് പുതിയ ഒരു ദേശീയ വിദ്യാഭ്യാസനയം 2020 ജൂലൈ 29 ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇക്കാലയളവിനുള്ളിൽ ശാസ്ത്ര-സാങ്കേതിക- വിവരസാങ്കേതിക രംഗങ്ങളിൽ വന്ന മാറ്റങ്ങൾ ലോകത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. ഉത്പാദന ഉപകരണങ്ങളിലും ഉത്പാദന ബന്ധങ്ങളിലും വന്ന മാറ്റങ്ങൾ ജനജീവിതത്തെ നിർണായകമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. മാനവരാശി ക്രമേണ ഒരു ജ്ഞാന സമൂഹമായി വളർന്നുകൊണ്ടിരിക്കുകയുമാണ്. ഇവയെല്ലാറ്റിനെയും കീഴടക്കിക്കൊണ്ട് ആഗോളവ്യാപനവും നിയന്ത്രണശേഷിയും കൈവരിക്കുന്ന മൂലധനശക്തികൾ വികസ്വര - അവികസിത രാജ്യങ്ങളെ വരിഞ്ഞുകെട്ടുകയും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഭീകരമാംവിധം വർധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ അധികാരഘടനയിലും രാഷ്ട്രീയ സമീപനങ്ങളിലുമെല്ലാം ലോകത്തെമ്പാടും രാജ്യത്തിനകത്തും ഉണ്ടായ പരിവർത്തനങ്ങൾ സ്വാഭാവികമായും വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വീക്ഷണങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ഇത്തരമൊരു ആഗോള, ദേശീയ പശ്ചാത്തലം വിദ്യാഭ്യാസരംഗത്ത് പുതിയ കാഴ്ചപ്പാടുകളും നയപരിപാടികളും അനിവാര്യമാക്കുന്നുണ്ട് എന്നതിൽ സംശയമില്ല. | |||
===വിദ്യാഭ്യാസനയങ്ങൾ - പശ്ചാത്തലം=== | |||
സ്വതന്ത്ര ഇന്ത്യയിലെ ഒന്നാമത്തെ വിദ്യാഭ്യാസനയം 1968 ലാണ് രൂപീകരിക്കപ്പെട്ടത്. 'ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്ന കോത്താരി കമ്മീഷൻ റിപ്പോർട്ടിന്റെ (1964 - 66) അടിസ്ഥാനത്തിലാണ് ഒന്നാമത്തെ ദേശീയവിദ്യാഭ്യാസനയം രൂപംകൊണ്ടത്. അന്ന് ദേശീയവികാസവും ദേശീയോദ്ഗ്രഥനവും മുഖ്യചർച്ചാ വിഷയങ്ങളായിരുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യകൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസത്തിലൂടെ രാജ്യം നേരിടുന്ന പ്രധാനപ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയുമെന്ന പ്രത്യാശയുടെ മുകളിലായിരുന്നു ആ വിദ്യാഭ്യാസനയം രൂപകൽപന ചെയ്യപ്പെട്ടത്. | |||
ലോകത്തെമ്പാടും സാമൂഹിക സാമ്പത്തിക ഘടനയിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരുന്ന ഘട്ടത്തിലാണ് രണ്ടാമത്തെ ദേശീയ വിദ്യാഭ്യാസനയം 1986 ൽ നിലവിൽ വന്നത്. ഇതിനു മുന്നോടിയായി 'വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ' എന്ന ഒരു രേഖ ചർച്ചയ്ക്കായി അവതരിപ്പിച്ചിരുന്നു. പ്രസ്തുത നയം 1990 ലെ ആചാര്യ രാമമൂർത്തി കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് 1992 ൽ പരിഷ്കരിച്ചു. | |||
ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത് മൂന്നാമത്തെ ദേശീയ വിദ്യാഭ്യാസനയമാണ്. ഈ നയരൂപീകരണത്തിന് മുന്നോടിയായി ടി. എസ്. ആർ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കുകയും 2016 മെയ് മാസം സമിതി അതിന്റെ റിപ്പോർട്ട് നൽകുകയും ചെയ്യുകയുണ്ടായി. പിന്നീട് ഡോ. കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിൽ മറ്റൊരു സമിതിയെ ഇക്കാര്യത്തിനായി നിയോഗിച്ചു. ടി. എസ്. ആർ. കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളടക്കം പരിഗണിച്ചുകൊണ്ടാണ് കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗസമിതി 2019 മെയ് മാസം 484 പേജുളള കരട് റിപ്പോർട്ട് സമർപ്പിച്ചത്. | |||
ടി. എസ്. ആർ. കമ്മിറ്റി, റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഒരു ചോദ്യാവലി തയ്യാറാക്കുകയും വിവരശേഖരണത്തിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. പ്രസ്തുത ചോദ്യാവലി വിദ്യാഭ്യാസത്തിന്റെ ദാർശനിക തലമോ സമൂഹതാൽപര്യങ്ങളോ പ്രകടിപ്പിക്കാൻ പറ്റുന്നതായിരുന്നില്ല. മറിച്ച് പ്രായോഗിക കാര്യങ്ങളോടുള്ള പ്രതികരണങ്ങൾ മാത്രമായിരുന്നു ശേഖരിച്ചത്. കസ്തൂരിരംഗൻ കമ്മിറ്റിയാകട്ടെ ഇത്തരം ശ്രമങ്ങൾ നടത്തിയതായി അറിവില്ല. | |||
2019 മെയ് മാസം കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് മാനവവിഭവശേഷി വികസന മന്ത്രാലയം അഭിപ്രായങ്ങൾ രൂപീകരിക്കാനെന്ന തരത്തിൽ ചില പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വിദ്യാഭ്യാസത്തിനായുള്ള കേന്ദ്ര ഉപദേശക സമിതിയിലും (Central Advisory Board of Education – CABE) ഈ റിപ്പോർട്ട് ചർച്ച ചെയ്യപ്പെട്ടു. എന്നാൽ ചർച്ചകളിൽ സംസ്ഥാനങ്ങളും വിവിധ മേഖലകളിൽ പെട്ടവരും ഉന്നയിച്ച കാര്യങ്ങളൊന്നും കാര്യമായി പരിഗണിക്കാതെയാണ് ഇപ്പോൾ 65 പേജുള്ള നയരേഖ പുറത്തുവന്നിരിക്കുന്നത്. ഇതാകട്ടെ പാർലമെന്റിൽ വെക്കാതെ ഒരു പത്രസമ്മേളനത്തിലൂടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. | |||
=== നയരേഖകളും സമകാലിക സാമൂഹികാവസ്ഥകളും === | |||
1968 ലെ വിദ്യാഭ്യാസനയം രൂപീകരിക്കുമ്പോൾ അവസരസമത്വത്തെ കുറിച്ചും ശാസ്ത്ര - സാങ്കേതിക വിജ്ഞാനത്തിൽ അധിഷ്ഠിതമായ രാഷ്ട്രപുരോഗതിയെ കുറിച്ചുമുള്ള സ്വപ്നങ്ങൾ നിലനിന്നിരുന്നു. രാജ്യത്തിലെ സമ്പന്നനും ദരിദ്രനും ഒരുപോലെ പ്രാപ്യതയുള്ള സൗജന്യവും ഗുണനിലവാരമുള്ളതുമായ പൊതുവായ സ്കൂൾ സംവിധാനമെന്ന (common school system) നിർദേശം ആ നയത്തെ ശ്രദ്ധേയമാക്കി. എന്നാൽ അന്ന് വിദ്യാഭ്യാസം സംസ്ഥാനവിഷയമായിരുന്നു (state list). കേന്ദ്രത്തിന് വിദ്യാഭ്യാസത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ടായിരുന്നു. എന്നാൽ 1976 ൽ 42-ാമത് ഭരണഘടനാഭേദഗതിയിലൂടെ വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സംയുക്തമായ അധികാരമുള്ള കൺകറന്റ് ലിസ്റ്റിലേക്ക് വന്നു. | |||
ആഗോളീകരണത്തിന്റെയും നവഉദാരീകരണത്തിന്റെയും പ്രാരംഭ സൂചനകൾ കണ്ടുതുടങ്ങിയ എൺപതുകളിലാണ് അതിന്റെ അലയൊലികൾ പ്രകടമായ രണ്ടാമത്തെ വിദ്യാഭ്യാസനയം 1986 ൽ രൂപീകൃതമായത്. സ്കൂൾ വിദ്യാഭ്യാസത്തിലടക്കം സ്വകാര്യ മൂലധനവും വിദേശമൂലധനവും കടന്നുവരാൻ അത് വഴിതുറന്നു. അതേസമയം ജനാധിപത്യം, മതനിരപേക്ഷത, തുല്യത തുടങ്ങിയ ഭരണഘടനാമൂല്യങ്ങളെ അംഗീകരിക്കുന്ന നയമായിരുന്നു അത്. അതുപോലെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെ വലിയ തോതിൽ ഉൾക്കൊള്ളുന്നതുമായിരുന്നു. | |||
ലോകസാഹചര്യത്തിൽ വീണ്ടും മാറ്റങ്ങൾ ഉണ്ടായി. ഉദാരവൽകരണ-സ്വകാര്യവൽകരണ- ആഗോളവൽകരണ നയങ്ങൾ പ്രബലമായി. ആഗോള സാമ്പത്തിക കരാറുകളിലൂടെ നവലിബറൽ ആശയങ്ങൾ രാജ്യങ്ങളുടെ മേൽ പിടിമുറുക്കി. അതിന് പൂർണമായും വഴങ്ങുന്ന ഒരു സർക്കാരാണ് ഇന്ന് കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം സവർണ ഹിന്ദുത്വ ആശയങ്ങളോടുള്ള പ്രതിബദ്ധതയും ഭരണകർത്താക്കൾ പുലർത്തിപ്പോരുന്നു. ജനങ്ങളുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിശ്വാസപ്രമാണങ്ങളെയും അജ്ഞതയേയും നിസ്സഹായതയേയും ഉപയോഗപ്പെടുത്തി അധികാരരാഷ്ട്രീയം കൈയാളാൻ ശ്രമിക്കുന്ന ഭരണകൂടമാണിത്. | |||
സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിൽ വന്നപ്പോഴെല്ലാം ഒരുവശത്ത് നവലിബറൽ നയങ്ങളും മറുവശത്ത് ഹിന്ദുത്വ അജണ്ടകളും വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ ബി. ജെ. പി. നയിക്കുന്ന മുന്നണി ശ്രമിക്കുകയുണ്ടായി. 2000 ൽ വിദ്യാഭ്യാസത്തെ 'കാവിവത്കരി'ക്കാൻ പോന്ന പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കാനും 2002 ൽ നവലിബറൽ അജണ്ടയ്ക്കനുസരിച്ച് അംബാനി - ബിർല റിപ്പോർട്ടിന് രൂപംകൊടുക്കാനും ശ്രമിച്ചത് ഓർക്കാവുന്നതാണ്. ആ റിപ്പോർട്ട് പ്രധാനമായും മാർക്കറ്റ് അധിഷ്ഠിത വിദ്യാഭ്യാസം എങ്ങനെ നടപ്പിലാക്കാമെന്നാണ് പരിശോധിച്ചത്. ദേശീയ ശാസ്ത്രകോൺഗ്രസ് പോലുള്ള വേദികളിൽ പോലും മിത്തുകളെയും ഐതിഹ്യങ്ങളെയും പൗരാണിക ശാസ്ത്രപുരോഗതിയായി ഉദ്ഘോഷിക്കാൻ മടികാട്ടാത്തവരാണ് കേന്ദ്രം ഭരിക്കുന്നത്. | |||
ഭരണകൂടത്തിന്റെ പൊതു രാഷ്ട്രീയ സാമ്പത്തിക സാമൂഹിക നിലപാടിന് അനുസൃതമായിരിക്കും അത് രൂപംകൊടുക്കുന്ന വിദ്യാഭ്യാസനയം. സ്വന്തം നിലപാട് ദൃഢപ്പെടുത്താനും സമൂഹത്തിന്റേതാക്കി മാറ്റാനും വിദ്യാഭ്യാസത്തെ ഭരണകർത്താക്കൾ ഉപയോഗപ്പെടുത്തും എന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ ബ്യൂറോക്രാറ്റുകളെയും ടെക്നോക്രാറ്റുകളെയും മുന്നിൽനിർത്തി നിർമിച്ച പുതിയ വിദ്യാഭ്യാസനയരേഖ ആഴത്തിലുള്ള വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. | |||
===നയരേഖകളെ വിലയിരുത്തുമ്പോൾ=== | |||
വിദ്യാഭ്യാസം എന്നത് വരാനിരിക്കുന്ന തലമുറകളെയും രാജ്യത്തെയാകെയും സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ്. ഓരോ വ്യക്തിയിലും അന്തർലീനമായ കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനും അത് സഹായിക്കുന്നു. കുട്ടികളെ സമൂഹവുമായി ക്രിയാത്മകമായി ബന്ധിപ്പിക്കാനും സമൂഹത്തിന് കൂടി ഉതകുന്ന വ്യക്തികളാക്കി പരിവർത്തനം ചെയ്യുവാനും കഴിയുന്നതാവണം രാജ്യത്തിന്റെ വിദ്യാഭ്യാസ നയമെന്നാണ് നാം ആഗ്രഹിക്കുന്നത്. | |||
ഓരോ രാജ്യത്തെയും മുന്നോട്ടുനയിക്കുന്ന ഉദാത്തമായ കാഴ്ചപ്പാടുകളും സ്വപ്നങ്ങളും ആ രാജ്യത്തിന്റെ ഭരണഘടനയിൽ പ്രതിഫലിക്കും. ഇന്ത്യൻ ഭരണഘടന ലക്ഷ്യമാക്കുന്നത് ഏതുതരത്തിലുള്ള സമൂഹത്തെയാണെന്ന് ഭരണഘടനയുടെ ആമുഖത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിൽ പറയുന്ന പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നമ്മുടെ രാജ്യം നിലനിൽക്കണമെങ്കിൽ അതിൽ ഊന്നിയുള്ള വിദ്യാഭ്യാസമായിരിക്കണം ഇവിടെ വികസിച്ചുവരേണ്ടത്. 'നാനാത്വത്തിൽ ഏകത്വം' എന്ന തത്വം അതിന്റെ അന്തർധാരയായി വർത്തിക്കണം. ലോകത്തെമ്പാടും നടക്കുന്ന മാറ്റങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് രാജ്യപുരോഗതിക്ക് ഉതകുന്ന ഒരു വിദ്യാഭ്യാസപദ്ധതിക്ക് രൂപം നൽകേണ്ടതുണ്ട്. ഇതിനൊക്കെ സഹായകമാണോ പുതിയ വിദ്യാഭ്യാസനയം എന്നത് വിലയിരുത്തപ്പെടണം. സ്വതന്ത്ര ഇന്ത്യയിലുണ്ടായ വിദ്യാഭ്യാസ കമ്മീഷനുകളും റിപ്പോർട്ടുകളും വിദ്യാഭ്യാസത്തെപ്പറ്റി മുന്നോട്ട് വച്ച ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകൾ പുതിയ നയത്തിൽ പ്രതിഫലിക്കുന്നുണ്ടോ എന്നതും പരിശോധിക്കണം. | |||
ഏതൊരു പുതിയ നയരേഖയും തയ്യാറാക്കുമ്പോൾ, മുൻകാലത്ത് രൂപീകരിക്കപ്പെട്ട നയങ്ങളുടെ ഭാഗമായി നടത്തിയ പ്രവർത്തന പദ്ധതികൾ, ഉണ്ടായ നേട്ടങ്ങൾ, സംഭവിച്ച പോരായ്മകൾ, അതിന്റെ കാരണങ്ങൾ എന്നിവ വിലയിരുത്തപ്പെടണം. കൂടാതെ സാമൂഹിക -സാമ്പത്തിക-സാംസ്കാരിക-മത-ജാതി-ലിംഗ-പ്രാദേശിക വേർതിരിവില്ലാതെ മുഴുവൻ കുട്ടികൾക്കും പ്രാപ്യത, സ്കൂൾ/കലാലയ പ്രവേശനം, കൊഴിഞ്ഞുപോകാതെ നിലനിൽക്കൽ (retention), തുല്യത, ഗുണത എന്നിവ ഉറപ്പാക്കുന്നതിന് സഹായകമായ കാഴ്ചപ്പാടും പ്രവർത്തനസമീപനവും പുതിയ നയം മുന്നോട്ട് വയ്ക്കുന്നുണ്ടോ എന്നും പരിശോധി ക്കപ്പെടണം. | |||
===പുതിയ നയരേഖയിലെ ചതിക്കുഴികൾ=== | |||
ടി. എസ്. ആർ. സുബ്രഹ്മണ്യൻ കമ്മിറ്റിയിൽനിന്ന് വ്യത്യസ്തമായി, നയരേഖയുടെ കരട് തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട കസ്തൂരിരംഗൻ സമിതിയിൽ അക്കാദമിക വിദഗ്ധർ ഉണ്ടായിരുന്നു. അക്കാദമികമായി സാർവത്രികമായി അംഗീകരിക്കപ്പെട്ട പദങ്ങളും പ്രയോഗങ്ങളും നയരേഖയിൽ സുലഭമായി ഉൾച്ചേർത്തിട്ടുണ്ട്. ആമുഖഭാഗത്ത് വിമർശനാത്മകചിന്തയും പ്രശ്നപരിഹരണശേഷിയും സർഗാത്മകതയും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിട്ടുണ്ട്. അനുഭവാധിഷ്ഠിതവും അന്വേഷണാത്മകവും സംവാദാത്മകവും അയവേറിയതുമായ പഠനസമീപനത്തെ കുറിച്ചുള്ള സൂചനകൾ പലേടത്തുമുണ്ട്. പ്രവർത്തനാധിഷ്ഠിത പഠനം, പഠിക്കാൻ പഠിക്കൽ, ഉദ്ഗ്രഥനം, സമഗ്രത തുടങ്ങിയവയും നയരേഖയിൽ അവിടവിടെ കടന്നുവരുന്നുണ്ട്. | |||
നയം നടപ്പാക്കുക വഴി അനുകമ്പ (sympathy), അനുതാപം (empathy), ധൈര്യം, ഉന്മേഷം, ശാസ്ത്രബോധം, സർഗഭാവന, നൈതിക അവബോധം, മൂല്യബോധം തുടങ്ങിയവ പ്രകടിപ്പിക്കുന്ന നല്ല മനുഷ്യരെ വളർത്തിയെടുക്കണം എന്ന് സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള വിശാല ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് സജ്ജമായ പൗരസമൂഹത്തെ വളർത്തിയെടുക്കാൻ ഉദ്ദേശിക്കുന്നുവെന്നും നയരേഖ പറയുന്നു. കാണാപ്പാഠം പഠിക്കുന്നതിനല്ല വിദ്യാഭ്യാസം വഴി ലക്ഷ്യം വെക്കേണ്ടതെന്നും ആശയപരമായ ധാരണയ്ക്കും യുക്തിസഹമായ തീരുമാനങ്ങൾക്കും മുഖ്യപരിഗണന നൽകണമെന്നും പറഞ്ഞുവച്ചിട്ടുണ്ട്. | |||
പ്രീപ്രൈമറി എല്ലാവർക്കും ലഭ്യമാക്കൽ, തൊഴിൽ പഠനം, പന്ത്രണ്ടാം തരം വരെയുള്ള സാർവത്രികമായ പഠനസൗകര്യങ്ങൾ, കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിലുള്ള വഴക്കം, സെമസ്റ്റർ രീതി, പത്താം തരത്തിലും പന്ത്രണ്ടാം തരത്തിലും രണ്ട് പരീക്ഷകളെഴുതാനും മികച്ചത് തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം, അധ്യാപകപരിശീലനം മെച്ചപ്പെടുത്തൽ, കരിക്കുലത്തിന്റെ ഭാരം കുറയ്ക്കൽ, ത്രിഭാഷാപദ്ധതി, പെൺകുട്ടികളുടെയും പിന്നാക്കക്കാരുടെയും ഭിന്നശേഷിക്കാരുടെയും കാര്യത്തിലുള്ള പരിഗണന, ഉന്നതവിദ്യാഭ്യാസത്തിന് എത്തുന്നവരുടെ തോത് 50% ആക്കൽ, വിദേശസർവകലാശാലകളെ കൊണ്ടുവരൽ, കോളേജുകളുടെയും സർവകലാശാലകളുടെയും നിലവാരമുയർത്തൽ എന്നിങ്ങനെ ഒറ്റവായനയിൽ സ്വീകാര്യമെന്ന് തോന്നാവുന്ന നിരവധി വാഗ്ദാനങ്ങൾ എഴുതിച്ചേർക്കുന്നതിൽ നയരേഖാ സമിതി ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതൊക്കെ ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യകൾ മാത്രമാണെന്നും അതിന്റെ മറവിൽ ഈ നയരേഖയിൽ അനേകം ചതിക്കുഴികൾ ഒരുക്കിവച്ചിട്ടുണ്ടെന്നും തിരിച്ചറിയാൻ സൂക്ഷ്മവും നിശിതവും വിമർശനാത്മകവുമായ പരിശോധന തന്നെ വേണ്ടിവരും. | |||
==ഭാഗം - 2== | |||
===സ്കൂൾ വിദ്യാഭ്യാസം=== | |||
ഈ നയരേഖയിൽ വളരെ പ്രാധാന്യത്തോടെ പ്രതിപാദിക്കപ്പെട്ട രണ്ടുമേഖലകളിലൊന്ന് സ്കൂൾ വിദ്യാഭ്യാസമാണ്. ഔപചാരിക വിദ്യാഭ്യാസത്തിലൂടെയാണ് ഒരു കുട്ടിക്ക് ഇന്നത്തെ ലോകത്ത് ജീവിക്കാനാവശ്യമായ ശേഷികൾ പലതും പ്രദാനം ചെയ്യുന്നത്. ദൃഢമായ ഈ അടിത്തറയുടെ ബലത്തിലാണ് തുടർപഠനം നടത്തേണ്ടതും തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കേണ്ടതും പൗരനെന്ന നിലയിൽ തന്നിൽ അർപ്പിതമായ ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ടതും. | |||
===സ്കൂൾ ഘടന=== | |||
സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഈ നയത്തിലുള്ള പ്രധാനപ്പെട്ട നിർദേശങ്ങളിലൊന്ന് സ്കൂൾ ഘടനയെക്കുറിച്ചുള്ളതാണ്. സ്കൂൾ ഘടനയെക്കുറിച്ച് വ്യത്യസ്തങ്ങളായ നിർദേശങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. സെക്കന്ററി വിദ്യാഭ്യാസത്തെക്കുറിച്ചു പഠിച്ച മുതലിയാർ കമ്മീഷൻ വിവിധോദ്ദേശ്യ വിദ്യാലയങ്ങൾ (multipurpose schools) സ്ഥാപിക്കണം എന്നും തൊഴിൽവിദ്യാഭ്യാസത്തിന് മതിയായ പ്രാധാന്യം നൽകണമെന്നും കൃഷി കരിക്കുലത്തിന്റെ അവിഭാജ്യഘടകമാകണമെന്നും നിർദേശിച്ചു. നാലോ അഞ്ചോ വർഷത്തെ അടിസ്ഥാന വിദ്യാഭ്യാസത്തിന് ശേഷം ഏഴ് വർഷത്തെ സെക്കന്ററി വിദ്യാഭ്യാസമാണ് ആ കമ്മീഷൻ ശുപാർശ ചെയ്തത്. സെക്കന്ററി വിദ്യാഭ്യാസം 11 വയസ്സിൽ ആരംഭിക്കുകയും 17 വയസ്സുവരെ തുടരുകയും വേണം. ഇതിൽ ആദ്യത്തെ മൂന്ന് വർഷം ജൂനിയർ സെക്കന്ററിയും തുടർന്ന് നാല് വർഷം ഹയർസെക്കന്ററിയുമായിരിക്കും. സ്കൂൾ വിദ്യാഭ്യാസം ആകെ 11 വർഷമായിട്ടാണ് വിഭാവനം ചെയ്തത്. പന്ത്രണ്ടാം ക്ലാസ് സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്നൊഴിവാക്കി യൂനിവേഴ്സിറ്റി വിദ്യാഭ്യാസത്തിന് മുമ്പുള്ള ഒരു വർഷത്തെ പ്രീ-യൂനിവേഴ്സിറ്റി വിദ്യാഭ്യാസമാക്കി മാറ്റണമെന്നും ഇന്റർമീഡിയറ്റ് കോളേജുകൾ ഒഴിവാക്കണമെന്നുമാണ് ശുപാർശ ചെയ്തത്. | |||
എന്നാൽ കോത്താരി കമ്മീഷൻ മറ്റൊരു തരത്തിലാണ് വിദ്യാഭ്യാസഘട്ടങ്ങൾ കണ്ടത്. സ്കൂൾ വിദ്യാഭ്യാസം പന്ത്രണ്ട് വർഷമാകണമെന്നും അതിൽ ആദ്യത്തെ പത്തുവർഷം എല്ലാവരും പൊതുവായ വിഷയങ്ങളും തുടർന്നുള്ള രണ്ടുവർഷം പ്രത്യേക വിഷയഗ്രൂപ്പുകളും എടുത്ത് പഠിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. 1968 ലെ നയത്തിൽ സ്കൂൾ ഘടന 10 + 2 ആയും 1986 ലെ (1992 ൽ പരിഷ്കരിച്ച) നയത്തിൽ പന്ത്രണ്ടിൽ ആദ്യത്തെ 10 വർഷത്തെ 5 + 3 + 2 ആയി വിഭജിച്ചുമാണ് നിർദേശിച്ചത്. ദേശീയ വിദ്യാഭ്യാസനയം-2020 വിദ്യാഭ്യാസ ഘട്ടങ്ങളെ 5+3+3+4 എന്നിങ്ങനെ പതിനഞ്ച് വർഷം ഉൾക്കൊള്ളും വിധമാണ് വിഭാവനം ചെയ്യുന്നത്. ഇതിൽ 3 മുതൽ 8 വയസ്സ് വരെയുള്ള ഘട്ടത്തെ ഫൗണ്ടേഷണൽ ഘട്ടമെന്നാണ് (Foundational stage) വിശേഷിപ്പിക്കുന്നത്. ഇതിൽ 1, 2 ക്ലാസുകളോടു ചേർന്നുള്ള 3 വർഷത്തെ പ്രീ സ്കൂളും ഉൾപ്പെടും. 8 മുതൽ 11 വയസ്സുവരെ അഥവാ 3 മുതൽ 5 വരെ ക്ലാസുകളെ പ്രിപ്പറേറ്ററി ഘട്ടമെന്നും (Preperatory stage) 11 മുതൽ 14 വയസ്സുവരെ അതായത് 6 മുതൽ 8 വരെ ക്ലാസുകളെ മിഡിൽ ഘട്ടമെന്നും (Middle stage) 14 മുതൽ 18 വയസ്സുവരെ അതായത് 9 മുതൽ 12 വരെ ക്ലാസുകളെ സെക്കന്ററി ഘട്ടം (Secondary stage) എന്നുമാണ് വിവക്ഷിക്കുന്നത്. ഇതിൽ 3 മുതൽ 6 വയസ്സ് വരെയുള്ള പ്രീ സ്കൂൾ ഘട്ടം അങ്കണവാടികളിലും പ്രീ സ്കൂളുകളിലും ആയിരിക്കും നടക്കുക. ഇവ സ്കൂളിന് അകത്തോ പുറത്തോ ആകാം. ഇതിന്റെ നടത്തിപ്പുകാര്യങ്ങൾ സെക്ഷൻ 1.9 പ്രകാരം വിദ്യാഭ്യാസ മന്ത്രാലയം, കുട്ടികളുടെയും വനിതകളുടെയും വികസന മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ട്രൈബൽകാര്യ മന്ത്രാലയം എന്നിവർ സംയുക്തമായിട്ടായിരിക്കും നിർവഹിക്കുക. ഏകോപനത്തിനായി ഈ മന്ത്രാലയങ്ങളെല്ലാമടങ്ങിയ കർമസമിതി രൂപീകരിക്കും. ഈ ഘട്ടത്തിനാവശ്യമായ കരിക്കുലവും ബോധനതന്ത്രങ്ങളും വികസിപ്പിക്കുക വിദ്യാഭ്യാസവകുപ്പായിരിക്കും. ഇപ്രകാരം പ്രീസ്കൂൾ ഘട്ടത്തെ നിലവിലുള്ള വിദ്യാഭ്യാസഘടനയിൽ ഉൾപ്പെടുത്തുന്നുവെങ്കിലും അതിന്റെ മനഃശാസ്ത്രപരമോ ബോധനശാസ്ത്രപരമോ ആയ അടിത്തറ എന്താണെന്ന് എവിടെയും വ്യക്തമാക്കിയിട്ടില്ല. | |||
ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം അതിന് സൗകര്യമില്ലാത്ത ഇടങ്ങളിൽ ചെലവ് കുറഞ്ഞ ബദൽ സ്കൂളുകൾ (alternate schools) സ്ഥാപിക്കുമെന്നും സന്നദ്ധപ്രവർത്തകരുടെ കൂടി സഹകരണത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്യുമെന്നും ഓപ്പൺ സ്കൂളിലൂടെ തുല്യതാപരീക്ഷ നടത്തുമെന്നും പറയുന്നുണ്ട്. സ്കൂൾ നടത്തിപ്പിനായി സ്വകാര്യ, ജീവകാരുണ്യ സംവിധാനങ്ങളെ കൂടി ക്ഷണിക്കുന്നുവെന്നും നിയന്ത്രണങ്ങളെല്ലാം ലളിതമാക്കുമെന്നും നയരേഖ മറ്റിടങ്ങളിലായി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. 3 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള പ്രാപ്യത സെക്ഷൻ 3 പ്രകാരം പറയുന്നുണ്ടെങ്കിലും അത് കുട്ടികളുടെ അവകാശമായി ഒരിടത്തും പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. | |||
===പ്രീപ്രൈമറി ഔപചാരികമാവുമ്പോൾ=== | |||
ഇന്ത്യയിലെങ്ങും (3- 6) വയസ്സുകാർ പൊതുവിൽ രണ്ടുതരം സ്ഥാപനങ്ങളിലാണ് പഠിക്കുന്നത്. സാമ്പത്തിക പരാധീനതയുള്ള കുടുംബത്തിലെ കുട്ടികൾ അങ്കണവാടികളിൽ പഠിക്കുന്നു. അല്ലാത്ത കുട്ടികൾ പ്രീ സ്കൂൾ സംവിധാനത്തിന്റെ ഭാഗമാകുന്നു. അങ്കണവാടികൾ പൊതുവെ കുട്ടികൾക്ക് സർക്കാർ വിതരണംചെയ്യുന്ന പോഷകാഹാരം നൽകുകയും നിശ്ചിതസമയം അവരെ പരിപാലിക്കുകയും ചെയ്യുന്നു. അക്ഷര-അക്ക വിദ്യാഭ്യാസം അവിടെ നൽകണമെന്ന ആവശ്യമുയർന്നുവരുന്നുണ്ട്. പ്രീ സ്കൂളുകളിൽനിന്ന് അക്ഷര-അക്കബോധം നേടിയവർക്കൊപ്പമാണ് ഒന്നാം സ്റ്റാൻഡേർഡിൽ ഈ കുട്ടികൾ പഠിക്കുന്നത്. ഇവ തമ്മിൽ ഐകരൂപ്യം വരുത്താനാകാം 3 മുതൽ 6 വയസ്സുവരെ ഔപചാരികമായി വിദ്യാഭ്യാസസംവിധാനത്തിന്റെ ഭാഗമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. | |||
നിലവിലെ നിയമമനുസരിച്ച് ഇന്ത്യയിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത് ആറ് വയസ്സ് തികയുമ്പോഴാണ്. ചില രാജ്യങ്ങളിൽ ഇത് ഏഴുവയസ്സിലാണ്. പുതിയ നയത്തോടെ ഇനി മൂന്നുവയസ്സോടെ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കും. ഇതിനായി ദേശീയതലത്തിൽ ഒരു പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കും (National Curricular and Pedagogical Framework for Early Childhood Care and Education). അങ്കണവാടികളുടെ ഭൗതികസൗകര്യങ്ങളും അധ്യാപകരുടെ കഴിവും മെച്ചപ്പെടുത്താൻ പരിപാടികൾ ഉണ്ടാവും. ആദിവാസി മേഖലകളിൽ നിലവിലുള്ള 'ആശ്രംശാല' കളും മറ്റു ചിലയിടങ്ങളിൽ ബദൽവിദ്യാലയങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. അഞ്ചുവയസ്സിനു മുമ്പുതന്നെ അക്ഷരങ്ങളും (alphabets) അക്കങ്ങളും (numbers) എണ്ണവും (counting) പഠിപ്പിക്കും. (1.2) | |||
കുട്ടികളുടെ മസ്തിഷ്കവളർച്ചയുടെ 85% വും 6 വയസ്സിനുള്ളിൽ നടക്കുമെന്ന നാഡീമനഃശാസ്ത്രനിഗമനമാണ് പുതിയ നീക്കത്തിനുപിന്നിലെന്ന് രേഖയിൽ പറയുന്നു. എന്നാൽ ഇക്കാലത്ത് തികച്ചും അനൗപചാരികമായും ചുറ്റുപാടുമായി ബന്ധപ്പെട്ടും കൂട്ടുകാരോട് ഇടപെട്ടും കളികളിലൂടെയുമാണ് കുട്ടികൾ വളരേണ്ടതെന്ന് ലോകത്താകെയുള്ള വിദഗ്ധർ പറഞ്ഞത് വിസ്മരിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ പൊതുവിൽ 3 വയസ്സിൽ ആരംഭിക്കുന്ന നിർബന്ധിതവും ഔപചാരികവുമായ പ്രീസ്കൂൾ വിദ്യാഭ്യാസമില്ല. വീടുകളിലോ ഡേ കെയർ സെന്ററുകളിലോ വ്യത്യസ്തങ്ങളായ കളിയിടങ്ങളിലോ കിട്ടുന്ന അനുഭവങ്ങളാണ് കുട്ടികളുടെ വളർച്ച ഇക്കാലത്ത് ഉറപ്പുവരുത്തുന്നത്. | |||
ഈ പ്രായത്തിൽ കുട്ടികളുടെ ശാരീരിക - മാനസിക - വൈകാരിക - സാമൂഹിക വികാസ ഘട്ടങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്. ഔപചാരിക വിദ്യാഭ്യാസത്തെ താഴോട്ട് വലിച്ചുനീട്ടി അതിന്റെ ചട്ടവട്ടങ്ങളിൽ കുട്ടികളെ അടച്ചിടുന്നത് നിലവിലുള്ള പ്രീസ്കൂൾ സങ്കൽപത്തെ നിരാകരിക്കലാണ്. ഈ ഘട്ടത്തിലെ കുട്ടികൾക്ക് സുരക്ഷിതത്വവും സ്നേഹവും പരിലാളനയും പരിഗണനയും പരിചരണവുമാണ് അനിവാര്യം. കളിയായിരിക്കണം അവർക്ക് നൽകുന്ന പ്രവർത്തനങ്ങളുടെ മുഖ്യസ്വഭാവം. കിന്റർഗാർട്ടൻ എന്ന ആശയം അവതരിപ്പിച്ച ഫ്രോബൽ ഈ കാഴ്ചപ്പാടാണ് മുന്നോട്ടുവച്ചത്. റൂസോയും ടാഗോറും പ്രകൃതിയാണ് കുട്ടികളുടെ പാഠപുസ്തകമെന്നു പറഞ്ഞു. ഏഴുവയസ്സു തൊട്ടേ വായനയിലേക്കും എഴുത്തിലേക്കും കടക്കാവൂ എന്നാണ് ഗാന്ധിജി പറഞ്ഞത്. | |||
കുട്ടികളുടെ തലച്ചോറിലെ കോശങ്ങൾക്കാവശ്യമായ പോഷകഘടകങ്ങളും സമൃദ്ധമായ പഞ്ചേന്ദ്രിയ അനുഭവങ്ങളുമാണ് ഈ ഘട്ടത്തിൽ ലഭിക്കേണ്ടത്. എന്നാൽ ശിശുപ്രകൃതത്തെ പൂർണമായും മറന്നുകൊണ്ട് എഴുത്തും വായനയുമടങ്ങിയ ഔപചാരികപ്രക്രിയകളിലേക്ക് കുട്ടികളെ നിർബന്ധിച്ചുകൊണ്ടുപോകുന്നത് ശാരീരികമായും മാനസികമായും അമിതഭാരം ഏൽപിക്കലാണ്. ഇത് അവരുടെ സ്വാഭാവികവും സമതുലിതവും സമഗ്രവുമായ മസ്തിഷ്കവികാസത്തെ തടസ്സപ്പെടുത്തും. | |||
ഈ കാലയളവിൽ അവർക്ക് ഔപചാരികവിദ്യാഭ്യാസം നൽകുന്നത് യൗവനാരംഭത്തിൽ അവരെ പലതരം മാനസിക പിരിമുറുക്കങ്ങൾക്കും വിധേയരാക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. (ഇപ്പോൾതന്നെ കേരളത്തിൽ മാനസികപ്രശ്നങ്ങളുടെയും ആത്മഹത്യയുടെയും നിരക്ക് അഖിലേന്ത്യാ ശരാശരിയുടെ ഏതാണ്ട് രണ്ടര ഇരട്ടിയാണ്. ഒരുലക്ഷം പേരിൽ അഖിലേന്ത്യാതലത്തിൽ 10 ആത്മഹത്യ ഉണ്ടാകുമ്പോൾ കേരളത്തിൽ അത് 24 ആണ്.) മത്സരപ്പനി പിടിച്ച് ചില സ്വകാര്യവിദ്യാലയ നടത്തിപ്പുകാർ മൂന്നുഭാഷകളാണ് - പ്രാദേശിക, ദേശീയ, അന്തർദേശീയ ഭാഷകൾ - ഈ പ്രായക്കാരെകൊണ്ട് ഇമ്പോസിഷൻ എഴുതിച്ച് പഠിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഈ പരിഷ്കരണത്തിനെതിരെ ഭാവിതലമുറയുടെ മാനസികാരോഗ്യത്തിൽ ഉത്കണ്ഠയുള്ള രക്ഷിതാക്കളും അധ്യാപകരും മറ്റും ഉണരേണ്ടതുണ്ട്. | |||
അങ്കണവാടിയിൽ ഉൾപ്പെടെയുള്ള അധ്യാപകരെ എങ്ങനെ പുതിയ ഉത്തരവാദിത്തത്തിന് പ്രാപ്തമാക്കുമെന്നോ അവർക്ക് അർഹിക്കുന്ന വേതനം ഉറപ്പുവരുത്തുമെന്നോ നയരേഖ വ്യക്തമാക്കുന്നില്ല. പകരം ഓൺലൈൻ പരിശീലനത്തിലൂടെ നിലവിലുള്ള അങ്കണവാടി അധ്യാപകരെ പരിശീലിപ്പിക്കുകയെന്ന അപ്രായോഗികമായ നിർദേശമാണ് രേഖ മുന്നോട്ടുവെക്കുന്നത്. | |||
===അടിസ്ഥാനസാക്ഷരത, സംഖ്യാബോധം=== | |||
പുതിയനയമനുസരിച്ച് 3 വയസ്സുമുതൽ 8 വയസ്സുവരെയുള്ള അഞ്ചുവർഷത്തെ വിദ്യാഭ്യാസമാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യപടി (Foundational stage). എഴുതാനും വായിക്കാനുമുള്ള കഴിവും സംഖ്യകൾ ഉപയോഗിച്ചുള്ള വിവിധ ക്രിയകളുമാണ് ഈ ഘട്ടത്തിലെ ഊന്നൽ. ഇന്ത്യയിൽ ഇപ്പോൾ എലിമെന്ററി ഘട്ടത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന അഞ്ചുകോടിയോളം കുട്ടികൾക്ക് എഴുതാനും വായിക്കാനും അടിസ്ഥാന ഗണിതക്രിയകൾ ചെയ്യാനുമറിയാത്ത സ്ഥിതിയുണ്ട്. ഇത് പരിഹരിക്കാൻ ദേശീയതലത്തിൽ ഒരു മിഷൻ തന്നെ ആരംഭിക്കും (national mission on foundational literacy and numeracy). 2025 ഓടെ മുഴുവൻ കുട്ടികളും ലിറ്ററസിയും ന്യൂമറസിയും നേടി എന്ന് ഉറപ്പുവരുത്തും. ഇതിനായി സ്കൂളിൽ ദിവസേന കുറേസമയം വായനയും എഴുത്തും അടിസ്ഥാനഗണിതവും ഉറപ്പിക്കാൻ നീക്കിവെക്കും. രാജ്യത്തെ ഓരോ പൗരനും ഒരു കുട്ടിയെ എങ്കിലും പഠിപ്പിക്കുന്ന വിധത്തിലുള്ള തീവ്രമായ ഇടപെടൽ തന്നെ ഇക്കാര്യത്തിൽ നടക്കേണ്ടതുണ്ടെന്നാണ് നയം മുന്നോട്ടുവെക്കുന്ന നിലപാട്. | |||
ഈ അടിസ്ഥാനശേഷികൾ എല്ലാ കുട്ടികളും നേടേണ്ടതാണ് എന്നതിൽ ആർക്കും സംശയം കാണില്ല. പക്ഷേ ഇത്തരമൊരു ഉദ്യമത്തിലൂടെ നിശ്ചിതപ്രായത്തിനുള്ളിൽ നേടിയെടുക്കാവുന്ന കാര്യമാണോ ഇത്? ഈ ശേഷികൾ എപ്പോൾ നേടണം, എങ്ങനെ നേടണം, എന്തുകൊണ്ട് പലർക്കും അത് സാധിക്കുന്നില്ല, നിർബന്ധിച്ച് പഠിപ്പിച്ചാണോ അവ ഉണ്ടാക്കേണ്ടത് എന്നതുപോലുള്ള പ്രസക്തമായ നിരവധി ചോദ്യങ്ങൾ ഇവിടെ ഉയരുന്നു. രാജ്യത്തെ എല്ലാ കുട്ടികളും നമ്മുടെ വിലപ്പെട്ട സമ്പത്താണ്. അവരെല്ലാം ഒരേ ചുറ്റുപാടിൽ നിന്നല്ല വരുന്നത്. ചിലർ പഠനത്തിൽ മറ്റുള്ളവർക്ക് ഒപ്പമെത്താത്തത് അവരുടെ കുറ്റം കൊണ്ടല്ല. ശാരീരികവും മാനസികവും ഗാർഹികവും സാമൂഹികവും സാംസ്കാരികവും പ്രാദേശികവുമായ നിരവധി കാരണങ്ങൾ അതിനുപിന്നിലുണ്ട്. ഓരോ കുട്ടിയെയും പ്രത്യേകമായി കണ്ടുകൊണ്ടുള്ള വിലയിരുത്തലുകളും പിന്തുണയൊരുക്കലും ആവശ്യമാണ്. അത് കേവലം അക്കാദമികതലത്തിൽ ഒതുങ്ങി നിൽക്കുന്ന ഇടപെടൽ മാത്രമാവില്ല. എന്നാൽ ഈ വസ്തുതകളൊന്നും കാണാതെ എല്ലാവരും മൂന്നാം ക്ലാസിലെത്തുമ്പോഴേക്കും ഇവ നേടണമെന്നും ഒരു പൊതുപരീക്ഷയിലൂടെ ഇത് തെളിയിക്കണമെന്നും വരുമ്പോൾ തുടക്കത്തിലേ കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതിലാണ് എത്തിച്ചേരുക. | |||
അടിച്ചേൽപിക്കുന്ന യാന്ത്രികലക്ഷ്യങ്ങൾ തെറ്റായ പഠനമുറകൾ അവലംബിക്കാൻ അധ്യാപകരെയും സ്കൂളുകളെയും നിർബന്ധിതമാക്കും. സമ്മർദം രക്ഷിതാക്കളിലും എത്തിച്ചേരും. നിർബന്ധിച്ച് പഠിപ്പിച്ചോ ട്യൂഷൻ ഏർപ്പാടാക്കിയോ മറ്റുള്ളവർക്ക് ഒപ്പമെത്തിക്കാൻ അവരും ശ്രമിക്കും. ഇത് കുട്ടികളിൽ വർധിച്ച ഭീതിയും നിരാശാബോധവും സൃഷ്ടിക്കും. | |||
2019 ൽ ഇറങ്ങിയ കരട് രേഖപ്രകാരം സ്കൂൾ അസംബ്ലി തൊട്ടുള്ള പ്രവർത്തനങ്ങളും ഭാഷാ - ഗണിത വാരാചരണങ്ങളും ഉൾപ്പെടെ വൻപരിപാടികളാണ് ഫൗണ്ടേഷണൽ ലിറ്ററസിയും ന്യൂമറസിയും ലക്ഷ്യമിട്ട് സ്കൂളുകളിൽ നടപ്പിലാവുക. ഇതിനായി എല്ലാ കേന്ദ്രഭരണപ്രദേശങ്ങളും അടിയന്തിരമായി കർമപരിപാടികൾ തയ്യാറാക്കണമെന്നും ഘട്ടംഘട്ടമായുള്ള ലക്ഷ്യം നിർണയിച്ച് അവ നേടുന്നുവെന്ന് ഉറപ്പിക്കണമെന്നും രേഖ ആവശ്യപ്പെടുന്നു (2.1). സ്കൂളിൽ ടീച്ചറുടെ ബോധനത്തിനൊപ്പം പിയർ ട്യൂട്ടറിങ്ങും (one-on-one peer tutoring) കൗൺസലിങ്ങും സ്കൂളിനുവെളിയിൽ വളണ്ടിയർമാരുടെ ഇടപെടലുമെല്ലാം വഴി ഈ ദേശീയദൗത്യം ലക്ഷ്യത്തിലെത്തിക്കണമെന്നാണ് ആഹ്വാനം. സർഗാത്മകവും സ്വതന്ത്രവും വ്യവഹാരരൂപങ്ങളിൽ ഊന്നിയുള്ളതുമായ, തുടർന്നുള്ള ഭാഷാപഠനത്തെ ഇത്തരം 'യുദ്ധസന്നാഹങ്ങൾ' ഹാനികരമായി ബാധിക്കും. ഫലത്തിൽ നല്ല അടിത്തറ ലക്ഷ്യമിട്ട് ചെയ്ത പ്രവർത്തനങ്ങൾ പല കുട്ടികളുടെ കാര്യത്തിലും ദോഷകരമായി ഭവിക്കും. പഠനവേഗതയും ശാരീരിക - മാനസിക സവിശേഷതകളും മറ്റും പരിഗണിച്ചുള്ള വഴക്കമുള്ള ഇടപെടലും കൈത്താങ്ങുമാണ് ഇവിടെ അഭികാമ്യം. കുട്ടികളുടെ വ്യക്തിപരമായ പ്രശ്നങ്ങളും പഠനവേഗതയും പഠനശൈലിയുമൊക്കെ പരിഗണിക്കാതെ 'മിഷൻ മോഡി' ലുള്ള പ്രവർത്തനം ശരിയല്ലതന്നെ. | |||
ഭാഷയിലും ഗണിതത്തിലുമുള്ള ഈ അമിതമായ ഊന്നൽ കുട്ടികളുടെ ഇതരമേഖലകളിലുള്ള വികാസത്തിന് വിഘാതമായേക്കും എന്ന മറ്റൊരു അപകടവുമുണ്ട്. പ്രത്യേകിച്ചും ഈ ഘട്ടത്തിൽ നടക്കേണ്ട തന്നെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചുമുള്ള പൊതുബോധത്തിന്റെ രൂപീകരണവും പരിസരസംബന്ധമായ ധാരണകളുടെ വികാസവും സാമൂഹ്യവത്കരണത്തിന്റെ പടവുകളും മറ്റും അവഗണിക്കപ്പെടും. ഭാഷയും ഗണിതവും മറ്റും സ്വാഭാവികരീതിയിൽ വളരാനും തന്റെ ചുറ്റുപാടുമായി കുട്ടി നടത്തുന്ന ഇടപെടൽ പ്രധാനമാണ്. ലോകബോധം വളർന്നില്ലെങ്കിലും വേണ്ടില്ല, അക്ഷരവും അക്കവും എങ്ങനെയെങ്കിലും ഉറച്ചാൽ മതി എന്നുവരുന്നത് വിദ്യാഭ്യാസതത്വങ്ങൾ പ്രകാരം അംഗീകരിക്കാനാവില്ല. ഓരോ ഘട്ടത്തിലും ലഭ്യമാകേണ്ട എല്ലാവിധ കഴിവുകളും സമതുലിതമായി വികസിപ്പിക്കുക എന്നതിന് തന്നെയാവണം ഊന്നൽ. അതാകട്ടെ മനഃശാസ്ത്രവും ബോധനശാസ്ത്രവും തരുന്ന തിരിച്ചറിവുകൾക്കൊത്തുവേണം സാധ്യമാക്കാൻ. വിദ്യാഭ്യാസത്തെ യാന്ത്രികമായി മാത്രം കാണുകയും എല്ലാം നേരത്തെ സാധ്യമാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഉപകരണാത്മക ചിന്തയാണ് ഇവിടെ വിദഗ്ധസമിതിയെയും നയിക്കുന്നത്. എല്ലാം ലാഭത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്ന പുതിയ ലോകത്ത്, 'എത്രയും നേരത്തെ' എന്നത് പലരെയും വിശേഷിച്ച്, ചില രക്ഷിതാക്കളെ ആകർഷിക്കുന്ന ഘടകമാണല്ലോ. | |||
===തൊഴിൽ വിദ്യാഭ്യാസം=== | |||
1953 ൽ റിപ്പോർട്ട് സമർപ്പിച്ച സെക്കന്ററി വിദ്യാഭ്യാസ കമ്മീഷൻ അഥവാ മുതലിയാർ കമ്മീഷൻ മുതൽ തൊഴിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. വിദ്യാഭ്യാസനയങ്ങളിലും തൊഴിൽ വിദ്യാഭ്യാസം പ്രാധാന്യത്തോടെ കടന്നുവരാറുണ്ട്. എന്നാൽ നിർദേശങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്ന കാര്യത്തിൽ മാത്രം സർക്കാരുകൾക്ക് മുന്നോട്ട് പോകുവാൻ കഴിഞ്ഞിട്ടില്ല. ഇതെന്തുകൊണ്ടാണെന്ന ആത്മപരിശോധന ഒരിക്കലും നടക്കാറുമില്ല. അതിന്റെ ഒരു പുനരാവർത്തനമാണ് പുതിയനയത്തിലും ഉള്ളത്. പഠനപ്രക്രിയയുടെ ഭാഗമായായി തൊഴിൽഅനുഭവങ്ങളെ (work centered education) പ്രയോജനപ്പെടുത്തുന്നതിന് ഉതകുന്ന നിർദേശങ്ങളല്ല ഈ നയത്തിൽ ഉള്ളത്. പകരം വൊക്കേഷണൽ വിഷയങ്ങൾ പഠിക്കുന്നതിനായി (6-8) വരെ ക്ലാസുകളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫൺകോഴ്സും, (6-12) ക്ലാസുകളിൽ അവധി ദിവസങ്ങളിലടക്കം നടക്കുന്ന ഇന്റേൺഷിപ്പും നിർദേശിച്ചിരിക്കുന്നു. (internship opportunities to learn vocational subjects may be made available to students throughout Grades 6-12, including holiday periods) (4.26). | |||
യഥാർഥത്തിൽ മിഡിൽ സ്കൂൾ കാലഘട്ടത്തിൽ തൊഴിലുകൾ നേരിട്ട് പരിചയപ്പെടുത്തുന്നതിനല്ല, പഠനപ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിലിന്റെ മഹത്വം തിരിച്ചറിയുന്നതിനുള്ള പരോക്ഷ സന്ദർഭങ്ങളാണ് ഒരുക്കേണ്ടത്. തുടർന്ന് സെക്കന്ററിയുടെ തുടക്കത്തിൽ തൊഴിൽ ആഭിമുഖ്യം വളരുന്നതിന് ഉതകുന്ന തരത്തിൽ സ്കൂളിൽ തന്നെ ചെയ്യാവുന്നതും പഠനവുമായി ബന്ധപ്പെട്ടതുമായ ചെറിയ നിർമാണപ്രവർത്തനങ്ങൾ ആവാം (ഉദാ : പച്ചക്കറികൃഷി). വീട്ടിലാകട്ടെ രക്ഷിതാവിന്റെ സഹായത്തോടെ ചെയ്യാവുന്ന പാചകം പോലുള്ളവയും പരിഗണിക്കാം. ഒമ്പത്, പത്ത് ക്ലാസുകളിൽ മുതിർന്നവരുടെ മേൽനോട്ടത്തിൽ ക്യാമ്പ് സംഘടിപ്പിച്ച് ഒരാഴ്ചക്കാലം താത്പര്യമുള്ള മേഖലകളിൽ സാമൂഹ്യമൂല്യമുള്ള നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെടാം. ഗ്രൂപ്പ് പ്രവർത്തനമായി ഇവ സംഘടിപ്പിച്ചാൽ താത്പര്യപൂർവം കുട്ടികൾ അത് ഏറ്റെടുക്കും. തുടർന്ന് പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ ഇഷ്ടപ്പെട്ട ഒരു മേഖലയിൽ തൊഴിൽപഠനം നടത്തുന്നതിന് എല്ലാവർക്കും സ്കൂളിൽ വർക്ക് സെന്റർ ഏർപ്പെടുത്താം. സെക്കന്ററി ഘട്ടത്തിലെ പൊതുപഠനത്തെ ദോഷകരമായി ബാധിക്കാതെ ആഴ്ചയിൽ ഒരു ദിവസമായി ഇത് ചുരുക്കണം. ഇത് അവരുടെ പഠനത്തിന്റെ ഭാഗമായി പരിഗണിച്ച് ഗ്രേഡ് നൽകുകയും വേണം. പന്ത്രണ്ടാം ക്ലാസിനു ശേഷം അക്കാദമിക പഠനത്തിൽ തുടരാത്തവർക്ക് തൊഴിലുമായി ബന്ധപ്പെട്ട ഉയർന്ന പരിശീലനത്തിന് വൊക്കേഷണൽ സ്ഥാപനങ്ങളിൽ അവസരമുണ്ടാക്കാം. കൂടാതെ പ്രത്യേക മേഖലകളിൽ അഭിരുചികളുള്ള കുട്ടികൾക്ക് അതിനുള്ള കോഴ്സുകളിൽ ചേർന്ന് വൈദഗ്ധ്യവികസനം സാധ്യമാക്കുന്നതിനുള്ള അവസരങ്ങളും ഒരുക്കാം. | |||
11, 12 ക്ലാസുകളിൽവച്ചുമാത്രം തൊഴിൽപരിചയം നേടുന്ന കുട്ടികൾക്ക് ഒരു വ്യവസായത്തൊഴിൽ നേടാൻ മാത്രം നൈപുണി ഉണ്ടാകുന്നില്ലെന്ന് രേഖയിൽ പറയുന്നു. അതിനുള്ള കാരണം വൊക്കേഷണൽ ഹയർ സെക്കന്ററികളിൽ നല്ല വർക്ക്ഷോപ്പുകളും വിദഗ്ധരായ അധ്യാപകരും ഇല്ലാത്തതാണ്. ആറാം ക്ലാസ് തൊട്ട് തൊഴിൽ പഠനം ആരംഭിക്കുന്നത് ഇതിനുള്ള പരിഹാരമല്ല. | |||
എല്ലാ കുട്ടികൾക്കും തൊഴിൽ അഭിരുചി വളരണമെന്ന നിർദേശം സ്വാഗതാർഹമാണ്. എന്നാൽ ഇത്ര ചെറുപ്പത്തിലേ തൊഴിലിന്റെ ലോകത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നത് യുക്തമല്ല. അത് മുകളിൽ സൂചിപ്പിച്ചതുപോലെ സാവധാനത്തിലും ഘട്ടംഘട്ടമായും കുട്ടിയുടെ താത്പര്യം കണക്കിലെടുത്തും മതി. നിർദിഷ്ട തൊഴിൽ വിദ്യാഭ്യാസത്തിൽ കോർപ്പറേറ്റുകളെ ഒരുതരത്തിലും ബന്ധിപ്പിക്കേണ്ടതുമില്ല. റിപ്പോർട്ടിൽ ഇപ്പോൾ നിർദേശിച്ച പദ്ധതികൾ വന്നാൽ - നേരത്തെയുള്ള തൊഴിൽ പരിശീലനവും അതിനിടയിലുള്ള എട്ടിലെയും പത്തിലെയും പൊതുപരീക്ഷകളും - കുറേപ്പേർ നേരത്തെ പഠനം നിർത്തി തൊഴിൽ മേഖലയിലേക്ക് തിരിഞ്ഞേക്കാം. | |||
പന്ത്രണ്ടാം ക്ലാസ് പൂർത്തിയാവുന്ന കുട്ടികൾക്ക് ഉന്നതപഠനത്തിന് പ്രവേശനം കിട്ടാൻ ഒരു പൊതുപ്രവേശന പരീക്ഷയിൽ വിജയിക്കണം എന്ന നിർദേശമാണ് പരിശോധിക്കേണ്ട മറ്റൊരു വിഷയം. വൻതുക നൽകി ട്യൂഷന് പോകാൻ കഴിയുന്നവരായിരിക്കും ഈ പൊതുപരീക്ഷയിൽ ഉന്നതനേട്ടം കൈവരിക്കുക. അഫിലിയേറ്റഡ് കോളേജുകൾ ആവശ്യമില്ലെന്ന നിലപാടാണ് പരിഗണിക്കേണ്ട ഇനിയൊരു കാര്യം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നാട്ടിൻപുറത്തെ കോളേജുകളിൽ ബിരുദപഠനത്തിന് ചേർന്നിരുന്ന പല നാട്ടിൻപുറത്തുകാർക്കും ആ അവസരം ഇല്ലാതാവും. പന്ത്രണ്ടാം ക്ലാസ് ജയിക്കാത്തവരും ഉണ്ടാവും. ഇവരും തൊഴിൽ മാർക്കറ്റിലേക്ക് ഇറങ്ങും. അതായത് ഘട്ടംഘട്ടമായി കുറേപ്പേർ സ്കൂൾ പഠനം വേണ്ടെന്നുവച്ച് തുച്ഛമായ വേതനം മാത്രം ലഭിക്കുന്നതും യാതൊരു തൊഴിൽസുരക്ഷയും ഇല്ലാത്തതുമായ കരാർതൊഴിലിന്റെയും മറ്റും ലോകത്ത് ചെന്നുപെടും. | |||
ബാലവേല ഒരു യാഥാർഥ്യമായ ഇന്ത്യൻ സാഹചര്യം കൂടി പരിഗണിക്കുമ്പോൾ ആശങ്കകൾ അസ്ഥാനത്തല്ല എന്നുവേണം കരുതാൻ. എല്ലാവർക്കും പന്ത്രണ്ടാം ക്ലാസ് വരെയുള്ള തുല്യതയുള്ളതും ഗുണനിലവാരമുള്ളതുമായ പൊതുവിദ്യാഭ്യാസമെന്നത്, യാതൊരു ആത്മാർഥതയുമില്ലാതെ ഈ രേഖയിൽ തന്നെ പലകുറി പറഞ്ഞിട്ടുള്ള നിലപാട്, നേരത്തെയുള്ള തൊഴിൽ പരിശീലനവും ആവർത്തിച്ചുവരുന്ന പൊതുപരീക്ഷകളും ചേർന്ന് ഇല്ലാതാക്കും. അങ്ങനെ വന്നാൽ പിന്നാക്കവിഭാഗങ്ങളിലെ കുട്ടികളാവും അതിന് ഇരയാവുക. പുറത്തുപോകുന്നവർക്ക് ബദൽവിദ്യാലയങ്ങളും നാഷണൽ ഓപ്പൺ സ്കൂൾ സംവിധാനവും ഉണ്ട് എന്നത് ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നുമുണ്ട്. | |||
ഐ. ടി. ഐ., പോളിടെക്നിക് എന്നിങ്ങനെ ഇപ്പോൾ ഈ രംഗത്തുള്ള സംവിധാനങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. കോർപ്പറേറ്റുകൾക്ക് ആവശ്യമായ അല്പവിദഗ്ധരും അവിദഗ്ധരുമായ തൊഴിൽസേനയെ മറ്റുരീതികളിൽ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യമല്ലേ ഇതിലൂടെയൊക്കെ പ്രകടിതമാവുന്നത് എന്ന സംശയം പ്രബലമാണ്. അത് ശരിയെങ്കിൽ 86 ലെ നയത്തിൽ തുടങ്ങിവച്ച നവലിബറൽ നയങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയെന്ന ധർമമാണ് ഈ നയരേഖ ഫലത്തിൽ നിർവഹിക്കുന്നത്. | |||
===ഭാഷാനയം=== | |||
ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഏതൊക്കെ ഭാഷകൾ പഠിപ്പിക്കുമെന്ന് തീരുമാനിക്കുന്നതിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ട്. ഭാഷ എന്നത് സമൂഹത്തിലേക്ക്, സംസ്കാരത്തിലേക്ക് വ്യക്തികളെ ബന്ധിപ്പിക്കുന്ന ഘടകമാണ്. പ്രാഥമികമായ ആശയവിനിമയത്തിനും വിജ്ഞാന വിപുലനത്തിനുമൊപ്പം വ്യക്തിത്വരൂപീകരണത്തിന്റെയും സാംസ്കാരികവും സർഗാത്മകവുമായ വികാസത്തിന്റെയും ആസ്വാദനത്തിന്റെയും തലങ്ങൾ അതിനുണ്ട്. ഒപ്പം സാംസ്കാരിക അധിനിവേശത്തിന്റെയും രാഷ്ട്രീയ ആധിപത്യത്തിന്റെയും ഉപകരണവും ഉപാധിയും കൂടിയാണ് ഭാഷ. ഇതെല്ലാം പരിഗണിച്ചുകൊണ്ടേ ഏതൊക്കെ ഭാഷകൾ, എത്രമാത്രം ആപേക്ഷിക പ്രാധാന്യത്തോടെ, എന്തൊക്കെ ലക്ഷ്യം വച്ച് പഠിപ്പിക്കണമെന്ന് തീരുമാനിക്കാനാവൂ. ഒപ്പം അക്കാദമികമായ പരിഗണനകളും പഠനഭാരത്തിന്റെ പ്രശ്നവും കടന്നുവരും. ഇതൊക്കെ വിലയിരുത്തിയാണ് മാതൃഭാഷ, ദേശീയഭാഷ അഥവാ മറ്റൊരു ഇന്ത്യൻ ഭാഷ, അന്തർദേശീയ ഭാഷകളിൽ പ്രധാനമായ ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകൾ ഉൾപ്പെടുത്തിയുള്ള ത്രിഭാഷാ പദ്ധതിക്ക് കോത്താരി കമ്മീഷൻ രൂപം നൽകിയത്. അതുതന്നെ മറ്റ് വിദ്യാഭ്യാസ നയരേഖകളും പിന്തുടർന്നു. രണ്ടാമത്തെ ഇന്ത്യൻ ഭാഷയായി ഒരു ദക്ഷിണേന്ത്യൻ ഭാഷ പഠിക്കണമെന്ന ധാരണ ഉത്തരേന്ത്യക്കാർ മിക്കവരും പാലിക്കുന്നില്ലെന്നതും തങ്ങൾ ഹിന്ദി പഠിക്കില്ല എന്ന് തമിഴ്നാട്ടുകാർ നിലപാടെടുത്തതും ഒഴിച്ചാൽ ത്രിഭാഷാ പദ്ധതിക്ക് പൊതുവിൽ സ്വീകാര്യതയും പ്രസക്തിയുമുണ്ട്. | |||
പുതിയ നയരേഖയും ത്രിഭാഷാ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നു. എന്നാൽ ഇന്ത്യൻ ഭാഷകളിൽ എന്തുകൊണ്ടും ഉന്നതവും സവിശേഷവുമായ ഒരു സ്ഥാനം സംസ്കൃതത്തിന് ഉണ്ടെന്നും ആകയാൽ ത്രിഭാഷാ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്കൃതം പഠിക്കാൻ അവസരമൊരുക്കുമെന്നും പറയുന്നു. അതിനർഥം ഉത്തരേന്ത്യയിൽ രണ്ടാമത്തെ ഇന്ത്യൻ ഭാഷയായി വ്യാപകമായി സംസ്കൃതം വരുമെന്നാണ്. മിക്ക ഇന്ത്യൻ ഭാഷകളുടെയും അക്ഷരമാലകളും പൊതുവായ വ്യാകരണ ഘടനയും വാക്കുകളും ശബ്ദങ്ങളുമൊക്കെ സംസ്കൃതത്തിൽനിന്നാണ് ഉത്ഭവിച്ചതെന്ന് നയരേഖ പറയുന്നു. ഇന്ത്യൻ ഭാഷകളെയെല്ലാം പൊതുവിൽ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫൺകോഴ്സ് ( 6-8) ക്ലാസുകളിൽ ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് സംരംഭത്തിൽ ഉൾപ്പെടുത്തി ഏർപ്പെടുത്തുമെന്നും ഇത് സംസ്കൃതകേന്ദ്രിതമായ ഏകതാബോധത്തിലേക്ക് കുട്ടികളെ നയിക്കുമെന്നും രേഖ പ്രതീക്ഷിക്കുന്നു. കൂടാതെ സംസ്കൃതത്തിന്റെ സവിശേഷമായ പ്രാധാന്യം പരിഗണിച്ച് സ്കൂൾ/ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും സംസ്കൃതം ഓപ്ഷണലായി പഠിക്കാൻ പ്രത്യേകമായ അവസരമൊരുക്കുമെന്നും പറയുന്നു. (6-12) ക്ലാസുകൾക്കിടയിൽ അധികമായി ഒരു ഇന്ത്യൻ ഭാഷ പഠിക്കാൻ അവസരമൊരുക്കുമെന്നുപറയുന്നതിലും സംസ്കൃതത്തെ ഈ രേഖ മുന്നിൽ കാണുന്നുവെന്ന് വേണം അനുമാനിക്കാൻ. | |||
ഭാഷാപഠനത്തിന് വിശിഷ്യ, സംസ്കൃതപഠനത്തിന് ഇത്രയധികം ഊന്നൽ വന്നുചേരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഇവിടെ ഉയരുന്നു. അത്തരമൊരു പ്രാധാന്യം ഇന്നത്തെ ലോകത്ത് മൃതഭാഷയായ സംസ്കൃതത്തിനുണ്ട് എന്ന് സാമാന്യയുക്തി വച്ച് സ്ഥാപിക്കാൻ കഴിയില്ല. ഇവിടെയാണ് ഭാഷയിലൂടെയുള്ള അധിനിവേശം എന്ന ലക്ഷ്യം ഇതിനുണ്ട് എന്ന് പറയേണ്ടി വരുന്നത്. സംസ്കൃതം പൗരാണികകാലത്തെ പ്രധാനപ്പെട്ട ഭാഷയാണെന്ന കാര്യത്തിലും ഇന്ത്യൻ പൗരാണികവിജ്ഞാനത്തിന്റെ വലിയൊരുഭാഗം അതിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നതിലും സംശയമില്ല. അതോടൊപ്പം തന്നെ പ്രധാനമാണ് സംസ്കൃതം എന്നത് ഇവിടുത്തെ സവർണവിഭാഗത്തിന്റെ ഭാഷയായിരുന്നു എന്നതും അതിൽ രേഖപ്പെടുത്തപ്പെട്ട വിജ്ഞാനത്തിന്റെ ഭൂരിഭാഗവും ആ വിഭാഗത്തിന്റെ സംഭാവനയാണ് എന്നതും ദ്രാവിഡരോ ആദിവാസി വിഭാഗങ്ങളോ രൂപപ്പെടുത്തിയതൊന്നും അതിൽ പ്രതിഫലിക്കുന്നില്ല എന്നതും. അതുപോലെ സവർണേതര വിഭാഗങ്ങളുടെ വൈജ്ഞാനിക നേട്ടങ്ങൾ അടിച്ചമർത്താനും തമസ്കരിക്കാനുമുള്ള ശ്രമങ്ങൾ നൂറ്റാണ്ടുകളോളം ഇവിടെ നടന്നിരുന്നുവെന്നതും കാണാതിരുന്നുകൂടാ. സംസ്കൃതത്തെ കുറിച്ച് വാചാലമാകുന്ന ഇടങ്ങളിൽ മറ്റ് ഇന്ത്യൻ ക്ലാസിക്കൽ ഭാഷകളുടെ സംഭാവനകളെ ഊന്നാതിരിക്കാനും ദ്രാവിഡ, ആദിവാസി ഭാഷാരൂപങ്ങൾ സംസ്കാരരൂപീകരണത്തിൽ വഹിച്ച പങ്ക് കണ്ടില്ലെന്നു നടിക്കാനും രേഖ ശ്രമിക്കുന്നു. അതുകൊണ്ടാണ് സംസ്കൃതത്തെ പുനരാനയിക്കാനുള്ള ശ്രമം കേവലം ഒരു ഭാഷയുടെ പുനരാഗമനം മാത്രമല്ലെന്നും, അത് സാംസ്കാരികമായ അധിനിവേശം ലക്ഷ്യം വച്ചാണെന്നും പറയേണ്ടിവരുന്നത്. ദേശീയവും അന്തർദേശീയവുമായ പല ഭാഷകളെ കുറിച്ചും പരാമർശിക്കുമ്പോഴും ഉറുദുവിനെയും അറബിക്കിനെയും മറന്നുപോകുന്നത് യാദൃശ്ചികമാവാൻ തരമില്ല. ബഹുസ്വരതയിലും മതേതരത്വത്തിലും ഊന്നിനിൽക്കേണ്ട വിദ്യാഭ്യാസം സമൂഹത്തെ വിഭജിക്കുന്നതിലേക്ക് എത്തിച്ചേരുമോ എന്ന ഭയം ഇവിടെ ഉയരുന്നു. ഭാഷാപഠനം സംബന്ധിച്ച് നയരേഖ എടുക്കുന്ന നിലപാട് അക്കാദമികം എന്നതിനെക്കാൾ, രാഷ്ട്രീയപരമാണ് എന്ന നിഗമനത്തിലേക്കാണ് നിഷ്പക്ഷമതികൾ എത്തിച്ചേരുക. | |||
ഇനി അധ്യയനമാധ്യമത്തെ കുറിച്ച് രേഖ എന്ത് നിലപാടാണ് എടുക്കുന്നതെന്നു നോക്കാം. സാധ്യതയുള്ള ഇടങ്ങളിൽ, ചുരുങ്ങിയത് അഞ്ചാം ക്ലാസ് വരെയോ, കഴിയുമെങ്കിൽ എട്ടാം ക്ലാസ് വരെയോ അതിനുമുകളിലോ അധ്യയനമാധ്യമം ഗൃഹഭാഷയോ മാതൃഭാഷയോ നാട്ടുഭാഷയോ പ്രാദേശികഭാഷയോ ആയിരിക്കുമെന്ന (Wherever possible, the medium of instruction until at least Grade 5, but preferably till Grade 8 and beyond, will be the home language/mother tongue/local language/regional language) (4.11) നയരേഖയിലെ വാചകം വലിയ ചർച്ചയ്ക്ക് വഴിതെളിയിച്ചിട്ടുണ്ട്. ചിലർ കരുതുന്നത് ഇതോടുകൂടി പ്രൈമറി ക്ലാസുകളിൽ മാതൃഭാഷ അധ്യയനമാധ്യമമായി മാറുമെന്നാണ്. | |||
ഡോ.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി രൂപീകൃതമായ യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ കമ്മീഷൻ മാതൃഭാഷാപഠനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. ‘Learning through a foreign medium compels the students to concentrate on cramming instead of mastering the subject matter’ എന്നത്രെ കോത്താരി കമ്മീഷന്റെ അഭിപ്രായം (1.51). 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിൽ പ്രായോഗികമാവുന്നേടത്തോളം (‘as far as practicable’) മാതൃഭാഷയിലൂടെ പഠിപ്പിക്കണമെന്ന് നിർദേശിച്ചെങ്കിലും എന്ത് സംഭവിച്ചുവെന്നത് നമ്മുടെയെല്ലാം അനുഭവമാണ്. നിർദേശങ്ങൾ കൊണ്ടുവരുന്നതിലല്ല അത് നടപ്പാക്കുന്നതിലുള്ള ഭരണകൂടത്തിന്റെ സത്യസന്ധതയും താൽപര്യവുമാണ് നിർണായകമാവുക. | |||
'Wherever possible’ എന്ന പ്രയോഗം ഈ നയരേഖയിൽ കരുതലോടെയാണ് പ്രയോഗിച്ചിരിക്കുന്നത് എന്നതിൽ സംശയമില്ല. സി. ബി. എസ്. ഇ. യും ഐ. സി. എസ്. ഇ. യും നിലനിൽക്കുന്നേടത്തോളം ഉപരിവർഗത്തെ വെറുപ്പിച്ചുകൊണ്ട് മാതൃഭാഷയിലൂടെ വിദ്യാഭ്യാസമെന്ന ഒരു തീരുമാനം കേന്ദ്രസർക്കാർ കൈക്കൊള്ളുമെന്ന് കരുതേണ്ടതില്ല. വിവിധ സംസ്ഥാനസർക്കാരുകളും പൊതുവിദ്യാലയങ്ങളിൽനിന്ന് ഇംഗ്ലീഷ് മീഡിയം ഒഴിവാക്കുമെന്ന് ഇന്നത്തെ സാഹചര്യത്തിൽ പ്രതീക്ഷിക്കേണ്ടതില്ല. ആ നിലയ്ക്ക് അധ്യയനമാധ്യമം മാതൃഭാഷയാകുന്നതാണ് നല്ലതെന്ന സിദ്ധാന്തവാചകങ്ങൾ ഒരു ഫലവും ചെയ്യാൻ പോകുന്നില്ല. 'സ്വദേശി' എന്നത് ഇതുപോലുള്ള കാര്യങ്ങൾക്ക് ബാധകമല്ലെന്ന നിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുന്നു. | |||
===ജ്ഞാനനിർമിതിയോ മനഃപാഠമോ ?=== | |||
ഈ രേഖയിൽ ഉടനീളം പഠനരീതിയെ കുറിച്ചു സൂചിപ്പിക്കുമ്പോഴൊക്കെ മനഃപാഠരീതി ഒഴിവാക്കണമെന്നും കുട്ടികളുടെ സ്വതന്ത്രചിന്തയും വിമർശനാത്മക അവബോധവും ശക്തിപ്പെടുത്തണമെന്നും പറയാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സ്വതന്ത്രചിന്തയും വിമർശനാത്മകതയും ചരിത്രപഠനത്തിലും സംസ്കാരപഠനത്തിലും ശാസ്ത്രപഠനത്തിലുമൊക്കെ എത്രകണ്ട് അനുവദിക്കുമെന്ന സംശയം ബാക്കിനിൽക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽക്കമ്പോളം, 'പഠിക്കാൻ പഠിക്കു'ന്നതിനെയും പ്രശ്നപരിഹരണശേഷിയെയും ആവശ്യപ്പെടുന്നുവെന്ന് നിരീക്ഷിക്കുന്നുണ്ടെങ്കിലും അത് എങ്ങനെ ഉറപ്പുവരുത്തുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. | |||
പാരമ്പര്യവും പൗരാണികനേട്ടങ്ങളുമാണ് നമുക്ക് വഴികാട്ടേണ്ടതെന്നും അവ കുട്ടികളിലെത്തിക്കാൻ വിദ്യാഭ്യാസത്തിലൂടെ ശ്രമിക്കണമെന്നും ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് പൗരാണികശാസ്ത്രവും വേദഗണിതവും മറ്റുതരം പാരമ്പര്യവിജ്ഞാനവും പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും ഇടംപിടിക്കും. ശാസ്ത്രകോൺഗ്രസുകളിൽ പോലും ഇതിനുള്ള ശ്രമം നടത്തിയവർ, ചരിത്രപാഠപുസ്തകങ്ങൾ മുൻകാലങ്ങളിൽ തിരുത്തിയവർ അതിന് മുതിരില്ലെന്ന് എങ്ങനെ ഉറപ്പിക്കും? ശാസ്ത്രീയബോധവും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചിന്തയും (scientific temper and evidence-based thinking) (4.23) പുലർത്താൻ ചില ഭാഗങ്ങളിൽ നിർദേശിക്കുന്നുണ്ടങ്കിലും പൗരാണികശാസ്ത്രനേട്ടം എന്ന നിലയിൽ ഇനി മുതൽ ശാസ്ത്രത്തിലും ഗണിതത്തിലും സാമൂഹ്യശാസ്ത്രത്തിലും അവതരിപ്പിക്കപ്പെടാൻ പോകുന്നവയെ വസ്തുനിഷ്ഠമായി സമീപിക്കാൻ കുട്ടികൾക്ക് അവസരമുണ്ടാവുമോ? | |||
ധാരണകളുടെ വികാസമുറപ്പിക്കുന്ന പഠനമാണ് വേണ്ടതെന്ന് അവിടവിടെ പറയുമ്പോൾ തന്നെ പഠനനേട്ടത്തെ (learning outcome) കുറിച്ച് ആവർത്തിച്ചു നടത്തുന്ന പരാമർശം കണ്ടില്ലെന്നു നടിക്കാനാവില്ല. തുടർവിലയിരുത്തൽ എന്ന് ചില പരാമർശങ്ങൾ നടത്തവെതന്നെ മാനകീകൃതപരീക്ഷ (standardised test) ഇടയ്ക്കിടെ ഉണ്ടാവുമെന്ന് പറയുമ്പോൾ ഏതിന് മുൻതൂക്കം ലഭിക്കുമെന്നാണ് കരുതേണ്ടത്? നിലനിൽപിനുള്ള മത്സരങ്ങൾക്കിടയിൽ അപ്പപ്പോൾ നടക്കേണ്ട ജ്ഞാനനിർമിതിയല്ല, ഒടുവിലത്തെ പഠനനേട്ടമാവും ഉറപ്പുവരിക. അധ്യാപകർക്ക് ഫലപ്രദമെന്നു തോന്നുന്ന രീതിയിൽ പഠിപ്പിക്കാം എന്നുകൂടി പറഞ്ഞിരിക്കയാൽ നവീനപഠനസമീപനത്തിന്റെ പേരിൽ ഈ നയരേഖയെ അഭിനന്ദിക്കുന്നത് സാഹസമാകും. (Teachers will be given more autonomy in choosing aspects of pedagogy, so that they may teach in the manner they find most effective for the students in their classrooms.) (5.14). ചുരുക്കത്തിൽ പഠനസമീപനം സംബന്ധിച്ച് അവിടവിടെ ചേർത്തിട്ടുള്ള നവീനമായ ആശയങ്ങൾ പലതും ഏതാനും അക്കാദമിക വിദഗ്ധരുടെ കൈയടി മാത്രം ലക്ഷ്യം വച്ചാണെന്നേ വിലയിരുത്താനാവൂ. | |||
യഥാർഥത്തിൽ പഠനപ്രക്രിയ ചർച്ച ചെയ്യുമ്പോൾ പ്രക്രിയയും ഉത്പന്നവും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീർണസ്വഭാവം പരിഗണിക്കേണ്ടതുണ്ട്. ഉത്പന്നത്തിന് പ്രാധാന്യം വരുന്ന സന്ദർഭങ്ങളിൽ പ്രക്രിയയിൽ വെള്ളം ചേരുക സാധാരണമാണ്. എന്നാൽ ശരിയായ പ്രക്രിയയിലൂടെ ഉത്പന്നത്തിൽ എത്തണമെന്ന നിഷ്ഠ പ്രക്രിയയും ഉത്പന്നവും ഒരുപോലെ മികച്ചതാക്കും. ഇതുകാണാതെ രണ്ടിനെയും വേർപെടുത്തിയുള്ള അവതരണം അക്കാദമികമായ ഒളിച്ചോട്ടമാണ്. | |||
===പൊതുപരീക്ഷയെന്ന ഭീഷണി=== | |||
സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും അപകടകരമായ നിർദേശം സെക്ഷൻ 4.41 ലും മറ്റ് പല സെക്ഷനുകളിലും ആവർത്തിക്കപ്പെടുന്ന 'പറാഖ്' (Performance Assessment, Review and Analysis of Knowledge for Holistic development - PARAKH) എന്ന നാഷണൽ അസസ്മെന്റ് സെന്റർ ആണ്. ഓരോ തലത്തിലും കുട്ടികൾ നേടേണ്ട ശേഷീമാനദണ്ഡങ്ങൾ ഈ ഏജൻസി നിർണയിക്കും. സാധാരണഗതിയിൽ എൻ.സി.ഇ.ആർ.ടിയും എസ്.സി.ഇ.ആർ.ടി കളും ചെയ്തിരുന്ന കാര്യമാണ് പരീക്ഷകൾ നടത്താനായി രൂപീകരിക്കപ്പെടുന്ന ഒരു ദേശീയ ഏജൻസിയുടെ ഉത്തരവാദിത്തമാക്കി മാറ്റുന്നത്. ഇത് അക്കാദിമകമായി ശരിയല്ല. | |||
നിലവിലുള്ള പരീക്ഷകളുടെ പോരായ്മകളെ കുറിച്ചും കോച്ചിങ്ങ് സമ്പ്രദായം സ്കൂൾതല മൂല്യനിർണയത്തെ അട്ടിമറിക്കുന്നതിനെ കുറിച്ചും രേഖ ഉത്കണ്ഠപ്പെടുന്നുണ്ട്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ കുട്ടിയുടെ യഥാർഥകഴിവിനെ വിലയിരുത്തുന്നില്ലെന്ന് പറഞ്ഞുകൊണ്ടു തന്നെ ചില ഭേദഗതികളോടെ അവ തുടരുമെന്നും പറയുന്നു. | |||
നിലവിലുള്ള പരീക്ഷകളെ പൊതുവിൽ വിമർശനബുദ്ധിയോടെ കാണുന്ന രേഖ പക്ഷേ, 3, 5, 8 ക്ലാസുകൾക്കുശേഷം പുതിയ പൊതുപരീക്ഷകൾ കൊണ്ടുവരുമെന്നു പറയുന്നു. (all students will take school examinations in Grades 3, 5, and 8 which will be conducted by the appropriate authority.) (4.40) കേന്ദ്രതലത്തിലോ സംസ്ഥാനതലത്തിലോ സംഘടിപ്പിക്കുന്ന ഈ പരീക്ഷയിൽ കുട്ടികളുടെ പഠനനേട്ടമാണ് വിലയിരുത്തുക. എല്ലാ കുട്ടികളും പങ്കെടുക്കുന്ന ഈ പരീക്ഷയുടെ റിസൽട്ട് സ്കൂൾ പൊതുജനമധ്യത്തിൽ പ്രസിദ്ധപ്പെടുത്തണം. കുട്ടികളുടെ വ്യക്തിഗത വിലയിരുത്തൽ അല്ല ഇതെന്നു പറയുമ്പോൾ തന്നെ സ്കൂളിന്റെ മികവിന്റെ അടയാളമായി മാറാൻ പോകുന്ന ഈ പരീക്ഷകളെ ഇന്നത്തെ മത്സരാന്തരീക്ഷത്തിൽ സ്കൂളുകൾക്ക് ലാഘവത്തോടെ കാണാനാവില്ല. സിലബസ് അനുസരിച്ചുള്ള പഠനത്തിനു പകരം പരീക്ഷകൾ ലക്ഷ്യംവച്ചുള്ള പഠനമാവും പിന്നെ നടക്കുക. ഫലത്തിൽ ഈ പരീക്ഷകളുടെ ഭാഗമായി എല്ലാ സ്കൂളുകളും കോച്ചിങ്ങ് ക്യാംപുകളായി മാറും. | |||
സ്കൂൾ ഘട്ടങ്ങളുടെ ഒടുവിൽ മാനകീകൃത പരീക്ഷകൾ നടത്തി ഭയാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടല്ല യഥാർഥത്തിൽ നിലവാരം ഉറപ്പുവരുത്തേണ്ടത്. ഓരോ ഘട്ടത്തിലുമുള്ള തുടർവിലയിരുത്തലും വ്യക്തിപരമായ പഠനപിന്തുണ ഉറപ്പാക്കലുമാണ് അതിനുള്ള ശരിയായ മാർഗം. പന്ത്രണ്ടാം ക്ലാസ് വരെ യാതൊരു പൊതുപരീക്ഷയും നടത്താതെ തന്നെ ലോകോത്തരമെന്ന ഖ്യാതി നേടിയ ഫിൻലന്റിന്റെയും മറ്റും മാതൃകകൾ നിലനിൽക്കുമ്പോഴാണ് തീർത്തും വിരുദ്ധമായ അമേരിക്കൻ മാതൃക ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഫിൻലന്റിന്റെയും അമേരിക്കയുടെയും മാതൃകകൾ താരതമ്യം ചെയ്തുകൊണ്ട് പാസി സാൽബർഗ് (‘Finnish Lessons 02’ , Pasi Salberg), തിമോത്തി ഡി വാക്കർ ( ‘Teach like Finland’, Timoty D walker) എന്നിവർ എഴുതിയ പുസ്തകങ്ങൾ പരിശോധിച്ചാൽ നയരേഖയിലെ കാഴ്ചപ്പാടിന്റെ യുക്തിരാഹിത്യം ആർക്കും ബോധ്യപ്പെടും. | |||
എല്ലാ തലങ്ങളിലും അസമത്വം നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേത്. ഇന്നും എല്ലാ കുട്ടികളുടെയും പഠനത്തുടർച്ച തൃപ്തികരമായി ഉറപ്പാക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. സ്കൂളിൽ ചേരുന്ന കുട്ടികളിൽ 90.9% ആണ് (6-8) ക്ലാസുകളിൽ എത്തിച്ചേരുന്നത്. (9-10) ൽ ഇത് 79.3% ഉം (11-12) ൽ 56.5% ആയും കുറയുന്നു. 6 മുതൽ 17 വരെ പ്രായത്തിലുള്ള 3.22 കോടി കുട്ടികൾ സ്കൂളിനു പുറത്താണെന്ന് രേഖ തന്നെ പറയുന്നു. 1,08,017 ഏകാധ്യാപക വിദ്യാലയങ്ങളുണ്ട് ഇന്ത്യയിൽ. സ്കൂളിൽ സ്ഥിരമായി വരാനുള്ള സാഹചര്യം ഒരുക്കാതെ, ഓരോ ക്ലാസിലും വേണ്ട അധ്യാപകരെ നിയമിക്കാതെ, അവശ്യം വേണ്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കാതെ, പഠനോപാധികൾ കൃത്യസമയത്ത് ലഭ്യമാക്കാതെ എങ്ങനെയാണ് പഠനപിന്നാക്കത്തിന്റെ ഉത്തരവാദിത്തം കുട്ടികളുടെ തലയിൽ കെട്ടിവെക്കാനാവുക എന്ന ചോദ്യം പ്രസക്തമാണ്. സാഹചര്യങ്ങളിലോ സമീപനങ്ങളിലോ മാറ്റം വരുത്താതെ നടത്തപ്പെടുന്ന പൊതുപരീക്ഷകൾ എന്ന ഒറ്റമൂലി പൊതുധാരയിൽനിന്ന് കുറേ കുട്ടികൾ കൂടി പുറത്തുപോവുന്നതിന് കാരണമായേക്കും. വിദൂരപഠനം വഴിയോ അനൗപചാരിക വിദ്യാഭ്യാസം വഴിയോ വേണമെങ്കിൽ പഠനം തുടരാമെന്നത് ഈ പ്രവണതയ്ക്ക് പ്രോത്സാഹനമായും ഭവിക്കും. ഇപ്രകാരം പുറത്തുപോവുന്നരിൽ മഹാഭൂരിപക്ഷവും പിന്നാക്കവിഭാഗങ്ങളിൽപെട്ടവരോ ദരിദ്രരോ ഒറ്റപ്പെട്ട വനപ്രദേശങ്ങളിൽ കഴിയുന്നവരോ ഭിന്നശേഷിക്കാരോ പെൺകുട്ടികളോ ഒക്കെയാവും എന്നത് തീർച്ചയാണ്. ഇവിടെയാണ് ഇത്തരം വിഭാഗങ്ങൾക്കായി ഈ രേഖയിൽ നിരത്തിയ വാഗ്ദാനങ്ങൾ അർഥരഹിതമാവുന്നത്. | |||
===അധ്യാപകപരിശീലനം=== | |||
അധ്യാപകപരിശീലനരംഗത്താണ് വലിയ പരിവർത്തനങ്ങൾ നിർദേശിച്ചിരിക്കുന്നത്. 2030 ഓടെ, അധ്യാപകരാകുന്നതിനുള്ള കുറഞ്ഞ യോഗ്യത 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബി. എഡ്. കോഴ്സ് ആയിരിക്കുമെന്നാണ് നയം പറയുന്നത്. (By 2030, the minimum degree qualification for teaching will be a 4-year integrated B.Ed. degree that teaches a range of knowledge content and pedagogy and includes strong practicum training in the form of student-teaching at local schools.) (5.23). ഇതിനകം പ്രത്യേക വിഷയങ്ങളിൽ 3 വർഷത്തെ ബിരുദകോഴ്സുകൾ കഴിഞ്ഞവർക്കായി മാത്രം 2 വർഷ ബി.എഡ് കോഴ്സ് തുടരുമെന്നും പറയുന്നു. അതുപോലെ 4 വർഷത്തെ ബഹുവിഷയ ബിരുദകോഴ്സ് കഴിഞ്ഞവർക്കും ബിരുദാനന്തരബിരുദയോഗ്യത നേടിയവർക്കും ഒരുവർഷത്തെ ബി.എഡ് കോഴ്സ് ഒരുക്കുമെന്നും സൂചനയുണ്ട്. വിദൂരപഠനം വഴിയുള്ളതോ മുഖാമുഖവും വിദൂരവും കോർത്തിണക്കിക്കൊണ്ടുള്ളതോ ആയ ബി.എഡ് പ്രോഗ്രാമുകൾ പിന്നാക്കപ്രദേശങ്ങളിൽനിന്നുള്ളവർക്കായി നിർദേശിച്ചിട്ടുണ്ട്. അധ്യാപകപരിശീലനത്തിന്റെ ഭാഗമായി യഥാർഥ ക്ലാസ്റൂം പരിശീലനങ്ങൾ ഉറപ്പാക്കുമെന്നും രേഖ പറയുന്നു. ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (TET) എല്ലാ രംഗത്തും ശക്തമാക്കുമെന്നും പറയുന്നു. | |||
പ്രത്യേക മേഖലകളിൽ വൈദഗ്ധ്യമുള്ള, സ്കൂളുകളിലേക്ക് ആവശ്യാനുസരണം വിളിക്കാവുന്നവ്യക്തികൾക്കായി ഹ്രസ്വകാല പരിശീലനങ്ങൾ ഡയറ്റുകളിലും സ്കൂൾ കോംപ്ലക്സുകളിലും ഒരുക്കുമെന്നും നയരേഖ സൂചിപ്പിക്കുന്നു. ഇങ്ങനെ പരിശീലനം കിട്ടിയവരെ സ്കൂളുകളിലോ സ്കൂൾ കോംപ്ലക്സുകളിലോ പ്രാദേശിക കല, സംഗീതം, കൃഷി, കച്ചവടം, കായിക വിദ്യാഭ്യാസം, മരപ്പണി തുടങ്ങിയ മേഖലകളിൽ അറിവ്, നൈപുണി എന്നിവ കുട്ടികൾക്ക് പ്രദാനം ചെയ്യുന്ന മാസ്റ്റർ ട്രെയിനർമാരായി നിയോഗിക്കാമെന്നും രേഖ വ്യക്തമാക്കുന്നു (5.25). | |||
അധ്യാപകർക്ക് ഏതെങ്കിലും മേഖലകളിൽ കൂടുതൽ വൈദഗ്ധ്യം നേടാൻ ആഗ്രഹമുണ്ടെങ്കിൽ അത്തരക്കാർക്കായി സർവകലാശാലകളോ കോളേജുകളോ നടത്തുന്ന ഹ്രസ്വകാല ബി.എഡ് അനന്തര സർട്ടിഫിക്കറ്റ് കോഴ്സുകളും നിർദേശിച്ചിട്ടുണ്ട്. ഉദാ: ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം (5.26). | |||
2021 ഓടെ എൻ.സി.ടി.ഇ എന്ന സ്ഥാപനം എൻ.സി.ഇ.ആർ.ടി. യുമായി കൂടിയാലോചിച്ച് ദേശീയ വിദ്യാഭ്യാസനയം 2020 നെ ആധാരമാക്കി അധ്യാപക വിദ്യാഭ്യാസത്തിനായി സമഗ്രമായ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ( NCFTE 2021) തയ്യാറാക്കണമെന്നും നിഷ്കർഷിക്കുന്നു (5.28). ഇങ്ങനെ അധ്യാപകവിദ്യാഭ്യാസരംഗത്ത് സമഗ്രമായ പരിഷ്കരണം വരുമ്പോൾ ഇപ്പോൾ ഒറ്റപ്പെട്ട് പ്രവർത്തിക്കുന്ന (stand alone) നിലവാരമില്ലാത്ത അധ്യാപകവിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യാനുസരണം അടച്ചുപൂട്ടുമെന്നും നയരേഖ പറഞ്ഞുവെക്കുന്നുണ്ട് (5.29). ചുരുക്കത്തിൽ ആശാവഹമായ ഒട്ടേറെ നിർദേശങ്ങളാണ് ഈ മേഖലയിൽ നൽകിയിരിക്കുന്നത്. | |||
എങ്കിലും ചില ചോദ്യങ്ങൾ ഉന്നയിക്കാതെ വയ്യ. പ്രീപ്രൈമറിക്ക് പുതിയ തീരുമാനം ബാധകമാണോ? പ്രിപ്പറേറ്ററിയിലും മിഡിൽ സ്കൂളിലും നിയോഗിക്കപ്പെടുക ഒരേ രീതിയിൽ പഠിച്ചവരാണോ? സെക്കന്ററിക്കും ഹയർസെക്കന്ററിക്കും വ്യത്യസ്ത യോഗ്യതയുണ്ടോ? ഉണ്ടെങ്കിൽ ഹയർസെക്കന്ററിക്ക് വേണ്ടി ഇന്റഗ്രേറ്റഡ് യോഗ്യതയുണ്ടാവുമോ?പിന്നാക്കമേഖലയിൽ നിയമിതരാവുന്നവർക്ക് ഓൺലൈൻ ബി. എഡ്. മതിയെന്ന വിചിത്രമായ നിർദേശം എങ്ങനെയുണ്ടായി? ചുരുക്കത്തിൽ അധ്യാപകപരിശീലനം സംബന്ധിച്ച് നല്ല ചില നിർദേശങ്ങൾ മുന്നോട്ടുവച്ചെങ്കിലും ഓരോ മേഖലയെയും വേർതിരിച്ചു കാണുന്നതിലും വ്യക്തത വരുത്തുന്നതിലും നയം പരാജയപ്പെട്ടിരിക്കുന്നു. ഒരിടത്ത് ഇന്റഗ്രേറ്റഡ് യോഗ്യത ശരിയായ നിലവാരത്തിൽ വേണമെന്നു പറഞ്ഞ രേഖ മറ്റൊരിടത്തെത്തുമ്പോൾ അത് ഓൺലൈൻ വഴിയായാലും മതിയെന്ന് പറയുന്നു. മെഡിസിൻ, എൻജിനീയറിങ്ങ് പോലുള്ള പ്രൊഫഷണൽ കോഴ്സുകൾക്ക് സ്റ്റാന്റ്എലോൺ സ്ഥാപനങ്ങളുള്ളതുപോലെ വിദ്യാഭ്യാസത്തിനും അത് ആകാവുന്നതല്ലേ? | |||
ലോവർ പ്രൈമറി ഘട്ടത്തിൽ ഫലത്തിൽ അധ്യാപകയോഗ്യത കൂട്ടുകയാണ് ചെയ്തത്. അപ്പോൾ അവരുടെ സേവന - വേതന വ്യവസ്ഥകളിൽ എന്തുമാറ്റമാണ് ഉണ്ടാവുകയെന്ന് നയം വ്യക്തമാക്കുന്നില്ല. പ്രീപ്രൈമറിയിൽ ഇനി വരുന്നവരുടെ യോഗ്യത ഉയർത്തുമോയെന്നും വ്യക്തമല്ല. | |||
===സംസ്ഥാനതല സ്കൂൾഭരണ നിർവഹണം=== | |||
സെക്ഷൻ 8 സ്കൂൾ വിദ്യാഭ്യാസത്തിലെ നിലവാരം നിജപ്പെടുത്തുന്നതുമായും അംഗീകാരം നൽകുന്നതുമായും (accreditation) ബന്ധപ്പെട്ടതാണ്. ഇതിൽ സെക്ഷൻ 8.3 ൽ പൊതുവിദ്യാലയങ്ങളുടെയും സ്വകാര്യവിദ്യാലയങ്ങളുടെയും ലക്ഷ്യം ഒന്നാണെന്നതിനാൽ ഇവ രണ്ടും വിലയിരുത്തുന്നതിന് ഇന്ന് അവലംബിക്കുന്ന വ്യത്യസ്തങ്ങളായ മാനദണ്ഡങ്ങൾ ഒഴിവാക്കി ഒരേ മാനദണ്ഡങ്ങൾ ഉപയോഗിക്കുമെന്ന് സൂചിപ്പിക്കുന്നു. | |||
ഈ നയരേഖ പൊതുവെ അമിതകേന്ദ്രീകരണത്തിന് വഴിവെക്കുന്നതാണെന്ന വിമർശനമുണ്ട്. എന്നാൽ സെക്ഷൻ 8.2 ൽ സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭരണനിർവഹണവും നിയന്ത്രണവും ഒരൊറ്റ ഏജൻസിയിൽ അതായത്, ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ എഡ്യുക്കേഷനിൽ നിക്ഷിപ്തമാക്കുന്നത് കേന്ദ്രീകരണത്തിന് വഴിവെക്കുമെന്നും അത് അവരിൽ നിക്ഷിപ്തമായ അധികാരം ഫലപ്രദമായി വിനിയോഗിക്കുന്നതിന് തടസ്സമാകുന്നുവെന്നും നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള പല കാര്യങ്ങളും പലപ്പോഴും ഫലപ്രദമല്ലാത്ത രീതിയിൽ മയപ്പെടുന്നുവെന്നും വിലയിരുത്തുന്നു. ഈയൊരു പശ്ചാത്തലത്തിൽ താഴെ പറയുന്ന നിർദേശങ്ങളാണ് നയം മുന്നോട്ട് വെക്കുന്നത് (8.5). | |||
സ്കൂൾ വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റ് സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ഏറ്റവും ഉയർന്ന ഏജൻസിയായിരിക്കും. സ്കൂൾ വിദ്യാഭ്യാസ രംഗത്തുള്ള നിരന്തര മെച്ചപ്പെടുത്തലിനുള്ള മോണിറ്ററിംഗും നയരൂപീകരണവും ആയിരിക്കും ഇതിന്റെ ചുമതല. പൊതുവിദ്യാഭ്യാസത്തിന്റെ നടത്തിപ്പും സേവനവും ഇതിനുള്ള നയങ്ങളുടെ നിർവഹണവും ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ എന്നിവർ വഴി സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടർ നിർവഹിക്കും. | |||
പൊതു, സ്വകാര്യ, ജീവകാരുണ്യ സ്ഥാപനങ്ങൾ നടത്തുന്ന പ്രീസ്കൂൾ ഘട്ടം മുതലുള്ള സ്ഥാപനങ്ങളെല്ലാം പൊതുവായതും അനിവാര്യമായതുമായ നിലവാരം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സംസ്ഥാനാടിസ്ഥാനത്തിൽ സ്വതന്ത്രമായ സ്റ്റേറ്റ് സ്കൂൾ സ്റ്റാന്റേർഡ്സ് അതോറിറ്റി (SSSA) രൂപീകരിക്കും. ഈ ഏജൻസിയായിരിക്കും സ്കൂളുകളുടെ നിലവാര മാനദണ്ഡങ്ങൾ തയ്യാറാക്കുക. ഇങ്ങനെ നിർദേശിക്കുന്ന മാനദണ്ഡങ്ങളിൽ സ്കൂൾസുരക്ഷ, സംരക്ഷണം, ഭൗതിക സൗകര്യങ്ങൾ, ഓരോ വിഷയങ്ങൾക്കും ക്ലാസിനും വേണ്ട അധ്യാപകരുടെ എണ്ണം, സാമ്പത്തിക സാധ്യതകൾ, ഭരണനിർവഹണത്തിലെ ആരോഗ്യകരമായ പ്രക്രിയകൾ എന്നിവയെല്ലാം ഉൾപ്പെടും. ബന്ധപ്പെട്ടവരുമായെല്ലാം ചർച്ച ചെയ്ത് എസ്.സി.ഇ.ആർ.ടി. യായിരിക്കും ഇതിനാവശ്യമായ ചട്ടക്കൂട് വികസിപ്പിക്കുക (8.5 സി). സാങ്കേതികവിദ്യാ സാധ്യതകൾ പ്രയോജനപ്പെടുത്തിയാകും ഇവ നിർവഹിക്കുക. | |||
അക്കാദമിക നിലവാരമാനദണ്ഡങ്ങൾ എൻ.സി.ഇ.ആർ.ടി. യുമായി സഹകരിച്ചും ചർച്ച ചെയ്തും എസ്.സി.ഇ.ആർ.ടി. യായിരിക്കും വികസിപ്പിക്കുക. ഇതിനായി എസ്.സി.ഇ.ആർ.ടി സ്കൂൾ ക്വാളിറ്റി അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ ഫ്രെയിംവർക്ക് (SQAAF) തയ്യാറാക്കും. ഇത് ഫലപ്രദമായി എല്ലാ തലത്തിലും നടപ്പാക്കാൻ സി.ആർ.സി, ബി.ആർ.സി, ഡയറ്റ് എന്നിവയെ അടുത്ത മൂന്നുവർഷം കൊണ്ട് ചടുലമായി പ്രവർത്തിക്കുന്ന മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തും. അതേസമയത്ത് കുട്ടികളുടെ സ്കൂൾ വിടുതൽ ഘട്ടങ്ങളിലെ സർട്ടിഫിക്കേഷൻ പരീക്ഷാബോർഡുകൾ ചെയ്യും. | |||
മേൽ നിർദേശങ്ങളെല്ലാം ഫലത്തിൽ ഇന്ന് നിലവിലുള്ള സ്കൂൾ ഭരണ നിയന്ത്രണ സംവിധാനങ്ങളെ ദുർബലപ്പെടുത്താനാണ് സഹായിക്കുക. സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല പൊതു മോണിറ്ററിംഗും നയനടത്തിപ്പും മാത്രമായി പരിമിതപ്പെടുത്തുകയും ഭരണനിർവഹണത്തെയും അക്കാദമിക പ്രവർത്തനങ്ങളെയും വ്യത്യസ്തങ്ങളായ ഏജൻസികളെ ഏൽപ്പിക്കുകയും ചെയ്യുന്നത് കേന്ദ്രസർക്കാറിന് സ്കൂൾ വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾ കേന്ദ്രീകൃത ഏജൻസികളിലൂടെ നടപ്പാക്കാൻ സൗകര്യപ്പെടുത്തുന്നതിനാണ്. ഇത് വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനരാഹിത്യത്തിനും അരാജകത്വത്തിനും പൊതുവിദ്യാലയങ്ങളെ ദുർബലപ്പെടുത്തുന്നതിനും ഇടയാക്കും. | |||
പൊതു - സ്വകാര്യ വിദ്യാലയങ്ങൾക്ക് ഒരേ നിലവാര മാനദണ്ഡങ്ങൾ വെക്കുകയാണെങ്കിൽ അത് ബാധിക്കുക പൊതുവിദ്യാലയങ്ങളെ ആയിരിക്കും. കേരളത്തിൽ പൊതുവിദ്യാലയങ്ങളുടെ സൗകര്യങ്ങൾ മെച്ചമാണെന്നതിനാൽ ഇവിടെ പ്രശ്നം കാണില്ല. എന്നാൽ മിക്ക സംസ്ഥാനങ്ങളുടെയും സ്ഥിതി അതല്ല. നിലവാരമാനദണ്ഡങ്ങൾ അടിച്ചേൽപിച്ചാൽ അത്തരം സംസ്ഥാനങ്ങളിൽ സ്വകാര്യ മേഖലയുമായുള്ള മത്സരത്തിൽ പിടിച്ചുനിൽക്കാനാവാതെ പൊതുവിദ്യാലയങ്ങൾ തകരും. എന്നാൽ പ്രത്യേക പരിഗണന ലഭിച്ചേക്കാവുന്ന പലവിധ ബദൽവിദ്യാലയങ്ങൾ അവിടെ നിലനിൽക്കുകയും ചെയ്യും. | |||
കോത്താരി കമ്മീഷൻ റിപ്പോർട്ടിലെ കോമൺ സ്കൂൾ സമ്പ്രദായമല്ല കമ്മിറ്റിയെ ഇവിടെ പ്രചോദിപ്പിക്കുന്നത്. ആണെങ്കിൽ അതിനുള്ള സാമ്പത്തിക ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണം. ഇവിടെ, സ്കാര്യമേഖലയോടുള്ള മതിപ്പും താത്പര്യവുമാണ് പ്രകടമാവുന്നത്. ഇതിന് അടിവരയിടുന്നതാണ് ഒരു സ്വകാര്യവിദ്യാലയവുമായി ചേർന്നുപ്രവർത്തിച്ച് സർക്കാർ വിദ്യാലയത്തെ (തിരിച്ചും!) മെച്ചപ്പെടുത്തുന്നതിനുള്ള ട്വിന്നിങ്ങ് പരിപാടി (twinning programme). | |||
===സ്കൂൾ കോംപ്ളക്സ് ലക്ഷ്യമാക്കുന്നത്=== | |||
കോത്താരി കമ്മീഷൻ റിപ്പോർട്ടിൽ സ്കൂൾ കോംപ്ലക്സിനെ നിർദേശിച്ചത് സ്കൂളുകളുടെ ഒറ്റപ്പെട്ട അവസ്ഥ മറികടക്കാനും അവ തമ്മിൽ സഹകരിച്ചു പ്രവർത്തിക്കാനുള്ള വേദിയൊരുക്കാനും ഡിപ്പാർട്ട്മെന്റിലെ ഉയർന്ന തട്ടുകളിൽനിന്നും അധികാരം താഴെത്തട്ടിലേക്ക് നൽകാനുമാണ് (2.50 - 2.52 ; 10.39 - 10.43). | |||
അന്നത്തെ സാഹചര്യത്തിൽ പ്രസക്തമായിരുന്ന ചില പ്രവർത്തനനിർദേശങ്ങളും 1966 ലെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. മെച്ചപ്പെട്ട മൂല്യനിർണയരീതികൾ നടപ്പിലാക്കുക, പ്രൊജക്റ്റർ, ലാബ് ഉപകരണങ്ങൾ, ലൈബ്രറി എന്നിവ ഉയർന്ന ഘടകത്തിൽ ഒരുക്കുകയും മറ്റ് സ്കൂളുകൾക്ക് അവ പ്രയോജനപ്പെടുത്തുകയും ചെയ്യുക, പ്രതിമാസ കൂടിച്ചേരലുകളിൽ അക്കാദമിക പരിശീലനങ്ങൾ നടത്തുക, അവധിക്കാലത്ത് ചെറുപരിശീലനങ്ങൾ നടത്തുക, പ്രഥമാധ്യാപകർ ഒന്നിച്ചിരുന്ന് സ്കൂൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, ഏകാധ്യാപക വിദ്യാലയങ്ങൾക്കും മറ്റും ലീവ് റിസർവ് അധ്യാപകരുടെ സേവനം ലഭ്യമാക്കുക, പുതിയ പാഠപുസ്തകങ്ങളും അധ്യാപകസഹായികളും പഠനോപകരണങ്ങളും ട്രൈഔട്ട് ചെയ്യുക, നിയന്ത്രണവിധേയമായി കരിക്കുലവും സിലബസും നവീകരിക്കുക എന്നിവയാണവ. | |||
എന്നാൽ സ്കൂൾ കോംപ്ലക്സ് എന്ന ആശയം പല കാരണങ്ങളാലും രാജ്യത്ത് പ്രാവർത്തികമായില്ല. എന്നാൽ കേരളത്തിൽ 90 കളിൽ സ്കൂൾ കോംപ്ലക്സ് എന്ന ആശയത്തെ പ്രയോജനപ്പെടുത്താൻ ചില ശ്രമങ്ങൾ നടന്നു. 1992-93 ൽ കണ്ണൂർ ജില്ലയിലെ ശിവപുരത്ത് കോത്താരി കമ്മീഷൻ റിപ്പോർട്ടിൽ സൂചിപ്പിച്ചതുപോലുള്ള ന്യൂക്ലിയസ് സ്കൂൾ - ഫീഡിങ്ങ് സ്കൂൾ മാതൃക പരീക്ഷിച്ചു. അതിലെ പോരായ്മകൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ 1993 - 94 ൽ കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയിലും കാസർഗോഡ് ജില്ലയിലെ മടിക്കൈയിലും പഞ്ചായത്ത് എന്ന ഭരണയൂണിറ്റിനെ അടിസ്ഥാനമാക്കി കോംപ്ലക്സുകൾ രൂപീകരിച്ച് പ്രവർത്തിച്ചു. തുടർന്ന് കണ്ണൂർ ജില്ലയിലെ ധർമടത്തും തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനത്തും കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലും തിരുവനന്തപുരത്തും മറ്റും കോംപ്ലക്സ് ഇടപെടലുകൾക്ക് തുടർച്ചയുണ്ടായി. വികേന്ദ്രീകൃതാസൂത്രണത്തിന്റെ പരീക്ഷണവേദികൾ കൂടിയായിരുന്നു ഇവ. തദ്ദേശസ്ഥാപനങ്ങൾക്ക് മതിയായ ഫണ്ട് കൂടി ലഭ്യമാക്കിയാൽ പ്രവർത്തനങ്ങൾ ഇനിയും മെച്ചപ്പെടുത്താനാവുമെന്ന തിരിച്ചറിവുണ്ടായി. പൊതുചോദ്യപ്പേപ്പർ നിർമാണം, അധ്യാപക പരിശീലനം, പഠനോപകരണ നിർമാണം, ജനകീയവും ഔദ്യോഗികവുമായ മോണിറ്ററിങ്ങ്, രക്ഷാകർതൃ പരിശീലനം, മികച്ച മാതൃകകൾ പങ്കുവെക്കൽ തുടങ്ങിയവയായിരുന്നു പ്രധാനമായും കോംപ്ലക്സുകളുടെ നേതൃത്തിൽ അന്ന് നടന്നത്. ഫലത്തിൽ അതൊരു അക്കാദമിക കൂട്ടായ്മയായിരുന്നു. | |||
ജനകീയാസൂത്രണവും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും വഴി കേരളത്തിലെ സ്കൂളുകൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. കോംപ്ലക്സ് സംവിധാനമുണ്ടാക്കി സൗകര്യങ്ങൾ പങ്കിടേണ്ട സ്ഥിതി ഇന്ന് അവയ്ക്ക് പൊതുവിൽ ഇല്ല. എന്നാൽ കലാ-കായിക-പ്രവൃത്തിപരിചയത്തിനും ഭിന്നശേഷിക്കാർക്ക് പ്രത്യേകസഹായം നൽകുന്ന കാര്യത്തിലും കൗൺസലിങ്ങ് മേഖലയിലും വിദഗ്ധരെ നിയമിക്കുന്നതിനും പങ്കുവെക്കുന്നതിനുള്ള കേന്ദ്രീകൃതസംവിധാനം ഉണ്ടാകുന്നത് നല്ലതായിരിക്കും. ഇതിന്റെ ചുമതല പഞ്ചായത്ത് / മുനിസിപ്പൽ തലത്തിൽ ആകുന്നതാവും ഉചിതം. എന്നാൽ പുതിയ നയത്തിൽ തദ്ദേശസ്ഥാപന തലത്തിലുള്ള കൂട്ടായ്മയല്ല നിർദേശിച്ചിരിക്കുന്നത്. | |||
മറ്റു പല സംസ്ഥാനങ്ങളിലും ഇന്നും സ്കൂളുകളുടെ സൗകര്യക്കുറവും അധ്യാപകരുടെ അസാന്നിധ്യവും രൂക്ഷമാണ്. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കി പത്ത് വർഷം കഴിഞ്ഞിട്ടും ഇന്ത്യയിൽ 1,08,017 ഏകാധ്യാപക വിദ്യാലയങ്ങളുണ്ടെന്നും അതിൽ 85,743 എണ്ണം ലോവർ പ്രൈമറി വിഭാഗത്തിൽ പെട്ടതാണെന്നും പറയുന്നു. ഇത്തരം ഏകാധ്യാപക വിദ്യാലയങ്ങളുടെ സ്ഥിതി ഏറെ ദയനീയമാണ്. ഇവയ്ക്ക് ക്ലാസ്മുറിക്കൊരു അധ്യാപകനെ വീതം കൊടുക്കേണ്ട ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്ന് നയം കൃത്യമായി പറയുന്നില്ല. അതേസമയം സ്കൂളുകളെ പരസ്പരം ലയിപ്പിക്കുന്ന രീതി സ്വീകരിക്കില്ലെന്നും പറയുന്നു. 21-ാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസ നയം എന്ന് ഉദ്ഘോഷിക്കുമ്പോഴും കേരളത്തിലേതുപോലെ ഒരു ക്ലാസിനെ ഒരു യൂനിറ്റായി പരിഗണിച്ച് ക്ലാസിന് ഒരധ്യാപിക എന്ന നിലപാട് ഈ നയം കൈക്കൊള്ളുന്നില്ല. കുറച്ച് അധ്യാപകരെ സ്കൂൾ കോംപ്ലക്സ് അടിസ്ഥാനത്തിൽ നിയമിച്ച് 'കുറഞ്ഞ ഇൻപുട്ടിൽ കൂടുതൽ ഔട്ട്പുട്ട്' സാധ്യമാക്കുന്നതിനുള്ള ഒരു തന്ത്രമായാണ് കോത്താരി കോംപ്ലക്സ് മാതൃക കുത്തിപ്പൊക്കുന്നത് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. | |||
ഒരു നയരേഖയിൽ ആദ്യമായാണ് അധ്യാപക നിയമനം സംബന്ധിച്ച് ചർച്ച ചെയ്യുമ്പോൾ അധ്യാപകരെ വാടകയ്ക്ക് എടുക്കുന്ന കാര്യം (hiring of teachers) പരാമർശിക്കുന്നത്. ഈ നയത്തിൽ പലയിടങ്ങളിലായി അദ്ധ്യാപകരെ 'ഹയർ ചെയ്യാ' മെന്ന് സൂചിപ്പിച്ചിട്ടുണ്ട്. സ്കൂൾ കോംപ്ലക്സുകളും ആവശ്യാനുസരണം അദ്ധ്യാപകരെ ഹയർ ചെയ്യുമെന്നുവേണം കരുതാൻ. തൊഴിൽ സുരക്ഷിതത്വം മാത്രമല്ല ഇവിടെ പ്രശ്നമാകുന്നത്. കുട്ടികളുടെ വൈദഗ്ധ്യവികസനത്തിന് തുടർച്ച ഉറപ്പാക്കുന്നതിലും കുട്ടികളുടെ യഥാർത്ഥ കഴിവിനെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലും ഗൗരവതരമായ പ്രശ്നങ്ങളും പ്രതിസന്ധികളും ഇത് സൃഷ്ടിക്കും. സെക്ഷൻ 7.5 ൽ സ്കൂൾ കോംപ്ലക്സിനാവശ്യമായ മാനവശേഷിയെ, പ്രധാനമായും ഭാഷ, ശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെ കുറിച്ച് പറയുന്ന ഇടത്തും 'പങ്കിട്ടോ അല്ലാതെയോ' എന്ന പരാമർശം വരുന്നുണ്ട്. ഒരു സ്കൂളിന്/കുട്ടിക്ക് സ്ഥിരാധ്യാപിക ഉണ്ടാവുക എന്ന ഉത്തരവാദിത്തത്തിൽനിന്ന് സർക്കാരിന് പിൻവാങ്ങാൻ നയരേഖയിലെ ഇത്തരം പദപ്രയോഗങ്ങൾ സഹായകമാകും. | |||
സ്കൂൾ വികസന പദ്ധതികൾ (SDP) സംയോജിപ്പിച്ച് സ്കൂൾ കോംപ്ലക്സ് വികസന പദ്ധതികൾ (SCDP) രൂപീകരിക്കുമെന്നു പറയുന്നുണ്ട്. സ്കൂൾ കോംപ്ലക്സിനെ അർധസ്വയംഭരണ സ്ഥാപനമാക്കി മാറ്റുമെന്നും സൂചനയുണ്ട്. ചില ഫണ്ടുകൾ കോംപ്ലക്സ് അടിസ്ഥാനത്തിൽ നൽകുന്ന രീതി അനുവർത്തിച്ചേക്കും. ഇങ്ങനെ വന്നാൽ അധ്യാപകർക്കു വേണ്ടിയും പഠനോപകരണങ്ങൾക്കായും മറ്റും കോംപ്ലക്സ് തലവനെ ആശ്രയിക്കേണ്ടുന്ന സ്ഥിതി ചെറിയ സ്കൂളുകൾക്ക് ഉണ്ടാവും. സ്കൂളുകളുടെ തനതുവികസനം മുരടിക്കാനും പുതിയ ഒരധികാരകേന്ദ്രം രൂപപ്പെടാനും ഇതിൽ പറഞ്ഞിരിക്കുന്ന മാതൃക ഇടയാക്കും. സഹകരണത്തെ അടിസ്ഥാനമാക്കിയ കോത്താരി മാതൃകയും അധികാരവികേന്ദ്രീകരണത്തിന് ജനകീയമുഖം നൽകിയ കേരളത്തിലെ പഞ്ചായത്ത് കോംപ്ലക്സ് മാതൃകയുമല്ല പുതിയ നയരേഖ മുന്നോട്ടുവെക്കുന്ന സ്കൂൾ കോംപ്ലക്സ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. | |||
പാർലമെന്റ് പാസ്സാക്കിയ 73, 74 ഭരണഘടനാഭേദഗതികളിലൂടെയാണ് ഇന്ത്യയിൽ പഞ്ചായത്തീരാജ് വ്യവസ്ഥാപിതമായത്. കേരളത്തിൽ ഈ നിയമം ഫലപ്രദമായി നടപ്പിലാക്കിയതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അധികാരവും സാമ്പത്തികമടക്കമുള്ള വിഭവങ്ങളും ലഭ്യമായി. വിദ്യാഭ്യാസരംഗത്ത് വിശേഷിച്ചും വലിയ മാറ്റങ്ങളുണ്ടാക്കാൻ ഇതിലൂടെ കഴിഞ്ഞു. എന്നാൽ പുതിയ നയരേഖ അധികാരവികേന്ദ്രീകരണത്തെ കുറിച്ചും വിദ്യാഭ്യാസരംഗത്തെ ഗുണപരമായ ഇടപെടലുകളെ കുറിച്ചും നിശ്ശബ്ദമാണ്. മറ്റു പലതിലുമെന്നപോലെ ഭരണഘടന ഉറപ്പുതരുന്ന കാര്യങ്ങളോടുള്ള അവഗണനയായേ ഇതിനെയും കാണാനാവൂ. | |||
===ഉത്തരവാദിത്തത്തിൽനിന്നുള്ള പിന്മാറ്റം=== | |||
ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകുമ്പോൾ സ്കൂൾ വിദ്യാഭ്യാസത്തെ നിർദേശകതത്വത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഭരണഘടന രൂപീകരിച്ച് പത്ത് വർഷം കൊണ്ട് എല്ലാ കുട്ടികൾക്കും എലിമെന്ററി വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് വിഭാവനം ചെയ്തെങ്കിലും നടപ്പിലായില്ല. ഇതിനെതിരെ വന്ന സാമൂഹ്യ സമ്മർദങ്ങളും സുപ്രീംകോടതി വിധികളും 86-ാം ഭരണഘടനാ ഭേദഗതിയിലേക്ക് നയിച്ചു. 2002 ഡിസംബറിൽ അംഗീകരിച്ച ഈ ഭേദഗതി പ്രകാരം എലിമെന്ററി വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി മാറി. ഇതനുസരിച്ച് ഭരണഘടനയിൽ 21 (എ) വകുപ്പ് കൂട്ടിച്ചേർത്തു. അനുച്ഛേദം 45, 51 എന്നിവയിലും ഭേദഗതി വരുത്തി. ഈ ഭരണഘടനാ ഭേദഗതി നടപ്പിൽ വരുത്തുന്നതിനാണ് വിദ്യാഭ്യാസ അവകാശ നിയമം 2009 ൽ പാർലിമെന്റ് പാസ്സാക്കിയതും 2010 ഏപ്രിൽ 1 മുതൽ അതിന് നിയമപ്രാബല്യം നൽകിയതും. ഇതുപ്രകാരം എലിമെന്ററി വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാണ്. ആ അവകാശം ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്റെ കടമയാണ്. ഈ കടമയിൽനിന്ന് സർക്കാർ പിൻവാങ്ങുന്നതിലേക്കാണ് സെക്ഷൻ 3 വഴിതുറക്കുന്നത്. 3 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ അവകാശമായി വിദ്യാഭ്യാസത്തെ കാണുന്നതിനു പകരം പ്രസ്തുത പ്രായഘട്ടത്തിലുള്ള കുട്ടികൾക്ക് പല മാർഗങ്ങളിലൂടെയും സ്കൂൾ പ്രാപ്യത ഉറപ്പാക്കും എന്നതിലേക്ക് പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. | |||
സ്കൂൾ പഠനത്തെ സംബന്ധിച്ച് ലഭ്യമായ വിവരങ്ങൾ പ്രകാരം അഞ്ചാം ക്ലാസിനും എട്ടാം ക്ലാസിനും പത്താം ക്ലാസിനുമൊക്കെ ശേഷം വലിയ തോതിൽ കുട്ടികൾ കൊഴിഞ്ഞുപോകുന്നുണ്ട്. 2017-18 ൽ നടത്തിയ 75-ാം ദേശീയ സാമ്പിൾ സർവെ പ്രകാരം ഇന്ത്യയിൽ സ്കൂൾ പ്രായത്തിലുള്ള, ആറ് വയസ്സിനും പതിനേഴ് വയസ്സിനും ഇടയിലുള്ള 3.22 കോടി കുട്ടികൾ സ്കൂളിന് വെളിയിലാണ്. ഇവർ സ്കൂൾ വിദ്യാഭ്യാസത്തിൽനിന്ന് കൊഴിഞ്ഞുപോയവരാണ്. ഈ കുട്ടികളെ തിരിച്ചുകൊണ്ടുവരിക എന്നുള്ളതിനാണ് പ്രഥമ പരിഗണന നൽകുക. 2030 നകം പ്രീ സ്കൂൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളെയും സ്കൂളിൽ എൻറോൾ ചെയ്യുകയും പഠനത്തുടർച്ച ഉറപ്പാക്കുകയും ചെയ്യും. ഇതിനായി സർക്കാർ സ്കൂളുകൾ സ്ഥാപിക്കുന്നതോടൊപ്പം സമാന്തര ബദൽ സ്കൂളുകളും (alternative schools) സ്ഥാപിക്കും. 3.5 ൽ സാമൂഹികമായും സാമ്പത്തികമായും പരിമിതിയുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ബഹുമുഖ മാർഗങ്ങൾ (multiple pathways) ആരായുമെന്നും അതിനായി ഔപചാരികവും അനൗപചാരികവുമായ രീതികൾ അവലംബിക്കുമെന്നും ഇവയെ ദേശീയ, സംസ്ഥാന ഓപ്പൺ സ്കൂളുകളുടെ പരിധിയിലേക്ക് കൊണ്ടുവരുമെന്നും പറയുന്നു. സാധാരണ സ്കൂളുകളിലേക്ക് എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്കാണ് ഇത്തരം പഠനരീതി നിർദേശിക്കുന്നത്. ഈ സെക്ഷനിലുള്ള നിർദേശം യഥാർഥത്തിൽ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പ്രത്യക്ഷമായ ലംഘനവും പിൻനടത്തവുമാണ്. | |||
വിദ്യാഭ്യാസ അവകാശനിയമത്തിൽ സ്കൂളിനെ കൃത്യമായി നിർവചിച്ചിട്ടുണ്ട്. സ്കൂൾ സൗകര്യങ്ങൾ, മൂത്രപ്പുര, കുടിവെള്ളം, കളിസ്ഥലം, അധ്യാപകർ എന്നിവയെല്ലാം സംബന്ധിച്ച് വിദ്യാഭ്യാസ അവകാശനിയമത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി സ്കൂൾ നിബന്ധനകൾ ഉദാരമാക്കുമെന്ന് പറയുന്നു. കുറഞ്ഞ അളവിലുള്ള ഇടപെടലും വിഭവങ്ങളും കൊണ്ട് കൂടുതൽ അളവിലുള്ള ഫലമുണ്ടാക്കുന്നതിനാണ് ഊന്നൽ. (The focus will be to have less emphasis on input and greater emphasis on output potential concerning desired learning outcomes – 3.6) സമാന്തര വിദ്യാലയങ്ങൾ ആരംഭിക്കാൻ സർക്കാറിതര ജീവകാരുണ്യ (philanthropic) സ്വകാര്യ ഏജൻസികൾക്കും അനുവാദം നൽകണമെന്നും ഭൂമിശാസ്ത്രം, ജനസംഖ്യ, സംസ്കൃതി എന്നിവ കണക്കിലെടുത്തുള്ള പ്രാദേശിക സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പറയുന്നു. സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്നടക്കം ഭരണകൂടത്തിന്റെ പിൻവാങ്ങൽ വിളംബരം ചെയ്യുന്ന രേഖയായി ഈ വിദ്യാഭ്യാസനയം മാറിയിരിക്കുന്നു. | |||
പ്രീസ്കൂൾ മുതൽ സെക്കന്ററി തലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിനായി സ്വകാര്യ, ജീവകാരുണ്യ, പൊതുസാധ്യതകളെല്ലാം പ്രയോജനപ്പെടുത്തണമെന്ന് (8.4) സൂചിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ നിജപ്പെടുത്തിയ ഗുണതാസൂചകങ്ങൾ എല്ലാവരും പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തിയാൽ മതിയെന്നും ഇത് വിലയിരുത്താൻ സംസ്ഥാനാടിസ്ഥാനത്തിൽ സ്റ്റേറ്റ് സ്കൂൾ സ്റ്റാന്റേർഡ് അതോറിറ്റി (SSSA) എന്ന സംവിധാനം രൂപീകരിക്കണമെന്നും (8.5 സി) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സെക്ഷനുകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സ്വകാര്യ കച്ചവട കോർപ്പറേറ്റ് മൂലധന ശക്തികൾക്ക് സ്കൂൾ വിദ്യാഭ്യാസ മേഖലയിലേക്ക് ഇനി നിർബാധം കടന്നുവരാം. | |||
ഓപ്പൺ സ്കൂൾ വഴി മൂന്ന്, അഞ്ച്, എട്ട്, പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ തുല്യതാപരീക്ഷകളും സർട്ടിഫിക്കറ്റുകളും നൽകുമെന്നും നയം വ്യക്തമാക്കുന്നു. ഇത് പ്രയോജനപ്പെടുത്താൻ രംഗത്തെത്തുന്ന സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപക നിയമനം സർക്കാറിന്റെ ബാധ്യതയാവില്ല. ആർക്കുവേണമെങ്കിലും അത്തരം സ്ഥാപനങ്ങളിൽ പഠിപ്പിക്കാനും കഴിഞ്ഞേക്കും. ഈ രംഗത്ത് ഇപ്പോൾ തന്നെ ഇന്ത്യയിലെ ട്രൈബൽ മേഖലയിൽ വർഗീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളെ നീതീകരിക്കുവാൻ ഇതുവഴി സാധിക്കും. ഇതുണ്ടാക്കുന്ന സാമൂഹിക-സാംസ്കാരിക പ്രത്യാഘാതം വളരെ വലുതായിരിക്കും. | |||
===ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നു=== | |||
വിദ്യാഭ്യാസം 1976 വരെ സംസ്ഥാന ലിസ്റ്റിലായിരുന്നുവല്ലോ. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ടതോടെ വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടപെടാവുന്ന മേഖലയായി മാറി. എന്നാൽ സംസ്ഥാനങ്ങൾക്ക് ഭരണഘടന അനുവദിച്ചു നൽകിയിട്ടുള്ള ഈ അവകാശവും അധികാരവും ഇല്ലാതാക്കുകയാണ് ഫലത്തിൽ പുതിയ നയം. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപകൽപന ചെയ്യുന്ന താഴെ പറയുന്ന കേന്ദ്രീകൃത സംവിധാനങ്ങളിലൂടെയാണ് ഇത് ഉറപ്പാക്കിയിരിക്കുന്നത്. | |||
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) | |||
നാഷണൽ അസസ്മെന്റ് സെന്റർ - 'പറാഖ്' (PARAKH) | |||
നാഷണൽ കമ്മിറ്റി ഫോർ ദ ഇന്റഗ്രേഷൻ ഓഫ് വൊക്കേഷണൽ എഡ്യുക്കേഷൻ (NCIVE) | |||
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ (NCTE) | |||
നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യുക്കേഷൻ ആന്റ് ട്രെയിനിംഗ് (NCVET) | |||
നാഷണൽ എഡ്യുക്കേഷൻ ടെക്നോളജി ഫോറം (NETF) | |||
ഇത്തരം ഏജൻസികൾ അമിത കേന്ദ്രീകരണത്തിനും ഉദ്യോഗസ്ഥവൽകരണത്തിനും പരവതാനി വിരിച്ചുകൊടുക്കും. സ്വാഭാവികമായും ഈ കേന്ദ്രീകരണം പലതരം അഴിമതികൾക്കും കാരണമാകും. | |||
ദേശീയ ഏജൻസികൾ വഴി പദ്ധതികളെല്ലാം കേന്ദ്രീകരിപ്പിക്കാൻ കഴിയുമെന്നുള്ളതിന് ഇപ്പോഴുള്ള ഉദാഹരണമാണ് സമഗ്രശിക്ഷ പദ്ധതി. സംസ്ഥാന പദ്ധതി എത്ര മികച്ചതായാലും ദേശീയ തലത്തിൽ നിർദേശിക്കുന്ന ചട്ടക്കൂടനുസരിച്ചുള്ള പദ്ധതികൾ മാത്രമേ അന്തിമമായി കേന്ദ്രതല പ്രൊജക്ട് അപ്രൂവൽ ബോർഡ് പരിഗണിക്കൂ. നമ്മുടെ ഗ്രാമത്തിലെ ഒരു എൽ.പി സ്കൂളിൽ സമഗ്രശിക്ഷയുടെ ഭാഗമായി എന്ത് പ്രവർത്തനം നടക്കണമെന്നത് അന്തിമമായി തീരുമാനിക്കുന്നത് കേന്ദ്രതലത്തിലെ പരിശോധനാ ഏജൻസിയാണെന്നർഥം. | |||
മുമ്പൊക്കെ പാഠ്യപദ്ധതി രൂപീകരിക്കുമ്പോൾ അതിൽ വരേണ്ട ചില കാമ്പ് ഇനങ്ങൾ മാത്രമേ സംസ്ഥാനങ്ങൾ പരിഗണിക്കേണ്ടിയിരുന്നുള്ളൂ. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കും വരെ തികഞ്ഞ സ്വാതന്ത്ര്യത്തോടെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ഉണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് അതുവഴി കഴിയുമായിരുന്നു. ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാണ് ഇന്നുവരെയും നാം നവീനവും വ്യത്യസ്തത പുലർത്തുന്നതുമായ പാഠപുസ്തകങ്ങൾ ഉണ്ടാക്കിയത്. കേന്ദ്രതലത്തിൽ പോലും പുതിയ രീതിയിൽ ചിന്തിക്കാൻ ഇത്തരം ശ്രമങ്ങൾ നിമിത്തമായിട്ടുണ്ട്. (ഉദാ: 1997 ൽ കേരളത്തിൽ ഉണ്ടാക്കിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും 2005 ൽ ദേശീയതലത്തിൽ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുന്നതിന് പ്രചോദനമായി) എന്നാൽ ഇനി മുതൽ എൻ. സി. ഇ. ആർ. ടി. തയ്യാറാക്കുന്ന മാതൃകാ പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ എന്നിവയെ സാധ്യമാകുന്നേടത്തോളം പരിഗണിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുമാണ് സംസ്ഥാനങ്ങൾ തയ്യാറാക്കേണ്ടത് എന്നാണ് സൂചന. പ്രാദേശിക പരിഗണനവച്ചുള്ള ചെറിയ മാറ്റങ്ങളോ വിശദാംശങ്ങളോ ആവാം. സംസ്ഥാനത്തിന്റെ രുചിയും മണവും ഉൾക്കൊള്ളുന്ന ചില സപ്ലിമെന്ററി സാമഗ്രികളുമാവാം. | |||
കരിക്കുലവും അനുബന്ധ ഉപാധികളും രൂപീകരിക്കുമ്പോൾ വൈജാത്യങ്ങളും വൈവിധ്യങ്ങളും അംഗീകരിക്കണം എന്നതാണ് പൊതുഅക്കാദമിക ധാരണ. ഭൂസ്വഭാവം, കാലാവസ്ഥ, ഭാഷ, സാംസ്കാരം, ആഹാരം, വസ്ത്രധാരണം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസപ്രമാണങ്ങൾ എന്നിവയിലെല്ലാമുള്ള വ്യത്യസ്തതകൾ പരിഗണിച്ചുകൊണ്ടേ പഠനോപാധികൾ വികസിപ്പിക്കാൻ കഴിയൂ. ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം എന്നതുപോലെ ഒരു കരിക്കുലം, ഒരു പാഠപുസ്തകം എന്ന സമീപനം വരുന്നത് സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ഭാഷാപരവും സാംസ്കാരികപരവുമായ ഉദ്ഗ്രഥനത്തെ, ദേശീയബോധത്തെതന്നെ ദോഷകരമായി ബാധിക്കും. നല്ല കരിക്കുലം സാർവത്രികവും ദേശീയവും പ്രാദേശികവുമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നതാകണം. മാത്രവുമല്ല, ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്ന മൂല്യങ്ങൾ അംഗീകരിക്കുകയും അവ രൂപപ്പെടാൻ വേണ്ടുന്ന പഠനസന്ദർഭങ്ങൾ സ്കൂൾ അനുഭവങ്ങളുടെ ഭാഗമായി ഒരുക്കുകയും വേണം. വൈവിധ്യങ്ങളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ ഏകശിലാരൂപത്തിലുള്ള കരിക്കുലവും പാഠപുസ്തകങ്ങളും എന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. | |||
എൻ. സി. ഇ. ആർ. ടി. തയ്യാറാക്കുന്ന പാഠ്യപദ്ധതി മാതൃകാപരമാവുമെന്ന് എങ്ങനെ ഉറപ്പാക്കാനാവും എന്ന പ്രശ്നമുണ്ട്. അത് അതേപടി പിന്തുടരേണ്ടുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ഭരണകർത്താക്കൾ ആഗ്രഹിക്കുന്ന ഉള്ളടക്കം എല്ലായിടത്തും എത്തിക്കുന്നതിനുള്ള തന്ത്രമാവില്ലേ എന്ന ഭയത്തിന് അടിസ്ഥാനമുണ്ട്. ഈയടുത്ത കാലത്തെ ഒരു ഉദാഹരണം നോക്കാം. കോവിഡ് 19 മഹാമാരിക്കാലത്ത് സ്കൂളുകൾ എപ്പോൾ സാധാരണപോലെ പ്രവർത്തിച്ചുതുടങ്ങുമെന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത സാഹചര്യത്തിൽ, സി.ബി.എസ്.ഇ 30% പാഠഭാഗങ്ങൾ വെട്ടിക്കുറക്കാൻ തീരുമാനിച്ചത് ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. വിവിധ ക്ലാസുകളിൽ വെട്ടിമാറ്റിയ പാഠഭാഗങ്ങൾ നോക്കുക. സോഷ്യൽ സയൻസിൽ മുഖ്യമായും ഒഴിവാക്കിയ ഭാഗങ്ങൾ ജനസംഖ്യ, ജനാധിപത്യ അവകാശങ്ങൾ, ഭക്ഷ്യസുരക്ഷ, മലിനജല നിർമാർജനം, ജലസ്രോതസ്സുകൾ, കാടും വന്യജീവികളും, ജനാധിപത്യവും വൈവിധ്യവും, ലിംഗപദവി, മതവും ജാതിയും, ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളികൾ, ജനകീയ സമരങ്ങളും മുന്നേറ്റങ്ങളും, അച്ചടി സംസ്കാരവും ആധുനികലോകവും, ഫെഡറലിസം, പൗരത്വം, ദേശീയത, സെക്കുലറിസം, പ്രാദേശിക ഭരണകൂടങ്ങളുടെ ആവശ്യകത, ഇന്ത്യയിൽ അവയുടെ വളർച്ച, ആസൂത്രണ കമ്മീഷൻ, പഞ്ചവത്സര പദ്ധതികൾ, അയൽരാജ്യങ്ങളുമായുള്ള ബന്ധം, സാമൂഹ്യ / നവസാമൂഹ്യ മുന്നേറ്റങ്ങൾ, പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും എന്നിവയാണ്. ബിസിനസ് സ്റ്റഡീസിൽ നിന്ന് ജി. എസ്. ടി, നോട്ട് നിരോധനം, ഉപഭോക്തൃ സംരക്ഷണം എന്നിവയും ഒഴിവാക്കി. സിലബസ് ക്രമീകരണത്തിന്റെ അടിസ്ഥാന തത്വങ്ങളോ പഠനപ്രക്രിയയോ പരിഗണിക്കാതെയാണ് ശാസ്ത്രവിഷയങ്ങളിലെ പാഠഭാഗങ്ങൾ പലതും വെട്ടിമാറ്റിയത്. ഇത്തരം ഇടപെടൽ പുതിയ കരിക്കുലത്തിന്റെ നിർമിതിയിലും സംഭവിച്ചേക്കാം. | |||
മൂല്യനിർണയത്തിൽ ദേശീയമാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി എന്ന സംവിധാനവും പുതുതായി നിലവിൽ വരികയാണ്. ഇതോടെ പരീക്ഷകളുടെ കാര്യവും തീരുമാനമാവും. ഇപ്രകാരം വിവിധതരം സമിതികൾ, കരിക്കുലം രൂപരേഖകൾ, മാർഗരേഖകൾ, മറ്റ് ഏകീകരണ നടപടികൾ എന്നിവ വഴി വിദ്യാഭ്യാസമേഖലയിൽ എല്ലാതരത്തിലും പിടിമുറുക്കാനുള്ള സൗകര്യങ്ങളാണ് ഈ നയരേഖ കേന്ദ്രസർക്കാറിന് പ്രദാനം ചെയ്യുന്നത്. ഭരണഘടനാഭേദഗതി ഇല്ലാതെ തന്നെ കൺകറന്റ് ലിസ്റ്റിലെ ഇനത്തെ കേന്ദ്രലിസ്റ്റിലെ ഇനമാക്കി മാറ്റാനാണ് ഇത് വഴിവെക്കുക. സ്വന്തമായി പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ, മൂല്യനിർണയ സമീപനം എന്നിവ തയ്യാറാക്കി മുന്നോട്ടുപോകുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് അത്തരം സ്വാതന്ത്ര്യം ഇനി എത്രകണ്ട് ഉപയോഗിക്കാനാവും എന്നതിൽ സംശയമുണ്ട്. പുതിയ രീതികളും ആവിഷ്കരണങ്ങളും അന്വേഷണങ്ങളും വഴി അനുദിനം മെച്ചപ്പെടേണ്ട വിദ്യാഭ്യാസമേഖലയ്ക്ക് ഇത് ഒട്ടും ഗുണകരമാവില്ല. | |||
വിദ്യാഭ്യാസ പ്രക്രിയയിൽ അധ്യാപകരുടെ റോൾ വല്ലാതെ പരിമിതപ്പെടുത്താൻ ഈ നയരേഖ ഇട വരുത്തിയേക്കും. സെക്ഷൻ 4.31ൽ അധ്യാപകർക്ക് അവർക്കിഷ്ടമുള്ള പാഠപുസ്തകങ്ങൾ പഠിപ്പിക്കാമെന്നും അതിനായി അവർക്ക് ഇഷ്ടമുള്ള ബോധനതന്ത്രം സ്വീകരിക്കാമെന്നും പറയുന്നു. ഈ നിർദേശം വിദ്യാഭ്യാസരംഗത്തെ ഉള്ളടക്കപരമായും ബോധനശാസ്ത്രപരമായും അരാജകത്വത്തിലേക്ക് നയിക്കാൻ ഇടയുണ്ട്. ഇതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അധ്യാപകരെ വിലയിരുത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾ. ദേശീയാടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ച്? ദേശീയതലത്തിൽ തന്നെ രൂപീകരിക്കുന്ന ഒരു ഏജൻസി ആയിരിക്കും അധ്യാപകരെ വിലയിരുത്തുകയെന്നു പറയുന്നു. അധ്യാപകർ വിലയിരുത്തലിന് വിധേയമാകേണ്ടവരാണ്. അത് അവരുടെ പ്രൊഫഷണൽ കഴിവ് വർധിപ്പിക്കുന്നതിന് ആകണം. പക്ഷേ ഈ നയരേഖ മുന്നോട്ടുവയ്ക്കുന്ന നിലപാട് മറ്റൊന്നാണ്. അധ്യാപകരുടെ ഇൻക്രിമെന്റ്, സ്ഥാനക്കയറ്റം, നിലനിൽപ്പ് എന്നിവയെല്ലാം ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നുപറയുന്നതോടെ വിലയിരുത്തലിന്റെ ഉദ്ദേശംതന്നെ മാറുകയാണ്. | |||
സ്കൂൾ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരുടെയും അധികാരികളുടെയും ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്ന ഫ്യൂഡൽരീതിയാകും ഇതുവഴി തിരിച്ചുവരിക. ഇത് വിദ്യാഭ്യാസരംഗത്തെ എല്ലാ സർഗാത്മകതയെയും ഇല്ലാതാക്കാൻ ഇടയാക്കിയേക്കാം. മാത്രവുമല്ല, അധികാരികളുടെയും സാങ്കേതികവിദ്യ മുഖ്യസ്ഥാനത്തെത്തുന്നതോടുകൂടി സാങ്കേതികവിദ്യാ വിദഗ്ധരുടെയും ആജ്ഞാനുവർത്തികളായി മാറാൻ അധ്യാപകർ നിർബന്ധിക്കപ്പെട്ടേക്കാം. ഇത് വിദ്യാഭ്യാസരംഗത്ത് വലിയ തിരിച്ചടികൾക്ക് കാരണമായേക്കും. | |||
===വർഗീയവൽകരണത്തിന്റെ അന്തർധാരകൾ=== | |||
വിദ്യാഭ്യാസത്തിന്റെ വർഗീയവൽകരണത്തിന് സഹായകരമാകുന്ന ഒട്ടനവധി നിർദേശങ്ങൾ സ്കൂൾ മേഖലയിൽ ഈ നയരേഖയിൽ ഉടനീളമുണ്ട്. ചില ഉദാഹരണങ്ങൾ: | |||
ദേശീയവിദ്യാഭ്യാസനയത്തിന്റെ ആമുഖത്തിൽ മനഃപാഠം പഠിക്കുന്നതിനെതിരെയും വിമർശനാത്മകത വളർത്തിക്കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും കുറിച്ച് സൂചിപ്പിക്കുന്ന ഘട്ടത്തിൽ മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം എന്നിവ എടുത്തുപറയാൻ രേഖ താത്പര്യപ്പെടുന്നില്ല. | |||
ഇതിൽ പലേടത്തും ഭാരതവത്കരണം (Indianisation), ഇന്ത്യൻ ധാർമികത (Indian ethos) തുടങ്ങിയ പ്രയോഗങ്ങളും പദങ്ങളും ധാരാളമായി ഉപയോഗിച്ചുകാണുന്നു. സേവ, അഹിംസ, സ്വച്ഛത, സത്യം, നിഷ്കാമകർമം, ശാന്തി, ത്യാഗം, സഹിഷ്ണുത തുടങ്ങിയ 'ഇന്ത്യൻ മൂല്യങ്ങൾ' ഊന്നിപ്പറയുന്നു (4.28). ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ശരിമാത്രം ചെയ്യാൻ പഠിപ്പിക്കണം എന്നും പറയുന്നു. ആത്യന്തികമായ ശരികൾ എന്നൊന്നുണ്ടോ, അസമമായ ഇന്ത്യൻ സാമൂഹികാവസ്ഥയിൽ ആരുടെ ശരിയാണ് യഥാർഥശരി എന്നതൊക്കെ പ്രശ്നമാണ്. ശാസ്ത്രബോധം, ശാസ്ത്രത്തിന്റെ രീതി എന്നിവ പരിപോഷിപ്പിക്കണം എന്ന് രേഖ മറ്റൊരിടത്ത് പറയുന്നു. എന്നാൽ ചോദ്യം ചെയ്യുക, അന്വേഷിക്കുക, വിവരങ്ങളും വസ്തുതകളും ശേഖരിക്കുക, അതിൽനിന്ന് പുതിയ നിഗമനങ്ങളിലെത്തുക, നിലവിലുള്ള ശരിയെ തിരുത്തിക്കൊണ്ട് കൂടുതൽ ശരിയിലേക്ക് പോവുക എന്ന ശാസ്ത്രത്തിന്റെ രീതി തന്നെ ഈ സെക്ഷൻ അപ്രസക്തമാക്കുന്നു. | |||
സെക്ഷൻ 4.27 ൽ ഇന്ത്യൻ വിജ്ഞാന ശാഖകളെക്കുറിച്ചും തനത് ട്രൈബൽ ജ്ഞാനത്തെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്. ഇതൊക്കെ തനത് കളികളിലൂടെ കുട്ടികളെ പഠിപ്പിക്കണമെന്നും നയരേഖ പറയുന്നു. ഇന്ത്യയിൽ ട്രൈബൽസമൂഹം അവരുടേതായ ജീവിതപ്രവർത്തനത്തിന്റെ ഭാഗമായി എണ്ണമറ്റ അറിവുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ ചിലവ ആധുനിക ലോകത്തുപോലും പ്രസക്തവും മറ്റുചിലത് അപ്രസക്തവുമാണ്. ഇതെല്ലാം എങ്ങനെ വേർതിരിച്ചെടുക്കാമെന്നത് വലിയൊരു സമസ്യയാണ്. ട്രൈബൽജ്ഞാനം എന്ന ലേബലിൽ നിക്ഷിപ്തമായ ചില താത്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ഈ സെക്ഷൻ പ്രയോജനപ്പെടുത്തിയേക്കാം. | |||
ഇന്ത്യയിലെ പൗരാണികമായ പണ്ഡിതന്മാരെക്കുറിച്ച് ആമുഖഭാഗത്ത് പരാമർശിക്കുന്നുണ്ട്. അതിൽ വേദിക് - ബ്രാഹ്മണ്യ പാരമ്പര്യത്തിന്റെ വക്താക്കളെയാണ് മുഖ്യമായും എടുത്തുപറഞ്ഞിട്ടുള്ളത്. പൗരാണികജ്ഞാനികളുടെ കൂട്ടത്തിൽനിന്നും ചാർവാകനെയും മറ്റും ബോധപൂർവ്വം വിട്ടിട്ടുമുണ്ട്. ജൈന, ബൗദ്ധധാരയിലൂടെ വന്ന പല പണ്ഡിതരെയും അവഗണിച്ചിരിക്കുന്നു. ഇസ്ലാമിക കാലഘട്ടത്തിലെ സംഭാവനകളും പിന്നീട് ജാതിമേധാവിത്തത്തിനെതിരെ നിലകൊണ്ട സാമൂഹികപരിഷ്കർത്താക്കളെയും പൂർണമായും വിട്ടിരിക്കുന്നു. വൈദികസംസ്കാരകാലഘട്ടത്തിനും എത്രയോ മുമ്പ് വികസിതമായ ഒരു കാർഷികസംസ്കാരം ഇവിടെ നിലനിന്നിരുന്നു എന്നതും ഓർക്കാവുന്നതാണ്. ചുരുക്കത്തിൽ ഇന്ത്യൻ സംസ്കാരം ഏകമുഖമല്ല, മറിച്ച് വൈവിധ്യമാർന്നതാണ്. ബൗദ്ധം, ജൈനം, മീമാംസ, സാംഖ്യം, ലോകായതം, ന്യായ - വൈശേഷികങ്ങളുടെ പ്രാരംഭരൂപം തുടങ്ങിയവ നിരീശ്വരവാദ ദർശനങ്ങളായിരുന്നു. എന്നാൽ അതൊക്കെയും മറച്ചുപിടിച്ചുകൊണ്ട് ഇന്ത്യൻ പാരമ്പര്യമെന്നത് വേദിക് - സവർണ പാരമ്പര്യമാണ് എന്നുവരുത്താനുള്ള ശ്രമം ഈ രേഖയിൽ ശക്തമാണ്. | |||
===സാക്ഷരതയും തുടർവിദ്യാഭ്യാസവും=== | |||
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ സാക്ഷരതാനിരക്ക് 74.01 ആണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ നമ്മുടെ രാജ്യത്ത് 26% നിരക്ഷരരുണ്ട്. ഇത് ഏതാണ്ട് മുപ്പത് കോടിക്കടുത്ത് വരും. ഇതിൽ ഇരുപത് കോടിക്കടുത്ത് സ്ത്രീകളാണ്. ഇത്തരം ഒരു പശ്ചാത്തലത്തിലാണ് ദേശീയ വിദ്യാഭ്യാസനയം വന്നിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 74-ാം വാർഷിക ഘട്ടത്തിലും നമ്മുടെ ജനാധിപത്യപ്രക്രിയയിൽ പരിമിതമായ അറിവിന്റെ തലത്തിൽനിന്നുപോലും പങ്കെടുക്കാൻ കഴിയാത്ത നാലിലൊന്ന് ജനതയുണ്ട് എന്ന യാഥാർത്ഥ്യം പരിഗണിക്കാതെയാണ് സാക്ഷരതയും തുടർവിദ്യാഭ്യാസവും എന്ന ഭാഗം വിദ്യാഭ്യാസനയത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. | |||
സെക്ഷൻ 21.2 ൽ നിരക്ഷരരാവുന്നതുകൊണ്ട് ഉണ്ടാവുന്ന ദോഷവശങ്ങളെക്കുറിച്ച് ഉപരിപ്ലവമായ ഒട്ടേറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഒറ്റവായനയിൽ തന്നെ അതെല്ലാം അപ്രസക്തമാണെന്ന് മനസ്സിലാകും. നിരക്ഷരർക്ക് സാമ്പത്തിക വിനിമയത്തിലേർപ്പെടാനും ഗുണമേന്മയുള്ള വസ്തുക്കൾ യഥാർഥ അളവിൽ വാങ്ങാനും അവയുടെ വില കണക്കാക്കാനും കഴിയില്ല, ജോലിക്കോ ലോണിനോ അപേക്ഷിക്കാൻ കഴിയില്ല, ബിസിനസ് നടത്താൻ കഴിയില്ല, ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വിജയകരമായി ഉപയോഗിക്കാൻ കഴിയില്ല തുടങ്ങിയ പ്രസ്താവനകൾ യഥാർഥ സാക്ഷരതയുടെയും തുടർവിദ്യാഭ്യാസത്തിന്റെയും അനിവാര്യതകളെയും സാധ്യതകളെയും വല്ലാതെ പരിമിതപ്പെടുത്തുന്നുണ്ട്. നല്ല ഉപഭോക്താവാകലാണ് സാക്ഷരതയുടെ ലക്ഷണവും ലക്ഷ്യവും എന്ന വാദം അംഗീകരിക്കാനാവില്ല. | |||
1988 കാലത്ത് നാഷണൽ ലിറ്ററസി മിഷന്റെ നേതൃത്വത്തിൽ നടന്ന ജനകീയ സാക്ഷരതാ പരിപാടി വിജയകരമായിരുന്നുവെന്നും അതിന്റെ പ്രതിഫലനം സമൂഹത്തിലാകെ ഉണ്ടായെന്നും സ്ത്രീകളുടെയും മറ്റും സാക്ഷരതാനിരക്ക് വർധിച്ചെന്നും നയരേഖ തന്നെ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ സമൂഹപങ്കാളിത്തം വർദ്ധിതമായ തോതിൽ ഉണ്ടാക്കണമെന്നും നയരേഖയിൽ പറയുന്നു. പക്ഷെ ഇതിനായി നിർദേശിക്കുന്നതാകട്ടെ 1980 കളിലും അതിനുമുമ്പും നടപ്പാക്കി പരാജയപ്പെട്ട പദ്ധതികളാണ്. നിരക്ഷരരിൽ ഒരാളെ അഭ്യസ്തവിദ്യരിൽ ഒരാൾ സാക്ഷരനാക്കുക എന്നത് ഉദാഹരണം. മാത്രവുമല്ല, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും ഓൺലൈൻ കോഴ്സുകൾ നടത്തിയും ടെലിവിഷൻ ചാനലിലൂടെയും ജനങ്ങളെ സാക്ഷരരാക്കാമെന്നും നയം സ്വപ്നം കാണുന്നു. സാക്ഷരതയെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റി സമൂഹത്തിന്റെയാകെ പൊതുഅജണ്ടയാക്കുകയും അതിനാവശ്യമായ അന്തരീക്ഷസൃഷ്ടി നടത്തുകയും ചെയ്തുകൊണ്ട് മാത്രമേ നിരക്ഷരതയെ മറികടക്കാൻ കഴിയൂ. എറണാകുളത്തും പിന്നീട് കേരളത്തിലും പരീക്ഷിച്ച് വൻവിജയമായി മാറിയ വികേന്ദ്രീകൃതവും ജനകീയവുമായ ആ മാതൃകയെ വിസ്മരിച്ച്, ഈ നയവും ചില ആശയങ്ങൾ മുന്നോട്ട് വെക്കുന്നുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ആത്മാർത്ഥതയില്ലാത്ത ശ്രമത്തെ ചോദ്യം ചെയ്യാൻ കേരളീയരായ നമുക്ക് അവകാശമുണ്ട്. | |||
==ഭാഗം - 3== | |||
===ഉന്നതവിദ്യാഭ്യാസം=== | |||
പുതിയ വിജ്ഞാനത്തെക്കുറിച്ചുള്ള അന്വേഷണവും നിർമാണവും അവ സമൂഹത്തിന് ലഭ്യമാക്കലുമാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം. പുതിയ അറിവിന്റെ വെളിച്ചത്തിൽ പഴയതിനെ വിമർശനാത്മകമായി വിലയിരുത്താൻ ഉന്നതവിദ്യാഭ്യാസം പുതിയ തലമുറയെ പ്രാപ്തമാക്കേണ്ടതുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശരിയായ നേതൃത്വം ഉയർന്നുവരേണ്ടതും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നാണ്. ഉയർന്ന സാമൂഹികബോധത്തോടെയും മൂല്യവിചാരത്തോടെയും ഉത്പാദനമേഖലകളിൽ ഇടപെടാനും അവർക്കുകഴിയണം. സ്വതന്ത്രവും സർഗാത്മകവുമായ ചിന്തയും പ്രവർത്തനവും അനുവദിക്കുന്ന ഇടമായി നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറിയാലേ ഇപ്പറഞ്ഞവയൊക്കെ സാധ്യമാകൂ. | |||
1956 ലെ ആക്റ്റ് പ്രകാരം നിലവിൽവന്ന യു.ജി.സി.യാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഗുണനിലവാരവും ഫണ്ടിങ്ങും ഇതുവരെയും ഏകോപിപ്പിക്കുന്നത്. ഐ. ഐ. ടി. കളെയും ഐ. ഐ. എമ്മുകളെയും പോലുള്ള കുറച്ച് നല്ല സ്ഥാപനങ്ങൾ നമുക്കുണ്ട്. എന്നാൽ നമ്മുടെ ഏറ്റവും മികച്ച സ്ഥാപനങ്ങൾ പോലും ലോകറാങ്കിങ്ങിൽ പിറകിലാണ്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നിലവാരത്തകർച്ചയുടെയും കഥകളാണ് കൂടുതലും ഉയരുന്നത്. മികച്ച അധ്യാപകരുടെ കുറവ്, ഫണ്ടിന്റെ അപര്യാപ്തത, ജനാധിപത്യവേദികളുടെ ശോഷണം, സർഗാത്മകതയെ കൂച്ചുവിലങ്ങിടൽ, ഭരണകൂടത്തിന്റെ താത്പര്യങ്ങൾ അടിച്ചേൽപിക്കൽ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരാതികളാണ് അടുത്തകാലത്ത് ഉണ്ടാവുന്നത്. ഇവയൊക്കെ അഭിമുഖീകരിക്കുന്നതും അവയ്ക്കുള്ള പ്രതിവിധികൾ അവതരിപ്പിക്കുന്നതുമാണോ പുതിയ വിദ്യാഭ്യാസനയം എന്ന ചോദ്യം ഉയർന്നുവരും. സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾ കുറച്ചുകൊണ്ടുവരും വിധത്തിൽ എല്ലാ വിഭാഗങ്ങൾക്കും ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസത്തിന് അവസരം ഒരുക്കുന്നതാണോ നിർദിഷ്ട നയം എന്നും പരിശോധിക്കേണ്ടതുണ്ട്. | |||
===നയത്തിൽ പറയുന്നത്=== | |||
ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ വിദ്യാഭ്യാസനയം ആവിഷ്കരിച്ചിരിക്കുന്നത് എന്നാണ് അവകാശവാദം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിജ്ഞാന സമ്പദ് വ്യവസ്ഥയും വൈജ്ഞാനിക സമൂഹവികാസവും അത് ലക്ഷ്യമിടുന്നു. ഇത്തരമൊരു സമൂഹത്തിന്റെ ഭാഗമാകണമെങ്കിൽ ഒന്നോ അതിലേറെയോ വിശേഷവിഷയങ്ങളിൽ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നാണ് നിലപാട്. മെച്ചപ്പെട്ടവരും ചിന്താശീലരും സർഗശേഷിയുള്ളവരുമായ വ്യക്തികളെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആവശ്യപ്പെടുന്നത് എന്ന് സൂചിപ്പിക്കുന്നു. ഇതിന് നൈപുണികളും മൂല്യബോധവും ഉള്ള വ്യക്തികളെ വളർത്തിയെടുക്കേണ്ടതുണ്ട് എന്നും ഓർമിപ്പിക്കുന്നു. | |||
വിജ്ഞാനോൽപാദനത്തിനും പുതുക്കലിനുമുള്ള അടിത്തറയാകണം ഉന്നതവിദ്യാഭ്യാസം. വളർന്നുവരുന്ന സാമ്പത്തികശക്തികൾക്ക് ഇതാവശ്യമാണ്. വ്യക്തികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനും അപ്പുറമാകണം അത്. അത്തരം ഒരു സമൂഹസൃഷ്ടിക്ക് ഇന്നത്തെ ഉന്നതവിദ്യാഭ്യാസ മേഖല പ്രാപ്തമല്ല എന്ന വിമർശനം നയരേഖ മുന്നോട്ടുവെക്കുന്നു. | |||
===കണ്ടെത്തിയിട്ടുള്ള പരിമിതികൾ=== | |||
ഉന്നതവിദ്യാഭ്യാസമേഖല കടുത്ത രീതിയിൽ ശകലിതമാണ് (fragmented). | |||
ധാരണകൾ രൂപപ്പെടുന്നതിലും പഠനഫലത്തിലും ഊന്നൽ നൽകുന്നില്ല. | |||
വിജ്ഞാനശാഖകൾ തമ്മിൽ കർക്കശമായ വേർതിരിവാണുള്ളത്. | |||
പഠനമേഖലകൾ ഇടുങ്ങിയതാണ്. | |||
സാമൂഹിക-സാമ്പത്തിക മേഖലകളിൽ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം കിട്ടുന്നില്ല. | |||
പ്രാദേശികഭാഷയിൽ പഠിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ കുറവാണ്. | |||
അധ്യാപകർക്കും സ്ഥാപനങ്ങൾക്കും സ്വയംഭരണാവകാശം ഇല്ല. | |||
യോഗ്യതയെ ആധാരമാക്കിയുള്ള സ്ഥാനക്കയറ്റത്തിന് വേണ്ടത്ര സംവിധാനങ്ങളില്ല. | |||
ഗവേഷണത്തിന് പ്രാധാന്യം നൽകുന്നില്ല. | |||
ഫലപ്രദമായ നിയന്ത്രണങ്ങളില്ല. | |||
ഭരണനിർവഹണവും നേതൃത്വവും ദുർബലമാണ്. | |||
ഭൂരിഭാഗം സർവകലാശാലകളും വലിപ്പംകൂടിയതും അഫിലിയേറ്റിങ്ങ് വിഭാഗത്തിൽ | |||
പെട്ടവയുമാണ്. | |||
ബിരുദപഠനം നിലവാരം കുറഞ്ഞതാണ്. | |||
ഈ പരിമിതികളിൽ പലതും മുൻനയരേഖകളിലും ചൂണ്ടിക്കാണിക്കപ്പെട്ടവയാണ്. ഇവ പൊതുവിൽ ഘടന, നിയന്ത്രണം തുടങ്ങിയവയെ കേന്ദ്രീകരിച്ചുള്ളവയാണ്. നിലവാരക്കുറവ് ആഴത്തിൽ വിശകലനം ചെയ്യുന്നില്ല എന്ന പ്രശ്നം ബാക്കിയാവുന്നു. ഭൗതികസാഹചര്യങ്ങളുടെ അഭാവം, അക്കാദമികനിലവാരത്തിലെ കുറവുകൾ, ഫണ്ടിങ്ങിലെ അപര്യാപ്തത തുടങ്ങിയവയുടെ അടിസ്ഥാനകാരണങ്ങളിലേക്ക് പോകുംവിധം നിലവിലുള്ള പ്രശ്നങ്ങളെ ആഴത്തിൽ പരിശോധിക്കാൻ രേഖ തയ്യാറാക്കിയവർ തയ്യാറാകുന്നില്ല എന്നത് പറയാതെവയ്യ. | |||
ഉന്നതവിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള ചർച്ചയിൽ പൊതുസമൂഹം ഇതിലേറെ പോരായ്മകൾ ചൂണ്ടിക്കാണിക്കാറുണ്ട് എന്ന് നമുക്കറിയാം. നിരവധി കമ്മീഷനുകൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇവ പരിഹരിക്കാൻ നടപ്പിലാക്കിയ നടപടികൾ രോഗം മൂർച്ഛിക്കുന്നതിനാണ് ആത്യന്തികമായി ഇടവരുത്തിയത്. | |||
പ്രാപ്യത (access) വർധിപ്പിക്കുന്നതിനും തുല്യത (equity) ഉറപ്പാക്കുന്നതിനും ശ്രമിച്ചപ്പോൾ ഗുണനിലവാരത്തിൽ ശ്രദ്ധ കുറഞ്ഞുപോയി എന്നതാണ് മുൻനയരേഖകളുടെ ദൗർബല്യമായി ചൂണ്ടിക്കാണിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തോത് 26.3% മാത്രമാണെന്നത് പ്രാപ്യത വർധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്. പിന്നോക്കജാതിക്കാർ, ന്യൂനപക്ഷവിഭാഗങ്ങൾ, സ്ത്രീകൾ, പട്ടികവിഭാഗങ്ങൾ എന്നിവരുടെയും അവികസിത പ്രദേശങ്ങളിലേയും പ്രവേശനനിരക്ക് മറ്റു വിഭാഗങ്ങളുടേതിനേക്കാൾ കുറവാണ് എന്നത് തുല്യത കൈവരിക്കാനായിട്ടില്ല എന്നതിന്റെ നിദർശനമാണ്. വികസനത്തിലെ പ്രാദേശിക അസന്തുലിതാവസ്ഥ, അതിശക്തമായ ഗ്രാമ- നഗര ഭിന്നത, ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വിവേചനം എന്നിവയാണ് പ്രവേശനത്തോത് കുറയുന്നതിന് പ്രധാനകാരണങ്ങളെന്ന് ഭരണസംവിധാനങ്ങൾക്ക് അറിയാം. | |||
ഈ പരിമിതികളെല്ലാം ഇല്ലാതാക്കാൻ വേണ്ടി രൂപപ്പെടുത്തിയതത്രേ പുതിയ വിദ്യാഭ്യാസ നയം. ഇത്തരം തടസ്സങ്ങൾ ഒഴിവാക്കി പ്രവേശനനിരക്ക് വർധിപ്പിക്കുന്നതിനും ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനും അത് ലക്ഷ്യമിടുന്നു. വിദ്യനേടിയവർ തൊഴിലിന് അർഹരാകുന്ന അവസ്ഥയുണ്ടാകുമെന്നാണ് പറയുന്നത്. തൊഴിൽനൈപുണ്യം ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രധാന ഘടകമാക്കിയും ഇന്ത്യയുടെ സാംസ്കാരികപൈതൃകം പുതുതലമുറയുടെ അറിവിന്റെ ഭാഗമാക്കിയും പുരാതന ഇന്ത്യക്ക് വിദ്യാഭ്യാസരംഗത്ത് ലോകസമൂഹത്തിലുണ്ടായിരുന്ന പ്രഥമസ്ഥാനം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് ഈ നയം പ്രതീക്ഷിക്കുന്നു. അങ്ങനെയായാൽ ദുർബല ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും അടങ്ങുന്ന സാമൂഹിക-സാമ്പത്തിക-പിന്നോക്ക വിഭാഗങ്ങളെ (Socio Economically Disadvantaged Group, SEDG) പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലെത്തിക്കാനാവുമത്രേ. ഉന്നതവിദ്യാഭ്യാസത്തിന്റെ ചെലവ് ഏവർക്കും താങ്ങാനാവുന്നതാക്കി പ്രവേശനനിരക്ക് ഇന്നത്തെ 26.3% ൽനിന്ന് 50% ആയി വർധിപ്പിക്കുമെന്നും നയരേഖ പറഞ്ഞുവെക്കുന്നു. ഇന്ന് നിലവിലുള്ള 800 സർവകലാശാലകളും 40,000 കോളേജുകളും ഏകീകരിച്ച് 15,000 സ്ഥാപനങ്ങളായി ഉയർത്തുമ്പോൾ എങ്ങനെയാണ് പ്രവേശനത്തോത് ഉയരുക എന്ന ചോദ്യത്തിന് മറുപടിയില്ല. ചെറിയ കോളേജുകൾ ഇല്ലാതാക്കിയോ പരസ്പരം ചേർത്തോ എണ്ണം കുറക്കുമ്പോൾ ഗ്രാമപ്രദേശങ്ങളിലും ഗോത്രവർഗമേഖലകളിലും മറ്റും പഠനസൗകര്യമില്ലാതെ കുട്ടികൾ വലയും എന്ന് വ്യക്തമാണ്. | |||
===പ്രധാനനിർദേശങ്ങൾ=== | |||
പ്രശ്നപരിഹാരത്തിനായി ഈ രേഖ മുന്നോട്ട് വെക്കുന്ന സുപ്രധാന നിർദേശങ്ങൾ ഇവയാണ്: | |||
വലിയ ബഹുവിഷയ സർവകലാശാലകളും കോളേജകളും, ഒരു ജില്ലയിൽ ഒന്നെങ്കിലും വീതം സ്ഥാപിക്കും. | |||
ബിരുദതല വിദ്യാഭ്യാസം കൂടുതൽ ബഹുവിഷയാധിഷ്ഠിതം (Multi-disciplinary) ആക്കും. | |||
സ്ഥാപനങ്ങൾക്കും അധ്യാപകർക്കും സ്വയംഭരണം നൽകും. | |||
നിയമനങ്ങൾ മെറിറ്റ് അധിഷ്ഠിതമാക്കും. | |||
ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വവും മാർഗനിർദേശവും നൽകാൻ ദേശീയ ഗവേഷണ | |||
ഫൗണ്ടേഷൻ (National Research Foundation, NRF) രൂപീകരിക്കും. | |||
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിർവഹണം യോഗ്യതയുള്ള നിഷ്പക്ഷ ഗവേണിംഗ് ബോർഡുകളെ ഏൽപ്പിക്കും. ഈ ബോർഡുകൾക്ക് ഭരണപരവും അക്കാദമികവുമായ സ്വയംഭരണാധികാരം ഉണ്ടായിരിക്കും. | |||
'ടെന്വർ ട്രാക്കിങ്ങി'ലൂടെ അധ്യാപകരുടെ ഗുണനിലവാരം ഉറപ്പുവരുത്തും. | |||
'ലൈറ്റ് ബട്ട് ടൈറ്റ്' രീതിയിലൂടെ സ്ഥാപനങ്ങളുടെ മേന്മ ഉറപ്പാക്കും. | |||
ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഘടന, കോഴ്സുകളുടെ ഉള്ളടക്കം, ഭരണം, നിയന്ത്രണം, ഗവേഷണം, സാമ്പത്തികസഹായം, ബോധനം എന്നിവയ്ക്കുള്ള സംവിധാനങ്ങളിൽ സമൂലമായ പരിഷ്കരണമാണ് വിദ്യാഭ്യാസനയം നിർദേശിക്കുന്നത്. എന്നാൽ മേൽപറഞ്ഞ പല പരിഹാരനിർദേശങ്ങളിലും അടങ്ങിയിരിക്കുന്നത് നവലിബറൽ ആശയങ്ങളാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണ്. പൊതുമേഖലയുടെ സ്ഥാനത്ത് സ്വകാര്യമേഖലയെ പ്രതിഷ്ഠിക്കുന്നതിന് സഹായിക്കുന്ന കോടതിയുത്തരവുകൾ തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. പരോപകാരതൽപരരായ വ്യക്തികൾക്കും സംഘടനകൾക്കും ഉന്നതവിദ്യാഭ്യാസ സംവിധാനത്തിൽ വർധിച്ച പങ്കാളിത്തമാണ് ഇവിടെ നിർദേശിച്ചിരിക്കുന്നത്. വിദേശ സർവകലാശാലകൾക്കും ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് ഇനി നിർബാധം കടന്നുവരാം. | |||
വിദ്യാഭ്യാസനയരേഖയിൽ നിർദേശിക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങൾ വിശദമായി പരിശോധിക്കുന്നതിനുമുൻപ് അവയ്ക്ക് പശ്ചാത്തലമൊരുക്കിയ ചില കാഴ്ചപ്പാടുകളും നടപടികളും പരാമർശിക്കപ്പെടേണ്ടതുണ്ട്. 1990 കളുടെ തുടക്കം മുതൽ ഇന്ത്യൻ ഭരണകൂടത്തെ സ്വാധീനിച്ച നവ ഉദാരവൽകരണനയങ്ങളാണ് ഇതിൽ പ്രധാനം. എല്ലാവരുടെയും വിദ്യാഭ്യാസത്തിനുള്ള ചെലവ് വഹിക്കാൻ സർക്കാരിന് കഴിയില്ലെന്ന ആശയം അതോടെ പ്രബലമായി. സർക്കാർ പൊതുവിദ്യാഭ്യാസത്തിൽ കേന്ദ്രീകരിക്കുകയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യമേഖലയ്ക്ക് വർദ്ധിച്ച പങ്ക് നൽകുകയും വേണം എന്നായിരുന്നു നിർദേശം. കേന്ദ്രസർവകലാശാലകൾ, സ്റ്റേറ്റ് സർവകലാശാലകൾ, സർക്കാർ കോളേജുകൾ എന്നിവയിലേക്ക് സർക്കാരുകൾ ഒതുങ്ങി. | |||
ശ്രേഷ്ഠസ്ഥാപനങ്ങൾക്ക് (Centre of Excellence) കൂടുതൽ പ്രോത്സാഹനം നൽകുന്ന നിലപാടാണ് കേന്ദ്രസർക്കാരും UGC യും തുടർന്നത്. നഗര-ഗ്രാമ പ്രദേശങ്ങളിൽ പുതിയ സ്വകാര്യകോളേജുകളും സ്വകാര്യസർവകലാശാലകളും സ്ഥാപിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസമേഖലയെ സ്വകാര്യമൂലധനം കൈയടക്കി. കോർപ്പറേറ്റ് മേഖലയിൽ സ്വദേശത്തും വിദേശത്തും ആവശ്യമായി വരുന്ന തൊഴിലുകൾക്ക് അനുയോജ്യമായ പുതുതലമുറ കോഴ്സുകളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കി. ഇത്തരം കോഴ്സുകൾക്ക് വേണ്ടിയാണ് സ്വാശ്രയമേഖല പ്രധാനമായും രംഗപ്രവേശം ചെയ്തതുതന്നെ. ഉന്നതവിദ്യാഭ്യാസ മേഖല സാമ്പത്തിക ശേഷിയുള്ളവർക്ക് മുൻതൂക്കം ലഭിക്കുന്നതാക്കാൻ ഇതൊക്കെയും കാരണമായി. അതോടൊപ്പം മാനവികവിഷയങ്ങളും ശുദ്ധശാസ്ത്രവിഷയങ്ങളും അനാകർഷകവും അനാവശ്യവുമാണെന്നുവരെ കണക്കാക്കുന്ന സാഹചര്യമുണ്ടായി. | |||
ഇന്ന് ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തിന്റെ 45.2 % ഉം സ്വാശ്രയ സ്ഥാപനങ്ങളിലും 21.2 % എയ്ഡഡ് സ്ഥാപനങ്ങളിലുമാണ്. സ്വകാര്യമേഖലയ്ക്കുള്ള മേധാവിത്തം ഇതിൽനിന്ന് വ്യക്തമാണല്ലോ. കേരളത്തിലും സ്ഥിതി ഭിന്നമല്ല. കേരളത്തിലെ ഏറ്റവും പുതിയ അഫിലിയേറ്റിങ്ങ് സർവകലാശാലയായ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഉള്ള 51 ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 30 എണ്ണം സ്വാശ്രയകോളേജുകളാണ് (58.5%). 22 എഞ്ചിനീയറിംഗ് കോളേജുകളിൽ 17 എണ്ണവും (77.3%) സ്വാശ്രയമേഖലയിൽ തന്നെ. ഇതിനൊപ്പം എയിഡഡ് കോളേജുകളിലുള്ള സ്വാശ്രയകോഴ്സുകളും കണക്കിലെടുക്കേണ്ടതുണ്ട്. | |||
സർവകലാശാലകൾ പ്രവർത്തനത്തിനാവശ്യമായ ഫണ്ട് സ്വയം സമാഹരിക്കണമെന്ന നിർദേശം ഈ കാലഘട്ടത്തിലാണ് ഉണ്ടാകുന്നത്. പ്രവർത്തനഫണ്ട് സമാഹരിക്കുന്ന യൂണിവേഴ്സിറ്റികൾക്ക് യു.ജി.സി മാച്ചിങ് ഗ്രാൻഡ് നൽകണമെന്ന് കെ. പുന്നയ്യ കമ്മറ്റി നിർദേശിക്കുകയുണ്ടായി. കോഴ്സുകളുടെ കാര്യത്തിൽ അയവുള്ള സമീപനവും സ്ഥാപനങ്ങൾക്കും ഫാക്കൽറ്റിക്കും സ്വയംഭരണവും എന്ന നിർദേശം ജ്ഞാനംകമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടായി (1993). ആദ്യത്തെ സ്വയംഭരണകോളേജ് 1978 ലാണ് പ്രവർത്തനം തുടങ്ങിയത്. ഒന്നാം യു.പി.എ സർക്കാർ നിയമിച്ച നോളജ് കമ്മീഷൻ (knowledge commission) ആണ് അഫിലിയേറ്റിംഗ് സർവകലാശാലകളുടെ ദൗർബല്യം പരിഹരിക്കുന്നതിന് കോളേജുകൾക്ക് സ്വയംഭരണം നൽകണമെന്ന നിർദേശം മുന്നോട്ടുവച്ചത്. നൂറുകണക്കിന് കോളേജുകളെ അഫിലിയേറ്റ് ചെയ്തിട്ടുള്ള നമ്മുടെ സർവകലാശാലകൾ പ്രവർത്തന മികവ് കാട്ടുന്നില്ല എന്നത് സത്യമാണ്. സമയത്തിന് പരീക്ഷ നടത്താനും ചിട്ടയായി ഫലം പ്രഖ്യാപിക്കാനും പോലും അവയ്ക്ക് കഴിയുന്നില്ല. നോളജ് കമ്മീഷൻ പറഞ്ഞത് "Under graduate colleges are constrained by their affiliated status, the problem is particularly acute for under graduate colleges that are good, for both teachers and students are subjetcted to the ‘convoy problem’ in so far as they are forced to move at the speed of the slowest." എന്നാണ്. മോശം നിലവാരമുള്ള കോളേജുകൾക്ക് സഹായം നൽകി മെച്ചപ്പെടുത്തൽ ലക്ഷ്യമല്ല. പകരം മെച്ചപ്പെട്ട കോളേജുകൾക്ക്, ബിരുദം നൽകാനും, പുതിയ സ്വാശ്രയകോഴ്സുകൾ ആരംഭിക്കാനും, ഫീസ്ഘടന സ്വയം നിർണയിക്കാനും, അധ്യാപകരുടെ സേവനവേതന വ്യവസ്ഥകൾ നിർണയിക്കാനും അധികാരം നൽകുന്ന തരത്തിൽ സ്വയംഭരണം നൽകാനും, പ്രത്യേക ഫണ്ട് നൽകി സഹായിക്കാനും ആണ് നിർദേശിച്ചത്. | |||
കൂടുതൽ സ്വയംഭരണകോളേജുകൾ ഇതേത്തുടർന്ന് ഉണ്ടായി. എന്നാൽ സ്വയംഭരണ കോളേജുകൾ സ്വകാര്യവൽകരണത്തിന് മാത്രമേ സഹായിക്കുന്നുള്ളൂ എന്ന് ഇതിനകം മനസ്സിലായിട്ടുണ്ട്. അഫിലിയേറ്റഡ് കോളേജുകൾക്ക് പകരമുള്ള സ്വയംഭരണസ്ഥാപനങ്ങളുടെ വരവ് നിലവാരം വർധിപ്പിച്ചു എന്നതിന് കാര്യമായ തെളിവുകളില്ല. എന്നിട്ടും കൂടുതൽ കോളേജുകൾക്ക് സ്വയംഭരണം നൽകുമെന്നാണ് പറയുന്നത്. യു.ജി.സിയുടെ 2018 ലെ തീരുമാനപ്രകാരം ആഗോള റാങ്കിങ്ങിൽ 500 താഴെ വരികയോ ദേശീയ അക്രഡിറ്റേഷനിൽ (NAAC) മൂന്നിനുമീതെ സ്കോർ ലഭിക്കുകയോ ചെയ്യുന്ന കോളേജുകൾക്കാണ് സ്വയംഭരണം ലഭിക്കുന്നത്. ഇന്നുള്ള 747 സ്വയംഭരണ കോളേജുകളിൽ 643 എണ്ണവും സ്വകാര്യമേഖലയിലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. | |||
വാസ്തവത്തിൽ, നവഉദാരവൽകരണത്തിന്റെ ഭാഗമായ ലോകബാങ്ക് നിർദേശങ്ങളടങ്ങിയ ശുപാർശകൾ സർക്കാരിന് നൽകിയത് ബിർള-അംബാനി റിപ്പോർട്ടാണ്. വാജ്പേയ് സർക്കാർ നിയമിച്ച ഈ കമ്മിറ്റി 2000 ൽ ആണ് റിപ്പോർട്ട് നൽകിയത്. വിദ്യാഭ്യാസരംഗത്തിന്റെ വാണിജ്യവൽകരണം, അരാഷ്ട്രീയവൽകരണം, വിപണിയുമായി സംയോജിപ്പിക്കൽ, സ്ഥാപനനടത്തിപ്പിനുവേണ്ടി സ്വയം വരുമാനം സമാഹരിക്കൽ, നിർബന്ധ അസൈൻമെന്റും അക്രഡിറ്റേഷനും, സ്വയംഭരണം, വിജ്ഞാനാധിഷ്ടിത സമ്പദ് വ്യവസ്ഥയെ ലക്ഷ്യമിടൽ, സ്വാശ്രയസ്ഥാപനങ്ങളും കോഴ്സുകളും ആരംഭിക്കൽ തുടങ്ങിയ വിപണി അനുകൂല നിർദേശങ്ങളാണ് ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ബി. ജെ. പി. സർക്കാർ വർഷങ്ങൾക്കു മുമ്പുതന്നെ ആവിഷ്കരിച്ച നയങ്ങളാണ് 2020 ലെ വിദ്യാഭ്യാസനയത്തിന്റെ അടിത്തറ എന്നത് വ്യക്തമാണ്. | |||
പുത്തൻ വിദ്യാഭ്യാസനയത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രധാന നിർദേശങ്ങളിൽ ചിലത് പരിശോധിക്കാം. | |||
===സ്ഥാപനഘടന=== | |||
എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ബഹുവിഷയ സ്ഥാപനങ്ങൾ ആക്കും. 2030 ആകുമ്പോഴേക്ക് ഇത് പൂർണമാകണം. ഉന്നതവിദ്യാഭ്യാസ സ്ഥാപനമോ സ്ഥാപന ക്ലസ്റ്ററുകളോ മൂവായിരത്തിലേറെ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന വലിയ സ്ഥാപനങ്ങൾ ആകണം. വിശ്വപ്രശസ്തമായ നളന്ദ, തക്ഷശില സർവകലാശാലകളുടെ മാതൃകയിലുള്ള സർവകലാശാലകൾ ആണ് നമുക്ക് വേണ്ടത്. ഇവയെല്ലാം കാമ്പസ് അധിഷ്ഠിതമായിരിക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രവർത്തന മുൻഗണനയുടെ അടിസ്ഥാനത്തിൽ മൂന്നുതരം സ്ഥാപനങ്ങൾ ഉണ്ടാകും. | |||
ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന റിസർച്ച് ഇന്റൻസീവ് യൂണിവേഴ്സിറ്റികൾ. | |||
ബിരുദാനന്തര പഠനത്തിന് പ്രാമുഖ്യം നൽകുന്ന ടീച്ചിംഗ് ഇന്റൻസീവ് യൂണിവേഴ്സിറ്റികൾ. | |||
ബിരുദപഠനത്തിന് ഊന്നൽ നൽകുന്ന സ്വയംഭരണകോളേജുകൾ. | |||
അഫിലിയേറ്റിംഗ് യൂണിവേഴ്സിറ്റി സംവിധാനം ഇല്ലാതാകും. അതുകൊണ്ട് ഇന്നുള്ള അഫിലിയേറ്റഡ് കോളേജുകൾ എല്ലാംതന്നെ ബിരുദം നൽകാൻ അധികാരമുള്ള സ്വയംഭരണകോളേജുകൾ ആകും. അല്ലെങ്കിൽ ഏതെങ്കിലും സർവകലാശാലയുടെ ഘടക കോളേജ് ആകണം. 2040 ആകുമ്പോഴേക്കും ആയിരക്കണക്കിന് വിദ്യാർഥികളെ ഉൾക്കൊള്ളുന്ന ബഹുവിഷയ സ്വയംഭരണകോളേജുകൾ ആകാൻ കഴിയാത്ത കോളേജുകൾ നിന്നുപോകും. ഓരോ ജില്ലയിലും ഒരു വലിയ ബഹുവിഷയ കോളേജ് എങ്കിലും 2030 ആകുമ്പോഴേക്കും ഉണ്ടാകണമെന്ന് ലക്ഷ്യമിടുന്നു. വിദൂരപഠനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരംഭിക്കും. ഇതിന്റെ കൂടി പിൻബലത്തിലാണ് പ്രവേശന അനുപാതം 2035 ആകുമ്പോഴേക്ക് 50% ആക്കാൻ ശ്രമിക്കുന്നത്. | |||
യൂണിവേഴ്സിറ്റികൾ ക്യാമ്പസ് അധിഷ്ഠിതമാകുമ്പോൾ ഫാക്കൽറ്റിയും വിദ്യാർഥികളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സാധ്യമാകുമെന്നതുകൊണ്ട് വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടും. എന്നാൽ ക്യാമ്പസിൽ താമസിച്ചുപഠിക്കാൻ സാമ്പത്തിക ശേഷിയുള്ളവരിലേക്ക് പ്രവേശനം ഒതുങ്ങുമോ എന്ന ആശങ്കയ്ക്ക് അവകാശമുണ്ട്. സ്വയംഭരണസ്ഥാപനങ്ങളുടെ ഇന്നത്തെ പ്രവർത്തനരീതി സാമ്പത്തികശേഷിയുള്ളവരിലേക്ക് പ്രവേശനം ഒതുങ്ങുമെന്നാണ് കാണിക്കുന്നത്. സംവരണം സംബന്ധിച്ച് നയരേഖയിൽ വ്യക്തമായി ഒന്നും പറയാത്തതുകൊണ്ട് പട്ടിക വിഭാഗങ്ങളുടെയും ദുർബല ജനവിഭാഗങ്ങളുടെയും ഉന്നതവിദ്യാഭ്യാസ സാധ്യത കുറഞ്ഞേക്കുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല. | |||
അഫിലിയേറ്റിങ്ങ് സമ്പ്രദായം മാറ്റേണ്ടതുതന്നെ. പക്ഷേ, നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസവ്യൂഹത്തെ ഉടച്ചുവാർത്ത് പുതിയതൊന്നു സൃഷ്ടിക്കുന്നത് ആത്മഹത്യാപരമാണ്. കേരളത്തെ സംബന്ധിച്ചാണെങ്കിൽ ഇന്നുള്ള പല അഫിലിയേറ്റിങ്ങ് കോളേജുകളിലും നൂറുകണക്കിന് വിദ്യാർഥികൾ ഗവേഷണം ചെയ്യുന്നുണ്ട്. സ്വന്തം പ്രദേശത്ത് അഥവാ, അധികം അകലെയല്ലാതെ ഗവേഷണസൗകര്യങ്ങൾ വരെയുള്ള സ്ഥാപനങ്ങൾ ഉള്ളതുകൊണ്ടാണ് നാട്ടിൻപുറത്തെ പല കുട്ടികളും പഠിച്ച് നേട്ടങ്ങൾ കൈവരിച്ചത്. ഇവ ഇല്ലാതാകുന്നു എന്നതും അവയെ വെറും ഡിഗ്രി കോളേജുകളായി തരംതാഴ്ത്തിയേക്കാം എന്നതും ഒരുപോലെ അപകടകരമാണ്. ഇത് പ്രവേശനത്തോത് കുറയാൻ ഇടയാക്കും. | |||
അതിനാൽ ചെയ്യാവുന്ന കാര്യം ഒരുലക്ഷമോ അതിൽകൂടുതലോ വിദ്യാർത്ഥികളുള്ള സർവകലാശാലകളെ ശരാശരി 20,000 വിദ്യാർഥികളെ ഉൾക്കൊള്ളുന്ന തരത്തിൽ വിഭജിക്കുകയാണ്. കോളേജുകൾ സ്ഥാപനങ്ങളായി അതേപടി നിലനിൽക്കുന്നതാണ് നാട്ടിൻപുറത്തെ കുട്ടികൾക്ക് ഉപകരിക്കുക. വേണമെങ്കിൽ അവയിൽ വേണ്ടത്ര എണ്ണം ചേർത്ത് ചെറിയ സർവകലാശാലകൾ ആക്കാം. അവ നൽകുന്ന കോഴ്സുകൾ പരിഷ്കരിക്കാം. ഉള്ളടക്കത്തിൽ ഏതൊക്കെ നിലനിർത്തണം, എന്തൊക്കെ പുതിയ കോഴ്സുകളും വിഷയങ്ങളും വേണം എന്നതൊക്കെ അതാതിടങ്ങളിൽ തീരുമാനിക്കട്ടെ. പല പരിവർത്തനങ്ങൾക്കും സ്ഥാപന ഉടമകളും അധ്യാപകരും നിർബന്ധിതരാകും. ആ മാറ്റത്തിന് അവരെ ഒരുക്കുന്നതിന് വേണ്ട പരിശീലനവും മറ്റ് സഹായങ്ങളും സർക്കാർ നൽകണം. | |||
===ബിരുദകോഴ്സുകളുടെ ഘടന=== | |||
ബിരുദകോഴ്സുകളുടെ കാര്യത്തിൽ അയവുള്ള രീതിയാണ് നിർദേശിച്ചിരിക്കുന്നത്. മാനവിക വിഷയങ്ങളും കലകളും ശാസ്ത്രസാങ്കേതിക വിദ്യകളുമായി ഉദ്ഗ്രഥിപ്പിക്കുന്ന കാഴ്ചപ്പാടാണ് ഉള്ളത്. മുഖ്യവിഷയങ്ങളുടെയും ഉപവിഷയങ്ങളുടെയും കാര്യത്തിൽ താൽപര്യാനുസരണം വിഷയങ്ങൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം ഉണ്ടാകണമെന്ന് നിർദേശിക്കുന്നു. പക്ഷേ പല വിഷയങ്ങൾ ഉൾപ്പെടുത്തി ക്രെഡിറ്റ് നേടുമ്പോൾ നിശ്ചിതവിഷയത്തിൽ ആഴത്തിലുള്ള കഴിവ് ഉണ്ടാകുമോ എന്നത് സംശയാസ്പദമാണ്. | |||
ബിരുദകോഴ്സ് നാലുവർഷമാക്കാൻ നിർദേശമുണ്ട്. എന്നാൽ മൂന്നുവർഷ ബിരുദവും നിലനിൽക്കും. ബിരുദകോഴ്സിൽനിന്ന് ഇടയ്ക്കുവച്ച് ഇറങ്ങിപ്പോരാനും ഇടയ്ക്കുവച്ച് കയറിക്കൂടാനും അവസരമുണ്ടാകണമെന്നും, ക്രഡിറ്റുകൾ കൈമാറാൻ കഴിയണമെന്നും നിർദേശിക്കുന്നുണ്ട്. ഒരുവർഷം പൂർത്തിയായാൽ സർട്ടിഫിക്കറ്റ്, രണ്ടുവർഷം എങ്കിൽ ഡിപ്ലോമ, മൂന്നുവർഷം എങ്കിൽ ഡിഗ്രി, നാല് വർഷം പൂർത്തിയായാൽ ഗവേഷണത്തോടെയുള്ള ബിരുദം എന്നിങ്ങനെയാണ് ഉള്ളത്. | |||
നാലുവർഷകോഴ്സ് എന്നത് പുതിയ ഒരാശയമല്ല. ഇന്ത്യയിൽ ചുരുക്കം ഇടങ്ങളിൽ അവ നേരത്തെ തന്നെ ഉണ്ട്. ഗവേഷണത്തിന് പോകുന്ന കുട്ടികളെ ഉദ്ദേശിച്ചാണ് ഇവ നടന്നുവരുന്നത്. വിദേശങ്ങളിൽ പഠനം തുടരുന്നവർക്കാണ് ഇത് പ്രധാനമായും ഉദ്ദേശിക്കുന്നത്. മെച്ചപ്പെട്ട സാഹചര്യങ്ങളിൽനിന്ന് വരുന്നവർക്ക് മാത്രമാണ് ഇതിന്റെ ഗുണഫലം ലഭിക്കുക. എന്നാൽ നമ്മുടെ കുട്ടികളിൽ എത്ര ശതമാനം പേരാണ് വിദേശത്ത് ഗവേഷണത്തിന് പോവുക എന്ന് ചിന്തിക്കേണ്ടതുണ്ട്. അവർക്കുമാത്രം പോരേ ഇത്തരമൊരു കോഴ്സ് ഘടന? മഹാഭൂരിപക്ഷവും ഒരു ഡിഗ്രിക്കുശേഷം പഠനം നിർത്തി തൊഴിൽ നേടാൻ ശ്രമിക്കുന്നവരാണ്. അവരെ നാലുവർഷം പിടിച്ചിരുത്തുന്നതിന്റെ യുക്തി വ്യക്തമല്ല. ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇത് നടപ്പിലാക്കാൻ ശ്രമിച്ചതും പരാജയപ്പെട്ടതും ഈയടുത്ത കാലത്താണ്. | |||
ഇന്നത്തെ അവസ്ഥയിൽ മൂന്നുവർഷ ബിരുദകോഴ്സിൽ ഇടയ്ക്കുവച്ച് നിർത്തേണ്ടിവന്നാൽ വിദ്യാർഥിക്ക് ഒന്നും നേടാൻ കഴിയുന്നില്ല എന്നത് വസ്തുതയാണ്. തെറ്റായ തെരഞ്ഞെടുപ്പാകാം ഒരുകാരണം. അതിന് നേരത്തെ നൽകുന്ന വിദ്യാഭ്യാസ ഗൈഡൻസിലൂടെ പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. അല്ലാതെ ഇടയ്ക്കുവച്ച് നിർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയല്ല. പുതിയ നിർദേശം നടപ്പിലായാൽ കോളേജുകൾ വിദ്യാഭ്യാസഷോപ്പുകളായി മാറും. പലരും ഇടയ്ക്കിടെ വിട്ടുപോവുകയും വേറെ ചിലർ തിരിച്ചുവരികയും ചെയ്യുന്ന അവസ്ഥ പലതുകൊണ്ടും അഭികാമ്യമല്ല. ദൃഢമായ അധ്യാപക - വിദ്യാർഥി ബന്ധം ഇല്ലാതാവും. അതിനുമപ്പുറം സ്ഥിരം വിദ്യാർഥികൾ ഇല്ലാതാവുന്നത് കാമ്പസുകളെ ദുർബലപ്പെടുത്തും. സ്ഥിരതയില്ലാത്ത വിദ്യാർഥിസമൂഹം കലാലയരാഷ്ട്രീയത്തിന്റെ ശക്തികുറയ്ക്കും. ഭരണകൂടത്തിന്റെ ഇത്തരം ഹിഡൻ അജണ്ടകൾ നടപ്പിലാക്കാനാണോ ഉദാരമായ സമീപനം എന്ന് സംശയിക്കണം. | |||
ഒന്നും രണ്ടും വർഷം കഴിഞ്ഞ് പിരിഞ്ഞുപോകുന്ന കുട്ടിക്ക് എന്ത് ജ്ഞാനമാണ് ലഭിക്കുക എന്ന ചോദ്യവും പ്രധാനമാണ്. അതിന് ശകലിതസ്വഭാവമേ ഉണ്ടാകൂ; സമഗ്രത ഒട്ടും കാണില്ല. ഇത്തരം കാര്യങ്ങളൊന്നും നയരേഖ പരിഗണിക്കുന്നില്ല എന്നത് നിർഭാഗ്യകരമാണ്. | |||
===ഉന്നതപഠനവും ഗവേഷണവും=== | |||
ബിരുദാനന്തര ബിരുദവും രണ്ടുരീതിയിലാണ്. മൂന്നുവർഷ ബിരുദക്കാർക്ക് രണ്ടുവർഷത്തെ ബിരുദാനന്തര കോഴ്സുകൾ, നാലുവർഷ ബിരുദക്കാർക്ക് ഒരുവർഷത്തെ ബിരുദാനന്തര ബിരുദം, ഇത് കൂടാതെ അഞ്ചുവർഷത്തെ സംയോജിത ബിരുദാനന്തര കോഴ്സും നിർദേശിക്കപ്പെട്ടിരിക്കുന്നു. ബിരുദാനന്തര ബിരുദം നേടിയവർക്കും നാലുവർഷ ബിരുദം (ഗവേഷണത്തോടെ) നേടിയവർക്കും ഗവേഷണത്തിനു ചേരാം. MPhil കോഴ്സ് നിർത്തലാക്കണമെന്നും നിർദേശമുണ്ട്. | |||
പല ഘടനകൾ നിർദേശിക്കുന്നതിന്റെ പ്രശ്നം ഇവിടെയുമുണ്ട്. ഒരുവർഷ പി. ജി. എന്നത് ഗുണനിലവാരത്തെ ബാധിക്കില്ലേ എന്നതാണ് പ്രധാന ആശങ്ക. ചെറിയ സമയത്തിനുള്ളിൽ ചെയ്തുതീർക്കുമ്പോൾ വിദ്യാർഥിക്കുമേൽ ഉണ്ടാവുന്ന സമ്മർദവും പരിശോധിക്കപ്പെടണം. | |||
ഗവേഷണത്തിന് ഇതുവരെയും വിദ്യാർഥിയും ഗൈഡും ചർച്ച ചെയ്താണ് വിഷയങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സ്വാതന്ത്ര്യം ഇനി ഉണ്ടാവണമെന്നില്ല. ദേശീയഗവേഷണ ഫൗണ്ടേഷൻ വരികയാണ്. രാജ്യത്തെ സർവകാലശാലകളിലെ ഗവേഷണപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ധനസഹായം നൽകാനും ഉള്ള ഏക ഏജൻസിയാണിത്. എല്ലാ മേഖലകളിലുമുള്ള ഗവേഷണപ്രവർത്തനങ്ങളുടെ ദിശയും സ്വഭാവവും നിർണയിക്കാൻ ഈ സംവിധാനത്തിന് കഴിയും. സ്വതന്ത്രഗവേഷണത്തിന് എത്രമാത്രം പ്രോത്സാഹനം കിട്ടും എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. ബന്ധപ്പെട്ട സമിതികൾ നിർദേശിക്കുന്ന മേഖലകളിൽ ഗവേഷണം നടത്തേണ്ട നിർഭാഗ്യകരമായ അവസ്ഥ രൂപപ്പെട്ടേക്കാം. ദേശീയപ്രാധാന്യമുള്ള വിഷയങ്ങളായിരിക്കും നിർദേശിക്കപ്പെടുക/അംഗീകരിക്കപ്പെടുക എന്നൊക്കെ സൂചനകളുണ്ട്. എന്നുവച്ചാൽ കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്നവർക്ക് താത്പര്യമുള്ള വിഷയങ്ങളായിരിക്കും അത്. വ്യാജ ശാസ്ത്രപ്രസ്താവനകളുടെ സാധൂകരണം ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങൾ ഇപ്പോഴേ നടക്കുന്നുണ്ട്. ഇവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ലോകോത്തരമായ സർവകലാശാലകൾ ഉണ്ടാക്കാനാണല്ലോ ശ്രമം. എന്നാൽ നിലവാരമുള്ള ഒരു സർവകലാശാലയിലും മുകളിലുള്ളവർ നിർദേശിക്കുന്ന ഗവേഷണം എന്ന സാഹചര്യമില്ല. മറിച്ച് സ്വാതന്ത്ര്യവും സർഗാത്മകതയുമാണ് മികവിന്റെ പ്രധാന മുഖമുദ്ര. | |||
മറ്റൊന്ന് MPhil കോഴ്സ് നിർത്തലാക്കുന്നതിന്റെ പ്രശ്നമാണ്. ഇന്ന് ഒരു വിദ്യാർഥിക്ക് ഈ കോഴ്സ് കഴിയുന്നതോടെ ഒരു പബ്ലിക്കേഷന് അവസരമുണ്ട്. അതുവച്ച് ഫെലോഷിപ്പിന് ശ്രമിക്കാം. അതിന്റെ അടിസ്ഥാനത്തിൽ ഗവേഷണതാത്പര്യം നിലനിൽക്കുന്നവർക്ക് ഗവേഷണപഠനം തുടരാം. ഈ സൗകര്യമാണ് ഇല്ലാതാകുന്നത്. MPhil കോഴ്സ് നിർത്തലാക്കുന്നതിന് യുക്തിസഹമായ കാരണം അവതരിപ്പിക്കാൻ നിർദേശകർക്ക് കഴിഞ്ഞിട്ടില്ല. | |||
===മൂല്യാധിഷ്ഠിത വിദ്യാഭ്യാസം=== | |||
ബിരുദവിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാകണം. മാനുഷികവും നൈതികവും ഭരണഘടനാ പരവും സാർവലൗകികവുമായ മൂല്യങ്ങൾ ഇതിന്റെ ഭാഗമാകണം. ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ സത്യം, ധർമം, ശാന്തി, അഹിംസ, സ്നേഹം തുടങ്ങിയവയും ശാസ്ത്രബോധം, പൗരധർമങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. ആർഷഭാരത പൈതൃകം പാഠ്യപദ്ധതിയുടെ ഭാഗമാകണം. | |||
പക്ഷേ ഭാരതസംസ്കാരത്തിന്റെ ബ്രാഹ്മണ മേധാവിത്തപരമായ വൈദിക സംസ്കാരം മാത്രമേ ഇവിടെ പരിഗണിക്കപ്പെടുന്നുള്ളൂ. മഹാഭൂരിപക്ഷത്തിനും അപ്രാപ്യമായിരുന്ന ചാതുർവർണ്യ പാരമ്പര്യമാണത്. സമൂഹത്തെ തട്ടുകളാക്കി തിരിക്കുന്നതിനെ എതിർത്തവരുടെ സംഭാവനകൾ അതിൽ ഉൾപ്പെടുന്നില്ല. നിരീക്ഷണങ്ങളെയും അനുഭവജ്ഞാനത്തെയും ആധാരമാക്കിയ ലോകായത പാരമ്പര്യവും ഉൾക്കൊള്ളുന്നില്ല. ജാതിയും പുരുഷമേധാവിത്തവും സാമൂഹികപിന്നോക്കാവസ്ഥയ്ക്ക് കാരണമായി എന്ന് ഉൾക്കൊള്ളുന്നില്ല. ജാതിവിഭജനത്തിനെതിരെ നടന്ന സംവാദങ്ങളും നവോത്ഥാനനായകരുടെ സംഭാവനകളും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായി ഈ നയരേഖ അംഗീകരിക്കുന്നില്ല. 'സംസ്കൃത വിജ്ഞാന സംവിധാനം' (sanskrit knowledge system) എല്ലാ അറിവുകളെയും ഉൾക്കൊള്ളുന്നു എന്നും സംസ്കൃത പഠനവും അതുവഴി 64 കലകളിൽ നേടുന്ന പ്രാവീണ്യവും വിശ്വവിജ്ഞാനം മുഴുവൻ പ്രദാനം ചെയ്യാൻ പര്യാപ്തമാണ് എന്നുമാണ് ദേശീയവിദ്യാഭ്യാസനയം ഉദ്ഘോഷിക്കുന്നത്. | |||
ഇത് ബ്രാഹ്മണാധിപത്യത്തെയും മനുസ്മൃതിയെയും ജാതിബന്ധിത തൊഴിൽ സംസ്കാരത്തെയും ഉന്നതവിദ്യാഭ്യാസ സംവിധാനത്തിലൂടെ ശാശ്വതീകരിക്കാനുള്ള സംഘപരിവാർ ശ്രമമാണ്. ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി സർക്കാരുകൾ പാഠ്യപദ്ധതിയിലൂടെ ആരംഭിച്ച പ്രവർത്തനത്തിന്റെ തുടർച്ചയാണിത്. വൈദികശാസ്ത്രവും (vedic science) വൈദികഗണിതവും (vedic mathematics) സർവകലാശാലയിലെ പാഠ്യവിഷയങ്ങളായത് ഇതിന്റെ ഭാഗമായാണ്. | |||
===തൊഴിൽ നൈപുണ്യം=== | |||
നൈപുണ്യവികാസത്തിന് നയരേഖ പ്രാധാന്യം നൽകുന്നു. സ്കൂൾ വിദ്യാഭ്യാസം മുതൽ തന്നെ തൊഴിൽ നൈപുണ്യം വർധിപ്പിക്കാനുള്ള നിർദേശം ഉണ്ട്. എന്നാൽ കായികവിദ്യാഭ്യാസം മെച്ചപ്പെടുത്താനോ സ്പോട്സിൽ സവിശേഷമായ കഴിവ് പ്രകടിപ്പിക്കുന്നവരെ ട്രാക്ക് ചെയ്യാനോ യാതൊരു നിർദേശവുമില്ല. | |||
ഹയർസെക്കണ്ടറിക്കു ശേഷം തൊഴിലിന്റെ വഴിക്ക് പോകാനുള്ള അവസരങ്ങളെക്കുറിച്ച് നയരേഖ വ്യക്തമായി ഒന്നും പറയുന്നില്ല. നിലവിലുള്ള വൊക്കേഷണൽ ഹയർ സെക്കന്ററി മെച്ചപ്പെടുത്താനും ചൈന പോലുള്ള രാജ്യങ്ങളിലുള്ള തരത്തിൽ നൂറുകണക്കിന് ഓപ്ഷനുകൾ ലഭ്യമാക്കാനും ആലോചിക്കുന്നില്ല. | |||
സ്കൂൾ വിദ്യാഭ്യാസഘട്ടത്തിൽ സൂചിപ്പിച്ചതുപോലെ അക്കാദമികപഠനത്തിന് ലഭിക്കുന്ന സമയം പരിമിതപ്പെടാനും അതിന്റെ നിലവാരം കുറയാനും ഇത് ഇടയാക്കുമോ എന്ന് ആശങ്കയുണ്ട്. സ്കൂൾ ഘട്ടത്തിൽ എല്ലാവർക്കും നൽകുന്ന തൊഴിൽ ഓറിയന്റേഷൻ ഉന്നതഘട്ടത്തിലും തുടരണമോ എന്നതും ആലോചിക്കണം. ഗവേഷണപഠനത്തിലേക്ക് പോകുന്നവർക്ക് ഇത് അനിവാര്യമാണോ എന്ന ചോദ്യവും ഉയരുന്നു. | |||
ബിരുദധാരികൾക്ക് തൊഴിൽ ലഭ്യമാകുമെന്ന അവസ്ഥ ഉണ്ടാകുന്നത് നല്ല കാര്യമാണ്. പക്ഷേ അത് ഈ രീതിയിലാണോ വേണ്ടത്? അവരവർ പഠിച്ച അക്കാദമിക മേഖലയിൽ അത് ഉറപ്പിക്കാനാവുമോ? വിപണി ആവശ്യപ്പെടുന്ന തൊഴിലുകൾക്ക് വേണ്ട ശേഷികളുള്ള ഒരു തൊഴിൽസേനയെ രൂപപ്പെടുത്തുക എന്ന നിലയിലേക്ക് ഈ പരിഷ്കാരം എത്തുന്നത് നവഉദാരവൽകരണ നയങ്ങൾക്ക് അനുസൃതമായാണ്. വിജ്ഞാനവും നൈപുണ്യവും തമ്മിലുള്ള ശക്തമായ വേർതിരിവ് ഉണ്ടാകുന്നത് ഗുണകരമല്ല. ബൗദ്ധിക പ്രവർത്തനങ്ങളെയും കായിക പ്രവർത്തനങ്ങളെയും വേർതിരിച്ച് കൈയും തലയും തമ്മിലുള്ള ബന്ധം ഇല്ലാതാക്കുന്നത് സമൂഹവികസനത്തിന് സഹായകമാവില്ല. | |||
===അധ്യാപകപരിശീലനം=== | |||
നിലവിലുള്ള അധ്യാപകപരിശീലന സംവിധാനം പൂർണമായും പൊളിച്ചെഴുതുന്നതാണ് നിർദേശിക്കപ്പെടുന്ന പരിഷ്കാരം. ബഹുവിഷയ വിദ്യാഭ്യാസസ്ഥാപനങ്ങൾ വിദ്യാഭ്യാസ വിഭാഗം ആരംഭിക്കുകയും അത്തരം സ്ഥാപനങ്ങളിൽ 4 വർഷ B.Ed കോഴ്സുകൾ ആരംഭിക്കുകയും വേണം. 4 വർഷ B.Ed കോഴ്സുകൾ ഇരട്ട മേജർ ബിരുദം ആയിരിക്കും. ഇത് നേടുന്നവർ ആയിരിക്കും അധ്യാപകർ ആവാൻ യോഗ്യർ. അധ്യാപകപരിശീലനങ്ങൾ മാത്രം നടത്തുന്ന സ്ഥാപനങ്ങൾ കാലക്രമേണ നിർത്തലാക്കും. | |||
അധ്യാപകപരിശീലനം ചിട്ടപ്പെടുത്തുന്നത് നല്ല കാര്യമാണ്. പക്ഷേ 4 വർഷ B.Ed നോടൊപ്പം ബിരുദധാരികൾക്കുള്ള 2 വർഷ B.Ed ഉം, ബിരുദാനന്തര ബിരുദക്കാർക്ക് 1 വർഷ B.Ed ഉം ഉണ്ടാകും എന്നുപറഞ്ഞത് ഈ പരിഷ്കാരത്തിന്റെ ഫലപ്രാപ്തിയിൽ സംശയം ജനിപ്പിക്കുന്നു. അതുപോലെ ഈ കോഴ്സ് കഴിഞ്ഞ മുഴുവൻപേർക്കും അധ്യാപനത്തിൽ തന്നെ തുടരാനാവുമോ എന്ന സംശയത്തിനും നിവൃത്തി ഉണ്ടാകണം. ഇത് കഴിഞ്ഞശേഷം വീണ്ടും തൊഴിലിനായി പഠനം തുടരേണ്ട അവസ്ഥ അഭികാമ്യമല്ല. അധ്യാപനക്കോഴ്സിൽ നടക്കുന്ന പ്രത്യേക വിഷയത്തിന്റെ പഠനം എത്രകണ്ട് ആഴത്തിലാവും എന്ന പ്രശ്നവും ബാക്കിനിൽക്കുന്നു. | |||
===കേന്ദ്രീകരണം=== | |||
ഇന്ത്യയിലെ മൊത്തം ഉന്നതവിദ്യാഭ്യാസസംവിധാനത്തിന്റെ നടത്തിപ്പും മേൽനോട്ടവും പ്രധാനമന്ത്രി അധ്യക്ഷനായ ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (HECI) എന്ന സ്ഥാപനത്തിന്റെ അധീനതയിലായിരിക്കും. ഇതിന്റെ കീഴിൽ പ്രധാനപ്പെട്ട നാല് സംവിധാനങ്ങളുണ്ട്. | |||
നാഷണൽ ഹയർ എഡ്യുക്കേഷൻ റെഗുലേറ്ററി കൗൺസിൽ (NHERC). മെഡിക്കൽ, ലീഗൽ സ്ഥാപനങ്ങളൊഴികെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെയും നിയന്ത്രണ സംവിധാനമായിരിക്കും ഇത്. | |||
നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ (NAC). എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അക്രഡിറ്റേഷൻ അംഗീകൃത ഏജൻസികളെക്കൊണ്ട് നടത്തുന്നത് ഈ സംവിധാനമായിരിക്കും. | |||
ഹയർ എഡ്യുക്കേഷൻ ഗ്രാന്റ്സ് കൗൺസിൽ (HEGC). ഇന്ന് UGC ചെയ്തുകൊണ്ടിരിക്കുന്ന ഗ്രാന്റ് വിതരണം ഈ ഏജൻസിയാണ് ചെയ്യുക. UGC, HCTE, NCTE, ICAR തുടങ്ങിയ സംവിധാനങ്ങൾക്ക് അവ ഇന്നുനടത്തുന്ന നിയന്ത്രണാധികാരം നഷ്ടമാകും. | |||
ജനറൽ എഡ്യുക്കേഷൻ കൗൺസിൽ (GEC). രാജ്യത്തിനാകെ ബാധകമായ ഒരു ഗുണനിലവാര ചട്ടക്കൂട് രൂപപ്പെടുത്തുക ഈ സമിതിയായിരിക്കും. | |||
ഇതിലുള്ള കേന്ദ്രീകരണം ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറലിസത്തിനെതിരാണ്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ഒരിടപെടലിനും സംസ്ഥാന സർക്കാരിന് അധികാരമില്ലാതാകും. ഏറെ ശ്രദ്ധേയമായ വസ്തുത ഇത് സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കുമെന്നതാണ്. രാജ്യത്താകമാനം ബാധകമായ പാഠ്യപദ്ധതികളും പഠന ഉള്ളടക്കവും കോഴ്സുകളുടെ ഘടനയും ഹയർ എഡ്യുക്കേഷൻ കൗൺസിൽ ആണ് നിർണയിക്കുന്നത്. സർവകലാശാലകൾ ഈ പദ്ധതികളുടെ നടത്തിപ്പുകാർ മാത്രമാകുന്നു. പ്രാദേശികവികസനത്തിൽ ഇടപെടാൻ സർവകലാശാലകൾക്ക് കഴിയാതെ വരുന്നു. | |||
യു. ജി. സി. യെ ഇല്ലാതാക്കുന്നതിലേക്കാണ് ഇത് പോകുന്നത്. പാർലമെന്റ് പാസ്സാക്കിയ ഒരു നിയമത്തിലൂടെ നിലവിൽ വന്ന യു. ജി. സി. യെ ഇല്ലാതാക്കാൻ കാബിനറ്റ് പാസ്സാക്കിയ ഒരു നയം വഴി സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. | |||
===അരാഷ്ട്രീയതയുടെ രാഷ്ട്രീയം=== | |||
എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കോർപ്പറേറ്റ് രീതിയിലുള്ള ബോർഡ് ഓഫ് ഗവർണേഴ്സ് ഉണ്ടാകും. യോഗ്യരും അർപ്പിതമനസ്കരുമായ വ്യക്തികളായിരിക്കും ഇത്തരം ബോർഡുകളിൽ ഉണ്ടാവുകയെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ ബോർഡിൽ കേന്ദ്രസർക്കാരിന്റെയും കോർപ്പറേറ്റുകളുടെയും മറ്റും പ്രതിനിധികൾ വന്നേക്കും. 15 വർഷംകൊണ്ട് എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും സ്വതന്ത്രമായ സ്വയംഭരണ സ്ഥാപനങ്ങളാവുമെന്ന് നയരേഖ അവകാശപ്പെടുന്നു. സ്ഥാപനം സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ബോർഡ് ഓഫ് ഗവർണേഴ്സ് കൈക്കൊള്ളും. കേന്ദ്രസർക്കാരിന് എല്ലാ യൂണിവേഴ്സിറ്റികളിലും ഇടപെടാൻ ഇത് അവസരമൊരുക്കും. നയം നിയമമാക്കുന്നതിലൂടെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്ന സങ്കൽപം തന്നെ അപ്രസക്തമാകും. പ്രാദേശികവിഷയങ്ങളെ മുൻനിർത്തിയുള്ള സ്വതന്ത്ര ഇടപെടലുകൾ പ്രയാസകരമാവും. | |||
സെനറ്റ്, സിണ്ടിക്കേറ്റ്, അക്കാദമിക് സമിതികൾ എന്നിവ ഉണ്ടാവുമോ എന്ന് ഉറപ്പില്ല. സർവകലാശാലാ സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പുകളെല്ലാം ഇല്ലാതാകും. വിദ്യാർഥി രാഷ്ട്രീയത്തിനും സാധ്യതയില്ല. അധ്യാപകരെ 'ടെന്നുവർ ട്രാക്കിങ്ങി'ലൂടെ കെട്ടിയിടാനാണ് ശ്രമം. സർവകലാശാലാ സംവിധാനത്തിലെ ജനാധിപത്യ രീതികളും അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തവും രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കാൻ എന്ന പേരിൽ ഇല്ലാതാക്കുകയാണ്. | |||
===വാണിജ്യവൽകരണം=== | |||
ഭരണകൂട പിൻവാങ്ങൽ നേരത്തേ പരാമർശിച്ചതാണ്. സ്വകാര്യസംരംഭകരുടെ കടന്നുവരവ് പരോപകാര തൽപരർ എന്ന പേരിൽ ആണ് അവതരിപ്പിക്കപ്പെടുന്നത്. കോർപ്പറേറ്റുകളും വിദേശ സർവകലാശാലകളും വിദ്യാഭ്യാസരംഗത്ത് സജീവമാകും. വിപണി താൽപര്യങ്ങൾക്കനുസരിച്ചുള്ള കോഴ്സുകൾ ഉണ്ടാകും. ഫീസ് നിർണയിക്കാനും അധ്യാപകരുടെ ശമ്പളം നിർണയിക്കാനും സ്ഥാപന ഉടമകൾക്ക് അധികാരം ലഭിക്കുന്നതോടെ വിദ്യാഭ്യാസസ്ഥാപന നടത്തിപ്പ് ലാഭാധിഷ്ടിതമായ ഒരു സംരംഭമാകും. “ ... opportunities for higher cost recovery without affecting the needy or deserving sections will also be explored.” (26.7) എന്നത് സ്വകാര്യസംരഭകർക്ക് ഗുണകരമാകും. “ .... any public institution can take initiatives towards raising private philanthropic funds to enhance educational experiences.” (26.6) എന്നത് സർക്കാർ സ്ഥാപനത്തിൽ തന്നെ പല കോഴ്സുകളും ഏറ്റെടുത്തു നടത്താൻ സ്വകാര്യ ഏജൻസികൾക്ക് അവസരമൊരുക്കും. | |||
പ്രവേശനം ദേശീയതലത്തിലുള്ള പ്രവേശനപരീക്ഷവഴി നടത്താൻ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി (NTA) ഉണ്ട്. പ്രവേശനപരീക്ഷകൾ സാമ്പത്തികശേഷിയുള്ളവർക്ക് കടന്നുകയറാൻ സൗകര്യമൊരുക്കും. അതിനുള്ള പരിശീലനകേന്ദ്രങ്ങൾ മറ്റൊരു കച്ചവട സംരംഭമാകും. സ്വന്തം പ്രദേശത്തുള്ള ഒരു കോളേജിൽ ചേരണമെങ്കിൽ പോലും പ്രവേശനപരീക്ഷ പാസ്സാകുകയും അതുവഴി റാങ്ക് ലിസ്റ്റിൽ കടന്നുകൂടുകയും വേണം എന്ന അവസ്ഥ സംജാതമകും. ഇത് നാട്ടിൻപുറത്തെ വിദ്യാർഥികളെ ദോഷകരമായി ബാധിക്കും. | |||
വിദേശ സർവകലാശാലകളുടെ കടന്നുവരവിനെ ഗുണപരമായ ഒന്നായി കരുതുന്നവരുണ്ട്. ഒരുകാര്യം ഓർക്കുന്നത് നന്ന്. ലോകത്തിലുള്ള ഒരു യൂണിവ്ഴ്സിറ്റിയും മറ്റൊരു രാജ്യത്ത് വരുന്നത് അവരുടെ മികച്ച നിലവാരത്തിന്റെ അതേ പതിപ്പ് ഉണ്ടാക്കാനല്ല. മറിച്ച് ലാഭമുണ്ടാക്കി അവർ ഇപ്പോൾ തന്നെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്. ലോകബാങ്കും യുനെസ്കോയും സംയുക്തമായി തയ്യാറാക്കിയ ഒരു രേഖ ഇക്കാര്യം സംബന്ധിച്ച് പറയുന്നത് ശ്രദ്ധേയമാണ്. “There are prestigious universities from developed countries offering shabby courses in poor developing countries….” മറ്റൊരുകാര്യം സിലബസ് സംബന്ധിച്ചതാണ്. ഒരു ഇന്ത്യൻ യൂണിവേഴ്സിറ്റി കാണുന്നതുപോലെയാവില്ല പല പ്രശ്നങ്ങളെയും മറ്റൊരു വിദേശയൂണിവേഴ്സിറ്റി സമീപിക്കുക. ഉദാ: കൊളോണിയൽ കാലഘട്ടത്തെ കുറിച്ച് ഓക്സ്ഫോര്ഡ് യൂണിവേഴ്സിറ്റി കാണുന്ന രീതിയിലല്ല ഒരിന്ത്യൻ വിദ്യാർഥിയുടെ മനോഭാവരൂപീകരണം നടക്കേണ്ടത്. | |||
===സംവരണവും പിന്നോക്കവിഭാഗങ്ങളും=== | |||
പട്ടികജാതിക്കാർക്കും പട്ടികവർഗത്തിനും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിലുള്ള സംവരണം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. പുതിയവിദ്യാഭ്യാസനയം സംവരണത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇന്ത്യയിൽ സമീപകാലത്ത് നടന്ന പല സംഭവങ്ങളും സൂചിപ്പിക്കുന്നത് ദളിത് വിഭാഗങ്ങളും മറ്റും ഉന്നതവിദ്യാലയങ്ങളിൽ എത്തിച്ചേരുന്നതിൽ സവർണതാത്പര്യമുള്ള ഭരണവർഗത്തിന് വലിയ താത്പര്യമില്ല എന്നാണ്. | |||
ഓരോ പ്രദേശത്തുമുള്ള സ്ഥാപനങ്ങളിലും അതത് പ്രദേശത്തെ കുട്ടികൾക്ക് എത്തിപ്പെടാൻ ഉതകും വിധം പ്രാദേശിക പരിഗണന നിയമാനുസൃതമായിത്തന്നെ നൽകാറുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുന്നതിന്റെ ഒരു ഉദ്ദ്യേശം ഇതാണ്. എന്നാൽ ഇനിയങ്ങോട്ട് ഈ പരിഗണന ഉണ്ടാവുമോ എന്നതും സംശയകരമാണ്. ഇതും ബാധിക്കുക ഗ്രാമീണരെയും പിന്നാക്കവിഭാഗങ്ങളെയുമായിരിക്കും. ഉദാഹരണമായി ജെ. എൻ. യു. വിൽ ഗ്രാമീണപ്രദേശങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് പഴയതുപോലെ പ്രവേശനം കിട്ടുന്നില്ല. | |||
പട്ടികവിഭാഗങ്ങളും പിന്നോക്കവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും സ്ത്രീകളും ഉൾപ്പെടുന്ന സാമൂഹിക-സാമ്പത്തിക-പിന്നോക്ക ഗ്രൂപ്പിൽ (SEDG) പെട്ടവർക്കുള്ള പ്രത്യേക പരിഗണന പറയുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങളോ അതിനാവശ്യമായ സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്നോ പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇത് മറ്റുപലതിനെയും പോലെ ഏട്ടിലെ പശുവാകുമെന്ന ആശങ്ക അസ്ഥാനത്തല്ല. | |||
===ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം=== | |||
പുതിയ വിദ്യാഭ്യാസനയം അവകാശപ്പെടുന്നത് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തെ ലോക നിലവാരത്തിൽ എത്തിക്കുമെന്നാണ്. ഇത് വളരെ നല്ല കാര്യമാണ്. പക്ഷേ ഒരു ചോദ്യമുണ്ട് - എന്താണ് വിദ്യാഭ്യാസത്തിന്റെ ലോകനിലവാരം? ആരാണ് ഇത് നിർണയിക്കുന്നത്? കമ്പോളതാൽപര്യങ്ങൾക്കനുസരിച്ചുള്ള അളവുകോലുകളുടെ അടിസ്ഥാനത്തിൽ മാർക്കറ്റിങ്ങ് ഏജൻസികളാണ് ഇതിനുവേണ്ട റാങ്കിങ് സാധാരണ നടത്തുന്നത്. സാമൂഹിക ഘടകങ്ങൾ ഇവ പരിഗണിക്കുന്നതേ ഇല്ല. സർക്കാർ ഫണ്ടിങ്ങ് ഇത്തരം റാങ്കുകളുടെ അടിസ്ഥാനത്തിൽ ആകുന്നതിനാൽ സാമൂഹികഘടകങ്ങൾ പരിഗണിക്കാതെ കമ്പോളാധിഷ്ഠിത അളവുകോലുകൾക്ക് അനുസരിച്ചുള്ള മെച്ചപ്പെട്ട റാങ്ക് നേടാൻ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ശ്രമിക്കുന്നു. സ്വകാര്യസ്ഥാപനങ്ങൾക്കാവും ഇതിന്റെ ഗുണം ലഭിക്കുക. | |||
ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസത്തിലൂടെ ഇന്ത്യ 'ലോകഗുരു' ആയിത്തീരും എന്നാണ് പ്രഖ്യാപനം. നളന്ദയും തക്ഷശിലയും ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാർഥികളെ ആകർഷിച്ചതുപോലെ വീണ്ടും സംഭവിക്കുമെന്നാണ് പറയുന്നത്. 64 കലകൾ അന്ന് പഠിപ്പിച്ചതിന് തുല്യമാണ് ഇന്നത്തെ ലിബറൽ ആർട്സ് കോഴ്സ് സങ്കൽപം എന്നും അവകാശപ്പെടുന്നു. അത് ശരിയോ എന്ന തർക്കത്തിലേക്ക് തത്കാലം പോകുന്നില്ല. എന്നാൽ ഇപ്പോഴത്തെ ഫണ്ടിങ്ങ് വച്ച് ഇതെങ്ങനെ സാധിക്കും എന്ന സംശയം ഇവിടെ പ്രസക്തമാണ്. 2017 - 18 ൽ ജി. ഡി. പി. യുടെ 2.7% ആണ് വിദ്യാഭ്യാസത്തിന് മൊത്തത്തിൽ നീക്കിവച്ചത്. ഉന്നതവിദ്യാഭ്യാസമേഖലയിൽ ജി. ഡി. പി. യുടെ 0.69 % മാത്രമാണ് ലഭിക്കുന്നത്. ചൈനയും മറ്റും 3 % നീക്കിവെക്കുന്നിടത്താണ് ഇത് സംഭവിക്കുന്നത്. 6% ജി. ഡി. പി. എന്ന പ്രഖ്യാപനം സ്വകാര്യഫണ്ട് കൂടി ഉൾപ്പെടുത്തിയാണെങ്കിൽ നിലവിലുള്ള ഒരു ഉന്നതവിദ്യാഭ്യാസസ്ഥാപനവും വിശേഷിച്ച് മെച്ചപ്പെടാൻ പോകുന്നില്ല. കഞ്ഞിവെള്ളം കൊണ്ട് പായസമുണ്ടാക്കും എന്ന് പറയും പോലെ നിരർഥകമാണിത്. | |||
ഇപ്പോൾ കോവിഡ് സാഹചര്യത്തിൽ പ്രാമുഖ്യം സിദ്ധിച്ചുവരുന്ന ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കച്ചവടതാൽപര്യം പ്രകടമാണ്. ഓൺലൈൻ വിദ്യാഭ്യാസം ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് കഴിഞ്ഞ മെയ് മാസത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പുതിയ വിദ്യാഭ്യാസനയത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് മുഖ്യപങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നതിൽ സംശയമില്ല. ഇത് ഒരുപരിധിവരെ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. പക്ഷേ അത് വെറും ഓൺലൈൻ പദ്ധതി മാത്രമായി അവസാനിക്കരുത്. | |||
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന ഉടനെ തന്നെ ഗൂഗിളിന്റെ സി.ഇ.ഒ. റിലയൻസ് ഇൻഡസ്ട്രീസിൽ വൻനിക്ഷേപം നടത്തുമെന്നറിയിച്ചതും വരുന്ന നാലുവർഷക്കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ വിപണിമൂല്യം 15 ബില്യൺ ഡോളർ വരുമെന്ന ഒരു മാർക്കറ്റിങ്ങ് ഏജൻസിയുടെ റിപ്പോർട്ടും കമ്പോളശക്തികൾ ഈ മേഖലയിൽ ഏതു തരത്തിൽ ഇടപെടുമെന്നതിന്റെ സൂചനയാണ്. | |||
===നടപ്പാക്കാൻ തിടുക്കം=== | |||
വിദ്യാഭ്യാസനയരേഖ പാർലമെന്റിൽ ഇനിയും ചർച്ച ചെയ്തിട്ടില്ല. പാർലമെന്റിൽ ചർച്ചചെയ്യാനും ഒരു സമവായം ഉണ്ടാവുന്നതുവരെ കാത്തിരിക്കാനും കേന്ദ്രസർക്കാർ തയ്യാറല്ലെന്നാണ് കേന്ദ്രനടപടികൾ കാണിക്കുന്നത്. കോവിഡ് സാഹചര്യം മുതലെടുത്തുകൊണ്ട് സാമ്പത്തിക ഭാരമില്ലാത്ത നിർദേശങ്ങൾ സർക്കാർ നടപ്പാക്കിത്തുടങ്ങിയിരിക്കുകയാണ്. കേന്ദ്രപരീക്ഷാ ഏജൻസി (National Testing Agency) യാണ് NEET,JEE പരീക്ഷകൾ നടത്തുന്നത്. ഉടൻ നടപ്പാക്കുന്ന ചില പദ്ധതികൾ താഴെ പറയുന്നവയാണ്. | |||
തെരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ 2020 ഡിസംബർ മുതൽ അക്കാദമിക് ക്രെഡിറ്റ് ട്രാൻസ്ഫർ നടപ്പാക്കും. | |||
2020- 2021 വർഷം തന്നെ എക്സിറ്റ് - എൻട്രി സ്കീം നടപ്പാക്കും. | |||
നാലുവർഷ ബിരുദകോഴ്സ് കേന്ദ്രസർവകലാശാലകളിൽ 2021 മുതൽ ആരംഭിക്കും. മറ്റു സർവകലാശാലകളിൽ 2022 മുതലും. | |||
പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ 2021 മുതൽ ആരംഭിക്കും. | |||
നവഉദാരവൽക്കരണനയങ്ങൾ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാവുന്നതിനാൽ കമ്പോള ശക്തികൾക്ക് നിർണായക സ്വാധീനം ഇതിന്റെ ഭാഗമായി ഉണ്ടാകും. സ്വകാര്യവൽകരണം ശക്തമാകും. ഇന്ത്യൻ സംസ്കാരത്തിന്റെ മറവിൽ ബ്രാഹ്മണാധിപത്യവും ചാതുർവർണ്യവും ജാതിബന്ധിത തൊഴിൽ സമ്പ്രദായവും പുനരവതരിക്കും. കമ്പോളശക്തികൾക്കും സാംസ്കാരിക ദേശീയവാദികൾക്കും പുറമെ സാമൂഹിക പദവിയിൽ ഉയർച്ച ആഗ്രഹിക്കുന്ന ഉൽകർഷേച്ഛുക്കളായ മധ്യവർഗവും ഈ നയത്തെ അനുകൂലിച്ചേക്കാം. എന്നാൽ ഇത് രാജ്യത്തെ മഹാഭൂരിപക്ഷത്തിനും ഗുണകരമാകാനിടയില്ല. | |||
==ഭാഗം - 4== | |||
===ഉപസംഹാരം=== | |||
ഈ നയരേഖയിൽ സ്കൂൾവിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും മുന്നോട്ടുവച്ചിരിക്കുന്ന നിർദേശങ്ങൾ നാം കണ്ടുകഴിഞ്ഞു. തൊഴിൽവിദ്യാഭ്യാസം, അധ്യാപകവിദ്യാഭ്യാസം, പ്രൊഫഷണൽ വിദ്യാഭ്യാസം, തുടർവിദ്യാഭ്യാസം, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകളും ഇതിൽ അവിടവിടെ പരിശോധിച്ചുകഴിഞ്ഞു. ഇനി നയരേഖ മൊത്തത്തിൽ നോക്കുമ്പോൾ ശ്രദ്ധയിൽ വരുന്ന ചില വസ്തുതകൾ കൂടി പരാമർശിച്ചുകൊണ്ട് ഇത് ഉപസംഹരിക്കാം. | |||
===അവ്യക്തത, വൈരുധ്യം=== | |||
പുതിയ ഒരു വിദ്യാഭ്യാസനയരേഖ വരുന്നു എന്നത് വലിയ പ്രതീക്ഷകളോടെയാണ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർ നോക്കിക്കണ്ടിരുന്നത്. 1968 ലെ നയരേഖ ഏഴുപേജ് മാത്രമുള്ള ഒന്നായിരുന്നു. 1986 ലെത് നാൽപത്തിയഞ്ച് പേജ് ദൈർഘ്യമുള്ളതായിരുന്നു. 2020 ലെ രേഖയുടെ ദൈർഘ്യം അറുപത്തിയഞ്ച് പേജാണ്. പേജ് കൂടുന്തോറും വ്യക്തത വർധിക്കും എന്നാണ് പൊതുവെ പ്രതീക്ഷിക്കുക. എന്നാൽ ഈ നയരേഖ എമ്പാടും വൈരുധ്യങ്ങൾ നിറഞ്ഞതും പല കാര്യങ്ങളിലും ഒട്ടും വ്യക്തത ഇല്ലാത്തതുമാണെന്ന് പറയാതെ വയ്യ. അധ്യാപകരുടെ യോഗ്യത പറയുമ്പോൾ അത് ഏതൊക്കെ വിഭാഗങ്ങൾക്ക് ബാധകമാകും എന്നതിൽ വ്യക്തതയില്ല. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവയെക്കുറിച്ച് സൂചിപ്പിച്ചഘട്ടങ്ങളിൽ ഔപചാരികവിദ്യാഭ്യാസത്തിലേക്ക് കടന്നുവരുന്ന എല്ലാ ഘട്ടത്തിലുമുള്ള കുട്ടികൾക്കും അവ ലഭിക്കുമോയെന്ന് പറയുന്നില്ല. ഭാഷാപഠനത്തെയും തൊഴിൽപഠനത്തെയും കുറിച്ച് പറയുമ്പോൾ ഒട്ടേറെ കാര്യങ്ങൾ മുന്നോട്ടുവെക്കുന്നു എന്നല്ലാതെ അവയുണ്ടാക്കുന്ന പഠനഭാരമോ അവയുടെ പ്രായോഗികതയോ പരിഗണിക്കുന്നില്ല. പൊതുപ്രവേശന പരീക്ഷ, മൾട്ടികാമ്പസ് യൂണിവേഴ്സിറ്റി, റിസർച്ച് ഫണ്ട്, പ്രവേശനത്തോത് ഉയർത്തൽ തുടങ്ങിയവ പറയുമ്പോഴും അവ്യക്തത തുടരുന്നു. | |||
എന്തുകൊണ്ടാണ് ഈയൊരു അവ്യവസ്ഥയും അവ്യക്തതയും പ്രധാനപ്പെട്ട ഈ രേഖയിൽ കടന്നുകൂടി എന്നത് ചിന്തനീയമാണ്. ഈ രേഖ തയ്യാറാക്കിയത് കസ്തൂരിരംഗൻ കമ്മിറ്റിയുടെ കരട് റിപ്പോർട്ട് പരിഗണിച്ചാണല്ലോ. എന്നാൽ അതിൽനിന്നും എട്ടിലൊന്ന് വലിപ്പമുള്ള രേഖയാക്കി ഇതിനെ മാറ്റിയത് ആരെന്ന് വ്യക്തമല്ല. എൻ.സി.ഇ.ആർ.ടി. പോലുള്ള വിദഗ്ധസ്ഥാപനങ്ങൾ ഉള്ളപ്പോൾ ഇതിലും നന്നായി ഇത് സംക്ഷേപിക്കാൻ കഴിയേണ്ടതാണ്. എന്നാൽ ഇതിലെ അക്കാദമിക പരിഗണനകൾ ഒരുവഴിക്കും പ്രായോഗിക പദ്ധതികൾ മറ്റൊരുവഴിക്കുമാണ്. അക്കാദമികവിദഗ്ധർ തയ്യാറാക്കിയ രേഖയിൽ സർക്കാരിന് താത്പര്യമുള്ള ചില ആശയങ്ങൾ പിന്നീട് മറ്റാരോ ചേർന്ന് കൂട്ടിച്ചേർത്തതു കൊണ്ടാണോ ഈയൊരു പരിണതി ഉണ്ടായത് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. | |||
പാർലമെന്റിൽ വെക്കാതെ തിടുക്കപ്പെട്ട് ഇറക്കിയ ഈ രേഖയുടെ വേറെയും കരടുകൾ ഇറങ്ങിയിരുന്നു. കസ്തൂരിരംഗൻ കമ്മിറ്റി തയ്യാറാക്കിയ കരടിനും ലഘുരൂപങ്ങൾ സർക്കാർ സൈറ്റിൽ വരികയുണ്ടായി. ഇതൊക്കെയും നയനിർമാണ പ്രക്രിയയിലെ പൊരുത്തക്കേടും അവ്യവസ്ഥിതിയുമാണ് സൂചിപ്പിക്കുന്നത്. ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസമേഖലയുടെ ഇനിയുള്ള കുറേ വർഷങ്ങളിലെ ഗതിവിഗതികൾ നിശ്ചയിക്കുന്ന രേഖയാണിത്. എന്നാൽ വേണ്ടത്ര സൂക്ഷ്മപരിശോധന നടക്കാത്ത രൂപമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്ന തോന്നൽ പ്രബലമാണ്. | |||
സാധാരണയായി ഒരു നയരേഖയിൽ ചില പൊതുസമീപനങ്ങളേ പറയാറുള്ളൂ. വിശദാംശങ്ങൾ പിന്നീടുള്ള ഔദ്യോഗിക രേഖകളിലാണ് വരാറ്. മുൻനയരേഖകൾ പരിശോധിച്ചാൽ അത് വ്യക്തമാകും. ഉദാഹരണമായി, 1986 ലെ നയരേഖയിൽ സൂചിപ്പിച്ച നിർദേശങ്ങൾ എപ്പോൾ എങ്ങനെയൊക്കെ നടത്തുമെന്ന വിശദാംശങ്ങൾ 'പ്രോഗ്രാം ഓഫ് ആക്ഷൻ' എന്ന നിലയിൽ വേറിട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. എന്നാൽ ഈ നയരേഖയിൽ ചില പദ്ധതികൾ എപ്പോൾ നടപ്പിലാക്കുമെന്നുവരെ പറയാൻ ശ്രമിച്ചിരിക്കുന്നു. ഇതിനകം തന്നെ മാനവശേഷി വികസന മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി കഴിഞ്ഞു. പാർലമെന്റിനെയും കേന്ദ്രവിദ്യാഭ്യാസ ഉപദേശകസമിതിയെയും നോക്കുകുത്തിയാക്കിക്കൊണ്ടുള്ള തുടക്കം നടപ്പിലാക്കുന്നതിലെ തിടുക്കം സൂചിപ്പിക്കുന്നു. | |||
===വിദ്യാഭ്യാസത്തിന്റെ സാമ്പത്തികം=== | |||
കോത്താരി കമ്മീഷൻ റിപ്പോർട്ട് മുതൽ തന്നെ ആകെ ദേശീയ വരുമാനത്തിന്റെ 6% വിദ്യാഭ്യാസത്തിനായി മാറ്റിവെക്കണമെന്ന ശുപാർശ നിലവിലുണ്ട്. എന്നാൽ 4% ൽ അധികം തുക വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഒരാഗ്രഹപ്രകടനം എന്നതിനപ്പുറത്തേക്ക് ഈ നിർദേശത്തെ കാണാനാവില്ല. ക്യൂബ പോലുള്ള രാജ്യങ്ങൾ 12% നീക്കിവെക്കുമ്പോഴാണ് ഇവിടെ 6% എന്ന നടക്കാനിടയില്ലാത്ത വാഗ്ദാനം മുന്നോട്ടുവെക്കുന്നത്. | |||
സാധാരണയായി ആകെ ദേശീയവരുമാനം കണക്കാക്കുന്നത് കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറുകളും വിദ്യാഭ്യാസരംഗത്ത് എത്രമാത്രം തുക നിക്ഷേപിക്കുന്നു എന്ന് പരിഗണിച്ചാണ്. എന്നാൽ സെക്ഷൻ 26.6 പ്രകാരം സ്വകാര്യ, ജീവകാരുണ്യ സംഘടനകളിൽനിന്നും സ്വകാര്യ സംരംഭകരിൽ നിന്നും വലിയ തോതിലുള്ള വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. രക്ഷാകർത്താക്കളും മറ്റും വ്യക്തിപരമായി നടത്തുന്ന ചെലവും വിദ്യാഭ്യാസത്തിനായി നടത്തുന്ന പൊതുചെലവായി പരിഗണിച്ച് അത് ആകെ ദേശീയ വരുമാനത്തിനകത്ത് ഉൾക്കൊള്ളിക്കാനുള്ള സാധ്യതയുമുണ്ട്. | |||
പതിറ്റാണ്ടുകൾക്ക് മുമ്പ് ജീവകാരുണ്യം എന്ന പദത്തിനുണ്ടായിരുന്ന നിർവചനമല്ല ആഗോളവൽകരണ- സ്വകാര്യവൽകരണ-ഉദാരവൽകരണ കാലഘട്ടത്തിലുള്ളത്. ഇന്ന് കമ്പനികൾ നിയമപ്രകാരം ഒരു നിശ്ചിത തുക കാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാൻ ബാധ്യസ്ഥമാണ്. പ്രസ്തുത തുക ചെലവാക്കിക്കൊണ്ട് വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരുന്ന കച്ചവടശക്തികളുടെ 'കാരുണ്യ'ത്തിന് മുമ്പിൽ സാധാരണക്കാരുടെ മക്കളെ ഇട്ടുകൊടുക്കുകയാണ് പുതിയ നയം ഫലത്തിൽ ചെയ്യുന്നത്. | |||
ഓൺലൈൻ വിദ്യാഭ്യാസമെന്നത് വ്യാപകമാക്കും എന്നാണ് സൂചന. വിദൂരവിദ്യാഭ്യാസത്തിനും വലിയ ഊന്നലാണ് നൽകിയിരിക്കുന്നത്. വിദ്യാഭ്യാസത്തിലെ ധനവിനിയോഗം ഏറ്റവും കുറക്കാനുള്ള മാർഗങ്ങൾ ഇപ്പഴേ തേടിത്തുടങ്ങിയിരിക്കുന്നു എന്നാണ് ഇതിനർഥം. | |||
പ്രീസ്കൂൾ സാർവത്രികമാക്കൽ, പെൺകുട്ടികളെയും പിന്നാക്കവിഭാഗങ്ങളെയും വിദ്യാഭ്യാസത്തിൽ ഉറപ്പിച്ചുനിർത്തൽ, ഭിന്നശേഷിക്കാർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കൽ, ഐ. ടി. പഠനസൗകര്യങ്ങൾ വ്യാപകമാക്കൽ, നിലവിലുള്ള സർവകലാശാലകളെ മികച്ച ടീച്ചിങ്ങ് യൂണിവേഴ്സിറ്റികളായും ഗവേഷണ യൂണിവേഴ്സിറ്റികളായും മാറ്റൽ, അധ്യാപകവിദ്യാഭ്യാസം പൊളിച്ചെഴുതൽ, തൊഴിൽവിദ്യാഭ്യാസം സാർവത്രികമാക്കൽ എന്നിങ്ങനെ വലിയ തോതിലുള്ള സാമ്പത്തികച്ചെലവ് ആവശ്യമായ പദ്ധതികൾ ഈ രേഖയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പലതിനും ലക്ഷ്യപൂർത്തീകരണ വർഷവും പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ ഇവയ്ക്കൊക്കെ വേണ്ട സാമ്പത്തികം കേന്ദ്രസർക്കാർ നീക്കിവെക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. പ്രത്യേകിച്ചും കൊറോണ ഉണ്ടാക്കിയ സാമ്പത്തികബാധ്യത ഇനിയങ്ങോട്ടുള്ള അനവധി വർഷങ്ങളിൽ നമ്മെ ഞെരിക്കാൻ പോകുന്ന പശ്ചാത്തലത്തിൽ. | |||
===സാധ്യതകളെന്ത്? നേട്ടങ്ങൾ ആർക്കൊക്കെ?=== | |||
ഈയൊരു പശ്ചാത്തലത്തിൽ എന്താണ് നമ്മുടെ വിദ്യാഭ്യാസമേഖലയിൽ സംഭവിക്കുകയെന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. സ്കൂൾവിദ്യാഭ്യാസത്തിൽ വലിയതോതിൽ ബദൽ വിദ്യാലയങ്ങളെ ഉപയോഗപ്പെടുത്തി എല്ലാവരെയും വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമാക്കി അന്തർദേശീയവേദികളിൽ മേനിനടിക്കാൻ ഇടയുണ്ട്. അധ്യാപകനിയമനം നടത്താതെ പിന്നാക്കപ്രദേശങ്ങളിൽ വളണ്ടിയർമാരെയും മറ്റും ഉപയോഗപ്പെടുത്തി ഉത്തരവാദിത്തം പൂർത്തീകരിച്ചതായി പ്രഖ്യാപിക്കും എന്നതാണ് മറ്റൊരു സാധ്യത. ഉന്നതവിദ്യാഭ്യാസത്തിൽ സ്വകാര്യമേഖല സ്വന്തം നിലയിലും, സർക്കാർ സ്ഥാപനങ്ങളിൽ ചില കോഴ്സുകളുടെ നടത്തിപ്പുകാരായും രംഗം കൈയടക്കുമെന്നാണ് സൂചന. സ്വകാര്യ-വിദേശ സർവകലാശാലകൾ അവർക്ക് താത്പര്യമുള്ള മേഖലയിൽ വലിയ ഫീസ് ചുമത്തി ചില കോഴ്സുകൾ സംഘടിപ്പിക്കാൻ മുന്നോട്ടുവന്നേക്കും. സ്കൂൾവിദ്യാഭ്യാസത്തിലായാലും ഉന്നതവിദ്യാഭ്യാസത്തിലായാലും വിദ്യാഭ്യാസച്ചെലവ് കുറക്കാൻ സ്വകാര്യ-ജീവകാരുണ്യ സംഘങ്ങളെയും ഓൺലൈൻ രീതിയെയും നന്നായി പ്രയോജനപ്പെടുത്തുമെന്നും പ്രതീക്ഷിക്കാവുന്നതാണ്. | |||
വിദ്യാഭ്യാസം എന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും വളർച്ചയുടെ അടിത്തറയാണ്. മാറിക്കൊണ്ടിരിക്കുന്ന ജ്ഞാനസമൂഹത്തിലെ വെല്ലുവിളികൾ വ്യക്തിപരമായും സാമൂഹികമായും ഏറ്റെടുക്കാനും അത്തരം പ്രശ്നങ്ങളോട് നിരന്തരമായി സംവദിക്കാനുമുള്ള ഉപാധിയാണ്. അസമത്വവും വിവേചനവും സാമ്പ്രദായിക ശ്രേണീബന്ധവും കടുത്ത ജാതിവിവേചനങ്ങളും വിദ്യാഭ്യാസത്തിന്റെ ഘടനയിൽ മാത്രമല്ല ഉള്ളടക്കത്തിലും ദൃഢമായി കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് നമ്മുടേത്. 'ഇന്ത്യൻ വിദ്യാഭ്യാസം ഗൗരവമേറിയ പുനർനിർമാണത്തിന്, ഏതാണ്ട് ഒരു വിപ്ലവത്തിന് വിധേയമാകണം' എന്ന് കോത്താരി കമ്മീഷൻ പറഞ്ഞുവച്ചത് ഇവിടെ പ്രസക്തമാണ്. കൂടാതെ 1968 ലെ ദേശീയ വിദ്യാഭ്യാസനയം എല്ലാവരേയും ഉൾക്കൊള്ളുന്ന കോമൺ സ്കൂൾ സമ്പ്രദായം വികസിപ്പിക്കുമെന്ന് രാജ്യത്തിലെ ജനങ്ങൾക്ക് ഉറപ്പുനൽകുകയുണ്ടായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 74ാം വാർഷികം കൊണ്ടാടുന്ന ഈ അവസരത്തിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്ന സത്യം നമ്മുടെ മുന്നിലുണ്ട്. | |||
എല്ലാവരെയും ഉൾക്കൊള്ളുന്നതും നിലവാരമുള്ളതുമായ സ്കൂൾ വിദ്യാഭ്യാസത്തെ സംബന്ധിച്ച സാമൂഹികാഭിലാഷത്തെ അഭിസംബോധന ചെയ്യാൻ ഈ നയരേഖ ശ്രമിക്കുന്നില്ല എന്നതുതന്നെയാണ് അടിസ്ഥാനപ്രശ്നം. അതിനുപകരം വിദ്യാഭ്യാസത്തെ ചരക്കായി കണക്കാക്കുകയും സംരംഭകർക്ക് വേണ്ടിയുള്ള യുക്തി രൂപീകരിക്കുകയും നമ്മുടെ വിശാലമായ ഭരണഘടനാ മൂല്യങ്ങൾക്ക് ഇടുങ്ങിയ വ്യാഖ്യാനങ്ങൾ നൽകുകയും വിദ്യാഭ്യാസത്തിലെ ഏവർക്കും സ്വീകാര്യമായ പഠനസമീപനങ്ങൾ കാഴ്ചക്കായി നിരത്തുകയും ചെയ്ത് ഉത്തരവാദിത്തത്തിൽനിന്നും കൈയൊഴിയുന്നു. | |||
===യഥാർഥ ലക്ഷ്യത്തിലേക്ക് വരുമ്പോൾ === | |||
വരികൾക്കിടയിലും, പലേടത്തായി പറഞ്ഞവയെ പരസ്പരം ബന്ധിപ്പിച്ചും വായിച്ചാലേ ഈ നയരേഖയുടെ യഥാർഥമായ അന്തർധാരകൾ മനസ്സിലാക്കാനാവൂ എന്ന് ആമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. അങ്ങനെ പരിശോധിച്ചപ്പോൾ സ്കൂൾവിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും തെളിഞ്ഞുവന്ന പൊതുസവിശേഷതകൾ താഴെ ചേർത്തവയാണെന്നു കാണാം. | |||
#കേന്ദ്രീകരണവും ഉദ്യോഗസ്ഥവൽകരണവും | |||
ഇന്ത്യയുടെ സംസ്കാരികവും ഭാഷാപരവും വിദ്യാഭ്യാസപരവുമായവളർച്ച പിരമിഡ് ആകൃതിയിലാണ്. കേന്ദ്രം, സംസ്ഥാനം, തദ്ദേശഭരണസ്ഥാപനങ്ങൾ - ഇതാണ് 73, 74 ഭരണഘടനാ ഭേദഗതിക്ക് ശേഷമുള്ള മുകളിൽനിന്നും കീഴോട്ടുള്ള രാഷ്ട്രരൂപം. വിദ്യാലയങ്ങളുടെ ഭൗതികവളർച്ചയ്ക്കും നിലവാര പുരോഗതിക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സംഭാവന വലുതാണെന്ന് കഴിഞ്ഞ കാൽനൂറ്റാണ്ടു കാലത്തെ അനുഭവം തെളിയിക്കുന്നു. പുതിയ വിദ്യാഭ്യാസനയം സകല വിദ്യാലയങ്ങളെയും കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിനും മേൽനോട്ടത്തിനും കീഴിലാക്കുന്നത് പ്രാദേശിക, സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ, പിന്തുണ, അതുവഴിയുള്ള സജീവമായ പങ്കാളിത്തം എന്നിവ ഇല്ലാതാക്കും. | |||
#സ്വകാര്യവൽകരണവും കച്ചവടവൽകരണവും | |||
ഗാട്ടിന്റെ ഉറുഗ്വായ് വട്ട ചർച്ചയിൽ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെ സേവനമെന്നതിനേക്കാൾ ലാഭമുണ്ടാക്കാവുന്ന കച്ചവടച്ചരക്കായാണ് കോർപറേറ്റുകൾ കണ്ടത്. അങ്ങനെയാണ് സെൽഫ് ഫൈനാൻസിങ് വിദ്യാഭ്യാസസ്ഥാപനം എന്ന സങ്കല്പംതന്നെ രൂപം കൊള്ളുന്നത്. 1990 കൾ മുതൽ അത് ഇന്ത്യൻ വിദ്യാഭ്യാസമേഖലയിലേക്ക് പറിച്ചുനടപ്പെട്ടു. അന്ന് അത് ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നെങ്കിൽ ഇന്ന് അത് തറവാട്ടുകാര്യക്കാരിയായി മാറിയിരിക്കുന്നു. വിദ്യാഭ്യാസത്തിൽ ഇനി സേവനമില്ല, കച്ചവടമേയുള്ളൂ. അതാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ പ്രഖ്യാപനം. അത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹികനീതി, അവസരസമത്വം, തുല്യത എന്നിവയുടെ നഗ്നമായ നിഷേധമാണ്. ഇത് ദോഷകരമായി ബാധിക്കുക പട്ടികവിഭാഗങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾ, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ മുതലായവരെയാണ്. | |||
#വർഗീയവൽകരണം | |||
ഇത് സംഘപരിവാറിന്റെ വർഷങ്ങളായുള്ള അജണ്ടയാണ്. ഇന്ത്യയെ സവർണ ഹിന്ദുരാഷ്ട്രമാക്കാൻ തന്നെയാണ് ലക്ഷ്യമിടുന്നത്. ഈ ദീർഘകാല പദ്ധതിയിലെ പ്രധാന ഇടപെടൽ മേഖലയാണ് വിദ്യാഭ്യാസം. നേരത്തെ ആരംഭിച്ചത് ഇപ്പോൾ കുറച്ചുകൂടി വിപുലപ്പെടുത്താൻ അവസരം കൈവന്നിരിക്കുന്നു. ഇതുവഴി ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെ നിഷേധിക്കുകയും മതേതരസംസ്കാരത്തെ അപകടപ്പെടുത്തുകയും സവർണഹിന്ദുത്വ ദേശീയതയെ കുട്ടികളിൽ അടിച്ചേൽപിക്കാൻ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്താൻ അവസരമൊരുക്കുകയും ചെയ്യുന്നു. | |||
ബി. ജെ. പി. യെ സംബന്ധിച്ച് അവരുടെ സ്ഥാപിത ലക്ഷ്യങ്ങൾ ഒന്നൊന്നായി നടത്തിയെടുക്കുന്ന കാലമാണിത്. അക്കൂട്ടത്തിൽ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് വിദ്യാഭ്യാസത്തെ മാറ്റിയെടുക്കാൻ കിട്ടുന്ന അവസരം അവർ വേണ്ടെന്നുവെക്കുമെന്ന് കരുതേണ്ടതില്ല. തങ്ങളുടെ ഭൂരിപക്ഷം നിർദേശങ്ങളും സ്വീകരിക്കപ്പെട്ടിരിക്കുന്നു എന്ന സന്തോഷത്തിലാണ് ബി. ജെ. പി. ക്ക് പ്രത്യയശാസ്ത്ര പിന്തുണ നൽകുന്നവർ എന്ന് വ്യക്തമായിക്കഴിഞ്ഞു. | |||
ഇന്ത്യയെ ഒരു വിജ്ഞാനസമൂഹമാക്കുക എന്നതാണ് ഇത് കൊണ്ടുവന്നവരുടെ പ്രഖ്യാപനങ്ങളിൽ ഒന്ന്. അതിനായി കോർപ്പറേറ്റുകൾക്ക് എല്ലാ സഹായവും ഒരുക്കിക്കൊടുക്കുമെന്ന് രേഖ പറയുന്നു. നാലാം വ്യവസായവിപ്ലവവും പത്ത് ട്രില്യൻ ഡോളർ ഇക്കോണമിയുമൊക്കെ ഇതിന്റെ പിന്നാലെ സാധിതമാവുമെന്നാണ് അവരുടെ പരസ്യപ്രഖ്യാപനം. | |||
യഥാർഥത്തിൽ, വ്യാപകമായ ഹിന്ദുത്വവത്കരണമാണ് ഉള്ളിലൂടെ ലക്ഷ്യമാക്കുന്നത്. അതിനായി പാഠ്യപദ്ധതി മാറ്റാനും, പഠനരീതികളിൽ ഇടപെടാനും, പ്രാദേശിക പഠനസാമഗ്രികൾ അച്ചടിച്ച് നൽകാനും സ്വകാര്യ/ജീവകാരുണ്യസംഘങ്ങൾക്കും ബദൽവിദ്യാലയങ്ങൾക്കും അംഗീകാരം നൽകാനും 'സോഷ്യൽ വർക്കർ'മാരെയും 'മാസ്റ്റർ ഇൻസ്ട്രക്റ്റർ'മാരെയും പ്രാദേശികമായി ഏർപ്പെടുത്താനുമൊക്കെയുള്ള സാധ്യതകൾ ഒരുക്കിക്കഴിഞ്ഞു. | |||
ഇതിൽ ഒരിടത്തും വിദ്യാഭ്യാസം സൗജന്യമാണെന്ന് പറഞ്ഞിട്ടില്ല. ഭരണഘടനാമൂല്യങ്ങൾ എന്നൊക്കെ വല്ലപ്പോഴും പറയുന്നുണ്ടെങ്കിലും 'ജനാധിപത്യം’, 'മതേതരത്വം’, 'സോഷ്യലിസം' എന്നീ വാക്കുകൾ ഒരിടത്തുമില്ല. ജ്ഞാനനിർമിതിയെന്നോ വിമർശനാത്മക വിദ്യാഭ്യാസമെന്നോ ഉറപ്പിച്ചുപറഞ്ഞിട്ടില്ല. | |||
ഇതിലെ ചില അക്കാദമികമേമ്പൊടികൾ കണ്ട് ആവേശംകൊള്ളുന്ന വിദഗ്ധരും ലോകോത്തരവിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രഘോഷണങ്ങൾ കേട്ട് കൈയടിക്കുന്ന ലിബറൽവിഭാഗവും പിന്നാക്കക്കാർക്കുള്ള പ്രത്യേകപദ്ധതികളിൽ വിശ്വാസമർപ്പിക്കുന്ന സാധാരണക്കാരും അൽപം കരുതിനിന്നാൽ അവർക്കുകൊള്ളാം. കാരണം ഇതിന്റെ യഥാർഥലക്ഷ്യം അതൊന്നുമല്ല. | |||
===ഉടൻ ചെയ്യേണ്ടത്=== | |||
പുതിയ വിദ്യാഭ്യാസനയമനുസരിച്ച് പലതും തീരുമാനിച്ചു നടപ്പാക്കേണ്ടത് കേന്ദ്രസർക്കാരിനു കീഴിലെ ചില സമിതികളും സ്ഥാപനങ്ങളുമാണ്. കഴിഞ്ഞ കാലത്തെ കേന്ദ്രസർക്കാരിനു കീഴിലെ യു.ജി.സി. മുതൽക്കുള്ള സ്ഥാപനങ്ങൾ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രങ്ങളായിരുന്നു എന്ന വസ്തുത മനസ്സിലാക്കി ഒന്നുകിൽ കേന്ദ്രസർക്കാർ ഈ നീക്കത്തിൽനിന്ന് പിന്തിരിയണം. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, സർവകലാശാലകൾ എന്നിങ്ങനെ അധികാര-ഉത്തരവാദിത്തത്തിൽ വികേന്ദ്രീകരണം നടക്കണം. അതിന് തയ്യാറല്ലെങ്കിൽ കേന്ദ്രസർക്കാരിനെ അതിനായി കേരളം പോലുള്ള സംസ്ഥാനങ്ങൾ നിർബന്ധിക്കണം. സംസ്ഥാനനിയമസഭയിൽ ചർച്ചചെയ്യാതെ ഇതിലുള്ള ഒരു നിർദേശവും നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാടും കേരളസർക്കാർ കൈക്കൊള്ളേണ്ടതുണ്ട്. | |||
വികേന്ദ്രീകരണം കർശനമായി നടപ്പാക്കണം. കേന്ദ്രസർക്കാർ തലത്തിൽ നയപരമായ ഏകോപനം മാത്രമേ ആകാവൂ. അത് നിർബന്ധിതമാക്കരുത്. കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കണം. അതേസമയം വൈവിധ്യവൽകരണത്തെ അനുവദിക്കുകയും വേണം. വിദ്യാഭ്യാസത്തിൽ സ്ഥാപനവും അത് നൽകുന്ന വിദ്യാഭ്യാസവും വിലയിരുത്തപ്പെടുക പുറത്തുവരുന്ന ബിരുദധാരികളുടെ ഗുണമേന്മയെ അടിസ്ഥാനമാക്കിയാണ്. അതാണ് ലോകമെങ്ങും നടക്കുന്നത്. ഇവിടെ അതിൽനിന്ന് വ്യത്യസ്തമായി ഒരു കേന്ദ്രത്തിൽനിന്നും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ പാടില്ല. ഇക്കാര്യത്തിൽ അധ്യാപകർ, വിദ്യാർഥികൾ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർക്കിടയിൽ അഭിപ്രായസമന്വയം ഉണ്ടാകേണ്ടതുണ്ട്. | |||
ഏതായാലും നയം നടപ്പിലാക്കാൻ തുടങ്ങിക്കഴിഞ്ഞു. ഇതിൽനിന്ന് സംസ്ഥാനങ്ങൾക്ക് മാറിനിൽക്കാനാവില്ല എന്നത് വസ്തുതയാണ്. അങ്ങനെ വരുമ്പോൾ കേരളത്തിലെ സാഹചര്യത്തിൽ നമുക്ക് എന്തുചെയ്യാനാവും എന്ന ആലോചന തുടങ്ങേണ്ട സമയമായി. ഇതിൽ ചില കാര്യങ്ങൾ നമുക്ക് പ്രയോജനപ്പെടുത്താനാവും. മറ്റു ചിലതിൽ ഭേദഗതി ആവശ്യമുണ്ട്. ചിലത് നടപ്പിലാക്കുന്നത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമുന്നേറ്റത്തെ പിറകോട്ടടിപ്പിക്കും. കൺകറന്റ് ലിസ്റ്റിലാണ് ഇപ്പോഴും വിദ്യാഭ്യാസം എന്നതിനാൽ പലതിനെയും പ്രതിരോധിച്ച് മാറ്റിത്തീർക്കാനും ശ്രമിക്കേണ്ടതുണ്ട്. ഈ നയരേഖ നമ്മുടെ സംസ്ഥാന അസംബ്ലിയിൽ ചർച്ച ചെയ്ത് കേരളത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കണം. പൊതുജനങ്ങളുടെയും പ്രാദേശികസർക്കാരുകളുടെയും പിന്തുണയോടെയും സംസ്ഥാനം വൻതോതിൽ മുതൽമുടക്കിയും സമീപകാലത്ത് ആധുനികവത്കരിച്ചുകഴിഞ്ഞ നമ്മുടെ വിദ്യാലയങ്ങളുടെ അക്കാദമിക പ്രവർത്തനങ്ങൾ പോലും കേന്ദ്രഏജൻസികൾ തീരുമാനിക്കുന്ന അവസ്ഥ അംഗീകരിക്കാനാവില്ല. | |||
അതിനാൽ ആദ്യം വേണ്ടത് രേഖ ജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ചചെയ്യുക എന്നതാണ്, അതിലുള്ള നവലിബറൽ - ഹിന്ദുത്വ അജണ്ടയെ തുറന്നുകാട്ടുക എന്നതാണ്. ചരിത്രപരമായ ഈ കടമ ഏറ്റെടുക്കാൻ കേരളത്തിലെ പുരോഗമന വിദ്യാഭ്യാസപ്രവർത്തകരും പൊതുസമൂഹവും സർക്കാരും സംസ്ഥാനത്തിന്റെ വികസനത്തിൽ താല്പര്യമുള്ള മുഴുവൻ ആളുകളും മുന്നോട്ടുവരണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർഥിക്കുന്നു. |
15:22, 19 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ദേശീയവിദ്യാഭ്യാസനയം ഒരു വിമർശനാത്മക വായന ലഘുലേഖ | |
---|---|
ഭാഷ | മലയാളം |
വിഷയം | വികസനം |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | സെപ്തംബർ, 2020 |
ഏടുകൾ | 48 |
പ്രസാധകക്കുറിപ്പ്
കോവിഡ് മഹാമാരിയുടെ മറവിൽ കേന്ദ്രസർക്കാർ പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചിരിക്കുകയാണ്. പാർലമെന്റിൽ അവതരിപ്പിച്ച് ചർച്ച ചെയ്യാതെ ഒരു പത്രസമ്മേളനത്തിലൂടെയാണ് രാജ്യത്തെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന ഈ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ മൂന്നാമത്തെ ഈ വിദ്യാഭ്യാസനയമാണ്. നയം തയ്യാറാക്കുന്നതിനുവേണ്ടി രൂപീകരിച്ച കമ്മിറ്റി 2019 മെയ് മാസത്തിലാണ് റിപ്പോർട്ട് സമർപിച്ചത്. റിപ്പോർട്ടിനെ കുറിച്ച് അഭിപ്രായം രൂപീകരിക്കുന്നതിനായി നടന്ന ചർച്ചകളിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും സംഘടനകളിൽനിന്നും മറ്റും ഉയർന്നുവന്ന നിർദേശങ്ങൾ ഒന്നും പരിഗണിക്കാതെയാണ് നയത്തിന് അവസാന രൂപം നല്കിയിട്ടുള്ളത്. വിദ്യാഭ്യാസത്തിന്റെ ദാർശനിക തലമോ സമൂഹതാൽപര്യങ്ങളോ പരിഗണിക്കാതെ പ്രായോഗിക കാര്യങ്ങളോടുള്ള പ്രതികരണങ്ങൾ മാത്രമായിരുന്നു രേഖ തയ്യാറാക്കാനായി ശേഖരിച്ചത്. സാധാരണയായി ഇത്തരമൊരു നയരേഖയിൽ ലക്ഷ്യം നേടുന്നതിനുള്ള നയസമീപനങ്ങൾ മാത്രമാണ് അവതരിപ്പിക്കാറുള്ളത്. എന്നാൽ പുതിയ രേഖയിൽ നയസമീപനത്തോടൊപ്പം നയം നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനപരിപാടിയും ഉൾപ്പെടുത്തിയിരിക്കുന്നു. അത് ചർച്ചചെയ്യുന്നതിന് മുമ്പായിത്തന്നെ കോവിഡ് സാഹചര്യം മുതലെടുത്തുകൊണ്ട് സാമ്പത്തികഭാരമില്ലാത്ത നിർദേശങ്ങൾ നടപ്പിൽ വരുത്തുവാനും തുടങ്ങിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ മുന്നോട്ടുനയിക്കേണ്ട കാഴ്ചപ്പാടുകളും സ്വപ്നങ്ങളും ഭരണഘടനയുടെ ആമുഖത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിൽ പറയുന്ന പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നമ്മുടെ രാജ്യം നിലനിൽക്കണമെങ്കിൽ അതിൽ ഊന്നിയുള്ള വിദ്യാഭ്യാസമായിരിക്കണം ഇവിടെ വികസിച്ചുവരേണ്ടത്. എന്നാൽ നയത്തിൽ ഒരിടത്തും 'ജനാധിപത്യം’, 'മതേതരത്വം’, 'സോഷ്യലിസം' എന്നീ വാക്കുകൾ പേരിനു പോലും പറയുന്നില്ല. എന്നാൽ ഭാരതവത്കരണം, ഇന്ത്യൻ ധാർമികത തുടങ്ങിയ പ്രയോഗങ്ങളും സേവ, അഹിംസ, സ്വച്ഛത, സത്യം, നിഷ്കാമകർമം, ശാന്തി, ത്യാഗം, സഹിഷ്ണുത തുടങ്ങിയ 'ഇന്ത്യൻ മൂല്യങ്ങ'ളെ സൂചിപ്പിക്കുന്ന വാക്കുകളും ഊന്നിപ്പറയുകയും ചെയ്തിരിക്കുന്നു. സംസ്ഥാനത്തിന് പരിപൂർണമായ അധികാരമുണ്ടായിരുന്ന മേഖലയായിരുന്നു വിദ്യാഭ്യാസം. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടപെടാവുന്ന മേഖലയായി അത് മാറി. പുതിയ നയത്തിൽ ഈ അവകാശവും അധികാരവും കൂടി ഇല്ലാതാവുകയാണ്. ചുരുക്കത്തിൽ ഫെഡറലിസം ഇല്ലാതാക്കുന്നതും, വർഗീയതയുടെ വേരുകൾ അങ്കണവാടി പ്രായത്തിലുള്ള കുട്ടികളിലേക്കുവരെ നീളുന്നതുമാണ് നയരേഖയിലൂടെ വ്യക്തമാകുന്നത്. ദേശീയ ശാസ്ത്രകോൺഗ്രസ് പോലുള്ള വേദികളിൽ പോലും മിത്തുകളെയും ഐതിഹ്യങ്ങളെയും പൗരാണിക ശാസ്ത്രപുരോഗതിയായി ഉദ്ഘോഷിക്കാൻ മടികാട്ടാത്തവരാണ് കേന്ദ്രം ഭരിക്കുന്നത്. അവരിൽനിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ രേഖ വ്യാപകമായ ചർച്ചക്ക് വിധേയമാക്കുകയും അതിലുള്ള നവലിബറൽ - ഹിന്ദുത്വ അജണ്ടയെ തുറന്നുകാട്ടുകയുമാണ് നമുക്ക് ചെയ്യാനുള്ളത്. ചരിത്രപരമായ ഈ കടമ ഏറ്റെടുക്കാൻ കേരളത്തിലെ പുരോഗമന വിദ്യാഭ്യാസ പ്രവർത്തകരും പൊതുസമൂഹവും സംസ്ഥാനത്തിന്റെ വികസനത്തിൽ താല്പര്യമുള്ള മുഴുവൻ ആളുകളും മുന്നോട്ടുവരേണ്ടതുണ്ട്. ഈ ലഘു പുസ്തകം അതിന് സഹായകമാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഗം - 1
ആമുഖം
നീണ്ട മുപ്പത്തിനാല് വർഷങ്ങൾക്ക് ശേഷമാണ് പുതിയ ഒരു ദേശീയ വിദ്യാഭ്യാസനയം 2020 ജൂലൈ 29 ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇക്കാലയളവിനുള്ളിൽ ശാസ്ത്ര-സാങ്കേതിക- വിവരസാങ്കേതിക രംഗങ്ങളിൽ വന്ന മാറ്റങ്ങൾ ലോകത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. ഉത്പാദന ഉപകരണങ്ങളിലും ഉത്പാദന ബന്ധങ്ങളിലും വന്ന മാറ്റങ്ങൾ ജനജീവിതത്തെ നിർണായകമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. മാനവരാശി ക്രമേണ ഒരു ജ്ഞാന സമൂഹമായി വളർന്നുകൊണ്ടിരിക്കുകയുമാണ്. ഇവയെല്ലാറ്റിനെയും കീഴടക്കിക്കൊണ്ട് ആഗോളവ്യാപനവും നിയന്ത്രണശേഷിയും കൈവരിക്കുന്ന മൂലധനശക്തികൾ വികസ്വര - അവികസിത രാജ്യങ്ങളെ വരിഞ്ഞുകെട്ടുകയും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഭീകരമാംവിധം വർധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ അധികാരഘടനയിലും രാഷ്ട്രീയ സമീപനങ്ങളിലുമെല്ലാം ലോകത്തെമ്പാടും രാജ്യത്തിനകത്തും ഉണ്ടായ പരിവർത്തനങ്ങൾ സ്വാഭാവികമായും വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വീക്ഷണങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ഇത്തരമൊരു ആഗോള, ദേശീയ പശ്ചാത്തലം വിദ്യാഭ്യാസരംഗത്ത് പുതിയ കാഴ്ചപ്പാടുകളും നയപരിപാടികളും അനിവാര്യമാക്കുന്നുണ്ട് എന്നതിൽ സംശയമില്ല.
വിദ്യാഭ്യാസനയങ്ങൾ - പശ്ചാത്തലം
സ്വതന്ത്ര ഇന്ത്യയിലെ ഒന്നാമത്തെ വിദ്യാഭ്യാസനയം 1968 ലാണ് രൂപീകരിക്കപ്പെട്ടത്. 'ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്ന കോത്താരി കമ്മീഷൻ റിപ്പോർട്ടിന്റെ (1964 - 66) അടിസ്ഥാനത്തിലാണ് ഒന്നാമത്തെ ദേശീയവിദ്യാഭ്യാസനയം രൂപംകൊണ്ടത്. അന്ന് ദേശീയവികാസവും ദേശീയോദ്ഗ്രഥനവും മുഖ്യചർച്ചാ വിഷയങ്ങളായിരുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യകൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസത്തിലൂടെ രാജ്യം നേരിടുന്ന പ്രധാനപ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയുമെന്ന പ്രത്യാശയുടെ മുകളിലായിരുന്നു ആ വിദ്യാഭ്യാസനയം രൂപകൽപന ചെയ്യപ്പെട്ടത്. ലോകത്തെമ്പാടും സാമൂഹിക സാമ്പത്തിക ഘടനയിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരുന്ന ഘട്ടത്തിലാണ് രണ്ടാമത്തെ ദേശീയ വിദ്യാഭ്യാസനയം 1986 ൽ നിലവിൽ വന്നത്. ഇതിനു മുന്നോടിയായി 'വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ' എന്ന ഒരു രേഖ ചർച്ചയ്ക്കായി അവതരിപ്പിച്ചിരുന്നു. പ്രസ്തുത നയം 1990 ലെ ആചാര്യ രാമമൂർത്തി കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് 1992 ൽ പരിഷ്കരിച്ചു. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത് മൂന്നാമത്തെ ദേശീയ വിദ്യാഭ്യാസനയമാണ്. ഈ നയരൂപീകരണത്തിന് മുന്നോടിയായി ടി. എസ്. ആർ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കുകയും 2016 മെയ് മാസം സമിതി അതിന്റെ റിപ്പോർട്ട് നൽകുകയും ചെയ്യുകയുണ്ടായി. പിന്നീട് ഡോ. കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിൽ മറ്റൊരു സമിതിയെ ഇക്കാര്യത്തിനായി നിയോഗിച്ചു. ടി. എസ്. ആർ. കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളടക്കം പരിഗണിച്ചുകൊണ്ടാണ് കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗസമിതി 2019 മെയ് മാസം 484 പേജുളള കരട് റിപ്പോർട്ട് സമർപ്പിച്ചത്. ടി. എസ്. ആർ. കമ്മിറ്റി, റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഒരു ചോദ്യാവലി തയ്യാറാക്കുകയും വിവരശേഖരണത്തിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. പ്രസ്തുത ചോദ്യാവലി വിദ്യാഭ്യാസത്തിന്റെ ദാർശനിക തലമോ സമൂഹതാൽപര്യങ്ങളോ പ്രകടിപ്പിക്കാൻ പറ്റുന്നതായിരുന്നില്ല. മറിച്ച് പ്രായോഗിക കാര്യങ്ങളോടുള്ള പ്രതികരണങ്ങൾ മാത്രമായിരുന്നു ശേഖരിച്ചത്. കസ്തൂരിരംഗൻ കമ്മിറ്റിയാകട്ടെ ഇത്തരം ശ്രമങ്ങൾ നടത്തിയതായി അറിവില്ല. 2019 മെയ് മാസം കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് മാനവവിഭവശേഷി വികസന മന്ത്രാലയം അഭിപ്രായങ്ങൾ രൂപീകരിക്കാനെന്ന തരത്തിൽ ചില പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വിദ്യാഭ്യാസത്തിനായുള്ള കേന്ദ്ര ഉപദേശക സമിതിയിലും (Central Advisory Board of Education – CABE) ഈ റിപ്പോർട്ട് ചർച്ച ചെയ്യപ്പെട്ടു. എന്നാൽ ചർച്ചകളിൽ സംസ്ഥാനങ്ങളും വിവിധ മേഖലകളിൽ പെട്ടവരും ഉന്നയിച്ച കാര്യങ്ങളൊന്നും കാര്യമായി പരിഗണിക്കാതെയാണ് ഇപ്പോൾ 65 പേജുള്ള നയരേഖ പുറത്തുവന്നിരിക്കുന്നത്. ഇതാകട്ടെ പാർലമെന്റിൽ വെക്കാതെ ഒരു പത്രസമ്മേളനത്തിലൂടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നയരേഖകളും സമകാലിക സാമൂഹികാവസ്ഥകളും
1968 ലെ വിദ്യാഭ്യാസനയം രൂപീകരിക്കുമ്പോൾ അവസരസമത്വത്തെ കുറിച്ചും ശാസ്ത്ര - സാങ്കേതിക വിജ്ഞാനത്തിൽ അധിഷ്ഠിതമായ രാഷ്ട്രപുരോഗതിയെ കുറിച്ചുമുള്ള സ്വപ്നങ്ങൾ നിലനിന്നിരുന്നു. രാജ്യത്തിലെ സമ്പന്നനും ദരിദ്രനും ഒരുപോലെ പ്രാപ്യതയുള്ള സൗജന്യവും ഗുണനിലവാരമുള്ളതുമായ പൊതുവായ സ്കൂൾ സംവിധാനമെന്ന (common school system) നിർദേശം ആ നയത്തെ ശ്രദ്ധേയമാക്കി. എന്നാൽ അന്ന് വിദ്യാഭ്യാസം സംസ്ഥാനവിഷയമായിരുന്നു (state list). കേന്ദ്രത്തിന് വിദ്യാഭ്യാസത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ടായിരുന്നു. എന്നാൽ 1976 ൽ 42-ാമത് ഭരണഘടനാഭേദഗതിയിലൂടെ വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സംയുക്തമായ അധികാരമുള്ള കൺകറന്റ് ലിസ്റ്റിലേക്ക് വന്നു. ആഗോളീകരണത്തിന്റെയും നവഉദാരീകരണത്തിന്റെയും പ്രാരംഭ സൂചനകൾ കണ്ടുതുടങ്ങിയ എൺപതുകളിലാണ് അതിന്റെ അലയൊലികൾ പ്രകടമായ രണ്ടാമത്തെ വിദ്യാഭ്യാസനയം 1986 ൽ രൂപീകൃതമായത്. സ്കൂൾ വിദ്യാഭ്യാസത്തിലടക്കം സ്വകാര്യ മൂലധനവും വിദേശമൂലധനവും കടന്നുവരാൻ അത് വഴിതുറന്നു. അതേസമയം ജനാധിപത്യം, മതനിരപേക്ഷത, തുല്യത തുടങ്ങിയ ഭരണഘടനാമൂല്യങ്ങളെ അംഗീകരിക്കുന്ന നയമായിരുന്നു അത്. അതുപോലെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെ വലിയ തോതിൽ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോകസാഹചര്യത്തിൽ വീണ്ടും മാറ്റങ്ങൾ ഉണ്ടായി. ഉദാരവൽകരണ-സ്വകാര്യവൽകരണ- ആഗോളവൽകരണ നയങ്ങൾ പ്രബലമായി. ആഗോള സാമ്പത്തിക കരാറുകളിലൂടെ നവലിബറൽ ആശയങ്ങൾ രാജ്യങ്ങളുടെ മേൽ പിടിമുറുക്കി. അതിന് പൂർണമായും വഴങ്ങുന്ന ഒരു സർക്കാരാണ് ഇന്ന് കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം സവർണ ഹിന്ദുത്വ ആശയങ്ങളോടുള്ള പ്രതിബദ്ധതയും ഭരണകർത്താക്കൾ പുലർത്തിപ്പോരുന്നു. ജനങ്ങളുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിശ്വാസപ്രമാണങ്ങളെയും അജ്ഞതയേയും നിസ്സഹായതയേയും ഉപയോഗപ്പെടുത്തി അധികാരരാഷ്ട്രീയം കൈയാളാൻ ശ്രമിക്കുന്ന ഭരണകൂടമാണിത്. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിൽ വന്നപ്പോഴെല്ലാം ഒരുവശത്ത് നവലിബറൽ നയങ്ങളും മറുവശത്ത് ഹിന്ദുത്വ അജണ്ടകളും വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ ബി. ജെ. പി. നയിക്കുന്ന മുന്നണി ശ്രമിക്കുകയുണ്ടായി. 2000 ൽ വിദ്യാഭ്യാസത്തെ 'കാവിവത്കരി'ക്കാൻ പോന്ന പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കാനും 2002 ൽ നവലിബറൽ അജണ്ടയ്ക്കനുസരിച്ച് അംബാനി - ബിർല റിപ്പോർട്ടിന് രൂപംകൊടുക്കാനും ശ്രമിച്ചത് ഓർക്കാവുന്നതാണ്. ആ റിപ്പോർട്ട് പ്രധാനമായും മാർക്കറ്റ് അധിഷ്ഠിത വിദ്യാഭ്യാസം എങ്ങനെ നടപ്പിലാക്കാമെന്നാണ് പരിശോധിച്ചത്. ദേശീയ ശാസ്ത്രകോൺഗ്രസ് പോലുള്ള വേദികളിൽ പോലും മിത്തുകളെയും ഐതിഹ്യങ്ങളെയും പൗരാണിക ശാസ്ത്രപുരോഗതിയായി ഉദ്ഘോഷിക്കാൻ മടികാട്ടാത്തവരാണ് കേന്ദ്രം ഭരിക്കുന്നത്. ഭരണകൂടത്തിന്റെ പൊതു രാഷ്ട്രീയ സാമ്പത്തിക സാമൂഹിക നിലപാടിന് അനുസൃതമായിരിക്കും അത് രൂപംകൊടുക്കുന്ന വിദ്യാഭ്യാസനയം. സ്വന്തം നിലപാട് ദൃഢപ്പെടുത്താനും സമൂഹത്തിന്റേതാക്കി മാറ്റാനും വിദ്യാഭ്യാസത്തെ ഭരണകർത്താക്കൾ ഉപയോഗപ്പെടുത്തും എന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ ബ്യൂറോക്രാറ്റുകളെയും ടെക്നോക്രാറ്റുകളെയും മുന്നിൽനിർത്തി നിർമിച്ച പുതിയ വിദ്യാഭ്യാസനയരേഖ ആഴത്തിലുള്ള വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്.
നയരേഖകളെ വിലയിരുത്തുമ്പോൾ
വിദ്യാഭ്യാസം എന്നത് വരാനിരിക്കുന്ന തലമുറകളെയും രാജ്യത്തെയാകെയും സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ്. ഓരോ വ്യക്തിയിലും അന്തർലീനമായ കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനും അത് സഹായിക്കുന്നു. കുട്ടികളെ സമൂഹവുമായി ക്രിയാത്മകമായി ബന്ധിപ്പിക്കാനും സമൂഹത്തിന് കൂടി ഉതകുന്ന വ്യക്തികളാക്കി പരിവർത്തനം ചെയ്യുവാനും കഴിയുന്നതാവണം രാജ്യത്തിന്റെ വിദ്യാഭ്യാസ നയമെന്നാണ് നാം ആഗ്രഹിക്കുന്നത്. ഓരോ രാജ്യത്തെയും മുന്നോട്ടുനയിക്കുന്ന ഉദാത്തമായ കാഴ്ചപ്പാടുകളും സ്വപ്നങ്ങളും ആ രാജ്യത്തിന്റെ ഭരണഘടനയിൽ പ്രതിഫലിക്കും. ഇന്ത്യൻ ഭരണഘടന ലക്ഷ്യമാക്കുന്നത് ഏതുതരത്തിലുള്ള സമൂഹത്തെയാണെന്ന് ഭരണഘടനയുടെ ആമുഖത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിൽ പറയുന്ന പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നമ്മുടെ രാജ്യം നിലനിൽക്കണമെങ്കിൽ അതിൽ ഊന്നിയുള്ള വിദ്യാഭ്യാസമായിരിക്കണം ഇവിടെ വികസിച്ചുവരേണ്ടത്. 'നാനാത്വത്തിൽ ഏകത്വം' എന്ന തത്വം അതിന്റെ അന്തർധാരയായി വർത്തിക്കണം. ലോകത്തെമ്പാടും നടക്കുന്ന മാറ്റങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് രാജ്യപുരോഗതിക്ക് ഉതകുന്ന ഒരു വിദ്യാഭ്യാസപദ്ധതിക്ക് രൂപം നൽകേണ്ടതുണ്ട്. ഇതിനൊക്കെ സഹായകമാണോ പുതിയ വിദ്യാഭ്യാസനയം എന്നത് വിലയിരുത്തപ്പെടണം. സ്വതന്ത്ര ഇന്ത്യയിലുണ്ടായ വിദ്യാഭ്യാസ കമ്മീഷനുകളും റിപ്പോർട്ടുകളും വിദ്യാഭ്യാസത്തെപ്പറ്റി മുന്നോട്ട് വച്ച ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകൾ പുതിയ നയത്തിൽ പ്രതിഫലിക്കുന്നുണ്ടോ എന്നതും പരിശോധിക്കണം. ഏതൊരു പുതിയ നയരേഖയും തയ്യാറാക്കുമ്പോൾ, മുൻകാലത്ത് രൂപീകരിക്കപ്പെട്ട നയങ്ങളുടെ ഭാഗമായി നടത്തിയ പ്രവർത്തന പദ്ധതികൾ, ഉണ്ടായ നേട്ടങ്ങൾ, സംഭവിച്ച പോരായ്മകൾ, അതിന്റെ കാരണങ്ങൾ എന്നിവ വിലയിരുത്തപ്പെടണം. കൂടാതെ സാമൂഹിക -സാമ്പത്തിക-സാംസ്കാരിക-മത-ജാതി-ലിംഗ-പ്രാദേശിക വേർതിരിവില്ലാതെ മുഴുവൻ കുട്ടികൾക്കും പ്രാപ്യത, സ്കൂൾ/കലാലയ പ്രവേശനം, കൊഴിഞ്ഞുപോകാതെ നിലനിൽക്കൽ (retention), തുല്യത, ഗുണത എന്നിവ ഉറപ്പാക്കുന്നതിന് സഹായകമായ കാഴ്ചപ്പാടും പ്രവർത്തനസമീപനവും പുതിയ നയം മുന്നോട്ട് വയ്ക്കുന്നുണ്ടോ എന്നും പരിശോധി ക്കപ്പെടണം.
പുതിയ നയരേഖയിലെ ചതിക്കുഴികൾ
ടി. എസ്. ആർ. സുബ്രഹ്മണ്യൻ കമ്മിറ്റിയിൽനിന്ന് വ്യത്യസ്തമായി, നയരേഖയുടെ കരട് തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട കസ്തൂരിരംഗൻ സമിതിയിൽ അക്കാദമിക വിദഗ്ധർ ഉണ്ടായിരുന്നു. അക്കാദമികമായി സാർവത്രികമായി അംഗീകരിക്കപ്പെട്ട പദങ്ങളും പ്രയോഗങ്ങളും നയരേഖയിൽ സുലഭമായി ഉൾച്ചേർത്തിട്ടുണ്ട്. ആമുഖഭാഗത്ത് വിമർശനാത്മകചിന്തയും പ്രശ്നപരിഹരണശേഷിയും സർഗാത്മകതയും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിട്ടുണ്ട്. അനുഭവാധിഷ്ഠിതവും അന്വേഷണാത്മകവും സംവാദാത്മകവും അയവേറിയതുമായ പഠനസമീപനത്തെ കുറിച്ചുള്ള സൂചനകൾ പലേടത്തുമുണ്ട്. പ്രവർത്തനാധിഷ്ഠിത പഠനം, പഠിക്കാൻ പഠിക്കൽ, ഉദ്ഗ്രഥനം, സമഗ്രത തുടങ്ങിയവയും നയരേഖയിൽ അവിടവിടെ കടന്നുവരുന്നുണ്ട്. നയം നടപ്പാക്കുക വഴി അനുകമ്പ (sympathy), അനുതാപം (empathy), ധൈര്യം, ഉന്മേഷം, ശാസ്ത്രബോധം, സർഗഭാവന, നൈതിക അവബോധം, മൂല്യബോധം തുടങ്ങിയവ പ്രകടിപ്പിക്കുന്ന നല്ല മനുഷ്യരെ വളർത്തിയെടുക്കണം എന്ന് സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള വിശാല ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് സജ്ജമായ പൗരസമൂഹത്തെ വളർത്തിയെടുക്കാൻ ഉദ്ദേശിക്കുന്നുവെന്നും നയരേഖ പറയുന്നു. കാണാപ്പാഠം പഠിക്കുന്നതിനല്ല വിദ്യാഭ്യാസം വഴി ലക്ഷ്യം വെക്കേണ്ടതെന്നും ആശയപരമായ ധാരണയ്ക്കും യുക്തിസഹമായ തീരുമാനങ്ങൾക്കും മുഖ്യപരിഗണന നൽകണമെന്നും പറഞ്ഞുവച്ചിട്ടുണ്ട്. പ്രീപ്രൈമറി എല്ലാവർക്കും ലഭ്യമാക്കൽ, തൊഴിൽ പഠനം, പന്ത്രണ്ടാം തരം വരെയുള്ള സാർവത്രികമായ പഠനസൗകര്യങ്ങൾ, കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിലുള്ള വഴക്കം, സെമസ്റ്റർ രീതി, പത്താം തരത്തിലും പന്ത്രണ്ടാം തരത്തിലും രണ്ട് പരീക്ഷകളെഴുതാനും മികച്ചത് തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം, അധ്യാപകപരിശീലനം മെച്ചപ്പെടുത്തൽ, കരിക്കുലത്തിന്റെ ഭാരം കുറയ്ക്കൽ, ത്രിഭാഷാപദ്ധതി, പെൺകുട്ടികളുടെയും പിന്നാക്കക്കാരുടെയും ഭിന്നശേഷിക്കാരുടെയും കാര്യത്തിലുള്ള പരിഗണന, ഉന്നതവിദ്യാഭ്യാസത്തിന് എത്തുന്നവരുടെ തോത് 50% ആക്കൽ, വിദേശസർവകലാശാലകളെ കൊണ്ടുവരൽ, കോളേജുകളുടെയും സർവകലാശാലകളുടെയും നിലവാരമുയർത്തൽ എന്നിങ്ങനെ ഒറ്റവായനയിൽ സ്വീകാര്യമെന്ന് തോന്നാവുന്ന നിരവധി വാഗ്ദാനങ്ങൾ എഴുതിച്ചേർക്കുന്നതിൽ നയരേഖാ സമിതി ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതൊക്കെ ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യകൾ മാത്രമാണെന്നും അതിന്റെ മറവിൽ ഈ നയരേഖയിൽ അനേകം ചതിക്കുഴികൾ ഒരുക്കിവച്ചിട്ടുണ്ടെന്നും തിരിച്ചറിയാൻ സൂക്ഷ്മവും നിശിതവും വിമർശനാത്മകവുമായ പരിശോധന തന്നെ വേണ്ടിവരും.
ഭാഗം - 2
സ്കൂൾ വിദ്യാഭ്യാസം
ഈ നയരേഖയിൽ വളരെ പ്രാധാന്യത്തോടെ പ്രതിപാദിക്കപ്പെട്ട രണ്ടുമേഖലകളിലൊന്ന് സ്കൂൾ വിദ്യാഭ്യാസമാണ്. ഔപചാരിക വിദ്യാഭ്യാസത്തിലൂടെയാണ് ഒരു കുട്ടിക്ക് ഇന്നത്തെ ലോകത്ത് ജീവിക്കാനാവശ്യമായ ശേഷികൾ പലതും പ്രദാനം ചെയ്യുന്നത്. ദൃഢമായ ഈ അടിത്തറയുടെ ബലത്തിലാണ് തുടർപഠനം നടത്തേണ്ടതും തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കേണ്ടതും പൗരനെന്ന നിലയിൽ തന്നിൽ അർപ്പിതമായ ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ടതും.
സ്കൂൾ ഘടന
സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഈ നയത്തിലുള്ള പ്രധാനപ്പെട്ട നിർദേശങ്ങളിലൊന്ന് സ്കൂൾ ഘടനയെക്കുറിച്ചുള്ളതാണ്. സ്കൂൾ ഘടനയെക്കുറിച്ച് വ്യത്യസ്തങ്ങളായ നിർദേശങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. സെക്കന്ററി വിദ്യാഭ്യാസത്തെക്കുറിച്ചു പഠിച്ച മുതലിയാർ കമ്മീഷൻ വിവിധോദ്ദേശ്യ വിദ്യാലയങ്ങൾ (multipurpose schools) സ്ഥാപിക്കണം എന്നും തൊഴിൽവിദ്യാഭ്യാസത്തിന് മതിയായ പ്രാധാന്യം നൽകണമെന്നും കൃഷി കരിക്കുലത്തിന്റെ അവിഭാജ്യഘടകമാകണമെന്നും നിർദേശിച്ചു. നാലോ അഞ്ചോ വർഷത്തെ അടിസ്ഥാന വിദ്യാഭ്യാസത്തിന് ശേഷം ഏഴ് വർഷത്തെ സെക്കന്ററി വിദ്യാഭ്യാസമാണ് ആ കമ്മീഷൻ ശുപാർശ ചെയ്തത്. സെക്കന്ററി വിദ്യാഭ്യാസം 11 വയസ്സിൽ ആരംഭിക്കുകയും 17 വയസ്സുവരെ തുടരുകയും വേണം. ഇതിൽ ആദ്യത്തെ മൂന്ന് വർഷം ജൂനിയർ സെക്കന്ററിയും തുടർന്ന് നാല് വർഷം ഹയർസെക്കന്ററിയുമായിരിക്കും. സ്കൂൾ വിദ്യാഭ്യാസം ആകെ 11 വർഷമായിട്ടാണ് വിഭാവനം ചെയ്തത്. പന്ത്രണ്ടാം ക്ലാസ് സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്നൊഴിവാക്കി യൂനിവേഴ്സിറ്റി വിദ്യാഭ്യാസത്തിന് മുമ്പുള്ള ഒരു വർഷത്തെ പ്രീ-യൂനിവേഴ്സിറ്റി വിദ്യാഭ്യാസമാക്കി മാറ്റണമെന്നും ഇന്റർമീഡിയറ്റ് കോളേജുകൾ ഒഴിവാക്കണമെന്നുമാണ് ശുപാർശ ചെയ്തത്. എന്നാൽ കോത്താരി കമ്മീഷൻ മറ്റൊരു തരത്തിലാണ് വിദ്യാഭ്യാസഘട്ടങ്ങൾ കണ്ടത്. സ്കൂൾ വിദ്യാഭ്യാസം പന്ത്രണ്ട് വർഷമാകണമെന്നും അതിൽ ആദ്യത്തെ പത്തുവർഷം എല്ലാവരും പൊതുവായ വിഷയങ്ങളും തുടർന്നുള്ള രണ്ടുവർഷം പ്രത്യേക വിഷയഗ്രൂപ്പുകളും എടുത്ത് പഠിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. 1968 ലെ നയത്തിൽ സ്കൂൾ ഘടന 10 + 2 ആയും 1986 ലെ (1992 ൽ പരിഷ്കരിച്ച) നയത്തിൽ പന്ത്രണ്ടിൽ ആദ്യത്തെ 10 വർഷത്തെ 5 + 3 + 2 ആയി വിഭജിച്ചുമാണ് നിർദേശിച്ചത്. ദേശീയ വിദ്യാഭ്യാസനയം-2020 വിദ്യാഭ്യാസ ഘട്ടങ്ങളെ 5+3+3+4 എന്നിങ്ങനെ പതിനഞ്ച് വർഷം ഉൾക്കൊള്ളും വിധമാണ് വിഭാവനം ചെയ്യുന്നത്. ഇതിൽ 3 മുതൽ 8 വയസ്സ് വരെയുള്ള ഘട്ടത്തെ ഫൗണ്ടേഷണൽ ഘട്ടമെന്നാണ് (Foundational stage) വിശേഷിപ്പിക്കുന്നത്. ഇതിൽ 1, 2 ക്ലാസുകളോടു ചേർന്നുള്ള 3 വർഷത്തെ പ്രീ സ്കൂളും ഉൾപ്പെടും. 8 മുതൽ 11 വയസ്സുവരെ അഥവാ 3 മുതൽ 5 വരെ ക്ലാസുകളെ പ്രിപ്പറേറ്ററി ഘട്ടമെന്നും (Preperatory stage) 11 മുതൽ 14 വയസ്സുവരെ അതായത് 6 മുതൽ 8 വരെ ക്ലാസുകളെ മിഡിൽ ഘട്ടമെന്നും (Middle stage) 14 മുതൽ 18 വയസ്സുവരെ അതായത് 9 മുതൽ 12 വരെ ക്ലാസുകളെ സെക്കന്ററി ഘട്ടം (Secondary stage) എന്നുമാണ് വിവക്ഷിക്കുന്നത്. ഇതിൽ 3 മുതൽ 6 വയസ്സ് വരെയുള്ള പ്രീ സ്കൂൾ ഘട്ടം അങ്കണവാടികളിലും പ്രീ സ്കൂളുകളിലും ആയിരിക്കും നടക്കുക. ഇവ സ്കൂളിന് അകത്തോ പുറത്തോ ആകാം. ഇതിന്റെ നടത്തിപ്പുകാര്യങ്ങൾ സെക്ഷൻ 1.9 പ്രകാരം വിദ്യാഭ്യാസ മന്ത്രാലയം, കുട്ടികളുടെയും വനിതകളുടെയും വികസന മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ട്രൈബൽകാര്യ മന്ത്രാലയം എന്നിവർ സംയുക്തമായിട്ടായിരിക്കും നിർവഹിക്കുക. ഏകോപനത്തിനായി ഈ മന്ത്രാലയങ്ങളെല്ലാമടങ്ങിയ കർമസമിതി രൂപീകരിക്കും. ഈ ഘട്ടത്തിനാവശ്യമായ കരിക്കുലവും ബോധനതന്ത്രങ്ങളും വികസിപ്പിക്കുക വിദ്യാഭ്യാസവകുപ്പായിരിക്കും. ഇപ്രകാരം പ്രീസ്കൂൾ ഘട്ടത്തെ നിലവിലുള്ള വിദ്യാഭ്യാസഘടനയിൽ ഉൾപ്പെടുത്തുന്നുവെങ്കിലും അതിന്റെ മനഃശാസ്ത്രപരമോ ബോധനശാസ്ത്രപരമോ ആയ അടിത്തറ എന്താണെന്ന് എവിടെയും വ്യക്തമാക്കിയിട്ടില്ല. ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം അതിന് സൗകര്യമില്ലാത്ത ഇടങ്ങളിൽ ചെലവ് കുറഞ്ഞ ബദൽ സ്കൂളുകൾ (alternate schools) സ്ഥാപിക്കുമെന്നും സന്നദ്ധപ്രവർത്തകരുടെ കൂടി സഹകരണത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്യുമെന്നും ഓപ്പൺ സ്കൂളിലൂടെ തുല്യതാപരീക്ഷ നടത്തുമെന്നും പറയുന്നുണ്ട്. സ്കൂൾ നടത്തിപ്പിനായി സ്വകാര്യ, ജീവകാരുണ്യ സംവിധാനങ്ങളെ കൂടി ക്ഷണിക്കുന്നുവെന്നും നിയന്ത്രണങ്ങളെല്ലാം ലളിതമാക്കുമെന്നും നയരേഖ മറ്റിടങ്ങളിലായി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. 3 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള പ്രാപ്യത സെക്ഷൻ 3 പ്രകാരം പറയുന്നുണ്ടെങ്കിലും അത് കുട്ടികളുടെ അവകാശമായി ഒരിടത്തും പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.
പ്രീപ്രൈമറി ഔപചാരികമാവുമ്പോൾ
ഇന്ത്യയിലെങ്ങും (3- 6) വയസ്സുകാർ പൊതുവിൽ രണ്ടുതരം സ്ഥാപനങ്ങളിലാണ് പഠിക്കുന്നത്. സാമ്പത്തിക പരാധീനതയുള്ള കുടുംബത്തിലെ കുട്ടികൾ അങ്കണവാടികളിൽ പഠിക്കുന്നു. അല്ലാത്ത കുട്ടികൾ പ്രീ സ്കൂൾ സംവിധാനത്തിന്റെ ഭാഗമാകുന്നു. അങ്കണവാടികൾ പൊതുവെ കുട്ടികൾക്ക് സർക്കാർ വിതരണംചെയ്യുന്ന പോഷകാഹാരം നൽകുകയും നിശ്ചിതസമയം അവരെ പരിപാലിക്കുകയും ചെയ്യുന്നു. അക്ഷര-അക്ക വിദ്യാഭ്യാസം അവിടെ നൽകണമെന്ന ആവശ്യമുയർന്നുവരുന്നുണ്ട്. പ്രീ സ്കൂളുകളിൽനിന്ന് അക്ഷര-അക്കബോധം നേടിയവർക്കൊപ്പമാണ് ഒന്നാം സ്റ്റാൻഡേർഡിൽ ഈ കുട്ടികൾ പഠിക്കുന്നത്. ഇവ തമ്മിൽ ഐകരൂപ്യം വരുത്താനാകാം 3 മുതൽ 6 വയസ്സുവരെ ഔപചാരികമായി വിദ്യാഭ്യാസസംവിധാനത്തിന്റെ ഭാഗമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. നിലവിലെ നിയമമനുസരിച്ച് ഇന്ത്യയിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത് ആറ് വയസ്സ് തികയുമ്പോഴാണ്. ചില രാജ്യങ്ങളിൽ ഇത് ഏഴുവയസ്സിലാണ്. പുതിയ നയത്തോടെ ഇനി മൂന്നുവയസ്സോടെ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കും. ഇതിനായി ദേശീയതലത്തിൽ ഒരു പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കും (National Curricular and Pedagogical Framework for Early Childhood Care and Education). അങ്കണവാടികളുടെ ഭൗതികസൗകര്യങ്ങളും അധ്യാപകരുടെ കഴിവും മെച്ചപ്പെടുത്താൻ പരിപാടികൾ ഉണ്ടാവും. ആദിവാസി മേഖലകളിൽ നിലവിലുള്ള 'ആശ്രംശാല' കളും മറ്റു ചിലയിടങ്ങളിൽ ബദൽവിദ്യാലയങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. അഞ്ചുവയസ്സിനു മുമ്പുതന്നെ അക്ഷരങ്ങളും (alphabets) അക്കങ്ങളും (numbers) എണ്ണവും (counting) പഠിപ്പിക്കും. (1.2) കുട്ടികളുടെ മസ്തിഷ്കവളർച്ചയുടെ 85% വും 6 വയസ്സിനുള്ളിൽ നടക്കുമെന്ന നാഡീമനഃശാസ്ത്രനിഗമനമാണ് പുതിയ നീക്കത്തിനുപിന്നിലെന്ന് രേഖയിൽ പറയുന്നു. എന്നാൽ ഇക്കാലത്ത് തികച്ചും അനൗപചാരികമായും ചുറ്റുപാടുമായി ബന്ധപ്പെട്ടും കൂട്ടുകാരോട് ഇടപെട്ടും കളികളിലൂടെയുമാണ് കുട്ടികൾ വളരേണ്ടതെന്ന് ലോകത്താകെയുള്ള വിദഗ്ധർ പറഞ്ഞത് വിസ്മരിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ പൊതുവിൽ 3 വയസ്സിൽ ആരംഭിക്കുന്ന നിർബന്ധിതവും ഔപചാരികവുമായ പ്രീസ്കൂൾ വിദ്യാഭ്യാസമില്ല. വീടുകളിലോ ഡേ കെയർ സെന്ററുകളിലോ വ്യത്യസ്തങ്ങളായ കളിയിടങ്ങളിലോ കിട്ടുന്ന അനുഭവങ്ങളാണ് കുട്ടികളുടെ വളർച്ച ഇക്കാലത്ത് ഉറപ്പുവരുത്തുന്നത്. ഈ പ്രായത്തിൽ കുട്ടികളുടെ ശാരീരിക - മാനസിക - വൈകാരിക - സാമൂഹിക വികാസ ഘട്ടങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്. ഔപചാരിക വിദ്യാഭ്യാസത്തെ താഴോട്ട് വലിച്ചുനീട്ടി അതിന്റെ ചട്ടവട്ടങ്ങളിൽ കുട്ടികളെ അടച്ചിടുന്നത് നിലവിലുള്ള പ്രീസ്കൂൾ സങ്കൽപത്തെ നിരാകരിക്കലാണ്. ഈ ഘട്ടത്തിലെ കുട്ടികൾക്ക് സുരക്ഷിതത്വവും സ്നേഹവും പരിലാളനയും പരിഗണനയും പരിചരണവുമാണ് അനിവാര്യം. കളിയായിരിക്കണം അവർക്ക് നൽകുന്ന പ്രവർത്തനങ്ങളുടെ മുഖ്യസ്വഭാവം. കിന്റർഗാർട്ടൻ എന്ന ആശയം അവതരിപ്പിച്ച ഫ്രോബൽ ഈ കാഴ്ചപ്പാടാണ് മുന്നോട്ടുവച്ചത്. റൂസോയും ടാഗോറും പ്രകൃതിയാണ് കുട്ടികളുടെ പാഠപുസ്തകമെന്നു പറഞ്ഞു. ഏഴുവയസ്സു തൊട്ടേ വായനയിലേക്കും എഴുത്തിലേക്കും കടക്കാവൂ എന്നാണ് ഗാന്ധിജി പറഞ്ഞത്. കുട്ടികളുടെ തലച്ചോറിലെ കോശങ്ങൾക്കാവശ്യമായ പോഷകഘടകങ്ങളും സമൃദ്ധമായ പഞ്ചേന്ദ്രിയ അനുഭവങ്ങളുമാണ് ഈ ഘട്ടത്തിൽ ലഭിക്കേണ്ടത്. എന്നാൽ ശിശുപ്രകൃതത്തെ പൂർണമായും മറന്നുകൊണ്ട് എഴുത്തും വായനയുമടങ്ങിയ ഔപചാരികപ്രക്രിയകളിലേക്ക് കുട്ടികളെ നിർബന്ധിച്ചുകൊണ്ടുപോകുന്നത് ശാരീരികമായും മാനസികമായും അമിതഭാരം ഏൽപിക്കലാണ്. ഇത് അവരുടെ സ്വാഭാവികവും സമതുലിതവും സമഗ്രവുമായ മസ്തിഷ്കവികാസത്തെ തടസ്സപ്പെടുത്തും. ഈ കാലയളവിൽ അവർക്ക് ഔപചാരികവിദ്യാഭ്യാസം നൽകുന്നത് യൗവനാരംഭത്തിൽ അവരെ പലതരം മാനസിക പിരിമുറുക്കങ്ങൾക്കും വിധേയരാക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. (ഇപ്പോൾതന്നെ കേരളത്തിൽ മാനസികപ്രശ്നങ്ങളുടെയും ആത്മഹത്യയുടെയും നിരക്ക് അഖിലേന്ത്യാ ശരാശരിയുടെ ഏതാണ്ട് രണ്ടര ഇരട്ടിയാണ്. ഒരുലക്ഷം പേരിൽ അഖിലേന്ത്യാതലത്തിൽ 10 ആത്മഹത്യ ഉണ്ടാകുമ്പോൾ കേരളത്തിൽ അത് 24 ആണ്.) മത്സരപ്പനി പിടിച്ച് ചില സ്വകാര്യവിദ്യാലയ നടത്തിപ്പുകാർ മൂന്നുഭാഷകളാണ് - പ്രാദേശിക, ദേശീയ, അന്തർദേശീയ ഭാഷകൾ - ഈ പ്രായക്കാരെകൊണ്ട് ഇമ്പോസിഷൻ എഴുതിച്ച് പഠിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഈ പരിഷ്കരണത്തിനെതിരെ ഭാവിതലമുറയുടെ മാനസികാരോഗ്യത്തിൽ ഉത്കണ്ഠയുള്ള രക്ഷിതാക്കളും അധ്യാപകരും മറ്റും ഉണരേണ്ടതുണ്ട്.
അങ്കണവാടിയിൽ ഉൾപ്പെടെയുള്ള അധ്യാപകരെ എങ്ങനെ പുതിയ ഉത്തരവാദിത്തത്തിന് പ്രാപ്തമാക്കുമെന്നോ അവർക്ക് അർഹിക്കുന്ന വേതനം ഉറപ്പുവരുത്തുമെന്നോ നയരേഖ വ്യക്തമാക്കുന്നില്ല. പകരം ഓൺലൈൻ പരിശീലനത്തിലൂടെ നിലവിലുള്ള അങ്കണവാടി അധ്യാപകരെ പരിശീലിപ്പിക്കുകയെന്ന അപ്രായോഗികമായ നിർദേശമാണ് രേഖ മുന്നോട്ടുവെക്കുന്നത്.
അടിസ്ഥാനസാക്ഷരത, സംഖ്യാബോധം
പുതിയനയമനുസരിച്ച് 3 വയസ്സുമുതൽ 8 വയസ്സുവരെയുള്ള അഞ്ചുവർഷത്തെ വിദ്യാഭ്യാസമാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യപടി (Foundational stage). എഴുതാനും വായിക്കാനുമുള്ള കഴിവും സംഖ്യകൾ ഉപയോഗിച്ചുള്ള വിവിധ ക്രിയകളുമാണ് ഈ ഘട്ടത്തിലെ ഊന്നൽ. ഇന്ത്യയിൽ ഇപ്പോൾ എലിമെന്ററി ഘട്ടത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന അഞ്ചുകോടിയോളം കുട്ടികൾക്ക് എഴുതാനും വായിക്കാനും അടിസ്ഥാന ഗണിതക്രിയകൾ ചെയ്യാനുമറിയാത്ത സ്ഥിതിയുണ്ട്. ഇത് പരിഹരിക്കാൻ ദേശീയതലത്തിൽ ഒരു മിഷൻ തന്നെ ആരംഭിക്കും (national mission on foundational literacy and numeracy). 2025 ഓടെ മുഴുവൻ കുട്ടികളും ലിറ്ററസിയും ന്യൂമറസിയും നേടി എന്ന് ഉറപ്പുവരുത്തും. ഇതിനായി സ്കൂളിൽ ദിവസേന കുറേസമയം വായനയും എഴുത്തും അടിസ്ഥാനഗണിതവും ഉറപ്പിക്കാൻ നീക്കിവെക്കും. രാജ്യത്തെ ഓരോ പൗരനും ഒരു കുട്ടിയെ എങ്കിലും പഠിപ്പിക്കുന്ന വിധത്തിലുള്ള തീവ്രമായ ഇടപെടൽ തന്നെ ഇക്കാര്യത്തിൽ നടക്കേണ്ടതുണ്ടെന്നാണ് നയം മുന്നോട്ടുവെക്കുന്ന നിലപാട്. ഈ അടിസ്ഥാനശേഷികൾ എല്ലാ കുട്ടികളും നേടേണ്ടതാണ് എന്നതിൽ ആർക്കും സംശയം കാണില്ല. പക്ഷേ ഇത്തരമൊരു ഉദ്യമത്തിലൂടെ നിശ്ചിതപ്രായത്തിനുള്ളിൽ നേടിയെടുക്കാവുന്ന കാര്യമാണോ ഇത്? ഈ ശേഷികൾ എപ്പോൾ നേടണം, എങ്ങനെ നേടണം, എന്തുകൊണ്ട് പലർക്കും അത് സാധിക്കുന്നില്ല, നിർബന്ധിച്ച് പഠിപ്പിച്ചാണോ അവ ഉണ്ടാക്കേണ്ടത് എന്നതുപോലുള്ള പ്രസക്തമായ നിരവധി ചോദ്യങ്ങൾ ഇവിടെ ഉയരുന്നു. രാജ്യത്തെ എല്ലാ കുട്ടികളും നമ്മുടെ വിലപ്പെട്ട സമ്പത്താണ്. അവരെല്ലാം ഒരേ ചുറ്റുപാടിൽ നിന്നല്ല വരുന്നത്. ചിലർ പഠനത്തിൽ മറ്റുള്ളവർക്ക് ഒപ്പമെത്താത്തത് അവരുടെ കുറ്റം കൊണ്ടല്ല. ശാരീരികവും മാനസികവും ഗാർഹികവും സാമൂഹികവും സാംസ്കാരികവും പ്രാദേശികവുമായ നിരവധി കാരണങ്ങൾ അതിനുപിന്നിലുണ്ട്. ഓരോ കുട്ടിയെയും പ്രത്യേകമായി കണ്ടുകൊണ്ടുള്ള വിലയിരുത്തലുകളും പിന്തുണയൊരുക്കലും ആവശ്യമാണ്. അത് കേവലം അക്കാദമികതലത്തിൽ ഒതുങ്ങി നിൽക്കുന്ന ഇടപെടൽ മാത്രമാവില്ല. എന്നാൽ ഈ വസ്തുതകളൊന്നും കാണാതെ എല്ലാവരും മൂന്നാം ക്ലാസിലെത്തുമ്പോഴേക്കും ഇവ നേടണമെന്നും ഒരു പൊതുപരീക്ഷയിലൂടെ ഇത് തെളിയിക്കണമെന്നും വരുമ്പോൾ തുടക്കത്തിലേ കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതിലാണ് എത്തിച്ചേരുക. അടിച്ചേൽപിക്കുന്ന യാന്ത്രികലക്ഷ്യങ്ങൾ തെറ്റായ പഠനമുറകൾ അവലംബിക്കാൻ അധ്യാപകരെയും സ്കൂളുകളെയും നിർബന്ധിതമാക്കും. സമ്മർദം രക്ഷിതാക്കളിലും എത്തിച്ചേരും. നിർബന്ധിച്ച് പഠിപ്പിച്ചോ ട്യൂഷൻ ഏർപ്പാടാക്കിയോ മറ്റുള്ളവർക്ക് ഒപ്പമെത്തിക്കാൻ അവരും ശ്രമിക്കും. ഇത് കുട്ടികളിൽ വർധിച്ച ഭീതിയും നിരാശാബോധവും സൃഷ്ടിക്കും. 2019 ൽ ഇറങ്ങിയ കരട് രേഖപ്രകാരം സ്കൂൾ അസംബ്ലി തൊട്ടുള്ള പ്രവർത്തനങ്ങളും ഭാഷാ - ഗണിത വാരാചരണങ്ങളും ഉൾപ്പെടെ വൻപരിപാടികളാണ് ഫൗണ്ടേഷണൽ ലിറ്ററസിയും ന്യൂമറസിയും ലക്ഷ്യമിട്ട് സ്കൂളുകളിൽ നടപ്പിലാവുക. ഇതിനായി എല്ലാ കേന്ദ്രഭരണപ്രദേശങ്ങളും അടിയന്തിരമായി കർമപരിപാടികൾ തയ്യാറാക്കണമെന്നും ഘട്ടംഘട്ടമായുള്ള ലക്ഷ്യം നിർണയിച്ച് അവ നേടുന്നുവെന്ന് ഉറപ്പിക്കണമെന്നും രേഖ ആവശ്യപ്പെടുന്നു (2.1). സ്കൂളിൽ ടീച്ചറുടെ ബോധനത്തിനൊപ്പം പിയർ ട്യൂട്ടറിങ്ങും (one-on-one peer tutoring) കൗൺസലിങ്ങും സ്കൂളിനുവെളിയിൽ വളണ്ടിയർമാരുടെ ഇടപെടലുമെല്ലാം വഴി ഈ ദേശീയദൗത്യം ലക്ഷ്യത്തിലെത്തിക്കണമെന്നാണ് ആഹ്വാനം. സർഗാത്മകവും സ്വതന്ത്രവും വ്യവഹാരരൂപങ്ങളിൽ ഊന്നിയുള്ളതുമായ, തുടർന്നുള്ള ഭാഷാപഠനത്തെ ഇത്തരം 'യുദ്ധസന്നാഹങ്ങൾ' ഹാനികരമായി ബാധിക്കും. ഫലത്തിൽ നല്ല അടിത്തറ ലക്ഷ്യമിട്ട് ചെയ്ത പ്രവർത്തനങ്ങൾ പല കുട്ടികളുടെ കാര്യത്തിലും ദോഷകരമായി ഭവിക്കും. പഠനവേഗതയും ശാരീരിക - മാനസിക സവിശേഷതകളും മറ്റും പരിഗണിച്ചുള്ള വഴക്കമുള്ള ഇടപെടലും കൈത്താങ്ങുമാണ് ഇവിടെ അഭികാമ്യം. കുട്ടികളുടെ വ്യക്തിപരമായ പ്രശ്നങ്ങളും പഠനവേഗതയും പഠനശൈലിയുമൊക്കെ പരിഗണിക്കാതെ 'മിഷൻ മോഡി' ലുള്ള പ്രവർത്തനം ശരിയല്ലതന്നെ. ഭാഷയിലും ഗണിതത്തിലുമുള്ള ഈ അമിതമായ ഊന്നൽ കുട്ടികളുടെ ഇതരമേഖലകളിലുള്ള വികാസത്തിന് വിഘാതമായേക്കും എന്ന മറ്റൊരു അപകടവുമുണ്ട്. പ്രത്യേകിച്ചും ഈ ഘട്ടത്തിൽ നടക്കേണ്ട തന്നെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചുമുള്ള പൊതുബോധത്തിന്റെ രൂപീകരണവും പരിസരസംബന്ധമായ ധാരണകളുടെ വികാസവും സാമൂഹ്യവത്കരണത്തിന്റെ പടവുകളും മറ്റും അവഗണിക്കപ്പെടും. ഭാഷയും ഗണിതവും മറ്റും സ്വാഭാവികരീതിയിൽ വളരാനും തന്റെ ചുറ്റുപാടുമായി കുട്ടി നടത്തുന്ന ഇടപെടൽ പ്രധാനമാണ്. ലോകബോധം വളർന്നില്ലെങ്കിലും വേണ്ടില്ല, അക്ഷരവും അക്കവും എങ്ങനെയെങ്കിലും ഉറച്ചാൽ മതി എന്നുവരുന്നത് വിദ്യാഭ്യാസതത്വങ്ങൾ പ്രകാരം അംഗീകരിക്കാനാവില്ല. ഓരോ ഘട്ടത്തിലും ലഭ്യമാകേണ്ട എല്ലാവിധ കഴിവുകളും സമതുലിതമായി വികസിപ്പിക്കുക എന്നതിന് തന്നെയാവണം ഊന്നൽ. അതാകട്ടെ മനഃശാസ്ത്രവും ബോധനശാസ്ത്രവും തരുന്ന തിരിച്ചറിവുകൾക്കൊത്തുവേണം സാധ്യമാക്കാൻ. വിദ്യാഭ്യാസത്തെ യാന്ത്രികമായി മാത്രം കാണുകയും എല്ലാം നേരത്തെ സാധ്യമാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഉപകരണാത്മക ചിന്തയാണ് ഇവിടെ വിദഗ്ധസമിതിയെയും നയിക്കുന്നത്. എല്ലാം ലാഭത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്ന പുതിയ ലോകത്ത്, 'എത്രയും നേരത്തെ' എന്നത് പലരെയും വിശേഷിച്ച്, ചില രക്ഷിതാക്കളെ ആകർഷിക്കുന്ന ഘടകമാണല്ലോ.
തൊഴിൽ വിദ്യാഭ്യാസം
1953 ൽ റിപ്പോർട്ട് സമർപ്പിച്ച സെക്കന്ററി വിദ്യാഭ്യാസ കമ്മീഷൻ അഥവാ മുതലിയാർ കമ്മീഷൻ മുതൽ തൊഴിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. വിദ്യാഭ്യാസനയങ്ങളിലും തൊഴിൽ വിദ്യാഭ്യാസം പ്രാധാന്യത്തോടെ കടന്നുവരാറുണ്ട്. എന്നാൽ നിർദേശങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്ന കാര്യത്തിൽ മാത്രം സർക്കാരുകൾക്ക് മുന്നോട്ട് പോകുവാൻ കഴിഞ്ഞിട്ടില്ല. ഇതെന്തുകൊണ്ടാണെന്ന ആത്മപരിശോധന ഒരിക്കലും നടക്കാറുമില്ല. അതിന്റെ ഒരു പുനരാവർത്തനമാണ് പുതിയനയത്തിലും ഉള്ളത്. പഠനപ്രക്രിയയുടെ ഭാഗമായായി തൊഴിൽഅനുഭവങ്ങളെ (work centered education) പ്രയോജനപ്പെടുത്തുന്നതിന് ഉതകുന്ന നിർദേശങ്ങളല്ല ഈ നയത്തിൽ ഉള്ളത്. പകരം വൊക്കേഷണൽ വിഷയങ്ങൾ പഠിക്കുന്നതിനായി (6-8) വരെ ക്ലാസുകളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫൺകോഴ്സും, (6-12) ക്ലാസുകളിൽ അവധി ദിവസങ്ങളിലടക്കം നടക്കുന്ന ഇന്റേൺഷിപ്പും നിർദേശിച്ചിരിക്കുന്നു. (internship opportunities to learn vocational subjects may be made available to students throughout Grades 6-12, including holiday periods) (4.26). യഥാർഥത്തിൽ മിഡിൽ സ്കൂൾ കാലഘട്ടത്തിൽ തൊഴിലുകൾ നേരിട്ട് പരിചയപ്പെടുത്തുന്നതിനല്ല, പഠനപ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിലിന്റെ മഹത്വം തിരിച്ചറിയുന്നതിനുള്ള പരോക്ഷ സന്ദർഭങ്ങളാണ് ഒരുക്കേണ്ടത്. തുടർന്ന് സെക്കന്ററിയുടെ തുടക്കത്തിൽ തൊഴിൽ ആഭിമുഖ്യം വളരുന്നതിന് ഉതകുന്ന തരത്തിൽ സ്കൂളിൽ തന്നെ ചെയ്യാവുന്നതും പഠനവുമായി ബന്ധപ്പെട്ടതുമായ ചെറിയ നിർമാണപ്രവർത്തനങ്ങൾ ആവാം (ഉദാ : പച്ചക്കറികൃഷി). വീട്ടിലാകട്ടെ രക്ഷിതാവിന്റെ സഹായത്തോടെ ചെയ്യാവുന്ന പാചകം പോലുള്ളവയും പരിഗണിക്കാം. ഒമ്പത്, പത്ത് ക്ലാസുകളിൽ മുതിർന്നവരുടെ മേൽനോട്ടത്തിൽ ക്യാമ്പ് സംഘടിപ്പിച്ച് ഒരാഴ്ചക്കാലം താത്പര്യമുള്ള മേഖലകളിൽ സാമൂഹ്യമൂല്യമുള്ള നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെടാം. ഗ്രൂപ്പ് പ്രവർത്തനമായി ഇവ സംഘടിപ്പിച്ചാൽ താത്പര്യപൂർവം കുട്ടികൾ അത് ഏറ്റെടുക്കും. തുടർന്ന് പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ ഇഷ്ടപ്പെട്ട ഒരു മേഖലയിൽ തൊഴിൽപഠനം നടത്തുന്നതിന് എല്ലാവർക്കും സ്കൂളിൽ വർക്ക് സെന്റർ ഏർപ്പെടുത്താം. സെക്കന്ററി ഘട്ടത്തിലെ പൊതുപഠനത്തെ ദോഷകരമായി ബാധിക്കാതെ ആഴ്ചയിൽ ഒരു ദിവസമായി ഇത് ചുരുക്കണം. ഇത് അവരുടെ പഠനത്തിന്റെ ഭാഗമായി പരിഗണിച്ച് ഗ്രേഡ് നൽകുകയും വേണം. പന്ത്രണ്ടാം ക്ലാസിനു ശേഷം അക്കാദമിക പഠനത്തിൽ തുടരാത്തവർക്ക് തൊഴിലുമായി ബന്ധപ്പെട്ട ഉയർന്ന പരിശീലനത്തിന് വൊക്കേഷണൽ സ്ഥാപനങ്ങളിൽ അവസരമുണ്ടാക്കാം. കൂടാതെ പ്രത്യേക മേഖലകളിൽ അഭിരുചികളുള്ള കുട്ടികൾക്ക് അതിനുള്ള കോഴ്സുകളിൽ ചേർന്ന് വൈദഗ്ധ്യവികസനം സാധ്യമാക്കുന്നതിനുള്ള അവസരങ്ങളും ഒരുക്കാം. 11, 12 ക്ലാസുകളിൽവച്ചുമാത്രം തൊഴിൽപരിചയം നേടുന്ന കുട്ടികൾക്ക് ഒരു വ്യവസായത്തൊഴിൽ നേടാൻ മാത്രം നൈപുണി ഉണ്ടാകുന്നില്ലെന്ന് രേഖയിൽ പറയുന്നു. അതിനുള്ള കാരണം വൊക്കേഷണൽ ഹയർ സെക്കന്ററികളിൽ നല്ല വർക്ക്ഷോപ്പുകളും വിദഗ്ധരായ അധ്യാപകരും ഇല്ലാത്തതാണ്. ആറാം ക്ലാസ് തൊട്ട് തൊഴിൽ പഠനം ആരംഭിക്കുന്നത് ഇതിനുള്ള പരിഹാരമല്ല. എല്ലാ കുട്ടികൾക്കും തൊഴിൽ അഭിരുചി വളരണമെന്ന നിർദേശം സ്വാഗതാർഹമാണ്. എന്നാൽ ഇത്ര ചെറുപ്പത്തിലേ തൊഴിലിന്റെ ലോകത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നത് യുക്തമല്ല. അത് മുകളിൽ സൂചിപ്പിച്ചതുപോലെ സാവധാനത്തിലും ഘട്ടംഘട്ടമായും കുട്ടിയുടെ താത്പര്യം കണക്കിലെടുത്തും മതി. നിർദിഷ്ട തൊഴിൽ വിദ്യാഭ്യാസത്തിൽ കോർപ്പറേറ്റുകളെ ഒരുതരത്തിലും ബന്ധിപ്പിക്കേണ്ടതുമില്ല. റിപ്പോർട്ടിൽ ഇപ്പോൾ നിർദേശിച്ച പദ്ധതികൾ വന്നാൽ - നേരത്തെയുള്ള തൊഴിൽ പരിശീലനവും അതിനിടയിലുള്ള എട്ടിലെയും പത്തിലെയും പൊതുപരീക്ഷകളും - കുറേപ്പേർ നേരത്തെ പഠനം നിർത്തി തൊഴിൽ മേഖലയിലേക്ക് തിരിഞ്ഞേക്കാം. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാവുന്ന കുട്ടികൾക്ക് ഉന്നതപഠനത്തിന് പ്രവേശനം കിട്ടാൻ ഒരു പൊതുപ്രവേശന പരീക്ഷയിൽ വിജയിക്കണം എന്ന നിർദേശമാണ് പരിശോധിക്കേണ്ട മറ്റൊരു വിഷയം. വൻതുക നൽകി ട്യൂഷന് പോകാൻ കഴിയുന്നവരായിരിക്കും ഈ പൊതുപരീക്ഷയിൽ ഉന്നതനേട്ടം കൈവരിക്കുക. അഫിലിയേറ്റഡ് കോളേജുകൾ ആവശ്യമില്ലെന്ന നിലപാടാണ് പരിഗണിക്കേണ്ട ഇനിയൊരു കാര്യം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നാട്ടിൻപുറത്തെ കോളേജുകളിൽ ബിരുദപഠനത്തിന് ചേർന്നിരുന്ന പല നാട്ടിൻപുറത്തുകാർക്കും ആ അവസരം ഇല്ലാതാവും. പന്ത്രണ്ടാം ക്ലാസ് ജയിക്കാത്തവരും ഉണ്ടാവും. ഇവരും തൊഴിൽ മാർക്കറ്റിലേക്ക് ഇറങ്ങും. അതായത് ഘട്ടംഘട്ടമായി കുറേപ്പേർ സ്കൂൾ പഠനം വേണ്ടെന്നുവച്ച് തുച്ഛമായ വേതനം മാത്രം ലഭിക്കുന്നതും യാതൊരു തൊഴിൽസുരക്ഷയും ഇല്ലാത്തതുമായ കരാർതൊഴിലിന്റെയും മറ്റും ലോകത്ത് ചെന്നുപെടും. ബാലവേല ഒരു യാഥാർഥ്യമായ ഇന്ത്യൻ സാഹചര്യം കൂടി പരിഗണിക്കുമ്പോൾ ആശങ്കകൾ അസ്ഥാനത്തല്ല എന്നുവേണം കരുതാൻ. എല്ലാവർക്കും പന്ത്രണ്ടാം ക്ലാസ് വരെയുള്ള തുല്യതയുള്ളതും ഗുണനിലവാരമുള്ളതുമായ പൊതുവിദ്യാഭ്യാസമെന്നത്, യാതൊരു ആത്മാർഥതയുമില്ലാതെ ഈ രേഖയിൽ തന്നെ പലകുറി പറഞ്ഞിട്ടുള്ള നിലപാട്, നേരത്തെയുള്ള തൊഴിൽ പരിശീലനവും ആവർത്തിച്ചുവരുന്ന പൊതുപരീക്ഷകളും ചേർന്ന് ഇല്ലാതാക്കും. അങ്ങനെ വന്നാൽ പിന്നാക്കവിഭാഗങ്ങളിലെ കുട്ടികളാവും അതിന് ഇരയാവുക. പുറത്തുപോകുന്നവർക്ക് ബദൽവിദ്യാലയങ്ങളും നാഷണൽ ഓപ്പൺ സ്കൂൾ സംവിധാനവും ഉണ്ട് എന്നത് ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നുമുണ്ട്. ഐ. ടി. ഐ., പോളിടെക്നിക് എന്നിങ്ങനെ ഇപ്പോൾ ഈ രംഗത്തുള്ള സംവിധാനങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. കോർപ്പറേറ്റുകൾക്ക് ആവശ്യമായ അല്പവിദഗ്ധരും അവിദഗ്ധരുമായ തൊഴിൽസേനയെ മറ്റുരീതികളിൽ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യമല്ലേ ഇതിലൂടെയൊക്കെ പ്രകടിതമാവുന്നത് എന്ന സംശയം പ്രബലമാണ്. അത് ശരിയെങ്കിൽ 86 ലെ നയത്തിൽ തുടങ്ങിവച്ച നവലിബറൽ നയങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയെന്ന ധർമമാണ് ഈ നയരേഖ ഫലത്തിൽ നിർവഹിക്കുന്നത്.
ഭാഷാനയം
ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഏതൊക്കെ ഭാഷകൾ പഠിപ്പിക്കുമെന്ന് തീരുമാനിക്കുന്നതിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ട്. ഭാഷ എന്നത് സമൂഹത്തിലേക്ക്, സംസ്കാരത്തിലേക്ക് വ്യക്തികളെ ബന്ധിപ്പിക്കുന്ന ഘടകമാണ്. പ്രാഥമികമായ ആശയവിനിമയത്തിനും വിജ്ഞാന വിപുലനത്തിനുമൊപ്പം വ്യക്തിത്വരൂപീകരണത്തിന്റെയും സാംസ്കാരികവും സർഗാത്മകവുമായ വികാസത്തിന്റെയും ആസ്വാദനത്തിന്റെയും തലങ്ങൾ അതിനുണ്ട്. ഒപ്പം സാംസ്കാരിക അധിനിവേശത്തിന്റെയും രാഷ്ട്രീയ ആധിപത്യത്തിന്റെയും ഉപകരണവും ഉപാധിയും കൂടിയാണ് ഭാഷ. ഇതെല്ലാം പരിഗണിച്ചുകൊണ്ടേ ഏതൊക്കെ ഭാഷകൾ, എത്രമാത്രം ആപേക്ഷിക പ്രാധാന്യത്തോടെ, എന്തൊക്കെ ലക്ഷ്യം വച്ച് പഠിപ്പിക്കണമെന്ന് തീരുമാനിക്കാനാവൂ. ഒപ്പം അക്കാദമികമായ പരിഗണനകളും പഠനഭാരത്തിന്റെ പ്രശ്നവും കടന്നുവരും. ഇതൊക്കെ വിലയിരുത്തിയാണ് മാതൃഭാഷ, ദേശീയഭാഷ അഥവാ മറ്റൊരു ഇന്ത്യൻ ഭാഷ, അന്തർദേശീയ ഭാഷകളിൽ പ്രധാനമായ ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകൾ ഉൾപ്പെടുത്തിയുള്ള ത്രിഭാഷാ പദ്ധതിക്ക് കോത്താരി കമ്മീഷൻ രൂപം നൽകിയത്. അതുതന്നെ മറ്റ് വിദ്യാഭ്യാസ നയരേഖകളും പിന്തുടർന്നു. രണ്ടാമത്തെ ഇന്ത്യൻ ഭാഷയായി ഒരു ദക്ഷിണേന്ത്യൻ ഭാഷ പഠിക്കണമെന്ന ധാരണ ഉത്തരേന്ത്യക്കാർ മിക്കവരും പാലിക്കുന്നില്ലെന്നതും തങ്ങൾ ഹിന്ദി പഠിക്കില്ല എന്ന് തമിഴ്നാട്ടുകാർ നിലപാടെടുത്തതും ഒഴിച്ചാൽ ത്രിഭാഷാ പദ്ധതിക്ക് പൊതുവിൽ സ്വീകാര്യതയും പ്രസക്തിയുമുണ്ട്. പുതിയ നയരേഖയും ത്രിഭാഷാ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നു. എന്നാൽ ഇന്ത്യൻ ഭാഷകളിൽ എന്തുകൊണ്ടും ഉന്നതവും സവിശേഷവുമായ ഒരു സ്ഥാനം സംസ്കൃതത്തിന് ഉണ്ടെന്നും ആകയാൽ ത്രിഭാഷാ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്കൃതം പഠിക്കാൻ അവസരമൊരുക്കുമെന്നും പറയുന്നു. അതിനർഥം ഉത്തരേന്ത്യയിൽ രണ്ടാമത്തെ ഇന്ത്യൻ ഭാഷയായി വ്യാപകമായി സംസ്കൃതം വരുമെന്നാണ്. മിക്ക ഇന്ത്യൻ ഭാഷകളുടെയും അക്ഷരമാലകളും പൊതുവായ വ്യാകരണ ഘടനയും വാക്കുകളും ശബ്ദങ്ങളുമൊക്കെ സംസ്കൃതത്തിൽനിന്നാണ് ഉത്ഭവിച്ചതെന്ന് നയരേഖ പറയുന്നു. ഇന്ത്യൻ ഭാഷകളെയെല്ലാം പൊതുവിൽ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫൺകോഴ്സ് ( 6-8) ക്ലാസുകളിൽ ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് സംരംഭത്തിൽ ഉൾപ്പെടുത്തി ഏർപ്പെടുത്തുമെന്നും ഇത് സംസ്കൃതകേന്ദ്രിതമായ ഏകതാബോധത്തിലേക്ക് കുട്ടികളെ നയിക്കുമെന്നും രേഖ പ്രതീക്ഷിക്കുന്നു. കൂടാതെ സംസ്കൃതത്തിന്റെ സവിശേഷമായ പ്രാധാന്യം പരിഗണിച്ച് സ്കൂൾ/ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും സംസ്കൃതം ഓപ്ഷണലായി പഠിക്കാൻ പ്രത്യേകമായ അവസരമൊരുക്കുമെന്നും പറയുന്നു. (6-12) ക്ലാസുകൾക്കിടയിൽ അധികമായി ഒരു ഇന്ത്യൻ ഭാഷ പഠിക്കാൻ അവസരമൊരുക്കുമെന്നുപറയുന്നതിലും സംസ്കൃതത്തെ ഈ രേഖ മുന്നിൽ കാണുന്നുവെന്ന് വേണം അനുമാനിക്കാൻ. ഭാഷാപഠനത്തിന് വിശിഷ്യ, സംസ്കൃതപഠനത്തിന് ഇത്രയധികം ഊന്നൽ വന്നുചേരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഇവിടെ ഉയരുന്നു. അത്തരമൊരു പ്രാധാന്യം ഇന്നത്തെ ലോകത്ത് മൃതഭാഷയായ സംസ്കൃതത്തിനുണ്ട് എന്ന് സാമാന്യയുക്തി വച്ച് സ്ഥാപിക്കാൻ കഴിയില്ല. ഇവിടെയാണ് ഭാഷയിലൂടെയുള്ള അധിനിവേശം എന്ന ലക്ഷ്യം ഇതിനുണ്ട് എന്ന് പറയേണ്ടി വരുന്നത്. സംസ്കൃതം പൗരാണികകാലത്തെ പ്രധാനപ്പെട്ട ഭാഷയാണെന്ന കാര്യത്തിലും ഇന്ത്യൻ പൗരാണികവിജ്ഞാനത്തിന്റെ വലിയൊരുഭാഗം അതിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നതിലും സംശയമില്ല. അതോടൊപ്പം തന്നെ പ്രധാനമാണ് സംസ്കൃതം എന്നത് ഇവിടുത്തെ സവർണവിഭാഗത്തിന്റെ ഭാഷയായിരുന്നു എന്നതും അതിൽ രേഖപ്പെടുത്തപ്പെട്ട വിജ്ഞാനത്തിന്റെ ഭൂരിഭാഗവും ആ വിഭാഗത്തിന്റെ സംഭാവനയാണ് എന്നതും ദ്രാവിഡരോ ആദിവാസി വിഭാഗങ്ങളോ രൂപപ്പെടുത്തിയതൊന്നും അതിൽ പ്രതിഫലിക്കുന്നില്ല എന്നതും. അതുപോലെ സവർണേതര വിഭാഗങ്ങളുടെ വൈജ്ഞാനിക നേട്ടങ്ങൾ അടിച്ചമർത്താനും തമസ്കരിക്കാനുമുള്ള ശ്രമങ്ങൾ നൂറ്റാണ്ടുകളോളം ഇവിടെ നടന്നിരുന്നുവെന്നതും കാണാതിരുന്നുകൂടാ. സംസ്കൃതത്തെ കുറിച്ച് വാചാലമാകുന്ന ഇടങ്ങളിൽ മറ്റ് ഇന്ത്യൻ ക്ലാസിക്കൽ ഭാഷകളുടെ സംഭാവനകളെ ഊന്നാതിരിക്കാനും ദ്രാവിഡ, ആദിവാസി ഭാഷാരൂപങ്ങൾ സംസ്കാരരൂപീകരണത്തിൽ വഹിച്ച പങ്ക് കണ്ടില്ലെന്നു നടിക്കാനും രേഖ ശ്രമിക്കുന്നു. അതുകൊണ്ടാണ് സംസ്കൃതത്തെ പുനരാനയിക്കാനുള്ള ശ്രമം കേവലം ഒരു ഭാഷയുടെ പുനരാഗമനം മാത്രമല്ലെന്നും, അത് സാംസ്കാരികമായ അധിനിവേശം ലക്ഷ്യം വച്ചാണെന്നും പറയേണ്ടിവരുന്നത്. ദേശീയവും അന്തർദേശീയവുമായ പല ഭാഷകളെ കുറിച്ചും പരാമർശിക്കുമ്പോഴും ഉറുദുവിനെയും അറബിക്കിനെയും മറന്നുപോകുന്നത് യാദൃശ്ചികമാവാൻ തരമില്ല. ബഹുസ്വരതയിലും മതേതരത്വത്തിലും ഊന്നിനിൽക്കേണ്ട വിദ്യാഭ്യാസം സമൂഹത്തെ വിഭജിക്കുന്നതിലേക്ക് എത്തിച്ചേരുമോ എന്ന ഭയം ഇവിടെ ഉയരുന്നു. ഭാഷാപഠനം സംബന്ധിച്ച് നയരേഖ എടുക്കുന്ന നിലപാട് അക്കാദമികം എന്നതിനെക്കാൾ, രാഷ്ട്രീയപരമാണ് എന്ന നിഗമനത്തിലേക്കാണ് നിഷ്പക്ഷമതികൾ എത്തിച്ചേരുക. ഇനി അധ്യയനമാധ്യമത്തെ കുറിച്ച് രേഖ എന്ത് നിലപാടാണ് എടുക്കുന്നതെന്നു നോക്കാം. സാധ്യതയുള്ള ഇടങ്ങളിൽ, ചുരുങ്ങിയത് അഞ്ചാം ക്ലാസ് വരെയോ, കഴിയുമെങ്കിൽ എട്ടാം ക്ലാസ് വരെയോ അതിനുമുകളിലോ അധ്യയനമാധ്യമം ഗൃഹഭാഷയോ മാതൃഭാഷയോ നാട്ടുഭാഷയോ പ്രാദേശികഭാഷയോ ആയിരിക്കുമെന്ന (Wherever possible, the medium of instruction until at least Grade 5, but preferably till Grade 8 and beyond, will be the home language/mother tongue/local language/regional language) (4.11) നയരേഖയിലെ വാചകം വലിയ ചർച്ചയ്ക്ക് വഴിതെളിയിച്ചിട്ടുണ്ട്. ചിലർ കരുതുന്നത് ഇതോടുകൂടി പ്രൈമറി ക്ലാസുകളിൽ മാതൃഭാഷ അധ്യയനമാധ്യമമായി മാറുമെന്നാണ്. ഡോ.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി രൂപീകൃതമായ യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ കമ്മീഷൻ മാതൃഭാഷാപഠനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. ‘Learning through a foreign medium compels the students to concentrate on cramming instead of mastering the subject matter’ എന്നത്രെ കോത്താരി കമ്മീഷന്റെ അഭിപ്രായം (1.51). 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിൽ പ്രായോഗികമാവുന്നേടത്തോളം (‘as far as practicable’) മാതൃഭാഷയിലൂടെ പഠിപ്പിക്കണമെന്ന് നിർദേശിച്ചെങ്കിലും എന്ത് സംഭവിച്ചുവെന്നത് നമ്മുടെയെല്ലാം അനുഭവമാണ്. നിർദേശങ്ങൾ കൊണ്ടുവരുന്നതിലല്ല അത് നടപ്പാക്കുന്നതിലുള്ള ഭരണകൂടത്തിന്റെ സത്യസന്ധതയും താൽപര്യവുമാണ് നിർണായകമാവുക. 'Wherever possible’ എന്ന പ്രയോഗം ഈ നയരേഖയിൽ കരുതലോടെയാണ് പ്രയോഗിച്ചിരിക്കുന്നത് എന്നതിൽ സംശയമില്ല. സി. ബി. എസ്. ഇ. യും ഐ. സി. എസ്. ഇ. യും നിലനിൽക്കുന്നേടത്തോളം ഉപരിവർഗത്തെ വെറുപ്പിച്ചുകൊണ്ട് മാതൃഭാഷയിലൂടെ വിദ്യാഭ്യാസമെന്ന ഒരു തീരുമാനം കേന്ദ്രസർക്കാർ കൈക്കൊള്ളുമെന്ന് കരുതേണ്ടതില്ല. വിവിധ സംസ്ഥാനസർക്കാരുകളും പൊതുവിദ്യാലയങ്ങളിൽനിന്ന് ഇംഗ്ലീഷ് മീഡിയം ഒഴിവാക്കുമെന്ന് ഇന്നത്തെ സാഹചര്യത്തിൽ പ്രതീക്ഷിക്കേണ്ടതില്ല. ആ നിലയ്ക്ക് അധ്യയനമാധ്യമം മാതൃഭാഷയാകുന്നതാണ് നല്ലതെന്ന സിദ്ധാന്തവാചകങ്ങൾ ഒരു ഫലവും ചെയ്യാൻ പോകുന്നില്ല. 'സ്വദേശി' എന്നത് ഇതുപോലുള്ള കാര്യങ്ങൾക്ക് ബാധകമല്ലെന്ന നിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുന്നു.
ജ്ഞാനനിർമിതിയോ മനഃപാഠമോ ?
ഈ രേഖയിൽ ഉടനീളം പഠനരീതിയെ കുറിച്ചു സൂചിപ്പിക്കുമ്പോഴൊക്കെ മനഃപാഠരീതി ഒഴിവാക്കണമെന്നും കുട്ടികളുടെ സ്വതന്ത്രചിന്തയും വിമർശനാത്മക അവബോധവും ശക്തിപ്പെടുത്തണമെന്നും പറയാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സ്വതന്ത്രചിന്തയും വിമർശനാത്മകതയും ചരിത്രപഠനത്തിലും സംസ്കാരപഠനത്തിലും ശാസ്ത്രപഠനത്തിലുമൊക്കെ എത്രകണ്ട് അനുവദിക്കുമെന്ന സംശയം ബാക്കിനിൽക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽക്കമ്പോളം, 'പഠിക്കാൻ പഠിക്കു'ന്നതിനെയും പ്രശ്നപരിഹരണശേഷിയെയും ആവശ്യപ്പെടുന്നുവെന്ന് നിരീക്ഷിക്കുന്നുണ്ടെങ്കിലും അത് എങ്ങനെ ഉറപ്പുവരുത്തുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. പാരമ്പര്യവും പൗരാണികനേട്ടങ്ങളുമാണ് നമുക്ക് വഴികാട്ടേണ്ടതെന്നും അവ കുട്ടികളിലെത്തിക്കാൻ വിദ്യാഭ്യാസത്തിലൂടെ ശ്രമിക്കണമെന്നും ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് പൗരാണികശാസ്ത്രവും വേദഗണിതവും മറ്റുതരം പാരമ്പര്യവിജ്ഞാനവും പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും ഇടംപിടിക്കും. ശാസ്ത്രകോൺഗ്രസുകളിൽ പോലും ഇതിനുള്ള ശ്രമം നടത്തിയവർ, ചരിത്രപാഠപുസ്തകങ്ങൾ മുൻകാലങ്ങളിൽ തിരുത്തിയവർ അതിന് മുതിരില്ലെന്ന് എങ്ങനെ ഉറപ്പിക്കും? ശാസ്ത്രീയബോധവും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചിന്തയും (scientific temper and evidence-based thinking) (4.23) പുലർത്താൻ ചില ഭാഗങ്ങളിൽ നിർദേശിക്കുന്നുണ്ടങ്കിലും പൗരാണികശാസ്ത്രനേട്ടം എന്ന നിലയിൽ ഇനി മുതൽ ശാസ്ത്രത്തിലും ഗണിതത്തിലും സാമൂഹ്യശാസ്ത്രത്തിലും അവതരിപ്പിക്കപ്പെടാൻ പോകുന്നവയെ വസ്തുനിഷ്ഠമായി സമീപിക്കാൻ കുട്ടികൾക്ക് അവസരമുണ്ടാവുമോ? ധാരണകളുടെ വികാസമുറപ്പിക്കുന്ന പഠനമാണ് വേണ്ടതെന്ന് അവിടവിടെ പറയുമ്പോൾ തന്നെ പഠനനേട്ടത്തെ (learning outcome) കുറിച്ച് ആവർത്തിച്ചു നടത്തുന്ന പരാമർശം കണ്ടില്ലെന്നു നടിക്കാനാവില്ല. തുടർവിലയിരുത്തൽ എന്ന് ചില പരാമർശങ്ങൾ നടത്തവെതന്നെ മാനകീകൃതപരീക്ഷ (standardised test) ഇടയ്ക്കിടെ ഉണ്ടാവുമെന്ന് പറയുമ്പോൾ ഏതിന് മുൻതൂക്കം ലഭിക്കുമെന്നാണ് കരുതേണ്ടത്? നിലനിൽപിനുള്ള മത്സരങ്ങൾക്കിടയിൽ അപ്പപ്പോൾ നടക്കേണ്ട ജ്ഞാനനിർമിതിയല്ല, ഒടുവിലത്തെ പഠനനേട്ടമാവും ഉറപ്പുവരിക. അധ്യാപകർക്ക് ഫലപ്രദമെന്നു തോന്നുന്ന രീതിയിൽ പഠിപ്പിക്കാം എന്നുകൂടി പറഞ്ഞിരിക്കയാൽ നവീനപഠനസമീപനത്തിന്റെ പേരിൽ ഈ നയരേഖയെ അഭിനന്ദിക്കുന്നത് സാഹസമാകും. (Teachers will be given more autonomy in choosing aspects of pedagogy, so that they may teach in the manner they find most effective for the students in their classrooms.) (5.14). ചുരുക്കത്തിൽ പഠനസമീപനം സംബന്ധിച്ച് അവിടവിടെ ചേർത്തിട്ടുള്ള നവീനമായ ആശയങ്ങൾ പലതും ഏതാനും അക്കാദമിക വിദഗ്ധരുടെ കൈയടി മാത്രം ലക്ഷ്യം വച്ചാണെന്നേ വിലയിരുത്താനാവൂ. യഥാർഥത്തിൽ പഠനപ്രക്രിയ ചർച്ച ചെയ്യുമ്പോൾ പ്രക്രിയയും ഉത്പന്നവും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീർണസ്വഭാവം പരിഗണിക്കേണ്ടതുണ്ട്. ഉത്പന്നത്തിന് പ്രാധാന്യം വരുന്ന സന്ദർഭങ്ങളിൽ പ്രക്രിയയിൽ വെള്ളം ചേരുക സാധാരണമാണ്. എന്നാൽ ശരിയായ പ്രക്രിയയിലൂടെ ഉത്പന്നത്തിൽ എത്തണമെന്ന നിഷ്ഠ പ്രക്രിയയും ഉത്പന്നവും ഒരുപോലെ മികച്ചതാക്കും. ഇതുകാണാതെ രണ്ടിനെയും വേർപെടുത്തിയുള്ള അവതരണം അക്കാദമികമായ ഒളിച്ചോട്ടമാണ്.
പൊതുപരീക്ഷയെന്ന ഭീഷണി
സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും അപകടകരമായ നിർദേശം സെക്ഷൻ 4.41 ലും മറ്റ് പല സെക്ഷനുകളിലും ആവർത്തിക്കപ്പെടുന്ന 'പറാഖ്' (Performance Assessment, Review and Analysis of Knowledge for Holistic development - PARAKH) എന്ന നാഷണൽ അസസ്മെന്റ് സെന്റർ ആണ്. ഓരോ തലത്തിലും കുട്ടികൾ നേടേണ്ട ശേഷീമാനദണ്ഡങ്ങൾ ഈ ഏജൻസി നിർണയിക്കും. സാധാരണഗതിയിൽ എൻ.സി.ഇ.ആർ.ടിയും എസ്.സി.ഇ.ആർ.ടി കളും ചെയ്തിരുന്ന കാര്യമാണ് പരീക്ഷകൾ നടത്താനായി രൂപീകരിക്കപ്പെടുന്ന ഒരു ദേശീയ ഏജൻസിയുടെ ഉത്തരവാദിത്തമാക്കി മാറ്റുന്നത്. ഇത് അക്കാദിമകമായി ശരിയല്ല.
നിലവിലുള്ള പരീക്ഷകളുടെ പോരായ്മകളെ കുറിച്ചും കോച്ചിങ്ങ് സമ്പ്രദായം സ്കൂൾതല മൂല്യനിർണയത്തെ അട്ടിമറിക്കുന്നതിനെ കുറിച്ചും രേഖ ഉത്കണ്ഠപ്പെടുന്നുണ്ട്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ കുട്ടിയുടെ യഥാർഥകഴിവിനെ വിലയിരുത്തുന്നില്ലെന്ന് പറഞ്ഞുകൊണ്ടു തന്നെ ചില ഭേദഗതികളോടെ അവ തുടരുമെന്നും പറയുന്നു.
നിലവിലുള്ള പരീക്ഷകളെ പൊതുവിൽ വിമർശനബുദ്ധിയോടെ കാണുന്ന രേഖ പക്ഷേ, 3, 5, 8 ക്ലാസുകൾക്കുശേഷം പുതിയ പൊതുപരീക്ഷകൾ കൊണ്ടുവരുമെന്നു പറയുന്നു. (all students will take school examinations in Grades 3, 5, and 8 which will be conducted by the appropriate authority.) (4.40) കേന്ദ്രതലത്തിലോ സംസ്ഥാനതലത്തിലോ സംഘടിപ്പിക്കുന്ന ഈ പരീക്ഷയിൽ കുട്ടികളുടെ പഠനനേട്ടമാണ് വിലയിരുത്തുക. എല്ലാ കുട്ടികളും പങ്കെടുക്കുന്ന ഈ പരീക്ഷയുടെ റിസൽട്ട് സ്കൂൾ പൊതുജനമധ്യത്തിൽ പ്രസിദ്ധപ്പെടുത്തണം. കുട്ടികളുടെ വ്യക്തിഗത വിലയിരുത്തൽ അല്ല ഇതെന്നു പറയുമ്പോൾ തന്നെ സ്കൂളിന്റെ മികവിന്റെ അടയാളമായി മാറാൻ പോകുന്ന ഈ പരീക്ഷകളെ ഇന്നത്തെ മത്സരാന്തരീക്ഷത്തിൽ സ്കൂളുകൾക്ക് ലാഘവത്തോടെ കാണാനാവില്ല. സിലബസ് അനുസരിച്ചുള്ള പഠനത്തിനു പകരം പരീക്ഷകൾ ലക്ഷ്യംവച്ചുള്ള പഠനമാവും പിന്നെ നടക്കുക. ഫലത്തിൽ ഈ പരീക്ഷകളുടെ ഭാഗമായി എല്ലാ സ്കൂളുകളും കോച്ചിങ്ങ് ക്യാംപുകളായി മാറും. സ്കൂൾ ഘട്ടങ്ങളുടെ ഒടുവിൽ മാനകീകൃത പരീക്ഷകൾ നടത്തി ഭയാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടല്ല യഥാർഥത്തിൽ നിലവാരം ഉറപ്പുവരുത്തേണ്ടത്. ഓരോ ഘട്ടത്തിലുമുള്ള തുടർവിലയിരുത്തലും വ്യക്തിപരമായ പഠനപിന്തുണ ഉറപ്പാക്കലുമാണ് അതിനുള്ള ശരിയായ മാർഗം. പന്ത്രണ്ടാം ക്ലാസ് വരെ യാതൊരു പൊതുപരീക്ഷയും നടത്താതെ തന്നെ ലോകോത്തരമെന്ന ഖ്യാതി നേടിയ ഫിൻലന്റിന്റെയും മറ്റും മാതൃകകൾ നിലനിൽക്കുമ്പോഴാണ് തീർത്തും വിരുദ്ധമായ അമേരിക്കൻ മാതൃക ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഫിൻലന്റിന്റെയും അമേരിക്കയുടെയും മാതൃകകൾ താരതമ്യം ചെയ്തുകൊണ്ട് പാസി സാൽബർഗ് (‘Finnish Lessons 02’ , Pasi Salberg), തിമോത്തി ഡി വാക്കർ ( ‘Teach like Finland’, Timoty D walker) എന്നിവർ എഴുതിയ പുസ്തകങ്ങൾ പരിശോധിച്ചാൽ നയരേഖയിലെ കാഴ്ചപ്പാടിന്റെ യുക്തിരാഹിത്യം ആർക്കും ബോധ്യപ്പെടും. എല്ലാ തലങ്ങളിലും അസമത്വം നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേത്. ഇന്നും എല്ലാ കുട്ടികളുടെയും പഠനത്തുടർച്ച തൃപ്തികരമായി ഉറപ്പാക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. സ്കൂളിൽ ചേരുന്ന കുട്ടികളിൽ 90.9% ആണ് (6-8) ക്ലാസുകളിൽ എത്തിച്ചേരുന്നത്. (9-10) ൽ ഇത് 79.3% ഉം (11-12) ൽ 56.5% ആയും കുറയുന്നു. 6 മുതൽ 17 വരെ പ്രായത്തിലുള്ള 3.22 കോടി കുട്ടികൾ സ്കൂളിനു പുറത്താണെന്ന് രേഖ തന്നെ പറയുന്നു. 1,08,017 ഏകാധ്യാപക വിദ്യാലയങ്ങളുണ്ട് ഇന്ത്യയിൽ. സ്കൂളിൽ സ്ഥിരമായി വരാനുള്ള സാഹചര്യം ഒരുക്കാതെ, ഓരോ ക്ലാസിലും വേണ്ട അധ്യാപകരെ നിയമിക്കാതെ, അവശ്യം വേണ്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കാതെ, പഠനോപാധികൾ കൃത്യസമയത്ത് ലഭ്യമാക്കാതെ എങ്ങനെയാണ് പഠനപിന്നാക്കത്തിന്റെ ഉത്തരവാദിത്തം കുട്ടികളുടെ തലയിൽ കെട്ടിവെക്കാനാവുക എന്ന ചോദ്യം പ്രസക്തമാണ്. സാഹചര്യങ്ങളിലോ സമീപനങ്ങളിലോ മാറ്റം വരുത്താതെ നടത്തപ്പെടുന്ന പൊതുപരീക്ഷകൾ എന്ന ഒറ്റമൂലി പൊതുധാരയിൽനിന്ന് കുറേ കുട്ടികൾ കൂടി പുറത്തുപോവുന്നതിന് കാരണമായേക്കും. വിദൂരപഠനം വഴിയോ അനൗപചാരിക വിദ്യാഭ്യാസം വഴിയോ വേണമെങ്കിൽ പഠനം തുടരാമെന്നത് ഈ പ്രവണതയ്ക്ക് പ്രോത്സാഹനമായും ഭവിക്കും. ഇപ്രകാരം പുറത്തുപോവുന്നരിൽ മഹാഭൂരിപക്ഷവും പിന്നാക്കവിഭാഗങ്ങളിൽപെട്ടവരോ ദരിദ്രരോ ഒറ്റപ്പെട്ട വനപ്രദേശങ്ങളിൽ കഴിയുന്നവരോ ഭിന്നശേഷിക്കാരോ പെൺകുട്ടികളോ ഒക്കെയാവും എന്നത് തീർച്ചയാണ്. ഇവിടെയാണ് ഇത്തരം വിഭാഗങ്ങൾക്കായി ഈ രേഖയിൽ നിരത്തിയ വാഗ്ദാനങ്ങൾ അർഥരഹിതമാവുന്നത്.
അധ്യാപകപരിശീലനം
അധ്യാപകപരിശീലനരംഗത്താണ് വലിയ പരിവർത്തനങ്ങൾ നിർദേശിച്ചിരിക്കുന്നത്. 2030 ഓടെ, അധ്യാപകരാകുന്നതിനുള്ള കുറഞ്ഞ യോഗ്യത 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബി. എഡ്. കോഴ്സ് ആയിരിക്കുമെന്നാണ് നയം പറയുന്നത്. (By 2030, the minimum degree qualification for teaching will be a 4-year integrated B.Ed. degree that teaches a range of knowledge content and pedagogy and includes strong practicum training in the form of student-teaching at local schools.) (5.23). ഇതിനകം പ്രത്യേക വിഷയങ്ങളിൽ 3 വർഷത്തെ ബിരുദകോഴ്സുകൾ കഴിഞ്ഞവർക്കായി മാത്രം 2 വർഷ ബി.എഡ് കോഴ്സ് തുടരുമെന്നും പറയുന്നു. അതുപോലെ 4 വർഷത്തെ ബഹുവിഷയ ബിരുദകോഴ്സ് കഴിഞ്ഞവർക്കും ബിരുദാനന്തരബിരുദയോഗ്യത നേടിയവർക്കും ഒരുവർഷത്തെ ബി.എഡ് കോഴ്സ് ഒരുക്കുമെന്നും സൂചനയുണ്ട്. വിദൂരപഠനം വഴിയുള്ളതോ മുഖാമുഖവും വിദൂരവും കോർത്തിണക്കിക്കൊണ്ടുള്ളതോ ആയ ബി.എഡ് പ്രോഗ്രാമുകൾ പിന്നാക്കപ്രദേശങ്ങളിൽനിന്നുള്ളവർക്കായി നിർദേശിച്ചിട്ടുണ്ട്. അധ്യാപകപരിശീലനത്തിന്റെ ഭാഗമായി യഥാർഥ ക്ലാസ്റൂം പരിശീലനങ്ങൾ ഉറപ്പാക്കുമെന്നും രേഖ പറയുന്നു. ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (TET) എല്ലാ രംഗത്തും ശക്തമാക്കുമെന്നും പറയുന്നു. പ്രത്യേക മേഖലകളിൽ വൈദഗ്ധ്യമുള്ള, സ്കൂളുകളിലേക്ക് ആവശ്യാനുസരണം വിളിക്കാവുന്നവ്യക്തികൾക്കായി ഹ്രസ്വകാല പരിശീലനങ്ങൾ ഡയറ്റുകളിലും സ്കൂൾ കോംപ്ലക്സുകളിലും ഒരുക്കുമെന്നും നയരേഖ സൂചിപ്പിക്കുന്നു. ഇങ്ങനെ പരിശീലനം കിട്ടിയവരെ സ്കൂളുകളിലോ സ്കൂൾ കോംപ്ലക്സുകളിലോ പ്രാദേശിക കല, സംഗീതം, കൃഷി, കച്ചവടം, കായിക വിദ്യാഭ്യാസം, മരപ്പണി തുടങ്ങിയ മേഖലകളിൽ അറിവ്, നൈപുണി എന്നിവ കുട്ടികൾക്ക് പ്രദാനം ചെയ്യുന്ന മാസ്റ്റർ ട്രെയിനർമാരായി നിയോഗിക്കാമെന്നും രേഖ വ്യക്തമാക്കുന്നു (5.25). അധ്യാപകർക്ക് ഏതെങ്കിലും മേഖലകളിൽ കൂടുതൽ വൈദഗ്ധ്യം നേടാൻ ആഗ്രഹമുണ്ടെങ്കിൽ അത്തരക്കാർക്കായി സർവകലാശാലകളോ കോളേജുകളോ നടത്തുന്ന ഹ്രസ്വകാല ബി.എഡ് അനന്തര സർട്ടിഫിക്കറ്റ് കോഴ്സുകളും നിർദേശിച്ചിട്ടുണ്ട്. ഉദാ: ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം (5.26). 2021 ഓടെ എൻ.സി.ടി.ഇ എന്ന സ്ഥാപനം എൻ.സി.ഇ.ആർ.ടി. യുമായി കൂടിയാലോചിച്ച് ദേശീയ വിദ്യാഭ്യാസനയം 2020 നെ ആധാരമാക്കി അധ്യാപക വിദ്യാഭ്യാസത്തിനായി സമഗ്രമായ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ( NCFTE 2021) തയ്യാറാക്കണമെന്നും നിഷ്കർഷിക്കുന്നു (5.28). ഇങ്ങനെ അധ്യാപകവിദ്യാഭ്യാസരംഗത്ത് സമഗ്രമായ പരിഷ്കരണം വരുമ്പോൾ ഇപ്പോൾ ഒറ്റപ്പെട്ട് പ്രവർത്തിക്കുന്ന (stand alone) നിലവാരമില്ലാത്ത അധ്യാപകവിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യാനുസരണം അടച്ചുപൂട്ടുമെന്നും നയരേഖ പറഞ്ഞുവെക്കുന്നുണ്ട് (5.29). ചുരുക്കത്തിൽ ആശാവഹമായ ഒട്ടേറെ നിർദേശങ്ങളാണ് ഈ മേഖലയിൽ നൽകിയിരിക്കുന്നത്. എങ്കിലും ചില ചോദ്യങ്ങൾ ഉന്നയിക്കാതെ വയ്യ. പ്രീപ്രൈമറിക്ക് പുതിയ തീരുമാനം ബാധകമാണോ? പ്രിപ്പറേറ്ററിയിലും മിഡിൽ സ്കൂളിലും നിയോഗിക്കപ്പെടുക ഒരേ രീതിയിൽ പഠിച്ചവരാണോ? സെക്കന്ററിക്കും ഹയർസെക്കന്ററിക്കും വ്യത്യസ്ത യോഗ്യതയുണ്ടോ? ഉണ്ടെങ്കിൽ ഹയർസെക്കന്ററിക്ക് വേണ്ടി ഇന്റഗ്രേറ്റഡ് യോഗ്യതയുണ്ടാവുമോ?പിന്നാക്കമേഖലയിൽ നിയമിതരാവുന്നവർക്ക് ഓൺലൈൻ ബി. എഡ്. മതിയെന്ന വിചിത്രമായ നിർദേശം എങ്ങനെയുണ്ടായി? ചുരുക്കത്തിൽ അധ്യാപകപരിശീലനം സംബന്ധിച്ച് നല്ല ചില നിർദേശങ്ങൾ മുന്നോട്ടുവച്ചെങ്കിലും ഓരോ മേഖലയെയും വേർതിരിച്ചു കാണുന്നതിലും വ്യക്തത വരുത്തുന്നതിലും നയം പരാജയപ്പെട്ടിരിക്കുന്നു. ഒരിടത്ത് ഇന്റഗ്രേറ്റഡ് യോഗ്യത ശരിയായ നിലവാരത്തിൽ വേണമെന്നു പറഞ്ഞ രേഖ മറ്റൊരിടത്തെത്തുമ്പോൾ അത് ഓൺലൈൻ വഴിയായാലും മതിയെന്ന് പറയുന്നു. മെഡിസിൻ, എൻജിനീയറിങ്ങ് പോലുള്ള പ്രൊഫഷണൽ കോഴ്സുകൾക്ക് സ്റ്റാന്റ്എലോൺ സ്ഥാപനങ്ങളുള്ളതുപോലെ വിദ്യാഭ്യാസത്തിനും അത് ആകാവുന്നതല്ലേ? ലോവർ പ്രൈമറി ഘട്ടത്തിൽ ഫലത്തിൽ അധ്യാപകയോഗ്യത കൂട്ടുകയാണ് ചെയ്തത്. അപ്പോൾ അവരുടെ സേവന - വേതന വ്യവസ്ഥകളിൽ എന്തുമാറ്റമാണ് ഉണ്ടാവുകയെന്ന് നയം വ്യക്തമാക്കുന്നില്ല. പ്രീപ്രൈമറിയിൽ ഇനി വരുന്നവരുടെ യോഗ്യത ഉയർത്തുമോയെന്നും വ്യക്തമല്ല.
സംസ്ഥാനതല സ്കൂൾഭരണ നിർവഹണം
സെക്ഷൻ 8 സ്കൂൾ വിദ്യാഭ്യാസത്തിലെ നിലവാരം നിജപ്പെടുത്തുന്നതുമായും അംഗീകാരം നൽകുന്നതുമായും (accreditation) ബന്ധപ്പെട്ടതാണ്. ഇതിൽ സെക്ഷൻ 8.3 ൽ പൊതുവിദ്യാലയങ്ങളുടെയും സ്വകാര്യവിദ്യാലയങ്ങളുടെയും ലക്ഷ്യം ഒന്നാണെന്നതിനാൽ ഇവ രണ്ടും വിലയിരുത്തുന്നതിന് ഇന്ന് അവലംബിക്കുന്ന വ്യത്യസ്തങ്ങളായ മാനദണ്ഡങ്ങൾ ഒഴിവാക്കി ഒരേ മാനദണ്ഡങ്ങൾ ഉപയോഗിക്കുമെന്ന് സൂചിപ്പിക്കുന്നു. ഈ നയരേഖ പൊതുവെ അമിതകേന്ദ്രീകരണത്തിന് വഴിവെക്കുന്നതാണെന്ന വിമർശനമുണ്ട്. എന്നാൽ സെക്ഷൻ 8.2 ൽ സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭരണനിർവഹണവും നിയന്ത്രണവും ഒരൊറ്റ ഏജൻസിയിൽ അതായത്, ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ എഡ്യുക്കേഷനിൽ നിക്ഷിപ്തമാക്കുന്നത് കേന്ദ്രീകരണത്തിന് വഴിവെക്കുമെന്നും അത് അവരിൽ നിക്ഷിപ്തമായ അധികാരം ഫലപ്രദമായി വിനിയോഗിക്കുന്നതിന് തടസ്സമാകുന്നുവെന്നും നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള പല കാര്യങ്ങളും പലപ്പോഴും ഫലപ്രദമല്ലാത്ത രീതിയിൽ മയപ്പെടുന്നുവെന്നും വിലയിരുത്തുന്നു. ഈയൊരു പശ്ചാത്തലത്തിൽ താഴെ പറയുന്ന നിർദേശങ്ങളാണ് നയം മുന്നോട്ട് വെക്കുന്നത് (8.5). സ്കൂൾ വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റ് സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ഏറ്റവും ഉയർന്ന ഏജൻസിയായിരിക്കും. സ്കൂൾ വിദ്യാഭ്യാസ രംഗത്തുള്ള നിരന്തര മെച്ചപ്പെടുത്തലിനുള്ള മോണിറ്ററിംഗും നയരൂപീകരണവും ആയിരിക്കും ഇതിന്റെ ചുമതല. പൊതുവിദ്യാഭ്യാസത്തിന്റെ നടത്തിപ്പും സേവനവും ഇതിനുള്ള നയങ്ങളുടെ നിർവഹണവും ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ എന്നിവർ വഴി സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടർ നിർവഹിക്കും. പൊതു, സ്വകാര്യ, ജീവകാരുണ്യ സ്ഥാപനങ്ങൾ നടത്തുന്ന പ്രീസ്കൂൾ ഘട്ടം മുതലുള്ള സ്ഥാപനങ്ങളെല്ലാം പൊതുവായതും അനിവാര്യമായതുമായ നിലവാരം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സംസ്ഥാനാടിസ്ഥാനത്തിൽ സ്വതന്ത്രമായ സ്റ്റേറ്റ് സ്കൂൾ സ്റ്റാന്റേർഡ്സ് അതോറിറ്റി (SSSA) രൂപീകരിക്കും. ഈ ഏജൻസിയായിരിക്കും സ്കൂളുകളുടെ നിലവാര മാനദണ്ഡങ്ങൾ തയ്യാറാക്കുക. ഇങ്ങനെ നിർദേശിക്കുന്ന മാനദണ്ഡങ്ങളിൽ സ്കൂൾസുരക്ഷ, സംരക്ഷണം, ഭൗതിക സൗകര്യങ്ങൾ, ഓരോ വിഷയങ്ങൾക്കും ക്ലാസിനും വേണ്ട അധ്യാപകരുടെ എണ്ണം, സാമ്പത്തിക സാധ്യതകൾ, ഭരണനിർവഹണത്തിലെ ആരോഗ്യകരമായ പ്രക്രിയകൾ എന്നിവയെല്ലാം ഉൾപ്പെടും. ബന്ധപ്പെട്ടവരുമായെല്ലാം ചർച്ച ചെയ്ത് എസ്.സി.ഇ.ആർ.ടി. യായിരിക്കും ഇതിനാവശ്യമായ ചട്ടക്കൂട് വികസിപ്പിക്കുക (8.5 സി). സാങ്കേതികവിദ്യാ സാധ്യതകൾ പ്രയോജനപ്പെടുത്തിയാകും ഇവ നിർവഹിക്കുക. അക്കാദമിക നിലവാരമാനദണ്ഡങ്ങൾ എൻ.സി.ഇ.ആർ.ടി. യുമായി സഹകരിച്ചും ചർച്ച ചെയ്തും എസ്.സി.ഇ.ആർ.ടി. യായിരിക്കും വികസിപ്പിക്കുക. ഇതിനായി എസ്.സി.ഇ.ആർ.ടി സ്കൂൾ ക്വാളിറ്റി അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ ഫ്രെയിംവർക്ക് (SQAAF) തയ്യാറാക്കും. ഇത് ഫലപ്രദമായി എല്ലാ തലത്തിലും നടപ്പാക്കാൻ സി.ആർ.സി, ബി.ആർ.സി, ഡയറ്റ് എന്നിവയെ അടുത്ത മൂന്നുവർഷം കൊണ്ട് ചടുലമായി പ്രവർത്തിക്കുന്ന മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തും. അതേസമയത്ത് കുട്ടികളുടെ സ്കൂൾ വിടുതൽ ഘട്ടങ്ങളിലെ സർട്ടിഫിക്കേഷൻ പരീക്ഷാബോർഡുകൾ ചെയ്യും. മേൽ നിർദേശങ്ങളെല്ലാം ഫലത്തിൽ ഇന്ന് നിലവിലുള്ള സ്കൂൾ ഭരണ നിയന്ത്രണ സംവിധാനങ്ങളെ ദുർബലപ്പെടുത്താനാണ് സഹായിക്കുക. സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല പൊതു മോണിറ്ററിംഗും നയനടത്തിപ്പും മാത്രമായി പരിമിതപ്പെടുത്തുകയും ഭരണനിർവഹണത്തെയും അക്കാദമിക പ്രവർത്തനങ്ങളെയും വ്യത്യസ്തങ്ങളായ ഏജൻസികളെ ഏൽപ്പിക്കുകയും ചെയ്യുന്നത് കേന്ദ്രസർക്കാറിന് സ്കൂൾ വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾ കേന്ദ്രീകൃത ഏജൻസികളിലൂടെ നടപ്പാക്കാൻ സൗകര്യപ്പെടുത്തുന്നതിനാണ്. ഇത് വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനരാഹിത്യത്തിനും അരാജകത്വത്തിനും പൊതുവിദ്യാലയങ്ങളെ ദുർബലപ്പെടുത്തുന്നതിനും ഇടയാക്കും. പൊതു - സ്വകാര്യ വിദ്യാലയങ്ങൾക്ക് ഒരേ നിലവാര മാനദണ്ഡങ്ങൾ വെക്കുകയാണെങ്കിൽ അത് ബാധിക്കുക പൊതുവിദ്യാലയങ്ങളെ ആയിരിക്കും. കേരളത്തിൽ പൊതുവിദ്യാലയങ്ങളുടെ സൗകര്യങ്ങൾ മെച്ചമാണെന്നതിനാൽ ഇവിടെ പ്രശ്നം കാണില്ല. എന്നാൽ മിക്ക സംസ്ഥാനങ്ങളുടെയും സ്ഥിതി അതല്ല. നിലവാരമാനദണ്ഡങ്ങൾ അടിച്ചേൽപിച്ചാൽ അത്തരം സംസ്ഥാനങ്ങളിൽ സ്വകാര്യ മേഖലയുമായുള്ള മത്സരത്തിൽ പിടിച്ചുനിൽക്കാനാവാതെ പൊതുവിദ്യാലയങ്ങൾ തകരും. എന്നാൽ പ്രത്യേക പരിഗണന ലഭിച്ചേക്കാവുന്ന പലവിധ ബദൽവിദ്യാലയങ്ങൾ അവിടെ നിലനിൽക്കുകയും ചെയ്യും. കോത്താരി കമ്മീഷൻ റിപ്പോർട്ടിലെ കോമൺ സ്കൂൾ സമ്പ്രദായമല്ല കമ്മിറ്റിയെ ഇവിടെ പ്രചോദിപ്പിക്കുന്നത്. ആണെങ്കിൽ അതിനുള്ള സാമ്പത്തിക ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണം. ഇവിടെ, സ്കാര്യമേഖലയോടുള്ള മതിപ്പും താത്പര്യവുമാണ് പ്രകടമാവുന്നത്. ഇതിന് അടിവരയിടുന്നതാണ് ഒരു സ്വകാര്യവിദ്യാലയവുമായി ചേർന്നുപ്രവർത്തിച്ച് സർക്കാർ വിദ്യാലയത്തെ (തിരിച്ചും!) മെച്ചപ്പെടുത്തുന്നതിനുള്ള ട്വിന്നിങ്ങ് പരിപാടി (twinning programme).
സ്കൂൾ കോംപ്ളക്സ് ലക്ഷ്യമാക്കുന്നത്
കോത്താരി കമ്മീഷൻ റിപ്പോർട്ടിൽ സ്കൂൾ കോംപ്ലക്സിനെ നിർദേശിച്ചത് സ്കൂളുകളുടെ ഒറ്റപ്പെട്ട അവസ്ഥ മറികടക്കാനും അവ തമ്മിൽ സഹകരിച്ചു പ്രവർത്തിക്കാനുള്ള വേദിയൊരുക്കാനും ഡിപ്പാർട്ട്മെന്റിലെ ഉയർന്ന തട്ടുകളിൽനിന്നും അധികാരം താഴെത്തട്ടിലേക്ക് നൽകാനുമാണ് (2.50 - 2.52 ; 10.39 - 10.43).
അന്നത്തെ സാഹചര്യത്തിൽ പ്രസക്തമായിരുന്ന ചില പ്രവർത്തനനിർദേശങ്ങളും 1966 ലെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. മെച്ചപ്പെട്ട മൂല്യനിർണയരീതികൾ നടപ്പിലാക്കുക, പ്രൊജക്റ്റർ, ലാബ് ഉപകരണങ്ങൾ, ലൈബ്രറി എന്നിവ ഉയർന്ന ഘടകത്തിൽ ഒരുക്കുകയും മറ്റ് സ്കൂളുകൾക്ക് അവ പ്രയോജനപ്പെടുത്തുകയും ചെയ്യുക, പ്രതിമാസ കൂടിച്ചേരലുകളിൽ അക്കാദമിക പരിശീലനങ്ങൾ നടത്തുക, അവധിക്കാലത്ത് ചെറുപരിശീലനങ്ങൾ നടത്തുക, പ്രഥമാധ്യാപകർ ഒന്നിച്ചിരുന്ന് സ്കൂൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, ഏകാധ്യാപക വിദ്യാലയങ്ങൾക്കും മറ്റും ലീവ് റിസർവ് അധ്യാപകരുടെ സേവനം ലഭ്യമാക്കുക, പുതിയ പാഠപുസ്തകങ്ങളും അധ്യാപകസഹായികളും പഠനോപകരണങ്ങളും ട്രൈഔട്ട് ചെയ്യുക, നിയന്ത്രണവിധേയമായി കരിക്കുലവും സിലബസും നവീകരിക്കുക എന്നിവയാണവ.
എന്നാൽ സ്കൂൾ കോംപ്ലക്സ് എന്ന ആശയം പല കാരണങ്ങളാലും രാജ്യത്ത് പ്രാവർത്തികമായില്ല. എന്നാൽ കേരളത്തിൽ 90 കളിൽ സ്കൂൾ കോംപ്ലക്സ് എന്ന ആശയത്തെ പ്രയോജനപ്പെടുത്താൻ ചില ശ്രമങ്ങൾ നടന്നു. 1992-93 ൽ കണ്ണൂർ ജില്ലയിലെ ശിവപുരത്ത് കോത്താരി കമ്മീഷൻ റിപ്പോർട്ടിൽ സൂചിപ്പിച്ചതുപോലുള്ള ന്യൂക്ലിയസ് സ്കൂൾ - ഫീഡിങ്ങ് സ്കൂൾ മാതൃക പരീക്ഷിച്ചു. അതിലെ പോരായ്മകൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ 1993 - 94 ൽ കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയിലും കാസർഗോഡ് ജില്ലയിലെ മടിക്കൈയിലും പഞ്ചായത്ത് എന്ന ഭരണയൂണിറ്റിനെ അടിസ്ഥാനമാക്കി കോംപ്ലക്സുകൾ രൂപീകരിച്ച് പ്രവർത്തിച്ചു. തുടർന്ന് കണ്ണൂർ ജില്ലയിലെ ധർമടത്തും തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനത്തും കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലും തിരുവനന്തപുരത്തും മറ്റും കോംപ്ലക്സ് ഇടപെടലുകൾക്ക് തുടർച്ചയുണ്ടായി. വികേന്ദ്രീകൃതാസൂത്രണത്തിന്റെ പരീക്ഷണവേദികൾ കൂടിയായിരുന്നു ഇവ. തദ്ദേശസ്ഥാപനങ്ങൾക്ക് മതിയായ ഫണ്ട് കൂടി ലഭ്യമാക്കിയാൽ പ്രവർത്തനങ്ങൾ ഇനിയും മെച്ചപ്പെടുത്താനാവുമെന്ന തിരിച്ചറിവുണ്ടായി. പൊതുചോദ്യപ്പേപ്പർ നിർമാണം, അധ്യാപക പരിശീലനം, പഠനോപകരണ നിർമാണം, ജനകീയവും ഔദ്യോഗികവുമായ മോണിറ്ററിങ്ങ്, രക്ഷാകർതൃ പരിശീലനം, മികച്ച മാതൃകകൾ പങ്കുവെക്കൽ തുടങ്ങിയവയായിരുന്നു പ്രധാനമായും കോംപ്ലക്സുകളുടെ നേതൃത്തിൽ അന്ന് നടന്നത്. ഫലത്തിൽ അതൊരു അക്കാദമിക കൂട്ടായ്മയായിരുന്നു. ജനകീയാസൂത്രണവും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും വഴി കേരളത്തിലെ സ്കൂളുകൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. കോംപ്ലക്സ് സംവിധാനമുണ്ടാക്കി സൗകര്യങ്ങൾ പങ്കിടേണ്ട സ്ഥിതി ഇന്ന് അവയ്ക്ക് പൊതുവിൽ ഇല്ല. എന്നാൽ കലാ-കായിക-പ്രവൃത്തിപരിചയത്തിനും ഭിന്നശേഷിക്കാർക്ക് പ്രത്യേകസഹായം നൽകുന്ന കാര്യത്തിലും കൗൺസലിങ്ങ് മേഖലയിലും വിദഗ്ധരെ നിയമിക്കുന്നതിനും പങ്കുവെക്കുന്നതിനുള്ള കേന്ദ്രീകൃതസംവിധാനം ഉണ്ടാകുന്നത് നല്ലതായിരിക്കും. ഇതിന്റെ ചുമതല പഞ്ചായത്ത് / മുനിസിപ്പൽ തലത്തിൽ ആകുന്നതാവും ഉചിതം. എന്നാൽ പുതിയ നയത്തിൽ തദ്ദേശസ്ഥാപന തലത്തിലുള്ള കൂട്ടായ്മയല്ല നിർദേശിച്ചിരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും ഇന്നും സ്കൂളുകളുടെ സൗകര്യക്കുറവും അധ്യാപകരുടെ അസാന്നിധ്യവും രൂക്ഷമാണ്. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കി പത്ത് വർഷം കഴിഞ്ഞിട്ടും ഇന്ത്യയിൽ 1,08,017 ഏകാധ്യാപക വിദ്യാലയങ്ങളുണ്ടെന്നും അതിൽ 85,743 എണ്ണം ലോവർ പ്രൈമറി വിഭാഗത്തിൽ പെട്ടതാണെന്നും പറയുന്നു. ഇത്തരം ഏകാധ്യാപക വിദ്യാലയങ്ങളുടെ സ്ഥിതി ഏറെ ദയനീയമാണ്. ഇവയ്ക്ക് ക്ലാസ്മുറിക്കൊരു അധ്യാപകനെ വീതം കൊടുക്കേണ്ട ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്ന് നയം കൃത്യമായി പറയുന്നില്ല. അതേസമയം സ്കൂളുകളെ പരസ്പരം ലയിപ്പിക്കുന്ന രീതി സ്വീകരിക്കില്ലെന്നും പറയുന്നു. 21-ാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസ നയം എന്ന് ഉദ്ഘോഷിക്കുമ്പോഴും കേരളത്തിലേതുപോലെ ഒരു ക്ലാസിനെ ഒരു യൂനിറ്റായി പരിഗണിച്ച് ക്ലാസിന് ഒരധ്യാപിക എന്ന നിലപാട് ഈ നയം കൈക്കൊള്ളുന്നില്ല. കുറച്ച് അധ്യാപകരെ സ്കൂൾ കോംപ്ലക്സ് അടിസ്ഥാനത്തിൽ നിയമിച്ച് 'കുറഞ്ഞ ഇൻപുട്ടിൽ കൂടുതൽ ഔട്ട്പുട്ട്' സാധ്യമാക്കുന്നതിനുള്ള ഒരു തന്ത്രമായാണ് കോത്താരി കോംപ്ലക്സ് മാതൃക കുത്തിപ്പൊക്കുന്നത് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. ഒരു നയരേഖയിൽ ആദ്യമായാണ് അധ്യാപക നിയമനം സംബന്ധിച്ച് ചർച്ച ചെയ്യുമ്പോൾ അധ്യാപകരെ വാടകയ്ക്ക് എടുക്കുന്ന കാര്യം (hiring of teachers) പരാമർശിക്കുന്നത്. ഈ നയത്തിൽ പലയിടങ്ങളിലായി അദ്ധ്യാപകരെ 'ഹയർ ചെയ്യാ' മെന്ന് സൂചിപ്പിച്ചിട്ടുണ്ട്. സ്കൂൾ കോംപ്ലക്സുകളും ആവശ്യാനുസരണം അദ്ധ്യാപകരെ ഹയർ ചെയ്യുമെന്നുവേണം കരുതാൻ. തൊഴിൽ സുരക്ഷിതത്വം മാത്രമല്ല ഇവിടെ പ്രശ്നമാകുന്നത്. കുട്ടികളുടെ വൈദഗ്ധ്യവികസനത്തിന് തുടർച്ച ഉറപ്പാക്കുന്നതിലും കുട്ടികളുടെ യഥാർത്ഥ കഴിവിനെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലും ഗൗരവതരമായ പ്രശ്നങ്ങളും പ്രതിസന്ധികളും ഇത് സൃഷ്ടിക്കും. സെക്ഷൻ 7.5 ൽ സ്കൂൾ കോംപ്ലക്സിനാവശ്യമായ മാനവശേഷിയെ, പ്രധാനമായും ഭാഷ, ശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെ കുറിച്ച് പറയുന്ന ഇടത്തും 'പങ്കിട്ടോ അല്ലാതെയോ' എന്ന പരാമർശം വരുന്നുണ്ട്. ഒരു സ്കൂളിന്/കുട്ടിക്ക് സ്ഥിരാധ്യാപിക ഉണ്ടാവുക എന്ന ഉത്തരവാദിത്തത്തിൽനിന്ന് സർക്കാരിന് പിൻവാങ്ങാൻ നയരേഖയിലെ ഇത്തരം പദപ്രയോഗങ്ങൾ സഹായകമാകും. സ്കൂൾ വികസന പദ്ധതികൾ (SDP) സംയോജിപ്പിച്ച് സ്കൂൾ കോംപ്ലക്സ് വികസന പദ്ധതികൾ (SCDP) രൂപീകരിക്കുമെന്നു പറയുന്നുണ്ട്. സ്കൂൾ കോംപ്ലക്സിനെ അർധസ്വയംഭരണ സ്ഥാപനമാക്കി മാറ്റുമെന്നും സൂചനയുണ്ട്. ചില ഫണ്ടുകൾ കോംപ്ലക്സ് അടിസ്ഥാനത്തിൽ നൽകുന്ന രീതി അനുവർത്തിച്ചേക്കും. ഇങ്ങനെ വന്നാൽ അധ്യാപകർക്കു വേണ്ടിയും പഠനോപകരണങ്ങൾക്കായും മറ്റും കോംപ്ലക്സ് തലവനെ ആശ്രയിക്കേണ്ടുന്ന സ്ഥിതി ചെറിയ സ്കൂളുകൾക്ക് ഉണ്ടാവും. സ്കൂളുകളുടെ തനതുവികസനം മുരടിക്കാനും പുതിയ ഒരധികാരകേന്ദ്രം രൂപപ്പെടാനും ഇതിൽ പറഞ്ഞിരിക്കുന്ന മാതൃക ഇടയാക്കും. സഹകരണത്തെ അടിസ്ഥാനമാക്കിയ കോത്താരി മാതൃകയും അധികാരവികേന്ദ്രീകരണത്തിന് ജനകീയമുഖം നൽകിയ കേരളത്തിലെ പഞ്ചായത്ത് കോംപ്ലക്സ് മാതൃകയുമല്ല പുതിയ നയരേഖ മുന്നോട്ടുവെക്കുന്ന സ്കൂൾ കോംപ്ലക്സ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. പാർലമെന്റ് പാസ്സാക്കിയ 73, 74 ഭരണഘടനാഭേദഗതികളിലൂടെയാണ് ഇന്ത്യയിൽ പഞ്ചായത്തീരാജ് വ്യവസ്ഥാപിതമായത്. കേരളത്തിൽ ഈ നിയമം ഫലപ്രദമായി നടപ്പിലാക്കിയതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അധികാരവും സാമ്പത്തികമടക്കമുള്ള വിഭവങ്ങളും ലഭ്യമായി. വിദ്യാഭ്യാസരംഗത്ത് വിശേഷിച്ചും വലിയ മാറ്റങ്ങളുണ്ടാക്കാൻ ഇതിലൂടെ കഴിഞ്ഞു. എന്നാൽ പുതിയ നയരേഖ അധികാരവികേന്ദ്രീകരണത്തെ കുറിച്ചും വിദ്യാഭ്യാസരംഗത്തെ ഗുണപരമായ ഇടപെടലുകളെ കുറിച്ചും നിശ്ശബ്ദമാണ്. മറ്റു പലതിലുമെന്നപോലെ ഭരണഘടന ഉറപ്പുതരുന്ന കാര്യങ്ങളോടുള്ള അവഗണനയായേ ഇതിനെയും കാണാനാവൂ.
ഉത്തരവാദിത്തത്തിൽനിന്നുള്ള പിന്മാറ്റം
ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകുമ്പോൾ സ്കൂൾ വിദ്യാഭ്യാസത്തെ നിർദേശകതത്വത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഭരണഘടന രൂപീകരിച്ച് പത്ത് വർഷം കൊണ്ട് എല്ലാ കുട്ടികൾക്കും എലിമെന്ററി വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് വിഭാവനം ചെയ്തെങ്കിലും നടപ്പിലായില്ല. ഇതിനെതിരെ വന്ന സാമൂഹ്യ സമ്മർദങ്ങളും സുപ്രീംകോടതി വിധികളും 86-ാം ഭരണഘടനാ ഭേദഗതിയിലേക്ക് നയിച്ചു. 2002 ഡിസംബറിൽ അംഗീകരിച്ച ഈ ഭേദഗതി പ്രകാരം എലിമെന്ററി വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി മാറി. ഇതനുസരിച്ച് ഭരണഘടനയിൽ 21 (എ) വകുപ്പ് കൂട്ടിച്ചേർത്തു. അനുച്ഛേദം 45, 51 എന്നിവയിലും ഭേദഗതി വരുത്തി. ഈ ഭരണഘടനാ ഭേദഗതി നടപ്പിൽ വരുത്തുന്നതിനാണ് വിദ്യാഭ്യാസ അവകാശ നിയമം 2009 ൽ പാർലിമെന്റ് പാസ്സാക്കിയതും 2010 ഏപ്രിൽ 1 മുതൽ അതിന് നിയമപ്രാബല്യം നൽകിയതും. ഇതുപ്രകാരം എലിമെന്ററി വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാണ്. ആ അവകാശം ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്റെ കടമയാണ്. ഈ കടമയിൽനിന്ന് സർക്കാർ പിൻവാങ്ങുന്നതിലേക്കാണ് സെക്ഷൻ 3 വഴിതുറക്കുന്നത്. 3 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ അവകാശമായി വിദ്യാഭ്യാസത്തെ കാണുന്നതിനു പകരം പ്രസ്തുത പ്രായഘട്ടത്തിലുള്ള കുട്ടികൾക്ക് പല മാർഗങ്ങളിലൂടെയും സ്കൂൾ പ്രാപ്യത ഉറപ്പാക്കും എന്നതിലേക്ക് പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. സ്കൂൾ പഠനത്തെ സംബന്ധിച്ച് ലഭ്യമായ വിവരങ്ങൾ പ്രകാരം അഞ്ചാം ക്ലാസിനും എട്ടാം ക്ലാസിനും പത്താം ക്ലാസിനുമൊക്കെ ശേഷം വലിയ തോതിൽ കുട്ടികൾ കൊഴിഞ്ഞുപോകുന്നുണ്ട്. 2017-18 ൽ നടത്തിയ 75-ാം ദേശീയ സാമ്പിൾ സർവെ പ്രകാരം ഇന്ത്യയിൽ സ്കൂൾ പ്രായത്തിലുള്ള, ആറ് വയസ്സിനും പതിനേഴ് വയസ്സിനും ഇടയിലുള്ള 3.22 കോടി കുട്ടികൾ സ്കൂളിന് വെളിയിലാണ്. ഇവർ സ്കൂൾ വിദ്യാഭ്യാസത്തിൽനിന്ന് കൊഴിഞ്ഞുപോയവരാണ്. ഈ കുട്ടികളെ തിരിച്ചുകൊണ്ടുവരിക എന്നുള്ളതിനാണ് പ്രഥമ പരിഗണന നൽകുക. 2030 നകം പ്രീ സ്കൂൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളെയും സ്കൂളിൽ എൻറോൾ ചെയ്യുകയും പഠനത്തുടർച്ച ഉറപ്പാക്കുകയും ചെയ്യും. ഇതിനായി സർക്കാർ സ്കൂളുകൾ സ്ഥാപിക്കുന്നതോടൊപ്പം സമാന്തര ബദൽ സ്കൂളുകളും (alternative schools) സ്ഥാപിക്കും. 3.5 ൽ സാമൂഹികമായും സാമ്പത്തികമായും പരിമിതിയുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ബഹുമുഖ മാർഗങ്ങൾ (multiple pathways) ആരായുമെന്നും അതിനായി ഔപചാരികവും അനൗപചാരികവുമായ രീതികൾ അവലംബിക്കുമെന്നും ഇവയെ ദേശീയ, സംസ്ഥാന ഓപ്പൺ സ്കൂളുകളുടെ പരിധിയിലേക്ക് കൊണ്ടുവരുമെന്നും പറയുന്നു. സാധാരണ സ്കൂളുകളിലേക്ക് എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്കാണ് ഇത്തരം പഠനരീതി നിർദേശിക്കുന്നത്. ഈ സെക്ഷനിലുള്ള നിർദേശം യഥാർഥത്തിൽ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പ്രത്യക്ഷമായ ലംഘനവും പിൻനടത്തവുമാണ്. വിദ്യാഭ്യാസ അവകാശനിയമത്തിൽ സ്കൂളിനെ കൃത്യമായി നിർവചിച്ചിട്ടുണ്ട്. സ്കൂൾ സൗകര്യങ്ങൾ, മൂത്രപ്പുര, കുടിവെള്ളം, കളിസ്ഥലം, അധ്യാപകർ എന്നിവയെല്ലാം സംബന്ധിച്ച് വിദ്യാഭ്യാസ അവകാശനിയമത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി സ്കൂൾ നിബന്ധനകൾ ഉദാരമാക്കുമെന്ന് പറയുന്നു. കുറഞ്ഞ അളവിലുള്ള ഇടപെടലും വിഭവങ്ങളും കൊണ്ട് കൂടുതൽ അളവിലുള്ള ഫലമുണ്ടാക്കുന്നതിനാണ് ഊന്നൽ. (The focus will be to have less emphasis on input and greater emphasis on output potential concerning desired learning outcomes – 3.6) സമാന്തര വിദ്യാലയങ്ങൾ ആരംഭിക്കാൻ സർക്കാറിതര ജീവകാരുണ്യ (philanthropic) സ്വകാര്യ ഏജൻസികൾക്കും അനുവാദം നൽകണമെന്നും ഭൂമിശാസ്ത്രം, ജനസംഖ്യ, സംസ്കൃതി എന്നിവ കണക്കിലെടുത്തുള്ള പ്രാദേശിക സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പറയുന്നു. സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്നടക്കം ഭരണകൂടത്തിന്റെ പിൻവാങ്ങൽ വിളംബരം ചെയ്യുന്ന രേഖയായി ഈ വിദ്യാഭ്യാസനയം മാറിയിരിക്കുന്നു. പ്രീസ്കൂൾ മുതൽ സെക്കന്ററി തലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിനായി സ്വകാര്യ, ജീവകാരുണ്യ, പൊതുസാധ്യതകളെല്ലാം പ്രയോജനപ്പെടുത്തണമെന്ന് (8.4) സൂചിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ നിജപ്പെടുത്തിയ ഗുണതാസൂചകങ്ങൾ എല്ലാവരും പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തിയാൽ മതിയെന്നും ഇത് വിലയിരുത്താൻ സംസ്ഥാനാടിസ്ഥാനത്തിൽ സ്റ്റേറ്റ് സ്കൂൾ സ്റ്റാന്റേർഡ് അതോറിറ്റി (SSSA) എന്ന സംവിധാനം രൂപീകരിക്കണമെന്നും (8.5 സി) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സെക്ഷനുകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സ്വകാര്യ കച്ചവട കോർപ്പറേറ്റ് മൂലധന ശക്തികൾക്ക് സ്കൂൾ വിദ്യാഭ്യാസ മേഖലയിലേക്ക് ഇനി നിർബാധം കടന്നുവരാം. ഓപ്പൺ സ്കൂൾ വഴി മൂന്ന്, അഞ്ച്, എട്ട്, പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ തുല്യതാപരീക്ഷകളും സർട്ടിഫിക്കറ്റുകളും നൽകുമെന്നും നയം വ്യക്തമാക്കുന്നു. ഇത് പ്രയോജനപ്പെടുത്താൻ രംഗത്തെത്തുന്ന സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപക നിയമനം സർക്കാറിന്റെ ബാധ്യതയാവില്ല. ആർക്കുവേണമെങ്കിലും അത്തരം സ്ഥാപനങ്ങളിൽ പഠിപ്പിക്കാനും കഴിഞ്ഞേക്കും. ഈ രംഗത്ത് ഇപ്പോൾ തന്നെ ഇന്ത്യയിലെ ട്രൈബൽ മേഖലയിൽ വർഗീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളെ നീതീകരിക്കുവാൻ ഇതുവഴി സാധിക്കും. ഇതുണ്ടാക്കുന്ന സാമൂഹിക-സാംസ്കാരിക പ്രത്യാഘാതം വളരെ വലുതായിരിക്കും.
ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നു
വിദ്യാഭ്യാസം 1976 വരെ സംസ്ഥാന ലിസ്റ്റിലായിരുന്നുവല്ലോ. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ടതോടെ വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടപെടാവുന്ന മേഖലയായി മാറി. എന്നാൽ സംസ്ഥാനങ്ങൾക്ക് ഭരണഘടന അനുവദിച്ചു നൽകിയിട്ടുള്ള ഈ അവകാശവും അധികാരവും ഇല്ലാതാക്കുകയാണ് ഫലത്തിൽ പുതിയ നയം. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപകൽപന ചെയ്യുന്ന താഴെ പറയുന്ന കേന്ദ്രീകൃത സംവിധാനങ്ങളിലൂടെയാണ് ഇത് ഉറപ്പാക്കിയിരിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നാഷണൽ അസസ്മെന്റ് സെന്റർ - 'പറാഖ്' (PARAKH) നാഷണൽ കമ്മിറ്റി ഫോർ ദ ഇന്റഗ്രേഷൻ ഓഫ് വൊക്കേഷണൽ എഡ്യുക്കേഷൻ (NCIVE) നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ (NCTE) നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യുക്കേഷൻ ആന്റ് ട്രെയിനിംഗ് (NCVET) നാഷണൽ എഡ്യുക്കേഷൻ ടെക്നോളജി ഫോറം (NETF) ഇത്തരം ഏജൻസികൾ അമിത കേന്ദ്രീകരണത്തിനും ഉദ്യോഗസ്ഥവൽകരണത്തിനും പരവതാനി വിരിച്ചുകൊടുക്കും. സ്വാഭാവികമായും ഈ കേന്ദ്രീകരണം പലതരം അഴിമതികൾക്കും കാരണമാകും. ദേശീയ ഏജൻസികൾ വഴി പദ്ധതികളെല്ലാം കേന്ദ്രീകരിപ്പിക്കാൻ കഴിയുമെന്നുള്ളതിന് ഇപ്പോഴുള്ള ഉദാഹരണമാണ് സമഗ്രശിക്ഷ പദ്ധതി. സംസ്ഥാന പദ്ധതി എത്ര മികച്ചതായാലും ദേശീയ തലത്തിൽ നിർദേശിക്കുന്ന ചട്ടക്കൂടനുസരിച്ചുള്ള പദ്ധതികൾ മാത്രമേ അന്തിമമായി കേന്ദ്രതല പ്രൊജക്ട് അപ്രൂവൽ ബോർഡ് പരിഗണിക്കൂ. നമ്മുടെ ഗ്രാമത്തിലെ ഒരു എൽ.പി സ്കൂളിൽ സമഗ്രശിക്ഷയുടെ ഭാഗമായി എന്ത് പ്രവർത്തനം നടക്കണമെന്നത് അന്തിമമായി തീരുമാനിക്കുന്നത് കേന്ദ്രതലത്തിലെ പരിശോധനാ ഏജൻസിയാണെന്നർഥം. മുമ്പൊക്കെ പാഠ്യപദ്ധതി രൂപീകരിക്കുമ്പോൾ അതിൽ വരേണ്ട ചില കാമ്പ് ഇനങ്ങൾ മാത്രമേ സംസ്ഥാനങ്ങൾ പരിഗണിക്കേണ്ടിയിരുന്നുള്ളൂ. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കും വരെ തികഞ്ഞ സ്വാതന്ത്ര്യത്തോടെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ഉണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് അതുവഴി കഴിയുമായിരുന്നു. ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാണ് ഇന്നുവരെയും നാം നവീനവും വ്യത്യസ്തത പുലർത്തുന്നതുമായ പാഠപുസ്തകങ്ങൾ ഉണ്ടാക്കിയത്. കേന്ദ്രതലത്തിൽ പോലും പുതിയ രീതിയിൽ ചിന്തിക്കാൻ ഇത്തരം ശ്രമങ്ങൾ നിമിത്തമായിട്ടുണ്ട്. (ഉദാ: 1997 ൽ കേരളത്തിൽ ഉണ്ടാക്കിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും 2005 ൽ ദേശീയതലത്തിൽ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുന്നതിന് പ്രചോദനമായി) എന്നാൽ ഇനി മുതൽ എൻ. സി. ഇ. ആർ. ടി. തയ്യാറാക്കുന്ന മാതൃകാ പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ എന്നിവയെ സാധ്യമാകുന്നേടത്തോളം പരിഗണിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുമാണ് സംസ്ഥാനങ്ങൾ തയ്യാറാക്കേണ്ടത് എന്നാണ് സൂചന. പ്രാദേശിക പരിഗണനവച്ചുള്ള ചെറിയ മാറ്റങ്ങളോ വിശദാംശങ്ങളോ ആവാം. സംസ്ഥാനത്തിന്റെ രുചിയും മണവും ഉൾക്കൊള്ളുന്ന ചില സപ്ലിമെന്ററി സാമഗ്രികളുമാവാം. കരിക്കുലവും അനുബന്ധ ഉപാധികളും രൂപീകരിക്കുമ്പോൾ വൈജാത്യങ്ങളും വൈവിധ്യങ്ങളും അംഗീകരിക്കണം എന്നതാണ് പൊതുഅക്കാദമിക ധാരണ. ഭൂസ്വഭാവം, കാലാവസ്ഥ, ഭാഷ, സാംസ്കാരം, ആഹാരം, വസ്ത്രധാരണം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസപ്രമാണങ്ങൾ എന്നിവയിലെല്ലാമുള്ള വ്യത്യസ്തതകൾ പരിഗണിച്ചുകൊണ്ടേ പഠനോപാധികൾ വികസിപ്പിക്കാൻ കഴിയൂ. ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം എന്നതുപോലെ ഒരു കരിക്കുലം, ഒരു പാഠപുസ്തകം എന്ന സമീപനം വരുന്നത് സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ഭാഷാപരവും സാംസ്കാരികപരവുമായ ഉദ്ഗ്രഥനത്തെ, ദേശീയബോധത്തെതന്നെ ദോഷകരമായി ബാധിക്കും. നല്ല കരിക്കുലം സാർവത്രികവും ദേശീയവും പ്രാദേശികവുമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നതാകണം. മാത്രവുമല്ല, ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്ന മൂല്യങ്ങൾ അംഗീകരിക്കുകയും അവ രൂപപ്പെടാൻ വേണ്ടുന്ന പഠനസന്ദർഭങ്ങൾ സ്കൂൾ അനുഭവങ്ങളുടെ ഭാഗമായി ഒരുക്കുകയും വേണം. വൈവിധ്യങ്ങളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ ഏകശിലാരൂപത്തിലുള്ള കരിക്കുലവും പാഠപുസ്തകങ്ങളും എന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. എൻ. സി. ഇ. ആർ. ടി. തയ്യാറാക്കുന്ന പാഠ്യപദ്ധതി മാതൃകാപരമാവുമെന്ന് എങ്ങനെ ഉറപ്പാക്കാനാവും എന്ന പ്രശ്നമുണ്ട്. അത് അതേപടി പിന്തുടരേണ്ടുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ഭരണകർത്താക്കൾ ആഗ്രഹിക്കുന്ന ഉള്ളടക്കം എല്ലായിടത്തും എത്തിക്കുന്നതിനുള്ള തന്ത്രമാവില്ലേ എന്ന ഭയത്തിന് അടിസ്ഥാനമുണ്ട്. ഈയടുത്ത കാലത്തെ ഒരു ഉദാഹരണം നോക്കാം. കോവിഡ് 19 മഹാമാരിക്കാലത്ത് സ്കൂളുകൾ എപ്പോൾ സാധാരണപോലെ പ്രവർത്തിച്ചുതുടങ്ങുമെന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത സാഹചര്യത്തിൽ, സി.ബി.എസ്.ഇ 30% പാഠഭാഗങ്ങൾ വെട്ടിക്കുറക്കാൻ തീരുമാനിച്ചത് ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. വിവിധ ക്ലാസുകളിൽ വെട്ടിമാറ്റിയ പാഠഭാഗങ്ങൾ നോക്കുക. സോഷ്യൽ സയൻസിൽ മുഖ്യമായും ഒഴിവാക്കിയ ഭാഗങ്ങൾ ജനസംഖ്യ, ജനാധിപത്യ അവകാശങ്ങൾ, ഭക്ഷ്യസുരക്ഷ, മലിനജല നിർമാർജനം, ജലസ്രോതസ്സുകൾ, കാടും വന്യജീവികളും, ജനാധിപത്യവും വൈവിധ്യവും, ലിംഗപദവി, മതവും ജാതിയും, ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളികൾ, ജനകീയ സമരങ്ങളും മുന്നേറ്റങ്ങളും, അച്ചടി സംസ്കാരവും ആധുനികലോകവും, ഫെഡറലിസം, പൗരത്വം, ദേശീയത, സെക്കുലറിസം, പ്രാദേശിക ഭരണകൂടങ്ങളുടെ ആവശ്യകത, ഇന്ത്യയിൽ അവയുടെ വളർച്ച, ആസൂത്രണ കമ്മീഷൻ, പഞ്ചവത്സര പദ്ധതികൾ, അയൽരാജ്യങ്ങളുമായുള്ള ബന്ധം, സാമൂഹ്യ / നവസാമൂഹ്യ മുന്നേറ്റങ്ങൾ, പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും എന്നിവയാണ്. ബിസിനസ് സ്റ്റഡീസിൽ നിന്ന് ജി. എസ്. ടി, നോട്ട് നിരോധനം, ഉപഭോക്തൃ സംരക്ഷണം എന്നിവയും ഒഴിവാക്കി. സിലബസ് ക്രമീകരണത്തിന്റെ അടിസ്ഥാന തത്വങ്ങളോ പഠനപ്രക്രിയയോ പരിഗണിക്കാതെയാണ് ശാസ്ത്രവിഷയങ്ങളിലെ പാഠഭാഗങ്ങൾ പലതും വെട്ടിമാറ്റിയത്. ഇത്തരം ഇടപെടൽ പുതിയ കരിക്കുലത്തിന്റെ നിർമിതിയിലും സംഭവിച്ചേക്കാം. മൂല്യനിർണയത്തിൽ ദേശീയമാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി എന്ന സംവിധാനവും പുതുതായി നിലവിൽ വരികയാണ്. ഇതോടെ പരീക്ഷകളുടെ കാര്യവും തീരുമാനമാവും. ഇപ്രകാരം വിവിധതരം സമിതികൾ, കരിക്കുലം രൂപരേഖകൾ, മാർഗരേഖകൾ, മറ്റ് ഏകീകരണ നടപടികൾ എന്നിവ വഴി വിദ്യാഭ്യാസമേഖലയിൽ എല്ലാതരത്തിലും പിടിമുറുക്കാനുള്ള സൗകര്യങ്ങളാണ് ഈ നയരേഖ കേന്ദ്രസർക്കാറിന് പ്രദാനം ചെയ്യുന്നത്. ഭരണഘടനാഭേദഗതി ഇല്ലാതെ തന്നെ കൺകറന്റ് ലിസ്റ്റിലെ ഇനത്തെ കേന്ദ്രലിസ്റ്റിലെ ഇനമാക്കി മാറ്റാനാണ് ഇത് വഴിവെക്കുക. സ്വന്തമായി പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ, മൂല്യനിർണയ സമീപനം എന്നിവ തയ്യാറാക്കി മുന്നോട്ടുപോകുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് അത്തരം സ്വാതന്ത്ര്യം ഇനി എത്രകണ്ട് ഉപയോഗിക്കാനാവും എന്നതിൽ സംശയമുണ്ട്. പുതിയ രീതികളും ആവിഷ്കരണങ്ങളും അന്വേഷണങ്ങളും വഴി അനുദിനം മെച്ചപ്പെടേണ്ട വിദ്യാഭ്യാസമേഖലയ്ക്ക് ഇത് ഒട്ടും ഗുണകരമാവില്ല. വിദ്യാഭ്യാസ പ്രക്രിയയിൽ അധ്യാപകരുടെ റോൾ വല്ലാതെ പരിമിതപ്പെടുത്താൻ ഈ നയരേഖ ഇട വരുത്തിയേക്കും. സെക്ഷൻ 4.31ൽ അധ്യാപകർക്ക് അവർക്കിഷ്ടമുള്ള പാഠപുസ്തകങ്ങൾ പഠിപ്പിക്കാമെന്നും അതിനായി അവർക്ക് ഇഷ്ടമുള്ള ബോധനതന്ത്രം സ്വീകരിക്കാമെന്നും പറയുന്നു. ഈ നിർദേശം വിദ്യാഭ്യാസരംഗത്തെ ഉള്ളടക്കപരമായും ബോധനശാസ്ത്രപരമായും അരാജകത്വത്തിലേക്ക് നയിക്കാൻ ഇടയുണ്ട്. ഇതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അധ്യാപകരെ വിലയിരുത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾ. ദേശീയാടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ച്? ദേശീയതലത്തിൽ തന്നെ രൂപീകരിക്കുന്ന ഒരു ഏജൻസി ആയിരിക്കും അധ്യാപകരെ വിലയിരുത്തുകയെന്നു പറയുന്നു. അധ്യാപകർ വിലയിരുത്തലിന് വിധേയമാകേണ്ടവരാണ്. അത് അവരുടെ പ്രൊഫഷണൽ കഴിവ് വർധിപ്പിക്കുന്നതിന് ആകണം. പക്ഷേ ഈ നയരേഖ മുന്നോട്ടുവയ്ക്കുന്ന നിലപാട് മറ്റൊന്നാണ്. അധ്യാപകരുടെ ഇൻക്രിമെന്റ്, സ്ഥാനക്കയറ്റം, നിലനിൽപ്പ് എന്നിവയെല്ലാം ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നുപറയുന്നതോടെ വിലയിരുത്തലിന്റെ ഉദ്ദേശംതന്നെ മാറുകയാണ്. സ്കൂൾ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരുടെയും അധികാരികളുടെയും ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്ന ഫ്യൂഡൽരീതിയാകും ഇതുവഴി തിരിച്ചുവരിക. ഇത് വിദ്യാഭ്യാസരംഗത്തെ എല്ലാ സർഗാത്മകതയെയും ഇല്ലാതാക്കാൻ ഇടയാക്കിയേക്കാം. മാത്രവുമല്ല, അധികാരികളുടെയും സാങ്കേതികവിദ്യ മുഖ്യസ്ഥാനത്തെത്തുന്നതോടുകൂടി സാങ്കേതികവിദ്യാ വിദഗ്ധരുടെയും ആജ്ഞാനുവർത്തികളായി മാറാൻ അധ്യാപകർ നിർബന്ധിക്കപ്പെട്ടേക്കാം. ഇത് വിദ്യാഭ്യാസരംഗത്ത് വലിയ തിരിച്ചടികൾക്ക് കാരണമായേക്കും.
വർഗീയവൽകരണത്തിന്റെ അന്തർധാരകൾ
വിദ്യാഭ്യാസത്തിന്റെ വർഗീയവൽകരണത്തിന് സഹായകരമാകുന്ന ഒട്ടനവധി നിർദേശങ്ങൾ സ്കൂൾ മേഖലയിൽ ഈ നയരേഖയിൽ ഉടനീളമുണ്ട്. ചില ഉദാഹരണങ്ങൾ: ദേശീയവിദ്യാഭ്യാസനയത്തിന്റെ ആമുഖത്തിൽ മനഃപാഠം പഠിക്കുന്നതിനെതിരെയും വിമർശനാത്മകത വളർത്തിക്കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും കുറിച്ച് സൂചിപ്പിക്കുന്ന ഘട്ടത്തിൽ മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം എന്നിവ എടുത്തുപറയാൻ രേഖ താത്പര്യപ്പെടുന്നില്ല. ഇതിൽ പലേടത്തും ഭാരതവത്കരണം (Indianisation), ഇന്ത്യൻ ധാർമികത (Indian ethos) തുടങ്ങിയ പ്രയോഗങ്ങളും പദങ്ങളും ധാരാളമായി ഉപയോഗിച്ചുകാണുന്നു. സേവ, അഹിംസ, സ്വച്ഛത, സത്യം, നിഷ്കാമകർമം, ശാന്തി, ത്യാഗം, സഹിഷ്ണുത തുടങ്ങിയ 'ഇന്ത്യൻ മൂല്യങ്ങൾ' ഊന്നിപ്പറയുന്നു (4.28). ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ശരിമാത്രം ചെയ്യാൻ പഠിപ്പിക്കണം എന്നും പറയുന്നു. ആത്യന്തികമായ ശരികൾ എന്നൊന്നുണ്ടോ, അസമമായ ഇന്ത്യൻ സാമൂഹികാവസ്ഥയിൽ ആരുടെ ശരിയാണ് യഥാർഥശരി എന്നതൊക്കെ പ്രശ്നമാണ്. ശാസ്ത്രബോധം, ശാസ്ത്രത്തിന്റെ രീതി എന്നിവ പരിപോഷിപ്പിക്കണം എന്ന് രേഖ മറ്റൊരിടത്ത് പറയുന്നു. എന്നാൽ ചോദ്യം ചെയ്യുക, അന്വേഷിക്കുക, വിവരങ്ങളും വസ്തുതകളും ശേഖരിക്കുക, അതിൽനിന്ന് പുതിയ നിഗമനങ്ങളിലെത്തുക, നിലവിലുള്ള ശരിയെ തിരുത്തിക്കൊണ്ട് കൂടുതൽ ശരിയിലേക്ക് പോവുക എന്ന ശാസ്ത്രത്തിന്റെ രീതി തന്നെ ഈ സെക്ഷൻ അപ്രസക്തമാക്കുന്നു. സെക്ഷൻ 4.27 ൽ ഇന്ത്യൻ വിജ്ഞാന ശാഖകളെക്കുറിച്ചും തനത് ട്രൈബൽ ജ്ഞാനത്തെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്. ഇതൊക്കെ തനത് കളികളിലൂടെ കുട്ടികളെ പഠിപ്പിക്കണമെന്നും നയരേഖ പറയുന്നു. ഇന്ത്യയിൽ ട്രൈബൽസമൂഹം അവരുടേതായ ജീവിതപ്രവർത്തനത്തിന്റെ ഭാഗമായി എണ്ണമറ്റ അറിവുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ ചിലവ ആധുനിക ലോകത്തുപോലും പ്രസക്തവും മറ്റുചിലത് അപ്രസക്തവുമാണ്. ഇതെല്ലാം എങ്ങനെ വേർതിരിച്ചെടുക്കാമെന്നത് വലിയൊരു സമസ്യയാണ്. ട്രൈബൽജ്ഞാനം എന്ന ലേബലിൽ നിക്ഷിപ്തമായ ചില താത്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ഈ സെക്ഷൻ പ്രയോജനപ്പെടുത്തിയേക്കാം. ഇന്ത്യയിലെ പൗരാണികമായ പണ്ഡിതന്മാരെക്കുറിച്ച് ആമുഖഭാഗത്ത് പരാമർശിക്കുന്നുണ്ട്. അതിൽ വേദിക് - ബ്രാഹ്മണ്യ പാരമ്പര്യത്തിന്റെ വക്താക്കളെയാണ് മുഖ്യമായും എടുത്തുപറഞ്ഞിട്ടുള്ളത്. പൗരാണികജ്ഞാനികളുടെ കൂട്ടത്തിൽനിന്നും ചാർവാകനെയും മറ്റും ബോധപൂർവ്വം വിട്ടിട്ടുമുണ്ട്. ജൈന, ബൗദ്ധധാരയിലൂടെ വന്ന പല പണ്ഡിതരെയും അവഗണിച്ചിരിക്കുന്നു. ഇസ്ലാമിക കാലഘട്ടത്തിലെ സംഭാവനകളും പിന്നീട് ജാതിമേധാവിത്തത്തിനെതിരെ നിലകൊണ്ട സാമൂഹികപരിഷ്കർത്താക്കളെയും പൂർണമായും വിട്ടിരിക്കുന്നു. വൈദികസംസ്കാരകാലഘട്ടത്തിനും എത്രയോ മുമ്പ് വികസിതമായ ഒരു കാർഷികസംസ്കാരം ഇവിടെ നിലനിന്നിരുന്നു എന്നതും ഓർക്കാവുന്നതാണ്. ചുരുക്കത്തിൽ ഇന്ത്യൻ സംസ്കാരം ഏകമുഖമല്ല, മറിച്ച് വൈവിധ്യമാർന്നതാണ്. ബൗദ്ധം, ജൈനം, മീമാംസ, സാംഖ്യം, ലോകായതം, ന്യായ - വൈശേഷികങ്ങളുടെ പ്രാരംഭരൂപം തുടങ്ങിയവ നിരീശ്വരവാദ ദർശനങ്ങളായിരുന്നു. എന്നാൽ അതൊക്കെയും മറച്ചുപിടിച്ചുകൊണ്ട് ഇന്ത്യൻ പാരമ്പര്യമെന്നത് വേദിക് - സവർണ പാരമ്പര്യമാണ് എന്നുവരുത്താനുള്ള ശ്രമം ഈ രേഖയിൽ ശക്തമാണ്.
സാക്ഷരതയും തുടർവിദ്യാഭ്യാസവും
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ സാക്ഷരതാനിരക്ക് 74.01 ആണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ നമ്മുടെ രാജ്യത്ത് 26% നിരക്ഷരരുണ്ട്. ഇത് ഏതാണ്ട് മുപ്പത് കോടിക്കടുത്ത് വരും. ഇതിൽ ഇരുപത് കോടിക്കടുത്ത് സ്ത്രീകളാണ്. ഇത്തരം ഒരു പശ്ചാത്തലത്തിലാണ് ദേശീയ വിദ്യാഭ്യാസനയം വന്നിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 74-ാം വാർഷിക ഘട്ടത്തിലും നമ്മുടെ ജനാധിപത്യപ്രക്രിയയിൽ പരിമിതമായ അറിവിന്റെ തലത്തിൽനിന്നുപോലും പങ്കെടുക്കാൻ കഴിയാത്ത നാലിലൊന്ന് ജനതയുണ്ട് എന്ന യാഥാർത്ഥ്യം പരിഗണിക്കാതെയാണ് സാക്ഷരതയും തുടർവിദ്യാഭ്യാസവും എന്ന ഭാഗം വിദ്യാഭ്യാസനയത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. സെക്ഷൻ 21.2 ൽ നിരക്ഷരരാവുന്നതുകൊണ്ട് ഉണ്ടാവുന്ന ദോഷവശങ്ങളെക്കുറിച്ച് ഉപരിപ്ലവമായ ഒട്ടേറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഒറ്റവായനയിൽ തന്നെ അതെല്ലാം അപ്രസക്തമാണെന്ന് മനസ്സിലാകും. നിരക്ഷരർക്ക് സാമ്പത്തിക വിനിമയത്തിലേർപ്പെടാനും ഗുണമേന്മയുള്ള വസ്തുക്കൾ യഥാർഥ അളവിൽ വാങ്ങാനും അവയുടെ വില കണക്കാക്കാനും കഴിയില്ല, ജോലിക്കോ ലോണിനോ അപേക്ഷിക്കാൻ കഴിയില്ല, ബിസിനസ് നടത്താൻ കഴിയില്ല, ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വിജയകരമായി ഉപയോഗിക്കാൻ കഴിയില്ല തുടങ്ങിയ പ്രസ്താവനകൾ യഥാർഥ സാക്ഷരതയുടെയും തുടർവിദ്യാഭ്യാസത്തിന്റെയും അനിവാര്യതകളെയും സാധ്യതകളെയും വല്ലാതെ പരിമിതപ്പെടുത്തുന്നുണ്ട്. നല്ല ഉപഭോക്താവാകലാണ് സാക്ഷരതയുടെ ലക്ഷണവും ലക്ഷ്യവും എന്ന വാദം അംഗീകരിക്കാനാവില്ല. 1988 കാലത്ത് നാഷണൽ ലിറ്ററസി മിഷന്റെ നേതൃത്വത്തിൽ നടന്ന ജനകീയ സാക്ഷരതാ പരിപാടി വിജയകരമായിരുന്നുവെന്നും അതിന്റെ പ്രതിഫലനം സമൂഹത്തിലാകെ ഉണ്ടായെന്നും സ്ത്രീകളുടെയും മറ്റും സാക്ഷരതാനിരക്ക് വർധിച്ചെന്നും നയരേഖ തന്നെ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ സമൂഹപങ്കാളിത്തം വർദ്ധിതമായ തോതിൽ ഉണ്ടാക്കണമെന്നും നയരേഖയിൽ പറയുന്നു. പക്ഷെ ഇതിനായി നിർദേശിക്കുന്നതാകട്ടെ 1980 കളിലും അതിനുമുമ്പും നടപ്പാക്കി പരാജയപ്പെട്ട പദ്ധതികളാണ്. നിരക്ഷരരിൽ ഒരാളെ അഭ്യസ്തവിദ്യരിൽ ഒരാൾ സാക്ഷരനാക്കുക എന്നത് ഉദാഹരണം. മാത്രവുമല്ല, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും ഓൺലൈൻ കോഴ്സുകൾ നടത്തിയും ടെലിവിഷൻ ചാനലിലൂടെയും ജനങ്ങളെ സാക്ഷരരാക്കാമെന്നും നയം സ്വപ്നം കാണുന്നു. സാക്ഷരതയെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റി സമൂഹത്തിന്റെയാകെ പൊതുഅജണ്ടയാക്കുകയും അതിനാവശ്യമായ അന്തരീക്ഷസൃഷ്ടി നടത്തുകയും ചെയ്തുകൊണ്ട് മാത്രമേ നിരക്ഷരതയെ മറികടക്കാൻ കഴിയൂ. എറണാകുളത്തും പിന്നീട് കേരളത്തിലും പരീക്ഷിച്ച് വൻവിജയമായി മാറിയ വികേന്ദ്രീകൃതവും ജനകീയവുമായ ആ മാതൃകയെ വിസ്മരിച്ച്, ഈ നയവും ചില ആശയങ്ങൾ മുന്നോട്ട് വെക്കുന്നുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ആത്മാർത്ഥതയില്ലാത്ത ശ്രമത്തെ ചോദ്യം ചെയ്യാൻ കേരളീയരായ നമുക്ക് അവകാശമുണ്ട്.
ഭാഗം - 3
ഉന്നതവിദ്യാഭ്യാസം
പുതിയ വിജ്ഞാനത്തെക്കുറിച്ചുള്ള അന്വേഷണവും നിർമാണവും അവ സമൂഹത്തിന് ലഭ്യമാക്കലുമാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം. പുതിയ അറിവിന്റെ വെളിച്ചത്തിൽ പഴയതിനെ വിമർശനാത്മകമായി വിലയിരുത്താൻ ഉന്നതവിദ്യാഭ്യാസം പുതിയ തലമുറയെ പ്രാപ്തമാക്കേണ്ടതുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശരിയായ നേതൃത്വം ഉയർന്നുവരേണ്ടതും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നാണ്. ഉയർന്ന സാമൂഹികബോധത്തോടെയും മൂല്യവിചാരത്തോടെയും ഉത്പാദനമേഖലകളിൽ ഇടപെടാനും അവർക്കുകഴിയണം. സ്വതന്ത്രവും സർഗാത്മകവുമായ ചിന്തയും പ്രവർത്തനവും അനുവദിക്കുന്ന ഇടമായി നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറിയാലേ ഇപ്പറഞ്ഞവയൊക്കെ സാധ്യമാകൂ. 1956 ലെ ആക്റ്റ് പ്രകാരം നിലവിൽവന്ന യു.ജി.സി.യാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഗുണനിലവാരവും ഫണ്ടിങ്ങും ഇതുവരെയും ഏകോപിപ്പിക്കുന്നത്. ഐ. ഐ. ടി. കളെയും ഐ. ഐ. എമ്മുകളെയും പോലുള്ള കുറച്ച് നല്ല സ്ഥാപനങ്ങൾ നമുക്കുണ്ട്. എന്നാൽ നമ്മുടെ ഏറ്റവും മികച്ച സ്ഥാപനങ്ങൾ പോലും ലോകറാങ്കിങ്ങിൽ പിറകിലാണ്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നിലവാരത്തകർച്ചയുടെയും കഥകളാണ് കൂടുതലും ഉയരുന്നത്. മികച്ച അധ്യാപകരുടെ കുറവ്, ഫണ്ടിന്റെ അപര്യാപ്തത, ജനാധിപത്യവേദികളുടെ ശോഷണം, സർഗാത്മകതയെ കൂച്ചുവിലങ്ങിടൽ, ഭരണകൂടത്തിന്റെ താത്പര്യങ്ങൾ അടിച്ചേൽപിക്കൽ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരാതികളാണ് അടുത്തകാലത്ത് ഉണ്ടാവുന്നത്. ഇവയൊക്കെ അഭിമുഖീകരിക്കുന്നതും അവയ്ക്കുള്ള പ്രതിവിധികൾ അവതരിപ്പിക്കുന്നതുമാണോ പുതിയ വിദ്യാഭ്യാസനയം എന്ന ചോദ്യം ഉയർന്നുവരും. സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾ കുറച്ചുകൊണ്ടുവരും വിധത്തിൽ എല്ലാ വിഭാഗങ്ങൾക്കും ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസത്തിന് അവസരം ഒരുക്കുന്നതാണോ നിർദിഷ്ട നയം എന്നും പരിശോധിക്കേണ്ടതുണ്ട്.
നയത്തിൽ പറയുന്നത്
ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ വിദ്യാഭ്യാസനയം ആവിഷ്കരിച്ചിരിക്കുന്നത് എന്നാണ് അവകാശവാദം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിജ്ഞാന സമ്പദ് വ്യവസ്ഥയും വൈജ്ഞാനിക സമൂഹവികാസവും അത് ലക്ഷ്യമിടുന്നു. ഇത്തരമൊരു സമൂഹത്തിന്റെ ഭാഗമാകണമെങ്കിൽ ഒന്നോ അതിലേറെയോ വിശേഷവിഷയങ്ങളിൽ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നാണ് നിലപാട്. മെച്ചപ്പെട്ടവരും ചിന്താശീലരും സർഗശേഷിയുള്ളവരുമായ വ്യക്തികളെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആവശ്യപ്പെടുന്നത് എന്ന് സൂചിപ്പിക്കുന്നു. ഇതിന് നൈപുണികളും മൂല്യബോധവും ഉള്ള വ്യക്തികളെ വളർത്തിയെടുക്കേണ്ടതുണ്ട് എന്നും ഓർമിപ്പിക്കുന്നു. വിജ്ഞാനോൽപാദനത്തിനും പുതുക്കലിനുമുള്ള അടിത്തറയാകണം ഉന്നതവിദ്യാഭ്യാസം. വളർന്നുവരുന്ന സാമ്പത്തികശക്തികൾക്ക് ഇതാവശ്യമാണ്. വ്യക്തികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനും അപ്പുറമാകണം അത്. അത്തരം ഒരു സമൂഹസൃഷ്ടിക്ക് ഇന്നത്തെ ഉന്നതവിദ്യാഭ്യാസ മേഖല പ്രാപ്തമല്ല എന്ന വിമർശനം നയരേഖ മുന്നോട്ടുവെക്കുന്നു.
കണ്ടെത്തിയിട്ടുള്ള പരിമിതികൾ
ഉന്നതവിദ്യാഭ്യാസമേഖല കടുത്ത രീതിയിൽ ശകലിതമാണ് (fragmented). ധാരണകൾ രൂപപ്പെടുന്നതിലും പഠനഫലത്തിലും ഊന്നൽ നൽകുന്നില്ല. വിജ്ഞാനശാഖകൾ തമ്മിൽ കർക്കശമായ വേർതിരിവാണുള്ളത്. പഠനമേഖലകൾ ഇടുങ്ങിയതാണ്. സാമൂഹിക-സാമ്പത്തിക മേഖലകളിൽ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം കിട്ടുന്നില്ല. പ്രാദേശികഭാഷയിൽ പഠിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ കുറവാണ്. അധ്യാപകർക്കും സ്ഥാപനങ്ങൾക്കും സ്വയംഭരണാവകാശം ഇല്ല. യോഗ്യതയെ ആധാരമാക്കിയുള്ള സ്ഥാനക്കയറ്റത്തിന് വേണ്ടത്ര സംവിധാനങ്ങളില്ല. ഗവേഷണത്തിന് പ്രാധാന്യം നൽകുന്നില്ല. ഫലപ്രദമായ നിയന്ത്രണങ്ങളില്ല. ഭരണനിർവഹണവും നേതൃത്വവും ദുർബലമാണ്. ഭൂരിഭാഗം സർവകലാശാലകളും വലിപ്പംകൂടിയതും അഫിലിയേറ്റിങ്ങ് വിഭാഗത്തിൽ പെട്ടവയുമാണ്. ബിരുദപഠനം നിലവാരം കുറഞ്ഞതാണ്. ഈ പരിമിതികളിൽ പലതും മുൻനയരേഖകളിലും ചൂണ്ടിക്കാണിക്കപ്പെട്ടവയാണ്. ഇവ പൊതുവിൽ ഘടന, നിയന്ത്രണം തുടങ്ങിയവയെ കേന്ദ്രീകരിച്ചുള്ളവയാണ്. നിലവാരക്കുറവ് ആഴത്തിൽ വിശകലനം ചെയ്യുന്നില്ല എന്ന പ്രശ്നം ബാക്കിയാവുന്നു. ഭൗതികസാഹചര്യങ്ങളുടെ അഭാവം, അക്കാദമികനിലവാരത്തിലെ കുറവുകൾ, ഫണ്ടിങ്ങിലെ അപര്യാപ്തത തുടങ്ങിയവയുടെ അടിസ്ഥാനകാരണങ്ങളിലേക്ക് പോകുംവിധം നിലവിലുള്ള പ്രശ്നങ്ങളെ ആഴത്തിൽ പരിശോധിക്കാൻ രേഖ തയ്യാറാക്കിയവർ തയ്യാറാകുന്നില്ല എന്നത് പറയാതെവയ്യ. ഉന്നതവിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള ചർച്ചയിൽ പൊതുസമൂഹം ഇതിലേറെ പോരായ്മകൾ ചൂണ്ടിക്കാണിക്കാറുണ്ട് എന്ന് നമുക്കറിയാം. നിരവധി കമ്മീഷനുകൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇവ പരിഹരിക്കാൻ നടപ്പിലാക്കിയ നടപടികൾ രോഗം മൂർച്ഛിക്കുന്നതിനാണ് ആത്യന്തികമായി ഇടവരുത്തിയത്. പ്രാപ്യത (access) വർധിപ്പിക്കുന്നതിനും തുല്യത (equity) ഉറപ്പാക്കുന്നതിനും ശ്രമിച്ചപ്പോൾ ഗുണനിലവാരത്തിൽ ശ്രദ്ധ കുറഞ്ഞുപോയി എന്നതാണ് മുൻനയരേഖകളുടെ ദൗർബല്യമായി ചൂണ്ടിക്കാണിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തോത് 26.3% മാത്രമാണെന്നത് പ്രാപ്യത വർധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്. പിന്നോക്കജാതിക്കാർ, ന്യൂനപക്ഷവിഭാഗങ്ങൾ, സ്ത്രീകൾ, പട്ടികവിഭാഗങ്ങൾ എന്നിവരുടെയും അവികസിത പ്രദേശങ്ങളിലേയും പ്രവേശനനിരക്ക് മറ്റു വിഭാഗങ്ങളുടേതിനേക്കാൾ കുറവാണ് എന്നത് തുല്യത കൈവരിക്കാനായിട്ടില്ല എന്നതിന്റെ നിദർശനമാണ്. വികസനത്തിലെ പ്രാദേശിക അസന്തുലിതാവസ്ഥ, അതിശക്തമായ ഗ്രാമ- നഗര ഭിന്നത, ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വിവേചനം എന്നിവയാണ് പ്രവേശനത്തോത് കുറയുന്നതിന് പ്രധാനകാരണങ്ങളെന്ന് ഭരണസംവിധാനങ്ങൾക്ക് അറിയാം. ഈ പരിമിതികളെല്ലാം ഇല്ലാതാക്കാൻ വേണ്ടി രൂപപ്പെടുത്തിയതത്രേ പുതിയ വിദ്യാഭ്യാസ നയം. ഇത്തരം തടസ്സങ്ങൾ ഒഴിവാക്കി പ്രവേശനനിരക്ക് വർധിപ്പിക്കുന്നതിനും ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനും അത് ലക്ഷ്യമിടുന്നു. വിദ്യനേടിയവർ തൊഴിലിന് അർഹരാകുന്ന അവസ്ഥയുണ്ടാകുമെന്നാണ് പറയുന്നത്. തൊഴിൽനൈപുണ്യം ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രധാന ഘടകമാക്കിയും ഇന്ത്യയുടെ സാംസ്കാരികപൈതൃകം പുതുതലമുറയുടെ അറിവിന്റെ ഭാഗമാക്കിയും പുരാതന ഇന്ത്യക്ക് വിദ്യാഭ്യാസരംഗത്ത് ലോകസമൂഹത്തിലുണ്ടായിരുന്ന പ്രഥമസ്ഥാനം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് ഈ നയം പ്രതീക്ഷിക്കുന്നു. അങ്ങനെയായാൽ ദുർബല ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും അടങ്ങുന്ന സാമൂഹിക-സാമ്പത്തിക-പിന്നോക്ക വിഭാഗങ്ങളെ (Socio Economically Disadvantaged Group, SEDG) പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലെത്തിക്കാനാവുമത്രേ. ഉന്നതവിദ്യാഭ്യാസത്തിന്റെ ചെലവ് ഏവർക്കും താങ്ങാനാവുന്നതാക്കി പ്രവേശനനിരക്ക് ഇന്നത്തെ 26.3% ൽനിന്ന് 50% ആയി വർധിപ്പിക്കുമെന്നും നയരേഖ പറഞ്ഞുവെക്കുന്നു. ഇന്ന് നിലവിലുള്ള 800 സർവകലാശാലകളും 40,000 കോളേജുകളും ഏകീകരിച്ച് 15,000 സ്ഥാപനങ്ങളായി ഉയർത്തുമ്പോൾ എങ്ങനെയാണ് പ്രവേശനത്തോത് ഉയരുക എന്ന ചോദ്യത്തിന് മറുപടിയില്ല. ചെറിയ കോളേജുകൾ ഇല്ലാതാക്കിയോ പരസ്പരം ചേർത്തോ എണ്ണം കുറക്കുമ്പോൾ ഗ്രാമപ്രദേശങ്ങളിലും ഗോത്രവർഗമേഖലകളിലും മറ്റും പഠനസൗകര്യമില്ലാതെ കുട്ടികൾ വലയും എന്ന് വ്യക്തമാണ്.
പ്രധാനനിർദേശങ്ങൾ
പ്രശ്നപരിഹാരത്തിനായി ഈ രേഖ മുന്നോട്ട് വെക്കുന്ന സുപ്രധാന നിർദേശങ്ങൾ ഇവയാണ്: വലിയ ബഹുവിഷയ സർവകലാശാലകളും കോളേജകളും, ഒരു ജില്ലയിൽ ഒന്നെങ്കിലും വീതം സ്ഥാപിക്കും. ബിരുദതല വിദ്യാഭ്യാസം കൂടുതൽ ബഹുവിഷയാധിഷ്ഠിതം (Multi-disciplinary) ആക്കും. സ്ഥാപനങ്ങൾക്കും അധ്യാപകർക്കും സ്വയംഭരണം നൽകും. നിയമനങ്ങൾ മെറിറ്റ് അധിഷ്ഠിതമാക്കും. ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വവും മാർഗനിർദേശവും നൽകാൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ (National Research Foundation, NRF) രൂപീകരിക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിർവഹണം യോഗ്യതയുള്ള നിഷ്പക്ഷ ഗവേണിംഗ് ബോർഡുകളെ ഏൽപ്പിക്കും. ഈ ബോർഡുകൾക്ക് ഭരണപരവും അക്കാദമികവുമായ സ്വയംഭരണാധികാരം ഉണ്ടായിരിക്കും. 'ടെന്വർ ട്രാക്കിങ്ങി'ലൂടെ അധ്യാപകരുടെ ഗുണനിലവാരം ഉറപ്പുവരുത്തും. 'ലൈറ്റ് ബട്ട് ടൈറ്റ്' രീതിയിലൂടെ സ്ഥാപനങ്ങളുടെ മേന്മ ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഘടന, കോഴ്സുകളുടെ ഉള്ളടക്കം, ഭരണം, നിയന്ത്രണം, ഗവേഷണം, സാമ്പത്തികസഹായം, ബോധനം എന്നിവയ്ക്കുള്ള സംവിധാനങ്ങളിൽ സമൂലമായ പരിഷ്കരണമാണ് വിദ്യാഭ്യാസനയം നിർദേശിക്കുന്നത്. എന്നാൽ മേൽപറഞ്ഞ പല പരിഹാരനിർദേശങ്ങളിലും അടങ്ങിയിരിക്കുന്നത് നവലിബറൽ ആശയങ്ങളാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണ്. പൊതുമേഖലയുടെ സ്ഥാനത്ത് സ്വകാര്യമേഖലയെ പ്രതിഷ്ഠിക്കുന്നതിന് സഹായിക്കുന്ന കോടതിയുത്തരവുകൾ തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. പരോപകാരതൽപരരായ വ്യക്തികൾക്കും സംഘടനകൾക്കും ഉന്നതവിദ്യാഭ്യാസ സംവിധാനത്തിൽ വർധിച്ച പങ്കാളിത്തമാണ് ഇവിടെ നിർദേശിച്ചിരിക്കുന്നത്. വിദേശ സർവകലാശാലകൾക്കും ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് ഇനി നിർബാധം കടന്നുവരാം. വിദ്യാഭ്യാസനയരേഖയിൽ നിർദേശിക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങൾ വിശദമായി പരിശോധിക്കുന്നതിനുമുൻപ് അവയ്ക്ക് പശ്ചാത്തലമൊരുക്കിയ ചില കാഴ്ചപ്പാടുകളും നടപടികളും പരാമർശിക്കപ്പെടേണ്ടതുണ്ട്. 1990 കളുടെ തുടക്കം മുതൽ ഇന്ത്യൻ ഭരണകൂടത്തെ സ്വാധീനിച്ച നവ ഉദാരവൽകരണനയങ്ങളാണ് ഇതിൽ പ്രധാനം. എല്ലാവരുടെയും വിദ്യാഭ്യാസത്തിനുള്ള ചെലവ് വഹിക്കാൻ സർക്കാരിന് കഴിയില്ലെന്ന ആശയം അതോടെ പ്രബലമായി. സർക്കാർ പൊതുവിദ്യാഭ്യാസത്തിൽ കേന്ദ്രീകരിക്കുകയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യമേഖലയ്ക്ക് വർദ്ധിച്ച പങ്ക് നൽകുകയും വേണം എന്നായിരുന്നു നിർദേശം. കേന്ദ്രസർവകലാശാലകൾ, സ്റ്റേറ്റ് സർവകലാശാലകൾ, സർക്കാർ കോളേജുകൾ എന്നിവയിലേക്ക് സർക്കാരുകൾ ഒതുങ്ങി. ശ്രേഷ്ഠസ്ഥാപനങ്ങൾക്ക് (Centre of Excellence) കൂടുതൽ പ്രോത്സാഹനം നൽകുന്ന നിലപാടാണ് കേന്ദ്രസർക്കാരും UGC യും തുടർന്നത്. നഗര-ഗ്രാമ പ്രദേശങ്ങളിൽ പുതിയ സ്വകാര്യകോളേജുകളും സ്വകാര്യസർവകലാശാലകളും സ്ഥാപിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസമേഖലയെ സ്വകാര്യമൂലധനം കൈയടക്കി. കോർപ്പറേറ്റ് മേഖലയിൽ സ്വദേശത്തും വിദേശത്തും ആവശ്യമായി വരുന്ന തൊഴിലുകൾക്ക് അനുയോജ്യമായ പുതുതലമുറ കോഴ്സുകളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കി. ഇത്തരം കോഴ്സുകൾക്ക് വേണ്ടിയാണ് സ്വാശ്രയമേഖല പ്രധാനമായും രംഗപ്രവേശം ചെയ്തതുതന്നെ. ഉന്നതവിദ്യാഭ്യാസ മേഖല സാമ്പത്തിക ശേഷിയുള്ളവർക്ക് മുൻതൂക്കം ലഭിക്കുന്നതാക്കാൻ ഇതൊക്കെയും കാരണമായി. അതോടൊപ്പം മാനവികവിഷയങ്ങളും ശുദ്ധശാസ്ത്രവിഷയങ്ങളും അനാകർഷകവും അനാവശ്യവുമാണെന്നുവരെ കണക്കാക്കുന്ന സാഹചര്യമുണ്ടായി. ഇന്ന് ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തിന്റെ 45.2 % ഉം സ്വാശ്രയ സ്ഥാപനങ്ങളിലും 21.2 % എയ്ഡഡ് സ്ഥാപനങ്ങളിലുമാണ്. സ്വകാര്യമേഖലയ്ക്കുള്ള മേധാവിത്തം ഇതിൽനിന്ന് വ്യക്തമാണല്ലോ. കേരളത്തിലും സ്ഥിതി ഭിന്നമല്ല. കേരളത്തിലെ ഏറ്റവും പുതിയ അഫിലിയേറ്റിങ്ങ് സർവകലാശാലയായ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഉള്ള 51 ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 30 എണ്ണം സ്വാശ്രയകോളേജുകളാണ് (58.5%). 22 എഞ്ചിനീയറിംഗ് കോളേജുകളിൽ 17 എണ്ണവും (77.3%) സ്വാശ്രയമേഖലയിൽ തന്നെ. ഇതിനൊപ്പം എയിഡഡ് കോളേജുകളിലുള്ള സ്വാശ്രയകോഴ്സുകളും കണക്കിലെടുക്കേണ്ടതുണ്ട്. സർവകലാശാലകൾ പ്രവർത്തനത്തിനാവശ്യമായ ഫണ്ട് സ്വയം സമാഹരിക്കണമെന്ന നിർദേശം ഈ കാലഘട്ടത്തിലാണ് ഉണ്ടാകുന്നത്. പ്രവർത്തനഫണ്ട് സമാഹരിക്കുന്ന യൂണിവേഴ്സിറ്റികൾക്ക് യു.ജി.സി മാച്ചിങ് ഗ്രാൻഡ് നൽകണമെന്ന് കെ. പുന്നയ്യ കമ്മറ്റി നിർദേശിക്കുകയുണ്ടായി. കോഴ്സുകളുടെ കാര്യത്തിൽ അയവുള്ള സമീപനവും സ്ഥാപനങ്ങൾക്കും ഫാക്കൽറ്റിക്കും സ്വയംഭരണവും എന്ന നിർദേശം ജ്ഞാനംകമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടായി (1993). ആദ്യത്തെ സ്വയംഭരണകോളേജ് 1978 ലാണ് പ്രവർത്തനം തുടങ്ങിയത്. ഒന്നാം യു.പി.എ സർക്കാർ നിയമിച്ച നോളജ് കമ്മീഷൻ (knowledge commission) ആണ് അഫിലിയേറ്റിംഗ് സർവകലാശാലകളുടെ ദൗർബല്യം പരിഹരിക്കുന്നതിന് കോളേജുകൾക്ക് സ്വയംഭരണം നൽകണമെന്ന നിർദേശം മുന്നോട്ടുവച്ചത്. നൂറുകണക്കിന് കോളേജുകളെ അഫിലിയേറ്റ് ചെയ്തിട്ടുള്ള നമ്മുടെ സർവകലാശാലകൾ പ്രവർത്തന മികവ് കാട്ടുന്നില്ല എന്നത് സത്യമാണ്. സമയത്തിന് പരീക്ഷ നടത്താനും ചിട്ടയായി ഫലം പ്രഖ്യാപിക്കാനും പോലും അവയ്ക്ക് കഴിയുന്നില്ല. നോളജ് കമ്മീഷൻ പറഞ്ഞത് "Under graduate colleges are constrained by their affiliated status, the problem is particularly acute for under graduate colleges that are good, for both teachers and students are subjetcted to the ‘convoy problem’ in so far as they are forced to move at the speed of the slowest." എന്നാണ്. മോശം നിലവാരമുള്ള കോളേജുകൾക്ക് സഹായം നൽകി മെച്ചപ്പെടുത്തൽ ലക്ഷ്യമല്ല. പകരം മെച്ചപ്പെട്ട കോളേജുകൾക്ക്, ബിരുദം നൽകാനും, പുതിയ സ്വാശ്രയകോഴ്സുകൾ ആരംഭിക്കാനും, ഫീസ്ഘടന സ്വയം നിർണയിക്കാനും, അധ്യാപകരുടെ സേവനവേതന വ്യവസ്ഥകൾ നിർണയിക്കാനും അധികാരം നൽകുന്ന തരത്തിൽ സ്വയംഭരണം നൽകാനും, പ്രത്യേക ഫണ്ട് നൽകി സഹായിക്കാനും ആണ് നിർദേശിച്ചത്. കൂടുതൽ സ്വയംഭരണകോളേജുകൾ ഇതേത്തുടർന്ന് ഉണ്ടായി. എന്നാൽ സ്വയംഭരണ കോളേജുകൾ സ്വകാര്യവൽകരണത്തിന് മാത്രമേ സഹായിക്കുന്നുള്ളൂ എന്ന് ഇതിനകം മനസ്സിലായിട്ടുണ്ട്. അഫിലിയേറ്റഡ് കോളേജുകൾക്ക് പകരമുള്ള സ്വയംഭരണസ്ഥാപനങ്ങളുടെ വരവ് നിലവാരം വർധിപ്പിച്ചു എന്നതിന് കാര്യമായ തെളിവുകളില്ല. എന്നിട്ടും കൂടുതൽ കോളേജുകൾക്ക് സ്വയംഭരണം നൽകുമെന്നാണ് പറയുന്നത്. യു.ജി.സിയുടെ 2018 ലെ തീരുമാനപ്രകാരം ആഗോള റാങ്കിങ്ങിൽ 500 താഴെ വരികയോ ദേശീയ അക്രഡിറ്റേഷനിൽ (NAAC) മൂന്നിനുമീതെ സ്കോർ ലഭിക്കുകയോ ചെയ്യുന്ന കോളേജുകൾക്കാണ് സ്വയംഭരണം ലഭിക്കുന്നത്. ഇന്നുള്ള 747 സ്വയംഭരണ കോളേജുകളിൽ 643 എണ്ണവും സ്വകാര്യമേഖലയിലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്തവത്തിൽ, നവഉദാരവൽകരണത്തിന്റെ ഭാഗമായ ലോകബാങ്ക് നിർദേശങ്ങളടങ്ങിയ ശുപാർശകൾ സർക്കാരിന് നൽകിയത് ബിർള-അംബാനി റിപ്പോർട്ടാണ്. വാജ്പേയ് സർക്കാർ നിയമിച്ച ഈ കമ്മിറ്റി 2000 ൽ ആണ് റിപ്പോർട്ട് നൽകിയത്. വിദ്യാഭ്യാസരംഗത്തിന്റെ വാണിജ്യവൽകരണം, അരാഷ്ട്രീയവൽകരണം, വിപണിയുമായി സംയോജിപ്പിക്കൽ, സ്ഥാപനനടത്തിപ്പിനുവേണ്ടി സ്വയം വരുമാനം സമാഹരിക്കൽ, നിർബന്ധ അസൈൻമെന്റും അക്രഡിറ്റേഷനും, സ്വയംഭരണം, വിജ്ഞാനാധിഷ്ടിത സമ്പദ് വ്യവസ്ഥയെ ലക്ഷ്യമിടൽ, സ്വാശ്രയസ്ഥാപനങ്ങളും കോഴ്സുകളും ആരംഭിക്കൽ തുടങ്ങിയ വിപണി അനുകൂല നിർദേശങ്ങളാണ് ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ബി. ജെ. പി. സർക്കാർ വർഷങ്ങൾക്കു മുമ്പുതന്നെ ആവിഷ്കരിച്ച നയങ്ങളാണ് 2020 ലെ വിദ്യാഭ്യാസനയത്തിന്റെ അടിത്തറ എന്നത് വ്യക്തമാണ്. പുത്തൻ വിദ്യാഭ്യാസനയത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രധാന നിർദേശങ്ങളിൽ ചിലത് പരിശോധിക്കാം.
സ്ഥാപനഘടന
എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ബഹുവിഷയ സ്ഥാപനങ്ങൾ ആക്കും. 2030 ആകുമ്പോഴേക്ക് ഇത് പൂർണമാകണം. ഉന്നതവിദ്യാഭ്യാസ സ്ഥാപനമോ സ്ഥാപന ക്ലസ്റ്ററുകളോ മൂവായിരത്തിലേറെ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന വലിയ സ്ഥാപനങ്ങൾ ആകണം. വിശ്വപ്രശസ്തമായ നളന്ദ, തക്ഷശില സർവകലാശാലകളുടെ മാതൃകയിലുള്ള സർവകലാശാലകൾ ആണ് നമുക്ക് വേണ്ടത്. ഇവയെല്ലാം കാമ്പസ് അധിഷ്ഠിതമായിരിക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രവർത്തന മുൻഗണനയുടെ അടിസ്ഥാനത്തിൽ മൂന്നുതരം സ്ഥാപനങ്ങൾ ഉണ്ടാകും. ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന റിസർച്ച് ഇന്റൻസീവ് യൂണിവേഴ്സിറ്റികൾ. ബിരുദാനന്തര പഠനത്തിന് പ്രാമുഖ്യം നൽകുന്ന ടീച്ചിംഗ് ഇന്റൻസീവ് യൂണിവേഴ്സിറ്റികൾ. ബിരുദപഠനത്തിന് ഊന്നൽ നൽകുന്ന സ്വയംഭരണകോളേജുകൾ. അഫിലിയേറ്റിംഗ് യൂണിവേഴ്സിറ്റി സംവിധാനം ഇല്ലാതാകും. അതുകൊണ്ട് ഇന്നുള്ള അഫിലിയേറ്റഡ് കോളേജുകൾ എല്ലാംതന്നെ ബിരുദം നൽകാൻ അധികാരമുള്ള സ്വയംഭരണകോളേജുകൾ ആകും. അല്ലെങ്കിൽ ഏതെങ്കിലും സർവകലാശാലയുടെ ഘടക കോളേജ് ആകണം. 2040 ആകുമ്പോഴേക്കും ആയിരക്കണക്കിന് വിദ്യാർഥികളെ ഉൾക്കൊള്ളുന്ന ബഹുവിഷയ സ്വയംഭരണകോളേജുകൾ ആകാൻ കഴിയാത്ത കോളേജുകൾ നിന്നുപോകും. ഓരോ ജില്ലയിലും ഒരു വലിയ ബഹുവിഷയ കോളേജ് എങ്കിലും 2030 ആകുമ്പോഴേക്കും ഉണ്ടാകണമെന്ന് ലക്ഷ്യമിടുന്നു. വിദൂരപഠനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരംഭിക്കും. ഇതിന്റെ കൂടി പിൻബലത്തിലാണ് പ്രവേശന അനുപാതം 2035 ആകുമ്പോഴേക്ക് 50% ആക്കാൻ ശ്രമിക്കുന്നത്. യൂണിവേഴ്സിറ്റികൾ ക്യാമ്പസ് അധിഷ്ഠിതമാകുമ്പോൾ ഫാക്കൽറ്റിയും വിദ്യാർഥികളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സാധ്യമാകുമെന്നതുകൊണ്ട് വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടും. എന്നാൽ ക്യാമ്പസിൽ താമസിച്ചുപഠിക്കാൻ സാമ്പത്തിക ശേഷിയുള്ളവരിലേക്ക് പ്രവേശനം ഒതുങ്ങുമോ എന്ന ആശങ്കയ്ക്ക് അവകാശമുണ്ട്. സ്വയംഭരണസ്ഥാപനങ്ങളുടെ ഇന്നത്തെ പ്രവർത്തനരീതി സാമ്പത്തികശേഷിയുള്ളവരിലേക്ക് പ്രവേശനം ഒതുങ്ങുമെന്നാണ് കാണിക്കുന്നത്. സംവരണം സംബന്ധിച്ച് നയരേഖയിൽ വ്യക്തമായി ഒന്നും പറയാത്തതുകൊണ്ട് പട്ടിക വിഭാഗങ്ങളുടെയും ദുർബല ജനവിഭാഗങ്ങളുടെയും ഉന്നതവിദ്യാഭ്യാസ സാധ്യത കുറഞ്ഞേക്കുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല. അഫിലിയേറ്റിങ്ങ് സമ്പ്രദായം മാറ്റേണ്ടതുതന്നെ. പക്ഷേ, നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസവ്യൂഹത്തെ ഉടച്ചുവാർത്ത് പുതിയതൊന്നു സൃഷ്ടിക്കുന്നത് ആത്മഹത്യാപരമാണ്. കേരളത്തെ സംബന്ധിച്ചാണെങ്കിൽ ഇന്നുള്ള പല അഫിലിയേറ്റിങ്ങ് കോളേജുകളിലും നൂറുകണക്കിന് വിദ്യാർഥികൾ ഗവേഷണം ചെയ്യുന്നുണ്ട്. സ്വന്തം പ്രദേശത്ത് അഥവാ, അധികം അകലെയല്ലാതെ ഗവേഷണസൗകര്യങ്ങൾ വരെയുള്ള സ്ഥാപനങ്ങൾ ഉള്ളതുകൊണ്ടാണ് നാട്ടിൻപുറത്തെ പല കുട്ടികളും പഠിച്ച് നേട്ടങ്ങൾ കൈവരിച്ചത്. ഇവ ഇല്ലാതാകുന്നു എന്നതും അവയെ വെറും ഡിഗ്രി കോളേജുകളായി തരംതാഴ്ത്തിയേക്കാം എന്നതും ഒരുപോലെ അപകടകരമാണ്. ഇത് പ്രവേശനത്തോത് കുറയാൻ ഇടയാക്കും. അതിനാൽ ചെയ്യാവുന്ന കാര്യം ഒരുലക്ഷമോ അതിൽകൂടുതലോ വിദ്യാർത്ഥികളുള്ള സർവകലാശാലകളെ ശരാശരി 20,000 വിദ്യാർഥികളെ ഉൾക്കൊള്ളുന്ന തരത്തിൽ വിഭജിക്കുകയാണ്. കോളേജുകൾ സ്ഥാപനങ്ങളായി അതേപടി നിലനിൽക്കുന്നതാണ് നാട്ടിൻപുറത്തെ കുട്ടികൾക്ക് ഉപകരിക്കുക. വേണമെങ്കിൽ അവയിൽ വേണ്ടത്ര എണ്ണം ചേർത്ത് ചെറിയ സർവകലാശാലകൾ ആക്കാം. അവ നൽകുന്ന കോഴ്സുകൾ പരിഷ്കരിക്കാം. ഉള്ളടക്കത്തിൽ ഏതൊക്കെ നിലനിർത്തണം, എന്തൊക്കെ പുതിയ കോഴ്സുകളും വിഷയങ്ങളും വേണം എന്നതൊക്കെ അതാതിടങ്ങളിൽ തീരുമാനിക്കട്ടെ. പല പരിവർത്തനങ്ങൾക്കും സ്ഥാപന ഉടമകളും അധ്യാപകരും നിർബന്ധിതരാകും. ആ മാറ്റത്തിന് അവരെ ഒരുക്കുന്നതിന് വേണ്ട പരിശീലനവും മറ്റ് സഹായങ്ങളും സർക്കാർ നൽകണം.
ബിരുദകോഴ്സുകളുടെ ഘടന
ബിരുദകോഴ്സുകളുടെ കാര്യത്തിൽ അയവുള്ള രീതിയാണ് നിർദേശിച്ചിരിക്കുന്നത്. മാനവിക വിഷയങ്ങളും കലകളും ശാസ്ത്രസാങ്കേതിക വിദ്യകളുമായി ഉദ്ഗ്രഥിപ്പിക്കുന്ന കാഴ്ചപ്പാടാണ് ഉള്ളത്. മുഖ്യവിഷയങ്ങളുടെയും ഉപവിഷയങ്ങളുടെയും കാര്യത്തിൽ താൽപര്യാനുസരണം വിഷയങ്ങൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം ഉണ്ടാകണമെന്ന് നിർദേശിക്കുന്നു. പക്ഷേ പല വിഷയങ്ങൾ ഉൾപ്പെടുത്തി ക്രെഡിറ്റ് നേടുമ്പോൾ നിശ്ചിതവിഷയത്തിൽ ആഴത്തിലുള്ള കഴിവ് ഉണ്ടാകുമോ എന്നത് സംശയാസ്പദമാണ്. ബിരുദകോഴ്സ് നാലുവർഷമാക്കാൻ നിർദേശമുണ്ട്. എന്നാൽ മൂന്നുവർഷ ബിരുദവും നിലനിൽക്കും. ബിരുദകോഴ്സിൽനിന്ന് ഇടയ്ക്കുവച്ച് ഇറങ്ങിപ്പോരാനും ഇടയ്ക്കുവച്ച് കയറിക്കൂടാനും അവസരമുണ്ടാകണമെന്നും, ക്രഡിറ്റുകൾ കൈമാറാൻ കഴിയണമെന്നും നിർദേശിക്കുന്നുണ്ട്. ഒരുവർഷം പൂർത്തിയായാൽ സർട്ടിഫിക്കറ്റ്, രണ്ടുവർഷം എങ്കിൽ ഡിപ്ലോമ, മൂന്നുവർഷം എങ്കിൽ ഡിഗ്രി, നാല് വർഷം പൂർത്തിയായാൽ ഗവേഷണത്തോടെയുള്ള ബിരുദം എന്നിങ്ങനെയാണ് ഉള്ളത്. നാലുവർഷകോഴ്സ് എന്നത് പുതിയ ഒരാശയമല്ല. ഇന്ത്യയിൽ ചുരുക്കം ഇടങ്ങളിൽ അവ നേരത്തെ തന്നെ ഉണ്ട്. ഗവേഷണത്തിന് പോകുന്ന കുട്ടികളെ ഉദ്ദേശിച്ചാണ് ഇവ നടന്നുവരുന്നത്. വിദേശങ്ങളിൽ പഠനം തുടരുന്നവർക്കാണ് ഇത് പ്രധാനമായും ഉദ്ദേശിക്കുന്നത്. മെച്ചപ്പെട്ട സാഹചര്യങ്ങളിൽനിന്ന് വരുന്നവർക്ക് മാത്രമാണ് ഇതിന്റെ ഗുണഫലം ലഭിക്കുക. എന്നാൽ നമ്മുടെ കുട്ടികളിൽ എത്ര ശതമാനം പേരാണ് വിദേശത്ത് ഗവേഷണത്തിന് പോവുക എന്ന് ചിന്തിക്കേണ്ടതുണ്ട്. അവർക്കുമാത്രം പോരേ ഇത്തരമൊരു കോഴ്സ് ഘടന? മഹാഭൂരിപക്ഷവും ഒരു ഡിഗ്രിക്കുശേഷം പഠനം നിർത്തി തൊഴിൽ നേടാൻ ശ്രമിക്കുന്നവരാണ്. അവരെ നാലുവർഷം പിടിച്ചിരുത്തുന്നതിന്റെ യുക്തി വ്യക്തമല്ല. ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇത് നടപ്പിലാക്കാൻ ശ്രമിച്ചതും പരാജയപ്പെട്ടതും ഈയടുത്ത കാലത്താണ്.
ഇന്നത്തെ അവസ്ഥയിൽ മൂന്നുവർഷ ബിരുദകോഴ്സിൽ ഇടയ്ക്കുവച്ച് നിർത്തേണ്ടിവന്നാൽ വിദ്യാർഥിക്ക് ഒന്നും നേടാൻ കഴിയുന്നില്ല എന്നത് വസ്തുതയാണ്. തെറ്റായ തെരഞ്ഞെടുപ്പാകാം ഒരുകാരണം. അതിന് നേരത്തെ നൽകുന്ന വിദ്യാഭ്യാസ ഗൈഡൻസിലൂടെ പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. അല്ലാതെ ഇടയ്ക്കുവച്ച് നിർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയല്ല. പുതിയ നിർദേശം നടപ്പിലായാൽ കോളേജുകൾ വിദ്യാഭ്യാസഷോപ്പുകളായി മാറും. പലരും ഇടയ്ക്കിടെ വിട്ടുപോവുകയും വേറെ ചിലർ തിരിച്ചുവരികയും ചെയ്യുന്ന അവസ്ഥ പലതുകൊണ്ടും അഭികാമ്യമല്ല. ദൃഢമായ അധ്യാപക - വിദ്യാർഥി ബന്ധം ഇല്ലാതാവും. അതിനുമപ്പുറം സ്ഥിരം വിദ്യാർഥികൾ ഇല്ലാതാവുന്നത് കാമ്പസുകളെ ദുർബലപ്പെടുത്തും. സ്ഥിരതയില്ലാത്ത വിദ്യാർഥിസമൂഹം കലാലയരാഷ്ട്രീയത്തിന്റെ ശക്തികുറയ്ക്കും. ഭരണകൂടത്തിന്റെ ഇത്തരം ഹിഡൻ അജണ്ടകൾ നടപ്പിലാക്കാനാണോ ഉദാരമായ സമീപനം എന്ന് സംശയിക്കണം.
ഒന്നും രണ്ടും വർഷം കഴിഞ്ഞ് പിരിഞ്ഞുപോകുന്ന കുട്ടിക്ക് എന്ത് ജ്ഞാനമാണ് ലഭിക്കുക എന്ന ചോദ്യവും പ്രധാനമാണ്. അതിന് ശകലിതസ്വഭാവമേ ഉണ്ടാകൂ; സമഗ്രത ഒട്ടും കാണില്ല. ഇത്തരം കാര്യങ്ങളൊന്നും നയരേഖ പരിഗണിക്കുന്നില്ല എന്നത് നിർഭാഗ്യകരമാണ്.
ഉന്നതപഠനവും ഗവേഷണവും
ബിരുദാനന്തര ബിരുദവും രണ്ടുരീതിയിലാണ്. മൂന്നുവർഷ ബിരുദക്കാർക്ക് രണ്ടുവർഷത്തെ ബിരുദാനന്തര കോഴ്സുകൾ, നാലുവർഷ ബിരുദക്കാർക്ക് ഒരുവർഷത്തെ ബിരുദാനന്തര ബിരുദം, ഇത് കൂടാതെ അഞ്ചുവർഷത്തെ സംയോജിത ബിരുദാനന്തര കോഴ്സും നിർദേശിക്കപ്പെട്ടിരിക്കുന്നു. ബിരുദാനന്തര ബിരുദം നേടിയവർക്കും നാലുവർഷ ബിരുദം (ഗവേഷണത്തോടെ) നേടിയവർക്കും ഗവേഷണത്തിനു ചേരാം. MPhil കോഴ്സ് നിർത്തലാക്കണമെന്നും നിർദേശമുണ്ട്. പല ഘടനകൾ നിർദേശിക്കുന്നതിന്റെ പ്രശ്നം ഇവിടെയുമുണ്ട്. ഒരുവർഷ പി. ജി. എന്നത് ഗുണനിലവാരത്തെ ബാധിക്കില്ലേ എന്നതാണ് പ്രധാന ആശങ്ക. ചെറിയ സമയത്തിനുള്ളിൽ ചെയ്തുതീർക്കുമ്പോൾ വിദ്യാർഥിക്കുമേൽ ഉണ്ടാവുന്ന സമ്മർദവും പരിശോധിക്കപ്പെടണം. ഗവേഷണത്തിന് ഇതുവരെയും വിദ്യാർഥിയും ഗൈഡും ചർച്ച ചെയ്താണ് വിഷയങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സ്വാതന്ത്ര്യം ഇനി ഉണ്ടാവണമെന്നില്ല. ദേശീയഗവേഷണ ഫൗണ്ടേഷൻ വരികയാണ്. രാജ്യത്തെ സർവകാലശാലകളിലെ ഗവേഷണപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ധനസഹായം നൽകാനും ഉള്ള ഏക ഏജൻസിയാണിത്. എല്ലാ മേഖലകളിലുമുള്ള ഗവേഷണപ്രവർത്തനങ്ങളുടെ ദിശയും സ്വഭാവവും നിർണയിക്കാൻ ഈ സംവിധാനത്തിന് കഴിയും. സ്വതന്ത്രഗവേഷണത്തിന് എത്രമാത്രം പ്രോത്സാഹനം കിട്ടും എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. ബന്ധപ്പെട്ട സമിതികൾ നിർദേശിക്കുന്ന മേഖലകളിൽ ഗവേഷണം നടത്തേണ്ട നിർഭാഗ്യകരമായ അവസ്ഥ രൂപപ്പെട്ടേക്കാം. ദേശീയപ്രാധാന്യമുള്ള വിഷയങ്ങളായിരിക്കും നിർദേശിക്കപ്പെടുക/അംഗീകരിക്കപ്പെടുക എന്നൊക്കെ സൂചനകളുണ്ട്. എന്നുവച്ചാൽ കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്നവർക്ക് താത്പര്യമുള്ള വിഷയങ്ങളായിരിക്കും അത്. വ്യാജ ശാസ്ത്രപ്രസ്താവനകളുടെ സാധൂകരണം ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങൾ ഇപ്പോഴേ നടക്കുന്നുണ്ട്. ഇവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ലോകോത്തരമായ സർവകലാശാലകൾ ഉണ്ടാക്കാനാണല്ലോ ശ്രമം. എന്നാൽ നിലവാരമുള്ള ഒരു സർവകലാശാലയിലും മുകളിലുള്ളവർ നിർദേശിക്കുന്ന ഗവേഷണം എന്ന സാഹചര്യമില്ല. മറിച്ച് സ്വാതന്ത്ര്യവും സർഗാത്മകതയുമാണ് മികവിന്റെ പ്രധാന മുഖമുദ്ര. മറ്റൊന്ന് MPhil കോഴ്സ് നിർത്തലാക്കുന്നതിന്റെ പ്രശ്നമാണ്. ഇന്ന് ഒരു വിദ്യാർഥിക്ക് ഈ കോഴ്സ് കഴിയുന്നതോടെ ഒരു പബ്ലിക്കേഷന് അവസരമുണ്ട്. അതുവച്ച് ഫെലോഷിപ്പിന് ശ്രമിക്കാം. അതിന്റെ അടിസ്ഥാനത്തിൽ ഗവേഷണതാത്പര്യം നിലനിൽക്കുന്നവർക്ക് ഗവേഷണപഠനം തുടരാം. ഈ സൗകര്യമാണ് ഇല്ലാതാകുന്നത്. MPhil കോഴ്സ് നിർത്തലാക്കുന്നതിന് യുക്തിസഹമായ കാരണം അവതരിപ്പിക്കാൻ നിർദേശകർക്ക് കഴിഞ്ഞിട്ടില്ല.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
ബിരുദവിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാകണം. മാനുഷികവും നൈതികവും ഭരണഘടനാ പരവും സാർവലൗകികവുമായ മൂല്യങ്ങൾ ഇതിന്റെ ഭാഗമാകണം. ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ സത്യം, ധർമം, ശാന്തി, അഹിംസ, സ്നേഹം തുടങ്ങിയവയും ശാസ്ത്രബോധം, പൗരധർമങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. ആർഷഭാരത പൈതൃകം പാഠ്യപദ്ധതിയുടെ ഭാഗമാകണം. പക്ഷേ ഭാരതസംസ്കാരത്തിന്റെ ബ്രാഹ്മണ മേധാവിത്തപരമായ വൈദിക സംസ്കാരം മാത്രമേ ഇവിടെ പരിഗണിക്കപ്പെടുന്നുള്ളൂ. മഹാഭൂരിപക്ഷത്തിനും അപ്രാപ്യമായിരുന്ന ചാതുർവർണ്യ പാരമ്പര്യമാണത്. സമൂഹത്തെ തട്ടുകളാക്കി തിരിക്കുന്നതിനെ എതിർത്തവരുടെ സംഭാവനകൾ അതിൽ ഉൾപ്പെടുന്നില്ല. നിരീക്ഷണങ്ങളെയും അനുഭവജ്ഞാനത്തെയും ആധാരമാക്കിയ ലോകായത പാരമ്പര്യവും ഉൾക്കൊള്ളുന്നില്ല. ജാതിയും പുരുഷമേധാവിത്തവും സാമൂഹികപിന്നോക്കാവസ്ഥയ്ക്ക് കാരണമായി എന്ന് ഉൾക്കൊള്ളുന്നില്ല. ജാതിവിഭജനത്തിനെതിരെ നടന്ന സംവാദങ്ങളും നവോത്ഥാനനായകരുടെ സംഭാവനകളും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായി ഈ നയരേഖ അംഗീകരിക്കുന്നില്ല. 'സംസ്കൃത വിജ്ഞാന സംവിധാനം' (sanskrit knowledge system) എല്ലാ അറിവുകളെയും ഉൾക്കൊള്ളുന്നു എന്നും സംസ്കൃത പഠനവും അതുവഴി 64 കലകളിൽ നേടുന്ന പ്രാവീണ്യവും വിശ്വവിജ്ഞാനം മുഴുവൻ പ്രദാനം ചെയ്യാൻ പര്യാപ്തമാണ് എന്നുമാണ് ദേശീയവിദ്യാഭ്യാസനയം ഉദ്ഘോഷിക്കുന്നത്. ഇത് ബ്രാഹ്മണാധിപത്യത്തെയും മനുസ്മൃതിയെയും ജാതിബന്ധിത തൊഴിൽ സംസ്കാരത്തെയും ഉന്നതവിദ്യാഭ്യാസ സംവിധാനത്തിലൂടെ ശാശ്വതീകരിക്കാനുള്ള സംഘപരിവാർ ശ്രമമാണ്. ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി സർക്കാരുകൾ പാഠ്യപദ്ധതിയിലൂടെ ആരംഭിച്ച പ്രവർത്തനത്തിന്റെ തുടർച്ചയാണിത്. വൈദികശാസ്ത്രവും (vedic science) വൈദികഗണിതവും (vedic mathematics) സർവകലാശാലയിലെ പാഠ്യവിഷയങ്ങളായത് ഇതിന്റെ ഭാഗമായാണ്.
തൊഴിൽ നൈപുണ്യം
നൈപുണ്യവികാസത്തിന് നയരേഖ പ്രാധാന്യം നൽകുന്നു. സ്കൂൾ വിദ്യാഭ്യാസം മുതൽ തന്നെ തൊഴിൽ നൈപുണ്യം വർധിപ്പിക്കാനുള്ള നിർദേശം ഉണ്ട്. എന്നാൽ കായികവിദ്യാഭ്യാസം മെച്ചപ്പെടുത്താനോ സ്പോട്സിൽ സവിശേഷമായ കഴിവ് പ്രകടിപ്പിക്കുന്നവരെ ട്രാക്ക് ചെയ്യാനോ യാതൊരു നിർദേശവുമില്ല. ഹയർസെക്കണ്ടറിക്കു ശേഷം തൊഴിലിന്റെ വഴിക്ക് പോകാനുള്ള അവസരങ്ങളെക്കുറിച്ച് നയരേഖ വ്യക്തമായി ഒന്നും പറയുന്നില്ല. നിലവിലുള്ള വൊക്കേഷണൽ ഹയർ സെക്കന്ററി മെച്ചപ്പെടുത്താനും ചൈന പോലുള്ള രാജ്യങ്ങളിലുള്ള തരത്തിൽ നൂറുകണക്കിന് ഓപ്ഷനുകൾ ലഭ്യമാക്കാനും ആലോചിക്കുന്നില്ല. സ്കൂൾ വിദ്യാഭ്യാസഘട്ടത്തിൽ സൂചിപ്പിച്ചതുപോലെ അക്കാദമികപഠനത്തിന് ലഭിക്കുന്ന സമയം പരിമിതപ്പെടാനും അതിന്റെ നിലവാരം കുറയാനും ഇത് ഇടയാക്കുമോ എന്ന് ആശങ്കയുണ്ട്. സ്കൂൾ ഘട്ടത്തിൽ എല്ലാവർക്കും നൽകുന്ന തൊഴിൽ ഓറിയന്റേഷൻ ഉന്നതഘട്ടത്തിലും തുടരണമോ എന്നതും ആലോചിക്കണം. ഗവേഷണപഠനത്തിലേക്ക് പോകുന്നവർക്ക് ഇത് അനിവാര്യമാണോ എന്ന ചോദ്യവും ഉയരുന്നു. ബിരുദധാരികൾക്ക് തൊഴിൽ ലഭ്യമാകുമെന്ന അവസ്ഥ ഉണ്ടാകുന്നത് നല്ല കാര്യമാണ്. പക്ഷേ അത് ഈ രീതിയിലാണോ വേണ്ടത്? അവരവർ പഠിച്ച അക്കാദമിക മേഖലയിൽ അത് ഉറപ്പിക്കാനാവുമോ? വിപണി ആവശ്യപ്പെടുന്ന തൊഴിലുകൾക്ക് വേണ്ട ശേഷികളുള്ള ഒരു തൊഴിൽസേനയെ രൂപപ്പെടുത്തുക എന്ന നിലയിലേക്ക് ഈ പരിഷ്കാരം എത്തുന്നത് നവഉദാരവൽകരണ നയങ്ങൾക്ക് അനുസൃതമായാണ്. വിജ്ഞാനവും നൈപുണ്യവും തമ്മിലുള്ള ശക്തമായ വേർതിരിവ് ഉണ്ടാകുന്നത് ഗുണകരമല്ല. ബൗദ്ധിക പ്രവർത്തനങ്ങളെയും കായിക പ്രവർത്തനങ്ങളെയും വേർതിരിച്ച് കൈയും തലയും തമ്മിലുള്ള ബന്ധം ഇല്ലാതാക്കുന്നത് സമൂഹവികസനത്തിന് സഹായകമാവില്ല.
അധ്യാപകപരിശീലനം
നിലവിലുള്ള അധ്യാപകപരിശീലന സംവിധാനം പൂർണമായും പൊളിച്ചെഴുതുന്നതാണ് നിർദേശിക്കപ്പെടുന്ന പരിഷ്കാരം. ബഹുവിഷയ വിദ്യാഭ്യാസസ്ഥാപനങ്ങൾ വിദ്യാഭ്യാസ വിഭാഗം ആരംഭിക്കുകയും അത്തരം സ്ഥാപനങ്ങളിൽ 4 വർഷ B.Ed കോഴ്സുകൾ ആരംഭിക്കുകയും വേണം. 4 വർഷ B.Ed കോഴ്സുകൾ ഇരട്ട മേജർ ബിരുദം ആയിരിക്കും. ഇത് നേടുന്നവർ ആയിരിക്കും അധ്യാപകർ ആവാൻ യോഗ്യർ. അധ്യാപകപരിശീലനങ്ങൾ മാത്രം നടത്തുന്ന സ്ഥാപനങ്ങൾ കാലക്രമേണ നിർത്തലാക്കും. അധ്യാപകപരിശീലനം ചിട്ടപ്പെടുത്തുന്നത് നല്ല കാര്യമാണ്. പക്ഷേ 4 വർഷ B.Ed നോടൊപ്പം ബിരുദധാരികൾക്കുള്ള 2 വർഷ B.Ed ഉം, ബിരുദാനന്തര ബിരുദക്കാർക്ക് 1 വർഷ B.Ed ഉം ഉണ്ടാകും എന്നുപറഞ്ഞത് ഈ പരിഷ്കാരത്തിന്റെ ഫലപ്രാപ്തിയിൽ സംശയം ജനിപ്പിക്കുന്നു. അതുപോലെ ഈ കോഴ്സ് കഴിഞ്ഞ മുഴുവൻപേർക്കും അധ്യാപനത്തിൽ തന്നെ തുടരാനാവുമോ എന്ന സംശയത്തിനും നിവൃത്തി ഉണ്ടാകണം. ഇത് കഴിഞ്ഞശേഷം വീണ്ടും തൊഴിലിനായി പഠനം തുടരേണ്ട അവസ്ഥ അഭികാമ്യമല്ല. അധ്യാപനക്കോഴ്സിൽ നടക്കുന്ന പ്രത്യേക വിഷയത്തിന്റെ പഠനം എത്രകണ്ട് ആഴത്തിലാവും എന്ന പ്രശ്നവും ബാക്കിനിൽക്കുന്നു.
കേന്ദ്രീകരണം
ഇന്ത്യയിലെ മൊത്തം ഉന്നതവിദ്യാഭ്യാസസംവിധാനത്തിന്റെ നടത്തിപ്പും മേൽനോട്ടവും പ്രധാനമന്ത്രി അധ്യക്ഷനായ ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (HECI) എന്ന സ്ഥാപനത്തിന്റെ അധീനതയിലായിരിക്കും. ഇതിന്റെ കീഴിൽ പ്രധാനപ്പെട്ട നാല് സംവിധാനങ്ങളുണ്ട്. നാഷണൽ ഹയർ എഡ്യുക്കേഷൻ റെഗുലേറ്ററി കൗൺസിൽ (NHERC). മെഡിക്കൽ, ലീഗൽ സ്ഥാപനങ്ങളൊഴികെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെയും നിയന്ത്രണ സംവിധാനമായിരിക്കും ഇത്. നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ (NAC). എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അക്രഡിറ്റേഷൻ അംഗീകൃത ഏജൻസികളെക്കൊണ്ട് നടത്തുന്നത് ഈ സംവിധാനമായിരിക്കും. ഹയർ എഡ്യുക്കേഷൻ ഗ്രാന്റ്സ് കൗൺസിൽ (HEGC). ഇന്ന് UGC ചെയ്തുകൊണ്ടിരിക്കുന്ന ഗ്രാന്റ് വിതരണം ഈ ഏജൻസിയാണ് ചെയ്യുക. UGC, HCTE, NCTE, ICAR തുടങ്ങിയ സംവിധാനങ്ങൾക്ക് അവ ഇന്നുനടത്തുന്ന നിയന്ത്രണാധികാരം നഷ്ടമാകും. ജനറൽ എഡ്യുക്കേഷൻ കൗൺസിൽ (GEC). രാജ്യത്തിനാകെ ബാധകമായ ഒരു ഗുണനിലവാര ചട്ടക്കൂട് രൂപപ്പെടുത്തുക ഈ സമിതിയായിരിക്കും. ഇതിലുള്ള കേന്ദ്രീകരണം ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറലിസത്തിനെതിരാണ്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ഒരിടപെടലിനും സംസ്ഥാന സർക്കാരിന് അധികാരമില്ലാതാകും. ഏറെ ശ്രദ്ധേയമായ വസ്തുത ഇത് സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കുമെന്നതാണ്. രാജ്യത്താകമാനം ബാധകമായ പാഠ്യപദ്ധതികളും പഠന ഉള്ളടക്കവും കോഴ്സുകളുടെ ഘടനയും ഹയർ എഡ്യുക്കേഷൻ കൗൺസിൽ ആണ് നിർണയിക്കുന്നത്. സർവകലാശാലകൾ ഈ പദ്ധതികളുടെ നടത്തിപ്പുകാർ മാത്രമാകുന്നു. പ്രാദേശികവികസനത്തിൽ ഇടപെടാൻ സർവകലാശാലകൾക്ക് കഴിയാതെ വരുന്നു. യു. ജി. സി. യെ ഇല്ലാതാക്കുന്നതിലേക്കാണ് ഇത് പോകുന്നത്. പാർലമെന്റ് പാസ്സാക്കിയ ഒരു നിയമത്തിലൂടെ നിലവിൽ വന്ന യു. ജി. സി. യെ ഇല്ലാതാക്കാൻ കാബിനറ്റ് പാസ്സാക്കിയ ഒരു നയം വഴി സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
അരാഷ്ട്രീയതയുടെ രാഷ്ട്രീയം
എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കോർപ്പറേറ്റ് രീതിയിലുള്ള ബോർഡ് ഓഫ് ഗവർണേഴ്സ് ഉണ്ടാകും. യോഗ്യരും അർപ്പിതമനസ്കരുമായ വ്യക്തികളായിരിക്കും ഇത്തരം ബോർഡുകളിൽ ഉണ്ടാവുകയെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ ബോർഡിൽ കേന്ദ്രസർക്കാരിന്റെയും കോർപ്പറേറ്റുകളുടെയും മറ്റും പ്രതിനിധികൾ വന്നേക്കും. 15 വർഷംകൊണ്ട് എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും സ്വതന്ത്രമായ സ്വയംഭരണ സ്ഥാപനങ്ങളാവുമെന്ന് നയരേഖ അവകാശപ്പെടുന്നു. സ്ഥാപനം സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ബോർഡ് ഓഫ് ഗവർണേഴ്സ് കൈക്കൊള്ളും. കേന്ദ്രസർക്കാരിന് എല്ലാ യൂണിവേഴ്സിറ്റികളിലും ഇടപെടാൻ ഇത് അവസരമൊരുക്കും. നയം നിയമമാക്കുന്നതിലൂടെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്ന സങ്കൽപം തന്നെ അപ്രസക്തമാകും. പ്രാദേശികവിഷയങ്ങളെ മുൻനിർത്തിയുള്ള സ്വതന്ത്ര ഇടപെടലുകൾ പ്രയാസകരമാവും. സെനറ്റ്, സിണ്ടിക്കേറ്റ്, അക്കാദമിക് സമിതികൾ എന്നിവ ഉണ്ടാവുമോ എന്ന് ഉറപ്പില്ല. സർവകലാശാലാ സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പുകളെല്ലാം ഇല്ലാതാകും. വിദ്യാർഥി രാഷ്ട്രീയത്തിനും സാധ്യതയില്ല. അധ്യാപകരെ 'ടെന്നുവർ ട്രാക്കിങ്ങി'ലൂടെ കെട്ടിയിടാനാണ് ശ്രമം. സർവകലാശാലാ സംവിധാനത്തിലെ ജനാധിപത്യ രീതികളും അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തവും രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കാൻ എന്ന പേരിൽ ഇല്ലാതാക്കുകയാണ്.
വാണിജ്യവൽകരണം
ഭരണകൂട പിൻവാങ്ങൽ നേരത്തേ പരാമർശിച്ചതാണ്. സ്വകാര്യസംരംഭകരുടെ കടന്നുവരവ് പരോപകാര തൽപരർ എന്ന പേരിൽ ആണ് അവതരിപ്പിക്കപ്പെടുന്നത്. കോർപ്പറേറ്റുകളും വിദേശ സർവകലാശാലകളും വിദ്യാഭ്യാസരംഗത്ത് സജീവമാകും. വിപണി താൽപര്യങ്ങൾക്കനുസരിച്ചുള്ള കോഴ്സുകൾ ഉണ്ടാകും. ഫീസ് നിർണയിക്കാനും അധ്യാപകരുടെ ശമ്പളം നിർണയിക്കാനും സ്ഥാപന ഉടമകൾക്ക് അധികാരം ലഭിക്കുന്നതോടെ വിദ്യാഭ്യാസസ്ഥാപന നടത്തിപ്പ് ലാഭാധിഷ്ടിതമായ ഒരു സംരംഭമാകും. “ ... opportunities for higher cost recovery without affecting the needy or deserving sections will also be explored.” (26.7) എന്നത് സ്വകാര്യസംരഭകർക്ക് ഗുണകരമാകും. “ .... any public institution can take initiatives towards raising private philanthropic funds to enhance educational experiences.” (26.6) എന്നത് സർക്കാർ സ്ഥാപനത്തിൽ തന്നെ പല കോഴ്സുകളും ഏറ്റെടുത്തു നടത്താൻ സ്വകാര്യ ഏജൻസികൾക്ക് അവസരമൊരുക്കും. പ്രവേശനം ദേശീയതലത്തിലുള്ള പ്രവേശനപരീക്ഷവഴി നടത്താൻ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി (NTA) ഉണ്ട്. പ്രവേശനപരീക്ഷകൾ സാമ്പത്തികശേഷിയുള്ളവർക്ക് കടന്നുകയറാൻ സൗകര്യമൊരുക്കും. അതിനുള്ള പരിശീലനകേന്ദ്രങ്ങൾ മറ്റൊരു കച്ചവട സംരംഭമാകും. സ്വന്തം പ്രദേശത്തുള്ള ഒരു കോളേജിൽ ചേരണമെങ്കിൽ പോലും പ്രവേശനപരീക്ഷ പാസ്സാകുകയും അതുവഴി റാങ്ക് ലിസ്റ്റിൽ കടന്നുകൂടുകയും വേണം എന്ന അവസ്ഥ സംജാതമകും. ഇത് നാട്ടിൻപുറത്തെ വിദ്യാർഥികളെ ദോഷകരമായി ബാധിക്കും. വിദേശ സർവകലാശാലകളുടെ കടന്നുവരവിനെ ഗുണപരമായ ഒന്നായി കരുതുന്നവരുണ്ട്. ഒരുകാര്യം ഓർക്കുന്നത് നന്ന്. ലോകത്തിലുള്ള ഒരു യൂണിവ്ഴ്സിറ്റിയും മറ്റൊരു രാജ്യത്ത് വരുന്നത് അവരുടെ മികച്ച നിലവാരത്തിന്റെ അതേ പതിപ്പ് ഉണ്ടാക്കാനല്ല. മറിച്ച് ലാഭമുണ്ടാക്കി അവർ ഇപ്പോൾ തന്നെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്. ലോകബാങ്കും യുനെസ്കോയും സംയുക്തമായി തയ്യാറാക്കിയ ഒരു രേഖ ഇക്കാര്യം സംബന്ധിച്ച് പറയുന്നത് ശ്രദ്ധേയമാണ്. “There are prestigious universities from developed countries offering shabby courses in poor developing countries….” മറ്റൊരുകാര്യം സിലബസ് സംബന്ധിച്ചതാണ്. ഒരു ഇന്ത്യൻ യൂണിവേഴ്സിറ്റി കാണുന്നതുപോലെയാവില്ല പല പ്രശ്നങ്ങളെയും മറ്റൊരു വിദേശയൂണിവേഴ്സിറ്റി സമീപിക്കുക. ഉദാ: കൊളോണിയൽ കാലഘട്ടത്തെ കുറിച്ച് ഓക്സ്ഫോര്ഡ് യൂണിവേഴ്സിറ്റി കാണുന്ന രീതിയിലല്ല ഒരിന്ത്യൻ വിദ്യാർഥിയുടെ മനോഭാവരൂപീകരണം നടക്കേണ്ടത്.
സംവരണവും പിന്നോക്കവിഭാഗങ്ങളും
പട്ടികജാതിക്കാർക്കും പട്ടികവർഗത്തിനും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിലുള്ള സംവരണം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. പുതിയവിദ്യാഭ്യാസനയം സംവരണത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇന്ത്യയിൽ സമീപകാലത്ത് നടന്ന പല സംഭവങ്ങളും സൂചിപ്പിക്കുന്നത് ദളിത് വിഭാഗങ്ങളും മറ്റും ഉന്നതവിദ്യാലയങ്ങളിൽ എത്തിച്ചേരുന്നതിൽ സവർണതാത്പര്യമുള്ള ഭരണവർഗത്തിന് വലിയ താത്പര്യമില്ല എന്നാണ്. ഓരോ പ്രദേശത്തുമുള്ള സ്ഥാപനങ്ങളിലും അതത് പ്രദേശത്തെ കുട്ടികൾക്ക് എത്തിപ്പെടാൻ ഉതകും വിധം പ്രാദേശിക പരിഗണന നിയമാനുസൃതമായിത്തന്നെ നൽകാറുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുന്നതിന്റെ ഒരു ഉദ്ദ്യേശം ഇതാണ്. എന്നാൽ ഇനിയങ്ങോട്ട് ഈ പരിഗണന ഉണ്ടാവുമോ എന്നതും സംശയകരമാണ്. ഇതും ബാധിക്കുക ഗ്രാമീണരെയും പിന്നാക്കവിഭാഗങ്ങളെയുമായിരിക്കും. ഉദാഹരണമായി ജെ. എൻ. യു. വിൽ ഗ്രാമീണപ്രദേശങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് പഴയതുപോലെ പ്രവേശനം കിട്ടുന്നില്ല. പട്ടികവിഭാഗങ്ങളും പിന്നോക്കവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും സ്ത്രീകളും ഉൾപ്പെടുന്ന സാമൂഹിക-സാമ്പത്തിക-പിന്നോക്ക ഗ്രൂപ്പിൽ (SEDG) പെട്ടവർക്കുള്ള പ്രത്യേക പരിഗണന പറയുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങളോ അതിനാവശ്യമായ സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്നോ പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇത് മറ്റുപലതിനെയും പോലെ ഏട്ടിലെ പശുവാകുമെന്ന ആശങ്ക അസ്ഥാനത്തല്ല.
ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം
പുതിയ വിദ്യാഭ്യാസനയം അവകാശപ്പെടുന്നത് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തെ ലോക നിലവാരത്തിൽ എത്തിക്കുമെന്നാണ്. ഇത് വളരെ നല്ല കാര്യമാണ്. പക്ഷേ ഒരു ചോദ്യമുണ്ട് - എന്താണ് വിദ്യാഭ്യാസത്തിന്റെ ലോകനിലവാരം? ആരാണ് ഇത് നിർണയിക്കുന്നത്? കമ്പോളതാൽപര്യങ്ങൾക്കനുസരിച്ചുള്ള അളവുകോലുകളുടെ അടിസ്ഥാനത്തിൽ മാർക്കറ്റിങ്ങ് ഏജൻസികളാണ് ഇതിനുവേണ്ട റാങ്കിങ് സാധാരണ നടത്തുന്നത്. സാമൂഹിക ഘടകങ്ങൾ ഇവ പരിഗണിക്കുന്നതേ ഇല്ല. സർക്കാർ ഫണ്ടിങ്ങ് ഇത്തരം റാങ്കുകളുടെ അടിസ്ഥാനത്തിൽ ആകുന്നതിനാൽ സാമൂഹികഘടകങ്ങൾ പരിഗണിക്കാതെ കമ്പോളാധിഷ്ഠിത അളവുകോലുകൾക്ക് അനുസരിച്ചുള്ള മെച്ചപ്പെട്ട റാങ്ക് നേടാൻ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ശ്രമിക്കുന്നു. സ്വകാര്യസ്ഥാപനങ്ങൾക്കാവും ഇതിന്റെ ഗുണം ലഭിക്കുക. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസത്തിലൂടെ ഇന്ത്യ 'ലോകഗുരു' ആയിത്തീരും എന്നാണ് പ്രഖ്യാപനം. നളന്ദയും തക്ഷശിലയും ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാർഥികളെ ആകർഷിച്ചതുപോലെ വീണ്ടും സംഭവിക്കുമെന്നാണ് പറയുന്നത്. 64 കലകൾ അന്ന് പഠിപ്പിച്ചതിന് തുല്യമാണ് ഇന്നത്തെ ലിബറൽ ആർട്സ് കോഴ്സ് സങ്കൽപം എന്നും അവകാശപ്പെടുന്നു. അത് ശരിയോ എന്ന തർക്കത്തിലേക്ക് തത്കാലം പോകുന്നില്ല. എന്നാൽ ഇപ്പോഴത്തെ ഫണ്ടിങ്ങ് വച്ച് ഇതെങ്ങനെ സാധിക്കും എന്ന സംശയം ഇവിടെ പ്രസക്തമാണ്. 2017 - 18 ൽ ജി. ഡി. പി. യുടെ 2.7% ആണ് വിദ്യാഭ്യാസത്തിന് മൊത്തത്തിൽ നീക്കിവച്ചത്. ഉന്നതവിദ്യാഭ്യാസമേഖലയിൽ ജി. ഡി. പി. യുടെ 0.69 % മാത്രമാണ് ലഭിക്കുന്നത്. ചൈനയും മറ്റും 3 % നീക്കിവെക്കുന്നിടത്താണ് ഇത് സംഭവിക്കുന്നത്. 6% ജി. ഡി. പി. എന്ന പ്രഖ്യാപനം സ്വകാര്യഫണ്ട് കൂടി ഉൾപ്പെടുത്തിയാണെങ്കിൽ നിലവിലുള്ള ഒരു ഉന്നതവിദ്യാഭ്യാസസ്ഥാപനവും വിശേഷിച്ച് മെച്ചപ്പെടാൻ പോകുന്നില്ല. കഞ്ഞിവെള്ളം കൊണ്ട് പായസമുണ്ടാക്കും എന്ന് പറയും പോലെ നിരർഥകമാണിത്. ഇപ്പോൾ കോവിഡ് സാഹചര്യത്തിൽ പ്രാമുഖ്യം സിദ്ധിച്ചുവരുന്ന ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കച്ചവടതാൽപര്യം പ്രകടമാണ്. ഓൺലൈൻ വിദ്യാഭ്യാസം ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് കഴിഞ്ഞ മെയ് മാസത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പുതിയ വിദ്യാഭ്യാസനയത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് മുഖ്യപങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നതിൽ സംശയമില്ല. ഇത് ഒരുപരിധിവരെ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. പക്ഷേ അത് വെറും ഓൺലൈൻ പദ്ധതി മാത്രമായി അവസാനിക്കരുത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന ഉടനെ തന്നെ ഗൂഗിളിന്റെ സി.ഇ.ഒ. റിലയൻസ് ഇൻഡസ്ട്രീസിൽ വൻനിക്ഷേപം നടത്തുമെന്നറിയിച്ചതും വരുന്ന നാലുവർഷക്കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ വിപണിമൂല്യം 15 ബില്യൺ ഡോളർ വരുമെന്ന ഒരു മാർക്കറ്റിങ്ങ് ഏജൻസിയുടെ റിപ്പോർട്ടും കമ്പോളശക്തികൾ ഈ മേഖലയിൽ ഏതു തരത്തിൽ ഇടപെടുമെന്നതിന്റെ സൂചനയാണ്.
നടപ്പാക്കാൻ തിടുക്കം
വിദ്യാഭ്യാസനയരേഖ പാർലമെന്റിൽ ഇനിയും ചർച്ച ചെയ്തിട്ടില്ല. പാർലമെന്റിൽ ചർച്ചചെയ്യാനും ഒരു സമവായം ഉണ്ടാവുന്നതുവരെ കാത്തിരിക്കാനും കേന്ദ്രസർക്കാർ തയ്യാറല്ലെന്നാണ് കേന്ദ്രനടപടികൾ കാണിക്കുന്നത്. കോവിഡ് സാഹചര്യം മുതലെടുത്തുകൊണ്ട് സാമ്പത്തിക ഭാരമില്ലാത്ത നിർദേശങ്ങൾ സർക്കാർ നടപ്പാക്കിത്തുടങ്ങിയിരിക്കുകയാണ്. കേന്ദ്രപരീക്ഷാ ഏജൻസി (National Testing Agency) യാണ് NEET,JEE പരീക്ഷകൾ നടത്തുന്നത്. ഉടൻ നടപ്പാക്കുന്ന ചില പദ്ധതികൾ താഴെ പറയുന്നവയാണ്. തെരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ 2020 ഡിസംബർ മുതൽ അക്കാദമിക് ക്രെഡിറ്റ് ട്രാൻസ്ഫർ നടപ്പാക്കും.
2020- 2021 വർഷം തന്നെ എക്സിറ്റ് - എൻട്രി സ്കീം നടപ്പാക്കും.
നാലുവർഷ ബിരുദകോഴ്സ് കേന്ദ്രസർവകലാശാലകളിൽ 2021 മുതൽ ആരംഭിക്കും. മറ്റു സർവകലാശാലകളിൽ 2022 മുതലും. പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ 2021 മുതൽ ആരംഭിക്കും. നവഉദാരവൽക്കരണനയങ്ങൾ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാവുന്നതിനാൽ കമ്പോള ശക്തികൾക്ക് നിർണായക സ്വാധീനം ഇതിന്റെ ഭാഗമായി ഉണ്ടാകും. സ്വകാര്യവൽകരണം ശക്തമാകും. ഇന്ത്യൻ സംസ്കാരത്തിന്റെ മറവിൽ ബ്രാഹ്മണാധിപത്യവും ചാതുർവർണ്യവും ജാതിബന്ധിത തൊഴിൽ സമ്പ്രദായവും പുനരവതരിക്കും. കമ്പോളശക്തികൾക്കും സാംസ്കാരിക ദേശീയവാദികൾക്കും പുറമെ സാമൂഹിക പദവിയിൽ ഉയർച്ച ആഗ്രഹിക്കുന്ന ഉൽകർഷേച്ഛുക്കളായ മധ്യവർഗവും ഈ നയത്തെ അനുകൂലിച്ചേക്കാം. എന്നാൽ ഇത് രാജ്യത്തെ മഹാഭൂരിപക്ഷത്തിനും ഗുണകരമാകാനിടയില്ല.
ഭാഗം - 4
ഉപസംഹാരം
ഈ നയരേഖയിൽ സ്കൂൾവിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും മുന്നോട്ടുവച്ചിരിക്കുന്ന നിർദേശങ്ങൾ നാം കണ്ടുകഴിഞ്ഞു. തൊഴിൽവിദ്യാഭ്യാസം, അധ്യാപകവിദ്യാഭ്യാസം, പ്രൊഫഷണൽ വിദ്യാഭ്യാസം, തുടർവിദ്യാഭ്യാസം, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകളും ഇതിൽ അവിടവിടെ പരിശോധിച്ചുകഴിഞ്ഞു. ഇനി നയരേഖ മൊത്തത്തിൽ നോക്കുമ്പോൾ ശ്രദ്ധയിൽ വരുന്ന ചില വസ്തുതകൾ കൂടി പരാമർശിച്ചുകൊണ്ട് ഇത് ഉപസംഹരിക്കാം.
അവ്യക്തത, വൈരുധ്യം
പുതിയ ഒരു വിദ്യാഭ്യാസനയരേഖ വരുന്നു എന്നത് വലിയ പ്രതീക്ഷകളോടെയാണ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർ നോക്കിക്കണ്ടിരുന്നത്. 1968 ലെ നയരേഖ ഏഴുപേജ് മാത്രമുള്ള ഒന്നായിരുന്നു. 1986 ലെത് നാൽപത്തിയഞ്ച് പേജ് ദൈർഘ്യമുള്ളതായിരുന്നു. 2020 ലെ രേഖയുടെ ദൈർഘ്യം അറുപത്തിയഞ്ച് പേജാണ്. പേജ് കൂടുന്തോറും വ്യക്തത വർധിക്കും എന്നാണ് പൊതുവെ പ്രതീക്ഷിക്കുക. എന്നാൽ ഈ നയരേഖ എമ്പാടും വൈരുധ്യങ്ങൾ നിറഞ്ഞതും പല കാര്യങ്ങളിലും ഒട്ടും വ്യക്തത ഇല്ലാത്തതുമാണെന്ന് പറയാതെ വയ്യ. അധ്യാപകരുടെ യോഗ്യത പറയുമ്പോൾ അത് ഏതൊക്കെ വിഭാഗങ്ങൾക്ക് ബാധകമാകും എന്നതിൽ വ്യക്തതയില്ല. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവയെക്കുറിച്ച് സൂചിപ്പിച്ചഘട്ടങ്ങളിൽ ഔപചാരികവിദ്യാഭ്യാസത്തിലേക്ക് കടന്നുവരുന്ന എല്ലാ ഘട്ടത്തിലുമുള്ള കുട്ടികൾക്കും അവ ലഭിക്കുമോയെന്ന് പറയുന്നില്ല. ഭാഷാപഠനത്തെയും തൊഴിൽപഠനത്തെയും കുറിച്ച് പറയുമ്പോൾ ഒട്ടേറെ കാര്യങ്ങൾ മുന്നോട്ടുവെക്കുന്നു എന്നല്ലാതെ അവയുണ്ടാക്കുന്ന പഠനഭാരമോ അവയുടെ പ്രായോഗികതയോ പരിഗണിക്കുന്നില്ല. പൊതുപ്രവേശന പരീക്ഷ, മൾട്ടികാമ്പസ് യൂണിവേഴ്സിറ്റി, റിസർച്ച് ഫണ്ട്, പ്രവേശനത്തോത് ഉയർത്തൽ തുടങ്ങിയവ പറയുമ്പോഴും അവ്യക്തത തുടരുന്നു. എന്തുകൊണ്ടാണ് ഈയൊരു അവ്യവസ്ഥയും അവ്യക്തതയും പ്രധാനപ്പെട്ട ഈ രേഖയിൽ കടന്നുകൂടി എന്നത് ചിന്തനീയമാണ്. ഈ രേഖ തയ്യാറാക്കിയത് കസ്തൂരിരംഗൻ കമ്മിറ്റിയുടെ കരട് റിപ്പോർട്ട് പരിഗണിച്ചാണല്ലോ. എന്നാൽ അതിൽനിന്നും എട്ടിലൊന്ന് വലിപ്പമുള്ള രേഖയാക്കി ഇതിനെ മാറ്റിയത് ആരെന്ന് വ്യക്തമല്ല. എൻ.സി.ഇ.ആർ.ടി. പോലുള്ള വിദഗ്ധസ്ഥാപനങ്ങൾ ഉള്ളപ്പോൾ ഇതിലും നന്നായി ഇത് സംക്ഷേപിക്കാൻ കഴിയേണ്ടതാണ്. എന്നാൽ ഇതിലെ അക്കാദമിക പരിഗണനകൾ ഒരുവഴിക്കും പ്രായോഗിക പദ്ധതികൾ മറ്റൊരുവഴിക്കുമാണ്. അക്കാദമികവിദഗ്ധർ തയ്യാറാക്കിയ രേഖയിൽ സർക്കാരിന് താത്പര്യമുള്ള ചില ആശയങ്ങൾ പിന്നീട് മറ്റാരോ ചേർന്ന് കൂട്ടിച്ചേർത്തതു കൊണ്ടാണോ ഈയൊരു പരിണതി ഉണ്ടായത് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. പാർലമെന്റിൽ വെക്കാതെ തിടുക്കപ്പെട്ട് ഇറക്കിയ ഈ രേഖയുടെ വേറെയും കരടുകൾ ഇറങ്ങിയിരുന്നു. കസ്തൂരിരംഗൻ കമ്മിറ്റി തയ്യാറാക്കിയ കരടിനും ലഘുരൂപങ്ങൾ സർക്കാർ സൈറ്റിൽ വരികയുണ്ടായി. ഇതൊക്കെയും നയനിർമാണ പ്രക്രിയയിലെ പൊരുത്തക്കേടും അവ്യവസ്ഥിതിയുമാണ് സൂചിപ്പിക്കുന്നത്. ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസമേഖലയുടെ ഇനിയുള്ള കുറേ വർഷങ്ങളിലെ ഗതിവിഗതികൾ നിശ്ചയിക്കുന്ന രേഖയാണിത്. എന്നാൽ വേണ്ടത്ര സൂക്ഷ്മപരിശോധന നടക്കാത്ത രൂപമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്ന തോന്നൽ പ്രബലമാണ്. സാധാരണയായി ഒരു നയരേഖയിൽ ചില പൊതുസമീപനങ്ങളേ പറയാറുള്ളൂ. വിശദാംശങ്ങൾ പിന്നീടുള്ള ഔദ്യോഗിക രേഖകളിലാണ് വരാറ്. മുൻനയരേഖകൾ പരിശോധിച്ചാൽ അത് വ്യക്തമാകും. ഉദാഹരണമായി, 1986 ലെ നയരേഖയിൽ സൂചിപ്പിച്ച നിർദേശങ്ങൾ എപ്പോൾ എങ്ങനെയൊക്കെ നടത്തുമെന്ന വിശദാംശങ്ങൾ 'പ്രോഗ്രാം ഓഫ് ആക്ഷൻ' എന്ന നിലയിൽ വേറിട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. എന്നാൽ ഈ നയരേഖയിൽ ചില പദ്ധതികൾ എപ്പോൾ നടപ്പിലാക്കുമെന്നുവരെ പറയാൻ ശ്രമിച്ചിരിക്കുന്നു. ഇതിനകം തന്നെ മാനവശേഷി വികസന മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി കഴിഞ്ഞു. പാർലമെന്റിനെയും കേന്ദ്രവിദ്യാഭ്യാസ ഉപദേശകസമിതിയെയും നോക്കുകുത്തിയാക്കിക്കൊണ്ടുള്ള തുടക്കം നടപ്പിലാക്കുന്നതിലെ തിടുക്കം സൂചിപ്പിക്കുന്നു.
വിദ്യാഭ്യാസത്തിന്റെ സാമ്പത്തികം
കോത്താരി കമ്മീഷൻ റിപ്പോർട്ട് മുതൽ തന്നെ ആകെ ദേശീയ വരുമാനത്തിന്റെ 6% വിദ്യാഭ്യാസത്തിനായി മാറ്റിവെക്കണമെന്ന ശുപാർശ നിലവിലുണ്ട്. എന്നാൽ 4% ൽ അധികം തുക വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഒരാഗ്രഹപ്രകടനം എന്നതിനപ്പുറത്തേക്ക് ഈ നിർദേശത്തെ കാണാനാവില്ല. ക്യൂബ പോലുള്ള രാജ്യങ്ങൾ 12% നീക്കിവെക്കുമ്പോഴാണ് ഇവിടെ 6% എന്ന നടക്കാനിടയില്ലാത്ത വാഗ്ദാനം മുന്നോട്ടുവെക്കുന്നത്. സാധാരണയായി ആകെ ദേശീയവരുമാനം കണക്കാക്കുന്നത് കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറുകളും വിദ്യാഭ്യാസരംഗത്ത് എത്രമാത്രം തുക നിക്ഷേപിക്കുന്നു എന്ന് പരിഗണിച്ചാണ്. എന്നാൽ സെക്ഷൻ 26.6 പ്രകാരം സ്വകാര്യ, ജീവകാരുണ്യ സംഘടനകളിൽനിന്നും സ്വകാര്യ സംരംഭകരിൽ നിന്നും വലിയ തോതിലുള്ള വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. രക്ഷാകർത്താക്കളും മറ്റും വ്യക്തിപരമായി നടത്തുന്ന ചെലവും വിദ്യാഭ്യാസത്തിനായി നടത്തുന്ന പൊതുചെലവായി പരിഗണിച്ച് അത് ആകെ ദേശീയ വരുമാനത്തിനകത്ത് ഉൾക്കൊള്ളിക്കാനുള്ള സാധ്യതയുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ജീവകാരുണ്യം എന്ന പദത്തിനുണ്ടായിരുന്ന നിർവചനമല്ല ആഗോളവൽകരണ- സ്വകാര്യവൽകരണ-ഉദാരവൽകരണ കാലഘട്ടത്തിലുള്ളത്. ഇന്ന് കമ്പനികൾ നിയമപ്രകാരം ഒരു നിശ്ചിത തുക കാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാൻ ബാധ്യസ്ഥമാണ്. പ്രസ്തുത തുക ചെലവാക്കിക്കൊണ്ട് വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരുന്ന കച്ചവടശക്തികളുടെ 'കാരുണ്യ'ത്തിന് മുമ്പിൽ സാധാരണക്കാരുടെ മക്കളെ ഇട്ടുകൊടുക്കുകയാണ് പുതിയ നയം ഫലത്തിൽ ചെയ്യുന്നത്. ഓൺലൈൻ വിദ്യാഭ്യാസമെന്നത് വ്യാപകമാക്കും എന്നാണ് സൂചന. വിദൂരവിദ്യാഭ്യാസത്തിനും വലിയ ഊന്നലാണ് നൽകിയിരിക്കുന്നത്. വിദ്യാഭ്യാസത്തിലെ ധനവിനിയോഗം ഏറ്റവും കുറക്കാനുള്ള മാർഗങ്ങൾ ഇപ്പഴേ തേടിത്തുടങ്ങിയിരിക്കുന്നു എന്നാണ് ഇതിനർഥം. പ്രീസ്കൂൾ സാർവത്രികമാക്കൽ, പെൺകുട്ടികളെയും പിന്നാക്കവിഭാഗങ്ങളെയും വിദ്യാഭ്യാസത്തിൽ ഉറപ്പിച്ചുനിർത്തൽ, ഭിന്നശേഷിക്കാർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കൽ, ഐ. ടി. പഠനസൗകര്യങ്ങൾ വ്യാപകമാക്കൽ, നിലവിലുള്ള സർവകലാശാലകളെ മികച്ച ടീച്ചിങ്ങ് യൂണിവേഴ്സിറ്റികളായും ഗവേഷണ യൂണിവേഴ്സിറ്റികളായും മാറ്റൽ, അധ്യാപകവിദ്യാഭ്യാസം പൊളിച്ചെഴുതൽ, തൊഴിൽവിദ്യാഭ്യാസം സാർവത്രികമാക്കൽ എന്നിങ്ങനെ വലിയ തോതിലുള്ള സാമ്പത്തികച്ചെലവ് ആവശ്യമായ പദ്ധതികൾ ഈ രേഖയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പലതിനും ലക്ഷ്യപൂർത്തീകരണ വർഷവും പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ ഇവയ്ക്കൊക്കെ വേണ്ട സാമ്പത്തികം കേന്ദ്രസർക്കാർ നീക്കിവെക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. പ്രത്യേകിച്ചും കൊറോണ ഉണ്ടാക്കിയ സാമ്പത്തികബാധ്യത ഇനിയങ്ങോട്ടുള്ള അനവധി വർഷങ്ങളിൽ നമ്മെ ഞെരിക്കാൻ പോകുന്ന പശ്ചാത്തലത്തിൽ.
സാധ്യതകളെന്ത്? നേട്ടങ്ങൾ ആർക്കൊക്കെ?
ഈയൊരു പശ്ചാത്തലത്തിൽ എന്താണ് നമ്മുടെ വിദ്യാഭ്യാസമേഖലയിൽ സംഭവിക്കുകയെന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. സ്കൂൾവിദ്യാഭ്യാസത്തിൽ വലിയതോതിൽ ബദൽ വിദ്യാലയങ്ങളെ ഉപയോഗപ്പെടുത്തി എല്ലാവരെയും വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമാക്കി അന്തർദേശീയവേദികളിൽ മേനിനടിക്കാൻ ഇടയുണ്ട്. അധ്യാപകനിയമനം നടത്താതെ പിന്നാക്കപ്രദേശങ്ങളിൽ വളണ്ടിയർമാരെയും മറ്റും ഉപയോഗപ്പെടുത്തി ഉത്തരവാദിത്തം പൂർത്തീകരിച്ചതായി പ്രഖ്യാപിക്കും എന്നതാണ് മറ്റൊരു സാധ്യത. ഉന്നതവിദ്യാഭ്യാസത്തിൽ സ്വകാര്യമേഖല സ്വന്തം നിലയിലും, സർക്കാർ സ്ഥാപനങ്ങളിൽ ചില കോഴ്സുകളുടെ നടത്തിപ്പുകാരായും രംഗം കൈയടക്കുമെന്നാണ് സൂചന. സ്വകാര്യ-വിദേശ സർവകലാശാലകൾ അവർക്ക് താത്പര്യമുള്ള മേഖലയിൽ വലിയ ഫീസ് ചുമത്തി ചില കോഴ്സുകൾ സംഘടിപ്പിക്കാൻ മുന്നോട്ടുവന്നേക്കും. സ്കൂൾവിദ്യാഭ്യാസത്തിലായാലും ഉന്നതവിദ്യാഭ്യാസത്തിലായാലും വിദ്യാഭ്യാസച്ചെലവ് കുറക്കാൻ സ്വകാര്യ-ജീവകാരുണ്യ സംഘങ്ങളെയും ഓൺലൈൻ രീതിയെയും നന്നായി പ്രയോജനപ്പെടുത്തുമെന്നും പ്രതീക്ഷിക്കാവുന്നതാണ്. വിദ്യാഭ്യാസം എന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും വളർച്ചയുടെ അടിത്തറയാണ്. മാറിക്കൊണ്ടിരിക്കുന്ന ജ്ഞാനസമൂഹത്തിലെ വെല്ലുവിളികൾ വ്യക്തിപരമായും സാമൂഹികമായും ഏറ്റെടുക്കാനും അത്തരം പ്രശ്നങ്ങളോട് നിരന്തരമായി സംവദിക്കാനുമുള്ള ഉപാധിയാണ്. അസമത്വവും വിവേചനവും സാമ്പ്രദായിക ശ്രേണീബന്ധവും കടുത്ത ജാതിവിവേചനങ്ങളും വിദ്യാഭ്യാസത്തിന്റെ ഘടനയിൽ മാത്രമല്ല ഉള്ളടക്കത്തിലും ദൃഢമായി കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് നമ്മുടേത്. 'ഇന്ത്യൻ വിദ്യാഭ്യാസം ഗൗരവമേറിയ പുനർനിർമാണത്തിന്, ഏതാണ്ട് ഒരു വിപ്ലവത്തിന് വിധേയമാകണം' എന്ന് കോത്താരി കമ്മീഷൻ പറഞ്ഞുവച്ചത് ഇവിടെ പ്രസക്തമാണ്. കൂടാതെ 1968 ലെ ദേശീയ വിദ്യാഭ്യാസനയം എല്ലാവരേയും ഉൾക്കൊള്ളുന്ന കോമൺ സ്കൂൾ സമ്പ്രദായം വികസിപ്പിക്കുമെന്ന് രാജ്യത്തിലെ ജനങ്ങൾക്ക് ഉറപ്പുനൽകുകയുണ്ടായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 74ാം വാർഷികം കൊണ്ടാടുന്ന ഈ അവസരത്തിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്ന സത്യം നമ്മുടെ മുന്നിലുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്നതും നിലവാരമുള്ളതുമായ സ്കൂൾ വിദ്യാഭ്യാസത്തെ സംബന്ധിച്ച സാമൂഹികാഭിലാഷത്തെ അഭിസംബോധന ചെയ്യാൻ ഈ നയരേഖ ശ്രമിക്കുന്നില്ല എന്നതുതന്നെയാണ് അടിസ്ഥാനപ്രശ്നം. അതിനുപകരം വിദ്യാഭ്യാസത്തെ ചരക്കായി കണക്കാക്കുകയും സംരംഭകർക്ക് വേണ്ടിയുള്ള യുക്തി രൂപീകരിക്കുകയും നമ്മുടെ വിശാലമായ ഭരണഘടനാ മൂല്യങ്ങൾക്ക് ഇടുങ്ങിയ വ്യാഖ്യാനങ്ങൾ നൽകുകയും വിദ്യാഭ്യാസത്തിലെ ഏവർക്കും സ്വീകാര്യമായ പഠനസമീപനങ്ങൾ കാഴ്ചക്കായി നിരത്തുകയും ചെയ്ത് ഉത്തരവാദിത്തത്തിൽനിന്നും കൈയൊഴിയുന്നു.
യഥാർഥ ലക്ഷ്യത്തിലേക്ക് വരുമ്പോൾ
വരികൾക്കിടയിലും, പലേടത്തായി പറഞ്ഞവയെ പരസ്പരം ബന്ധിപ്പിച്ചും വായിച്ചാലേ ഈ നയരേഖയുടെ യഥാർഥമായ അന്തർധാരകൾ മനസ്സിലാക്കാനാവൂ എന്ന് ആമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. അങ്ങനെ പരിശോധിച്ചപ്പോൾ സ്കൂൾവിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും തെളിഞ്ഞുവന്ന പൊതുസവിശേഷതകൾ താഴെ ചേർത്തവയാണെന്നു കാണാം.
- കേന്ദ്രീകരണവും ഉദ്യോഗസ്ഥവൽകരണവും
ഇന്ത്യയുടെ സംസ്കാരികവും ഭാഷാപരവും വിദ്യാഭ്യാസപരവുമായവളർച്ച പിരമിഡ് ആകൃതിയിലാണ്. കേന്ദ്രം, സംസ്ഥാനം, തദ്ദേശഭരണസ്ഥാപനങ്ങൾ - ഇതാണ് 73, 74 ഭരണഘടനാ ഭേദഗതിക്ക് ശേഷമുള്ള മുകളിൽനിന്നും കീഴോട്ടുള്ള രാഷ്ട്രരൂപം. വിദ്യാലയങ്ങളുടെ ഭൗതികവളർച്ചയ്ക്കും നിലവാര പുരോഗതിക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സംഭാവന വലുതാണെന്ന് കഴിഞ്ഞ കാൽനൂറ്റാണ്ടു കാലത്തെ അനുഭവം തെളിയിക്കുന്നു. പുതിയ വിദ്യാഭ്യാസനയം സകല വിദ്യാലയങ്ങളെയും കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിനും മേൽനോട്ടത്തിനും കീഴിലാക്കുന്നത് പ്രാദേശിക, സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ, പിന്തുണ, അതുവഴിയുള്ള സജീവമായ പങ്കാളിത്തം എന്നിവ ഇല്ലാതാക്കും.
- സ്വകാര്യവൽകരണവും കച്ചവടവൽകരണവും
ഗാട്ടിന്റെ ഉറുഗ്വായ് വട്ട ചർച്ചയിൽ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെ സേവനമെന്നതിനേക്കാൾ ലാഭമുണ്ടാക്കാവുന്ന കച്ചവടച്ചരക്കായാണ് കോർപറേറ്റുകൾ കണ്ടത്. അങ്ങനെയാണ് സെൽഫ് ഫൈനാൻസിങ് വിദ്യാഭ്യാസസ്ഥാപനം എന്ന സങ്കല്പംതന്നെ രൂപം കൊള്ളുന്നത്. 1990 കൾ മുതൽ അത് ഇന്ത്യൻ വിദ്യാഭ്യാസമേഖലയിലേക്ക് പറിച്ചുനടപ്പെട്ടു. അന്ന് അത് ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നെങ്കിൽ ഇന്ന് അത് തറവാട്ടുകാര്യക്കാരിയായി മാറിയിരിക്കുന്നു. വിദ്യാഭ്യാസത്തിൽ ഇനി സേവനമില്ല, കച്ചവടമേയുള്ളൂ. അതാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ പ്രഖ്യാപനം. അത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹികനീതി, അവസരസമത്വം, തുല്യത എന്നിവയുടെ നഗ്നമായ നിഷേധമാണ്. ഇത് ദോഷകരമായി ബാധിക്കുക പട്ടികവിഭാഗങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾ, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ മുതലായവരെയാണ്.
- വർഗീയവൽകരണം
ഇത് സംഘപരിവാറിന്റെ വർഷങ്ങളായുള്ള അജണ്ടയാണ്. ഇന്ത്യയെ സവർണ ഹിന്ദുരാഷ്ട്രമാക്കാൻ തന്നെയാണ് ലക്ഷ്യമിടുന്നത്. ഈ ദീർഘകാല പദ്ധതിയിലെ പ്രധാന ഇടപെടൽ മേഖലയാണ് വിദ്യാഭ്യാസം. നേരത്തെ ആരംഭിച്ചത് ഇപ്പോൾ കുറച്ചുകൂടി വിപുലപ്പെടുത്താൻ അവസരം കൈവന്നിരിക്കുന്നു. ഇതുവഴി ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെ നിഷേധിക്കുകയും മതേതരസംസ്കാരത്തെ അപകടപ്പെടുത്തുകയും സവർണഹിന്ദുത്വ ദേശീയതയെ കുട്ടികളിൽ അടിച്ചേൽപിക്കാൻ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്താൻ അവസരമൊരുക്കുകയും ചെയ്യുന്നു. ബി. ജെ. പി. യെ സംബന്ധിച്ച് അവരുടെ സ്ഥാപിത ലക്ഷ്യങ്ങൾ ഒന്നൊന്നായി നടത്തിയെടുക്കുന്ന കാലമാണിത്. അക്കൂട്ടത്തിൽ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് വിദ്യാഭ്യാസത്തെ മാറ്റിയെടുക്കാൻ കിട്ടുന്ന അവസരം അവർ വേണ്ടെന്നുവെക്കുമെന്ന് കരുതേണ്ടതില്ല. തങ്ങളുടെ ഭൂരിപക്ഷം നിർദേശങ്ങളും സ്വീകരിക്കപ്പെട്ടിരിക്കുന്നു എന്ന സന്തോഷത്തിലാണ് ബി. ജെ. പി. ക്ക് പ്രത്യയശാസ്ത്ര പിന്തുണ നൽകുന്നവർ എന്ന് വ്യക്തമായിക്കഴിഞ്ഞു. ഇന്ത്യയെ ഒരു വിജ്ഞാനസമൂഹമാക്കുക എന്നതാണ് ഇത് കൊണ്ടുവന്നവരുടെ പ്രഖ്യാപനങ്ങളിൽ ഒന്ന്. അതിനായി കോർപ്പറേറ്റുകൾക്ക് എല്ലാ സഹായവും ഒരുക്കിക്കൊടുക്കുമെന്ന് രേഖ പറയുന്നു. നാലാം വ്യവസായവിപ്ലവവും പത്ത് ട്രില്യൻ ഡോളർ ഇക്കോണമിയുമൊക്കെ ഇതിന്റെ പിന്നാലെ സാധിതമാവുമെന്നാണ് അവരുടെ പരസ്യപ്രഖ്യാപനം.
യഥാർഥത്തിൽ, വ്യാപകമായ ഹിന്ദുത്വവത്കരണമാണ് ഉള്ളിലൂടെ ലക്ഷ്യമാക്കുന്നത്. അതിനായി പാഠ്യപദ്ധതി മാറ്റാനും, പഠനരീതികളിൽ ഇടപെടാനും, പ്രാദേശിക പഠനസാമഗ്രികൾ അച്ചടിച്ച് നൽകാനും സ്വകാര്യ/ജീവകാരുണ്യസംഘങ്ങൾക്കും ബദൽവിദ്യാലയങ്ങൾക്കും അംഗീകാരം നൽകാനും 'സോഷ്യൽ വർക്കർ'മാരെയും 'മാസ്റ്റർ ഇൻസ്ട്രക്റ്റർ'മാരെയും പ്രാദേശികമായി ഏർപ്പെടുത്താനുമൊക്കെയുള്ള സാധ്യതകൾ ഒരുക്കിക്കഴിഞ്ഞു.
ഇതിൽ ഒരിടത്തും വിദ്യാഭ്യാസം സൗജന്യമാണെന്ന് പറഞ്ഞിട്ടില്ല. ഭരണഘടനാമൂല്യങ്ങൾ എന്നൊക്കെ വല്ലപ്പോഴും പറയുന്നുണ്ടെങ്കിലും 'ജനാധിപത്യം’, 'മതേതരത്വം’, 'സോഷ്യലിസം' എന്നീ വാക്കുകൾ ഒരിടത്തുമില്ല. ജ്ഞാനനിർമിതിയെന്നോ വിമർശനാത്മക വിദ്യാഭ്യാസമെന്നോ ഉറപ്പിച്ചുപറഞ്ഞിട്ടില്ല. ഇതിലെ ചില അക്കാദമികമേമ്പൊടികൾ കണ്ട് ആവേശംകൊള്ളുന്ന വിദഗ്ധരും ലോകോത്തരവിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രഘോഷണങ്ങൾ കേട്ട് കൈയടിക്കുന്ന ലിബറൽവിഭാഗവും പിന്നാക്കക്കാർക്കുള്ള പ്രത്യേകപദ്ധതികളിൽ വിശ്വാസമർപ്പിക്കുന്ന സാധാരണക്കാരും അൽപം കരുതിനിന്നാൽ അവർക്കുകൊള്ളാം. കാരണം ഇതിന്റെ യഥാർഥലക്ഷ്യം അതൊന്നുമല്ല.
ഉടൻ ചെയ്യേണ്ടത്
പുതിയ വിദ്യാഭ്യാസനയമനുസരിച്ച് പലതും തീരുമാനിച്ചു നടപ്പാക്കേണ്ടത് കേന്ദ്രസർക്കാരിനു കീഴിലെ ചില സമിതികളും സ്ഥാപനങ്ങളുമാണ്. കഴിഞ്ഞ കാലത്തെ കേന്ദ്രസർക്കാരിനു കീഴിലെ യു.ജി.സി. മുതൽക്കുള്ള സ്ഥാപനങ്ങൾ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രങ്ങളായിരുന്നു എന്ന വസ്തുത മനസ്സിലാക്കി ഒന്നുകിൽ കേന്ദ്രസർക്കാർ ഈ നീക്കത്തിൽനിന്ന് പിന്തിരിയണം. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, സർവകലാശാലകൾ എന്നിങ്ങനെ അധികാര-ഉത്തരവാദിത്തത്തിൽ വികേന്ദ്രീകരണം നടക്കണം. അതിന് തയ്യാറല്ലെങ്കിൽ കേന്ദ്രസർക്കാരിനെ അതിനായി കേരളം പോലുള്ള സംസ്ഥാനങ്ങൾ നിർബന്ധിക്കണം. സംസ്ഥാനനിയമസഭയിൽ ചർച്ചചെയ്യാതെ ഇതിലുള്ള ഒരു നിർദേശവും നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാടും കേരളസർക്കാർ കൈക്കൊള്ളേണ്ടതുണ്ട്. വികേന്ദ്രീകരണം കർശനമായി നടപ്പാക്കണം. കേന്ദ്രസർക്കാർ തലത്തിൽ നയപരമായ ഏകോപനം മാത്രമേ ആകാവൂ. അത് നിർബന്ധിതമാക്കരുത്. കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കണം. അതേസമയം വൈവിധ്യവൽകരണത്തെ അനുവദിക്കുകയും വേണം. വിദ്യാഭ്യാസത്തിൽ സ്ഥാപനവും അത് നൽകുന്ന വിദ്യാഭ്യാസവും വിലയിരുത്തപ്പെടുക പുറത്തുവരുന്ന ബിരുദധാരികളുടെ ഗുണമേന്മയെ അടിസ്ഥാനമാക്കിയാണ്. അതാണ് ലോകമെങ്ങും നടക്കുന്നത്. ഇവിടെ അതിൽനിന്ന് വ്യത്യസ്തമായി ഒരു കേന്ദ്രത്തിൽനിന്നും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ പാടില്ല. ഇക്കാര്യത്തിൽ അധ്യാപകർ, വിദ്യാർഥികൾ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർക്കിടയിൽ അഭിപ്രായസമന്വയം ഉണ്ടാകേണ്ടതുണ്ട്. ഏതായാലും നയം നടപ്പിലാക്കാൻ തുടങ്ങിക്കഴിഞ്ഞു. ഇതിൽനിന്ന് സംസ്ഥാനങ്ങൾക്ക് മാറിനിൽക്കാനാവില്ല എന്നത് വസ്തുതയാണ്. അങ്ങനെ വരുമ്പോൾ കേരളത്തിലെ സാഹചര്യത്തിൽ നമുക്ക് എന്തുചെയ്യാനാവും എന്ന ആലോചന തുടങ്ങേണ്ട സമയമായി. ഇതിൽ ചില കാര്യങ്ങൾ നമുക്ക് പ്രയോജനപ്പെടുത്താനാവും. മറ്റു ചിലതിൽ ഭേദഗതി ആവശ്യമുണ്ട്. ചിലത് നടപ്പിലാക്കുന്നത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമുന്നേറ്റത്തെ പിറകോട്ടടിപ്പിക്കും. കൺകറന്റ് ലിസ്റ്റിലാണ് ഇപ്പോഴും വിദ്യാഭ്യാസം എന്നതിനാൽ പലതിനെയും പ്രതിരോധിച്ച് മാറ്റിത്തീർക്കാനും ശ്രമിക്കേണ്ടതുണ്ട്. ഈ നയരേഖ നമ്മുടെ സംസ്ഥാന അസംബ്ലിയിൽ ചർച്ച ചെയ്ത് കേരളത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കണം. പൊതുജനങ്ങളുടെയും പ്രാദേശികസർക്കാരുകളുടെയും പിന്തുണയോടെയും സംസ്ഥാനം വൻതോതിൽ മുതൽമുടക്കിയും സമീപകാലത്ത് ആധുനികവത്കരിച്ചുകഴിഞ്ഞ നമ്മുടെ വിദ്യാലയങ്ങളുടെ അക്കാദമിക പ്രവർത്തനങ്ങൾ പോലും കേന്ദ്രഏജൻസികൾ തീരുമാനിക്കുന്ന അവസ്ഥ അംഗീകരിക്കാനാവില്ല.
അതിനാൽ ആദ്യം വേണ്ടത് രേഖ ജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ചചെയ്യുക എന്നതാണ്, അതിലുള്ള നവലിബറൽ - ഹിന്ദുത്വ അജണ്ടയെ തുറന്നുകാട്ടുക എന്നതാണ്. ചരിത്രപരമായ ഈ കടമ ഏറ്റെടുക്കാൻ കേരളത്തിലെ പുരോഗമന വിദ്യാഭ്യാസപ്രവർത്തകരും പൊതുസമൂഹവും സർക്കാരും സംസ്ഥാനത്തിന്റെ വികസനത്തിൽ താല്പര്യമുള്ള മുഴുവൻ ആളുകളും മുന്നോട്ടുവരണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർഥിക്കുന്നു.