ലൂക്ക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
15:38, 20 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ) (→‎ലൂക്ക വെബ്സൈറ്റുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Luca.PNG
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മലയാളത്തിലുള്ള ഓൺലൈൻ സയൻസ് പോർട്ടലാണ് ലൂക്ക . Last Universal Common Ancestor (LUCA) എന്നാണിതിന്റെ പൂർണ്ണരൂപം. ശാസ്ത്രവിജ്ഞാനത്തിലും ശാസ്ത്രബോധത്തിലും ഊന്നിയുള്ള ലേഖനങ്ങളും ഡിജിറ്റൽ ഉള്ളടക്കവുമാണ് ലൂക്ക പ്രസിദ്ധീകരിക്കുന്നത്. Creative Commons Attribution Share Alike 4.0 International License ലൈസൻസ് പ്രകാരമാണ് ലൂക്കയിലെ ലേഖനങ്ങൾ 2014 മുതലാണ് ലൂക്ക ഓൺലൈനായി പ്രസിദ്ധീകരണം ആരംഭിച്ചത്. ഡോ.ബി.ഇക്ബാൽ, പ്രൊഫ.കെ പാപ്പൂട്ടി , ടി.കെ.ദേവരാജൻ, ഡോ.എൻ.ഷാജി എന്നിവർ ലൂക്കയുടെ മുൻ എഡിറ്റർമാരാണ്. സി. റിസ്വാനാണ് നിലവിലെ എഡിറ്റർ.

ലൂക്ക വെബ്സൈറ്റുകൾ

ലൂക്ക വെബ്സൈറ്റിന് പുറമെ കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാനായി Ask LUCA, ക്വിസ്സുകളും പസിലുകളും ഉൾപ്പെടുത്തിയ Quiz LUCA, വിവിധ ശാസ്ത്ര കോഴ്സുകൾ സംഘടിപ്പിക്കുന്ന Course LUCA , ശാസ്തനിഘണ്ടുവായ Words LUCA എന്നീ അനുബന്ധ വെബ്പേജുകളും ലൂക്കയുടേതായുണ്ട്. 2024 ജൂൺ മാസം മുതൽ വിദ്യാഭ്യാസ പ്രവർത്തകർക്കും അധ്യാപകർക്കുമായി ലൂക്ക @ സ്കൂൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ മാസവും രണ്ടു പാക്കറ്റുകളാണ് പ്രസിദ്ധീകരിക്കുന്നത്. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങളും ശാസ്ത്രസഹവാസ ക്യാമ്പുകളും ലൂക്ക സംഘടിപ്പിക്കാറുണ്ട്. ശാസ്ത്രകലണ്ടർ, പോസ്റ്ററുകൾ, ഉത്പന്നങ്ങൾ എന്നിവ ലൂക്കയുടേതായിട്ടുണ്ട്. ശാസ്ത്രദിനങ്ങളുമായി ബന്ധപ്പെട്ട ടൂൾകിറ്റുകൾ, പ്രഭാഷണങ്ങൾ, പോഡ്കാസ്റ്റുകൾ എന്നിവയും സംഘടിപ്പിക്കുന്നു.

http://luca.co.in/

ലൂക്ക – നമ്മുടെ എല്ലാവരുടേയും മുൻഗാമി

നമ്മൾ എന്നാൽ മനുഷ്യർ മാത്രമല്ല; ഈ ഭൂമിയിലെ സർവ്വമാന ജീവജാലങ്ങളും എന്നാണ് അർത്ഥമാകുന്നത്. ഒരു സെൻറീമീറ്ററിൻറെ പത്ത് ലക്ഷത്തിൽ ഒന്നുപോലും വലുപ്പമില്ലാത്ത മൈക്കോപ്ലാസ്മ മുതൽ നൂറു ടണ്ണിലധികം ഭാരമുള്ള നീല തിമിംഗലങ്ങളും സെക്കോവ്യ മരങ്ങളും ഒക്കെ അടങ്ങുന്ന അതിബൃഹത്തായ ജീവലോകം. ഇന്ന് ജീവിച്ചിരിപ്പുള്ളത് മാത്രമല്ല, കാലത്തിൽ മണ്മറഞ്ഞു പോയ ഡിനോസറുകളും കാർബോണിഫറസ് കാടുകളും സാളഗ്രാമങ്ങളും ഒക്കെ ലൂക്കയുടെ പിന്മുറക്കാർ.

ജൈവലോകത്തെ പറ്റി ഡാർവിൻ മുന്നോട്ടു വെച്ച വിപ്ളവകരമായ ആശയം ഇന്നുള്ളതും മുൻപു ജീവിച്ചിരുന്നതുമായ എല്ലാം തന്നെ ഒരു പൂർവികനിൽ നിന്ന് പരിണമിച്ച് ഉണ്ടായതാണെന്നാണ്. അങ്ങനെയെങ്കിൽ, എല്ലാ ജീവികളിലും കാണപ്പെടുന്ന ജീവൻറെ അടിസ്ഥാനശിലകൾ ആ പൂർവ്വികനിൽ നിന്ന് കിട്ടിയതായിരിക്കണമല്ലോ. ജീവലോകത്തെ ശാസ്ത്രജ്ഞർ മൂന്ന് അടിസ്ഥാനവിഭാഗങ്ങളായാണ് തരം തിരിക്കുന്നത്– കോശകേന്ദ്രങ്ങളില്ലാത്ത ഏകകോശജീവികളായ ബാക്ടീരിയകളും ആർക്കിയകളും ആണ് ഇവയിൽ രണ്ടെണ്ണം. ഉദ്ദേശം 350 കോടി വർഷം മുൻപ‍് ഇവ ഉണ്ടായിരുന്നതായുള്ള തെളിവുകളുണ്ട്. ഉദ്ദേശം 160 – 200 കോടി വർഷം മുൻപ് ഉത്ഭവിച്ച യൂക്കാരിയോട്ടുകളാണ് മൂന്നാം വിഭാഗം. കോശത്തിനുള്ളിൽ ജനിതക പദാർത്ഥം ഒരു കോശകേന്ദ്രത്തിൽ നില കൊള്ളുന്നു എന്നുള്ളതാണ് ഇവയുടെ പ്രത്യേകത. ഇവയിൽ ഏകകോശജീവികളും നാം അടങ്ങുന്ന ബഹുകോശജീവികളും ഉൾപ്പെടും. ബാക്ടീരിയയുടേയും ആർക്കിയയുടേയും അപൂർവ്വമായ ഒരു കൂടിച്ചേരലിലൂടെയാണ് യൂക്കാരിയോട്ടുകൾ ഉണ്ടായത് എന്നതിന് ശക്തമായ തെളിവുകൾ ഇന്ന് ലഭ്യമാണ്.

എല്ലാ ജീവികൾക്കും ഒരു പൂർവികൻ എന്നതിന് അനിഷേധ്യമായ തെളിവുകളുണ്ട്. ബാക്ടിരിയ, ആർക്കിയ, യൂക്കാരിയോട്ട് വിഭാഗങ്ങളിലെല്ലാം തന്നെ ഉള്ള അടിസ്ഥാന ജൈവ പദാർത്ഥങ്ങളുടേയും പ്രക്രിയകളുടേയും സമാനതകളാണ് ഇതിൽ മുഖ്യം. എല്ലാ ജൈവ ഘടനയ്ക്കും പ്രക്രിയകൾക്കും ആധാരമായ പ്രോട്ടീനുകൾ അമിനോ അമ്ളങ്ങൾ ഒന്നിനു പുറകെ ഒന്നായി അടുക്കിവെച്ച് നിർമ്മിക്കപ്പെടുന്നവയാണ്. ജൈവ കോശങ്ങളിൽ ഉപയോഗിക്കപ്പെടുന്നത് ഇരുപത് അമിനോ അമ്ളങ്ങളാണ്. ഇവ ബാക്ടീരിയയിലും ആർക്കിയയിലും യൂക്കാരിയോട്ടിലും എല്ലാം ഒന്നു തന്നെ! ആകസ്മികമായി ഓരോ ജൈവ വിഭാഗത്തിലും ഒരേ ഇരുപത് അമിനോ അമ്ളങ്ങൾ തന്നെ പ്രത്യേകം പ്രത്യേകമായി തെരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യത ഏതാണ്ട് ഇല്ല തന്നെ. കൂടുതൽ അതിശയിപ്പിക്കുന്ന വസ്തുത മറ്റൊന്നുണ്ട്. ഒരേ അമിനോ അമ്ളവും സ്വാഭാവികമായി വലംപിരി രൂപത്തിലോ ഇടംപിരി രൂപത്തിലോ കാണപ്പെടാം. ഒന്നൊഴിയാതെ എല്ലാ ജീവികളും അമിനോ അമ്ളങ്ങളെല്ലാം ഇടംപിരികൾ മാത്രമാണെന്നുള്ളത് പൊതു പൂർവികനിലേക്കല്ലാതെ മറ്റെന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്? ഓരോ ജീവിയിലുമുള്ള വ്യത്യസ്ത പ്രോട്ടീനുകളുടെ ഘടന നിർണ്ണയിക്കുന്നത് ജനിതക പദാർത്ഥങ്ങളായ ഡി.എൻ.എ.യിലും ആർ.എൻ.എ.യിലുമുള്ള ന്യൂക്ളിയോടൈഡ് ക്രമങ്ങളാണ്. എല്ലാ ജീവികളിലും ഡി.എൻ.എ. നാലേ നാല് (അഡനീൻ, ഗ്വാനീൻ, സൈറ്റോസിൻ, തൈമീൻ) ന്യൂക്ളിയോടൈഡുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ആർ.എൻ.എ ആകട്ടെ അഡനീൻ, ഗ്വാനീൻ, സൈറ്റോസിൻ, യുറാസിൽ എന്നിവയെ കൊണ്ടും. ഈ ന്യൂക്ളിയോടൈഡുകൾ എല്ലാം തന്നെ വലം പിരികളാണെന്നുള്ളത് മറ്റൊരു പ്രത്യേകത. തീർന്നില്ല, പ്രോട്ടീൻ നിർമ്മാണ വേളയിൽ അമീനോ അമ്ളങ്ങൾ അടുക്കി വെക്കുന്ന ക്രമം ജീനിലെ ന്യൂക്ലിയോട്ടൈഡുകളുടെ ക്രമം അനുസരിച്ചാണല്ലോ. ഓരോ അമിനോ അമ്ളത്തെയും പ്രതിനിധാനം ചെയ്യുന്ന മൂന്നക്ക ന്യൂക്ളിയോടൈഡ് ഭാഷയാണ് പ്രസിദ്ധമായ ജനിതക കോഡ്. ഉദാഹരണത്തിന് സന്ദേശക ആർ.എൻ.എ.യിൽ യുറാസിൽ, യുറാസിൽ, യുറാസിൽ (UUU) എന്നാൽ ഫിനൈൽ അലനീൻ എന്ന അമിനോ അമ്ളം എന്നാണർത്ഥം. ഇങ്ങനെയുള്ള ജനിതക കോഡിലെ എല്ലാ വാക്കുകളും ഒന്നു തന്നെയാണെന്നുള്ളത് സംശയലേശമന്യേ പൊതു പൂർവ്വികനെ അരക്കിട്ടുറപ്പിക്കുന്ന വസ്തുതയാണ്.

ജീവൻ എന്ന പ്രതിഭാസം നിലനിൽക്കുന്നത് ഊർജ്ജ ഉൽപാദനത്തി ൽ അധിഷ്ഠിതമായ നിർമാണ–വിഘടന പ്രക്രിയകളിലൂടെയാണ്. ഈ ഊർജ്ജോൽപ്പാദനം അടിസ്ഥാനപരമായി ക്രെബ്സ് സൈക്കിൾ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള രാസപ്രവർ ത്തനങ്ങളിലൂടെയാണ്. ഈ രാസപ്രവർത്തനങ്ങളും പൊതു പൂർവ്വികനിൽ നിന്നും എല്ലാ ജീവികൾക്കും കൈമാറപ്പെട്ടതാണ്. ഇന്നുള്ള ജീവികളുടെ മേൽ പറഞ്ഞ ലക്ഷണങ്ങളെല്ലാം ഉണ്ടായിരുന്ന അവസാനത്തെ പൂർവ്വികനാണ് ലൂക്ക. അതായത് Last Universal Common Ancestor (LUCA). ലൂക്ക എന്നാൽ അദ്യ പൂർവ്വികനോ ആദ്യ കോശമോ അല്ല എന്നർത്ഥം. ലൂക്ക എന്ന ജീവിയെ പറ്റി ഏതാണ്ട് ചില ധാരണകളൊക്കെ നമുക്കുണ്ട്. ഉദാഹരണത്തിന് അടിസ്ഥാന ആവശ്യങ്ങൾക്കായി വേണ്ട എതാണ്ട് 250 ഓളം ജീനുകളും, കോശസ്ഥരവും ഇരുപത് അമിനോ അമ്ളങ്ങൾ അടങ്ങുന്ന പ്രോട്ടീനുകളും ക്രെബ്സ് വൃത്തത്തിലൂടെയുള്ള ഊർജ്ജ ഉല്പാദനവും ഒക്കെ ഉണ്ടായിരുന്ന ഒരു ജീവി. എന്നാൽ ലൂക്ക ഉണ്ടായതെങ്ങനെ എന്ന ചോദ്യം ബാക്കി നിൽക്കുന്നു. പ്രോട്ടീനുകളും ന്യ്യൂക്ളീക് ആസിഡുകളും ഊർജ്ജോൽപാദനവും ഒക്കെ വേവ്വേറെ ഉണ്ടാവുകയും, ഒരു സന്നിഗ്ധ ഘട്ടത്തിൽ ഇവയെല്ലാം ചെറുകുമിളകൾ പോലെയുള്ള കോശങ്ങളിൽ ഒന്നിച്ച് ചേര്ന്ന് ജീവൻറെ ആദ്യ തുടിപ്പുകളിലേക്കും പിന്നിട്ട് ലൂക്കയിലേക്കും എത്തിച്ചേർന്നതിൻറെ കഥ പൂർണ്ണമായി ഇനിയും അനാവരണം ചെയ്യാൻ ഇരിക്കുന്നതേയുള്ളൂ. ഇന്നത്തെ ശാസ്ത്രത്തിന് അതിനുള്ള കഴിവുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

"https://wiki.kssp.in/index.php?title=ലൂക്ക&oldid=13381" എന്ന താളിൽനിന്ന് ശേഖരിച്ചത്