സ്കൂളുകളുമായുള്ള ബന്ധം
ശാസ്ത്രകേരളവും യുറീക്കയും സ്കൂളുകളുമായുള്ള ബന്ധത്തിന്ന് പുതിയ ഒരു മാനം കൈവന്നു. ഈ മാസികകൾ വായിച്ച കുട്ടികൾ സംശയം ചോദിച്ചുകൊണ്ട് അദ്ധ്യാപകരെ സമീപിച്ചു. പാഠപുസ്തകത്തിന്റെ പുറത്ത് നിന്ന് വായിച്ച കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യം അദ്ധ്യാപകർ പൊതുവേ ഇഷ്ടപ്പെട്ടെന്ന് വരില്ല. പക്ഷെ ചിലരെങ്കിലും കുട്ടിക്ക് കിട്ടിയ അറിവിന്റെ ഉറവിടം കണ്ടെത്താൻ താല്പര്യമെടുത്ത്. അങ്ങിനെ അന്വേഷണം യുറീക്കയിലും ശാസ്ത്രകേരളത്തിലും എത്തി. അങ്ങിനെ പരിഷത്തിലേക്കുള്ള പാതയിൽ പലരും എത്തിച്ചേർന്നു. സ്കൂളുകളുമായി പരിഷത്തിന്ന് കിട്ടിയ ഈ അടുപ്പം ശാസ്ത്രകേരളം ക്വിസും യുറീക്ക വിജ്ഞാനപരീക്ഷയും വിപുലമാക്കാൻ സഹായിച്ചു. ലക്ഷക്കണക്കിന്ന് കുട്ടികൾ ഈ പരീക്ഷകളിൽ പങ്കെടുക്കാൻ തുടങ്ങി. അവരുടെ രക്ഷിതാക്കളും പരിഷത്തിനെപ്പറ്റി അറിയാൻ തുടങ്ങി. അവരുടെ പങ്കാളിത്തത്തോടൊപ്പം പരിഷത്തും വളരുകയായിരുന്നു.
പ്രഭാഷണങ്ങളും ക്ളാസുകളും
ഇവ ആദ്യം തൊട്ടേ പരിഷത്തിന്റെ പരിപാടികളിലൊന്നായിരുന്നു. 1973 ൽ ഭാരതീയ വിഗ്യാൻ പത്രികാസമിതിയുടെ ആഹ്വാനമനുസരിച്ച ജനുവരി ഒന്നാം വാരം ശാസ്ത്രവാരമായി ആചരിച്ചു. പ്രപഞ്ചത്തിന്റെ വികാസം,മനുഷ്യന്റെ വികാസം,ശാസ്ത്രത്തിന്റെ വികാസം എന്ന വിഷയത്തെ കുറിച്ച് 1000 പ്രഭാഷണങ്ങൾ നടത്താനായിരുന്നു തീരുമാനം. ഉദ്ദേശിച്ചതിലും കൂടുതൽ പ്രഭഷണങ്ങൾ നടന്നു. ഈ വിജയമാണ് 1976 ൽ പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന വിഷയത്തെക്കുറിച്ച് മറ്റൊരു പ്രഭാഷണപരമ്പര തുടങ്ങാൻ പരിഷത്തിന്ന് ധൈര്യം നൽകിയത്. അടിയന്തിരാവസ്ഥക്കാലത്ത് അനുവദിക്കപ്പെട്ട അപൂർവം ബഹുജനപ്രവർത്തനങ്ങളിൽ ഒന്ന് എന്ന നിലയ്ക്കാവാം ഉദ്ദേശിച്ചതിന്റെ നാല് മടങ്ങ് ക്ളാസുകൾ നടത്താൻ കഴിഞ്ഞതും അവയിലെല്ലാം വലിയ ബഹുജനപങ്കാളിത്തമുണ്ടായതും. 1976 ലെ പ്രകൃതി,ശാസ്ത്രം,സമൂഹം, എന്നപ്രഭാഷണ പരമ്പര ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട് "കേരളത്തന്റെ സമ്പത്ത്","കേരളത്തിലെ കൃഷി","വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്", "നാ ജീവിക്കുന്ന ലോകം", തുടങ്ങിയ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ നടത്തപ്പെട്ടു. സംഘാടനം കുറ്റമറ്റ രീതിയിലായിരുന്നു. സംസ്ഥാനതലത്തിൽ 100 പേർക്ക് പരിശീലനം കൊടുത്തു. അവർ തുടർന്ന് 1500 പേർക്ക് പരിശീലനം നൽകി. പ്രഭാഷണം കേൾക്കാനെത്തുന്നവരുടെ നിലവാരം അനുസരിച്ച് ക്ളാസുകൾ സംഘടിപ്പിക്കപ്പെട്ടു. പതിനായിരങ്ങൾ ഈ പുതിയ ശാസ്ത്രബോധന രീതിയെ ആവേശപൂർവ്വം സ്വീകരിച്ചു. "പ്രകൃതിയുടെ വികാസം", "മനുഷ്യന്റെ വികാസം","ശാസ്ത്രത്തിന്റെ വികാസം", തുടങ്ങിയ ക്ളാസുകൾ 1973 ൽ നടത്തിയെന്ന് സൂചിപ്പിച്ചുവല്ലോ. ഈ ക്ളാസുകൾ പരിഷത്തിന്റെ ആശയപരമായ വളർച്ചയിലെ സുപ്രധാന ഘട്ടങ്ങളായിരുന്നു. ശാസ്ത്രത്തിന്റെ ചരിത്രം, ദർശനം ഇവയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വ്യക്തത വരുത്താൻ ഇവ സഹായിച്ചു. കൂടാതെ തുടർന്ന് നടത്തപ്പെട്ട, പ്രകൃതി,ശാസ്ത്രം,സമൂഹം എന്നീ പ്രഭാഷണങ്ങൾക്കുള്ള അടിത്തറ ഉണ്ടാക്കുവാനും സഹായകരമായി. ഒന്നാമത്തെ ക്ളാസ് പ്രകൃതിയുടെ വികാസത്തെപ്പറ്റിയും രണ്ടാമത്തേത് സൌരയൂഥ ഉൽപത്തി സിദ്ധാന്തത്തിൽ നിന്ന് തുടങ്ങി മുതലാളിത്ത വ്യവസ്ഥയും സോഷ്യലിസ്റ്റ് വ്യവസ്ഥയും മൌലിക വ്യത്യാസം വരെ ചർച്ച ചെയ്തുകൊണ്ടവസാനിക്കുന്നു. ശാസ്ത്രവും സമൂഹവും തമ്മിലുള്ള അവിഭാജ്യമായ ബന്ധമാണ് മൂന്നാമത്തെ ക്ളാസിന്റെ ഉള്ളടക്കം. അവസാനം ആധുനിക ശാസ്ത്രത്തിന്റെ വളർച്ച പരിശോധിക്കുന്നതിനോടൊപ്പം തന്നെ അവ സൃഷ്ടിച്ച പ്രശ്നങ്ങളും ശാസ്ത്രവും സമൂഹവും ഇന്നെത്തിച്ചേർന്ന ദശാസന്ധിയുംവരെ പരിശോധിക്കപ്പെടുന്നു. യൂണിറ്റ്,മേഖല,ജില്ല,സംസ്ഥാനം എന്നീ തലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റികൾ അടങ്ങുന്ന സംഘടനാരൂപം പരിഷത്തിന്ന് ഉണ്ടായത് അത് ഒരു ബഹുജന പ്രസ്ഥാനമാകാൻ തുടങ്ങിയ രണ്ടാം ദശകത്തിലാണ്. ഇതിന്ന് പുറമേ അഫിലിയേറ്റ് ചൊയ്യുന്ന താരതമ്യേന സ്വതന്ത്രമായ ബാലവേദി, സയൻസ് ഫോറം, ഗ്രാമ ശാസ്ത്ര സമിതി, മുതലായവയും ഉണ്ടായി.