വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരു ആമുഖം
കഴിഞ്ഞ നാലുദശകമായി കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ സജീവമായി ഇടപെട്ടുവരുന്ന സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. വിദ്യാഭ്യാസമേഖലയിലെ തെറ്റായ നയങ്ങൾക്കെതിരായി ശക്തമായ നിലപാടെടുക്കുമ്പോൾത്തന്നെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ ആഴത്തിൽ പരിശോധിക്കാനും ബദൽ വിദ്യാഭ്യാസ കാഴ്ചപ്പാട് രൂപീകരിക്കാനും മാതൃകകൾ വളർത്തിയെടുക്കാനും പരിഷത്ത് ശ്രമിച്ചിട്ടുണ്ട്. ബാലവേദികൾ, ബാലോത്സവങ്ങൾ, സഹവാസക്യാമ്പുകൾ, സയൻസ് ക്ലബ്ബുകൾ, ജ്യോതിശ്ശാസ്ത്രക്ലാസ്സുകൾ, ബാലോത്സവജാഥകൾ, വിജ്ഞാനപരീക്ഷകൾ, വിജ്ഞാനോത്സവങ്ങൾ, അക്ഷരവേദികൾ, പഞ്ചായത്ത് വിദ്യാഭ്യാസ കോംപ്ലക്സുകൾ, വിദ്യാഭ്യാസഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, വിദ്യാഭ്യാസ സംവാദങ്ങൾ, അധ്യാപക പരിശീലനം, വിദ്യാഭ്യാസ ഗവേഷണം തുടങ്ങിയവയൊക്കെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളായിരുന്നു. നിരീക്ഷിച്ചും ചോദ്യം ചെയ്തും പ്രശ്നപരിഹരണം നടത്തിയും വളർന്നുവരുന്ന കരുത്തുറ്റ ഒരു ഭാവിതലമുറയെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ പരിഷത്തും അതിന്റെ പങ്കുവഹിക്കുന്നുണ്ട് എന്നു ഞങ്ങൾ കരുതുന്നു. കേരളത്തിന്റെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് ഒരു പരിപ്രേക്ഷ്യം രൂപപ്പെടുത്താനും അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നിർദേശിക്കാനും കേരള വിദ്യാഭ്യാസ കമ്മീഷനിലൂടെ തുടങ്ങിവച്ച ശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പരിഷത്ത് പ്രതിജ്ഞാബദ്ധമാണ്. ലോകമാകെ വിദ്യാഭ്യാസദർശനത്തിലും സിദ്ധാന്തങ്ങളിലും പ്രയോഗത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ മുന്നേറ്റ ങ്ങൾ വരെ ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസമേഖലയിൽ പ്രതിലോമ ചിന്താഗതികൾ മറനീക്കി പുറത്തുവന്നിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യകരമായ അക്കാദമിക് ചർച്ചകൾ നടക്കേണ്ടിയിരിക്കുന്നു. പരിവർത്തനത്തിന് സഹായകമായ ആശയങ്ങളെ സംയോജിപ്പിച്ചുകൊണ്ട് സമഗ്രമായ ഒരു വിദ്യാഭ്യാസപരിപ്രേക്ഷ്യവും കർമപരിപാടിയും വികസിപ്പിക്കേണ്ടതുണ്ട്. അതിനുള്ള തുടക്കമെന്ന നിലയിലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. പരിഷത്തിന്റെ വിദ്യാഭ്യാസഗവേഷണകേന്ദ്രം (Educational Research Unit) 2002-ൽ തയ്യാറാക്കിയ ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പാണിത്. പുരോഗമനപരമായ ഒരു വിദ്യാഭ്യാസക്രമം വികസിപ്പിക്കുവാനുള്ള ശ്രമങ്ങൾക്ക് ഇതിലൂടെ പ്രകാശിതമാകുന്ന ആശയങ്ങൾ വെളിച്ചം പകരുമെന്ന് പരിഷത്ത് കരുതുന്നു.