മൂശാരിക്കൊവ്വൽ (യൂണിറ്റ്)
ആമുഖം
കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് ഏറെ കാലമായി സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, സാഹിത്യ, ശാസ്ത്ര പ്രവർത്തകരുടെ സംഗമ ഭൂമിയാണ്.പുരോഗമന വാദികളും രാഷ്ട്രീയ പ്രവർത്തകരും ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ച പാരമ്പര്യമുള്ള ഗ്രാമമായിരുന്നു കുഞ്ഞിമംഗലം. ഇവിടെ 1982ൽ ഗവ: സെൻട്രൽ യു.പി. സ്കൂളിലെ അധ്യാപകർ, ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥയ്ക്ക് സ്വീകരണം നൽകാൻ വേണ്ടി ഒത്തുചേർന്നു. അത് പിന്നീട് പരിഷത്തിന്റെ യൂണിറ്റ് ആയി മാറുകയായിരുന്നു. കെ.വി.ശ്രീധരൻ മാസ്റ്റർ സെക്രട്ടറിയായി കുഞ്ഞിമംഗലം യൂണിറ്റ് നിലവിൽ വന്നു.രൂപീകരണ യോഗത്തിൽ പ്രൊഫ. ടി.പി. ശ്രീധരൻ മാസ്റ്റർ,വാസുക്കുട്ടൻ മാസ്റ്റർ, എൻ.പി. ഭാസ്കരൻ മാസ്റ്റർ തുടങ്ങി മുതിർന്ന പ്രവർത്തകർ പങ്കെടുത്ത് പ്രവർത്തന മാർഗങ്ങൾ വിശദീകരിക്കുകയുണ്ടായി .
യൂണിറ്റിന്റെ വഴികാട്ടികൾ
യുണിറ്റ് രൂപീകരണത്തിന് ശേഷം 1987 വരെ സെക്രട്ടറിയായി കെ.വി.ശ്രീധരൻ മാസ്റ്റർ തുടർന്നു. 1987 ൽ യുണിറ്റ് സമ്മേളനത്തിൽവെച്ച് പുതിയ പ്രസിഡന്റിനെയും സെക്രട്ടറിയേയും തെരഞ്ഞെടുത്തു.കെ.പി. മുഹമ്മദ് പ്രസിഡന്റായും, കെ.പി. മുകുന്ദൻ സെക്രട്ടറിയായും ഭാരവാഹികളുണ്ടായി. വൈസ് പ്രസിഡന്റായി ടി.വി വിജയൻ മാസ്റ്ററും, ജോയിന്റ് സെക്രട്ടറിയായി കെ..വി. സുരേന്ദ്രനെയും തെരഞ്ഞെടുത്തു.കുഞ്ഞിമംഗലം പഞ്ചായത്ത് യുണിറ്റ് എന്ന പേരിലാണ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. 1989 -90 ൽ നടന്ന സമ്മേളനത്തിൽ വെച്ച് കെ. രമേശൻ സെക്രട്ടറിയായ പുതിയ കമ്മിറ്റി രൂപീകരിച്ചു. ആദ്യകാലത്തെ പ്രവർത്തന സജീവത നിലനിർത്താൻ ഈ കമ്മിറ്റിക്കായില്ല. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ അംഗങ്ങളെ കൂട്ടിയോജിപ്പിച്ച് പ്രവർത്തി പ്പിക്കുന്നതിലുള്ള പ്രയാസം യൂണിറ്റിന്റെ നിർജീവതയിൽ എത്തിച്ചു. ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് പഞ്ചായത്ത് യൂണിറ്റിനെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി കുഞ്ഞിമംഗലം നോർത്ത് യൂണിറ്റും, കുഞ്ഞിമംഗലം സൗത്ത് യൂണിറ്റും നിലവിൽ വന്നു.ഇതു പ്രകാരം 1992 ൽ കെ. ഗിരിധരൻ പ്രസിഡന്റും ,സി.വി. ശശിധരൻ സെക്രട്ടറിയുമായി കുഞ്ഞിമംഗലം നോർത്ത് യൂണിറ്റ് രൂപീകൃതമായി.എങ്കിലും സംഘടനയെ ചലിപ്പിക്കാൻ ഈ കമ്മിറ്റിക്കും കഴിഞ്ഞില്ല. ക്രമേണ നോർത്ത് യുണിറ്റ് ഇല്ലാതാവുകയായിരുന്നു. 1994 -95 ഡിസംബർ 8 ന് കുഞ്ഞിമംഗലം സൗത്ത് യൂണിറ്റ് സമ്മേളനം നടന്നു. പി. കരുണാകരൻ മാസ്റ്റർ പ്രസിഡന്റും, ടി. വി. വിജയൻ മാസ്റ്റർ സെക്രട്ടറിയുമായി കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ പ്രവർത്തന കാലഘട്ടത്തിലാണ് പഞ്ചായത്ത് കോ ഓർഡിനേഷൻ കമ്മിറ്റിക്ക് രൂപം കൊടുത്തത്. 1995 മെയ് 26 ന് എ. ശ്രീധരൻ മാസ്റ്റർ ചെയർമാനായും, കെ.വി. ശ്രീധരൻ മാസ്റ്റർ കൺവീനറായും പ്രവർത്തനമാരംഭിച്ച ഈ കമ്മിറ്റിയുടെ ശ്രമഫലമായി പരിഷത്തിന്റെ പഞ്ചായത്ത് തല പ്രവർത്തനങ്ങൾക്ക് സജീവത കൈവന്നു.അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ടുള്ള പഞ്ചായത്ത് രാജ് പ്രചാരണ കാൽനട ജാഥ ജില്ലാ സംഘടിപ്പിച്ചത് ഈ ഘട്ടത്തിലായിരുന്നു. ഇതിന്റെ പയ്യന്നൂർ മേഖലാ ജാഥാ ലീഡറായി പ്രവർത്തിച്ചത് കെ.വി. ശ്രീധരൻ മാസ്റ്ററായിരുന്നു. ഇതിന്റെ സമാപനം 1995 ആഗസ്ത് 15 ന് കുഞ്ഞിമംഗലത്ത് വെച്ച് നടന്നു. 1995 ഡിസംബർ 25 ന് ചേർന്ന സൗത്ത് യൂണിറ്റ് സമ്മേളനത്തിൽ വെച്ച് പരിഷത്തിന്റെ പ്രവർത്തനങ്ങളെ കൂടുതൽ വ്യാപിപ്പിക്കാൻ തീരുമാനിച്ചു. അങ്ങിനെ യൂണിറ്റ് വിഭജിക്കുകയും തെക്കുമ്പാട് യൂണിറ്റെന്നും, മൂശാരിക്കൊവ്വൽ യൂണിറ്റെന്നും പേരിൽ രണ്ട് പ്രവർത്തന കേന്ദ്രങ്ങളുണ്ടാകുകയും ചെയ്തു. മൂശാരിക്കൊവ്വൽ യൂണിറ്റിന്റെ ആദ്യ പ്രസിഡന്റായി കെ.ടി.പി. ഗോവിന്ദനെയും, സെക്രട്ടറിയായി ടി. വി. വിജയൻ മാസ്റ്ററെയും തിരഞ്ഞെടുത്തു. തുടർന്ന് ഗോപിനാഥ്,സിദ്ധാർത്ഥൻ , പ്രജീഷ്,പപ്പൻ കുഞ്ഞിമംഗലം,സുനീഷ്, ഷൈജു, ഉഷ,തുടങ്ങിയ സെക്രട്ടറിമാരിലൂടെ യൂണിറ്റിന്റെ പ്രവർത്തനം ഏറിയും കുറഞ്ഞും മുന്നോട്ട് പോയ്യ്ക്കൊണ്ടിരുന്നു. നിലവിൽ ഷൈജു കെ പ്രസിഡണ്ടും ഉഷാകുമാരി കെ.വി സെക്രട്ടറിയുമായി നല്ലനിലയിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. മേഖല കമ്മിറ്റിയംഗമാ യ പപ്പൻ കുഞ്ഞിമംഗലവും, മേഖല പ്രസിഡന്റായ വിജയൻ ടി.വി.യും യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ സഹായിച്ചുവരുന്നു.
പ്രവർത്തന പഥങ്ങൾ
1996 മെയ് 31 ന് കുതിരുമ്മൽ ഗവ: എൽ.പി. സ്കൂളിൽ വെച്ച് പരിഷത്തിന്റെ പഞ്ചായത്ത് തല പ്രവർത്തക ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ 40 പേര് പങ്കെടുത്തിരുന്നു. വൈകുന്നേരം 7 മണി മുതൽ രാത്രി ഒരു മണിവരെ നീണ്ടുനിന്ന പരിപാടി ക്ളാസ്സുകളും ചർച്ചകളും കൊണ്ട് സമ്പുഷ്ടമായിരുന്നു. ജില്ലയിലെ മുതിർന്ന പരിഷത്ത് പ്രവർത്തകൻ എ. രാഘവൻ ക്യാമ്പിന് നേതൃത്വം നൽകി.1980 കളിലെ കലാജാഥകൾ ശ്രദ്ധിക്കപ്പെട്ടതുപോലെ, ജനങ്ങളിൽ ആഴ്ന്നിറങ്ങിയുള്ള പ്രവർത്തനങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിലെന്നപോലെ കുഞ്ഞിമംഗലത്തെ ജനതയെയും ഏറെ സ്വാധീനിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ലോക ശ്രദ്ധയാകർഷിച്ചു എന്നതിന് തെളിവാണ് 1996 ഡിസംബർ 9 ന് സ്റ്റോക്ഹോമിൽ വെച്ച് ബദൽ നോബൽ സമ്മാനമെന്നറിയപ്പെടുന്ന റൈറ്റ് ലൈവ്ലി ഹുഡ് അവാർഡ് പരിഷത്തിന് സമ്മാനിച്ചപ്പോൾ കണ്ടത്.
1997 നവംബർ ഒന്നിന് സമത കലാജാഥയ്ക്ക് സ്വീകരണം നല്കാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.ഗോപാൽ യു.പി. സ്കൂൾ പരിസരത്ത് വെച്ചായിരുന്നു പരിപാടി അവതരിപ്പിച്ചത്.ഇതിന്റെ ഭാഗമായി വിവിധ അനുബന്ധപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ചരിത്രോത്സവം, വായനോത്സവം, ചിത്രോത്സവം എന്നിവ അവയിൽ ചിലതാണ്.1998 ൽ ഗോപാൽ യു.പി. സ്കൂളിൽ വെച്ച് പഞ്ചായത്ത് തല ഗണിതോത്സവം പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. 1998 മെയ് 21 ,22 തിയ്യതികളിൽ ഗവ:സെൻട്രൽ യു.പി. സ്കൂളിൽ വെച്ച് പൗരബോധന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. ഡോ .RVG മേനോൻ ഈ ക്യാമ്പ് സന്ദർശിച്ച് സംസാരിക്കുകയുണ്ടായി.1999 ൽ റെഡ്സ്റ്റാർ മൂശാരിക്കൊവ്വൽ പരിസരത്ത് വെച്ച് യൂണിറ്റിന്റെ നേതൃത്വത്തിൽ ഊർജ സംരക്ഷണ ക്ളാസ് സംഘടിപ്പിച്ചു. 2002 ൽ IRTC യിൽ വെച്ച് നടന്ന എജുക്കേഷണൽ റിസർച്ച് യൂണിറ്റ് സംഘടിപ്പിച്ച പാഠപുസ്തക ഓഡിറ്റിങ്ങിൽ കുഞ്ഞിമംഗലം പഞ്ചായത്തിൽ നിന്നും ടി.വി. വിജയൻ മാസ്റ്ററും, സി. മോഹനൻ മാസ്റ്ററും പങ്കെടുത്തിരുന്നു.
2004 മെയ് 12,13 തിയ്യതികളിൽ ബാലവേദിയുടെ നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ദൃശ്യോത്സവം എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും, പൊതുജനങ്ങൾക്കുമായി ലോകോത്തര സിനിമകൾ പ്രദർശിപ്പിച്ചിരുന്നു.
2004 ഡിസംബർ 25,26 തിയ്യതികളിൽ പയ്യന്നൂർ മേഖലാ സമ്മേളനം കുഞ്ഞിമംഗലം ഗോപാൽ യു.പി. സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി.പങ്കാളിത്തം കൊണ്ടും, സംഘട്ടനം കൊണ്ടും ഏറെ ശ്രദ്ധേയമായ സമ്മേളനം ഉദ്ഘാടനം ചെയ്തത് ഡോ . KN ഗണേശ് ആണ്. സമ്മേളന സ്ഥലത്ത് വെച്ച് മൂശാരിക്കൊവ്വൽ യൂണിറ്റ് ഉത്പാദിപ്പിച്ച സോപ്പും, ഡിറ്റർജന്റും പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ടാക്കി.
2004 ആഗസ്തിൽ പയ്യന്നൂർ മേഖല സംഘടിപ്പിച്ച വികസനജാഥയ്ക്ക് ആഗസ്ത് 27 ന് ആണ്ടാംകൊവ്വലിൽ വെച്ച് സ്വീകരണം നൽകുകയുണ്ടായി. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, സംഘാടക സമിതി ചെയർമാനുമായ ടി.വി. കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ജനങ്ങൾ ഹൃദ്യമായ സ്വീകരണം നൽകി.
2005 ലെ സംസ്ഥാന ശാസ്ത്രകലാജാഥയുടെ ഒരു സ്വീകരണ കേന്ദ്രവും കുഞ്ഞിമംഗലമായിരുന്നു.
2008 മാർച്ച് മാസം നടന്ന കേരളസ്ത്രീ എങ്ങിനെ ജീവിക്കുന്നു,എങ്ങിനെ ചിന്തിക്കുന്നു എന്ന പഠന ക്ളാസിൽ പി. ഉഷ, ലത കുഞ്ഞിമംഗലം എന്നിവർ പങ്കെടുക്കുകയുണ്ടായി. ഇതേ വർഷം ഒക്ടോബർ 20 ന് കിഴക്കാനീ വായനശാലയിൽ പരിഷത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ളാസ് നടത്തി. ഓ.പി. മുസ്തഫ മാസ്റ്റർ ക്ളാസ് കൈകാര്യം ചെയ്തു. ഒക്ടോബർ 27 ന് കുതിരുമ്മൽ AKG സെന്ററിന്റെ സഹകരണത്തോടെ ഏകദിന ബാലോത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു ആ പരിപാടി. സമാപന പരിപാടിയിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളായ പ്രിയ നാരായണൻ, സൂര്യ പി,വികാസ് പി, അഖില പി.വി എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു.
കുഞ്ഞിമംഗലത്ത് നടത്തിയ ശാസ്ത്ര സാംസ്കാരികോത്സവം മറ്റൊരു വൻ പരിപാടിയായിരുന്നു. ഗ്രാമത്തിലെ വിവിധ തുറകളിൽ പെട്ട കലാകാരന്മാരെ പങ്കെടുപ്പിച്ചായിരുന്നു ഇത് സംഘടിപ്പിക്കപ്പെട്ടത്.പഞ്ചായത്ത് പ്രസിഡന്റ് ടി. വി. കൃഷ്ണൻ നായർ സാംസ്കാരിക ജ്വാല തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. പൂരക്കളി ആശാൻ ഗോവിന്ദൻ പണിക്കർ, തെയ്യം കലാകാരൻ കണ്ണൻ പണിക്കർ, കോൽക്കളിയിലെ ഗുരുസ്ഥാനീയനായ പി. പത്മനാഭൻ മാസ്റ്റർ, ആയുർവേദ വൈദ്യരായ കുമാരൻ വൈദ്യർ ശില്പകലയുടെ കുലഗുരു കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ, ലോക പ്രശസ്ത മൗത്ത് ആർട്ടിസ്റ്റ് ഗണേഷ്കുമാർ കുഞ്ഞിമംഗലം, നാടക രംഗത്തെ പ്രഗത്ഭൻ കുഞ്ഞിമംഗലം വിജയൻ മാസ്റ്റർ സംഗീത വിദ്വാൻ ദീപക് മല്ലർ എന്നിവരെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. പ്രൊഫ. പാപ്പൂട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ഒക്ടോബർ 26 ന് പറമ്പത്ത് AKG വായനശാലയിൽ വെച്ച് സമത വിജ്ഞാനോത്സവം സംഘടിപ്പിച്ചു.ഈ പരിപാടിയിൽ സംസ്ഥാന കമ്മിറ്റിയംഗം സൗമിനി ടീച്ചർ, ജില്ലാ കമ്മിറ്റിയംഗം ജാനകി ടീച്ചർ എന്നിവർ പങ്കെടുത്തു.
2008 ഡിസംബർ 13 ന് ശാസ്ത്ര സാംസ്കാരികോത്സവം പയ്യന്നൂർ മേഖലാതല സമാപനം കണ്ടംകുളങ്ങര വി. ആർ . നായനാർ സ്മാരക വായനശാലയിൽ വെച്ച് നടന്നു.ആഗോള സാമ്പത്തിക പ്രതിസന്ധിയും കേരളവും എന്ന വിഷയത്തിൽ ടി. കെ. ദേവരാജൻ പ്രഭാഷണം നടത്തി.തുടർന്ന് സംസ്ഥാന തെരുവ് നാടക രചന ക്യാമ്പിൽ വെച്ച് രൂപപ്പെടുത്തയ "ദരിദ്രൻ" എന്ന തെരുവുനാടകവും അരങ്ങേറി.
2009 ഫെബ്രുവരി 28 ശാസ്ത്രദിനത്തോടനുബന്ധിച്ച് പയ്യന്നൂർ കോളേജിലെ പ്രൊഫ. ടി. പി. ശ്രീധരൻ ക്ളാസെടുത്തു. ഗോപാൽ യു.പി. സ്കൂളിലെ എഡിസൺ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പി. കരുണാകരൻ മാസ്റ്റർ രചന നിർവഹിച്ച ശാസ്ത്ര പൂരക്കളിയും അരങ്ങേറി.
നമ്മുടെ ഭൂമി നാളത്തെ തലമുറയ്ക്ക് കൈമാറേണ്ടതാണ് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി "ഭൂമി പൊതു സ്വത്ത്" എന്ന മുദ്രാവാക്യവുമായി നടത്തിയ ജാഥയ്ക്ക് ആണ്ടാംകൊവ്വലിൽ സ്വീകരണം നൽകി.
"വേണം മറ്റൊരു കേരളം" എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പദയാത്രയിൽ കേരളത്തിന്റെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. കുഞ്ഞിമംഗലത്ത് എടാട്ടും,റെയിവേ സ്റ്റേഷൻ പരിസരത്തും സ്വീകരണം നൽകി. പദയാത്രയിൽ യൂണിറ്റിന്റെ പങ്കാളിത്തവും ഉണ്ടായിട്ടുണ്ട്.
ആരോഗ്യം,വിദ്യാഭ്യാസം, ജെന്റർ വിഷയങ്ങളെ അധികരിച്ച് കണ്ണൂരിൽ വികസന സെമിനാർ നടത്തിയപ്പോൾ യൂണിറ്റ് പ്രവർത്തകർ പങ്കെടുക്കുകയുണ്ടായി.
പുസ്തക പ്രചാരണം വഴിയും, അംഗങ്ങളിൽ നിന്ന് അമ്പത് രൂപ വീതം സമാഹരിച്ചുമാണ് സെമിനാറിനാവശ്യമായ ഫണ്ട് കണ്ടെത്തിയത്.കണ്ണൂരിലും തിരുവനന്തപുരത്തും നടന്ന വികസന സംഗമത്തിന്റെ തുടർച്ചയായി എറണാകുളത്ത് വികസന കോൺഗ്രസ് നടന്നു.
2013 ൽ ഗാന്ധി നാടക യാത്രയുടെ ഉദ്ഘാടനം പയ്യന്നൂർ ഗാന്ധി പാർക്കിൽ നടത്തി.യൂണിറ്റിൽ നിന്നും പ്രവർത്തകർ പങ്കെടുത്തു.
"ആഗോളവത്കരണത്തിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ " ദേശീയ സെമിനാർ പയ്യന്നൂരിൽ ഡോ . എ. സമ്പത്ത് എം. പി. ഉദ്ഘാടനം ചെയ്യുകയുണ്ടായി.രണ്ട് ദിവസങ്ങളായി നടന്ന സെമിനാറിൽ പരിഷത്ത് അംഗങ്ങൾക്ക് പുറമെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ പ്രധാന പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പരിഷത്ത് കാഴ്ച്ചപ്പാട് വിശദമാക്കുന്നതിന് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃക പ്രകടന പത്രികയുടെ അവതരണം നടത്തി. 2020 ഡിസംബർ 7 ന് കുഞ്ഞിമംഗലം പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ സ്ഥാനാർത്ഥികളുമായുള്ള അഭിമുഖവും നടന്നു. പുതിയ ഭരണ സമിതി നിലവിൽ വന്ന ശേഷം 2021 ജനുവരി 2 ന് പരിഷത്തിന്റെ പിന്തുണ അറിയിച്ചുകൊണ്ട് ഭരണ സമിതി അംഗങ്ങളുമായി അഭിമുഖം നടത്തി.
വലയ സൂര്യഗ്രഹണം, അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കായി ,യൂണിറ്റ് ഫലപ്രദമായി ഉപയോഗിച്ചു. യൂണിറ്റ് തയ്യാറാക്കിയ സൗര കണ്ണടകൾ ഉപയോഗിച്ച് ഗ്രഹണം വീക്ഷിക്കാൻ കുട്ടികളും മുതിർന്നവരുമായി ധാരാളം പേര് ദേവസ്വം ഗ്രൗണ്ടിൽ ഒത്തുകൂടിയിരുന്നു.ഗ്രഹണസമയത്തെ അന്ധവിശ്വാസങ്ങളെ തുറന്നുകാണിക്കുന്ന പ്രസംഗം പപ്പൻ കുഞ്ഞിമംഗലം നടത്തുകയുണ്ടായി. പങ്കെടുത്തവർക്കെല്ലാം യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുകയും ഒന്നിച്ച് കഴിച്ച് മാതൃകയാവുകയും ചെയ്തു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി(2020 ,2021 ) യൂണിറ്റ് തല പ്രവർത്തനങ്ങൾക്ക് അല്പം പ്രയാസമുണ്ടായിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല. എങ്കിലും പുസ്തക പ്രചാരണം, സോപ്പ്, ചൂടാറാപ്പെട്ടി തുടങ്ങിയ ഉത്പന്നങ്ങൾ , മാസിക പ്രചാരണം , ശാസ്ത്രക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് പരമാവധി ശ്രദ്ധ നല്കാൻ ശ്രമിച്ചിട്ടുണ്ടെന്നത് യൂണിറ്റ് കമ്മിറ്റിക്ക് അഭിമാനിക്കാൻ വകയുള്ളതാണ്.