സ്കൂളുകളുമായുള്ള ബന്ധം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ശാസ്ത്രകേരളവും യുറീക്കയും സ്കൂളുകളുമായുള്ള ബന്ധത്തിന്ന് പുതിയ ഒരു മാനം കൈവന്നു. ഈ മാസികകൾ വായിച്ച കുട്ടികൾ സംശയം ചോദിച്ചുകൊണ്ട് അദ്ധ്യാപകരെ സമീപിച്ചു. പാഠപുസ്തകത്തിന്റെ പുറത്ത് നിന്ന് വായിച്ച കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യം അദ്ധ്യാപകർ പൊതുവേ ഇഷ്ടപ്പെട്ടെന്ന് വരില്ല. പക്ഷെ ചിലരെങ്കിലും കുട്ടിക്ക് കിട്ടിയ അറിവിന്റെ ഉറവിടം കണ്ടെത്താൻ താല്പര്യമെടുത്ത്. അങ്ങിനെ അന്വേഷണം യുറീക്കയിലും ശാസ്ത്രകേരളത്തിലും എത്തി. അങ്ങിനെ പരിഷത്തിലേക്കുള്ള പാതയിൽ പലരും എത്തിച്ചേർന്നു. സ്കൂളുകളുമായി പരിഷത്തിന്ന് കിട്ടിയ ഈ അടുപ്പം ശാസ്ത്രകേരളം ക്വിസും യുറീക്ക വിജ്ഞാനപരീക്ഷയും വിപുലമാക്കാൻ സഹായിച്ചു. ലക്ഷക്കണക്കിന്ന് കുട്ടികൾ ഈ പരീക്ഷകളിൽ പങ്കെടുക്കാൻ തുടങ്ങി. അവരുടെ രക്ഷിതാക്കളും പരിഷത്തിനെപ്പറ്റി അറിയാൻ തുടങ്ങി. അവരുടെ പങ്കാളിത്തത്തോടൊപ്പം പരിഷത്തും വളരുകയായിരുന്നു.

പ്രഭാഷണങ്ങളും ക്ളാസുകളും

ഇവ ആദ്യം തൊട്ടേ പരിഷത്തിന്റെ പരിപാടികളിലൊന്നായിരുന്നു. 1973 ൽ ഭാരതീയ വിഗ്യാൻ പത്രികാസമിതിയുടെ ആഹ്വാനമനുസരിച്ച ജനുവരി ഒന്നാം വാരം ശാസ്ത്രവാരമായി ആചരിച്ചു. പ്രപഞ്ചത്തിന്റെ വികാസം,മനുഷ്യന്റെ വികാസം,ശാസ്ത്രത്തിന്റെ വികാസം എന്ന വിഷയത്തെ കുറിച്ച് 1000 പ്രഭാഷണങ്ങൾ നടത്താനായിരുന്നു തീരുമാനം. ഉദ്ദേശിച്ചതിലും കൂടുതൽ പ്രഭഷണങ്ങൾ നടന്നു. ഈ വിജയമാണ് 1976 ൽ പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന വിഷയത്തെക്കുറിച്ച് മറ്റൊരു പ്രഭാഷണപരമ്പര തുടങ്ങാൻ പരിഷത്തിന്ന് ധൈര്യം നൽകിയത്. അടിയന്തിരാവസ്ഥക്കാലത്ത് അനുവദിക്കപ്പെട്ട അപൂർവം ബഹുജനപ്രവർത്തനങ്ങളിൽ ഒന്ന് എന്ന നിലയ്ക്കാവാം ഉദ്ദേശിച്ചതിന്റെ നാല് മടങ്ങ് ക്ളാസുകൾ നടത്താൻ കഴിഞ്ഞതും അവയിലെല്ലാം വലിയ ബഹുജനപങ്കാളിത്തമുണ്ടായതും. 1976 ലെ പ്രകൃതി,ശാസ്ത്രം,സമൂഹം, എന്നപ്രഭാഷണ പരമ്പര ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട് "കേരളത്തന്റെ സമ്പത്ത്","കേരളത്തിലെ കൃഷി","വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്", "നാ ജീവിക്കുന്ന ലോകം", തുടങ്ങിയ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ നടത്തപ്പെട്ടു. സംഘാടനം കുറ്റമറ്റ രീതിയിലായിരുന്നു. സംസ്ഥാനതലത്തിൽ 100 പേർക്ക് പരിശീലനം കൊടുത്തു. അവർ തുടർന്ന് 1500 പേർക്ക് പരിശീലനം നൽകി. പ്രഭാഷണം കേൾക്കാനെത്തുന്നവരുടെ നിലവാരം അനുസരിച്ച് ക്ളാസുകൾ സംഘടിപ്പിക്കപ്പെട്ടു. പതിനായിരങ്ങൾ ഈ പുതിയ ശാസ്ത്രബോധന രീതിയെ ആവേശപൂർവ്വം സ്വീകരിച്ചു. "പ്രകൃതിയുടെ വികാസം", "മനുഷ്യന്റെ വികാസം","ശാസ്ത്രത്തിന്റെ വികാസം", തുടങ്ങിയ ക്ളാസുകൾ 1973 ൽ നടത്തിയെന്ന് സൂചിപ്പിച്ചുവല്ലോ. ഈ ക്ളാസുകൾ പരിഷത്തിന്റെ ആശയപരമായ വളർച്ചയിലെ സുപ്രധാന ഘട്ടങ്ങളായിരുന്നു. ശാസ്ത്രത്തിന്റെ ചരിത്രം, ദർശനം ഇവയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വ്യക്തത വരുത്താൻ ഇവ സഹായിച്ചു. കൂടാതെ തുടർന്ന് നടത്തപ്പെട്ട, പ്രകൃതി,ശാസ്ത്രം,സമൂഹം എന്നീ പ്രഭാഷണങ്ങൾക്കുള്ള അടിത്തറ ഉണ്ടാക്കുവാനും സഹായകരമായി. ഒന്നാമത്തെ ക്ളാസ് പ്രകൃതിയുടെ വികാസത്തെപ്പറ്റിയും രണ്ടാമത്തേത് സൌരയൂഥ ഉൽപത്തി സിദ്ധാന്തത്തിൽ നിന്ന് തുടങ്ങി മുതലാളിത്ത വ്യവസ്ഥയും സോഷ്യലിസ്റ്റ് വ്യവസ്ഥയും മൌലിക വ്യത്യാസം വരെ ചർച്ച ചെയ്തുകൊണ്ടവസാനിക്കുന്നു. ശാസ്ത്രവും സമൂഹവും തമ്മിലുള്ള അവിഭാജ്യമായ ബന്ധമാണ് മൂന്നാമത്തെ ക്ളാസിന്റെ ഉള്ളടക്കം. അവസാനം ആധുനിക ശാസ്ത്രത്തിന്റെ വളർച്ച പരിശോധിക്കുന്നതിനോടൊപ്പം തന്നെ അവ സൃഷ്ടിച്ച പ്രശ്നങ്ങളും ശാസ്ത്രവും സമൂഹവും ഇന്നെത്തിച്ചേർന്ന ദശാസന്ധിയുംവരെ പരിശോധിക്കപ്പെടുന്നു. യൂണിറ്റ്,മേഖല,ജില്ല,സംസ്ഥാനം എന്നീ തലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റികൾ അടങ്ങുന്ന സംഘടനാരൂപം പരിഷത്തിന്ന് ഉണ്ടായത് അത് ഒരു ബഹുജന പ്രസ്ഥാനമാകാൻ തുടങ്ങിയ രണ്ടാം ദശകത്തിലാണ്. ഇതിന്ന് പുറമേ അഫിലിയേറ്റ് ചൊയ്യുന്ന താരതമ്യേന സ്വതന്ത്രമായ ബാലവേദി, സയൻസ് ഫോറം, ഗ്രാമ ശാസ്ത്ര സമിതി, മുതലായവയും ഉണ്ടായി.ശാസ്ത്രലേഖകരുടെ സംഘടന എന്നത് വിട്ട് ശാസ്ത്രത്തെ സാമൂഹ്യപരിവർത്തനത്തിന്ന് നാനാ രീതിയിൽ പ്രയോജനപ്പെടുത്തുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനമായി മാറിയത് ഈ കാലഘട്ടത്തിലാണ്. പുതിയ പ്രവർത്തനങ്ങൾ പുതിയ പ്രവർ‌ത്തകരെ കൊണ്ടുവന്നു. 1967 ൽ അംഗസംഖ്യ 122 ആയിരുന്നത് 1969 ൽ 500ഉം 1976 ൽ 2600ഉം ആയി ഉയർന്നു. അംഗങ്ങളുടെ ചേരുവയിലും മാറ്റം വന്നു. സ്കൂൾ തല പ്രവർത്തനം വർദ്ധിച്ചതോടെ അദ്ധ്യാപകരുടെ എണ്ണം അംഗസംഖ്യയിൽ കൂടി വന്നു. പൊതുപ്രഭാഷണ പരമ്പരയും ശാസ്ത്രസാംസ്കാരിക ജാഥയും പുതിയ വിഭാഗങ്ങളെ പരിഷത്തിലേക്ക് ആനയിച്ചു. 1976 ൽ മാത്രം പുതിയ 40 യൂണിറ്റുകൾ ഉണ്ടായി. പ്രവർത്തിക്കുന്ന ഗ്രാമശാസ്ത്രസമിതികൾ യൂണിറ്റുകളായി മാറി. അങ്ങനേ കേരളത്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരു പോലെ യൂണിറ്റുകളുള്ള അഖിലകേരള അടിസ്ഥാനത്തിലുള്ള സംഘടനയായി പരിഷത്ത് മാറി.

പാരിഷത്തികത

പരിഷത്ത് ഇങ്ങനെ വളരുന്നതും ബഹുജനങ്ങളിലേക്ക് പടർന്നു കയറുന്നതും സംഘടനയിൽ ചില പ്രത്യഘാതങ്ങൾ ഉളവാക്കാതിരുന്നില്ല. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇത് പ്രകടമായി. പ്രസ്ഥാനത്തിനൊപ്പം ചിലർ വളരാതിരുന്നതാണ് കാരണം. ഗ്രാമശാസ്ത്ര സമിതി രൂപീകരണം എന്ന വിഷയം പീച്ചി ക്യാമ്പിൽ ചർച്ചക്ക് എടുത്തപ്പോൾ ചില മുൻനിര പ്രവർത്തകരും സ്ഥാപക സെക്രട്ടരി പോലും എതിർത്തു. അവരുടെ എതിർപ്പ് സംഘടനയെ ബഹുജനവൽക്കരിക്കുന്നതിലായിരുന്നു. പരിഷത്ത് അതിന്റെ സാമൂഹ്യ ധർമം നിർവഹിക്കന്നതിനോടായിരുന്നു എതിർപ്പ്. എന്നാൽ പരിഷത്തിന്റെ മുന്നോട്ടുള്ള പോക്കിനെ തടയാൻ ഈ തടസ്സവാദങ്ങൾക്ക് കഴിഞ്ഞില്ല. ഇവിടെ എടുത്ത പറയേണ്ടതായ ഒരു കാര്യം പരിഷത്തന്റെ ഗതി കാലേക്കൂട്ടി വരച്ചുവെച്ച രേഖകളിൽ കൂടി ആയിരുന്നില്ല എന്നാണ്. അതിൽ പ്രവർത്തിക്കുന്നവർ, അവരുടെ മൊത്തം പ്രവർത്തനം ഇവയാണ് പിന്നീടുള്ള പരിപാടികൾ രൂപപ്പെടുത്തുന്നത്. സംഘടനാപ്രവർത്തനത്തിലൂടെ വാർന്ന് വീണ ലക്ഷ്യബോധം തിരുത്തുക എളുപ്പമല്ല. പരിഷത്തിന്റെ ഈ സ്വഭാവം "പാരിഷത്തികത"എന്ന് വിശേഷിപ്പിക്കുന്ന സവിശേഷതയുടെ ഭാഗമാണ്. അനൌപചാരികത, ലാളിത്യം,സൌഹൃദം,,കൂട്ടായ പ്രവർത്തനം, വളച്ചുകെട്ടില്ലായ്മ,മുതലായവ അതിന്റെ വിവിധ മുഖങ്ങളാണ്. നിസ്വാർത്ഥതയാണ് അതിന്റെ ജീവൻ.അത്കൊണ്ടാണ് സ്ഥാനമാനങ്ങൾക്ക് വേണ്ടി പരിഷത്തിൽ പിടിവലി ഇല്ലാത്തത്. ഔദ്യോഗിക സ്ഥാനമൊന്നമില്ലാതെയും പരിഷത്തിന്റെ പ്രവർത്തനത്തിൽ പലർക്കും പലതും ചെയ്യാൻ കഴിയുന്നതും അതിന്നവർ മെനക്കെടുന്നതും അത്കൊണ്ട് തന്നെയാണ്. ഇതിന്ന് അർത്ഥം പരിഷത്തിൽ ആകെ അരാജകത്വമാണ് എന്നല്ല. പരിഷത്തിൽ അടുക്കും ചിട്ടയും ഉണ്ട്. അച്ചടക്കമുണ്ട്. ഉത്തരവാദിത്വമുണ്ട്. അനൌപചാരിക ചർച്ചക്ക് സംഘടനാപ്രവർത്തനത്തിൽ ധാരാളം അവസരം സൃഷ്ടിച്ചിരിക്കുന്നു. തൻമൂലം പ്രവർത്തകർക്ക് ആത്മസംതൃപ്തി തോന്നുന്നു. ഇടയ്ക്ക് ഇതിന്ന് ഉലച്ചിൽ തട്ടുമ്പോൾ പലരും അത് തുറന്ന് പറയുന്നു. എവിടെയാണ് പിഴവ് പറ്റിയത്. എന്ന് ഭാരവാഹികളും പ്രവർത്തകരും പരിശോധിക്കുന്നു. തടസ്സം മാറ്റി വീണ്ടും ഒഴുക്ക് തുടരുന്നു. അനൌപചാരിക ചർച്ചകളിലൂടെയാണ് പരിഷത്തിന്റെ പുതുമയാർന്ന പല പുതിയ പരിപാടികളും രൂപം കൊണ്ടത്. പരിഷത്തിന്റെ അസാധാരണമായ കെട്ടുറപ്പിന്നും കാരണം ഇത് തന്നെ. ഒരു വിദ്ശ ഏജൻസിയിൽ നിന്നും പരിഷത്ത് ധനസഹായം വാങ്ങുന്നില്ല. ഔദ്യോഗിക സഹായത്തെ ആശ്രയിച്ചുമല്ല അതിന്റെ നിലനിൽപ്. പ്രവർത്തനത്തിലൂടെയാണ് അവശ്യം വേണ്ട ഫണ്ട് ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യാൻ കഴിയുന്നത് പ്രവർത്തകരുടെ ത്യാഗം മൂലമാണ്. പക്ഷെ ആരു അതിൽ കുണ്ഠിതപ്പെടുന്നില്ല. സന്തോഷിക്കുന്നേയുള്ളു. ഇതൊക്കെ ചെയ്തുകൊണ്ട് പരിഷത്തിന് നിലനിൽക്കാനും വളരാനും കഴിയുന്നത് അവരുടെ ശാസ്ത്രീയ വീക്ഷണം മൂലമാണ്. നിത്യേന ഒട്ടേറെ അശാസ്തരീയതകൾ സമൂഹത്തിന്റെ നാനാകോണുകളിൽ നിന്നും ഉയർന്ന് വരുന്നു. വിവേചനബുദ്ധിയോടെ അവയെ വിലയിരുത്തുകയും ശാസ്ത്രീയത മുറുകെ പിടിക്കുകയും അത്ര എളുപ്പമല്ല. ശാസ്ത്രബോധം വികസിപ്പിച്ചുകൊണ്ടേ അത് സാദ്ധ്യമാകൂ. പാരിഷത്തികത എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്ന മനുഷ്യത്വ ഗുണങ്ങൾ ഇല്ലെങ്കിൽ ശാസ്തരബോധത്തിൽ ഉൾച്ചേർന്നില്ലെങ്കിൽ അത്തരം ശാസ്ത്രീയത യാന്ത്രികമാവും. അവിടെയാണ് പരിഷത്തിന്റെ പ്രസക്തി.

"https://wiki.kssp.in/index.php?title=സ്കൂളുകളുമായുള്ള_ബന്ധം&oldid=1622" എന്ന താളിൽനിന്ന് ശേഖരിച്ചത്