പരിസ്ഥിതിനിയമങ്ങൾ ഒരുപരിചയം
പരിസ്ഥിതിനിയമങ്ങൾ ഒരുപരിചയം പുസ്തകത്തിൽ നിന്നും.
പരിസ്ഥിതിയുടെ നീതിശാസ്ത്രം
തിന്നാൻവേണ്ടിയല്ലാതെ കൊല്ലരുത് എന്നത് പ്രാചീന ഭാരത സങ്കല്പനം. കാവുകളെയും പക്ഷിമൃഗാദികളെയും പ്രകൃതിയെത്തന്നെയും ആദരിച്ച് ആരാധിച്ചുവന്ന ഒരു പാരമ്പര്യവും നമുക്കുണ്ട്. ഭയഭക്തി ആചാരങ്ങൾക്കപ്പുറം വൈജ്ഞാനിക അവബോധമായി ഇന്ന് പാരിസ്ഥിതിക പരിരക്ഷ മാറിയിരിക്കുന്നു. പ്രകൃതിയോട് പ്രതിപ്രവർത്തിച്ച് പുലരുകയും വികസിക്കുകയും ചെയ്യുന്ന ജീവിവർഗമാണ് മനുഷ്യൻ. അതിജീവനത്തിനായി പ്രകൃതിവിഭവങ്ങൾ ആശ്രയിക്കേണ്ടതായിട്ടുണ്ട്. അത് അതിചൂഷണമാകുമ്പോഴാണ് പ്രകൃതിയുടെ സ്ഥിരത തകരുന്നത്. പ്രകൃതിവിഭവങ്ങൾ ഇന്നിന്റെ തലമുറയുടേത് മാത്രമല്ല, നാളേക്കുള്ള കരുതൽ കൂടിയാണ്. വരുംതലമുറക്കായി പ്രകൃതിവിഭവ പരിപാലനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും ഇന്നത്തെ സമൂഹത്തിൽ നിക്ഷിപ്തമാകുന്നു. പരിസ്ഥിതിചൂഷണം പരിമിതപ്പെടുത്തിയും പരിസ്ഥിതിദൂഷണം നിയന്ത്രിച്ചും വിഭവവിതരണവും വിനിയോഗവും നീതിപൂർവകമാക്കിയും മാത്രമേ പരിസ്ഥിതിയുടെ നീതിശാസ്ത്രത്തിന് പ്രാബല്യമുണ്ടാക്കാൻ കഴിയൂ. പരിസ്ഥിതി വിനാശം തടയുന്നതിനൊപ്പം നഷ്ടപരിഹാര സാധ്യതയും പരിസ്ഥിതി ലംഘകർക്ക് ശിക്ഷയും അനുശാസിക്കാനും പരിസ്ഥിതി നീതിശാസ്ത്രം നിർദേശിക്കുന്നു. ഇവയെല്ലാം ഉൾക്കൊള്ളുന്ന ബൃഹത്തായ പ്രതിപാദന മേഖലയാണ് പരിസ്ഥിതിനിയമ-നീതിശാസ്ത്രരംഗം.
പരിസ്ഥിതി നീതി സങ്കല്പനങ്ങൾ
കരാർനിയമങ്ങൾ, നഷ്ടപരിഹാര നിയമങ്ങൾ എന്നിവയിൽ നിന്നാണ് പ്രാഥമിക പരിസ്ഥിതി സങ്കല്പനങ്ങൾ രൂപംകൊള്ളുന്നത്. അയൽപക്കതത്വം എന്നതുതന്നെ ഇതിന്റെ ഫലമാണ്. ഉപേക്ഷ, നിഷ്‌ക്രിയത്വം, കെടുകാര്യസ്ഥത, ദുരുദ്ദേശ്യം എന്നിവയും സ്വകാര്യവും പൊതുവായിട്ടുള്ളതുമായ ശല്യങ്ങൾ, നിയമ-ചട്ട നിഷേധവും ലംഘനവും ഉൾപ്പെടെ പരിസ്ഥിതിപ്രശ്‌നങ്ങളും പ്രതിവിധികളും ഈ സ്വകാര്യനിയമശാഖയുടെ ഉപഘടകങ്ങളാണ്. സാമൂഹിക ഉടമ്പടി തത്വത്തിന്റെ തുടർച്ചയാണ് പരിസ്ഥിതിസംരക്ഷണത്തിനും പരിപാലനത്തിനുമുള്ള രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്തവും ബാധ്യതയും നഷ്‌ടോത്തരവാദിത്തവും.
അയൽപക്കപരിരക്ഷാതത്വം
തന്റേതായ പരിധിയിലോ താൻ നേരിട്ടോ മറ്റുള്ളവർ മുഖാന്തിരമോ സമീപസ്ഥർക്കോ അന്യർക്കോ അപായകാരികളായതോ ശല്യകാരിയായിട്ടുള്ളതോ ആയ വസ്തുക്കൾ ശേഖരിക്കുകയോ സംഭരിക്കുകയോ വിനിയോഗിക്കുകയോ സൂക്ഷിക്കുകയോ പുറന്തള്ളുകയോ ആയതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നിർവഹിക്കുകയോ ചെയ്യുന്നവർ തന്മൂലം അയൽപക്കക്കാർക്കുണ്ടാകുന്നതോ ഉണ്ടാകാവുന്നതോ ആയ നഷ്ടങ്ങൾ, ശല്യങ്ങൾ, അസ്വാസ്ഥ്യങ്ങൾ എന്നിവക്ക് പ്രത്യക്ഷമായും പരോക്ഷമായും ഒറ്റക്കും കൂട്ടായും കർശനമായും ഉത്തരവാദി ആയിരിക്കും എന്നതാണ് അയൽപക്കപരിരക്ഷാതത്വം. ഇതിൽ നിന്ന് ഒഴിവുകഴിവ് സാധ്യമാകില്ലെന്നും നിയമം അനുശാസിക്കുന്നു.
ന്യായാവകാശപദവിയും തെളിവുബാധ്യതയും
നിർണായക നഷ്ടമോ ചേതമോ അപായമോ സംഭവിക്കുയോ അനുഭവിക്കുയോ ആയവരോട് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിരിക്കുകയോ ചെയ്യുന്നവർക്കാണ് പ്രാഥമികമായി നീതിന്യായ അധികൃതസ്ഥാനത്തിനു മുമ്പാകെ ന്യായാവകാശപദവി ലഭിക്കുക. അങ്ങനെയല്ലാത്തവർക്ക് നീതിന്യായപരിഹാര സാധ്യത തേടി കോടതികളെ സമീപിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ഈ പൂർവകാലതത്വം കാലക്രമേണ ലളിതവത്കരിക്കപ്പെട്ടു. പ്രകൃതിവിഭവ പരിപാലനവും പരിസ്ഥിതി പരിരക്ഷയും സംബന്ധിച്ച തർക്കങ്ങളിൽ വിദൂരസ്ഥബന്ധമോ താൽപര്യമോ ഉള്ളവർക്കുപോലും നീതിന്യായപരിഹാരം തേടാനാകുംവിധം ന്യായാവകാശ പദവി തത്വം പിൽകാലത്ത് ലഘൂകരിക്കപ്പെട്ടു. സമുദ്രപരിസ്ഥിതിയിൽ നാവികനും നദീതടപരിസ്ഥിതിയിൽ മുക്കുവനും ഭൂപരിസ്ഥിതിയിൽ കർഷകനും പരിസരശുചിത്വത്തിൽ വീട്ടുടമക്കും എല്ലാം ഇത്തരത്തിൽ ന്യായാവകാശ പദവി ഉടലെടുക്കുന്നു. എന്നാൽ തെളിവുബാധ്യത ഹർജിക്കാർക്കുമേൽ നിർണായക ബാധ്യതയായി നിലനിന്നു. ആരോപണവും ആക്ഷേപവും തെളിയിക്കാനുള്ള ബാധ്യത പരിസ്ഥിതി തർക്കത്തിൽ നിർണായകമാണ്. ആരോപണവിധേയർക്ക് പ്രതിരോധബാധ്യത മാത്രമാണുള്ളത്. തെളിവുബാധ്യത ഹർജികക്ഷിക്കാണ്. വിയത്‌നാമിലെ ഏജന്റ് ഓറഞ്ച് സംഭവം മുതൽ ഇന്ത്യയിലെ ഭോപ്പാൽ ദുരന്തം വരെ ഇത്തരം തെളിവുബാധ്യത തത്വത്തിന്റെ പ്രതിബന്ധം നിലനിൽക്കുന്നത് കാണാം. ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക തെളിവുകൾ പരിസ്ഥിതിപ്രശ്‌നങ്ങളിൽ നിർണായകമാകുന്നത് ഇക്കാരണത്താലാണ്.
പൊതുട്രസ്റ്റി സിദ്ധാന്തം
റോമൻ നിയമസമ്പ്രദായത്തിൽ നിന്ന് ഉണ്ടായതാണ് സുപ്രധാനമായ പരിസ്ഥിതി സങ്കല്പനം. പ്രകൃതി പരിസ്ഥിതിവിഭവങ്ങൾ എല്ലാം പൊതുസമൂഹസ്വത്താണെന്നും അത് സംരക്ഷിച്ച് പരിപാലിക്കാനുള്ള രക്ഷാകർത്താവാണ് രാഷ്ട്രം എന്നും അതിന്റെ ഗുണഭോക്താക്കളാണ് വ്യക്തിയും സമൂഹവും എന്നതാണ് ഈ സങ്കല്പനത്തിന്റെ ഉള്ളടക്കം. സ്വകാര്യലാഭത്തിനോ നേട്ടത്തിനോവേണ്ടി പ്രകൃതി പരിസ്ഥിതിവിഭവങ്ങൾ വിനിയോഗിക്കരുത്. പൊതുസമൂഹ നേട്ടത്തിനായിവേണം പ്രകൃതി പരിസ്ഥിതിവിഭവങ്ങൾ വിനിയോഗിക്കേണ്ടത്. പൊതുസമൂഹ നേട്ടത്തിനായി പ്രകൃതി-പരിസ്ഥിതിവിഭവങ്ങൾ വിനിയോഗിക്കുന്ന സംരംഭങ്ങൾക്കും സംരംഭകർക്കും മേൽ പൊതുട്രസ്റ്റി തത്വപ്രകാരമുള്ള നിയന്ത്രണങ്ങൾ ബാധകമാക്കുകയും ചെയ്യാവുന്നതാണ്. പൊതുട്രസ്റ്റി തത്വം പാലിക്കുന്നതിനും ലംഘിക്കപ്പെടുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിനും പൊതുഭരണാധികാരികൾ ബാധ്യതപ്പെട്ടിരിക്കുന്നു. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നതായി തെളിയുന്ന പൊതുഭരണാധികാരികൾക്കുമേൽ പൊതുട്രസ്റ്റി തത്വത്തിന്റെ ലംഘനമോ നിഷേധമോ മുൻനിർത്തി പൊതുനഷ്‌ടോത്തരവാദിത്തം ബാധകമാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
പൊതു നഷ്‌ടോത്തരവാദിത്തസങ്കല്പനം
പ്രകൃതി പരിസ്ഥിതിവിഭവങ്ങൾ പൊതുസ്വത്തായി പരിപാലിക്കുന്നതിനുള്ള കർത്തവ്യം പൊതുഭരണാധികാരികളിൽ നിക്ഷിപ്തമാണ്. രാഷ്ട്രത്തെ പ്രതിനിധാനം ചെയ്യുന്ന സർക്കാരുകളും സർക്കാരുകളുടെ നിർവഹണകർത്താക്കളായ പൊതുഭരണാധികാരസ്ഥരുമാണ് ഇപ്ര കാരം പൊതുട്രസ്റ്റികൾ ആയി പ്രവർത്തിക്കേണ്ടത്. ഇതിൽ രാഷ്ട്രീയഭരണാധികാരസ്ഥരും ഉദ്യോഗസ്ഥഭരണാധികാരസ്ഥരും ഉൾപ്പെടുന്നു. പൊതുട്രസ്റ്റിയുടെ കർത്തവ്യം പരിപാലിക്കാതിരിക്കുകയോ, ലംഘിക്കുകയോ നിഷേധിക്കുകയോ വീഴ്ചവരുത്തുകയോ ഉപേക്ഷ കാണിക്കുകയോ അലംഭാവമോ കൃത്യവിലോപമോ കാണിക്കുകയോ ചെയ്താൽ ആയത് കുറ്റകരമായി കരുതാം. അത്തരത്തിലുള്ള കുറ്റസ്ഥാപനം ഉണ്ടായാൽ അതിന് കാരണക്കാരായവരിൽ നിന്ന് നഷ്‌ടോത്തരവാദിത്തം ഈടാക്കാൻ നിയമം അനുശാസിക്കുന്നു. ഈ രീതിയിൽ നടപ്പാക്കുന്ന നിയമബാധ്യതയാണ് പൊതുനഷ്‌ടോത്തരവാദിത്ത സങ്കല്പനം.
സർക്കാർ ബാധ്യതാ തത്വം
രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനാണ്. ദൈവത്തിന് തെറ്റ് സംഭവിക്കില്ല. രാജാവും തെറ്റു ചെയ്യില്ല അഥവാ രാജാവ് ചെയ്യുന്നതെല്ലാം ശരിയാണ് എന്നത് ഒരു പ്രാക് നിയമസങ്കല്പനമാണ്. ഇതൊരു സാമാന്യനീതിതത്വമാണ്. ആധുനിക രാഷ്ട്രസമൂഹഘടനയിൽ രാജാവിന്റെ സ്ഥാനത്ത് സർക്കാരുകൾ പ്രതിനിധീകരിക്കപ്പെടുന്നു. അപ്പോൾ ഭരണകൂടം (സർക്കാർ) തെറ്റു ചെയ്യില്ലെന്നോ അഥവാ സർക്കാർ ചെയ്യുന്നത് ശരിയായിരിക്കും എന്നും ഉള്ള പൊതുബോധം രൂപപ്പെടുന്നു. പക്ഷേ പിൽകാല നീതിശാസ്ത്രവികാസത്തിൽ ഈ സമീപനം മാറി. അസാധാരണവും അനുവദനീയവും ആയ ഘട്ടങ്ങളിൽ ഒഴികെ രാഷ്ട്രഭരണകൂടത്തിന്റെ (സർക്കാരിന്റെ) ചെയ്തികൾക്കും നഷ്‌ടോത്തരവാദിത്തബാധ്യത നിർണയിക്കപ്പെടാം എന്ന തത്വം അംഗീകരിക്കപ്പെട്ടു. സർക്കാരിന്റെയോ സർക്കാരിനെ പ്രതിനിധീകരിക്കുന്ന വ്യക്തിയു ടെയോ ചെയ്തികൾക്കും തന്മൂലമുണ്ടാകുന്നതായ നഷ്ടത്തിനും ചേതത്തിനും പരിഹാരമോ പ്രതിവിധിയോ ചെയ്യാനുള്ള ഉത്തരവാദിത്തമാണ് ഇതുവഴി ബാധകമാക്കുക. സർക്കാരിന്റെ ഉദ്യോഗസ്ഥരുടെയോ ജീവനക്കാരുടെയോ കൃത്യത്തിനോ കൃത്യവിലോപത്തിനോ മേലുള്ള കൂട്ടുത്തരവാദിത്തവും സർക്കാരിൽ നിക്ഷിപ്തമാകാം. നഷ്ടപരിഹാരബാധ്യതയും കരാർബാധ്യതയും ഇപ്രകാരം സർക്കാരിൽ നിക്ഷിപ്തമാകുന്നു. കൂട്ടായിട്ടോ പ്രത്യേകമായിട്ടോ ബാധ്യത ഏല്പിക്കപ്പെടാവുന്നതാണ്.
മുൻകരുതൽ തത്വം
രോഗം വന്നിട്ട് ചികിത്സിച്ച് ഭേദമാക്കുന്നതിലും നല്ലത് രോഗം വരാതെ പ്രതിരോധിക്കുകയാണ് എന്നത് അംഗീകരിക്കപ്പെട്ട പൊതുസമീപനമാണ്. അതിന് സമാനമായി പരിസ്ഥിതിനാശവും പ്രകൃതിദുരന്തവും സംഭവിക്കാത്തവിധം അനിവാര്യവും സാധ്യവുമായ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടായിരിക്കണം ഏതൊരു പദ്ധതിയും പ്രവൃത്തിയും നിർവഹിക്കേണ്ടത് എന്നതാണ് മുൻകരുതൽ തത്വത്തിന്റെ സാരം. ഒരുതരത്തിൽ നഷ്‌ടോത്തരവാദിത്ത ബാധ്യതയുടെ ഭാഗം തന്നെയായി മുൻകരുതൽ ബാധ്യതയെ കാണാം. ആവശ്യമായ മുൻകരുതൽ എടുക്കാതിരിക്കുകയോ മുൻകരുതലിൽ വീഴ്ചവരുത്തുകയോ ചെയ്യുന്നപക്ഷം തത്ഫലമായി സംഭവിക്കുന്നതോ സംഭവിക്കാവുന്നതോ ആയ നഷ്ടങ്ങൾക്കും ചേതങ്ങൾക്കും അതിനു കാരണക്കാരായവർ ബാധ്യസ്ഥരായിരിക്കും എന്നതാണ് മുൻകരുതൽ തത്വത്തിന്റെ പ്രസക്തി.
മലിനീകാരക ബാധ്യതാ തത്വം
പരിസ്ഥിതി മലിനീകരണത്തിനും അതുവഴി പ്രകൃതിദുരന്തങ്ങൾക്കും നാശനഷ്ടങ്ങൾക്കും ആരാണോ കാരണക്കാരാകുന്നത് അവ പരിഹരിക്കുന്നതിനുള്ള ബാധ്യതയും അവരിൽ നിക്ഷിപ്തമായിരിക്കും എന്നതാണ് മലിനീകരണബാധ്യത തത്വത്തിൽ അടങ്ങിയിരിക്കുന്ന സങ്കല്പനം. ഇത്തരം ബാധ്യത സ്ഥാപിക്കപ്പെടുന്നപക്ഷം ആയതിനുള്ള വിഹിതം അവരിൽ നിന്ന് നിയമനടപടിക്രമപ്രകാരം (റവന്യൂ റിക്കവറി സമ്പ്രദായം) ഈടാക്കാനാകും എന്നതാണ് ഈ തത്വത്തിന്റെ സവിശേഷത.
ഉൽപാദകരുടെ അധികബാധ്യതാസങ്കല്പനം
പരിസ്ഥിതിപ്രശ്‌നങ്ങൾക്കും മലിനീകരണത്തിനും പ്രകൃതിദുരന്തങ്ങൾക്കും ഇടയാക്കിയേക്കാവുന്നതായ ഉൽപന്നങ്ങൾ ഉണ്ടാക്കുകയോ വിതരണം നടത്തുകയോ വില്പന നടത്തുകയോ ചെയ്യുന്നവരിൽ ഏല്പിക്കപ്പെടാവുന്നതായ അധികബാധ്യത സംബന്ധിച്ചതാണ് ഈ സങ്കല്പനം. പ്രസ്തുത ഉൽപന്നങ്ങളോ അതിൽ അടങ്ങിയിട്ടുള്ള സാമഗ്രികളോ ഉപയോഗശൂന്യമാകുന്നപക്ഷം മലിനീകരണവും പരിസ്ഥിതി പ്രശ്‌നവും ഒഴിവാക്കാനായി അത്തരം വസ്തുക്കൾ പ്രസ്തുത ഉൽപന്നത്തിന്റെ ഉൽപാദകരോ വിതരണക്കാരോ വില്പനക്കാരോ തന്നെ അവരുടെ അംഗീകൃത സ്രോതസ്സുകളിലൂടെ തിരിച്ചെടുക്കുക എന്ന സമ്പ്രദായത്തിന് പ്രാബല്യം നൽകുന്നതാണ് അധികബാധ്യതാതത്വം. ഇലക്‌ട്രോണിക് ഉൽപന്നങ്ങൾ മുതൽ ആണവ ഉപാധികൾ വരെ ഈ ഗണത്തിൽപെടുത്തി പ്രാവർത്തികമാക്കാനാവും.
സുസ്ഥിരവികസനതത്വം
വികസനത്തിന്റെ മൂന്നുപാധികളിൽ ഒന്നാണ് പരിസ്ഥിതി. പ്രകൃതിവിഭവങ്ങളാണ് ഉൽപാദനപ്രക്രിയയിൽ അസംസ്‌കൃതവിഭവങ്ങൾ. പ്രകൃതിവിഭവങ്ങളുടെ അധാർമികവും അമിതവുമായ ചൂഷണം വികസനമാന്ദ്യത്തിലേക്ക് ആകും നയിക്കുക. പ്രകൃതിയോട് പ്രതിപ്രവർത്തിക്കുകയും പ്രകൃതിയെ തനിക്കിണങ്ങും വിധം വരുതിയിലാക്കുകയും ചെയ്യുന്ന ജീവിവർഗമാണ് മനുഷ്യൻ. പ്രകൃതിയിൽ മനുഷ്യൻ നടത്തുന്ന ഓരോ പ്രവർത്തനത്തിനും പ്രതിപ്രവർത്തനം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയത് ഫ്രഡറിക് എംഗൽസ് ആണ്. മനുഷ്യന്റെ ഇടപെടൽ പ്രകൃതിയുടെ അസന്തുലിതാവസ്ഥ തകർക്കുമ്പോൾ ഉണ്ടാകുന്ന തിരിച്ചടികൾ അതിജീവിക്കുന്നതിന് മനുഷ്യൻ ഏറെ അധ്വാനിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ സ്ഥായിത്വമുള്ള വികസനത്തിന് സുസ്ഥിര പരിസ്ഥിതി അനിവാര്യമായും നിലനിർത്തേണ്ടതുണ്ട്. 1992-ൽ റിയോ ഡീ ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയുടെ ഭാഗമായി മുന്നോട്ടുവക്കപ്പെട്ട സങ്കല്പനമാണ് സുസ്ഥിരവികസനം (സ്ഥായിത്വവികസനം) എന്നത്. വികസന സുസ്ഥിരതയുടെ മറുവശമാണ് പരിസ്ഥിതി സുസ്ഥിരത. ആവർത്തിത ഉൽപാദനം സാധ്യമല്ലാത്തതും പുനരുൽപാദനം സാധ്യമല്ലാത്തതുമായ പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ചൂഷണം വികസനവിരുദ്ധവും പരിസ്ഥിതി നാശോന്മുഖവുമായ സ്ഥിതിയിലെത്തിക്കും. വികസനമെന്നതും ശുദ്ധപരിസ്ഥിതിയെന്നതും മൗലികമനുഷ്യാവകാശവും അതിന്റെ ഗുണഫലങ്ങളുടെ നീതിപൂർവകമായ വിതരണവും സാധ്യമാക്കാൻ പ്രകൃതി പരിസ്ഥിതി പരിപാലനം നിർബന്ധിത ഉത്തരവാദിത്തവും ബാധ്യതയും ആയി കണക്കാക്കണം എന്നതാണ് ഈ തത്വം. വനവിഭവങ്ങൾ, സമുദ്രവിഭവങ്ങൾ, അന്തരീക്ഷ പരിസ്ഥിതി ഘടകങ്ങൾ തുടങ്ങിയവയുടെയെല്ലാം പരിരക്ഷക്കും പരിപാലനത്തിനും അവസരമൊരുക്കുന്നതാണ് സുസ്ഥിരവികസനതത്വം. ഇതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞതാണ് ബ്രണ്ട്‌ലാന്റ് കമ്മീഷൻ റിപ്പോർട്ട്.
തലമുറകളുടെ അവകാശ തത്വം
1966-ലെ സാർവദേശീയ മനുഷ്യാവകാശ പ്രമാണരേഖകൾ മുന്നോട്ടുവക്കുന്ന സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക അവകാശങ്ങളുടെ ഭാഗമാണ് വികസനത്തിനും പരിസ്ഥിതിക്കും വരുംതലമുറകൾക്കുമുള്ള അവകാശ തത്വം. 1972-ലെ സ്റ്റോക്ക്‌ഹോം അന്താരാഷ്ട്ര പരിസ്ഥിതി കൺവെൻഷനാണ് ഇന്നത്തെയും വരുംകാലത്തെയും തലമുറകൾക്കായി പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കാനും പരിപാലിക്കാനും മെച്ചപ്പെടുത്താനുമുള്ള തലമുറകളുടെ അവകാശപരിപാലനമെന്ന തത്വം വ്യവസ്ഥാപിതമാക്കിയത്. വംശനാശഭീഷണി നേരിടുന്ന ജീവിവർഗ വിനിമയ ഉടമ്പടി, ജൈവവൈവിധ്യ ഉടമ്പടി, സുസ്ഥിര വികസന ഉടമ്പടി എന്നിവയെല്ലാം ഈ തത്വത്തിന്റെ പ്രായോഗികത ഉറപ്പാക്കുന്നു. തലമുറകൾക്കിടയിലെ നീതിപൂർവക സമത്വമാണിതിൽ പരിപാലിക്കപ്പെട്ടത്.
അറിയുന്നതിനുള്ള അവകാശതത്വം
വികസനപദ്ധതികൾ, പരിസ്ഥിതി സംബന്ധമായ പദ്ധതികൾ, പ്രവൃത്തികൾ തുടങ്ങിയവയും അവയുടെ പ്രത്യാഘാതങ്ങൾ, പരിഹാരങ്ങൾ മുതലായവ സംബന്ധിച്ചും അറിയുന്നതിനുള്ള അവകാശവും അറിയിക്കുന്നതിനുള്ള ബാധ്യതയും ഈ സങ്കല്പനത്തിന്റെ ഭാഗമാണ്. അറിഞ്ഞുകൊണ്ടുള്ള സമ്മതവും തീർപ്പും അറിയാനുള്ള അവകാശത്തെ സാധൂകരിക്കുന്നു. പാരിസ്ഥിതിക ബാധ്യതക്കുള്ള കാരണവും പോംവഴിയും അറിയുകയെന്നതാണിതിൽ പ്രധാനം. പാരിസ്ഥിതിക സുതാര്യത എന്നത് രഹസ്യാത്മകതയുടെ നിരാസമാണ്. പക്ഷപാതിത്തവും അനീതിയും അഴിമതിയും കുറക്കാനിത് സഹായിക്കും. പങ്കാളിത്തപരവും ജനാധിപത്യപരവുമായ തീരുമാനമെടുക്കൽ പ്രക്രിയയിലേക്കിത് നയിക്കുന്നു. പരിസ്ഥിതി പ്രത്യാഘാതപഠനം, പരിസ്ഥിതി പ്രത്യാഘാത ഓഡിറ്റ് എന്നിവ ഇത്തരത്തിലുള്ള സുതാര്യതയുടെ ഭാഗമാണ്. പ്രകൃതിയിലുള്ള ഇടപെടലുകൾ, അവയുടെ പരിണിതഫലം, നേട്ടകോട്ട വിശ്ലേഷണം, പരിഹാരനടപടികൾ തുടങ്ങിയവയെല്ലാം അറിയുന്നതിനുള്ള അവകാശത്തിന്റെ ഗൗരവം ഉറപ്പാക്കുന്നു. ഇത്തരത്തിൽ പരിസ്ഥിതി നീതിശാസ്ത്രം മുന്നോട്ടുവക്കുന്ന അടിസ്ഥാന സങ്കല്പനങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള നിയമവ്യവസ്ഥകളും ചട്ടങ്ങളും നടപടിക്രമങ്ങളും മാനദണ്ഡങ്ങളും നിബന്ധനകളും എല്ലാം ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി നിയമങ്ങൾ. പരിസ്ഥിതി സംരക്ഷണത്തിന് നിയമങ്ങൾ കൊണ്ടുമാത്രം കഴിയില്ല. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-വികസന നയങ്ങളുടെയെല്ലാം ഒപ്പം നിയമനീതിശാസ്ത്ര തത്വങ്ങളും സങ്കല്പനങ്ങളും ഉപയോഗിക്കുമ്പോഴാണ് ഫലവത്തായ പരിസ്ഥിതി സംരക്ഷണവും പരിപാലനവും മെച്ചപ്പെടുത്തലും സാധ്യമാകുക.
പരിസ്ഥിതിയും അന്തർദേശീയ നിയമവും
ലോകപരിസ്ഥിതി പരിരക്ഷയിൽ അന്തർദേശീയ നിയമത്തിന് വലിയ പ്രാധാന്യമുണ്ട്. ഉടമ്പടികൾ, പ്രമാണങ്ങൾ, പ്രോട്ടോക്കോളുകൾ, പ്രഖ്യാപനങ്ങൾ, കരാറുകൾ, കൺവെൻഷനുകൾ തുടങ്ങി വ്യത്യസ്ത രൂപത്തിൽ, വിധത്തിൽ, തലത്തിൽ, സ്വഭാവത്തിൽ അന്തർദേശീയ നിയമം പരിസ്ഥിതി പരിരക്ഷയിൽ സ്വാധീനിക്കുന്നു. രണ്ടോ അതിലധികമോ രാജ്യങ്ങൾക്കിടയിൽ ഉരുത്തിരിയുന്ന ധാരണകൾ മുതൽ ഐക്യരാഷ്ട്ര സംഘടനാനേതൃത്വത്തിൽ ഉണ്ടാകുന്ന അഖില ലോക തീരുമാനങ്ങൾവരെ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം സംരംഭങ്ങളിൽ ഇന്ത്യയും മുഖ്യമായ പങ്കു വഹിച്ചിട്ടുള്ളതായി കാണാം. 1867-ൽ ഫ്രാൻസും ബ്രിട്ടണും ചേർന്ന് മത്സ്യബന്ധനത്തിന്റെ കാര്യത്തിലുണ്ടായ ഉഭയകക്ഷി ഉടമ്പടിയാണ് ഈ രംഗത്ത് ഏറ്റവും പഴക്കമേറിയത്. തുടർന്ന് കാർഷികവൃത്തിക്കാവശ്യമായ പക്ഷികളുടെ കാര്യത്തിൽ 1902-ൽ പരസ്പരധാരണാ കരാറിൽ ഏർപ്പെട്ടു. അതുമുതൽ ഇങ്ങോട്ട് 200-ൽപരം സാർവദേശീയ പ്രമാണങ്ങളാണ് പരിസ്ഥിതിയനുബന്ധരംഗത്ത് രൂപപ്പെട്ടിട്ടുള്ളത്. ചില പ്രമാണങ്ങൾ തനതായി ബാധകമാകുന്നതാണ്. മറ്റു ചിലതാകട്ടെ അനുരോധ നിയമനിർമാണങ്ങൾ അതത് രാജ്യങ്ങളിൽ രൂപപ്പെടുന്ന മുറക്കാണ് പ്രാവർത്തികമാകുക. ഇന്ത്യൻ ഭരണഘടനയനുസരിച്ച് കേന്ദ്ര സർക്കാരിനെയാണ് ഇത്തരം ധാരണകളുണ്ടാക്കാനോ ഉടമ്പടികളിൽ ഏർപ്പെടുന്നതിനോ അധികാരപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇന്ത്യൻ പ്രസിഡന്റ് നിയുക്തമാക്കുന്ന പ്രകാരം പ്രതിനിധീകരിക്കുന്ന സർക്കാർ അധികാരസ്ഥർ ഏർപ്പെടുന്ന ഉടമ്പടികളോ ധാരണകളോ കരാറുകളോ ഇന്ത്യയിൽ ബാധകമാകണമെങ്കിൽ പാർലമെന്റ് തത്സംബന്ധമായ നിയമനിർമാണം നടത്തേണ്ടതായുണ്ട്. അന്തർദേശീയ പരിസ്ഥിതി നിയമ തത്വങ്ങളിൽ താരതമ്യേന പ്രസക്തമായവ ഇവിടെ പരിചയപ്പെടുത്തുന്നതിന് ശ്രമിക്കുന്നു. വിശദാംശങ്ങൾ സന്ദർഭാനുസരണം തേടേണ്ടതായിട്ടുണ്ട്.
ജൈവവൈവിധ്യസംരക്ഷണം
അന്തർദേശീയ പക്ഷിസംരക്ഷണ കൺവെൻഷൻ 1950, അന്തർദേശീയ സസ്യസംരക്ഷണ കൺവെൻഷൻ 1951, ജല ആവാസവ്യവസ്ഥകളുടെ പരിരക്ഷക്കായുള്ള കൺവെൻഷൻ-റാംസാർ 1971, ലോക പ്രകൃതി-സാംസ്‌കാരിക പൈതൃക പരിരക്ഷാ കൺവെൻഷൻ 1972, വംശനാശഭീഷണി നേരിടുന്ന ജീവിവർഗ വ്യാപാര സംബന്ധിയായ അന്താരാഷ്ട്ര കൺവെൻഷൻ 1973 (സൈറ്റസ്), ധ്രുവകരടികളുടെ പരിരക്ഷ, ഉടമ്പടി 1973, ദേശാന്തരഗമനം നടത്തുന്ന ജീവിവർഗ സംരക്ഷണത്തിനായുള്ള കൺവെൻഷൻ 1979, വനസംരക്ഷണാർഥമുള്ള ആഗോളതത്വങ്ങളുടെ സുസ്ഥിര സമാഹൃത രേഖ-1982, പ്രകൃതി പരിരക്ഷക്കായുള്ള ലോകപ്രമാണം-1982, രാഷ്ട്രാന്തര പ്രാധാന്യമുള്ള ഭൂപ്രദേശ പരിരക്ഷക്കായുള്ള പ്രോട്ടോക്കോൾ-1982, ജൈവവൈവിധ്യ ഉടമ്പടി-1992 മുതലായവ ഇതിൽ ഉൾപ്പെടുന്നു. മരുഭൂവത്കരണത്തിനെതിരായി ഐക്യരാഷ്ട്ര പൊതുസഭയംഗീകരിച്ച രേഖ (അൺകോഡ്-1977) 1994-ലെ ആഫ്രിക്ക ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ മരുഭൂവത്കരണം തടയുന്നതിനുള്ള ഐക്യരാഷ്ട്ര പ്രമാണരേഖ എന്നിവ നിർണായകമാണ്. സമുദ്രസമ്പത്തിന്റെ പരിരക്ഷാർഥമുള്ള ഒട്ടേറെ അന്താരാഷ്ട്ര നിയമതത്വങ്ങൾ ഉണ്ട്. അന്താരാഷ്ട്ര തിമിംഗല സംരക്ഷണ പ്രമാണം-1946 യന്ത്രവത്കൃത മത്സ്യബന്ധന നിയന്ത്രണത്തിനായുള്ള 1946-ലെ പ്രമാണം ആഴക്കടലിലെ പോളി മെറ്റാലിക് നോഡ്യൂളുകൾ സംബന്ധിയായ പ്രമാണം 1982, സമുദ്രസംബന്ധിയായ 1982-ലെ ഐക്യരാഷ്ട്ര നിയമസംഹിത (അൺക്ലോസ്) ആഴക്കടൽ മത്സ്യബന്ധന സംബന്ധിയായ 1993-ലെ ഉടമ്പടിരേഖ എന്നിവ ഇതിൽ പ്രധാനമായവയാണ്. ധ്രുവപ്രദേശ പരിസ്ഥിതി സംരക്ഷണത്തിനായി രൂപപ്പെടുത്തിയ 1959-ലെ അന്റാർട്ടിക്ക ഉടമ്പടി, 1964-ലെ അന്റാർട്ടിക്കൻ ജന്തു സസ്യസംരക്ഷണ കരാർ, അന്റാർട്ടിക്കൻ സീലുകളുടെ സംരക്ഷണ ഉടമ്പടി-1972, അന്റാർട്ടിക്കയിലെ സമുദ്രജീവി സമ്പത്തിന്റെ സംരക്ഷണ കൺവെൻഷൻ 1980, അതിനായുള്ള പ്രക്രിയാ ഉടമ്പടി 1988, അന്റാർട്ടിക് പരിസ്ഥിതി സംരക്ഷണ പ്രോട്ടോക്കോൾ 1991 എന്നിവയും നിർണായകമാണ്.
മലിനീകരണ നിയന്ത്രണ ഉടമ്പടികൾ
അന്താരാഷ്ട്ര വായുമലിനീകരണ-ദീർഘകാല അന്തരീക്ഷ മലിനീകരണ നിയന്ത്രണ കൺവെൻഷൻ-1979, അടിയന്തിര അന്തരീക്ഷ പരിപാലന പ്രോട്ടോക്കോൾ-1981, അപകടകാരികളായ മാലിന്യങ്ങളുടെ അന്താരാഷ്ട്ര കടത്തും സംസ്‌കരണവും നിർമാർജനവും സംബന്ധിച്ച ബേസൽ ഉടമ്പടി-1989, 1991-ലെ ബമാകോ കൺവെൻഷൻ, അന്താരാഷ്ട്ര പരിസ്ഥിതി പ്രത്യാഘാത കൺവെൻഷൻ 1992 മുതലായവയും പ്രധാനപ്പെട്ടവയാണ്. സമുദ്ര മലിനീകരണ സംബന്ധിയായി രൂപപ്പെട്ട 1969 എണ്ണ മലിനീകരണ ബാധ്യത കൺവെൻഷൻ, മാലിന്യനിക്ഷേപ നിയന്ത്രണ കൺവെൻഷൻ-1972, കപ്പലുകൾ-വിമാനങ്ങൾ, യാനപാത്രങ്ങൾ മുതലായവയുടെ അവശിഷ്ട നിക്ഷേപ സംബന്ധിയായ ഉടമ്പടി-1972, കപ്പൽ ഗതാഗത മലിനീകരണ കൺവെൻഷൻ-1973, എണ്ണയിതര ആഴക്കടൽ മാലിന്യനിയന്ത്രണ സംബന്ധിയായ പ്രോട്ടോക്കോൾ-1973, തീരദേശ സ്രോതസ്സുകളിൽ നിന്നുള്ള സമുദ്രമലിനീകരണം നിയന്ത്രിക്കാനുള്ള കൺവെൻഷൻ-1979, എണ്ണ മലിനീകരണ വിരുദ്ധ സഹകരണ കരാർ-1990 എന്നിവ ഇതിൽ പ്രമുഖമായവയാണ്. ഓസോൺ പാളി വൃദ്ധിക്ഷയവുമായി ബന്ധപ്പെട്ട ഉടമ്പടികളും പരാമർശിക്കപ്പെടാവുന്നതാണ്. ഓസോൺ പാളി സംരക്ഷണാർഥമുള്ള വിയന്ന കൺവെൻഷൻ 1985, മോൺട്രിയൽ പ്രോട്ടോക്കോൾ-1987, ആയതിനുള്ള ഭേദഗതികൾ-1990, കോപ്പൻ ഹേഗൻ പ്രോട്ടോക്കോൾ-1992, ജോഹനാസ്ബർഗ് ഉടമ്പടി-2012 എന്നിവ ഏറെ പ്രധാനപ്പെട്ടവയാണ്. അന്തരീക്ഷ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രമാണങ്ങളും സവിശേഷ പ്രാധാന്യമുള്ളവയാണ്. 1992-ലെ ഐക്യരാഷ്ട്ര അന്തരീക്ഷ വ്യതിയാനങ്ങളുടെ സമാഹാരം (യുഎൻഎഫ്‌സിസി), 1997-ലെ ക്യോട്ടോപ്രോട്ടോക്കോൾ, അതിന്റെ നാളിതുവരെയുള്ള തുടർ കൺവെൻഷനുകൾ, പ്രകൃതി വിഭവസമ്പത്തിന്റെ മേലുള്ള സുസ്ഥിര പരമാധികാര പ്രഖ്യാപനം-1962, മനുഷ്യ പരിസ്ഥിതി പരിരക്ഷ പ്രഖ്യാപനം, സ്റ്റോക്ക്‌ഹോം പ്രഖ്യാപനം-1972, പരിസ്ഥിതി സംരക്ഷണാർഥമുള്ള ഹേഗ് പ്രഖ്യാപനം-1992, പാരിസ്ഥിതിക-വികസന സംബന്ധിയായ ഐക്യരാഷ്ട്രരേഖ-1992 (അൺസെഡ്) എന്നിവ പരാമർശിക്കപ്പെടേണ്ടവയാണ്. വിഷയത്തിന്റെ ഗൗരവവും ഉള്ളടക്കത്തിന്റെ പ്രാധാന്യവുംകൊണ്ട് ശ്രദ്ധേയമായ ചില അന്തർദേശീയ പ്രമാണങ്ങൾ ഉണ്ട്. ദേശാന്തരാഗമനം നടത്തുന്ന ജീവിവർഗ പരിരക്ഷസംബന്ധിച്ച 1979-ലെ ബോൺ കൺവെൻഷൻ, തണ്ണീർത്തട സംരക്ഷണ സംബന്ധിയായ 1982-ലെ റാംസാർ കൺവെൻഷൻ, വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ കൈമാറ്റ സംബന്ധിയായ 1973-ലെ സൈറ്റസ് ഉടമ്പടി, അപകടകരമായ മാലിന്യനിർമാർജന സംബന്ധിയായ ബേസൽ കൺവെൻഷൻ-1989, ഓസോൺപാളി സംരക്ഷണ സംബന്ധിയായ മോൺട്രിയൽ പ്രോട്ടോക്കോൾ-1987, സമുദ്രസംബന്ധിയായ 1982-ലെ ഐക്യരാഷ്ട്ര കൺവെൻഷൻ, 1992-ഭൗമ ഉച്ചകോടിയും സുസ്ഥിര വികസന കൺവെൻഷനും ജൈവവൈവിധ്യ കൺവെൻഷനും അന്തരീക്ഷ വ്യതിയാന സംബന്ധിയായ 1997-ലെ ക്യോട്ടോ ഉച്ചകോടി പ്രഖ്യാപനവും ഇവയിൽ ചിലതാണ്. എന്നാൽ ഇതിൽ പല ഉടമ്പടി വ്യവസ്ഥകളും അക്ഷരാർഥത്തിലോ അന്തരാർഥത്തിലോ പാലിക്കപ്പെടുന്നില്ലെന്നതാണ് കടുത്ത യാഥാർഥ്യവും പാരിസ്ഥിതിക ദൗർഭാഗ്യവും. ഉദാഹരണം 1997-ലെ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് ഉടമ്പടി, ഓസോൺ പാളി ദ്രവീകരണ കാരണമാകുന്ന കാർബൺ യൗഗികബഹിർഗമനം കുറക്കുകയും തടയുകയും എന്ന പ്രഖ്യാപിത ലക്ഷ്യം രണ്ട് പതിറ്റാണ്ടായിട്ടും പ്രായോഗികമാകുന്നില്ല. 174 രാജ്യങ്ങൾ യോജിച്ചേർപ്പെട്ട ഈ പ്രമാണത്തിന് പ്രാബല്യം നൽകുന്നതിന് അതാത് രാജ്യങ്ങളുടെ സ്വാർഥലാഭതാൽപര്യങ്ങൾ അനുവദിക്കാത്തതാണ് ഈ ദു:സ്ഥിതിക്ക് കാരണം.
അന്താരാഷ്ട്ര പാരിസ്ഥിതിക സംഘടനകൾ പരിപാടികൾ
പരിസ്ഥിതി സംരക്ഷണത്തിൽ അന്തർദേശീയ നിയമം വഹിക്കുന്നതുപോലെ പ്രധാന പങ്കുള്ളതാണ് അന്താരാഷ്ട്ര സംഘടനകളും ഏജൻസികളും അവയിലൂടെ നിർവഹിക്കുന്ന പരിപാടികളും. അവയെല്ലാം ആവർത്തിച്ച് പ്രതിപാദിക്കുന്നില്ല. പരിചയപ്പെടുത്തുകമാത്രം ചെയ്യുന്നു. ഇതിൽ ഏറെ പ്രസക്തമായത് ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയാണ്. (യുഎൻഇപി) ഇതിന്റെ തുടർച്ചയാണ്, ഐക്യരാഷ്ട്ര വികസനപരിപാടി (യുഎൻഡിപി). ഇവയുടെ ആഭിമുഖ്യത്തിൽ രൂപപ്പെടുത്തപ്പെട്ട ഒട്ടനവധി ഏജൻസികളോ ഉപാധികളോ ഉദ്യമങ്ങളോ ഈ രംഗത്തുണ്ട്. സമുദ്ര പാരിസ്ഥിതിക പരിരക്ഷാർഥമുള്ള ഏജൻസി 1992-ലെ ഐക്യരാഷ്ട്ര പരിസ്ഥിതി-വികസന കൺവെൻഷനെ തുടർന്ന് രൂപം കൊണ്ടതാണ് സമുദ്രവിഭവസംരക്ഷണ ഏജൻസി. അന്താരാഷ്ട്ര ഉഷ്ണമേഖലാ വൃക്ഷ സംഘടനയാണ് മറ്റൊരു സംവിധാനം. ജപ്പാനിലെ യാക്കഹമ ആസ്ഥാനമായി 1985-ൽ ആരംഭിച്ച ഐടിടിഒ 1987 മുതൽ പ്രവർത്തനം തുടരുന്നു. അന്താരാഷ്ട്ര കാർഷിക വികസന നിധി 1977-ൽ സ്ഥാപിതമായി. ഇറ്റലിയിലെ റോം ആസ്ഥാനമായി പ്രവർത്തിക്കുന്നു. 160 അംഗരാഷ്ട്രങ്ങളുണ്ട്. തണ്ണീർത്തട-ജലപക്ഷി ഗവേഷണ അന്താരാഷ്ട്ര കേന്ദ്രം 1954-ൽ സ്ലിംബ്രിജിൽ സ്ഥാപിതമായി. ഇത് റാംസാർ കൺവെൻഷൻ പ്രതിഷ്ഠാപനത്തിനായി പ്രവർത്തിക്കുന്നു. തിമിംഗലവേട്ട നിയന്ത്രിക്കാനായി 1946-ൽ കേംബ്രിജ് കേന്ദ്രീകരിച്ച് സ്ഥാപിച്ച ഏജൻസിയും ശ്രദ്ധേയമാണ്. ഇടക്കാലത്ത് ഈ സംരംഭം തന്നെ സാമ്പത്തിക പ്രതിസന്ധിയിലായി. 1992-ൽ അയർലൻഡ് ഒഴിവായതോടെ നിർവഹണ സാധ്യതയും ഇല്ലാതായി. ഇപ്പോൾ തിമിംഗലവേട്ട യഥേഷ്ടമായിരിക്കുന്നു. അന്താരാഷ്ട്ര പ്രകൃതി-പ്രകൃതിവിഭവ സംരക്ഷക യൂണിയനാണ് പ്രസക്തമായ മറ്റൊരു ഉദ്യമം. 1948-ൽ ഐയുപിഎൻ എന്ന പേരിലാണ് ഇത് സ്ഥാപിതമായത്. 1956-ൽ ലക്ഷ്യം പരിഷ്‌കരിക്കപ്പെടുമ്പോൾ പേര് ഐയുസിഎൻ എന്ന് മാറ്റി. 1988-ൽ ഈ നാമധേയം അംഗീകരിച്ചു. 125 രാജ്യങ്ങളിൽ നിന്ന് എണ്ണൂറിൽപരം അംഗങ്ങൾ ചേർന്ന് സ്ഥാപിതമായി. 105 സർക്കാർ ഏജൻസികളും 640 സർക്കാരിതര സംഘടനകളും ഉൾപ്പെട്ടു. ആറു കമ്മീഷനുകളിലായി 6000-ത്തിൽപരം സന്നദ്ധപ്രവർത്തകർ സേവനമനുഷ്ഠിക്കുന്നു. നയപരവും നിർവഹണപരവുമായ ഒട്ടേറെ പാരിസ്ഥിതിക ഇടപെടലിന് ഇവർ ഇടയാക്കുന്നു. അന്താരാഷ്ട്ര സമുദ്രകാര്യ സംഘടന ലണ്ടൻ ആസ്ഥാനമായി 1955-ൽ സ്ഥാപിതമായി. 155 അംഗരാജ്യങ്ങളാണുള്ളത്. അന്താരാഷ്ട്ര സംയോജിത പർവത വികസന കേന്ദ്രം 1983-ൽ നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായി സ്ഥാപിതമായി. റോം ആസ്ഥാനമായി 1974-ൽ പ്രവർത്തിച്ചു തുടങ്ങിയ അന്താരാഷ്ട്ര സസ്യജനിതക ഗവേഷണസ്ഥാപനവും ഏറെ പ്രധാനമാണ്. വിവിധ പാരിസ്ഥിതിക വിഷയങ്ങളിൽ പഠനവും ഗവേഷണവും പ്രചാരണവും സംഘടിപ്പിക്കുക, ഐക്യരാഷ്ട്രസംഘടനക്കും അംഗരാഷ്ട്രങ്ങൾക്കും ഉപദേശനിർദേശങ്ങൾ നൽകുക, രാഷ്ട്രാന്തര നിയമതത്വരൂപീകരണത്തിന് സഹായിക്കുക, പ്രകൃതി-പാരിസ്ഥിതിക പ്രാധാന്യത്തോടെ ദിനങ്ങൾ, വാരങ്ങൾ, പക്ഷങ്ങൾ, വർഷങ്ങൾ മുതലായവ ആചരിക്കുന്നത് ഇതിന്റെ ഭാഗമായാണ്.
അന്താരാഷ്ട്രപരിസ്ഥിതി സംരക്ഷണ ഉപാധികൾ.
പരിസ്ഥിതി സംബന്ധമായ നിയമതത്വങ്ങൾ അധികവും രൂപപ്പെട്ടിട്ടുള്ളത് രാഷ്ട്രാന്തരവേദികളിലെ സംവാദവിവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞിട്ടുള്ള പ്രഖ്യാപനങ്ങൾ, കരാറുകൾ, ഉടമ്പടികൾ, രേഖകൾ, പ്രോട്ടോക്കോളുകൾ, നിയമങ്ങൾ മുതലായവയിലൂടെയാണ്. സ്വഭാവവും പ്രയോഗവും പരിഗണിച്ച് അവയെ പരാമർശിക്കാവുന്നതാണ്.
പൊതുവായ സ്വഭാവമുള്ള പ്രമാണങ്ങൾ
1. വിവരങ്ങൾ, രേഖകൾ, വിജ്ഞാനങ്ങൾ എന്നിവയുടെ ലഭ്യത, തീരുമാനമെടുക്കുന്നതിൽ ജനപങ്കാളിത്തം, നീതിയുടെ ലഭ്യതയും പ്രാപ്യതയും ഉൾപ്പെടെയുള്ള പരിസ്ഥിതി വിഷയസംബന്ധിയായ പ്രമാണം-1998.
2. പരിസ്ഥിതി പ്രത്യാഘാതപഠനവും അതിർത്തി കടന്നുള്ള ദേശാന്തരഗമനവും സംബന്ധിച്ച എക്‌സ്‌പോ പ്രമാണം-1991.
അന്തരീക്ഷ സംബന്ധിയായ പ്രമാണങ്ങൾ
1. ദീർഘദൂര ദേശാന്തരസ്വഭാവമുള്ള വായുമലിനീകരണ സംബന്ധിയായ പ്രഖ്യാപനം 1979 2. വായുയാന മാലിന്യനിർഗമനവും പരിസ്ഥിതി സംരക്ഷണവും പ്രഖ്യാപനം-ചിക്കാഗോ കൺവെൻഷൻ-1981 3. അന്തരീക്ഷ മലിനീകരണം-ചട്ടക്കൂട് കൺവെൻഷൻ-1992 4. ശബ്ദമലിനീകരണ നിയന്ത്രണ പ്രഖ്യാപനം-ജോർജിയ കൺവെൻഷൻ-2002 5. ഓസോൺപാളി പരിരക്ഷ-വിയന്ന കൺവെൻഷൻ-1985-മോൺട്രിയൽ കൺവെൻഷൻ-1987
ശുദ്ധജല വിഭവങ്ങൾ
1. ദേശാന്തര ജലസ്രോതസ് വിഭവങ്ങൾ-അന്താരാഷ്ട്ര തടാകങ്ങൾ-സംരക്ഷണവും വിനിയോഗവും സംബന്ധിച്ച- ഹെൽസിങ്കി കൺവെൻഷൻ-1992
അപായകരമായ വസ്തുതകൾ
1. അപായകരമായ മാലിന്യങ്ങളുടെ നിർഗമനവും ദേശാന്തര വ്യാപനവും നിയന്ത്രണം-ബേസൽ കൺവെൻഷൻ-1989
2. യാനപാത്രങ്ങളിലൂടെയുള്ള അപായകരമായ വസ്തുക്കളുടെ കടത്തിറക്ക് കൺവെൻഷൻ-1989.
3. വ്യവസായ അപകടവും ദേശാന്തര പ്രത്യാഘാതവും-ഹെൽസിങ്കി പ്രഖ്യാപനം-1992
4. രാജ്യാന്തരവ്യാപാരബന്ധ രാസമാലിന്യങ്ങൾ, കീടനാശിനികൾ എന്നിവയുടെ മുൻകൂർ അറിവും അനുമതിയും സംബന്ധിച്ച പ്രഖ്യാപനം-1998
5. കീടനാശിനി പ്രയോഗം സംബന്ധിച്ച എഫ്എഒ പ്രമാണം- റോം പ്രഖ്യാപനം-1985
സമുദ്രജീവി വർഗങ്ങൾ സംബന്ധിച്ചുള്ളവ
1. അന്റാർട്ടിക് മേഖലയിലെ ജൈവവിഭവ പരിരക്ഷ കൺവെൻഷൻ-കാൻബറ-1980
2. ദേശാന്തരഗമനജീവികൾ, വന്യജീവികൾ എന്നിവയുടെ പരിരക്ഷ-ബോൺ കൺവെൻഷൻ-1979
3. സമുദ്രജീവി പരിരക്ഷാർഥമുള്ള വാഷിങ്ടൺ കൺവെൻഷൻ-1946
ഭൗമവിഭവ-പ്രകൃതിവിഭവ പരിരക്ഷ
1. അന്റാർട്ടിക് ട്രീറ്റി-1959
2. ലോക പൈതൃക പരിരക്ഷ കൺവെൻഷൻ-പാരിസ്, 1972
3. ജൈവവൈവിധ്യകൺവെൻഷൻ-റിയോ ഡി ജനിറോ, 1992
4. വംശനാശ ഭീഷണി നേരിടുന്ന വന്യസസ്യ-ജന്തു പരിരക്ഷാപ്രഖ്യാപനം-സൈറ്റസ്, 1973
5. തണ്ണീർത്തട സംരക്ഷണം-റാംസാർ, 1971
6. മരുഭൂവത്കരണ നിയന്ത്രണം-പാരിസ്, 1994
7. സസ്യജനിതക വിഭവപരിപാലന പ്രഖ്യാപനം-റോം, 1983
8. ഭൂമധ്യരേഖാപ്രദേശ വൃക്ഷപരിപാലന ഉടമ്പടി-ജനീവ, 1994
ശബ്ദമലിനീകരണം
1. വായുമലിനീകരണം, ശബ്ദമലിനീകരണം, പ്രകമ്പനം-പ്രായോഗിക പരിസ്ഥിതി പ്രഖ്യാപനം-1977
ആണവവസ്തുക്കൾ
1. സമഗ്രപരീക്ഷണ നിയന്ത്രണ ഉടമ്പടി-1996
2. ആണവ അപകട-റേഡിയോ ആക്റ്റീവത അടിയന്തരസാഹചര്യ കൺവെൻഷൻ-വിയന്ന-1986
3. ആണവസുരക്ഷാ ഉടമ്പടി-വിയന്ന-1994
4. അന്തരീക്ഷം, ബാഹ്യാകാശം, സമുദ്രജലാന്തരം എന്നിവിടങ്ങളിലെ ആണവപരീക്ഷണ നിയന്ത്രിത കരാർ-1994
5. സിവിൽ ന്യൂക്ലിയർ ലയബിലിറ്റീസ് കരാർ-വിയന്ന-1963
ജലമലിനീകരണം
1. സമുദ്രജല മലിനീകരണം-മാലിന്യനിർഗമന നിയന്ത്രണ ഉടമ്പടി-ലണ്ടൻ-1972
2. സമുദ്രങ്ങളിൽ നടക്കുന്ന എണ്ണ-ഇന്ധന മലിനീകരണ നിയന്ത്രണം-ലണ്ടൻ-1954-1962-1969
3. എണ്ണ മലിനീകരണ ബാധ്യതാ ഉടമ്പടി-ബ്രസൽസ് 1969-1992
4. അപായകരവും അപകടകാരികളുമായ വസ്തുക്കൾ മൂലമുള്ളതായ നഷ്ടപരിഹാര ഉടമ്പടി-ലണ്ടൻ 1996
5. ഇന്ധനമലിനീകരണ വിരുദ്ധ സഹകരണ ഉടമ്പടി-1990
6. സമുദ്രസംബന്ധിയായ ഐക്യരാഷ്ട്ര ഉടമ്പടി-മൊണ്ടേഗബേ-1982
പരിസ്ഥിതിയും സാമാന്യനിയമതത്വങ്ങളും
സമസ്തലോകവും സുഖമായി ഭവിക്കട്ടെ എന്നത് സ്വാഭാവിക നീതിതത്വമാണ്. മനുഷ്യന് മാത്രമല്ല എല്ലാ സസ്യ-ജന്തു-സൂക്ഷ്മജീവി വർഗങ്ങൾക്കും സ്വസ്ഥമായി വസിക്കാനും പുലരാനുമുള്ള അവസ്ഥയാണ് ലോകത്ത് നിലനിൽക്കേണ്ടതെന്ന പ്രകൃതിനിയമ സങ്കല്പനമാണതിനു പിന്നിലുള്ളത്. എല്ലാ മനുഷ്യരുടെയും ആവശ്യത്തിനുള്ള വിഭവം പ്രകൃതിയിലുണ്ട്, എന്നാൽ എല്ലാ മനുഷ്യരുടെയും അത്യാർത്തിക്കുള്ളത് പ്രകൃതിക്ക് നൽകാനാവില്ല എന്നത് ഈ സാമാന്യതത്വത്തിന്റെ ഭാഗമാണ്.പരിസ്ഥിതി പരിരക്ഷക്കുള്ള നിയന്ത്രണ സംവിധാനങ്ങൾ പ്രകൃതിതന്നെ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഏറെ സങ്കീർണവും സങ്കലിതവും സൂക്ഷ്മവുമാകയാൽ അവ വേർതിരിച്ചറിയുക തന്നെ പ്രയാസമാകും. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട് നിലനിൽക്കുന്ന സാമാന്യ നീതിതത്വങ്ങൾ ഉപേക്ഷ (നെഗ്ലിജൻസ്), പൊതുശല്യം (ന്യൂയിസൻസ്), അതിക്രമിച്ചു കടക്കൽ (ട്രസ്സ് പാസ്സ്), നിരുത്തരവാദിത്തം (കെയർലെസ്‌നസ്), കർക്കശ ബാധ്യത (സ്ട്രിക്റ്റ് ലയബിലിറ്റി) തുടങ്ങിയവയാണ്. ഉപേക്ഷ (നെഗ്ലിജൻസ്): ഏതൊരു അവകാശത്തിനും അത് ലംഘിക്കപ്പെട്ടാൽ പരിഹാരത്തിനുള്ള സാധ്യതയുണ്ട്. ഏതൊരാൾക്കും തന്റെ പ്രവൃത്തി മറ്റൊരാളിന്റെ അവകാശം ഹനിക്കുന്നതിന് ഇടയാകാതിരിക്കുന്നതിനുള്ള ഉത്തരവാദിത്തമുണ്ട്. എന്നാൽ ഈ ഉത്തരവാദിത്തത്തിൽ വീഴ്ച വരുമ്പോൾ അതിന്റെ ഫലം അനുഭവിക്കുന്നവർക്ക് കഷ്ടനഷ്ടങ്ങളും ഹാനികളും അപായങ്ങളും സംഭവിക്കുന്നു. ഇത്തരത്തിൽ ഒരാളിന്റെ ഉപേക്ഷകൊണ്ട് മറ്റൊരാൾക്കോ കൂട്ടർക്കോ ഹാനിയോ ചേതമോ സംഭവിക്കുന്നുവെങ്കിൽ അത്തരം പരിസ്ഥിതി അവകാശ നഷ്ടത്തിന് പരിഹാരം കാണുന്നതിനുള്ള ഉത്തരവാദിത്തവും ഉപേക്ഷക്കിടയാക്കുന്നയാളിൽ ഏല്പിക്കുന്നു. നിരോധം, ഒഴിവാക്കൽ, നഷ്ടപരിഹാരം, പിഴ എന്നിവയാണിത്. പൊതുവായി ലഭ്യമാകുന്ന പരിഹാരങ്ങൾ, സിവിൽ നീതിന്യായ മാർഗത്തിലാണ് ഈ പരിഹാരം സാധ്യമാകുക. പൊതു ശല്യം (ന്യൂയിസൻസ്): ഒരു വ്യക്തിയുടെ പ്രവൃത്തിയോ പ്രവൃത്തി ദൂഷ്യമോ പ്രവൃത്തിരാഹിത്യമോ മൂലം മറ്റൊരു കൂട്ടം വ്യക്തികൾക്കോ, വ്യക്തിക്കോ നഷ്ടമോ ഹാനിയോ അപായമോ സംഭവിക്കാനിടയായാൽ അതിന് ഉത്തരവാദിയായവർ പരിഹാരബാധ്യതയുള്ളവരായിത്തീരും. ഇത്തരത്തിൽ ഒരു കൂട്ടരുടെയോ ഒരാളുടെയോ സ്വസ്ഥ ജീവിതത്തിന് ഹാനികരമോ ശല്യകാരകമോ അസ്വാസ്ഥ്യമുളവാക്കുന്നതോ ആയ പ്രവൃത്തിയാണ് പൊതുശല്യം എന്ന് കരുതപ്പെടുക. ശാരീരികമോ മാനസികമോ വൈകാരികമോ ആയിട്ടുള്ള അസ്വസ്ഥതക്കിടയാക്കുന്ന സാഹചര്യമോ നടപടിയോ പ്രവൃത്തിയോ പൊതുശല്യമായി കരുതപ്പെടും. കാഴ്ച, കേൾവി, ഘ്രാണം തുടങ്ങിയ ഇന്ദ്രിയശേഷിക്കോ കൈകാലുകൾ ഉൾപ്പെടെയുള്ള അവയവങ്ങൾക്കോ ഹാനിയോ വൈകല്യമോ സൃഷ്ടിക്കുന്നതാണ് ശാരീരികമായ ശല്യം. അസഹ്യത, സമ്മർദം, അസ്വസ്ഥത, അസ്ഥിരത മുതലായവക്കിടയാക്കുന്നതാണ് മാനസിക ശല്യം. സിവിൽ നടപടി വഴിയുള്ള നീതിന്യായപരിഹാരത്തിന് പുറമേ ക്രിമിനൽ നടപടിക്രമം പാലിച്ചുകൊണ്ടുള്ള നീതിന്യായ പരിഹാരവും പൊതുശല്യത്തിനെതിരെ ലഭ്യമാണ്. എന്നാൽ ശല്യം ഉണ്ടായശേഷം പരിഹരിക്കുന്നതിന് പകരം ശല്യകാരകമാകുന്ന സാഹചര്യം ഒഴിവാക്കുകയോ പ്രതിരോധിക്കുകയോ നീക്കുകയോ ആണ് കരണീയമായിട്ടുള്ള പരിഹാരം. അതിക്രമിച്ചു കടക്കൽ (ട്രസ്സ്പാസ്): പ്രകൃതി പരിസ്ഥിതി വിഭവങ്ങൾ അനുമതി കൂടാതെ കൈവശപ്പെടുത്തുകയോ സ്വകാര്യലാഭം മുൻനിർത്തി ചൂഷണം നടത്തുകയോ ചെയ്യുന്നതാണ് അതിക്രമിച്ചു കടക്കുക എന്നതു മൂലം ഉദ്ദേശിക്കുന്നത്. പുഴകൾ, തടാകങ്ങൾ, വനഭൂമികൾ, കായലുകൾ, തീരപ്രദേശം, പർവതപ്രദേശം മുതലായവയിലെല്ലാം ഇത്തരം അതിക്രമിച്ചു കടക്കൽ കാണാം. ഒഴിപ്പിക്കലും നിരോധനവും ആണ് സിവിൽ നടപടിക്രമം വഴിയുള്ള പരിഹാരം. എന്നാൽ കുറ്റവിചാരണയിലൂടെ കുറ്റസ്ഥാപനവും ശിക്ഷാനടപടിക്രമപ്രകാരമുള്ള ശിക്ഷയുമാണ് ക്രിമിനൽ നടപടി വ്യവസ്ഥപ്പെടുത്തുന്ന പരിഹാരം. നിരുത്തരവാദിത്തം (കെയർലെസ്‌നെസ്). ഏതൊരു പ്രവൃത്തിയും ആവശ്യപ്പെടുന്ന കരുതൽ ഉറപ്പാക്കിക്കൊണ്ടാകണം അതിന്റെ നിർവഹണം എന്നത് സാമാന്യതത്വമാണ്. എന്നാൽ ആവശ്യമായത്ര കരുതൽ പുലർത്താത്തതുമൂലം ഒരാളുടെയോ സ്ഥാപനത്തിന്റെയോ സംഘത്തിന്റെയോ പ്രവൃത്തിയോ പ്രവൃത്തിരാഹിത്യമോ മറ്റൊരു വ്യക്തിയുടെയോ കൂട്ടരുടെയോ അവകാശം ഹനിക്കാനോ ലംഘിക്കാനോ ഇടയായാൽ ആയതിനെ നിരുത്തരവാദിത്തം എന്ന് പറയാം. പരിസ്ഥിതി ദുരന്തങ്ങളിൽ ഗണ്യമായ പങ്കും സംഭവിക്കുന്നത് മതിയായ സുരക്ഷാക്രമം പാലിക്കുന്നതിലെ വീഴ്ചയോ നിരുത്തരവാദിത്തമോ കൊണ്ടാണ്. അല്പലാഭം നേടാനായി കാണിക്കുന്ന അലംഭാവം അത്യന്തം അപകടകരമായ പരിസ്ഥിതി നാശത്തിനും ദുരിതങ്ങൾക്കും ഇടവരുത്താം. നഷ്ടപരിഹാരവും പിഴശിക്ഷയും തടവുശിക്ഷയും ഉൾപ്പെടെ ഇതിന് നിവൃത്തിമാർഗമായി സ്വീകരിക്കാനാവും. കർക്കശ ബാധ്യതാതത്വം (സ്ട്രിക്റ്റ് ലയബിലിറ്റി പ്രിൻസിപ്പ്ൾ). പരിസ്ഥിതി നാശത്തിന് ഇടയാക്കുന്ന പ്രവൃത്തിയോ പ്രവൃത്തിദോഷമോ പ്രവൃത്തി രാഹിത്യമോ ഉണ്ടാകുന്നതിന് ഉത്തരവാദികൾ ആയവർക്കു മേൽ കർക്കശമായ ബാധ്യത ഭരമേല്പിക്കുന്നതിനുള്ളതാണ് ഈ തത്വം. പ്രസ്തുത കുറ്റത്തിൽ നേരിട്ടോ പരോക്ഷമായോ ബന്ധപ്പെട്ടവർക്ക് അവരുടെ പങ്കാളിത്തത്തിന്റെ അളവോ വ്യാപ്തിയോ ഫലമോ പരിഗണിക്കാതെ തന്നെ കുറ്റസ്ഥാപന സാഹചര്യത്തിൽ ബാധ്യത ഏല്പിക്കുന്നതും നഷ്‌ടോത്തരവാദിത്തം ഈടാക്കുന്നതുമായ തത്വമാണിത്. വ്യക്തിഗതവും കൂട്ടായതുമായ ഉത്തരവാദിത്തം ഇത്തരത്തിൽ വന്നുചേരും. തൊഴിലാളിയുടെയോ ഏജന്റിന്റെയോ കൃത്യത്തിലോ കൃത്യവിലോപത്തിലോ തൊഴിലുടമയോ മുതലാളിയോ ബാധ്യസ്ഥരാകുന്നത് ഈ തത്വത്തിന്റെ ഭാഗമായാണ്. പരിസ്ഥിതി-പ്രകൃതി ദുരന്തങ്ങൾക്ക് സർക്കാരിനുമേൽ ബാധ്യത വന്നുചേരുന്നതും ഈ തത്വം ബാധകമാക്കുന്നതുവഴിയാണ്. വീഴ്ചരഹിത ബാധ്യതയായും ഈ തത്വം നടപ്പാക്കപ്പെടാറുണ്ട്. ആരോപണ വിധേയരുടെ ഭാഗത്ത് ഏതെങ്കിലും ഉപേക്ഷയോ വീഴ്ചയോ തെളിയിക്കപ്പെടുന്നില്ലെങ്കിൽപോലും ഈ തത്വമനുസരിച്ച് നഷ്ടപരിഹാരബാധ്യത ബാധകമാക്കാവുന്നതാണ്. ഈ സാമാന്യനീതിതത്വങ്ങൾ പ്രകാരമുള്ള പരിഹാരം നേടുന്നതിന് അധികാരപരിധിയനുസൃതമായുള്ള കോടതിയിൽ അന്യായം ഹാജരാക്കി തീർപ്പ് തേടേണ്ടതാണ്. പരിസ്ഥിതി നീതിശാസ്ത്രത്തിലെ അടിസ്ഥാനഘട്ടമാണ് ഇത് എന്ന് കരുതാനാകും.ൗ
പരിസ്ഥിതിയും നടപടിക്രമ നിയമങ്ങളും
നഷ്ടപരിഹാരമായാലും ശിക്ഷാനടപടിയായാലും പ്രകൃതി പരിസ്ഥിതി നാശത്തിനിടയാക്കുന്ന കുറ്റകൃത്യം സംശയരഹിതമായി സ്ഥാപിച്ച് പരിഹാരം നേടാൻ നടപടിക്രമ നിയമങ്ങൾ അനിവാര്യമാണ്. സിവിൽ-ക്രിമിനൽ കോടതികളിൽ ഈ നടപടിക്രമതത്വങ്ങളും വ്യവസ്ഥകളുമാണ് ആശ്രയിക്കുന്നത്. സിവിൽ നടപടി വ്യവസ്ഥകൾ: പരിസ്ഥിതി ചൂഷണം, ദൂഷണം, ശോഷണം, അവയുടെ പ്രത്യാഘാതം എന്നിവ സംബന്ധിച്ച സിവിൽ നടപടിക്രമം വ്യക്തിക്കോ സ്ഥാപനത്തിനോ സംഘത്തിനോ എതിരായി നിലനിൽക്കുന്നതാണ്. വ്യക്തികളുടെ കൂട്ടുസംരംഭങ്ങളെയും (കമ്പനികൾ, ഫേമുകൾ, സംരംഭങ്ങൾ, സർക്കാരുകൾ) സിവിൽ നടപടിക്രമ നിയമം നീതിശാസ്ത്രം വ്യക്തിയായി പരിഗണിക്കുന്നു. അതുകൊണ്ട് വ്യക്തികളുടെ കൂട്ടംമൂലം സംഭവിക്കുന്ന പരിസ്ഥിതി നഷ്ടത്തിന് പരിഹാരം തേടുന്നതിന് സിവിൽ നടപടിക്രമ വ്യവസ്ഥ വിനിയോഗിക്കാം. സിവിൽ നടപടിക്രമപ്രകാരം പരിസ്ഥിതി വിനാശകാരകമാകുന്ന ശല്യം രണ്ടുവിധമുണ്ട്. ഒന്ന് വസ്തുനിഷ്ഠവും രണ്ടാമത്തേത് വ്യാഖ്യാനാധിഷ്ഠിതവും ആയ ശല്യങ്ങൾ ആണ്. നിലവിലുള്ള ഏതെങ്കിലും അവകാശതാൽപര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള ശല്യമാണ് വസ്തുനിഷ്ഠമായിട്ടുള്ളത്. ഏതെങ്കിലും നിയമവ്യവസ്ഥയുടെ ലംഘനത്തിനിടയാക്കുന്നതിലൂടെ പരിസ്ഥിതി വിനാശത്തിലേക്ക് നയിക്കുന്ന കൃത്യമാണെങ്കിൽ ആയത് വ്യാഖ്യാനിച്ച് പരിസ്ഥിതി ദൂഷണസാഹചര്യം സ്ഥാപിച്ചെടുക്കുവാനാകുന്നതാണ്. വസ്തുനിഷ്ഠ സാഹചര്യത്തിൽ പരിസ്ഥിതി നാശത്തിനിടയാക്കുന്ന ശല്യത്തിന് പരിഹാരമായി മാത്രമേ സിവിൽ നടപടിക്രമ വ്യവസ്ഥ വിനിയോഗിക്കാൻ കഴിയൂ. രണ്ടാമത്തെ ഗണത്തിൽപ്പെട്ട ശല്യത്തിനിടയാക്കുന്നവർക്കെതിരെ നിയമലംഘനം തെളിയിച്ചുകൊണ്ടുള്ള ക്രിമിനൽ നടപടിക്രമ മാർഗവും ശിക്ഷാനടപടിയുമാണ് പ്രായോഗികം. പൊതുശല്യവും സ്വകാര്യശല്യവും ഇപ്രകാരം സിവിൽ നടപടിക്രമ വ്യവസ്ഥ ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്. ലഭ്യമാക്കാവുന്ന പരിഹാരരീതികൾ ആയിട്ട്
- തടസ്സം/നിരോധം (സ്റ്റേ)
- ഒഴിപ്പിക്കൽ (നീക്കം ചെയ്യൽ)
- നഷ്ടപരിഹാരം
- പിഴശിക്ഷ
- തടവുശിക്ഷ (നിയമനിർദേശം ലംഘിക്കുന്നതിന്)
എന്നിവയാണ് സിവിൽ നിയമനടപടിക്രമം അനുശാസിക്കുന്നത്. ഇന്ത്യയിൽ സിവിൽ നടപടിക്രമ സംഹിത(1908)യാണ് ഇതിന് ഉപയോഗിക്കപ്പെടുന്ന നിയമ-ചട്ട വ്യവസ്ഥ ഉൾക്കൊള്ളുന്നത്. 1882-ൽ തന്നെ നിലവിൽ വന്ന ഇന്ത്യൻ ഈസ്‌മെന്റ് ആക്റ്റ് പ്രകാരവും പരിസ്ഥിതി അവകാശം പരാമർശിക്കാവുന്നതാണ്. ഉടമക്ക് അഥവാ അവകാശിക്ക് മറ്റുള്ളവരിൽനിന്ന് തന്റെ അവകാശത്തിനായുള്ള ഭൂമിയിലെ മണ്ണ്, ജലം, അന്തരീക്ഷം, ഭൗതിക വിഭവങ്ങൾ തുടങ്ങിയവയുടെ സ്വച്ഛമായ വിനിയോഗ അവസരം ഉറപ്പാക്കുംവിധം പരിരക്ഷിച്ച് ലഭിക്കാനുള്ള വ്യവസ്ഥ ഉൾക്കൊള്ളുന്നു. ഇപ്രകാരമുള്ള ഏതെങ്കിലും ഭൗതിക ലൗകിക സൗകര്യങ്ങളുടെയോ ഉപാധികളുടെയോ ഗുണപരവും സ്വതന്ത്രവുമായ വിനിയോഗത്തെ ശബ്ദമോ ചലനമോ മറ്റെന്തെങ്കിലും ഇടപെടലോ ഉപാധിയോ മുഖാന്തിരം ഇല്ലാതാക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാൻ പാടില്ലാത്തതാണ്. ഭൂമിയിൽ ജനിക്കുന്ന ഓരോരുത്തർക്കും ഇവിടെ ഇടം ലഭിക്കുന്നതിനും അപായരഹിതമായും തടസ്സമില്ലാതെയും അത് അനുഭവിക്കുന്നതിനും ഈ നിയമം അവകാശം നൽകുന്നു. ഓരോരുത്തർക്കും അവരുടേതായ സ്ഥലത്തിന്റെ അനുഭവ അവകാശം പരിരക്ഷിക്കപ്പെടുമ്പോൾത്തന്നെ മറ്റോരോരുത്തർക്കുമുള്ള ഇത്തരം അനുഭവ അവകാശത്തെ തന്റെ പ്രവൃത്തിയിലൂടെയോ കൃത്യത്തിലൂടെയോ ഹനിക്കാതിരിക്കാനുള്ള ബാധ്യതയും ഈസ്‌മെന്റ് നിയമം അനുശാസിക്കുന്നു. പുഴ, കായൽ, തടാകം, വനം, വയൽ തുടങ്ങി ഏതൊരു പ്രകൃതിവിഭവവും ഇപ്രകാരം പരിപാലിക്കപ്പെടാനും വിനിയോഗിക്കപ്പെടാനുമുള്ള അവകാശമാണ് ഈ നിയമം അനുശാസിക്കുന്നത് (വകുപ്പ് 7). ഈ തരം അവകാശം ഹനിക്കുന്നവർക്കെതിരെ താൽകാലികമായോ സ്ഥിരമായോ നിരോധന ഉത്തരവ് നേടിയെടുക്കുന്നതിനോ നിയന്ത്രണം കൽപിക്കുന്നതിനോ സിവിൽ നിയമനടപടിക്രമം പ്രയോജനപ്പെടുത്താവുന്നതാണ്. ജലവിഭവത്തർക്കങ്ങൾ, അണക്കെട്ടു വിവാദം, ഖനിജവിനിയോഗം മുതലായവയെല്ലാം ഈ നിയമതത്വത്തിൻകീഴിൽ വരുന്നതാണ്. ക്രിമിനൽ നടപടിക്രമനിയമം. പരിസ്ഥിതി വിനാശം സൃഷ്ടിക്കും വിധമുള്ള ശല്യം സ്വകാര്യവ്യക്തിയെ ബാധിക്കും വിധമാണെങ്കിൽ പരിഹാരം തേടേണ്ടത് സിവിൽ നടപടിക്രമനിയമം അടിസ്ഥാനമാക്കി ആയിരിക്കണം എന്നു കണ്ടുവല്ലോ. എന്നാൽ ഒന്നിൽ ഏറെ വ്യക്തികളെയോ വ്യക്തികളുടെ കൂട്ടത്തെയോ ബാധിക്കുന്ന ശല്യമാണെങ്കിൽ പൊതുശല്യമായി മാറും. അത് സമൂഹവിരുദ്ധ കുറ്റകൃത്യമായി കരുതി ക്രിമിനൽ നടപടിക്രമ നിയമപ്രകാരമായിരിക്കണം പരിഹാരം തേടേണ്ടത്. നഷ്ടമുണ്ടായ ശേഷമുള്ള പരിഹാരത്തിന് പകരം ഇവിടെ ശല്യം ഉണ്ടാകാതെ പ്രതിരോധിക്കുകയോ ശല്യത്തിനിടയാക്കുന്നവരെ വിചാരണവിധേയമാക്കി ശിക്ഷിക്കുകയോ ആണ് ചെയ്യുക. ക്രിമിനൽ നടപടിക്രമം അനുസരിച്ച് (വകുപ്പ് 133) പൊതു ഉപയോഗത്തിലുള്ള പുഴയോ ചാലോ ജലാശയമോ പാതയോ പരിസരമോ മലിനമാക്കുകയോ പൊതുവിനിയോഗം തടസ്സപ്പെടുത്തുകയോ ചെയ്യുന്നതിനെതിരെ നടപടിയെടുക്കാൻ മജിസ്‌ട്രേറ്റിനെ അധികാരപ്പെടുത്തുന്നു. പൊതുജനാരോഗ്യത്തിനോ സ്വാസ്ഥ്യത്തിനോ സമീപവാസിയുടെ ജീവിതത്തിനോ ഹാനികരമായതോ അപായകരമായതോ ആയ വസ്തുതകൾ സംഭരിക്കുന്നതും വിനിയോഗിക്കുന്നതും വിപണനമോ വിതരണമോ ചെയ്യുന്നതും തടയാനും ഇതുമൂലം സാധിക്കും. പൊതുകിണർ മലിനീകരണം മുതൽ പാറഖനനം വരെ എത്രയോ പ്രശ്‌നങ്ങളാണ് പൊതു ശല്യവുമായി ബന്ധപ്പെട്ട് ഉയർന്നുവരിക. അതുകൊണ്ടാണ് ഏതൊരു സംരംഭത്തിന്റെയും പരിസ്ഥിതി ആഘാതപഠനവും അവലോകനവും സമീപസ്ഥരും അനുഭവസ്ഥരുമായ പൗരർ അറിഞ്ഞും പങ്കെടുത്തും നിർവഹിക്കണം എന്ന് വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത്. പൊതുശല്യത്തിനിടയാക്കുന്നതോ ജനങ്ങളുടെ സൈ്വരജീവിതം തകർക്കുന്നതോ ആയ പ്രവർത്തനം തടയുന്നതിനുള്ള ഉപാധിയാണ് ഈ നിയമം നിർദേശിക്കുന്നത്. ഉത്തരവാദപ്പെട്ട പോലീസ് ഓഫീസറിൽ നിന്നോ മറ്റു കേന്ദ്രങ്ങളിൽ നിന്നോ പ്രഥമവിവരം ലഭിക്കുന്നതനുസരിച്ച് ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇവരിൽ ആർക്കെങ്കിലുമോ ആ നിലയിൽ അധികൃതമാക്കപ്പെട്ട ഉദ്യോഗസ്ഥർക്കോ ഈ വ്യവസ്ഥപ്രകാരം പരിസ്ഥിതി പരിപാലന അധികാരം വന്നുചേരുന്നു.
- നിയമപരമായി പൊതു ഉപയോഗത്തിലുള്ള സ്ഥലത്ത് നിയമവിരുദ്ധമായി തടസ്സം സൃഷ്ടിക്കുകയോ മലിനീകരണം നടത്തുകയോ ചെയ്യുന്നത് തടയുക.
- സമൂഹത്തിന്റെ ആരോഗ്യം, സ്വസ്ഥത, സ്വകാര്യത എന്നിവ തകർക്കുന്ന വസ്തുക്കൾ സംഭരിക്കുക, ശേഖരിക്കുക, സൂക്ഷിക്കുക, വിനിയോഗിക്കുക, വിതരണമോ വ്യാപാരമോ നടത്തുക എന്നിവ തടയുക.
- സ്‌ഫോടനത്തിനും മലിനീകരണത്തിനും അപകടത്തിനും ഇടയാക്കുന്ന വസ്തുക്കളുടെ ശേഖരണം, സംഭരണം, ഉപയോഗം എന്നിവ തടയുക.
- സമീപസ്ഥരായവർക്ക് ശല്യകാരകമായിട്ടുള്ളതോ ഉപദ്രവകരമാകുന്നതോ ആയ മരങ്ങൾ, കെട്ടിടങ്ങൾ, മറ്റ് ആസ്തികൾ മുതലായവ നീക്കം ചെയ്യുക.
- സമീപവാസികൾക്ക് അപകടകരമോ അപായകരമോ ആകും വിധമുള്ള ടാങ്കുകൾ, കിണറുകൾ, ഇതരനിർമിതികൾ തുടങ്ങിയവ ഉണ്ടെങ്കിൽ അവക്ക് സുരക്ഷാവേലികൾ കെട്ടി പരിപാലിക്കുക.
- അപകടകാരികളോ അപായകാരികളോ ആയ മൃഗങ്ങളോ ജീവികളോ ഉണ്ടെങ്കിൽ അവയെ തുരത്തുകയോ പിടിച്ചെടുക്കുകയോ അനിവാര്യഘട്ടത്തിൽ നശിപ്പിക്കുകയോ ചെയ്യുക.
പൊതുസ്ഥലം എന്നതിന് പൊതു ഉപയോഗത്തിലുള്ളത് എന്നതിനു പുറമേ സർക്കാർ ഉടമസ്ഥതയിലുള്ളത് എന്നും അർഥമുണ്ട്. ഇന്ത്യയിലെ നിയമപ്രക്രിയയിൽ പൊതുശല്യത്തിനെതിരെ സിവിൽ-ക്രിമിനൽ പരിഹാരവ്യവസ്ഥകൾ സമാന്തരമായി നിലനിൽക്കുന്നുണ്ട്. മറ്റേതെങ്കിലും പ്രത്യേക നിയമം പരിസ്ഥിതി മലിനീകരണ മേഖലയിൽ നിലനിൽക്കുന്നു എങ്കിൽകൂടിയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് ക്രിമിനൽ നടപടിക്രമനിയമം അനുശാസിക്കുന്ന നിയന്ത്രണാധികാരം ഇല്ലാതാകുന്നില്ല. ഇത്തരത്തിൽ സമൂഹത്തെ ബാധിക്കുംവിധമുള്ള പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നവരെ ശിക്ഷിക്കുന്നതിന് ഒപ്പം ക്രിമിനൽ നടപടിക്രമ നിയമം (വകുപ്പ് 357) പരിസ്ഥിതി മലിനീകരണ ബാധിതരാകുന്നവർക്ക് യുക്തമായ നഷ്ടപരിഹാരം ഈടാക്കി കിട്ടുന്നതിനും വ്യവസ്ഥ ചെയ്യുന്നുണ്ട്. കുറ്റം ചെയ്യുന്നവരെയോ ഇൻഷൂറൻസ് സ്ഥാപനത്തെയോ ബന്ധപ്പെടുത്തി ഇതിനുള്ള നടപടി സ്വീകരിക്കാവുന്നതാണ്. പൊതു താൽപര്യത്തെ ഹനിക്കുന്നതോ ബാധിക്കുന്നതോ ആയിരിക്കണം ഉന്നയിക്കപ്പെടുന്ന പരിസ്ഥിതിപ്രശ്‌നം എന്ന നിബന്ധന ഇതിൽ ബാധകമാണ്. സ്വകാര്യവ്യക്തികൾക്ക് ബാധകമാകുന്ന വിഷയങ്ങൾ ഇതിൽ പരിഹൃതമാകുന്നതല്ല. നിലവിലുള്ളതായ വിനാശകരമായ സാഹചര്യത്തെ ചെറുക്കാനോ പരിഹരിക്കാനോ അല്ലാതെ ഭാവിയിൽ സംഭവിക്കാവുന്നതോ ഉണ്ടായേക്കാവുന്നതോ ആയ പരിസ്ഥിതി പ്രശ്‌നം ഈ വ്യവസ്ഥയിലും പരിഹരിക്കാനാവില്ല. പൊതുസമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു സംഗതി ഉടലെടുക്കുന്നത് സ്വകാര്യവസ്തുവിലാണെങ്കിൽ ഈ വ്യവസ്ഥയുടെ സാധ്യത ഉപയോഗിക്കാനാവില്ല. പൊതു ജീവിതത്തിന് ശല്യം എന്ന പ്രയോഗത്തിന്റെ വൈപുല്യം അനുസരിച്ചായിരിക്കും പരിസ്ഥിതി പ്രശ്‌നത്തിൽ ക്രിമിനൽ നടപടിക്രമ നിയമത്തിന്റെ ഫലപ്രാപ്തി. ഫാക്ടറികൾ, തുകൽ സംസ്‌കരണശാലകൾ, മാംസസംസ്‌കരണ വില്പനശാലകൾ, ആശുപത്രികൾ, ഹോട്ടൽ സമുച്ചയങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ മുതലായവയിൽ നിന്നെല്ലാം പൊതുജലാശയങ്ങൾ, പൊതു നിരത്തുകൾ, പൊതുസ്ഥലങ്ങൾ എന്നിവയെ ബാധിക്കുംവിധം ഉണ്ടാകുന്ന ശല്യകാരികളായ മലിനീകരണത്തെ ഈ നിയമം വഴി തടയാനാകും. 1988-ൽ ജലമലിനീകരണ വിരുദ്ധനിയമത്തിൽ വരുത്തിയ ഭേദഗതിയിലൂടെ ഇത്തരം സംഭവങ്ങളിൽ വ്യക്തികൾക്കോ സന്നദ്ധ സാമൂഹിക-സേവന സംഘടനകൾക്കോ അധികൃതശ്രദ്ധയാകർഷിക്കാനും പരിഹാരം തേടാനുമുള്ള അവസരം ഉറപ്പാക്കപ്പെട്ടിരിക്കുന്നു. വ്യക്തികൾ, സ്വകാര്യസ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ, സംയുക്ത സംരംഭങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവക്കെതിരെ ഈ നിയമവ്യവസ്ഥപ്രകാരം നടപടി നിലനിൽക്കുന്നതാണ്. ചില ഘട്ടങ്ങളിൽ പ്രത്യേക നിയമങ്ങളുടെ സാന്നിധ്യത്തിൽ നടപടിക്രമനിയമ വ്യവസ്ഥകൾ ബാധകമാക്കുന്നതിനെതിരെയുള്ള നിലപാട് ഉയർന്ന നീതിന്യായകോടതികൾ സ്വീകരിക്കുന്നതായും കാണാം.
ശിക്ഷാനിയമവും പരിസ്ഥിതികുറ്റങ്ങളും. രോഗഹേതുവിനെ പരിഹരിക്കാനല്ല, രോഗം ബാധിച്ച അവയവം ഇല്ലാതാക്കാനാണ് നാം ശ്രമിക്കാറുള്ളത്. അതുപോലെ കുറ്റത്തെയും കുറ്റകൃത്യകാരണങ്ങളെയും ഇല്ലാതാക്കാനല്ല, മറിച്ച് കുറ്റം ചെയ്യുന്ന വ്യക്തിയെ ശിക്ഷിക്കാനാണ് നാം തുനിയുന്നത്. കുറ്റവാളിയെ തക്കതായ ശിക്ഷയിലൂടെ തിരുത്തുന്നതിന്റെ താത്വികാടിത്തറ അത് അയാൾക്കും മറ്റുള്ളവർക്കും അത്തരം കുറ്റം ആവർത്തിക്കാതിരിക്കുക എന്ന പാഠം ആകുക എന്നതുകൂടിയാണ്. അതിനുള്ള ശ്രമം കൂടി ഉണ്ടാകേണ്ടതാണ്.
പരിസ്ഥിതി കുറ്റകൃത്യങ്ങളിൽ യഥാർഥ കുറ്റവാളിയെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുന്നതിനൊപ്പം ഭാവിയിൽ അത്തരം കുറ്റകൃത്യസാഹചര്യം ഉണ്ടാകാതിരിക്കാനും ജൈവപരിസ്ഥിതി തകരാതിരിക്കാനുമുള്ള കരുതൽ എടുക്കാനുമുള്ള കർത്തവ്യം നമുക്കുണ്ട്. ഇത് തിരിച്ചറിഞ്ഞാകണം ഇന്ത്യൻ ശിക്ഷാനിയമ സംഹിതയിൽ പ്രത്യേകമായി ഒരു അധ്യായം (14-ാം അധ്യായം) തന്നെ ഇതു സംബന്ധിച്ച് എഴുതിച്ചേർത്തിരിക്കുന്നത്. പൊതുജനാരോഗ്യത്തെയും പൊതുസുരക്ഷയെയും സൗകര്യത്തെയും പൊതുക്ഷേമത്തെയും പ്രതികൂലമായി ബാധിക്കുന്ന കുറ്റകൃത്യങ്ങളെയാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. കരുതിക്കൂട്ടിയോ ബോധപൂർവമോ ജനജീവിതം അപകടപ്പെടുത്തുംവിധമോ രോഗങ്ങൾ പരക്കുംവിധമോ ഭക്ഷ്യവസ്തുക്കൾ ഉപയോഗശൂന്യമാകുംവിധമോ ഔഷധങ്ങളിൽ മായം കലർത്തുന്ന തരമോ, വെടിമരുന്ന് ഉൾപ്പെടെ സാധനസാമഗ്രികളോ വസ്തുവകകളോ അനധികൃതമായി ഉപയോഗിക്കുകയോ അതുവഴി സമൂഹത്തിന്റെ സ്വസ്ഥതയും സൈ്വരവും കെടുത്തുന്നതോ ആയ നടപടികൾ കുറ്റകൃത്യത്തിൽ ഉൾപ്പെടും. ഒരു പ്രദേശത്തെ പൊതുജനസമൂഹത്തിന്റെയും ജീവജാലങ്ങളുടെയും ജീവനും നിലനിൽപിനും സ്വത്തുവകകൾക്കും പ്രത്യക്ഷമായോ പരോക്ഷമായോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ താൽകാലികമായോ ബാധിക്കുംവിധമുള്ള നഷ്ടമോ ഹാനിയോ അപകടമോ വരുത്തുന്ന കൃത്യങ്ങൾ കുറ്റകരമായിരിക്കും.
ജലമലിനീകരണം, പരിസരമലിനീകരണം, അന്തരീക്ഷമലിനീകരണം തുടങ്ങിയവയെല്ലാം കുറ്റസ്ഥാപന സാധ്യതയുള്ളതായി ശിക്ഷാനിയമസംഹിത പ്രതിപാദിക്കുന്നു (വകുപ്പുകൾ 277, 283). പൊതുവിനിയോഗത്തിലുള്ള പുഴയോ, ചാലോ, ജലാശയമോ സ്വമേധയാ ആയിട്ടോ പരപ്രേരണയാലോ മലീമസമാക്കുകയോ ഉപയോഗശൂന്യമാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ് (വകുപ്പ് 277) ആരോഗ്യത്തിന് ഹാനികരമായ വാതകങ്ങൾ പുറത്തുവിടുക വഴി ദുസ്സഹമായ അന്തരീക്ഷമലിനീകരണത്തിനിടയാക്കുന്നതും ശിക്ഷാർഹമാണ് (വകുപ്പ് 278). അറപ്പുളവാക്കുന്ന ഗന്ധമോ അസാധാരണമായ ശബ്ദമോ അതിരുകടന്ന പ്രകമ്പനമോ വഴി അയൽപക്കവാസികളുടെ ജീവിതം സൈ്വരം കെടുത്തുന്നതും ശിക്ഷാർഹവുമാണ്.
മലിനീകരണം ഉൾപ്പെടെ പരിസ്ഥിതി നാശത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ശിക്ഷാകാഠിന്യം തീരുമാനിക്കാൻ വ്യവസ്ഥയുണ്ട് (വകുപ്പ് 468). ഗൗരവതരമായ പരിസ്ഥിതി കുറ്റങ്ങൾക്ക് 3 വർഷത്തിലധികം തടവുശിക്ഷയോ പിഴശിക്ഷയോ വിധിക്കാവുന്നതാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നതുപോലെ പരിസ്ഥിതി കുറ്റകൃത്യങ്ങളും കാലഹരണദോഷബാധയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. സമീപകാല പരിഷ്‌കരണം വഴി ഇരയില്ലാ കൃത്യങ്ങൾ (വിക്ടിംലെസ്സ് ക്രൈംസ്) ആയി പരിസ്ഥിതി കൃത്യങ്ങൾ പരിഗണിച്ച് കുറ്റസ്ഥാപനം നടത്തുന്ന രീതിയുണ്ട്. എന്നാൽ ശാസ്ത്ര-സാങ്കേതിക-വൈജ്ഞാനിക മാറ്റങ്ങൾക്കും ജീവിത വ്യതിയാനങ്ങൾക്കും പൂരകമായി പരിസ്ഥിതി പ്രശ്‌നങ്ങളിലെ ശിക്ഷാനടപടിക്രമം പരിഷ്‌കരിക്കപ്പെട്ടു എന്ന് കരുതാനാവില്ല. ഇലക്‌ട്രോണിക്-ജൈവ-രാസ മാലിന്യങ്ങളുടെ ഉൾപ്പെടെ കുറ്റകൃത്യങ്ങളിൽ ഫലപ്രദമായ ശിക്ഷാനടപടി ബാധകമാക്കുന്നതിൽ ഇപ്പോഴും കടുത്ത പരിമിതികളുണ്ട്. തെളിവു നിയമനടപടിക്രമം സങ്കീർണത, കോടതികളുടെ ആഭിമുഖ്യവും വീക്ഷണവും തുടങ്ങിയവ ഇവിടെ പരാമർശിക്കപ്പെടാവുന്നതാണ്.
പരിസ്ഥിതിയും ഭരണഘടനയും
20-ാം നൂറ്റാണ്ടിന്റെ ഉത്തരാർധവും 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകവും പ്രകൃതി പരിസ്ഥിതി, മനുഷ്യസമൂഹം, ശാസ്ത്ര സാങ്കേതിക വിദ്യ, വികസന പുരോഗതി ഇവയെ തമ്മിൽ യോജിപ്പിച്ചുള്ള ചർച്ചകളും ധാരണകളും ഉടമ്പടികളും ഉണ്ടായ കാലമാണ്. രാജ്യങ്ങൾ തമ്മിലും രാഷ്ട്രകൂട്ടായ്മകൾ തമ്മിലും അന്താരാഷ്ട്ര സംഘടനകൾ വഴിയും സംഘടിപ്പിക്കപ്പെട്ട കൂടിയാലോചനകളും ആശയസംവാദവും ഇതിന് സഹായകമായി. എല്ലാ ലോകരാജ്യങ്ങളും ഭാഗഭാക്കായുള്ള ഭൗമസംരക്ഷണ നിധിയുടെയും കാർബൺയൗഗിക തോത് കുറക്കുന്നതിനുള്ള കർമപദ്ധതിയുടെയും മറ്റും രൂപീകരണത്തിലേക്ക് നയിച്ചത് ഈ സാഹചര്യമാണ്. അന്തർദേശീയ മാതൃകയിൽ ഇതിന്റെ സ്വാഭാവിക തുടർച്ചയും പ്രതിഫലനവും ഇന്ത്യൻ നിയമ-നീതിശാസ്ത്ര നിർവഹണരംഗത്തും കാണാം. ഭരണഘടനാഭേദഗതി. 1972-ൽ സ്റ്റോക്ക്‌ഹോം പരിസ്ഥിതി കൺവെൻഷനിൽ ഉയർന്നു വന്നത് മണ്ണും ജലവും വായുവും സസ്യജന്തുജാലങ്ങളും പ്രകൃതി വിഭവങ്ങളും ആവാസവ്യവസ്ഥയിലുള്ള ഏതൊന്നിനെയും ഇന്നത്തെയും നാളത്തെയും തലമുറകൾക്കായി പരിരക്ഷിക്കാനും വിനിയോഗിക്കാനുമുള്ള ആസൂത്രിതവും ശാസ്ത്രീയവും പങ്കാളിത്ത പൂർണവുമായ നടപടികൾ ഉണ്ടാകണമെന്ന തത്വമാണ്. ഈ തത്വത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഭരണഘടനയിൽ ഭേദഗതി വരുത്തുന്നതിനുള്ള നിർദേശം 1976-ൽ അംഗീകരിക്കപ്പെട്ടു. (42-ാം ഭരണഘടനാ ഭേദഗതി). അതുവഴി ലോക പരിസ്ഥിതി മാഗ്നാകാർട്ടാ എന്ന് പരാമർശിക്കപ്പെടുന്ന സ്റ്റോക്‌ഹോം പ്രഖ്യാപനം ഇന്ത്യൻ ഭരണഘടനയുടെ 4-ാം ഭാഗത്ത് രാഷ്ട്ര നയനിർദേശക തത്വങ്ങളിൽ ഇടം പിടിച്ചു (അനുഛേദം 48-എ). പരിസ്ഥിതി സംരക്ഷണവും വികസനവും വന-വന്യജീവി പരിരക്ഷയും രാഷ്ട്രഭരണകൂടത്തിന്റെ കർത്തവ്യമായി ഉൾചേർക്കപ്പെട്ടു. ഇതിലൂടെ പ്രകൃതിവിഭവങ്ങളുടെ പരിരക്ഷയും മെച്ചപ്പെടുത്തലും പരിപാലനവും നിയന്ത്രിതവും നീതിപൂർവകവുമായ വിനിയോഗവും നിയമത്തിന്റെ വ്യവസ്ഥാപിത പരിധിയിൽ ഉൾപെടുത്തപ്പെട്ടു.
പരിസ്ഥിതി നീതിയും മൗലികാവകാശവും. പരിസ്ഥിതി നീതിശാസ്ത്ര അധിഷ്ഠിതമായി ഇന്ത്യയുടെ നിയമവാഴ്ചയെ പുനരവലോകന വിധേയവും ഇന്ത്യൻ ഭരണഘടനയെ പുനർ വായനാവിധേയവും ആക്കണം. ഇതിനുള്ള പരിശ്രമം 1959-ൽ ദില്ലി നിയമവാഴ്ചാ പ്രഖ്യാപനംവഴി ഉണ്ടായി. ആ അന്താരാഷ്ട്ര പ്രഖ്യാപനംവഴി അടിസ്ഥാന ജീവിതാവശ്യനിർവഹണവും അനുഭവവും ഉണ്ടാകുംവിധം നിയമവാഴ്ചാ തത്വം വിപുലീകരിക്കണം എന്ന് ആവശ്യപ്പെട്ടു. അതിലൂടെ സുരക്ഷിത പാർപ്പിടം, സ്വച്ഛമായ പരിസരം, ശുദ്ധമായ കുടിവെള്ളം, പോഷകമൂല്യമുള്ള ഭക്ഷണം എന്നിവക്കെല്ലാമുള്ള പൗരാവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ നീതിശാസ്ത്ര സമീപനത്തെ ആശ്രയിച്ച് ഭരണഘടന പുനർവായിക്കപ്പെടുകയാണെങ്കിൽ തുല്യമായ പരിസ്ഥിതി നീതി, പരിസരസുരക്ഷ, പ്രത്യേക പരിസ്ഥിതി പരിരക്ഷ, സുരക്ഷിത പാർപ്പിടം, ശുചിത്വ പരിസരം, അതിജീവനം, അവസരം, ഭരണഘടനാ നിവൃത്തിമാർഗം എന്നിവക്കുള്ള മൗലിക പൗരാവകാശം അനുശാസിക്കപ്പെടുന്നതായി കാണാം. (ഭാഗം കകക അനുഛേദം 14, 16, 19, 21, 32, 226 മുതലായവ). ഈ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നതോ അവക്ക് വിരുദ്ധമായിട്ടുള്ളതോ അവയുടെ ലംഘനത്തിനിടയാക്കുന്നതോ ആയ നിയമ-ചട്ട-നയ-തീരുമാനങ്ങൾ അസാധുവായിരിക്കും. അവക്ക് പ്രാബല്യം ഉണ്ടായിരിക്കില്ല. അവക്കിടയാക്കുന്നവർക്ക് നഷ്‌ടോത്തര വാദിത്തബാധ്യത ഉണ്ടാകും.
പരിസ്ഥിതി മൗലികാവകാശം. ഭരണഘടനയിൽ പ്രകടമായി പരിസ്ഥിതി അവകാശം മൗലികാവകാശമായി വ്യവസ്ഥപ്പെടുത്തുന്നില്ല. എന്നാൽ സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും അവയുടെ വിധിപ്രസ്താവങ്ങളിലൂടെ പരിസ്ഥിതി അവകാശത്തെ മൗലികാവകാശതലത്തിൽ സ്ഥാപിക്കുന്നുണ്ട്. അനുഛേദം 14 പ്രകാരം തലമുറകളുടെ അവകാശതത്വവും പരിപാലിക്കപ്പെടുന്നുണ്ട്. ഓരോ തലമുറയും മുൻതലമുറയുടെ സാംസ്‌കാരിക, ഭൗതിക, മാനവിക, പാരിസ്ഥിതിക പാരമ്പര്യവും സമ്പത്തും പിൻപറ്റുന്നതിനൊപ്പം അവ പരമാവധി പുഷ്ടിയോടെ വരുംതലമുറകൾക്കായി കാത്തുവക്കേണ്ടതുണ്ട്. ഇന്നിന്റെ ആവശ്യങ്ങൾക്കായി അനിയന്ത്രിതമായും സൂക്ഷ്മതയില്ലാതെയും ചൂഷണം ചെയ്യപ്പെടാതെയും മലിനീകൃതമാകാതെയും വരുംകാലതലമുറകൾക്കായി പരിപാലിക്കപ്പെടണം എന്നതാണ് പ്രസ്തുത വ്യവസ്ഥ. സഞ്ചരിക്കാനും പാർപ്പ് ഉറപ്പിക്കാനും മാത്രമല്ല സംഘടിക്കാനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യാവകാശങ്ങൾ പരിസ്ഥിതി അവകാശത്തോട് ബന്ധിപ്പിച്ച് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. വനവന്യജീവികളുടെയും ആദിമവനവാസികളുടെയും അവകാശങ്ങൾ ഹനിക്കപ്പെടാതെ മാത്രമേ സഞ്ചാര-പാർപ്പിട സ്വാതന്ത്ര്യങ്ങൾ വിനിയോഗിക്കപ്പെടാനാകൂ. പരിസ്ഥിതി വിനാശത്തിനെതിരെ സംഘടിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള മൗലികാവകാശങ്ങളും പരമപ്രധാനമാണ്.
ഭരണഘടനയുടെ 21-ാം അനുഛേദവും ജീവനും ജീവിക്കാനും അതിജീവന ഉപാധികൾക്കുമുള്ള മൗലികാവകാശമാണ് ഉറപ്പാക്കുന്നത്. നിയമവ്യവസ്ഥയുടെ പിൻബലമില്ലാതെ ഈ അവകാശങ്ങൾ ഹനിക്കപ്പെടാവുന്നതുമല്ല. ജീവിതഗുണമേന്മ, ആരോഗ്യകരമായ കാലാവസ്ഥ, ആരോഗ്യസേവനം, അനുകൂല പരിസ്ഥിതി സൗകര്യങ്ങൾ മുതലായവ ഓരോ പൗരന്റെയും മൗലികാവകാശമാണെന്നതാണ് ഇതിൽ അടങ്ങിയ തത്വം. കേവലവും യാന്ത്രികവും ആയ ജീവനുള്ള അവകാശമല്ല മനുഷ്യനെന്ന അന്തസ്സോടെയും പദവിയോടെയും ജീവിക്കാനുള്ള അവകാശമാണതിൽ ഉൾക്കൊള്ളുന്നത്. ആദിമനിവാസികളെ സാംസ്‌കാരികവും പാരിസ്ഥിതികവുമായ ന്യൂനപക്ഷം എന്ന നിലയിൽ പരിഗണിച്ച് അവരുടെ ആവാസവ്യവസ്ഥയും ചരിത്രപൈതൃകവും സാംസ്‌കാരിക തനിമയും പരിരക്ഷിക്കാനുള്ള അവകാശവും അനുഛേദം 30 അനുശാസിക്കുന്നു.
പാരിസ്ഥിതികാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെങ്കിൽ ഭരണഘടനാ നിവൃത്തിമാർഗങ്ങൾ തേടാനുള്ള അവകാശം അനുഛേദം 32, 226 എന്നിവ ഉറപ്പാക്കുന്നു. പ്രതിരോധം (പ്രൊഹ്ബിഷൻ), തടസ്സം (സെർഷ്യററി), അധികാരപരിധി (ക്വോവാറന്റോ), മാർഗദർശകം (മാൻഡമസ്) എന്നിങ്ങനെയുള്ള 'റിട്ട്' ഉപാധികൾ ഇതിൽ പ്രയോഗിക്കാനാകും. സുപ്രീം കോടതിയിൽ നേരിട്ടും ഹൈക്കോടതികളിലും ഹർജി ഫയൽ ചെയ്യാവുന്നതാണ്. ഹരിത ട്രിബ്യൂണലുകളുടെ സാധ്യതയും ഇതിൽ വിനിയോഗിക്കാനാവും. പുറമെ പ്രത്യേകാനുമതി ഹർജി (അനുഛേദം 136) വഴി പൊതു താൽപര്യ സാമൂഹികാവശ്യ വ്യവഹാരങ്ങൾ നടത്തുന്നതിനുള്ള അവസരവും ഭരണഘടന അനുവദിക്കുന്നു.
രാഷ്ട്രനയനിർദേശക തത്വങ്ങൾ. പരിസ്ഥിതി ദുരന്തങ്ങൾക്കും നാശനഷ്ടത്തിനും വിധേയമാകുന്നവർക്ക് സൗജന്യനിയമ സഹായസേവനം ലഭ്യമാക്കുക (അനുഛേദം 39 എ), തൊഴിലെടുക്കുന്നവർക്ക് നീതിപൂർവകവും സ്വച്ഛവും ശുചിത്വമുള്ളതും ആരോഗ്യകരവുമായ തൊഴിലിടം ഉറപ്പാക്കുക (അനുഛേദം 42), പട്ടികവർഗ-പട്ടികജാതി വിഭാഗങ്ങളുടെ സവിശേഷ അവകാശങ്ങൾ (പരിസ്ഥിതിഘടകങ്ങൾ അടക്കം) പരിപാലിക്കുക (അനുഛേദം 46), പൊതുജനാരോഗ്യ പരിരക്ഷ ഉറപ്പാക്കുക (അനുഛേദം 47) എന്നിവയെല്ലാം ഭരണഘടനയുടെ ഭാഗം 18-ന്റെ പുനർവായനയിൽ പരിസ്ഥിതി പരിരക്ഷയോട് ബന്ധിപ്പിക്കാനാവും. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിൽ ഉൾചേർത്തതായ അനുഛേദം 48 എ വഴി പരമപ്രധാനമായ കടമയാണ് രാഷ്ട്രത്തിൽ നിക്ഷിപ്തമാക്കുന്നത്. വനം, വന്യജീവി സമ്പത്ത്, പരിസ്ഥിതി ഘടകങ്ങൾ എന്നിവയുടെ പരിരക്ഷയും നിലനിൽപും മെച്ചപ്പെടുത്തലും ഇതുവഴി രാഷ്ട്രകടമകളായി മാറി. ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങൾ സമ്പത്തുകൾ എന്നിവയുടെ പരരക്ഷാബാധ്യതയും രാഷ്ട്രത്തിൽ നിക്ഷിപ്തമായി (അനുഛേദം 49). സാർവദേശീയവും സുരക്ഷയുടെ പരിപാലന ഉത്തരവാദിത്തവും രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമായി വ്യവസ്ഥപ്പെട്ടിരിക്കുന്നു. മൗലിക പൗരധർമം. 1976-ൽ കൂട്ടിച്ചേർത്ത ഭാഗമാണ് മൗലികാപൗരധർമങ്ങൾ സംബന്ധിച്ച് ഭാഗം ഹഢ(അനുഛേദം 51 എ). ഇതിൽ ചരിത്ര സാംസ്‌കാരിക പൈതൃകസമ്പത്തുകൾ പരിരക്ഷിക്കുക, പ്രകൃതി പരിസ്ഥിതിയും വനങ്ങൾ, വന്യജീവികൾ, തടാകങ്ങൾ, നദികൾ, മുതലായവയെയും പരിരക്ഷിക്കുകയും ജീവിവർഗങ്ങളോട് ദയാനുകമ്പ പുലർത്തുകയും ചെയ്യുക, പൊതുസ്വത്തുക്കൾ സംരക്ഷിക്കുക, ശാസ്ത്രാവബോധവും മാനവികതയുടെ അനവദ്യതയും വളർത്തുക എന്നീ കർത്തവ്യങ്ങൾ ഓരോ പൗരനും ഏല്പിച്ചുകൊടുക്കുകയാണ് ഭരണഘടന ചെയ്യുന്നത്. സാർവദേശീയ കരാറുകൾ. ഇന്ത്യയെന്ന രാജ്യത്തെയും അതിലെ ജനതയെയും സാർവദേശീയ വേദികളിൽ പ്രതിനിധീകരിക്കാനും അവർക്കായി അന്തർദേശീയ കരാറുകളിലും ഉടമ്പടികളിലും ഏർപ്പെടാനും ഒപ്പുവക്കാനും ഉള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണ് (അനുച്ഛേദം 73(1) (ബി). ഇത്തരം കരാർ ഉടമ്പടികൾക്ക് രാജ്യാതിർത്തിക്കുള്ളിൽ പ്രാബല്യം ലഭിക്കാനുതകുന്ന നിയമങ്ങൾ നിർമിക്കാനുള്ള അധികാരം ദേശീയ പാർലമെന്റിനാണ് അനുശാസിച്ചിട്ടുള്ളത്. (അനുഛേദം 73 (1)(എ), 73 (2) എന്നീ വ്യവസ്ഥകൾ). ഇത്തരം നിയമ നിർമാണാവകാശം പാർലമെന്റിൽ നിക്ഷിപ്തമാക്കുകയും അവക്ക് രാജ്യമാകെ പ്രാബല്യം നൽകുകയും ചെയ്യാനും ഭരണഘടനാ നിർമാതാക്കൾ വിസ്മരിച്ചിട്ടില്ല. (അനുഛേദം 253).
- പരിസ്ഥിതി അവകാശം മൗലികാവകാശവും ഭരണഘടനാവകാശവും നിയമാവകാശവും ആയി ഉറപ്പാക്കുക.
- പരിസ്ഥിതി സംരക്ഷണം രാജ്യത്തിന്റെയും ഭരണകർത്താക്കളുടെയും കടമയായി പരിപാലിക്കുക.
- ജൈവപരിസ്ഥിതി പരിരക്ഷ മൗലിക പൗരധർമമായി പ്രാവർത്തികമാക്കുക.
- പൊതു-സാമൂഹിക താൽപര്യവ്യവഹാരമാർഗം ഉൾപ്പെടെ ഭരണഘടനാ നിവൃത്തിമാർഗങ്ങൾ സാധ്യമാക്കുക.
- സാർവദേശീയ കരാർ ഉടമ്പടികളും ഉപാധികളും പരിസ്ഥിതി പരിരക്ഷാർഥം പ്രാവർത്തികമാക്കുക.
എന്നിങ്ങനെ പരിസ്ഥിതി അനുബന്ധ ഭരണഘടനാ ഘടകങ്ങളെ സംഗ്രഹിക്കാനാകും.
വനപരിസ്ഥിതി സംരക്ഷണം
1878-ലെ ഇന്ത്യൻ വനനിയമം ഏറെ പ്രസക്തമായി കരുതാം. എന്നാൽ നിലവിലുണ്ടായിരുന്ന വിവിധ വനാനുബന്ധ നിയമങ്ങൾ സമാഹരിച്ച് ഏകോപിപ്പിച്ച് രൂപപ്പെടുത്തിയ 1927-ലെ വനനിയമം ആണ് പ്രായോഗികമായി പ്രധാനപ്പെട്ടത്. വനഉൽപന്ന ശേഖരണം, സമാഹരണം, സംസ് കരണം, ഉടമസ്ഥത, സംഭരണം, വിതരണം, വിപണനം, കടത്തിറക്ക്, നികുതിനിരക്ക് മുതലായവയെല്ലാം ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. മരം, മര ഉൽപന്നങ്ങൾ, തടി, വനഉൽപന്നങ്ങൾ, അവയുടെ വകഭേദങ്ങൾ, ഭോഗവസ്തുക്കൾ എന്നിവയെല്ലാം ഈ നിയമപരിധിയിൽ ഉൾപെടുത്തപ്പെട്ടു. ഈറ്റ, മുള, ചൂരൽ മുതലായവയും നിലമരം, മുറിച്ചതോ വീണതോ ആയ മരം, പാഴ്മരം, മരഉരുപ്പടികൾ എന്നിവയും ഇതിന്റെ പരിധിയിലായി. നദി, പുഴ, ചാല്, ഉറവ, ഊറ്റ് തുടങ്ങി ജലസ്രോതസ്സുകളും വനനിയമ പരിധിയാക്കപ്പെട്ടു. വനാനുബന്ധ കുറ്റകൃത്യങ്ങൾ, അവക്കുള്ള ശിക്ഷകൾ, പരിഹാരനടപടികൾ എന്നിവയും ഈ നിയമം അനുശാസിക്കുന്നു. രാജ്യത്തെ വനങ്ങളെ വിവിധ വിഭാഗങ്ങളായി ഈ നിയമം വ്യവസ്ഥപ്പെടുത്തുന്നു.
- റിസർവ് (നിക്ഷിപ്ത) വനങ്ങൾ. നിയമനടപടിക്രമം അനുസരിച്ച് നിക്ഷിപ്തവനമായി വിജ്ഞാപനം ചെയ്യപ്പെടുന്നതായ വനങ്ങൾ, നിക്ഷിപ്തമാക്കുന്നതിന്റെ ലക്ഷ്യം, വനഭൂമിയുടെ അളവ്, അതിര്, അധികൃതമാക്കപ്പെടുന്ന വനാധികാരി എന്നിവയും വിജ്ഞാപൃതമായിരിക്കണം. നിക്ഷിപ്തവന ഭൂമിയിലോ വനോൽപന്നങ്ങളിലോ പാരമ്പര്യ- തീറ്-കരാർ-പാട്ട-ഉടമ്പടി അവകാശങ്ങളോ അവയുടെ പ്രതിഷ്ഠാപനമോ സാധ്യമല്ല. നിയമചട്ടപ്രകാരമല്ലാത്ത കൃഷിക്കോ ഇതരാവശ്യങ്ങൾക്കോ നിക്ഷിപ്തവനഭൂമി ഉപയോഗിക്കാവുന്നതല്ല. പ്രഖ്യാപിത വനഭൂമിയിൽ സ്വകാര്യാവകാശമോ ഉടമസ്ഥതയോ നിലവിലുണ്ടെങ്കിൽ അവ ഒഴിവാക്കി ഭൂമി ഏറ്റെടുത്തുവേണം വിജ്ഞാപൃതമാക്കേണ്ടത്. എന്നാൽ ഇത്തരം റിസർവ്വ് വനപരിധിയിൽനിന്ന് ഏതെങ്കിലും പ്രദേശത്തിന് ഒഴിവുകഴിവു നൽകുന്നതിന് ഉത്ഖനനം ഉൾപ്പെടെ അനുമതി നൽകുന്നതിനോ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി തേടിയിരിക്കണം.
ഇത്തരം പ്രഖ്യാപിത വനഭൂമിയിൽ മരംവെട്ടൽ, വനം തെളിക്കൽ എന്നിവ പാടില്ല. വനത്തിന് തീ പിടിപ്പിക്കരുത്, മനുഷ്യനോ മൃഗങ്ങളോ അതിക്രമിച്ച് കടക്കരുത്, പരിപാലനത്തിൽ കൃത്യവിലോപമോ ഉപേക്ഷയോ അരുത്, ഉത്ഖനനമോ ഖനിജശേഖരണമോ പാടില്ല. കാർഷികാവശ്യത്തിനായി ഭൂമി തെളിക്കരുത് തുടങ്ങിയ നിരോധനങ്ങൾ ബാധകമാക്കപ്പെടുന്നു. റിസർവ് വനങ്ങളെ അപ്രകാരമുള്ളവയല്ലാതെ ആക്കുന്നതിന് പുനർവിജ്ഞാപനം നടത്തുന്നതിനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണ്.
- ഗ്രാമീണവനങ്ങൾ. പ്രഖ്യാപിത റിസർവ് വനഭൂമിയുടെ ഏതെങ്കിലും ഭാഗം ഏതെങ്കിലും ഗ്രാമീണ ജനസമൂഹത്തിന് ഭരമേല്പിക്കുകയോ വിട്ടുകൊടുക്കുകയോ മറിച്ച് അത്തരം ഭരമേല്പിക്കൽ എപ്പോഴെങ്കിലും പിൻവലിക്കുകയോ ചെയ്ത് വിജ്ഞാപൃതമാക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കും. ഇപ്രകാരം കൈമാറ്റപ്പെട്ട വനഭൂമിയാണ് ഗ്രാമീണവനങ്ങൾ. അവയുടെ പരിപാലനം, വനഉൽപന്ന സമാഹരണം, വിനിയോഗം, മെച്ചപ്പെടുത്തൽ മുതലായ ഉത്തരവാദിത്തം ഗ്രാമീണ സമൂഹത്തിൽ നിക്ഷിപ്തമായിരിക്കും. റിസർവ് വനഭൂമിക്ക് ബാധകമായ നിയന്ത്രണ വ്യവസ്ഥകൾ എല്ലാ ഗ്രാമീണവനങ്ങൾക്കും ബാധകമായിരിക്കും.
- സംരക്ഷിത വനങ്ങൾ. റിസർവ് വനമായി പ്രഖ്യാപിച്ചിട്ടില്ലാത്തതും സർക്കാർ ഉടമസ്ഥതയിലുള്ളതോ സർക്കാരിന് ഉടമാവകാശം സ്ഥാപിക്കാവുന്നതോ സർക്കാരിൽ വന-വനോൽപന്ന അവകാശങ്ങൾ നിക്ഷിപ്തമായിട്ടുള്ളതോ ആയ ഏതൊരു വനഭൂമിയും തരിശുഭൂമിയും സംരക്ഷിതവനമായി കരുതാം. സംരക്ഷിത വനഭൂമിയിൽ സർക്കാരിനും സ്വകാര്യവ്യക്തികൾക്കുമുള്ള അവകാശങ്ങൾ വേർതിരിക്കപ്പെട്ടിരിക്കണം. പാട്ടക്കാലാവധി തീരുന്ന മുറക്ക് യഥാവിധി ആയത് പുനസ്ഥാപിക്കപ്പെടാവുന്നതാണ്. നിക്ഷിപ്തവനഭൂമിയോ അവയുടെ ഭാഗമോ റിസർവ് വനഭൂമിയായി വിജ്ഞാപൃതമാക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കും. എന്നാൽ 21 വർഷക്കാലത്തിൽ അധികം സംരക്ഷിത വനഭൂമിയിൽ അധിവസിക്കുന്നവർക്ക് അനുയോജ്യ പുനരധിവാസത്തിന് അവകാശം ഉണ്ടായിരിക്കുന്നതാണ്. സംരക്ഷിത വനഭൂമിയിൽ നടത്താവുന്ന ഏതൊരു പ്രവൃത്തി സംബന്ധിച്ചും ചട്ടം രൂപപ്പെടുത്താനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കും.
മരംമുറിക്കൽ, തടി ഉപയോഗം, വനോൽപന്നശേഖരണം, കാർഷികഭൂവിനിയോഗം, കാട്ടുതീനിയന്ത്രണം, പുല്ല് വെട്ട്, കാലിമേക്കൽ, മൃഗങ്ങളെ വേട്ടയാടുന്നത് തടയുക, വനഭൂപരിപാലനവും സംരക്ഷണവും നടത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. അനുമതിയുടെയോ നിയന്ത്രണത്തിന്റെയോ കാലപരിധി പുതുക്കലോ നീട്ടലോ നടത്താനും സർക്കാരിന് അധികാരമുണ്ട്. നിയമനിഷേധമോ ലംഘനമോ നടത്തുന്നവർക്കുള്ള പിഴ-തടവ് ശിക്ഷ സംബന്ധിച്ചും വ്യവസ്ഥപ്പെടുത്താൻ സർക്കാരിന് ചുമതല ഏല്പിക്കുന്നു. സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള വനഭൂപ്രദേശത്തും പരിസ്ഥിതി താൽപര്യം മുൻനിർത്തി നിയന്ത്രണമോ നിരോധനമോ ഏർപെടുത്താനും സർക്കാരിന് അധികാരം നൽകുന്നു. നിയമലംഘകരെ വിചാരണ വിധേയമാക്കി ശിക്ഷിക്കാനും നിയമം അനുശാസിക്കുന്നു. വന, വനോൽപന്നങ്ങളെ റവന്യൂ വരുമാനസ്രോതസ് ആയി കണക്കാക്കുകയും അവയുടെ പരിപാലനം, സംരക്ഷണം, മെച്ചപ്പെടുത്തൽ എന്നിവയുടെ ബാധ്യത സർക്കാരിൽ നിക്ഷിപ്തമാക്കുകയുമാണ് ഈ നിയമം ചെയ്യുന്നത്. തന്മൂലം പൊതു-വ്യക്തിസമൂഹം വന-വന്യജീവി വിഭാഗത്തിൽനിന്ന് അന്യവത്കൃതമാകുന്ന സാഹചര്യം ഉടലെടുക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പങ്കാളിത്തപൂർണ വനസംരക്ഷണനിയമം എന്ന ആശയം ഉടലെടുത്തത്. വനസംരക്ഷണ നിയമം. രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും ഗുണനിലവാരപരിപാലനത്തിനും വേണ്ടിയാണ് വനസംരക്ഷണ നിയമം നടപ്പാക്കപ്പെട്ടത്. ഒപ്പം കാലാവസ്ഥയുടെയും ഭൗതികസാഹചര്യങ്ങളുടെയും നിലനിൽപിനും സാമൂഹികാവശ്യ സാധൂകരണത്തിനും കൂടിയാണ് വനസംരക്ഷണ നിയമം ബാധകമാക്കപ്പെട്ടത്. 1980-ൽ നടപ്പാക്കപ്പെട്ട വനസംരക്ഷണനിയമത്തിന് വനങ്ങളുടെ വനേതര വിനിയോഗം തടയുക എന്ന താൽപര്യവും ഉണ്ടായിരുന്നു. നിക്ഷിപ്ത വനഭൂമിയുടെ ഡിറിസർവ് വൽകരണം തടയാനും ഈ നിയമംകൊണ്ട് ഉദ്ദേശിക്കപ്പെട്ടു. ഇതിനായി കർക്കശമായ ചട്ടങ്ങൾക്കും രൂപം നൽകുകയുണ്ടായി. പ്രധാനമായും ഇതിനെല്ലാം കേന്ദ്രസർക്കാരിന്റെ വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി തേടുകയെന്ന വ്യവസ്ഥയും ബാധകമാക്കപ്പെട്ടു. വനഭൂമി പാട്ടത്തിനേൽപിക്കൽ, മരങ്ങളുടെ പൂർണമായ തെളിക്കൽ എന്നിവ തടയുക എന്നതും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതിലേക്കായി ഉപദേശക സമിതിക്ക് രൂപം നൽകാനും അനുശാസിക്കുന്നു. വനഭൂമിയുടെ സ്ഥായിത്വമുള്ള പരിരക്ഷ, സുസ്ഥിരവികസന തത്വമനുസരിച്ചുള്ള വിനിയോഗം, ചെറുകിട വനോൽപന്ന-ഉപജീവന ഉപാധികളുടെ മേൽ വനവാസികൾക്കുള്ള അവകാശം, വനസംരക്ഷണത്തിൽ രാഷ്ട്രം, സമൂഹം, വ്യക്തി എന്നിവർക്കുള്ള ഉത്തരവാദിത്തം എന്നിവ ഈ നിയമം അനുശാസിക്കുന്നു. വനസംരക്ഷണ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനത്തിനോ നിഷേധത്തിനോ ഇടയാക്കുന്നവർക്ക് കുറ്റസ്ഥാപനമനുസരിച്ച് 15 ദിവസം വരെ ലഘുശിക്ഷ ബാധകമാക്കാനും ഈ നിയമം വ്യവസ്ഥപ്പെടുത്തുന്നു. കേരള വനനിയമം. ദേശീയതലത്തിൽ ഉണ്ടായിരുന്ന 1927-ലെ വനനിയമത്തിന് അനുരോധമായി സംസ്ഥാനത്ത് 1961-ൽ നിലവിൽ വന്നതാണ് കേരള വനനിയമം. ആറുപതിറ്റാണ്ടിനിടയിൽ ആറുപ്രാവശ്യത്തിൽ അധികം ഭേദഗതികൾ നിർദേശിക്കപ്പെട്ടു. കേരള സംസ്ഥാന അതിർത്തിക്കുള്ളിലെ വനഭൂമിയുടെ സംരക്ഷണം, പരിപാലനം, മെച്ചപ്പെടുത്തൽ എന്നിവയാണ് ഈ നിയമം പ്രത്യേകം ലക്ഷ്യമിട്ടത്. സ്വകാര്യവനഭൂമി (നിക്ഷിപ്തമാക്കലും വിതരണവും). കേരളത്തിലെ സ്വകാര്യ വനഭൂമി അവയുടെ പരിരക്ഷാർഥം സർക്കാരിൽ നിക്ഷിപ്തമാണോ, അങ്ങനെ നിക്ഷിപ്തമാക്കപ്പെട്ട വനഭൂമി കാർഷികാവശ്യത്തിനോ പുനർവനവൽകരണത്തിനോ ഇന്ധനമായോ കാലിത്തീറ്റയായോ ഉപയോഗിക്കാനുതകുന്ന വൃക്ഷവൽകരണത്തിനോ വേണ്ടി വ്യക്തിക്കോ സംഘത്തിനോ ഏല്പിച്ചുകൊടുക്കുന്നതിനോ ഉതകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി 1971-ൽ നിലവിൽ വന്നതാണ് ഈ നിയമം. പുനഃസ്ഥാപനവും നിക്ഷിപ്തമാക്കലും എന്നീ രണ്ടുവിധങ്ങളാണ് ഇതിനായി നിർദേശിക്കപ്പെട്ടിട്ടുള്ളത്. ഇതിനകം മൂന്നിലധികം ഭേദഗതികൾ ഈ നിയമത്തിന് നിർദേശിക്കപ്പെട്ടിട്ടുണ്ട്. തോട്ടവിളയ് ക്കായി വിനിയോഗിച്ചുവന്ന വനഭൂമി ഉൾപ്പെടെ ഇതിന് വിധേയമാക്കപ്പെട്ടു. ഈ നിയമത്തിന്റെ നിർവഹണാർഥം ഒന്നോ അതിലധികമോ ട്രിബ്യൂണലുകൾ സ്ഥാപിക്കാനും നിയമം അനുശാസിക്കുന്നു. വനഭൂവിസ്തൃതി, സ്വഭാവം, അതിര്, തുടങ്ങിയവ സംബന്ധിച്ച തർക്കമോ പിഴവോ ഉൾപ്പെടെ കാര്യങ്ങളിൽ ട്രിബ്യൂണലുകൾക്ക് തീർപ്പ് കൽപിക്കാവുന്നതാണ്. എന്നാൽ ഈ നിയമപ്രകാരം നിക്ഷിപ്തമാക്കപ്പെടുന്ന സ്വകാര്യവനഭൂമിയുടെ ഉടമകൾക്കോ കൈവശക്കാർക്കോ നഷ്ടപരിഹാര വ്യവസ്ഥ ഇതിൽ ഇല്ല. മറിച്ച് ഇത്തരം ഭൂമിയിൽ കാർഷിക പുനവന വൽകരണ-വൃക്ഷവൽകരണ പ്രവൃത്തിയിൽ ഏർപ്പെടുന്നവർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ നിയമം അനുശാസിക്കുന്നു. വൃക്ഷസംരക്ഷണ നിയമം. അധാർമികവും അനധികൃതവുമായ വനനശീകരണവും മരം വെട്ടലും തടയാനും നിയന്ത്രിക്കാനും ഉദ്ദേശിച്ച് 1986-ൽ രൂപം നൽകപ്പെട്ടതാണ് കേരള വൃക്ഷസംരക്ഷണ നിയമം. മണ്ണൊലിപ്പും ഉരുൾപൊട്ടലും തടയുന്നതിലേക്കായി മരം മുറിക്കൽ നിയന്ത്രിക്കാനാണ് നിയമം ലക്ഷ്യമിടുന്നത്. ഭൂമിയുടെ ഉടമസ്ഥതയോ കൈവശമോ പാട്ടമോ പണയമോ അനുഭവമോ അവകാശപ്പെടുന്ന ഏതൊരാൾക്കും ഈ നിയമം ബാധകമാകുന്നു. ചന്ദനം, തേക്ക്, വീട്ടി, തേന്മാവ്, തമ്പകം, ചെമ്പകം, ചടച്ചി, ചന്ദനവേമ്പ്, ചേന്നി തുടങ്ങി നിർണയിക്കപ്പെടുന്ന ഇനം മരങ്ങൾ മുറിക്കുന്നതിനാണ് നിയന്ത്രണം ബാധകമാകുക. അധികൃതരുടെ മുൻകൂർ അനുമതിയോടെ മാത്രമേ ഈ തരം വൃക്ഷങ്ങൾ മുറിക്കാൻ പാടുള്ളൂ. പാഴായതോ വീണതോ കേടുപാടുണ്ടായതോ പട്ടുപോയതോ മനുഷ്യജീവനോ സ്വത്തിനോ ഹാനികരമായതോ ഒഴികെ വിജ്ഞാപൃത വർഗത്തിൽപ്പെട്ട ഏതൊരു വൃക്ഷവും അധികാരസ്ഥരുടെ മുൻകൂർ അനുമതിയോടെയല്ലാതെ മുറിക്കാവുന്നതല്ല. ഇങ്ങനെ മരം മുറിക്കാൻ അനുവദിക്കുന്ന പക്ഷം പകരം തുല്യമായ എണ്ണം യുക്തമായ ഇനം വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കണമെന്നും ഈ നിയമം അനുശാസിക്കുന്നു. കെട്ടിടനിർമിതി, കൃഷി ആവശ്യം, തോട്ടവിള ആവശ്യം എന്നിവ മുൻനിർത്തി വൃക്ഷശിഖരങ്ങൾ തെളിക്കുകയല്ലാതെ മുറിച്ചുമാറ്റരുത് എന്ന് നിയമം വ്യവസ്ഥപ്പെടുത്തുന്നു. അപ്പീൽ തീർപ്പ് അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്നു. തൊണ്ടിമുതൽ കണ്ടുകെട്ടുക, പ്രാഥമിക കുറ്റസ്ഥാപനത്താൽ 500 രൂപ മുതൽ 2000 രൂപ വരെ പിഴയോ 6 മാസം വരെ തടവോ ശിക്ഷ ലഭിക്കാവുന്നതാണ്. ആവർത്തിത കുറ്റസ്ഥാപനത്താൽ 1000 രൂപ മുതൽ 5000 രൂപവരെ പിഴയോ 3 വർഷംവരെ തടവോ ശിക്ഷ ലഭിക്കാവുന്നതാണ്. കമ്പനികളോ സ്ഥാപനങ്ങളോ നടത്തുന്ന കൃത്യങ്ങളിൽ തത്സമയം അവയുടെ അധികാരസ്ഥരായിരുന്നവർക്കുമേൽ കൂട്ടമായും വേറിട്ടും കുറ്റസ്ഥാപനം നിലനിൽക്കുന്നതാണ്. തൊണ്ടിമുതലിന്റെ കയ്യൊഴിക്കലിനുള്ള അധികാരവും ബന്ധപ്പെട്ട മജിസ്‌ട്രേറ്റിൽ നിക്ഷിപ്തമാണ്. നിലവിലുള്ളതോ ഭാവി കൈമാറ്റ കരണങ്ങളിൽപ്പെട്ടതോ ആയ വൃക്ഷങ്ങൾക്ക് ഈ നിയമം ബാധകമാക്കപ്പെട്ടിരിക്കുന്നു.
വന്യജീവി സംരക്ഷണനിയമം
രാജ്യത്തെ വന്യജീവികൾ, പക്ഷികൾ, സസ്യങ്ങൾ എന്നിവയുടെ സംരക്ഷണവും അനുബന്ധമോ സാന്ദർഭികമോ ആയ വിഷയങ്ങളും പ്രതിപാദിക്കുന്ന നിയമമാണ് 1972-ലെ വന്യജീവി സംരക്ഷണനിയമം. ഏറെക്കുറെ ബൃഹത്തായ ഈ നിയമം മൂന്നിലധികം പ്രാവശ്യം ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്നു. വന്യമൃഗ-പക്ഷി പരിരക്ഷ നിയമം 1912 കാലഹരണദോഷം ബാധിച്ച സ്ഥിതിയിലാണ് പുതിയ നിയമത്തിന് രൂപം നൽകപ്പെട്ടത്. നിലവിലുണ്ടായിരുന്ന സംസ്ഥാന നിയമങ്ങളിൽ പലതിന്റെയും കാലപ്പഴക്കവും നിർവഹണമില്ലായ്മയും അവക്കു കീഴിലെ കുറ്റപ്രവൃത്തികളും ശിക്ഷാവ്യവസ്ഥകളും തമ്മിലുള്ള ചേർച്ചക്കുറവും എല്ലാം പുതിയ നിയമത്തിലേക്ക് നയിക്കാനിടയാക്കി. നായാട്ട്, മൃഗ-പക്ഷി വേട്ട, തുകൽ ഉൽപന്നനിർമിതി മുതലായവ നിയന്ത്രിക്കുക, അപ്രായോഗിക സംസ്ഥാന നിയമങ്ങൾക്കു പകരം സമഗ്രവും പ്രായോഗികവുമായ ദേശീയനിയമം ഉണ്ടാക്കുക എന്നിവയായിരുന്നു ഈ നിയമ നിർദേശത്തിലേക്ക് നയിച്ച ഘടകങ്ങൾ. സംസ്ഥാന നിയമസഭകൾ ഈ നിയമ നിർമാണം ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി. എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേകം വന്യജീവി ഉപദേശകസമിതി രൂപീകരിക്കുക, നായാട്ട് നിയന്ത്രിക്കുകയും തടയുകയും ചെയ്യുക, വന്യജീവി-പക്ഷി സങ്കേതങ്ങൾ, ദേശീയ പാർക്കുകൾ തുടങ്ങിയവയുടെ സ്ഥാനനിർദേശം സമർപ്പിക്കുക, വന്യജീവി ഉൽപന്നങ്ങളുടെ ഉൽപാദനം, കൈവശം, കൈമാറ്റം, വ്യാപാരം മുതലായവ നിയന്ത്രിക്കുക, നിയമലംഘനമോ നിഷേധമോ തെളിയിക്കപ്പെട്ടാൽ യുക്തമായ ശിക്ഷ ഉറപ്പാക്കുക മുതലായവ ഈ നിയമത്തിന്റെ മുഖ്യസവിശേഷതകളാണ്. വന്യജീവികൾ എന്നതിനാൽ പ്രസവിച്ചോ മുട്ടയിട്ടോ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന എല്ലാ ജീവിവർഗങ്ങളും ഉൾപ്പെടുന്നു. ജന്തുജന്യ വസ്തുക്കളിൽ തുകൽ, തൂവൽ, ചർമം, കൊമ്പ്, പല്ല്, നഖം, വാല്, രോമം, ശരീരഭാഗങ്ങൾ, സ്രവങ്ങൾ മുതലായവ ഉപയോഗിച്ചുണ്ടാക്കപ്പെടുന്ന ഉൽപന്നങ്ങൾ എന്ന് അർഥമാക്കുന്നു. വന്യജീവികളുടെ മാംസമോ സസ്യങ്ങളുടെ ഭാഗമോ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നത് കുറ്റകരമായി കരുതണം. വന്യജീവികളെയും വളർത്തുജീവികളെയും വേർതിരിച്ച് ഈ നിയമം വ്യവസ്ഥപ്പെടുത്തുന്നു. വന്യപരിസ്ഥിതിയും മൃഗശാലയിലെ കൃത്രിമപരിസ്ഥിതിയും പ്രത്യേകമായും നിയമം അനുശാസിക്കുന്നു. പ്രദർശനാർഥം മൃഗ-പക്ഷി വർഗങ്ങളെ പാർപ്പിക്കുന്ന ഇടമാണ് മൃഗശാലകൾ. വന്യജീവിവർഗ പരിരക്ഷ ചീഫ് വൈൽഡ് ലൈഫ് വാർഡൻ മുതൽ ഇതര ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമായി പ്രഖ്യാപിക്കപ്പെടുന്നു. വന്യജീവി സംരക്ഷണത്തിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ മുതൽ വാർഡൻ വരെയുള്ള ഉദ്യോഗസ്ഥ നിർവഹണ സംവിധാനത്തിന് നിയമം നിർദേശിക്കുന്നു. മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആദിവാസി പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി വന്യജീവി ഉപദേശകസമിതിക്ക് രൂപം നൽകാനും നിയമം അനുശാസിക്കുന്നു. വന്യജീവി ഉദ്യാനങ്ങൾ, സംരക്ഷണ സങ്കേതങ്ങൾ, പരിപാലന കേന്ദ്രങ്ങൾ തുടങ്ങിയവക്കായുള്ള സ്ഥലനിർദേശം, സംരക്ഷണ നടപടി ശുപാർശകൾ, ആദിവാസി ക്ഷേമപ്രവർത്തനങ്ങൾ മുതലായവ സംബന്ധിച്ച് നിർദേശിക്കുന്നതിനും വന്യജീവി ഉപദേശബോർഡിനെ ചുമതലപ്പെടുത്തുന്നു. നായാട്ടിന്റെ പൂർണ നിരോധനം നിയമം വ്യവസ്ഥ ചെയ്യുന്നു. മനുഷ്യജീവനോ സ്വത്തിനോ അപകടകരമാകുക, അപരിഹാര്യമായ രോഗമോ വൈകല്യമോ സംഭവിച്ചിരിക്കുക, കാര്യകാരണ സഹിതമുള്ള അധികൃതമാക്കൽ ഉണ്ടായിരിക്കുക എന്നീ സന്ദർഭങ്ങളിൽ മാത്രമാണ് വേട്ടയാടൽ നിരോധനത്തിന് ഇളവ് ലഭിക്കുക. സ്വപ്രതിരോധനത്തിനായോ നിയമ-ചട്ട പരിപാലനത്തിനായോ ഒഴിവുകഴിവ് ലഭ്യമാക്കാവുന്നതാണ്. വിദ്യാഭ്യാസ-ഗവേഷണപഠനാർഥം വേട്ടയാടൽ അനുവദിക്കാവുന്നതാണ്. വേട്ടയാടപ്പെട്ട് പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന വന്യജീവി രാഷ്ട്രത്തിന്റെ സ്വത്തായി കരുതപ്പെടും. എന്നാൽ വന്യജീവി പരിപാലനം, മാറ്റിപാർപ്പിക്കൽ, കണക്കെടുപ്പ്, എണ്ണം പരിപാലിക്കൽ തുടങ്ങിയവക്കായി കൊലപ്പെടുത്തുകയോ, വിഷം നൽകുകയോ, അപകടപ്പെടുത്തുകയോ ഒഴികെയുള്ള നായാട്ട് അനുവദനീയമാണ്. ജീവൻരക്ഷാ ഔഷധനിർമാണം മുൻനിർത്തി പാമ്പിൻ വിഷം ശേഖരിക്കാനായിട്ടുള്ള നായാട്ടും അനുവദനീയമാണ്. വന്യസസ്യ സംരക്ഷണവും സമാനരീതിയിൽ വ്യവസ്ഥപ്പെടുത്തുന്നു. നിർദിഷ്ട സസ്യവർഗങ്ങളുടെ ഉൽപാദനം, കൈവശം, സൂക്ഷിപ്പ്, കൊടുക്കൽ വാങ്ങൽ, വിനിയോഗം മുതലായവ നിയമം നിയന്ത്രിക്കുന്നു. ഈ കാര്യത്തിൽ വന്യസസ്യങ്ങളെയും സർക്കാർ സമ്പത്തായാണ് പരിഗണിക്കപ്പെടുന്നത്. വന്യജീവി സുരക്ഷാർഥം ദേശീയ പക്ഷി-മൃഗ-സസ്യ ഉദ്യാനങ്ങൾ, സങ്കേതങ്ങൾ, നിയന്ത്രിതമേഖലകൾ തുടങ്ങിയവ സ്ഥാപിക്കാനും പ്രാവർത്തികമാക്കാനും നിയമം അനുശാസിക്കുന്നു. ഒരു പ്രദേശം വന്യജീവി-സസ്യ സംരക്ഷണത്തിന് അനുയോജ്യമെങ്കിൽ ആ പ്രദേശം ആ വിധത്തിൽ വിജ്ഞാപൃതമാക്കാനും സർക്കാരിനെ നിയമം അധികൃതമാക്കുന്നു. പ്രസ്തുത പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും അനുശാസിക്കുന്നു. വിജ്ഞാപൃതപ്രദേശത്ത് അനുവദനീയ കൃത്യങ്ങൾ ഒഴികെ മറ്റൊന്നും സംഭവിക്കുന്നില്ലെന്നും വന്യജീവികൾക്ക് അസ്വസ്ഥതയുണ്ടാകുന്നില്ലെന്നും മലിനീകരണം സംഭവിക്കുന്നില്ലെന്നും ഉറപ്പാക്കണം. എന്നാൽ പഠനഗവേഷണം, വിനോദസഞ്ചാരം, ഛായാഗ്രഹണം, ശാസ്ത്രീയ അന്വേഷണം മുതലായ കാര്യങ്ങളിൽ അനുവദനീയ കൃത്യങ്ങൾക്കായി അധികൃതരുടെ അനുവാദത്തോടെ വിജ്ഞാപൃത പ്രദേശത്ത് പ്രവേശിക്കാനോ തുടരാനോ താമസിക്കാനോ കഴിയുന്നതാണ്. ഇക്കാര്യങ്ങൾ ആകട്ടെ വന്യജീവികളുടെ ഉത്തമതാൽപര്യം പരിഗണിച്ചായിരിക്കണം നടത്തേണ്ടത്. ഇതിലേക്കെല്ലാമുള്ള നടപടിക്രമങ്ങൾക്ക് രൂപം നൽകാനും പ്രഖ്യാപിക്കാനും പ്രാബല്യം നൽകാനുമുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണ്. ഈ നിയമത്തിൽ 1981-ൽ കൂട്ടിച്ചേർത്തതാണ് കേന്ദ്രമൃഗശാല അതോറിറ്റി രൂപീകരിക്കേണ്ട അധികാരം നടത്തിപ്പ് എന്നിവയുടെ നടത്തിപ്പ്. മൃഗശാലകളുടെ രജിസ്‌ട്രേഷനും നിയന്ത്രണവും സംബന്ധിച്ചുള്ള അതോറിറ്റിയിൽ ചെയർമാനും പത്തിൽ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കുന്നതാണ്. മൃഗശാലകളുടെ പശ്ചാത്തലസൗകര്യം, മൃഗപരിചരണം തുടങ്ങിയവയുടെ നിർണയവും അവലോകനവും അംഗീകാരം അനുവദിക്കുക, പുതുക്കുക, റദ്ദാക്കുക, വംശനാശം നേരിടുന്ന ജനുസ്സുകൾ കണ്ടെത്തി പ്രജനനം ഉറപ്പാക്കുക. ജീവികളുടെ കൈമാറ്റം നിർവഹിക്കുക, സ്ഥിതിവിവര ശേഖരണം നടത്തുക, സാങ്കേതിക സഹായവും പിൻതുണയും നൽകുക, മൃഗശാലാനിധി പ്രാവർത്തികമാക്കുക, ജീവികളെ ഏറ്റെടുക്കുക, സുരക്ഷ ഉറപ്പാക്കുക, റിപ്പോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയവയാണ് അതോറിറ്റിയുടെ ചുമതലകൾ. മൃഗ-പക്ഷി-സസ്യ ഉൽപന്നങ്ങൾ, അവയുടെ ഉടമസ്ഥത, കൈവശം, കൈമാറ്റം, വില്പന, സൂക്ഷിപ്പ്, കടത്തിറക്ക്, പ്രദർശനം മുതലായവ സംബന്ധിച്ച നിയന്ത്രണ വ്യവസ്ഥകളും നിയമം അനുശാസിക്കുന്നു. വന്യജീവി-സസ്യസമ്പത്ത് സർക്കാരിൽ നിക്ഷിപ്തമാകയാൽ സ്വകാര്യവ്യക്തിക്ക് അവ കൈവശം വയ്ക്കാൻ സർക്കാർ അനുമതി വേണം. യുക്തമായ അപേക്ഷകൾക്കുമേൽ യഥാവിധി അന്വേഷണം നടത്തി ഇത്തരം അനുമതിപത്രം ലഭ്യമാക്കണമെന്ന് നിയമം വ്യവസ്ഥപ്പെടുത്തുന്നു. ഉൽപന്നഘടനയും സ്വഭാവവും അനുസരിച്ച് ഈ കാര്യത്തിൽ നിയന്ത്രണം ബാധകമാക്കുന്നു. നിയമ-ചട്ടപ്രകാരമുള്ള പെർമിറ്റോ ലൈസൻസോ കൂടാതെ മൃഗങ്ങളെയോ സസ്യങ്ങളെയോ കൈവശം വക്കുകയോ സൂക്ഷിക്കുകയോ പരിപാലിക്കുകയോ ചെയ്യരുത്. അനുമതി കാലാവധി ഒരു വർഷമായിരിക്കും. ആയത് യഥാകാലം പുതുക്കാവുന്നതാണ്. അപേക്ഷകളുടെ അനുവാദം, അപ്പീൽ തീർപ്പാക്കൽ എന്നിവക്കുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമാണ്. 1986-ൽ ഈ നിയമത്തിൽ ഉൾപ്പെടുത്തുകയും പിന്നീട് 1991-ൽ പരിഷ്‌കരിക്കുകയും ചെയ്ത ഭാഗമാണ് വന്യജീവി ഉൽപന്നങ്ങൾ സംബന്ധിച്ച അധ്യായം. വന്യജീവികൾ, പക്ഷികൾ, സസ്യങ്ങൾ, അവയുടെ പട്ടികപ്പെടുത്തപ്പെട്ട ഭാഗങ്ങൾ, ഉപഭാഗങ്ങൾ മുതലായവയുടെ വിനിയോഗത്തിലൂടെ (ചർമം, തൂവൽ, രോമം, കൊമ്പ്, പല്ല്, നഖം, അസ്ഥി തുടങ്ങിയവ) ഏതെങ്കിലും കൗതുക-പ്രദർശന വസ്തുക്കൾ നിർമിക്കുകയോ, സൂക്ഷിക്കുകയോ, വിൽക്കുകയോ, പ്രദർശിപ്പിക്കുകയോ ചെയ്യുന്നതിന് നിയമ-ചട്ടപ്രകാരം അനുമതിയുണ്ടായിരിക്കണം. അല്ലാതെയുള്ള കൃത്യങ്ങൾ നിരോധിതമായിരിക്കും. എന്നാൽ മയിൽപ്പീലിയോ പാമ്പിൻ വിഷമോ ഇതിൽ ഉൾപ്പെടുന്നില്ല. സ്ഥലപരിശോധന, അറസ്റ്റ്, കണ്ടുകെട്ടൽ, കസ്റ്റഡി എന്നിവക്കും വിചാരണക്കും ഉള്ള അധികാരം നിയമം അനുശാസിക്കുന്നു. കുറ്റകൃത്യങ്ങൾക്ക് വ്യത്യസ്തതരം ശിക്ഷകൾ നിർദേശിക്കുന്നു. അനുമതിയില്ലാതെ, നിയമവിരുദ്ധമായി, ചെയ്യപ്പെടുന്നതായ കൃത്യങ്ങളിൽ 3 വർഷംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷ നൽകാവുന്നതാണ്. അനധികൃതമോ അതിക്രമിച്ചുള്ളതോ ആയ കൃത്യങ്ങളിൽ ഒന്നു മുതൽ ആറുവരെ വർഷം തടവോ 50000 രൂപ പിഴയോ വിധിക്കാവുന്നതാണ്. ആവർത്തിത കുറ്റകൃത്യങ്ങളിൽ 2 മുതൽ 6 വർഷം വരെ തടവോ 1,00,000 രൂപ വരെ പിഴയോ ശിക്ഷ ലഭിക്കാവുന്നതാണ്. നിരോധന വ്യവസ്ഥകളുടെ ലംഘനത്തിന് ഒന്നു മുതൽ ഏഴുവരെ വർഷം തടവോ 5000 രൂപയിൽ കുറയാത്ത പിഴയോ ശിക്ഷ നൽകപ്പെടാം. വന്യജീവി-സസ്യങ്ങളെ ഉപദ്രവിക്കുന്നവർക്ക് 6 മാസം വരെ തടവോ 2000 രൂപവരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷ വിധിക്കാനാകും. കുറ്റകൃത്യം തടയാനായി മുൻകരുതലിനും പ്രതിരോധത്തിനും നടപടി എടുക്കാവുന്നതാണ്. അനധികൃതമായി നിയന്ത്രിത വസ്തുക്കൾ കൈവശംവച്ചാൽ 6 മാസംവരെ തടവോ 5000 രൂപവരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷിക്കാനാവും. ശിക്ഷകളിൽ ഇളവ് അനുവദിക്കാൻ വന്യജീവി വകുപ്പ് ഡയറക്ടർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. ചട്ടങ്ങൾ രൂപീകരിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനായിരിക്കും.
മൃഗങ്ങൾക്കെതിരായ ക്രൂരതകളും നിയമപ്രതിരോധവും
കാർഷികവൃത്തിയുടെ ഭാഗമായി വികസിച്ചതാണ് മൃഗപരിപാലനവും അനുബന്ധകാര്യങ്ങളും. മൃഗങ്ങളും ജീവികളാണ്. അവയ്ക്കും അവകാശങ്ങളുണ്ട് എന്ന ബോധ്യമാണ് ഇതിനു പിന്നിലുള്ള ആശയം. തെരുവുനായ്ക്കളെയും അലഞ്ഞുതിരിയുന്ന ഗോക്കളെയും അപകടകാരികളായ തിര്യക്കുകളെയും സംബന്ധിച്ച് ചർച്ച നടക്കുമ്പോൾ വളർത്തുജീവികളുടെ വിഷയം വേണ്ടത്ര പരിഗണിക്കപ്പെടാതെ പോകുന്നു. നിയമ നീതിശാസ്ത്രം സമ്മിശ്ര സങ്കല്പനമാണ് ഇവിടെ സ്വീകരിക്കുന്നത്. പേനായ്ക്കളെയോ രോഗബാധയേറ്റ കന്നുകാലികളെയോ കൊല്ലാനോ നശിപ്പിക്കാനോ തദ്ദേശഭരണ-അധികൃത സ്ഥാപനങ്ങൾക്ക് അധികാരം ഉണ്ടെന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സൈ്വരത്തിനും പരിരക്ഷ ഉറപ്പാക്കണമെന്നും രാഷ്ട്രധർമം അനുശാസിക്കുമ്പോൾ തന്നെ മൃഗങ്ങൾക്കും പരിമിത വ്യക്തിത്വവും സംരക്ഷണാവകാശവും ഉണ്ടെന്ന തത്വവും നിയമം അനുശാസിക്കുന്നു. ഇതനുസരിച്ച് രൂപപ്പെട്ടതാണ് മൃഗങ്ങൾക്കെതിരായ ക്രൂരത തടയാനുള്ള നിയമം-1960. മൃഗങ്ങൾ എന്നതിൽ മനുഷ്യർ ഒഴികെ എല്ലാ ജന്തുക്കളും ഉൾപ്പെടുന്നു. വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും ഇതിൽപ്പെടുന്നു. തടവിലോ കെണിയിലോ കുടുക്കിലോ നിയന്ത്രണത്തിലോ പെടുത്തിയ മൃഗങ്ങളും ഉൾപ്പെടുന്നു. വീട്ടുമൃഗങ്ങൾ എന്നതിനാൽ മനുഷ്യാവകാശത്തിന് മെരുക്കിയോ ഇണക്കിയോ പരിപാലിക്കുന്നവ എന്നും അർഥമാക്കുന്നു. അനുഛേദം 51 എ(ജി) വഴി ബാധകമാക്കുന്ന പൗരധർമമാണ് സഹജീവികളോടുള്ള അനുകമ്പയും കടമയും എന്നത്. ഇതര ജീവജാലങ്ങളോട് പുലർത്തേണ്ടുന്ന ഭൂതദയ ആണ് മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിന് പിൻബലം. സുരക്ഷയും സ്വാസ്ഥ്യവും ഉറപ്പാക്കുക, ശല്യവും ഉപദ്രവവും ഒഴിവാക്കുക എന്നിവയാണ് നിയമലക്ഷ്യം. അകാരണമായി മൃഗങ്ങളെ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ അരുതെന്ന് ഈ നിയമം വിലക്കുന്നു. അടിക്കുക, തൊഴിക്കുക, അമിതഭാരം കയറ്റുക, അധികജോലി ചെയ്യിക്കുക, ദ്രോഹിക്കുക, വേദനിപ്പിക്കുക, പീഡിപ്പിക്കുക എന്നിവ ഈ നിയമത്തിന്റെ 11-ാം വകുപ്പുപ്രകാരം മൃഗങ്ങളോടുള്ള ക്രൂരത എന്ന് കണക്കാക്കപ്പെടും. രോഗമോ വൈകല്യമോ ബാധിച്ച മൃഗങ്ങളെക്കൊണ്ട് പണിയെടുപ്പിക്കുക, ബോധപൂർവം അപായകാരിയായ ഔഷധം പ്രയോഗിക്കുക, ഹാനിയേൽക്കുംവിധം കടത്തിക്കൊണ്ടു പോകുക, വാസയോഗ്യമല്ലാത്തയിടങ്ങളിൽ പാർപ്പിക്കുക, ബന്ധനസ്ഥമാക്കുക, തീറ്റയും വെള്ളവും നിഷേധിക്കുക, പകർച്ചവ്യാധിക്ക് ഇടയാക്കുക, പട്ടിണിക്കിടുക, മോശമായി പെരുമാറുക, മനുഷ്യ ഉല്ലാസത്തിനും വിനോദത്തിനുമായി പരിശീലിപ്പിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുക, വേട്ടയാടുകയോ നായാടുകയോ ചെയ്യുക, തടങ്കലിൽ ഇടുക എന്നിവയെല്ലാം മൃഗങ്ങളോടുള്ള ക്രൂരതയായിട്ട് പരിഗണിക്കപ്പെടും. തെരുവ് കാലികളെ കൊല്ലുന്നതും സർക്കസിൽ പ്രദർശിപ്പിക്കുന്നതും പീഡിപ്പിച്ച് വഴക്കമുള്ളതാക്കുന്നതും ഇതിൽ കുറ്റകരമായി കരുതപ്പെടുന്നു. സ്വയമേവ ചെയ്യുന്നതും മറ്റൊരാളെക്കൊണ്ട് ചെയ്യിക്കുന്നതും കുറ്റകരമായി തീരുന്നു. ഇത്തരം കൃത്യങ്ങൾ തടയാനും പ്രതിരോധിക്കാനും വേണ്ടിയാണ് 1961-ൽ ഇന്ത്യാ ഗവണ്മെന്റ് മൃഗക്ഷേമ ബോർഡ് രൂപീകരിച്ചത്. ലോകത്തുതന്നെ മൃഗരക്ഷക്കായി ഒരു ക്ഷേമബോർഡ് രൂപീകരണം ആദ്യമായാണ് ഉണ്ടായത്. മൃഗസംരക്ഷണകാര്യങ്ങളിൽ സർക്കാരുകൾക്ക് ഉപദേശനിർദേശങ്ങൾ നൽകുക, നിയമ-ചട്ടഭേദഗതികൾ നിർദേശിക്കുക, മൃഗങ്ങളോടുള്ള ക്രൂരതകൾക്കെതിരായ സംഘങ്ങൾ രൂപീകരിക്കുക, മൃഗസംരക്ഷണാലയങ്ങൾ സ്ഥാപിക്കുക, ബോധവൽകരണവും പ്രചാരണവും സംഘടിപ്പിക്കുക തുടങ്ങിയവയാണ് ബോർഡിന്റെ കർത്തവ്യങ്ങൾ. മൃഗങ്ങൾ, പക്ഷികൾ, അവയുടെ ഭാഗങ്ങൾ എന്നിവക്കുമേൽ പ്രത്യക്ഷമോ പരോക്ഷമോ ആയവിധം പരീക്ഷണങ്ങൾ നടത്തുക, ഔഷധ പരിരക്ഷകൾ നടത്തുക, ഗവേഷണ പഠനവിധേയമാക്കുക തുടങ്ങിയവ കേന്ദ്രസർക്കാർ നിയോഗിക്കുന്ന നിരീക്ഷണസമിതിയുടെ അംഗീകാരത്തോടെയും അവലോകന വിധേയമായും മാത്രമേ ചെയ്യാൻ പാടുള്ളൂ. അങ്ങനെയല്ലാതെയുള്ള പ്രവൃത്തികൾ തടയാൻ നിരീക്ഷണ സമിതിക്ക് അധികാരമുണ്ട്. ഇത്തരം കുറ്റകൃത്യത്തിനു മേൽ 200 രൂപ വരെ പിഴയീടാക്കാനും വ്യവസ്ഥയുണ്ട്. വിജ്ഞാപൃത ഇനത്തിൽപ്പെട്ട മൃഗത്തെയോ പക്ഷിയെയോ അനുമതികൂടാതെ പരിശീലിപ്പിക്കുകയോ പ്രദർശിപ്പിക്കുകയോ പ്രകടനങ്ങളിൽ അണിനിരത്തുകയോ ചെയ്യരുതാത്തതാണ്. ഇക്കാര്യങ്ങൾക്ക് നിബന്ധനയും മാനദണ്ഡവും നടപ്പാക്കാനും കഴിയുന്നതാണ്. ഇതിനുതകുംവിധം രജിസ്‌ട്രേഷനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്. കർത്തവ്യനിർവഹണം തടസ്സപ്പെടുത്തുകയോ തെളിവുകളോ വിവരങ്ങളോ ഒളിപ്പിക്കുന്നതോ പൂഴ്ത്തിവക്കുന്നതോ ഉൾപ്പെടെ കുറ്റകൃത്യങ്ങൾക്കുമേൽ 3 മാസംവരെ തടവോ 500 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ വിധിക്കപ്പെടാവുന്നതാണ്. എന്നാൽ ഉത്തമ താൽപര്യത്തോടെ മൃഗശിക്ഷണം നടത്തുന്നതും ഔഷധ ആവശ്യങ്ങൾക്ക് മൃഗ-പക്ഷി സ്രവങ്ങൾ ഉപയോഗിക്കുന്നതും കുറ്റകരമായി തീരുന്നില്ല. മൃഗങ്ങളെയും പക്ഷികളെയും പരിചരിക്കാനും ചികിത്സിക്കാനും രോഗപ്രതിരോധ നടപടികളെടുക്കാനും അംഗവൈകല്യമോ അപായമോ പരിഗണിക്കാനും ക്ഷേമസുരക്ഷ ഉറപ്പാക്കാനും പുനരധിവാസം നൽകാനും ആവശ്യമായ ഉപാധികളും കേന്ദ്രങ്ങളും ഉറപ്പാക്കാനും ഈ നിയമം അനുശാസിക്കുന്നു. ഇത്തരം സാഹചര്യങ്ങൾ പൂർണമായും പരിഹരിച്ചുമാത്രമേ മൃഗങ്ങളെയോ പക്ഷികളെയോ കയ്യൊഴിക്കാൻ പാടുള്ളൂ എന്നും നിയമം വ്യവസ്ഥപ്പെടുത്തുന്നു. അപായകാരികളായ മൃഗങ്ങളെയാണെങ്കിലും കൊല്ലുന്നതോ വന്ധ്യംകരണം ഉൾപ്പെടെ നടപടികൾ സ്വീകരിക്കുന്നതും നിയമ-ചട്ടങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കണം എന്ന് നീതിന്യായ സ്ഥാപനങ്ങൾ ആവർത്തിച്ച് തീർപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ തെരുവുനായ നിയന്ത്രണം, തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് നിരോധനം മുതലായവ സംബന്ധിച്ചുള്ള കോടതി വിധി ഇതിനുദാഹരണമാണ്.
ജലപരിസ്ഥിതി സംരക്ഷണം
ജലമലിനീകരണം തടയുകയും നിയന്ത്രിക്കുകയും ചെയ്യുക, ജലത്തിന്റെ സമഗ്രപരിശുദ്ധി പരിപാലിക്കുക, ജലമലിനീകരണ നിയന്ത്രണ ബോർഡുകൾ രൂപീകരിക്കുക, മലിനീകരണ നിയന്ത്രണ-നിരോധന ചുമതലകൾ പ്രാവർത്തികമാക്കുക എന്നീ ലക്ഷ്യങ്ങളോടെ 1974-ൽ രൂപം നൽകപ്പെട്ടതാണ് ജല (മലിനീകരണ നിയന്ത്രണ-നിരോധന) നിയമം. പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ ഏതൊരു ജലസ്രോതസ്സും ഈ നിയമപരിധിയിൽ ഉൾപ്പെടുന്നു. ജലസ്രോതസ് ഉപയോഗശൂന്യമാക്കുകയോ ജലത്തിന്റെ രാസ-ഭൗതിക ഘടനക്ക് മാറ്റം വരുത്തുകയോ, അനുവദനീയമായതിൽ അധികം അളവിലോ ശല്യകാരകമാകും വിധമോ ജലത്തിലേക്ക് ഖര-ദ്രവ-വാതക അവസ്ഥയിലുള്ള ഏതെങ്കിലും വസ്തുവോ വിസർജ്യമോ അവശിഷ്ടമോ നിക്ഷേപിക്കുകയോ നിയാമകമായ ഏതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാനാവാത്ത വിധം ജലത്തിൽ അപകടകാരിയോ വിഷയകാരിയോ ആയ വസ്തുക്കൾ കലർത്തുക തുടങ്ങിയവയാണ് ജലമലിനീകരണം എന്നത് ഉദ്ദേശിക്കുന്നത്. ഒഴുകുന്നതോ, കെട്ടിനിൽക്കുന്നതോ, ഭൂഉപരിതലത്തിലോ അന്തർഭാഗത്തോ ഉള്ളതോ ആയ ഏതൊരു ജല സ്രോതസ്സിലും മാലിന്യനിർഗമനം നടത്തുന്നത് ജലമലിനീകരണമായി കരുതപ്പെടുന്നു. ഗാർഹികവും വ്യാവസായികവും പൊതുവായിട്ടുള്ളതുമായ അഴുക്കുചാലുകളിൽ നിന്നുള്ളതായ മാലിന്യം ജലമലിനീകരണത്തിനിടയാക്കുന്നു. വ്യവസായ-വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യവും ഇതിൽപ്പെടുന്നു. അടുക്കളകളിൽ നിന്നുൾപ്പെടെയുള്ള കലക്കവെള്ളവും (ഗ്രേവാട്ടർ), ശുചിമുറികളിൽ നിന്നുള്ള കറുത്തവെള്ളവും (ബ്ലാക്‌വാട്ടർ) ജലമലിനീകരണത്തിൽ പ്രധാനപങ്കുവഹിക്കുന്നു. ജലമലിനീകരണ നിയന്ത്രണം മുൻനിർത്തി കേന്ദ്ര-സംസ്ഥാന തലങ്ങളിലും സംയുക്തതലത്തിലും മലിനീകരണ നിയന്ത്രണബോർഡുകൾ സ്ഥാപിക്കുക, ജലമലിനീകരണ പരിശോധനാ ലാബുകൾ സ്ഥാപിക്കുക, നിലവിലുള്ളതോ സ്വകാര്യമോ ആയ ലബോറട്ടറികൾക്ക് അംഗീകാരം നൽകുക, ജലപരിശുദ്ധിയുടെ നിബന്ധനകളും മാനകങ്ങളും നിർദേശിക്കുക മുതലായ ഉത്തരവാദിത്തങ്ങൾ ബോർഡിൽ നിക്ഷിപ്തമാക്കുക എന്നിവക്ക് നിയമം വ്യവസ്ഥ ചെയ്യുന്നു.
- ജലമലിനീകരണ നിയന്ത്രണ-നിരോധനകാര്യത്തിൽ കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്ക് ഉപദേശ നിർദേശങ്ങൾ നൽകുക.
- ജലമലിനീകരണ നിയന്ത്രണ-നിരോധന നടപടികൾ ഏകോപിപ്പിക്കുക
- പ്രവർത്തന മാർഗദർശനവും പിന്തുണയും നൽകുക
- പരിശീലന പുനഃപരിശീലന പരിപാടികൾ നടപ്പാക്കുക
- മലിനീകരണ നിയന്ത്രണ-നിരോധന പദ്ധതികൾ ആവിഷ്‌കരിക്കുക.
- മലിനീകരണ മാനദണ്ഡങ്ങൾ നിശ്ചയിക്കുക
- ബോധവത്കരണ-പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക.
- പരിശോധനാ ലബോറട്ടറികൾ സ്ഥാപിക്കുകയോ അംഗീകരണം നൽകുകയോ ചെയ്യുക.
മുതലായവയാണ് ജലമലിനീകരണ നിയന്ത്രണ ബോർഡുകളുടെ കർത്തവ്യം. കേന്ദ്രബോർഡിന്റെ ഏറെക്കുറെ സമാനമായ ഘടനയും മാതൃകയും പ്രവർത്തനവും ആണ് സംസ്ഥാന, മേഖലാ, സംയുക്ത ബോർഡുകൾക്കും ഉള്ളത്. ഒരു പൂർണസമയ അധ്യക്ഷൻ, കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്ന അഞ്ചിൽ കവിയാത്തത്ര അംഗങ്ങൾ, കാർഷിക-മത്സ്യമേഖലാ-വ്യവസായ രംഗങ്ങളുടെ പ്രതിനിധികളായി മൂന്നിൽ കവിയാത്തത്ര അംഗങ്ങൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനപ്രതിനിധികളായ രണ്ട് അംഗങ്ങൾ, ഒരു അംഗ സെക്രട്ടറി എന്നിവർ ഉൾപ്പെടെ കേന്ദ്ര സർക്കാർ നിയോഗിക്കുന്നവരാകും കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ്. സമാനഘടനയിൽ തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നിയോഗിക്കുന്നവയാണ് സംസ്ഥാന ജലമലിനീകരണ നിയന്ത്രണബോർഡ്. എന്നാൽ പങ്കാളിത്തമുള്ള സംസ്ഥാനങ്ങളുടെയും അവിടെ നിന്നുള്ള തദ്ദേശഭരണസ്ഥാപനങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും പ്രതിനിധികളായ അംഗങ്ങളാകും സംയുക്ത ബോർഡിൽ നിയോഗിക്കപ്പെടുക. ജല മലിനീകരണ നിയന്ത്രണ മേഖലകൾ പ്രഖ്യാപിക്കുക, വ്യവഹാരാദികൾ നടത്തുക മുതലായവയും സർക്കാരിൽ നിക്ഷിപ്തമായ ചുമതലകളാണ്. നിയമ-ചട്ട ലംഘനമോ നിഷേധമോ ഉണ്ടായാൽ കുറ്റവിചാരണ നടപടികൾ ആരംഭിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. മലിനീകരണ സംബന്ധിയായ പരിശോധനകൾ നടത്തുന്നതിലേക്കായിട്ടും റിപ്പോർട്ടുകൾ തയ്യാറാക്കാനായിട്ടുമാണ് അനലിസ്റ്റുകളെ നിയമിക്കുക. അത്തരം പരിശോധനകൾ ഏറ്റെടുത്തു നടത്തുന്നതിനാണ് കേന്ദ്ര-സംസ്ഥാന-മേഖലാ അടിസ്ഥാനത്തിൽ ലബോറട്ടറികൾ സ്ഥാപിക്കുകയോ നിലവിലുള്ളവക്ക് അംഗീകാരം നൽകി പ്രവർത്തിപ്പിക്കുകയോ ചെയ്യുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതോ നിയമലംഘനമോ നിഷേധമോ നടത്തുന്നതോ ആയ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശിക്കുക, നിയന്ത്രണ ഉപാധികൾ നടപ്പാക്കാൻ നിർദേശിക്കുക, സ്ഥലപരിശോധന നടത്തുക, റിപ്പോർട്ടുകൾ തയ്യാറാക്കുക, അനുമതിപത്രവും സാക്ഷ്യപത്രവും നൽകുക മുതലായവ മലിനീകരണ നിയന്ത്രണബോർഡിന്റെ കടമകളാണ്. എന്നാൽ നിർണയിക്കപ്പെടുന്ന നിബന്ധനകളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് മാത്രമേ ഇപ്രകാരം പ്രവേശിക്കാനോ പരിശോധന നടത്താനോ നിരീക്ഷണമേർപ്പെടുത്താനോ പാടുള്ളൂ. രേഖകളോ രജിസ്റ്ററുകളോ വിവരങ്ങളോ ആവശ്യപ്പെടാനും യന്ത്രസാമഗ്രികൾ കണ്ടുകെട്ടാനോ സാമ്പിളുകൾ ശേഖരിക്കാനോ ഉള്ള വ്യവസ്ഥയും നിയമത്തിലുണ്ട്. മലിനീകരണ നിയന്ത്രണ ഉപാധികൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും ആയതിനുള്ള ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കാനും നിയമം അനുശാസിക്കുന്നു. അടിയന്തിരഘട്ടത്തിൽ സത്വരപരിഹാര നടപടികൾ എടുക്കാനും നിയമം അധികാരപ്പെടുത്തുന്നു. കുറ്റവിചാരണ അധികാരം ഒന്നാംക്ലാസ് (മെട്രോപോളിറ്റൻ) ജുഡീഷ്യൽ മജിസ്‌ട്രേറ്റിൽ നിക്ഷിപ്തമാണ്. അപ്പീൽ റിവിഷൻ അധികാരം ജില്ലാകോടതികളിലും ഹൈക്കോടതിയിലും മാത്രമേ നിലനിൽക്കുകയുള്ളൂ. സ്ഥാപനങ്ങൾ, കമ്പനികൾ മുതലായവയുടെ നിർവഹണ കർത്താക്കൾക്ക് കൂട്ടായും വേറിട്ടതുമായ ബാധ്യത ഏല്പിക്കപ്പെടുന്നതാണ്. സർക്കാർ, പൊതുസ്ഥാപനങ്ങൾക്ക് 60 ദിവസ നോട്ടീസ് കാലയളവ് അനുവദനീയമാണ്. മാർഗനിർദേശ ലംഘനമോ നിഷേധമോ വിവരലഭ്യത തടസ്സപ്പെടുത്തലോ നടത്തിയാൽ 3 മാസം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടുംചേർത്തോ ശിക്ഷ വിധിക്കാവുന്നതാണ്. തുടർ കുറ്റകൃത്യത്തിന് 5000 രൂപ അധികപിഴ ഈടാക്കാവുന്നതാണ്. നിരോധന ഉത്തരവുകളുടെ ലംഘനമോ നിഷേധമോ പ്രാബല്യപിഴവോ സംഭവിച്ചാൽ ഒന്നര വർഷം മുതൽ ആറു വർഷംവരെ തടവോ പിഴയോ ശിക്ഷ നൽകാവുന്നതാണ്. തുടർ കുറ്റസ്ഥാപനത്തിൽ 5000 രൂപ വീതം അധികപിഴ ഈടാക്കാവുന്നതാണ്. ഒരു വർഷത്തിലധികം കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷം 2 മുതൽ 7 വരെ വർഷം തടവ്ശിക്ഷ വിധിക്കാവുന്നതാണ്. നിർമിതികളോ ഉപാധികളോ നശിപ്പിക്കുകയോ ഉപയോഗശൂന്യമാക്കുകയോ ചെയ്യുന്ന കുറ്റകൃത്യത്തിൽ 3 മാസംവരെ തടവോ 10000 രൂപ വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷിക്കാവുന്നതാണ്. വിഷാംശമോ ഹാനികരമായ വസ്തുവോ ഉപയോഗിച്ച് ജലമലിനീകരണം നടത്താനിടയാക്കുന്നവർക്ക് ഒന്നര വർഷം മുതൽ ആറുവർഷം വരെ തടവോ പിഴശിക്ഷയോ നൽകാനാകും. ഈ കുറ്റകൃത്യം ആവർത്തിക്കുന്ന 2 മുതൽ 7 വരെ വർഷം തടവിന് ശിക്ഷിക്കാവുന്നതാണ്. പ്രത്യേക ശിക്ഷ വിധിക്കപ്പെടാത്ത വ്യവസ്ഥകളുടെ ലംഘനമോ നിഷേധമോ തെളിയിക്കപ്പെട്ടാൽ 3 മാസം വരെ തടവിനോ 10000 രൂപ വരെ പിഴ ശിക്ഷക്കോ വിധിക്കാവുന്നതാണ്. ഒരേ കുറ്റകൃത്യം ആവർത്തിക്കപ്പെടുന്നപക്ഷം അത്തരക്കാരുടെ പേരുവിവരം പത്രപരസ്യം നൽകി പ്രസിദ്ധീകരിക്കാനും അതിനുള്ള ചെലവ് ഈടാക്കാനും നിയമം അനുശാസിക്കുന്നു. ജല ഉപഭോഗം നിയന്ത്രിക്കാനും അധിക ഉപയോഗത്തിന് അധിക ബാധ്യത ഏർപ്പെടുത്താനുമുള്ള നിയമം (വാട്ടർ സെസ്സ് ആക്ട്) 1978-ൽ നടപ്പാക്കുകയുണ്ടായി. കേരളത്തിലാകട്ടെ ഉപരിതല-ഭൂജല സ്രോതസ്സുകളുടെ ഉടമസ്ഥതയും നിയന്ത്രണവും സർക്കാരിൽ നിക്ഷിപ്തമാക്കിക്കൊണ്ട് 1994-ൽ നിയമം നിർമിക്കപ്പെടുകയുണ്ടായി. ഇതുപ്രകാരം അനുവദനീയമായ ശേഷിയിൽ അധികരിച്ച ശേഷിയുള്ള മോട്ടോർ പമ്പുകൾ ഉപയോഗിച്ച് ഭൂജല സ്രോതസ്സിൽ നിന്നോ ഉപരിതല ജലസ്രോതസ്സിൽ നിന്നോ ജലചൂഷണം നടത്തുന്നത് നിയന്ത്രണ വിധേയമാക്കിയിരിക്കുന്നു. കിണറുകൾ, കുഴൽക്കിണറുകൾ, ട്യൂബ് വെല്ലുകൾ മുതലായവയുടെ നിർമാണം, ഉപയോഗം എന്നിവയും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. സർക്കാരിൽനിന്നോ അധികൃതമാക്കപ്പെട്ട ഉദ്യോഗസ്ഥരിൽനിന്നോ അനുമതിതേടിക്കൊണ്ടല്ലാതെ ഈ തരത്തിൽ ഗാർഹിക-വാണിജ്യ-വ്യവസായ-കാർഷിക ആവശ്യങ്ങൾക്ക് ജലചൂഷണം അനുവദനീയമല്ല. നദീതട അടിസ്ഥാനത്തിൽ ജലവിഭവപരിപാലനം ഉറപ്പാക്കാനും ഈ നിയമം അനുശാസിക്കുന്നു. 2009-ൽ വിശദമായ ജലനയം രൂപപ്പെടുത്താനും സംസ്ഥാന സർക്കാർ നടപടിയെടുത്തിട്ടുണ്ട്.
അന്തരീക്ഷ പരിസ്ഥിതി സംരക്ഷണം
അന്തരീക്ഷ മലിനീകരണം അനിയന്ത്രിതമാകുന്ന കാലമാണിത്. ജനസംഖ്യാവളർച്ച, വ്യവസായ വളർച്ച, ഭൂമിശാസ്ത്രഘടനാവ്യതിയാനം, സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക സ്ഥിതി എന്നിവയെ എല്ലാം ആശ്രയിച്ചാണ് ഈ സാഹചര്യം മാറുന്നത്. നഗരവത്കരണം, വാഹന ഉപയോഗം, ക്ലോറോഫ്‌ളൂറോ കാർബണുകൾ മുതലായവയെല്ലാം ഇതിൽ പങ്കുവഹിക്കുന്നു. മുമ്പ് നിലവിലിരുന്ന ചില നിയമങ്ങൾ അന്തരീക്ഷമലിനീകരണവുമായി ബന്ധപ്പെട്ടുള്ളവയായിരുന്നു. ഫാക്ടറീസ് & ബോയിലേഴ്‌സ് ആക്റ്റ് 1923, ഫാക്ടറീസ് ആക്റ്റ് 1948 എന്നിവ ഇതിൽ പ്രധാനമായിരുന്നു. വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സുരക്ഷിത തൊഴിലിടവും ആരോഗ്യസുരക്ഷാ ഉപാധികളും വിനോദവിശ്രമ സൗകര്യവും ഏർപ്പെടുത്തുന്നതിനും തൊഴിലിടങ്ങളിൽ ഉണ്ടാകേണ്ടുന്ന സുരക്ഷാക്രമീകരണങ്ങൾ സംബന്ധിച്ചും ഈ നിയമങ്ങൾ വ്യവസ്ഥപ്പെടുത്തുന്നു. അന്തരീക്ഷ (മലിനീകരണ നിയന്ത്രണ-നിരോധന) നിയമം 1981 ഏറെ പ്രധാനമാണ്. വായുമലിനീകരണ നിയന്ത്രണ മേഖല പ്രഖ്യാപിക്കുക, മാനദണ്ഡനിബന്ധനകൾക്ക് രൂപം നൽകുക, നിയന്ത്രണ നിരോധന നിർദേശം നടപ്പാക്കുക, ബോധവത്കരണം, പ്രചാരണം മുതലായവ സംഘടിപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഏല്പിക്കപ്പെട്ടിട്ടുള്ള വായുമലിനീകരണ നിയന്ത്രണ ബോർഡുകളുടെയും പരിശോധനാ ലാബുകളുടെയും രൂപീകരണവും വ്യവസ്ഥാപനവും ഈ നിയമവും അനുശാസിക്കുന്നു. എല്ലാവിധ അന്തരീക്ഷ മലിനീകരണവും ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു. ഗാർഹികം, വ്യാവസായികം, വാണിജ്യം, ഗതാഗതം മുതലായ മലിനീകാരക സ്രോതസ്സുകൾ നിയന്ത്രിക്കാനാണ് ഈ നിയമം. പൊടിപടലങ്ങൾ, രാസവസ്തുക്കൾ, വാതകങ്ങൾ മുതലായവ ഈ മലിനീകാരകങ്ങളിൽപ്പെടുന്നു. 1987-ൽ ചില ഭേദഗതികൾ നിയമത്തിൽ വരുത്തുകയുണ്ടായി. അതുവഴി വിവരശേഖരണം, പരിഹാര നടപടി നിർ ദേശം, ശിക്ഷാക്രമവ്യവസ്ഥകൾ എന്നിവക്കുള്ള അധികാരം ബോർഡിൽ നിക്ഷിപ്തമാക്കപ്പെട്ടു. ഫലപ്രദമായ കോടതി ഉപാധികൾ ഏർപ്പെടുത്താനും നിയമം അനുശാസിക്കുന്നു. വായുമലിനീകരണ നിയന്ത്രണ ബോർഡുകളുടെ ഘടന, രൂപീകരണം, കർത്തവ്യം, അധികാരം മുതലായവ ജലമലിനീകരണ നിയന്ത്രണബോർഡുകളുടേതിന് സമാനം തന്നെയാണ്. അന്തരീക്ഷ മലിനീകരണ നിലവാര തോതുകൾ നിർണയിക്കുക, അവ പ്രാവർത്തികമായി നിയന്ത്രിക്കുക, അതിനുതകുംവിധം വ്യവസായ-വാണിജ്യ കേന്ദ്രങ്ങൾക്ക് സ്ഥാനനിർദേശം നൽകുക, അന്തരീക്ഷ മലിനീകാരകങ്ങൾ കത്തിക്കുക, അവശിഷ്ടങ്ങൾ പുറന്തള്ളുക, വാഹനപുക പുറന്തള്ളുക മുതലായ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു. വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾക്ക് ഉപാധികളോടെ അനുമതി നൽകാനും നിർദിഷ്ട വ്യവസ്ഥകൾ പാലിക്കാത്തപക്ഷം അനുമതി റദ്ദാക്കാനും തീരുമാനം പുനഃപരിശോധനക്കും നിയമം മലിനീകരണ നിയന്ത്രണബോർഡിന് ചുമതല നൽകുന്നു. വകുപ്പ് 21 പ്രകാരം മലിനീകരണ നിയന്ത്രണ ഉപാധികളുടെ നിലവാര നിർണയം അനുമതി നൽകൽ, യന്ത്രോപാധികൾക്ക് ആവശ്യമായ പരിഷ്‌കാരം നിർദേശിക്കൽ, ചിമ്മിനികൾ, പുകക്കുഴലുകൾ, ഇൻസിനറേറ്ററുകൾ മുതലായവയുടെ മാനദണ്ഡം നിർണയിക്കൽ തുടങ്ങിയവയും ബോർഡിനെ ഭരമേൽപിക്കുന്നു. നിയമപാലനത്തിൽ പരാജയപ്പെടുന്ന പക്ഷം 6 മാസം മുതൽ 6 വർഷം വരെ തടവോ 5000 രൂപ വരെ പിഴയോ കുറ്റം ആവർത്തിക്കുന്ന പക്ഷം 5000 രൂപാവീതം അധികപിഴയും ഏർപ്പെടുത്താൻ നിയമം അനുശാസിക്കുന്നു. ഒരു വർഷത്തിലധികം കുറ്റം ആവർത്തിച്ചാൽ 2-7 വർഷം വരെ തടവുശിക്ഷ ദീർഘിപ്പിക്കാനും ഉത്തരവുകളുടെ ലംഘനത്തിൽ 3 മാസം വരെ തടവോ 10,000 രൂപ വരെ പിഴയും ആവർത്തിതകുറ്റത്തിന് 5000 രൂപവരെ അധികപിഴയും വിധിക്കാവുന്നതാണ്. ശബ്ദമലിനീകരണം. കേൾക്കുന്നവർക്ക് അസഹ്യവും ശല്യകാരിയുമായ പരിധിയിലുള്ള ശബ്ദത്തെയാണ് ശബ്ദമലിനീകരണം എന്നതുകൊണ്ട് അർഥമാക്കുക. മാനസിക-ശാരീരിക സ്വാസ്ഥ്യം നശിപ്പിക്കുന്നതോ ക്ഷമതഹനിക്കുംവിധം ഉള്ളതോ ആയ ശബ്ദത്തെയും ഇതിൽപ്പെടുത്താം. വ്യവസായ-വാണിജ്യ-സാങ്കേതിക ഉറവിടങ്ങളിൽ നിന്ന് ശബ്ദമലിനീകരണം ഉണ്ടാകാം. നിയമപരവും പ്രായോഗികവുമായ പരിഹാരങ്ങൾ തേടാവുന്നതാണ്. സമയം, ദൂരം, സ്ഥായി മുതലായവക്ക് പരിധി നിർണയിച്ചുള്ള നിയന്ത്രണമാണ് ഒരു മാർഗം. നിയന്ത്രണ-നിരോധന ഉപാധിയാണ് മറ്റൊരു മാർഗം. ഇതാകട്ടെ വ്യത്യസ്ത നിയമങ്ങളിൽ വ്യത്യസ്ത നിലയിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. - ഇന്ത്യൻ ശിക്ഷാനിയമം - 1860 - പോലീസ് ആക്റ്റ് - 861-2009 - മോട്ടോർവാഹന നിയമം - 1989 - ക്രിമിനൽ നടപടിക്രമസംഹിത - 1973 മുതലായവയിലും ഇതിനുതകുന്ന നിയമവ്യവസ്ഥകൾ ഉണ്ട്. ശബ്ദമലിനീകരണ നിയന്ത്രണ നടപടിക്കുള്ള അധികാരവും ഉച്ചഭാഷണി ഉപയോഗ അനുമതി അധികാരവും ജില്ലാ മജിസ്‌ട്രേറ്റുകളിൽ നിക്ഷിപ്തമാണ്. പരാതി സമർപ്പിക്കപ്പെട്ടാൽ 60 ദിനങ്ങൾക്കുള്ളിൽ പരിഹാരം ലഭിക്കണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട ജില്ലാകോടതിയെ സമീപിക്കാവുന്നതാണ്.
പരിസ്ഥിതി സംരക്ഷണ നിയമ-ചട്ടങ്ങൾ
ഇന്ത്യയിൽ പരിസ്ഥിതി പരിപാലനം, സംരക്ഷണം, മെച്ചപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ട് നിർമിച്ച സമഗ്ര നിയമമാണ് 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമം. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ഭൗമപരിസ്ഥിതി സംബന്ധിച്ച ഉച്ചകോടിയുടെ പ്രഖ്യാപന സാധൂകരണവും ഈ നിയമത്തിന് പിന്നിലുണ്ട്. ഘടനയിലും ഉള്ളടക്കത്തിലും ലഘുവും ഋജുവുമായതാണ് ഈ നിയമം. 1986 നവംബർ 19-ന് ഇന്ത്യയിലാകെ ബാധകമാകുംവിധമാണ് ഈ നിയമം വിജ്ഞാപനം ചെയ്യപ്പെട്ടത്. ജമ്മുകാശ്മീരും വിദൂരദുർഘടപ്രദേശങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടെ ഈ നിയമപരിധിയിൽ വരുന്നു. സംയുക്ത പട്ടികയിൽ പെടുന്നതായ പരിസ്ഥിതി വിഷയത്തിൽ കേന്ദ്രസർക്കാരിന് നിർണായക അധികാരം ഭരമേൽപിക്കുന്നതായ വ്യവസ്ഥകൾ ഇതിൽ പെട്ടിരിക്കുന്നു. പരിസ്ഥിതി, പരിസ്ഥിതി മലിനീകരണം, മലിനീകാരകർ എന്നീ പദങ്ങൾ സമഗ്രമായി നിർവചിക്കാൻ ഈ നിയമം ശ്രമിക്കുന്നു. ജലം, വായു, മണ്ണ് എന്നിവയും അവയും അവയിലുള്ള മനുഷ്യർ, ഇതര ജീവജാലങ്ങൾ, സസ്യജാലങ്ങൾ, സൂക്ഷ്മാണുജീവികൾ, ഇതരസമ്പത്തുകൾ എന്നിവയും അവക്കിടയിലും അവ തമ്മിലുമുള്ള പാരസ്പര്യത്തെയാണ് പരിസ്ഥിതി എന്നത് അർഥമാക്കുക. പരിസ്ഥിതിക്ക് ഹാനികരമാകുന്നത്ര അളവിലോ സാന്ദ്രതയിലോ ഏതെങ്കിലും ഖര, ദ്രവ, വാതക അവസ്ഥയിലുള്ള പദാർഥത്തിന്റെ സാന്നിധ്യം ഉണ്ടാകുന്നതിനെ മലിനീകരണം എന്ന് നിർവചിക്കുന്നു. പ്രസ്തുത പദാർഥമാണ് മലിനീകാരകങ്ങൾ. പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നതോ പ്രേരകമാകുന്നതോ ആയ കൃത്യത്തിന് ഉത്തരവാദിയായവരെയാണ് മലിനീകാരകർ എന്ന് വിളിക്കുക. സ്ഥാപനങ്ങൾ, സംരംഭങ്ങൾ, സംഘങ്ങൾ തുടങ്ങിയവയിൽ തത്സമയം അതിന്റെ ചുമതല വഹിച്ചിരുന്നവരെയാണ് പരിസ്ഥിതി മലിനീകരണ ബാധ്യതയുള്ളതായി കരുതുക. ഈ നിയമത്തിന്റെ രണ്ടാം അധ്യായം കേന്ദ്രസർക്കാരിന്റെ പൊതു അധികാരങ്ങൾ വ്യവസ്ഥപ്പെടുത്തുന്നു. പരിസ്ഥിതി നിലവാരം ഉയർത്താനും നിലവിലുള്ള പരിസ്ഥിതി പരിരക്ഷിക്കാനും പരിസ്ഥിതി മലിനീകരണം തടയാനും കുറയ്ക്കാനും നിയന്ത്രിക്കാനും പ്രതിരോധിക്കാനും കഴിയുംവിധമുള്ള ഏതു നടപടി സ്വീകരിക്കുന്നതിനുമുള്ള അധികാരം ഇതുവഴി കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണ്. ഈ പൊതു അധികാരത്തിന് അനുരോധമായിട്ടുള്ള സവിശേഷ അധികാരങ്ങളും കേന്ദ്രസർക്കാരിന് ഏല്പിച്ചുകൊടുക്കുന്നു. - ദേശവ്യാപകമായ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളുടെ രൂപീകരണവും നടത്തിപ്പും നിർവഹിക്കുക - നിയമ-ചട്ടങ്ങളുടെ നിർവഹണ ഏകോപനം നടത്തുക - പരിസ്ഥിതി ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിക്കുക - മാലിന്യ നിർഗമനം, മാലിന്യ സംസ്‌കരണം, മാലിന്യ നിർമാർ ജനം എന്നിവക്കുള്ള മാനദണ്ഡങ്ങളും രീതികളും നിശ്ചയിക്കുക. - സ്ഥാപന നടത്തിപ്പിന് മേലുള്ള പരിസ്ഥിതി നിയന്ത്രണവും സുരക്ഷാ ഉപാധികളും നിശ്ചയിക്കുക. - പരിസ്ഥിതി ദുരന്ത പ്രതിരോധവും നിവാരണ നടപടികളും പരിഹാര ഉപാധികളും വ്യവസ്ഥപ്പെടുത്തുക. - അപകടകാരികളായ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ സത്വര സുരക്ഷാ ഉപാധികൾ നിശ്ചയിക്കുക. - പരിസ്ഥിതി മലിനീകരണ സാധ്യതയുള്ള വസ്തുക്കളുടെ ഉൽപാദനരീതികൾ പരിശോധനാ വിധേയമാക്കുക. - പരിസ്ഥിതി സംബന്ധിയായ സ്ഥലപരിശോധനകളും മലിനീകരണ നിയന്ത്രണ-നിരോധന നടപടികളും ഉറപ്പാക്കുക. - പരിസ്ഥിതി പഠനസ്ഥാപനങ്ങൾ ആരംഭിക്കുകയും അംഗീകാരം നൽകുകയും ചെയ്യുക. - പരിസ്ഥിതി സംബന്ധ സ്ഥിതിവിവരശേഖരണവും വിനിമയവും ഉറപ്പാക്കുക. - പരിസ്ഥിതി സംരക്ഷണ മാന്വൽ തയ്യാറാക്കി പ്രാവർത്തികമാക്കുക. - പരിസ്ഥിതി സംരക്ഷണ ലക്ഷ്യം മുൻനിർത്തി പ്രായോഗികവും കാര്യക്ഷമവും ഉചിതവുമായ ഏതൊരു നടപടിയും പ്രായോഗികമാക്കുക. എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങൾ കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കപ്പെടുന്നു. ഇതിനാവശ്യമായ അധികൃതസ്ഥാനങ്ങൾ, സ്ഥാപനങ്ങൾ എന്നിവക്ക് രൂപം നൽകാനും നടപ്പാക്കാനും കേന്ദ്രസർക്കാരിന് അധികാരമുണ്ട്. ഇതിന് അനുരോധമാംവിധം ഉദ്യോഗസ്ഥ സംവിധാനം നിയോഗിക്കാനും അവരുടെ ചുമതലക്കും അധികാരങ്ങളും നിർണയിച്ചേല്പിക്കാനും കേന്ദ്രസർക്കാരിന് ഉത്തരവാദിത്തമുണ്ട്. മാർഗനിർദേശ അധികാരം. നിലവിലിരിക്കുന്ന മറ്റേതൊരു നിയമവും എന്തുതന്നെ അനുശാസിച്ചിരുന്നാലും ഈ നിയമത്താൽ കേന്ദ്രസർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതലകളും കർത്തവ്യങ്ങളും നിറവേറ്റുന്നതിനായി രേഖാമൂലമുള്ള മാർഗനിർദേശങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിന് ഉണ്ടായിരിക്കുന്നതാണ്. അത്തരം ഉത്തരവുകൾ നൽകപ്പെട്ടവർക്ക് അവ പാലിക്കുന്നതിന് ബാധ്യത ഉണ്ടായിരിക്കുന്നതുമാണ്. ഈ അധികാരത്തിൻകീഴിൽ ഏതെങ്കിലും വ്യവസായമോ വ്യവസായ പ്രക്രിയയോ പ്രവൃത്തിയോ നിയന്ത്രിക്കാനോ നിരോധിക്കാനോ അടച്ചുപൂട്ടാനോ വേണ്ടിയിട്ടോ അവയ്ക്കുള്ള ഭൗതിക-പശ്ചാത്തല സൗകര്യം, അസംസ്‌കൃതവിഭവ ലഭ്യത എന്നിവ തടയാനോ നിർദിഷ്ട ഉത്തരവുകൾ പരിഷ്‌കരിക്കാനോ വേണ്ടി മാർഗനിർദേശമോ പുതിയ ഉത്തരവോ നൽകാവുന്നതാണ്. ചട്ടങ്ങൾ നിർമിക്കാനുള്ള അധികാരം. പരിസ്ഥിതി പരിപാലനം, സംരക്ഷണം, മെച്ചപ്പെടുത്തൽ എന്നിവ മുൻനിർത്തി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദവും പ്രായോഗികവുമായ ചട്ടങ്ങൾ തയ്യാറാക്കാനും വിജ്ഞാപനം ചെയ്യാനും പ്രാബല്യം നൽകാനുമുള്ള അധികാരം കേന്ദ്രസർക്കാരിനുണ്ട്. പൊതുചട്ടങ്ങൾക്ക് അനുരോധമായി സവിശേഷ കാര്യങ്ങളിൽ പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കാനുള്ള അധികാരവും കേന്ദ്രസർക്കാരിന് ഏല്പിച്ചുകൊടുക്കുന്നു. ഇതനുസരിച്ച് പരിസ്ഥിതി ഗുണനിലവാര മാനദണ്ഡം നിർണയിച്ചു പ്രഖ്യാപിക്കുക, പരിസ്ഥിതി മലിനീകരണ പരിധിയുടെ തോത് നിർണയിച്ച് പ്രഖ്യാപിക്കുക, പരിസ്ഥിതി കാര്യവിഷയങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിച്ച് നടപടിക്രമം നിർണയിക്കുക, ഇവ നടപ്പാക്കാനായി അതത് മേഖലകളിൽ ചട്ടം രൂപീകരിച്ച് പ്രാവർത്തികമാക്കുക എന്നീ ചുമതലകൾ കേന്ദ്രസർക്കാരിൽ നിക്ഷ്പിതമാണ്. കേന്ദ്ര വനം-പരിസ്ഥിതി കാര്യ മന്ത്രാലയമാണ് ഈ കാര്യങ്ങൾക്കായി ചുമതലപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇപ്രകാരം പുറപ്പെടുവിക്കപ്പെട്ടിരിക്കുന്ന ചട്ടങ്ങളുടെ സംഗ്രഹിത വിവരം അന്യത്ര ചേർക്കുന്നു. മലിനീകരണ നിയന്ത്രണവും നിരോധനവും. ഈ നിയമത്തിന്റെ മൂന്നാം അധ്യായം പരിസ്ഥിതി മലിനീകരണ നിയന്ത്രണവും നിരോധനവും സംബന്ധമായിട്ടുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു. വ്യവസായ സ്ഥാപനം, പ്രക്രിയ, പ്രവൃത്തി എന്നിവ നടത്തുന്ന ഏതൊരാളും അനുവദനീയ മാനദണ്ഡത്തിന് ഉപരി മാലിന്യങ്ങൾ പുറന്തള്ളാൻ അവസരം സൃഷ്ടിക്കരുതെന്നതാണ് ഇതിൽ പ്രധാനവ്യവസ്ഥ. നിർദിഷ്ട അധികാരസ്ഥർ പ്രസ്തുത പരിധി നിർണയിച്ച് വിജ്ഞാപനം ചെയ്യുന്നതാണ്. അപകടകാരികളായ വസ്തുവകകൾ കൈകാര്യം ചെയ്യുന്നവർ തത്സംബന്ധമായ സുരക്ഷാ വ്യവസ്ഥകളും നടപടിക്രമവും നിർബന്ധിതമായും പാലിച്ചിരിക്കണമെന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ. അപ്രതീക്ഷിതമോ അപ്രതിരോധ്യമോ യാദൃശ്ചികമോ ആയ സാഹചര്യത്തിൽ അനുവദനീയ അളവിൽ അധികം മാലിന്യം പുറന്തള്ളപ്പെടുകയോ പരിസ്ഥിതി വിനാശത്തിനിടയാക്കുകയോ ചെയ്താൽ ആയതിനുള്ള പരിഹാര ഉപാധികൾ അവയുടെ നടത്തിപ്പ് അടക്കം വിവരങ്ങളും നടപടിക്രമവും നിശ്ചയിക്കപ്പെടുന്ന അധികാരസ്ഥർക്ക് ലഭ്യമാക്കാനുള്ള ഉത്തരവാദിത്തവും നിയമം അനുശാസിക്കുന്നു. അന്വേഷണവും പരിശോധനയും. ഈ നിയമ-ചട്ട വ്യവസ്ഥകൾക്കനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയോഗിക്കുന്നതും അധികാരപ്പെടുത്തുന്നതുമായ ഉദ്യോഗസ്ഥർക്ക് മുൻകൂർ അറിവുനൽകിക്കൊണ്ടും ആവശ്യമായ പിന്തുണ ഉറപ്പാക്കിക്കൊണ്ടും യുക്തമായ സന്ദർഭത്തിൽ, തങ്ങളിൽ നിക്ഷിപ്തമായ കർത്തവ്യപാലനത്തിനായിട്ടോ ഈ നിയമ-ചട്ട പ്രാബല്യത്തിനായിട്ടോ ഉത്തരവുകളുടെയോ മാർഗനിർദേശങ്ങളുടെയോ നിർവഹണത്തിനായിട്ടോ അത്തരം ഘടകങ്ങളുടെ ലംഘനമോ നിഷേധമോ സംഭവിക്കുന്നത് അറിയുന്നതിനായിട്ടോ ഏതൊരു സ്ഥാപനത്തിലോ സ്ഥലത്തോ പ്രവേശിക്കുന്നതിനും അന്വേഷണമോ പരിശോധനയോ വിവരശേഖരണമോ നടത്തുന്നതിനും അധികാരമുണ്ടായിരിക്കുന്നതാണ്. ഇത്തരം നടപടികളുടെ ഭാഗമായി രേഖയോ രജിസ്റ്ററോ വിവരമോ കൈവശത്തിലെടുക്കുന്നതിനും തെളിവുകൾ കണ്ടുകെട്ടുന്നതിനും നിയമ-ചട്ടലംഘനം തെളിയിക്കപ്പെടുന്ന പക്ഷം ശിക്ഷ ഉറപ്പാക്കുന്നതിലേക്ക് പ്രസ്തുത തെളിവുകൾ പ്രയോജനപ്പെടുത്തുന്നതിനും കഴിയുന്നതാണ്. പരിശോധനയോ അധ്വാനമോ തടയുന്നതോ ഒഴിവാക്കുന്നതോ കുറ്റകരമായി കരുതാവുന്നതും ശിക്ഷ ലഭിക്കാവുന്നതുമാണെന്നും നിയമം അനുശാസിക്കുന്നു. മാതൃകയും സാമ്പിളും സമാഹരിക്കുക. ഈ നിയമ-ചട്ടപരിപാലനം മുൻനിർത്തിയുള്ള പരിശോധനയുടെയും അന്വേഷണത്തിന്റെയും ഭാഗമായി നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് അധികൃതമാക്കപ്പെട്ട ഉദ്യോഗസ്ഥർക്ക്, ബന്ധപ്പെട്ട വസ്തുക്കളുടെ മാതൃകയോ സാമ്പിളോ സമാഹരിക്കാനോ ശേഖരിക്കാനോ പരിശോധനക്ക് അയക്കാനോ ഉള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിശോധനാഫലങ്ങൾക്ക് പരിസ്ഥിതി തർക്കങ്ങളിൽ ആധികാരികതെളിവ് മൂല്യം ഉണ്ടായിരിക്കുന്നതാണ്. പരിസ്ഥിതി ലബോറട്ടറികൾ, അനലിസ്റ്റുകൾ. ഈ നിയമ-ചട്ടങ്ങളുടെ നിർവഹണം മുൻനിർത്തി ദേശീയ-മേഖല-സംസ്ഥാന തലങ്ങളിൽ പരിശോധനാ ലബോറട്ടറികൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനും അല്ലെങ്കിൽ നിലവിലുള്ള ലാബുകൾക്ക് ഇതിലേക്കായി അംഗീകാരം നൽകി പ്രവർത്തിപ്പിക്കുന്നതിനും കേന്ദ്രസർക്കാരിന് അധികാരമുണ്ട്. മണ്ണ്, വായു, ജലം, ഇതര പദാർഥങ്ങൾ എന്നിവയുടെ മാതൃകയോ സാമ്പിളോ പരിശോധനക്കായി സമർപ്പിക്കാനും പരിശോധന നടത്താനും ഉള്ള നടപടിക്രമം നിർദേശിക്കാനും അതിലേക്കാവശ്യമായ ചാർജ്/ഫീസ് നിരക്ക് നിർണയിക്കാനും അനുബന്ധവിഷയങ്ങൾ തീരുമാനിക്കാനും കേന്ദ്രസർക്കാരിന് അധികാരമുണ്ട്. ശിക്ഷാനിയമം. ഈ നിയമ-ചട്ടങ്ങളുടെ ലംഘനമോ നിഷേധമോ തെളിയിക്കപ്പെടുന്ന പക്ഷം പ്രഥമ കുറ്റസ്ഥാപനത്തിൽ പരമാവധി 5 വർഷം വരെ തടവോ 1,00,000/- രൂപ വരെ പിഴയോ ശിക്ഷ ലഭിക്കാവുന്നതാണ്. ആവർത്തിക്കപ്പെടുന്ന കുറ്റകൃത്യത്തിൽ ദിനംപ്രതി 5000 രൂപ വരെ അധിക പിഴ ഈടാക്കുന്നതാണ്. ഒരു വർഷക്കാലത്തിലധികം കുറ്റകൃത്യം ആവർത്തിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് 7 വർഷം വരെ തടവ് ദീർഘിപ്പിക്കാവുന്നതാണ്. കമ്പനികൾ, കോർപ്പറേഷനുകൾ, സ്ഥാപനങ്ങൾ മുതലായവ കുറ്റാരോപണ വിധേയമാക്കപ്പെടുന്നപക്ഷം തത്സമയം അവയുടെ ചുമതല വഹിച്ചിരുന്നവർ ഒറ്റയ്ക്കും കൂട്ടായും ശിക്ഷാവിധേയരാക്കപ്പെടുന്നതാണ്. സാധ്യമാകുന്നത്ര കരുതലും പ്രതിരോധവും സ്വീകരിച്ചിരുന്നതായി തെളിയിക്കാനായാൽ ഒഴിവുകഴിവ് ലഭിക്കാവുന്നതാണ്. സർക്കാർ വകുപ്പുകളുടെയോ സ്ഥാപനങ്ങളുടെയോ കാര്യത്തിൽ അവയുടെ മേലധികാരസ്ഥർക്കായിരിക്കും ബാധ്യത ഏല്പിക്കപ്പെടുക. എന്നാൽ നിയമാനുസൃതം ഉത്തമ താൽപര്യത്തോടെ എടുക്കുന്ന നടപടികൾക്ക് ചട്ടമനുസരിച്ചുള്ള പരിരക്ഷ ലഭ്യമാകുന്നതാണ്. പരിസ്ഥിതിചട്ടങ്ങൾ. പരിസ്ഥിതി സംരക്ഷണ നിയമപ്രാബല്യത്തിനായി പരിസ്ഥിതി നിയമവ്യവസ്ഥകൾക്ക് പ്രാബല്യം നൽകുന്നതിനായുള്ള ചട്ടങ്ങൾ. 1. മാലിന്യപരിധിയും മലിനീകരണ മാനദണ്ഡവും നിശ്ചയിക്കുക 2. സുരക്ഷാമാനദണ്ഡവും നടപടിക്രമവും നിശ്ചയിക്കുക. 3. മാലിന്യനിക്ഷേപം, സംസ്‌കരണം, നിർമാർജനം എന്നിവ സംബന്ധിച്ച നടപടിക്രമം. 4. മാതൃകയോ സാമ്പിളോ പരിശോധനക്കെടുക്കുന്ന നടപടിക്രമം. 5. പരിസ്ഥിതി ലബോറട്ടറികളുടെയും പരിശോധനകളുടെയും നടപടിക്രമം. 6. സർക്കാർ അനലിസ്റ്റുകളുടെ സ്ഥാനനിർദേശവും നിയമനവും സംബന്ധിച്ച വ്യവസ്ഥകൾ. 7. പരാതികളുടെയും തീരുമാനങ്ങളുടെയും സമയക്രമം, നടപടിക്രമം മുതലായവ നിർണയിക്കുക. 8. റിപ്പോർട്ടുകൾ, പത്രികകൾ മുതലായ സമർപ്പിക്കേണ്ടതായ നടപടിക്രമവും അധികാരസ്ഥരെയും നിശ്ചയിക്കുക. 9. രൂപപ്പെടുത്തുന്ന ചട്ടങ്ങൾ അംഗീകാരത്തിനായി പാർലമെന്റിൽ സമർപ്പിക്കുക എന്നീ കൃത്യങ്ങൾ ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നിർവഹിക്കുന്നു 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിന്റെ അധികാരതക്കു കീഴിൽ പിന്നീട് വിവിധ ചട്ടങ്ങൾ രൂപീകരിച്ച് വിജ്ഞാപനം ചെയ്യപ്പെട്ടു. അവ കൂടി ഉൾപ്പെടുത്തി മാത്രമേ പരിസ്ഥിതി പരിപാലന നടപടികൾ നിർണയിക്കാനും നടപ്പാക്കാനും കഴിയുകയുള്ളൂ. ഇതിൽത്തന്നെ ചില ചട്ടങ്ങൾ ആവർത്തിച്ച് പരിഷ്‌കരിക്കപ്പെട്ടു. പലതും പുതുക്കലിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ഇവിടെ വിശദമായി അവ ഓരോന്നും പ്രതിപാദിക്കുക ദുഷ്‌കരമാണ്. ആവശ്യാനുസരണം പരിശോധനാ വിധേയമാക്കാൻ സഹായകമായി സൂചിപ്പിക്കുക മാത്രം ചെയ്യുന്നു.
- പരിസ്ഥിതി (സംരക്ഷണ) ചട്ടങ്ങൾ-1986. മൂലനിയമത്തിന് പ്രാധാന്യം നൽകുന്നതിനായി രൂപപ്പെടുത്തിയ ചട്ടങ്ങൾ അവ ബാധകമാക്കപ്പെടുന്നവർ, മാലിന്യസംസ്‌കരണ-നിർഗമന ബഹിഷ്‌കരണ ഉപാധികൾ, മലിനീകരണ നിയന്ത്രണ ഉപാധികൾ, വ്യവസായസ്ഥാപന അനുമതി നടപടികൾ, പരിശോധനാ വ്യവസ്ഥകൾ, നിയന്ത്രണ-നിരോധന വ്യവസ്ഥകൾ എന്നിവ ഇതിൽ പരാമർശിക്കുന്നു.
- അപായകരമായ മാലിന്യങ്ങൾ (പരിപാലനവും കൈകാര്യവും) ചട്ടങ്ങൾ-1989-മാലിന്യങ്ങൾ, അപായകരവും അപകടതരവുമാണെങ്കിൽ, ഇതര നിയമ-ചട്ടങ്ങളാൽ അവ വ്യവസ്ഥപ്പെട്ടിട്ടില്ലെന്നിരിക്കിൽ, അവയുടെ പരിപാലനത്തിനുള്ള നടപടികൾ ഈ ചട്ടം അനുശാസിക്കുന്ന മലിനജലം, നഗരഖരമാലിന്യം, വായുമാലിന്യങ്ങൾ, സമുദ്രയാനമാലിന്യങ്ങൾ, റേഡിയോ ആക്റ്റീവ് മാലിന്യങ്ങൾ, ബയോ-മെഡിക്കൽ മാലിന്യങ്ങൾ, ലെഡ് ബാറ്ററി മാലിന്യങ്ങൾ, ഇലക്‌ട്രോണിക മാലിന്യങ്ങൾ മുതലായവ ഒഴികെയുള്ള മാലിന്യങ്ങൾക്കാണ് ഈ ചട്ടം ബാധകമാകുക.
- ഹാനികരമായ രാസവസ്തു (ഉൽപാദനം, ഇറക്കുമതി, സംഭരണം) സംബന്ധമായ ചട്ടങ്ങൾ-1989. പിന്നീട് വിവിധ സന്ദർഭങ്ങളിൽ ഭേദഗതി ചെയ്യപ്പെട്ടു. ചട്ടത്തിൽ പട്ടികപ്പെടുത്തിയിട്ടുള്ള രാസവസ്തുക്കൾക്കാണ് ബാധകമാക്കപ്പെടുക.
- രാസവസ്തുക്കൾ (അടിയന്തിരഘട്ട പ്രതിവിധി ആസൂത്രണ മുൻകരുതൽ) ചട്ടങ്ങൾ-1996. അവിചാരിതമോ അപ്രതീക്ഷിതമോ അടിയന്തിരമോ ആയ യാദൃച്ഛിക സംഭവമോ പ്രതിസന്ധിയോ ദുരന്തമോ ഒറ്റപ്പെട്ടതായോ ആവർത്തിച്ചോ തുടർച്ചയായോ ഉണ്ടാകുകയോ തന്മൂലം മനുഷ്യനോ പ്രകൃതിക്കോ പരിസ്ഥിതിക്കോ വിനാശം സംഭവിക്കുകയോ ചെയ്യുന്നതിനിടയാക്കുന്ന രാസാപകടങ്ങൾ ആണ് ഈ ചട്ടത്തിൽ പരാമർശിക്കപ്പെടുന്നത്.
- ശബ്ദ മലിനീകരണം (നിയന്ത്രണവും നിരോധനവും) ചട്ടങ്ങൾ (1999) 2000. ശബ്ദ മലിനീകരണ നിയന്ത്രണ മേഖലകൾ പ്രഖ്യാപിക്കുക, നിബന്ധനകളും മാനദണ്ഡവും പ്രഖ്യാപിക്കുക എന്നിവക്കായുള്ള ചട്ടമാണ് ഇത്.
- ഓസോൺ ക്ഷയോന്മുഖ വസ്തു (നിയന്ത്രണവും തടസ്സവും) ചട്ടങ്ങൾ-1997.
- നഗര ഖരമാലിന്യ (പരിപാലന-സംസ്‌കരണ) ചട്ടങ്ങൾ-2000. (2016 വരെ വിവിധ സന്ദർഭങ്ങളിൽ പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചു). നഗരഖരമാലിന്യങ്ങൾ വേർതിരിച്ച്, ശേഖരിച്ച്, സമാഹരിച്ച്, സംസ്‌കരിച്ച്, നിർമാർജനം ചെയ്യാൻ വ്യക്തി, സമൂഹം, പ്രാദേശിക ഭരണകൂടം, സ്റ്റേറ്റ് എന്നിവക്കുള്ള ഉത്തരവാദിത്തമാണ് നിയമം ഇപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്നത്. ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് വ്യവസ്ഥപ്പെടുത്തുന്നു.
- നിർമാണ-നിഗ്രഹണ മാലിന്യ (നിർമാർജന) ചട്ടങ്ങൾ-2015. കെട്ടിടങ്ങളുടെയും ഇതര നിർമിതികളുടെയും ആയവ നീക്കം ചെയ്യുകയോ പൊളിയുകയോ ചെയ്യുന്നതിന്റെയും ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളുടെ പരിപാലനവും നിർമാർജനവും ചട്ടം വ്യവസ്ഥപ്പെടുത്തുന്നു.
- ബാറ്ററി (പരിപാലനവും കൈകാര്യവും) ചട്ടങ്ങൾ-2001. ലെഡ് അനുബന്ധ ഉപാധികൾ ഉപയോഗിച്ചുള്ള ബാറ്ററികളുടെ ഇറക്കുമതി, സംഭരണം, ശേഖരണം, വിപണനം, സംസ്‌കരണം, നിർമാർജനം ഇവ സംബന്ധിച്ച ചട്ടം.
- പരിസ്ഥിതി പ്രത്യാഘാതപഠന-ഓഡിറ്റ് ചട്ടങ്ങൾ പ്രാരംഭ പ്രത്യാഘാത പഠനവും ആവർത്തിത പ്രത്യാഘാത അവലോകനവും വ്യവസ്ഥപ്പെടുത്തുന്നു.
- ഇലക്ട്രിക്കൽ-ഇലക്‌ട്രോണിക മാലിന്യ (പരിപാലന-സംസ്‌കരണ) ചട്ടങ്ങൾ-2010-നിർമാതാക്കളുടെ അഥവാ ഉൽപാദകരുടെ തുടർ ബാധ്യതാ തത്വം (ഉപയോഗശൂന്യമോ പ്രവർത്തനരഹിതമോ ആയ ഉൽപന്നങ്ങൾ തിരിച്ചെടുക്കുക) ബാധകമായുള്ള ചട്ടം.
- പ്ലാസ്റ്റിക് മാലിന്യ (നിയന്ത്രണ-നിരോധന) ചട്ടങ്ങൾ-2010. (2016-ൽ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ പരിഷ്‌കരിച്ചിരിക്കുന്നു) പ്ലാസ്റ്റിക് കാരിബാഗുകൾ, പാക്കേജ് സാധനങ്ങൾ എന്നിവ നിയന്ത്രിക്കാനും നിരോധിക്കാനുമുള്ള ചട്ടങ്ങൾ.
പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധചട്ടവും ഒന്നിച്ച് ഉപയോഗിച്ചായിരിക്കും ബന്ധപ്പെട്ട രംഗങ്ങളിൽ സാധുവായ ഫലം ഉറപ്പാക്കാനാകുക.