മദർ ബേർഡ് ഒരു പാരിസ്ഥിതിക ചിത്രം.

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
08:09, 13 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mvshaji (സംവാദം | സംഭാവനകൾ)

പുഴുവിൽ നിന്ന് പൂമ്പാറ്റയിലേക്ക് ഇലയിൽ നിന്ന് പൂവിലേക്കുള്ള ദൂരമുണ്ട്...

               ......എം.വി.ഷാജി......  
              (ബാബു കാമ്പ്രത്തിന്റെ 
          'മദർ ബേർഡി'നെക്കുറിച്ച്)

പയ്യന്നൂരുകാരുടെ കാമ്പ്രത്തെ ബാബു" വീട്ടു തൊടിയിലേയും വേലിപ്പടർപ്പിലെയും സാധാരണക്കാഴ്ചകളിലെ അസാധാരണത്വം കണ്ടെത്തുന്നു. നാട്ടുവൈദ്യന്റെ പറിമരുന്ന് സംസ്കാരം. പ്രകൃതിയെ അന്വേഷിച്ച് കാട് കയറുന്നഅങ്ങാടി മരുന്ന് സംസ്കാരമല്ല, ഇറവെള്ളച്ചാലിൽ ഏഴു കടലും കാണുന്ന പാരിസ്ഥിതികാദ്വൈതമാണ് അദ്ദേഹത്തിന്റെ ചലച്ചിത്ര പ്രപഞ്ചത്തിന്റെ സൃഷ്ടി രഹസ്യം. അന്താരാഷ്ട്ര നിലവാരമുള്ള ഉത്കണ്ഠകളിൽ നിന്ന് അടുക്കളക്കിണറിന്റെ കുളിരാഴങ്ങളിലേക്ക് നാട്ടു സംസ്കൃതിയുടെ നന്മഴക്കുഞ്ഞുങ്ങളിലേക്ക് നമ്മെ കൈപിടിച്ച് തിരികെ കൊണ്ടുവരുന്നുണ്ട് കാമ്പ്രത്തിന്റെ ചലച്ചിത്ര കാവ്യ ബോധോദയങ്ങൾ! പ്രകൃതിയുടെ മഹാവിസ്മയ മാനസത്തിനു മുമ്പിൽ അന്തം കെട്ടു പോവുന്ന ഒരു കുഞ്ഞിന്റെ നിതാന്ത നിഷ്കളങ്കതയിലാണ് ചലച്ചിത്ര ബോധ്യങ്ങളുടെ തായ് വേര് ആഴ്ന്നിറങ്ങിയിട്ടുള്ളത്. ഏറ്റവുമടുത്ത (intimate zone) ജീവിത പരിസരമാണ്ചലച്ചിത്ര കാവ്യങ്ങൾക്ക് മഷിപ്പാത്രം! ................................................. കാനവും കൈപ്പാടും കടന്ന് .................................................

ഇടനാടൻ ചെങ്കൽക്കുന്നുകളുടെ സൂക്ഷ്മജീവിത ചിത്രണമായ 'കാനം ' എന്ന അന്തർദേശീയ അംഗീകാരങ്ങൾ നേടിയ നോൺ ഫീച്ചർ ചിത്രത്തിലൂടെയാണ് ബാബു കാമ്പ്രത്ത് ചലച്ചിത്ര ലോകത്ത് തന്നെ സൗമ്യവും ശക്തവുമായ തന്റെ ചുവടു പതിപ്പിച്ചത്.വീട്ടുമുറ്റത്തെ മുരിങ്ങ മരച്ചോട്ടിലിരുന്ന് ലോകം കാണാനുള്ള അതിസാഹസം!

"കൈപ്പാടി"ൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധം. പക്ഷികളും (കാഷ്ഠം) മീനുകളും പോലും പാടശേഖര സമിതിയിലെ മെമ്പർഷിപ്പില്ലാത്ത സഹകൃഷിക്കാരാണ്. കൃഷിയെ പ്രക്യതിയ്ക്കു മേലുള്ള കടന്നുകയറ്റമായാണ് പരിസ്ഥിതി തീവ്രവാദം സാമ്പ്രദായികമായി വീക്ഷിക്കാറുള്ളത്. ഇവിടെ (കൈപ്പാട്) അത് പ്രകതിയുമായുള്ള മനുഷ്യന്റെ തൻമയീഭാവമാണ്.  മനുഷ്യനെ പ്രകൃതിയുമായി വിളക്കിച്ചേർക്കുകയല്ല (connecting people to nature) അലിഞ്ഞു ചേരുകയാണ്. വേറിട്ടു നിൽക്കുമ്പോഴാണല്ലോ വിളക്കേണ്ടുന്നത്?

...................................................... മഞ്ഞു മറയ്ക്കു പിന്നിലെ ജീവിതദുരിതങ്ങൾ ..........................................................

ബിഹൈൻറ് ദ് മിസ്റ്റ് എന്ന സമ്പൂർണ്ണ ഡോക്കുമെൻററി പരിചയിച്ച പാരിസ്ഥിതിക സൗന്ദര്യത്തിന്റെ വഴികളിൽ നിന്ന് സാമൂഹ്യ പ്രശ്ന പരിസരങ്ങളിലേക്ക് ഒരിടിച്ചു കയറ്റമായിരുന്നു. എൻ എസ് മാധവന്റെ കഥയിലെ - ഹിഗ്വിറ്റ-ആത്മീയ ജീവിതത്തിന്റെ ഗോൾവലയം കാക്കുന്നതിന്റെ ഏകാന്തയിൽ നിന്ന് സമൂഹജീവിത സംഘർഷങ്ങളുടെ മധ്യനിരയിലേക്കു പാഞ്ഞുകയറുന്ന (കൊളംബിയൻ ഗോളിയെപ്പോലെ ) പുരോഹിതന്റേതു പോലെ അനിവാര്യമായ ഒരിടപെടൽ... മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ അടിമസമാനമായ ജീവിതം നയിക്കുന്ന മുതുവാന്മാരെക്കുറിച്ച്; അവരും ഇടതുപക്ഷ ഭാവുകത്വം ജീവിതത്തിന്റെ സമസ്ത മേഖലയിലും അധികാരത്തിൽ വന്ന ഈ കേരളത്തിന്റെ മണ്ണിലാണ് എന്ന് അത്ഭുതപ്പെടുത്തിയ ചിത്രം! ഔദ്യോഗികമായ സ്ഥലം മാറ്റമെന്ന അനിവാര്യത സർഗാത്മകതയുടെ അതിശക്തമായ ബഹിർസ്ഫുരണം കൊണ്ട് കവിതയാക്കിയ മറ്റൊരു നിർമ്മിതി... ........................................ പുരസ്കാര നിസ്സംഗത ....................................... ബാബുവിന്റെ ക്യാമറ വിസ്മയം തീർത്ത മൂന്നു ചിത്രങ്ങൾ - അംഗീകാരങ്ങളുടെയും അവാർഡുകളുടെയും പെരുമഴയിലും അവനവനെ ആഘോഷിക്കാനുള്ള വിമുഖത ആത്മരതിയുടെ ഈ സെൽഫിക്കാലത്തും ഇയാളെ വ്യത്യസ്തനാക്കുന്നു. ആഘോഷിക്കപ്പെടുന്ന പരിസ്ഥിതി ചിത്രകാരന്മാരെപ്പോലെ ക്യാമറയ്ക്കു മുന്നിലും വെള്ളിവെളിച്ചത്തിന്റെ ഊഷ്മളതയിലുമല്ല, എന്നുംക്യാമറയ്ക്കു പിന്നിലും നാട്ടു വെളിച്ചത്തിന്റെ കുളിരിലുമാണ് ബാബു കാമ്പ്രത്ത്. വന്യ ജീവി ഫോട്ടോഗ്രാഫർ എന്ന് വർഷങ്ങൾക്കുമ്പേ (ഡിഗ്രി വിദ്യാഭ്യസ കാലത്തു തന്നെ ) അടയാളപ്പെട്ട കാമ്പ്രത്തിന്റെ ക്യാമറയിൽ നിന്ന്, പൂമ്പാറ്റകൾക്കു പിന്നാലെ എല്ലാം മറന്നു പറന്ന ഒരു കാലത്തിന്റെ ശേഷിപ്പായി പിറന്നതാണ് 2003 ൽ മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പ്രസിദ്ധീകരിച്ച 'കേരളത്തിലെ ചിത്രശലഭങ്ങൾ' എന്ന പുസ്തകം'.. അന്യൂനമായ ഫോട്ടോഗ്രാഫി കൊണ്ടും ആധികാരിക പഠനം കൊണ്ടും കേരളത്തിലെ ശലഭ ഗവേഷകർക്ക് ഇന്നും ഏറ്റവും പ്രിയപ്പെട്ട ഒരു സഹായക ഗ്രന്ഥമാണിത്. ആദ്യ ചിത്രമായ കാനത്തിന് 2008 ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് ,2009 ദൽഹി പരിസ്ഥിതി വന്യജീവി ചലച്ചിത്ര മേള (CMS വാതാവരൺ )യിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം, കേരള ചലച്ചിത്ര അക്കാദമിയുടെ അന്താരാഷ്ട്ര ഡോക്കുമെൻററി - ഹ്രസ്വ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം എന്നിവ നേടി. രണ്ടാം ചിത്രമായ കൈപ്പാട് 2010ൽ IFFI യുടെ 2010 ലെ മികച്ച ചിത്രത്തിനുള്ള വസുധ പുരസ്കാരം, ഇന്ത്യൻ ഫിലിംസൊസൈറ്റീസ് ഫെഡറേഷൻ - സൈൻസ് 2011 - അന്താരാഷ്ട്രചലച്ചിത്രമേളയിൽ മികച്ചപരിസ്ഥിതി ചിത്രത്തിനുള്ള ജോൺ എബ്രഹാം പുരസ്കാരം, 2010 ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് എന്നിവയ്ക്ക് അർഹമായി. ബിഹൈന്റ് ദി മിസ്റ്റ് എന്ന മൂന്നാം ചിത്രം മികച്ച ഡോക്കുമെൻററിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. 2015ലെ ഇന്ത്യൻ പനോരമയിലും കേരള ചലച്ചിത്ര അക്കാദമിയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ജൂറിയായും പ്രവർത്തിച്ചിട്ടുണ്ട്. പുരസ്കാര ഭാരങ്ങളിൽനിസ്സംഗനായി പ്രകൃതി വിസ്മയങ്ങൾക്കു പിന്നാലെ അന്തം വിട്ട് ക്യാമറയുമായി സഞ്ചരിക്കുകയാണ് ഈ അവധൂത ചലച്ചിത്രകാരൻ . ........................................................ മദർ ബേർഡ്-പച്ചമണ്ണിലെ പക്ഷി കാൽപ്പാടുകളിലേക്ക്. ........................................................

ഏറ്റവും പുതിയ ചിത്രമായ മദർ ബേർഡ് ദേശാടനപ്പക്ഷികളുടെ പ്രാപഞ്ചിക സൗഹൃദത്തിന്റെ (Manifestation of universal friendship ) ആവിഷ്കാരമാണ് . ആമുഖവാക്യം മുതൽ - "ഒരു പ്രകൃതി സ്നേഹിക്കും കാടിന്റെ തണലിൽ അധിക കാലമൊന്നും ഒളിച്ചിരിക്കാൻ സാദ്ധ്യമല്ല. അവന് അവനെ നിർമ്മിച്ച ജൈവപ്ര കൃതിയിലേക്ക് , പച്ചമണ്ണിലെ പക്ഷി കാൽപാടുകളിലേക്ക് എപ്പോഴെങ്കിലും തിരിച്ചു വരേണ്ടി വരും "- അവസാന ഫ്രെയിം വരെ കാവ്യാനുഭൂതിയാണ് ചിത്രം പകർന്നു നൽകുന്നത്.പഞ്ചേന്ദ്രിയ കാഴ്ചകളെ ഉൾക്കാഴ്ചകളാക്കി മാറ്റാൻ പ്രേക്ഷകനെ മാടി വിളിക്കുന്നു, ചേർത്തു നിർത്തുന്നു അത്യപൂർവ്വ ലാവണ്യശോഭയുള്ള ചിത്രത്തിന്റെ ഓരോ ഫ്രെയിമും.. ഏഴിമലയുടെ (കണ്ണൂർ) കിഴക്കേയടിവാരത്ത് തുളിശ്ശേരി എന്ന തുരുത്തിൽ അത്രമേൽ ഏകാന്തമായി കഴിയുന്ന അമ്മ- തുളിശ്ശേരി നാരായണി.-ആണ്ടിലും അവരുടെ തെങ്ങിൻ തലപ്പുകളിൽ ശിശിര മെത്തുമ്പോൾ ദേശാടനക്കിളികളുടെ ഒരാഗാേള ഗ്രാമം കൂടണയുന്നു, ചിറകൊതുക്കുന്നു. പക്ഷികളോടുള്ള ഈ അമ്മയുടെ വാത്സല്യവും ഒപ്പം പ്രാദേശികമായ ഒരാവാസ വ്യവസ്ഥയുടെ പ്രാധാന്യവും ഈ ചിത്രം ഇഴചേർക്കുന്നു. ഔപചാരിക സങ്കേതമല്ലാതിരുന്നിട്ടും ലോക പക്ഷിഭൂ പടത്തിൽ നാട്ടു നന്മകളുടെ വാതിലൊച്ചകളുമായി ഒരു ഗ്രാമം അടയാളപ്പെടുന്നതിന്റെ നേർക്കാഴ്ച.

രണ്ട് ജീവിതങ്ങൾ (ചെമ്പല്ലിക്കുണ്ട് തുളിശ്ശേരി എന്ന ജൈവസമ്പന്നമായ ആവാസത്തിന്റെ ജീവിതം -ഇവിടേക്ക് വ്യത്യസ്ത ഋതുക്കളിൽ വിരുന്നിനെത്തുന്ന ദേശാടനപ്പക്ഷികളുടെ ജീവിതം - ഈ പക്ഷികൾക്ക് വിരുന്നൊരുക്കി കാത്തു നിൽക്കുന്ന തുളിശ്ശേരി നാരായണി എന്ന അമ്മ മനസ്സിന്റെ ജീവിതം ) ഇഴപിരിച്ചെടുക്കാനാവാത്ത ഒരു കവിത പോലെ സമ്മേളിപ്പിച്ചാണ് ഒരു വ്യവസ്ഥാപിത ഡോക്കുമെൻററിച്ചിത്രത്തിന്റെ ഭാരമേതുമില്ലാതെ ഈ ചിത്രം ഒരുക്കിയത്.ദേശാന്തര ഗമനത്തിനിടെ തങ്ങളുടെ ജീവിതത്തിലെ ചേതോഹരമായ ഒരു കാലം ഇര തേടിയും ഇണ തേടിയും അടവെച്ചു വിരിയിച്ചും ആഘോഷിക്കുന്ന പറവ ജീവിതങ്ങൾക്ക് കൈത്താങ്ങായും കാവലാളായും അമ്മയായി കൂടെ നിൽക്കുന്നു നാരായണി. ..................................................................... കാഴ്ചയെ കാഴ്ചപ്പാടാക്കുന്ന നാരായണി .....................................................................

നാരായണിയുടെ കാഴ്ചയിലൂടെയും കാഴ്ചപ്പാടിലൂടെയുമാണ് പറവ ജീവിതം ചലച്ചിത്രം പകർന്നു തരുന്നത്. കുഞ്ഞുങ്ങളുടെ മലമൂത്രങ്ങൾ ആനന്ദാതിരേകത്തോടെ ഏറ്റുവാങ്ങുന്ന മാതൃത്വത്തിന്റെ ആത്മനിർവൃതി വാഴക്കൂട്ടത്തിലും അടുക്കളപ്പാത്രങ്ങളിലും വൃത്തികേടാക്കുന്ന പക്ഷിക്കാഷ്ടം കഴുകിത്തുടച്ചു വയ്ക്കുമ്പോൾ അവർ അനുഭവിക്കുന്നുണ്ട്. ജീവിതത്തിന്റെ ഇരുണ്ട തുരുത്തിൽ ഒറ്റയ്ക്കായിപ്പോയ നാരായണിയുടെ ജീവിതം പുഷ്കലമാക്കുന്നത് പറവ ജന്മങ്ങൾ. അവരുടെ വരവോടെ ഒരാഗോളഗ്രാമമാവുന്ന ചെമ്പല്ലിക്കുണ്ടിന്റെ പ്രജാപതിയാവുന്നുണ്ട് നാരായണി. ഇരുണ്ട ഇടതുർന്ന കണ്ടലുകൾക്കിടയിലൂടെ സ്വന്തം വഞ്ചിയിൽ അവരുടെ പുറം ലോക സഞ്ചാരങ്ങൾ ,അവരുടെ കാൽവെയ്പ്പുകൾക്കൊപ്പം സഞ്ചരിക്കുന്ന ക്യാമറയിൽ വിസ്തൃതമാവുന്ന ജൈവ സഞ്ചയത്തിന്റെ കാഴ്ചകൾ ഒക്കെച്ചേർന്ന് ഒരു കഥാചിത്രം പോലെ അനുഭൂതി സാന്ദ്രമാവുന്നുണ്ട് ചലച്ചിത്രാനുഭവം.

ഋതുപരിണാമങ്ങൾ ചെമ്പല്ലിക്കുണ്ടിന്റെ ജൈവ പ്രകൃതിയിലുണ്ടാക്കുന്ന വിസ്മയങ്ങൾ, ഇവയ്ക്കൊപ്പം ക്രമീകരിക്കപ്പെടുന്ന ജീവതാളം, ഓരോ ഋതുവിലും ചേക്കേറുന്ന പറവ വൈവിധ്യം ,അവയുടെ ജീവിതഗതി എല്ലാംചേർന്ന് കാഴ്ചയുടെ ഓരോ നിമിഷവും അതീവ ഹൃദ്യമാവുന്നു. മരണാനന്തരമാണ് നാരായണി നമ്മോട് സംസാരിക്കുന്നത്. അതും ചലച്ചിത്രത്തിലാവിഷ്കരിക്കുന്ന ഇരു ജീവിതങ്ങളുടെ പൂർത്തീകരണത്തിനു ശേഷം മാത്രം. ലോകത്തിന്റെ ഏതു കോണിൽ നിന്ന് ഏതു ജനിതക ഓർമയുടെ രഹസ്യമാണ് ഈ പറവകളെ തുളിശ്ശേരിനാരായണി എന്ന മാതൃവൃക്ഷത്തിലേക്ക് ദേശാന്തരം ചെയ്യിക്കുന്നത്, ഈ ഓർമ്മകൾ മറ്റൊരു ജനറേഷനിലേക്ക് എങ്ങനെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്, നാരായണിയുടെ മരണത്തോടെ പ്രപഞ്ചതാളത്തിന്റെ ഏത് സ്ഥായിയിലാണ് അപഭ്രംശമുണ്ടാവുന്നത് . തുടങ്ങിയ നിഗൂഢതകൾ ഒട്ടൊന്നുമല്ല ചലച്ചിത്രത്തിന്റെ സൗന്ദര്യാംശത്തെ പൊലിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഒടുക്കത്തിൽ ഊഷരമായ ചെമ്പല്ലിക്കുണ്ടിന്റെ വിണ്ടുകീറിയ മാറിടത്തിത്തിലേക്ക് പൊടി പറത്തിക്കൊണ്ട് ഒരു മോട്ടോർ ബൈക്ക് പാഞ്ഞു വരുന്നുണ്ട്. പ്രകൃതിയുടെ ജൈവസമ്പന്നതയിൽ നിന്ന് അതിവേഗം ബഹുദൂരം അകന്നു പോവുന്ന പുതു തലമുറയുടെ നെഞ്ചിലേക്കാണ് അതി ടിച്ചു കയറുന്നത്. മരുഭൂവായ മണ്ണിന്റെ മാറിൽ ക്രിക്കററ് പിച്ച് നിരപ്പാക്കാൻ റോളർ ഉരുട്ടുന്ന പൊടിപൊടിക്കുന്ന പുത്തൻ ജീവിതാ ഘോഷങ്ങൾ കാഴ്ചക്കാരന്റെ ഹൃദയത്തിൽ തറച്ചു കയറുന്നു.ഉമിക്കരി ചവയ്ക്കും പോലെ വരണ്ട 'ഡോക്കുമെൻററി' അനുഭവമല്ല, നാട്ടു ചോലയിൽ കാലു താഴ്ത്തി നിൽക്കുമ്പോഴുള്ള കുളിർമയാണ് ഈ ചിത്രത്തിന്റെ സംവേദനം പകരുന്നത്. .............................................................. ഇതിലുമേറെ ലളിതമായെങ്ങനെ ! ..............................................................

"മദർ ബേർഡിലെ അകൃത്രിമമായ പശ്ചാത്തല സംഗീതം. പങ്കായമിടുന്നതിന്റെ താളം, പക്ഷിച്ചിറകടി, കുറുകൽ - പ്രകൃതിയുടെ സംഗീതം. ഡോക്യുമെന്ററിയുടെ സംഗീത സാങ്കേതികം സംവിധായകന്റെ പ്രകതിയോടുള്ള കാഴ്ചപ്പാടുമായി ചേർന്നു നിൽക്കുന്നു. ഇണചേരലും മാതൃത്വവും പോലെ സംഗീതവും പ്രകൃതിക്കന്യമല്ല.

നാരായണിയ്ക്ക് ദേശാടനപ്പക്ഷികൾ അരക്ഷിതാവസ്ഥയുടെ റോഹിംഗ്യകളല്ല, വിരുന്നുകാരാണ്. "ഓറ് പക്ഷിപ്പനി വന്ന് ചാവുന്നെങ്കിൽ ഞാനും ചത്തോട്ടെ" - മാതൃത്വത്തിന്റെ തീവ്രഭാവം. പക്ഷികളെക്കുറിച്ചുള്ള നാരായണിയുടെ സാമാന്യ ജ്ഞാനം നമ്മെ അദ്ഭുതപ്പെടുത്തേണ്ടതില്ല. പ്രകൃതിയുടെ അതിബൃഹത്തായ പദ്ധതിയിൽ സർവ്വ ചരാചരങ്ങളേയും മാതൃത്വത്തിന്റെ സമഭാവനയോടെ നിർണ്ണയിക്കുകയും സഅതിലൊരാളായി സ്വയം അടയാളപ്പെടുകയും ചെയ്യുന്ന ഔപചാരിക വിദ്യാഭ്യാസം തീണ്ടാത്ത ആ വലിയ അറിവിനാണ് ആദരം. ഇതാണ് സംവിധായകന്റെ പ്രമേയവും - പ്രകൃതി (അറിവ്), ദാ അതിന് നടുവിലാണ് നിങ്ങൾ ഈ നിമിഷം നിൽക്കുന്നത്!

പി.പി.രാമചന്ദ്രൻ ആവിഷ്കരിച്ചതിനേക്കാൾ ലളിതമായി ഈ അനുഭവത്തെ പകർത്തി വയ്ക്കുന്നതെങ്ങനെ...

'ഇവിടെയുണ്ടു ഞാൻ എന്നറിയിക്കുവാൻ മധുരമായൊരു കൂവൽ മാത്രം മതി. ഇവിടെയുണ്ടായിരുന്നു ഞാനെന്നതി - ന്നൊരു വെറും തൂവൽ താഴെയിട്ടാൽ മതി ഇനിയുമുണ്ടാകുമെന്നതിൻ സാക്ഷ്യമായി അടയിരുന്നതിൻ ചൂടു മാത്രം മതി ഇതിലുമേറെ ലളിതമായെങ്ങനെ കിളികളാവിഷ്കരിക്കുന്നു ജീവനെ '

പുഴുവിൽ നിന്ന് പൂമ്പാറ്റയിലേക്ക് ഇലയിൽ നിന്ന് പൂവിലേക്കുള്ള ദൂരമുണ്ട്. ആ ദൂരമാണ് ബാബു കാമ്പ്രത്തിന്റെ ഓരോ ചിത്രവും


എം.വി.ഷാജി ചുഴലി - തപാൽ കണ്ണൂർ - 670 142 Ph: 9495310244