ജനകീയാസൂത്രണത്തിന്റെ രജതജൂബിലി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കൊരു വികസനപരിപ്രേക്ഷ്യം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
15:17, 26 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreelesh Kumar K K (സംവാദം | സംഭാവനകൾ)



ജനകീയാസൂത്രണത്തിന്റെ രജതജൂബിലി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കൊരു വികസനപരിപ്രേക്ഷ്യം ലഘുലേഖ
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം സെപ്തംബർ, 2020
ഏടുകൾ 24


അവതാരിക

കേരളം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ ഏറെ മുൻപോട്ടുപോയ സംസ്ഥാനമാണ് കേരളം. അധികാരവികേന്ദ്രീകരണം കേരളത്തിൽ യാഥാ‍ർഥ്യമാക്കപ്പെട്ടത് ജനകീയാസൂത്രണം എന്ന വിപുലമായ ഒരു ക്യാമ്പയിനിലൂടെ ആയിരുന്നു. ഒരുപക്ഷേ, ഭരണത്തിന്റെ ജനാധിപത്യവത്കരണം ഒരു ക്യാമ്പയിൻ രീതിയിൽ നടന്ന ഏക പ്രദേശം കേരളമായിരിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അധികാരങ്ങൾ കൈമാറിയ നിയമവ്യവസ്ഥകൾ രണ്ട് പതിറ്റാണ്ട് പിന്നിട്ടു. അവയുടെ ഫലപ്രാപ്തി വിലയിരുത്തി കൂടുതൽ അധികാരങ്ങൾ താഴേക്ക് നൽകുന്നതിനുള്ള സമ്മർദം കേരള സമൂഹത്തിൽ ഉയർന്നുവരണം. വികേന്ദ്രീകരണത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പുനഃസംഘാടനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യാപകമായ ചർച്ചയ്‌ക്ക് വിധേയമാകണം. കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി കേരളസമൂഹത്തിൽ അധികാരവികേന്ദ്രീകരണത്തിനായി നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. 1976 ൽ പരിഷത്ത് പ്രസിദ്ധീകരിച്ച ‘കേരളത്തിന്റെ സമ്പത്ത് ’ എന്ന പുസ്തകത്തിലൂടെയും അതിനെ അടിസ്ഥാനമാക്കി നടത്തിയ സംവാദങ്ങളിലൂടെയും കേരളത്തിലെ പ്രകൃതിവിഭവങ്ങളേയും മനുഷ്യവിഭവശേഷിയേയും പരിഗണിച്ചുകൊണ്ടുള്ള വികസനചർച്ച തുടങ്ങിവെക്കാൻ കഴിഞ്ഞു. 1975ൽ പരിഷത്ത് രൂപംകൊടുത്ത ഗ്രാമശാസ്ത്രസമിതികളുടെ അടിസ്ഥാന ആശയം പ്രാദേശിക വികസനത്തിൽ ശാസ്ത്രീയ ആസൂത്രണത്തിന്റെ പങ്ക് എന്നതായിരുന്നു. 1980ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിൽ കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് വിപുലമായ സംവാദങ്ങൾ സംഘടിപ്പിച്ചു. 1989 ൽ ‘അധികാരം ജനതയ്ക്ക് അതുമാത്രം പരിഹാരം' എന്ന മുദ്രാവാക്യമുയർത്തി നടത്തിയ വികസനജാഥ ഉൾപ്പെടെയുള്ള ക്യാമ്പയിനുകൾ അധികാരവികേന്ദ്രീകരണമെന്ന ആശയം സമൂഹത്തിൽ ചർച്ചയാക്കി. 1991-93 കാലത്ത് രൂപപ്പെടുത്തിയ, പഞ്ചായത്തുതല വികസനത്തിനുള്ള സമഗ്രപദ്ധതിയും രീതിശാസ്ത്രവും കണ്ണൂരിലെ കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ഇടപെടലിലൂടെ വികസിപ്പിച്ചു. 1994 ൽ കേരള നിയമസഭയിൽ താരതമ്യേന ദുർബലമായ അധികാരങ്ങളോടെ പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങൾ അവതരിപ്പിച്ചപ്പോൾ പരിഷത്ത് ഒരു ബദൽ നിയമം രൂപപ്പെടുത്തി ക്യാമ്പയിൻ നടത്തി. പ്രാദേശികാസൂത്രണത്തിൽ വിഭവങ്ങളെ സംബന്ധിച്ച സൂക്ഷ്മതലത്തിലുള്ള വിവരങ്ങൾ ജനകീയപങ്കാളിത്തത്തോടെ കൃത്യമായി രേഖപ്പെടുത്തിയെടുക്കുന്നതിന് ഐ.ആർ.ടി.സി.യും CESS ഉം ചേർന്ന് 25 പഞ്ചായത്തുകളിൽ നടത്തിയ പഞ്ചായത്ത് വിഭവഭൂപട നിർമാണത്തിലൂടെ (Panchayath Resource Mapping-PRM) ലഭിച്ച അനുഭവങ്ങൾ പിന്നീട് പ്രാദേശികാസൂത്രണ പ്രവർത്തനങ്ങൾക്ക് പുതിയൊരു ദിശ തുറന്നുനല്കി. കല്യാശ്ശേരി പരീക്ഷണം 1995 ൽ കേരളത്തിലെ തെരഞ്ഞെടുത്ത 5 പഞ്ചായത്തുകളിലേക്ക് പഞ്ചായത്തുതല വികസന പരിപാടി (PLDP) എന്ന പേരിൽ വ്യാപിപ്പിച്ചു. പ്രാദേശികാസൂത്രണത്തിന്റെ രീതി ശാസ്ത്രവും, സംഘടനാരൂപങ്ങളും വികസിപ്പിക്കുന്നതിൽ ഇത്‌ വലിയ പങ്കുവഹിച്ചു. മേൽ സൂചിപ്പിച്ചവിധത്തിൽ കേരളത്തിൽ സൂക്ഷ്മതല ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തുന്നതിൽ പങ്കുവഹിച്ച സംഘടന എന്ന നിലയിൽ കാൽനൂറ്റാണ്ട് കാലത്തെ അനുഭവങ്ങൾ സമഗ്രമായി വിലയിരുത്തി ജനങ്ങളോട് സംവദിക്കാനുള്ള ഉത്തരവാദിത്തം പരിഷത്തിനുണ്ട്. ഇനിയും പൂർത്തീകരിക്കേണ്ട അധികാരവികേന്ദ്രീകരണ പ്രക്രിയയെ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്ക് 2020 ലെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് ഒരു തുടക്കമാകും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതിനായുള്ള ജനകീയ സംവാദങ്ങൾക്ക് ഈ ലഘുലേഖ സഹായകമാകുമെന്നും കരുതുന്നു.

ആമുഖം

കേരളം കോവിഡിനെതിരെ പൊരുതുകയാണ്. ലോകരാജ്യങ്ങളോടൊപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ മെച്ചപ്പെട്ട രീതിയിൽ രോഗവ്യാപനം തടയാനും മരണനിരക്ക് കുറയ്ക്കാനും കേരളത്തിന് കഴിയുന്നുണ്ട്. ഇത് കേരളത്തിലുള്ള ശക്തമായ തദ്ദേശഭരണസ്ഥാപന സംവിധാനത്തിന്റെ സജീവമായ പ്രവർത്തനങ്ങളുടെ ഫലം കൊണ്ടുകൂടിയാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് താമസമൊരുക്കൽ, അവർക്കും ദുർബലവിഭാഗങ്ങൾക്കും ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കൽ, ക്വാറന്റൈനിൽ ഉള്ളവർക്ക് താമസസൗകര്യവും ഭക്ഷണവും ചികിത്സാസൗകര്യവും ഉറപ്പാക്കൽ എന്നിവയ്ക്കുപുറമേ ഇപ്പോൾ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കാനും മുൻനിരയിലുള്ളത് തദ്ദേശഭരണസ്ഥാപനങ്ങളാണ്. ഇവയെല്ലാം സാധ്യമാകുന്നത് വൻതോതിലുള്ള ജനകീയപങ്കാളിത്തം കൊണ്ട് മാത്രമാണ്. ജനകീയാസൂത്രണം വഴി അധികാരവത്കരിക്കപ്പെട്ട പഞ്ചായത്തുകളും നഗരസഭകളും രണ്ടു വ്യാഴവട്ടക്കാലത്തെ ചിട്ടയായ പ്രവർത്തനം വഴി സമൂഹത്തിൽ നേടിയെടുത്ത സ്വീകാര്യതയുടെ തെളിവാണിത്. പ്രാദേശികപ്രശ്നങ്ങളിൽ ഇടപെടാൻ ശേഷിയും കഴിവും തയ്യാറുമുള്ള ഒരു മൂന്നാം തല സർക്കാരിന്റെ സാന്നിധ്യം കേരളത്തിൽ പ്രകടമാണ്. നടത്തിയ പ്രവർത്തനങ്ങളും നടപ്പിലാക്കിയ പദ്ധതികളും എല്ലാം തന്നെ നാം ആഗ്രഹിച്ചതുപോലെ അല്ലെന്ന പരാതി ഉണ്ടാകാം. നാം ആഗ്രഹിച്ച പ്രവർത്തനങ്ങളെല്ലാം തദ്ദേശഭരണസ്ഥാപനങ്ങൾ നടപ്പിലാക്കിയില്ല എന്ന പരാതിയുള്ളവരും ഉണ്ടാകാം. എന്നാൽ നിരവധി പ്രാദേശികപ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കഴിഞ്ഞിട്ടുണ്ടെന്നത് ആരും സമ്മതിക്കും. ഗ്രാമീണറോഡുകൾ, ചെറുതും വലുതുമായ പാലങ്ങൾ, ചെറുകിട ജലവിതരണ പദ്ധതികൾ, വൈദ്യുതി വിതരണ ശൃംഖലകൾ വിപുലപ്പെടുത്തൽ തുടങ്ങിയ അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്കായിരുന്നു ഇവയിൽ മുൻഗണന. വിദ്യാലയങ്ങൾക്കും ആശുപത്രികൾക്കും കെട്ടിടങ്ങളും അനുബന്ധസൗകര്യങ്ങളും ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള വിഭവങ്ങളും ലഭ്യമാക്കിയതിലൂടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർക്കാർ ആശുപത്രികളുടെയും സ്വീകാര്യത വർധിപ്പിക്കാൻ കഴിഞ്ഞു. ജനകീയാസൂത്രണത്തിന്റെ ഏറ്റവും പ്രധാന ഉത്പന്നമായ കുടുംബശ്രീ ദാരിദ്ര്യനിർമാർജനത്തോടൊപ്പം മഹത്തായ സ്ത്രീശക്തീകരണ പ്രസ്ഥാനം എന്ന രീതിയിലും ലോകമാകെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കുടുംബശ്രീ പ്രവർത്തനത്തോടൊപ്പം സ്ത്രീ സൗഹൃദ പഞ്ചായത്ത് പദ്ധതി കൂടി ചേർന്നപ്പോൾ വനിതാരംഗത്തും നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. എന്നാൽ അടിസ്ഥാനസൗകര്യ രംഗത്തും സേവനപ്രധാന മേഖലയിലും ഉണ്ടായ നേട്ടങ്ങൾക്ക് ആനുപാതികമായ നിലയിൽ ഉത്പാദനരംഗത്ത് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.


ജനകീയാസൂത്രണത്തിലേക്ക്

1992ലെ 73, 74 ഭരണഘടനാഭേദഗതിയെ തുടർന്ന് 1994 ൽ നിലവിൽ വന്ന കേരള പഞ്ചായത്തീരാജ് നിയമവും കേരള മുനിസിപ്പാലിറ്റി നിയമവും അതിന്റെ കാൽനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. ഇന്ത്യയിലെ അധികാരവികേന്ദ്രീകരണ ചരിത്രത്തിന്റെ നാഴികക്കല്ലായിരുന്നു 1992ലെ ഭരണഘടനാഭേദഗതികൾ. ഇതിലൂടെ ഇന്ത്യയുടെ അധികാരവികേന്ദ്രീകരണരംഗത്ത് ചില അടിസ്ഥാനമാറ്റങ്ങൾ ഉണ്ടായി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ സാധുത ലഭിച്ചു. ഭരണസമിതികളുടെ കാലാവധി അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടുപോകുന്നതിന് പകരം 5 വർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ് നടക്കുമെന്നത് ഉറപ്പാക്കി. സ്ത്രീകൾ, ദളിതർ, ആദിവാസികൾ, എന്നിവരുടെ പങ്കാളിത്തം ഭരണത്തിൽ ഉറപ്പാക്കപ്പെട്ടു. സംസ്ഥാന ധനകാര്യകമ്മീഷനുകളും ജില്ലാ ആസൂത്രണ സമിതികളും നിലവിൽ വന്നു. എന്നാൽ ഭൂരിപക്ഷം സംസ്ഥാന സർക്കാരുകളും ഭരണഘടനയിൽ വ്യവസ്ഥ ചെയ്ത പല അധികാരങ്ങളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് കൈമാറാൻ തയ്യാറായില്ല. വിഭവങ്ങൾ, ഉദ്യോഗസ്ഥസംവിധാനങ്ങൾ എന്നിവയും വിട്ടുകൊടുത്തില്ല. കേരളം കഴിഞ്ഞാൽ കർണാടക, പശ്ചിമ ബംഗാൾ, സിക്കിം, ഗോവ മുതലായ സംസ്ഥാനങ്ങളിൽ മാത്രമാണ് ദേശീയതലത്തിൽ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയുള്ളത്. ദേശീയ പ്രവണതകളിൽനിന്ന് തികച്ചും വ്യത്യസ്തമായ പാതയാണ് കേരളം സ്വീകരിച്ചത്. ഭരണഘടനാഭേദഗതിയെ തുടർന്ന് നടപ്പാക്കിയ 1994ലെ കേരള പഞ്ചായത്തീരാജ് നിയമം ഏറെ പരിമിതികൾ നിറഞ്ഞതായിരുന്നു. എന്നാൽ 1996 ൽ ആരംഭിച്ച ജനകീയാസൂത്രണപ്രസ്ഥാനത്തിലൂടെ നിയമത്തിന്റെ പരിമിതികൾക്കപ്പുറത്തേക്ക് പ്രാദേശികാസൂത്രണത്തെ വികസിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ കൈമാറുന്നതിനായി നിർദേശങ്ങൾ സമർപ്പിക്കുവാൻ രൂപീകരിച്ച എസ്. ബി. സെൻ കമ്മിറ്റിയുടെ ശുപാർശകൾ സംസ്ഥാനത്തെ തദ്ദേശഭരണ ശക്തീകരണത്തിൽ നിർണായകമായി. 1999 ലെ സമഗ്രമായ നിയമഭേദഗതി ഇതിനെത്തുടർന്നാണ് ഉണ്ടായത്.

ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ നേട്ടങ്ങൾ

സമഗ്രമായ വികേന്ദ്രീകരണം

ജനകീയാസൂത്രണപ്രസ്ഥാനത്തിലൂടെയാണ് കേരളത്തിലെ അധികാരവികേന്ദ്രീകരണം യാഥാർഥ്യമാക്കാനായത്. പദ്ധതി ആസൂത്രണത്തിലും നിർവഹണത്തിലും ധനപരവും ഭരണപരവുമായ വികേന്ദ്രീകരണം സാധ്യമായി. നിയമപരിഷ്ക്കരണങ്ങളിലൂടെയും ഉത്തരവുകളിലൂടെയും ഭരണപരമായ അധികാരങ്ങളും തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കുന്ന പദ്ധതികൾക്ക് ബഡ്ജറ്റിൽ ഉൾപ്പെടുത്തി പണം നല്കുന്നതിലൂടെ ധനപരമായ വികേന്ദ്രീകരണവും പ്രാവർത്തികമായി. ജനപങ്കാളിത്തത്തോടെ ആസൂത്രണ-നിർവഹണപ്രക്രിയ രൂപപ്പെട്ടു.

വിഭവ കൈമാറ്റം

സ്ഥാപനങ്ങളുടെ വികസന ആസൂത്രണത്തിനും നടത്തിപ്പിനുമായി, ചെറിയ ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും സംസ്ഥാന ബഡ്ജറ്റിന്റെ 20 ശതമാനത്തിൽ കുറയാത്ത തുകയും സംസ്ഥാന ധനകാര്യകമ്മീഷൻ ശുപാർശകളുടെ ഭാഗമായി മെയിന്റനൻസ്, ജനറൽ പർപ്പസ് ഗ്രാന്റുകളും തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറി. പൊതുആസ്തികൾ, റോഡുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ ഗുണനിലവാരം നിലനിർത്താൻ ഇത് സഹായകമായി.

അധികാര കൈമാറ്റം

1995 സെപ്റ്റംബർ 18ന് സർക്കാർ ഉത്തരവ് പ്രകാരം 17 വകുപ്പുകളിൽനിന്ന് സ്ഥാപനങ്ങളും തസ്തികകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് കീഴിലേക്ക് കൈമാറി. ഭരണഘടനാഭേദഗതിയും സെൻകമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തീരാജ് നിയമത്തിൽ വരുത്തിയ ഭേദഗതികളും വിവിധ സർക്കാർ ഉത്തരവുകളും അനുസരിച്ച് 29 മേഖലകളിലെ ത്രിതലപഞ്ചായത്തുകളുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും, ആക്ടിവിറ്റി മാപ്പിങ്ങിലൂടെ കൃത്യമായി വേർതിരിച്ചു നൽകി. കൃഷി ഓഫീസർ, വെറ്റിനറി സർജൻ, പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ, സ്കൂളുകളിലെ പ്രധാന അധ്യാപകർ തുടങ്ങി ഒന്നാം നിര ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ഗ്രാമപഞ്ചായത്തുകൾക്കും, ബ്ലോക്ക് തല ഉദ്യോഗസ്ഥരെ ബ്ലോക്ക് പഞ്ചായത്തുകൾക്കും, ജില്ലാതല ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ജില്ലാ പഞ്ചായത്തുകൾക്കും കൈമാറി.

തദ്ദേശസ്വയംഭരണ പൊതുസർവ്വീസ്

വിവിധ തട്ടുകളിലായി നടക്കുന്ന പ്രാദേശികആസൂത്രണവികസന പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി തദ്ദേശസ്വയംഭരണവകുപ്പിന് കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര-ഗ്രാമാസൂത്രണം, തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിംഗ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് 2020 ജൂലൈ മാസത്തിൽ നടപ്പാക്കിയ ഏകീകൃത തദ്ദേശസ്വയംഭരണ സർവ്വീസ് അധികാരവികേന്ദ്രീകരണ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന പ്രധാനപ്പെട്ട നടപടിയാണ്.

പ്രാദേശികാസൂത്രണത്തിന് ഒരു രീതിശാസ്ത്രം

വിഷയമേഖല കർമസമിതികൾ, പദ്ധതികൾ വിലയിരുത്തുന്നതിനുള്ള സന്നദ്ധ സാങ്കേതികവിദഗ്ധ സമിതികൾ, തുടങ്ങി സൂക്ഷ്മതലപദ്ധതി ആസൂത്രണ സംഘടനാരൂപങ്ങളെ കേരളത്തിന് പരിചയപ്പെടുത്തി. പഞ്ചവത്സരപദ്ധതി ആസൂത്രണത്തിന് വികസനരേഖ, അതിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിന് വാർഷിക കരട് പദ്ധതിരേഖ, ഗ്രാമസഭാചർച്ചകൾ, വികസനസെമിനാർ, അന്തിമപദ്ധതി രേഖ, ജില്ലാ ആസൂത്രണസമിതിയുടെ അനുമതി എന്നവിധം ആസൂത്രണ രീതിശാസ്ത്രം വികസിപ്പിച്ചു. ഈ പ്രക്രിയ വലിയ മാറ്റങ്ങളില്ലാതെ ഇപ്പോഴും തുടരുന്നുവെന്നത് അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. അയൽക്കൂട്ടങ്ങൾ, പദ്ധതിനിർവഹണത്തിനുള്ള ഗുണഭോക്തൃസമിതികൾ എന്നിവയെ ജനകീയ സംവിധാനങ്ങൾ എന്ന നിലയിൽ അവതരിപ്പിച്ചു. സ്ത്രീകൾ, പട്ടികജാതിക്കാർ, പട്ടികവർഗക്കാർ എന്നിവർക്ക് പ്രത്യേക കർമസമിതികളുണ്ടായി. അവയുടെ നേതൃത്വത്തിൽ വനിതാ ഘടകപദ്ധതി, പട്ടികവർഗ ഉപപദ്ധതി, പട്ടികജാതി ഘടകപദ്ധതി എന്നിവയിലെ പദ്ധതിവിഹിതം ഫലപ്രദമായി വിനിയോഗിക്കുന്നതിന് കഴിഞ്ഞു. ഊരുകൂട്ടം, മത്സ്യസഭ എന്നീ പേരുകളിൽ പ്രത്യേക വാർഡ് സഭായോഗങ്ങൾ സംഘടിപ്പിച്ചതിലൂടെ പട്ടികവർഗം, മത്സ്യമേഖല, ഭിന്നശേഷിക്കാർ തുടങ്ങിയ പാർശ്വവത്കൃത വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് ആസൂത്രണ പ്രക്രിയയിൽ പ്രത്യേക ശ്രദ്ധ കിട്ടുന്നതിന് സഹായകമായി

സമയബന്ധിതമാവുന്ന ആസൂത്രണ പ്രക്രിയ

രണ്ടുപതിറ്റാണ്ടിന് ശേഷമാണെങ്കിലും 2016 മുതൽ പദ്ധതി നടത്തിപ്പ് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തുടക്കം കുറിക്കുവാൻ കഴിഞ്ഞു. ഓരോ വർഷവും മാർച്ച് മാസം അവസാനത്തിൽ എങ്ങനെയെങ്കിലും പദ്ധതിവിഹിതം ചെലവഴിച്ചുതീർക്കുക എന്ന രീതി മാറ്റിയെടുക്കാനും നിർവ്വഹണം നേരത്തേ പൂർത്തിയാക്കി, അടുത്ത സാമ്പത്തികവർഷത്തിൽ ആരംഭിക്കേണ്ട പദ്ധതിയുടെ പ്രവർത്തനങ്ങൾ ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ ആസൂത്രണം ചെയ്ത് അംഗീകാരം വാങ്ങുന്നതിന് കഴിയുംവിധം പദ്ധതി ആസൂത്രണത്തെ മാറ്റിയെടുക്കുവാൻ കഴിഞ്ഞു.

സ്ത്രീകളുടെ അധികാരവത്കരണം

ജനപ്രതിനിധിസ്ഥാനത്തേക്ക് മാത്രമല്ല ഭരണചുമതലകളിലേക്കും സ്ത്രീകൾക്ക് പ്രത്യേക പരിഗണന നിയമപരമായി ലഭിച്ചു. ആദ്യഘട്ടത്തിലെ 33 ശതമാനത്തിൽനിന്ന് 2010 ൽ ഇത് 50 ശതമാനത്തിലേക്ക് ഉയർന്നു. എല്ലാ സ്ഥിരം സമിതികളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കിയതും തദ്ദേശഭരണസ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനങ്ങളിൽ 50% സംവരണം ഏർപ്പെടുത്തിയതും സ്ത്രീകളെ അധികാരവത്ക്കരിക്കുന്നതിലെ സുപ്രധാന നടപടിയാണ്.

കുടുംബശ്രീ പ്രസ്ഥാനം

45 ലക്ഷം കുടുംബങ്ങൾ അംഗങ്ങളായ സ്ത്രീ കൂട്ടായ്മയായി കുടുംബശ്രീയെ വളർത്തിയെടുക്കാൻ കഴിഞ്ഞു. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന സ്ത്രീകളുടെ ശക്തമായ ശൃംഖല ഇന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അവിഭാജ്യഘടകമാണ്. സ്ത്രീകളുടെ സാമൂഹിക ദൃശ്യതയും പങ്കാളിത്തവും വർധിപ്പിക്കുന്നതിൽ കുടുംബശ്രീ വലിയ പങ്ക് വഹിച്ചു.

ഗ്രാമ-നഗര ജീവിതഗുണത ഉയർത്തൽ

ജനങ്ങളുടെ അടിസ്ഥാന ജീവിതഗുണത ഉയർത്തുന്നതിൽ അധികാരവികേന്ദ്രീകരണം വലിയ പങ്കുവഹിച്ചു. വൈദ്യുതിലഭ്യത, കുടിവെള്ളലഭ്യത, സാനിറ്റേഷൻ സൗകര്യം, ഗ്രാമീണ റോഡ് ശൃംഖലകൾ എന്നിവ വലിയ തോതിൽ വിപുലീകരിക്കപ്പെട്ടു. വീടില്ലാത്ത ദരിദ്രജനവിഭാഗങ്ങളുടെ എണ്ണം കുറയ്ക്കാനായതും ദളിതരിൽ 95 ശതമാനത്തിന് ഭവനസ്ഥിതി മെച്ചപ്പെടുത്താനായതും ആദിവാസികളുടെ അടിസ്ഥാന ജീവിതസാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടതും അധികാരവികേന്ദ്രീകരണം പിൻതുടർന്ന മുൻഗണനാ മാനദണ്ഡങ്ങളിലൂടെയാണ്.

പൊതുആസ്‌തികളുടെ വിപുലീകരണം

തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലാക്കിയ സ്കൂളുകൾ, അങ്കണവാടികൾ, ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ, മൃഗസംരക്ഷണസ്ഥാപനങ്ങൾ, എന്നിവയുടെയെല്ലാം അടിസ്ഥാന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. നല്ലൊരുവിഭാഗം സ്ഥാപനങ്ങൾ ആധുനീകരിക്കപ്പെട്ടു. സ്ഥാപനങ്ങളുടെ സേവനഗുണത ഉയർന്നു. തെരുവുവിളക്കുകളുടെ വ്യാപനവും പരിപാലനവും, റോഡുകളുടെ നിർമാണവും പരിപാലനവും തുടങ്ങിയ കാര്യങ്ങളും ഏറെ മെച്ചപ്പെട്ടു. നമ്മുടെ സർക്കാർ ആശുപത്രികളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ഒരു കാലത്ത് പുറത്തേക്ക് ചീട്ടു കുറിക്കുന്ന സ്ഥാപനം മാത്രമായിരുന്നു. എന്നാൽ അവയിൽ ഇന്ന് എല്ലാ സാധാരണ അസുഖങ്ങളുടെയും ചികിത്സയ്ക്കായുള്ള ഔഷധങ്ങളും പ്രാഥമിക ലാബ് പരിശോധനാ സൗകര്യങ്ങളും ഉറപ്പാക്കപ്പെട്ടത്‌ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലും സാമ്പത്തിക സഹായവും വഴിയാണ്.

വേഗത്തിലായ സേവനങ്ങൾ

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഴി നൽകുന്ന സേവനങ്ങളുടെ വേഗത ഏറെ വർധിച്ചു. കമ്പ്യൂട്ടർവത്കരണം ഇതിന് സഹായകമായി. തദ്ദേശസ്ഥാപനങ്ങളുടെ സേവനഗുണത ഉയർത്താനുള്ള ഫ്രണ്ട് ഓഫീസ് സംവിധാനവും സേവനാവകാശനിയമപ്രകാരമുള്ള നടപടികളും മികച്ച ഫലങ്ങൾ ഉളവാക്കി. കേരളത്തിലെ എല്ലാ പഞ്ചായത്തുകളും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടി എന്നത് രാജ്യത്തിന് തന്നെ മാതൃകയാണ്. മാലിന്യസംസ്കരണത്തിന് ജനകീയ മുൻകൈ സംസ്ഥാനത്ത് മൂന്നിലൊന്ന് തദ്ദേശസ്ഥാപനങ്ങളിലെങ്കിലും ജൈവ-അജൈവ മാലിന്യസംസ്കരണത്തിനുള്ള ഇടപെടലുകൾ നടന്നു. ഹരിത കേരള മിഷന്റെ ഭാഗമായ പ്രവർത്തനങ്ങളിലൂടെയാണ് അത് വ്യാപകമായത്. ഹരിതകർമസേനയുടെ പ്രവർത്തനം അജൈവമാലിന്യസംസ്കരണ മേഖലയിൽ നവീനമായ ഇടപെടലായി മാറിയിട്ടുണ്ട്.

വിപുലമായ കാര്യശേഷി വികസനം

ജനകീയാസൂത്രണ കാലഘട്ടം മുതലേ ആയിരക്കണക്കിന് ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്കുവേണ്ടി കിലയുടെ നേതൃത്വത്തിൽ വിപുലമായ പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി ആയിരക്കണക്കിനാളുകളെ പ്രാദേശികാസൂത്രണ പ്രക്രിയയിൽ പരിജ്ഞാനമുള്ളവരാക്കാനും സൂക്ഷ്മതല ആസൂത്രണത്തിന്‌ നേതൃത്വം നൽകാൻ കഴിയുന്ന ആളുകളെ സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കുന്നതിലും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഇത്തരത്തിൽ പരിശീലനം സിദ്ധിച്ചവരുടെ വലിയതോതിലുള്ള പങ്കാളിത്തമുണ്ടായി. ഗ്രാമവികസനവകുപ്പിന് കീഴിലായിരുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ്, ഇ.ടി.സി.കൾ, അട്ടപ്പാടിയിലെ അഹാഡ്സ് (AHADS) എന്നിവയെ കിലയുടെ പൊതുകുടക്കീഴിൽ കൊണ്ടുവരാനും കഴിഞ്ഞു.

സാമൂഹിക മൂലധന ശക്തീകരണം

തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ വിവിധ സമിതികൾ, കുടുംബശ്രീ, അങ്കണവാടികൾ എന്നിവ വഴി താഴെ തലം വരെയുള്ള ഒരു സാമൂഹിക സംഘടനാശൃംഖല രൂപപ്പെട്ടു. സമൂഹം ദുരന്തങ്ങൾ നേരിട്ട ഘട്ടങ്ങളിൽ അതിനെ അതിജീവിക്കുവാനുള്ള ജനകീയസംവിധാനങ്ങളായി ഇവ മാറി.

ജനജീവിതത്തെ തൊട്ട പ്രാദേശിക സർക്കാരുകൾ

ചുരുക്കത്തിൽ ജനതയ്ക്ക് തങ്ങളുടെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ സമീപിക്കാവുന്ന സർക്കാർ സംവിധാനമായി താഴെ തലത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മാറി. തങ്ങളുടേതെന്ന് ജനങ്ങൾക്ക് തോന്നിക്കുന്നവിധം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ മാറ്റിത്തീർക്കാൻ ജനകീയാസൂത്രണത്തിന്റെ രണ്ടര പതിറ്റാണ്ട് പ്രയോജനം ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തുമില്ലാത്ത സവിശേഷതയാണ്.

അധികാരവികേന്ദ്രീകരണ പ്രക്രിയയിലെ പരിമിതികൾ

സംസ്ഥാനത്തെ അധികാരവികേന്ദ്രീകരണ പ്രക്രിയക്ക് ഏറെ നേട്ടങ്ങൾ അവകാശപ്പെടാൻ കഴിയുമ്പോഴും ജനാധിപത്യ അധികാരവികേന്ദ്രീകരണത്തിന്റെ തലത്തിൽ പരിശോധിക്കുമ്പോൾ നിരവധി പരിമിതികൾ ഇപ്പോഴും കാണാൻ കഴിയും.

അടിസ്ഥാനമൂല്യങ്ങളിലെ ചോർച്ച

സുതാര്യത, ജനപങ്കാളിത്തം, ജനങ്ങളോടുള്ള ഉത്തരവാദിത്തം എന്നിവയാണ് ജനാധിപത്യവികേന്ദ്രീകരണത്തിന്റെയും, വികേന്ദ്രീകൃതാസൂത്രണത്തിന്റെയും അടിസ്ഥാനമൂല്യങ്ങൾ. സമൂഹത്തിന്റെ സൂക്ഷ്മതലത്തിലുള്ള ജനാധിപത്യവത്കരണം അധികാരവികേന്ദ്രീകരണത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ജനപങ്കാളിത്തത്തിന്റെ വേദികളായ ഗ്രാമസഭകൾ, വാർഡുസഭകൾ എന്നിവ ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കുന്നതിന് മാത്രമുള്ള ഉപകരണാത്മക വേദികളായി മാറിപ്പോയി. അവയുടെ ജനാധിപത്യമൂല്യങ്ങൾ അവഗണിക്കപ്പെട്ടതിൽ കേരളത്തിലെ ഗ്രാമസഭകളുടെ ഘടനയ്ക്കും പങ്കുണ്ട്. അധികാരവികേന്ദ്രീകരണം എന്നാൽ അധികാരത്തെ തദ്ദേശസ്വയംഭരണസ്ഥാപന ങ്ങളിലെ ഭരണസമിതിയും ജനപ്രതിനിധികളും വരെ വികേന്ദ്രീകരിക്കുക എന്ന നില വന്നു. അതിന് താഴേക്കുള്ള ജനാധിപത്യവത്കരണം എങ്ങനെയോ തടയപ്പെട്ടു. ജനകീയാസൂത്രണകാലത്ത് അവതരിപ്പിക്കപ്പെട്ട അയൽക്കൂട്ടമെന്ന ആശയം ക്രമേണ അപ്രത്യക്ഷമായി. പിന്നീട് വന്ന അയൽസഭക്കും വേര് പിടിച്ചില്ല. എന്നാൽ തദ്ദേശസ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടാത്ത റെസിഡൻസ് അസോസിയേഷനുകൾ ഇതേ കാലഘട്ടത്തിൽ ശക്തമാവുകയും ചെയ്തു. തദ്ദേശവികസനത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും താരതമ്യേന ദുർബലമായി. മരാമത്ത് പണികൾ ഗുണഭോക്തൃസമിതികളിൽനിന്ന് കരാറുകാരിലേക്ക് മാറി. ഗുണഭോക്തൃസമിതികളെ നിരീക്ഷക റോളിലെങ്കിലും നിലനിർത്താൻ ഉണ്ടായിരുന്ന സാധ്യതകൾ ബോധപൂർവ്വം അവഗണിക്കപ്പെട്ടു. പൊതുമരാമത്ത് പണികളുടെ സുതാര്യത ഉറപ്പാക്കാൻ അതാതിടങ്ങളിൽ സ്ഥാപിച്ചു വന്നിരുന്ന ബോർഡുകൾ, സോഷ്യൽ ഓഡിറ്റ് നിർദേശങ്ങൾ എന്നിവ മറവിയിലായി. തദ്ദേശവികസനത്തിൽ നിർമാണപ്രവർത്തനങ്ങൾക്കുള്ള പങ്ക് ശക്തമായി. അദൃശ്യമായ ജനപ്രതിനിധി - ഉദ്യോഗസ്ഥ - കരാറുകാർ കൂട്ടുകെട്ട് പ്രാദേശികതലത്തിൽ വളർന്നുവന്നു. ഇതിനെ പ്രതിരോധിക്കാവുന്ന തരത്തിലേക്ക് സുതാര്യത ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ വ്യവസ്ഥാപിതമാക്കാൻ അധികാരവികേന്ദ്രീകരണ പ്രക്രിയക്ക് കഴിഞ്ഞില്ല. 2005 ൽ അറിയാനുള്ള അവകാശനിയമം നിലവിൽ വരുന്നതിന് മുമ്പു തന്നെ 1994ലെ ഭേദഗതിയിലൂടെ ഈ അവകാശം കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ ഉറപ്പാക്കപ്പെട്ടിരുന്നു. എന്നാൽ വളരെ പരിമിതമായി മാത്രമേ ഈ സാധ്യത ഉപയോഗിക്കപ്പെട്ടുള്ളൂ. അഴിമതിയും, ക്രമക്കേടുകളും തടയാനായി രൂപപ്പെടുത്തിയിരുന്ന ഓംബുഡ്സ്മാൻ, ട്രൈബ്യൂണൽ സംവിധാനങ്ങൾ എന്നിവ കാലക്രമത്തിൽ ദുർബലമായി. ജനങ്ങളോട് ഉത്തരവാദിത്തം പുലർത്തുന്ന ഭരണപ്രക്രിയയുടെ ഭാഗികമായ ഘടകങ്ങൾ മാത്രമെ അംഗീകരിക്കപ്പെട്ടുള്ളൂ. ഫ്രണ്ട് ഓഫീസ് സംവിധാനം, അപേക്ഷക്കുള്ള രസീതുകൾ എന്നിവ അവയിൽ ചിലതായിരുന്നു. എന്നാൽ ഗ്രാമസഭാ തീരുമാനങ്ങളുടെ നടത്തിപ്പ്, റിപ്പോർട്ട് അവതരിപ്പിക്കൽ, പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ ഭരണസമിതികളുടെ പെർഫോമൻസ് റിപ്പോർട്ട് വർഷാവർഷം പൊതുജനവേദികളിൽ അവതരിപ്പിക്കൽ, ഓഡിറ്റ് റിപ്പോർട്ടുകൾ, വാർഷിക ധനകാര്യപത്രികകൾ എന്നിവയുടെ ഗ്രാമസഭാതല പരിശോധന എന്നിവ ഉണ്ടായില്ല.

ഘടനാപരമായ പരിമിതികൾ

അധികാരവികേന്ദ്രീകരണത്തിന്റെ ക്രമാനുഗതമായ വികാസത്തിന് തടസ്സം സൃഷ്ടിക്കുന്ന ഘടനാപരമായ പ്രശ്‌നങ്ങൾക്ക് നിയമപരിഷ്‌ക്കരണങ്ങളിലൂടെ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ 1999 ന് ശേഷം കാര്യമായി ഉണ്ടായിട്ടില്ല.

ജില്ലാതല ഭരണസംവിധാനങ്ങൾ

ഇന്നത്തെ ജില്ലാപഞ്ചായത്ത് ഒരു റവന്യൂ ജില്ലയെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ല. നഗരപ്രദേശങ്ങൾ അവയിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ജില്ലയെ മുഴുവൻ ഉൾക്കൊള്ളുന്ന സമഗ്രമായ ജില്ലാപദ്ധതി എന്ന ആശയത്തിന് ഇത് പരിമിതി സൃഷ്ടിക്കുന്നു. 1989 മുതൽ 1991 വരെ കേരളത്തിൽ നിലനിന്നിരുന്ന ജില്ലാ കൗൺസിൽ സംവിധാനമാണ് ഈ പശ്ചാത്തലത്തിൽ അഭികാമ്യം. എന്നാൽ ഇത്തരം അടിസ്ഥാനപരമായ ചർച്ചകൾ പിന്നീട് ഉയർന്നുവന്നില്ല. ജില്ലാ ആസൂത്രണസമിതി, അതിൽ നിക്ഷിപ്‌തമായ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിന് പര്യാപ്തമായ ഘടനയിലല്ല. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, നഗര-തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തം കൂടുതലും, വിദഗ്ധരുടെ പ്രാതിനിധ്യം കുറവുമാണ്. ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളുടേയും പദ്ധതികൾ ഫലപ്രദമായി പരിശോധിച്ച് അനുമതി നൽകുന്നതിന് ഈ ഘടന തടസ്സമാണ്.

സ്റ്റാന്റിംഗ് കമ്മിറ്റികൾ

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സ്റ്റാന്റിംഗ് കമ്മിറ്റികളിൽ കാലാനുസൃതമായ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ദുരന്തങ്ങൾ നിരന്തരം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ദുരന്ത മാനേജ്മെന്റിന് ഒരു പ്രത്യേക സംവിധാനം ഇല്ലാത്തത് ഫലപ്രദമായ ഇടപെടലിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി ഒരു സ്റ്റാന്റിംഗ് കമ്മിറ്റിമാത്രമാണുള്ളത് എന്നതിനാൽ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത്തലങ്ങളിലെ വിദ്യാഭ്യാസ, ആരോഗ്യ-മാലിന്യസംസ്കരണ വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ നല്കാനാകുന്നില്ല.

ഗ്രാമസഭകൾ

ഭരണഘടനാഭേദഗതി പ്രകാരം ഒരു പഞ്ചായത്തിനെ മുഴുവൻ പ്രതിനിധീകരിക്കുന്ന ഒന്നാണ് ഗ്രാമസഭ. എന്നാൽ കേരളത്തിൽ വാർഡിലെ മുഴുവൻ വോട്ടർമാരും അടങ്ങുന്ന സഭകളെയാണ് ഗ്രാമസഭകളായി പരിഗണിക്കുന്നത്. അതായത്, വാർഡിനെയാണ് കേരളത്തിൽ ഗ്രാമമായി നിർവചിച്ചത്. ഇത് തദ്ദേശസ്ഥാപനത്തെ മൊത്തത്തിൽ കണ്ടുകൊണ്ടുള്ള സംവിധാനമല്ല. അധികാരവികേന്ദ്രീകരണത്തിൽ ഏറെ മുന്നേറിയ കേരളത്തിൽ അനുയോജ്യമായ പുതിയൊരു സംവിധാനം രൂപപ്പെടുത്തി എടുക്കുവാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

കൈമാറിയ അധികാരങ്ങൾ

അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി കൈമാറിയ സ്ഥാപനങ്ങളുടേയും, ഉദ്യോഗസ്ഥരുടേയും കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ഇന്നും പരിമിതമായ നിയന്ത്രണാധികാരങ്ങൾ മാത്രമാണുള്ളത്. ഈ സ്ഥാപനങ്ങളെല്ലാം ഇപ്പോഴും വകുപ്പുതല നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ തന്നെയായി തുടരുന്നു. തദ്ദേശസ്ഥാപനങ്ങൾക്ക് ചുമതലകൾ കൈമാറിയ മേഖലകളിൽ, അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ പലപ്പോഴും വകുപ്പുതലത്തിലും ആവർത്തിക്കുന്നു. വകുപ്പുതല പ്രവർത്തനങ്ങളുടെ നടത്തിപ്പുകാരായി ഉദ്യോഗസ്ഥർ തുടരുന്നത് തദ്ദേശസ്ഥാപനങ്ങളുടെ ആസൂത്രണ-നിർവഹണശേഷിയെ ബാധിക്കുന്നു.

അധികാര പുനർനിർണയം

1999 ൽ ആണ് സംസ്ഥാനത്തെ പഞ്ചായത്തീരാജ്, നഗരപാലികനിയമങ്ങൾ സമഗ്രമായി ഭേദഗതി ചെയ്യപ്പെട്ടത്. അതിനുശേഷം തദ്ദേശസ്ഥാപനങ്ങളുടെ അധികാരങ്ങളിൽ അടിസ്ഥാനപരമായ വിപുലീകരണം നടത്തുന്നതിനുള്ള നിയമപരമായ ശ്രമങ്ങൾ ഉണ്ടായിട്ടില്ല. പ്രകൃതിവിഭവങ്ങളുടെ വിനിയോഗം, സ്ഥലീയാസൂത്രണം, ഭൂവിനിയോഗം, ദുരന്തമാനേജ്മെന്റ് തുടങ്ങിയ കാര്യങ്ങളിലൊക്കെ പരിമിതമായ അധികാരങ്ങൾ മാത്രമാണ് ഇന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുള്ളത്. ചടങ്ങായി മാറിയ ആസൂത്രണപ്രക്രിയ പ്രാദേശികാസൂത്രണപ്രക്രിയയുടെ ഗൗരവവും പങ്കാളിത്തവും ക്രമാനുഗതമായി ചോർന്നു. അത് പ്ലാൻ ക്ലർക്ക്, ചുരുക്കം ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എന്നിവരിലേക്ക് ചുരുങ്ങി. നൂതന ആശയങ്ങളും പദ്ധതികളും കുറഞ്ഞുവന്നു. കർമസമിതികളുടെ പ്രവർത്തനം യാന്ത്രികമായി; വികസനസെമിനാർ കേവലം ചടങ്ങായി.

സുസ്ഥിര വികസനസമീപനത്തിന്റെ അഭാവം

ജനകീയാസൂത്രണത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങൾക്ക് അനുസൃതമായി ഒരു സുസ്ഥിരവികസന സമീപനം പിന്തുടരാൻ ഭൂരിഭാഗം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും കഴിഞ്ഞിട്ടില്ല. പ്രാദേശിക ഉത്പാദനത്തെ ശക്തിപ്പെടുത്തുക, പ്രാദേശിക തൊഴിലുകൾ സൃഷ്ടിക്കുക അതുവഴി പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തമാക്കുക എന്നതാണ് തദ്ദേശ ആസൂത്രണത്തിന്റെ ഊന്നൽ. ഇത് ക്രമത്തിൽ നഷ്ടമായി റോഡുകൾ, കെട്ടിടങ്ങൾ തുടങ്ങിയ നിർമാണപ്രവർത്തങ്ങളിലേക്ക് ഊന്നൽ മാറിവന്നു. കാർഷിക, മൃഗസംരക്ഷണമേഖലയിലെ പദ്ധതികൾ ദീർഘകാല സമീപനമില്ലാത്ത വിതരണ പദ്ധതികളിലേക്ക് ചുരുങ്ങി. പ്രാദേശിക ഉത്പാദന പ്രക്രിയയെ ശക്തിപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായില്ല

അവഗണിക്കപ്പെട്ട പരിസ്ഥിതി സുരക്ഷ

സുസ്ഥിരവികസനാസൂത്രണത്തിൽ പരിസ്ഥിതിക്കുള്ള പങ്ക് താരതമ്യേന അവഗണിക്കപ്പെട്ടു. തണ്ണീർത്തടങ്ങൾ, ജലനിർഗമനച്ചാലുകൾ എന്നിവയുടെ സംരക്ഷണം വികസന ആസൂത്രണത്തിന്റെ ഭാഗമായില്ല. തനത് പ്രകൃതിവിഭവസമ്പത്ത് സംരക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളും ഉണ്ടായില്ല. ദുരന്തങ്ങളുടെ പ്രാദേശിക ആഘാതം വർധിപ്പിക്കുന്നതിൽ ഇതും പങ്ക് വഹിച്ചു.

സേവനഗുണതയിലെ മുരടിപ്പ്

പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ ഓഫീസുകളിൽനിന്ന് നൽകുന്ന സേവനങ്ങളുടെ വേഗത വർധിച്ചുവെങ്കിലും ഗുണത ഉയർത്തുന്നതിലേക്ക് വളർന്നില്ല. ആരോഗ്യരംഗത്ത് മാത്രമാണ് മെച്ചപ്പെട്ട മാറ്റം ദൃശ്യമായത്. വിദ്യാഭ്യാസം, മൃഗസംരക്ഷണം, കൃഷി തുടങ്ങിയ മേഖലകളിൽ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല.

വിവരാധിഷ്ഠിത ആസൂത്രണത്തിന്റെ കുറവ്

ആരംഭിച്ച് 25 വർഷം പിന്നിട്ടിട്ടും അടിസ്ഥാന ഡാറ്റ അധിഷ്ഠിതമാക്കിയുള്ള ഒരു പ്രാദേശികാസൂത്രണ പ്രക്രിയ വികസിച്ചുവന്നില്ല. വികസനാവസ്ഥയേയും വിവിധ വികസനമേഖലകളേയും കുറിച്ചുള്ള സമഗ്ര വിവരശേഖരണസംവിധാനം ഇല്ലെന്ന് മാത്രമല്ല വിവിധ വകുപ്പുകൾ ശേഖരിക്കുന്ന വിവരങ്ങളെ തദ്ദേശസ്ഥാപനതലത്തിൽ ഏകോപിപ്പിക്കുന്നുമില്ല. ജി.ഐ.എസ്. ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാവുന്ന തരത്തിൽ സ്ഥലീയ ആസൂത്രണവും, പ്രാദേശികാസൂത്രണവും നവീകരിച്ച് കാലാനുസൃതമാക്കാൻ കഴിഞ്ഞിട്ടില്ല. ആസൂത്രണ സംവിധാനങ്ങളുടെ ശേഷി ഉപയോഗപ്പെടുന്നില്ല സാങ്കേതികമായി യോഗ്യരായ ഉദ്യോഗസ്ഥശൃംഖല തദ്ദേശസ്ഥാപനങ്ങളുടെ വിവിധ തട്ടുകളിൽ ഉണ്ടെങ്കിലും അവരുടെ ശേഷി, പദ്ധതി ആസൂത്രണ-നിർവഹണത്തിൽ പ്രകടിപ്പിക്കപ്പെടുന്നില്ല. വകുപ്പുപദ്ധതിയുടെ നടത്തിപ്പുകാർ എന്ന തലത്തിൽനിന്ന് പ്രാദേശികാസൂത്രണ വിദഗ്ദ്ധർ എന്ന നിലയിലേക്ക് ഇവരെ പരിവർത്തിപ്പിക്കേണ്ടതുണ്ട്.

പ്രത്യേക ഘടകപദ്ധതികളുടെ നടത്തിപ്പ് ഫലപ്രദമാവുന്നില്ല

പട്ടികജാതി ഘടകപദ്ധതി, പട്ടികവർഗ ഉപപദ്ധതി എന്നിവ ആദ്യഘട്ടത്തിൽ ഈ വിഭാഗങ്ങളുടെ അടിസ്ഥാന ജീവിതസാഹചര്യങ്ങളെ മെച്ചപ്പെടുത്തി. എന്നാൽ അവരുടെ അതിജീവന പദ്ധതികൾ ഫലപ്രദമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനായിട്ടില്ല. അവരുടെ ചരിത്രപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാവുന്ന തരത്തിൽ തൊഴിൽ, വിദ്യാഭ്യാസ അവസരങ്ങൾ മെച്ചപ്പെടുത്താൻ ഭാവനാപൂർണമായ പദ്ധതികൾ ഉണ്ടായില്ല. സ്ത്രീശക്തീകരണ ശ്രമങ്ങളും വനിതാഘടകപദ്ധതിയും ഫലപ്രദമാവുന്നില്ല കുടുംബശ്രീ പദ്ധതി സ്ത്രീകളുടെ ശക്തീകരണത്തിൽ നിർണായക പങ്ക് വഹിച്ചുവെങ്കിലും വനിതാഘടകപദ്ധതി നടത്തിപ്പ് അതുപോലെ ഗുണകരമായ ഫലങ്ങൾ ഉണ്ടാക്കിയില്ല. സ്ത്രീകൾ വിവിധ വികസനമേഖലകളിൽ നേരിടുന്ന വിവേചനങ്ങൾ വിലയിരുത്തി അവയെ മറികടക്കുന്ന പ്രാദേശിക വികസനപദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിൽ ഭൂരിഭാഗം വരുന്ന തദ്ദേശഭരണസ്ഥാപനങ്ങളും പരാജയപ്പെട്ടു. ആസൂത്രണപ്രക്രിയയിൽ പുതുതലമുറയുടെ പങ്കാളിത്തക്കുറവ് യുവതീ യുവാക്കൾ, ചെറുപ്പക്കാരായ പ്രൊഫഷണലുകൾ എന്നിവരുടെ പങ്കാളിത്തം പ്രാദേശികാസൂത്രണത്തിന്റെ ചിന്താപ്രക്രിയക്കുള്ളിലും പദ്ധതിനിർവഹണത്തിലും കൊണ്ടുവരാൻ കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ല. അതുകൊണ്ട് ആസൂത്രണത്തിന്റെ ആധുനികവത്‌കരണത്തിന്‌ ആവശ്യമായത്ര വേഗത കൈവരിക്കാൻ കഴിഞ്ഞില്ല.

പ്രാദേശിക സർക്കാരുകളുടെ സ്വയംഭരണാവകാശം കുറയുന്നു

തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ലഭ്യമായ സ്വയംഭരണശേഷി ഘട്ടം ഘട്ടമായി വികസിക്കുമ്പോഴാണ് അവയ്ക്ക് യഥാർഥ പ്രാദേശിക സർക്കാരുകൾ എന്ന തലത്തിലേക്ക് ഉയരാൻ കഴിയുക. ഇതിനാകട്ടെ സദ്ഭരണത്തിന്റെ ഒരു പൊതു ആശയ ഘടനയ്ക്കുള്ളിൽ നിന്ന് അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണം. എന്നാൽ ഇതിന് വിരുദ്ധമായി അവരുടെ സ്വയംഭരണശേഷി ക്രമാനുഗതമായി കുറയുന്ന പ്രവണതയാണ് ശക്തമായത്. അതോടൊപ്പം പ്രധാനപ്പെട്ടതാണ് ജനപ്രതിനിധികളുടെ കുറഞ്ഞ പ്രതിഫലത്തിന്റെ പ്രശ്നം. തദ്ദേശസ്ഥാപന പ്രതിനിധി എന്നത് സ്ഥിരം ജോലിയല്ലെങ്കിലും നിലവിലുള്ള ഉത്തരവാദിത്തം നിറവേറ്റുവാൻ അവരുടെ ഏതാണ്ട് പൂർണസമയവും ജനപ്രതിനിധികൾ മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ട്. എന്നാൽ അതിനനുസരണമായ പ്രതിഫലം അവർക്ക് ലഭിക്കുന്നുമില്ല (ഗോവ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന ഹോണറേറിയം കേരളത്തിലാണെങ്കിലും). ഈ സാഹചര്യം അനഭിലഷണീയമായ പല പ്രവണതകൾക്കും വഴിവയ്ക്കുന്നുമുണ്ട്.

വർധിക്കുന്ന ഏജൻസി സ്വഭാവം

അതത് പ്രദേശത്തെ വികസന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്, മുൻഗണനകൾ നിശ്ചയിച്ച്, പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടവയാണ് തദ്ദേശസ്ഥാപനങ്ങൾ. എന്നാൽ അവയെ കേന്ദ്രീകൃത പദ്ധതികളുടെ നടത്തിപ്പുകാരാക്കുന്ന പ്രവണത വലിയ തോതിൽ ശക്തിപ്പെട്ടു. ഇത് സ്വയംഭരണശേഷി കുറയുന്നതിന് കാരണമായി. സർക്കാർ നിർദേശിക്കുന്ന പദ്ധതികൾക്ക് അധിക വിഹിതം നൽകാതെ അവയുടെ പദ്ധതിവിഹിതത്തിൽനിന്ന് നീക്കിവയ്ക്കാനുള്ള നിർദേശവും സ്വതന്ത്രമായ ആസൂത്രണശേഷിയെ ബാധിച്ചു. ജനകീയസമിതികളുടെയും പ്രാദേശിക സാങ്കേതിക - വിഭവശേഷിയുടെയും ശക്തീകരണം എന്ന സങ്കല്പത്തിന് പകരമായി മിഷനുകളും കൺസൾട്ടൻസികളും സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകളും കടന്നുവരാൻ തുടങ്ങി. അധികാരങ്ങൾ തിരിച്ചെടുക്കുന്ന ഉത്തരവുകൾ വിവിധ വകുപ്പുകളിൽനിന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ അധികാരങ്ങൾ ഉത്തരവുകളിലൂടെ തിരിച്ചെടുക്കുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടായി. ഉദ്യോഗസ്ഥർ ഗ്രാമസഭകളിൽ പങ്കെടുക്കുന്നതിന് പോലും വിലക്കുകൾ ഉണ്ടായി. തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയ മേഖലകളിലും വകുപ്പുകളുടെ സമാന്തരപദ്ധതികൾ മുൻകാലങ്ങളിലെ പോലെ തന്നെ തുടർന്നു.

ഉദ്യോഗസ്ഥരുടെ ഇരട്ട നിയന്ത്രണം

തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ വരുന്ന ഉദ്യോഗസ്ഥരുടെ മേലുള്ള വകുപ്പുതല നിയന്ത്രണങ്ങൾ ശക്തമായി തുടർന്നു. നിലവിൽ കൈമാറിക്കിട്ടിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം സംബന്ധിച്ച് ഇനിയും വ്യക്തതയുണ്ടാക്കിയിട്ടില്ല. അവരുടെ സേവനം വിലയിരുത്തുന്നതിനായി പേഴ്‌സണൽ രജിസ്റ്റർ പോലുള്ള രേഖകൾ പരിശോധിക്കാനുള്ള അധികാരങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയിട്ടില്ല. അതുവഴി ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം ഫലത്തിൽ കടലാസ്സിൽ ഒതുങ്ങി.

വിഭവസമാഹരണത്തിലെ തടസ്സങ്ങൾ

തദ്ദേശസ്ഥാപനങ്ങളുടെ നികുതിഘടനയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. അവർക്ക് ശേഖരിക്കാവുന്ന പുതിയ നികുതി, നികുതി ഇതര വരുമാനത്തിനുള്ള അധികാരങ്ങൾ നല്കിയില്ല. ഇത് അവരുടെ പ്രവർത്തനസ്വാതന്ത്ര്യത്തെയും സ്വയംഭരണാവകാശത്തെയും ബാധിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പോലുള്ള പദ്ധതികളുടെ പേരിൽ വരുന്ന പരിഷ്ക്കാരങ്ങൾ പലതും തദ്ദേശസ്ഥാപനങ്ങളുടെ വരുമാന ലഭ്യതയെ ബാധിക്കുന്ന വിധത്തിലാകുന്നു.

മാറ്റമില്ലാത്ത രാഷ്ട്രീയസംസ്കാരം

ശരിയായ പ്രാദേശികവികസനത്തിന് അനുഗുണമായ രാഷ്ട്രീയസംസ്കാരം രൂപപ്പെട്ടില്ല. കേന്ദ്ര - സംസ്ഥാന ഭരണം പോലെ രാഷ്ട്രീയ അജണ്ട ആകേണ്ട ഒന്നാണ് പ്രാദേശികഭരണം എന്ന തോന്നൽ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ വളർന്നിട്ടില്ല. പ്രാദേശിക വികസനചർച്ച തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നു. പ്രാദേശിക ഭരണസമിതിയുടെയും ജനപ്രതിനിധികളുടെയും പ്രകടനം കൃത്യമായ ഇടവേളകളിൽ ശാസ്ത്രീയമായി വിലയിരുത്തുന്നതിന് കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ല. ഭരണത്തിന്റെ കാര്യക്ഷമത കുറയുന്നതിനും പ്രാദേശികവികസനത്തിലെ സാമ്പത്തിക ക്രമക്കേടുകൾ വർധിക്കുന്നതിനും ഇത് കാരണമായി. ആസൂത്രിതമല്ലാത്ത നഗരവികസനം ദീർഘകാലലക്ഷ്യങ്ങൾ ഉള്ള മാസ്റ്റർപ്ലാനുകളുടെ അടിസ്ഥാനത്തിൽ നഗരവികസന പ്രവർത്തനങ്ങൾ നടത്താൻ കോർപ്പറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും കഴിഞ്ഞിട്ടില്ല. വലിയ നഗരങ്ങളിലുള്ള നഗര വികസന അതോറിറ്റികൾ തദ്ദേശസ്ഥാപനങ്ങൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ സമാന്തരമായി ചെയ്യുന്നു. സമഗ്ര നഗരവികസന മാസ്റ്റർപ്ലാൻ ഉള്ള കൊച്ചി പോലുള്ള നഗരങ്ങളിൽ പോലും അത് നടപ്പാക്കപ്പെടുന്നില്ല. നഗരാസൂത്രണവകുപ്പ് പങ്കാളിത്ത വികസനപദ്ധതികൾക്ക് ചില മാതൃകകൾ ഉണ്ടാക്കിയെങ്കിലും അതിനെ ഒരു പൊതുസമീപനമാക്കി മാറ്റാൻ കഴിഞ്ഞിട്ടില്ല. നിയതമായ മാനദണ്ഡങ്ങൾ പിന്തുടരാതെ, ആവശ്യമായ സമയം നൽകാതെ പെട്ടെന്നാണ് പല നഗരങ്ങളും മുനിസിപ്പാലിറ്റി ആയി മാറുന്നത്‌. അവ പിന്നീട് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വളർച്ചയുടെ പരിമിതികൾ നേരിടുന്നു. പരിശീലന സംവിധാനങ്ങളിൽ മനുഷ്യവിഭവശേഷിക്കുറവ് വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ടിന് ശേഷവും പരിശീലനസ്ഥാപനമായ കിലയുടെ മാനവവിഭവശേഷി പരിമിതമാണ്. ഇത് ആവശ്യമായ പഠന-ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ പരിശീലനമേഖലകൾ, പരിശീലനത്തിന്റെ ഉള്ളടക്കം എന്നിവ ആസൂത്രണം ചെയ്യുന്നതിന് കിലയ്ക്ക് പരിമിതികൾ സൃഷ്ടിക്കുന്നു.

മുൻപോട്ടുള്ള ദിശ

സുസ്ഥിരവികസനം, സാമൂഹികനീതി, ജനാധിപത്യവത്കരണം ജനങ്ങളോടുള്ള ഉത്തരവാദിത്തം, സേവനഗുണത എന്നീ അടിസ്ഥാനപ്രമാണങ്ങളിൽ ഊന്നിയ ഒരു വികസന സമീപനമാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഉണ്ടാവേണ്ടത്. അതിന് അവരുടെ സ്വയംഭരണാവകാശവും പ്രവർത്തനശേഷിയും നിരന്തരമായി വികസിക്കുകയും യഥാർഥ പ്രാദേശിക സർക്കാരുകളായി അവ മാറുകയും വേണം. ഈ ലക്ഷ്യത്തിൽ നിന്നുകൊണ്ട് കേരളത്തിലെ അധികാരവികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനുള്ള പൊതുചർച്ചക്കായി ഏതാനും നിർദേശങ്ങൾ മുന്നോട്ടുവെക്കുകയാണ്.

നിയമപരിഷ്‌ക്കരണം

വകുപ്പുകളുടെ പുനഃസംഘാടനം, പുതിയ അധികാരങ്ങൾ നൽകൽ, ഗ്രാമസഭകളുടെ പുനഃസംഘാടനം, സോഷ്യൽ ഓഡിറ്റ് സംവിധാനങ്ങളുടെ വ്യവസ്ഥാപനം, സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവയ്ക്ക് മേലുള്ള നിയന്ത്രണം, വിപുലമായ തനത് വിഭവശേഖരണ അധികാരങ്ങൾ എന്നിവ ഉൾപ്പെടുത്തി പഞ്ചായത്ത്-മുനിസിപ്പൽ നിയമങ്ങൾ സമഗ്രമായി പരിഷ്ക്കരിക്കണം. വകുപ്പുതല മാന്വലുകളും ഇത്തരത്തിൽ പരിഷ്ക്കരിക്കേണ്ടതുണ്ട്. അധികാരവികേന്ദ്രീകരണത്തിന്റെ പുതിയ ആവശ്യങ്ങൾക്കനുസൃതമായി ഭൂവിനിയോഗ നിയമങ്ങൾ, ഖനനനിയമങ്ങൾ, ദുരന്തനിവാരണനിയമം, പൊതുജനാരോഗ്യനിയമം, മാലിന്യസംസ്കരണനിയമങ്ങൾ, കേരള വിദ്യാഭ്യാസനിയമം, നഗരാസൂത്രണനിയമങ്ങൾ എന്നിവയും സമഗ്രമായി പരിഷ്ക്കരിക്കണം.

ജനപങ്കാളിത്തത്തിന്റെ വേദികളെ ശക്തിപ്പെടുത്തുക

നിലവിലെ ഗ്രാമസഭ വാർഡിലെ മുഴുവൻ വോട്ടർമാരും ഉൾക്കൊള്ളുന്നതാണ്. മുഴുവൻ അംഗങ്ങളും പങ്കെടുക്കുകയാണെങ്കിൽ യോഗം ഫലപ്രദമായി സംഘടിപ്പിക്കാൻ പോലുമാവില്ല. മാത്രമല്ല ഭരണഘടനാ ഭേദഗതി പ്രകാരം ഒരു പഞ്ചായത്തിനെ മുഴുവൻ പ്രതിനിധീകരിക്കുന്ന ഒന്നാണ് ഗ്രാമസഭ. അതുകൊണ്ടുതന്നെ ഗ്രാമസഭ പുനഃസംഘടിപ്പിക്കണം. അയൽസഭ/അയൽകൂട്ട സംവിധാനങ്ങൾ നിയമപരമാക്കി അവയ്ക്ക് പ്രാതിനിധ്യമുള്ള ഒരു പഞ്ചായത്തുതലസഭയായി ഗ്രാമസഭയെ മാറ്റുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഗ്രാമസഭകൾക്ക് വർധിതമായ അധികാരങ്ങൾ നിയമപരമായി നൽകണം. അവയുടെ തീരുമാനങ്ങൾ ഭരണസമിതികൾക്ക് ബാധകമാകണം. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ നിയമസാധുതയുള്ള ജനകീയ സോഷ്യൽ ഓഡിറ്റ് സമിതികൾ ഉണ്ടാകണം. തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ഓഡിറ്റിന് വിധേയമാക്കണം. ഓഡിറ്റ് റിപ്പോർട്ടുകൾ ഗ്രാമസഭകളിൽ അവതരിപ്പിക്കുകയും വേണം. തദ്ദേശസ്ഥാപനത്തിന് പുറത്തുള്ള പ്രദേശവാസികളുടെ ഇ-ജനസഭകൾ പ്രോത്സാഹിപ്പിക്കണം. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പദ്ധതി വിവരങ്ങൾ, നികുതി വിവരങ്ങൾ, നിർമാണപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ, ഗുണഭോക്തൃപട്ടിക എന്നിവ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ജനങ്ങൾക്ക് ഓൺലൈൻ വഴി വിവരാവകാശ അപേക്ഷ നൽകി മറുപടി ലഭ്യമാക്കാനുള്ള സൗകര്യം ഉണ്ടാക്കണം. തദ്ദേശഭരണ ഓംബുഡ്സ്മാൻ സംവിധാനം പങ്കാളിത്തം വർധിപ്പിച്ച് ശക്തീകരിക്കുകയും, അധികാരപരിധി ഉയർത്തുകയും വേണം.

ഘടനാപരമായ പരിഷ്‌ക്കാരങ്ങൾ

സംസ്ഥാനത്ത് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നീ ഘടനകളിലൂടെ സർക്കാർ സംവിധാനം ചലിക്കുന്നതുപോലെ കൂടുതൽ അധികാരങ്ങളോടുകൂടിയ ശക്തമായ ജില്ലാ-പ്രദേശിക സർക്കാർ സംവിധാനം രൂപപ്പെടുത്തിയെടുക്കണം. തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയ മേഖലകളിലെ വകുപ്പുകളിലും അവയുടെ ചുമതലകളിലും ഈ പശ്ചാത്തലത്തിൽ സമഗ്രപരിഷ്കരണം ആവശ്യമാണ്. ജില്ലയിലെ മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ പ്രദേശം എന്നിവയുടെ പ്രാതിനിധ്യം വരുന്ന രീതിയിൽ ജില്ലാ പഞ്ചായത്ത് പുനഃസംഘടിപ്പിക്കണം. ജില്ലാ പഞ്ചായത്ത് സെക്രട്ടറിപദം, പഴയ ജില്ലാ കൗൺസിലുകളിൽ ഉണ്ടായിരുന്നതു പോലെ, കളക്ടർക്ക് തുല്യമായ പദവി ഉള്ളതാകണം. ജില്ലാ ആസൂത്രണസമിതിയിൽ ചുരുങ്ങിയത് 50 ശതമാനം വിദഗ്‌ധരുടെ പങ്കാളിത്തം നിയമപരമാക്കണം. ദുരന്തനിവാരണ സ്റ്റാന്റിംഗ് കമ്മിറ്റികൾ രൂപീകരിക്കണം. വിദ്യാഭ്യാസത്തിന് മാത്രമായി ഒരു സ്റ്റാന്റിംഗ് കമ്മറ്റി ഉണ്ടാകുകയാണെങ്കിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റിക്ക് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത്തലങ്ങളിലെ ആരോഗ്യ, മാലിന്യസംസ്കരണ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. ഇത്തരത്തിൽ ജോലി ഭാരം, ചുമതലയുള്ള വിഷയങ്ങൾ, പുതിയകാലത്തിന്റെ ആവശ്യങ്ങൾ എന്നിവ കണക്കിലെടുത്ത് സ്റ്റാന്റിംഗ് കമ്മറ്റികളുടെ എണ്ണവും അധികാരങ്ങളും പുനഃക്രമീകരിക്കണം. തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയ മേഖലകളിൽ വകുപ്പുകൾ ചെയ്യുന്ന പ്രവർത്തനങ്ങൾ പട്ടികപ്പെടുത്തുകയും അതെല്ലാം തദ്ദേശസ്ഥാപനങ്ങൾ പ്രാദേശികാസൂത്രണത്തിലൂടെ രൂപപ്പെടുന്ന വാർഷികപദ്ധതിയുടെ ഭാഗമാക്കുകയും വേണം. വിവിധ സർക്കാർ വകുപ്പുകളുടെ തദ്ദേശസ്ഥാപനതല പദ്ധതികളും അതിനായി വിനിയോഗിക്കപ്പെടുന്ന പണവും തദ്ദേശസ്ഥാപനങ്ങൾ മുഖാന്തിരം അവയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി തന്നെ വനിയോഗിക്കപ്പെടണം. വകുപ്പുകളുടെ സമാന്തര പദ്ധതി നടത്തിപ്പ് വേണ്ടെന്ൻ വച്ച് പ്രാദേശികമായി ആസൂത്രണം ചെയ്യുന്ന പദ്ധതികൾക്കായി വകുപ്പുകൾ പണം മുടക്കുന്ന രീതിയാണ് രൂപപ്പെട്ടുവരേണ്ടത്. അങ്ങനെ വരുമ്പോൾ പ്രാദേശികാവശ്യങ്ങളുടെ മുൻഗണനയും ഗുണഭോക്തൃതെരഞ്ഞെടുപ്പിലെ സുതാര്യതയും ഉറപ്പാക്കപ്പെടും. പുതുതായി രൂപീകരിക്കപ്പെട്ട തദ്ദേശസ്വയംഭരണ പൊതുസർവ്വീസിനെ പ്രയോജനപ്പെടുത്തി ജില്ലാതലം വരെ അതത് തലങ്ങളിലെ വികസന ആസൂത്രണ, നടത്തിപ്പ് ശേഷി മെച്ചപ്പെടുത്തണം.

വികസിപ്പിക്കേണ്ട സ്വയംഭരണാവകാശം

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാർത്ഥ്യമായ സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിക്കിട്ടിയ കാര്യാലയങ്ങളുടെയും ഉദ്യോഗസ്ഥ സംവിധാനങ്ങളുടെയും ഏകീകരണത്തെയും കൂടുതൽ മേഖലകളിൽ പുതിയ അധികാരങ്ങൾ നൽകുന്നതിനെയും കുറിച്ചുള്ള ചർച്ചകൾ അടിയന്തിരമായി ആരംഭിക്കണം. ഇക്കാര്യം സംസ്ഥാന ഭരണപരിഷ്കാര കമ്മീഷന്റെയോ പുതിയ ധനകാര്യ കമ്മീഷന്റെയോ പരിഗണനയിൽ വരേണ്ടതാണ്. ഭരണഘടനാപരമായി നിർദേശിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളിലെ, ഇനിയും കൈമാറേണ്ട സ്ഥാപനങ്ങളെയും അവിടുത്തെ ഉദ്യോഗസ്ഥരേയും നിലവിൽ കൈമാറിക്കിട്ടിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരേയും തദ്ദേശസ്ഥാപനങ്ങളുമായി പൂർണമായി സംയോജിപ്പിക്കണം. ഓരോ വികസനമേഖലയിലും തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ അധികാരങ്ങൾ വിലയിരുത്തി തദ്ദേശസ്ഥാപനങ്ങൾക്ക് അതാതിടത്തെ പ്രകൃതിവിഭവ വിനിയോഗം, ഭൂവിനിയോഗം, ജലസ്രോതസ്സുകളുടെ വിനിയോഗം, ഖനിജങ്ങളുടെ ഉപയോഗം എന്നിവയിൽ തീരുമാനമെടുക്കാനും, നിയന്ത്രിക്കാനുമുള്ള വിപുലമായ അധികാരം നൽകണം. തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്ന പദ്ധതിവിഹിതം സ്വന്തം തീരുമാനപ്രകാരം അതാതിടത്തെ വികസനാസൂത്രണത്തിന് ഉപയോഗിക്കാനുള്ള സ്വയംഭരണാവകാശം നൽകണം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തദ്ദേശസ്ഥാപനങ്ങൾ വഴി നടത്തുന്ന കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ അളവ് കുറയ്ക്കണം. അത് അനിവാര്യമായ ഘട്ടങ്ങളിൽ അതിനാവശ്യമായ ധനവിഭവം കൂടി പദ്ധതിവിഹിതത്തിന് പുറമെ നൽകണം. തദ്ദേശസ്ഥാപനങ്ങളുടെ നികുതിഘടന, നികുതി നിരക്ക്, നികുതിയേതര വരുമാനസ്രോതസ്സുകൾ എന്നിവ സമഗ്രമായി പരിഷ്ക്കരിക്കണം. അവരുടെ തനത് വരുമാനശേഷി വലിയതോതിൽ ഉയർത്തണം. തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുവാൻ ജനപ്രതിനിധികൾക്ക് ഏതാണ്ട് പൂർണസമയവും മാറ്റിവയ്ക്കേണ്ട സഹചര്യത്തിൽ അതിനനുസരണമായ പ്രതിഫലം അവർക്ക് ഉറപ്പാക്കണം. കൈമാറിയ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നിയന്ത്രണം പൂർണമായും തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണം, ഉദ്യോഗസ്ഥരുടെ പേഴ്സണൽ രജിസ്റ്ററുകൾ പരിശോധിച്ച് അതത് തദ്ദേശസ്ഥാപന അധ്യക്ഷർ ഒപ്പുവയ്ക്കണം. വിവിധ വകുപ്പുകളിലെ സംസ്ഥാനതല സ്ഥലംമാറ്റങ്ങളും നിയമനങ്ങളും നടക്കുന്നത് അതത് ജില്ലകളിലേക്കാണ്. പിന്നീട് ജില്ലാ മേധാവികളാണ് ഈ ഉദ്യോഗസ്ഥർ ജില്ലയിലെ ഏത് ഓഫീസിൽ ജോലി ചെയ്യണം എന്ന് തീരുമാനിക്കുന്നത്. അതിന് സമാനമായ രീതിയിൽ കൈമാറിക്കിട്ടിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ, വകുപ്പുകളുടെ സൂക്ഷ്മതല കാര്യാലയങ്ങളിലേക്ക് നേരിട്ട് നിയോഗിക്കുന്നതിന് പകരം, ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിലേക്ക് നിയോഗിക്കുകയും തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിയിലുള്ള സ്ഥാപനങ്ങളിലേക്ക് പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന രീതിയാണ് നടപ്പിലാക്കേണ്ടത്. ഈ ഉദ്യോഗസ്ഥർ തദ്ദേശസ്ഥാപനതലത്തിൽ ഹാജരാകുകയും അവരുടെ ഉദ്യോഗ പ്രവേശന റിപ്പോർട്ട് അവിടെ നിന്നും മേലധികാരിക്ക് അയക്കുകയും ചെയ്യുന്ന രീതി വരുമ്പോൾ ഉദ്യോഗസ്ഥ സംവിധാനവും തദ്ദേശഭരണസംവിധാനവും തമ്മിൽ ഇപ്പോൾ നിലനിൽക്കുന്ന അകൽച്ച ഒഴിവാക്കാൻ കഴിയും. ഒന്നിലേറെ സ്ഥാപനങ്ങളുള്ള വകുപ്പിൽ (ഉദാഹരണം സ്കൂൾ) ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരെ തദ്ദേശ സ്ഥാപന അതിർത്തിക്കുള്ളിൽ സ്ഥലം മാറ്റുന്നതിനും കഴിയണം. വകുപ്പുപദ്ധതിയുടെ നടത്തിപ്പുകാർ എന്ന തലത്തിൽനിന്ന്, പദ്ധതി ആസൂത്രണ - നിർവഹണത്തിൽ ശേഷി പ്രയോഗിക്കുന്ന രീതിയിൽ പ്രാദേശിക ആസൂത്രണ വിദഗ്ദ്ധരായി സാങ്കേതികമായി യോഗ്യതയുള്ളവരെ പരിവർത്തിപ്പിക്കേണ്ടതുണ്ട്.

പഞ്ചായത്ത് വില്ലേജ് സംവിധാനത്തിന്റെ ഏകോപനം

വില്ലേജ് തലം മുതൽ ജില്ലാതലം വരെ റവന്യൂ സംവിധാനം നിർവ്വഹിക്കുന്ന നിരവധി പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് കൈമാറാവുന്നതാണ് (ഒന്നാം കേരള ഭരണപരിഷ്ക്കാര കമ്മിറ്റിയുടെ ഒരു പ്രധാന ശുപാർശയായിരുന്നു ഇത് എന്ന് ഓർക്കേണ്ടതാണ്) പലതും അവർക്ക് കൈമാറിയ പ്രവർത്തന മേഖലകളിൽ ഉൾപ്പെടുന്നവയുമാണ്. ഉദാഹരണമായി ദുരന്തനിവാരണ രംഗത്തെ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ ചെയ്യാനാകുമെന്ന് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ രണ്ട് പ്രളയകാലത്തും കോവിഡ് കാലത്തും തെളിയിച്ചതാണ്. ഈ ചുമതലകൾ ജില്ലാ തലം വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറാം. റവന്യൂ സംവിധാനത്തിൽനിന്ന് നൽകുന്ന നിരവധി സർട്ടിഫിക്കറ്റുകൾ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് നൽകാനാകും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ റവന്യൂ സംവിധാനത്തിൽനിന്ന് മാറ്റി അത് പൂർണമായും തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളിലൂടെ തന്നെ നിർവഹിക്കാവുന്നതാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, എൽ.എസ്.ജി.ഡി ഡയറക്ടരേറ്റ്‌, ജില്ലാ ജോയിന്റ് ഡയറക്ടർ, നഗരസഭാജീവനക്കാർ, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ജീവനക്കാർ എന്നിവരെ ഇക്കാര്യങ്ങൾക്കായി ഉപയോഗിക്കാം. പൊതുതെരഞ്ഞെടുപ്പുകളിൽ ചെയ്യുന്നതുപോലെ ഈ ജോലികളിൽ സഹായിക്കുവാൻ മറ്റു വകുപ്പുകളെ നിയോഗിക്കുകയുമാകാം.

ആസൂത്രണപ്രക്രിയ നവീകരിക്കുക

മുഴുവൻ കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി വികസനാസൂത്രണത്തിന് സഹായകമായ ഒരു ഡാറ്റാബേസ് ഓരോ തദ്ദേശസ്ഥാപനത്തിലും തയ്യാറാക്കുകയും അത് നിരന്തരം പുതുക്കുകയും വേണം. റിമോട്ട് സെൻസിങ്, ജി.ഐ.എസ്. സംവിധാനങ്ങൾ എന്നിവ വികസനാസൂത്രണത്തിന് ഫലപ്രദമായി ഉപയോഗിക്കുന്നതിനായി ഒരു ജനകീയ പ്രസ്ഥാനം ആരംഭിക്കണം. തദ്ദേശസ്ഥാപനത്തിന് കീഴിലെ സ്ഥാപനങ്ങൾ വഴി ശേഖരിക്കുന്ന ഡാറ്റകൾ പൊതുസംവിധാനത്തിൽ ഏകോപിപ്പിച്ച് വികസനാസൂത്രണവുമായി ബന്ധിപ്പിക്കണം. തദ്ദേശസ്ഥാപനതലത്തിൽ ആസൂത്രണസമിതികളെ പ്രാദേശിക വിദഗ്ധരുടെ സമിതികളാക്കി വികസിപ്പിക്കണം. സമീപപ്രദേശങ്ങളിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, ഗവേഷണസ്ഥാപനങ്ങൾ, പ്രൊഫഷണലുകൾ എന്നിവരുടെ സേവനം പ്രാദേശിക ആസൂത്രണ സമിതികൾ വഴി ലഭ്യമാക്കണം. നിലവിലുള്ള കർമസമിതികളെ ആസൂത്രണസമിതികളുടെ ഉപസമിതികളാക്കി നിലനിർത്താം. തദ്ദേശസ്ഥാപനത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്ക് പ്രാദേശിക ആസൂത്രണത്തിൽ വിദഗ്ദ്ധപരിശീലനം നല്കണം. അതിനാവശ്യമായ വിധത്തിൽ കിലയുടെ മാനവവിഭവശേഷി വർധിപ്പിക്കണം. പഠന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ പരിശീലന മേഖലകൾ, പരിശീലനത്തിന്റെ ഉള്ളടക്കം എന്നിവ ആസൂത്രണം ചെയ്യാൻ കഴിയുന്ന രീതിയിൽ കിലയെ പുനഃസംവിധാനം ചെയ്യുകയും വേണം. ആസൂത്രണത്തിന്റെ സാങ്കേതിക ഉത്തരവാദിത്തം ബന്ധപ്പെട്ട മേഖലകളിലെ സ്ഥാപനമേധാവികൾക്കാവണം.

സുസ്ഥിരവികസന സമീപനം

തദ്ദേശസ്ഥാപനങ്ങളുടെ വികസനാസൂത്രണത്തിൽ പ്രാദേശിക ഉത്പാദനവ്യവസ്ഥ ശക്തിപ്പെടുത്തൽ, കാർബൺ പാദമുദ്ര കുറഞ്ഞ വികസനം, പാർശ്വവത്കൃതരുടെ അതിജീവനം എന്നിവ കേന്ദ്രസ്ഥാനത്ത് വരണം. പ്രാദേശിക ഉത്പാദനവും തൊഴിലും വളർത്തി പ്രാദേശികവികസനത്തിന്റെ വേഗത വർധിപ്പിക്കുവാനാകണം. ഇതിനായി സഹകരണമേഖല, കുടുംബശ്രീ, തൊഴിൽസേനകൾ മുതലായവയെല്ലാം ചേർന്നുള്ള ഏകോപിത ആസൂത്രണം വേണം. മാലിന്യസംസ്കരണം, കൃഷി എന്നിവയെ സംയോജിപ്പിച്ചുള്ള സുസ്ഥിര വികസനപദ്ധതികൾ ആവിഷ്കരിക്കണം. സ്ഥലീയാസൂത്രണം, പ്രദേശങ്ങളുടെ മേഖലാവത്കരണം എന്നീ രീതികളിലൂടെ, സുസ്ഥിരവികസന ആസൂത്രണം സാധ്യമാക്കണം. പരിസ്ഥിതി ആഘാതവിലയിരുത്തൽ വികസനാസൂത്രണത്തിന്റെ കേന്ദ്രസ്ഥാനത്ത് വരണം. ഓരോ പദ്ധതികളുടെയും പരിസ്ഥിതി അവലോകന രേഖകൾ തദ്ദേശസ്ഥാപന തലത്തിൽ തയ്യാറാക്കുകയും അവയിൽ കണ്ടെത്തുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള നിർദേശങ്ങൾ ആസൂത്രണത്തിന്റെ ഭാഗമാവുകയും വേണം. പ്രാദേശികവികസനത്തിന് അനുയോജ്യമായ പരിസ്ഥിതി ആഘാത പഠനരീതികൾ വികസിപ്പിക്കണം. ദളിത്, ആദിവാസി വികസനത്തിന് വ്യക്തി, കുടുംബ, ഊര്, അധിവാസമേഖല എന്നിവയിൽ അധിഷ്ഠിതമായ വികസനപ്ലാനുകളും, ഉപജീവനപ്ലാനുകളും തയ്യാറാക്കണം. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്ത ങ്ങളെ സ്ഥിരമായി നേരിടേണ്ടിവരുന്ന ദളിത് - ആദിവാസി കുടുംബങ്ങളെ പുനഃരധിവസിപ്പിക്കണം. വനിതാഘടകപദ്ധതി സമഗ്രമായി പരിഷ്ക്കരിക്കണം. സ്ത്രീകളുടെ വരുമാനം, തൊഴിൽ, സാമൂഹികപദവി, ചലനാത്മകത എന്നിവ ഘട്ടം ഘട്ടമായി ഉയർത്തലാവണം ലക്ഷ്യം. സാമൂഹിക-സാമ്പത്തിക-ആരോഗ്യ ദുർബലത അനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവർക്കായി പ്രത്യേക കുടുംബ അതിജീവന പദ്ധതികൾ (household survival plan) തയ്യാറാക്കണം. കിടപ്പുരോഗികളും ഭിന്നശേഷിക്കാരും ഗുരുതരരോഗങ്ങളുള്ളവരും ഉൾപ്പെടുന്ന കുടുംബങ്ങളും അതിദരിദ്രരും ഈ പദ്ധതിയിൽ ഉൾപ്പെടണം. 60 വയസുകഴിഞ്ഞ സ്വയാർജിത വരുമാനമില്ലാത്ത വയോജനങ്ങൾക്കായി പ്രത്യേക അതിജീവനപദ്ധതികൾ തയ്യാറാക്കണം.

നഗരവികസനത്തിന് ഒരു ഏകോപിതസമീപനം

അനുദിനം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിൽ വൻ നഗരങ്ങൾ, ഇടത്തരം നഗരങ്ങൾ, നഗരവൽക്കരണത്തിലേക്ക് നീങ്ങുന്ന പ്രദേശങ്ങൾ എന്നിവ പ്രത്യേകമായെടുത്ത് ഓരോവിഭാഗത്തിനും സമഗ്ര മാസ്റ്റർപ്ലാനുകൾ തയ്യാറാക്കണം. നിലവിലുള്ള എല്ലാ നഗരവികസന പദ്ധതികളെയും, ഏജൻസികളെയും തദ്ദേശസ്ഥാപനങ്ങൾക്ക് ഏകോപിപ്പിക്കുവാനുള്ള അധികാരം നൽകണം. 20 വർഷത്തേയ്ക്കെങ്കിലുമുള്ള പൊതു മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിലാവണം നഗരവികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്. കാർബൺ പാദമുദ്ര കുറഞ്ഞ, ദരിദ്രർക്ക് പ്രത്യേക പരിഗണന നൽകുന്ന, സുസ്ഥിര വികസന പാതയാവണം നഗരവികസനത്തിന്റെ അടിസ്ഥാനസമീപനം. ലോകത്തിന്റെ ഇതരഭാഗങ്ങളിലേതുപോലെ ആഭ്യന്തര ഉത്പാദനത്തിന്റെ കേന്ദ്രമായി നമ്മുടെ നഗരങ്ങളെ മാറ്റുന്ന തരത്തിൽ ഉത്പാദനമേഖലയിൽ സമഗ്രമായ ഇടപെടൽ ഉണ്ടാക്കണം.

പ്രാദേശികവികസനം ഒരു രാഷ്ട്രീയ അജണ്ട

പ്രാദേശികവികസനം എന്നത് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പ്രധാന അജണ്ടയാകണം. ജനങ്ങളോട് ഉത്തരവാദിത്തമുള്ള തെരഞ്ഞെടുപ്പ് പ്രകടനപത്രികകൾ പങ്കാളിത്തപരമായി രൂപപ്പെടണം. ഭരണസമിതികൾ ഓരോ വർഷവും പെർഫോമൻസ് റിപ്പോർട്ട് തയ്യാറാക്കി പൊതുവേദിയിൽ അവതരിപ്പിക്കുകയും, വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കുകയും വേണം. ജനപ്രതിനിധികളുടെ ഗുണത ഉയർത്തുവാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ രാഷ്ട്രീയപ്രസ്ഥാനങ്ങൾ നടത്തണം. കൃത്യമായ ഇടവേളകളിൽ അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി അഴിമതി - ക്രമക്കേടുകൾ എന്നിവയ്ക്കെതിരെ കർശന നിലപാടുകൾ സ്വീകരിക്കണം. പ്രവർത്തനശേഷിയുള്ളവർക്കും യുവാക്കൾക്കും പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മുൻഗണന നൽകണം. ജനപ്രതിനിധികൾക്ക് നിരന്തരമായ ഭരണപരിശീലനങ്ങൾ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഉറപ്പാക്കണം. ഓരോ പ്രകടനപത്രികയോടൊപ്പവും ഭരണകക്ഷികൾ മുൻ പ്രകടനപത്രികയുടെ വിലയിരുത്തൽ റിപ്പോർട്ട് കൂടി നൽകുന്നത് ഒരു നല്ല രാഷ്ട്രീയ സംസ്ക്കാരമായിരിക്കും. കഴിവുതെളിയിച്ച സ്ത്രീകൾ, ദളിതർ, ആദിവാസികൾ എന്നിവർക്ക് പൊതുസീറ്റുകളിൽ വീണ്ടും മത്സരിക്കാൻ അവസരം നൽകണം.

തദ്ദേശഭരണസ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിരത

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശഭരണസ്ഥാപനങ്ങളുടെ കൂട്ടത്തിൽ പലകാര്യങ്ങളിലും ഒന്നാം സ്ഥാനത്താണ് കേരളത്തിലെ സ്ഥാപനങ്ങൾ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ അവ എത്രത്തോളം സ്വയംഭരണസ്ഥാപനങ്ങളായി വളർന്നിട്ടുണ്ട് എന്ന പരിശോധന ഒട്ടേറെ പരിമിതികൾ നമ്മെ ബോധ്യപ്പെടുത്തും. ഉദാഹരണമായി അവയുടെ സാമ്പത്തികവശം പരിശോധിക്കാം. 2018-19 സാമ്പത്തികവർഷത്തിൽ സംസ്ഥാനഗവൺമെന്റ്, വികസനഫണ്ട് ഇനത്തിൽ തദ്ദേശഭരണസ്ഥാപനങ്ങൾക്കായി നീക്കിവച്ചത് മൊത്തം സംസ്ഥാന പദ്ധതിയുടെ 24% തുക, അതായത് 7000 കോടി രൂപയാണ്. 2019-20ൽ ഇത് 24.5%വും 7500 കോടിയുമായി. ഇതുകൂടാതെ സംസ്ഥാനത്തിന്റെ സ്വന്തനികുതി വരുമാനത്തിന്റെ 3.5% ജനറൽ പർപ്പസ് ഫണ്ടായും 6% മെയിന്റനൻസ് ഫണ്ടായും നൽകുന്നുണ്ട്. കേന്ദ്രാവിഷ്കൃതപദ്ധതികളുടെ വിഹിതവും മറ്റും വേറെയുമുണ്ട്. ഇതെല്ലാം ചേർത്ത്, 19163 കോടി രൂപയുടെ വാർഷികപദ്ധതിയാണ് നമ്മുടെ തദ്ദേശഭരണസ്ഥാപനങ്ങളെല്ലാംകൂടി 2018-19 വർഷത്തിൽ തയ്യാറാക്കിയത്. ഇതിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ സ്വന്തവരുമാനവിഹിതം വെറും 5.88% മാത്രമായിരുന്നു. സർക്കാർ ഗ്രാന്റ് തുക ഓരോ വർഷവും വർധിച്ചുവരുന്നുണ്ടെങ്കിലും സ്വന്തവരുമാനത്തിൽ കാര്യമായ വർധന കാണാനില്ല. ഇതുവരെ സംസ്ഥാനത്ത് പ്രവർത്തിച്ച എല്ലാ സംസ്ഥാന ധനകാര്യ കമ്മീഷനുകളും തദ്ദേശഭരണസ്ഥാപനങ്ങളുടെ സ്വന്തവരുമാന സമാഹരണത്തിന്റെ നിരാശാജനകമായ അവസ്ഥ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നികുതിവരുമാനം നൂറുശതമാനവും പിരിച്ചെടുക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങളുടെ എണ്ണം വളരെ കുറവാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും കൂടി സമാഹരിക്കുന്ന തനത് വാർഷികവരുമാനം ഏതാണ്ട് 2000 കോടി രൂപയാണെന്നും അത് ഇന്നത്തേതിന്റെ ഇരട്ടിയെങ്കിലുമായി വർധിപ്പിക്കാൻ വലിയ പ്രയാസമില്ല എന്നും ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ഈയിടെ സൂചിപ്പിക്കുകയുണ്ടായി.

പദ്ധതിച്ചെലവ് 2018 - 19 ചെലവ് % വികസന ഫണ്ട് 56.90 മെയിന്റനൻസ് ഫണ്ട് 19.2 ഓൺ ഫണ്ട് 5.88 മറ്റു ഫണ്ടുകൾ 17.71


ഇങ്ങനെ മൊത്തം വാർഷികപദ്ധതിയുടെ വളരെ ചെറിയൊരുഭാഗം മാത്രം സമാഹരിക്കുന്ന സ്ഥിതി, തദ്ദേശഭരണസ്ഥാപനങ്ങളുടെ സാമ്പത്തികമായ അസ്ഥിരതയാണ് സൂചിപ്പിക്കുന്നത്. ഏതെങ്കിലും കാരണവശാൽ സർക്കാർ നൽകുന്ന ഗ്രാന്റുകൾ കുറയാനിടയായാൽ പ്രാദേശികമായി വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത സ്ഥിതി വരാം. ഒരുപക്ഷേ അടുത്ത വർഷങ്ങളിൽ തന്നെ ഇങ്ങനെയൊരവസ്ഥ വന്നുചേരാനും മതി. കാരണം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉണ്ടായ അധികച്ചെലവ് കാരണം കഴിയുന്നത്ര മേഖലകളിൽ സർക്കാർ ചെലവ് ചുരുക്കാൻ സാധ്യതയുണ്ടെന്ന് ഇപ്പോൾതന്നെ സൂചനകളുണ്ട്. അത് തദ്ദേശഭരണസ്ഥാപന ഗ്രാന്റിനെ ബാധിക്കുമോ എന്ന് മാത്രമേ അറിയാനുള്ളൂ. ഇങ്ങനെയൊരവസ്ഥയെ മറികടക്കാനും തങ്ങളുടെ സാമ്പത്തികസ്ഥിരത ഉറപ്പുവരുത്താനും തദ്ദേശഭരണസ്ഥാപനങ്ങൾക്ക് എന്തുചെയ്യാൻ സാധിക്കും? ഇതിനായി പല നിർദേശങ്ങളും ഇതിനുമുമ്പുള്ള എല്ലാ സംസ്ഥാന ധനകാര്യ കമ്മീഷനുകളും നൽകി വന്നിട്ടുണ്ട്. പക്ഷേ ഒന്നും ഫലപ്രദമായി നടപ്പാകാറില്ല എന്നു മാത്രം. ഒന്നാമതായി പിരിച്ചെടുക്കേണ്ട നികുതികൾ പൂർണമായി പിരിച്ചെടുക്കുക എന്നതുതന്നെ. ഏറ്റവും കൂടുതൽ നികുതിവരുമാന സ്രോതസ്സുകൾ ഉള്ള തദ്ദേശഭരണസ്ഥാപനങ്ങളാണ് നമ്മുടേത്. ഗ്രാമപഞ്ചായത്തുകൾക്ക് ആറ് ഇനം നികുതികളും നഗരസഭകൾക്ക് 7 ഇനം നികുതികളും ചുമത്താം. ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾക്ക് നികുതി സ്രോതസ്സുകളില്ല. സ്വത്തുനികുതി/കെട്ടിടനികുതി (Property tax), തൊഴിൽനികുതി (Profession tax), വിനോദനികുതി (Entertainment tax), പരസ്യനികുതി (Advertisement tax) പ്രദർശനനികുതി (Show tax), സേവനനികുതി (Service tax) എന്നിവയാണ് പഞ്ചായത്തുകളിലെ നികുതികൾ. നഗരസഭകൾക്കാകട്ടെ, തടി നികുതി (Timber tax) എന്നൊരിനം കൂടിയുണ്ട്. ഇതിനുപുറമേ നികുതിയേതര വരുമാനസ്രോതസ്സുകളായ പലയിനം ഫീസുകളുമുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വരുമാനത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത് കെട്ടിടനികുതിയാണ്. അതുകഴിഞ്ഞാൽ തൊഴിൽ നികുതിയും. 2013-14 വർഷത്തെ കണക്കനുസരിച്ച് കെട്ടിടനികുതിയിനത്തിൽ പഞ്ചായത്തുകളുടെ വരവ് 51%വും നഗരസഭകളുടേത് 55% വുമാണ്. തൊഴിൽനികുതി ഇനത്തിൽ യഥാക്രമം 43%വും 31%വും ആയിരുന്നു. ബാക്കി ഇനങ്ങളിലുള്ള വരുമാനം നാമമാത്രം. ഭൂരിഭാഗം സ്ഥലങ്ങളിലും അവയൊന്നും പിരിച്ചെടുക്കുന്നതേയില്ല. നികുതിയേതര വരുമാനത്തിൽ പ്രധാനം ബിൽഡിംഗ് പെർമിറ്റ് ഫീസും വിവിധസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാവശ്യമായ D&O (Dangerous and Offensive) ലൈസൻസ് ഇനത്തിലുള്ള ഫീസുമാണ്. നികുതികൾ പൂർണമായും പിരിച്ചെടുക്കുന്നതിനുള്ള താൽപ്പര്യക്കുറവ് സാർവത്രികമാണ്. നിയമപരമായ തടസ്സങ്ങളും, കാലാനുസൃതമായ നിരക്കുവർധന ഇല്ലായ്മയുമാണ് മറ്റു കാരണങ്ങൾ. ഉദാഹരണമായി, ഏറ്റവും വലിയ വരുമാന സ്രോതസ്സായ കെട്ടിടനികുതിയുടെ കാര്യം നോക്കാം. 1961ലെ നിയമമനുസരി ച്ചായിരുന്നു അടുത്തകാലംവരെ ഇത് പിരിച്ചെടുത്തിരുന്നത്. കെട്ടിടത്തിന്റെ വാർഷികവാടകയായിരുന്നു അടിസ്ഥാനം. എന്നാൽ ഇത് തറ വിസ്തൃതിയുടെ അടിസ്ഥാനത്തിലാക്കാൻ 2011 ൽ നിയമഭേദഗതി കൊണ്ടുവന്നു. എന്നാൽ പുതിയ നിയമത്തിന് ചട്ടങ്ങളുണ്ടാക്കാൻ വലിയ കാലതാമസം നേരിട്ടു. ഇതിന്റെ ഫലമായി കുറേ വർഷങ്ങളായി നികുതിവർധന നടപ്പാക്കാനേ പറ്റിയിരുന്നില്ല. അൺ എയ്ഡഡ് സ്ക്കൂൾ കെട്ടിടങ്ങൾക്ക് ഇതുവരെ കെട്ടിടനികുതി ചുമത്താൻ കഴിഞ്ഞിട്ടില്ല. കാരണം, അതിനെതിരെ കോടതിയിൽ നിലവിലുള്ള കേസ് നീണ്ടു നീണ്ടുപോവുകയാണ്. തൊഴിൽ നികുതിയുടെ കാര്യവും വളരെ വിചിത്രമാണ്. 1949നുശേഷം 1988ലാണ് തൊഴിൽനികുതിനിരക്ക് വർധിപ്പിച്ചത്. അതനുസരിച്ച് പരമാവധി തൊഴിൽനികുതി 250 രൂപയിൽ നിന്ന് 2500 രൂപയായി വർധിപ്പിച്ചു. 1988നുശേഷം എത്രയോ തവണ ശമ്പളപരിഷ്ക്കരണം നടപ്പാക്കിയെങ്കിലും തൊഴിൽനികുതിയുടെ പരമാവധി നിരക്ക് അതനുസരിച്ച് വർധിപ്പിച്ചിട്ടില്ല. പതിനാലാം ദേശീയ ധനകാര്യ കമ്മീഷൻ ഇത് 12,000 രൂപയായി വർധിപ്പിക്കാൻ ശുപാർശ ചെയ്തുവെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. കാരണം, അതിന് ഭരണഘടനയിലെ ആർട്ടിക്കിൾ 276 (2) ഭേദഗതി ചെയ്യണമത്രേ. വിനോദനികുതി പ്രധാനമായും ചുമത്തിയിരുന്നത് സിനിമാ തിയേറ്ററുകൾക്കായിരുന്നു. ടെലിവിഷനും കേബിൾ നെറ്റ് വർക്കുകളും നിലവിൽ വന്നതോടെ വിനോദനികുതി സാധ്യതകൾ വളരെ കുറഞ്ഞുപോയി. എന്നാൽ പുതുതായി ഉയർന്നുവന്ന സാധ്യതകൾ പ്രയോജനപ്പെടുത്താനും ശ്രമമുണ്ടായില്ല. കേബിൾ ടി.വി, ഡിഷ് ആന്റിന തുടങ്ങിയവയെ വിനോദനികുതി പരിധിയിൽ കൊണ്ടുവരാവുന്നതാണ്. ഹൗസ് ബോട്ടുകൾക്ക് മേൽ വിനോദനികുതി ചുമത്താവുന്നതാണെന്ന് നാലാം സംസ്ഥാന ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്യുകയുണ്ടായി. ടൂറിസവുമായി ബന്ധപ്പെട്ട് വിനോദനികുതി വരുമാനം വർധിപ്പിക്കാൻ ഒട്ടേറെ സാധ്യതകളുണ്ട്. പക്ഷേ അതിന് നിലവിലുള്ള നിയമങ്ങളിൽ ഭേദഗതികളാവശ്യമുണ്ട്. സേവനനികുതിയാണ് തദ്ദേശഭരണസ്ഥാപനങ്ങൾ തീരെ പരിഗണിക്കാത്ത മറ്റൊരു മേഖല. പണ്ടത്തേക്കാൾ എത്രയോ കൂടുതൽ സേവനങ്ങൾ പ്രാദേശികഭരണ സ്ഥാപനങ്ങൾ വഴി ഇന്ന് ജനങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഈ സേവനങ്ങൾക്കൊക്കെ സേവനനികുതി ഈടാക്കാൻ നിലവിൽ തന്നെ വ്യവസ്ഥകളുണ്ട്. അതിന് പ്രധാനപ്പെട്ട തടസ്സം തദ്ദേശഭരണസ്ഥാപനങ്ങളുടെ പോപ്പുലിസ്റ്റ് സമീപനങ്ങളാണ്. ഓരോ സേവനനികുതിയും ചുമത്തുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങൾ പ്രത്യേകം നോട്ടിഫിക്കേഷൻ തയ്യാറാക്കി അംഗീകരിച്ച്, സർക്കാരിന്റെ അംഗീകാരം വാങ്ങേണ്ടതുണ്ട്. ഈ സ്ഥിതി മാറി സേവനനികുതി സംബന്ധിച്ച് സംസ്ഥാനതലത്തിൽ പൊതുതീരുമാനങ്ങൾ ഉണ്ടാക്കുന്നതാണ് നല്ലത്. അതിനും പുതിയ നിയമവ്യവസ്ഥ അനിവാര്യമാണ്. ചുരുക്കത്തിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ സ്വന്തവരുമാനം വർധിപ്പിക്കുന്നതിന് നിരവധി സാധ്യതകളുണ്ട്. അവ പ്രയോജനപ്പെടുത്തുന്നതിന് പുതിയ സാഹചര്യങ്ങൾക്ക് അനുസൃതമായ നിയമഭേദഗതികളും നിയമനിർമാണവും അനിവാര്യമാണ്. നിലവിലുള്ള വ്യവസ്ഥയനുസരിച്ചുള്ള നികുതികൾ പൂർണമായും പിരിച്ചെടുത്തുകൊണ്ട് മാത്രമേ പുതിയ വരുമാനസ്രോതസ്സുകൾക്കായി വാദിക്കുവാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് സാധിക്കുകയുള്ളൂ. കൂടുതൽ വികസനം ഉണ്ടാകണമെങ്കിൽ നികുതിവരുമാനം വർധിപ്പിച്ചേ പറ്റൂ എന്ന കാര്യത്തിൽ പൊതുസമ്മതി രൂപപ്പെടുത്തുകയും വേണം. ഇക്കാര്യത്തിൽ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുവാൻ സാമ്പത്തികവികേന്ദ്രീകരണവും അനിവാര്യമാണെന്ന കാര്യം മറന്നുകൂടാത്തതാണ്.

കേരളത്തിനുമുന്നിലുള്ള സമകാലീന വെല്ലുവിളികളും തദ്ദേശഭരണസ്ഥാപനങ്ങളും

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വർഷത്തിൽ അധികാരമേൽക്കുന്ന ഭരണസമിതികൾ അധികാരവൽക്കരിച്ച ഭരണസ്ഥാപനങ്ങളുടെ ആറാം തലമുറയാണ്. കഴിഞ്ഞ രണ്ടു വ്യാഴവട്ടക്കാലത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതോടൊപ്പം ഇന്ന് കോവിഡാനന്തര കാലഘട്ടത്തിൽ കേരളം അഭിമുഖീകരിക്കുന്ന സവിശേഷപ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതികൾക്ക് കഴിയണം. അതിനാവശ്യമായ പ്രവർത്തന പരിപാടികൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചുകൊണ്ട് വേണം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ. 2018ലെ മഹാപ്രളയം കേരളത്തെ തകർത്തു തരിപ്പണമാക്കി. പുനരധിവാസവും പുനർനിർമാണവും പൂർത്തിയാകുന്നതിനു മുൻപുതന്നെ അടുത്തവർഷത്തെ വെള്ളപ്പൊക്കം വടക്കൻ കേരളത്തിൽ ദുരിതം വിതച്ചു. പ്രളയം തകർത്ത കേരളത്തിന്റെ പുനർ നിർമിതിക്കുള്ള പദ്ധതികൾ തയ്യാറായിക്കൊണ്ടിരിക്കെയാണ് 2020 ൽ കോവിഡ്-19 മഹാമാരി ആഞ്ഞടിച്ചത്. ലോകമാകെ ഈ മഹാമാരിയുടെ പിടിയിലാണ്. ഇന്ത്യയിലും രോഗവ്യാപനം രൂക്ഷമാണ്. ലക്ഷക്കണക്കിനാളുകൾ മരിക്കുന്നു. ഉത്പാദനപ്രവർത്തനങ്ങൾ നിലച്ചിരിക്കുന്നു. കോടിക്കണക്കിന് തൊഴിലാളികൾ തൊഴിൽരഹിതരായി. സാമ്പത്തികനില തകർന്നടിഞ്ഞു. രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തികപ്രവർത്തനങ്ങൾ എന്ന് പുനഃരാരംഭിക്കാൻ ആകുമെന്ന് ഒരു നിശ്ചയവുമില്ല. കേരളത്തിലെ അവസ്ഥ കൂടുതൽ ഗുരുതരമാണ്. നിർമാണമേഖല നിശ്ചലമായിരിക്കുന്നു. വാണിജ്യ വ്യാവസായിക പ്രവർത്തനങ്ങൾ നിർജീവാവസ്ഥയിലാണ്. മൂന്ന് ലക്ഷത്തിലേറെ പ്രവാസികൾ നാട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ഭീതി ഒഴിഞ്ഞാലും ഇവരിൽ മിക്കവരും തിരികെ പോകാൻ ഇടയില്ല. എണ്ണ പ്രതിസന്ധി അവിടത്തെ സാമ്പത്തികനില അപകടത്തിൽ ആക്കിയിരിക്കുകയാണ്. ഇത് രണ്ടുതരത്തിൽ കേരളത്തെ ബാധിക്കുന്നു. ഒന്ന്, പ്രവാസിവരുമാനത്തിൽ ഉണ്ടാകുന്ന കുറവ്. രണ്ട്, തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് തൊഴിൽ നൽകേണ്ട ബാധ്യത. ഇതിനുപുറമേയാണ് കേരളത്തിലെ ഭക്ഷ്യ സുരക്ഷ ഒരു ചോദ്യചിഹ്നമായി ഉയർന്നുവരുന്നത്. ഭക്ഷ്യവസ്തുക്കൾ അയൽ സംസ്ഥാനങ്ങളിൽനിന്നും കൊണ്ടുവരുന്നത് തടസ്സപ്പെട്ടു. പ്രാദേശിക ഉത്പാദനം വർധിപ്പിച്ചുകൊണ്ട് മാത്രമേ സമ്പദ്‍വ്യവസ്ഥയും തൊഴിൽ ലഭ്യതയും ഭക്ഷ്യസുരക്ഷയും മെച്ചപ്പെടുത്താൻ കഴിയുകയുള്ളൂ. പരിഷത്ത് ഇത് വർഷങ്ങൾക്കുമുൻപേ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അതിന്റെ ഭാഗമായാണ് “ഉത്പാദനാധിഷ്ടിത വികസനം" എന്ന മുദ്രാവാക്യം ഉയർത്തിയത്. ജനകീയാസൂത്രണംകൊണ്ട് ഭക്ഷ്യസുരക്ഷയും ഉത്പാദനമേഖലയിലെ വളർച്ചയുമാണ് ലക്ഷ്യമിടുന്നതെന്ന് ഇ.എം.എസ് തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവരെയുള്ള ആസൂത്രണപ്രക്രിയയിൽ സംസ്ഥാനത്തിന്റെ സാമൂഹികസമ്പത്തും വരുമാനവും വർധിപ്പിക്കാൻ ആവശ്യമായ ഉത്പാദനമേഖല, വിശേഷിച്ചും കൃഷിയും വ്യവസായങ്ങളും അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു. സേവനമേഖലയുടെ വികസനത്തിൽ ഊന്നി നിൽക്കുന്ന ആസൂത്രണമാണ് ഇതേവരെ ഉണ്ടായത്. അതു മാറ്റി ഉത്പാദനമേഖലകൾക്ക് പ്രാമുഖ്യം നൽകുക എന്നതായിരുന്നു ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മുഖ്യ ലക്ഷ്യം. നമുക്ക് ആവശ്യമായ അരിയുടെ കാര്യത്തിൽ ഇന്നുള്ള കമ്മി കുറയ്ക്കുക, മറ്റു ഭക്ഷ്യസാമഗ്രികളായ പച്ചക്കറി, പഴങ്ങൾ, മത്സ്യമാംസാദികൾ, മുട്ട എന്നിവയുടെ കാര്യത്തിൽ ഓരോ പഞ്ചായത്തും സ്വയംപര്യാപ്തത നേടുക എന്നിവ ജനകീയാസൂത്രണത്തിന്റെ അടിസ്ഥാനസമീപനമാണ് (ഡോ. തോമസ് ഐസക്കിന്റെ ജനകീയാസൂത്രണം സിദ്ധാന്തവും പ്രയോഗവും എന്ന പുസ്തകത്തിന്റെ അവതാരികയിൽ നിന്ന്). അത് ഈ കോവിഡാനന്തര കാലഘട്ടത്തിൽ കൂടുതൽ പ്രസക്തമാണ്.

നാളത്തെ പഞ്ചായത്തുകൾക്കുണ്ടാകേണ്ട വികസനപരിപ്രേക്ഷ്യം

അവശേഷിക്കുന്ന നെൽവയലുകൾ സംരക്ഷിക്കപ്പെടണം. ഒരു ഇഞ്ച് കൃഷിഭൂമി പോലും തരിശിടാതെ കൃഷിചെയ്യണം. ഉത്പാദനക്ഷമത വർധിപ്പിക്കുന്നതോടൊപ്പം സമഗ്രകൃഷിരീതികൾ, ആവശ്യത്തിന് യന്ത്രവത്കരണം, ശാസ്ത്രീയമായ ജലസേചനരീതികൾ എന്നിവ വഴി കാർഷികമേഖലയിൽ ഒരു കുതിച്ചുചാട്ടത്തിന് പഞ്ചായത്തുകൾ നേതൃത്വം നൽകണം. കാർഷിക ഉൽപ്പന്നങ്ങളുടെ സ്റ്റോറേജ്, വിപണി എന്നിവയ്ക്കുള്ള സൗകര്യമൊരുക്കണം. പരിശീലനം സിദ്ധിച്ച ഒരു “കാർഷിക കർമസേന"യെ (കർഷകർക്ക് സഹായമായും കൃഷിഭൂമി ഏറ്റെടുത്ത് കൃഷിചെയ്യാനും) പഞ്ചായത്തിൽ സജ്ജമാക്കണം. കാർഷികോപകരണങ്ങളുടെ നിർമാണം, യന്ത്രങ്ങളുടെ പരിപാലനവും റിപ്പയറും എന്നിവ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവന്ന പ്രവാസികൾ അടക്കം നിരവധി പേർക്ക് തൊഴിൽ നൽകും. കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയാണ് മറ്റൊരു സാധ്യത. ലഭ്യമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതോടൊപ്പം പുതിയ രീതികൾ കണ്ടെത്തുകയും വേണം. കേരളത്തിന്റെതായ തനത് കിഴങ്ങുവർഗങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്നു. പഴം, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവയുടെ കൃഷിയോടൊപ്പം കാലിവളർത്തലും കോഴിവളർത്തലും പ്രധാനമാണ്. മാംസത്തിനും പാലിനും മുട്ടയ്ക്കും അന്യസംസ്ഥാനങ്ങളിന്മേലുള്ള ആശ്രിതത്വം ഇല്ലാതാക്കുന്നതോടൊപ്പം പ്രാദേശികസമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും ഇതിന്റെ ഭാഗമായുണ്ടാകും. കൃഷിയിലും അനുബന്ധമേഖലയിലുമുള്ള ഗൗരവപൂർണമായ ഇടപെടലുകളാണ് “സുഭിക്ഷ കേരളം" പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പല പഞ്ചായത്തുകളുടെയും ഈ മേഖലകളിലുള്ള പ്രവർത്തനം മാതൃകാപരമാണ്. ഭരണമേറ്റെടുത്ത് 2-3 വർഷം കൊണ്ട് പ്രാദേശിക ഭക്ഷ്യ സ്വയംപര്യാപ്തത എന്നതായിരിക്കണം ജനങ്ങളുടെ മുൻപിൽ വെക്കേണ്ട നിർദേശം. കൃഷിയുടെ വികസനത്തിന് ശാസ്ത്രീയമായ ജലമാനേജ്മെന്റ് അനിവാര്യമാണ്. പഞ്ചായത്ത് പ്രദേശത്ത് എല്ലാ ആവശ്യങ്ങൾക്കുമായി എത്ര വെള്ളം വേണ്ടിവരും എന്ന് പഠിക്കുന്നത് നന്നായിരിക്കും. മഴപെയ്തുകിട്ടുന്ന വെള്ളം, ഒഴുകിയെത്തുന്ന വെള്ളം, ഒഴുകിപ്പോകുന്ന വെള്ളം ഇവ തിട്ടപ്പെടുത്തി ഒരു വാട്ടർ ബാലൻസ് പഠനം നടത്താം. ജലലഭ്യത ഉറപ്പാക്കുന്നതുപോലെ പ്രധാനമാണ് വെള്ളക്കെട്ട് ഒഴിവാക്കലും. നീർത്തടാടിസ്ഥാനത്തിലുള്ള പ്രവർത്തനമാണ് ഇതിനെല്ലാം ഉത്തമം. എല്ലാ പഞ്ചായത്തിലും നീർത്തടമാപ്പും മാസ്റ്റർപ്ലാനുമുണ്ട്. ഇവയെ ആധാരമാക്കി മഴക്കാലത്ത് ലഭിക്കുന്ന വെള്ളം മഴക്കൊയ്ത്തിലൂടെ ശേഖരിച്ചുവെക്കാനുള്ള ജലസംഭരണികളും കുളങ്ങളും കിണറുകളും ഉണ്ടെന്ന് ഉറപ്പാക്കണം. കുടിവെള്ളസ്രോതസ്സുകളുടെ സംരക്ഷണവും ഇതിന്റെ ഭാഗമാണ്. അധികജലം ഒഴുകിപ്പോകാനുള്ള തോടുകളിലെ തടസ്സംനീക്കലും കയ്യേറ്റങ്ങൾ ഒഴിവാക്കലും സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന നിർമിതികൾ അനുവദിക്കാതിരിക്കലും പ്രധാനം തന്നെ. നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിനും പ്രളയത്തിനും കാരണമെന്ന് 2018ലെ പ്രളയദുരന്തം നമ്മെ പഠിപ്പിച്ചതാണ്. ഇക്കാരണത്താൽ തന്നെ നെൽവയലുകൾ നികത്താൻ അനുവദിക്കരുത്. ജലാശയങ്ങൾ - കുളങ്ങളും ചിറകളും ഉപേക്ഷിക്കപ്പെട്ട ക്വാറികളും ശുദ്ധജല മത്സ്യകൃഷിക്ക് ഉപയോഗിക്കാം. ബയോ ഫ്ലോക്ക് പോലുള്ള ആധുനിക മത്സ്യകൃഷി രീതികൾ വളരെ ലാഭകരമായി നടത്താവുന്നതാണ്. മറ്റൊരു തൊഴിൽ സാധ്യതയാണ് മത്സ്യത്തീറ്റ നിർമാണം. അതുപോലെ തന്നെയാണ് കാലിത്തീറ്റയുടെയും കോഴിത്തീറ്റയുടെയും നിർമാണം. കുറെ പേർക്ക് തൊഴിൽ നൽകാം. പഞ്ചായത്തുകളുടെയും നഗരസഭകളുടെയും സത്വര ഇടപെടൽ ആവശ്യമായ മേഖലയാണ് മാലിന്യപരിപാലനം. വരുന്ന 2-3 വർഷം കൊണ്ട് പഞ്ചായത്തിനെ/നഗരസഭയെ മാലിന്യരഹിതമാക്കാൻ കഴിയും. അതിനുവേണ്ട പദ്ധതികൾ ആവിഷ്കരിക്കണം. കൃഷി, മാലിന്യപരിപാലനം, പരിസരശുചിത്വം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതികളാണ് ശാസ്ത്രീയമായിട്ടുള്ളത്. ഈ രംഗത്ത് വിജയകരമായി പ്രവർത്തിച്ച തദ്ദേശഭരണസ്ഥാപനങ്ങളുണ്ട്. ഗാർഹിക ജൈവമാലിന്യം പൂർണമായും ഉറവിടത്തിൽ തന്നെ - വീടുകളിൽ തന്നെ - സംസ്കരിക്കാൻ ഇന്ന് ഫലപ്രദമായ ഉപകരണങ്ങൾ ലഭ്യമാണ്. ഹരിത കേരള മിഷനും ശുചിത്വമിഷനും നൽകുന്ന സാങ്കേതിക സാമ്പത്തിക സഹായം കൊണ്ട് ഉറവിട മാലിന്യസംസ്കരണ സംവിധാനം നടപ്പിലാക്കാൻ, എല്ലാ വീടുകളിലും കമ്പോസ്റ്റ് സംവിധാനങ്ങളോ ബയോഗ്യാസ് പ്ലാന്റുകളോ നൽകാൻ, 2-3 വർഷങ്ങൾക്കകം കഴിയണം. വ്യാപാരസ്ഥാപനങ്ങൾ, ഓഫീസുകൾ, കമ്മ്യൂണിറ്റി ഹാൾ, കല്യാണമണ്ഡപം എന്നിവിടങ്ങളിൽ മാലിന്യസംസ്കരണസംവിധാനം നിർബന്ധമാക്കണം. ഹരിതകർമസേനയുടെ സഹായത്തോടെ അജൈവമാലിന്യങ്ങൾ ശേഖരിക്കാൻ എം.സി.എഫ്( Material Collection Facility) ആർ.ആർ.എഫ് (Resource Recovery Facility) എന്നിവ സ്ഥാപിക്കുക, ഇവ തരംതിരിച്ച് പുനരുപയോഗത്തിനും പുനഃചക്രണത്തിനുമുള്ള സംവിധാനങ്ങളിൽ എത്തിക്കുക, ഇവക്കൊന്നും പറ്റാത്തവ മാത്രം സ്ക്രാപ്പ് ഡീലർമാർക്ക് നൽകുക ഇതായിരിക്കണം പ്രവർത്തനരീതി. ജൈവമാലിന്യങ്ങൾ കമ്പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്. കമ്പോസ്റ്റ് പച്ചക്കറി കൃഷിക്കും മറ്റു കൃഷികൾക്കും ഉപയോഗിക്കാവുന്ന നല്ല ജൈവവളമാണ്. ജൈവമാലിന്യങ്ങളിലുള്ള ജൈവരാസികങ്ങൾ വിഘടിക്കപ്പെട്ട് മണ്ണിലേക്ക് തിരിച്ചെത്തേണ്ടവയാണ്. അവ മണ്ണിൽ തിരിച്ചെത്തുന്നതിലൂടെയാണ് മണ്ണിന് ആവശ്യമായ പോഷകമൂലകങ്ങളും കാർബണും ഒക്കെ ലഭിക്കുന്നത്. ജൈവമാലിന്യം കത്തിക്കുമ്പോൾ ഈ പോഷകങ്ങൾ മണ്ണിലേക്കെത്താതെ നഷ്ടപ്പെടുകയാണ് എന്ന ശാസ്ത്രീയസമീപനത്തിന്റെ അടിസ്ഥാനത്തിൽ മാലിന്യം കത്തിക്കുന്ന പദ്ധതികളെ നിരാകരിക്കുന്ന പൊതുബോധം പ്രാദേശികതലത്തിൽ തന്നെ വളർത്തിക്കൊണ്ടുവരണം. സമഗ്രമായ മാലിന്യസംസ്കരണത്തിൽ ദ്രവമാലിന്യങ്ങളുടെ പരിപാലനവും പരിഗണിക്കണം. ജലസ്രോതസുകളിൽ മാലിന്യങ്ങളും മലിനജലവും എത്താനിടയാകാതെ നോക്കണം. പുതിയ പുതിയ വൈറസ് രോഗങ്ങൾ ഉണ്ടാകുന്നു. മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും അപകടകരമായി നിരവധി പകർച്ചവ്യാധികൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉടലെടുക്കും എന്നാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. ഇതിനെതിരെയുള്ള ശക്തമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പഞ്ചായത്തിലെ ആരോഗ്യസംവിധാനത്തെ സജ്ജമാക്കണം. രോഗപ്രതിരോധത്തിന്റെ ആവശ്യകതയിൽ ഊന്നിയ ശക്തമായ ബഹുജന ബോധവൽക്കരണ കാമ്പയിനുകൾക്ക് തദ്ദേശഭരണസ്ഥാപനങ്ങൾ നേതൃത്വം നൽകണം. കോവിഡ് പ്രതിരോധത്തിൽ പഞ്ചായത്തുകളും നഗരസഭകളും ഏറ്റെടുത്തു നടത്തുന്ന പ്രവർത്തനങ്ങൾ ശക്തമായി തുടരണം. പ്രളയാനന്തര പുനർനിർമാണം നടക്കേണ്ടതുണ്ട്. കോവിഡ് മൂലം നിശ്ചലമായ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കും. പരിസ്ഥിതിയെ പരിഗണിക്കാതെ നിർമാണ/വികസന പ്രവർത്തനങ്ങൾ നടത്താൻ ശ്രമമുണ്ടാകുമെന്ന് കേന്ദ്രസർക്കാരിന്റെ പുതിയ നിയമഭേദഗതി (ഇ.ഐ.എ.ഭേദഗതി) യിൽനിന്ന് വ്യക്തമാണ്. ഈ പശ്ചാത്തലത്തിൽ പരിസ്ഥിതിദുർബലമേഖലകളിൽ പരിസ്ഥിതിവിരുദ്ധമായ നിർമാണങ്ങൾക്ക് തടയിടേണ്ട ഉത്തരവാദിത്തം തദ്ദേശഭരണസ്ഥാപനങ്ങൾക്കുണ്ട്. എവിടെയെല്ലാം ഏതെല്ലാം നിർമിതികൾ ആകാം, എവിടെയെല്ലാം ആകരുത് എന്ന തരത്തിൽ ഭൂവിനിയോഗത്തെ നിയന്ത്രിക്കാൻ പഞ്ചായത്തുകളും നഗരസഭകളും തയ്യാറാകണം. മണൽവാരൽ, കുന്നിടിക്കൽ, പാറപൊട്ടിക്കൽ എന്നിവയിലും ശാസ്ത്രീയമായ സമീപനം കൈക്കൊള്ളണം. മുൻകാലങ്ങളിൽനിന്ന് ഭിന്നമായി കേരളം ദുരന്തങ്ങളെ അഭിമുഖീകരിക്കുകയാണ്. ദുരന്തപ്രതിരോധത്തിനും, ദുരന്തം സംബന്ധിച്ച മുന്നറിയിപ്പുനൽകാനും, ആവശ്യം വരുന്നപക്ഷം ഒഴിപ്പിക്കാനും, സുരക്ഷിതരായി താമസിക്കാൻ വേണ്ട അഭയകേന്ദ്രങ്ങൾ സജ്ജമാക്കാനും പറ്റുന്ന ദുരന്ത പ്രതിരോധ/ നിവാരണ പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. ദുരന്തനിവാരണത്തിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമാകണം. ഇക്കാര്യത്തിൽ, കില നൽകിയ പരിശീലനങ്ങളുടെ അടിസ്ഥാനത്തിൽ 2019-20 ലെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയ ദുരന്ത നിവാരണ പദ്ധതി വികസിപ്പിക്കേണ്ടതുണ്ട്. കുടുംബശ്രീ വഴിയും സ്ത്രീ സൗഹൃദപഞ്ചായത്തുകൾ വഴിയും സ്ത്രീശക്തീകരണ രംഗത്ത് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പൊതുസമൂഹത്തിൽ സമത്വം സാധ്യമായിട്ടില്ല. ഈ ലക്ഷ്യംവച്ചുകൊണ്ട് വനിതാ ഘടകപദ്ധതികൾ ആവിഷ്കരിക്കണം. പട്ടികവിഭാഗങ്ങളെയും മത്സ്യത്തൊഴിലാളികളെയും മറ്റുള്ളവർക്കൊപ്പം മുഖ്യധാരയിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഈ പരിമിതി പരിഹരിക്കാൻ വേണ്ട പ്രത്യേക പദ്ധതികൾ ആവിഷ്ക്കരിക്കണം. ആഗോളതാപനം അപകടകരമായ തലത്തിലേക്ക് ഉയരുകയാണ്. താപനം കുറയ്ക്കുന്നതിന് കാർബൺ ഡയോക്സൈഡ് ഉത്സർജനം കുറച്ചേ പറ്റൂ. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് ഒന്നാമതായി ചെയ്യേണ്ടത്. പാചകത്തിനുള്ള ഗ്യാസ്, വിറക് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി ബയോഗ്യാസ്, ചൂടാറാപ്പെട്ടികൾ എന്നിവ എല്ലാ വീടുകളിലും എത്തണം. ഊർജക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് മറ്റൊരു നിർദേശം. തെരുവുവിളക്കുകൾ എൽ.ഇ.ഡി. ബൾബുകൾ ആക്കിയാൽ അതിനുവേണ്ട വൈദ്യുതി 40 ശതമാനമായി കുറയുമെന്നു കണക്കാക്കപ്പെടുന്നു. കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്ന സസ്യാവരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വൃക്ഷവൽക്കരണം പ്രോത്സാഹിപ്പിക്കണം. പച്ചത്തുരുത്തുകളും, പഴക്കാടുകളും (fruit forests) വ്യാപകമാക്കാനുള്ള പദ്ധതികൾ പ്രാദേശികാസൂത്രണത്തിന്റെ ഭാഗമാകണം. ഇക്കാര്യങ്ങൾക്കെല്ലാം അനുയോജ്യമായ ഒരു സാംസ്കാരിക അന്തരീക്ഷം രൂപപ്പെടേണ്ടതുണ്ട്. അന്തരീക്ഷസൃഷ്ടിക്കായി ലൈബ്രറികൾ, ക്ലബ്ബുകൾ തുടങ്ങിയവയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശക്തമായ സാംസ്കാരികപ്രവർത്തനങ്ങൾക്ക് തദ്ദേശഭരണസ്ഥാപനം നേതൃത്വം നൽകണം. കൃഷിയുടെ പ്രാധാന്യം, ആഗോളതാപനം, ദുരന്തനിവാരണവും ദുരിതാശ്വാസവും, പകർച്ചവ്യാധി പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയും അല്ലാതെയും വിദ്യാർഥികളിലേക്ക് എത്തിക്കേണ്ടതുണ്ട്. പുതുതലമുറയെ പുതിയ കേരളത്തിന്റെ നിർമാണത്തിൽ പങ്കാളികളാകാൻ സജ്ജരാക്കുക എന്നത് പഞ്ചായത്തുകളും നഗരസഭകളും തങ്ങളുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ടതുണ്ട്. വരുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയായി ഈ ആശയങ്ങൾ മാറേണ്ടതുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ഉയരുന്ന ആവശ്യങ്ങളെന്ന നിലയിൽ ഇവയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകളും ഉയർന്നുവരണം.