ഉണ്ണിക്കുളം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഉണ്ണികുളം യൂണിറ്റ് പിന്നിട്ട പാതകൾ

കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ എകരൂൽ കേന്ദ്രീകരിച്ച് 1984 ലാണ് പരിഷത്തിൻ്റെ ഉണ്ണികുളം യൂണിറ്റ് രൂപം കൊണ്ടത്.ഈ കാലഘട്ടത്തിൽ ഉണ്ണികുളം പഞ്ചായത്തിലും എകരൂൽ പ്രദേശത്തും പല വിധത്തിലുള്ള കലാ സാംസ്കാരിക പ്രവർത്തനവും വിവിധ ക്ലബ്ബുകളും ലൈബ്രറി കൾ കേന്ദ്രീകരിച്ചുള്ള സാംസ്കാരിക പ്രവർത്തനവും സജീവമായിരുന്നു. പുരോഗമന സാംസ്കാരിക പ്രവർത്തനത്തോടൊപ്പം മതപരമായ സാംസ്കാരിക പ്രവർത്തനവും ഇവിടെ സജീവമായിരുന്നു.

  എകരൂൽ അങ്ങാടിയിൽ ഉണ്ടായിരുന്ന ഗ്രാമീണ ലൈബ്രറി കേന്ദ്രീകരിച്ച് സാംസ്കാരിക ചർച്ചകളും പുസ്തകവിതരണവും നടന്ന കാലഘട്ടമായിരുന്നു അത്. ലൈബ്രറി കേന്ദ്രീകരിച്ച് മുകുളം എന്ന പേരിൽ ഒരു കൈ എഴുത്ത് മാസിക മുടങ്ങാതെ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രദേശത്ത് കഥ, കവിത ,ലേഖനം മുതലായവ എഴുതുന്ന വരെ വളർത്തിക്കൊണ്ടു വരുന്നതിൽ മുകുളം വലിയ പങ്കാണ് വഹിച്ചത്.അതിന് നേതൃത്വം നൽകിയത് ഈ പ്രദേശത്തെ അധ്യാപകരും മറ്റ് സാംസ്കാരിക പ്രവർത്തകരുമായ PK ശ്രീനി, മാധവപ്പണിക്കർ മാഷ്, EP ഹരിദാസൻ മാസ്റ്റർ, അശോകൻ മാസ്റ്റർ, Mപ്രഭാകരൻ മാസ്റ്റർ, Uബാലൻ മാസ്റ്റർ, CP കൃഷ്ണൻ മാസ്റ്റർ, K Kപ്രഭാകരൻ, എന്നിവരായിരുന്നു.ഇവരിൽ ചിലർ കാക്കൂരിൽ വെച്ച് അക്കാലത്ത് പരിഷത്ത് കലാജാഥ കാണാനിടയായി.അവരുടെ കൂട്ടായ ചർച്ചകൾക്കിടയിലാണ് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ കലാജാഥക്ക് എകരൂരിൽ സ്വീകരണം നൽകണമെന്ന് തീരുമാനിച്ചത്.NV രാജൻ, സഹദേവൻ, KK പ്രഭാകരൻ , എന്നിവർ അക്കാലത്തു തന്നെ എകരൂലിൽ സജീവമായി പ്രവർത്തിച്ചിരുന്ന കലാ കായികസാംസ്കാരിക സംഘടനയായ അമ്പിളി തിയേറ്റേഴ്സിൻ്റെ പ്രവർത്തകരായിരുന്നു.ഇവരുടെ നേതൃത്വത്തിലായിരുന്നു കലാജാഥക്ക് എകരൂലിൽ വെച്ച് സ്വീകരണം നൽകിയത്. എകരൂലിൽ കലാജാഥാ കേന്ദ്രം അനുവദിക്കുന്നതിന് സഹായിച്ചത് അന്നത്തെ പരിഷത്ത് ബാലുശ്ശേരി യൂണിറ്റ് സെക്രട്ടറിയായിരുന്ന കരുമല വാസു മാസ്റ്ററായിരുന്നു. ശ്രീ വാസു മാസ്റ്റർ ഇപ്പോഴത്തെകരുമല യൂണിറ്റ് പ്രസിഡണ്ടാണ്.ശ്രീ തങ്കപ്പൻ പിള്ളയുടെ നേതൃത്വത്തിലുള്ള കലാജാഥക്ക് സ്വീകരണം നൽകാൻ ശ്രീ NV രാജൻ കൺവീനറും CP കൃഷ്ണൻ മാസ്റ്റർ ചെയർമാനുമായുള്ള സ്വാഗത സംഘമാണ് പ്രവർത്തിച്ചത്. ജാഥയുടെ ഉച്ചഭക്ഷണ കേന്ദ്രം ഉണ്ണികുളം ജി.യു.പി സ്കൂൾ ആയിരുന്നു. ജാഥാംഗങ്ങൾക്ക് ഉച്ചഭക്ഷണം നൽകിയത് അനന്തൻ കണ്ടി കുഞ്ഞിരാമൻ നായരുടെ വീട്ടിൽ വെച്ചായിരുന്നു. ജാഥാ സ്വീകരണത്തിൻ്റെ സ്വാഗത സംഘം പിന്നീട് കുറച്ചു കാലം പരിഷത്തിൻ്റെ ഉണ്ണികുളം യൂണിറ്റായി പ്രവർത്തിച്ചു. NV രാജൻ സെക്രട്ടറിയും CP ക്യഷ്ണൻ മാസ്റ്റർ പ്രസിഡണ്ടുമായി പ്രവർത്തനം തുടങ്ങിയ യൂണിറ്റ് മേഖലാ സമ്മേളനത്തിനു മുമ്പ് പുനസംഘടിപ്പിച്ച് ചട്ടിക്കൽ ഗംഗാധരൻ മാസ്റ്റർ സെക്രട്ടറിയും EP ഹരിദാസൻ മാസ്റ്റർ പ്രസിഡണ്ടുമായി പുതിയ യൂണിറ്റ് 1984 ൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. താമരശ്ശേരി മേഖലക്കു കീഴിലായിരുന്നു ഉണ്ണികു ളംയൂണിറ്റ് .ഉണ്ണികുളം പഞ്ചായത്തിലെ ഏക യൂണിറ്റായതുകൊണ്ടാണ് ഉണ്ണികുളം യൂണിറ്റ് എന്ന പേരു വന്നത്.  എന്നാൽ ഇതിനും വളരെ മുമ്പുതന്നെ പരിഷത്തിൻ്റെ പ്രസിദ്ധീകരണമായ യുറീക്ക ഉണ്ണികുളം ജി.യു.പി സ്കൂളിൽ അവിടുത്തെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കിടയിൽ പ്രചരിപ്പിച്ചിരുന്നു.
    മുകളിൽ പറഞ്ഞവരെ കൂടാതെ ഈ കാലഘട്ടത്തിൽ പരിഷത്തിൻ്റെ പ്രവർത്തകരായി മാറിയവരാണ് Tരുഗ്മിണി ടീച്ചർ, Pരുഗ്മിണി ടീച്ചർ, Mബാലൻ മാസ്റ്റർ, കാരാട്ട് ബാലൻ, കണ്ണൂർ രാജൻ എന്നിവരെല്ലാം.
      യൂണിറ്റ് രൂപീകരണത്തിനു ശേഷം ഈ പ്രദേശത്തെ ശാസ്ത്ര സാംസ്ക്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രസ്ഥാനത്തേക്ക് വരാനും ജനശ്രദ്ധ ആകർഷിക്കാനും പരിഷത്തിന് വളരെ വേഗം കഴിഞ്ഞിരുന്നു.
     പഞ്ചായത്തിലെ വിവിധ വിയനശാലകളിലും, സ്കൂളുകളിലും, പാരലൽ കോളേജുകളിലും മറ്റും വിവിധ വിഷയങ്ങളിൽ ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിക്കാനും ഈ പ്രദേശത്ത് പുകയില്ലാത്ത അടുപ്പ് പ്രചരിപ്പിക്കാനും പൊതു പ്രഭാഷണങ്ങൾ സംഘടിപ്പിക്കാനും, ഓണക്കാലത്തും യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായും എല്ലാ വിഭാഗം ജനങ്ങളേയും സംഘടിപ്പിച്ചു കൊണ്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കാനും അക്കാലത്ത് കഴിഞ്ഞിരുന്നു. സ്ലോ സൈക്കിളിംഗ് മത്സരം, ഓലമടയൽ മത്സരം, കച്ചവടക്കാർക്കിടയിൽ നടത്തിയ അളവുതൂക്കമത്സരം എന്നിവയെല്ലാം ഇന്നും ജനങ്ങളുടെ ഓർമ്മയിൽ തങ്ങി നിൽക്കുന്നതാണ്. ഉണ്ണികുളം യൂണിറ്റിനു കീഴിൽ മാത്രം 5 ബാല വേദികൾ എല്ലാ ആഴ്ചയും പ്രവർത്തിച്ചിരുന്നു. കാപ്പിയിൽ, തച്ചം പൊയിൽ. പൂനൂർ, ഇയ്യാട്, എകരൂൽ എന്നിവിടങ്ങളിൽ എല്ലാ ആഴ്ചയും ബാലവേദികളിൽ പങ്കെടുത്തിരുന്നത് പ്രധാനമായും PK ശ്രീനിയായിരുന്നു. ഈ ബാലവേദികളിൽ പങ്കെടുത്തിരുന്ന കുട്ടികൾ പലരും പിന്നീട് പല പുരോഗമന പ്രസ്ഥാനങ്ങളുടേയും പരിഷത്തിൻ്റെ തന്നെയും പ്രവർത്തകരായി മാറി. ചരിത്രപ്രസിദ്ധവും പരിസ്ഥിതി പ്രാധാന്യമുള്ളതുമായ സ്ഥലങ്ങളിലേക്ക് നടത്തിയ പഠനയാത്ര, നക്ഷത്ര നിരീക്ഷണ ക്ലാസുകൾ എന്നിവ മാത്രമല്ല, കോഴിക്കോട് മാനാഞ്ചിറ കുട്ടികളുടെ പാർക്ക് അടച്ചിട്ടതിനെതിരെ യുറീക്ക ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പാർക്ക് വളയൽ സമരത്തിൽ പ്രത്യേക വാഹനം വിളിച്ച് കുട്ടികളെ പങ്കെടുപ്പിക്കാനും അക്കാലത്ത് ഉണ്ണികുളം യൂണിറ്റ് ബാലവേദിക്ക് കഴിഞ്ഞിരുന്നു.
    എകരൂൽ ആഞ്ഞാമ്പ്രം നെൽകൃഷി ചെയ്തിരുന്ന വയൽ നികത്തി തെങ്ങുകൃഷി ചെയ്യാൻ ഭൂഉടമ നടത്തിയ ശ്രമത്തിനെതിരെ ആ പ്രദേശത്തെ ജനങ്ങളെ സംഘടിപ്പിച്ച് ചെറുത്ത് നിൽപ്പ് സംഘടിപ്പിക്കാനും എകരൂൽ അങ്ങാടിയിൽ ധർണ്ണ സംഘടിപ്പിക്കാനും പരിഷത്ത് നേതൃത്വം നൽകി. ചിലയാളുകൾ തെങ്ങിൻ തൈ പിഴുതെറിയുകയും പരിഷത്ത് പ്രവർത്തകരുടെ പേരിൽ പോലീസിൽ പരാതി നൽകുകയും ചില രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പരിഷത്തിനെതിരെ എകരൂൽ അങ്ങാടിയിൽ പൊതുയോഗം സംഘടിപ്പിച്ചതുമെല്ലാം ആ സമയങ്ങളിൽ ഈ പ്രദേശത്തെ പ്രധാന ചർച്ചാവിഷയമായിരുന്നു.ഉണ്ണികുളം ലൈബ്രറി ലൈബ്രേറിയനില്ലാതെ അടച്ചിട്ടതിനെതിരേയും പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചിരുന്നു.
     പഞ്ചായത്തിലെ പല പ്രദേശങ്ങളിലും സന്നദ്ധ സേവനത്തിലൂടെ പുകയില്ലാത്ത അടുപ്പ് നിർമ്മിച്ചു നൽകാനും പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്.പൊതുസ്ഥലത്ത് മലമൂത്ര വിസർജ്ജനം ചെയ്തിരുന്ന മൊ കായി കോളനി നിവാസികൾക്ക് പഞ്ചായത്ത് സൗജന്യമായി സിമൻറ് ക്ലോസെറ്റ് അനുവദിച്ചെങ്കിലും അത് നിർമ്മിക്കാൻ ഫണ്ട് അനുവദിക്കാത്തതിനാൽ അത് ഉപയോഗശൂന്യമായി കിടന്ന അവസരത്തിൽ അവിടെ കക്കൂസ് നിർമ്മിച്ച് നൽകിയത് ഉണ്ണികുളം യൂണിറ്റ് പ്രവർത്തകരായിരുന്നു.
പൊളിച്ചു പോയ ഉണ്ണികുളം ജി.യു.പി സ്ക്കൂളിൽ പൊതു സ്റ്റേജ് നിർമ്മിക്കുന്നതിന് മണ്ണിട്ട് നികത്തുന്ന പ്രവർത്തനം നടത്തിയതും പരിഷത്ത് പ്രവർത്തകരായിരുന്നു.
    ശക്തമായ വനിതാവേദി പ്രവർത്തിച്ചിരുന്ന യൂണിറ്റാണ് ഉണ്ണികുളം, യൂണിറ്റ് രൂപീകരണ കാലഘട്ടത്തിൽ സംഘടനയിലേക്ക് കടന്നു വന്ന് ഇന്ന് ജില്ലാ കമ്മറ്റി അംഗമായി പ്രവർത്തിക്കുന്ന Tരുഗ്മിണി ടീച്ചറോടൊപ്പം മൺമറഞ്ഞു പോയ  Pരുഗ്മിണി ടീച്ചറും വാസന്തി ടീച്ചർ, ലക്ഷ്മി, അമ്മാളു, ശാന്താ വർമ്മ, സിന്ധു, രാജമല്ലി, തുടങ്ങിയവരെല്ലാം പഴയ കാലത്ത് വനിതാവേദി രംഗത്തെ സജീവ പ്രവർത്തകരായിരുന്നു.1987 ലെ ജില്ലാ വാർഷിക റിപ്പോർട്ടിൽ ഉണ്ണികുളം യൂണിറ്റ് വനിതാവേദിയെ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്.

1988- 89 കാലഘട്ടത്തിൽ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചത് ശ്രീധരൻ പറക്കാസും പ്രസിഡണ്ട് EP ഹരിദാസൻ മാസ്റ്ററുമായിരുന്നു. മറ്റ് ഭാരവാഹികൾ Tരുഗ്മിണി, Pരുഗ്മിണി എന്നിവരായിരുന്നു.വയറിളക്കരോഗങ്ങൾക്ക് പാനീയ ചികിത്സയെക്കുറിച്ച് വീടുകൾ കയറി നടത്തിയ ബോധവൽക്കരണം, പൂവമ്പായ് മുതൽ വട്ടോളി ബസാർ, ഉണ്ണികുളം വഴി താമരശ്ശേരി വരെ നടത്തിയ വികസന കാൽനട പ്രചരണ ജാഥ ,യൂണിറ്റ് വാർഷികത്തോടനുബന്ധിച്ച് 50 വീടുകൾ കയറി നടത്തിയ ലഘുലേഖ വിതരണം, കല്ലുപ്പ് നിരോധനത്തിനെതിരെ എകരൂലിൽ നടത്തിയ സായാഹ്ന ധർണ്ണയും പൊതുയോഗവും ഉണ്ണികുളം GUP സ്കൂളിൽ വെച്ചു നടത്തിയ ഗ്രാമ പാർലമെൻ്റ്, തുടങ്ങിയ പ്രവർത്തനങ്ങളും വിനതാ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആരോഗ്യ ക്ലാസും.സ്ത്രീകളും ഊർജ്ജവും എന്ന വിഷയത്തിൽ നടത്തിയ ക്ലാസും, മങ്ങാട് വെച്ചു നടന്ന സ്ത്രീകളും ശാസ്ത്രജീവിതവും എന്ന ക്ലാസും മുറം പാത്തിയിൽ വെച്ചു നടന്ന സ്ത്രീകളും ആരോഗ്യ ശീലങ്ങളും എന്ന ക്ലാസിൽ യൂണിറ്റിൽ നിന്നുള്ള വനിതാ പങ്കാളിത്തവും പ്രധാന പ്രവർത്തനങ്ങളായിരുന്നു.വനിതാകലാജാഥ യോടനുബന്ധിച്ച് എകരൂലിൽ നിന്ന് തുടങ്ങി പൂനൂർ, കാന്തപുരം, പരപ്പിൽ, വള്ളിയോത്ത്, കപ്പുറം വഴി കരുമല സമാപിച്ച വിളംബര ജാഥ പരിഷത്തിൻ്റെ അക്കാലത്തെ സംഘടനാ മികവിൻ്റെ തെളിവായിരുന്നു. ഈ വർഷം തന്നെയാണ് സംസ്ഥാന ബാലോത്സവ ജാഥക്ക് പൂനൂരിൽ ഗംഭീര സ്വീകരണം നൽകിയതും.

   1990 ൽ വേങ്ങേരി വെച്ചു നടന്ന ജില്ലാ സമ്മേളനത്തിൽ വെച്ചാണ് താമരശ്ശേരി മേഖല വിഭജിച്ച് ബാലുശ്ശേരി മേഖലരൂപം കൊണ്ടതും ഉണ്ണികുളം യൂണിറ്റ് ബാലുശ്ശേരി മേഖലയുടെ ഭാഗമായി മാറുന്നതും.ഈ വർഷം ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതിയുടെ നേതൃത്വത്തിൽ രണ്ടാഴ്ച യോളം നീണ്ടു നിന്ന  വനിതാകലാജാഥയുടെ മാനേജരായി പ്രവർത്തിച്ചത് ഉണ്ണികുളം യൂണിറ്റിലെ Tരുഗ്മിണി ടീച്ചറായിരുന്നു. ഈ കലാജാഥയിൽ സിന്ധു മഠത്തിൽ കുന്ന്, ബേബി കുന്നുമ്മൽകണ്ടി, ഷീജ കാരേമ്മൽ, ഷീന ഇയ്യാട് എന്നിവർ സ്ഥിരം അംഗങ്ങളായിരുന്നു. സുജിത്ത് രാജഗിരിയായിരുന്നു കലാപരിപാടിയിൽ ഗാനം അവതരിപ്പിച്ചത്. എറണാകുളത്തു വെച്ചു നടന്ന സംസ്ഥാന തല കലാജാഥ റിഹേഴ്സൽ ക്യാമ്പിൽ ഉണ്ണികുളം യൂണിറ്റിലെ സിന്ധു പങ്കെടുത്തിരുന്നു.
    യൂണിറ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ജില്ലാതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ഉണ്ണികുളം യൂണിറ്റിലെ PK ശ്രീനി, ജില്ലാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട Tരുഗ്മിണി. മേഖലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ EP ഹരിദാസൻ മാസ്റ്റർ, യു ബാലൻ മാസ്റ്റർ തുടങ്ങിയവരും ഉണ്ടായിരുന്നു. പിന്നീട് മേഖലാ സെക്രട്ടറിമാരായി മാറിയ ഹക്കീം പൂനൂർ, സത്യനാഥൻ എന്നിവരും മേഖലാ കമ്മറ്റി അംഗമായി പ്രവർത്തിച്ച ഷാജി C ,ശ്രീധിനി എന്നിവരും ഉണ്ണികുളം യൂണിറ്റിൽ നിന്ന് വളർന്നു വന്നവരാണ്.
   ലോകത്തിനാകെ മാതൃകയാകുന്ന വിധത്തിൽ കേരളത്തിൽ നടപ്പിലാക്കിയ സാക്ഷരതാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് ശാസ്ത്രസാഹിത്യ പരിഷത്തായിരുന്നു. ഉണ്ണികുളം പഞ്ചായത്തിലും സാക്ഷരതാ പ്രവർത്തനത്തിന് നേതൃത്വം നൽകിയതും അതിനെ മുന്നോട്ടു കൊണ്ടു പോയതും വിജയിപ്പിച്ചതും പരിഷത്ത് തന്നെയായിരുന്നു.പരിഷത്തിൻ്റെ എല്ലാ അംഗങ്ങളും സാക്ഷരതാ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തവരായിരുന്നു. PK ശ്രീനി.EP ഹരിദാസൻ മാസ്റ്റർ, CPകൃഷ്ണൻ മാസ്റ്റർ, K Kപ്രഭാകരൻ മാസ്റ്റർ ,PK രാധാകൃഷ്ണൻ മാസ്റ്റർ, ഹക്കീം മാസ്റ്റർ, എന്നിവരെല്ലാം സാക്ഷരതാ പ്രസ്ഥാനത്തിൻ്റെ നേതൃത്വനിരയിൽ രണ്ടു വർഷക്കാലം തുടർച്ചയായി പഞ്ചായത്തിലാകെ പ്രവർത്തിച്ചവരാണ്. യൂണിറ്റിലെ എല്ലാ അംഗങ്ങളും നിരക്ഷരരായ ആളുകളെ അക്ഷരത്തിൻ്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ അക്ഷീണം പ്രവർത്തിച്ചിരുന്നു. നടുവണ്ണൂരിലെ പരിഷത്ത് പ്രവർത്തകനായ PK സുരേന്ദ്രൻ മാസ്റ്ററാണ് പഞ്ചായത്ത് കോഡിനേറ്ററായി പ്രവർത്തിച്ചത്.
      സാക്ഷരതാ പ്രവർത്തനത്തോടൊപ്പമാണ് ഉണ്ണികുളം യൂണിറ്റിൽ പരിഷത്തിന് പല ഭാഗത്തും പുതിയ യൂണിറ്റുകൾ രൂപം കൊള്ളുന്നത് .മങ്ങാട്, പൂനൂർ, എം.എം പറമ്പ് ,ഇയ്യാട്, കരുമല, കരിയാത്തൻകാവ്, കാന്തപുരം, വള്ളിയോത്ത് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പരിഷത്തിന് യൂണിറ്റുകളുണ്ടായിരുന്നു. കുറച്ചു കാലത്തെ പ്രവർത്തനത്തിനു ശേഷം ചില യൂണിറ്റുകൾ കൊഴിഞ്ഞു പോയെങ്കിലും ഇയ്യാട്, കാന്തപുരം, കരിയാത്തൻകാവ്, കരുമല തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോഴും യൂണറ്റ് പ്രവർത്തിച്ചു വരുന്നു.ഉണ്ണികുളം യൂണിറ്റിൻ്റെ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് പഞ്ചായത്തിലെ പല ഭാഗത്തും യൂണിറ്റുകൾ രൂപീകരിക്കാൻ കഴിഞ്ഞത്.
       ഇതു വരെയുള്ള യൂണിറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ജനകീയ ബന്ധം ഊട്ടിയുറപ്പിച്ചതും എന്നും ഓർത്തുവെക്കാൻ കഴിയുന്നതുമായ പ്രവർത്തനമായിരുന്നു 1992 സപ്തം: 7 മുതൽ 13 വരെയുള്ള ഒരാഴ്ചക്കാലം യൂണിറ്റിൽ വെച്ചു നടത്തിയ ഐക്യോത്സവം (ടീച്ചർ എക്ചേഞ്ച് പ്രോഗ്രാം) 
    
     ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരും ഒത്തുചേർന്നു കൊണ്ട് ദേശീയ ഐക്യത്തിനും, ചൈതന്യവത്തായ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്വേഷണത്തിനും തുടക്കം കുറിച്ചു കൊണ്ട് ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതിയും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി എല്ലാ ജില്ലകളിലും സംഘടിപ്പിച്ച ഐക്യോത്സവം കോഴിക്കോട് ജില്ലയിൽ ഉണ്ണികുളം യൂണിറ്റിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള ഇരുപതോളം അദ്ധ്യാപകരും വിദ്യാർത്ഥികളുമായിരുന്നു അതിഥികളായെത്തിയത്.PK ശ്രീനി കൺവീനറും, പഞ്ചായത്ത് പ്രസിഡണ്ട് P ഗോവിന്ദൻ കുട്ടി നായർ ചെയർമാനുമായുള്ള സ്വാഗതസംഘമാണ് ഇതിനു വേണ്ടി പ്രവർത്തിച്ചത്. ട്രഷററായി പ്രവർത്തിച്ചത് ഗ്രാമപഞ്ചായത്തംഗം നാരായണൻ നായരായിരുന്നു. ബംഗാളിൽ നിന്നെത്തിയ അതിഥികളെ കോഴിക്കോട് വെച്ച് അന്നത്തെ ജില്ലാ കലക്ടർ അമിതാഭ് കാന്ത് സ്വീകരിച്ചു. തുടർന്ന് ഒരാഴ്ചക്കാലം അവർ ഉണ്ണികുളത്തെ ബാലവേദി കൂട്ടുകാരുടെയും അധ്യാപകരുടേയും വീടുകളിലായിരുന്നു രാത്രി താമസിച്ചത്. പകൽ സമയത്ത് ഉണ്ണികുളം ജി.യു.പി സ്കൂൾ കേന്ദ്രീകരിച്ച് അദ്ധ്യാപകർക്കുള്ള ക്ലാസുകൾ, എക്സിബിഷൻ (സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനം) പാവ നിർമ്മാണം, പാവനാടകം, പൂക്കള മത്സരം, ചിത്രരചനാ മത്സരം, ശാസ്ത്ര പരീക്ഷണങ്ങൾ, കളിമൺ രൂപ നിർമ്മാണം, ഓണക്കളികൾ, കമ്പവലി.വയനാട് ചുരം, കാപ്പാട് ബീച്ച് എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്ര, ഇല മൃഗശാല, കഥ നാടകാവിഷ്ക്കാരം, വർണ്ണശഭളമായ ഘോഷയാത്ര, കുട്ടികളുടെ കലാജാഥയായ കിളിക്കൂട്ടത്തിൻ്റെ നാടകാവതരണം തുടങ്ങി ഒട്ടേറെ പരിപാടികൾ നമ്മുടെ ബാലവേദി കുട്ടികളോടൊപ്പം ചേർന്ന് നടത്തി.
      പരിഷത്തിൻ്റെ മുതിർന്ന പ്രവർത്തകരായ കൊടക്കാട് ശ്രീധരൻ മാസ്റ്റർ (സംസ്ഥാനപ്രസി ഡണ്ട്) പ്രൊഫ: കെ പാപ്പൂട്ടി, പ്രൊഫ: കെ ശ്രീധരൻ, ഡോ: കെ.പി അരവിന്ദൻ ,ഡോ :KNഗണേഷ്, ജില്ലാ സെക്രട്ടറി കെ.വിജയൻ എന്നിവരെല്ലാം വിവിധ ദിവസങ്ങളിൽ ഒരാഴ്ചക്കാലം ഐ ക്യോത്സവത്തിന് നേതൃത്വം നൽകാനും ക്ലാസെടുക്കാനും ഉണ്ണികുളത്തെത്തിയിരുന്നു.
  അതേപോലെ ജില്ലാ മേഖലാതല പ്രവർത്തകരായ  TP സത്യനാഥൻ മാസ്റ്റർ, TP സുകുമാരൻ മാസ്റ്റർ, KK ശിവദാസൻ മാസ്റ്റർ, AK ബാലൻ മാസ്റ്റർ, PK മുരളി മാസ്റ്റർ, Mപ്രഭാകരൻ മാസ്റ്റർ, ദാസാനന്ദൻ പരിഭാഷകനായി പ്രവർത്തിച്ചKK അരവിന്ദാക്ഷൻ എന്നിവരും ഒരാഴ്ചയിലേറെക്കാലം ഉണ്ണികുളം യൂണിറ്റിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചവരാണ്.
    എല്ലാ ദിവസവും മുതിർന്നവരും കുട്ടികളുമുൾപ്പെടെ നൂറോളം പേരാണ് ക്യാമ്പിലുണ്ടായിരുന്നത്.ഇവർക്കുള്ള ഭക്ഷണം പുരോഗമന രാഷട്രീയ പ്രസ്ഥാനങ്ങളും, വർഗ്ഗ ബഹുജന സംഘടനകളും, ക്ലബ്ബുകളും മറ്റും സ്പോൺസർ ചെയ്തതായിരുന്നു.
     ഒരാഴ്ചക്കാലത്തെ സഹവാസത്തിനു ശേഷം അതിഥികൾ പറിഞ്ഞു പോകുമ്പോൾ അവർ താമസിച്ച വീടുകളലുള്ളവർ കുട്ടികളളോടൊപ്പം മധുര പലഹാരങ്ങളുമായി യാത്രയയക്കാൻ എത്തിയിരുന്നു. കണ്ണുനീരോടെ യാണ് അവർ യാത്ര പറഞ്ഞത്. അവരിൽ ചിലർ ഈയടുത്ത കാലത്ത് പോലും അവരുടെ മക്കളെയും കൂട്ടി, തങ്ങൾ കുട്ടികളായിരിക്കുമ്പോൾ താമസിച്ച വീട്ടിൽ വന്നിരുന്നു.

കേരളത്തിൻ്റെ പ്രാദേശിക വികസന ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ജനകീയാസൂത്രണത്തിൽ സംഘടനയൊന്നാകെ അണിനിരന്ന കാലഘട്ടത്തിൽ ഉണ്ണികുളം പഞ്ചായത്തിലും ജനകീയാസൂത്രണത്തിന് നേതൃത്വം നൽകാൻ പരിഷത്തിൻ്റെ ഉണ്ണികുളം യൂണിറ്റ് പ്രവർത്തകരും, മറ്റ് യൂണിറ്റുകളിലെ പ്രവർത്തകരും രാപ്പകലില്ലാതെ പ്രവർത്തിച്ചിരുന്നു.പരിഷത്തിനൊപ്പമായിരുന്നു അക്കാലത്ത് പഞ്ചായത്ത് ഭരണസമിതിയും പ്രവർത്തിച്ചത്. അന്നത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ AK ഗോപാലൻ പരിഷത്ത് യൂണിറ്റ് യോഗങ്ങളിൽ പോലും പങ്കെടുക്കാറുണ്ടായിരുന്നു. പഞ്ചായത്ത് വികസന രേഖ തയ്യാറാക്കാനും, പ്രോജക്ടുകൾ തയ്യാറാക്കാനും, ഗ്രാമസഭകളിൽ പദ്ധതി രേഖ അവതരിപ്പിക്കാനുമെല്ലാം പരിഷത്ത് പ്രവർത്തകരെയായിരുന്നു പഞ്ചായത്ത് പ്രധാനമായും ആശ്രയിച്ചത്.പിന്നീട് ഇതേ വരെയുള്ള വർഷങ്ങളിൽ പഞ്ചായത്തിലെ വികസന കാര്യങ്ങളിൽ മാറി മാറി വന്ന ഭരണ സമിതികളെ സഹായിക്കാൻ പരിഷത്തിൻ്റെ മുതിർന്ന പ്രവർത്തകനായ PK ശ്രീനിയുടെ ഈ രംഗത്തെ വൈദഗ്ദ്യം സഹായകരമായിട്ടുണ്ട്.

    കഴിഞ്ഞ കാലഘട്ടങ്ങളിൽ യൂണിറ്റ്  പ്രസിഡണ്ടുമാരായും സെക്രട്ടറിമാരായും നേതൃത്വം നൽകിയവരാണ് AP ഗോപാലൻ മാസ്റ്റർ, EP ഹരിദാസൻ മാസ്റ്റർ, Uബാലൻ മാസ്റ്റർ, PK രാധാകൃഷ്ണൻ മാസ്റ്റർ, ഷാജി.സി, ശ്രീധരൻ പറക്കാസ്, സത്യനാഥൻ, വിനീത് കുമാർ, പ്രദീഷ് KC, റെജി, Pരുഗ്മിണി, Tരുഗ്മിണി, എന്നിവർ
      ഇപ്പോൾ സെക്രട്ടറിയായി RK ദിനേശും, പ്രസിഡണ്ടായി ശ്രീ അയമ്മദും പ്രവർത്തിക്കുന്നു. സിന്ധു പ്രദീഷ് ജോ: സെക്രട്ടറിയുമാണ്. മലപ്പുറം ജില്ലാ കമ്മറ്റി അംഗമായി പ്രവർത്തിച്ചിരുന്ന ശ്രീ അയമ്മദ് ഇപ്പോൾ മേഖലാ കമ്മറ്റി അംഗം കൂടിയാണ്.
  38 വർഷത്തെ യൂണിറ്റിൻ്റെ പ്രവർത്തനത്തിൻ്റെ സംക്ഷിപ്തമായ ചരിത്രം മാത്രമാണിത്.
.......................................
"https://wiki.kssp.in/index.php?title=ഉണ്ണിക്കുളം&oldid=11322" എന്ന താളിൽനിന്ന് ശേഖരിച്ചത്