പശ്ചിമഘട്ട സംരക്ഷണം : ഗാഡ്ഗിൽ റിപ്പോർട്ടിനുമപ്പുറത്ത്
1. ആമുഖം
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മൂന്ന് വിദഗ്ധസമിതികളുടെ റിപ്പോർട്ടുകൾ ഇപ്പോൾ കേരളത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രൊഫ.മാധവ് ഗാഡ്ഗിൽ, ഡോ.കെ.കസ്തൂരിരംഗൻ, ഡോ.ഉമ്മൻ.വി.ഉമ്മൻ എന്നിവർ നേതൃത്വം നൽകിയ വിദഗ്ധസമിതികളുടെ റിപ്പോർട്ടാണ് ഇത്തരത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. ശാസ്ത്രജ്ഞരും വിദഗ്ധരും തയ്യാറാക്കുന്ന റിപ്പോർട്ടുകൾ ഇത്തരത്തിൽ ചർച്ച ചെയ്യപ്പെടുന്നത് എന്തുകൊണ്ടും നല്ലത് തന്നെ.എന്നാൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ ആശയങ്ങൾക്ക് കൂടുതൽ വ്യക്തതവരുത്താൻ സഹായിക്കുന്നില്ല. പകരം അവ അന്തരീക്ഷത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആകട്ടെ ഈ റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോൾ തന്നെ ഇതേക്കുറിച്ച് ഒരു നയം രൂപപ്പെടുത്തിയിരുന്നു.അത് കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയുക മാധവ ഗാഡ്ഗിൽ സമിതി റിപ്പോർട്ട് ചർച്ച ചെയ്ത് നടപ്പിലാക്കുക എന്നതായിരുന്നു.
ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ച ചെയ്ത് നടപ്പിലാക്കുക എന്ന് പറയുമ്പോൾ അതിന്റെയർത്ഥം ആ റിപ്പോർട്ടിലെ ചില ശുപാർശകൾക്കെങ്കിലും ഇനിയും വ്യക്തത വരേണ്ടതുണ്ട് എന്നാണ്. ഗാഡ്ഗിൽ സമിതിയുടെ ശുപാർശകളെ പൊതുവിൽ അംഗീകരിക്കുമ്പോൾ തന്നെ സൂക്ഷ്മ വശങ്ങളിൽ പരിഹൃതമാകേണ്ട സംശയങ്ങൾ ബാക്കിനിൽക്കുന്നു. അതുകൊണ്ട് ഗാഡ്ഗിൽ സമിതി ശുപാർശകളുടെ പശ്ചാത്തലത്തിൽ പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച് വിശദമായ ഒരു കർമ്മ പരിപാടി ഉണ്ടാകേണ്ടതുണ്ട്.
2.എന്തുകൊണ്ട് ഇനിയും ചർച്ച?
മാധവ് ഗാഡ്ഗിൽ സമിതി റിപ്പോർട്ടും പശ്ചിമഘട്ടസംരക്ഷണവും സംബന്ധിച്ച് വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ വലിയ ആശങ്കകൾ നിലനിൽക്കുന്നു. എന്തിനേയും വിവാദമാക്കുകയെന്നത് കേരളത്തിന്റെ പൊതുസ്വഭാവമായി മാറിയിട്ടുണ്ട്. എല്ലാവർക്കും യോജിക്കാൻ കഴിയുന്ന കാര്യങ്ങളിൽ പോലും വിവാദങ്ങൾ ഉണ്ട്.ഗാഡ്ഗിൽ സമിതിയുടെ ശുപാർശകളാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം.പശ്ചിമഘട്ടം സംരക്ഷിക്കണം എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല.എന്നാൽ ഏതൊരു കമ്മറ്റിയുടെ റിപ്പോർട്ടിലും അതിന്റെ സൂക്ഷമതല വിശദാംശങ്ങളിൽ ചില വിടവുകൾ ഉണ്ടാകാനിടയുണ്ട്. റിപ്പോർട്ട് എത്രമാത്രം ശാസ്ത്രീയമായിരുന്നാലും അത് നടപ്പിലാക്കുകയെന്നത് ഒരിക്കലും ഋജുരേഖാ സമീപനം കൊണ്ടുമാത്രം സാധിക്കുന്ന കാര്യമല്ല.പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള കർമ്മപദ്ധതികളിൽ വളരെ സൂക്ഷ്മതലത്തിലുള്ള നിർദ്ദേശങ്ങൾ വരെ ഗാഡ്ഗിൽ സമിതി മുന്നോട്ട് വയ്ക്കുന്നു. ഇതിൽ ഏതെങ്കിലുമൊരു ചെറിയ നിർദ്ദേശത്തോട് വിയോജിപ്പുള്ളവർ പോലും ഗാഡ്ഗിൽ സമിതിയുടെ ശുപാർശകൾ മൊത്തത്തിൽ തള്ളിക്കളയണമെന്നാവശ്യപ്പെടുന്നു.ഇത് റിപ്പോർട്ടിന് ധാരാളം ശത്രുക്കളെ ക്ഷണിച്ച് വരുത്തി.ഇതൊരുവശം.മറുവശത്ത് സുക്ഷ്മതലത്തിലേയ്ക്ക് പോകാതെ പൊതുനിർദ്ദേശം മാത്രം വച്ചിരിക്കുന്ന ചില മേഖലകളുണ്ട്. അക്കാര്യത്തിൽ വിശദാംശങ്ങൾ അറിയില്ല എന്ന ഒറ്റക്കാരണം കൊണ്ട് കുറച്ച്പേർ മൊത്തം റിപ്പോർട്ടിന് എതിരായി.
ഗാഡ്ഗിൽ സമിതിയുടെ ശുപാർശകൾക്കെതിരായി വിവിധ വിഭാഗം ആളുകൾ രംഗത്ത് വന്നിട്ടുണ്ട്. അതിൽ മുഖ്യം രാഷ്ട്രീയ പാർട്ടികൾ തന്നെ. അവർ ഈ നിലപാട് എടുക്കുന്നതാണ് പല കാരണങ്ങൾ ഉണ്ടാവാം.അവയിൽ ചിലതൊക്കെ താഴെ ചേർക്കുന്നു.
1. പൊതുതെരഞ്ഞെടുപ്പും വോട്ടുബാങ്കുരാഷ്ട്രീയവും.
2.പരിസ്ഥിതി സൗഹൃദമല്ലാത്ത വികസനനയം സ്വീകരിക്കുന്നു.പരിസ്ഥിതി സംരക്ഷണം പോലെയുള്ള പ്രവർത്തനങ്ങൾ ആഡംബരമാണ്. നമുക്ക് വികസനമാണ് വേണ്ടത് എന്ന സമീപനമാണിത്.
3. പ്രകൃതിവിഭവചൂഷണം കേരളത്തിൽ “മാഫിയാ”വത്ക്കരിക്കപ്പെട്ടിട്ടുണ്ടാവാം. പശ്ചിമഘട്ട വനമേഖലയിൽ ആറായിരത്തിലധികം കരിങ്കൽ ക്വാറികൾ ഉണ്ട്. ക്വാറിയുടമകൾക്കും സംഘടനകൾ ഉണ്ട്. ഇവരുടെ സമ്മർദ്ദങ്ങൾ രാഷ്ട്രീയ കക്ഷികൾക്ക് മേൽ ഉയരുന്നുണ്ടാവാം.
4. കർഷകരുടെ ഇടയിൽ വലിയ ആശങ്കകൾ ഉണ്ടായിട്ടുണ്ട്. ഈ ആശങ്കകളെ, രാഷ്ട്രീയ കക്ഷികൾക്ക് അഭിസംബോധന ചെയ്യാതെ വയ്യ.
5. വിവിധ രൂപത്തിൽ പശ്ചിമഘട്ടത്തിലെ ഭൂമി കൈവശം വച്ചിരിക്കുന്ന മതസമുദായങ്ങൾ ഈ ഭൂമി നഷ്ടമാകുമോ എന്ന് ഭയക്കുന്നുണ്ട്. ഇവരിൽ മത സാമുദായിക സംഘടനകളും ഉൾപ്പെടുന്നു. അവരുടെ സംഘടിതശക്തി ഉപയോഗിച്ച് ജനങ്ങളിൽ ആശങ്ക വളർത്തുന്നു.
ഇവയോരോന്നുമോ, ഇവയെല്ലാം ചേർന്നോ രാഷ്ട്രീയകക്ഷികളെ ഗാഡ്ഗിൽസമിതിയുടെ ശുപാർശകൾക്കെതിരായി നിലനിർത്തുന്നു. ഇവകൂടാതെ മറ്റു സ്ഥാപിത താത്പര്യക്കാരും റിപ്പോർട്ടിനെതിരായി രംഗത്ത് വന്നിട്ടുണ്ട്.
3. വ്യക്തമായ സമീപനത്തിന്റെ ആവശ്യം
പരിഷത്തിന്റെ മുന്നിൽ 1970കളിലെ സൈലന്റ്വാലി സംരക്ഷണ സമരം മുതലുള്ള അനുഭവങ്ങൾ ഉണ്ട്. എന്നാൽ അന്നെടുത്ത സമരരീതിയും നിലപാടും പോര ഇന്നത്തെ പ്രശ്നം പരിഹരിക്കാൻ. 1970കളിൽ ഉദാരവത്കരണം എന്ന് കേട്ടിട്ടു കൂടി ഉണ്ടായിരുന്നില്ല. അന്നത്തെ വികസനനയവും വ്യത്യസ്തമായിരുന്നു. ആഗോളവത്കരണം വരുത്തിയ സവിശേഷമാറ്റങ്ങൾ, ആശയങ്ങൾ, ശക്തികൾ, പരിസരം എന്നിവയൊക്കെ ഇന്ന് പ്രത്യേകം പരിശോധിക്കണം.
`റിയോ മുതൽ റിയോ വരെ` നടന്ന വിവിധ ലോകസമ്മേളനങ്ങൾ പരിസ്ഥിതിയോട് എടുക്കേണ്ട സമീപനങ്ങളെക്കുറിച്ച് വിവിധ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. അവയുടെ അന്ത:സത്ത ഉൾക്കൊണ്ട് കൊണ്ടുള്ള, പരിസ്ഥിതി സൗഹൃദപരമായ ഒരു വികസനബോധം ഇന്ന് ലോകത്ത് നിലനിൽക്കുന്നുണ്ട്. ഇത് കേരള വികസനത്തിന്റെ മേഖലയിലും പ്രായോഗിക്കാൻ കഴിയണം.പശ്ചിമഘട്ട സംരക്ഷണത്തിനും ഈ നയം തന്നെ സ്വീകരിക്കാവുന്നതാണ്. ഇതത്ര എളുപ്പമല്ല. കാരണം പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ചുണ്ടായ വിപരീതാഭിപ്രായങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം അത്ര വലുതാണ്.പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നടപടിയെന്ത് എന്നതിനേക്കാൾ ഇന്ന് പ്രധാനം ഗാഡ്ഗിൽ എന്തു പറഞ്ഞു എന്നതായിത്തീർന്നിരിക്കുന്നു.ഗാഡ്ഗിൽ റിപ്പോർട്ടിനെ അപ്പടി സ്വീകരിക്കുക, ഗാഡ്ഗിൽ പറഞ്ഞത് കൊണ്ട് സ്വീകരിക്കാൻ കഴിയില്ല എന്നിങ്ങനെ രണ്ടഭിപ്രായങ്ങൾ വരുന്നു.എന്ത് പറയുന്നു എന്നതിനേക്കാൾ ആര് പറയുന്നു എന്നതാകുന്നു രീതി.അതുകൊണ്ട് എന്താണ് വസ്തുതയെന്ന് ജനങ്ങൾക്ക് മനസ്സിലാകേണ്ടതുണ്ട്.എന്നാൽ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് ഗാഡ്ഗിൽ സമിതിയുടെ ശുപാർശകൾ വളരെ സെൻസിറ്റീവായ തലത്തിൽ ഇന്ന് ചർച്ച ചെയ്യപ്പെട്ടന്നതിനാൽ ഗാഡ്ഗിൽ സമിതി റിപ്പോർട്ടിനെ പൂർണ്ണമായും മാറ്റിവച്ചുകൊണ്ട് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഇനി ചർച്ച ചെയ്യാനാവില്ല.
ഇവയെല്ലാം കണക്കിലെടുത്തുകൊണ്ട് താഴെപ്പറയുന്ന പൊതുസമീപനം സ്വീകരിക്കുകയാവും ഉചിതം.
1. ദേശീയ പ്രകൃതിവിഭവങ്ങൾ എല്ലാവർക്കും ഗുണകരമാകുന്ന രീതിയിൽ സംരക്ഷിക്കപ്പെട്ടേ മതിയാകൂ. അതിൽ വിട്ടുവീഴ്ച പാടില്ല. വിഭവങ്ങളുടെ മേലുള്ള പൊതുഉടമസ്ഥതയും വിഭവവിനിയോഗത്തിന്റെ മേലുള്ള സാമൂഹിക നിയന്ത്രണവും ഉറപ്പ് വരുത്തണം.അതുകൊണ്ട് പശ്ചിമഘട്ടത്തിൽ ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതും (do's and don'ts) പറഞ്ഞേ മതിയാകു.
2. കേരളത്തിലെ പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ലോല മേഖലകളിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുള്ളതിനേക്കാൾ കൂടുതൽ തകർച്ച ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് നിയന്ത്രണങ്ങൾ(don'ts)ആയിരിക്കും അനുവദനീയമായവയേക്കാൾ(do's)കൂടുതൽ.
3. ഗാഡ്ഗിൽ സമിതി ശുപാർശകളിലെ മേഖല(Zone)കളുടെ അതിർത്തി ഒരു തർക്ക പ്രശ്നമാണ്. ഇത് പരിഹരിക്കാനാണ് ഉമ്മൻ.വി.ഉമ്മൻ കമ്മറ്റി പ്രാദേശിക സമിതികളെ പ്രഖ്യാപിച്ചത്. എന്നാൽ ഈ പ്രാദേശികസമിതികൾക്ക് പരിസ്ഥിതിലോല മേഖലകളെ കണ്ടെത്തുന്നതിനോ വേർതിരിക്കുന്നതിനോ ഉള്ള വൈദഗ്ധ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ സമിതികൾ പരാജയപ്പെടുമെന്നുറപ്പായിരുന്നു. ഒരു തർക്ക പ്രശ്നത്തിൽ രാഷ്ട്രീയമായ മേൽക്കൈ നേടാൻ തദ്ദേശഭരണ സമിതികളെ ഉപയോഗിക്കുകയാണ് പ്രാദേശിക സമിതികളെ നിയമിക്കുക വഴി സർക്കാർ ചെയ്തത്.
4. എല്ലാ ശുപാർശകളും ഇപ്പോൾതന്നെ നടപ്പാക്കാൻ കഴിയും എന്ന സമീപനം എടുക്കേണ്ടതില്ല. ഗാഡ്ഗിൽ റിപ്പോർട്ടിൽ ആർക്കും കാര്യമായ എതിർപ്പില്ലാത്ത ധാരാളം ശുപാർശകളുണ്ട്. അവ ഇപ്പോൾത്തന്നെ നടപ്പാക്കാവുന്നതേയുള്ളൂ. കൂടുതൽ ചർച്ച ചെയ്ത് മുന്നൊരുക്കുങ്ങളോടെ മാത്രം നടത്താൻ കഴിയുന്ന നിർദ്ദേശങ്ങളുമുണ്ട്. അവ ഏതൊക്കെ എന്ന് തീരുമാനിക്കുകയും മുന്നൊരുക്കങ്ങൾ തുടങ്ങകയും ചെയ്യാം. വിശദമായ ചർച്ചകൾക്ക് ശേഷവും അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള ശുപാർശകളുമുണ്ടാവാം. അവ തൽക്കാലം മാറ്റിവയ്ക്കുന്നതാണ് നല്ലത്.. കസ്തൂരി രംഗൻ സമിതിയുടെ ശുപാർശകളിൽ സ്വീകരിക്കാവുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അവ ഉൾക്കൊള്ളണം. ചുരുക്കത്തിൽ ഗാഡ്ഗിൽ സമിതിയുടെ പൊതു അന്തസത്ത അംഗീകരിക്കുകയും ഈ ശുപാർശകൾ മുന്നോട്ട് വയ്ക്കുന്ന ദിശയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയും വേണം.
4. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ശക്തി
1. കേരളത്തിൽ പരിസ്ഥിതി സംബന്ധിച്ച് ശക്തമായ അവബോധം വളർത്താൻ ഗാഡ്ഗിൽ സമിതിയുടെ ശുപാർശകൾ സഹായിച്ചിട്ടുണ്ട്. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണം എന്ന ആശയം വ്യാപകമായി വളർത്താനും ഈ റിപ്പോർട്ടിന് കഴിഞ്ഞു.
2. അധികാര വികേന്ദ്രീകരണത്തിന്റെ പ്രാധാന്യം എടുത്തു പറയുകയും അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം ഗ്രാമസഭകൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
3. ഈ റിപ്പോർട്ട് ദരിദ്രപക്ഷത്ത് നിലയുറപ്പിക്കുന്നു. പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്ന സാമ്പത്തിക ശക്തികൾക്ക് എതിരായ നിലപാട് സ്വീകരിക്കുന്നു.
4. പശ്ചിമഘട്ടം ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. അതിന്റെ സംരക്ഷണത്തിന് ഗാഡ്ഗിൽ സമിതിയുടെ ശുപാർശകൾ കൂടിയേ തീരു.
5. പശ്ചിഘട്ടം ദക്ഷിണേന്ത്യയിലെ 25കോടി ജനങ്ങളുടെ ജലസംഭരണിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അതിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചിരിക്കുന്നു.
6. പശ്ചിമഘട്ടത്തിൽ ഇപ്പോൾ 5കോടിയോളം മനുഷ്യർ വസിക്കുന്നുണ്ട്. അവർക്ക് ഇപ്പോൾ അവിടെ താമസിക്കുകയും ഉപജീവനമാർഗ്ഗം തേടുകയും ചെയ്യുന്നത് പോലെ തുടർന്ന് ചെയ്യണമെങ്കിൽ പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതുണ്ട്.
7. ജൈവകൃഷിയിലേയ്ക്ക് മാറുമ്പോഴും 30%ൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങളിൽ ദീർഘകാല വിളവിലേക്കു മാറുമ്പോഴും ഉൽപാദനത്തിലും വരുമാനത്തിലും ഉണ്ടാകുന്ന ഇടിവ് നികത്താൻ കർഷകർക്ക് സാമ്പത്തിക സഹായം നൽകണം എന്ന് റിപ്പോർട്ട് എടുത്ത് പറയുന്നു.
8. റിപ്പോർട്ട് പശ്ചിമഘട്ടത്തെ സമഗ്രമായി കാണുന്നു. എന്നാൽ വ്യത്യസ്ത ഭൂ ഭാഗങ്ങൾക്ക് ഓരോന്നിനും അനുസൃതമായ സംരക്ഷണ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു.
9. പശ്ചിമഘട്ടത്തിലെ കർഷകർ ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ നവലിബറൽ സാമ്പത്തിക നയങ്ങളും പ്രകൃതിവിഭവ നാശവുമാണ്. ആദ്യം പറഞ്ഞവയുടെ ഫലമായി കാർഷികോൽപ്പന്നങ്ങളുടെ വിലകൾ ചാഞ്ചാട്ടത്തിന് വിധേയമാകുന്നു. ഇത് കർഷകരുടെ സാമ്പത്തിക നിലയെ തകർക്കുന്നു. പ്രകൃതിവിഭവ നശീകരണത്തിൽ മുഖ്യപങ്ക് വഹിക്കുന്നത് കരിങ്കൽ മടകളും ഖനന കേന്ദ്രങ്ങളുമാണ്. ഇവയ്ക്കു രണ്ടിനോടും എതിരായ നിലപാട് ഗാഡ്ഗിൽ സമിതി സ്വീകരിച്ചിരിക്കുന്നു.
5. ഗാഡ്ഗിൽ സമിതി റിപ്പോർട്ടിന്റെ ദൗർബല്യങ്ങൾ
1. പശ്ചിമഘട്ട മേഖലയിൽ എത്ര ജനങ്ങൾ അധിവസിക്കുന്നു, അവർ എത്രമാത്രം ഭൂമി ഏതെല്ലാം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു, ഇവരുടെ പ്രവർത്തനം മൂലം പശ്ചിമഘട്ടത്തിന് എത്ര അളവിൽ ശോഷണം സംഭവിച്ചുട്ടുണ്ട്. തുടങ്ങിയ സ്ഥിതി വിവരക്കണക്കുകൾ റിപ്പോർട്ടിലില്ല.അതായത് Social, agricultural, demographic ഭൂമികകൾ കമ്മറ്റിയിലോ റിപ്പോർട്ടിലോ പരിഗണിച്ചിട്ടില്ല.
2. കർഷകരെ പ്രതിക്കൂട്ടിൽ നിർത്തുന്നു എന്ന തോന്നൽ ഈ റിപ്പോർട്ട് ഉണ്ടാക്കുന്നുണ്ട്.
4. കോർപ്പറേറ്റുകളുടെ കടന്നുകയറ്റം മൂലവും വനസംരക്ഷണ പ്രവർത്തനങ്ങൾ മൂലവും കൂടുതൽ ദുരിതം ഉണ്ടാകുന്നത് ചെറുകിട കർഷകർക്കാണ്.വൻകിടക്കാർക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാകാറില്ല. ഈ വസ്തുത റിപ്പോർട്ട് വ്യക്തമായി കാണണമായിരുന്നു.
5. പശ്ചിമഘട്ടം സംബന്ധിച്ച് ഇതുവരെ നടന്ന പ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ സമിതിക്ക് കഴിഞ്ഞിട്ടില്ല.മേഖലാവൽകരണത്തിന്റെ അടിത്തറ പ്രണബ്സെൻ കമ്മറ്റിയുടെ ശുപാർശകളാണ്. അത് സ്വീകാര്യമാണ്. ഇന്ത്യയുടെ പർവ്വത ജൈവവൈവിധ്യത്തെപ്പറ്റി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.ഇതിനായി ഡാറ്റാബേസ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
6. മലയും കടലും തമ്മിലുള്ള പരസ്പരബന്ധം ആണ് കേരളത്തിന്റെ ഇക്കോളജിക്ക് അടിസ്ഥാനം. ഇത് ബോധ്യപ്പെടുത്താൻ ഗാഡ്ഗിൽ സമിതിക്ക് കഴിഞ്ഞിട്ടില്ല.
7.Conservation by exclusion എന്ന സമീപനം ഉണ്ടോ എന്ന് സംശയംവരും.
6. കൂടുതൽ വ്യക്തത വരുത്തേണ്ടവ
1. 30% ത്തിൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങളിൽ വാർഷിക വിളകൾ പാടില്ല എന്ന നിർദ്ദേശം ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗീകമാകണമെന്നില്ല. ഇപ്പോൾ ഇതിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ വാർഷിക വിളകൾ കൃഷി ചെയ്യുന്നുണ്ട്. അത് കർഷകർ ശരിയായ മണ്ണ്-ജലം സംരക്ഷണ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടാണ്.ശാസ്ത്രീയമായ മണ്ണ് ജല സംരക്ഷണപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടേ ഇത്തരം മേഖലകളിൽ വാർഷികവിളകൾ കൃഷി ചെയ്യുകയുള്ളൂ എന്ന് ഉറപ്പാക്കണം.
2. ജൈവക്കൃഷി എന്നാൽ എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇത് പ്രകൃതി കൃഷിയല്ല. രാസകീടനാശിനികൾ പൂർണ്ണമായി ഒഴിവാക്കാൻ പറ്റിയേക്കും.എന്നാൽ രാസവളം പൂർണ്ണമായി ഒഴിവാക്കേണ്ടതല്ല. ജൈവകൃഷിക്ക് പ്രായോഗിക ഉദാഹരണങ്ങൾ പറയാൻ കഴിഞ്ഞെങ്കിലേ ജൈവകൃഷി എത്രമാത്രം സ്വീകാര്യമാകുമെന്ന് പറയാൻ കഴിയൂ.
3. കൃഷിക്കാർക്ക് വിവിധതരം ഇൻസന്റീവുകൾ നൽകുന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇത്തരം ഇൻസന്റീവുകൾ തങ്ങൾക്ക് യഥാർഥത്തിൽ ലഭിക്കും എന്ന് കർഷകർ കരുതുന്നില്ല. ഉദ്യോഗസ്ഥരംഗത്തെ അഴിമിതിയും മറ്റ് സാങ്കേതിക നടപടിക്രമങ്ങളുമാണതിന് കാരണം. ഇത് പരിഹരിക്കാൻ വ്യക്തമായ നിർദ്ദേശവും പരിപാടിയും വേണം.
7. ഒഴിവാക്കേണ്ട നിർദ്ദേശങ്ങൾ
1. ഭവന നിർമ്മാണത്തിന് പരിസരാഘാത പത്രിക വേണമെന്ന് പറഞ്ഞിരിക്കുന്നു. ഇത് പൂർണ്ണമായി ഒഴിവാക്കണം.
2. അണക്കെട്ടുകൾ ഡീ-കമ്മീഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അപൂർണ്ണമാണ്. അവ ഒഴിവാക്കുന്നതാണ് നല്ലത്.
3. സോണുകൾ താലൂക്ക് അടിസ്ഥാനത്തിൽ തിരിച്ചത് ശരിയല്ല. സോണുകളുടെ അതിർത്തി 100 മുതൽ 1000 വരെ ഹെ. വിസ്തൃതിയുള്ള ചെറു(micro)നീർത്തടാടിസ്ഥാനത്തിൽ നിർണ്ണയിക്കണം.അന്തിമ തീരുമാനം ഗ്രാമസഭകൾക്ക് കൊടുത്തപ്പോൾ തന്നെ സമിതിയുടെ ശുപാർശപ്രകാരമുള്ള പരിസ്ഥിതിലോല മേഖലയെ ഇപ്പോൾതന്നെ വിജ്ഞാപനം ചെയ്യണം എന്ന് പറഞ്ഞിരിക്കുന്നു. ഇത് ശരിയായ സമീപനമല്ല.
8. റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ചെയ്യേണ്ടവ
1. ഗാഡ്ഗിൽ സമിതിയുടെ ചെയ്യാവുന്നതും ചെയ്യരുതാത്തതും വിശദീകരിക്കുന്ന ഭാഗത്ത് (പുറം 43 മുതൽ) ഉള്ള പല നിർദ്ദേശങ്ങളും പൊതുമാർഗ്ഗ നിർദ്ദേശം മാത്രമാണ്.അതിൽ പ്രവർത്തനപരിപാടി നിർദ്ദേശിച്ചിട്ടില്ല. ഉദാ: പ്ളാസ്റ്റിക് ബാഗുകൾ നിരോധിക്കണം, ജി.എം. വിളകൾ ഒഴിവാക്കണം, ജലാശയങ്ങൾ.... തുടങ്ങിയവയിൽ കടന്ന് കയറ്റം അനുഭവിക്കരുത്. ഇത്തരത്തിലുള്ള എല്ലാ നിർദ്ദേശങ്ങളുടെയും പ്രവർത്തന പരിപാടി തയ്യാറാക്കണം.
2. പശ്ചിമഘട്ടത്തിൽ സവിശേഷമായ കെട്ടിട നിർമ്മാണച്ചട്ടങ്ങൾ വേണമെന്ന് ഗാഡ്ഗിൽ സമിതി ശുപാർശചെയ്യുന്നു. ഓരോ പ്രദേശത്തിനും അനുയോജ്യമായ കെട്ടിടനിർമാണ ശൈലി വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത്. ഈ നയം സംസ്ഥാനത്തിന് മുഴുവൻ ബാധകമാക്കേണ്ടതാണ്. ഇത് സാധ്യമാണെങ്കിൽ പ്രാദേശികമായി ലഭിക്കുന്ന നിർമ്മിതവസ്തുക്കൾ സംബന്ധിച്ച ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം.
3. പശ്ചിമഘട്ടത്തിൽ മേഖലാവൽക്കരണം നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ശരിയായിത്തന്നെ നടപ്പിലാക്കണം. കേരളത്തിന്റെ വികസനപ്രതിസന്ധിയുടെ അടിത്തറ ഭൂവിനിയോഗത്തിലെ അശാസ്ത്രീയതയാണ്. ഇത് പരിഹരിക്കാൻ മേഖലാവൽക്കരണമാണ് അനുയോജ്യമായ മാതൃക. കേരളത്തിന്റെ മുഴുവൻ ഭൂമിയും മേഖലാവൽകരണത്തിന് വിധേയമാക്കണമെന്ന് ആശയം ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ ഭൂമി അതിന്റെ സ്വാഭാവിക ഉപയോഗം എന്താണോ അതിന് മാത്രമേ ഉപയോഗിക്കാവൂ. കാർഷികമേഖല, പാർപ്പിടമേഖല, വാണിജ്യമേഖല തുടങ്ങിയ രീതിയിൽ കേരളത്തിന്റെ ഭൂമിയെ മേഖലകളായി തിരിക്കാം. ഓരോ മേഖലയിലും ഭൂമി അതത് മേഖലയുടെ സ്വാഭാവിക ഉപയോഗത്തിനായി മാത്രമേ മാറ്റി വയ്ക്കാവൂ. ഭൂ രൂപത്തിന്റെ ഘടന മാറ്റുകയോ ഭൂമി പരിവർത്തനം ചെയ്യുകയോ അരുത്. ചുരുക്കത്തിൽ ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ചത് പോലെ ഭൂമിയുടെ പ്രകൃതിദത്ത ഉപയോഗത്തെ അടിസ്ഥാനമാക്കി ഭൂമിയുടെ മേഖലാവൽക്കരണം സാധ്യമാക്കണം. ഇതും സംസ്ഥാനം മുഴുവൻ ബാധകമാക്കണം.
3. പാറപൊട്ടിക്കരുത്, മണൽ വാരരുത് എന്ന നിർദ്ദേശങ്ങൾക്കപ്പുറത്ത് കേരളത്തിന്റെ കെട്ടിട നിർമ്മാണ മേഖലയെ മൊത്തത്തിൽ ഉടച്ച് വാർക്കാൻ കഴിയണം. ഇതിനായി താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പരിഗണിക്കണം.
- വിവിധ റോഡുകളുടെ നിർമ്മാണ ഗുണമേന്മ വർധിപ്പിക്കണം. കാലാവധിക്ക് മുമ്പ് റോഡുകൾ റിപ്പയർ ചെയ്യേണ്ടിവരുന്നത് പാറയുടെ ഉപയോഗം വർധിപ്പിക്കുന്നു.
- കേരളത്തിലെ വീടുകളുടെ വലിപ്പം നിയന്ത്രിക്കണം.കുടുംബത്തിന്റെ വലിപ്പത്തിന്ആനുപാതികമായി മാത്രമേ വീടിന്റേയും വലിപ്പം അകാവൂ എന്നത് നിയമപരമാക്കണം.ഒരു കുടുംബത്തിന് സ്വന്തമായി ഒരു വീടേ പാടുള്ളൂ എന്നത് നിർബന്ധമാക്കണം.
- മുറ്റത്ത് കല്ല്, ഓട് എന്നിവ പാകുന്നത് തടയുക എന്ന നിർദ്ദേശം കേരളം മുഴുവൻ വ്യാപകമാക്കണം. വീടുകൾക്ക് ചുറ്റുമതിൽ കെട്ടുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ പഠനം നടക്കണം. വലിയ മതിലുകൾ പ്രകൃതിവിഭവങ്ങളെ ധൂർത്തടിക്കുകയാണ്. ഇത് തടയാൻ കഴിയണം.
- പാറ ഖനനം പൂർണ്ണമായി നിറുത്തിവയ്ക്കാനാവില്ല. അത് ചെറിയ തോതിലെങ്കിലും ആവശ്യമായേക്കാം. അത് ചെയ്യാൻ കഴിയുന്ന പ്രാദേശങ്ങൾ പ്രത്യേകമായി കണ്ടെത്തി വിജ്ഞാപനം ചെയ്യണം.
- പാറയുടെയും മണ്ണിന്റെയും ബദൽ ഉൽപന്നങ്ങൾക്കുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കണം.
4. ഊർജ്ജ ലഭ്യതയ്ക്ക് വേണ്ടി ചെറുകിട ജലവൈദ്യുത പദ്ധതി, സൗരോർജ്ജം, പവനോർജം എന്നിവ ഉപയോഗപ്പെടുത്തണം. ഇവയുടെ ഉൽപാദനത്തിനായി പ്രത്യേകപദ്ധതികൾ വേണം.
5. പശ്ചിമഘട്ടവും കേരളത്തിന്റെ കാലാവസ്ഥയും തമ്മിലുള്ള ബന്ധം ശാസത്രീയ പിൻബലത്തോടെ വിശദീകരിക്കണം.
6. മാധവ് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് ഇന്ത്യൻ പാർലമെന്റ് ചർച്ച ചെയ്യണം.
7. ഇന്ന് ഗാഡ്ഗിൽ, കസ്തൂരിരംഗൻ എന്നീ പേരുകൾക്കാണ് പ്രാധാന്യം. എന്നാൽ ഊന്നൽ ലഭിക്കേണ്ടത് കേരളത്തിലെ ഭൂമിയുടെയും ഭൂവിഭവങ്ങളുടെയും യുക്തിസഹമായ വിനിയോഗത്തിന്നായിരിക്കണം. ഇത് സംബന്ധിച്ച് ഒരു ദീർഘകാല പരിപ്രേക്ഷ്യം ആവശ്യമാണ്. ഇതിനുള്ള നിർദ്ദേശം ഗാഡ്ഗിലിൽ നിന്ന് മാത്രമല്ല, മറ്റ് കമ്മറ്റികളിൽ ഉണ്ടെങ്കിൽ അവയിൽനിന്നും സ്വീകരിക്കാവുന്നതാണ്.
6. പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഈ രംഗത്ത് ഏറെ വിശകലനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. അതിലൂടെ രൂപപ്പെടുന്ന ആശയങ്ങൾ പ്രചരിപ്പിക്കാനും പ്രവർത്തനങ്ങൾ ആവിഷ്കരിക്കണം.
7. ഇതിന്നായി 100 പേരെയെങ്കിലും പരിശീലിപ്പിച്ചെടുക്കണം. സൈലന്റ്വാലി കാലത്തേതുപോലെ പരിശീലനം നേടിയ ഒരു ജാഗ്രതാഗ്രൂപ്പ് ഉണ്ടാകുന്നത് നല്ലതാണ്.
8. ഇതൊക്കെ സംബന്ധിച്ച ഒരു രേഖ തയ്യാറാക്കണം. അതിലെ പ്രധാന ഊന്നൽ പ്രകൃതിസമ്പത്തിന്റെ തുടർ നിലനിൽപിനുള്ള സംവിധാനങ്ങൾ, സ്വാഭാവികവനം, സംരക്ഷിതവനം ഇവയ്ക്കിടയിലെ അതിർത്തിപ്രശ്നങ്ങൾ,EFL, ESA, ESZ എന്നിവയുടെ വിശദാംശങ്ങൾ എന്നിവയൊക്കെ ആകണം. ഇതിനെ മുൻനിർത്തി ജാഗ്രതാഗ്രൂപ്പിൽ നടക്കുന്ന പ്രചാരണങ്ങൾ വഴി യഥാർഥ കൃഷിക്കാരുടെ ആശങ്കകൾ അകറ്റാൻ കഴിയണം. ഇന്ന് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, ഇടനിലക്കാർ, കച്ചവടക്കാർ എന്നിവരുടെ അവിഹിത ഇടപെടലുകളെ തുറന്ന് കാണിക്കാൻ കഴിയണം. ബാങ്ക് വായ്പകർ കൊടുക്കാത്തത്, ഭൂമിയുടെ കരം വാങ്ങാത്തത് ഇവയുടെയൊക്കെ വസ്തുതാപരമായ വിശദാംശങ്ങൾ ഉൾക്കൊള്ളിക്കാൻ കഴിയണം.
9. ഉപസംഹാരം
ഇന്നത്തെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം കർഷകരോ പരിസ്ഥിതിയോ അല്ല. കൂടുതൽ ഭൂമി കയ്യേറാൻ പ്രേരിപ്പിക്കുകയും ശാസ്ത്രീയമായ ഭൂവിനിയോഗത്തെ തകിടം മറിക്കുകയും ചെയ്യുന്ന ഒരു വികസനനയമാണ് നിലനിൽക്കുന്നത്. അത് പ്രകൃതിവിഭവങ്ങളുടെ മേൽ അനിയന്ത്രിതമായ ചൂഷണം അഴിച്ച് വിടുന്നു. ഒപ്പം ഭൂമികൈമാറ്റത്തേയും നിർമ്മാണ മേഖലയേയും അമിതമായി ആശ്രയിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ നാലിലൊന്നിൽ കൂടുതൽ ഭൂമികൈമാറ്റത്തിൽ നിന്നും നിർമ്മാണമേഖലയിൽ നിന്നും വരുന്നതാണ്. ഈ വികസനനയവുമായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനാവില്ല. ദീർഘകാലാടിസ്ഥാനത്തിൽ ദക്ഷിണേന്ത്യക്ക് പൊതുവേയും പശ്ചിമഘട്ടവാസികൾക്ക് വിശേഷിച്ചും ദോഷകരമാണിത്. ഇപ്പോൾ പിന്തുടരുന്ന വികസനനയമാകട്ടെ ആഗോളവത്കൃത സാമ്പത്തിക സാഹചര്യങ്ങൾ ആവശ്യപ്പെടുന്നതും മുതലാളിത്തത്തിന് ഏറെ പ്രിയപ്പെട്ടതുമാണ്. അതുകൊണ്ട് പശ്ചിമഘട്ട സംരക്ഷണമെന്നാൽ മുതലാളിത്ത വികസന ശൈലിയോടുള്ള എതിർപ്പ് എന്നാണർത്ഥം. ഗാഡ്ഗിൽകമ്മറ്റി റിപ്പോർട്ടിന്റെ പൊതുദിശ ഇത്തരത്തിൽ മുതലാളിത്ത വിരുദ്ധമാണ്. ആ പൊതുദിശ അംഗീകരിക്കുകയും മേൽവിവരിച്ചപോലെ വിശദാംശങ്ങളിൽ ചർച്ച ചെയ്ത് സമന്വയം സൃഷ്ടിക്കുകയുമാണ് വേണ്ടത്.