തൃക്കരിപ്പൂർ യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
19:34, 12 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeshodayanchal (സംവാദം | സംഭാവനകൾ)

ചരിത്രം

ശാസ്ത്ര സാഹിത്യ പരിഷത്ത് , ലോകത്തിലെ തന്നെ ഏറെ ജനകീയമായ ശാസ്ത്ര സംഘടന ഇന്ന് അറുപതാം പിറന്നാൾ ആഘോഷ വേളയിൽ ആണ്

1975-76 കാലഘട്ടത്തിലാണ് തൃക്കരിപ്പൂർ യൂണിറ്റ് രൂപീകരിച്ചത്. അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായി പ്രവർത്തനമാരംഭിച്ച യൂണിറ്റ് ആദ്യകാലങ്ങളിൽ പയ്യന്നൂർ മേഖലയുടെ ഭാഗമായിരുന്നു. 1962 കാലഘട്ടത്തിൽ പി പി കെ പൊതുവാൾ മാഷാണ് ആണ് തൃക്കരിപ്പൂരിൽ പരിഷത്തിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഭാസ്കരപ്പണിക്കരുടെയും കെ ജി അടിയോടി മാഷിൻ്റെയും പ്രചോനത്താൽ പി പി കെ മാഷ് യുറീക്ക ശാസ്ത്രകേരളം പോലുള്ള ഉള്ള മാസികകൾ പ്രചരിപ്പിക്കാനുള്ള പ്രവർത്തനം തുടങ്ങി. ഈ മാസികകൾ സൗജന്യമായി നൽകിക്കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. ശരിക്കും ഒരു ഒറ്റയാൾ പ്രവർത്തനമായിരുന്നു ആദ്യനാളുകളിൽ. പിന്നീട് 1975-76 കാലഘട്ടത്തിലാണ് തൃക്കരിപ്പൂർ യൂണിറ്റ് രൂപീകരിച്ചത്. പ്രഥമ യൂണിറ്റ് സെക്രട്ടറിയായി ആയി ഗംഗാധരൻ മാസ്റ്റർ പ്രസിഡണ്ടായി പി പി കെ പൊതുവാൾ മാഷും തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് പ്രവർത്തകർ മുഴുവൻ തൃക്കരിപ്പൂർ ഹൈസ്കൂളിലെ അധ്യാപകരായിരുന്നു.തൃക്കരിപ്പൂർ സ്കൂൾ ആയിരുന്നു പ്രധാന പ്രവർത്തന കേന്ദ്രം.കൃഷ്ണൻ മാഷ് ഭാസ്കരൻ മാഷ് സുകുമാരൻ മാഷ്, രാജപ്പൻ മാഷ് ഇവരൊക്കെ ആയിരുന്നു മുൻനിര പ്രവർത്തകർ. അവർ പലരും പല സ്ഥലങ്ങളിൽനിന്നും നിന്നും വന്നു ഇവിടെ താമസിക്കുന്നവർ ആയിരുന്നു.

ആദ്യകാലഘട്ടങ്ങളിൽ പരിസരപ്രദേശങ്ങളിലെ വായനശാലകളും ക്ലബ്ബുകളും കേന്ദ്രീകരിച്ച് നിരവധി ക്ലാസ്സുകൾ സംഘടിപ്പിച്ചു. പ്രപഞ്ചത്തെക്കുറിച്ച് അറിവു നൽകുന്ന ക്ലാസുകൾ ആയിരുന്നു ഏറെയും. പിന്നീട് ഡോക്ടർ ഇഖ്ബാൽ പരിഷത്തിൽ വന്നതോടുകൂടി *ജനകീയ ആരോഗ്യം* എന്ന വിഷയത്തിൽ ഊന്നിയായിരുന്നു പ്രവർത്തനം. RT കമ്മിറ്റിയുടെ റിപ്പോർട്ട് ആദ്യമായി പ്രസിദ്ധീകരിച്ചത് പരിഷത്തായിരുന്നു. ആവശ്യമരുന്നുകളും അനാവശ്യ മരുന്നുകളും ഏതൊക്കെയാണെന്ന് ജനങ്ങളെ ബോധവത്ക്കരിക്കുകയും ആ കാലഘട്ടത്തിലുള്ള സാംക്രമിക രോഗങ്ങളെ കുറിച്ചുള്ള ക്ലാസുകളും അന്ന് നടത്തിവന്നിട്ടുണ്ട്. ആരോഗ്യം = ആശുപത്രി + ഡോകടർ + മരുന്ന് എന്ന ഇക്വേഷൻ മാറ്റി ആരോഗ്യം എന്നാൽ ശുദ്ധ ജലം ആണെന്ന വിശ്വാസത്തിലേക്ക് ജനങ്ങളെ എത്തിക്കാൻ അന്ന് പരിഷത്തിന് സാധിച്ചു. ഇത്തരം ക്ലാസുകളിലൂടെ വൃത്തിയുള്ള പരിസരം, ആവശ്യത്തിന് ആഹാരം അവസാനം ആശുപത്രിയും മരുന്നും എന്ന രീതിയിലേക്ക് ജനങ്ങളുടെ ബോധത്തെ എത്തിച്ചു.


സ്കൂളുകൾ കേന്ദ്രീകരിച്ചും പൊതു സ്ഥലങ്ങളിലും സ്കൂളിലെ സ്ലൈഡ് പ്രൊജക്ടറുകളുടെ സഹായത്തോടെ ടോണിക്കുകൾക്ക് എതിരെയുള്ള ക്ലാസുകളും ഫിലിമുകളുമൊക്കെ പ്രദർശിപ്പിച്ചു.പരിഷത്തിൻ്റെ പേരിൽ ലോകത്ത് തന്നെ ഒരു ബഹുമതി ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾക്കൊണ്ട് സാധിച്ചു.

കൂടാതെ രക്ത നിർണ്ണയ ക്യാമ്പുകൾ അതിഗംഭീരമായി തന്നെ ആരംഭിക്കുകയും രക്ത നിർണയ റജിസ്റ്റർ ഉണ്ടാക്കുകയും ചെയ്തു. ആ കാലഘട്ടങ്ങളിൽ എല്ലാരും രക്തത്തിന് വേണ്ടി ആദ്യം ആശ്രയിച്ചത് പരിഷത്തിനെ തന്നെയായിരുന്നു. ഇതും ഏറെ ജനപിന്തുണയുണ്ടാക്കി,. പി.ഗംഗാധരൻ മാസ്റ്റർ, K V രവീന്ദ്രൻ , V.K.രാധാകൃഷ്ണൻ, TP ശ്രീധരൻ മാസ്റ്റർ അധ്യാപക നേതാവായ തോമസ് മാഷ് ,സുരേന്ദ്രനാഥ് ,പി വി.ചന്ദ്രമോഹനൻ, K. K വിജയൻ ,എം വി സുകുമാരൻ, കരുണാകരൻ ഇത് പോലുള്ള ആളുകളുടെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്.

1980-81 കാലഘട്ടത്തിൽ വിദ്യാർത്ഥികളായ ജയചന്ദ്രനെ പോലുള്ള കുട്ടികളുടെ ആഭിമുഖ്യത്തിൽ വനനശീകരണത്തിനെതിരെയും വനസംരക്ഷണത്തിനും ജലസംരക്ഷണത്തിനും വേണ്ടി മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഏന്തി സൈക്കിൾ റാലി നടത്തിയതും പരിഷത്തിൻ്റെ പ്രവർത്തനത്തിന് ആക്കം കൂട്ടി. അക്കാലത്ത് തൃക്കരിപ്പൂർ ഹൈസ്കൂളിലെ ലാബ് ആയിരുന്നു പരിഷത്തിൻ്റെ കൂടിയിരിപ്പ് കേന്ദ്രം.

1985 ൽ സംസ്ഥാന പ്രവർത്തക ക്യാമ്പ് 3 ദിവസങ്ങളിലായി തൃക്കരിപൂര് ഗവ: ഹൈസ്കൂളിൽ വച്ച് യൂനിറ്റ് ഏറ്റെടുത്ത് നടത്തി. കേരളത്തിൽ നിന്നും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ഒട്ടേറെ ജനകീയ പ്രസ്ഥാനങ്ങളിൽപ്പെട്ട ആളുകൾ ഇതിൽ പങ്കെടുത്തു.പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ അടക്കം സ്കൂളിലെ ബഞ്ചുകൾ നിരത്തി വച്ചാണ് അന്ന് കിടന്നുറങ്ങിയത്.ഇത് പരിഷത്തിൻ്റെ പാരിഷത്തിക ഇടപെടലുകൾ വിളിച്ചോതുന്നതാണ്.

പിന്നീട് സമ്പൂർണ്ണ സാക്ഷരതയജ്ഞത്തിലും നമുക്ക് ഏറെ കയ്യൊപ്പ് ചാർത്താൻ സാധിച്ചിട്ടുണ്ട്. സാമൂഹിക പരിപാടികൾ ഏറെ ഏറ്റെടുത്ത് നടത്തുന്നത് കൊണ്ട് ഇത്തരം പരിപാടികളിൽ RP മായി നമ്മുടെ പ്രവർത്തകക്ക് ശോഭിക്കാൻ സാധിച്ചിട്ടുണ്ട്.


1986 ഹോസ്ദുർഗ് മേഖലയുടെ (അന്ന് തൃക്കരിപ്പൂര് മേഖല ഇല്ല ) മേഖലാ സമ്മേളനവും യൂനിറ്റ് ഏറ്റെടുത്ത് മനോഹരമായി ജനപങ്കാളിത്തത്തോടെ നടത്താൻ സാധിച്ചിട്ടുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് 1000 ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിക്കാനും സാധിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ സമ്മേളനങ്ങളും തൃക്കരിപ്പൂര് യൂനിറ്റ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി ഏൽപിക്കുന്ന ക്ലാസുകളും പരിപാടികളും ഒക്കെ തന്നെ ഏറിയും കുറഞ്ഞും യൂനിറ്റ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.

അതേ സമയം ഉയർന്നു വന്ന തൃക്കരിപ്പൂര് താപനിലയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സമരങ്ങളിലും പരിഷത്തിൻ്റെതായ ഇടപെടൽ നടത്താൻ തൃക്കരിപ്പൂര് യൂനിറ്റിന് സാധിച്ചിട്ടുണ്ട്.

1988 സപ്തംബറിലാണ് സംസ്ഥാനപ്രവർത്തക ക്യാമ്പ് തൃക്കരിപ്പൂരിൽ നടക്കുന്നത്. ഓണാവധിക്കാലമാണെന്നാണ് ഓർമ്മ. പി. പി.കെ പൊതുവാളാണ് നേതൃത്വം .ഗംഗാധരൻ മാഷ്, എ.കെ.ശ്രീധരൻ മാഷ് , രാജപ്പൻ മാഷ് എന്നിവരൊക്കെ രംഗത്തുണ്ട്. പ്രാദേശിക സംഘാടക സമിതികൾ വിളിച്ചു ചേർത്ത് അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചും ഉല്പന്ന പ്പിരിവ് നടത്തിയും പരിപാടികൾ മുന്നേറിക്കൊണ്ടിരുന്നു. ഭക്ഷണാവശ്യത്തിനുളള തേങ്ങ വലിയ പറമ്പ് സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. 3 ദിവസമായിരുന്നു ക്യാമ്പ്. ഡോ.കെ.സുധാകരൻ സംഘാടക സമിതി ഭാരവാഹിയായിരുന്നു. അദ്ദേഹം വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ ക്ലാസ്സ് എടുക്കുകയുണ്ടായി.

1992 ൽ അഖിലേന്ത്യാ തലത്തിൽ ഭാരത ജ്ഞാൻ വിജ്ഞാൻ സമിതിയുടെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക വിനിമയ പരിപാടിക്ക്(ടീച്ചർ എക്സ്ചേഞ്ച് പ്രോഗ്രാം) ജില്ലയിൽ ആദിത്യമരുളാൻ അവസരം കിട്ടിയത് തൃക്കരിപ്പൂര് യൂനിറ്റിനാണ്. നമ്മുടെ ഭാഷയും സംസ്കാരവും ഒന്നും പരിചയമില്ലാത്ത മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ( നമുക്ക് കിട്ടിയത് ഉത്തർപ്രദേശിലെ ആളുകളെ ആയിരുന്നു) എത്തിച്ചേർന്നവരെ 10 ദിവസ കാലം നമ്മുടെ പരിസരങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുപ്പിച്ചു. അവർക്ക് വേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് അവർക്ക് മുമ്പിൽ അവതരിപ്പിച്ചു. പകൽ സമയങ്ങളിൽ പരിപാടികളിൽ പങ്കെടുപ്പിച്ചും രാത്രി കാലങ്ങളിൽ നമ്മുടെ പ്രവർത്തകരുടെ വീടുകളിൽ നമ്മളിൽ ഒരാളായി താമസിപ്പിച്ചും അവരെ സ്വീകരിച്ചു. ഇത് യൂനിറ്റിന് ഏറെ അഭിമാനിക്കാൻ പറ്റുന്ന മുഹൂർത്തമായിരുന്നു.


പരിഷത്തിനെ ആദ്യ കാലഘട്ടങ്ങളിൽ ജനങ്ങൾ ഏറെ അറിഞ്ഞിരുന്നത് *പുകയില്ലാത്ത അടുപ്പുകൾ* എന്ന സംരംഭത്തിലൂടെയാണ്. അതിന് ഏറ്റവും നല്ല രീതിയിൽ നേതൃത്വം നല്കിയ നമ്മുടെ പ്രഥമ സെക്രട്ടറിയായ ഗംഗാധരൻ മാസ്റ്ററെ ഓർക്കാതിരിക്കാൻ കഴിയില്ല. വളരെ ചെറുപ്രായത്തിൽ തന്നെ നമ്മളെ വിട്ട് പിരിഞ്ഞ് പോയ ഗംഗാധരൻ മാസ്റ്ററുടെ സ്മരണാർത്ഥം യൂനിറ്റ് ഒരു എൻ്റോവ് മെൻറ് രൂപീകരിക്കുകയും അതിൻ്റെ കാശ് ബാങ്കിൽ സൂക്ഷിച്ച് അതിൻ്റെ ഇൻറ റെസ്റ്റ് ഉപയോഗിച്ച് മുടങ്ങാതെ എല്ലാ വർഷവും അദ്ദേഹത്തിൻ്റെ ഓർമ്മ ദിനത്തിൽ *ഗംഗാധരൻ അനുസ്മരണം* നടത്തുകയും ചെയ്തു പോന്നു.

ഇതോടൊപ്പം തന്നെ 1975-76 കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്ന ദർശന ഫിലിം സൊസൈറ്റിയും, ഫൈൻ ആർട്സ് സൊസൈറ്റിയും, ദേശാഭിമാനി തീയേറ്റേഴ്സിനെയും പരാമർശിക്കാതിരിക്കാൻ കഴിയില്ല. കാരണം ആ കാലഘട്ടങ്ങളിൽ ഇത്തരം സംഘാടനകളിൽ പ്രവർത്തിച്ചിരുന്ന പല പ്രവർത്തകർക്കും പരിഷത്തുമായും സജീവബന്ധം ഉണ്ടായിരുന്നു. ധർമ്മങ്ങളിലും പ്രവർത്തനമേഖലകളിലും പരിഷത്തുമായി ഏറെ വ്യത്യാസമായിരുന്നുവെങ്കിലും പരിഷത്തിൻ്റെ മനസിലെ നന്മയെ തിരിച്ചറിഞ്ഞ് സ്വമേധയാ തന്നെ പരിഷത്തിലേക്ക് വന്നവരായിരുന്നു ഇവരിൽ ഏറിയ പങ്കും.

പിന്നീട് യൂറിക്കാ വിജ്ഞാനോത്സവം പോലുള്ള അറിവിൻ്റെ ഉത്സവകേന്ദ്രങ്ങൾ ഏറെ ഭംഗിയായി സംഘടിപ്പിക്കാനും അതിൽ പങ്കാളിത്തം ഉറപ്പുവരുത്താനും യൂനിറ്റിന് സാധിച്ചിട്ടുണ്ട്.കൂടാതെ ബാലവേദി ക്യാമ്പുകളും കുട്ടികൾക്ക് വ്യത്യസ്തങ്ങളായ ക്ലാസുകൾ സംഘടിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

കണ്ടൽക്കാട് സംരക്ഷണത്തിലും വളരെയധികം ഇടപെടൽ നടത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്.കവ്വായി കായലിൽ കണ്ടൽ നട്ടുപിടിപിച്ച് സംരക്ഷണം നടത്താൻ തൃക്കരിപ്പൂര് യൂനിറ്റിന് സാധിച്ചിട്ടുണ്ട്.

ആദ്യകാലത്ത് ഒരു കേന്ദ്ര യൂനിറ്റായിട്ടായിരുന്നു തൃക്കരിപ്പൂര് യൂനിറ്റ് പ്രവർത്തിച്ചിരുന്നത്. പഞ്ചായത്തിലെ ഏക യൂനിറ്റായിരുന്നു തൃക്കരിപ്പൂര് യൂനിറ്റ്. ഇന്ന് തൃക്കരിപ്പൂര് ടൗൺ യൂനിറ്റ് എന്ന രീതിയിൽ ഇത് മാറുകയും പഞ്ചായത്തിൽ കൊയോങ്കര, നടക്കാവ്, ഈയക്കാട്, ഇളമ്പച്ചി എന്നി നാല് യൂനിറ്റുകൾ പുതുതായി നിർമ്മിക്കുകയും 5 യൂനിറ്റുകളായി പ്രവർത്തനമേഖല മാറ്റുകയും ചെയ്തിട്ടുണ്ട്. കാസറഗോഡ് ജില്ലയിലെ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ച യൂനിറ്റുകളിൽ ഒന്നു തന്നെയാണ് തൃക്കരിപ്പൂര് യൂനിറ്റ് എന്ന് അഭിമാനപൂർവ്വം നമുക്ക് അവകാശപ്പെടാൻ കഴിയും...

"https://wiki.kssp.in/index.php?title=തൃക്കരിപ്പൂർ_യൂണിറ്റ്&oldid=10035" എന്ന താളിൽനിന്ന് ശേഖരിച്ചത്