മടിക്കൈ യൂണിറ്റ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മടിക്കൈ യൂണിറ്റ് | |
---|---|
പ്രസിഡന്റ് | ഉണ്ണിക്കൃഷ്ണൻ കെ. |
വൈസ് പ്രസിഡന്റ് | പി. അമ്പു |
സെക്രട്ടറി | മധുസൂദനൻ വി. |
ജോ.സെക്രട്ടറി | ഷിജി സി. |
ജില്ല | കാസർകോഡ് |
മേഖല | കാഞ്ഞങ്ങാട് |
ഗ്രാമപഞ്ചായത്ത് | മടിക്കൈ പഞ്ചായത്ത് |
മടിക്കൈ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ആമുഖം
ജന്മിനാടുവാഴിത്ത വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്ന മടിക്കൈയിൽ അതിന്റെ സ്മാരകമായി ഇന്നും നിലകൊള്ളുന്ന ഏച്ചിക്കാനം തറവാടിന് ഒരു കിലോമീറ്റർ തെക്കുമാറി, പേരുകേട്ട മടിക്കൈമാടം ക്ഷേത്രത്തിന് അടുത്തായി കിടക്കുന്ന പ്രദേശമാണ് അമ്പലത്തുകര. മലയും ചാലും തോടും വയലേലകളും പുൽമൈതാനങ്ങളും മൊട്ടക്കുന്നുകളും ചെറുവനങ്ങളും വിശാലമായ പാറപ്പരപ്പും അരുവികളും വെള്ളച്ചാട്ടങ്ങളും എല്ലാം ഉള്ള പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട മടിക്കൈപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തായിട്ടാണ് അമ്പലത്തുകര സ്ഥിതിചെയ്യുന്നത്. മടിക്കൈ പഞ്ചായത്തിലെ രണ്ടാം ഗ്രാമം കൂടിയാണ് അമ്പലത്തുകര.
1960-70 കാലഘട്ടത്തിലെ മടിക്കൈ, പരമദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു. ജനങ്ങളുടെ ഉപജീവനം കാർഷികവൃത്തിയിലൂടെ മാത്രമായിരുന്നു. യാത്രാസൗകര്യവും പരിമിതമായിരുന്നു. ഗ്രാമത്തിന് നടുവിലൂടെ ഒഴുകുന്ന വലിയ ചാൽ പഞ്ചായത്തിനെ രണ്ടായി മുറിക്കുന്നു. ചാൽമുറിച്ചുകടക്കാൻ കടത്തുതോണിയും തടിപ്പാലങ്ങളും മാത്രം ആശ്രയം. ആകെയുള്ളത് ഒന്നോ രണ്ടോ പ്രാഥമിക വിദ്യാലയങ്ങൾ മാത്രം. ജനങ്ങളിൽ ഭൂരിഭാഗവും നിരക്ഷരർ. എന്നാൽ രാഷ്ട്രീയ ബോധത്തിൽ സമസ്ത ജനവിഭാഗവും ഉയർന്ന നിലവാരം കാത്തുസൂക്ഷിച്ചു. അതേപോലെ അന്ധവിശ്വാസവും ദൈവവിശ്വാസവും ജനങ്ങളെ അടിമകളാക്കിയിരുന്നു. എങ്കിലും പരസ്പര വിശ്വാസത്തോടും ഐക്യത്തോടും ജീവിച്ചിരുന്ന നിഷ്കളങ്കരായ ജനങ്ങളായിരുന്നു മടിക്കൈക്കാർ. 80കളോടെ പഞ്ചായത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. ദിനേശ് ബീഡിക്കമ്പനിയുടെ വരവോടെ ജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്ന അവസ്ഥ വന്നു. വീടുകളിൽ സ്ഥിരവരുമാനക്കാർ ഉണ്ടായതോടെ ജീവിത നിലവാരവും ഉയർന്നു. സമ്പൂർണ്ണ സാക്ഷരതാ യജ്ഞവും ജനകീയാസൂത്രണ പ്രവർത്തനങ്ങളും പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. ഗൾഫിലേക്കുള്ള കുടിയേറ്റം സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തി.
ഇപ്പോൾ സംസ്ഥാനത്തുതന്നെ അറിയപ്പെടുന്ന പഞ്ചായത്തായി മാറി. 4 ഹൈസ്കൂളുകൾ, 3 ഹയർ സെക്കണ്ടറി സ്കൂളുകൾ, 3 യു പി സ്കൂളുകൾ, 4എൽ പി സ്കൂളുകൾ എന്നിങ്ങനെ 10 വിദ്യാലയങ്ങൾ സർക്കാർ മേഖലയിൽ മാത്രം പ്രവർത്തിക്കുന്നു. സ്വകാര്യമേഖലയിൽ വിദ്യാലയങ്ങൾ ഇല്ല. കൂടാതെ ഒരു IHRD കോളേജ്, ഒരു ITI എന്നിവയും പ്രശംസനീയമാം വിധം പ്രവർത്തിക്കുന്നു. പൊതുവിദ്യാലയങ്ങൾക്കെല്ലാം മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട്. ഒരു കുടുംബാരോഗ്യ കേന്ദ്രം, ഒരു ആയുർവേദ ആശുപത്രി, ഒരു ഹോമിയോ ആശുപത്രിഎന്നിവക്കു പുറമെ ധാരാളം ഹെൽത്ത് സെന്ററുകളും 23അങ്കൺവാടികളും ഇന്ന് പഞ്ചായത്തിലുണ്ട്. എല്ലാ ഭാഗത്തേക്കും ഗതാഗത സൗകര്യങ്ങളും നിലവിൽ വന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളും വായനശാലകളും പഞ്ചായത്തിന്റെ സാംസ്കാരികമേഖലയിലെ വളർച്ചയ്ക്കും കാരണമായി. തൊഴിലുറപ്പു പദ്ധതിയിൽ ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്നു. കുടുംബശ്രീയുടെ പ്രവർത്തനവും മികച്ചത് തന്നെ. കാർഷിക മേഖലയിലെ കുതിച്ചുചാട്ടത്തിന് കൃഷിഭവൻ നൽകിയ സംഭാവനകൾ ചെറുതല്ല. രാഷ്ട്രീയ സംഘർഷങ്ങൾ പൊതുവെ കുറവാണ്. ഒരു പ്രധാന പാർട്ടിയിൽ വിശ്വസിക്കുന്നവരാണ് കൂടുതലും. മറ്റു പാർട്ടികളും ചെറിയ രീതിയിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്കും ദൈവത്തിനും തുല്യരീതിയിൽ പണവും അദ്ധ്വാനവും കാണിക്ക വെക്കുന്ന പഴയരീതിയിൽ നിന്ന് വലിയ വ്യത്യാസമൊന്നും ഇപ്പോഴും വന്നിട്ടില്ല.
ഇത്തരം ഒരവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ എത്തിക്കേണ്ടത്അത്യാവശ്യമാണെന്ന് തോന്നി. എന്നാൽ പരിഷത്ത് സംഘടിപ്പിക്കുന്ന പരിപാടികളുമായി സഹകരിക്കാൻ പലരും തയ്യാറാവുന്നുണ്ടെങ്കിലും അംഗത്വമെടുക്കാനോ പ്രവർത്തകരാകാനോ ഭൂരിഭാഗവും തയ്യാറല്ല. ഈ പരിമിതികൾ മറികടന്നുകൊണ്ട് പരിഷത്ത് യൂണിറ്റുകളുടെയും അംഗങ്ങളുടെയും എണ്ണം പഞ്ചായത്തിൽ വർധിപ്പിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്.
ആദ്യകാല യൂണിറ്റുകൾ
1991 ലാണ് അമ്പലത്തുകരയിൽ യൂണിറ്റ് രൂപീകരിക്കുന്നത്. മടിക്കൈ ഗവ.ഹൈസ്കൂൾ ഗണിതാധ്യാപകൻ ശ്രീ.എം.കെ രാജഗോപാലൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ സെക്രട്ടറി. കവിണിശ്ശേരി കുഞ്ഞിരാമൻ മാസ്റ്റർ പ്രസിഡണ്ടും. തൊട്ടടുത്ത ദിവസം തന്നെ മടിക്കൈ ബാങ്കിൽ ഒരു എസ്.ബി അക്കൗണ്ട്തുടങ്ങി. മേഖലയിൽ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള ഏക യൂണിറ്റ് ആയിരുന്നു അമ്പലത്തുകര. പരിഷദ് ശൈലിയനുസരിച്ച് സാമ്പത്തിക സുതാര്യതയോടും സാമ്പത്തിക ഭദ്രതയോടും കൂടിത്തന്നെയായിരുന്നു യൂണിറ്റിന്റെ പ്രവർത്തനം. സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ പങ്കാളികളായവരും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരുമായിരുന്നു യൂണിറ്റ് രൂപീകരണത്തിന് താൽപര്യമെടുത്തത്. 2010 വരെ അമ്പലത്തുകര എന്ന പേരിൽത്തന്നെ യൂണിറ്റ് പ്രവർത്തിച്ചു. പിന്നീട് പുല്ലൂർ-പെരിയ പഞ്ചായത്തിൽ അമ്പലത്തറ എന്ന പേരിൽ പുതിയ യീണിറ്റ് രൂപീകരിച്ചപ്പോൾ പേരിലെ സാമ്യം ഉണ്ടാക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ജില്ലാക്കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മടിക്കൈ എന്ന് പുനർനാമകരണം ചെയ്തു.
യൂണിറ്റ് സ്ഥാപിച്ചതു മുതൽ സ്വന്തമായി ഗ്രാമപത്രവും സ്ഥാപിച്ചിരുന്നു. അതിലെ ആശയങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാത്ത ചിലർ അത് നശിപ്പിക്കുകയും പതിവായിരുന്നു. യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പലത്തുകര പാതയോരത്ത് ഒരു ബദാം മരം നടുകയുണ്ടായി. പിന്നീട് അതിന്റെ ഉടമസ്ഥാവകാശം മറ്റുപലരും കൈയ്യടക്കി എങ്കിലും ആ മരം ഇന്നും തണൽ വിരിച്ചു കൊണ്ട് നിലകൊള്ളുന്നുണ്ട്. അതു തന്നെയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യവും. അമ്പലത്തുകര ബസ്റ്റോപ്പിൽ ബസ്സുകളുടെ സമയം കാണിക്കുന്ന ബോർഡും യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുകയുണ്ടായി.
1991 ന് മുൻപ് മടിക്കൈ പഞ്ചായത്തിൽ ചാളക്കടവ്, ബങ്കളം എന്നീ സ്ഥലങ്ങളിൽ സജീവമായ യൂണിറ്റുകൾ ഉണ്ടായിരുന്നു. ചാളക്കടവ് യൂണിറ്റിന്റെ സെക്രട്ടറി കീപ്പാട്ടിൽ കുഞ്ഞിക്കണ്ണനും പ്രസിഡണ്ട് ഒ വി രവീന്ദ്രനും ആയിരുന്നു. കുട്ടമത്ത്പപ്പൻമാഷുടെ നേതൃത്വത്തിലുള്ള കലാ ജാഥയ്ക്ക് നൽകിയ സ്വീകരണം വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്താൻ സാധിച്ചത് ഈയൂണിറ്റിന്റെ സജീവതയ്ക്കുദാഹരണമാണ്.1984 ൽ കാസർഗോഡ് ജില്ലാ രൂപീകരണത്തോടെ ബങ്കളത്ത് യൂണിറ്റ് രൂപീകരിക്കപ്പെട്ടു. അന്ന് പരപ്പയിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തിരുന്ന മടിക്കൈ മൂലായിപ്പള്ളിയിലെ വി കണ്ണൻ മാഷ് അദ്ദേഹത്തിന്റെ സഹപ്രവർകനായിരുന്ന ഒരു ജോർജ്ജ് മാഷിൽ നിന്നും പരിഷത്തിനെക്കുറിച്ച് അറിയുകയും സ്വന്തം പഞ്ചായത്തിൽ യൂണിറ്റ് രൂപീകരിക്കാൻ താൽപര്യം കാണിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലാ സെക്രട്ടറിയായിരുന്ന സി. ഗംഗാധരൻ ( ജനതാ കോ ഓപ്പറേറ്റീവ് പ്രസ്സ് സെക്രട്ടറി ) നേരിട്ട് പങ്കെടുത്താണ് യൂണിറ്റ് രൂപീകരിച്ചത്. വി കണ്ണൻ മാഷ് തന്നെയായിരുന്നു സെക്രട്ടറി. അംഗങ്ങളുടെ സജീവ പങ്കാളിത്തതോടെ ധാരാളം പ്രവർത്തനങ്ങൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പള്ളത്തുവയൽ കുമാരൻ മാഷ്, ഏലോത്തുംമെട്ടക്ക് ദാമോദരൻ, ഭാസ്ക്കരൻ കക്കാട്ട്, പണ്ടാരത്തിൽ അമ്പു, അന്തരിച്ച എഞ്ചിനീയർ ഗോപാലൻ, അദ്ദേഹത്തിന്റെ മക്കളായ ദിനേശൻ, ഉഷ, ഹിന്ദി അധ്യാപിക നാരായണി ടീച്ചർ, ആറ്റിപ്പീൽ അമ്പാടി മാഷ്, ബങ്കളത്തെ ഗോപാലകൃഷ്ണൻ, ശാന്ത ടീച്ചർ എന്നിവർ ഈ യൂണിറ്റിലെ അംഗങ്ങളായിരുന്നു. പിൽക്കാലത്ത് പഞ്ചായത്ത്മെമ്പറായ ഭാസ്ക്കരൻ കുറച്ച് കാലം ഈ യൂണിറ്റിന്റെ സെക്രട്ടറിയായിരുന്നു. യൂണിറ്റ്-മേഖലാ വാർഷികങ്ങൾ, വിജ്ഞാനപ്പരീക്ഷകൾ, ബാലവേദി പ്രവർത്തനങ്ങൾ, ഹാലി ധൂമകേതുവിനെ വരവേല്ക്കുന്ന പരിപാടികൾ, പരിസ്ഥിതി ക്യാമ്പ്, വന ജാഥ, ഉപ്പ് ജാഥ തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികളാണ്.
പ്രവർത്തനങ്ങൾ
ബഹുരാഷ്ട്ര ഭീമൻമാരുടെ അയൊഡൈസ്ഡ് ഉപ്പ് പ്രചരിപ്പിക്കാൻ വേണ്ടി രാജീവ്ഗാന്ധി ഗവൺമെന്റ് കല്ലുപ്പ് നിരോധിക്കുകയുണ്ടായി. ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്ന ഈ തീരുമാനത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാൻ സംസ്ഥാനവ്യാപകമായി ജാഥകൾ സംഘടിപ്പിച്ചു. ബങ്കളം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ജാഥ ബങ്കളത്തുനിന്ന് ആരംഭിച്ച് കാൽനടയായി നീലേശ്വരം വരെ പോവുകയുണ്ടായി. വൻ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു പരിപാടിയായിരുന്നു ഇത്. ഹാലി ധൂമകേതുവിന്റെ വരവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് വെച്ച് നടന്ന സംസ്ഥാന തല ജ്യോതിശാസ്ത്ര ക്യാമ്പിൽ ബങ്കളം യൂണിറ്റ് സെക്രട്ടറി പങ്കെടുക്കുകയും തുടർന്ന് യൂണിറ്റ് പരിധിയിൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. എരിക്കുളം വയലിൽ വെച്ച് നടന്ന ക്യാമ്പിൽ സ്ത്രീകളും കുട്ടികളുംഅടക്കം വൻജനാവലി പങ്കെടുത്തു. ധൂമകേതുവിന്റെവരവിനെക്കുറിച്ചുള്ള ലഘുലേഖയും വ്യാപകമായി പ്രചരിപ്പിച്ചു. ധൂമകേതുക്കളെയും മറ്റ് ആകാശഗോളങ്ങളെക്കുറിച്ചുമുള്ള അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ ഈ പരിപാടികൊണ്ട് സാധിച്ചു.
1984 ൽ സംഘടന സംസ്ഥാനത്താകെ നടത്തിയ പരിപാടിയാണ് നാം ജീവിക്കുന്ന ലോകം ക്ലാസ്സുകൾ. തൃശ്ശൂർ അപ്പൻ തമ്പുരാൻ ഹാളിൽ വെച്ച് നടന്ന പരിശീലനത്തിൽ ബങ്കളം യൂണിറ്റിൽ നിന്ന് ശാന്തടീച്ചർ പങ്കെടുത്തു. തുടർന്ന് യൂണിറ്റ് പരിധിയിൽപ്പെട്ട ബങ്കളം, കൂട്ടപ്പുന്ന, പള്ളത്തുവയൽ, എരിക്കുളം, നാര, കോളിക്കുന്ന്, ചാളക്കടവ് എന്നിവിടങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ശാന്തടീച്ചറും ജില്ലാതല പരിശീലനം നേടിയ കുമാരൻ മാഷ്, കണ്ണൻമാഷ് എന്നിവരും ചെറുവത്തൂരിലെ വിജയകുമാറും ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ബങ്കളം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കൽ. പണ്ടാരത്തിൽ അമ്പു, വി കണ്ണൻ മാഷ് എന്നിവര‌്‍ പരിശീലനം നേടി. ഇവരുടെ നേതൃത്വത്തിൽ മടിക്കൈയിലും പരിസര പ്രദേശങ്ങളിലും ധാരാളം വീടുകളിൽ പുകയില്ലാത്ത അടുപ്പുകൾ സ്ഥാപിക്കപ്പെട്ടു. പരിഷത്തിന് ഏറ്റവും ജനകീയത നേടിക്കൊടുത്ത പ്രവർത്തനമായിരുന്നു ഇത്. 1987 ൽ ഭോപ്പാലിലേക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിൽ യൂണിറ്റിൽ നിന്ന് വി കണ്ണൻ മാഷ്, പണ്ടാരത്തിൽ അമ്പു, സൗദാമിനി ടീച്ചർ, മകൾ സജിത, ശാന്ത ടീച്ചർ, ഭർത്താവ് ഗോപാലൻ, മകൻ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. ഒന്നാംഘട്ട ആരോഗ്യ സർവ്വേയിൽ മുണ്ടോട്ടെ മുത്തുമണിയാണിയുടെ വീട്ടിൽ നടന്ന സർവ്വേ, ബാലവേദി പ്രവർത്തനമായി കിളിക്കൂട്ടം കലാജാഥയ്ക്ക് ബങ്കളത്ത് നൽകിയ സ്വീകരണം എന്നിവ എടുത്തുപറയാവുന്ന പ്രവർത്തനങ്ങളാണ്. ആറ്റിപ്പീൽ അമ്പാടി മാഷുടെ മകൻ സുമേഷ് കിളിക്കൂട്ടം കലാജാഥയിലെ സ്ഥിരാംഗമായിരുന്നു. ഹാലിധൂമകേതുവിനെ ദർശിക്കാൻ കണ്ണൻമാഷുടെ നേതൃത്വത്തിൽ കുട്ടികളെ ബേക്കൽ കോട്ടയിൽകൊണ്ടുപോയിരുന്നു.
യൂണിറ്റ് രൂപീകരണം
കൊടക്കാട് നാരായണൻ മാഷുടെ നിരന്തര ഇടപെടലിനെത്തുടർന്നാണ് 1991ൽ അമ്പലത്തുകരയിൽ യൂണിറ്റ് രൂപീകരിക്കുന്നത്. ബങ്കളം യൂണിറ്റ് കൊഴിഞ്ഞുപോയതോടെ കണ്ണൻമാഷ്, പണ്ടാരത്തിൽ അമ്പു, ശാന്ത ടീച്ചർ, അമ്പാടിമാഷ് എന്നിവരുടെ അംഗത്വം അമ്പലത്തുകര യൂണിറ്റിലേക്ക് മാറ്റി. യൂണിറ്റിന്റെ ആരംഭ കാലത്ത് 35 ഓളം അംഗങ്ങൾ സജീവമായി പ്രവർത്തിച്ചിരുന്നു. കവിണിശ്ശേരി കുഞ്ഞിരാമൻ മാഷുടെ പ്രവർത്തന മികവ് അംഗങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകാൻ വളരെസഹായിച്ചു. യുവാക്കളായ അംഗങ്ങളിൽ പലരും മാഷിന്റെ ശിഷ്യന്മാരായിരുന്നു. കണിയിൽ വിനോദ്, എം രഘുനാഥൻ തലക്കാനം, കെ ദിനേശൻ ആലയി, കെ രവി ആലയി, എരിത്തോടത്ത് ചന്ദ്രൻ, കെ വി രാജു കൂക്കളവളപ്പിൽ, ബാലകൃഷ്ണൻ, ഗംഗാധരൻ കുണ്ടേന, വി മധുസൂദനൻ, ഉണ്ണിക്കൃഷ്ണൻ കടവാംകോട്ട്, എം രമേശൻ കുണ്ടേന, പ്രീതി കുണ്ടേന, സുമ കുണ്ടേന, ടി വി ഓമന ചുള്ളിമൂല, അങ്കൺവാടി വർക്കർ ശാരദടീച്ചർ, കുണ്ടേനയിലെ ഹിന്ദി ടീച്ചർ ശാരദ തുടങ്ങി ഒട്ടേറെ അംഗങ്ങൾ അന്ന് യൂണിറ്റിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
പ്രവർത്തനങ്ങൾ
1993 ജൂലായ് 23ന് ഉദ്ഘാടനം ചെയ്യപ്പെട്ട മടിക്കൈ കോംപ്ലക്സ് പഠനോത്സവം വിജയിപ്പിക്കുന്നതിൽ അമ്പലത്തുകര യൂണിറ്റിന്റെ മേൽക്കൈ ഉണ്ടായിരുന്നു. ശ്രീ പപ്പൻ കുട്ടമത്ത് മാഷ് കൺവീനറായ സമിതിയുടെ ജോയിന്റ് കൺവീനറായി കവിണിശ്ശേരി കുഞ്ഞിരാമൻ മാഷും അക്കാദമിക് കമ്മിറ്റി അംഗമായി ശാന്ത ടീച്ചറും പ്രവർത്തിച്ചു. 1994 മെയ് വരെ നീണ്ടു നിന്ന പഠനോത്സവം മടിക്കൈ പഞ്ചായത്തിന്റെ പേര് സംസ്ഥാനത്തു മാത്രമല്ല ഇന്ത്യയിൽത്തന്നെ അറിയപ്പെടാൻ കാരണമായി. ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ മുഴുവൻ അക്കാദമിക സഹായവും ഡയറ്റിന്റെ പിന്തുണയോടെ പരിഷത്തിന്റേതായിരുന്നു. മടിക്കൈ പഞ്ചായത്തിലെ ജനങ്ങളുടെ ആതിഥ്യ മര്യാദ വെളിപ്പെട്ട ഒരു സന്ദർഭം കൂടിയായിരുന്നു പഠനോത്സവം. ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ 1994 മെയ് മാസത്തിൽ ഒ എം ശങ്കരൻ മാഷ്, ഡയറ്റ് പ്രിൻസിപ്പാൾ, വി കെ ശശിധരൻ മാഷ് തുടങ്ങിയവർ പങ്കെടുത്ത യോഗം അമ്പലത്തുകരയിൽ ചേർന്നു. 1996 ൽ ജനകീയാസൂത്രണത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ കോഴിക്കോട് വെച്ച് പഞ്ചായത്ത് പ്രസിഡണ്ട്മാർക്ക് നടത്തിയ പരിശീലനത്തിൽ മടിക്കൈ കോംപ്ലക്സ് പഠന പരിപാടി ഒരു വിഷയമായിരുന്നു.
1994 മാർച്ച് 25ന് രാത്രി 7.45 മുതൽ 8.45 വരെ കുഞ്ഞിരാമൻ മാഷുടെ നേതൃത്വത്തിൽ യൂണിറ്റിലെ 20അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അമ്പലത്തുകര മുതൽ പൂത്തക്കാൽ വരെ നടത്തിയ പന്തംകൊളുത്തി പ്രകടനം ശ്രദ്ധേയമായിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ ആഗോളവൽക്കരണ നയങ്ങൾക്കെതിരെ ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിനു വേണ്ടി സ്വാശ്രയ സമിതികൾ രൂപീകരിക്കപ്പെട്ടു. 1994 മാർച്ച് 30 ന് മടിക്കൈ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് സ്വാശ്രയ സമിതി പഞ്ചായത്ത് കൺവെൻഷൻ നടത്തി. 1994 ഏപ്രിൽ 15ന് ഗാട്ട് കരാറിനെതിരെ ഒപ്പ് ശേഖരണവും നടത്തി, അമ്പലത്തുകരയിൽ സ്ഥാപിച്ച ഗ്രാമപത്രം ബോർഡിൽ കരിങ്കൊടി ഉയർത്തുകയും ചെയ്തു.
പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 1995 നവംബർ 1 മുതൽ 18 വരെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മുതൽ തൃശ്ശൂർ വരെ നടത്തിയ കാൽനട ജാഥയിൽ കവിണിശ്ശേരി കുഞ്ഞിരാമൻ മാഷ് മുഴുവൻ സമയ അംഗമായിരുന്നു. സ്വാശ്രയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനടജാഥയിൽ പൂത്തക്കാൽ പ്രദേശത്തെ അന്തരിച്ച വി കൊട്ടൻ എന്ന മാന്യദേഹം നടന്നിരുന്നു എന്ന കാര്യവും എടുത്തുപറയട്ടെ. 1995 ൽ ത്രിതല പഞ്ചായത്ത് സംവിധാനം വന്നതോടെ പരിഷത്ത് നടത്തിയിരുന്ന പല പരിപാടികളും തദ്ദേശസ്ഥാപനങ്ങളുലൂടെ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടന്നു. അതിലൊന്നാണ് PLDP. 1996 ജൂലായ് 15, 16, 17 തീയ്യതികളിൽ തൃശ്ശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിൽ വെച്ച് നടന്ന, സെക്കണ്ടറി ഡാറ്റാ ശേഖരണത്തെക്കുറിച്ച് നടന്ന പരിശീലനത്തിൽ യൂണിറ്റിൽ നിന്ന് കവിണിശ്ശേരി കുഞ്ഞിരാമൻ മാഷ് പങ്കെടുത്തു. തുടർ പ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
1996ഒക്ടോബർ 21, 22 തീയ്യതികളിൽ പൂത്തക്കാൽ സ്കൂളിൽ വെച്ച് നടന്ന ജില്ലാ വനിതോത്സവം വൻവിജയമായിരുന്നു. ജില്ലാ വനിതാ കൺവീനറായിരുന്ന ശാന്ത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവധ യൂണിറ്റുകളിൽ നിന്ന് വനിതകൾ പങ്കെടുത്തു. IRTC യുടെ ടോയ്ലറ്ററി ഉത്പന്നങ്ങളുടെ നിർമാണ പരിശീലനവും നടന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇ പത്മാവതി, വലിയപറമ്പ് മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്യാമള, കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന കെ ജി ശാന്തമ്മ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത പരിപാടി വലിയ ശ്രദ്ധ പിടിച്ചു പറ്റി. പരിപാടിയുടെ വിജയത്തിനു വേണ്ടി രൂപീകരിച്ച സംഘാടകസമിതി വളരെ നന്നായി പ്രവർത്തിച്ചു. 1996 ൽ ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഒക്ടോബർ 14 മുതൽ 18 വരെ കോഴിക്കോട്ടു വെച്ച് നടന്ന rp മാർക്കുള്ള പരിശീലനത്തിൽ യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് പങ്കെടുത്തു. തുടർന്ന് 25, 26 തീയ്യതികളിൽ ബ്ലോക്കടിസ്ഥാനത്തിൽ പരിശീലനം നൽകി. ശാന്ത ടീച്ചർ, കണ്ണൻ മാഷ്, കുമാരൻ മാഷ് എന്നിവരും ജനകീയാസൂത്രണ പരിപാടികളിൽ സജീവമായിരുന്നു. സംഘടനയിൽ വനിതാരംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ രൂപപ്പെടുത്തിയതാണ് സമത കലാജാഥകൾ. 1997 ൽ ജാഥ നമ്മുടെ ജില്ലയിൽ പര്യടനം നടത്തിയപ്പോൾ ഒക്ടോബർ 30ന് രാവിലെ 10മണിക്ക് അമ്പലത്തുകരയിൽ സ്വീകരണം നൽകി.
പൂത്തക്കാൽ യൂണിറ്റ് രൂപീകരണം
1999 മാർച്ച് 26 ന് പൂത്തക്കാലിൽ ഒരു പരിഷത്ത് യൂണിറ്റ് രൂപീകരിച്ചു. ഒ കുഞ്ഞിക്കൃഷ്ണൻ സെക്രട്ടറിയും എം പവിത്രൻ പ്രസിഡണ്ടായും ഉള്ള കമ്മിറ്റിയിൽ വി കൊട്ടൻ, വി കുഞ്ഞിരാമൻ തുടങ്ങി പത്തിലധികം അംഗങ്ങൾ ഉണ്ടായിരുന്നു. പ്രവർത്തനങ്ങൾ മന്ദീഭവിച്ച് ആ യൂണിറ്റ് കൊഴിഞ്ഞുപോയി.
പരിഷത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പ്രവർനങ്ങളിൽ ഒന്നാണ് സ്വാശ്രയ കോളേജുകൾ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയുള്ള സമരം. ലഘുലേഖകൾ തയ്യാറാക്കി പ്രചരിപ്പിക്കുകയും കേവല പ്രഭാഷണങ്ങൾ നടത്തുകയും ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കുന്നതോടൊപ്പം പ്രക്ഷോഭ പരിപാടികളും പരിഷത്ത് സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി 1999 മെയ് 14 ന് രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ 11മണി മുതൽ മെയ് 15 രാവിലെ 11 മണിവരെ നടന്ന 24 മണിക്കൂർ ഉപവാസ സമരത്തിൽ യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് പങ്കെടുത്തു.
പുളിക്കാൽ യൂണിറ്റ് രൂപീകരണം
2000 ജനുവരി 12ന് പുളിക്കാലിൽ കുഞ്ഞിരാമൻ മാഷുടെ നേതൃത്വത്തിൽ ഒരു പുതിയ യൂണിറ്റ് രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് മുൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയ കെ സുജാത പ്രസിഡണ്ടും പി ശ്രീധരൻ സെക്രട്ടറിയും ആയി പ്രവർത്തിച്ച യൂണിറ്റിൽ നളിനി പി, രാഘവൻ ഏ തുടങ്ങി 12ഓളം അംഗങ്ങൾ ഉണ്ടായിരുന്നു. യൂണിറ്റിലെ വനിതാ അംഗങ്ങൾ കാഞ്ഞങ്ങാട് പരിഷദ്ഭവനിൽ വെച്ച് സോപ്പ് നിർമാണ പരിശീലനം നേടുകയും കുറച്ചു കാലം ഒരു തൊഴിൽ എന്ന നിലയിൽ സോപ്പുണ്ടാക്കി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
കേരളപഠനം ഒന്നാം ഘട്ടത്തിൽ മടിക്കൈ പഞ്ചായത്തിൽ തെരെഞ്ഞെടുക്കപ്പെട്ട വീടുകളിൽ ഒന്ന് പുളിക്കാൽ യൂണിറ്റ് അംഗമായ നളിനിയുടെ വീട് ആയിരുന്നു. മറ്റൊന്ന് കക്കാട്ട് ഒരു സമദായാചാര്യൻ കാർന്നോന്റെ വീടായിരുന്നു. ജില്ലാക്കമ്മിറ്റി അംഗങ്ങളുടെ കൂടെ ശാന്ത ടീച്ചർ, കണ്ണൻമാഷ് എന്നിവരും ചേർന്ന് സർവ്വേ പൂർത്തിയാക്കി. പരിഷദ് പ്രവർത്തകർക്ക് വീടുകളിൽ നിന്ന് കിട്ടുന്ന സ്നേഹം നേരിട്ട് അനുഭവപ്പെട്ട സന്ദർമായിരുന്നു അത്.
മറ്റു പ്രവർത്തനങ്ങൾ
കാസർഗോഡ് ജില്ലയിലെ എന്റോസൾഫാൻ വിഷയത്തിൽ ആദ്യമായി ഇടപെട്ടത് ശാസ്ത്രസാഹിത്യ പരിഷത്ത് ആണ്. ഡോ.ബി ഇക്ബാലിന്റെ നേതൃത്വത്തിൽ ഒരു സംഘം എൺമകജെ പഞ്ചായത്ത് സന്ദർശിക്കുകയും രോഗങ്ങൾ മൂലം ദരിതമനുഭവിക്കുന്ന കുറേ മനുഷ്യരെനേരിൽ കണ്ട് വിവര ശേഖരണം നടത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ എൺമകജെ പഞ്ചായത്തിലെ പെർളയിലെ കുറെ വീടുകളിൽ പരിഷത്ത് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ 2001 മെയ് 1 ന് സർവേ നടത്തിയിരുന്നു. സർവ്വേയിൽ അമ്പലത്തുകര യൂണിറ്റിൽ നിന്നും പ്രാതിനിധ്യം ഉണ്ടായിരുന്നു.
ശാസ്ത്രവുമായി നേരിട്ട് ബന്ധമില്ലാത്ത വിഷയങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കൽ പരിഷത്തിന്റെ രീതിയല്ല. എന്നാൽപോലും കണ്ണൂരിൽ അടിക്കടി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ അവിടുത്തെ ജനതയുടെ സ്വൈര ജീവിതം നഷ്ടപ്പെട്ടപ്പോൾ അവിടെ സമാധാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് പരിഷത്ത് നിരാഹാര സമരം നടത്തിയിരുന്നു. 1999 ഡിസംബർ 8ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ രാവിലെ 10 മണിമുതൽ ഡിസംബർ 9ന് വൈകുന്നേരം 4 മണിവരെ നടത്തിയ 36 മണിക്കൂർ ഉപവാസ സമരത്തിൽ അമ്പലത്തുകര യൂണിറ്റിൽ നിന്നും കുഞ്ഞിരാമൻ മാഷ് പങ്കെടുത്തിരുന്നു.
ഡച്ച് ഗവണ്മെന്റിന്റെ സഹായത്തോടെ കേരളത്തിൽ PLDPനടപ്പിലാക്കിയത് പരിഷത്തായിരുന്നല്ലോ. പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനുശേഷം മിച്ചം വന്ന തുക സർക്കാറിലേക്ക് തിരിച്ചടക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പദ്ധതിയിലൂടെ പരിഷത്ത് വിദേശപണം കൈപ്പറ്റി എന്ന് വ്യാപകമായി ആരോപണങ്ങൾ ഉയരുകയുണ്ടായി. ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ സംഘടന ലഘുലേഖ ഇറക്കുകയും സംസ്ഥാന നേതാക്കൾ ജില്ലകൾ തോറും പര്യടനം നടത്തി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് ഹൈസ്കൂളിൽ വിശദീകരണം നടത്തിയത് എൻ കെ ശശിധരൻ പിള്ളയാണ്. ഈ യോഗത്തിൽ യൂണിറ്റിൽ നിന്ന് 5 പേർ പങ്കെടുത്തു. ആരോപണം കൊടുമ്പിരിക്കൊണ്ടപ്പോൾ സംഘടന പ്രക്ഷോഭസമരത്തിലേക്ക് നീങ്ങി. ആരോപണത്തെക്കുറിച്ച് സർക്കാർ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് 2003 ജൂലായ് 24 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. ഈ മാർച്ചിൽ യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് പങ്കെടുത്തു. ആന്റണി സർക്കാർ അന്വേഷണം നടത്തുകയും ആരോപണങ്ങളിൽ കഴമ്പില്ലെന്നും പരിഷത്തിന്റെ നിലപാടാണ് ശരിയെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
പരിഷത്തിന്റെ കാസർഗോഡ് ജില്ലയുടെ ചരിത്രത്തിൽത്തന്നെ ചരിത്രമായി മാറിയ പരിപാടിയായിരുന്നു കാഞ്ഞങ്ങാട് ദുർഗ്ഗാഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പ്. ഉത്പാദനാധിഷ്ഠിത വികസനം എന്ന മുദ്രാവാക്യമുയർത്തി 2004 സെപ്തംബർ 19, 20, 21 തീയ്യതികളിൽ നടന്ന ക്യാമ്പിൽ 300 ൽ അധികം പ്രതിനിധികളാണ് പങ്കെടുത്തത്. ക്യാമ്പ് വിജയിപ്പിക്കുന്നതിൽ മടിക്കൈ യൂണിറ്റിന്റെ പങ്ക് വളരെ വലുതായിരുന്നു. മുഴുവൻ പ്രതിനിധികൾക്കും കുളിക്കാനുള്ള ചെറിയ സോപ്പ് യൂണിറ്റിൽ നിർമിച്ച് സംഘാടക സമിതിയെ ഏൽപ്പിച്ചു. ഒരു ദിവസത്തെ ഉച്ചഭക്ഷണത്തിന്റെ ഉപ്പേരിക്കുള്ള വാഴക്കൂമ്പും യൂണിറ്റിൽ നിന്ന് നൽകി. ക്യാമ്പിന്റെ മുന്നൊരുക്കങ്ങൾക്കായി രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചവരിൽ യൂണിറ്റിലെ പ്രവർത്തകരമുണ്ടായിരുന്നു. ക്യാമ്പ് നടന്ന 3 ദിവസവും ഭക്ഷണ വിതരണത്തിനും കുടിവെള്ള വിതരണത്തിനും പാത്രങ്ങൾ കഴുകാനും സ്ത്രീകളടക്കമുള്ള യൂണിറ്റംഗങ്ങൾ സജീവമായി ഉണ്ടായിരുന്നു.
എന്റോസൾഫാൻ പ്രശ്നത്തിൽ പരിഷത്ത് ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി 2004 സെപ്തംബർ 13 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് പി സ്മാരകത്തിൽ സംഘടിപ്പിച്ച ഡോ.ബി ഇക്ബാലിന്റെ പ്രഭാഷണപരിപാടിയിൽ യൂണിറ്റിൽ നിന്ന് 4 പേർ പങ്കെടുത്തു. രാവിലെത്തന്നെ ജില്ലയിലെത്തിയ ഡോക്ടറെ, ദുരിത ബാധിത പ്രദേശങ്ങളായ പെരിയ, ചാലിങ്കാൽ എന്നിവിടങ്ങളിൽ അനുഗമിക്കാനും യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2004 ഡിസംബർ 13 ശനിയാഴ്ച നടന്ന തൃക്കരിപ്പൂർ - വേലാശ്വരം കാൽനട ജാഥയിലും 2004 ഡിസംബർ 10ന് മടിക്കൈ പോത്തങ്കൈ, ചാളക്കടവ്, മേക്കാട്ട് കാൽനടജാഥയിലും യൂണിറ്റ് പ്രവർത്തകർ സജീവമായി പങ്കെടുത്തു.
2004 ഡിസംബർ 5 ന് പൂത്തക്കാൽ വെച്ച് നടന്ന കലാജാഥാ സ്വീകരണത്തിന് യൂണിറ്റംഗങ്ങളുടെ കൂട്ടായ സഹകരണത്തിലൂടെ 20308 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കാൻ സാധിച്ചു.
മാസികാ പ്രവർത്തനവുമായി ബന്ധപ്പെട്ട് യൂണിറ്റിൽ ഏറ്റവും നല്ല പ്രവർത്തനങ്ങൾ നടന്ന വർഷമാണ് 2006. ജില്ലയിൽത്തന്നെ ഏറ്റവും കൂടുതൽ മാസിക ചേർത്ത യൂണിറ്റ് എന്നറിയപ്പെടാൻ അമ്പലത്തുകര യൂണിറ്റിന് സാധിച്ചു.
2007 മെയ് 4, 5 തീയ്യതികളിൽ തൃക്കരിപ്പൂർ മുതൽ കാസർഗോഡ് വരെ നടന്ന വിദ്യാഭ്യാസ സംരക്ഷണ പദയാത്രയിൽ യൂണിറ്റിൽ നിന്ന് പങ്കാളിത്തം ഉണ്ടായിട്ടുണ്ട്.
2008 ഏപ്രിൽ 26 ന് വേലാശ്വരം മുതൽ ചെമ്മട്ടംവയൽ വരെ 6 പേർ ചേർന്ന് നടത്തിയ വിദ്യാഭ്യാസ പദയാത്രയിലും കുഞ്ഞിരാമൻ മാഷ് ഉണ്ടായിരുന്നു.
2007 ഡിസംബർ 25 ന് കരിന്തളം കടലാടിപ്പാറ ഖനനത്തിനെതിരെ പരിഷത്ത് സംഘടിപ്പിച്ച പദയാത്രയിലും കുഞ്ഞിരാമൻ മാഷ് പങ്കെടുത്തിരുന്നു. കരിന്തളത്തുനിന്നും ആരംഭിച്ച് ഏകദേശം 20 കിലോമീറ്റർ അകലെ ബിരിക്കുളം കൂടോൽ പാറപ്രദേശത്ത് എത്തുകയും അവിടെ പ്രതിഷേധ യോഗവും പ്രഭാഷണവും സംഘടിപ്പിക്കുകയും ചെയ്തു.
മൂന്നാംകടവ് പദ്ധതി നടപ്പാക്കുന്നതിനെതിരെ പരിഷത്ത് നടത്തിയ പഠനപ്രവർത്തനത്തിൽ യൂണിറ്റിന്റെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു. യൂണിറ്റിനു വേണ്ടി കുഞ്ഞിരാമൻ മാഷാണ് പഠന പ്രവർത്തനത്തിൽ പങ്കാളിയായത്.
കാഞ്ഞങ്ങാട് മേഖലയിൽപ്പെടുന്ന പാണത്തൂരിൽ നിന്ന് 8 കിലോമീറ്റർ അകലെ മഞ്ഞടുക്ക എന്ന സ്ഥലത്ത് മിനിഹൈഡ്രൽ സ്കീം എന്ന പേരിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഡാമിനെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടി കുഞ്ഞിരാമൻ മാഷ് ഉൾപ്പെടുന്ന സംഘം ഡാം സന്ദർശിക്കുകയുണ്ടായി. 2008 മാർച്ച് 20 നായിരുന്നു സന്ദർശനം.
2008 ൽ നടന്ന സ്ത്രീപദവി പഠനം - കേരളസ്ത്രീ എങ്ങനെ ചിന്തിക്കുന്നു എങ്ങനെ ജീവിക്കുന്നു - എന്ന ഗൃഹസർവ്വേയിൽ യൂണിറ്റിൽ നിന്ന് 4 പ്രവർത്തകർ തെരെഞ്ഞെടുത്ത വീടുകൾ സന്ദർശിക്കുകയും പഠനം നടത്തുകയും ചെയ്തു.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതിയ പരിപാടിയായിരുന്നു വേണം മറ്റൊരു കേരളം പദയാത്ര. 2012 ജനുവരി 14 മുതൽ 30 വരെയാണ് പദയാത്ര പ്രയാണം നടത്തിയത്. കാഞ്ഞങ്ങാടു മുതൽ ആലുവ വരെ നടന്ന വടക്കൻ ജാഥയിലുടെ കേരളത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്, മുദ്രാഗീതങ്ങളിലുടെയും സ്വീകരണ കേന്ദങ്ങളിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെയും പരിഷത്ത് ജനങ്ങളെ ബോധവന്മാരാക്കി. കാസർഗോഡ് ജില്ലയിൽ നിന്ന് ഈ ജാഥയിൽ മുഴുവൻ ദിവസവും നടന്ന ചുരുക്കം വ്യക്തികളിൽ ഒരാളാണ് അമ്പലത്തുകര യൂണിറ്റിലെ കവിണിശ്ശേരി കുഞ്ഞിരാമൻ മാഷ്. എം രമേശൻ, വി മധുസൂദനൻ, വി വി ശാന്ത ടീച്ചർ, കെ ഗോപാലൻ എന്നിവർ ജില്ലാ അതിർത്തിയായ കാലിക്കടവ് വരെ നടക്കുകയുണ്ടായി. കെ ഗോപാലൻ കണ്ണൂർ ജില്ലയിലും രണ്ട് ദിവസം നടന്നു. ശാന്തടീച്ചറും ഭർത്താവ് ഗോപാലനും 30ന് വീണ്ടും ജാഥയോട് ചേരുകയും വടക്കൻ പറവൂരിൽ നടന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും സുനിൽ പി ഇളയിടത്തിന്റെയും പ്രസംഗങ്ങൾ വളരെ ആവേശജനകമായിരുന്നുവെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു.