കാന്തപുരം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:08, 9 മേയ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Appu pk (സംവാദം | സംഭാവനകൾ) ('കാന്തപുരം യൂണിറ്റ് 1959 കാന്തപുരം യൂണിറ്റ് രൂപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാന്തപുരം യൂണിറ്റ്

1959 കാന്തപുരം യൂണിറ്റ് രൂപീകരിക്കുന്നത്. പരിഷത്ത് കലാജാഥയാണ് കാന്തപുരം യൂണിറ്റ് രൂപീകരിക്കാൻ ഇടയായത്. ആദ്യകാല പ്രവർത്തകരായ കെ പി ദാമോദരൻ മാസ്റ്റർ, തടായിൽ റസാക് മാസ്റ്റർ, ശിവശങ്കരൻ, വി കെ ഗോപാലൻ, പപ്പേട്ടൻ, എ.പി. സുകുമാരൻ, ശ്രീജിത്ത് . പുഷ്പാകരൻ തുടങ്ങി കുറച്ചുപേർ വായനശാലയിൽ യോഗം ചേർന്ന് യൂണിറ്റ് രൂപീകരിച്ചു. മർക്കസ് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ടി പി ദാമോദരൻ മാസ്റ്റർ പരിഷത്തിനെപറ്റി വിശദീകരിക്കുകയും യൂണിറ്റ് രൂപീകരണത്തിന് നേതൃത്വം നൽകുകയും ചെയ്തു. കെ പി ദാമോദരൻ മാസ്റ്റർ - പ്രസിഡൻറ്, റസാഖ് മാസ്റ്റർ സെക്രട്ടറിയും ആയി ആദ്യ കമ്മിറ്റി നിലവിൽ വന്നു. ആ വർഷം ഡിസംബറിൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് ടി.പി. ദാമോദരൻ മാസ്റ്റർ ആയിരുന്നു. നെരോത്തുള്ള ട്യൂഷൻ സെൻററിൽ ആയിരുന്നു പ്രതിനിധിസമ്മേളനം. നാരങ്ങാവെള്ളം ഉണ്ടാക്കി എല്ലാവർക്കും നൽകിയിരുന്നു. അവിടുന്ന് ജാഥയായി കാന്തപുരം അങ്ങാടിയിൽ എത്തി അവിടെയായിരുന്നു പൊതുസമ്മേളനം. ശബ്ദ സംവിധാനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് മൂന്നു വർഷം തുടർച്ചയായി ദാമോദരൻ മാസ്റ്റർ യൂണിറ്റ് പ്രസിഡണ്ടായി. രണ്ടുവർഷത്തിനുശേഷം ശിവശങ്കരൻ സെക്രട്ടറിയായി. മേഖലാ സമ്മേളനം താമരശ്ശേരി മേഖലയിലുള്ള നരിക്കുനിയിൽ ആണ് നടന്നത്. തൊണ്ണൂറിൽ നടന്ന സാക്ഷരതായജ്ഞത്തിൽ യൂണിറ്റ് പ്രവർത്തകർ ഒന്നടങ്കം സജീവമായി പങ്കാളിയായി. ഏപ്രിൽ എട്ടിന് സാക്ഷരത സർവേയ്ക്ക് വേണ്ടി വായനശാലയിൽ ചേർന്ന വിപുലമായ യോഗത്തിൽ സ്ക്വാഡുകൾ രൂപീകരിച്ചു. സർവ്വേയ്ക്ക് മുന്നോടിയായി വിളംബരജാഥ നടത്തിയിരുന്നു. യൂണിറ്റിലെ നാലുപേർ സാക്ഷരത പ്രവർത്തനത്തിൽ സജീവ പങ്കാളിത്തം വഹിച്ചു. ഉണ്ണികുളം പഞ്ചായത്തിലെ മൂന്നാം വാർഡിലെ എല്ലാ മുക്കിലും മൂലയിലും ക്ലാസുകൾ സംഘടിപ്പിച്ചു. കാന്തപുരത്തെ ഒരു മൗലവി ഞങ്ങളെ കളിയാക്കി പിന്നീട് അദ്ദേഹത്തിന്റെ വീട് സാക്ഷരത ക്ലാസ് ആ വക്കുകയും ഭാര്യ പഠിതാവ് ആവുകയും ചെയ്തു. കെ. പി. ദാമോദരൻ മാസ്റ്റർ മൂന്നാം വാർഡ് കൺവീനർ ആയി തിരഞ്ഞെടുത്തു.. ഇൻസ്ട്രക്ടർമാർക്ക് പരിശീലനം നൽകുന്ന മാസ്റ്റർ ടെയിനറായും പിന്നീട് പഞ്ചായത്ത് മോണിറ്ററിംഗ് കമ്മിറ്റി അംഗമായും കെ പി. ദാമോദരൻ പ്രവർത്തിച്ചു. ഇരുപതോളം ക്ലാസുകൾ വാർഡിൽ പ്രവർത്തിച്ചു. സർവ്വേയ്ക്ക് ചെന്നപ്പോൾ വീട്ടിൽ കയറാൻ അനുവദിക്കാതിരിക്കുകയും ചെയ്ത പല വീടുകളിലും സ്ത്രീകൾക്ക് ക്ലാസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. സാക്ഷരതാ കലാജാഥയ്ക്ക് കാന്തപുരം സ്കൂൾ മുറ്റത്ത് സ്വീകരണം നൽകി. പഠിതാക്കളെയും ഇൻസ്ട്രക്ടർമാരെയും (ഒരു ബസ് നിറയെ ) കോഴിക്കോട് കരിപ്പൂർ വിമാനത്താവളം, കേരള സോപ്പ് ഫാക്ടറി , മാതൃഭൂമി പത്രം ഓഫീസ് എന്നിവ കാണിച്ചു. കാന്തപുരത്തെ എല്ലാവരും ഒരുമിച്ച ഒരു പ്രവർത്തനം ആയിരുന്നു. പിന്നീട് ഉണ്ണികുളം പഞ്ചായത്തിലെ 5 യൂണിറ്റുകൾ ചേർന്ന പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് . കെ.പി ദാമോദരൻ മാസ്റ്റർ ആദ്യത്തെയായി. കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലാസ്സുകളും കാൽനട ജാഥകളും -സൈക്കിളിൽ മൈക്കും കെട്ടി - മുദ്രഗീതങ്ങൾ പാടിയും നടത്തിയിട്ടുണ്ട്. ഒരു ജലസംരക്ഷണ ജാഥ കാന്തപുരം എത്തിയപ്പോൾ ശക്തമായ മഴ ചെയ്യുകയുണ്ടായി. യൂണിറ്റ് രൂപീകരിച്ച വർഷം തന്നെ ഗ്രാമപത്രം സ്ഥാപിച്ചു. അങ്ങാടിയിൽ ശ്രദ്ധേയമായ ഭാഗത്തായിരുന്നു ഗ്രാമപത്രം . എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ് ജാഥയായി വന്നാണ് ഗ്രാമപത്രം പതിക്കാറ്. കലാകാരനായ ശ്യാം കുമാർ , ഹാർമോണിസ്റ്റും പെയിന്ററുമായ ദാസൻ തുടങ്ങിയവർ ഗ്രാമപത്രം തയ്യാറാക്കാൻ നേതൃത്വം നൽകി. നാട്ടുകാരും കച്ചവടക്കാരും ഗ്രാമ പത്രം ശ്രദ്ധയോടെ വായിക്കുന്നത് അന്ന് ഒരു കാഴ്ചയായിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേദിവസം ഞങ്ങൾ പ്രത്യേകം ഗ്രാമപത്രം വെക്കാറുണ്ട്. രാത്രിയിൽ പറിച്ച് കളയാൻ ഉദ്യോഗസ്ഥർ വരുമ്പോൾ വായിച്ചിട്ട് പറഞ്ഞാൽ മതി എന്ന് നാട്ടുകാർ പറയുന്നത് ആത്മവിശ്വാസവും ഊർജവും തന്ന അനുഭവമാണ്. യാദൃശ്ചികമായി ഒരു ദിവസം SYS ന്റെ ഒരു പോസ്റ്റർ ഗ്രാമപത്രത്തിൽ പതിച്ചത് ശ്രദ്ധയിൽപ്പെട്ട വി. കെ. വിജയൻ അത് പൊളിച്ച് എടുക്കുകയും സൗഹാർദ്ദപരമായ ഒരു ലെറ്റർ എഴുതി പോസ്റ്ററോടൊപ്പം ആ സംഘടനയുടെ ജില്ലാ സെക്രട്ടറി അയച്ചുകൊടുക്കുകയും ചെയ്തു. ലെറ്റർ കിട്ടിയ ഉടനെ പരിഷത്ത് സെക്രട്ടറിയെ തേടി വന്നു ക്ഷമ ചോദിച്ചതും മറക്കാത്ത അനുഭവമാണ്. യൂണിറ്റ് വാർഷികങ്ങൾ വിപുലമായി ആഘോഷിച്ചിരുന്നു. തലേദിവസം അങ്ങാടി കുരുത്തോല കൊണ്ട് അലങ്കരിച്ച് പനയോലയിൽ സ്വാഗത വാക്കുകളൊക്കെ എഴുതിയാണ് സമ്മേളനം നടക്കാറ്. യോഗങ്ങളിൽ ലഘുഭക്ഷണം ഉണ്ടാക്കി നൽകാറുണ്ട്. പരിസ്ഥിതിദിനത്തിൽ തൈകളും വിത്തുകളും ശേഖരിച്ച് റോഡരികിൽ നടുകയും സംരക്ഷണ കവചം വെക്കുകയും ചെയ്തിട്ടുണ്ട്. കാന്തപുരം അങ്ങാടിക്ക് സമീപം റോഡരികിൽ പടർന്നു നിൽക്കുന്ന മാവുകളും പ്ലാവുകളും ഈ പ്രവർത്തനത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്.1992 ഓഗസ്റ്റിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരു സംഘത്തിന് പരിഷത്തിന്റെ നേതൃത്വത്തിൽ ഉണ്ണികുളം പഞ്ചായത്തിൽ. യൂണിറ്റിലെ കെ. പി. ദാമോദരൻ മാസ്റ്റർ അതിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു. തിരുവോണത്തിനു മൂന്നുദിവസം മൂന്ന് അധ്യാപകർ കെ പി ദാമോദരൻ മാസ്റ്റരുടെ വീട്ടിൽ അതിഥിയായി താമസിച്ചിരുന്നു. വാഴയിൽ നിന്ന് കിട്ടുന്ന വിവിധ ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള (കായ, ഉണ്ണിക്കാമ്പ് . ഉണ്ണി തട്ട, ഇല്ല ഭക്ഷണം കഴിക്കാൻ ) വിവിധങ്ങളായ ഭക്ഷ്യവിഭവങ്ങളും കണ്ട് അവർ അത്ഭുതം കൂറിയിരുന്നു. ഒരു ചക്രവർത്തി, ഒരു ബക്ഷി , ഒരു സെൻ എന്നിവരായിരുന്നു. ആകെ 20 പേർ ഉണ്ടായിരുന്നു. ഏഴ് ദിവസം അവർ പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിലെ ആതിഥേയ വീടുകളിൽ താമസിച്ചു. എല്ലാ ദിവസവും രാവിലെ 9 മണിയോടുകൂടി ഉണ്ണികുളം ജിയുപി. സ്കൂളിൽ എത്തും. വൈകുന്നേരം 6 മണി വരെ അവിടെ ക്ലാസ്സുകളും പരിപാടികളും പ്രവർത്തനങ്ങളും ആയിരിക്കും. തുടർന്ന് ആതിഥേയരുടെ വീടുകളിലേക്ക് . കാന്തപുരം യൂണിറ്റിലെ പ്രവർത്തകരും പല ദിവസങ്ങളിലായി ഉണ്ണികുളത്ത് പങ്കെടുത്തിട്ടുണ്ട്. വി.കെ. സുകുമാരൻ മാസ്റ്റർ, പ്രഭാകരൻ മാസ്റ്റർ, പി കെ മുരളി മാസ്റ്റർ . ദാസാനന്ദൻ , സത്യൻ, ഷാജി, പി.കെ. ശ്രീനി, ബാലചന്ദ്രൻ | രൂഗ്മിനി ടി., അരവിന്ദാക്ഷൻ തുടങ്ങി നിരവധി പേർ ഈ സംഗമം മികവുറ്റതാക്കാൻ അക്ഷീണം പ്രയത്നിച്ചു. പിരിയാൻ കഴിയാത്ത വിധം ഹൃദയ ഐക്യം അതിഥികൾക്കും ആതിഥേയർക്കും നൽകിയ പരിപാടിയായിരുന്നു. കെ. പി. ദാമോദരൻ മാസ്റ്ററുടെ വീട്ടിൽ താമസിച്ചവർ മൂന്നുദിവസംകൊണ്ട് മലയാളം (അച്ഛന്റെ സഹായത്തോടെ) എഴുതാനും പറയാനും പഠിച്ചു. സമാപന ദിനത്തിൽ ചക്രവർത്തി മാഷ് മലയാളത്തിൽ നന്ദി പറഞ്ഞു. ഓണ തലേന്ന് ഈ അധ്യാപകർ ഇംഗ്ലീഷ് പത്രം കിട്ടാൻ പദ്ധതി നടന്നതും വായനശാലയിൽ വച്ച് പത്രം സംഘടിപ്പിച്ചു കൊടുത്തത് ശിവശങ്കരൻ ആയിരുന്നു.

1993 ൽ കുറയുന്ന വായനാശീലവും സാംസ്കാരിക മൂല്യച്യുതിയും എന്ന വിഷയത്തിൽ കാന്തപുരം യുപി സ്കൂളിൽ സിംബോസിയം സംഘടിപ്പിച്ചിരുന്നു. ഐ വി ബാബു, കെ എസ് ഹരിഹരൻ , കെ കെ ശിവദാസൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. 125 ഓളം പ്രവർത്തകർ പങ്കെടുത്തു. നല്ല ചർച്ചയും നടന്നു. ബാലുശ്ശേരി മേഖലയിലെ മറ്റ് യൂണിറ്റുകളിൽ നിന്ന് പ്രതിനിധികൾ ഉണ്ടായിരുന്നു. മാധ്യമങ്ങളിൽ നല്ല റിപ്പോർട്ടുകൾ വന്നിരുന്നു. ജീരകപ്പാറ വന സംരക്ഷണ വുമായി ബന്ധപ്പെട്ട മലയോര ബന്ദ് നടത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ ആണ് ബന്ദ് നടത്തിയത്. ഇതിൽ ഉൾപ്പെട്ട ഉണ്ണികുളം പഞ്ചായത്ത് അതിർത്തിയാണ്. കാന്തപുരത്ത് വഴിതടയലും മറ്റുമായി ഞങ്ങൾ യൂണിറ്റ് പ്രവർത്തകർ സജീവമായി രംഗത്തുണ്ടായിരുന്നു. ഈ പരിപാടിക്ക് മുമ്പ് കോടഞ്ചേരിയിൽ വർഗ്ഗ ബഹുജന സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന മനുഷ്യ ചങ്ങലയിലും സുകുമാർ അഴീക്കോട് പങ്കെടുത്ത പ്രതിഷേധ യോഗത്തിലും യൂണിറ്റ് പ്രവർത്തകർ പങ്കെടുത്തിട്ടുണ്ട്. കുറെ വർഷം ബാലവേദി പ്രവർത്തനവും നന്നായി നടത്തിയിട്ടുണ്ട്. പഞ്ചായത്ത് തല ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു. പങ്കെടുത്ത കൂട്ടുകാരിയുടെ കമ്മൽ നഷ്ടപ്പെട്ട അനുഭവമുണ്ട്. ഒരു വർഷം മേഖല പ്രവർത്തക ക്യാമ്പ് യൂണിറ്റിലെ പൂനൂർ ജി.എച്ച്.എസ്.എസിൽ നടത്തിയിരുന്നു. സ്കൂളുകളുമായി ബന്ധപ്പെട്ട് ശാസ്ത്രമാസിക ചേർക്കുന്നതിനും യൂണിറ്റ് മുൻപന്തിയിൽ പ്രവർത്തിച്ചു. കാന്തപുരം ജി എൽ പി സ്കൂളിൽ നടന്ന പ്രവർത്തനത്തിന് ഉപകരിക്കുന്ന വിധത്തിൽ അക്ഷരമാല ചാർട്ടുകൾ, പ്രാഥമിക ഗണിത ക്രിയകൾ എന്നിവ തയ്യാറാക്കി നൽകിയിരുന്നു. ജനത റീഡിങ് റൂം ആൻഡ് ലൈബ്രറി എന്ന കാന്തപുരം വായനശാലയെ നാശോന്മുഖകമായ അവസ്ഥയിൽ നിന്നു കരകയറ്റിയത് യൂണിറ്റിന്റെ നിരന്തര ഇടപെടൽ മൂലമാണ്. സാധാരണക്കാർക്കും വിദ്യാർഥികൾക്കും ഒരു അത്താണിയായി ഇന്നും വായനശാല നിലനിൽക്കുന്നു എന്നത് യൂണിറ്റിന് അഭിമാനിക്കാം. നിലവിലെ പ്രസിഡൻറ് ശരത് ലാൽ , സെക്രട്ടറി - മുഹമ്മദ് ഷാഫി

"https://wiki.kssp.in/index.php?title=കാന്തപുരം&oldid=11351" എന്ന താളിൽനിന്ന് ശേഖരിച്ചത്