പുതുവഴികൾ തേടുന്ന ഭാഷാപഠനം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:41, 7 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Peemurali (സംവാദം | സംഭാവനകൾ)
ലഘുലേഖയുടെ കവർ

ആമുഖം

വളരെ വ്യത്യസ്തമായ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക സാഹചര്യങ്ങളിൽനിന്നു വരുന്ന നാനാതരക്കാരായ കുട്ടികൾ ഉൾപ്പെടുന്നതാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ. മറ്റുസംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി, എല്ലാ കുട്ടികളെയും സ്‌കൂളിലെത്തിക്കാൻ കേരള സമൂഹത്തിന് കഴിഞ്ഞു. അവരെ പന്ത്രണ്ടാംക്ലാസ് വരെ സ്‌കൂളിൽ നിലനിർത്താനും കഴിഞ്ഞു. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ടുകൊണ്ട് പാഠ്യപദ്ധതി പരിഷ്‌കരിച്ചു. അധ്യാപകശാക്തീകരണം നടത്തി; വിദ്യാലയങ്ങളെ മെച്ചപ്പെടുത്തി മുന്നോട്ടുപോവുകയാണ് കേരളം.     

എല്ലാവരെയും ഉൾച്ചേർക്കുന്ന  സാർവത്രികവിദ്യാഭ്യാസ സംവിധാനമായി കേരളത്തെ വളർത്താനായതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം. എന്നാൽ, എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യം പൂർണമായി നേടാൻ കഴിഞ്ഞിട്ടില്ല. പലതരത്തിൽ അധികപിന്തുണയും പരസഹായവും ആവശ്യമുള്ള വിദ്യാർഥികളുടെയെല്ലാം പ്രാപ്യസ്ഥാനം പൊതുവിദ്യാലയങ്ങളാണ്.  ഈ ലക്ഷ്യത്തോടെ ആസൂത്രിതമായി പ്രവർത്തിച്ചു മുന്നേറുകയാണ് പൊതുവിദ്യാഭ്യാസ സംവിധാനം. എന്നാൽ, പതുക്കെപ്പതുക്കെ മാത്രമേ ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. എല്ലാ കുട്ടികൾക്കും അക്കാദമികമികവ് ഉറപ്പാക്കുന്നതിന് തടസ്സം നിൽക്കുന്ന കാരണങ്ങളിൽ പലതും സാമൂഹികമാണ്. അതടക്കം കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ജനകീയ ഉത്തരവാദിത്തമുള്ള വിദ്യാഭ്യാസവകുപ്പിൽ നിന്നുണ്ടാകേണ്ടത്.

ശരിയായ പഠനപ്രക്രിയയും അതിൽ ഉൾച്ചേർത്ത് നിർവഹിക്കേണ്ട നിരന്തര മൂല്യനിർണയവുമാണ് നിലവിലുള്ള പാഠ്യപദ്ധതി  സമീപനത്തിന്റെ കാതൽ. ഇത് ശരിയായ രൂപത്തിൽ നടക്കുന്നില്ലെന്ന വസ്തുത തർക്കമറ്റ സംഗതിയാണ്. ഇതിന്റെ കാഴ്ചപ്പാടും പ്രയോഗവും നിരന്തരമായി ചർച്ചചെയ്ത് ഫലപ്രദമാക്കണം.  മാതൃഭാഷയിലുള്ള പഠനത്തിന്റെ അഭാവം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതി കൂലമായി ബാധിക്കുന്നുണ്ടോ? എല്ലാ വിഷയങ്ങളുടെയും പഠനത്തെ സ്വാധീനിക്കുന്ന ഭാഷാപഠനത്തിലെ വൈകല്യം അന്വേഷണങ്ങളുടെ അടിത്തറയാക്കേണ്ടതുണ്ട്. ഭാഷാപഠനത്തിന്റെ പ്രക്രിയയും രീതിശാസ്ത്രവും കൃത്യമായി പാലിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇതു സംബന്ധിച്ച് ധാരാളം അവ്യക്തതകളും സാമൂഹ്യവിരുദ്ധമായ സമ്മർദസമീപനങ്ങളും നിലനിൽക്കുന്നുണ്ട്.

കേവലം അറിവിനപ്പുറം, വിദ്യാർഥികളിൽ നവീനസാങ്കേതികശേഷികളും ഭരണഘടനാ ധാർമികമൂല്യങ്ങളും സാമൂഹ്യമനോഭാവങ്ങളും രൂ പപ്പെടുത്തണം.  പൗരന്റെ അവകാശവും കർത്തവ്യവും തിരിച്ചറിഞ്ഞ് മികച്ച സാമൂഹികജീവിയായി പ്രവർത്തിക്കുന്ന തലത്തിലേക്ക് കുട്ടിയെ വളർത്തുകയെന്നത് വിദ്യാഭ്യാസത്തിന്റെ സുപ്രധാനലക്ഷ്യമാണ്. എല്ലാ വിദ്യാർഥികളും ഈ ലക്ഷ്യങ്ങൾ നേടണമെങ്കിൽ  വിദ്യാഭ്യാസസംവിധാനം ഇനിയും ഉന്നതി പ്രാപിക്കണം. ഓരോരോ ഘടകങ്ങളും ശാസ്ത്രീയമായി നവീകരിക്കണം. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം ഈ ദിശയിൽ ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ട്.

എന്നാൽ ക്രിയാത്മകമായ നവീകരണശ്രമങ്ങൾ ശക്തമായി തുടരുന്നതിനുപകരം, നിലവിലുള്ള സംവിധാനത്തിന്റെ ദൗർബല്യം മറച്ചുവെച്ച്,  കുട്ടികളെ പഴിചാരുന്ന രീതി ഒട്ടും ഗുണകരമല്ല. അതെല്ലാം പരിഹരിക്കാനുള്ള വിദൂരസാധ്യതപോലും ഇല്ലാതാക്കുന്നതിന്റെ പ്രവണതകളാണ് പുതിയ പരീക്ഷാ പരിഷ്‌കാരത്തിൽ അടങ്ങിയിട്ടുള്ളത്. വിദ്യാഭ്യാസവകുപ്പ്  ഇക്കാര്യത്തിൽ അനവധാനതയോടെ പ്രവർത്തിക്കരുത്.

വിദ്യാഭ്യാസരംഗത്ത് ഇതുണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കേരളസമൂഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് ശരിയായ വിദ്യാഭ്യാസ ഗുണതയ്ക്കുവേണ്ടിയുള്ള ജനകീയസമ്മർദം ഉയർന്നുവരണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  താൽപര്യപ്പെടുന്നു..

കേരളസമൂഹത്തിന്റെ പൊതുബോധ നവീകരണത്തിനു സഹായകമായ 6 ലഘുലേഖകളുടെ സമാഹാര മാണ് 'ഗുണമേന്മയുള്ള വിദ്യാഭ്യാസം, കുട്ടികളുടെ അവകാശം' എന്ന ക്യാമ്പയിനിലൂടെ  പ്രചരിപ്പിക്കുന്നത്. തോൽപ്പിച്ചാൽ നിലവാരം കൂടുമോ?, പുതുവഴി തേടുന്ന ഭാഷാപഠനം, പരീക്ഷയെക്കുറിച്ച് ഒരു വർത്തമാനം, വിദ്യാഭ്യാസ ഗുണനിലവാരം: മാറണം വിദ്യാഭ്യാസവ്യവസ്ഥയും സംവിധാനവും, സ്‌കൂൾവിദ്യാഭ്യാസം: പരിഷത്തനുഭവങ്ങൾ, ദേശീയവിദ്യാഭ്യാസനയവും കേരളവും എന്നിവയാണ് അവ. എല്ലാ സുഹൃത്തുക്കളും വായിക്കണേ.. വിദ്യാഭ്യാസരംഗത്തെ തെറ്റായ പ്രവണതകൾ തിരുത്തിക്കുന്നതിനുള്ള സക്രിയമായ ഇടപെടലുകൾക്ക് ഇത് കളമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പുതുവഴികൾ തേടുന്ന ഭാഷാപഠനം

ഏതൊരു സമൂഹത്തിന്റെയും വിജ്ഞാനത്തിന്റെയും വളർച്ച ഭാഷയുടെ പിൻബലത്തോടെയാണ് നടക്കുന്നത്. ജനതയുടെ ജീവിതക്രമവും സാമൂഹിക-സാംസ്കാരിക വ്യവസ്ഥയുമെല്ലാം ഭാഷയെ സ്വാധീനിക്കുന്നു; ഭാഷ തിരിച്ചും സ്വാധീനിക്കുന്നു. അത് ജനാധിപത്യവ്യവസ്ഥയെയും ജീവിതരീതിയെയും ശക്തിപ്പെടുത്തുന്നു.

ഏത് ഭാഷാസമൂഹത്തിലാണോ കുട്ടി വളരുന്നത് ആ സമൂഹത്തിന്റെ സാംസ്കാരിക സമ്പത്ത് ആ ഭാഷയിൽ ലയിച്ചുചേർന്നിട്ടുണ്ടാകും. കുട്ടിയുടെ വികാരവിചാരങ്ങളെ ഏറ്റവും ശക്തമായി പ്രതിഫലിപ്പിക്കാൻ കരുത്ത് നൽകുക മാതൃഭാഷയാണ്. ഈ കരുത്തിനെ ചോർത്തിക്കളയുകയല്ല വേണ്ടത്; പകരം ശക്തിപ്പെടുത്തുകയാണ്. അതിനാൽ മാതൃഭാഷാപഠനത്തിനും മാതൃഭാഷാ മാധ്യമപഠനത്തിനും എന്നും പ്രാധാന്യം നൽകാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശ്രമിച്ചിട്ടുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന രേഖയിൽ പരിഷത്ത് ഇങ്ങനെ പറഞ്ഞു:

"കുട്ടി തന്റെ ഏറ്റവുമടുത്ത പരിസരത്തോട് ഇടപെട്ടും ചുറ്റുമുള്ളവരോട് ആശയവിനിമയം ചെയ്തുമാണ് അടിസ്ഥാനശേഷികൾ കൈവരിക്കേണ്ടത്. ആശയവിനിമയവും ആശയരൂപീകരണവും ഏറ്റവും ഫലപ്രദമായി നടക്കുക മാതൃഭാഷയിലൂടെയാണ്... ഒരു സാംസ്കാരിക വിനിമയോപാധി എന്ന നിലയിൽ കുട്ടി സ്വന്തം മാതൃഭാഷയും പൈതൃകവുമാണ് നേരത്തെ സ്വായത്തമാക്കിത്തുടങ്ങേണ്ടത്.”

ഭാഷാപഠനലക്ഷ്യങ്ങളെ നാലു മേഖലകളായാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂടിൽ തിരിച്ചിട്ടുള്ളത്.

  1. സാമൂഹികതലം - ആശയവിനിമയത്തിനും സാമൂഹിക ഇടപെടലുകൾക്കും ഭാഷയെ ഉപയോഗപ്പെടുത്താനുള്ള ശേഷി.
  2. സാംസ്‌കാരികതലം - ഭാഷയെ അനുഭൂതിതലത്തിൽ അനുഭവിക്കുകയും, സാംസ്‌കാരികമൂല്യങ്ങൾ ഉൾക്കൊള്ളുകയും, സാംസ്‌കാരിക വിനിമയത്തിനുള്ള പ്രാഥമിക ഉപകരണമെന്ന നിലയിൽ ഭാഷയെ അറിയുകയും ഭാഷയുടെ പേരിൽ അഭിമാനം കൊള്ളുകയും ചെയ്യൽ.
  3. സർഗാത്മകതലം - സർഗാത്മകമായി ഭാഷ പ്രയോഗിക്കുന്നതിനുള്ള കഴിവ് നേടൽ, ഭാഷാവിനിമയങ്ങളെയും വൈവിധ്യത്തെയും അറിയൽ, വൈവിധ്യങ്ങൾ ഉൾക്കൊള്ളൽ, അംഗീകരിക്കൽ.
  4. വൈജ്ഞാനികതലം -ഭാഷയുപയോഗിച്ച് വ്യത്യസ്തമേഖലകളിലെ വിജ്ഞാനം ആർജിക്കുന്നതിനും നിർമ്മിക്കുന്നതിനും ആവിഷ്കരിക്കുന്നതിനുമുള്ള കഴിവ്.

ഈ നാലു തലങ്ങളെയും പരിഗണിക്കുന്ന തരത്തിലുള്ള ഭാഷാപഠനമാണ് നാം ആഗ്രഹിക്കേണ്ടത്.

വിമർശനാത്മകമായി ചിന്തിക്കാനും യഥാർത്ഥ ലോകപ്രശ്‌നങ്ങൾ തിരിച്ചറിയാനും അവ വിശകലനം ചെയ്യാനും യുക്തിസഹമായ വാദങ്ങൾ ഉന്നയിക്കാനും പരിഹാരങ്ങൾ കണ്ടെത്തുവാനും വിദ്യാർത്ഥികൾ അവരുടെ ഭാഷാശേഷി വികസിപ്പിക്കേണ്ടതുണ്ട്. ജനാധിപത്യസമൂഹത്തിൽ കാര്യക്ഷമമായി ഇടപെടാനും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ തന്റെതായ സംഭാവനകൾ നൽകാനും ഒരു വ്യക്തിക്ക്  ഭാഷാപ്രാവീണ്യം അനിവാര്യമാണ്.

ഭാഷാപഠനം - പ്രശ്നങ്ങളും സമീപനങ്ങളും

ഭാഷാപഠനം എന്നും വിവാദവിഷയമാണ്. ഏത് നൂതനരീതികൾ കൊണ്ടുവന്നാലും അതിനോട് വിയോജിക്കുന്ന ഒരു വിഭാഗം ഉണ്ടായിരിക്കും. അതുപോലെ കൂടുതൽ മുന്നോട്ട് പോകുവാൻ എന്താണ് വഴിയെന്ന് വിമർശനപരമായി ആലോചിക്കുന്നവരും ഉണ്ടാകും. കുട്ടികൾക്ക് അക്ഷരത്തെറ്റ് കൂടാതെ എഴുതാൻ കഴിയുന്നില്ല എന്നതാണ് എക്കാലത്തെയും പ്രധാന വിമർശനം.

1953 ൽ പി ഐ ഇട്ടി കോട്ടയത്തുനിന്നും പ്രസിദ്ധീകരിച്ച 'തിയറി ആൻഡ് പ്രൈമറി മെഥേഡ് ' എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലെ ഒന്നാം അധ്യായത്തിന്റെ ശീർഷകം 'അക്ഷരത്തെറ്റുകൾ' എന്നാണ്. ഈ ലേഖനത്തിൽ മാത്യു എം കുഴിവേലി പറയുന്നത് ശ്രദ്ധിക്കുക:

"മഹാപണ്ഡിതന്മാരും ബിരുദധാരികളും ആയിട്ടുള്ള മാന്യന്മാരുടെ എഴുത്തിൽ അക്ഷരത്തെറ്റുകൾ സ്ഥലം പിടിക്കുന്നത് അഭിമാനഭഞ്ജകം തന്നെയാണ്. അച്ചടിക്കുന്ന പുസ്തകങ്ങളിലും വിശിഷ്യ പാഠപുസ്തകങ്ങളിലും അച്ചടിപ്പിശാചുകൾ കടന്നുകൂടി ചെയ്യുന്ന വിക്രിയകൾ ഒരിക്കലും ക്ഷന്തവ്യമല്ല. വിദ്യാലയങ്ങളിൽ‍ കുട്ടികൾ രചിക്കുന്ന ഉപന്യാസങ്ങളും എഴുതിവെക്കുന്ന നോട്ടുകളും മാത്രം ഈ പിശാചിന്റെ വിഹാരരംഗമായിരിക്കുന്നു എങ്കിൽ സാധുക്കളായ അധ്യാപകന്മാർ മാത്രം വിഷമിച്ചാൽ മതിയായിരുന്നു. ഇംഗ്ലീഷിൽ ഉയർന്ന വിദ്യാഭ്യാസം ലഭിച്ച പലർക്കും മലയാളത്തിൽ എഴുതുമ്പോൾ ഉണ്ടാകുന്ന അക്ഷരത്തെറ്റുകളെപ്പറ്റി ഗൗനിപ്പേയില്ല. അക്ഷരത്തെറ്റു നിശ്ചയമായും ലജ്ജാവഹമായ ഒരു തെറ്റുതന്നെയാണെന്നുള്ളതിന് സംശയമില്ല. നമ്മുടെ ഭാഷയിലെ ഈ തെറ്റിനു പ്രധാനമായി പഴിക്കേണ്ടത് നമ്മുടെ അധ്യാപകരെയാണ്.”

ഇതേ പുസ്തകത്തിൽ ഒമ്പതാം അധ്യായത്തിൽ ഒന്നാം ക്ലാസിനെ കേന്ദ്രീകരിച്ചാണ് ചർച്ച.   ഒന്നാം ക്ലാസിലെ അധ്യാപനസമ്പ്രദായം വളരെയധികം പരിഷ്കരിക്കേണ്ടിയിരിക്കുന്നു എന്ന നിഗമനത്തിലാണ് ആ ചർച്ച എത്തിച്ചേരുന്നത്. അതായത് അക്ഷരത്തെറ്റ് എന്ന പ്രശ്നം പരമ്പരാഗത പഠനരീതികളായ അക്ഷരമാലാരീതിയും അക്ഷരാവതരണരീതിയും പദാവതരണരീതിയും നിലനിന്ന കാലത്തും വളരെ കൂടിയ തോതിൽ നിലനിന്നിരുന്നു. ഇത്തരം പ്രശ്നങ്ങൾ ഇവിടെ മലയാളത്തിലോ ഇന്ത്യൻ ഭാഷകളിലോ മാത്രമുള്ളതല്ലെന്നും പത്തെഴുപതു കൊല്ലത്തിനിപ്പുറം മാത്രമായി ആവിർഭവിച്ചതല്ലെന്നും ഉള്ളതിന് ലോകമെമ്പാടും ഈ വിഷയത്തിൽ നടന്ന പഠനങ്ങൾ തെളിവ് നൽകുന്നുണ്ട്.

അപ്പോഴും, നമ്മുടെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ഭാഷാശേഷിയിലുണ്ടാകുന്ന വിടവുകൾ പരിഹരിക്കപ്പെടേണ്ടതുണ്ട് എന്നതിലും ഓരോ ക്ലാസിലേക്കും നിശ്ചയിച്ച അഭിലഷണീയമായ ഭാഷാനിലവാരം ഓരോ കുട്ടിക്കും ഉറപ്പാക്കാൻ ശ്രമിക്കേണ്ടതുണ്ട് എന്നതിലും തർക്കമില്ല.

ബോധനമാധ്യമം എന്ന നിലയിൽ മാതൃഭാഷതന്നെ ഉപേക്ഷിച്ചുപോകുന്ന വലിയൊരു ശതമാനത്തെ മാതൃഭാഷയിലെ അക്ഷരത്തെറ്റിൽ മാത്രം വിലപിക്കുന്നവർ കണ്ടില്ലെന്നു നടിക്കുന്നു. മാതൃഭാഷ പഠിക്കാൻ ആളില്ലെങ്കിൽ പിന്നെ ഭാഷാപഠനത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ട് വലിയ കാര്യമില്ല. അതുകൊണ്ടുകൂടിയാണ് കേരളശാസ്ത്രസാഹിത്യ പരിഷത്ത് ബോധനമാധ്യമമെന്ന നിലയിൽ മാതൃഭാഷയ്ക് വേണ്ടി നിലകൊള്ളുകയും അതോടൊപ്പം മാതൃഭാഷയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുകയും ചെയ്യുന്നത്.

ഇംഗ്ലീഷ് മാധ്യമവിദ്യാലയങ്ങളും സമാന്തര ഇംഗ്ലീഷ്‍ മീഡിയം ഡിവിഷനുകളും വ്യാപകമായതോടെ വിദ്യാലയങ്ങളിൽ വലിയതോതിലുള്ള ഒരു വിഭജനം സംഭവിക്കുന്നുണ്ട്. പലയിടത്തും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരുടെ മക്കളും ഭിന്നശേഷിക്കാരും മാത്രമായി മലയാളമാധ്യമ ക്ലാസുകൾ ചുരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. പുരോഗമനവീക്ഷണമുള്ളവർ ആരെങ്കിലും മലയാളമാധ്യമത്തിൽ മക്കളെ പഠിപ്പിക്കാൻ തയ്യാറായാൽ അവരെ നിരുത്സാഹപ്പെടുത്താനാണ് വിദ്യാലയാധികൃതരും ശ്രമിക്കുന്നത്.

ഡിവിഷൻ വർധിപ്പിക്കുന്നതിനും വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കൂട്ടുന്നതിനുമായി മലയാളത്തെ തഴയാൻ വിദ്യാഭ്യാസവകുപ്പിനും മടിയില്ല. സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ഉള്ള വിദ്യാലയങ്ങളിൽ മലയാളമാധ്യമ ഡിവിഷനിൽ പത്തോ പതിനഞ്ചോ കുട്ടികളും ഇംഗ്ലീഷ് മീഡിയം ഡിവിഷനിൽ നാല്പതോ നാല്പത്തഞ്ചോ കുട്ടികളുമാവും ഉണ്ടാവുക. മലയാളമാധ്യമത്തിലുള്ള കുട്ടികൾ അവഗണിക്കപ്പെടുക മാത്രമല്ല, ഇംഗ്ലീഷ്‍ മീഡിയം ക്ലാസുകളിലെ കുട്ടികൾ വ്യക്തിഗത ശ്രദ്ധ ലഭിക്കാതെ പിന്നാക്കം പോവുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി വിദ്യാഭ്യാസപരവും സാംസ്കാരികവുമായ വലിയ പ്രതിസന്ധിയിലേക്കാണ് കേരളത്തിലെ വിദ്യാലയങ്ങൾ പോയ്ക്കൊണ്ടിരിക്കുന്നത്.

ഭാഷാപഠനത്തിലെ പുതുവഴികൾ

കേരളത്തിലെ ഭാഷാധ്യാപനം എന്നും പുതുവഴികൾ തേടിയിരുന്നു. ആദ്യകാലങ്ങളിലുണ്ടായിരുന്ന എഴുത്തുപള്ളിക്കൂടങ്ങളിൽ അക്ഷരമാലാ രീതിയിലുള്ള ഭാഷാപഠനമായിരുന്നു ഉണ്ടായിരുന്നത്. ആദ്യം സ്വരങ്ങളും പിന്നെ വ്യഞ്ജനങ്ങളും ക്രമത്തിൽ പഠിപ്പിക്കും. വ്യഞ്ജനങ്ങളോരോന്നും പഠിപ്പിക്കുമ്പോൾ സ്വരചിഹ്നങ്ങളെല്ലാം ചേർത്തെഴുതുകയും വായിക്കുകയും വേണം. ഇതാണ് അക്ഷരമാലാ രീതി എന്ന് അറിയപ്പെടുന്നത്.

അക്ഷരമാലാ രീതിയിൽ നിന്നും അക്ഷരാവതരണ രീതിയിലേക്കുള്ള മാറ്റമാണ് പിന്നീട് നാം കാണുന്നത്. തിരുവിതാംകൂറിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തിയതനുസരിച്ച്  1926 ൽ മാൿമില്ലൻ കമ്പനി അഞ്ച് ചക്രം വിലയുള്ള ഒരു ഒന്നാംപാഠപുസ്തകം തയ്യാറാക്കിയിരുന്നു. ‘മലയാള ഒന്നാം പാഠപുസ്തകം’ എന്നായിരുന്നു അതിന്റെ പേര്. അതിൽ വാധ്യാന്മാർക്കുള്ള ഉപദേശങ്ങൾ എന്നൊരു ഭാഗമുണ്ട്. അത് തുടങ്ങുന്നതിങ്ങനെയാണ്.

"അക്ഷരപാഠം പഠിപ്പിക്കാൻ ഈ പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്ന രീതി മലയാളത്തിൽ നൂതനമാകുന്നു.”

അതുവരെയുണ്ടായിരുന്ന രീതിയിൽ നിന്നും വ്യത്യസ്തമായ രീതിയാണ് ഉപയോഗിക്കുന്നത് എന്നാണ് സൂചന. നടപ്പുരീതിയിൽ നിന്നും വ്യത്യസ്തമായി അ, ക, ച, ത, ന, പ, മ, വ, സ, ഞ, ട, ണ, ര, ല, റ, ള, ശ,യ, ഷ, ഴ, ഹ, ൺ, ൽ, ൻ, ർ, ൾ എന്നിവ ആദ്യപാഠങ്ങളിൽ ചിത്രസഹിതമുള്ള വാക്കുകൾക്കുള്ളിൽ പരിചയപ്പെടുത്തുന്നു. പിന്നീട് ഓരോ സ്വരവും അതിന്റെ ചിഹ്നവും അവതരിപ്പിക്കുന്നു. ഇത് അക്ഷരാവതരണരീതിയാണ്. ആദ്യം വാക്ക് അവതരിപ്പിക്കുമെങ്കിലും (ഉദാ - ‘അമ്മ’ എന്ന വാക്ക്. കുട്ടി ‘അ’ മാത്രം ശ്രദ്ധിച്ചാൽ മതി. ആ അക്ഷരം കളറിലാണ് നൽകുക) അതിലെ നിശ്ചിതമായ അക്ഷരത്തിൽ മാത്രമാണ് ഊന്നൽ.

1946 ലെ ചിത്തിരതിരുനാൾ പാഠാവലി ഒന്നാം പാഠപുസ്തകം ഇതിൽനിന്നും മുന്നോട്ടുപോയി. കാഴ്ചയിൽ ലളിതമായ അക്ഷരങ്ങളെ ആദ്യം പരിചയപ്പെടുത്തി. പദാവതരണരീതിയിലേക്ക് ചുവടുമാറി. പറ, പന എന്നിവയാണ് ആദ്യപാഠത്തിലുള്ളത്. പിന്നീട് തറ, വര (ത, ര, വ) തല, വല (ല). ഒപ്പം അതുവരെ പഠിച്ച അക്ഷരങ്ങൾ ചേർന്നുള്ള വാക്കുകളും അവതരിപ്പിക്കുന്നു. ഈ പുസ്തകത്തിൽ അക്ഷരാവതരണരീതിയും ചില ഇടങ്ങളിൽ കാണാം. അവിടങ്ങളിൽ അക്ഷരങ്ങളെ പരിചയപ്പെടുത്തിയ ശേഷം വാക്കുകളിലേക്ക് പോകുന്നു. ഇ, ഈ എന്നിവ പഠിപ്പിച്ച ശേഷമാണ് ഇല, ഈച്ച എന്നിവ അവതരിപ്പിക്കുന്നത്. സ്വരങ്ങളിൽ അ, ആ എന്നിവയല്ല ആദ്യം പരിചയപ്പെടുത്തിയത് ഇ, ഈ എന്നിവയാണ്. ഉ, ഊ എന്നിവയ്ക്ക് ശേഷമാണ് അ, ആ എന്നിവ അവതരിപ്പിക്കുന്നത്.  ഇവിടെ ലാളിത്യത്തിനാണ് മുൻഗണന.

ശൂരനാട്ട് കുഞ്ഞൻപിള്ള, അമ്പാടി കാർത്ത്യായനി അമ്മ, എം. രാമകൃഷ്ണൻ നായർ,  മാത്യു എം. കുഴിവേലി എന്നിവർ ചേർന്നു തയ്യാറാക്കിയ 1957 ലെ ഒന്നാം ക്ലാസ് പാഠാവലിയിൽ വീണ്ടും മാറ്റം വന്നു. ചിത്രങ്ങൾ കൊടുത്ത് അവയുടെ പേര് അടിയിൽ എഴുതി ആ വഴിക്ക് അക്ഷരങ്ങൾ പരിചയപ്പെടുത്തുന്ന പദ്ധതിയാണത്. അകാരാദി സ്വര ങ്ങൾ ക്രമത്തിൽ പരിചയപ്പെടുത്തുന്ന പദാവതരണരീതിയാണ് നിർദ്ദേശിക്കപ്പെട്ടത്. അകാരാദിക്രമം വ്യാകരണകാര്യമാണെന്നും മുറതെറ്റിച്ച് പഠിപ്പിച്ചാലും പിന്നീട് മുറ പഠിച്ചുകൊള്ളുമെന്ന സമീപനം ശരിയല്ലെന്നും ശൂരനാട്ട് കുഞ്ഞൻപിള്ള സൂചിപ്പിച്ചു.

എന്നാൽ 1958ൽ അക്ഷരമാലാക്രമത്തിന് പ്രാധാന്യം നൽകിയ പദാവതരണ രീതി ഉപേക്ഷിക്കുകയും എഴുത്തുലാളിത്യം പരിഗണിക്കുന്ന രീതി വീണ്ടും സ്വീകരിക്കുകയും ചെയ്തു. പറ, പത, തറ, തല, വല എന്നിവ ആദ്യപാഠങ്ങളായി. പിന്നീട് വർഷങ്ങളോളം പദാവതരണരീതിയുടെ ഈ സമീപനമാണ് പിന്തുടർന്നത്. അക്ഷരക്രമത്തിൽ ചെറുമാറ്റങ്ങൾ വരുത്തിയെന്നു മാത്രം. ചെറിയ കഥകളും പാട്ടുകളും അവസാനം നൽകുന്നതിൽ നിന്നും വ്യത്യസ്തമായി ഇടയ്ക്കിടെ നൽകാനും തുടങ്ങി.

അക്ഷരാവതരണരീതിയും പദാവതരണരീതിയും നിലനിന്നപ്പോൾതന്നെ  വാക്യാവതരണരീതിയും കഥാവതരണരീതിയുമെല്ലാം ശാസ്ത്രീയമാണെന്ന ചർച്ചയും കേരളസമൂഹത്തിൽ നടന്നിരുന്നുവെന്നതിന് തെളിവുണ്ട്. 1927 ൽ തിരുവിതാംകൂർ ഗവൺമെന്റിനു വേണ്ടി കെ.സി മാമ്മൻമാപ്പിള അച്ചടിച്ചു പ്രസിദ്ധീകരിച്ച ഒന്നാം പാഠപുസ്തകത്തിലെ (മലയാള മനോരമയുടെ രണ്ടാമത്തെ പത്രാധിപരായിരുന്നു കെ.സി.മാമ്മൻമാപ്പിള.) ആമുഖലേഖനം എങ്ങനെയാണ് ഈ പുസ്തകം ഉപയോഗിച്ച് ഭാഷാപഠനം നടത്തേണ്ടത് എന്നതു സംബന്ധിച്ച് അധ്യാപകർക്കുള്ള നിർദ്ദേശങ്ങളാണ് :

"ഒന്നാമത്തെ പാഠം നോക്കുക. പൂ, പൂച്ച, പൂച്ചട്ടി എന്ന മൂന്നു വാക്കുകളാണ് അതിൽ കാണുന്നത്. ആ പദങ്ങളിലുള്ള ഓരോ ലിപിയിലേക്കും, വിദ്യാർത്ഥിയുടെ ശ്രദ്ധയേ ആകർഷിക്കുവാൻ അധ്യാപകൻ ശ്രമിക്കരുത്. പൂച്ച എന്ന ലിപിസമുദായം എവിടെക്കണ്ടാലും 'പൂച്ച' എന്നു വിദ്യാർത്ഥി വായിക്കണമെന്നാണ് അധ്യാപകൻ കരുതേണ്ടത്. 'ക്ഷ' എന്ന അക്ഷരം കണ്ടാൽ അതു 'ക' കാര 'ഷ ' കാരങ്ങളുടെ സംയോഗമാണെന്നു മനസ്സിലാക്കാതെ തന്നെ  'ക്ഷ ' എന്നു വായിക്കണമെന്നാവശ്യപ്പെടുന്ന അധ്യാപകൻ, പൂച്ച എന്ന ലിപി സമുദായത്തെ ലിപികളുടെ പൃഥഗ്‌ഗ്രഹണം (വേർതിരിച്ചുള്ള ഗ്രഹണം - പ്രസാധകർ) കൂടാതെ തന്നെ വായിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ യുക്തിഭംഗമില്ല.......പൂച്ചട്ടി, പൂച്ച, പൂ എന്നിങ്ങനെയുള്ള ഓരോ പദത്തെയും അഖണ്ഡമായി വിദ്യാർഥികളെക്കൊണ്ടു വായിപ്പിക്കുന്നതിനുള്ള പരിശ്രമം അസംഗതമാണെന്നു ഭ്രമിക്കുവാൻ ആവശ്യമില്ല.

ഞാൻ ഒരു പൂച്ചയെ കണ്ടു,

ഞാൻ ഒരു പൂച്ചട്ടി കണ്ടു,

എന്നിങ്ങനെയുള്ള വാക്യം സാകല്യേന വിദ്യാർത്ഥികളെക്കൊണ്ട് ഒന്നാമതായി വായിപ്പിച്ച്, ഓരോ വാക്യത്തിലുള്ള പദങ്ങളിലേക്ക് അവരുടെ ശ്രദ്ധയെ നയിച്ച്, അവസാനമായി അക്ഷരങ്ങളെ വിദ്യാർഥികൾക്കു കാണിച്ചു കൊടുക്കുന്ന രീതി പാശ്ചാത്യ രാജ്യങ്ങളിൽ ഇപ്പോൾ നടപ്പായിട്ടുണ്ട്. മലയാളവും മറ്റു ഭാരത ഭാഷകളും സംബന്ധിച്ച്, ആ രീതി ഭാവിയിൽ നടപ്പാവുകയും ചെയ്യും. എന്നാൽ ഇത്ര മൗലികമായ ഒരു പരിവർത്തനം സംബന്ധിച്ച ആശയങ്ങളെ ഒന്നോടെ നടപ്പിൽ വരുത്തുന്നതിനുള്ള വൈഷമ്യങ്ങളെ മുൻനിർത്തി, പദങ്ങൾകൊണ്ടു മാത്രം വായന ആരംഭിക്കുന്ന രീതിയാണ്, ഈ പാഠപുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്നത്."

കൈനിക്കര കുമാരപ്പിള്ള രചിച്ച ‘മലയാളഭാഷാധ്യാപനം’ (1952) എന്ന കൃതിയിൽ ആശയാവതരണരീതി അവതരിപ്പിക്കുന്നുണ്ട്.

"കേവലമായ ഒരു ശബ്ദത്തിൽ ഉള്ളതിൽ കൂടുതൽ താല്പര്യം അവർക്ക് ഒരു പൂർണമായ ആശയത്തിൽ ഉണ്ടായിരിക്കും. ആശയത്തിന്റെ ഏകകം വാക്യമാണ്, ശബ്ദമല്ല. അവർ സംസാരിച്ചു ശീലിച്ചിട്ടുള്ളതും വാക്യങ്ങളായാണ് ഏക ശബ്ദങ്ങളിലല്ല. അതുകൊണ്ട് അവരിൽ താൽപര്യം ജനിപ്പിക്കുന്നതിന് ശബ്ദാവതരണത്തെക്കാൾ വാക്യാവതരണമായിരിക്കും കൂടുതൽ ഉപകരിക്കുന്നത്. എന്നാൽ ഇതിനുമുമ്പ് ഒരു അവസരത്തിൽ പറഞ്ഞതുപോലെ വാക്യത്തെ ആശയത്തിന്റെ ഏകകമായി സ്വീകരിക്കുന്നത് അത്രതന്നെ ശരിയല്ല. പലപ്പോഴും ഒരു ആശയത്തിന്റെ പൂർണമായ പ്രകടനത്തിന് പല വാക്യങ്ങൾ ആവശ്യമായിരിക്കും. ആ വാക്യങ്ങളിൽ ഓരോന്നിനും നാമമാത്രമായ ആശയപൂർണതയേ കാണുകയുള്ളൂ. അന്യവാക്യങ്ങളുമായുള്ള ബന്ധംകൊണ്ട് മാത്രമേ അതിന്റെ ആശയം വ്യക്തമാക്കുകയുള്ളൂ. അതുകൊണ്ട് ഒറ്റവാക്യം അവരിൽ ജനിപ്പിക്കുന്നതിൽ എത്രയോ കൂടുതൽ താല്പര്യം ഒരു കഥ അവരിൽ ജനിപ്പിക്കും എന്നുള്ളത് തീർച്ചയാണ്. കഥയിൽ അവർക്കുള്ള നിസ്സീമമായ താല്പര്യം അതിന്റെ പ്രകടനത്തിന് ആവശ്യമായ ഓരോ വാക്യത്തിലേക്കും ഓരോ വാക്യത്തിന്റെയും ഘടകങ്ങളായ ശബ്ദങ്ങളിലേക്കും ഓരോ ശബ്ദത്തിന്റെയും അംശങ്ങളായ അക്ഷരങ്ങളിലേക്കും സ്വാഭാവികമായി വ്യാപിക്കും. അതുകൊണ്ടാണ് കഥാവതരണ രീതിയാണ് (ആശയാവതരണരീതി തന്നെ ഇത് - പ്രസാധകർ)  കുട്ടികളുടെ താല്പര്യത്തെയും തദ്വാര അവരുടെ ശ്രദ്ധയെയും സമ്പൂർണമായി സ്വാധീനം ചെയ്തു അവരെ യത്നസന്നദ്ധരാക്കുന്നതിന് ഏറ്റവും പര്യാപ്തമായ മാർഗം എന്ന് ചില ഭാഷാധ്യാപന വിദഗ്ധന്മാർ വിധിക്കുന്നത്.

പഴയ രീതി താല്പര്യമില്ലാത്തതിൽ നിന്ന് ആരംഭിച്ച് താല്പര്യമുള്ളതിലേക്ക് കടക്കുകയാണ് ചെയ്തതെങ്കിൽ പുതിയ രീതിയിൽ താല്പര്യമുള്ളതിൽ ആരംഭിച്ച് താല്പര്യമില്ലാത്തതിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. താല്പര്യമില്ലാത്ത ഒന്നിൽ വ്യാപരിക്കാൻ പ്രേരിതമാകുന്ന ബുദ്ധിക്ക് ക്ലേശവും വിരസതയുമാണ് അനുഭവപ്പെടുന്നത്. പ്രായേണ ആ ക്ലേശഭാവനയും വിരസതയും യഥാർത്ഥത്തിൽ താല്പര്യമുള്ള ഒന്നിൽ പ്രവേശിക്കുമ്പോഴും മനസ്സിൽ തങ്ങിനിന്നു എന്നും ആ താല്പര്യത്തെ ക്ഷയിപ്പിക്കുന്നതിന് തന്നെ പര്യാപ്തമായി എന്നും വരാം; എന്നാൽ താല്പര്യമുള്ള ഒരു വസ്തുവിൽ അഭ്യസനം ആരംഭിക്കുകയാണെങ്കിൽ അതിന്റെ സ്വാരസ്യം കൊണ്ട് ക്ലേശം അറിയുന്നതേയില്ല. അതിനോട് ഗാഢമായി ബന്ധപ്പെട്ട് കിടക്കുന്നതും, ആ ബന്ധമില്ലെങ്കിൽ അശേഷം താല്പര്യം തോന്നിക്കാത്തതുമായ വസ്തുക്കളിലേക്കും പടർന്നു പിടിക്കുന്നു.

'അ ' അക്ഷരം, 'അമ്മ ' എന്ന ശബ്ദം, ' അമ്മ ഉപ്പേരി വറുത്തു' എന്ന വാക്യം, "അച്ഛൻ ഒരു ഏത്തക്കുല വാങ്ങിച്ചു. അമ്മ ഉപ്പേരി വറുത്തു, എനിക്ക് തന്നു. ഞാൻ തിന്നു" എന്ന കഥ. ഇതിൽ ഏതു വായിക്കാനാണിഷ്ടമെന്ന് ഒരു കുട്ടിയോട് ചോദിക്കണം. തീർച്ചയായും 'ഉപ്പേരിയുടെ കഥ'വായിക്കുന്നതിൽ ആയിരിക്കും അവന് ഏറ്റവും കൂടുതൽ താല്പര്യം.രസപൂർണമായ ആ കഥയിലെ ഓരോ വാക്യത്തിലും അക്ഷരത്തിലും അവനു താല്പര്യം തോന്നും. നേരെമറിച്ച് അതിനുള്ള അക്ഷരങ്ങളെല്ലാം വെവ്വേറെ അഭ്യസിപ്പിച്ചതിനു ശേഷം ഈ കഥ വായിക്കാൻ ഒരുങ്ങിയാൽ ഇതിന്റെ ശതാംശം ഉത്സാഹം അവനുണ്ടാകയില്ല. അതുകൊണ്ട് നവീനരീതി, പഴയരീതിയെക്കാൾ കുട്ടികളുടെ താല്പര്യത്തെ ഉയർത്തുന്ന ഒന്നാണെന്നുള്ളതിൽ പക്ഷാന്തരത്തിന് അവകാശമില്ല. അധ്യാപന വിജയത്തിന്റെ പ്രധാനാവലംബം വിദ്യാർത്ഥികളിൽ താല്പര്യം  ജനിപ്പിക്കുകയാണെന്നുള്ള തത്വം അനിഷേധ്യവുമാണ്. കുഞ്ഞുങ്ങളുടെ ദർശനശക്തിയെ സംബന്ധിച്ച് ആധുനികകാലത്ത് നടത്തിയിട്ടുള്ള പരീക്ഷണങ്ങളിൽ നിന്ന് തെളിയുന്നത് അവർ ഒരു വസ്തുവിന്റെ സമഗ്രവും സ്ഥൂലവുമായ സ്വരൂപമാണ് ആദ്യം ഗ്രഹിക്കുന്നതെന്നും സൂക്ഷ്മാംശങ്ങളുടെ ഗ്രഹണത്തിനുള്ള പടുത അവർക്ക് കുറവാണെന്നുമാണ്. ഈ വസ്തുതയും പഠനശിക്ഷണം ശബ്ദത്തിന്റെ സൂക്ഷ്മാംശങ്ങളായ അക്ഷരങ്ങളിൽ ആരംഭിക്കുന്നതിന്റെ അസാധുത്വത്തെയും ശബ്ദത്തിലോ വാക്യത്തിലോ ആരംഭിക്കുന്നതിന്റെ സാധുത്വത്തെയുമാണ് സ്പഷ്ടമാക്കുന്നത്.

ഇത്രയും പറഞ്ഞതിൽ നിന്ന് നവീന രീതിയിലുള്ള അധ്യാപനം പരാജയപ്പെടാൻ പാടില്ലെന്ന് മാത്രമല്ല പഴയരീതിയെക്കാൾ കൂടുതൽ ഫലപ്രദമാകേണ്ടതാണെന്നും കൂടി സിദ്ധിക്കുന്നു. അപ്പോൾ അത് മലയാളഭാഷാധ്യാപനത്തിൽ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ അത് ആ രീതിയിലുള്ള വൈകല്യം കൊണ്ടല്ല അതിന്റെ പ്രയോഗത്തിലുള്ള വൈകല്യം കൊണ്ടാണ് എന്ന് സ്പഷ്ടമാകുന്നു. ശബ്ദാവതരണ രീതിയോ മറ്റു പുതിയ രീതികളോ അവലംബിച്ചാൽ അക്ഷരാഭ്യാസനത്തിൽ നിഷ്ഠവയ്ക്കേണ്ട എന്ന് അർത്ഥമാക്കരുത്. പണ്ടത്തെപ്പോലെ തന്നെ അതിൽ നിഷ്ഠവയ്ക്കേണ്ടതാണ്. അക്ഷരങ്ങളുടെ രൂപവുമായി വിദ്യാർത്ഥികൾക്ക് ഗാഢമായ പരിചയം നൽകിയേ മതിയാകൂ. ആ പരിചയം സമ്പാദിക്കുന്നതിൽ വിദ്യാർഥികൾക്ക് കൂടുതൽ താൽപര്യവും കുറഞ്ഞ ക്ലേശവും നവീനരീതി സ്വീകരിച്ചാൽ ഉണ്ടാകും എന്നുള്ളത് തീർച്ചയാണ്.”

വായന പഠിപ്പിക്കാൻ പദരീതി, വാക്യരീതി, സങ്കലിതരീതി എന്നിവ ഉപയോഗിക്കണം എന്ന് 1973 ലെ ബോധനസൂചനകളിൽ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്നുമുണ്ട്.

1997ൽ  പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി നിലവിൽ വന്നപ്പോൾ പഠനസമീപനത്തിലും ഭാഷാസമീപനത്തിലും വലിയ മാറ്റം വന്നു. യാന്ത്രികമായ പഠനരീതികൾ ഉപേക്ഷിച്ചു. ആശയാവതരണരീതി പ്രകാരം ഒന്നാം ക്ലാസിലേക്കുള്ള പാഠപുസ്തകം തയ്യാറാക്കി. ‘പൂത്തിരി’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. താളാത്മകവും വാക്കുകൾ ആവർത്തിച്ചുവരുന്നതുമായ പാട്ട് ആദ്യം അവതരിപ്പിക്കുന്നു.

“ആന വരുന്നു ആന വരുന്നു

വമ്പൻ പാറ നടന്നു വരുന്നു

തത്തക്കം പിത്തക്കം ആന വരുന്നു

ആന വരുന്നു ആമ വരുന്നു

കുഞ്ഞൻ പാറ നിരങ്ങി വരുന്നു

തതരം പിതരം ആമ വരുന്നു”

ഈ പാട്ട് ക്ലാസിൽ എങ്ങനെയാണ് പഠിപ്പിക്കുന്നത്? അതിന്റെ പ്രക്രിയ അധ്യാപകർക്കുള്ള കൈപ്പുസ്തകത്തിൽ (പേജ് 38) വിവരിച്ചിട്ടുണ്ട്.

  • അഭിനയത്തോടെ പാട്ട് ചൊല്ലൽ
  • ആനയുടെ വരവ് ചിത്രത്തിൽ നിരീക്ഷിക്കൽ
  • ചാർട്ടിൽ നിന്നും പാട്ട് ടീച്ചറോടൊപ്പം ചൊല്ലൽ
  • പാട്ടിലെ വരികൾ തിരിച്ചറിയൽ, നിർദ്ദേശിക്കുന്ന വരികൾ കണ്ടെത്തൽ
  • കൂടുതൽ ആവർത്തിച്ചുവരുന്ന പദങ്ങൾ തിരിച്ചറിയൽ (‘ആന’ എന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്, എത്രതവണ?)
  • താല്പര്യമുള്ള മറ്റ് പദങ്ങൾ കണ്ടുപിടിക്കൽ
  • പദങ്ങൾ ബോർഡിൽ വേർതിരിച്ചെഴുതിയത് തിരിച്ചറിയൽ
  • നിർദിഷ്ട അക്ഷരങ്ങൾ തിരിച്ചറിയൽ
  • ഈ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള പദകേളി

ഈ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള പുതിയപദങ്ങൾ വായിക്കൽ

ഇങ്ങനെ പാട്ട് അവതരിപ്പിക്കുകയും അതിൽനിന്നും വാക്കുകളിലേക്കും തുടർന്ന് അക്ഷരങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുകയുമാണ് ചെയ്തത്. ആ, മ, ന, ര, ല, ന, വ, ട, ത്ത തുടങ്ങിയ അക്ഷരങ്ങൾ വെച്ച് വാക്കുകളുണ്ടാക്കാനും അവസരമൊരുക്കുന്നു. ‘തത്ത വരുന്നു തത്ത വരുന്നു തത്തി തത്തി തത്ത വരുന്നു’ എന്ന രീതിയിൽ പുനരനുഭവവും ഒരുക്കുന്നുണ്ട്. ‘തത്ത വരുന്നു’, ‘ആമ വരുന്നു’ എന്നീ ലഘുവാക്യങ്ങൾ കുട്ടി കൾ എഴുതുകയും വേണം.

ഈ അധ്യാപകസഹായി കാണാത്ത ഒരു വിഭാഗം പുസ്തകത്തെ മാത്രം അടിസ്ഥാനമാക്കി അക്ഷരം പഠിപ്പിക്കുന്നില്ലെന്ന് മുറവിളി കൂട്ടി. ഓരോ പാഠത്തിലും ഏതെല്ലാം അക്ഷരങ്ങൾ വരണമെന്നും അവ തുടർന്നുള്ള പാഠങ്ങളിൽ എങ്ങനെ വിന്യസിക്കണമെന്നും കൃത്യമായി നിശ്ചയിച്ചിരുന്നു. 1997ൽ ഒന്നാം ക്ലാസിൽ പഠിച്ചവർ ഇന്ന് കേരളത്തിലുണ്ട്. മുപ്പത്തിരണ്ട് വയസ്സുള്ള അവരെല്ലാം നിരക്ഷരരാണോ? അവരാരും ഉന്നതനിലവാരത്തിൽ എത്താതെ പോയോ? ആർക്കും പരിശോധിച്ചു നോക്കാവുന്നതാണ്. പ്രാദേശികമായ തെളിവുകൾ ശേഖരിക്കാവുന്നതാണ്. അപ്പോൾ നിരാശയ്ക്കു പകരം ആഹ്ലാദകരമായ അനുഭവമാണ് ഉണ്ടാവുക. അതുവരെ പകുതിപ്പേരും തോറ്റുപോകുന്ന ഭാഷാപഠനമായിരുന്നു നിലനിന്നിരുന്നതെന്നു കാണാം. അതിൽനിന്നും വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞുവെന്നതാണ് പുതിയ ഭാഷാപഠനരീതിയുടെ നേട്ടം.

ഓരോ പരിഷ്കാരവും കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്.  97 ലെ ആദ്യപാഠമായ ‘ആന വരുന്നു’ എന്നത് മുകളിൽ നൽകിയത് ഒരിക്കൽക്കൂടി നോക്കുക. ആ, ന, വ, ര, ന്ന, മ്പ, ൻ, പ, റ, ട, ത, ത്ത, ക്ക, മ, ക, ഞ്ഞ, ങ്ങ എന്നീ 17 ആക്ഷരങ്ങളും ആ, ഉ, ഇ എന്നിവയുടെ ചിഹ്നങ്ങളും അനുസ്വാരവും കടന്നു വരുന്നു. ആദ്യപാഠത്തിൽ വായനയ്ക്കാണെങ്കിലും ഇത് കുട്ടികൾക്ക് ഭാരമുണ്ടാക്കും. പുതിയ അക്ഷരം കുറച്ചുമാത്രം വരുന്ന വിധത്തിൽ പാഠത്തെ ലളിതമാക്കി മെച്ചപ്പെടുത്തണമായിരുന്നു. എന്നാൽ കേരളത്തിൽ സംഭവിച്ചത് എന്താണ്? ആശയാവതരണ രീതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായതിനെത്തുടർന്ന് ആ രീതി മെച്ചപ്പെടുത്തുന്നതിനു പകരം വെള്ളം ചേർത്ത് ദുർബലപ്പെടുത്തി. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് 2013ൽ അസീസ് കമ്മിറ്റിയുടെ നിർദേശാനുസരണം തയ്യാറാക്കിയ പാഠപുസ്തകം. ഭാഷാപഠനത്തിൽ എൻ.സി.എഫ്‌. കൈക്കൊണ്ട നവീനമായ നിലപാടുകളിൽ നിന്നാണ്‌ നാം പിന്നാക്കം പോയത്‌. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൽ പറഞ്ഞത് എന്തായിരുന്നു? ഒറ്റയൊറ്റ ശേഷികൾ വേറിട്ടു പഠിച്ചാൽ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടാകുമെന്ന അന്ധവിശ്വാസത്തെ അത്‌ നിരാകരിക്കുന്നു. അർഥപൂർണമായ സമഗ്രസന്ദർഭത്തിൽ നിന്നു വേണം ഭാഷ പഠിക്കാനെന്ന്‌ അത്‌ ഓർമിപ്പിക്കുന്നു (എൻ സി എഫ് പേജ്‌ 37, 38). ഉച്ചാരണശുദ്ധി, തെറ്റുകൂടാതെ എഴുതൽ എന്നിവയിൽ അമിതമായി ഗൗരവപൂർവം ഊന്നുമ്പോൾ ഭാഷയുടെ പ്രയോഗശേഷിയുടെ വികാസമാണ്‌ തടസ്സപ്പെടുക. ‘ശരി’യിൽ അമിതമായ ഊന്നൽ വരുമ്പോൾ ഭാഷയുടെ ധർമങ്ങളാണ്‌ വിസ്‌മരിക്കപ്പെടുക (പേജ്‌ 38). അതിനർഥം, ഭാഷാവ്യവഹാര രൂപങ്ങൾ പോലുള്ള സമഗ്രമായ ഭാഷാനുഭവങ്ങളുടെ സഹായത്തോടെ, ആശയഗ്രഹണത്തിനും പ്രകടനത്തിനും ഊന്നൽ നൽകുന്ന പുതിയ ഭാഷാപഠനരീതി അനുവർത്തിക്കണമെന്നു തന്നെയാണ്‌. സങ്കലിത രീതിയാണ് അസീസ് കമ്മിറ്റി നിർദ്ദേശിച്ചത്. അതോടെ ഏതു രീതിയിലും പഠിപ്പിക്കാമെന്ന അവസ്ഥ വന്നു.

ഗവേഷണാത്മക ഇടപെടലുകൾ

ആശയാവതരണരീതിയിൽ ഊന്നിനിന്നുകൊണ്ട് കുട്ടികളുടെ ഭാഷാ പരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ കേരളത്തിൽ പല സ്ഥലങ്ങളിലും പിന്നീട് നടക്കുകയുണ്ടായി. ‘സാക്ഷരം’  എന്ന പേരിൽ കാസറഗോഡ് ജില്ലയിലും ‘എന്റെ മലയാളം’ എന്ന പേരിൽ മലപ്പുറം ഡയറ്റിന്റെ നേതൃത്വത്തിലും നടന്ന പ്രവർത്തനങ്ങൾ മികച്ച ഫലമാണ് ഉണ്ടാക്കിയത്. കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് എന്ന അധ്യാപകക്കൂട്ടായ്മ ‘കൈത്താങ്ങ് ’എന്ന സവിശേഷ ഭാഷാപരിപോഷണ പരിപാടി ട്രൈഔട്ട് ചെയ്യുകയും അതിന്റെ ഫലപ്രാപ്തി തിരിച്ചറിഞ്ഞ കേരളത്തിലെ നൂറുകണക്കിന് വിദ്യാലയങ്ങൾ ആ രീതി നടപ്പിലാക്കാൻ മുന്നോട്ടു വരികയും ചെയ്തു. ഈ മൂന്ന് ഗവേഷണാത്മക പ്രവർത്തനങ്ങളുടെയും അനുഭവങ്ങൾ വിശകലനം ചെയ്ത് സർവശിക്ഷാ അഭിയാൻ ‘മലയാളത്തിളക്കം’ എന്ന പരിപാടി രൂപപ്പെടുത്തി. ഈ പരിപാടിയുടെ പ്രത്യേകതകൾ ഇവയാണ് :

  • കുട്ടികളുടെ പങ്കാളിത്തത്തോടെ തത്സമയം രൂപീകരിക്കുന്ന ചെറുപാഠങ്ങൾ
  • ഓരോ പാഠത്തിലും കൊച്ചു കൊച്ചു വാക്യങ്ങൾ
  • അക്ഷരങ്ങൾക്ക് തുടർവാക്യങ്ങളിൽ പുനരനുഭവം
  • ഉച്ചാരണത്തിനും ആലേഖനക്രമത്തിനും പ്രാധാന്യം
  • തെളിവെടുത്തെഴുതാൻ അവസരം
  • ഓരോ കുട്ടിക്കും തത്സമയ പിന്തുണ ഉറപ്പാക്കൽ
  • പ്രവർത്തനത്തിലെ ഓരോ ഘട്ടവും എല്ലാ കുട്ടികളും വിജയകരമായി പൂർത്തിയാക്കിയെന്ന് ഉറപ്പായ ശേഷം മാത്രം അടുത്ത ഘട്ടം
  • ഓരോ കുട്ടിക്കും അംഗീകാരവും പ്രോത്സാഹനവും
  • ഭാഷയെ സമഗ്രമായി അവതരിപ്പിക്കൽ
  • വായന, എഴുത്ത്, ആവിഷ്കാരം എന്നിവയെ കോർത്തിണക്കിയ രീതി
  • സിനിമ, അഭിനയം, ചിത്രകല, നിർമ്മാണം, നിരീക്ഷണം, സർഗാത്മകരചന എന്നിങ്ങനെ വൈവിധ്യമുള്ള തന്ത്രങ്ങൾ പ്രയോജനപ്പെടുത്തൽ
  • അധ്യാപക-വിദ്യാർഥി ബന്ധം ശക്തിപ്പെടുത്തലും വിദ്യാർഥിപക്ഷ സമീപനം ഉയർത്തിപ്പിടിക്കലും
  • ഭയരഹിതമായ അന്തരീക്ഷം

അക്ഷരവേദി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനായി പലതരം ഇടപെടലുകൾ നടത്തിയിട്ടുണ്ട്. അതിലൊന്നാണ് അക്ഷരവേദി. തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളിൽ മൂന്നു മുതൽ ഏഴുവരെ സ്റ്റാന്റേർഡുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കിടയിൽ 1989 ജൂൺ പതിനാലാം തീയതി അധ്യാപകരുടെ സഹായത്തോടെ പരിഷത്ത് നടത്തിയ സർവേ വെളിപ്പെടുത്തിയത്, നമ്മുടെ സാധാരണ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ മുപ്പത് ശതമാനത്തിലേറെപ്പേർക്ക്  മലയാളം പോലും എഴുതാനും വായിക്കാനും അറിയുകയില്ലെന്നാണ്. 397 വിദ്യാലയങ്ങളിൽ നിന്നായി 64,668 വിദ്യാർഥികളാണ് സർവേയിൽ പങ്കെടുത്തത്. ലളിതമായ ഇരുപതു വാക്കുകൾ കേട്ടെഴുത്ത് നടത്തിയതിൽ പകുതി വാക്കുകൾ പോലും എഴുതാൻ കഴിയാതിരുന്നവരുടെ എണ്ണം 24,773 ആയിരുന്നു. അതായത് 38.3%. പൂജ്യം മുതൽ ഏഴു വരെ മാർക്കു ലഭിച്ചവരുടെ എണ്ണം 17,605 (27.2%). ഇതിൽ ഭൂരിപക്ഷവും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികളായിരുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഭാഷാപഠനത്തിന് സഹായിക്കാൻ അധ്യാപകരെ തയ്യാറാക്കുന്നതിന്റെ ഭാഗമായി 'അക്ഷരവേദി' എന്ന കൈപ്പുസ്തകവും '89ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. പരിപാടി നടപ്പിലാക്കിയതിന്റെ ഫലമായി പിന്നോക്കമായിരുന്ന വിദ്യാർത്ഥികളിൽ 90% പേരെയും നിശ്ചിത നിലവാരത്തിനു മുകളിലെത്തിക്കാൻ കഴിഞ്ഞുവെന്ന് പോസ്റ്റ് ടെസ്റ്റ് തെളിയിച്ചു.

തൊട്ടടുത്ത വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച 'അക്ഷരവേദി' പ്രവർത്തനത്തിന് വീണ്ടുമൊരാക്കം ലഭിക്കുന്നത് 1992-93ലാണ്. അക്കൊല്ലമാണ് ജില്ലാ കൗൺസിലുകളും ഡയറ്റും പരിഷത്തും ചേർന്ന് 'അക്ഷരപുലരി'യെന്ന പേരിൽ മേൽപ്രവർത്തനം കുറെക്കൂടി കാര്യക്ഷമമായി എല്ലാ ജില്ലകളിലും (ആലപ്പുഴ ജില്ലയിലൊഴികെ) നടപ്പിലാക്കിയത്. എല്ലാ ജില്ലകളിലും നടത്തിയ സർവേ എഴുതാനും വായിക്കാനും കഴിയാത്ത കുട്ടികൾ ഏറെയാണെന്ന കണ്ടെത്തലിലാണ് എത്തിച്ചേർന്നത്. കഥകളും പാട്ടുകളും ശിശുസൗഹൃദരീതികളും പിന്തുടർന്ന അക്ഷരവേദി പ്രവർത്തനം യാന്ത്രികമായ രീതികളിൽ നിന്നും വഴിമാറി സഞ്ചരിക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് നൽകി. പരിഹാരബോധനപ്രക്രിയ എന്ന നിലയിലുള്ള ഇടപെടലായിരുന്നു അത്. പാഠ്യപദ്ധതി പരിഷ്കരിക്കുന്ന 1997ന് മുമ്പായിരുന്നു ഈ ഇടപെടൽ.

പൂന്തേൻ മലയാളം

കോവിഡ് കാലത്തെ ഭാഷാപഠനത്തിലെ പരിമിതികളും പ്രശ്നങ്ങളും ഒരു പരിധി വരെ പരിഹരിക്കാനായി പരിഷത്ത് പ്രവർത്തകരും തത്പരരായ ഏതാനും അധ്യാപകരും ചേർന്ന് രൂപം കൊടുത്ത ഒരു പരിപാടിയായിരുന്നു ‘പൂന്തേൻ മലയാളം’.

ആ പഠനരീതിയുടെ ഘട്ടങ്ങളും സവിശേഷതകൾ ഇങ്ങനെ ചുരുക്കിപ്പറയാം :

  • ആസ്വാദ്യപാഠങ്ങൾ
  • പൂർണമായും ആശായാവതരണ രീതി
  • തീം കേന്ദ്രിത പാഠങ്ങൾ
  • അക്ഷരങ്ങളുടെ പുനരനുഭവം
  • പാഠാവതരണ വൈവിധ്യം
  • സർഗാത്മക ആവിഷ്ക്കാരങ്ങളിലേക്ക് പോകാൻ സാധിക്കുന്ന പാഠങ്ങൾ
  • ലേഖനം, വായന, ഭാഷണം എന്നിവയ്ക്ക് ആശയാവതരണ രീതി അനുസരിച്ചുള്ള സൂക്ഷ്മപ്രക്രിയ
  • വ്യക്തിഗത പിന്തുണ കുട്ടിയുടെ അവകാശം
  • നിരന്തര വിലയിരുത്തലും പിന്തുണയും
  • പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തൽ
  • പുതിയ സന്ദർഭങ്ങളിലെ പ്രയോഗം
  • ഭിന്നശേഷിക്കാരെയും ഭിന്നനിലവാരക്കാരെയും ഭിന്നപഠനശൈലിക്കാരെയും ഭിന്നപഠനവേഗതക്കാരെയും ഉൾച്ചേർക്കൽ
  • കുടുംബത്തെ ഉൾച്ചേർക്കൽ
  • പ്രതിദിന പഠനാനന്ദം
  • ഗവേഷണാത്മക അധ്യാപനം

ഈ പ്രവർത്തനം ഗവേഷണാത്മകമായി നടപ്പിലാക്കിയ അധ്യാപകർ തങ്ങളുടെ ക്ലാസുകളിൽ കുട്ടികൾക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞുവെന്ന് സാക്ഷ്യപ്പെടുത്തി. ‘പൂന്തേൻ മലയാളം’ വിജയപ്രദമായതിനെത്തുടർന്ന്  2023 - 24 അക്കാദമിക വർഷം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഈ രീതി പ്രയോഗിക്കുന്നതിന് ഔദ്യോഗിക സംവിധാനങ്ങൾ തയ്യാറായി. പാഠ്യപദ്ധതി പരിഷ്കരിച്ചപ്പോഴും ഈ രീതി പ്രയോജനപ്പെടുത്തുകയുണ്ടായി. ആശയാവതരണരീതി പ്രകാരം തന്നെ കൃത്യമായി മുന്നോട്ടുപോയാൽ കുട്ടികൾ തെറ്റുകൂടാതെ എഴുതാനും വായിക്കാനും കഴിവ് നേടും എന്നാണ് സമീപകാലത്തെ ഇത്തരം അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.

ഭാഷയും പാർശ്വവത്കൃത വിഭാഗങ്ങളും

ആദിവാസി വിഭാഗത്തിൽ പെട്ട വിദ്യാർഥികളുടെ പഠനനിലവാരം കേരളത്തിലെ ഇതരവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ പരിതാപകരമാണ്. ചുവടെയുള്ള പട്ടിക നോക്കുക :

2021 ദേശീയ പഠനനിലവാര സർവേ- സാമൂഹികവിഭാഗാടിസ്ഥാനത്തിൽ ഭാഷാനിലവാരം- കേരളം

ശരിയായ ഉത്തരം നൽകിയവരുടെ ശതമാനം
ക്ലാസ് പട്ടിക

ജാതി

പട്ടിക

വർഗം

ഒ ബി

സി

പൊതു വിഭാഗം പൊതുവിഭാഗവും പട്ടിക വർഗവും തമ്മിലുള്ള അന്തരം
മൂന്ന് 74 57 69 72 15
അഞ്ച് 52 44 55 64 20
എട്ട് 52 42 56 64 22
പത്ത് 43 39 47 50 11

പൊതുവിഭാഗവും പട്ടികവർഗവിഭാഗവും എവിടെ നിൽക്കുന്നുവെന്ന് ഈ പട്ടിക വെളിപ്പെടുത്തുന്നു. ഗുണതയിൽ തുല്യത ഉറപ്പാക്കാൻ കേരളത്തിന് കഴിയുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മറ്റ് സാമൂഹിക വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും പട്ടികവർഗത്തിന്റെ ഈ അന്തരം പ്രകടമാണ്.

പഠനമാധ്യമവും  മാതൃഭാഷയും

2008 ലെ ‘Report on the Socio-Economic Status of Scheduled Tribes of Kerala’ എന്ന റിപ്പോർട്ട് പ്രകാരം 33.51% കൊഴിഞ്ഞുപോയി. ആദിവാസി വിദ്യാർഥികൾക്കിടയിലെ കൊഴിഞ്ഞുപോക്കിന്റെ പ്രധാനകാരണങ്ങളിലൊന്ന് വിനിമയഭാഷയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വയനാട്ടിലെ ഗോത്രവർഗവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നടത്തിയ മറ്റൊരു പഠനത്തിൽ (Adjustment of Tribal Students in Schools: Problems and Perspectives, Jeena Shelly, 2017)  66.2% കുട്ടികളും ക്ലാസിലെ വിനിമയഭാഷ മനസ്സിലാക്കുന്നതിൽ പ്രയാസം നേരിടുന്നതായി കണ്ടെത്തുകയുണ്ടായി.

മാതൃഭാഷയാകണം പഠനമാധ്യമമെന്നത് ഗോത്രവിഭാഗം കുട്ടികൾക്കും ബാധകമാണ്. പക്ഷേ കേരളം മാനകമലയാളത്തെ ഗോത്രവിഭാഗം കുട്ടികളുടെ പഠനമാധ്യമമാക്കി. ഫലമോ? ക്ലാസ് മുറികളിൽ ഗോത്രവിഭാഗം കുട്ടികൾ നിശ്ശബ്ദരായി. അധ്യാപികയുടെ മാനകമലയാളം അവർക്ക് വിദേശഭാഷയായി അനുഭവപ്പെട്ടു. ഒന്നും മനസ്സിലാകാത്ത അവസ്ഥ സംജാതമായി. പാഠം വായിക്കാനാകുന്നില്ല. പറയുന്നതും എഴുതുന്നതും ഗ്രഹിക്കാനാകുന്നില്ല. സംശയങ്ങൾ ചോദിക്കാനാകുന്നില്ല. ഉത്തരങ്ങൾ പറയാൻ പറ്റുന്നില്ല. സാംസ്കാരിക അപകർഷതാബോധം സൃഷ്ടിക്കുന്ന ഇത്തരം ക്ലാസ്മുറികൾ ഗോത്രവിഭാഗത്തിലെ കുട്ടികൾ നിശ്ശബ്ദരാക്കുന്നു.

മലയാളത്തിന്റെ ഒരു വകഭേദമാണ് ഗോത്രഭാഷ എന്ന സമീപനം പുലർത്തുന്നവരുണ്ട്. ഗോത്രപദാവലികൾ ശേഖരിച്ച് അധ്യാപകർക്ക് നൽകിയാൽ അവർ ഗോത്രവിഭാഗം കുട്ടികളുമായി ആ ഭാഷകളിൽ വിനിമയം നടത്തിക്കൊള്ളും എന്നു കരുതുന്നവരുമുണ്ട്. ഇംഗ്ലീഷിന്റെ ഡിക്ഷ്‍ണറി ഉണ്ടെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ വിനിമയം നടത്താം എന്ന് കരുതുന്നതുപോലുള്ള ഒരു അബദ്ധധാരണയാണത്. ആദിവാസി ഭാഷ സാധാരണ മലയാളിക്ക് മനസ്സിലാകാത്തതു പോലെയാണ് മാനകമലയാളം ആദിവാസിക്കുട്ടിക്ക് മനസ്സിലാകാത്തതും.

ബഹുമുഖമായ ഇടപെടൽകൊണ്ടു മാത്രമേ ഗോത്രസമൂഹസൗഹൃദ വിദ്യാഭ്യാസം സാക്ഷാത്കരിക്കാനാകൂ. അതിനുള്ള ആദ്യ ചുവടുവയ്പായി വേണം ഗോത്രഭാഷയിലുള്ള പഠനസാമഗ്രികൾ വികസിപ്പിക്കുന്നതിനെ കാണാൻ. ഒരു ലോകത്തിനുള്ളിൽ പല ലോകങ്ങളുണ്ടെന്ന കാഴ്ചപ്പാടോടെ വൈവിധ്യത്തെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസമാണ് അവസരതുല്യതയും സാമൂഹികനീതിയും ഉയർത്തിപ്പിടിക്കുക.

ദേശീയ പഠനനിലവാര സർവേയും ഭാഷാനിലവാരവും

ദേശീയതലത്തിൽ എല്ലാ സംസ്ഥാനങ്ങളുടെയും പഠനനിലവാരം എൻ സി ഇ ആർ ടി പഠിക്കാറുണ്ട്. ഇതിനുള്ള നാഷണൽ അച്ചീവ്മെന്റ് സർവേ 3, 5, 8, 10 ക്ലാസുകളിലാണ് നടത്തുക. ഒന്ന്, രണ്ട് ക്ലാസുകൾ പൂർത്തിയാകുമ്പോഴാണ് കേരളത്തിൽ എല്ലാ കുട്ടികളും എല്ലാ അക്ഷരവും പഠിക്കുന്നത്. അതിനാൽ മൂന്നാം ക്ലാസിലെ ദേശീയ നിലവാരപഠന റിപ്പോർട്ട് പരിശോധിച്ചാൽ ഭാഷാനിലവാരത്തിന്റെ പൊതുവായ അവസ്ഥ കണ്ടെത്താവുന്നതാണ്. 2013, 2017, 2021 എന്നീ വർഷങ്ങളിലെ ദേശീയ പഠനഫലം കാണിക്കുന്നത് ദേശീയ ശരാശരിയെക്കാൾ ഉയരത്തിലാണ് കേരളം എന്നാണ്.

500 സ്കോറിനെ ആസ്പദമാക്കിയാണ് പരീക്ഷ. 257 ആയിരുന്നു 2013 ലെ ദേശീയ ശരാശരി. കേരളത്തിന്റെത് 273 സ്കോർ ആയിരുന്നു. കേര ളത്തിനു തൊട്ടുമുകളിൽ നിന്ന തമിഴ്‍നാട്, സിക്കിം, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഒരു സ്കോർ മാത്രമാണ് കൂടുതലായി നേടിയത്. ചെറിയ സംസ്ഥാനങ്ങളായ ത്രിപുര, പുതുച്ചേരി, മിസോറം എന്നിവയാണ് യഥാക്രമം 281, 280, 278 സ്കോർ നേടി ഏറ്റവും മുന്നിലെത്തിയത്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും കേരളത്തിന് പിന്നിലാണ്.

2017 ൽ മൂന്നാം ക്ലാസിലെ ഭാഷയിൽ കേരളത്തിന്റെ സ്കോർ 349 ആയിരുന്നു. മുൻസർവേയുമായി താരതമ്യം ചെയ്താൽ അഭിമാനകരമായ വർധനവാണ് ദൃശ്യമായത്. ദേശീയ ശരാശരിയെക്കാൾ മുകളിലുള്ള ഏഴ് സംസ്ഥാനങ്ങളിലൊന്ന് കേരളമായിരുന്നു. നാല്പത് ശതമാനത്തിലേറെ കുട്ടികൾ ഉയർന്ന പ്രകടനം കാഴ്ചവെച്ച പത്ത് സംസ്ഥാനങ്ങളിൽ കേരളവും ഉണ്ടായിരുന്നു.

2021 ലെ ദേശീയനിലവാര പഠനത്തിൽ കേരളത്തിന് സ്കോർനിലയിൽ വ്യത്യാസം വന്നു. മൂന്നാം ക്ലാസിൽ അത് 342 ആയി കുറഞ്ഞു. കൊവി‍ഡിന്റെ സവിശേഷ സാഹചര്യത്തിൽ മുഖാമുഖ പഠനം സാധ്യമല്ലാതിരുന്നപ്പോൾ നടത്തിയ സർവേയിൽ സ്കോർ നിലയിൽ കുറവുണ്ടാകുന്നത് സ്വാഭാവികം. അതേസമയം 355 സ്കോർ നേടിയ പഞ്ചാബ് മാത്രമാണ് കേരളത്തിനു മുന്നിലുണ്ടായിരുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.  

2021 ദേശീയ പഠനനിലവാര സർവേ വിവിധ ക്ലാസുകളിലെ കേരളത്തിന്റെ പ്രകടനം (ശരാശരി സ്കോർ)

ക്ലാസ് ദേശീയം കേരളം
മൂന്ന് 323 342
അഞ്ച് 309 313
എട്ട് 302 312
പത്ത് 260 278

ദേശീയപഠനനിലവാര സർവേ നൽകുന്നത് പൊതുവായ ചിത്രം മാത്രമല്ല. അടിസ്ഥാനനിലവാരത്തിൽ എത്താത്തവർ, അടിസ്ഥാന നിലവാരത്തിലുള്ളവർ, പ്രാവീണ്യ നിലവാരക്കാർ, ഉയർന്ന നിലവാരക്കാർ എന്നിങ്ങനെ കുട്ടികളെ നാലുവിഭാഗങ്ങളായി തരംതിരിക്കുന്നു.

2021 ദേശീയ പഠനനിലവാര സർവ്വേ- കേരളത്തിലെ വിവിധ ക്ലാസു കളിലെ ഭാഷാനിലവാരം (%)

ക്ലാസ് അടിസ്ഥാനനിലവാരത്തിൽ താഴെ അടിസ്ഥാനനിലവാരത്തിലുള്ളവർ പ്രാവീണ്യനിലവാരത്തിലുള്ളവർ ഉയർന്ന നിലവാരത്തിലുള്ളവർ
3 20 30 31 19
5 18 38 33 11
8 15 45 24 16
10 35 49 15 1

അടിസ്ഥാനനിലയിലും അതിനുമുകളിലുമുള്ളവരെ ഒന്നിച്ചെടുത്താൽ ബഹൂഭൂരിപക്ഷവും ആ പരിധിയിൽ വരും.

ഭാഷയിൽ അടിസ്ഥാന നിലവാരത്തിൽ എത്താത്തവർ മൂന്നാം ക്ലാസിൽ 20%, അഞ്ചിൽ 18%, എട്ടിൽ 15% എന്നിങ്ങനെയാണെങ്കിൽ പത്തിൽ അത് ആകെ കുട്ടികളുടെ മൂന്നിലൊന്നു വരും. വളരെ ഗൗരവത്തോടെ സമീപിക്കേണ്ട പ്രശ്നമാണിത്. താഴ്ന്ന ക്ലാസുകളിലെ അവസ്ഥയും അതോടൊപ്പം പരിഹരിക്കപ്പെടണം. വളരെ ഉയർന്ന നിലവാരക്കാരും പത്താം ക്ലാസിൽ കുറവാണ്. എന്തായിരിക്കാം ഇതിന് കാരണം? പത്തിലെ പരീക്ഷയ്ക്ക് വേണ്ടിയുള്ള കോച്ചിംഗ് രീതി ഗുണനിലവാരത്തെ ബാധിക്കുന്നുണ്ടോ? ഭാഷയ്ക്കുള്ള പിരീഡുകളും ഉള്ളടക്കവും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ? പ്രക്രിയാധിഷ്ഠിതമായി വിനിമയം ചെയ്യാനുള്ള അവസരം ലഭ്യമാകുന്നുണ്ടോ? നിരന്തര വിലയിരുത്തലും നിരന്തരപിന്തുണയും പ്രശ്നപരിഹരണത്തിനായി ഉപയോഗപ്പെടുത്തുന്നി ല്ലേ? പ്രൈമറി തലങ്ങളിൽ നടക്കുന്നതുപോലെ നിലവാരം ഉയർത്താനുള്ള ഗവേഷണാത്മക പ്രവർത്തനങ്ങൾ ഉയർന്ന ക്ലാസുകളിൽ നടക്കുന്നില്ലേ? ഒന്നാം ടേമിലും രണ്ടാം ടേമിലും പരീക്ഷ നടത്തി കുട്ടികളുടെ നിലവാരം കണ്ടെത്താൻ അവസരമുള്ള സംസ്ഥാനമാണ് കേരളം. അത്തരം അക്കാദമിക വിശകലനങ്ങൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കുന്നില്ല എന്നത് നിർഭാഗ്യകരമാണ്. ഇത് പരിഹരിച്ചേ തീരൂ.

പിന്തള്ളപ്പെടുന്നവരുടെ പക്ഷത്ത് നിന്നുകൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ വിശകലനം ചെയ്യാനും കാരണം കണ്ടെത്തി പരിഹരിക്കാനും കേരളം പ്രാധാന്യം നൽകേണ്ടതുണ്ട്. ഇതിന് സഹായകമായ രീതിയിൽ ഭാഷാപഠനത്തിൽ ഇനിയും അന്വേഷണങ്ങളും നവീകരണങ്ങളും തുടരേണ്ടതുണ്ട്. ഇതിനുള്ള കൂട്ടായ്മകൾ ഇനിയും നിർമിച്ചെടുക്കാൻ നമുക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.