ഇന്ത്യാസ്റ്റോറി - കലാജാഥ 2025
ഇന്ത്യാസ്റ്റോറി -കലാജാഥ - ആമുഖക്കുറിപ്പ്
ശാസ്ത്രകലാജാഥ എന്ന രംഗാവതരണരൂപത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം നൽകുന്നത് 1980ലാണ്. കേരളത്തിലെ ജനകീയദൃശ്യകലാരൂപങ്ങളുടെ സാധ്യതകളെ വിപുലമായ തോതിലുള്ള ബഹുജനബോധനത്തിന് ഉപയോഗപ്പെടുത്താനാവുമോ എന്ന അന്വേഷണത്തിന്റെ കണ്ടെത്തലായിരുന്നു അത്. സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങൾ സംബന്ധിച്ച് ജനങ്ങളുമായി പങ്കുവയ്ക്കാനുള്ള ആശയങ്ങൾ വിവിധ ദൃശ്യകലാരൂപങ്ങളിലൂടെ വിനിമയം ചെയ്തുകൊണ്ട് തുടർന്നിങ്ങോട്ടുള്ള ഏതാണ്ടെല്ലാ വർഷങ്ങളിലും പരിഷത്ത് സംസ്ഥാനവ്യാപകമായി ശാസ്ത്രകലാജാഥകൾ നടത്തിപ്പോന്നിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ അവിടങ്ങളിലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുമായി സഹകരിച്ച് കലാജാഥകൾ നടത്താനും പരിഷത്തിന് കഴിഞ്ഞു. കാലികമായ വിഷയങ്ങളിൽ സർഗാത്മക സംവാദത്തിന് വഴിയൊരുക്കി പ്രശ്‌നങ്ങളുടെ ആഴങ്ങളിലേക്ക് സമൂഹശ്രദ്ധ തിരിക്കാനും, കാര്യകാരണബന്ധിതമായ പരിഹാരാന്വേഷണത്തിലേക്ക് നയിക്കാനും ശാസ്ത്രകലാജാഥകളിലൂടെ പരിഷത്ത് നടത്തിയ ഇടപെടലുകൾ ചരിത്രത്തിന്റെ ഭാഗമാണ്.
ശാസ്ത്രകലാജാഥ എന്ന ആശയപ്രചരണരൂപം രൂപംകൊണ്ടിട്ട് 45 വർഷം പൂർത്തിയാകുന്ന ഈ സന്ദർഭത്തിൽ അതിന്റെ പുതിയ പതിപ്പുമായി പരിഷത്ത് ജനസദസ്സുകളിലേക്ക് എത്തുകയാണ്. ഇത് പരിഷത്തിന്റെ 40-ാമത് കലാജാഥയാണ്. ഒരു ആശയമെന്ന നിലയിൽ ഇന്ത്യ ഇന്ന് നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന ഇന്ത്യാസ്റ്റോറിയെന്ന നാടകമാണ് ഈ കലാജാഥ അവതരിപ്പിക്കുക.
ജനാധിപത്യം കുത്തകകൾ ഒരുക്കുന്ന കെട്ടുകാഴ്ചകളുടെയും ഭരണകൂടത്തിന്റെ കൺകെട്ടുകളുടെയും പര്യായമായി മാറുമ്പോൾ, കാണേ കാണേ കൺവെട്ടത്തുനിന്നും ബഹുസ്വരത, മതേതരത്വം, ലിംഗനീതി, തുല്യത, മാനവികത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ മാത്രമല്ല ഭരണഘടന തന്നെയും മായ്ക്കപ്പെടുമ്പോൾ നൈരാശ്യത്തിനും നിസംഗതയ്ക്കും അപ്പുറം ജാഗ്രതയുടേയും ചെറുത്തുനിൽപ്പിന്റെയും പടയണി ഒരുക്കാൻ ഇന്ത്യാസ്റ്റോറി നാടകം ലക്ഷ്യമിടുന്നു. രാജ്യത്ത് വളരുന്ന വർഗീയ-വിഭാഗീയ ശക്തികൾ ഇവിടെയും വേരോട്ടത്തിന് ശ്രമം നടത്തുന്നു. അതിനു കുടപിടിക്കുന്ന സമഗ്രാധിപത്യ ഭരണം പല രീതിയിൽ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു. കാലാവസ്ഥാ വ്യതിയാനം നവകേരള സങ്കല്പങ്ങൾക്കുമുന്നിൽ പർവതസമാനമായ പ്രതിസന്ധികൾ തീർക്കുമ്പോഴും ശാസ്ത്രവിജ്ഞാനത്തിൻ്റെയും യാഥാർത്ഥ്യബോധത്തിന്റെയും കരുത്തുറ്റ അടിത്തറയിൽ സുസ്ഥിരവികസന പാതയിലൂടെ വെല്ലുവിളികൾ മറികടന്ന് കേരളത്തിന്റെ ഭാവി ഭൂമിക സാധ്യമാക്കണമെന്ന ഇച്ഛാശക്തി ജനങ്ങളിലേക്ക് പകരാൻ നാടകയാത്ര ഊർജ്ജമാകും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
2025 ജനു. 19-ഫെബ്രു.11 കാലയളവിലാണ് നാടക പര്യടനം. ഈ കാലയളവിൽ മൂന്ന് നാടക സംഘങ്ങൾ, നിത്യേന നാല് വേദികൾ എന്ന കണക്കിൽ കേരളത്തിലെ ഇരുനൂറോളമിടങ്ങളിൽ നാടകം അവതരിപ്പിക്കും. കാസറകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അവതരണം നടത്തുന്ന നാടകയാത്ര ജനു. 19ന് കോഴിക്കോട് ജില്ലയിലെ കണ്ണിപ്പൊയിലിൽ നിന്ന് ആരംഭിച്ച് ഫെബ്രു. 3ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സമാപിക്കും. ജനു. 26-ഫെബ്രു. 11 കാലയളവിലാണ് മറ്റ് രണ്ട് സംഘങ്ങളുടെയും പര്യടനം. അവയിലൊന്ന് തൃശൂർ ടൗണിൽ നിന്ന് പുറപ്പെട്ട് പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ അവതരണം നടത്തി കോട്ടയം ജില്ലയിലെ വൈക്കത്തും, രണ്ടാമത്തേത് കൊല്ലം ജില്ലയിലെ വയ്യാനത്ത് നിന്ന് ആരംഭിച്ച് കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ അവതരണം നടത്തിയശേഷം ആലപ്പുഴയിലും സമാപിക്കും.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിക്കുന്ന ഈ നാടകയാത്ര തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ പി. ജി വിദ്യാർഥി എം.എസ്. അരവിന്ദാണ് രചനയും സംവിധാനവും നിർവഹിച്ചത്. നാടകത്തിലെ ഗാനങ്ങളുടെ രചന എം.എം. സചീന്ദ്രൻ, ജി. രാജശേഖരൻ എന്നിവരും സംഗീതസംവിധാനം സന്ദീപ്കുമാർ (സ്‌കൂൾ ഓഫ് ഡ്രാമ, തൃശൂർ), സുരേഷ്ബാബു ചെണ്ടയാട്, കൃഷ്ണകുമാർ തലശ്ശേരി എന്നിവരും നിർവഹിച്ചു. നാടകത്തിന്റെ പശ്ചാത്തല സംഗീതം ബി.എസ്. ശ്രീകണ്ഠൻ ചിട്ടപ്പെടുത്തിയപ്പോൾ രംഗസാമഗ്രികൾ വിഷ്ണു ശാരി ഒരുക്കി. നാടകത്തിന്റെ രംഗാവിഷ്‌കാര ശിൽപശാല 2024 ഡിസംബർ 24 മുതൽ 31 വരെ പാലക്കാട് ഐ.ആർ.ടി.സി. കാമ്പസ്സിൽവച്ചാണ് നടന്നത്. ഡോ. കാവുമ്പായി ബാലകൃഷ്ണൻ, എം.എം സചീന്ദ്രൻ, എൻ. വേണുഗോപാലൻ, എ.എം ബാലകൃഷ്ണൻ, ബി. രമേശ്, ജയകുമാർ (കൺവീനർ) തുടങ്ങിയവർ ആശയ രൂപീകരണം മുതൽ രംഗാവിഷ്കാരം വരെയുള്ള വിവിധ ഘട്ടങ്ങളിൽ നടന്ന ചർച്ചകളിൽ ക്രിയാത്മക പങ്കാളിത്തം വഹിച്ചു. ജാഥാസംഘങ്ങളുടെ പരിശീലനക്കളരികൾ കോഴിക്കോട് ജില്ലയിലെ കണ്ണിപ്പൊയിൽ (2025 ജനു. 12 മുതൽ 19 വരെ), കൊല്ലം ജില്ലയിലെ ചിതറ (2025 ജനു. 16 മുതൽ 25 വരെ), തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് (2025 ജനു. 18 മുതൽ 25 വരെ) എന്നിവിടങ്ങളിലും.
ക്യാമ്പുകൾ ജനപങ്കാളിത്തത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ച സംഘാടകരോടും പരിഷത്ത് പ്രവർത്തകരോടും ജാഥാ സ്വീകരണ കേന്ദ്രങ്ങൾ വൈവിധ്യമാർന്ന അനുബന്ധ പരിപാടികളോടെ സംഘടിപ്പിക്കാൻ സജ്ജരായ സുമനസ്സുകളോടും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിസീമമായ കൃതജ്ഞത രേഖപ്പെടുത്തട്ടെ. നാടകം വായനക്കാർക്കും നാടകാസ്വാദകർക്കുമായി സമർപ്പിക്കുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
അവതരിപ്പിക്കുന്ന നാടകം
''മെഗാ കാസ്റ്റിംഗ് ഷോ എന്ന് വലിപ്പത്തിലെഴുതിയ ഒരു ബാനർ പിന്നരങ്ങിൽ കാണാം.
ഒരു അറിയിപ്പ് ഉച്ചത്തിൽ:
രാജ്യം കണ്ട മഹാ സംവിധായകന്റെ ദി ഗ്രേറ്റ് ഡയറക്ടറുടെ പുതിയ പ്രൊജക്ടിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന പരിപാടി ഇതാ അൽപനേരത്തിനുള്ളിൽ ഇവിടെ ആരംഭിക്കുന്നു.
കുറച്ചുനേരം പിന്നിട്ടിട്ടും രംഗവേദിയിൽ ഒന്നും സംഭവിക്കാത്തതിനാൽ കാണികൾ മെല്ലെ അസ്വസ്ഥരാകാൻ തുടങ്ങുന്നു. കാണികൾക്കിടയിലൂടെ കടന്നുവരുന്ന ഒരാൾ സദസ്സിൽത്തന്നെ നിന്ന് പൊതുവായി ചോദിക്കുന്നു: ഇതുവരെ തുടങ്ങിയില്ലേ?
മറ്റൊരു പ്രേക്ഷകനും എഴുനേറ്റ് ചോദിക്കുന്നു:
എന്താണൊരു താമസം? ഉത്തരവാദപ്പെട്ട ആരെയും ഇവിടെ കാണാനില്ലല്ലോ?
ചോദ്യങ്ങൾ സദസ്സിൽ അവിടവിടെനിന്നും കൂടുതലായി ഉയരുന്നു. അവ കൂടിക്കലർന്ന് ചെറിയൊരു ബഹളമാകുമ്പോൾ അവതാരകൻ ധൃതിയിൽ പ്രവേശിക്കുന്നു. സൗമ്യമായ പുഞ്ചിരിയോടെ സദസ്സിനെ ശാന്തമാക്കി സംസാരിച്ചു തുടങ്ങുന്നു
അവതാരകൻ:
ബഹുമാന്യരേ, വളരെ അപ്രതീക്ഷിതമായി സംഭവിച്ച ചില സാങ്കേതിക തടസ്സങ്ങൾ കാരണമാണ് പരിപാടി തുടങ്ങാൻ വൈകിയത്. നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു.
അവതാരകന്റെ കയ്യിലുള്ള റിസീവർ ശബ്ദിക്കുന്നു. അയാൾ അതിലൂടെ സംസാരിക്കുന്നു: ജി........ ഓക്കേ, ഓക്കേ ഓക്കേ, ഇല്ല കൃത്യസമയത്തുതന്നെ തീർത്തേക്കാം. ക്‌ളിയറായി. വ്യക്തമാണ്. ജീ..ജീ
സദസ്സിനോട്:
പ്രിയമുള്ളവരേ, പരിപാടി എത്രയുംവേഗം തുടങ്ങാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇനി ഒട്ടും വൈകുന്നില്ല, സുഹൃത്തുക്കളേ..രാജ്യവാസികളേ.., ഏഴ് പതിറ്റാണ്ടിലേറെ കാലമായി അഖണ്ഡമായി നിലനിന്നും വിജയകരമായി പ്രവർത്തിച്ചും വരുന്ന ഈ ഭാരതനടനവേദിയുടെ പ്രിയ മിത്രങ്ങളേ, പ്രണാമം. ഞങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങളെല്ലാവരും ഭാരതനടനവേദിയുടെ അംഗങ്ങളാണ്, പങ്കാളികളാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, മഹാന്മാരും അല്ലാത്തവരുമായ പല സംവിധായകരും മുൻകാലങ്ങളിൽ ഈ നടനവേദിക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ ഡയറക്ടറുടെ കീഴിലാകട്ടെ ഈ നടനവേദി ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നോളം വന്നവരിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് അദ്ദേഹമെന്ന് ഞാൻ പറയാതെതന്നെ നമുക്കറിയാം. ഇന്നിതാ അദ്ദേഹം, ദ ഗ്രേറ്റ് ഡയറക്ടർ, തന്റെ അടുത്ത പ്രൊജക്ടിലേക്ക് വേണ്ട അഭിനേതാക്കളെയും മറ്റുംഇവിടെ വച്ച് തെരഞ്ഞെടുക്കുകയാണ്. നിങ്ങളേവരെയും ഈ മെഗാ കാസ്റ്റിംഗ് ഷോയിലേക്ക് സ്വാഗതംചെയ്യുന്നു.
(തീം മ്യൂസിക് മുഴങ്ങുന്നു)
അവതാരകൻ:
തെരഞ്ഞെടുപ്പിന്റ അവസാനഘട്ടമാണ് ഇവിടെ നടക്കാൻ പോകുന്നത്. ആശയങ്ങൾ നൽകാൻ കഴിവുള്ളവർ, ആശയപരമായ കൃത്യതയുള്ളവർ, സമൂഹം എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കിയിട്ടുള്ളവർ തുടങ്ങി തികച്ചും വ്യത്യസ്തമായ കഴിവുകളുള്ളവരെയാണ് ആവശ്യം. അങ്ങനെയുള്ള 5 പേർക്ക് ഇപ്പോൾ കടന്നുവരാം.
മത്സരാർത്ഥികൾ വേദിയിലേക്ക് വരുന്നു.
അവതാരകൻ:
മത്സരം ആരംഭിക്കുന്നതിനുമുമ്പായി കളിയുടെ നിയമങ്ങൾ ഒരിക്കൽ കൂടി അറിയിക്കുകയാണ്. മത്സരത്തിന്റെ എല്ലാ കാര്യത്തിലും ഗ്രേറ്റ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും. മത്സരാർത്ഥികൾ വിവിധങ്ങളായ റൗണ്ടുകളിലൂടെ കടന്നുപോകേണ്ടിവരും. പക്ഷേ, സമയം, അത് വളരെ പ്രധാനമാണ്. നിശ്ചിത സമയത്തിനുള്ളിൽ ടാസ്‌കുകൾ പൂർത്തിയായില്ലെങ്കിൽ സൈറൺ മുഴങ്ങും. പരിപാടിയിൽ ഏതുസമയത്തും എങ്ങനെയുള്ള മാറ്റങ്ങൾ വരുത്തുവാനും ഡയറക്ടർക്ക് അധികാരമുണ്ടായിരിക്കും. ഡയറക്ടറുടെ തീരുമാനം ചോദ്യം ചെയ്യാൻ പാടുള്ളതല്ല. ഓർക്കുക, നിങ്ങൾ അദ്ദേഹത്തിന്റെ നിരീക്ഷണ വലയത്തിലാണ്. യു ആർ അണ്ടർ സർവൈലൻസ്. മത്സരാർത്ഥികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ പൂർണ്ണമായ സ്വാതന്ത്ര്യം അനുവദിച്ചു തന്നിട്ടുണ്ട്. മത്സരാർത്ഥികളുടെ പ്രകടനത്തിനുശേഷം പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെയാണ് അന്തിമ തെരഞ്ഞെടുപ്പ്. തീർത്തും സുതാര്യവും ജനാധിപത്യപരവുമായ രീതിയിലായിരിക്കും തെരഞ്ഞെടുപ്പ്. ഇപ്പോൾ ഇതേസമയം രാജ്യത്തെ 140 കോടി ജനങ്ങളും ഈ പ്രക്രിയയിൽ പങ്കാളികളായി ക്കൊണ്ടിരിക്കുകയാണ്. തെരെഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് അടുത്ത അഞ്ച് വർഷത്തേക്ക് അവസരങ്ങളുടെ പെരുമഴയാണ്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി മത്സരാർത്ഥികളും പ്രേക്ഷകരും സഹകരിക്കുക. എല്ലാവർക്കും കളി നിയമങ്ങൾ ബോധ്യമായി എന്ന് കരുതുന്നു. എങ്കിൽ നമുക്ക് തുടങ്ങാം. . . ആദ്യം സെൽഫ് ഇൻട്രൊഡക്ഷൻ റൗണ്ട്. മത്സരാർത്ഥികളെ അറിയുക. നോ യുവർ പാർട്ടിസിപ്പന്റ്. അപ്‌നേ പ്രതിഭാഗിയോംകോ ജാനേ
മത്സരാർത്ഥികൾ സ്വയം പരിചയപ്പെടുത്തുന്നതിനുള്ള ക്രമം ഒരു കസേര കളിയിലൂടെയാണ് നിശ്ചയിക്കുന്നത്. ആദ്യത്തെ റൗണ്ടിൽ പുറത്താകുന്ന ആളാണ് ആദ്യം പരിചയപ്പെടുത്തുന്നത്. അയാളുടെ പരിചയപ്പെടുത്തലിന് ശേഷം വീണ്ടും കളി തുടരുകയും അതിൽ പുറത്താകുന്നയാൾ മുന്നോട്ടുവന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്യും.
ഒന്നാമത്തെയാൾ:
ഞാനൊരു തൊഴിലന്വേഷകനാണ്. എന്റെ അച്ഛൻ ഒരു ഫാക്ടറി തൊഴിലാളിയായിരുന്നു. ചെറുപ്പത്തിൽ അച്ഛനെന്നെ ഒരുപാട് നാടകങ്ങളും സിനിമകളും കാണിക്കാൻ കൊണ്ടു പോകുമായിരുന്നു. അങ്ങനെയാ എനിക്ക് അഭിനയമോഹമൊക്കെ വന്നത്. ഫാക്ടറിയിൽ ഒരിക്കലൊരു വാതക ചോർച്ചയുണ്ടായി അച്ഛൻ മരണപ്പെട്ടു. അവിടം മുതൽ കുടുംബത്തിന്റെ ഉത്തരവാദിത്വം എന്റെ ചുമലിലായി. ഞാനും അമ്മയും മാത്രമാ ഇപ്പോൾ വീട്ടിലുള്ളത്. അഭിനയമോഹം ഉള്ളിലങ്ങനെ കത്തിനിൽക്കുകയാ. അതങ്ങ് വിട്ടുകളയാൻ പാടില്ലല്ലോ. അതുകൊണ്ട് എനിക്ക് ഈ വേദി അത്യാവശ്യമാണ്. അതിനെനിക്ക് എല്ലാവരുടെയും സപ്പോർട്ട് വേണം. എല്ലാവരും എനിക്ക് വോട്ട് ചെയ്യണം
രണ്ടാമത്തെയാൾ(സ്ത്രീ):
ഹലോ ഓൾ..എന്നെ നിങ്ങൾ അങ്ങനെ സിനിമയിലോ നാടകത്തിലോ കണ്ടുകാണില്ല. ആദ്യായിട്ടാണ് ഇങ്ങനെ ഒരു വലിയ വേദിയിൽ ഞാൻ വരുന്നത്. ഇതുതന്നെ ഞാൻ എത്രയോ ഫൈറ്റ് ചെയ്തിട്ടാണ് ഇവിടെ എത്തിയത്. ഇവിടെയിരിക്കുന്ന ചേച്ചിമാർക്ക് അത് നന്നായി. മനസ്സിലാവും. സോറി, ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നുപോയി. ഞാനൊരു ഗവേഷണ വിദ്യാർത്ഥിനിയാണ്. പക്ഷേ അഭിനയത്തിലൂടെ എന്നെ കണ്ടെത്താനാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഈ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഒരു മാറ്റം കൊണ്ടുവരാനും ഞാൻ ഉദ്ദേശിക്കുന്നു. അതിന് നിങ്ങളെല്ലാവരും എന്നെ സപ്പോർട്ട് ചെയ്യണം.
മൂന്നാമത്തെയാൾ:
ഞാൻ ഒരു ഇൻഫ്‌ളുവൻസറാണ്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ. 3 മില്യൻ ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റഗ്രാമിൽ എനിക്കുള്ളത്. ഒരു കൊളാബൊറേഷന് ലക്ഷങ്ങളാണ് ഞാൻ വാങ്ങുന്നത്. പക്ഷേ ലക്ഷങ്ങളല്ല ലക്ഷ്യങ്ങളാണ് എനിക്ക് പ്രധാനം. അതിനുവേണ്ടിയാണ് ഞാൻ ഇവിടെ എത്തിയത്. നിങ്ങളുടെ എല്ലാം സപ്പോർട്ട് എനിക്ക് വേണം.
നാലാമത്തെയാൾ:
കുമാർ. രജനികുമാർ. തൂത്തുക്കുടി രജനികുമാർ. എനിക്ക് മലയാളം കുറച്ചൊക്കെ അറിയും. ഞാൻ ജോലി ചെയ്യുന്നത് വയനാട്ടിലെ ഒരു പ്ലാന്റേഷനിലാണ്. വയനാട് ....... നിങ്ങൾക്കറിയാമല്ലോ? കഷ്ടിച്ച് ജീവൻ കിട്ടിയെന്നേയുള്ളൂ. മൂന്നുമാസമായി പണിയില്ല. അപ്പോൾ എന്റെ ഫ്രണ്ട് പറഞ്ഞു, ഉൻ സ്റ്റൈൽ പാത്താലെ സൂപ്പർസ്റ്റാർ മാതിരി ഇരിക്കടാന്ന്. അതിനാലേ ഞാൻ ഇങ്കെ വന്താച്ച്. എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യണം
അഞ്ചാമത്തെയാൾ(സ്ത്രീ):
ഞാൻ ഒരു എഴുത്തുകാരിയാണ്. സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെടുന്നവരുടെയും പക്ഷം ചേർന്നായിരുന്നു എന്റെ എഴുത്ത്. മാനവികതയുടെയും മതേതരത്വത്തിന്റെയും കൂടെയായിരുന്നു എന്റെ എഴുത്ത്. സ്വാഭാവികമായും അത് ചിലരെ അസ്വസ്ഥരാക്കി.. അവർ എന്നെയും എന്റെ പുസ്തകങ്ങളെയും ശത്രുപക്ഷത്ത് നിർത്തി. ശാരീരികമായും മാനസികമായും ഭീഷണിപ്പെടുത്തി. പിന്നെ സോഷ്യൽ മീഡിയയിലൂടെ ഒടുക്കത്തെ സൈബർ ലിഞ്ചിങ്ങും. ഞാനിപ്പോൾ എഴുതാറില്ല. അവർ പറയുന്നതുപോലെ എഴുതാൻ എനിക്ക് സൗകര്യമില്ല. എങ്കിലും ഞാൻ തുടരും. എനിക്ക് പറയാനുള്ളത് ഞാൻ നേരിട്ട് ജനങ്ങളോട് പറയും. അതിനാണ് ഞാൻ ഈ പ്ലാറ്റ്‌ഫോമിൽ വന്നത്. സോ എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യണം
അവതാരകൻ:
പ്രിയ പ്രേക്ഷകരെ, അങ്ങനെ ആദ്യ റൗണ്ട് പൂർത്തിയായിരിക്കുന്നു. മത്സരാർത്ഥികൾ വളരെ സമയബന്ധിതമായി തന്നെ ഒന്നാം റൗണ്ട് പിന്നിട്ടിരിക്കുന്നു. വലിയൊരു കയ്യടിയോടെ നമുക്ക് അവരെ പ്രോത്സാഹിപ്പിക്കാം. ഗിവ് ദം എ ബിഗ് ഹാൻഡ്. ഒട്ടും സമയം കളയാതെ നമുക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാം. നമ്മൾ പോകുന്നു രണ്ടാം റൗണ്ടിലേക്ക്. തെരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ സ്വന്തം ചിന്തകൾ ആശയങ്ങൾ അഭിപ്രായങ്ങൾ അഭിലാഷങ്ങൾ വികാരങ്ങൾ എന്നിവ പ്രകടിപ്പിക്കുക എന്നതാണ് ഈ റൗണ്ടിൽ മത്സരാർത്ഥികൾ ചെയ്യേണ്ടത്. എല്ലാവർക്കും വിജയാശംസകൾ. നമുക്ക് ആരംഭിക്കാം, ഗ്രൂപ്പ് ഡിസ്‌കഷൻ റൗണ്ട്. സമൂഹ് ചർച്ചാ ദൌർ.
പ്രേക്ഷകർക്കിടയിലൂടെ രണ്ടുപേർ ഒരു ബൗളുമായി വരുന്നു. വേദിയിൽ ഒരുക്കിയിട്ടുള്ള മേശയിൽ ബൗൾ വച്ച് അവർ മടങ്ങിപ്പോകുന്നു. അഭിനേതാക്കളിൽ ഒരാൾ ബൗളിൽ നിന്നും ഒരു കടലാസ് കഷണം പുറത്തെടുക്കുന്നു. അതിൽ എഴുതിയിട്ടുള്ള വിഷയം അയാൾ വായിക്കുന്നു:
ഭാരതീയ നാരീ സങ്കല്പം
അപ്പോൾ ഗ്രേറ്റ് ഡയറക്ടറുടെ ശബ്ദത്തിൽ വിഷയത്തിന്റെ വിശദാംശങ്ങൾ ഇപ്രകാരം കേൾക്കുന്നു:
മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ എല്ലാ തലങ്ങളിലും സ്ത്രീത്വം ജഗദ് സ്വരൂപിയുടെ സർഗസാക്ഷാത്കാരമായാണ് ഭാരത സംസ്‌കൃതി നിർവചിച്ചിരിക്കുന്നത്. യത്ര നാര്യസ്തു പൂജ്യന്തെ, രമന്തേ തത്ര ദേവത: അതുകൊണ്ടുതന്നെ കുലസ്ത്രീ സാമൂഹികാചാരങ്ങളിലും ലോകകാര്യങ്ങളിലും ആത്മീയ കുടുംബാന്തരീക്ഷങ്ങളിലും ഒരുപോലെ വിളങ്ങുന്നവളായിരിക്കണം. ഇതാണ് ഭാരതീയ നാരീ സങ്കല്പം
അവതാരകൻ:
അതെ, എത്ര ഉദാത്തവും മനോഹരവുമായ സ്ത്രീ സങ്കല്പം. ചർച്ച ആരംഭിക്കട്ടെ
തൊഴിലന്വേഷകൻ:
എന്ത് ഉദാത്തം? ഭർത്താവിന്റെ ചിതയിലേക്ക് ഭാര്യയെ ജീവനോടെ എറിഞ്ഞു കത്തിച്ചതാണോ? ചിതയിൽ നിന്നും കുതറി ചാടിയ രൂപ് കൻവാറിനെ വീണ്ടും ചിതയിലേക്ക് തള്ളിയിട്ടതാണോ?
അവതാരകൻ:
അതൊക്കെ ആചാരങ്ങളല്ലേ?
ഇൻഫ്‌ളുവൻസർ:
ഇപ്പോഴത്തെ കാലത്ത് എല്ലാം ഓക്കേ അല്ലേ ഗൈസ്? എല്ലാം മാറിയില്ലേ? എല്ലാരും ചില്ലല്ലേ?
ഗവേഷക:
കാലങ്ങളായി അടിച്ചമർത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ് സ്ത്രീകൾ. ഒരുപാട് വിവേചനങ്ങളും അസമത്വങ്ങളും നേരിട്ടുകൊണ്ടാണ് ഓരോ സ്ത്രീയും മുന്നോട്ടുവന്നിട്ടുള്ളത്
എഴുത്തുകാരി:
തുല്യത -അതൊരു മനുഷ്യാവകാശത്തിന്റെ പ്രശ്‌നമാണ്. സാമൂഹിക നീതിയുടെ പ്രശ്‌നമാണ്. എല്ലായിടത്തും ഇത് സ്ഥാപിച്ചെടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല
തൊഴിലന്വേഷകൻ:
ആരു പറഞ്ഞു? അവർക്ക് വേണ്ട സ്വാതന്ത്ര്യവും സംരക്ഷണവും ഞങ്ങൾ കൊടുക്കുന്നുണ്ട്
ഗവേഷക:
നിങ്ങളാരാ ഇതൊക്കെ കൊടുക്കാൻ? ഇതൊക്കെ ഞങ്ങളുടെ ബേസിക് ഹ്യൂമൻ റൈറ്റ്‌സ് ആണ്. അല്ലാതെ നിങ്ങൾ കനിഞ്ഞ് തരേണ്ടതല്ല.
ഇൻഫ്‌ളുവൻസർ:
ഹ്യൂമൻ റൈറ്റ്‌സ്! മണ്ണാങ്കട്ട!! അതെല്ലാം നിങ്ങൾക്ക് മാത്രം. ഞങ്ങൾക്ക് ഒന്നുമില്ല
തൊഴിലാളി:
അതെ.. ബസ്സിൽ റിസർവേഷൻ, ട്രെയിനിൽ റിസർവേഷൻ, എല്ലായിടത്തും റിസർവേഷൻ. ഞങ്ങൾക്കൊന്നുമില്ല. പക്ഷേ ഒരു പ്രശ്‌നം വന്നാലോ? തീരുമാനമെടുക്കാൻ ഞങ്ങൾ, ആണുങ്ങൾ തന്നെ വേണം
ഗവേഷകയും എഴുത്തുകാരിയും:
അതാണ് പ്രശ്‌നം. ആ മനോഭാവമാണ് പ്രശ്‌നം
എഴുത്തുകാരി:
അതുകൊണ്ടാണല്ലോ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്ന വേദികളിലും സ്ത്രീകളുടെ പങ്കാളിത്തം കുറവായിരിക്കുന്നത്. ഇങ്ങനെ പോയാൽ ആ മേഖലയിൽ ലിംഗസമത്വം നേടാൻ ഇനിയുമൊരു 140 കൊല്ലം കൂടി കാത്തിരിക്കണമെന്നാണ് കണക്കുകൾ പറയുന്നത്.
ഗവേഷക:
നമ്മുടെ ലോകസഭയിൽ 542 പേരിൽ 78 പേരാണ് വനിതകൾ. 14ശതമാനം മാത്രം. കേരള നിയമസഭയിൽ 140ൽ 12 പേർ മാത്രമാണ് സ്ത്രീകൾ. ഇതാണ് കണക്കുകൾ.
എഴുത്തുകാരി:
ഇതൊക്കെ എഴുതിയതിനാണ് സോഷ്യൽ മീഡിയയിൽ എന്നെ അവരെല്ലാം ചേർന്ന് ആക്രമിച്ചത്
തൊഴിലന്വേഷകൻ:
തെരഞ്ഞെടുക്കപ്പെട്ട അധികാര കേന്ദ്രങ്ങളിൽ സ്ത്രീകളുടെ നേതൃത്വം നിർബന്ധമായും ഉണ്ടാവണം എന്നാണ് എന്റെ അഭിപ്രായം
ഗവേഷക:
സ്ത്രീ, പുരുഷൻ എന്നതിലുപരി എല്ലാ ജൻഡർ ഐഡന്റിറ്റികളെയും അതായത് ട്രാൻസ്‌ജെൻഡർ, ഇന്റർ സെക്‌സ്, നോൺ ബൈനറി, ജൻഡർ ഫ്ലൂയിഡ് തുടങ്ങിയ എല്ലാവരെയും പരിഗണിച്ചുകൊണ്ടുള്ള ഒരു മാറ്റമാണ് ഉണ്ടാകേണ്ടത്.
എഴുത്തുകാരി:
അവരുടെ പ്രശ്‌നം വ്യത്യസ്തമാണ്. മാന്യമായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവസരം കിട്ടുന്നില്ല എന്നതാണ് അതിൽ പ്രധാനം. ആ പ്രശ്‌നങ്ങൾ കൂടി പരിഹരിക്കുമ്പോഴേ ലിംഗ തുല്യത പൂർത്തിയാകൂ .
രജനികുമാർ:
തൊഴിൽ കെടച്ചാൽ പ്രശ്‌നം തീരുമോ? തൊഴിൽ രംഗത്ത് പെൺകൾ പ്രശ്‌നങ്ങൾ നേരിടുന്നില്ലേ? സിനിമയിൽ തൊഴിൽ ചെയ്യുന്ന പെൺകൾ എന്നെന്ന അനീതി, അക്രമം അനുഭവിക്കുന്നെന്ന് അന്ത ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോ നമ്മളൊക്കെ പാത്തതല്ലേ? മാത്രമോ, എത്രയോ വർഷമായി ഒരു നടി നീതിതേടി കോടതി കേറി ഇറങ്ങി നടക്കുന്നു!
തൊഴിലന്വേഷകൻ:
എന്തൊരു പ്രശ്‌നം വന്നാലും, അതിപ്പോൾ യുദ്ധമായാലും വർഗീയ കലാപമായാലും പ്രകൃതിദുരന്തമായാലും അതിനൊക്കെ ഇരയാകുന്നത് കൂടുതലും സ്ത്രീകളും ദുർബലരുമാണ്
ഇൻഫ്‌ളുവൻസർ:
അത് ശരിയാണ്. മണിപ്പൂരിൽ ആ പെൺകുട്ടികളുടെ അവസ്ഥ... അതിന്റെ വീഡിയോ ഞാൻ ഫോണിലാണ് കണ്ടത് .....റോഡിലൂടെ അങ്ങനെ .... എന്ത് ചെയ്യാനാണ്
ഗവേഷക: മണിപ്പൂരിൽ മാത്രമോ? ഹത്രസിലോ? ബൽകീസ് ബാനുവിന്റെ ചരിത്രം മറക്കാമോ? ഇതൊക്കെ എങ്ങനെ ന്യായീകരിക്കാനാണ്? എന്നിട്ടും ഭാരതസ്ത്രീ അങ്ങ് ഔന്നത്യത്തിലാണെന്നാണ് പറയുന്നത്
തൊഴിലന്വേഷകൻ:
ഒരു ഔന്നത്യവുമില്ല. വാസ്തവത്തിൽ പലതരം അടിച്ചമർത്തലുകൾ, അതിക്രമങ്ങൾ, വിവേചനം ഇവയെല്ലാം ഇവിടെ നിലനിർത്തപ്പെടുകയാണ്, തുടർന്നുപോരുകയാണ്
ഇൻഫ്‌ളുവൻസർ:
സമൂഹത്തിന്റെ എല്ലാ പ്രത്യയശാസ്ത്രങ്ങളും അതിന് ഒത്താശ ചെയ്യുകയാണ്
എഴുത്തുകാരി:
സമൂഹം മാത്രമല്ല ചില രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും അവ നേതൃത്വം നൽകുന്ന ഭരണകൂടങ്ങളും അതാണ് ചെയ്യുന്നത്
ഗവേഷക:
ഭരണകൂടത്തിന് ഏതെങ്കിലും ലിംഗ വിഭാഗത്തോട് പക്ഷപാതം ഉണ്ടായിക്കൂടാ. ലിംഗനീതി, ലിംഗതുല്യത എന്നിവ സമൂഹത്തിന്റെ പൊതുബോധമാക്കാനുള്ള പദ്ധതികൾ ഭരണകൂടത്തിന്റെ കടമയാണ്
തൊഴിലാളി:
അതെ ഭരണകൂടം മുന്നിൽ നിന്ന് വഴികാട്ടണം. ആധുനിക കാലഘട്ടത്തിന്റെ ഭരണകൂടം അങ്ങനെയായിരിക്കണം. ഭരണകൂടം കാലത്തിനനുസരിച്ച് വളരണം. ഭരണകൂടം അതിന്റെ ഉത്തരവാദിത്വം നിറവേറ്റണം
സ്ത്രീകളുടെ പാട്ട്:
കരുതൽ വേണ്ട കാവൽ വേണ്ട പൂജ വേണ്ട പുകഴ്‌ത്തേണ്ട
കരിന്തുണിയിലൊളിപ്പിച്ചു നീയതിർത്തി കാക്കേണ്ട
ഭരിക്കേണ്ട നീയെന്നെ, നിന്റെ രാജ്യമല്ല ഞാൻ
ഞാനെനിക്കു ചിറക്, എന്റെ നീലവാനവും,
എനിക്ക് ചേക്കയേറുവാനുള്ള തണൽച്ചില്ലയും
നിന്നിൽ നിന്നെടുത്തു നീ തരേണ്ടതില്ലെനിക്ക്, ഞാൻ
ശ്വസിച്ചുനിശ്വസിക്കുമെന്റെ പ്രാണവായു സ്വാതന്ത്ര്യം
അവരുടെ ശബ്ദത്തെ മുറിച്ചുകൊണ്ട് സൈറൺ മുഴങ്ങുന്നു. മത്സരാർത്ഥികൾ നിശബ്ദരാകുന്നു. അവതാരകൻ കടന്നുവരുന്നു
അവതാരകൻ:
അതിര് കടക്കുന്നു, അതിര് കടക്കുന്നു... ക്ഷമിക്കണം, സമയത്തിന്റെ കാര്യാണേ.. ചർച്ച ഇവിടെ നിർത്തിയേ പറ്റൂ
മത്സരാർത്ഥികൾ:
അയ്യോ, അങ്ങനെ പറഞ്ഞാലോ? ചർച്ച പൂർത്തിയായിട്ടില്ല. ഒരു നിഗമനത്തിലേക്ക് എത്തിച്ചേരുന്നതേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു സമയം കൂടി അനുവദിച്ചുതരണം
അവതാരകൻ:
ഒരു നിഗമനത്തിൽ എത്തിയതുപോലെയാണല്ലോ പാട്ടൊക്കെ കേട്ടപ്പോൾ തോന്നിയത്? അപ്പോൾ, അഭിനയം മാത്രമല്ല, അത്യാവശ്യം സംഗീതവും കൈവശമുണ്ട്, അല്ലേ? കൊള്ളാം. നല്ലതാണ്. പക്ഷേ, ക്ഷമിക്കണം, ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ? ഇത് കളി നിയമമാണ്. അധിക സമയം അനുവദിച്ചുതരാൻ നിർവാഹമില്ല. ദയവായി സഹകരിക്കണം.
(സദസ്സിനോട്)
പ്രിയപ്പെട്ടവരേ, നമുക്ക് എത്രയും പെട്ടെന്ന് അടുത്ത വിഷയത്തിലേക്ക് പോകാം. അതിനുമുമ്പായി ഒരു ചെറിയ ഇടവേള
തീം മ്യൂസിക്
രാജ്യത്തിന്റെ മുന്നേറ്റങ്ങളെ സംബന്ധിച്ച അവകാശവാദ ങ്ങളുമായി ഒരു സംഘം ക്ലൗണുകൾ സദസിലൂടെ വരുന്നു. പലതും യാഥാർത്ഥ്യത്തിന് വിരുദ്ധമാണ്. വേദിയിൽ വന്നും അവർ അവ ഉറക്കെ വിളിച്ചുപറയുന്നു.
(പത്രം, പത്രം, പത്രം... പ്രപഞ്ചത്തിലെ ആദ്യ അവയവമാറ്റ ശസ്ത്രക്രിയ നടന്നത് പൗരാണിക ഭാരതത്തിൽ.. പത്രം, പത്രം, പത്രം.. ഇന്ത്യ ലോകത്തിന്റെ വളർച്ചയുടെ എഞ്ചിൻ.. പത്രം, പത്രം, ലോകത്തിന്റെ പ്രതീക്ഷയുടെ ഏക കിരണം ഇന്ത്യ.. പത്രം, പത്രം, പത്രം.. ഈ നൂറ്റാണ്ട് ഇന്ത്യയുടേത്; ഇന്ത്യ ലോകത്തിന്റെ യുവശക്തി... പത്രം, പത്രം, പത്രം.. ലോകരാജ്യങ്ങൾ തല കുനിക്കുന്നു; ഭൂമിയിലെ ഏറ്റവും വലിയ പ്രതിമ ഇന്ത്യയിൽ..)
അവ ഉറക്കെ പറഞ്ഞുകൊണ്ട് തന്നെ അവർ സദസിൽ പത്ര വിതരണം നടത്തി കടന്നുപോകുന്നു.
അവതാരകൻ:
അടുത്ത ചർച്ചയ്ക്കുള്ള വിഷയം തെരഞ്ഞെടുക്കാൻ നേരമായി മത്സരാർത്ഥികളിലൊരാൾ ബൗളിൽ നിന്നും അടുത്ത വിഷയമടങ്ങുന്ന കടലാസുതുണ്ടെടുത്ത് ഉറക്കെ വായിക്കുന്നു:
പരിസ്ഥിതി സംരക്ഷണം
വിഷയത്തെ സംബന്ധിച്ച ഡയറക്ടറുടെ വിവരണം ഉയർന്നു കേൾക്കുന്നു:
ഭാരതീയ ദർശനത്തിൽ ഭൂമി നമ്മുടെ അമ്മയാണ്. ഹിമാലയം മുതൽ കന്യാകുമാരി വരെ പരന്നുകിടക്കുന്ന മഹത്തായ ഭാരതദേശം പ്രകൃതിരമണീയതയുടെ കേദാരഭൂമിയാണ്. അപൂർവ്വങ്ങളായ ധാതുവിഭവ സമ്പത്തുകൾ ഉള്ളിൽ വഹിക്കുന്ന രത്‌നഗർഭയാണ് ഈ പുണ്യഭൂമി. ആവോളം കറന്നെടുത്ത് വികസനത്തിലേക്ക് നമുക്ക് കുതിക്കാൻ വേണ്ടിയാണ് ഭൂമി മാതാവ് അവയെല്ലാം കരുതിവച്ചിരിക്കുന്നത്.
ഒന്നാമത്തെ ആൾ:
ഇന്നും ഇനിയങ്ങോട്ടും കാലാവസ്ഥാമാറ്റം പരിഗണിക്കാതെ പരിസ്ഥിതിയെപ്പറ്റി പറയാനാവില്ല
രണ്ടാമത്തെ ആൾ:
കാലാവസ്ഥയുടെ കാലം തന്നെ തെറ്റി. നേരത്തും കാലത്തും മഴയില്ല. കൊയ്യേണ്ട കാലത്ത് പെരുമഴ, മേഘവിസ്‌ഫോടനം, ഉരുൾപൊട്ടൽ. ചുഴലിക്കാറ്റ്. മഴയില്ലാത്തപ്പോഴെല്ലാം സഹിക്കാനാവാത്ത ചൂട്, കാട്ടുതീ, വരൾച്ച
മൂന്നാമത്തെ ആൾ:
എന്തൊക്കെ പേടിപ്പിക്കലുകളാണ്. ഓറഞ്ച്, യെല്ലോ, റെഡ്...
നാലാമത്തെ ആൾ:
അത് നിങ്ങൾ പറഞ്ഞത് റൈറ്റ്. ഞാൻ ജോലി ചെയ്യുന്ന വയനാട്ടിൽ കണ്ടില്ലേ? ചൂരൽമല, മുണ്ടക്കൈ... എങ്ക നാട്ടിലും ഇങ്ങനെയൊക്കെ തന്നെയാ.... അവിടെ പരിസ്ഥിതിയുമില്ല ഒരു സ്ഥിതിയുമില്ല ഒരു ഗതിയുമില്ല
അഞ്ചാമത്തെയാൾ:
പരിസ്ഥിതിയെപ്പറ്റി പറഞ്ഞാൽ, ഞാൻ ഒരു ഗ്രാമത്തിൽ നിന്നാണ് വരുന്നത്. പാടങ്ങളും പുഴയും മലകളും ഒക്കെയുള്ള ഒരു നല്ല ഗ്രാമം. എത്ര മനോഹരമാണെന്നോ അവിടുത്തെ പരിസ്ഥിതി!
ഒന്നാമത്തെ ആൾ:
സുഹൃത്തേ, പരിസ്ഥിതി, പ്രകൃതിഭംഗിയെ സംബന്ധിച്ച ഗൃഹാതുരത്വമുണർത്തുന്ന ഒരു സങ്കല്പമല്ല. അതിനപ്പുറം അതിന് മാനങ്ങളുണ്ട്. നമ്മളടക്കം ഭൂമിയിലെ എല്ലാ ജീവരൂപങ്ങൾക്കും നിലനില്ക്കാനുള്ള ഇടമാണ്, ചുറ്റുപാടാണ്, ആവാസ വ്യവസ്ഥയാണ് പരിസ്ഥിതി. ഇക്കാണായതിനെയെല്ലാം അങ്ങനെ വേണം നമ്മൾ കാണാൻ. ഇവയൊക്കെയും ഇപ്പോൾ വല്ലാത്ത ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ദുരന്തഫലങ്ങൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്.
രണ്ടാമത്തെയാൾ:
അതുതന്നെയാണ് ഞാനും പറയുന്നത്. അറിഞ്ഞോ അറിയാതെയോ പ്രകൃതിയുമായി ചേർന്നുകൊണ്ടാണ് നമ്മളൊക്കെ ജീവിക്കുന്നത്. പക്ഷേ ഇപ്പോൾ നമ്മൾ എന്തൊക്കെ കാണിച്ചുകൂട്ടുന്നത്? വികസനത്തിന്റെ പേരിലാണെങ്കിൽ എന്തു പരിസ്ഥിതിചൂഷണവും ആവാമത്രേ!
മൂന്നാമത്തെയാൾ:
നിങ്ങൾ ഒരു കേവല പരിസ്ഥിതിവാദിയാകരുത്. വികസനമില്ലാതെ ഇന്നത്തെ കാലത്ത് ജീവിക്കാൻ സാധ്യമല്ല. അതൊരു വാസ്തവമാണ്. വികസനാവശ്യങ്ങളാണെങ്കിൽ നാൾക്കുനാൾ വർദ്ധിച്ചുവരികയുമാണ്.
നാലാമത്തെയാൾ:
വികസനം വേണ്ട എന്നല്ല പറഞ്ഞത്. പക്ഷേ അത് ഇന്നത്തെ തലമുറയ്ക്ക് വേണ്ടി മാത്രമാകരുത്. ദീർഘവീക്ഷണം വേണം. ഇനി വരുന്നൊരു തലമുറയെ കൂടി മുന്നിൽ കണ്ടുകൊണ്ട് വേണം വികസനം ആസൂത്രണം ചെയ്യാൻ. അതിന് പരിസ്ഥിതിയുടെ സുസ്ഥിരത വളരെ പ്രധാനമാണ്
അഞ്ചാമത്തെയാൾ:
ഗയ്‌സ്, ഞാൻ ആകെ കൺഫ്യൂഷനിലാണ്. വികസനവും വേണം പരിസ്ഥിതിയും വേണം. നമ്മൾ ഇതിനെ എങ്ങനെ കണക്ട് ചെയ്യും?
ഒന്നാമത്തെയാൾ:
അതിനെന്താ ഇത്ര കൺഫ്യൂഷൻ? നേരത്തെ പറഞ്ഞതുപോലെ വരുംതലമുറയെ പരിഗണിച്ചുകൊണ്ടായിരിക്കണം വികസനം. അവർക്കുകൂടി അവകാശപ്പെട്ടതാണ് നമ്മൾ ഇന്ന് കൈവയ്ക്കുന്ന പ്രകൃതിവിഭവങ്ങൾ എന്ന ഓർമ വേണം
രണ്ടാമത്തെയാൾ:
അതെ. എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ളത് ഭൂമിയിൽ ഇന്നുണ്ട്. പക്ഷേ ഒരാളുടെയും ആർത്തി പൂർത്തീകരിക്കാൻ ഈ ഭൂമിക്ക് സാധിക്കില്ല. വികസനത്തിന്റെ രീതിയും വേഗവും ഇന്നത്തേതുപോലെ തുടർന്നാൽ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ നമുക്ക് എത്രയെത്ര ഭൂഗോളങ്ങൾ കൊള്ളയടിക്കേണ്ടി വരും
മൂന്നാമത്തെയാൾ:
ഞാൻ ഒരു എക്‌സാമ്പിൾ പറയാം. അദാനിയും അംബാനിയും ഒക്കെ വലിയ പണക്കാർ. ഞാനൊരു പാവപ്പെട്ടവൻ. പക്ഷേ എല്ലാവരും ശ്വസിക്കുന്ന ശ്വാസത്തിന്റെ അളവ് ഒരുപോലെതന്നെ. പണം കുറെ കൂടുതലുണ്ടെന്ന് വച്ച് അവർക്ക് എന്നെക്കാൾ കൂടുതൽ ശ്വസിക്കാൻ കഴിയുമോ? അങ്ങനെ ചെയ്താൽ ചത്തുപോകില്ലേ?
നാലാമത്തെയാൾ:
മുതലാളിമാർക്ക് സമ്പത്തുണ്ടാക്കൽ മാത്രമാണ് ലക്ഷ്യം. പരിസ്ഥിതിയൊന്നും അവരുടെ മുന്നിൽ ഒന്നുമല്ല.
അഞ്ചാമത്തെയാൾ:
അല്ലെങ്കിലും ഈ കോർപ്പറേറ്റുകൾക്ക് മറ്റു മനുഷ്യരുടെ ജീവിതം ഒരു പ്രശ്‌നമേയല്ല. മൂലധന വർധന മാത്രമാണ് അവരുടെ ലക്ഷ്യം.
ഒന്നാമത്തെയാൾ:
ഗയ്‌സ്, കിട്ടി ഗയ്‌സ്, ഇൻഫർമേഷൻ. നമ്മുടെ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ പകുതിയോളവും കേവലം ഒരു ശതമാനം മാത്രം വരുന്ന കോർപ്പറേറ്റുകളുടെ കയ്യിലാണ്. താഴെത്തട്ടിലെ അൻപത് ശതമാനത്തിന് വെറും മൂന്ന് ശതമാനം മാത്രം. അതിന്റെ കൂടെ നമ്മുടെ സിസ്റ്റത്തിന്റെ, ഐ മീൻ ഭരണകൂടത്തിന്റെ സപ്പോർട്ട് കൂടി ഉണ്ടാകുമ്പോൾ കാര്യങ്ങൾ എളുപ്പമായല്ലോ
രണ്ടാമത്തെയാൾ:
ഭരണകൂടം ... അതിന്റെ വഴിവിട്ട കോർപ്പറേറ്റ് പ്രീണനം. അതുതന്നെയാണ് പ്രശ്‌നത്തിന്റെ കാതൽ.. അതിന്റെ നിരവധി ഉദാഹരണങ്ങൾ ഒന്ന് കണ്ണുതുറന്നുനോക്കിയാൽ എമ്പാടും കാണാം മൂന്നാമത്തെയാൾ: ചുരുക്കത്തിൽ വികസനം പരിസ്ഥിതിയുടെ സുസ്ഥിരത തകർക്കുന്നതാകരുത്. കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർഥ്യമാണെന്നും അതിന്റെ ആഘാതശേഷി ഭീകരമാണെന്നും അംഗീകരിച്ചുകൊണ്ടാകണം. അല്ലേ?
സംഘം:
കാല്പനികതയുടെ കണ്ണീരല്ല
കേട്ടുമടുത്ത പഴമ്പാട്ടല്ല
വിദൂരമാം ദു:സ്വപ്നവുമല്ല
കാലാവസ്ഥാ വ്യതിയാനം
പ്രളയമെന്നത് യുഗാവസാന
മൊരിക്കൽ വരുന്ന ദുരന്തവുല്ല
ഇനിയൊരു കാലടി വയ്ക്കുമ്പോൾ
ഭയപ്പെടേണ്ട മഹാ ഗർത്തം
ഹിമപാളികളിൽ തീപടരും
കരയൊരു ഭാഗം കടലാകും
മണ്ണിൽ മനുഷ്യൻ പടുത്തുയർത്തിയ
സംസ്‌കാരം ജലസമാധിയാകും
ആഹാരത്തിന് ദാഹജലത്തിന്
ലോകമഹായുദ്ധങ്ങൾ നടക്കും
ദരിദ്ര വംശാവലികളൊടുങ്ങും
സമ്പത്തുള്ളവരതിജീവിക്കും
ആഫ്രിക്കയിലേഷ്യയിലും നമ്മൾ
പുഴുക്കളെ പോൽ പിടഞ്ഞു ചാവും
പ്രതിരോധിക്കാൻ നമുക്ക് ബാധ്യത
യുണ്ടത് മറന്നുപോകരുത്
സംസ്‌കാരങ്ങൾക്കതിജീവിക്കാൻ
ഒരേയൊരമ്മ, ഈ ഭൂമി
കാടും പുഴയും മണ്ണ് മനുഷ്യൻ
കാറ്റും പ്രകൃതിയിതൊരു ജീവൻ
വികസനമാവാം പക്ഷേ ഒപ്പം
കരുതലു വേണം നാളേയ്ക്കായ്
സൈറൺ മുഴങ്ങുന്നു
മത്സരാർത്ഥികൾ പെട്ടെന്ന് ചർച്ച നിർത്തുന്നു
അവതാരകൻ കടന്നുവരുന്നു
അവതാരകൻ:
ക്ഷമിക്കണം, പിന്നേയും സമയം അവസാനിച്ചിരിക്കുന്നു
ഒന്നാമത്തെയാൾ:
അല്ല അത് എങ്ങനെ ശരിയാവും? നേരത്തെ ഇതിലും കൂടുതൽ സമയം ചർച്ചയ്ക്ക് കിട്ടിയല്ലോ
രണ്ടാമത്തെയാൾ:
അതെ. ചർച്ചയ്ക്ക് ഒരു പൂർണ്ണരൂപം കൈവരുന്നതേ ഉണ്ടായിരു ന്നുള്ളൂ
അവതാരകൻ:
ദയവുചെയ്ത് നിങ്ങൾ സംയമനം പാലിക്കണം. ഞാൻ മുമ്പ് തന്നെ പറഞ്ഞല്ലോ, കളിയിൽ ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും. ഇപ്പോൾ ഇടവേള സമയമാണ്. നമുക്ക് ഒരു ബ്രേക്ക് കഴിഞ്ഞു വരാം
ഇടവേള
പശ്ചാത്തലത്തിൽ നേർത്ത നിലവിളിയുടെ ശബ്ദം കേൾക്കുന്നു. വെള്ളത്തുണികൾ കൊണ്ട് പൊതിഞ്ഞുകെട്ടിയ മൃതശരീരങ്ങളും താങ്ങി കുറച്ച് ആളുകൾ പ്രേക്ഷകർക്കിടയിലൂടെ വേദിയിലേക്ക് വരുന്നു. മൃതശരീരങ്ങൾ രംഗത്തുതന്നെ വച്ച് മൗനം ആചരിച്ച തിനുശേഷം അവയുമെടുത്ത് അവർ ആളുകൾക്കിടയിലൂടെതന്നെ നടന്നു പോകുന്നു
പശ്ചാത്തലത്തിൽ:
വികസനമാവാം പക്ഷേ ഒപ്പം
കരുതലു വേണം നാളേയ്ക്കായ്
കാടും പുഴയും മണ്ണ് മനുഷ്യൻ
കാറ്റും പ്രകൃതിയിതൊരു ജീവൻ
വികസനമാവാം പക്ഷേ ഒപ്പം
കരുതലു വേണം നാളേയ്ക്കായ്
അവതാരകൻ വരുന്നു.
അവതാരകൻ:
പരിപാടി പുനരാരംഭിക്കുകയാണ്. ഈ റൗണ്ടിലെ അവസാന ചർച്ച. വരൂ. വിഷയം തെരഞ്ഞെടുക്കൂ
ഒരു മത്സരാർത്ഥി ബൗളിൽ നിന്നും അടുത്ത കുറിപ്പ് എടുക്കുന്നു, അതിൽ എഴുതിയിട്ടുള്ള വിഷയം വായിക്കുന്നു
- ജനാധിപത്യം
ഡയറക്ടറുടെ ശബ്ദം:
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ജനാധിപത്യത്തിന്റെ മാതാവും വിശ്വ ഗുരുവുമാണ് ഭാരതം. സുസ്ഥിരവും ശക്തവുമായ ഭരണകൂടമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. അച്ചടക്കമുള്ള പ്രജകളും ആജ്ഞാശക്തിയുള്ള നേതാവുമാണ് അതിന്റെ നട്ടെല്ല്.
ഒരു ട്രെയിൻ കമ്പാർട്ട്‌മെന്റിലേതുപോലെ ക്രമീകരിച്ച കസേരകളിലിരുന്ന് മത്സരാർത്ഥികൾ ചർച്ച തുടരുന്നു
ഒന്നാമത്തെയാൾ:
ആദ്യമേ പറയാനുള്ളത് ഇതല്ല ജനാധിപത്യം എന്നാണ്. അച്ചടക്കമുള്ള പ്രജകളും ആജ്ഞാശക്തിയുള്ള നേതാവും പോലും! ജനാധിപത്യത്തിൽ എന്ത് പ്രജകൾ, എന്ത് നേതാവ്? ജനങ്ങൾ ജനങ്ങളാൽ ഭരിക്കപ്പെടുന്ന വ്യവസ്ഥയാണ് ജനാധിപത്യം
രണ്ടാമത്തെയാൾ:
ഒരു രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ നോക്കിക്കാണുന്ന ഭരണ വ്യവസ്ഥയാണ് ജനാധിപത്യം. അതല്ല പക്ഷേ ഇവിടെ നടക്കുന്നത്
അഞ്ചാമത്തെയാൾ:
ജനാധിപത്യം പറയാനൊക്കെ കൊള്ളാം; നടപ്പിലാക്കാൻ കൊള്ളില്ല
മൂന്നാമത്തെ ആൾ:
അറിയപ്പെട്ടിടത്തോളം ലോകത്തിലെ ഏറ്റവും നല്ല ഭരണ വ്യവസ്ഥ ജനാധിപത്യമാണ്. പക്ഷേ ഇവിടെ ഭരണകൂടം തന്നെയാണ്, ജനങ്ങളെ ഭിന്നിപ്പിക്കാനും ജനാധിപത്യം തകർക്കാനും കരുക്കൾ നീക്കുന്നത്
നാലാമത്തെ ആൾ:
ഭരണകൂടത്തിന് മറവിരോഗം ബാധിച്ചാൽ എന്തു ചെയ്യും? വർഷങ്ങളായി ഇവിടെ ജീവിക്കുന്ന സ്വന്തം പൗരന്മാരെ ഭരണകൂടത്തിന് തിരിച്ചറിയാൻ പറ്റുന്നില്ല! ഓർമ വരുന്നില്ല!! ഇത് എന്ത് തരം ജനാധിപത്യമാണ്?
ഒന്നാമത്തെ ആൾ:
മറവിരോഗമൊന്നുമല്ല, മറവി നടിക്കുന്നതാണ്. അതിന് പ്രത്യേക ലക്ഷ്യവുമുണ്ട്.
രണ്ടാമത്തെ ആൾ:
ജനങ്ങളുടെ ആശയാവിഷ്‌കാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ജനാധിപത്യ ഭരണത്തിന്റെ കടമയാണ്. എന്നാൽ എന്റെ അനുഭവം നോക്കൂ, എന്റെ ഭാവനകളെയും ചിന്തകളെയും അവർ തടയുകയായിരുന്നു, ഫാസിസ്റ്റ് ഭരണകൂടങ്ങളെപ്പോലെ
അഞ്ചാമത്തെയാൾ:
ആ, തടഞ്ഞെന്നുവരും. എഴുതുന്നത് ദേശദ്രോഹപരമാണെങ്കിൽ തടയുക തന്നെ ചെയ്യും. ചില പ്പോൾ.....
രണ്ടാമത്തെ ആൾ:
ദേശത്തോടുള്ള സ്‌നേഹംകൊണ്ട് തന്നെയാണ് ഞങ്ങൾ ചിലതൊക്കെ തുറന്നെഴുതുന്നത്.
മൂന്നാമത്തെ ആൾ:
എഴുത്തുകാരുടെ മാത്രമല്ല, ഞങ്ങൾ നാടകക്കാരുടെ സ്ഥിതിയും ഇതുതന്നെയാണ്. പഴയ കൂട്ടായ്മയിലും ആവേശത്തിലും ഇപ്പോൾ നാടകം കളിക്കാൻ പറ്റുന്നില്ല. എല്ലാവരും ആരെയോ ഭയക്കുന്നത് പോലെ
നാലാമത്തെ ആൾ:
നാടകത്തിൽ മാത്രമല്ലല്ലോ. നേരത്തെ പറഞ്ഞ മണിപ്പൂരിലെ വിഷയത്തിന്റെ വീഡിയോ കണ്ടിട്ട് എനിക്ക് ആകെ പൊളിഞ്ഞു. അപ്പോൾ അതിനെതിരെ പ്രതികരിച്ച് മണിപ്പൂർ എന്ന ഹാഷ്ടാഗുമിട്ട് ഞാൻ ഒരു വീഡിയോ അങ്ങ് പോസ്റ്റ് ചെയ്തു. പിറ്റേന്ന് നോക്കുമ്പോൾ ആ പോസ്റ്റ് കാണാനില്ല.
ഒന്നാമത്തെ ആൾ:
ഗവേഷകരുടെ സ്ഥിതിയും ഇതൊക്കെത്തന്നെ. നമ്മൾ തെരഞ്ഞെടുക്കുന്ന വിഷയത്തിന് അംഗീകാരം കിട്ടാൻ തന്നെ വിഷമം. കിട്ടിയാലോ, ഗ്രാന്റ് കിട്ടാൻ അതിലും വിഷമം. അതൊക്കെ വലിയ തോതിൽ വെട്ടിക്കുറച്ചിട്ടുമുണ്ട്.
രണ്ടാമത്തെ ആൾ:
കെട്ടുകഥകളെ ശാസ്ത്രമാക്കുന്നതിനുള്ള തത്രപ്പാടിലാണല്ലോ അവർ. അതിനുള്ള ഗവേഷണമാണെങ്കിൽ നല്ല പ്രോത്സാഹനവും കിട്ടും. വലിയ പാരമ്പര്യമുള്ള ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ പോലും അവർ അതിനാണ് ഇന്നുപയോഗിക്കുന്നത്. അതിനൊക്കെ അവർ പണം വാരിക്കോരി ചെലവഴിക്കുകയും ചെയ്യും
മൂന്നാമത്തെ ആൾ:
പാഠപുസ്തകങ്ങളിൽ നിന്നും പരിണാമ സിദ്ധാന്തം പോയത് അതുകൊണ്ടല്ലേ? ഇതൊക്കെയാണോ ഒരു ജനാധിപത്യ ഭരണകൂടം ചെയ്യേണ്ടത്? ഇങ്ങനെയാണോ ഒരു ജനാധിപത്യ ഭരണകൂടം ഭാവിതലമുറയെ വളർത്തിയെടുക്കേണ്ടത്
നാലാമത്തെ ആൾ:
അല്ല ഗൈസ്, ഇതൊക്കെ സെറ്റാക്കാനല്ലേ നമുക്കൊരു കോൺസ്റ്റിട്യൂഷൻ ഉള്ളത്? ഭരണഘടന? ശാസ്ത്രബോധം പ്രചരിപ്പിക്കുന്നത് പൗരന്റെ കടമയാണെന്ന് എഴുതിവെച്ച ഭരണഘടനയാണത്. അതിനൊന്നും ഒരു വാല്യൂവും ഇല്ലേ?
അഞ്ചാമത്തെയാൾ:
ഈ പറഞ്ഞ ഭരണഘടനയൊന്നും അധികകാലം ഒണ്ടാകുമെന്ന് കരുതേണ്ട. പൗരന്റെ കടമ എന്താണെന്ന് അത് കഴിഞ്ഞ് പഠിപ്പിച്ചുതരാം.
ഒന്നാമത്തെ ആൾ:
അധികാരം ഒരിടത്തേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് ഇവിടെ ഇപ്പോൾ നടക്കുന്നത്.
രണ്ടാമത്തെ ആൾ:
അതെ; കേന്ദ്രീകരണം. അതിനുള്ള വഴികളാണ് ഒരു രാജ്യത്തിന് ഒരു ഭാഷ, ഒരു വേഷം, ഒരു സംസ്‌കാരം, ഒരു കക്ഷി, ഒരു തെരഞ്ഞെടുപ്പ് എന്നൊക്കെയുള്ള ആശയങ്ങൾ. അത് കഴിയുമ്പോൾ ഒരു രാജ്യത്തിന് ഒരു മതം, എന്ന ആശയം വരും. അതോടെ ഇവിടം മതങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കൊണ്ട് കലുഷിതമാകും.
മൂന്നാമത്തെ ആൾ:
സംഘർഷങ്ങൾ ഇപ്പോൾ തന്നെ പൊട്ടിപ്പുറപ്പെടുന്നുണ്ടല്ലോ. പള്ളികൾ പൊളിക്കുന്നു, പള്ളികൾ കുഴിക്കുന്നു, ആളുകളെ കൊല്ലുന്നു, കൊല്ലിക്കുന്നു, തമ്മിൽ തല്ലിക്കുന്നു. ഭരണകൂ ടവും പോലീസും അതിന് കുടപിടിക്കുന്നു
എല്ലാവരും:
അതെയതെ പള്ളികൾ കുഴിക്കുന്നു, പൊളിക്കുന്നു. ആളുകളെ കൊല്ലുന്നു, കൊല്ലിക്കുന്നു.. ഭരണകൂടവും പോലീസും അതിന് കുടപിടിക്കുന്നു
മത്സരാർത്ഥികളുടെ ശബ്ദം കൂടിക്കലർന്ന് ശബ്ദായമാനമാകുന്നു. അതോടെ അവരുടെ ശബ്ദം മ്യൂട്ട് ചെയ്യപ്പെടുന്നു. മത്സരാർത്ഥികൾ അത് അറിയാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം പ്രേക്ഷകർ ക്കിടയിലൂടെ ഒരു ഘോഷയാത്ര കടന്നുവന്ന് ചർച്ചയെ തടസ്സപ്പെടു ത്തിക്കൊണ്ട് വേദിയിലേക്ക് കടക്കുന്നു. ഗുജറാത്ത്, മണിപ്പൂർ കലാപങ്ങളെയും ബാബറി മസ്ജിദ് തകർക്കലിനെയും ഓർമിപ്പിക്കുംവിധം അക്രമാസക്തമാണ് ഘോഷയാത്രയുടെ പ്രകൃതം.
ഒരു മത്സരാർത്ഥി:
അല്ല, ഇവരെയൊക്കെ ആരാ ഇപ്പൊ ഇങ്ങോട്ട് കയറ്റിവിട്ടത്? ഇവിടെ ഒരു പരിപാടി നടക്കുകയല്ലേ? അവരെ പറഞ്ഞു വിട്
അവതാരകൻ:
ആഘോഷക്കാർക്ക് കടന്നുപോകാനുള്ള വഴിയൊരുക്കാനാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. അവർ നേരത്തെ തന്നെ അദ്ദേഹത്തിൽ നിന്ന് യാത്രാനുമതി നേടിയിട്ടുള്ളതാണ്. അവർ പൊക്കോട്ടെ. നമുക്ക് ഘോഷയാത്ര കടന്നുപോകുന്നത് വരെ കാത്തിരിക്കാം
സംഘം വേദിയിലൂടെ ചുറ്റിക്കറങ്ങിയിറങ്ങി പോകുന്നു.
അവതാരകൻ:
മത്സരാർത്ഥികളേ, നിങ്ങൾക്ക് തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു. ഈ റൗണ്ട് ഇവിടെ അവസാനിക്കുകയാണ്. അടുത്ത റൗണ്ട് ഉടനെ തന്നെ ആരംഭിക്കും.
തീം മ്യൂസിക്
അവതാരകൻ:
പ്രിയപ്പെട്ടവരെ, അങ്ങനെ നമ്മുടെ മത്സരാർത്ഥികൾ വളരെ വിജയകരമായും സമയബന്ധിതമായും രണ്ടാമത്തെ റൗണ്ടും പൂർത്തിയാക്കിയിരിക്കുന്നു. ഇനി നമ്മൾ മൂന്നാമത്തെ റൗണ്ടിലേയ്ക്ക് കടക്കുകയാണ്. പെർഫോമൻസ് റൗണ്ട്. കഴിഞ്ഞ റൗണ്ടിൽ ചർച്ച ചെയ്ത വിഷയങ്ങളിൽ മത്സരാർത്ഥികൾ സ്വയം രൂപപ്പെടുത്തുന്ന സ്‌കിറ്റുകൾ, പാട്ടുകൾ തുടങ്ങിയവയാണ് ഈ റൗണ്ടിൽ ഉണ്ടാവുക. ഒരു റാപ്പ് സോങ്ങോടുകൂടി ആരംഭിക്കുകയായി പെർഫോമൻസ് റൗണ്ട്.
പാട്ട്(എല്ലാവരും):
അധികാരത്തിൻ മത്തുപിടിച്ചവർ
അധികാരികളായ് വാഴുന്നു
ജാതിമതാന്ധത മതിൽ പണിയുന്നു
ജനതതിയിരുളിൽ താഴുന്നൂ
ഇരുണ്ട കാലം ഇക്കാലം
ഓർമ്മകൾ പൊള്ളും തീക്കാലം
ജനാധിപത്യം പൂക്കും നാടിൻ
നന്മകളൊന്നായ് പിഴുതെറിയാൻ
മതനിരപേക്ഷവിഹായസ്സുകളിൽ
പാറും നമ്മുടെ ചിറകരിയാൻ
തീക്കാറ്റോടിവരുന്നു വരുന്നു
തീക്കാറ്റോടിവരുന്നു.
നാട്ടിൻപുറത്തെ ഒരു ബാർബർ ഷോപ്പും ചായക്കടയുമാണ് ഇപ്പോൾ വേദി. ബാർബർ ഷോപ്പിൽ ഒരാളുടെ മുടിവെട്ട് നടക്കുകയാണ്. ചായക്കടയിൽ ചായ എടുക്കുക, കൊടുക്കുക, കുടിക്കുക മുതലായ സംഗതികളും
പത്രം വായിക്കുന്ന ഒരാൾ:
വയനാട് ദുരന്തബാധിതർക്ക് സിനിമാതാരം പവൻകുമാർ 10 ലക്ഷം രൂപ നൽകി
മറ്റൊരാൾ:
പവൻ കുമാർ തെലുങ്ക് സിനിമയിലെ നടനല്ലേ? ആന്ധ്രക്കാരൻ? എന്നാലും നമുക്കൊക്കെ പൈസ തരും, അല്ലേ? നല്ല മനുഷ്യൻ
വേറൊരാൾ:
എന്റെ സുഹൃത്തേ, മനുഷ്യപ്പറ്റുള്ളവരെല്ലാം ആവുന്നത് ചെയ്യും. വയനാട്ടിലെ ദുരന്തത്തിൽ പെട്ടുപോയവരുടെ പ്രശ്‌നങ്ങൾ കേരളത്തിന് മാത്രമായി പരിഹരിക്കാൻ പറ്റുന്നതല്ലല്ലോ. അതൊരു ദേശീയദുരന്തമല്ലേ?
അടുത്തയാൾ:
ദേശീയ ദുരന്തമല്ല ചേട്ടാ, അതിതീവ്ര ദുരന്തം. ഇപ്പൊ അങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ട്
ആദ്യത്തെ ആൾ:
അതിനു തന്നെ നമ്മൾ എത്ര പണിയെടുത്തു!! ഇവിടേം അങ്ങ് പാർലമെന്റിലും. കോടതിയിൽ പോലും പോകേണ്ടി വന്നില്ലേ?
ബാർബർ രാഘവൻ:
ഇനീം കൊറേ പണിയെടുക്കേണ്ടി വരും
മൂന്നാമത്തെ ആൾ:
ഇക്കാര്യത്തിനോ?
രാഘവൻ(ബാർബർ):
ഇക്കാര്യത്തിന്(മുടിവെട്ടുന്ന കാര്യത്തെ ഉദ്ദേശിച്ച്)
നാലാമത്തെ ആൾ:
എന്നാലും ഇത്രയും മരണങ്ങളും നാശനഷ്ടങ്ങളും ഉണ്ടായ സാഹചര്യത്തിൽ പ്രഖ്യാപനം ഇത്രയും വൈകിപ്പിച്ചത് ശരിയായില്ല
കിഷോർ എന്നയാൾ വരുന്നു
കിഷോർ(വരും വഴി):
രാഘവേട്ടാ
ആദ്യത്തെ ആൾ:
ആഹാ, വന്നല്ലോ
കിഷോർ:
നിങ്ങടെയൊക്കെ വർത്തമാനം ആ ചന്ത വരെ കേൾക്കാമല്ലോ
ചായക്കടക്കാരൻ: ഒരു ചായ എടുക്കട്ടെ കിഷോർജീ?
കിഷോർ:
ചായയൊന്നും വേണ്ടായേ.. രാഘവേട്ടാ, എനിക്കും മുടിയൊന്നു വെട്ടണം
രാഘവൻ:
അല്ല കിഷോർജി, ഈ വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ എന്താ ഇത്ര വൈകിയത്? എന്താ നിങ്ങടെ അഭിപ്രായം?
കിഷോർ:
നിങ്ങക്കെന്താ ഭ്രാന്തുണ്ടോ രാഘവേട്ടാ? ഇത് ഒരു പഞ്ചായത്തിലെ രണ്ട് മൂന്ന് വാർഡിൽ മാത്രം നടന്ന വിഷയമല്ലേ? അതെങ്ങനെ ഒരു ദേശീയ ദുരന്തമാകും? വെറും പ്രാദേശിക ദുരന്തം.
കൂട്ടത്തിലൊരാൾ:
നിങ്ങളെയൊന്ന് കാണാൻ കാത്തിരിക്കുകയായിരുന്നു. നിങ്ങളല്ലേ ഇന്നലെ ഞങ്ങളുടെ സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞത്?
രാഘവൻ: അതെന്താ സംഭവം?
അയാൾ:
ഇന്നലെ ഞങ്ങളുടെ സ്‌കൂളിലെ ക്രിസ്മസ് ആഘോഷായിരുന്നു. സ്‌കൂളിൽ എല്ലാവരും കൂടി പുൽക്കൂടൊക്കെ ഒരുക്കി ക്രിസ്മസ് പാപ്പയുടെ വേഷം ഒക്കെ ഇട്ട് കരോൾ പാട്ടും പാടി ഉഷാറായി ആഘോഷിക്കുന്നതിന്റെ ഇടയില് ഇയാളും കുറെ ആൾക്കാരും വന്ന് എല്ലാം അലങ്കോലാക്കി.
കിഷോർ:
അലങ്കോലാക്കും. ഇനീം അലങ്കോലാക്കും. ഈ നാട്ടിൽ എന്തെന്തെല്ലാം ആഘോഷങ്ങളുണ്ട്. അതിൽ ചിലതല്ലേ നിങ്ങൾ നടത്താറുള്ളു? ദണ്ണമുണ്ട് രാഘവേട്ടാ.., ദണ്ണമുണ്ട്
മറ്റൊരാൾ:
മോനേ കിഷോറേ, ഇവിടെ ഞങ്ങൾ ആഘോഷിക്കേണ്ടതെല്ലാം ആഘോഷിക്കും. ഞങ്ങൾക്ക് അക്കാര്യത്തിൽ ഒരു വ്യത്യാസവുമില്ല. ഞങ്ങൾ ക്രിസ്മസും ഓണവും വിഷവും റംസാനും എല്ലാം ഒരുപോലെ ആഘോഷിക്കും. എല്ലാത്തിലും പങ്കെടുക്കും
സ്‌കൂളിലെ ആൾ:
എന്നാലും ഇയാള് സ്‌കൂളിലെ ക്രിസ്മസ് കുളമാക്കിയതോർക്കു മ്പോൾ സങ്കടം വരാ
ചായക്കടക്കാരൻ:
നിങ്ങൾക്ക് എന്താപ്പോ വേണ്ടത്? ക്രിസ്മസ് ആഘോഷിക്കണം. അത്രയല്ലേ വേണ്ടൂ? എല്ലാവരും വരിൻ. നമുക്ക് ഇവനെ കൊണ്ട് തന്നെ കേക്ക് മുറിപ്പിക്കാം
എല്ലാവരും ചേർന്ന് കിഷോർജിയെ കേക്ക് മുറിക്കാൻ നിർബന്ധിക്കുന്നു. അയാൾ ഓടുന്നു. എന്നിട്ട് പെട്ടെന്ന് തിരിഞ്ഞു നിന്ന് വെല്ലുവിളിക്കുന്നു.
കിഷോർ:
നിങ്ങടെയൊക്കെ ഈ അഹങ്കാരം ഈ കവലയിലേ നടക്കു. ധൈര്യമുണ്ടെങ്കിൽ അങ്ങ് നോർത്ത് കവലയിലേക്ക് വാ. കാട്ടിത്തരാം.
രാഘവൻ:
നോർത്ത് കവലയോ? അതങ്ങ് കാലങ്ങൾ പുറകിലല്ലേ? അവിടെ വരണമെങ്കിൽ പുറകോട്ട് നടക്കണ്ടേ? ഇവിടെ ആരും പുറകോട്ട് നടക്കാറില്ല ചങ്ങാതീ
മറ്റൊരാൾ:
അവിടുത്തെ കാട്ടുനീതി കൊണ്ട് ഇവിടെയുള്ളവരെ കൈകാര്യം ചെയ്യും എന്നായിരിക്കും ഉദ്ദേശിച്ചത്?
ചായക്കടക്കാരൻ:
ഇഷ്ടമില്ലാത്തവരെ തല്ലിക്കൊല്ലും. അവരുടെ വീടുകൾ ഇടിച്ചുനിരത്തും. അതിന് കാരണം കണ്ടെത്താൻ അവരുടെ തുണി അഴിച്ചു നോക്കും. അടുക്കളയിൽ കയറി പാത്രങ്ങൾ തുറന്നു നോക്കും, അല്ലേടോ?
കിഷോർ:
കൊല്ലണമെന്ന് തോന്നിയാൽ കൊല്ലും. ഇടിച്ചുനിരത്തണമെന്ന് തോന്നിയാൽ നിരത്തും. എന്താ സംശയം? ഈ കേക്ക് മുറിക്കലൊക്കെ അവിടെ ആയിരുന്നേൽ ആ സ്‌കൂളും തന്റെ കടയുമൊക്കെ ബുൾഡോസറ് കൊണ്ട് എപ്പഴേ ഇടിച്ചു നിരപ്പാക്കിയേനെ!
ചായക്കടക്കാരൻ:
അതാണ് പറഞ്ഞത് കാട്ടുനീതിയെന്ന്. വിചാരണ വേണ്ട, തെളിവു വേണ്ട. എന്നാലും ശിക്ഷിച്ചിരിക്കും.
രാഘവൻ:
ഒരു പരിഷ്‌കൃത സമൂഹത്തിന് ചേർന്ന പരിപാടികളാണോ ചങ്ങാതീ ഇത്? ഏത് പുരാണത്തിൽ നിന്ന് കണ്ടുപിടിച്ചു ഈ ബുൾഡോസർ എന്ന സാധനം?
മറ്റൊരാൾ:
ബുൾഡോസർജി എന്ന് പറയണോ ആവോ?
കിഷോർ:
പരിഹസിക്കുന്നോ? ഇത് ചെറിയ കളിയല്ല മക്കളേ. സൂക്ഷിച്ചോ
വേറൊരാൾ:
ഇയാൾ പറഞ്ഞത് ഗൗരവത്തിലെടുക്കണം. ആ ബുൾഡോസർ നമ്മുടെ നാടിന് നേർക്കും മുരണ്ടു വരുന്നുണ്ട്
ചായക്കടക്കാരൻ:
അതിന് ഒളിഞ്ഞും തെളിഞ്ഞും വഴിവെട്ടുന്നവരും ഇവിടെത്തന്നെയുണ്ട്, ഇയാളെ പോലെ. കരുതിയിരിക്കുക തന്നെ വേണം
രാഘവൻ:
അതെ. ആ ബുൾഡോസർ ഒരു പ്രതീകമാണ്. ദുർഭരണത്തിന്റെ, സാമ്പത്തിക ഉപരോധത്തിന്റെ, വർഗീയ വിഭജനത്തിന്റെ, അസഹിഷ്ണുതയുടെ, അവഗണനയുടെ പ്രതീകം. അത് ഇവിടേക്ക് ഉരുണ്ടുവരാൻ നമ്മൾ അനുവദിച്ചുകൂടാ
മറ്റൊരാൾ:
എന്തൊക്കെ അപൂർണ്ണതകൾ ഉണ്ടെങ്കിലും കേരളം വികസിപ്പിച്ചെടുത്ത ചില മാതൃകകളുണ്ട്. നൂറോളം വർഷം കൊണ്ട് ഈ നാട് ആർജ്ജിച്ച ചില മികവുകളുണ്ട്. അവയെയാണ് ഇവന്റെയൊക്കെ ബുൾഡോസർ ലക്ഷ്യമിടുന്നത്.
കിഷോർ:
എന്തൊക്കെയാണാവോ ഈ മാതൃകകളും മികവുകളും? ഒന്ന് പോകണം ഹേ
വേറൊരാൾ:
അതറിയാൻ ചരിത്രബോധം വേണം. അതെങ്ങനെയാ? ചരിത്രമേതാ പുരാണമേതാന്ന് തിരിച്ചറിയില്ലല്ലോ.
ചായക്കടക്കാരൻ:
വലിയ സാമ്പത്തികസമൃദ്ധിയൊന്നുമില്ലെങ്കിലും ഉള്ളത് പങ്കുവെച്ച് എല്ലാവർക്കും വിതരണം ചെയ്ത് ക്ഷേമരാഷ്ട്രം സാധ്യമാക്കാമെന്ന് തെളിയിച്ച നാടാണിത്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും സാമൂഹ്യസുരക്ഷയ്ക്കും പൊതുവിതരണത്തിനും അധികാര വികേന്ദ്രീകരണത്തിനും ഭൂപരിഷ്‌കരണത്തിനും കൃഷിഭൂമിയും പുരയിടവും പുരയും എല്ലാവർക്കും ലഭ്യമാക്കുന്നതിനും അങ്ങനെ പലതിനും പരമ പ്രാധാന്യം നൽകിയ നാട്. മനുഷ്യരെയെല്ലാം ഒരുപോലെ കണ്ട നാട്.
മറ്റൊരാൾ:
അതൊക്കെ തെറ്റാണത്രേ! കുറ്റകൃത്യങ്ങളാണത്രേ! അതിന്റെ ശിക്ഷ ഈ നാട് അനുഭവിക്കണമത്രേ!
രാഘവൻ:
കുറച്ചുനാളത്തേക്ക് അവർക്ക് ബുദ്ധിമുട്ടിക്കാൻ സാധിക്കുമായിരിക്കും. പക്ഷേ നമ്മൾ അതിജീവിക്കും. പെരുമഴയും പെരുവെള്ളവും വന്ന് നാടിനെയാകെ മുക്കിയതാണ്, മലയും മരവും പാറയും കടപുഴകിവന്ന് അനേകം ജീവനുകളെയും അവർ ജീവിച്ച നാടിനെത്തന്നെയും തൂത്തെറിഞ്ഞതാണ്. ലോകം മുഴുവൻ ചവിട്ടി മെതിച്ച മഹാമാരി ഇവിടെയും മുടിയഴിച്ച് താണ്ഡവമാടിയതാണ്. അവയെയെല്ലാം ഒറ്റക്കെട്ടായി അതിജീവിച്ചവരാണ് നമ്മൾ.
ചായക്കടക്കാരൻ:
അതിന് നമ്മൾക്ക് തുണയായത് നാം രൂപപ്പെടുത്തിയ മാനവികതയുടെ, സമത്വബോധത്തിന്റെ, മതേതരത്വത്തിന്റെ, ഊന്നുവടികളാണ്. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഈ ഊന്നുവടികളുടെ ബലത്തിലാണ് നമ്മൾ അതിജീവനം സാധിച്ചത്.
വേറൊരാൾ:
അതെ. ഈ ഊന്നുവടികളാണ് നമ്മുടെ കരുത്ത്. അവ തട്ടിത്തെറിപ്പിക്കാനാണ് ബുൾഡോസർജീമാർ കരുക്കൾ നീക്കുന്നത്.
കിഷോർ:
അതിനെ തടഞ്ഞുനിർത്താനുള്ള ശേഷിയൊന്നും ഇപ്പോൾ നിങ്ങൾക്കില്ല. എന്താന്നോ കാരണം? തമ്മിൽ തമ്മിൽ കണ്ടുകൂടാത്തവരാക്കുന്ന പലതരം വിഷങ്ങൾ നിങ്ങൾക്കിടയിലും നിങ്ങളുടെ മനസ്സിലും കയറി കൂടിയിട്ടുണ്ട്. അതിൽ മതവികാരത്തിന്റെ വിഷമുണ്ട്. ജാതി ചിന്തയുടെ വിഷമുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ വൈരം നിങ്ങളെ ഒറ്റപ്പെട്ട തുരുത്തുകളിലാക്കിയിട്ടുമുണ്ട്. നിങ്ങളുണ്ടല്ലോ നിങ്ങൾ വീണ്ടും വീണ്ടും ഭിന്നിച്ചുകൊണ്ടേയിരിക്കുകയാണ്. അതിനൊക്കെ ചരടുവലിച്ചവരിൽ ഈ ഞങ്ങളുമുണ്ടേ.... വെടക്കാക്കി തനിക്കാക്കാമോന്ന് ഞങ്ങളൊന്ന് നോക്കട്ടെ
കൂട്ടത്തിലൊരാൾ:
കൂട്ടായ്മയുടെ ശക്തി ചോർന്നുപോയ ജനതയുടെ വിധിയാണ് കീഴടങ്ങൽ. ആ ശക്തി കൈമോശം വരാതെ നോക്കാൻ ഞങ്ങൾക്കറിയാം. അതിനുള്ള ആന്തരിക ബലം ഈ സമൂഹത്തിനുണ്ട്. ഞങ്ങൾ കീഴടങ്ങില്ല. നിങ്ങളുടെ ബുൾഡോസറുകളെ ഞങ്ങൾ ചെറുത്തു നിൽക്കുകതന്നെ ചെയ്യും.
സമയം കഴിഞ്ഞതിന്റെ സൈറൺ മുഴങ്ങുന്നു.
അവതാരകൻ വരുന്നു
അവതാരകൻ:
മികച്ച പ്രകടനം. എല്ലാവരും വളരെ നന്നായി തന്നെ നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു കഴിഞ്ഞു. ഡയറക്ടറുടെ പ്രത്യേക അഭിനന്ദനം നിങ്ങളെ അറിയിക്കുകയാണ്. ഇനി നമ്മൾ അവസാന റൗണ്ടിലേക്ക് കടക്കുകയാണ്. വോട്ടെടുപ്പിന്റെ റൗണ്ട്. ഈ റൗണ്ടിൽ ഇവിടെ കൂടിയിരിക്കുന്നവർ അവർക്കിഷ്ടപ്പെട്ട മത്സരാർത്ഥിക്കുള്ള വോട്ട് ഇപ്പോൾ വിതരണം ചെയ്യുന്ന ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തണം.
മ്യൂസിക്
ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്യുന്നു. മത്സരാർത്ഥികൾ സദസ്സിലേക്ക് ചെന്ന് പ്രേക്ഷകരോരോരുത്തരോടും വോട്ട് അഭ്യർത്ഥിക്കുന്നു. പ്രേക്ഷകർ വോട്ട് ചെയ്ത ബാലറ്റുകൾ പരിചാരകർ ബാലറ്റ് പെട്ടിയിൽ ശേഖരിക്കുന്നു. തുടർന്ന് പെട്ടി വേദിയിലെ മേശമേൽ വയ്ക്കുന്നു. പ്രേക്ഷകരിൽ നിന്ന് രണ്ടു പേരെ സാക്ഷികളായി വേദിയിലേക്ക് ക്ഷണിച്ചുവരുത്തിയശേഷം അവതാരകൻ വോട്ടെണ്ണൽ ആരംഭിക്കുന്നു. എന്നാൽ ബാലറ്റ് പേപ്പറുകളിൽ വോട്ടുകൾ ഒന്നും രേഖപ്പെടുത്തിയതായി കാണുന്നില്ല. മത്സരാർത്ഥികൾ അസ്വസ്ഥരാകുന്നു
അവതാരകൻ:
പ്രേക്ഷകർ ഇവരിലൊരാൾക്കും വോട്ട് നല്കീട്ടില്ല. മത്സരാർത്ഥികളെ സമ്മതിദായകർ നിരാകരിച്ചിരിക്കുന്നു. അതുകൊണ്ട് അവരുടെ വോട്ടുകൾ ഡയറക്ടർക്ക് തന്നെ ലഭിച്ചതായി, അദ്ദേഹത്തെ തെരഞ്ഞെടുത്തതായി, കണക്കാക്കുന്നതാണ്. അതാണ് നിയമം. നാടകത്തിൽ തത്കാലം അദ്ദേഹം തന്നെ വേഷമിടും
മത്സരാർത്ഥികൾ:
അതെങ്ങനെ ശരിയാവും? എല്ലാവരും വോട്ട് ചെയ്തതല്ലേ? ഇതിൽ എന്തോ കള്ളത്തരം നടന്നിട്ടുണ്ട്. എന്തായാലും സത്യം അറിയണം.
മത്സരാർത്ഥികൾ പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങി അവർ വോട്ട് ചെയ്തതല്ലേയെന്നും ചെയ്ത വോട്ടുകൾ എങ്ങനെയാണ് കാണാതായതെന്നും തിരക്കുന്നു. അപ്പോൾ അവതാരകൻ അവരെ കൈകൊട്ടി വിളിക്കുന്നു
അവതാരകൻ:
പ്രിയപ്പെട്ടവരെ, നിങ്ങൾ നിരാശപ്പെടേണ്ടതില്ല. കാരണം നിങ്ങൾ ഇവിടെ സംസാരിച്ചതും അവതരിപ്പിച്ചതും, നിങ്ങളുടെ ചിന്തകൾ, നിലപാടുകൾ, അവതരണരീതികൾ, രാഷ്ട്രീയം എന്നിവയും അദ്ദേഹം കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അവ വിലപ്പെട്ട ഡേറ്റകളാണ്. അവയെല്ലാം അദ്ദേഹത്തിന്റെ വിവരശേഖരത്തിൽ ഭദ്രമായി സൂക്ഷിക്കപ്പെടും. നിങ്ങളില്ലാതായാലും ആ വിവരങ്ങളുടെ രൂപത്തിൽ, ഡേറ്റകളുടെ രൂപത്തിൽ നിങ്ങളുണ്ടാകും. നിങ്ങൾ ഇല്ലാതെ തന്നെ ഇതേ വികാരവിചാരങ്ങളോടെ നിങ്ങളെ പുനഃസൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയും.. അദ്ദേഹത്തിന്റെ ഭാവി പ്രൊജക്ടുകൾക്ക് നിങ്ങൾ വിലപ്പെട്ട സംഭാവനകളാണ് നൽകിയിരിക്കുന്നത്. അതിൽ നിങ്ങൾക്ക് അഭിമാനിക്കാം. അതിലപ്പുറം എന്ത് വേണം!! ഇതിൽ പങ്കെടുത്ത് ഇത്രയും നേരം സഹകരിച്ചതിന് നന്ദി. നിങ്ങൾക്ക് മടങ്ങി പോകാം
അവതാരകൻ പോകുന്നു. അനിശ്ചിതത്വത്തിലകപ്പെട്ട മത്സരാർത്ഥികൾ കുറച്ചു നിമിഷം പകച്ചുനിന്നുപോയി. അനന്തരം
അവരിലൊരാൾ:
കേട്ടില്ലേ? അപ്പോൾ ഇത് വെറും ഷോ ആയിരുന്നില്ല. അയാൾ ഡയറക്ടറുമായിരുന്നില്ല.
മറ്റൊരാൾ:
അയാൾക്ക് നമ്മൾ മനുഷ്യർ പോലുമല്ല വെറും ഡാറ്റകൾ മാത്രം.
അടുത്തയാൾ:
നമ്മളെ സംബന്ധിക്കുന്ന വിവരങ്ങൾ ചോർത്തിയെടുക്കുക യായിരുന്നു അയാളുടെ ലക്ഷ്യം.
ആൾ 4:
അയാൾ ഡയറക്ടറല്ല ഡിക്റ്റേറ്ററാണ്. നമ്മളെയെല്ലാം അടക്കി ഭരിക്കാൻ ആഗ്രഹിക്കുന്ന ഏകാധിപതി
ആൾ 5:
ഈ അടിമത്തത്തിന് നിശബ്ദം തലകുനിച്ചു കൊടുക്കരുത്. ചോദിക്കണം നേർക്കുനേരെ നിന്ന് തന്നെ ചോദിക്കണം
ആൾ 6:
ആരോട് ചോദിക്കാനാണ്? ആളെ കാണണ്ടേ?
ആൾ 1:
എവിടെ മറഞ്ഞിരുന്നാലും ചോദിക്കാനുള്ളത് ചോദിക്കുക തന്നെ വേണം. മൗനം വലിയൊരു അപകടമാണ്
ആൾ 2:
പുറത്താക്കപ്പെട്ടത് നമ്മൾ മാത്രമല്ലല്ലോ? നമുക്ക് വോട്ട് ചെയ്ത ജനങ്ങളും കൂടിയാണല്ലോ
ആൾ 3:
ഇതുവരെയുള്ള എല്ലാ പുറത്താക്കലുകളെയും വിവേചനങ്ങളെയും ഒറ്റപ്പെടുത്തലുകളെയും പ്രതിരോധിച്ചത് നമ്മൾ ഒന്നിച്ചല്ലേ? ഈ പ്രതിരോധവും തുടങ്ങേണ്ടത് ഇവിടെ നിന്ന് തന്നെയാണ്. ഇപ്പോൾതന്നെയാണ്
ആൾ 4:
ഭയം കൊണ്ടും നിരീക്ഷണം കൊണ്ടും രൂപപ്പെടുത്തുന്ന ഡിക്ടേറ്റർമാരുടെ ലോകമല്ല, സ്‌നേഹവും സാഹോദര്യവും മാനവികതയും പുലരുന്ന യഥാർത്ഥ ജനാധിപത്യസമൂഹമാണ് നമ്മൾ പടുത്തുയർത്തേണ്ടത്
ആൾ 5:
എല്ലാകാലത്തും വെളിച്ചമായിരുന്ന ചരിത്രമാണ് നമ്മൾക്കുള്ളത്. ആ ചരിത്രം നമ്മൾ ആവർത്തിക്കും.
ഇരുളിലൊറ്റത്താരകം പോൽ പൊരുതി നിന്നൊരു കേരളം
ഇതൾ വിടർത്തിയ നന്മയിൽ നവലോക ചിന്ത വളർന്നിടം
കാര്യകാരണ ബന്ധ വീഥിയിൽ നമ്മൾ വച്ച ചെരാതുകൾ
കെട്ടുപോയോ, ഇന്നു വീണ്ടുമിരുട്ടുതിന്നു മയങ്ങിയോ?
തുല്യനീതി, ലിംഗനീതി, മനുഷ്യമോചനസ്വപ്നവും
എന്തുകൊണ്ടെന്നുള്ള ചോദ്യം ചുട്ടു രാകിയ മൂർച്ചയും
പഴയ വിശ്വാസം പുതച്ചു തുരുമ്പെടുത്തു നശിക്കയോ?
എത്രവട്ടം ഉഴുതു നിങ്ങൾ നിലമൊരുക്കി വിതയ്ക്കിലും
ഞാറ്റുവേലകളെത്രവട്ടം പെയ്തു മണ്ണ് കുളിർക്കിലും
വെറുപ്പിന്റെ കിരീടവാഴ്ചകൾ തഴയ്ക്കില്ലീ മണ്ണിലെന്നൊ-
രു വിരൽ മുനയാൽ ചൂണ്ടിനിർത്തുക,
സഹിക്കില്ലീ ദുരിതമെന്നൊരു സഹ്യനായി വളർന്നു നില്ക്കുക.
സപ്ത സിന്ധു നദീതടങ്ങൾ ബുദ്ധ പൗർണമിയോർത്തെടുക്കും
ഗാന്ധി ഇന്ത്യൻ സമരപാതയിലുജ്ജ്വലിച്ചു വസന്തമാകും
അറിവുമക്ഷരവും യുക്തിയിലഭിരമിക്കും കാലമെത്തും
നെഹ്‌റുവിന്റെ സ്വതന്ത്രഭാരത സ്വപ്നഭൂവിൽ പകലുദിക്കും
ഭരണഘടനയെ വീണ്ടെടുക്കാൻ ജാതിബോധം വേരറുക്കാൻ
മിടിക്കും അംബേദ്ക്കർ നമ്മുടെ രക്തധമനിയിലിന്ത്യയായ്
ധനുഷ്‌കോടി മുതൽക്കു കാശ്മീരം വരെ സടകുടയു, മുണരും
ചവിട്ടടിയിലമർന്ന കൃഷിയിടമൊത്തു കുതറിയെണീറ്റു നില്ക്കും
വിണ്ടുകീറിയ കാലടികളിലിന്ത്യ വീണ്ടുമുയർത്തെനീക്കും
കേരളം പുതുവഴി തെളിക്കും, പുതിയൊരോണം പൂവിളിക്കും
പ്രേക്ഷകരും അഭിനേതാക്കളും ഒരുമിച്ച് കൈകൾ കോർത്ത് പുതിയ അവതരണത്തിന് നന്ദി കുറിക്കുമ്പോൾ നാടകം അവസാനിക്കുന്നു
പരിപാടി
സംസ്ഥാനതല പരിശീലനക്യാമ്പ്
പ്രൊഡക്ഷൻ ക്യാമ്പ് വിവിധ തിയതികളിൽ നടന്ന കലാസംസ്കാരം ഉപസമിതി കൂടിയിരിപ്പിലൂടെ രൂപപ്പെട്ട ആശയങ്ങൾ ക്രോഡീകരിച്ച് കലാജാഥയിൽ അവതരിപ്പിക്കേണ്ട പരിപാടികളുടെ ഏകദേശ രൂപം തയ്യാറാക്കി സ്ക്രിപ്റ്റ് എഴുതാൻ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ ജി അരവിന്ദിനെ ചുമതലപ്പെടുത്തി. ലഭിച്ച സ്ക്രിപ്റ്റ് വിശദമായി ചർച്ചനടത്തി സംവിധാനത്തിനായി അരവിന്ദിനെ തന്നെ ചുമതലപ്പെടുത്തി. തുടർന്ന് ഐആർടിസിയിൽ വച്ച് ഡിസംബർ 24 മുതൽ 31 വരെ സംസ്ഥാനതല പ്രൊഡക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കലാജാഥയുടെ നാൾവഴികളെക്കുറിച്ചും കേരള സമൂഹത്തിലുണ്ടാക്കിയ സാംസ്കാരിക ചലനങ്ങളെക്കുറിച്ചും കല സംസ്കാരം ഉപസമിതി ചെയർമാൻ ജി. രാജശേഖരൻ ആമുഖ അവതരണം നടത്തി. തുടർന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻ സംസ്ഥാന സെക്രട്ടറിയും, പ്രസിഡൻ്റുമായിരുന്ന ഡോ.എൻ.കെ ശശിധരൻ പിള്ള ജാഥാംഗങ്ങളോട് സംസാരിച്ചു. ക്യാമ്പിൽ രൂപം കൊണ്ട നാടകം പരിഷത്തിന്റെ കേന്ദ്രനിർവാഹകസമിതി അംഗങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ഡിസംബർ 30ന് അവതരിപ്പിച്ചു. അവതരണം കണ്ടതിനുശേഷം ലഭിച്ച പ്രതികരണങ്ങൾ പരിശോധിച്ച് ഉൾപ്പെടുത്താവുന്നവ ഉൾപ്പെടുത്തി സ്ക്രിപ്റ്റ് പരിഷ്കരിച്ചു.
മേഖലാതല റിഹേഴ്സൽ ക്യാമ്പുകൾ
നാടകത്തിന്റെ രംഗാവിഷ്‌കാര ശിൽപശാല 2024 ഡിസംബർ 24 മുതൽ 31 വരെ പാലക്കാട് ഐ.ആർ.ടി.സി. കാമ്പസ്സിൽവച്ചാണ് നടന്നത്. ഡോ. കാവുമ്പായി ബാലകൃഷ്ണൻ, എം.എം സചീന്ദ്രൻ, എൻ. വേണുഗോപാലൻ, എ.എം ബാലകൃഷ്ണൻ, ബി. രമേശ്, ജയകുമാർ (കൺവീനർ) തുടങ്ങിയവർ ആശയ രൂപീകരണം മുതൽ രംഗാവിഷ്കാരം വരെയുള്ള വിവിധ ഘട്ടങ്ങളിൽ നടന്ന ചർച്ചകളിൽ ക്രിയാത്മക പങ്കാളിത്തം വഹിച്ചു. ജാഥാസംഘങ്ങളുടെ പരിശീലനക്കളരികൾ കോഴിക്കോട് ജില്ലയിലെ കണ്ണിപ്പൊയിൽ (2025 ജനു. 12 മുതൽ 19 വരെ), കൊല്ലം ജില്ലയിലെ ചിതറ (2025 ജനു. 16 മുതൽ 25 വരെ), തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് (2025 ജനു. 18 മുതൽ 25 വരെ) എന്നിവിടങ്ങളിലും നടന്നു.
ഉത്തരമേഖലാ ക്യാമ്പ്
സംഘാടകസമിതി രൂപീകരണം ഉത്തരമേഖലാ കലാജാഥയുടെ പരിശീലന ക്യാമ്പ് ജനുവരി 12 മുതൽ 19വരെ കോഴിക്കോട് ജില്ലയിലെ അത്തോളി കണ്ണിപൊയിലിൽ നടത്തുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം 25.12.24 ന് എടക്കര കൊളക്കാട് എ.യു.പി സ്ക്കൂളിൽ ചേർന്നു. ഉത്തരമേഖല സെക്രട്ടറി എൻ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് കെ.ടി.രാധാകൃഷ്ണൻ റിഹേഴ്സൽ ക്യാമ്പിനെ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി വി.കെ.ചന്ദ്രൻ സ്വാഗതവും കെ.കെ. അരവിന്ദാക്ഷൻ പ്രവർത്തന പരിപാടിയും അവതരിപ്പിച്ചു. ബാലുശ്ശേരി മേഖലാ പ്രസിഡണ്ട് അഹമ്മദ് നന്ദിയും പറഞ്ഞു. ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ സച്ചിൻ ദേവ് ചെയർപേഴ്സണും കെ.കെ. അരവിന്ദാക്ഷൻ ജനറൽ കൺവീനറുമായി സംഘാടക സമിതിയും ഉപസമിതികളും രൂപീകരിച്ചു. ക്യാമ്പ് തുടങ്ങുന്നതുമുതൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സാംസ്കാരിക സദസ്സ് അടക്കമുള്ള പരിപാടികൾ ഉൾപ്പടെ വിപുലമായ രീതിയിൽ ജനകീയ പങ്കാളിത്തത്തോടെ ക്യാമ്പ് വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണ് കണ്ണിപൊയിലിൽ നടന്നുവരുന്നത്.
മുൻ ജനറൽ സെക്രട്ടറി സി.എം. മുരളീധരൻ, ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ പി.ബിജു, ഹരീഷ് ഹർഷ, ജില്ലാ ട്രഷറർ സത്യനാഥൻ, കലാസംസ്കാരം ഉപസമിതി ജില്ലാ ചെയർമാൻ ഇ ടി വത്സൻ തുടങ്ങിയവരും സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തു. പരിശീലന ക്യാമ്പ് ഉദ്ഘാടനം സമകാലിക ഇന്ത്യ നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ വെല്ലുവിളികളെ പ്രധാന പ്രതിപാദന വിഷയമാക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനുവരി 19 മുതൽ ഫെബ്രുവരി 11 വരെ നടത്തുന്ന “ഇന്ത്യാ സ്റ്റോറി” നാടകയാത്ര പരിശീലനം കോഴിക്കോട് അത്തോളി കണ്ണിപ്പൊയിലിൽ ആരംഭിച്ചു. പരിശീലന ക്യാമ്പ് പരിഷത്ത് സംസ്ഥാന നിർവാഹകസമിതി അംഗം കെ ജയകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യ സ്റ്റോറി നാടകയാത്ര സംവിധാനം സ്കൂൾ ഓഫ് സോങ്ങ് ആൻ്റ് ഡ്രാമയിലെ അരവിന്ദ് എം എസ് . ആണ് നിർവഹിക്കുന്നത്. കണ്ണൂർ സ്വദേശികളായ ബാബുരാജ് മലപ്പട്ടം ,ആദിത്യ സന്തോഷ്, അവന്തിക സന്തോഷ്, നിർമ്മല കെ.രാമൻ, വിശ്രുത്, റിനേഷ് അരിമ്പ, ബിന്ദു പീറ്റർ, തൃശ്ശൂരിൽ നിന്നും അഖിലേഷ് തയ്യൂർ, ജോസ് പൂക്കാരം, പാലക്കാട് നിന്ന് വിഷ്ണു, കോട്ടയത്ത് നിന്ന് സനൽ കോട്ടയം, കോഴിക്കോട് നിന്ന് അഖിൽ എന്നിവർ നാടകയാത്ര പരിശീലനത്തിൽ പങ്കെടുക്കുന്നു. ക്യാമ്പ് നടക്കുന്ന കണ്ണിപൊയിൽ ഗ്രാമത്തിൽ ജനുവരി 12 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ജനസംവാദ സദസ്സുകൾ വൈകുന്നേരങ്ങളിൽ നടക്കും.ജനുവരി 13ന് പരിസ്ഥിതി പ്രവർത്തകൻ ടി.സുരേഷ് കാടും നമ്മുടെ ആരോഗ്യവും, 14 ന് പി എം.ഗീത ലിംഗ നീതിയും കുടുംബത്തിലെ ജനാധിപത്യവും,15 ന് പ്രൊഫസർ കെ.പാപ്പൂട്ടി ജ്യോതിഷവും ജ്യോതിശാസ്ത്രവും, 16 ന് കെ കെ ശിവദാസൻ മികവ് എല്ലാവർക്കും വിദ്യാഭ്യാസ സംവാദം,17ന് എൻ. ശാന്തകുമാരി ശാസ്ത്രവും ജീവിതവും ,18 ന് ടി കെ വിജയൻ വീ ദ പീപ്പിൾ – ഭരണഘടനാസംവാദം എന്നിവ സംവാദസദസ്സുകളുടെ ഭാഗമായി നടക്കും. പരിശിലന ക്യാമ്പ് ഉദ്ഘാടന യോഗത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം പി.കെ സതീഷ്, ബാലുശ്ശേരി മേഖല പ്രസിഡണ്ട് അയമദ്, മേഖലാ സെക്രട്ടറി ശ്രീ സത്യൻ, പി സുഗതകുമാരി എന്നിവർ സംസാരിച്ചു. യോഗത്തിന് ദിനേശ് സി.കെ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കെ കെ അരവിന്ദാക്ഷൻ നന്ദിയും അറിയിച്ച് സംസാരിച്ചു.
മധ്യമേഖലാ ക്യാമ്പ്
മധ്യമേഖലാ കലാജാഥാ പരിശീലന ക്യാമ്പ് ജനുവരി 18 മുതൽ 25 വരെ മുളകുന്നത്തുകാവിൽ നടത്തുന്നതിനുള്ള സംഘാടകസമിതി രൂപീകരിച്ചു. കോലഴി മേഖലയുടെ ആഭിമുഖ്യത്തിൽ മുളംകുന്നത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡണ്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറുമായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് അംഗം ലിനി ടീച്ചർ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജു വാസുദേവൻ എന്നിവർ രക്ഷാധികാരികളും മുളംകുന്നത്ത്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ദേവസി ചെയർപേഴ്സണും കോലഴി മേഖലാ സെക്രട്ടറി വി.കെ മുകുന്ദൻ ജനറൽ കൺവീനറുമാണ്. കലാസംസ്കാരം ഉപസമിതി കൺവീനർ ഐ കെ മണിയാണ് ക്യാമ്പ് ഡയറക്ടർ. കോലഴി മേഖല പ്രസിഡണ്ട് പ്രീത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുകുന്ദൻ വി.കെ, ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ടിവി രാജു, എൻ കെ. രാധാകൃഷ്ണൻ, ഫ്രാൻസി ടീച്ചർ, സുബ്രൻ ഇടശ്ശേരി, ബിനോദ് എൻ, ഹരികുമാർ ടി, മണി. ഐ. കെ. എന്നിവർ സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളായ വി. മനോജ് കുമാർ, ജൂന പി എസ്, എ പി ശങ്കരനാരായണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കസീമ കെ.കെ എന്നിവർ സംബന്ധിച്ചു. രണ്ടുദിവസത്തിനുശേഷം പ്രാദേശിക അസൌകര്യം മൂലം പരിശീലനം ആര്യമ്പാടത്തുള്ള ഗ്രീൻ ആർമി പരിശീലനകേന്ദ്രത്തിലേക്ക് മാറ്റി.
ദക്ഷിണമേഖലാ ക്യാമ്പ്
ദക്ഷിണമേഖലാ പരിശീലനക്യാമ്പ് ജനുവരി 15 മുതൽ 25 വരെ കൊല്ലം ജില്ലയിലെ ചിതറ കെ.പി കരുണാകരൻ ഫൗണ്ടേഷനിലാണ് നടക്കുന്നത്. പരിഷത്ത് ജനറൽ സെക്രട്ടറി പി വി ദിവാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ പി. ഗോപകുമാർ, റ്റി. ലിസി , എൽ. ഷൈലജ, കൊല്ലം ജില്ലാ പ്രസിഡൻ്റ് കെ. പ്രസാദ് , സെക്രട്ടറി എൻ . മോഹനൻ എന്നിവർ സംസാരിച്ചു.
പരിശീലന ക്യാമ്പ് സംഘാടക സമിതി ചെയർമാൻ കരകുളം ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ സംഘാടക സമിതി കൺവീനർ എസ്. നന്ദനൻ സ്വാഗതവും ചടയമംഗലം മേഖല സെക്രട്ടറി വി.എൽ രതീഷ് നന്ദിയും പറഞ്ഞു.
ജാഥാപര്യടനം
വടക്കൻജാഥ ജനുവരി 20 മുതൽ ഫെബ്രുവരി 4 വരെയും മധ്യ-തെക്കൻ മേഖലാ ജാഥകൾ ജനുവരി 26 മുതൽ ഫെബ്രുവരി 11 വരെയും പര്യടനം നടത്തും. ദിവസവും നാലുകേന്ദ്രങ്ങളിലാണ് കലാപരിപാടി അവതരിപ്പിക്കുന്നത്. കാലത്ത് 10മണി, ഉച്ചതിരിഞ്ഞ് 2.30, 4.30. 6.30
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും പ്രതിസന്ധികളുടെ കാര്യകാരണങ്ങൾ കണ്ടെത്തി പരിഹാരാന്വേഷണത്തിലേക്ക് നയിക്കാൻ ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ കലാജാഥകൾ നാളിതുവരെ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.
തുടർച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും പ്രളയവും ഉരുൾപൊട്ടലും പകർച്ചവ്യാധികളും ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് ഒരു നവകേരളം സൃഷ്ടിക്കുന്നതിൽ നമ്മൾ നേരിടുന്ന തടസ്സങ്ങൾ എന്തെന്ന് ചർച്ച ചെയ്യാനും, കാലാവസ്ഥാ മാറ്റത്തെ ഗൗരവപൂർവ്വം പരിഗണിച്ചു കൊണ്ട് സുസ്ഥിര വികസനത്തെക്കുറിച്ച് അനുഭവ യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിൽ ബദൽ അന്വേഷണത്തിന് പ്രേരണയാകാനും ഈ വർഷത്തെ നാടകക യത്ര ലക്ഷ്യമിടുന്നു.
കേരളത്തെ സാമ്പത്തിക അവഗണനയുടെ ബുൾഡോസർ കൊണ്ട് ഞെരിച്ച് ഞെരിച്ച് ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കേരളത്തിൻ്റെ ഭാവിയെ മാത്രമല്ല രാജ്യം ഉയർത്തിപ്പിടിച്ച ഭരണഘടനാമൂല്യമായ ഫെഡറലിസത്തിൻ്റെ തകർച്ചക്ക് കാരണമാവുമെന്ന ഓർമ്മപ്പെടുത്തലും നാടകയാത്രയിൽ പ്രമേയമാവുന്നു.
എതിർശബ്ദങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുന്നതാണ് ജനാധിപത്യത്തിൻ്റെ കരുത്തും സൗന്ദര്യവും. എന്നാൽ അസഹിഷ്ണുതയുടെ ജപ ഘോഷയാത്രകൾ രാജ്യത്തിൻ്റെ സ്വാസ്ഥ്യം കെടുത്തുന്നു.ജനാധിപത്യം മതനിരപേക്ഷത, തുല്യത, സാമൂഹിക നീതി തുടങ്ങിയവയെല്ലാം മായ്ക്കപ്പെടുമ്പോൾ നിരാശരാവുകയല്ല ജാഗ്രത്താവുകയാണ് ഓരോരുത്തരുടെയും രാഷ്ട്രീയ ഉത്തരവാദിത്തമെന്ന് നാടകയാത്രയിലൂടെ ലക്ഷൃമിടുന്നത്.
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും പ്രതിസന്ധികളുടെ കാര്യകാരണങ്ങൾ കണ്ടെത്തി പരിഹാരാന്വേഷണത്തിലേക്ക് നയിക്കാൻ ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ കലാജാഥകൾ നാളിതുവരെ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.
തുടർച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും പ്രളയവും ഉരുൾപൊട്ടലും പകർച്ചവ്യാധികളും ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് ഒരു നവകേരളം സൃഷ്ടിക്കുന്നതിൽ നമ്മൾ നേരിടുന്ന തടസ്സങ്ങൾ എന്തെന്ന് ചർച്ച ചെയ്യാനും, കാലാവസ്ഥാ മാറ്റത്തെ ഗൗരവപൂർവ്വം പരിഗണിച്ചു കൊണ്ട് സുസ്ഥിര വികസനത്തെക്കുറിച്ച് അനുഭവ യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിൽ ബദൽ അന്വേഷണത്തിന് പ്രേരണയാകാനും ഈ വർഷത്തെ നാടകക യത്ര ലക്ഷ്യമിടുന്നു.
സ്കൂൾ ഓഫ് ഡ്രാമയിലെ അരവിന്ദ് എം എസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഇന്ത്യാ സ്റ്റോറി നടകയാത്രയിൽ എം എം സജീന്ദ്രനും ജി രാജശേഖരനും ഗാനരചന നിർവഹിക്കുന്നു. സന്ദീപ് കുമാർ, സുരേഷ് ബാബു ചെണ്ടയാട് എന്നിവർ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവച്ചിരിക്കുന്നു. ബി എസ് ശ്രീകണ്ഠൻ പശ്ഛാത്തല സംഗീതവും വിഷ്ണു ശാരി കലാസംവിധാനവുമൊക്കുന്നു. ബിന്ദു പീറ്റർ, റിനേഷ് അരിമ്പ്ര, ബാബുരാജ് മലപ്പട്ടം, സനൽ കോട്ടയം, ജോസ് പൂക്കൾ, അവന്തിക സന്തോഷ്, ആദിത്യസന്തോഷ്, വിശ്രുത് യു കെ , അഖിൽ ഒളവണ്ണ, ഹരീഷ് ഹർഷ എന്നിവർ അഭിനയിക്കുന്നു. നിർമ്മല കെ രാമൻ സംഗീത നിയന്ത്രണവും നിർവിക്കുന്നു. ക്യാമ്പിൻ്റെ സ്വാഗതസംഘം ചെയർമാൻ അഡ്വ സച്ചിൻ ദേവ് എം എൽ എ ക്യാമ്പ് സന്ദർശിച്ച് കലാകരർമാർക്ക് ആശംസകൾ അർപ്പിച്ചു.
പരിശീലനക്യാമ്പിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ നടന്നു.
പോസ്റ്ററുകൾ
വടക്കൻ മേഖലാ ജാഥ
മധ്യമേഖലാ ജാഥ
ദക്ഷിണമേഖലാ ജാഥ
കലാജാഥ ശില്പികൾ
രചന- സംവിധാനം : എം എസ് അരവിന്ദ് (സ്ൾകൂൾ ഓഫ് ഡ്രാമയിലെ പി ജി വിദ്യാർഥി)
ഗാനങ്ങൾ ഒരുക്കിയത് : എം എം സചീന്ദ്രൻ, ജി രാജശേഖരൻ
സംഗീതം : സന്ദീപ് കുമാർ, സുരേഷ് ബാബു ചെണ്ടയാട്, കൃഷ്ണകുമാർ തലശ്ശേരി
പശ്ചാത്തല സംഗീതം : ബി എസ് ശ്രീകണ്ഠൻ
രംഗപടം : വിഷ്ണുശാരി
സ്ക്രിപ്റ്റ് വിപുലീകരണം : വൈക്കം വേണു (എൻ വേണുഗോപാലൻ), ബി രമേഷ്, കാവുമ്പായി ബാലകൃഷ്ണൻ,
പണിപ്പുര
ജാഥാറൂട്ട്
തിയതി | 9മണി | 11.30മണി | 3.00മണി | 6.30മണി |
---|---|---|---|---|
വടക്കൻ മേഖലാ ജാഥ ഉദ്ഘാടനം 19-1-2025 അത്തോളി കണ്ണിപ്പൊയിൽ | ||||
ഉദ്ഘാടകൻ പ്രൊഫ. ഡോ എ എം ഷിനാസ് | ||||
20-1-25 | - | - | - | വടകര ടൌൺ |
21-1-25 | കുഞ്ഞിപ്പള്ളി,ഒഞ്ചിയം | കുട്ടോത്ത്, തോടന്നൂർ | കൽപറ്റ | പഴയ വൈത്തിരി |
22-1-25 | മീനങ്ങാടി | കളബത്തേരി | പുൽപ്പള്ളി | മാനന്തവാടി |
23-1-25 | പേരാവൂർ - മലബാർ
ബി.എഡ് കോളേജ് |
ഇരിട്ടി നവപ്രഭ
വായനശാല, കരിയാൽ |
നിടുവാലൂർ,
ശ്രീകണ്ഠാപുരം |
പറവൂർ,
മാതമംഗലം |
24-1-25 | ഗാന്ധി പാർക്ക് പയ്യന്നൂർ | ചെറുവത്തൂർ | മേക്കാട്ട് | കൊളവയൽ |
25-1-25 | മുന്നാട് | ബിരിക്കുളം | കൊയോങ്കര | കുളപ്പുറം, മാടായി |
26-1-25 | തളിപ്പറമ്പ് - പട്ടുവം | കണ്ണൂർ-അഴീക്കൽ | മയ്യിൽ - കുടൂർ | കൂടാളി - മുണ്ടേരി |
27-1-25 | എടക്കാട് - പെരളശ്ശേരി | കുത്തുപറമ്പ്-
മറോളിഘട്ട് |
പാനൂർ
വടക്കേ പൊയിലൂർ |
തലശ്ശേരി- പിണറായി |
28-1-25 | തലശ്ശേരി
എഞ്ചിനിയറിം ഗ് കോളേജ് |
കണ്ണൂർ
ജില്ലാ സമാപനം |
പെരുമുണ്ടച്ചേരി,
നാദാപുരം |
ആവള, പേരാമ്പ്ര |
29-1-25 | മൊകേരി ഗവ.കോളേജ് | കൈതക്കൽ | അണേല | അമ്പലപ്പടി |
30-1-25 | നന്മണ്ട | മലാപ്പറമ്പ്
വിമൻസ് പോളിടെക്നിക് |
മണക്കടവ് | പെരുവയൽ |
31-1-25 | എരവന്നൂർ | ചേളന്നൂർ SNG കോളേജ് | അഗസ്ത്യൻ മുഴി | അരീക്കോട് |
1-2-25 | ഈസ്റ്റ് കാരാട് - വാഴയൂർ | വള്ളിക്കുന്ന് | താനൂർ | തിരൂർ വടക്കേ അങ്ങാടി |
2-2-25 | പൊന്നാനി - ആലങ്കോട് | കുറ്റിപ്പുറം-പിലാത്തറ | പെരിന്തൽമണ്ണ | മലപ്പുറം മണ്ണഴി |
3-2-25 | മഞ്ചേരി | വണ്ടൂർ-കരുവാരക്കുണ്ട് | നിലമ്പൂർ-പൂങ്ങോട് | നിലമ്പൂർ - മാമാങ്കര
( സമാപനം) |
മധ്യമേഖലാ ജാഥ ഉദ്ഘാടനം - ജനുവരി 26 സാഹിത്യ അക്കാദമി ഹാൾ, തൃശ്ശൂർ | ||||
ഉദ്ഘാടനം ഡോ ശ്രീജിത്ത് രമണൻ, ഡയറക്ടർ, ഡോ.ജോൺ മത്തായി സെന്റർ, അരണാട്ടുകര, തൃശ്ശൂർ | ||||
27-1-25 | ഒല്ലൂക്കര | കോലഴി | വടക്കാഞ്ചേരി | ചേലക്കര |
28-1-25 | കാവശ്ശേരി | കിഴക്കഞ്ചേരി | കുനിശ്ശേരി | എലവഞ്ചേരി |
29-1-25 | കൊടുവായൂർ
BEd കോളേജ് |
പട്ടഞ്ചേരി ആൽത്തറ | തേങ്കുറിശ്ശി | കുത്തനൂർ |
30-1-25 | മുണ്ടൂർ | മലമ്പുഴ ഐടിഐ | കരിമ്പ | ഭീമനാട് |
31-1-25 | കാറൽമണ്ണ | ശ്രീകൃഷ്ണപുരം | ലക്കിടി | ഷൊർണൂർ |
1-2-25 | തിരുവേഗപ്പുറ | മുതുമല | പെരിങ്ങോട് | പട്ടിത്തറ |
2-2-25 | കുന്നംകുളം,
അംബേദ്കർ സാംസ്കാരികനിലയം കാണിയാമ്പാൽ |
ചാവക്കാട്-
കൊളാടിപ്പറമ്പ്-തമ്പുരാൻപടി |
മുല്ലശ്ശേരി | അന്തിക്കാട് |
3-2-25 | തൃപ്രയാർ | ചേർപ്പ് | ഇരിങ്ങാലക്കുട | ചാലക്കുടി |
4-2-25 | പുത്തൻചിറ | മതിലകം | കൊടുങ്ങല്ലൂർ
(തൃശ്ശൂർജില്ലാ സമാപനം) |
ആലുവ
(എറണാകുളം ജില്ല) |
5-2-25 | പറവൂർ കെടാമംഗലം | ഞാറയ്ക്കൽ | കുമ്പളങ്ങി | തൃപ്പുണിത്തുറ |
6-2-25 | ചങ്ങമ്പുഴ പാർക്ക് | പിറവം | ആമ്പല്ലൂർ | പള്ളിക്കര |
7-2-25 | ഏലൂർ | നെടുമ്പാശ്ശേരി | കാലടി പെരുമ്പാവൂർ | ഓടക്കാലി |
8-2-25 | മൂവാറ്റുപുഴ | കോതമംഗലം | ഇടുക്കി | അടിമാലി |
9-2-25 | RIT പാമ്പാടി | MG, യൂനിവേഴ്സിറ്റി | ചിങ്ങവനം | തൃക്കൊടിത്താനം |
10-2-25 | സ്ഥാപനകേന്ദ്രം | ഏറ്റുമാനൂർ | കടുത്തുരുത്തി
സെൻട്രൽ |
വൈക്കം (സമാപനം) |
ദക്ഷിണമേഖലാജാഥ ഉദ്ഘാടനം ജനുവരി 26 വയ്യാനം 6മണി | ||||
ഉദ്ഘാടനം- കെ ജയദേവൻ, ചെയർമാൻ, കുഞ്ചൻ നമ്പ്യാർ സ്മാരകം ലക്കിടി | ||||
27-1-25 | പാലോട് | കല്ലറ | നെടുമങ്ങാട് | വെള്ളനാട് |
28-1-25 | മലയിൻകീഴ് | അവണാകുഴി | കീഴാറ്റൂർ | പൊഴിയൂർ |
29-1-25 | നരുവാമൂട് | പേരൂർക്കട | കാര്യവട്ടം | മാനവീയം വീഥി |
30-1-25 | കഠിനംകുളം | മണനാക്ക് | വർക്കല | കല്ലമ്പലം |
31-1-25 | ശീമാട്ടി ജംഗ്ഷൻ | കുറ്റിച്ചിറ | കുരീപ്പുഴ | നടയ്ക്കാവ് |
1-2-25 | മേമന | ആലോചനമുക്ക് | തൊടിയൂർ | മൈനാഗപ്പള്ളി |
2-2-25 | ചക്കുവള്ളി | CVKM കിഴക്കേ കല്ലട | വെളിയം | ചെറുമൂട് |
3-2-25 | അഞ്ചൽ വെസ്റ്റ് | അടൂർ | -- | അതിരുങ്കൽ |
4-2-25 | അങ്ങാടിക്കൽ | അരിവാപ്പാലം | വടശ്ശേരിക്കര | എഴുമറ്റൂർ, മല്ലപ്പള്ളി |
5-2-25 | തിരുമൂലപുരം | ഇലന്തൂർ | പന്തളം | മെഴുവേലി |
6-2-25 | ചെങ്ങന്നൂർ | മുളക്കുഴ | മാവേലിക്കര | |
7-2-25 | ചാരുംമൂട് | കായംകുളം | ഹരിപ്പാട് | |
8-2-25 | അമ്പലപ്പുഴ | നെടുമുടി | ആലപ്പുഴ (N) | ചേർത്തല |
9-2-25 | വയലാർ | തൈക്കാട്ടുശ്ശേരി | ചേർത്തല | ആലപ്പുഴ (സമാപനം) |
കലാജാഥ അംഗങ്ങൾ
വടക്കൻ ജാഥ
- ബിന്ദു പീറ്റർ (ക്യാപ്റ്റൻ)
- എ എം ബാലകൃഷ്ണൻ (മാനേജർ)
- റിനേഷ് അരിമ്പ്ര
- ബാബുരാജ് മലപ്പട്ടം
- അഖിൽ ഒളവണ്ണ
- യു കെ വിശ്രുത്
- അവന്തിക സന്തോഷ്
- സനൽ കോട്ടയം
- ജോസ് പൂക്കൾ
- ആദിത്യ സന്തോഷ്
- നിർമല കെ രാമൻ
- ഹരീഷ് ഹർഷ
മധ്യജാഥ
- അഖിലേഷ് തയ്യൂർ (ക്യാപ്റ്റൻ)
- പി എ തങ്കച്ചൻ (മാനേജർ)
- വിഷ്ണു നരിമുറ്റത്ത്
- സനൂപ് എലവഞ്ചേരി
- സുരേഷ് പി കുട്ടൻ
- സുമേഷ് മുരളി
- ഷീല പി കേശവൻ (തൃശ്ശൂർ) വൈസ് ക്യാപ്റ്റൻ
- അർച്ചന മധു (വൈക്കം)
- സാലിഷ് കടലുണ്ടി
- മധുരാജ് നീണ്ടൂർ
- പ്രബോഷ് മുദ്ര കടലുണ്ടി
- പ്രീത എൻ പി
- ഐ.കെ. മണി (സഹ മാനേജർ )
തെക്കൻ ജാഥ
- മധു പരവൂർ (കൊല്ലം) ക്യാപ്റ്റൻ
- എൽ. ഷൈലജ (കൊല്ലം) മാനേജർ
- ദേവിക എസ്സ് (കൊല്ലം) വൈസ് ക്യാപ്റ്റൻ
- അനിൽ ജനാർദ്ദനൻ (കൊല്ലം)
- വിനോദ് ആർ (കൊല്ലം)
- ഷജില സുബൈദ (കൊല്ലം)
- രാഹുൽ രാജീവ് (ആലപ്പുഴ)
- കൃഷ്ണകൃപാൽ കെ.പി (എറണാകുളം)
- ബെൻസ് എസ് ജെ (പത്തനംതിട്ട)
- ലിജോ കെ.ജെ (പത്തനംതിട്ട)
- രാഗിണി എം ജി (ആലപ്പുഴ)
- മാക് സി മില്യൻ
പുസ്തകപ്രചരണം
ജനറൽ സെക്രട്ടറിയുടെ അഭ്യർത്ഥന
2024-25 വർഷത്തെ ശാസ്ത്രകലാജാഥയുടെ പ്രൊഡക്ഷൻ ക്യാമ്പ് പാലക്കാട് ഐ ആർ ടി സി യിൽ നടന്നുകൊണ്ടിരിക്കയാണ്. നാലര പതിറ്റാണ്ടുകാലമായി മുടക്കമില്ലാതെ നടക്കുന്ന ബഹുജന സമ്പർക്ക പരിപാടിയാണ് കലാജാഥകൾ. ഈ വർഷം സംസ്ഥാന തലത്തിൽ മൂന്ന് ജാഥകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2025 ജനുവരി 20 ന് ആരംഭിച്ച് ഇരുനൂറോളം കേന്ദ്രങ്ങളിൽ അവതരണങ്ങൾ നടത്തി ഫെബ്രുവരി ആദ്യവാരത്തിൽ സമാപിക്കുന്ന വിധത്തിലാണ് ജാഥാ പരിപാടി.
സ്‌കൂൾ ഓഫ് ഡ്രാമയിലെ PG വിദ്യാർത്ഥി അരവിന്ദാണ് സ്ക്രിപ്റ്റ് രചനക്ക് നേതൃത്വം നൽകിയതും സംവിധാനം ചെയ്യുന്നതും.
ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പ്രചരിപ്പിച്ചാണ് സംസ്ഥാന തലം മുതൽ പ്രാദേശിക സംഘാടനചെലവുകൾ വരെ കണ്ടെത്തുന്നത്. 1980 ൽ ആരംഭിച്ച് മുടക്കമില്ലാതെ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രകലാജാഥകളുടെ ചരിത്രം വിവിധ വർഷങ്ങളിൽ കലാജാഥയിൽ അംഗമായിരുന്ന എൻ വേണുഗോപാലൻ (വൈക്കം വേണു) എഴുതി തയ്യാറാക്കിയത് ജാഥയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നുണ്ട്.
പുസ്തക പ്രചാരണത്തിൽ സഹായിച്ചും പുസ്തകങ്ങൾ വാങ്ങിയും ശാസ്ത്രകലാജാഥയും പുസ്തക പ്രചാരണവും വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പുസ്തക പ്രചരണത്തിൻ്റെ ഉദ്ഘാടനം 2025 ജനുവരി 2 ന് എല്ലാ യൂണിറ്റിലും നടക്കുകയാണ്. അന്നേ ദിവസം എല്ലാ യൂണിറ്റിലും പുസ്തക പ്രചാരണ സ്ക്വാഡുകൾ നടത്തി ഉദ്ഘാടന പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹാഭിവാദനങ്ങളോടെ പി.വി. ദിവാകരൻ ജനറൽ സെക്രട്ടറി
ജില്ല തിരിച്ചുള്ള കണക്ക്
കേന്ദ്രം | തുക |
---|---|
കല്പ്പറ്റ | 250000 |
വൈത്തിരി | 51000 |
ബത്തേരി | 140000 |
മീനങ്ങാടി | 50000 |
മാനന്തവാടി | 140000 |
പുൽപ്പള്ളി | 90000 |
ആകെ | 721000 |
ജില്ല | മേഖല | തുക |
---|---|---|
കോഴിക്കോട് | കുന്ദമംഗലം | 4 ലക്ഷം |
വയനാട് | കൽപ്പറ്റ | 2.5 ലക്ഷം |
വയനാട് | മാനന്തവാടി | 1.4 ലക്ഷം |
വയനാട് | സുൽത്താൻ ബത്തേരി | 1.4 ലക്ഷം |
കണ്ണൂർ | പെരളശ്ശേരി | 1 ലക്ഷം |
തിരുവനന്തപുരം | നെടുമങ്ങാട് | 1 ലക്ഷം |
പാലക്കാട് | കൊല്ലങ്കോട് | 2.55 ലക്ഷം |
പാലക്കാട് | ആലത്തൂർ | 1.08 ലക്ഷം |
പാലക്കാട് | കുഴൽമന്ദം | 1.34 ലക്ഷം |
ചിത്രഗാലറി
വടക്കൻ മേഖലാ ജാഥ
മധ്യ മേഖലാ ജാഥ
തെക്കൻ മേഖലാ ജാഥ
മറ്റു രേഖകൾ
സംഘാടനത്തിനുള്ള നിർദേശങ്ങൾ
ഇന്ത്യാ സ്റ്റോറി നാടകയാത്ര 2025 ജനുവരി 20 - ഫെബ്രുവരി 11 ജാഥാ കേന്ദ്രങ്ങളിൽ വേണ്ട മുൻകരുതലുകളും തയ്യാറെടുപ്പുകളും.
ഈ വർഷത്തെ കലാജാഥയുടെ ഭാഗമായി തയ്യാറാക്കിയിരിക്കുന്ന നാടകം ഇന്ത്യാ സ്റ്റോറി - INDIA STORY - യാണ്. ഒരു മണിക്കൂർ ആയിരിക്കും ഇന്ത്യാ സ്റ്റോറിയുടെ അവതരണ സമയം. മുന്നൊരുക്കങ്ങളും ജാഥാ സ്വീകരണവും ഉൾപ്പെടെ ഒന്നരമണിക്കൂർ എങ്കിലും ഒരു കേന്ദ്രത്തിൽ സമയം ആവശ്യമായി വരും. ഇതു കൂടാതെ കേന്ദ്രങ്ങൾ തമ്മിലുള്ള ദൂരം മനസ്സിലാക്കി ആവശ്യമായ യാത്രാ സമയവും കൂടി കണക്കാക്കിവേണം ജാഥ കേന്ദ്രങ്ങളുടെ സമയക്രമം നിശ്ചയിക്കാൻ.
- ഇന്ത്യാ സ്റ്റോറി നാടകം മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാൻ പ്രേക്ഷകരുടെ പങ്കാളിത്തം കൂടിയേ കഴിയൂ. കഥാപാത്രങ്ങളും കാണികളുമായി നിരവധി തവണ ഇടപഴകുന്ന സന്ദർഭങ്ങൾ നാടകത്തിൽ ഉണ്ട്.
- അവതരണത്തിനായി 18 x 18 അളവിൽ സ്ഥലം ലഭ്യമാക്കണം. നിരപ്പായ സ്ഥലമായാലും മതിയാകും. കൂടുതൽ കാണികളെ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ പരമാവധി രണ്ട് അടി പൊക്കത്തിൽ സ്റ്റേജ് നന്നായിരിക്കും.
- കഥാപാത്രങ്ങൾക്ക് കാണികളുടെ ഇടയിൽ നിന്ന് സംസാരിക്കാത്ത രീതിയിൽ സ്റ്റേജിനു മുന്നിൽ 6' x 6' ചതുരത്തിൽ കസേരകൾ ഇല്ലാത്ത ഒരിടം കൂടി ആവശ്യമാണ്. ഈ സ്ഥലത്തിന് ഇരുപുറവുമായി കസേരകൾ ഇടാവുന്നതാണ്.
- പ്രേക്ഷകർക്കിടയിലൂടെ കലാജാഥാംഗങ്ങൾ നിരവധി തവണ സ്റ്റേജിലേക്ക് കടക്കേണ്ടി വരുന്നുണ്ട്. അതിനാൽ പ്രേക്ഷകർക്ക് നടുവിൽ കൂടി അവർക്ക് കടന്നു വരത്തക്ക രീതിയിൽ വഴി സൗകര്യമുണ്ടാകണം.
- അവതരണ സ്ഥലങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അത് റോഡിൻ്റെ വശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ശബ്ദ ശല്യം കൂടിയ ഇടങ്ങളിലും ആകാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.
- അവതരിപ്പിക്കുന്നവർക്കും പ്രേക്ഷകർക്കും ഒന്നര മണിക്കൂർ തണൽ ലഭിക്കുന്ന സ്ഥലം കണ്ടെത്താൻ ശ്രദ്ധിക്കണം. ചുമതലക്കാർ സ്ഥലം തീരുമാനിക്കുന്നതിനുമുമ്പ് അവതരണ സമയം കണക്കാക്കി അവിടങ്ങൾ സന്ദർശിച്ച് സൗകര്യം ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. :
- ജാഥ കേന്ദ്രങ്ങളിൽ വൈദ്യുതി സൗകര്യം ലഭ്യമാക്കാൻ ശ്രദ്ധിക്കണം. വൈദ്യുതിക്ക് തടസ്സം ഉണ്ടെങ്കിൽ വാഹനത്തോടൊപ്പമുള്ള ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിന് രണ്ട് ലിറ്റർ പെട്രോൾ കേന്ദ്രങ്ങളിൽ കരുതേണ്ടതാണ്.
- ജാഥയോടൊപ്പം ശബ്ദ സംവിധാനം ഉണ്ടായിരിക്കും. മുൻകൂട്ടി യോഗമോ , പ്രഭാഷണമോ സംഘടിപ്പിക്കുന്നുണ്ടെങ്കിൽ കേന്ദ്രത്തിൽ പ്രത്യേക ശബ്ദ സംവിധാനം കരുതണം.
- കലാജാഥയിൽ ജാഥാംഗങ്ങളായി 11 പേർ ഉണ്ടാകും അതിൽ ചുരുങ്ങിയത് മൂന്ന് പേർ പെൺകുട്ടികളായിരിക്കും.ജാഥാംഗങ്ങളെ കൂടാതെ വാഹനത്തിൻ്റെ സാരഥിയും സൗണ്ട് സിസ്റ്റം നിയന്ത്രിക്കുന്നവരും മാനേജരും പ്രവർത്തകരും അടക്കം 15-16 പേർ ജാഥയിലുണ്ടാകും.
- ദിവസ സമാപന കേന്ദ്രങ്ങളിൽ ജാഥാംഗങ്ങൾക്ക് താമസ സൗകര്യം ഉറപ്പാക്കണം. രാത്രി ഭക്ഷണവും പിറ്റേന്ന് രാവിലത്തെ ഭക്ഷണവും സമാപന കേന്ദ്രങ്ങളിൽ ഒരുക്കുവാൻ ശ്രദ്ധിക്കണം.
- ദിവസ സമാപന കേന്ദ്രങ്ങളിൽ നാടകാവതരണത്തിനാവശ്യമായ വെളിച്ചം സ്റ്റേജിൽ ലഭിക്കുന്നതിനുള്ള സംവിധാനം ജാഥയോടൊപ്പം ഉണ്ടാകുമെങ്കിലും പ്രേക്ഷകർക്ക് കൂടി വെളിച്ചം ലഭിക്കുന്നതിനുള്ള സൗകര്യം സംഘാടനത്തിന്റെ ഭാഗമായി ഒരുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- ജാഥയ്ക്കൊപ്പം നടകത്തിൻ്റെ സ്ക്രിപ്റ്റു വിൽപ്പനയും ടിൻ കളക്ഷനും നടത്തേണ്ടതിനാൽ രണ്ട് പ്രവർത്തകരെ അതിനായി മുൻകൂട്ടി ചുമതലപ്പെടുത്തണം.
- രാവിലെ 11 മണി കേന്ദ്രത്തിൽ ഉച്ചഭക്ഷണവും മറ്റു കേന്ദ്രങ്ങളിൽ ചായയും ലഘു ഭക്ഷണവും കരുതണം.
- ജാഥാ കേന്ദ്രങ്ങളിൽ ആവശ്യത്തിന് കുടിവെള്ളം (ചൂട് വെള്ളം) കരുതണം.
- ജാഥ അംഗങ്ങളുടെ ഭക്ഷണകാര്യത്തിൽ ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
- ജാഥാ സ്വീകരണം നാടകാവതരണത്തിന് മുൻപായി നടക്കണം. വിവിധ സംഘടനകൾ ജാഥാ ക്യാപ്റ്റനിൽ നിന്നും പുസ്തകം വാങ്ങിയും, യൂണിറ്റുകൾ പുസ്തക പ്രചാരണ തുക നൽകിയും സ്വീകരിക്കുന്ന രീതി ആലോചിക്കാവുന്നതാണ്.
- കലാജാഥയുടെ പരിസരത്തേയ്ക്ക് പേപ്പർ ഗ്ലാസ്സും, പേപ്പർ പ്ലേറ്റും കൊണ്ടുവരരുത്. സ്റ്റീൽ ഗ്ലാസ്സും, സ്റ്റീൽ പ്ലേറ്റിലും മാത്രമെ ഭക്ഷണം കൊടുക്കാവൂ. നമ്മൾ മാതൃകയാവണം. വിദ്യാഭ്യാസ ജാഥയിൽ പല കേന്ദ്രങ്ങളിലും ഇക്കാര്യം നമ്മൾ പാലിച്ചില്ല - നാടകയാത്രയിൽ കേന്ദ്രം ചുമതലയുള്ളവർ നിർബന്ധമായും അന്വേഷിക്കുകയും പേപ്പർ/പ്ലാസ്റ്റിക് ഒഴിവാക്കുകയും വേണം
ജനറൽ സെക്രട്ടറിയുടെ കത്ത്
പ്രിയമുള്ളവരെ,
കലാജാഥകൾ ആരംഭിക്കുകയായി. ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ബഹുജന വിദ്യാഭ്യാസ പരിപാടിയിൽ ഏറ്റവും പ്രധാന പ്പെട്ടതാണ് കലാജാഥകൾ. 1980 കളിൽ ആരംഭിച്ച ആശയ പ്രചരണ ജാഥകൾ 44 വർഷമായി പ്രയാണം തുടരുകയാണ്. തെരുവ് നാടകങ്ങളിൽ തുടങ്ങി വിവിധങ്ങളാ യകലാരൂപങ്ങളി ലൂടെ വളർച്ച പ്രാപിച്ച പരിഷത്ത് കലാജാഥകളെ പൊതു സമൂഹം ആവേശപൂർവ്വമാണ് സ്വീകരിച്ചത്. കേരള വികസനത്തിൻ്റെ നാഴികക്കല്ലുകൾ വൃത്യസ്ത കാലങ്ങളിൽ കലാ ജാഥകളിലൂടെ പരിഷത്ത് അവതരി പ്പിച്ചത് കേരള സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തി യിട്ടുണ്ട്. എറണാകുളം സാക്ഷരതക്കു ശേഷം സമ്പൂർണ സാക്ഷരതയ്ക്കായി നടത്തിയ അക്ഷരകലാ ജാഥകൾ, B GVS മായി ചേർന്ന് അഖിലേന്ത്യാ തലത്തിൽ നടത്തിയ ഗ്യാൻ വിഗ്യാൻ ജാഥകൾ , അധികാര വികേന്ദ്രീകരണത്തിലേക്കെത്തിച്ച 90 കളിലെ വികസന ജാഥകൾ. പൊതുവി ദ്യാഭ്യാസ വ്യാപനത്തിനും ഗുണ മേൻമയ്ക്കുമായി നടത്തിയ വിദ്യാഭ്യാസജാഥകൾ, ബാലവേദി കൂട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലോ ത്സവ ജാഥകൾ. സ്ത്രീശാക്തീ കരണം ലക്ഷ്യം വെച്ച് നടത്തിയ വനിതാ കലാജാഥകൾ, അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിച്ച സമതാ കലാജാഥകൾ. ഇങ്ങനെ വ്യത്യസ്ഥ കാലഘട്ടങ്ങളിൽ വൈവിധ്യമുള്ള പ്രസക്തമായ ആശയങ്ങളുയർത്തി ക്കൊണ്ട് നടത്തിയ ബഹുജന വിദ്യാഭ്യാസ പ്രക്രിയയായിരുന്നു ശാസ്ത്ര കലാജാഥകൾ. ശാസ്ത്രം സാമൂഹ്യ വിപ്ലത്തിന് എന്ന മുദ്രാവാക്യത്തിൻ്റെ പ്രായോഗികതലമായിരുന്നു കലാജാഥകൾ.
ഇന്ത്യാ സ്റ്റോറി എന്നാണ് ഈ വർഷത്തെ കലാജാഥയുടെ പേര്. വർത്ത മാനകാല ഇന്ത്യൻ സാഹചര്യം ഏറെ ആശങ്കകൾ ജനിപ്പിക്കുന്നു. ഭരണഘടനയും ഫെഡറൽ വ്യവസ്ഥയും ചോദ്യം ചെയ്യപ്പെടുന്നു.രാഷ്ട്രീയ ബോധം കക്ഷിരാഷ്ട്രീയ ബോധമായും അത് മതബോധമായും ജാതി ബോധമായും പരിണമിക്കുകയും ചെയ്യുന്നു. കേരളം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണെന്നും നവോത്ഥാന മൂല്യങ്ങളിലൂടെ ഉഴുതുമറിച്ച മണ്ണാണെന്നുമുള്ള ധാരണയും പുനർവിചിന്തനം ചെയ്യേണ്ടിയി രിക്കുന്നു. അഖിലേന്ത്യാ തലത്തിൽ പടർന്നു കൊണ്ടിരിക്കുന്ന ജാതിമത വർഗ്ഗീയവല്ക്കരണത്തിൻ്റെയും വലതുപക്ഷവല്ക്കരണത്തിൻ്റെ യും വിഷക്കാറ്റുകൾ സ്വാധീനം ചെലുത്തി തുടങ്ങിയിരിക്കുന്നു. നരബലികളും സമാധികളുമൊക്കെ ഇതിനുള്ള തെളിവുകളാണ്.‘തിന്മകൾ നഖം മൂർച്ച കൂട്ടുന്ന കാലത്ത് നിങ്ങളുടെ മൗനം മഹാപാതകം’ എന്ന വരികൾ കൂടുതൽ ഉച്ചത്തിൽ വിളിച്ചു പറയേണ്ടതുണ്ട്.
ഈ വർഷത്തെ കലാജാഥയിലൂടെ അതാണ് ലക്ഷ്യം വെക്കുന്നത്. ആശയ പ്രചരണത്തോടൊപ്പം തന്നെ സംഘടന യുടെ ദൈനംദിന പ്രവർത്തന മൂലധന സ്വരൂപണവും നമ്മുടെ ലക്ഷ്യമാണ്. പരമാവധി പുസ്തകങ്ങൾ പ്രചരിപ്പിച്ച് കലാജാഥയെ ആവേശപൂർവ്വം സ്വീകരിക്കാനുള്ള നടപടിക ളുണ്ടാവണം. വിദ്യാഭ്യാസജാഥ പകർന്നുതന്ന ആവേശമുണ്ട്. വർത്തമാന കാലത്ത് പരിഷത്ത് ഉയർത്തുന്ന ഏറ്റവും വലിയ സാമൂഹ്യ വിദ്യാഭ്യാസവും പ്രതിരോധവുമാണ് ഇന്ത്യാ സ്റ്റോറി എന്നത് ഒരു രാഷ്ട്രീയ ദൗത്യ മായി ഏറ്റെടുക്കണമെന്നഭ്യർത്ഥിക്കുന്നു. ജാഥാ കേന്ദ്രങ്ങളിൽ പരമാവധി ആളുകളെ എത്തിക്കുന്നതിനും അനുബന്ധ പരിപാടികളിലൂടെ നാടിൻ്റെ ഉത്സവമാ ക്കുന്നതിനും പരിഷത്തിൻ്റെ അഗ്നി ഉള്ളിലുള്ള ഓരോ പ്രവർത്തകനും തയ്യാറാവണമെന്നും കാലം നമ്മിലർപ്പിച്ച വിശ്വാസം അഗ്നി ജ്വാലകളാക്കി മാറ്റുന്ന രാഷ്ട്രീയ പ്രക്രിയയിൽ കണ്ണി ചേരണമെന്നും ഏറെ സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവം
പി.വി. ദിവാകരൻ
ജനറൽ സെക്രട്ടറി
വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേർന്ന പ്രധാന വ്യക്തികൾ
ഇന്ത്യാ സ്റ്റോറി കലാജാഥ സ്വീകരണ പരിപാടി കണ്ണൂർ ജില്ലയിലെ മുണ്ടേരി സന്ദർശിച്ച് വിലയിരുത്തിയ റജിസ്ട്രഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കലാകാരൻമാർക്ക് മന്ത്രി ഉപഹാരവും നൽകി.
ഇന്ത്യ സ്റ്റോറി - നാടക യാത്രയുടെ ഭാഗമായി പെരളശ്ശേരി യൂനിറ്റിൽ നടന്ന പുസ്തക പ്രചരണം ചടങ്ങിൽ മുൻ എംഎൽഎ എം.വി ജയരാജൻ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ, പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ.
ശ്രദ്ധേയമായ സംഭവങ്ങൾ/പ്രവർത്തനങ്ങൾ
കണ്ണൂർ ജില്ലയിലെ കൂടാളി മേഖലയിലെ മുണ്ടേരി സ്വീകരണ കേന്ദ്രത്തിൽ പുസ്തക പ്രചരണത്തിന്റെ ഭാഗമായി മുണ്ടേരി സെൻട്രൽ യുപി സ്കൂൾ മാനേജർ ശ്രീ. അരവിന്ദാക്ഷൻ വാങ്ങിയ 10000/- രൂപയുടെ പുസ്തകങ്ങൾ സ്കൂൾ ക്ലാസ്സ് ലൈബ്രറിയിലേക്ക് കൈമാറി. തുട൪ന്ന് വായനയു൦ ശാസ്ത്രവു൦ " എന്ന വിഷയത്തിൽ യുറിക്ക എഡിറ്റോറിയൽ ബോർഡ് അംഗം ഡോ. രമേശ൯ കടൂ൪ ക്ലാസ്സെടുത്തു.
കായംകുളം മേഖല, ആലപ്പുഴ ജില്ല
🔥ഇന്ത്യാസ്റ്റോറി🔥കലാജാഥയോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം വിവിധ വിഷയങ്ങളിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ കായംകുളം മേഖലയിൽ ദേവികുളങ്ങര പഞ്ചായത്തിൽ സംഘടിപ്പിച്ച അനുബന്ധ പരിപാടി #ഇന്ത്യ ഇനി # എന്ന വിഷയത്തിലൂന്നിയ ചർച്ചയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ മുഴുവൻ സമയസാന്നിധ്യത്തിൽ മേഖലയിലെ മുതിർന്ന പ്രവർത്തകരും പൊതുജനങ്ങളും സജീവമായി ഒപ്പം ചേർന്നു. ദേവികുളങ്ങരയിൽ പുതിയൊരു യൂണിറ്റ് തന്നെ രൂപീകരിക്കുന്നതിന് ചർച്ച വഴിതെളിച്ചത് ഏറെ സന്തോഷകരമായ അനുഭവം. സംഘാടകരുടെ കൂട്ടായ്മയ്ക്കുള്ള വിജയഫലം എന്ന് തന്നെ ഈ യൂണിറ്റിനെ പറയാം. കോളേജ് വിദ്യാർത്ഥികൾ മുതൽ പഴയകാല കലാജാഥാംഗങ്ങൾ വരെ യൂണിറ്റിൽ അംഗത്വമെടുത്തു. അഭിവാദ്യങ്ങൾ സുഹൃത്തുക്കളെ
കലാസംസ്കാരം ഉപസമിതി ചെയർമാന്റെയും കൺവീനറുടെയും അഭ്യർഥന
പ്രിയ സുഹൃത്തുക്കളെ,
ഇന്ന് (19.01.2025) ഇന്ത്യാ സ്റ്റോറിനാടകയാത്ര കോഴിക്കോട് കണ്ണിപ്പൊയിൽ നിന്ന് പ്രയാണമാരംഭി ക്കുകയാണ്. കേരളത്തിൻ്റെ പൊതുവിടങ്ങളിൽ സംവാദത്തിൻ്റെ തീക്കാറ്റു വിതക്കുക എന്ന രാഷ്ട്രീയദൗത്യമാണ് നമ്മൾ നെഞ്ചേറ്റുന്നത്. ഓരോ കേന്ദ്രത്തേയും സാംസ്കാരിക പ്രതിരോധ പ്രവർത്തനങ്ങളുടെ അരങ്ങാക്കി മാറ്റാൻ നമുക്കാവണം. ചേർത്തു നിർത്തേണ്ടവരെയാകെ ചേർത്തു നിർത്തിയാവണം സംഘാടനം.
സംഘാടനവും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. വരാൻ പോകുന്ന പ്രവർത്തനസാധ്യതയിലേക്കുള്ള സഞ്ചാരമാണ്. സംഘാടനത്തിൻ്റ ഓരോഘടകവും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോന്നും ഒരോ സന്ദേശമാണ് പകരാൻ ശ്രമിക്കുന്നത്.
ജാഥാ സംഘാടനത്തിൻ്റെ എല്ലാ തലങ്ങളും പരിസ്ഥിതി സൗഹൃദമാവണം. പ്ലാസ്റ്റിക് രഹിത പ്രചരണസാമഗ്രികൾ ഉപയോഗിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പേപ്പർ കപ്പ് തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കണം.
ജാഥാ അംഗങ്ങളുടെ താമസം, ഭക്ഷണം എന്നീ കാര്യങ്ങളിൽ പ്രത്യേക കരുതൽ വേണം. അതുപോലെ തന്നെ അവതരണ സ്ഥലത്തിൻ്റെ കാര്യത്തിലും. സംഘടനാ നേതൃത്വത്തിലുളളവർ കേന്ദ്രങ്ങൾ മൂൻകൂട്ടി സന്ദർശിച്ച് നാടകാവതരണത്തിന് കേന്ദ്രം സജ്ജമാണെന്ന് ഉറപ്പുവരുത്തണം. ഓരോ കാര്യങ്ങളും സൂക്ഷമമായി വിലയിരുത്തി ആസൂത്രണം നടത്തണേ..
നാടകം കാണാൻ നാട്ടുകാരെ നേരിട്ടു കണ്ട് ക്ഷണിക്കണം. പങ്കാളിത്ത മുറപ്പിക്കലാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. പ്രത്യേകിച്ച് രാവിലെയും ഉച്ചക്കുമുള്ള കേന്ദ്രങ്ങളിൽ. സാധ്യമായ വഴികളെല്ലാം നോക്കണം.
പ്രചരണമാണ് ജാഥാ വിജയത്തിൻ്റെ പ്രധാന ഘടകം. പ്രാദേശിക സാധ്യതകൾ ആവുന്നത്ര ഉപയോഗിക്കണം. പ്രാദേശിക ചാനലുക ളുടെ ശ്രദ്ധയിൽ കൊണ്ടുവരണം. മാധ്യമ ശ്രദ്ധയിലേക്ക് എങ്ങനെയൊക്കെഎത്തിക്കാൻ കഴിയുമെന്ന് മുൻകൂട്ടി ആലോചിക്കണം.
ജാഥക്കുമുമ്പും ജാഥ കഴിഞ്ഞും ഓരോ കേന്ദ്രത്തിൽനിന്നും പത്രകുറിപ്പ് തയ്യാറാക്കി ചിത്രങ്ങളോടൊപ്പം അയക്കണം. എന്നിട്ട് അവരെയൊന്ന് വിളിച്ച് വാർത്ത അയച്ച കാര്യം ഓർമ്മിപ്പിക്കണം.അതിന് ഒരാളെ ചുമതലപ്പെടുത്തണം. സോഷ്യൽ മീഡിയ പ്പേറ്റ് ഫോം പ്രചരണപ്രവർത്തനങ്ങൾ കൊണ്ട് നിറക്കണം.
കേന്ദ്രങ്ങൾ പ്രാദേശിക സാധ്യതകൾ ഉപയോഗപ്പെടുത്തി അലങ്കരിക്കണം. പുതുമകൾ കൊണ്ടുവരാനാ യാൽ ശ്രദ്ധിക്കപ്പെടും.
ഒരു കാര്യത്തിലും പിഴവുണ്ടാകരുതേ... സുഹൃത്തുക്കളെ നമ്മൾ ഒരു സർഗ്ഗസമരത്തിൽ പങ്കാളികളാവുകയാണ്. അതിൻ്റ ചൂട് പകരാനാവണം. ഇന്ത്യാ സ്റ്റോറിനാടകയാത്ര ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കലാസമരമാണ്. അതെ. കലാസമരം.
സ്നേഹത്തോടെ ജി. രാജശേഖരൻ ചെയർമാൻ എസ്. ജയകുമാർ കൺ വീനർ
കലാജാഥ സ്ക്രിപ്റ്റ്
കലാജാഥ പാട്ടുകൾ - വരികൾ
കലാജാഥ പാട്ടുകൾ - ഓഡിയോ
ജാഥയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ
എ എം ബാലകൃഷ്ണൻ, വടക്കൻ ജാഥ
കലാ ജാഥയെ യുവത നെഞ്ചേറ്റുന്ന അപൂർവ്വ അനുഭവം ഇന്ത്യ സ്റ്റോറിനാടകയാത്ര. ഇന്നലെ കോഴിക്കോടും ഇന്ന് വയനാട്ടിലുമായി 3 കാമ്പസുകളിൽ ഇന്ത്യ സ്റ്റോറി അവതരിപ്പിച്ചപ്പോൾ നാടകാവതരണത്തേ ഹൃദയത്തോട് ചേർത്ത് അഭിനന്ദിച്ചവരിലേറേയും യുവാക്കൾ. ഇന്ന് മീനങ്ങാടിയിലേയും സുൽത്താൻബത്തേരിയിലേയും കോളേജ് കാമ്പസ് അക്ഷരാർത്ഥത്തിൽ ജാഥ യേ ഉൾക്കൊണ്ടു സ്വീകരിച്ചു. പരമ്പരാഗത ശൈലി വിട്ട അവതരണത്തിന് കോളേജ് അധ്യാപകരും മറ്റ് പ്രേക്ഷകരും പൊതുവേ പ്രശംസിച്ചു. എങ്കിലും അവശ്യം വേണ്ട ഭേദഗതികളോടെ നാളെ മുതൽ നാടക മൂർച്ച കൂട്ടുക തന്നെ വേണമെന്നും ചില സുഹൃത്തുക്കൾ നിർദ്ദേശിച്ചു.
എൻ ശാന്തകുമാരി
ഇന്ത്യാ സ്റ്റോറി നാടകയാത്ര ജനുവരി 31ന് ചേളന്നൂർ SNG College ൽ അവതരണം നടത്തും. ഇതിൻ്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലാ കമ്മിറ്റി നിരവധി പരിപാടികൾ നടത്തിവരികയാണ്. അത്തരമൊന്നായിരുന്നു ഇന്നലെ കക്കോടിയിൽ ബഷീറിൻ്റെ വീട്ടുമുറ്റത്ത് നടന്നത്. വിഷയം ലിംഗനീതിയും സ്ത്രീ സുരക്ഷയും .ഇത്തരം വിഷയങ്ങളൊക്കെ സംസാരിക്കാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. അതു കൊണ്ട് തന്നെ അങ്ങോട്ട് പോവുമ്പോൾ ഇനി എന്ത് പുതിയ കാര്യമാണ് സംസാരിക്കുക എന്നായിരുന്നു ചിന്ത .മാത്രമല്ല അല്പം മടുപ്പു മുണ്ടായിരുന്നു എന്നതാണ് സത്യം . ഏതാണ്ട് മുപ്പത് പേരുണ്ടായിരുന്നു. ഈ വിഷയം മുൻപ് ചർച ചെയ്തവർ മൂന്ന് നാല് പേരേ ഉണ്ടായിരുന്നുള്ളൂ .. എന്നാൽ പിന്നെ ഒന്നിൽ നിന്ന് തന്നെ തുടങ്ങാമെന്ന് കരുതി. കോശങ്ങളും ലിംഗനിർണയ കോമോസോമുകളും ഒക്കെയായി ചർച മുന്നേറി. വിവാഹ ധൂർത്ത് ,നില നിൽക്കുന്ന നിയമങ്ങൾ അവയുടെ പ്രായോഗികത അങ്ങിനെയങ്ങിനെ .... മഞ്ഞ(ൾ )? മുതൽ തുടങ്ങുന്ന കല്യാണാഘോഷങ്ങളിലെ ധാരാളിത്തത്തെ എങ്ങിനെ സ്വാഭാവികമായ സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ലളിതമായ തുടക്കമായി മാറ്റാം എന്നത് ഗൗരവമായി ചർച ചെയ്യപ്പെട്ടു .കുട്ടികളുടെ വ്യക്തിത്വം എങ്ങനെയാണ് രൂപപ്പെടുന്നത്, ഏതെല്ലാം ചിന്തകളും അനുഭവങ്ങളുമാണ് അവരെ സ്വാധീനിക്കുന്നത് ....അങ്ങിനെ ചർച മന:ശാസ്ത്രത്തിലുമെത്തി. ഏതായാലും ആദ്യമുണ്ടായിരുന്ന മടുപ്പൊക്കെ മാറി രസകരവും ചിന്തോദ്ദീപ കവുമായി അന്തരീക്ഷം മാറിക്കൊണ്ടിരുന്നു... ശാന്തേച്ചി ഇന്ന് പോണ്ട ,നമുക്കിന്ന് വർത്തമാനം പറഞ്ഞോണ്ടിരിക്കാം എന്ന ക്ഷണവും കിട്ടി ... സന്തോഷകരമായ ഒരു സായാഹ്നം ..
കൂട്ടത്തിൽ സ്കൂൾ കലോൽസവത്തിൽ മികച്ച നാടക നടിയായ അക്ഷയയേയും ബാലവേദി യുനിറ്റ് തല ക്വിസ് പ്രോഗ്രാമിൽ സമ്മാനം ലഭിച്ച അനികേതിനേയും അനുമോദിക്കുകയും ചെയ്തു .
തൃക്കുന്നപ്പുഴ യൂണിറ്റിലെ പ്രവർത്തകർ
കുറഞ്ഞത് 50,000 രൂപയുടെ പുസ്തക പ്രചരണം, അതിലൂടെ ലഭിക്കുന്ന കമ്മീഷനിലൂടെ ജാഥാ വിഹിതം, അനുബന്ധ പരിപാടികൾ, വേദിയൊരിക്കൽ ഭക്ഷണം താമസം. ശാസ്ത്ര സാഹിത്യപരിഷത്ത് കലാജാഥയുടെ സ്വീകരണം ഇങ്ങനെയൊക്കെയാണ്. ഹരിപ്പാട് മേഖലയിൽ നാഷണൽ ഹൈവേയുടെ പണി നടക്കുന്നതിനാൽ സ്വീകരണം തൃക്കുന്നപ്പുഴയിലായി. രണ്ടുവർഷം മുമ്പുള്ള" ഒന്ന്" കലാജാഥയുടെ സ്വീകരണവും അവതരണവും തൃക്കുന്നപ്പുഴയിൽ ആയിരുന്നു. വലിയഴിക്കൽ ബാലവേദി സംസ്ഥാന ക്യാമ്പ് നൽകിയ ക്ഷീണം ഇതുവരെ വിട്ടു മാറിയിട്ടില്ല. എങ്കിലും കലാജാഥ തൃക്കുന്നപ്പുഴ ഏറ്റെടുത്തു. സംഘാടകസമിതി ചെയർമാനായ സഖാവ് സി രത്നകുമാർ നൽകിയ ഊർജ്ജം പരിഷത്ത് യൂണിറ്റിന് ഏറെ പ്രചോദനമായി. അദ്ദേഹം പറഞ്ഞു നിങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങൂ എന്ന് . ഞങ്ങൾ കുറച്ചു പേർ ഇന്ന് ലഘുലേഖയും പുസ്തകങ്ങളുമായി ജനങ്ങളിലേക്ക് ചെന്നു. അവിശ്വസനീയമായിരുന്നു പ്രതികരണം.
പരിഷത്ത് എവിടെയായിരുന്നു എന്ന ചോദ്യവും . കലാജാഥ കണ്ടിട്ട് എത്ര നാളായി എന്ന പരിഭവവും ബാക്കി. ഇന്നു നിർബന്ധിച്ചു കൂടെ വന്നവർ സ്വമനസ്സാലെ പറഞ്ഞു നാളെ ഏത് വാർഡിലാണ് ഇറങ്ങുന്നത് സമയം അറിയിച്ചാൽ മതിയെന്ന്.
കേരള ചരിത്രത്തിൽ പരിഷത്ത് നടത്തിയ ഇടപെടലുകളും, അടയാളപ്പെടുത്തലുകളും, ഭാവി കേരളത്തിന്റെ പ്രതീക്ഷകളുമാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.. നമുക്കൊരു നവകേരളം പടുത്തുയർത്താം.. ഫാസിസത്തിനെതിരെ പ്രതിരോധമുയർത്താം…
മുന്നാട് കേന്ദ്രത്തിലെ കാണികളുടെ പ്രതികരണം
ഇന്ത്യ സ്റ്റോറി നാടകയാത്ര - മുന്നാട് (കാസർഗോഡ്) കേന്ദ്രം പകർന്ന കരുത്തിൽ മുന്നോട്ട്. ഇന്ന് 25 / 1/25 ശനിയാഴ്ച ആദ്യ സ്വീകരണ കേന്ദ്രം രാവിലെ 9 മണിക്ക് കാസർഗോഡ് മേഖലയിലെ മുന്നാട്. ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ , നാടകത്തെ നെഞ്ചേറ്റിയ കുറ്റിക്കോൽ ബേഡഡുക്ക പഞ്ചായത്തിലെ അമേച്ചർ & പ്രൊഫഷണൽ നാടക പ്രതിഭകൾ ഒപ്പം തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പടെ 100 ൽ പരം പേർ. സ്ത്രീകൾ തന്നെ കുടുതൽ. ഈ പ്രബുദ്ധ സദസ് " ഇന്ത്യ സ്റ്റോറിയെ എങ്ങിനെ സ്വീകരിക്കുമെന്ന് ഞാൻ ആശങ്കപ്പെട്ടു. ഒരു മണിക്കൂർ അവതരണം കഴിഞ്ഞ് അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകിയപ്പോൾ അവർ വേദിയിൽ വന്നും അല്ലാതെയും ആവേശ പൂർവ്വം അഭിനന്ദിച്ചപ്പോൾ ലഭിച്ച ഊർജ്ജം ജാഥാംഗങ്ങളെ അക്ഷരാർത്ഥത്തിൽ ആവേശഭരിതരാക്കി. " വർത്തമാന ഭാരതത്തെ പരമ്പരാഗത ശൈലി വിട്ട് അനാവരണം ചെയ്യാൻ പരിഷത്ത് കാട്ടിയ ശ്രമം മികവുറ്റതാണെന്ന് നാടക പ്രവർത്തകർ പറഞ്ഞു. രാജ്യം പേടിപെടുത്തുന്ന വേഗത്തിൽ പിറകോട്ട് കൃതിക്കുമ്പോൾ ചെറുത്തുനിൽപ്പിന്ന് പടയണി ചേരാൻ ഒരു ജനതയെ ആഹ്വാനം ചെയ്യാൻ, പറയേണ്ടവയെല്ലാം പച്ചയ്ക്കു പറയാൻ ഇന്ത്യാ സ്റ്റോറിക്കു കഴിഞ്ഞെന്നു രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ ഒറ്റസ്വരത്തിൽ അഭിപ്രായപ്പെട്ടു. കലാപരമായ ചില പരിമിതികളും ന്യൂനതകളും തുടർ അവതരണങ്ങളിലൂടെ പരിഹരിച്ചാൽ കാലം ആവശ്യപ്പെടുന്ന കടമ നിർവ്വഹിക്കാൻ ഇന്ത്യാ സ്റ്റോറിക്കു കരുത്തുണ്ടാകുമെന്ന് പ്രേക്ഷകർ. മുന്നാട് പകർന്ന കരുത്തിൽ ഇന്ത്യാ സ്റ്റോറിനാടകയാത്ര മുന്നോട്ട്.
കെ.വി.ഗണേഷ്, നാടകപ്രവർത്തകൻ
പണാധിപത്യവും വരേണ്യതയും കലയെ ഗ്രസിച്ചിരിക്കുന്നു. പണമുള്ളവർക്ക് മാത്രം പ്രവേശനമുള്ള നാടകോത്സവങ്ങൾ അടിസ്ഥാനവർഗത്തെ ദൂരത്ത് നിർത്തുന്നു. ഇറ്റ്ഫോക് നാടകോത്സവം പോലും സാധാരണക്കാർക്ക് അപ്രാപ്യമാകുന്നു. വൻകിട സ്ഥാപനങ്ങളുടെ CSR ഫണ്ട് നഗരം കേന്ദ്രീകരിച്ചുള്ള മഹാമേളകൾക്കായാണ് ചെലവഴിക്കുന്നത്. ഗ്രാമങ്ങളിൽ സാധാരണക്കാർക്ക് നാടകം കാണാവുന്ന വിധം മേളകൾ വികേന്ദ്രീകരിക്കുന്നില്ല. ഇതിന് ഒരു അപവാദമാണ് പരിഷത്തിൻ്റെ കലാജാഥകൾ. ഗ്രാമഗ്രാമാന്തരങ്ങളിലെ തെരുവോരങ്ങളിൽ സാധാരണക്കാരുമായി നേരിട്ട് സംവദിക്കുന്ന പരിഷത്ത് കലാജാഥകൾക്ക് വലിയ പ്രസക്തിയാണുള്ളത്. പൊതുവിടങ്ങളിൽ പുരോഗമനാശയക്കാർ പോലും കുറ്റകരമായ നിശബ്ദത പാലിക്കുന്ന ഇക്കാലത്ത്, സാമൂഹ്യതിന്മകൾക്തിരെ സധൈര്യം ശബ്ദമുയർത്തുന്ന പരിഷത്ത് കലാജാഥയെ ഏവരും പിന്തുണയ്ക്കണം.
മുൻകാല കലാജാഥഅംഗവും സിനിമാ അവാർഡ് ജേതാവുമായ പി.പി.കുഞ്ഞികൃഷ്ണൻ
ഇന്ത്യാ സ്റ്റോറി നാടകയാത്രയെ വരവേൽക്കാൻ ഒരോ യൂനിറ്റിലും നടക്കുന്ന പുസ്തക പ്രചരണം വിജയിപ്പിക്കണം. എല്ലാവരും പുസ്തകം വാങ്ങി ജാഥയെ സ്വീകരിക്കണം
സി എസ് മീനാക്ഷി
ഇന്ന് ശാസ്ത്ര സാഹിത്യപരിഷത്തിന്റെ 'ഇന്ത്യൻ സ്റ്റോറി എന്ന ശാസ്ത്രനാടകം കണ്ടു. കാലവസ്ഥാവ്യതിയാനം, പരിസ്ഥിതിപ്രശ്നങ്ങൾ, മുണ്ടക്കൈ ദുരന്തം, മാധ്യമങ്ങളുടെ കോർപ്പറേറ്റ്വൽക്കരണം, വളർന്നുവരുന്ന വർഗ്ഗീയവാദം, ശാസ്ത്രബോധമില്ലായ്മ, സ്ത്രീകൾ കടന്നുപോകുന്ന വിവേചനങ്ങൾ, മണിപ്പൂർ, ഹത്രസ് തുടങ്ങീ ഉത്തരേന്ത്യൻ നഗരങ്ങളിൽ സ്ത്രീകൾക്ക് നേരേ നടക്കുന്ന അതിക്രമങ്ങൾ എല്ലാമുൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരുമണിക്കൂർ നാടകമായിരുന്നു. ഇന്നത്തെ തലമുറയുടെ സങ്കേതങ്ങളായ ഇൻഫ്ലുവൻസർസംസാരം, റാപ് സോങ്‌സ് എല്ലാം ഭാവനാത്മകമായി ഉൾചേർത്തിരിക്കുന്നു. ലളിതമായ രംഗവിധാനങ്ങൾ, properties എല്ലാം ഭംഗിയായി. സംഗീതവും പശ്ചാത്തലസംഗീതവും നന്നായി. സംഭാഷണങ്ങൾ കുറേക്കൂടി അനൗപചാരികമാവാമായിരുന്നു എന്നു തോന്നി. റിയൽ ടൈം ടീംസ് ആണല്ലോ ആൽഫ തലമുറ. പൊതുജനങ്ങളിലേക്ക് വിശേഷിച്ച് വി ദ്യാർത്ഥികളിലേക്ക് വർത്തമാനകാലജീവിതപ്രവണതകൾ എന്തെല്ലാമെന്നത് എത്തിക്കാൻ ഈ അവതരണത്തിന് നിശ്ചയമായും കഴിഞ്ഞിട്ടുണ്ട്. ഇന്ത്യ സ്റ്റോറിക്ക് മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ
പത്രറിപ്പോർട്ടുകൾ
വടക്കൻ മേഖലാ ജാഥ
മധ്യമേഖലാ ജാഥ
ദക്ഷിണമേഖലാ ജാഥ
വീഡിയോകൾ
സാമൂഹ്യമാധ്യമങ്ങളിൽ നിന്നും
വടക്കൻ ജാഥ
മധ്യമേഖലാ ജാഥ
ദക്ഷിണമേഖലാ ജാഥ
കേന്ദ്രങ്ങളിൽനിന്നുള്ള കുറിപ്പുകൾ
വടക്കൻ മേഖലാ ജാഥ
പെരളശേരി
പെരളശേരിയിൽ നടന്ന സ്വീകരണ പരിപാടിയിൽ ജാഥാ മേനേജർ പി സുരേഷ്ബാബു, പെരളശേരി പഞ്ചായത്ത് പ്രസിഡന്റ് എവി ഷീബ, പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എംകെ മനോഹരൻ, കെ കെ സുഗതൻ, കെ വി ദിലീപ്കുമാർ, ബാലസുബ്രഹ്‌മണ്യൻ, കെ കെ സുനീതൻ, കെപി സേതമാധവൻ എന്നിവർ സംസാരിച്ചു. അംഗൻവാടികൾക്കുള്ള പുസ്തക വിതരണം കുരുന്നില ധന്യാറാം ഉദ്ഘാടനം ചെയ്തു. ജാഥയുടെ ഭാഗമായി പ്രചരിപ്പിച്ച 1ലക്ഷത്തി അഞ്ഞൂറ്റി പത്ത് രൂപയുടെ പുസ്തക വില മേഖലാ സെക്രട്ടറി എപി സജീന്ദ്രൻ സംസ്ഥാന കമ്മിറ്റി അംഗം പിവി പുരുഷോത്തമന് കൈമാറി. കൂത്തുപറമ്പ്, വടക്കേ പൊയിലൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പിണറായിൽ സമാപിച്ചു. ചൊവ്വാഴ്ച രാവിലെ 9.30ന് തലശേരി എഞ്ചിനിയറിംഗ് കോളേജിലെ സ്വീകരണത്തിന് ശേഷം കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. വൈകീട്ട് 3.30ന് നാദാപുരം പെരുമുണ്ടചേരിയിലും 6ന് പേരാമ്പ്ര ആവളയിലും സ്വീകരണം നൽകും.
മധ്യ മേഖലാ ജാഥ
കേരള സാഹിത്യ അക്കാദമി ബഷീർ വേദി-ഉദ്ഘാടനം
ഇന്ത്യാ സ്റ്റോറി നാടകയാത്ര മധ്യമേഖലാ കലാജാഥ ജനുവരി 26 വൈകീട്ട് 5.30 ന് കേരള സാഹിത്യ അക്കാദമി ബഷീർ വേദിയിൽ നടന്ന ചടങ്ങിൽ ഡോ. ജോൺ മത്തായി സെൻ്റർ ഡയറക്ടർ ഡോ. ശ്രീജിത്ത് രമണൻ ഉദ്ഘാടനം ചെയ്തു. ജാഥാ മാനേജർ തങ്കച്ചൻ പി എ സ്വീകരണം ഏറ്റുവാങ്ങി. ഡോ. കെ. ആർ ജനാർദ്ദനൻ, മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് , തൃശൂർ കോർപ്പറേഷൻ കൗൺസിലർ സുബി സുകുമാരൻ,ഡോ.കാവുമ്പായി ബാലകൃഷ്ണൻ, ബി രമേഷ്, കല സംസ്കാരം ഉപസമിതി കൺവീനർ ജയകുമാർ, ഡോ. സി. എൽ ജോഷി, പി.എസ് ജൂന, വി ജി ഗോപിനാഥ് വി മനോജ് ,തൃശൂർ ജില്ല സെക്രട്ടറി അഡ്വ. ടി വി രാജു, കെ. കെ കസീമ കെ.വി ഗണേഷ് രംഗചേതന തൃശൂർ, ദേശാഭിമാനി മുൻ മാനേജർ എന്നിവർ സംബന്ധിച്ചു. തൃശൂർ മേഖലയിൽ ആഭിമുഖ്യത്തിൽ നടന്ന ഉദ്ഘാടന പരിപാടി സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും മികവ് പുലത്തി. പങ്കെടുത്തവർ:150.
കണ്ണാറ
കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെനേതൃത്വത്തിൽ, ഇന്ത്യാ സ്റ്റോറി കലാജാഥക്ക് കണ്ണാറ Ems സാംസ്കാരിക നിലയത്തിൽ സ്വീകരണം നൽകി. രാജ്യം നേരിടുന്ന വർഗീയത, വിലക്കയറ്റം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ എന്നിവ വിശദീകരിക്കുന്ന കലാപരിപാടികൾ അരങ്ങേറി.സംഘാടകസമിതി ചെയർമാൻ ഇ.എം. വർഗീസ് അധ്യക്ഷത വഹിച്ചു. ഡോ.സജീവ്, ടി.എൻ. അംബിക, സോമൻ കാര്യാട്ട്, വി.സി. സുജിത്, സി.സി.ജോസ് എന്നിവർ സംസാരിച്ചു. ' മുതിർന്ന അധ്യാപകൻ എം.ആർ. ചന്ദ്രശേഖരൻ മാസ്റ്ററെ ചടങ്ങിൽ അനുമോദിച്ചു.. സ്കൂൾ കലോത്സവ വിജയികളെയും അനുമോദിച്ചു..
കുമ്പളങ്ങാട് വായനശാല പരിസരം
ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഇന്ത്യ സ്റ്റോറി നാടകയാത്രയെ വടക്കാഞ്ചേരി മേഖല വരവേറ്റു. ജനാധിപത്യം, തുല്യത, സാമൂഹ്യ നീതി, ഫെഡലറിസം എന്നി മൂല്യങ്ങൾ ഉയർത്തി പിടിച്ച് സുസ്ഥിര വികസനത്തിനുള്ള ബദൽ സാധ്യത ആരായുന്ന ചോദ്യങ്ങൾ ഉയർത്തിയ കലാജാഥയുടെ സ്വീകരണവും അവതരണവും കുമ്പളങ്ങാട് വായനശാല പരിസരത്തായിരുന്നു. ജാഥ മാനേജർ സംസ്ഥാന കമ്മിറ്റി അംഗം പി എ തങ്കച്ചൻ, ജാഥ ക്യാപ്റ്റൻ അഖിലേഷ് തയ്യൂർ തുടങ്ങിയവർ നയിക്കുന്ന ജാഥക്ക് മേഖല സെക്രട്ടറി സ്വാഗതമാശംസിച്ചു. മേഖല പ്രസിഡണ്ട് മണി അധികാരി, ട്രഷറർ ശശിധരൻ എ കെ. തുടങ്ങിയവർ ജാഥയെ സ്വീകരിച്ചു. ജില്ലാ സെക്രട്ടറി ടിവി രാജു, സംസ്ഥാന കമ്മിറ്റി അംഗം കെ.ഹരീഷ് കുമാർ, കലാസംസ്കാരം ജില്ലാ കൺവീനർ ഐ കെ മണി, ജില്ല ജോയിൻ്റ് സെക്രട്ടറി കെ.കെ. കസീമ, വൈസ് പ്രസിഡൻ്റ് ജയ്മോൻ, ട്രഷറർ രവീന്ദ്രൻ തുടങ്ങിയവർ ജാഥയോടൊപ്പം ഉണ്ടായിരുന്നു.
കാവശ്ശേരി പാലത്തോടി കേന്ദ്രം
കാവശ്ശേരി പാലത്തോടി കേന്ദ്രത്തിൽ വമ്പിച്ച ജനാവലിയെ സാക്ഷി നിർത്തി ആലത്തൂർ എം.എൽ എ പി.പി സുമോദ് ഉദ്ഘാടനം ചെയതു.കുഞ്ഞിരാമൻ വി. ഭാഗ്യലക്ഷ്മി കെ എൻ, ജില്ലാ സെക്രട്ടറി മനോജ് D, പ്രദോഷ് കുനിയിൽ, പ്രസന്നകുമാരി എം., ജനപ്രതിധികളായ ടി വേലായുധൻ, ഗിരിജാ രാജൻ, പരിഷത്ത് ജില്ലാ ഭാരവാഹികളായ, അശോകൻ പി ആർ, ജയകൃഷ്ണൻ എസ്, രതീഷ് കല്ലംപറമ്പ്, പുകസ ഭാരവാഹി പ്രജിത്, കർഷക സംഘം സെക്രട്ടറി വിശ്വംഭരൻ എൻ, എന്നിവർ സംസാരിച്ചു. 27 അങ്കണവാടികളിലേക്ക് അക്ഷരപ്പൂമഴ വിതരണം ചെയ്തു പങ്കാളിത്തം:268 - സ്ത്രീകൾ: 114, 30 നു താഴെ സ്ത്രീകൾ: 31
കുനിശ്ശേരി മാടംപാറ സ്കൂൾ ഗ്രൗണ്ട്
ഇന്ത്യാ സ്റ്റോറി നാടകയാത്രക്ക്പാലക്കാട് ജില്ലയിലെ ആദ്യ ദിനത്തിലെ മൂന്നാം സ്വീകരണം കുനിശ്ശേരി മാടംപാറ സ്കൂൾ ഗ്രൗണ്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. എരുമയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ പ്രേമകുമാരൻ അദ്ധ്യത വഹിച്ച യോഗത്തിൽ ആലത്തൂർ എം.എൽ.എ. കെ ഡി പ്രസേനൻ ഉദ്ഘാടനം ചെയ്തു. ജാഥാ മാനേജർ പി എ തങ്കച്ചൻ സ്വീകരണത്തിന് നന്ദി പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള പി.എം, എൻ.രാജ്കുമാർ, കെ.അൻസിഫ്, എം.കണ്ടമുത്തൻ, സുജ ശിവരാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രാമകൃഷ്ണൻ, CPIM ഏരിയാ സെക്രട്ടറി സി ഭവദാസ് പരിഷത്ത് മധ്യമേഖലാ സെക്രട്ടറി പി അരവിന്ദാക്ഷൻ, പുകസ മേഖലാ സെക്രട്ടറി വി. മുരുകൻ ,സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രദോഷ് കുനിശ്ശേരി എന്നിവർ സംബന്ധിച്ചു. ആലത്തൂർ മേഖലയിലെ മൂന്നാം കേന്ദ്രത്തിലെ നാടകാവതരത്തിനു ശേഷം കെ .ഡി പ്രസേനൻ എം എൽ എ ജാഥാംഗങ്ങൾക്ക് ടീ ഷർട് നൽകി അനുമോദിച്ചു. പങ്കാളിത്തം:210
കിഴക്കഞ്ചേരി പാണ്ടാംകോട് സ്വരാജ് ഗ്രൗണ്ട്
ഇന്ത്യാ സ്റ്റോറി നാടകയാത്രയുടെ മധ്യമേഖലാ ടീം പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പാണ്ടാംകോട് സ്വരാജ് ഗ്രൗണ്ടിൽ ഉച്ചയ്ക്കാണ് എത്തിയത്. കൂറ്റൻ ആൽമരങ്ങൾ തണലൊരുക്കിയ വേദിയിൽ കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കവിതാ മാധവൻ, വൈസ് പ്രസിഡൻ്റ്,വി രാധാകൃഷ്ണൻ,വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രവീന്ദ്രൻ കെ, വാർഡ് അംഗങ്ങളായ ശിവദാസൻ എൻ ,സുനിത വി, നിരവധി സാമൂഹ്യ രാഷ്ട്രീയ പ്രമുഖർ ചേർന്ന് സ്വീകരിച്ചു. ജാഥാ സ്വീകരണത്തിന് മാനേജർ പി.എ തങ്കച്ചൻ നന്ദി പറഞ്ഞു. വെറുപ്പിൻ്റെ പ്രത്യയശാസ്ത്രവുമായി ഉറഞ്ഞുതുള്ളി വരുന്ന ദുഷ്ടശക്തികൾക്കെതിരെ കരുതിയിരിക്കാനും പ്രതിരോധം തീർക്കാനും ആഹ്വാനം ചെയ്യുന്ന ഇന്ത്യാ സ്റ്റോറി നാടകം തിങ്ങി നിറഞ്ഞ ജനാവലി ഹർഷാരവത്തോടെ ഏറ്റെടുത്തു. നാടകാവതരണം കഴിഞ്ഞയുടൻ പിരിഞ്ഞു പോകാതെ കുശലം പറഞ്ഞും കെട്ടിപ്പിടിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയും ഗ്രാമവാസികൾ സ്നേഹം പ്രകടിപ്പിച്ചു. പാണ്ടാംകോട് സ്വരാജ് വായനശാലയുടെ നിർവ്വാഹക സമിതി അംഗങ്ങളും പരിഷദ് പ്രവർത്തകരും പാലക്കാടൻ രുചിക്കൂട്ടിൽ വീട്ടിലുണ്ടാക്കിയ 10 തരം വിഭവങ്ങളുമായി സ്വാദിഷ്ടമായ ഉച്ചഭക്ഷണ ശേഷം അടുത്ത കേന്ദ്രമായ കുനിശ്ശേരിയിലേക്ക് .പഴുത്ത പപ്പായക്കഷ്ണങ്ങൾ കവുങ്ങും പാളയിൽ പൊതിഞ്ഞ് കെട്ടി ജാഥാ ക്യാപ്റ്റന് നൽകിയാണ് സംഘാടക സമിതി നാടക സംഘത്തെ യാത്രയാക്കിയത്. പങ്കാളിത്തം:261; സ്ത്രീകൾ:85, 30നും 40നുമിടയിൽ സ്ത്രീ പങ്കാളിത്തം:25,വിദ്യാർത്ഥിനികൾ :15
കൊടുവായൂർ ടീച്ചർ എഡ്യുകേഷൻ സെൻ്റർ
ജനു: 29 ന് രണ്ടാം ദിന പര്യടനം കൊടുവായൂർ ടീച്ചർ എഡ്യുകേഷൻ സെൻ്ററിൽ നിന്നാരംഭിച്ചു. കലാലയ മുറ്റത്ത് രാവിലെ 10 മണിക്ക് ചേർന്ന യോഗം കൊടുവായൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രേമ സുകുമാരൻ ഉദ്ഘാടനം ചെയ്തു.വാർഡ് അംഗങ്ങളായ വി പ്രേമൻ,ആറുമുഖൻ എം ,ബ്ലോക്ക് പഞ്ചായത്തംഗം അശോകൻ കൊടുവായൂർ ടീച്ചർ എഡ്യുകേഷൻ സെൻ്റർ പ്രിൻസിപ്പൽ സണ്ണി രാജ എ , CPI ജില്ലാസെക്രട്ടറി,മുരളീധരൻ എം.ജി, BEFI ജില്ലാ പ്രസിഡന്റ് എസ് കുമാരൻ എന്നിവർ സംസാരിച്ചു.
പട്ടഞ്ചേരി ആൽത്തറ മൈതാനി
രണ്ടാം കേന്ദ്രമായ പട്ടഞ്ചേരിയിലെ ആൽത്തറ മൈതാനിയിൽ ഉച്ചക്ക് 12 മണിക്ക് സാധാരണക്കാരായ ഗ്രാമവാസികളും പരിഷദ് പ്രവർത്തകരും ഒരുക്കിയ സ്വീകരണ പൊതുയോഗം കൊല്ലംങ്കോട് ബ്ലോക്ക് മെമ്പർ നിസ്സാർ എം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ എസ് ശിവദാസ്, യുവജന കമ്മീഷൻ അംഗവും AIYF ജില്ലാ സെക്രട്ടറിയുമായ ഷാജഹാൻ കെ., വാർഡ് മെമ്പർ ഷഹാന എസ് ,ലൈബ്രറി കൗൺസിൽ അംഗം എ ജയകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. നാടകാന്ത്യത്തിലെ വോട്ടെടുപ്പ് രംഗം അവതരിപ്പിച്ചപ്പോൾ താൻ വോട്ട് ചെയ്തതാണ് അത് എവിടെപ്പോയി എന്ന് ചോദിച്ചു കൊണ്ട് സ്വാഭാവിക പ്രതികരണവുമായി ഒരു പ്രേക്ഷകൻ ക്ഷുഭിതനായി വേദിയിലേക്ക് ഇരച്ചു കയറി വന്നത് അവതാരകനും മറ്റഭിനേതാക്കളും നാടകീയമായിത്തന്നെ നേരിട്ടു. നാടക സംഘത്തിൻ്റെ നിർദ്ദേശപ്പകാരം കലാധരൻ ചേട്ടൻ നാടകത്തിലെ കഥാപാത്രമായി വേഷമിട്ടതാണെന്നാണ് സംഘാടകർ പോലും കരുതിയത്. നാട് നേരിടുന്ന ഭീഷണികൾ , വെച്ചുവിളികൾ, ഏറ്റെടുക്കേണ്ട ചുമതലകൾ എന്നിവ ഇന്ത്യാ സ്റ്റോറിയിലൂടെ കേരളമാകെ ഒഴുകിപ്പടരുന്നു.
മുട്ടിക്കുളങ്ങര
ഇന്നുച്ചക്ക് മുട്ടിക്കുളങ്ങരയിലെ സ്വീകരണത്തിനു ശേഷം തത്തമംഗലം ശിവരാമൻ മാസ്റ്ററുടെ വീട്ടിലാണ് ഭക്ഷണമൊരുക്കിയത്. 1980 മുതൽ പ്രവർത്തിക്കുന്ന ശിവരാമൻ മാഷ് ആദ്യകലാ ജാഥക്ക് സ്വീകരണമൊരുക്കിയ അനുഭവങ്ങൾ പങ്കുവെച്ചു. 1997 ൽ സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം ഇന്നും ചുറുചുറുക്കോടെ പരിഷദ് പ്രവർത്തനങ്ങളിൽ വ്യാപ്രതനാണ്. പരിഷദ് ചിറ്റൂർ മേഖല സെക്രട്ടറി , പ്രസിഡൻ്റ്, പാലക്കാട് ജില്ലാ കമ്മിറ്റി, കൂടാതെ വിവിധ സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ10 വർഷമായി അനാരോഗ്യം മൂലം ഓടിയെത്താൻ കഴിയുന്നില്ല മാഷ് കൂട്ടിചേർത്തു. ആദ്യകലാജാഥാംഗമായിരുന്ന എം.എസ് മോഹനൻ മാസ്റ്ററുടെ "പരിഷത്തിൻ്റെ ഇന്നലെകൾ എൻ്റെയും " എന്ന പുസ്തകം സമ്മാനമായി നൽകി. ഇന്ത്യാ സ്റ്റോറിക്ക് ആശംസകൾ നേർന്നാണ് കലാകാരന്മാരെ അടുത്ത കേന്ദ്രത്തിലേക്ക് യാത്രയാക്കിയത്.