ജലം ജന്മാവകാശം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
21:22, 24 ഒക്ടോബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- അനിത (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

ജലം ജന്മാവകാശം
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം പരിസ്ഥിതി
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം മെയ്, 2013

വേനൽമഴ കുറഞ്ഞ്‌ ചൂട്‌ കനത്തതോടെ കേരളത്തിലെ ജനങ്ങൾ മുൻപ്‌ കേട്ടുകേൾവി ഇല്ലാത്തവിധം കുടി വെള്ളത്തിനായി പരക്കം പായുകയാണ്‌. നാട്ടിലെ കുടിവെള്ളസ്രോതസ്സുകളിൽ നല്ലൊരുഭാഗം വറ്റിവരണ്ടു. തീര പ്രദേശത്ത്‌ ആണെങ്കിൽ കുഴൽക്കിണറിൽ നിന്നും, സാധാരണ കിണറിൽ നിന്നും ലഭിക്കുന്ന ജലത്തിൽ ഉപ്പിന്റെ അംശം ഏറിവരുന്നു. സർക്കാർ ശുദ്ധജലവിതരണപദ്ധതിയാണെങ്കിൽ താളം തെറ്റുന്നു. ആകപ്പാടെ ജനങ്ങളുടെ ഇടയിൽ ജലസുരക്ഷയെക്കുറിച്ച്‌ ആശങ്ക ജനിപ്പിക്കുന്ന വിധത്തിലാണ്‌ കാര്യങ്ങളുടെ കിടപ്പ്‌. എന്നാൽ ശരാശരി ഒരു വർഷം മൂവായിരം മില്ലിമീറ്ററിന്‌ മുകളിൽ മഴ ലഭിക്കുന്ന നമ്മുടെ കേരളത്തിന്‌ എന്തുകൊണ്ട്‌ ഈ ഗതി വരുന്നു എന്നുള്ള ചിന്തയും ചർച്ചയും കാര്യമായി നടക്കുന്നില്ലതാനും.

സമകാലീന വികസനരംഗത്ത്‌ പ്രത്യേകിച്ച്‌ കേരളത്തിൽ ഏറ്റവും കൂടുതൽ സമ്മർദ്ദം നേരിടേണ്ടിവരുന്നത്‌ ഭൂപരിസ്ഥിതിയിലാണ്‌. ഭൂപരി സ്ഥിതിയിൽ വരുന്ന മാറ്റം നമ്മുടെ കാലാവസ്ഥയെയും മണ്ണ്‌-ജല-വായു സംരക്ഷണത്തെയും മാറ്റിമറിക്കും എന്ന കാര്യത്തിൽ സംശയമില്ല. ദീർഘവീക്ഷണവും നിയമപരിരക്ഷയും ഇല്ലാത്ത വികസനതന്ത്രങ്ങൾ കേരളത്തിന്റെ ഉപരിതല ഭൂപ്രകൃതിയെ അതിവേഗം മാറ്റിക്കൊണ്ടിരിക്കുകയാണ്‌. പശ്ചിമഘട്ടം മുതൽ തീരദേശം വരെ ചെരിഞ്ഞുകിടക്കുന്ന കേരളത്തിന്റെ ഉപരിതലത്തിൽ അതിവേഗം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ നമ്മുടെ ജലസുരക്ഷയെ തകർക്കും വിധമാണ്‌ മുന്നേറിക്കൊണ്ടിരിക്കുന്നത്‌. വനങ്ങൾ ഇല്ലാതാകുന്നതും, യാതൊരു നിയന്ത്രണവുമില്ലാതെ ജലസംഭരണ ഇടങ്ങളായ മലകൾ വികസനമെന്ന പേരിൽ ഇല്ലാതാക്കുന്നതും, കുളങ്ങളും വയലേലകളും തോടുകളും നദികളും സംരക്ഷിക്കപ്പെടാതെ പോകുന്നതും നമ്മുടെ ജലസുരക്ഷ നേരിടുന്ന ഭീഷണികളാണ്‌ എന്നത്‌ വലിയ രീതി യിൽ ചർച്ച ചെയ്യപ്പെടുന്നില്ല. അതിനുപകരം കമ്പോളാധിഷ്‌ഠിത വികസന വക്താക്കൾ ഈ അവസ്ഥയെ അവർക്കനുകൂലമായി മാറ്റിയെടുക്കാൻ ശ്രമിക്കുകയാണ്‌. അതിനായി അവർ കേന്ദ്രസർക്കാരിന്റെ 2012ലെ ജലനയം തങ്ങൾക്കനുകൂലമായി എഴുതി വെച്ചു. ഈ നയപ്രകാരം ജലമെന്നത്‌ നമ്മുടെ ഭരണഘടനയിൽ പറയുന്നതുപോലെ പ്രകൃതിയുടെ വരദാനമായ, എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട പൊതുസ്വത്തല്ല. മറിച്ച്‌ ഇതൊരു സാമ്പത്തികചരക്കാണ്‌ (Economic good). അതായത്‌ വിപണിയിലെ തത്ത്വശാസ്‌ത്രമായ Demand and Supply സിദ്ധാന്തമനുസരിച്ച്‌ വെള്ളത്തെയും കാണണം. ചുരുക്കത്തിൽ പെട്രോളിന്റെ വില പോലെ എപ്പോഴും വില നിലവാരം തകിടം മറിയുന്ന ചരക്കായി വെള്ളത്തെയും കാണണമെന്ന ർത്ഥം. ഇക്കൂട്ടർക്ക്‌ വേനൽ കനക്കുന്നതും ജലസ്രോതസ്സുകൾ ഇല്ലാതാകു ന്നതും ജലമലിനീകരണവും സന്തോഷം നൽകുന്ന അവസ്ഥയാണ്‌.

ജലം ജന്മാവകാശമാണ്‌. ഭൂമിയിലെ എല്ലാ ജീവികൾക്കും അവരുടെ ജീവൻ നിലനിർത്താൻ അവകാശമുണ്ട്‌. ആ അവകാശത്തിന്‌ നേരെയുള്ള കടന്നുകയറ്റമാണ്‌ 2012ലെ കേന്ദ്രസർക്കാരിന്റെ ജലനയവും തുടർന്ന്‌ സംസ്ഥാനസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വെള്ളത്തിന്റെ സ്വകാര്യവൽക്കരണവും. ഇത്‌ മനുഷ്യജീവനുനേരെ ഉയരുന്ന കനത്ത ഭീഷണി യാണെന്ന തിരിച്ചറിവ്‌ നമുക്കുണ്ടാകണം. ഈ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾ രണ്ടുരീതിയിൽ സമരമുഖത്തേക്ക്‌ ഇറങ്ങേണ്ടതുണ്ട്‌. ഒന്ന്‌, കേരളത്തിന്റെ ഭൂപരിസ്ഥിതി സംരക്ഷിച്ചുകൊണ്ട്‌ ജലസുരക്ഷ ഉറപ്പാക്കുന്നതിന്‌ വേണ്ടിയുള്ള സമരം. മറ്റൊന്ന്‌, ജീവജലത്തെ സാമ്പ ത്തിക ഉൽപന്നമാക്കിക്കൊണ്ട്‌ അതിനെ ലാഭച്ചരക്കായി കാണുന്ന കമ്പോളാധിഷ്‌ഠിത വികസനവക്താക്കൾക്ക്‌ എതിരായ സമരം. ഈ സമരങ്ങൾക്ക്‌ ശക്തി പകരുക എന്നതാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഈ ലഘുലേഖയിലൂടെ ഉദ്ദേശിക്കുന്നത്‌.

                                                                                       കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌





I

കേരളത്തിലെ ജലസ്ഥിതിവിവരങ്ങൾ

ജലലഭ്യത

കേരളത്തെ സംബന്ധിച്ച്‌ ശുദ്ധജലത്തിന്റെ ഉറവിടം മഴ മാത്രമാണ്‌. രാജ്യത്തെ 35 കാലാവസ്ഥാ മേഖലകളിൽ ഏറ്റവും അധികം ശരാശരി വാർഷിക മഴ (3070 മില്ലിമീറ്റർ) ലഭിക്കുന്ന സംസ്ഥാനമാണ്‌ കേരളം. ജൂൺ മുതൽ സെപ്‌തംബർ വരെ ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷവും, ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ലഭിക്കുന്ന വടക്കുകിഴക്കൻ തുലാ വർഷവും, വേനൽമഴയുമാണ്‌ നമ്മുടെ ജലസ്രോതസ്സ്‌. മൊത്തത്തിൽ 120-140 മഴദിനങ്ങൾ മാത്രമാണുള്ളത്‌. കേരളത്തിലെ മഴലഭ്യതയുടെ മുഖ്യസവിശേഷത അതിന്റെ സ്ഥലകാലവ്യതിയാനമാണ്‌ (പട്ടിക 1, 2).

പട്ടിക 1 മഴയുടെ സ്ഥലഭേദം
മഴ ലഭ്യത(മി.മി)
ഭൂപ്രകൃതി മേഖല തെക്ക് വടക്ക് ശരാശരി
തീരപ്രദേശം 900 3500 2910
ഇടനാട് 1400 4000 3070
മലനാട് 2500 5000 3200
ശരാശരി 1800 3800 3070
പട്ടിക 2 മഴയുടെ കാലഭേദം
മഴ ലഭ്യത(%)
മഴക്കാലം തെക്ക് വടക്ക് ശരാശരി
കാലവർഷം 54 85 70
തുലാവർഷം 33 9 16
ജനുവരി മഴ 2 0.5 1
മാർ-മെ മഴ 11 5.5 13




കേരളത്തിൽ ഏറ്റവും കുറവ്‌ മഴ ലഭിക്കുന്ന ഇടുക്കി ജില്ലയിലെ വട്ടവട ഒഴിച്ചാൽ (500 മി. മീ.) പൊതുവെ ദേശീയ ശരാശരിയേക്കാൾ അധികം ജലം ലഭിക്കുന്ന പ്രദേശങ്ങളാണ്‌ കേരളത്തിലെവിടെയും. കുറഞ്ഞത്‌ 1100 മി. മീ. മഴയെങ്കിലും ലഭിക്കാത്ത പ്രദേശങ്ങൾ കേരളത്തിലുണ്ടാകില്ല. കാലവർഷമഴയുടെ പകുതിയും മുപ്പതോ നാൽപ്പതോ മണിക്കൂറിനുള്ളിൽ പെയ്‌തുതീരുന്നു. മണിക്കൂറിൽ 50-60 മി.മി എന്ന തോതിൽ ആണിത്‌ ഭൂതലത്തിൽ പതിക്കുന്നത്‌. മണിക്കൂറിൽ 223 മി.മി വരെയുള്ള അതിശക്തമായ മഴയും മധ്യകേരളത്തിൽ പലപ്പോഴും ലഭിക്കുന്നുണ്ട്‌. വാർഷികമഴയുടെ 85% കാലവർഷത്തിലൂടെ വടക്കൻ ജില്ലകളിൽ ലഭിക്കുമെങ്കിലും അവിടെ തുലാവർഷം നാമമാത്രമാണ്‌. തെക്കൻ ജില്ലകളെ സംബന്ധിച്ച്‌ തുലാവർഷത്തിലൂടെ 33%, കാലവർഷത്തിലൂടെ 54%, വേനൽമഴയായി 13% എന്ന തോതിലാണ്‌ മഴലഭ്യത. കേരളത്തിലെ പ്രാദേശിക ഭൂപരിസ്ഥിതി സവി ശേഷതകളും ജൈവ-ഭൗതിക പരിസ്ഥിതിയിലെ മാറ്റങ്ങളും സൂക്ഷ്‌മതലത്തിൽ തന്നെ മഴയുടെ ലഭ്യതയെ സ്വാധീനിക്കുന്നുണ്ടെന്നാണ്‌ അനുമാനം.

ദീർഘകാല അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 1871 മുതൽ 2005 വരെയുള്ള 135 വർഷത്തെ കാലയളവിൽ കാലവർഷ മഴ പ്രതിവർഷം 1.7 മി.മി എന്ന തോതിൽ കുറയുന്നതായാണ്‌ കാണുന്നത്‌. ജൂൺ-ജൂലൈ മാസങ്ങളിലാണ്‌ ഈ കുറവ്‌ അധികവും അനുഭവപ്പെടുന്നത്‌. എന്നാൽ സമീപകാലത്ത്‌, 1999 മുതൽ 2005 വരെയുള്ള കാലവർഷമഴയിൽ 5.21% ആണ്‌ കുറവ്‌ വന്നിട്ടുള്ളത്‌. ഇടനാട്ടിലും മലനാട്ടിലും 9.8% വരെ കുറഞ്ഞ തായി കാണാം. തുലാവർഷമഴയുടെ 135 വർഷത്തെ കണക്കുകൾ പരി ശോധിക്കുമ്പോൾ പ്രതിവർഷം 0.7 മി.മി എന്ന സാരമായ വർദ്ധനവാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. വേനൽമഴയിൽ പ്രതിവർഷം 0.1 മി.മി എന്ന നേരിയ വർദ്ധനവും ഉള്ളതായി കാണുന്നു. ഇപ്രകാരം കേരളത്തിലെ ശരാശരി വാർഷിക മഴലഭ്യത നേരിയ തോതിൽ കുറഞ്ഞുവരുന്നുണ്ട്‌ എന്നാണ്‌ നിഗമനം. 1951നുശേഷം ഈ കുറവ്‌ താരതമ്യേന കൂടുതൽ പ്രകടമാണ്‌. അനിയന്ത്രിതമായ മനുഷ്യഇടപെടലുകൾ കാരണം കേരള ത്തിലെ ജൈവഭൗതിക പരിസ്ഥിതിയിലുണ്ടായിട്ടുള്ള മാറ്റങ്ങൾ മഴലഭ്യതാവ്യതിയാനത്തെ മാത്രമല്ല, സ്വേദന-ബാഷ്‌പീകരണത്തെയും സ്വാധീനിക്കുന്നുണ്ട്‌ എന്ന്‌ കരുതാവുന്നതാണ്‌. ഫലത്തിൽ കേരളത്തിലെ വാർഷിക മഴലഭ്യത എന്നത്‌ ആകെ മഴയുടെ 44% (അതായത്‌ 1350 മി.മി) മാത്രമാണ്‌. പകുതിയിലധികം ജലവും അന്തരീക്ഷത്തിലേക്ക്‌ തിരിച്ചുനൽകുന്ന സ്ഥിതിയാണുള്ളത്‌. അന്തരീക്ഷ ഊഷ്‌മാവിലെ ഏറ്റക്കുറച്ചി ലുകളും സ്വേദന-ബാഷ്‌പീകരണത്തെ സ്വാധീനിക്കുന്നുണ്ട്‌.

ജലസംഭരണം

കേരളത്തിലെ ഭൂപ്രകൃതിയുടെയും ജൈവഭൗതിക പരിസ്ഥിതിയുടെയും പ്രത്യേകതകളാൽ വടക്കൻ ജില്ലകളിൽ ഭൂതലത്തിൽ പതിക്കുന്ന മഴയുടെ 80 ശതമാനവും തെക്കൻ ജില്ലകളിലെ 70 ശതമാനവും ഉപരിതല നീരൊഴുക്കായി ഭവിക്കുന്നു. ഭൂവിനിയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ നീരൊഴുക്കിന്റെ വേഗത വർദ്ധിപ്പിച്ചിട്ടുണ്ട്‌. മണ്ണിലേക്ക്‌ കിനിഞ്ഞിറങ്ങുന്ന ജലം വടക്കൻ ജില്ലകളിൽ 10%വും തെക്ക്‌ 20%വുമാണ്‌. ഉപരിതലനീരൊഴുക്കിന്റെ ഒരു ഭാഗം പ്രയാണസമയത്ത്‌ ഭൂഗർഭത്തിലേക്ക്‌ കിനിഞ്ഞിറങ്ങുന്നുണ്ട്‌. അരുവികളിലെയും പുഴകളിലെയും മൺപാളികളുടെ കുറവ്‌ ഈ കിനിഞ്ഞിറങ്ങൽ പ്രക്രിയയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്‌.

ഭൂപ്രകൃതി, മണ്ണിന്റെ ഘടന, ജൈവപരിസ്ഥിതി, മഴനിരക്ക്‌ എന്നിവ എല്ലാം നീരൊഴുക്കിനെ സ്വാധീനിക്കുന്നു. ഭൂമിയുടെ നിന്മോന്നത സ്ഥിതിയും, ചരിവും നീരൊഴുക്ക്‌ രൂപപ്പെടുന്നതിന്‌ നിർണായകമാണ്‌. കളിമൺ ചേരുവ അധികമുള്ള മണ്ണിൽ മണിക്കൂറിൽ 1 മി.മി നിരക്കിൽ ജലം കിനിഞ്ഞി റങ്ങുമ്പോൾ, എക്കൽപ്രദേശത്ത്‌ 150 മി.മി, ചരൽപ്രദേശത്ത്‌ 600 മി.മി എന്നിങ്ങനെ കിനിഞ്ഞിറങ്ങൽ വർദ്ധിക്കുന്നു. സസ്യജാലസാന്ദ്രതയും മണ്ണ്‌സംരക്ഷണപ്രവർത്തനങ്ങളും കിനിഞ്ഞിറങ്ങലിനെ പ്രോത്സാഹി പ്പിക്കുന്ന ഘടകങ്ങളാണ്‌.

മഴക്കാലത്ത്‌ ജലമിച്ചമുള്ള സംസ്ഥാനമാണ്‌ കേരളം. തിരുവനന്തപുരം മേഖലയിൽ 350-500 മി.മി വരെയും, കൊല്ലം-പുനലൂർ മേഖലയിൽ 1000-1500 മി.മി വരെയും, സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത്‌ 2000 മി.മി വരെയും വാർഷിക ജലമിച്ചമുള്ളതായാണ്‌ കണക്കാക്കിയിട്ടുള്ളത്‌. വേനൽക്കാലത്ത്‌ സംസ്ഥാനത്തെ ജലന്യൂനത 150 മി.മി ആണ്‌. ഇത്‌ തെക്കുനിന്ന്‌ വടക്കോട്ട്‌ വർദ്ധിച്ചുവരുന്നു. തീരപ്രദേശങ്ങളിൽ ജലന്യൂനത 100 മി.മി മാത്രമാണ്‌. തെക്കേ അറ്റത്ത്‌ ജലന്യൂനത 200 മി.മി വരെ വർദ്ധിക്കുകയും ചെയ്യുന്നുണ്ട്‌. വാർഷികമഴയുടെ ലഭ്യതയിൽ 20% കുറവുണ്ടായ 1986ലും, 40% കുറവുണ്ടായ 1987ലും കേരളത്തിൽ വരൾച്ച അനുഭവപ്പെട്ടിട്ടുണ്ട്‌. തുലാവർഷം 30% കുറയുകയും വേനൽമഴ 78% കുറയുകയും ചെയ്‌തതാണ്‌ 1983ലെ വരൾ ച്ചക്ക്‌ കാരണം. കഴിഞ്ഞ 100 വർഷത്തെ മഴലഭ്യത പരിഗണിച്ചാൽ ഏതാണ്ട്‌ 17 വർഷങ്ങളിൽ കേരളത്തിൽ വരൾച്ച അനുഭവപ്പെട്ട ചരിത്രമുണ്ട്‌.

കേന്ദ്ര ജല കമ്മീഷന്റെ കണക്കനുസരിച്ച്‌ സംസ്ഥാനത്തെ 8700 ച.കി.മി പ്രദേശം വെള്ളപ്പൊക്കബാധിതമാണ്‌. മഴലഭ്യതയോ, മഴതീവ്രതയോ ക്രമാതീതമാകുമ്പോഴാണ്‌ വെള്ളപ്പൊക്കം ഉണ്ടാകുന്നത്‌. വൻതോതിൽ ഉണ്ടായിട്ടുള്ള ഭൂപരിവർത്തനമാണ്‌ സമീപകാലത്തെ വർദ്ധിതമായ വെള്ളപ്പൊക്കക്കെടുതികൾക്കു കാരണം. ഉയർന്ന മഴലഭ്യതാസമയത്ത്‌ ജലം താൽക്കാലികമായി സംഭരിച്ചുവയ്‌ക്കുവാൻ കഴിയുന്ന തണ്ണീർ ത്തടങ്ങളും, വയലുകളും, മറ്റ്‌ താഴ്‌ന്ന പ്രദേശങ്ങളും, ചതുപ്പുകളുമൊക്കെ വലിയതോതിൽ ഇന്ന്‌ നികത്തപ്പെട്ടിരിക്കുന്നു. തീവ്ര മഴസമയത്ത്‌ വർദ്ധിച്ച ഉപരിതലഒഴുക്ക്‌ ഉണ്ടാകാൻ കാരണമാകുന്ന നിർമിതികളും താണ ഇടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാക്കുന്നു.

ഉപരിതല ജലശേഖരം

നാല്‌ ഇടത്തരം നദികളും (ചാലിയാർ, ഭാരതപ്പുഴ, പെരിയാർ, പമ്പ) നാൽപ്പത്‌ ചെറുനദികളും അവയുടെ കൈവഴികളും ചേർന്ന വലിയൊരു ജലനിർഗമന സഞ്ചയമാണ്‌ കേരളത്തിനുള്ളത്‌. ഇതിൽ 22 പുഴകൾ മല കളിൽ നിന്നും, 6 എണ്ണം കുന്നിൻപ്രദേശങ്ങളിൽ നിന്നും, 8 എണ്ണം ഇട നാട്ടിൽ നിന്നും 8 എണ്ണം തീരപ്രദേശത്തുനിന്നും ഉത്ഭവിക്കുന്നവയാണ്‌. ഇവ കൂടാതെ 55 ജലസംഭരണികൾ, 150 തടയണ സംഭരണികൾ, ഒട്ടനവധി നീരുറവകൾ, 50,445 കുളങ്ങൾ, 1000 ൽ ഏറെ സുരംഗങ്ങൾ, 9 ശുദ്ധജല തടാകങ്ങൾ, 50 ലക്ഷത്തിലേറെ കിണറുകൾ എന്നിവയിലും ശുദ്ധജലം സംഭരിക്കപ്പെടുന്നുണ്ട്‌. എന്നാൽ ഈ സ്രോതസ്സുകളെല്ലാംതന്നെ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങൾ നേരിടുന്നവയോ, നാശോന്മുഖമോ ആണ്‌.

1974ലെ കേരള പൊതുമരാമത്ത്‌ വകുപ്പിന്റെ കണക്കുപ്രകാരം കേരളത്തിലെ നദികളിലും ഉപനദികളിലുമായി മൊത്തം നീരൊഴുക്ക്‌ 7788.3 കോടി ഘനമീറ്റർ ആണ്‌. ഇതിൽ ഉപയോഗയോഗ്യമായ ജലം 4918.8 കോടി ഘനമീറ്റർ (59.64%) മാത്രമാണ്‌.

എന്നാൽ 1998-99 മുതൽ 2008-09 വരെയുള്ള കാലയളവിലെ നീരൊഴുക്ക്‌ സംബന്ധിച്ച്‌ കേന്ദ്ര ജലകമ്മീഷൻ തയ്യാറാക്കിയ കണക്കുപ്രകാരം ഇത്‌ 1974ലെ അളവിന്റെ 74% ആയി കുറഞ്ഞിരിക്കുന്നതായി കാണാം. ഇത നുസരിച്ച്‌ കേരളത്തിന്റെ ഉപയോഗത്തിനായി നിലവിൽ ലഭ്യമായ നദീ ജലത്തിന്റെ അളവ്‌ പട്ടിക-3ൽ കാണിച്ചിരിക്കുന്നു.

പട്ടിക-3 നദികളിലെ നീരൊഴുക്കും കേരളത്തിന്‌ ലഭ്യമായ ജലവും



മഴയിലെന്നപോലെ തന്നെ നീരൊഴുക്കിലും സ്ഥലകാലവ്യതിയാനം ഉണ്ട്‌. ഇത്‌ മഴക്കനുസൃതമായി മാറും.കേന്ദ്രജല കമ്മീഷന്റെ 1998-2009 വർഷത്തെ കണക്കു പ്രകാരം വളപട്ടണം മുതൽ പെരിയാർ വരെയുള്ള നദികളിലെ നീരൊഴുക്കിൽ 1.3 മുതൽ 18.9 കോടി ഘനമീറ്റർ വരെ വർദ്ധനവ്‌ രേഖപ്പെടുത്തുമ്പോൾ, മൂവാറ്റുപുഴ മുതൽ കല്ലട വരെയുള്ള നദികളിൽ 40 ലക്ഷം ഘനമീറ്റർ മുതൽ 1.1 കോടിഘനമീറ്റർ വരെ നീരൊഴുക്ക്‌ കുറഞ്ഞു വരുന്ന തായിട്ടാണ്‌ കാണുന്നത്‌. തെക്കൻ ജില്ലകളിൽ വേനൽക്കാലത്തും, വർഷ ക്കാലത്തും കുറഞ്ഞ നീരൊഴുക്കിന്റെ പ്രവണതയാണ്‌ ഉള്ളത്‌. ഇത്‌ സ്വാഭാവിക ജലസംഭരണത്തിന്റെ പോരായ്‌മകളിലേക്കു വിരൽ ചൂണ്ടുന്നു.

വനമേഖലയുടെ നാശത്തിന്‌ ആനുപാതികമായി നീരൊഴുക്കിന്റെ സുസ്ഥിരതയും നഷ്‌ടപ്പെടുന്നു എന്ന്‌ ജലവിഭവവികസനപരിപാലന കേന്ദ്രത്തിന്റെ ഒരു പഠനം വ്യക്തമാക്കുന്നുണ്ട്‌. മണൽവാരലാണ്‌ നീരൊഴുക്കിനെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ഘടകം. സ്വാഭാവിക മണൽ നിക്ഷേപശേഷിയുടെ 7 മുതൽ 85 മടങ്ങ്‌ വരെ കൂടുതൽ മണൽ വാരുന്നതായിട്ടാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ചന്ദ്രഗിരി മുതൽ വാമനപുരം വരെ യുള്ള 14 പ്രധാന പുഴകളിലെ വാർഷിക മണൽഖനനതോത്‌ കഴിഞ്ഞ ദശകത്തിൽ (1998-2008). 1.333 കോടി ഘനമീറ്റർ ആയിരുന്നു. എന്നാൽ ഇതേ കാലയളവിൽ വാർഷികമണൽ നിക്ഷേപത്തിന്റെ തോത്‌ വെറും 3.7 ലക്ഷം ഘനമീറ്റർ മാത്രമായിരുന്നു. തൽഫലമായി പുഴയുടെ അടിത്തട്ടിന്റെ ആഴം 7 മുതൽ 18 സെ.മീ വരെ താഴുകയുണ്ടായി എന്ന്‌ പഠനം വ്യക്തമാക്കുന്നു. ചില ഇടങ്ങളിൽ അടിത്തട്ട്‌ 3-4 മീറ്റർ വരെ താഴ്‌ന്നിട്ടുണ്ട്‌ എന്നും കണ്ടെത്തുകയുണ്ടായി. ഇപ്രകാരം മണൽ സ്‌തരം (Soil aquifer) ഇല്ലാതായതുവഴി ജലം സംഭരിച്ചുവയ്‌ക്കുന്ന മണൽതിട്ട നഷ്‌ടമാകുകയും നീരൊഴുക്ക്‌ ഗണ്യമായി കുറയുകയും ചെയ്യുന്നു. അനിയന്ത്രിതമായ മണൽവാരൽ നിമിത്തം ഒരു സമയത്ത്‌ ഏതാണ്ട്‌ 50 കോടി ഘനമീറ്റർ ജലം സംഭരിക്കാനും സാവധാനം വിട്ടുകൊടുക്കാനും കഴിയുമായിരുന്ന പ്രകൃതിദത്തസംവിധാനമാണ്‌ ഇല്ലാതായത്‌.

കേരളത്തിലെ 53 അണക്കെട്ടുകളുടെ ജലസംഭരണികൾക്ക്‌ മൊത്തം 550 കോടി ഘനമീറ്റർ ജലശേഖരണ ശേഷിയാണുള്ളത്‌. എന്നാൽ ചേറടിയൽ മൂലം 8 സംഭരണികളുടെശേഷി 0.25% മുതൽ 1.66% വരെ കുറഞ്ഞ തായി ഭൂശാസ്‌ത്രപഠനകേന്ദ്രം, ജലവിഭവ വികസനകേന്ദ്രം, കേന്ദ്രജല കമ്മീഷൻ എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. പേപ്പാറ ജലസംഭരണിയുടെ ശേഷി ആദ്യത്തെ 17 വർഷം കൊണ്ടുതന്നെ 22.5% കുറഞ്ഞു. ഇതിനുകാരണമാകുന്ന ആവാഹപ്രദേശങ്ങളിലെ വാർ ഷിക മണ്ണൊലിപ്പ്‌ നിരക്ക്‌ ഹെക്‌ടറൊന്നിന്‌ ശരാശരി 15-40 ടൺ ആണെന്ന വസ്‌തുത, ആ പ്രദേശങ്ങളുടെ സംരക്ഷണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. തടയണ സംഭരണികൾ, കുളങ്ങൾ, ശുദ്ധജല തടാകങ്ങൾ, കിണറുകൾ എന്നിവയുടെ സ്ഥിതിയും പരിതാപകരമാണ്‌. മാലിന്യനിക്ഷേപസ്ഥാനങ്ങളാണ്‌ അവയിപ്പോൾ. നഗരവൽക്കരണം വഴിയുള്ള ജലമലിനീകരണം അതിരൂക്ഷമാണ്‌. തീർ ത്ഥാടനകാലത്ത്‌ പമ്പയിലെ മാലിന്യം ഒഴുക്കിക്കളയാൻ നീരൊഴുക്ക്‌ 7-9 ഇരട്ടി ആയി (28-35 ഘനമീറ്റർ/സെക്കന്റ്‌) വർധിപ്പിക്കേണ്ടി വരുന്നുണ്ട്‌. മൂവാറ്റുപുഴയാറിലെ നിലവിലുള്ള നീരൊഴുക്ക്‌ (സെക്കന്റിൽ 45-55 ഘന മീറ്റർ) പകുതിയായാൽ ഇടനാടൻ മേഖലയിലേക്ക്‌ ഉപ്പുവെള്ളം കയറുന്ന സാഹചര്യവുമുണ്ട്‌. ഇത്തരം പഠനങ്ങൾ പുഴയുടെ മലിനീകരണത്തെ മാത്രമല്ല, കേരളത്തിലെ പടിഞ്ഞാട്ടൊഴുകുന്ന 40 നദികളുടെയും ഉപനദികളുടെയും പൊതുവായ ശോച്യാവസ്ഥയെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. പെരിയാർ മലിനീകരണത്തിന്റെ പ്രധാനകാരണം വ്യവസായ നിർഗമന ങ്ങളാണ്‌. കക്കൂസ്‌ മാലിന്യം ആത്യന്തികമായി ഇന്ന്‌ എത്തിച്ചേരുന്നത്‌ ജലാശയങ്ങളിൽ തന്നെയാണ്‌.

ഭൂഗർഭ ജലശേഖരം

ഭൂതലത്തിനുതാഴെ മണ്ണിന്റെയും, ശിലകളുടെയും സുഷിരങ്ങളിലും വിള്ളലുകളിലും സ്ഥിതിചെയ്യുന്ന ജലമാണ്‌ ഭൂഗർഭജലം. കേരളത്തിന്‌ 6 ഭൂഗർഭജലമേഖലകളാണുള്ളത്‌. സമുദ്രതീര മണൽപ്രദേശം, സമുദ്രതീര എക്കൽപ്രദേശം, മൃദുശിലാമേഖല, ഇടനാടൻ താഴ്‌വര, ചെങ്കൽപ്രദേശം, കരിങ്കൽമേഖല എന്നിവയാണ്‌ ഈ 6 മേഖലകൾ. ഒട്ടാകെ 602.9 കോടി ഘനമീറ്റർ ഭൂഗർഭ ജലശേഖരം ഉപയോഗയോഗ്യമായി ലഭ്യമാണ്‌. ഭൂഗർഭജലലഭ്യതാനിർണയസമിതിയുടെ 2008-09 വർഷത്തെ പഠനവിവരമാണിത്‌. ഈ ജലശേഖരത്തിന്റെ 45% ഇപ്പോൾ ഉപയോഗിച്ചുവരുന്നു. ഭൂഗർഭജല ലഭ്യത, ഭൂഗർഭജലവികസനം എന്നിവയുടെ ജില്ല തിരിച്ചുള്ള കണക്കുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഭൂഗർഭജലസ്‌തരങ്ങളുടെ (Ground water aquifer) ശേഷി കാലക്രമേണ കുറഞ്ഞുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കേരള ജല അതോറിറ്റിയുടെ കണക്കനുസരിച്ച്‌ (2003) 45 ലക്ഷം കിണ റുകളുള്ളതിൽ 48% വേനൽക്കാലത്ത്‌ വറ്റുന്നവയാണ്‌. തീരദേശത്താണ്‌ ഈ പ്രതിഭാസം ഏറെയും. ഇവിടെയാണ്‌ കിണറുകളിലേറെയും ഉള്ളത്‌. (0.1 മുതൽ 10 മീറ്റർ ആഴം). കിണറിലെ ജലനില അത്‌ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടതാണ്‌. അവയിലെ ജലവിതാനത്തിന്റെ ഏറ്റക്കുറച്ചിൽ കിണറുകളിലും പ്രതിഫലിക്കും. നദിയിലെ ആഴം വർധിക്കുന്നതും ജലസ്‌തരങ്ങളിൽ മർദ്ദം നിലനിർത്താനുള്ള ജല ശേഖരങ്ങൾ ഇല്ലാതാകുന്നതും ഭൂഗർഭജലശോഷണം വർധിപ്പിക്കും. ഭൂഗർഭജലനില ഉയർത്താൻ ആവശ്യമായ മർദ്ദം ഇല്ലാതാകുന്നതിന്‌ കാരണം മണൽസ്‌തരങ്ങൾ നീക്കം ചെയ്യുന്നതാണ്‌. അശാസ്‌ത്രീയമായ പമ്പിങ്‌ കിണറിന്റെ സൂക്ഷ്‌മപരിസ്ഥിതിയിലുള്ള ഈർപ്പനിലയെ പ്രതികൂലമായി ബാധിച്ച്‌ ക്രമേണ കിണർ ഉപയോഗശൂന്യമാകുന്നതിലേക്കാണ്‌ എത്തിക്കുന്നത്‌. ജലലഭ്യതയുടെ സുസ്ഥിരത ഒരു പ്രദേശത്തിന്റെ ജലപരിപോഷണമുറകളെ ആശ്രയിച്ചാണിരിക്കുന്നത്‌. മണ്ണ്‌ സംരക്ഷണ പ്രവർത്തനങ്ങളും വൃക്ഷലതാസാന്ദ്രതയും ഭൂഗർഭജല പരിപോഷണ ത്തിനാവശ്യമായ ഘടകങ്ങളാണ്‌.

ഇതിന്‌ നേർവിപരീതമായ ഭൂവിനിയോഗരീതികളാണ്‌ ഇപ്പോൾ അവ ലംബിച്ചുകാണുന്നത്‌. കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയിൽ സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്ന ജലസംഭരണ ഇടങ്ങൾ വ്യാപക മായിട്ട്‌ പരിവർത്തനം നടത്തുന്നു എന്നാണ്‌ ഇത്‌ സംബന്‌ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നത്‌. നെൽപാടങ്ങൾ, ശുദ്ധജല തടാകങ്ങൾ, കായലും ചതുപ്പും ചേർന്ന തീരദേശ തണ്ണീർത്തടങ്ങൾ എന്നിങ്ങനെ മൂന്ന്‌ തരത്തിലുള്ള പ്രകൃതിദത്ത ജലസംഭരണികളാണ്‌ നമുക്കുള്ളത്‌. ഇവയെല്ലാം ചേർന്ന ജലവിതാന വിസ്‌തൃതി 2004ൽ ഏതാണ്ട്‌ 16 ലക്ഷം ഹെക്‌ടർ ആയിരുന്നു. എന്നാൽ 2011ൽ അത്‌ നാലിലൊന്നായി ചുരുങ്ങിയതായി പഠന ങ്ങൾ കാണിക്കുന്നു (സലീം അലി സെന്റർ - 2011). നഷ്‌ടപ്പെട്ടത്‌ ഏതാണ്ട്‌ 12 ലക്ഷം ഹെക്‌ടർ ജലസംഭരണപ്രദേശം ആണ്‌ എന്നർത്ഥം. ഓരോ മേഖലയും പ്രത്യേകം പരിശോധിക്കാം. നെൽവയൽ വിസ്‌തൃതി 1975ൽ 8 ലക്ഷം ഹെക്‌ടർ ആയിരുന്നത്‌ 2011ൽ 2.34 ലക്ഷം ഹെക്‌ടർ ആയി ചുരുങ്ങി. ഒരു ഹെക്‌ടർ വയൽ നഷ്‌ടമായാൽ ഏതാണ്ട്‌ 2 കോടി ലിറ്റർ ജലം നഷ്‌ടമാകും. ഇപ്രകാരം കണക്കാക്കുമ്പോൾ സംസ്ഥാനത്ത്‌ ലഭി ക്കുന്ന മഴയുടെ 5-6% ജലം ഭൂഗർഭത്തിൽ സംഭരിച്ച്‌ അത്‌ വേനൽക്കാലത്ത്‌ പ്രയോജനപ്പെടുത്താനുള്ള സാധ്യതയാണ്‌ നാം ഇതിനകം ഇല്ലാതാക്കിയത്‌. ഇനി ശുദ്ധജല തടാകങ്ങളുടെ കാര്യമെടുക്കാം. നഗരങ്ങളിലേക്കുള്ള മുഖ്യ കുടിവെള്ള സ്രോതസ്സുകളാണ്‌ ഇവയെന്ന്‌ നമുക്കറിയാം. ഇവയുടെ ജല വിതാന വിസ്‌തൃതി 2004ൽ 4.18 ലക്ഷം ഹെക്‌ടർ ആയിരുന്ന സ്ഥാനത്ത്‌ 2011ൽ അവശേഷിച്ചിട്ടുള്ളത്‌ കേവലം 1.17 ലക്ഷം ഹെക്‌ടർ മാത്രമാണ്‌. കായലും ചതുപ്പും അടങ്ങുന്ന തീരദേശ തണ്ണീർത്തടങ്ങളുടെ 12% മാത്രമാണ്‌ ഇന്ന്‌ അവശേഷിച്ചിട്ടുള്ളത്‌. മേൽ സൂചിപ്പിച്ച പഠനമനുസരിച്ച്‌ 2004ൽ ഇത്‌ 3.48 ലക്ഷം ഹെക്‌ടർ ജലോപരിതല വിസ്‌തൃതിയിൽ ആയിരുന്നുവെങ്കിൽ 2011ൽ കേവലം 41,000 ഹെക്‌ടറായി അത്‌ ചുരുങ്ങി. നികത്തിയ 88% പ്രദേശം നിർമാണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്‌തു. കേരളത്തിൽ വിഭാവനം ചെയ്‌തുകൊണ്ടിരിക്കുന്ന വിഷൻ-2030 നടപ്പായാൽ ഈ ജല മേഖല ഇനിയും പരിവർത്തന വിധേയമാകുമെന്ന്‌ കരുതേണ്ടി യിരിക്കുന്നു.

ജലമലിനീകരണ നിയന്ത്രണമാണ്‌ മറ്റൊരു കാര്യം. കിണറുകളിലെ മലിനീകരണം വളരെ വ്യാപകമാണിപ്പോൾ. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസ്‌ (2007), ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (2009) എന്നിവർ നടത്തിയ പഠനമനുസരിച്ച്‌ 90% കുടിവെള്ള കിണറുകളിലും ഇ-കോളി ബാക്‌ടീരിയ കണ്ടെത്തുകയുണ്ടായി. കേരള ശാസ്‌ത്ര-സാങ്കേതിക-പരിസ്ഥിതി കൗൺസിലിന്റെ റിപ്പോർട്ടനുസരിച്ച്‌ (2009-11) ഇ-കോളി ബാക്‌ടീരിയ മലിനീകരണം ഭൂഗർഭജലത്തിൽ വ്യാപകമാണ്‌. ഇതിന്‌ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്‌ കക്കൂസ്‌ മാലിന്യങ്ങൾ വേണ്ടവിധം സംസ്‌കരിക്കാൻ യാതൊരു സംവിധാനവും കേരളത്തിൽ ഇല്ല എന്നുള്ളതാണ്‌. വീടുകളുടെ വർദ്ധിച്ച സാന്ദ്രത, കക്കൂസുമായി കിണറുകൾക്കുള്ള സാമീപ്യം എന്നിവയടക്കമുള്ള സവിശേഷതകളും ഇതോടൊപ്പം പരി ഗണിക്കേണ്ടതുണ്ട്‌. മഴക്കാലത്ത്‌ ഇ-കോളി വിന്യാസം 84% കിണറുകളിലേക്കും വ്യാപിക്കുന്നുണ്ട്‌ എന്നും പഠനം വ്യക്തമാക്കുന്നു. സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറുകളിൽ മാലിന്യം കൂടുതലായി കലരുന്നു. കക്കൂസായാലും, ചാണകപ്പുരയായാലും, ചപ്പുചവറു കുഴിയായാലും കിണറ്റിൽ നിന്ന്‌ 15 മീറ്റർ ചുറ്റളവിനുള്ളിൽ ആകരുത്‌ എന്നും പഠനം ശുപാർശ ചെയ്യുന്നുണ്ട്‌. എന്നാൽ യഥാർത്ഥ സ്ഥിതി ഇതല്ല. സെപ്‌റ്റിക്‌ ടാങ്കുകൾ നിറഞ്ഞുകവിഞ്ഞ്‌ മണ്ണിലേക്ക്‌ ഒലിച്ചിറങ്ങുന്നു. കുഴികക്കൂസുകളും ധാരാളമായുണ്ട്‌ (നഗരപ്രദേശത്ത്‌ 47%, ഗ്രാമപ്രദേശത്ത്‌ 71% - NSSO - 2009), ഖരമാലിന്യസംസ്‌ക്കരണവും ഫലപ്രദമല്ല, ഇതെല്ലാം മലിനീകരണ സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്‌. ഏതാണ്ട്‌ 10 ലക്ഷം ഘനമീറ്റർ ഓടജലവും പ്രതിദിനം മണ്ണിലേക്കും ജലാശയങ്ങളിലേക്കും പ്രവേശി ക്കുന്നുണ്ട്‌. നഗരവൽക്കരണം, ഫ്‌ളാറ്റുകൾ വഴിയുള്ള ജനസാന്ദ്രത വർ ദ്ധനവ്‌ , ടൂറിസ വ്യവസായത്തിന്റെ അഭൂതപൂർവ്വമായ വികസനം തുടങ്ങി നാമിന്നു കാണുന്ന നഗരകേന്ദ്രീകൃതവികസനരൂപങ്ങളൊക്കെ ജലലഭ്യതയെയും, അതിന്റെ ഗുണനിലവാരത്തെയും പിന്നോട്ടടിക്കുന്ന ഘടക ങ്ങളാണ്‌. ഇവിടെയാണ്‌ ജലവിനിയോഗത്തിന്റെ മുൻഗണനാക്രമങ്ങളെ പരിശോധനക്ക്‌ വിധേയമാക്കേണ്ടതിന്റെ പ്രസക്തി.

ജലലഭ്യതയും വിനിയോഗവും

വേനൽക്കാല ഉപയോഗത്തിനായി ജലസംഭരണികളിലേതുൾപ്പടെ ആകെ ലഭ്യമാകുന്ന ജലം 1732 കോടി ഘനമീറ്റർ ആണ്‌. ഗാർഹികം, പക്ഷി-മൃഗാദികൾ, ജലസേചനം, വ്യവസായം, കരി-കോൾ നില സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കായി വേനൽക്കാലത്ത്‌ വേണ്ട ജലം 2147 കോടി ഘനമീറ്റർ ആണ്‌. ഇതു കാണിക്കുന്നത്‌ ഏതാണ്ട്‌ 415 കോടി ഘനമീറ്റർ ജലക്കമ്മി വേനൽക്കാലത്തുണ്ട്‌ എന്നാണ്‌. മൂവാറ്റുപുഴ നദീ തടത്തിലെ ജലലഭ്യത, വർഷകാലത്ത്‌ ആവശ്യത്തേക്കാൾ 21.4 കോടി ഘനമീറ്റർ അധികമുള്ളപ്പോൾ വേനലിൽ ഏതാണ്ട്‌ 13 കോടി ഘനമീറ്റർ ജലക്കമ്മിയാണുള്ളത്‌. ചാലക്കുടി, പെരിയാർ, മീനച്ചിലാർ, മണിമല യാർ, പമ്പ, അച്ഛൻകോവിലാർ എന്നീ 6 നദീതടങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ നിലവിൽ മൊത്തം വർഷകാലജലലഭ്യത 930 കോടി ഘനമീറ്റർ ഉള്ളപ്പോൾ അതിൽ 756 കോടി ഘനമീറ്റർ ജലമിച്ച മാണ്‌. എന്നാൽ 2025 ആകുമ്പോഴേക്ക്‌ വെറും 142 കോടി ഘനമീറ്ററി ലേക്ക്‌ ജലമിച്ചം പരിമിതപ്പെടുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വേനൽ ക്കാലത്ത്‌ ലഭ്യത 296 കോടി ഘനമീറ്ററും നിലവിലെ ജലക്കമ്മി 21.3 കോടിഘനമീറ്ററുമാണ്‌. 2025 ആകുമ്പോഴേക്ക്‌ ഈ കുറവ്‌ 549 കോടി ഘനമീറ്റർ ജലത്തിലേക്ക്‌ ഉയരുമെന്നും പഠനം പ്രവചിക്കുന്നു. ബൃഹത്തായ നീർ ത്തട-സംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തുകൊണ്ടു മാത്രമേ ഈ പ്രതിസന്ധി മുറിച്ചു കടക്കാനാകൂ ഇതിനാകട്ടെ സമ്പൂർണ്ണ ജനപങ്കാളിത്തം അനിവാര്യവുമാണ്‌.

2011ലെ സെൻസസ്‌പ്രകാരം കുടിവെള്ള സ്രോതസ്സുകളുടെ വിശ ദാംശങ്ങൾ പട്ടിക-4ൽ കൊടുത്തിരിക്കുന്നു. ഗ്രാമങ്ങളുടെ ഏതാണ്ട്‌ ഇരട്ടിയോളം കുടുംബങ്ങൾ നഗരമേഖലയിൽ നിവസിക്കുന്നവരാണ്‌. ഇവരുടെ കിണർ ജലവിനിയോഗം ഏതാണ്ട്‌ ഒരേപോലെയാണ്‌ (62% മുതൽ 65% വരെ). പൈപ്പുവെള്ള ഉപയോഗത്തിലും നേരിയ വ്യത്യാസമേ ഉള്ളൂ.





കുടിവെള്ള വിനിയോഗ രീതിയിൽ പൊതുവെ ഗ്രാമ-നഗര അന്തരം കാര്യമായി കേരളത്തിലില്ല. പൈപ്പുവഴിയുള്ള കുടിവെള്ളം ലഭിക്കുന്ന വരിൽ 7.3% പേർക്ക്‌ ശുദ്ധീകരിക്കാത്ത ജലമാണ്‌ ലഭിച്ചു വരുന്നത്‌. സംരക്ഷിത കിണർ 14.3% മാത്രമേ ഉള്ളൂ. പൈപ്പുവഴിയുള്ള ശുദ്ധജലവിത രണം നടത്തുന്നത്‌ കേരള ജല അതോറിറ്റി മാത്രമാണ്‌. 2009-10ൽ ഇവരുടെ ആകെ ഉൽപാദനം 69 കോടി ഘനമീറ്റർ കുടിവെള്ളമാണ്‌. വിതരണ ചോർച്ച വഴിയുള്ള ജലനഷ്‌ടം 17% മുതൽ 40% വരെ ആണെന്ന്‌ ജല അതോറിറ്റി തന്നെ വെളിവാക്കുന്നുണ്ട്‌. 2009-10ൽ കുടിവെള്ള വിതരണം ഏതാണ്ട്‌ 52 കോടി ഘനമീറ്റർ ആയിരുന്നു. ജലനഷ്‌ടം ആ വർഷം 25% ആണ്‌.

പരിപാലനക്ഷമത വർദ്ധിപ്പിക്കുന്നതിനായി പഞ്ചായത്തുതോറും ജല വിതരണ സംവിധാനം എന്ന ലക്ഷ്യമിട്ട്‌ 1265 കുടിവെള്ള സ്‌കീമുകൾ നടപ്പാക്കാൻ രൂപകൽപന ചെയ്‌തിരുന്നു. സ്രോതസ്സുകളുടെ ശേഷി ദീർഘകാല അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തുന്നതിൽ വരുന്ന വൈകല്യങ്ങളാണ്‌ പദ്ധതി നടപ്പാക്കുന്നതിനുള്ള മുഖ്യതടസ്സമായി കാണുന്നത്‌. ഇത്‌ ഗ്രാമീണ ജലവിതരണ ഏജൻസി (KRWSA) നടത്തുന്ന ജലനിധി പദ്ധതികളെ സംബന്ധിച്ചും പ്രസക്തമാണ്‌.

ജലസേചനാവശ്യം മുൻഗണന അർഹിക്കുന്ന വിഷയമാണ്‌. സംസ്ഥാനത്ത്‌ 8400 കനാൽ ഇറിഗേഷൻ സ്‌കീമുകളും, 52000 - ത്തോളം ലിഫ്‌റ്റ്‌ ഇറിഗേഷൻ സ്‌കീമുകളും നിലവിലുണ്ട്‌. ഏതാണ്ട്‌ 3.81 ലക്ഷം ഹെക്‌ടർ സ്ഥലത്ത്‌ ജലസേചനമുണ്ട്‌ (2004). വിതരണകനാൽശൃംഖലയുടെ തകരാറും, പരിപാലത്തിന്റെ അഭാവവും നിമിത്തം വേണ്ടപ്പോൾ, വേണ്ട ഇടത്ത്‌, വേണ്ട അളവിൽ ജലമെത്തുന്നില്ല. വിളയ്‌ക്കുവേണ്ട വെള്ളം എന്ന രീതിയിൽ സൂക്ഷ്‌മ ജലസേചനവും കാര്യക്ഷമമായി നടത്തുന്നില്ല. ജല സേചനക്ഷമത മെച്ചപ്പെടുത്താനുള്ള നൂതനമാർഗങ്ങളും സാധാരണ കർഷകരിലെത്തുന്നില്ല. കുടിവെള്ളാവശ്യത്തിന്‌ കനാലിലൂടെ വെള്ളം വിടുന്നരീതിയും ഒട്ടും തന്നെ അഭികാമ്യമല്ല.

ജലസുരക്ഷാ പ്രതിസന്ധി

മേൽ വിവരിച്ച കണക്കുകളിൽ പലതും കേരളത്തിലെ ജലസുരക്ഷ നേരിടുന്ന ഭീഷണിയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. കേരളത്തിലെ ജല ലഭ്യത, സംഭരണം, വിനിയോഗം എന്നിവ സംബന്ധിച്ച്‌ ഈ ഘട്ടത്തിൽ ചില പൊതുനിഗമനങ്ങളിലേക്ക്‌ നമുക്ക്‌ എത്തിച്ചേരാനാകും. മഴയുടെ ദീർഘകാലലഭ്യതയിൽ ഗണ്യമായ കുറവുണ്ടായിട്ടില്ല എന്നത്‌ ആശ്വാസ കരമാണ്‌. എന്നാൽ ഉപയോഗത്തിനു കിട്ടുന്ന ജലം തുടർച്ചയായി കുറയുന്ന സാഹചര്യം നിലനിൽക്കുന്നുമുണ്ട്‌. അനിയന്ത്രിതമായ ജലമലിനീകരണം, പാഴ്‌ചെലവ്‌ വർദ്ധിപ്പിക്കുന്നതായി നാം തിരിച്ചറിയുന്നു. ഉള്ള വെള്ളം കാര്യക്ഷമമായി വിനിയോഗിക്കാൻ ശ്രമിക്കാത്തതു മൂലം അതും പാഴായിപ്പോകുന്നു. സുതാര്യത ഇല്ലാത്ത ചില ജലസഹകരണ ഉദ്യമങ്ങൾ സംഘ ർഷങ്ങൾക്കു വഴിവയ്‌ക്കുന്നതായും നാം കാണുന്നു. ഒപ്പം തന്നെ നമുക്ക്‌ ചില തിരിച്ചറിവുകളും ഉണ്ടാകുന്നുണ്ട്‌. ഉദാഹരണമായി ഭൂതലത്തിന്റെ നൈസർഗിക ജലസംഭരണ ഇടങ്ങൾ നിലനിറുത്തുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്‌താൽ വർദ്ധിച്ച അളവിൽ മഴവെള്ളം ഉപയോഗയോഗ്യമാക്കാം എന്നും മറിച്ച്‌ അവ ഇല്ലാതാക്കിയാൽ ഉള്ള വെള്ളം പോലും നഷ്‌ടപ്പെടും എന്നും നാം തിരിച്ചറിയുന്നു. കേരളത്തിൽ നാം ഇന്ന്‌ അനുഭവിക്കുന്ന വേനൽക്കാല ജലക്ഷാമം ശാശ്വതമായി പരിഹരിക്കാൻ മഴക്കാലത്ത്‌ ലഭിക്കുന്ന ജലമിച്ചം പരമാവധി വർദ്ധിപ്പിച്ച്‌ അതിന്‌ പ്രകൃതിയിൽ തന്നെ തങ്ങിനിൽക്കാനുള്ള ഇടങ്ങൾ ഉണ്ടാക്കുക മാത്രമാണ്‌ പോംവഴി. ലഭ്യത നിശ്ചിതവും ആവശ്യം അനന്തവുമായാൽ അത്‌ പൊരുത്തപ്പെടില്ല. ആയതിനാൽ സാമൂഹികനീതിയിലും, ഭക്ഷ്യസുരക്ഷയിലും ഊന്നിയ ഒരു സ്ഥലജല മാനേജ്‌മെന്റ്‌ നമുക്കുണ്ടായേ പറ്റൂ. ജനങ്ങൾ പ്രാപ്‌തരായാൽ അത്തരമൊന്ന്‌ സാദ്ധ്യമാകും എന്ന വിശ്വാസവും നമുക്കുണ്ട്‌. നിർഭാഗ്യവശാൽ നവലിബറൽ വികസനനയങ്ങൾ ജലസുരക്ഷ യുടെ കാര്യത്തിൽ നേരെ വിപരീതദിശയിലേക്കാണ്‌ നീങ്ങുന്നത്‌. ഇതു സംബന്ധിച്ചാണ്‌ തുടർന്നുള്ള പരാമർശങ്ങൾ.

II

ജലസുരക്ഷക്ക്‌ സ്വകാര്യവൽക്കരണമോ ?ദേശീയ ജലനയം 2012

കഴിഞ്ഞ കാൽ നൂറ്റാണ്ടിനുള്ളിൽ കേന്ദ്രസർക്കാർ അംഗീകരിച്ച്‌ പ്രാബല്യത്തിലാക്കുന്ന മൂന്നാമത്തെ ദേശീയ ജലനയമാണ്‌ 2012 ഡിസംബർ മാസം നിലവിൽ വന്നത്‌. 1987ലും, 2002ലും പുറത്തിറക്കിയ ജലനയങ്ങളിൽ നിന്ന്‌ ഏറെ വ്യത്യസ്‌തമാണിത്‌. ദേശീയതലത്തിൽ ജലവിഭവം ഒരു കച്ചവടവസ്‌തുമായി (economic good ) ഇതിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുക യാണ്‌. ജലം ജന്മാവകാശമാണ്‌ എന്ന ധാരണ പുതിയ ജലനയം തിരുത്തി എഴുതിക്കഴിഞ്ഞു. ജലവിഭവം സർക്കാർ ഏറ്റെടുത്ത്‌ ഒരു പൊതുട്രസ്റ്റ്‌ എന്ന പദവി (Public Trust Doctrine) യിലേക്ക്‌ കൊണ്ടുവരികയാണ്‌. സാമൂഹികപരിധിയിൽ (Community resource) ഉൾപ്പെടുന്ന വിഭവമാണെ ങ്കിലും ജലവിഭവത്തിന്മേൽ യഥാർത്ഥ സാമൂഹികനിയന്ത്രണം ഇനി സാദ്ധ്യമല്ല. ജലത്തിന്മേലുള്ള ജനങ്ങളുടെ അവകാശം അവസാനിപ്പിക്കുകയാണ്‌. കുടിനീർ വിതരണ ബാദ്ധ്യത ഏറ്റെടുക്കേണ്ട ഒരു സേവനദാതാവ്‌ (service provider) എന്ന സ്ഥാനം ഇനി സർക്കാറിനില്ല. ആവശ്യക്കാർക്ക്‌ ജലം വിലകൊടുത്തുവാങ്ങാനുള്ള ഒരു സ്വതന്ത്ര സംവിധാനം ഉണ്ട്‌ എന്ന്‌ ഉറപ്പുവരുത്തുന്ന (service regulator) ഒരു സേവന മേൽനോട്ടത്തിന്റെ സ്ഥാനം മാത്രമേ സർക്കാറിനുള്ളൂ. ജലം ജലഅതോറിറ്റി വഴി ഈ സ്വതന്ത്രസംവിധാനത്തെ ഏൽപ്പിച്ചു കൊടുക്കും. സർക്കാരിന്‌ ഒരു നാമമാത്ര വില അവരിൽ നിന്ന്‌ ഈടാക്കാം. ഈ `സംവിധാനം' എന്നത്‌ ജനങ്ങളുടെ കൂട്ടായ്‌മയോ അല്ലെങ്കിൽ സ്വകാര്യനിക്ഷേപകരോ ആകാം. രണ്ടായാലും ജലസംഭരണ-ശുദ്ധീകരണ പദ്ധതിക്കു വേണ്ട മുടക്കുമുതൽ കൈവശമുള്ളവർ ആകണം എന്നുമാത്രം. പദ്ധതിച്ചെലവിന്റെ 51% ഓഹരി നിക്ഷേപിക്കാനുള്ള അവസരം ഇവർക്ക്‌ കൊടുത്തിരിക്കയാണ്‌. സ്വതന്ത്രസംവിധാനത്തിൽ 26% ഷെയർ സർക്കാരും 23% ഷെയർ ജല അതോറിറ്റിയും എടുക്കും. ഇതാണ്‌ കൊച്ചി അന്തർദ്ദേശീയ വിമാനത്താവളം (സിയാൽ - CIAL) മാതൃകയിൽ വിഭാവനം ചെയ്യുന്ന സ്വകാര്യസംരംഭം. ഇത്‌ PPP മാതൃകയിലാണ്‌ പ്രവർത്തിക്കുക എന്ന്‌ ഔപചാരികമായി പറയുന്നു. പൊതുവിഭവം സ്വകാര്യവ്യക്തികൾക്ക്‌ അഥവാ മൂലധന നിക്ഷേപകർക്ക്‌ നിസ്സാരവിലയിൽ കൈമാറുന്ന ഒരു സംവിധാനമാണിത്‌. റിസോർട്ടുകൾക്കും, സ്വർണ്ണക്കടകൾക്കും വേണ്ടി കണ്ണായ സ്ഥലങ്ങൾ പരസ്‌പരചർച്ചയിലൂടെ നിശ്ചയിക്കുന്ന വിലയ്‌ക്ക്‌ സ്വകാര്യ സംരംഭകർക്ക്‌ കൈമാറുന്ന രീതിയാണിത്‌. എണ്ണ, പ്രകൃതിവാതകം, കൽ ക്കരി, ലോഹഅയിരുകൾ എന്നിങ്ങനെയുള്ള പ്രകൃതിവിഭവങ്ങൾ വൻകിട കുത്തകകൾക്ക്‌ ഒരു `ധാരണയുടെ അടിസ്ഥാനത്തിൽ' നിശ്ചയിക്കുന്ന വിലക്ക്‌ കൈമാറുന്ന രീതി തന്നെയാണ്‌ ജലവിഭവത്തിന്റെ കാര്യത്തിലും ദേശീയ ജലനയം സ്വീകരിച്ചിട്ടുള്ളത്‌. അതുകൊണ്ടാണ്‌ ജലവിഭവം ഫലത്തിൽ സ്വകാര്യവൽക്കരിക്കുകയാണ്‌ എന്ന്‌ പറയുന്നത്‌. ഇപ്രകാരം തങ്ങളുടെ നിയന്ത്രണത്തിൽ എത്തുന്ന ജലവിഭവം ശുദ്ധീകരിച്ച്‌ കുടിവെള്ള വിതരണം നടത്തുക എന്നതാണ്‌ സംരംഭകരുടെ ജോലി. ഇതിനു വേണ്ട ഉദ്യോഗസ്ഥർ, ജീവനക്കാർ, പശ്ചാത്തലവിഭവങ്ങൾ, മേൽനോട്ടച്ചെലവ്‌, ആവർത്തനച്ചെലവ്‌, തുടങ്ങി പ്രസ്‌തുതസംവിധാനം തടസ്സമില്ലാതെ മുന്നോട്ട്‌ കൊണ്ടുപോകുന്നതിനു വേണ്ടി വരുന്ന മുഴുവൻ ചെലവും, ലാഭവും ചേർത്ത്‌ ഉപഭോക്താക്കളിൽ നിന്ന്‌ പൂർണ്ണമായും ഈടാക്കാനുള്ള അവകാശം പുതിയ ജലനയം സംരംഭകർക്ക്‌ നൽകിയിരിക്കയാണ്‌. കുടിവെള്ളത്തിന്റെ വില ഈ രീതിയിൽ കണക്കാക്കുന്നതിന്‌ സാമ്പത്തിക തത്വങ്ങൾ (economic principles) അനുസരിക്കണമെന്ന്‌ ജലനയം തന്നെ നിഷ്‌കർഷിക്കുന്നുണ്ട്‌. ഈ പ്രക്രിയക്ക്‌ മേൽനോട്ടം വഹിക്കാൻ ഒരു ഔപചാരിക സംഘടനാസംവിധാനവും ജലനയത്തിൽ നിർദ്ദേശി ക്കുന്നുണ്ട്‌. പ്രസ്‌തുത നിർദ്ദേശമനുസരിച്ചാണ്‌ കേരളത്തിൽ ഇപ്പോൾ ജലവിഭവ റഗുലേറ്ററി അതോറിറ്റി രൂപീകരിച്ചിട്ടുള്ളത്‌. ജലവിഭവവകുപ്പ്‌ മന്ത്രിയും ബന്ധപ്പെട്ട സെക്രട്ടറിമാരും ജലഅതോറിറ്റിയിലെ ഉന്നതരും ഒക്കെ ഈ അതോറിറ്റിയിൽ ഉണ്ടെങ്കിലും തീരുമാനങ്ങളുടെ നിയന്ത്രണം ആ കമ്മറ്റിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ആയ നിക്ഷേപകനും, അതിലെ ഓഹരി ഉടമകളും തന്നെയാണ്‌ കയ്യാളുന്നത്‌. ആയതിനാൽ, പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നതു പോലെയോ, ടോൾ ചുങ്കം വർദ്ധിപ്പി ക്കുന്നതു പോലെയോ കുടിവെള്ളത്തിന്റെ വില എത്ര എന്ന്‌ കാലാകാല ങ്ങളിൽ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം സ്വകാര്യകമ്പനിയിൽ നിക്ഷിപ്‌തമാണ്‌. കേരളത്തിൽ ജലവിഭവ സ്വകാര്യവൽക്കരണം പ്രയോഗത്തിലാക്കുന്നതിന്റെ ഭാഗമായി രൂപം കൊടുക്കുമെന്ന്‌ കരുതുന്ന കേരള ഡ്രിങ്കിങ്ങ്‌ വാട്ടർ സപ്ലൈ കമ്പനി ലിമിറ്റഡ്‌ എന്ന സ്വകാര്യസ്ഥാപനം ഉടനെ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കും. നാല്‌ വർഷം കൊണ്ട്‌ ജലവിതരണം പൂർണ്ണമായും സ്വകാര്യമേഖലയിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗ മാണിത്‌. പഞ്ചായത്തുകൾ 2014 മാർച്ച്‌ മാസത്തോടെയും, മുൻസിപ്പാലിറ്റികൾ 2015 മാർച്ചോടെയും, കോർപ്പറേഷനുകൾ 2016 മാർച്ച്‌ മാസത്തോടെയും ലക്ഷ്യം പൂർത്തീകരിക്കും. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ വച്ചുകൊണ്ട്‌ ഒരു ലിറ്റർ കുടിവെള്ളത്തിന്റെ വില ഇന്നത്തെ 0.4 പൈസയിൽ നിന്ന്‌ 60 ഇരട്ടി വർദ്ധിപ്പിച്ച്‌ ലിറ്ററൊന്നിന്‌ 25 പൈസ എന്ന താരിഫിലേക്ക്‌ ഒരുപക്ഷേ ഉയർത്തിയേക്കാം. അങ്ങനെ ആയാൽ മാസം 10000 ലിറ്റർ വെള്ളം ഉപ യോഗിക്കുന്ന ഒരു കുടുംബം ഇന്ന്‌ 40 രൂപയാണ്‌ ചെലവാക്കുന്നതെങ്കിൽ സ്വകാര്യവൽക്കരണം നടപ്പാകുന്ന ഘട്ടത്തിൽ 2500 രൂപ നൽകേണ്ടി വരും. ഇത്‌ പിന്നീട്‌ തുടർച്ചയായിത്തന്നെ വർദ്ധിക്കുമെന്നും ഉറപ്പാക്കാം.

ഇത്തരം കമ്പനികൾക്ക്‌ അവരുടെ ലാഭം വർദ്ധിപ്പിക്കാനുള്ള മറ്റ്‌ സൗജന്യങ്ങളും സർക്കാർ നൽകുന്നുണ്ട്‌. നിലവിലുള്ള പരിസ്ഥിതി നിയമം അനുസരിച്ച്‌ മാലിന്യങ്ങൾ അതുണ്ടാക്കുന്ന കമ്പനികൾ തന്നെ ശുദ്ധീകരിക്കണം എന്നാണ്‌ വ്യവസ്ഥ. എങ്കിലും ഒളിഞ്ഞും തെളിഞ്ഞും ജലസ്രോതസ്സുകളിലേക്ക്‌ വ്യവസായ നിർഗമങ്ങൾ യഥേഷ്‌ടം തുറന്നു വിടുന്ന സ്ഥിതിയാണ്‌ കാണുന്നത്‌. ജലസ്രോതസ്സുകളുടെ ചുമതല ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികൾക്കാകട്ടെ ജലശുദ്ധീകരണത്തിനായി ഇക്കാരണത്താൽ കൂടുതൽ പണം ചെലവാക്കേണ്ടി വരികയും ചെയ്യും. ഈ സാദ്ധ്യത മുൻകൂട്ടി കണ്ട്‌, നിക്ഷേപകരുടെ താൽപര്യ സംരക്ഷണത്തി നാണ്‌ മുൻഗണന കൊടുക്കേണ്ടത്‌ എന്ന സമീപനമാണ്‌ ജലനയത്തി ലുള്ളത്‌. ആയതിനാൽ സർക്കാർ ചെലവിൽ മുഴുവൻ വ്യവസായ നിർഗമങ്ങളും ശുദ്ധീകരിക്കാം എന്ന ഒരു വ്യവസ്ഥ നിലവിൽവരുത്തിയിരിക്ക യാണ്‌. പരിസ്ഥിതിനിയമത്തിന്റെ അന്തഃസത്തക്ക്‌ നിരക്കാത്ത ഒരു സമീപനമാണിത്‌. നിർഗമങ്ങൾ ശുദ്ധീകരിച്ചശേഷമാണ്‌ `ജലസ്രോതസ്സുകളി ലേക്ക്‌' തുറന്നുവിടുന്നത്‌ എങ്കിൽ അതിന്റെ മുഴുവൻ ചെലവും സർക്കാർ കമ്പനിക്കു നൽകും എന്നാണ്‌ നയരേഖയിൽ പറഞ്ഞിട്ടുള്ളത്‌. ജലം ജന്മാവകാശമാണെന്നും അത്‌ ഇഷ്‌ടം പോലെ ലഭിക്കുമെന്നും കരുതിയിരുന്ന സാധാരണ ജനങ്ങൾ തീവില കൊടുത്ത്‌ കുടിവെള്ളവും, നനവെള്ളവും വാങ്ങേണ്ട ഗതിയിൽ ആകുമ്പോൾ, സർക്കാർ വഴിവിട്ട്‌ സഹായിക്കുന്നത്‌ വ്യവസായികളെയും, ജലവിതരണ കമ്പനികളെയും ആണ്‌ എന്നത്‌ ആശ്ചര്യജനകമാണ്‌. ഇതിനൊക്കെ പുറമെ ജലവിതരണ ചുമതല ഏറ്റെടുക്കുന്ന കമ്പനിക്കാണ്‌ വിവിധ പദ്ധതികളിലൂടെയുള്ള സൗജന്യങ്ങളും ലഭിക്കുന്നത്‌. NABARD, HUDCO തുടങ്ങിയ ഏജൻസികൾ ജലവിതരണ പദ്ധതികൾക്കായി നൽകുന്ന വിവിധ ആനുകൂല്യങ്ങൾ ഇനി ജന ങ്ങൾക്ക്‌ നേരിട്ട്‌ ലഭിക്കാൻ യാതൊരു സാദ്ധ്യതയുമില്ല.

ജലനിധിമാതൃകയിൽ നിക്ഷേപസംഖ്യയുടെ 85% പദ്ധതിപണവും 15% അംഗത്വവിഹിതവുമാണ്‌. ഈ പണം നൽകാൻ പറ്റാത്ത കുടുംബം ജലനിധി സ്‌കീമിൽ ഉണ്ടാകില്ല. ജലവിതരണ സംവിധാനം കൊണ്ടുനടക്കുന്നതിന്റെ ചെലവ്‌ കണക്കാക്കി ജലത്തിന്റെ താരിഫ്‌ നിശ്ചയിച്ച്‌ അത്‌ ഉപ ഭോക്താക്കളിൽ നിന്ന്‌ ഈടാക്കുന്ന ഒരു രീതിയാണ്‌ ഈ പദ്ധതി അനുവർത്തിക്കുന്നത്‌. ജലനിധി സിയാൽ മാതൃക കമ്പനി ആകുമ്പോൾ പദ്ധതി പണത്തിന്റെ സ്ഥാനത്ത്‌ സ്വകാര്യനിക്ഷേപകൻ ആണ്‌ വരുന്നത്‌. ജലം ഇപ്രകാരം നിക്ഷേപകരുടെ നിയന്ത്രണത്തിലാകുന്നു. ജലസ്രോതസ്സുകളുടെ ദീർഘകാല നിലനിൽപും, അമിതമായി ജലം ഊറ്റുന്നതും ജലനിധിയിലെ സ്‌കീമുകൾ പരാജയപ്പെടാൻ കാരണമായിട്ടുണ്ട്‌. എന്നാൽ സ്വകാര്യ കമ്പനികൾക്ക്‌ വിതരണം നിയന്ത്രിക്കാൻ കഴിയും. ചെലവ്‌ കൃത്രിമമായി കൂട്ടിക്കാണിച്ച്‌ താരിഫ്‌ ഉയർത്താനുമാകും. അതുവഴി ഒരു പ്രത്യേക സ്ലാബിനു കീഴിൽ വരുന്ന ഉപഭോക്താക്കളുടെ ജലഉപയോഗം നിർബന്ധിതമായിത്തന്നെ പരിമിതപ്പെടുത്താൻ കഴിയും. ആർഭാട ആവശ്യങ്ങൾക്ക്‌ പറയുന്ന വിലയ്‌ക്ക്‌ ജലം മറിച്ചുവിൽക്കാനുള്ള സാദ്ധ്യതയും ഉണ്ട്‌. സ്വകാര്യമേഖലയിലെ പ്രവർത്തനങ്ങൾക്ക്‌ സുതാര്യത വേണമെന്ന്‌ നിർബന്ധിക്കാനുമാകില്ല.

ജലം പൊതുസ്വത്ത്‌ എന്നത്‌ നവലിബറൽ ആശയങ്ങൾക്ക്‌ പ്രതിബന്ധമാകുന്ന നിലപാടാണ്‌. പുതിയ വികസന സങ്കൽപത്തിൽ ജലം എന്നത്‌ സേവന വ്യവസായ വളർച്ചക്ക്‌ അവശ്യം ആവശ്യമായ അസംസ്‌കൃത വിഭവങ്ങളിലൊന്നു മാത്രമാണ്‌. കടുത്ത വേനലിൽ കുടിവെള്ളക്ഷാമം, വരൾച്ച എന്നിവ അതിരൂക്ഷമാകുമ്പോഴും, എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നത്‌ നാം കാണുന്നുണ്ടല്ലോ. പാശ്ചാത്യമാതൃകയിലുള്ള ആഡംബരാവശ്യങ്ങൾക്ക്‌ വേണ്ടുവോളം ജലം തരപ്പെടുത്താൻ ഇക്കൂട്ടർക്ക്‌ പ്രയാസമുണ്ടാകുന്നില്ല. ഭൂഗർഭജല മാണ്‌ വൻതോതിൽ ഊറ്റിയെടുക്കുന്നത്‌. ഈ പ്രവൃത്തി നിലവിലുള്ള നിയമത്തിനെതിരാണ്‌. 1882ൽ ബ്രിട്ടീഷ്‌ ഭരണകർത്താക്കൾ ഉണ്ടാക്കിയ ഇന്ത്യൻ ഈസ്‌മെന്റ്‌ ആക്‌ട്‌ (Indian Easement Act 1882) ആണ്‌ നിലവിൽ ഭൂഗർഭജല ഊറ്റൽ നേരിടുന്ന മുഖ്യപ്രതിബന്ധം. ഭൂഗർഭജലം സ്വന്തം ആവശ്യങ്ങൾക്കല്ലാതെ വാണിജ്യാവശ്യങ്ങൾക്ക്‌ വൻതോതിൽ ഊറ്റാൻ മേൽപറഞ്ഞ നിയമം അനുവദിക്കുന്നില്ല. പ്ലാച്ചിമടയിൽ സ്വന്തം ആവശ്യം എന്ന ഭാഗം വ്യവസായത്തിനുള്ള അനുമതിയുമായി ബന്ധിപ്പിച്ചാണ്‌ കോള കമ്പനി ജലം ഊറ്റി വിറ്റിരുന്നത്‌. എന്നാൽ അക്കാരണത്താൽ ഒരു വലിയ കാർഷികമേഖലയാകെ വരണ്ടുണങ്ങി പ്രദേശവാസികളുടെ ജലസുര ക്ഷയും, ഭക്ഷ്യസുരക്ഷയും, അതിജീവന സുരക്ഷയുമൊക്കെ പ്രകടമായി ഇല്ലാതായപ്പോഴാണ്‌ ജലമൂറ്റൽ താൽക്കാലികമായി നിറുത്തിവച്ചിട്ടുള്ളത്‌. വിഷൻ 2030-ലേക്കു വേണ്ടി വിഭാവനം ചെയ്യുന്ന വികസന സങ്കൽപ്പങ്ങൾ പ്രകൃതിവിഭവങ്ങളുടെ പരിവർത്തനം വലിയ അളവിൽ അനിവാര്യമാക്കുന്നതാണ്‌. ഇതിനായി മറ്റ്‌ പശ്ചാത്തലവിഭവങ്ങൾക്കൊപ്പം (ഭൂമി, വൈദ്യുതി, നിർമ്മാണ സാമഗ്രികൾ) ജലലഭ്യതയും സുഗമമാക്കേണ്ടത്‌ അനിവാര്യ മാണ്‌. ജലവുമായി ബന്ധപ്പെട്ട്‌ വ്യാപകമായുണ്ടാകുന്ന ജനകീയ സംഘർഷങ്ങൾക്ക്‌ കടിഞ്ഞാണിടാതെ വിഷൻ 2030 യഥാർത്ഥ്യമാകില്ല എന്ന്‌ ഉറപ്പായ ഘട്ടത്തിലാണ്‌ കേന്ദ്രസർക്കാർ പുതിയ നിക്ഷേപസൗഹൃദ `ജലനയം 2012' പ്രഖ്യാപിച്ചിട്ടുള്ളത്‌. ജലത്തിന്മേലുള്ള പൊതുഅവകാശം റദ്ദാക്കുകയും, പ്രസ്‌തുത വിഭവത്തെ ഒന്നാകെ നിക്ഷേപകരുടെ വരുതിയിലാക്കുകയു മാണ്‌ ചെയ്‌തിരിക്കുന്നത്‌. ഇന്ത്യൻ ഈസ്‌മെന്റ്‌ ആക്‌ടിൽ സ്വന്തം ഭൂമിയിലെ ഭൂഗർഭ ജലാവകാശം പ്രതിപാദിക്കുന്ന ഭാഗം തദനുസൃതമായി ഉടൻ ഭേദഗതി ചെയ്യാനും ജലനയത്തിലൂടെ തീർപ്പാക്കിക്കഴിഞ്ഞു. ഭേദ ഗതി നടപ്പാകുമ്പോൾ മേൽപറഞ്ഞ നിയമം അനുവദിക്കുന്ന അവകാശം നിർവീര്യമാക്കി ജലവിഭവം പൂർണ്ണമായി പൊതു ട്രസ്റ്റ്‌ സംവിധാനത്തിലെത്തിക്കാനുമാകും. നയത്തിലെ പ്രസക്ത ഭാഗം ഇങ്ങിനെയാണ്‌ - " The Indian Easement Act 1882 may have to be modified accordingly in as much as it appears to give proprietary rights to a land owner on ground water under his/her land."

കമ്മ്യൂണിറ്റി റിസോഴ്‌സ്‌ എന്ന പദത്തിന്റെ വ്യാഖ്യാനം സമൂഹത്തിന്റെ വിഭവം എന്നല്ല, സമൂഹത്തിനുള്ളിലുള്ള വിഭവം എന്നാണ്‌ പുതിയ നയത്തിലെ വിവക്ഷ. സാമൂഹിക ഉടമസ്ഥത, അവകാശം എന്നിവ ഇല്ലാതാകുന്നു എന്നർത്ഥം. ആവശ്യക്കാർക്ക്‌ പണം കൊടുത്ത്‌ ആവശ്യമുള്ള വെള്ളം സ്വന്തമാക്കാം. അതിനുള്ള ജലസമൃദ്ധി സൃഷ്‌ടിച്ചെടുക്കാനുള്ള നിർദ്ദേശങ്ങളും നയത്തിൽ വ്യക്തമാക്കുന്നുണ്ട്‌. ഇപ്പോൾ തന്നെ നടത്തിക്കൊണ്ടിരിക്കുന്ന മണ്ണ്‌ ജല സംരക്ഷണ പ്രവർത്തനങ്ങൾ തന്നെയാണത്‌. പക്ഷേ സർക്കാർ ചുമതലയിൽ അത്‌ ഫലപ്രദമായി നടക്കില്ല, മറിച്ച്‌ സ്വകാര്യമേഖലയിലാണെങ്കിൽ നടക്കും എന്ന വിശ്വാസമാണ്‌ പുതിയ ജലനയത്തിന്റെ കാതൽ. ജലസഹകരണം ആണ്‌ നയത്തിലെ മറ്റൊരു നിർദ്ദേശം. ജലം വാണിജ്യവിഭവമായി മാറുന്നതോടെ രാഷ്‌ട്രാന്തരീയ സഹകരണവും എളുപ്പമാകും. കോളക്കമ്പനികളുടെയും കുപ്പിവെള്ള കമ്പനികളുടെയും പ്രവർത്തനങ്ങൾ അതുവഴി സുഗമമായി മാറുകയും ചെയ്യും. സംസ്ഥാനത്തിനുള്ളിൽ തന്നെ, വില നൽകാൻ തയ്യാറുള്ള ആർക്കും എവിടെയും, ആവശ്യപ്പെടുന്നത്ര ജലം എത്തിച്ചു കൊടുക്കാനുമാകും. പ്രാദേശിക സംഘർഷങ്ങൾ അപ്രസക്തമാകുമെന്നാണ്‌ കണക്കുക്കൂട്ടൽ. ഇപ്രകാരം ആഗോള ആവശ്യങ്ങൾ ഉൾപ്പടെ പരിഗണിച്ചുകൊണ്ട്‌, അതീവജാഗ്രതയോടും ദീർഘവീക്ഷണത്തോടും കൂടിയാണ്‌ ദേശീയ ജലനയം പ്രഖ്യാപിച്ചിട്ടുള്ളത്‌ എന്നുകാണാൻ കഴിയും.


III

വരൾച്ചയെ അതിജീവിക്കാൻമണ്ണ്‌ജല സംരക്ഷണം

കാലവർഷത്തിന്റെ ലഭ്യതയിൽ കേരളത്തിൽ വന്നിരിക്കുന്ന കുറവ്‌ അടുത്ത്‌ വേനൽക്കാലം വരൾച്ചയുടേതാക്കി മാറ്റാം. ഈ വരൾച്ചയെ എങ്ങനെ പ്രതിരോധിക്കാം എന്നത്‌ വളരെ ഗൗരവത്തോടെ നാം ആലോചിക്കേണ്ടിയിരിക്കുന്നു. 38,863 ച.കി.മീ. വിസ്‌തൃതിയുള്ള കേരളത്തെ മലനാട്‌ (>70 മീറ്റർ), ഇടനാട്‌ (7-70 മീ), തീരപ്രദേശം എന്നീ ഭൂഘടകങ്ങളായി തിരിച്ചിരിക്കുന്നു. 2,695 മീറ്റർ ഉയരമുള്ള ആനമുടിയിൽ നിന്നും സമുദ്ര നിരപ്പിൽ എത്താൻ 120 കിലോമീറ്റർ മതി. കുത്തനെ ചരിവുള്ള മലനാട്‌ ജലസംരക്ഷണത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്‌. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിന്റെ ഭൂവിസ്‌തൃതിയുടെ 44.4 ശതമാനം പൊതു ഉടമസ്ഥതയിലുള്ള വനഭൂമിയായിരുന്നു. ഇപ്പോൾ അത്‌ 14.7 ശതമാനം മാത്രമാണ്‌. 1955നും 2003നും ഇടയിൽ തെങ്ങിൻതോട്ടങ്ങളുടെ വിസ്‌തൃതി 106 ശതമാനവും റബ്ബർതോട്ടങ്ങളുടെ വിസ്‌തൃതി 627 ശതമാനവും കവുങ്ങിൻതോട്ടങ്ങളുടെ വിസ്‌തൃതി 41 ശതമാനവും വർധിച്ചു (ബിഎം കുമാർ 2005). ഈ തോട്ടങ്ങൾ സ്വാഭാവിക വനങ്ങളെപ്പോലെ ജലസംരക്ഷണധർമ്മം നിർവ്വഹിക്കുന്നില്ല. നിർമ്മിതികൾവഴി കൃത്രിമരീതിയിൽ ഇവിടെ മണ്ണ്‌-ജല സംരക്ഷണം നടത്തേണ്ടത്‌ അനിവാര്യമാകുന്നു. ജലസംരക്ഷണത്തിൽ വളരെ പ്രധാനപങ്കാണ്‌ പാടശേഖരങ്ങൾ വഹിക്കുന്നത്‌. വർഷത്തിൽ 2.5 സെന്റീമീറ്റർ മുതൽ 300 സെന്റീമീറ്റർ വരെ വെള്ളം കെട്ടി നിൽക്കുന്ന പാടശേഖരങ്ങൾ തണ്ണീർത്തടങ്ങളാണ്‌. ഇങ്ങനെ കെട്ടിനിൽക്കുന്ന വെള്ളത്തിന്റെ 49 ശതമാനം ഭൂഗർഭജലമാക്കി മാറ്റപ്പെടുന്നുവെന്ന്‌ ഫിലിപ്പൈൻസിൽ നടത്തിയ പഠനങ്ങൾ കാണിക്കുന്നു. നെൽകർഷകനെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി നെൽകൃഷി ആകർഷകമല്ലെങ്കിലും ഇതുണ്ടാക്കുന്ന ഗുണപരമായ പാർശ്വഫലം വില മതിക്കാനാവാത്തതാണ്‌. എന്നാൽ നെൽപ്പാടങ്ങളുടെ വിസ്‌തൃതി 1975ൽ 8.77 ലക്ഷം ഹെക്‌ടറായിരുന്നത്‌ ഇപ്പോൾ 3.51 ലക്ഷം ഹെക്‌ടറായി കുറഞ്ഞിരിക്കുന്നു. ചെറുതും വലുതുമായ വളരെയേറെ കുളങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ട്‌. ജലസംഭരണത്തിൽ വളരെ പ്രധാന പങ്കാണ്‌ കുളങ്ങൾ വഹിക്കുന്നത്‌. ഉടമസ്ഥതയിലുള്ള തർക്കങ്ങളും കൃഷിയുടെ തകർച്ചയും കാരണം കുളങ്ങൾ വേണ്ട വിധത്തിൽ സംരക്ഷിക്കപ്പെടുന്നില്ല. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ള ജനങ്ങൾ വെള്ളത്തിനുവേണ്ടി കുളങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. നീർത്തടം ഒരു അടിസ്ഥാന പ്രകൃതിഘടകം മണ്ണുജല സംരക്ഷണപ്രവർത്തനം ആസൂത്രണം ചെയ്യുന്നതും നിർവ്വഹണം നടത്തുന്നതും ജൈവ ഭൗമ അതിർത്തിയായ നീർത്തടത്തിന്റെ അടിസ്ഥാനത്തിലാകുന്നതാണ്‌ ശാസ്‌ത്രീയം. ഒരു നീർച്ചാലും അതിലേക്കു വെള്ളം ഒഴുകിയെത്തുന്ന മുഴുവൻപ്രദേശങ്ങളും അടങ്ങുന്നതാണ്‌ ആ നീർച്ചാലിന്റെ നീർത്തടം. നീർത്തടത്തിന്റെ അതിർത്തിയാണ്‌ നീർമറി. മണ്ണുജലസംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ നീർമറിയിൽ നിന്നും താഴേക്ക്‌ എന്ന സമീപനമാണ്‌ സ്വീകരിക്കേണ്ടത്‌. നീർത്തടത്തിന്റെ ചരിവു കൂടിയ ഉയർന്നഭാഗത്തിനെ Run off zone എന്നും മധ്യഭാഗത്തിന്‌ പെർകൊലേഷൻ സോൺ എന്നും ചെരിവു കുറഞ്ഞ താഴ്‌ന്ന ഭാഗത്തിന്‌ സ്റ്റോറേജ്‌ സോൺ എന്നും പറയുന്നു. ഈ ഓരോഭാഗത്തും ചെയ്യേണ്ട ഇടപെടലുകൾ വ്യത്യസ്ഥമാണ്‌. ഇവയെന്തെല്ലാമാകാമെന്നാണ്‌ നാം ഇനി പരിശോധിക്കുന്നത്‌. വനസംരക്ഷണം നമ്മുടെ പശ്ചിമഘട്ടമേഖല നിത്യഹരിതവനങ്ങളാലും പുൽമേടുകളാലും സമ്പന്നമാണ്‌. പാരിസ്ഥിതികധർമ്മങ്ങൾ നിർവ്വഹിക്കുന്നതിന്‌ മുന്നിൽ ഒരുഭാഗം വനം ഉണ്ടാകേണ്ടത്‌ ആവശ്യമാണ്‌. എന്നാൽ കേരളത്തിലെ പൊതു ഉടമസ്ഥതയിലുള്ള വനത്തിന്റെ വിസ്‌തൃതി 14.1 ശതമാനം മാത്രമാണ്‌. അവശേഷിക്കുന്ന വനങ്ങളെയെങ്കിലും സംരക്ഷിക്കുന്നതിന്‌ പരമപ്രാധാന്യം നൽകണം. കുത്തനെചരിവുള്ള മലനിരകളിൽ വർഷത്തിൽ ഏതാണ്ട്‌ 125 ദിവസം മാത്രം അതിശക്തമായ മഴയാണ്‌ നമുക്കു ലഭിക്കുന്നത്‌. കടുത്ത മണ്ണൊലിപ്പും കുന്നിടിച്ചിലുമുണ്ടാകുന്നതിന്‌ ഇത്‌ കാരണമാകുന്നു. വനത്തിന്റെ ആവരണം മഴയുടെ ശക്തിയെ തടയുകയും റീചാർജ്‌ വർധിപ്പിക്കുകയും ചെയ്യുന്നു. ഉപരിതല ഒഴുക്കിനു പകരം മണ്ണിനടിയിലൂടെ വളരെ സാവധാനത്തിൽ വെള്ളമൊഴുകുന്നു. ഇതു കാരണമാണ്‌ പുഴകളിൽ മഴയില്ലാത്ത കാലത്ത്‌ വെള്ളം ഉണ്ടാകുന്നത്‌. വനനാശംപുഴയുടെ നാശത്തിനും കാരണമാകുന്നു. സ്വാഭാവിക വനം നിർവ്വഹിക്കുന്ന ഈ ധർമം പ്ലാന്റേഷനുകൾക്ക്‌ നിർവ്വഹിക്കുവാൻ കഴിയില്ല. ഉദാഹരണത്തിന്‌ റബ്ബർതോട്ടങ്ങളിൽ പെയ്‌തുവീഴുന്ന മഴയുടെ 80 ശതമാനം ചാലിലെ നീരൊഴുക്കായി മാറുന്നു. (ഹരിദാസ്‌ G. RRI 1985). വനവത്‌കരണം കുത്തനെചരിവുള്ള പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ തടയുന്നതിനായി പ്ലാവ്‌, ആഞ്ഞിലി, തേക്ക്‌, ഉങ്ങ്‌, മാവ്‌, വീട്ടി, ഞാവൽ തുടങ്ങിയ തായ്‌വേരുള്ള മരങ്ങൾ അനുയോജ്യമാണ്‌. തടി, കാലിത്തീറ്റ, വിറക്‌, പച്ചിലവളം, ഫലങ്ങൾ എന്നിവ നൽകുന്നവക്ക്‌ മുൻതുക്കം നൽകിയാവണം മരങ്ങൾ തെരഞ്ഞെടുക്കേണ്ടത്‌. ഒരുമരം പ്രതിവർഷം ഏതാണ്ട്‌ 24 Kg കാർബൺ ഡൈ ഓക്‌സൈഡ്‌ വലിച്ചെടുത്ത്‌ രണ്ട്‌ മനുഷ്യർക്ക്‌ ആവശ്യമായ ഓക്‌സി ജൻ ഉൽപാദിപ്പിക്കുന്നു. മരങ്ങൾ വലിച്ചെടുക്കുന്ന കാർബൺഡൈ ഓക്‌സൈഡിനെ തടിയാക്കി മാറ്റി ലോക്ക്‌ ചെയ്യുന്നു. ഇത്‌ ആഗോളതാപനത്തെ ചെറുക്കുന്നു. മാത്രമല്ല മരങ്ങൾ വളരെയേറെ അനുബന്ധതൊഴിലുകളും സൃഷ്‌ടിക്കുന്നു. ജലസംരക്ഷണം തോട്ടങ്ങളിൽ കേരളത്തിന്റെ ഭൂവിസ്‌തൃതിയിൽ 25 ശതമാനം ഇപ്പോൾ റബർതോട്ടങ്ങളാണ്‌. റബർതോട്ടങ്ങളിൽ തുടക്കത്തിൽ ജലസംരക്ഷണത്തിനായി പ്ലാറ്റ്‌ഫോം നിർമ്മിച്ചിരുന്നു. കാലക്രമേണ ഈ പ്ലാറ്റ്‌ഫോം മണ്ണൊലിപ്പു കാരണം ഇല്ലാതാകുന്നു. ഇടവിട്ട്‌ ചരിവിനു കുറവെ 1.5 മീറ്റർ നീളം, 0.6 മീ. വീതി, 06.മീ. ആഴം എന്നീ അളവിൽ മഴക്കുഴികൾ നിർമ്മിച്ച്‌ മണ്ണും ജലവും സംരക്ഷിക്കാം. റബ്ബർബോർഡ്‌ നടത്തിയ പഠനത്തിൽ 30 ശതമാനം ഉൽ പാദന വർദ്ധനവ്‌ ഇതിലൂടെ ഉണ്ട്‌ എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഉയര ത്തിൽ പ്ലാറ്റ്‌ഫോം ബലപ്പെടുത്തിയും ജലസംരക്ഷണം സാധിക്കും. മ്യൂക്യുണ, കലപ്പഗോണിയം തുടങ്ങിയ ആവരണവിളകൾ തോട്ടത്തിൽ നിന്നും വെള്ളം ബാഷ്‌പീകരിച്ച്‌ നഷ്‌ടപ്പെടുത്തുന്നത്‌ കുറയ്‌ക്കും. ജൈവ അവശിഷ്‌ടം ഉപയോഗിച്ച്‌ പുതയിടുന്നതും വളരെ അനുയോജ്യമാണ്‌. കർഷകർ തെങ്ങ്‌ കൃഷിപാടെ അവഗണിക്കുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌. വിലത്തകർച്ചയാണ്‌ ഇതിന്‌ മുഖ്യകാരണം. ശരാശരി 40 തേങ്ങയാണ്‌ വർഷത്തിൽ ഒരുതെങ്ങിൽ നിന്ന്‌ നമുക്ക്‌ ലഭിക്കുന്നത്‌. എന്നാൽ തമിഴ്‌ നാട്ടിൽ ശരാശരി 120 ആണ്‌ തേങ്ങയുടെ ഉൽപാദനം. ഉൽപാദനക്ഷമത വർദ്ധിപ്പിച്ച്‌ വിലതകർച്ചയെ നേരിടാമെന്ന്‌ നമ്മുടെകർഷകരെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. തെങ്ങിന്റെ തടിയിൽ നിന്നും ഒന്നരമീറ്റർ വിട്ട്‌ അര മീറ്റർ വീതിയിലും അരമീറ്റർ ആഴത്തിലും തടം തുറന്ന്‌ ചകിരി തൊണ്ട്‌, പട്ട (ഓല), പച്ചിലകൾ തുടങ്ങിയവ കൊണ്ട്‌ വേണം പുതയിടാൻ. തൊണ്ട്‌ സംരക്ഷിക്കുന്ന വെള്ളം മഴയില്ലാത്ത സമയത്ത്‌ തെങ്ങിന്‌ ഉപയോഗ യോഗ്യമാകും. ബഹുതലക്യഷി പുരയിടത്തിൽ ലഭിക്കുന്ന സുര്യപ്രകാശം പരമാവധി ഉപയോഗ പ്പെടുത്തുന്നതിനും മണ്ണ്‌ ജലസംരക്ഷണത്തിനും ബഹുതലക്യഷി അനുയോജ്യമാണ്‌. ഇവിടെ പല തട്ടുകളായി വിവിധ വിളകൾ വളരുന്നു. ഉദാ ഹരണത്തിന്‌ പ്രധാനവിള തെങ്ങാണെങ്കിൽ അതിനിടയിൽ കവുങ്ങ്‌, വാഴ, ചേന, ചേമ്പ്‌, പയർ എന്നിവയോ ജാതി, വാഴ, ചേന, പയർ, തീറ്റപ്പുല്ല്‌ എന്ന രീതിയിലോ ഇടവിളകൾ വളർത്താം. ഇതുമൂലം മഴവെളളം നേരിട്ട്‌ മണ്ണിൽ പതിയാത്തതു കാരണം മണ്ണൊലിപ്പ്‌ കുറയുന്നു. ജൈവ വേലി പതിമുഖം, ശീമക്കൊന്ന, ചെമ്പരത്തി, ആടലോടകം എന്നിവ ജൈവ വേലിയായി നട്ടുപ്പിടിപ്പിച്ചും മണ്ണൊലിപ്പ്‌ തടയാം. ഇവ കുടുതൽ വളരാതെ വെട്ടിയെടുത്ത്‌ കമ്പോസ്റ്റ്‌ നിർമ്മിക്കാം. ഇത്‌ മണ്ണിൽ ചേർത്ത്‌ ഫലഭൂയി ഷ്‌ടമാക്കാം. പതിമുഖം, ആടലോടകം തുടങ്ങിയ ഔഷധസസ്യങ്ങൾ ഒരു അധിക വരുമാനം നൽകും. കോണ്ടൂർ ബണ്ടുകൾ ചരിവുള്ള ഭൂമിയിൽ ചരിവിന്‌ കുറുകെ മൺബണ്ടുകൾ നിർമ്മിച്ച്‌ മണ്ണൊലിപ്പ്‌ തടയാം. ബണ്ടുകൾ ഒരേ ഉയരത്തിൽ (കോണ്ടൂർ ലൈനിൽ)വേണം നിർമ്മിക്കാൻ . ഉയർന്ന ഭാഗത്തു നിന്നും മണ്ണെടുത്ത്‌ താഴെ ഉറപ്പിച്ചാണ്‌ ബണ്ട്‌ നിർമ്മിക്കുന്നത്‌. തീറ്റപ്പുല്ല്‌, രാമച്ചം, പൈനാപ്പിൾ എന്നിവ നട്ട്‌ ബണ്ട്‌ ബലപ്പെടുത്താം. തുടർച്ചായി നിർമ്മിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ഇടവിട്ട്‌ ബണ്ട്‌ നിർമ്മിക്കാം. മുകളിലത്തെ വരിയിൽ ഗ്യാപ്പ്‌ നൽകിയ സ്ഥലത്ത്‌ വേണം താഴത്തെ വരിയിൽ ബണ്ട്‌ നിർമ്മിക്കാൻ. ബണ്ടുകൾ തമ്മിലുളള അകലം, ബണ്ടിന്റെ വലിപ്പം എന്നിവ സ്ഥലത്തിന്റെ ചരിവ്‌, അവിടെ ലഭിക്കുന്ന പരമാവധി മഴ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കല്ല്‌ കയ്യാലകൾ പ്രദേശികമായി കാട്ട്‌ കല്ല്‌ ലഭിക്കുന്ന സ്ഥലങ്ങളിൽ ഇത്‌ ഉപയോഗിച്ച്‌ കല്ല്‌ കയ്യാലകൾ നിർമ്മിക്കാം. ഇത്‌ കോണ്ടൂർ അടിസ്ഥാനത്തിൽ വേണം നിർമ്മിക്കാൻ. പരിശീലനം നൽകി പ്രദേശത്തെ തൊഴിലാളികളെ തന്നെ ഇതിനായി ഉപയോഗിക്കാം. ക്വാറികൾ ജലസംഭരണികളാക്കൽ ഉപയോഗിക്കപ്പെട്ട കരിങ്കൽ ക്വറികൾ ജലസംഭരണികളാക്കി മാറ്റാവുന്നതാണ്‌. തുറന്നവശം കെട്ടി അടച്ച്‌ ഇത്‌ സാധ്യമാക്കാം. ഇത്തരം ക്വാറികളിൽ മത്സ്യക്യഷി നടത്തി വരുമാനം വർധിപ്പിക്കാവുന്നതാണ്‌. നീർച്ചാൽ സംരക്ഷണം നീർച്ചാലിലൂടെ വേഗത്തിൽ ഒഴുകിപോകുന്ന വെളളത്തിന്റെ വേഗത കുറച്ച്‌ ഭൂമിയിലേക്കുള്ള റീചാർജ്‌ വർദ്ധിപ്പിക്കുകയാണ്‌ ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. ഇതിനു വേണ്ടി ചെയ്യാവുന്ന പ്രവർത്തനങ്ങളാണ്‌ ഇനിയും വിവരിക്കുന്നത്‌ ഗള്ളി പ്ലഗ്ഗിങ്ങ്‌ മണ്ണൊലിപ്പ്‌ കാരണം ആഴം വർദ്ധിച്ചു വരുന്ന ചാലുകളുടെ വായ്‌ ഭാഗത്ത്‌ കല്ലുകൾ അടുക്കിയോ, പാഴ്‌ത്തടികൾ ഉറപ്പിച്ചശേഷം കല്ലുകൾ അടുക്കിയോ തടയാവുന്നതാണ്‌. ഇതിനെ ബ്രഷ്‌വുഡ്‌ ഗള്ളി പ്ലഗ്ഗിങ്ങ്‌ എന്നു പറയുന്നു. ഒറ്റക്കൊറ്റക്ക്‌ അടുക്കുന്ന കല്ലുകൾ ഒഴുകിപോകുന്നതു തടയാനായി വലക്കുള്ളിൽ ബന്ധിച്ച്‌ കല്ലിന്റെ ഒരുപെട്ടിപോലെ യാക്കി മാറുന്നതിനെ ഗാബിയോൺ ഗള്ളി പ്ലഗ്ഗിങ്ങ്‌ എന്നു പറയുന്നു. മുളക്കഷ്‌ണങ്ങൾ, ജി.ഐ വയർ എന്നിവ ഉപയോഗിച്ച്‌ വല നിർമ്മിക്കാം. റെഡ്‌മെയ്‌ഡ്‌ വലകൾ വാങ്ങി ഉപയോഗിക്കുകയും ചെയ്യാം ഗാബിയോൺ ചെക്ക്‌ഡാം ഗളളിപ്ലഗ്ഗിങ്ങിന്റെ ഉദ്ദേശ്യം മണ്ണൊലിപ്പ്‌ തടയുക എന്നതാണ്‌. വെള്ളത്തിന്റെ ഒഴുക്ക്‌ തടയാൻ ഇതു വഴി സാധിക്കില്ല. വെളളം സംരക്ഷിക്കുന്നതിനായി ചെക്ക്‌ഡാം നിർമ്മിക്കാവുന്നതാണ്‌. ഗാബിയോൺ ചെക്ക്‌ഡാം നിർമ്മിക്കുമ്പോൾ കല്ലടുക്കുന്നതിന്റെ മധ്യഭാഗത്തായി ഏകദേശം 30 സെ.മീ. വീതിയിൽ കോൺക്രീറ്റ്‌ പാളി നിർമ്മിക്കുന്നു. ഇത്‌ വെളളത്തിന്റെ ഒഴുക്ക്‌ തടയുന്നു. മണൽകലർന്ന മണ്ണുള്ള സ്ഥലങ്ങളിൽ മേൽ പറഞ്ഞ പാളി യുടെ അടിഭാഗത്തുകൂടി ജലച്ചോർച്ച ഉണ്ടാകാം. ഇത്‌ തടയാനായി ഒന്നുകിൽ പാളി അടിയിലുളള ചെളിയുടെ നിരപ്പിൽ നിന്നും നിർമ്മിക്കുകയോ ചെക്‌ ഡാമിന്റെ ഉയർന്ന ഭാഗത്ത്‌ 200 മൈക്രോൺ കട്ടിയുള്ള എസ്‌ഡിപിഇ/എൽഡിപിഇ ഷീറ്റ്‌ ഇറക്കുകയോ ചെയ്യണം. ചെലവ്‌ കുറഞ്ഞരീതിയിൽ ഇങ്ങനെ ചെക്ക്‌ഡാം നിർമ്മിച്ച്‌ ജലത്തെ സംരക്ഷിക്കാം. അടിയണ നീർത്തടത്തിന്റെ ചില ഭാഗങ്ങൾ ഒരുകപ്പു പോലെ രൂപപ്പെട്ടിരിക്കുന്നു. ഇരുഭാഗത്തും പാറയും വായ്‌ഭാഗത്ത്‌ മണ്ണും കാണുന്ന ഇവിടെ വെള്ളം പുറത്തേക്ക്‌ ഒഴുകുന്നത്‌ ഈ വായഭാഗത്ത്‌ കുടിയാണ്‌. വായഭാഗത്ത്‌ മണ്ണിനടിയിലേക്ക്‌ 200 മൈക്രോൺ ഘനത്തിലുള്ള ഷീറ്റ്‌ ഇറക്കി അടിയിലെ പാറയിലോ, ചെളിയിലോ ഉറപ്പിക്കുക. രണ്ടുവശവും മണ്ണ്‌ നിറച്ച പ്ലാസ്റ്റിക്‌ ചാക്ക്‌ അടുക്കി സംരക്ഷിക്കുകയും ചെയ്‌താൽ കപ്പിന്റെ ആകൃതിയിലുളള ഈ പ്രദേശത്ത്‌ ജലലഭ്യത ഉറ പ്പാക്കാം. തോടുകളുടെ വശഭിത്തി സംരക്ഷണം വളവുളള ഭാഗങ്ങളിൽ തോടിന്റെ വശങ്ങൾ ഇടിഞ്ഞ്‌ വെളളം പുറ ത്തേക്ക്‌ ഒഴുകുന്ന അവസ്ഥ കാണാം. വശഭിത്തി സംരക്ഷണവും തോടിന്റെ ഇരുവശത്തുമുളള പൊതുഭൂമി സംരക്ഷണവും ഇതിന്‌ വളരെ പ്രധാന മാണ്‌. വശഭിത്തി സംരക്ഷണത്തിനായി നിർമ്മിതികളോ, ജൈവ ഇടപെടലുകളോ അവലംബിക്കാവുന്നതാണ്‌. മണ്ണ്‌ നിറച്ച പ്ലാസ്റ്റിക്‌ ചാക്ക്‌, കാട്ടുകല്ല്‌ എന്നിവ അടുക്കി വശഭിത്തി ബലപ്പെടുത്താം. വെളളത്തിന്റെ ശക്തി അനുഭവപ്പെടുന്ന വളവുകളിൽ മാത്രമേ കല്ല്‌ ഉപയോഗിക്കേണ്ടൂ. വശവരമ്പ്‌ ഉണ്ടാക്കിയ ശേഷം കയർഭൂവസ്‌ത്രം (Coir Geotextile) വിരിച്ച്‌ അതിൽ പുല്ല്‌ വളർത്തണം. ആറുമാസം കൊണ്ട്‌ പുല്ലുവളർന്നു വരികയും കയർ മണ്ണിലേക്ക്‌ ദ്രവിച്ച്‌ ചേരുകയും ചെയ്യുന്നു. കൈത, മുള, ഈറ്റ എന്നിവ നട്ടുവളർത്തിയും വശഭിത്തി സംരക്ഷിക്കാവുന്നതാണ്‌. അസംസ്‌ക്യത വസ്‌തുവായി കൈത്തൊഴിലുകാർക്ക്‌ ഇവ ഉപയോഗിക്കുകയും ചെയ്യാം. തോടുകളുടെ ഓരങ്ങളിലെ പൊതുഭൂമി, വില്ലേജ്‌ അധിക്യതരുടെ സഹായത്തോടെ അളന്ന്‌ തിട്ടപ്പെടുത്തിയതിനു ശേഷം വേണം ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ. പുഴയോരങ്ങളിലെ പൊതുഭുമി സംരക്ഷിച്ച്‌ അവിടെ നശിച്ചുകൊണ്ടിരിക്കുന്ന ജൈവജാതികളുടെ ഒരു ബയോഷീൽഡ്‌ വളർത്തിയെടുക്കാം. സങ്കൻപോണ്ട്‌ നീർച്ചാലിലൂടെ ഒഴുക്കിന്റെ വേഗത കുറയ്‌ക്കുന്നതിനായി ചാലിന്റെ അടിത്തട്ടിൽ മൂന്ന്‌ അടി വീതിയിൽ നിർമ്മിക്കുന്ന, മുങ്ങിക്കിടക്കുന്ന കുളങ്ങളെയാണ്‌ Sunken pond എന്നു വിളിക്കുന്നത്‌. ഒഴുകുന്നവെള്ളം ഈ കുഴികളിൽ ഇറങ്ങിക്കയറിയാണ്‌ പോകുന്നത്‌. ഇതുമൂലം ഒഴുക്കിന്റെ വേഗത കുറയുന്നു. ഫ്‌ളൂം വെള്ളം കുത്തനെയുള്ള ചരിവിലൂടെ താഴേക്ക്‌ വീഴുന്നത്‌ കടുത്ത്‌ മണ്ണൊലിപ്പിന്‌ ഇടയാക്കുന്നു. ഇത്‌ തടയുന്നതിനായി തോടിന്റെ അടിത്തട്ടിൽ കല്ലുകൾ പാകി ഉണ്ടാകുന്ന നിർമ്മിതിയാണ്‌ ഫ്‌ളൂം. ജലത്തിന്റെ വീഴ്‌ചമൂലമുള്ള ആഘാതം കല്ല്‌ ഏറ്റുവാങ്ങുന്നതുകൊണ്ട്‌ മണ്ണോലിപ്പ്‌ ഉണ്ടാകുന്നില്ല. നഗരപ്രദേശങ്ങളിലെ ജലസംരക്ഷണമാർഗങ്ങൾ ജനസാന്ദ്രതയും കെട്ടിടങ്ങളും കൂടുതലായതുകൊണ്ട്‌ നഗരപ്രദേശത്ത്‌ അതിനനുയോജ്യമായ ജലസംരക്ഷണ മാർഗ്ഗങ്ങൾ അവലംബിക്കേണ്ട താണ്‌. ജലമലിനീകരണത്തിന്റെ തോതും നഗരപ്രദേശത്ത്‌ കൂടുതലായി കാണുന്നു. പ്രധാനജലസംരക്ഷണ പ്രവർത്തനങ്ങൾ ചുവടെ വിവരിക്കുന്നു. 1. ജല പരിപോഷണ കുഴി കിണറിനടുത്തായി 1 മീ x 1 മീ x 1 മീ വലുപ്പമുള്ള ഒരു കുഴി എടുത്ത്‌ അതിൽ ഇഷ്‌ടിക ജെല്ലി കരി എന്നിവ നിറച്ച്‌ ഒരു പരിപോഷണകുഴി ഉണ്ടാക്കാം. ടെറസിൽവീഴുന്ന വെള്ളം ദ്വാരങ്ങളിട്ട ഒരു ഫ്‌ളക്‌സിബിൾ പൈപ്പിലൂടെ ഈ കുഴിയിലേക്ക്‌ വീഴ്‌ത്തണം. കിണറിലെ ജലനിരപ്പ്‌ മെച്ചപ്പെടുന്നതിന്‌ ഇത്‌ ഏറെ സഹായിക്കും. മുറ്റത്തുവീഴുന്ന മഴവെള്ളം ഈ കുഴിയിലേക്ക്‌ ഒഴുകി ഭൂഗർഭജല പരിപോഷണവും നടത്താം. 2. കിണറ്റിലേക്ക്‌ നേരിട്ട്‌ പരിപോഷണം ടെറസിൽ വീഴുന്ന വെള്ളം ദ്വാരങ്ങൾ ഇട്ട ഒരു ഫ്‌ളെക്‌സിബിൾ ഹോസിലൂടെ കിണറിനുമുകളിൽ ഉറപ്പിച്ചതും ഇഷ്‌ടിക, ജെല്ലി, പുഴ മണൽ, കരി എന്നിവ തട്ടുതട്ടായി നിറച്ച്‌ തൂക്കിയ ഒരു ഫിൽട്ടർ യൂണിറ്റിലേക്ക്‌ വീഴ്‌ത്തുകയും തുടർന്ന്‌ അത്‌ കിണറ്റിലേക്ക്‌ അരിച്ചുവീഴുകയും ചെയ്യും. കിണറിലെ ജലനിരപ്പ്‌ ഉയരുന്നതിന്‌ ഇത്‌ ഏറെ സഹായിക്കും. 3. ഫെറോസിമന്റ്‌ ജലസംഭരണി മേൽക്കൂരയിൽ വീഴുന്ന ജലം ചിത്രത്തിൽ കാണുന്നതുപോലെ അരിച്ച്‌ ഒരു ഫെറോസിമന്റ്‌ ജലസംഭരണിയിൽ സംരക്ഷിക്കാം. കടുത്ത ജല ക്ഷാമമുണ്ടാകുമ്പോൾ ഈ ജലം കുടിക്കാനായി ഉപയോഗിക്കാം. ഈ ജലസംഭരണി നിർമ്മിക്കാൻ ലിറ്ററിന്‌ ഏതാണ്ട്‌ 3 രൂപ ചെലവുവരും. 4. ബോർവെൽ പരിപോഷണം. ആഴത്തിലുള്ള ജലഭര (Confined Aquifer)ത്തിൽ നിന്ന്‌ വെള്ളം എടുക്കാനാണല്ലോ കുഴൽകിണറുകൾ കുഴിക്കുന്നത്‌. കുഴൽകിണറു കളുടെ എണ്ണം പെരുകുന്നത്‌ ഈ ജലഭരത്തിന്റെ ശോഷണത്തിന്‌ കാരണമാകുന്നു. ശോഷണം വന്നാൽ ഇത്‌ പരിപോഷിപ്പിക്കുന്നതിന്‌ ദീർഘകാലം വേണ്ടിവരും. കൃത്രിമമായി ഈ ജലഭരത്തെ പരിപോഷിപ്പിക്കാവുന്ന താണ്‌. മേൽക്കൂരയിലെ വെള്ളം മേൽപറഞ്ഞരീതിയിൽ ശാസ്‌ത്രീയ മായി അരിച്ച്‌ കെയ്‌സ്‌ പൈപ്പിലൂടെ ഇറക്കിയാൽ ഈ ജലഭരത്തെ പരിപോഷിപ്പിക്കാം. അമിതജലചൂഷണം കാരണം വറ്റിപോകുന്ന കുഴൽ കിണറുകളുടെ എണ്ണം ഇന്ന്‌ വർദ്ധിച്ചുവരികയാണ്‌. ഇതു തടയുന്നതിനും പരിപോഷണം സഹായിക്കും. ഈ വിധത്തിൽ പരിപോഷണം നടത്തുമ്പോൾ മാലിന്യങ്ങൾ കടന്നു കൂടാതിരിക്കാൻ പ്രത്യേകം ജാഗ്രത പുലർത്തണം. ഉപയോഗ ശൂന്യമായ കുഴൽകിണറുകൾ മൂടി ഉപയോഗിച്ച്‌ അടക്കേണ്ടതാണ്‌.

പരിപോഷണികൾ ഫ്‌ളാറ്റുകൾ, ഷോപ്പിംങ്ങ്‌ കോംപ്ലക്‌സുകൾ തുടങ്ങി കൂടുതൽ ഉപരി തലവിസ്‌തൃതിയുള്ള കെട്ടിടങ്ങളിൽ മേൽകൂരയിലെ ജലം പരിപോഷിപ്പിക്കുന്നതിനായി റീച്ചാർജ്ജ്‌ കിണർ നിർമ്മിക്കാം. വലിയകെട്ടിടങ്ങൾക്ക്‌ ഈ സംവിധാനം നിർബന്ധിതമാക്കണം. താഴ്‌വരപ്രദേശങ്ങളിലെ സംരക്ഷണം നീർത്തടത്തിലെ താഴ്‌വരപ്രദേശങ്ങൾ താരതമ്യേന ജലലഭ്യത കൂടുതലുള്ളവയാണ്‌. ഇവിടെ പ്രധാനമായും നടക്കുന്നത്‌ നെൽകൃഷിയാണ്‌. ചെരിവുകലിലൂടെ വേഗത്തിലോടുന്ന വെള്ളത്തെ ഈ പ്രദേശം ആവാഹിക്കുന്നു. വെള്ളം കെട്ടികിടക്കുന്ന പ്രദേശത്ത്‌ ഞാറ്റടിയുണ്ടാക്കി നെൽകൃഷി ചെയ്യാം. കെട്ടിനിൽക്കുന്ന വെള്ളം ഭൂഗർഭജലമായി മാറും. നെൽകൃഷി നിലനിർത്തുക എന്നതാണ്‌ ഈ പ്രദേശത്ത്‌ ചെയ്യാവുന്ന ഏറ്റവും നല്ല ജലസംരക്ഷണം. വരമ്പുകൾ പൊതിഞ്ഞ്‌ ബലപ്പെടുത്തുന്നത്‌ ബണ്ട്‌ പൊട്ടി കൃഷി നശിക്കാതിരിക്കുന്നതിന്‌ സഹായിക്കും. ഡെയ്‌ഞ്ച, സൺഹെമ്പ്‌ എന്നിവ വളർത്തി മണ്ണിലേക്ക്‌ ഉഴുതുചേർക്കുന്നത്‌ പാടങ്ങളിലെ മണ്ണിലെ ജൈവാംശം വർധിപ്പിക്കുന്നതിന്‌ സഹായിക്കും. മുതിര, പയർ, എള്ള്‌ തുടങ്ങിയവ മൂന്നാംവിളയായി ചെയ്യുന്നതും മണ്ണിലെ നൈട്രജന്റെ അളവ്‌ കൂട്ടുന്നതിന്‌ സഹായിക്കും. നെൽകൃഷി ലാഭകര മാക്കുന്നതിന്‌ സഹായിക്കുന്ന ഒറ്റഞാർ കൃഷി (എസ്‌ആർഐ), ഒരു നെല്ലും ഒരുമീനും, ഗാലസ, തുടങ്ങിയവ വിജയകരമായി പരീക്ഷിക്കാവുന്നതാണ്‌. ഒരു വെടിക്ക്‌ രണ്ടുപക്ഷി എന്ന നിലയിൽ ഖരമാലിന്യങ്ങൾ ജൈവവള മായി മാറ്റി കൃഷിക്ക്‌ ഉപയോഗിക്കാവുന്നതാണ്‌. കുളം സംരക്ഷണം വലുതും ചെറുതുമായ ധാരാളം കുളങ്ങൾ നമ്മുടെ ഓരോ നീർത്തടപ്രദേശത്തുമുണ്ട്‌. മഴക്കാലത്ത്‌ പരിപോഷണ ടാങ്കായും, വേനൽക്കാലത്ത്‌ ജലസ്രോതസ്സായും കുളങ്ങൾ ഇരട്ടധർമ്മമാണ്‌ നിർവ്വഹിക്കുന്നത്‌. താമര ക്കുളം, ഓട്ടക്കുളം, ഏരി, തവലക്കുളം, ചിറക്കുളം എന്നിങ്ങനെ പേര്‌ സൂചിപ്പിക്കുന്നതുപോലെ തനതായ പ്രത്യേകതകൾ ഓരോ കുളത്തിനുമുണ്ട്‌. ഉദാഹരണത്തിന്‌ വേനൽക്കാലത്ത്‌ വെള്ളമുള്ളതും എന്നാൽ ചെളി യുള്ളതുമായ ഒരുകുളം വികസിപ്പിക്കുന്നതിനായി ആഴം വർധിപ്പിച്ചാൽ ആ ചെളിയുടെ പാളി നഷ്‌ടപ്പെടുകയും കുളം വെള്ളം നിൽക്കാത്തതായി മാറുകയും ചെയ്യും. അതുകൊണ്ട്‌ ഓരോ കുളത്തിന്റെയും പ്രത്യേകതകൾ പഠിച്ചതിനു ശേഷവും ഗുണഭോക്താക്കളുമായി ആശയവിനിമയം നട ത്തിയും മാത്രമെ ആ കുളം എങ്ങനെ സംരക്ഷിക്കണമെന്ന്‌ തീരുമാനി ക്കാവൂ. കുളത്തിന്റെ വശഭിത്തി സംരക്ഷണം കല്ലുകെട്ടിയാൽ മാത്രമെ കുളം സരക്ഷിക്കപ്പെടൂ എന്ന്‌ ഒരു തെറ്റിധാരണ നമുക്കുണ്ട്‌. ചെലവേറിയ ഈ പ്രവർത്തനംകൊണ്ട്‌ ഫലപ്രദമായ ഗുണ മുണ്ടാകില്ല. രാമച്ചം, കൈത, തീറ്റപ്പുല്ല്‌ എന്നിവ നട്ടുപിടിപ്പിച്ച്‌ കുളത്തിന്റെ വശഭിത്തി സംരക്ഷിക്കാം. രണ്ടുമീറ്റർ ആഴത്തിൽ വരെ കട്ടിയായി വേരിറങ്ങുന്ന രാമച്ചം മണ്ണുസംരക്ഷണത്തിന്‌ ഉത്തമമാണ്‌. വെള്ളം രാമച്ചത്തിന്റെ വേരിലൂടെ അരിച്ചിറങ്ങുമ്പോൾ രാസമാലിന്യങ്ങൾ ആഗീരണം ചെയ്‌ത്‌ വെള്ളത്തെ ശുദ്ധീകരിക്കുന്നു. മണ്ണു സംരക്ഷണത്തിനായി രാമച്ചം നടുമ്പോൾ ഒരിക്കലും അതിന്റെ വേരിളക്കാൻ പാടില്ല. കയർ ഭൂവസ്‌ത്രം കുളത്തിന്റെ വശഭിത്തി ബലപ്പെടുത്തുന്നതിന്‌ ഉപയോഗിക്കാവുന്നതാണ്‌. കുളങ്ങൾ നന്നായി സംരക്ഷിക്കപ്പെടണമെങ്കിൽ കർഷകന്‌ അതിൽ നിന്നും വരുമാനം ലഭിക്കണം. മത്സ്യകൃഷി ചെയ്യുന്നതിനും, അലങ്കാര മത്സ്യകൃഷിയിൽ അമ്മക്കുളമായും ഈ കുളങ്ങൾ ഉപയോഗപ്പെടുത്താം. തീരസംരക്ഷണം തീരദേശത്ത്‌ അനുഭവപ്പെടുന്ന രണ്ട്‌ പ്രധാന പ്രശ്‌നങ്ങൾ കടലാക്രമണവും ഉപ്പുവെള്ളം കയറുന്നതുമാണ്‌. കടലോരത്ത്‌ അടിക്കുന്ന കാറ്റിന്റെ വേഗത കുറച്ചുകൊണ്ട്‌ കടലാക്രമണത്തിന്റെ കാഠിന്യം കുറയ്‌ക്കാൻ കഴിയും. വിൻഡ്‌ബ്രേക്കായ കാറ്റാടിമരം നട്ടുപിടിപ്പിച്ചും കണ്ടൽക്കാടുകൾ വളർത്തിയും കാറ്റിന്റെ വേഗതകുറക്കാം. വേലിയേറ്റസമയത്ത്‌ ഉപ്പുവെള്ളം കയറുന്നത്‌ തടയാനായി പുഴയിലൂടെ ശുദ്ധജലം ഒഴുക്കി വിടുകയാണ്‌ ഇപ്പോൾ ചെയ്യുന്നത്‌. മേൽക്കൂരയിലെ ജലം മണ്ണിലേക്ക്‌ പരിപോഷിപ്പിച്ച്‌ മണ്ണിലെ ശുദ്ധജല സമ്മർദ്ദം വർധിപ്പിക്കുന്ന രീതിയാണ്‌ ചെല്ലാനം പഞ്ചായത്തിൽ അവലംബിച്ചത്‌. ഉപ്പിന്റെ അംശം മണ്ണിൽനിന്നും ഒഴുകി പ്പോകുന്നതിന്‌ ഇത്‌ സഹായിക്കും. തീരപ്രദേശത്തെ മണലിന്റെ അംശം കൂടുതലുള്ള മണ്ണിൽനിന്നും കാപ്പിലറി ആക്ഷൻ വഴി വെള്ളം നഷ്‌ടപ്പെടാതിരിക്കാനായി വേനലിനുമുമ്പ്‌ മൺ കൂനകൾ നിർമ്മിക്കാറുണ്ട്‌. മഴക്കുമുമ്പ്‌ ഈ കൂനകൾ തട്ടി നിരത്തുന്നു. തീരപ്രദേശത്തെ തെങ്ങിൻ തടങ്ങളിൽ വേനലിനു മുമ്പ്‌ ചെളി കുത്തിയി ടാറുണ്ട്‌. തെങ്ങിൻതടങ്ങളിൽ ഈർപ്പം നിലനിർത്തുന്നതിന്‌ ഇത്‌ സഹായിക്കും. താൽക്കാലിക തടയണകൾ തീരപ്രദേശത്തെ തോടുകളിൽ മുള, തെങ്ങിന്റെ പട്ട, മണ്ണുനിറച്ച ചാക്ക്‌, ചെളി എന്നിവ ഉപയോഗിച്ച്‌ താത്‌കാലിക തടയണ നിർമ്മിക്കാവുന്നതാണ്‌. തുലാവർഷത്തിന്റെ അവസാനമാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. ഈ തടയണയിൽ സംരക്ഷിക്കപ്പെടുന്നവെള്ളം വേനൽക്കാല കൃഷികൾക്ക്‌ ഉപയോഗിക്കാം. കാലവർഷത്തിന്‌ മുമ്പ്‌ ഈ തടയണകൾ നീക്കം ചെയ്യുന്നു. ജലപരിപാലനം ജലസംരക്ഷണത്തോടൊപ്പം തന്നെ പ്രധാനമാണ്‌ ജലപരിപാലനവും. `ഒരുതുള്ളി വെള്ളത്തിൽ നിന്നും ഞങ്ങൾ ഒരു ഡോളർ സമ്പാദിക്കുന്നു' എന്ന ഇസ്രായേൽകാരുടെ പ്രസിദ്ധമായ മുദ്രാവാക്യം ജലദുർവ്യയം പാടില്ല എന്ന്‌ നമ്മെ ഓർമ്മപ്പെടുത്തുന്നു. ജലോപയോഗത്തിന്റെ കാര്യ ക്ഷമത വർധിപ്പിക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളാണ്‌ ഇവിടെ വിശദീ കരിക്കുന്നത്‌. 1. തുള്ളിനന (Drip Irrigation) വെള്ളം തുള്ളിതുള്ളിയായി ചെടിയുടെ വേരു പടലത്തിന്‌ നൽകുന്നു. ഇതുകാരണം വെള്ളം പൂർണമായും ചെടിക്ക്‌ വലിച്ചെടുക്കാൻ കഴിയുന്നു. 2. വേരുപടല ജലസേചനം (Root zone Fertigation) തുള്ളി നനയോടൊപ്പം വളംകൂടി ലയിപ്പിച്ച്‌ വേരുപടലത്തിന്‌ നൽകുന്നതാണ്‌ ഈ രീതി. ഫിൽറ്റർ യൂണിറ്റ്‌, ഫെർട്ടിഗേഷൻ യൂണിറ്റ്‌ എന്നിവ ജലസേചന സംവിധാനത്തോടൊപ്പം ഉണ്ടാകണം. 3. Springler ജലസേചനം സ്‌പ്രിംഗ്‌ളർ വഴി വെള്ളം ചെടിയുടെ ഇലകളിൽ സ്‌പ്രേചെയ്യുന്ന രീതിയാണിത്‌. ഹ്രസ്വകാല വിളകൾക്ക്‌ ഇതനുയോജ്യമാണ്‌. കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിച്ച്‌ കൂടുതൽ സ്ഥലം നനക്കാൻ ഇതുവഴി സാധിക്കും. 4. പ്ലാസ്റ്റിക്‌പുത ഉപയോഗിച്ച്‌ (Root zone Fertigation) പ്ലാസ്റ്റിക്‌ ഉപയോഗിച്ച്‌ പുതയിടുന്നതിനാൽ കളകൾ കുറവായിരിക്കും. ബാഷ്‌പീകരണം നഷ്‌ടവും ഉണ്ടാകില്ല. 5. കാലാവസ്ഥ പ്രവചനവും കൃഷിയും ഓരോ ദിവസവും അന്നത്തെ കാലാവസ്ഥയെപ്പറ്റിയും ബാഷ്‌പീകരണ സ്വേതനനഷ്‌ടത്തിന്റെ അളവും ഓരോ ചെടിക്കും ആവശ്യമായ ജലസേചനത്തിന്റെ തോതും കർഷകർക്ക്‌ ലഭ്യമാക്കിയാൽ ശസ്‌ത്രീയമായി ജലസേചനം പ്ലാൻ ചെയ്യാൻ അവർക്കു കഴിയും. മണ്ണിന്റെ ജലാംശത്തിന്റെ അളവ്‌ നിർണ്ണയിക്കാൻകൂടി കർഷകരെ പഠിപ്പിക്കുന്നതുവഴി വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കാം. 6. കുടം ഉപയോഗിച്ചുള്ള ജലസേചനം (Pitcher Irrigation) കുടത്തിൽ വെള്ളം നിറച്ച്‌ വേരുപടലത്തിലേക്ക്‌ തുണി തിരിപോലെയിട്ട്‌ കൃഷി ചെയ്യുന്ന രീതിയാണ്‌ ഇത്‌. ആഴ്‌ചയിലൊരിക്കൽ കുടം നിറച്ചു കൊടുത്താൽ മതിയാകും. 7. കണിശകൃഷി (Precision Farming) തുടക്കത്തിൽ മുതൽമുടക്ക്‌ കൂടുതലാണെങ്കിലും കൂടുതൽ ലാഭം ലഭിക്കുന്ന കൃഷിരീതിയാണിത്‌. കുറഞ്ഞ ജലപയോഗം, കുറഞ്ഞസ്ഥലത്ത്‌ കൂടുതൽ ഉല്‌പാദനം, സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്തുക, സസ്യപോഷകങ്ങളുടെ നഷ്‌ടം കുറക്കുക, ഗുണമേന്മയുള്ള ഉൽപന്ന ങ്ങൾ, കീടരോഗങ്ങളിൽ നിന്നും നിയന്ത്രണം എന്നിവ ഈ കൃഷിയുടെ പ്രത്യേകതയാണ്‌. പാലക്കാട്‌ ജില്ലയിൽ ഈ കൃഷി വ്യാപകമായി ക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥയിൽ ഇത്‌ പ്രചരിപ്പിക്കുന്നതിന്‌ മുമ്പ്‌ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്‌.


IV

ജലാവകാശം ജനങ്ങൾവീണ്ടെടുക്കണം

കേരള ജലനയം 2008 ഇപ്പോഴും നിലവിലുണ്ട്‌. ദേശീയ ജലനയത്തിന്റെ ചുവടുപിടിച്ച്‌ മറ്റൊന്നുണ്ടാകുന്നതു വരെ നമുക്ക്‌ അതിനെ കുറിച്ച്‌ ചർച്ച ചെയ്യാൻ അവകാശമുണ്ട്‌. ജലത്തിന്റെ സ്വകാര്യവൽക്കരണം തടയുന്ന തിനും ജലത്തെ മനുഷ്യന്റെ അവകാശമായി പ്രഖ്യാപിക്കുന്നതിനും കേരള ജലനയം 2008 അതീവ ശ്രദ്ധ നൽകി എന്നതാണ്‌ അതിനെ വ്യത്യസ്‌ത മാക്കുന്നത്‌. സാമ്പത്തിക മൂല്യമുള്ള പൊതു പൈതൃകസ്വത്ത്‌ എന്ന നിലയിൽ ജലത്തിന്റെ സംരക്ഷണം സമൂഹത്തിൽ പൊതുവെയും വ്യക്തി യിൽ പ്രത്യേകിച്ചും ഈ നയം നിക്ഷിപ്‌തമാക്കിയിരിക്കുന്നു. മുഖ്യജല സ്രോതസ്സുകൾ ഉൾപ്പെടുന്ന ജലവിഭവ സമ്പത്ത്‌ സംസ്ഥാനത്തിന്റെ ഉടമസ്ഥാവകാശത്തിലായിരിക്കുമെന്നും ഓരോ വ്യക്തിക്കും, സമൂഹത്തിനും, സേവനദാതാക്കൾക്കും പ്രത്യേക ഉടമസ്ഥതാ അവകാശം ഇല്ലാതെ തന്നെ ജലം ഉപയോഗിക്കുവാനുള്ള അധികാരം ഉണ്ടാകുമെന്നും കേരള ജലനയം വ്യക്തമാക്കുന്നു. ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 21 അനുസരിച്ച്‌, ജീവിക്കുവാനുള്ള അവകാശം പൗരന്റെ മൗലിക അവ കാശമായി അംഗീകരിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി ശുദ്ധമായ കുടിവെള്ള ലഭ്യത എന്നത്‌ മൗലികഅവകാശമാണ്‌ എന്ന്‌ സുപ്രീംകോടതി വിവിധ അവസരങ്ങളിൽ വിധിക്കുകയുണ്ടായിട്ടുണ്ട്‌. ജീവന്റെ ഭാഗമാണ്‌ ജലം എന്ന നിലയിൽ അതിന്റെ നിലനിൽപിന്‌ വേണ്ടി ജലവിഭവത്തെ സമൂഹത്തിന്റെ പൊതുസ്വത്തായിട്ടുതന്നെ പരിരക്ഷിക്കേണ്ടതുണ്ട്‌. ഈ വാദം അംഗീകരിച്ചുകൊണ്ടാണ്‌ കേരള ഹൈക്കോടതി 2003ൽ കോള കമ്പനി യുടെ പ്ലാച്ചിമടപ്രദേശത്തുനിന്നുള്ള ഭൂഗർഭജലചൂഷണം അനുവദിക്കാൻ കേരള സർക്കാറിന്‌ അവകാശമില്ല എന്ന്‌ നിരീക്ഷിച്ചത്‌. ഛത്തീസ്‌ഗറിലെ ഷിയോണത്ത്‌, തമിഴ്‌നാട്ടിലെ ഭവാനി, ഉത്തർപ്രദേശിലെ ഗംഗാ കനാൽ എന്നീ നദികളിലെ ചില ഭാഗങ്ങൾ ചില സ്വകാര്യവ്യക്തികൾക്കും, വ്യവസായികൾക്കും ദീർഘകാല ലീസിനും മറ്റും നൽകിയതിന്റെ പരിണിത ഫലമായി ആ പ്രദേശങ്ങളിൽ കൃഷിനാശവും, കുടിവെള്ളക്ഷാമവും രൂക്ഷമായതിന്റെ അനുഭവവും നമ്മുടെ മുന്നിലുണ്ട്‌.

ജലവിഭവം പൊതുസ്വത്താണ്‌ എന്ന കാഴ്‌ചപ്പാടിൽ അതിന്റെ പരിരക്ഷണത്തിനായി ഒരു ജനകീയ മാനേജ്‌മെന്റ്‌ പദ്ധതി ഉണ്ടാക്കണം. ജലനിധി മാതൃകയിലുള്ള കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികൾ തന്നെയാണ്‌ അഭികാമ്യം. എങ്കിലും അതിൽ തീർച്ചയായും ഭേദഗതി വേണം. പദ്ധതി പണത്തിൽ ഉപഭോക്തൃ വിഹിതം പദ്ധതിയോടുള്ള താൽപര്യം വർദ്ധിപ്പിക്കും എന്നത്‌ അംഗീകരിക്കുമ്പോൾ തന്നെ അത്‌ നൽകാൻ കഴിയാത്ത ദരിദ്ര കുടുംബങ്ങളുടെ ജലാവകാശം നിഷേധിക്കപ്പെടാതിരിക്കാൻ വേണ്ട പ്രത്യേക വ്യവസ്ഥകളും പദ്ധതിയിൽ ഉൾച്ചേർക്കണം. പദ്ധതി കൊണ്ടു നടക്കാനുള്ള സംവിധാനങ്ങളെ സന്നദ്ധസേവനത്തിന്റെ സാധ്യതകൾ കൂടി കണ്ടെത്തി ദീർഘകാലാടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യുന്ന പക്ഷം ചെലവ്‌ ചുരുക്കാനും ഒരു പരിധിവരെ സാധ്യമാകും.

ഏറ്റവും നിർണ്ണായകമായ ഘടകം ജലആവശ്യവും ജലലഭ്യതയും പൊരുത്തപ്പെടുത്തലാണ്‌. ഇത്‌ തികഞ്ഞ ശാസ്‌ത്രസാങ്കേതിക മിക വോടെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ഒരു കാര്യമാണ്‌. ഇത്തരം പദ്ധതികളുടെ സാങ്കേതിക മേൽനോട്ടത്തിനും, ജലക്കമ്മിയുള്ള പ്രദേശത്തേക്ക്‌ ജല സഹകരണം വഴി ജലമെത്തിക്കുന്നതിനും ഒക്കെയാണ്‌ സർക്കാർ സംവിധാനം വേണ്ടത്‌. ജലഅതോറിറ്റിയുടെ ശേഷിവർദ്ധനവ്‌ അനിവാര്യമാണ്‌. ജലസംരക്ഷണത്തിനും, പരിപാലനത്തിനും വേണ്ടി അടിസ്ഥാനയൂണി റ്റായി പരിഗണിക്കേണ്ടത്‌ ചെറുനീർത്തടങ്ങളാണ്‌ എന്ന്‌ കേരള ജലനയം ശുപാർശ ചെയ്യുന്നുണ്ട്‌. ഇവയുടെ സംയോജിത യൂണിറ്റായ നദീതടത്തെ ആധാരമാക്കിയാകും ജലാവകാശം നിശ്ചയിക്കേണ്ടതും, ജലവിനി യോഗം നിയന്ത്രിക്കേണ്ടതും. പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്ന തിനും പ്രാദേശികമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും ഇതുവഴി സാധിക്കും. ഒപ്പം തന്നെ ജലവിഭവത്തെ ഉൽപാദനപരമായും, നീതിപൂർവ്വകമായും, ദീർഘകാല സ്ഥിരത ഉറപ്പാക്കി പരിരക്ഷിക്കാനും ഇതിലൂടെ കഴിയും. യഥാർത്ഥ പ്രശ്‌നം ഇത്‌ സർക്കാരിനെക്കൊണ്ട്‌ ഫലപ്രദമായി നിർവഹിക്കുവാനാകുമോ എന്ന കാര്യമാണ്‌. ഇവിടെയാണ്‌ ദേശീയ ജലനയം 2012ഉം, ഇപ്പോൾ നിലവിലുള്ള കേരള ജലനയം 2008ഉം, സമീപനത്തിന്റെ കാര്യത്തിൽ വഴി പിരി യുന്നത്‌. ജലവിഭവ റഗുലേറ്ററി അതോറി റ്റിയോ, തത്തുല്യമായ മറ്റ്‌ സംവിധാനങ്ങളോ നിർവഹിക്കേണ്ട ചുമതല സംബന്ധിച്ചാണ്‌ രണ്ടുതരം കാഴ്‌ചപ്പാട്‌ ഉള്ളത്‌. ദേശീയനയം സ്വകാര്യ നിക്ഷേപകരുടെ പക്ഷത്തു നിൽക്കുമ്പോൾ, `സംസ്ഥാന നയം' (2008) ജനപക്ഷത്താണ്‌ നില ഉറപ്പിക്കുന്നത്‌. കമ്മ്യൂണിറ്റി ജലവിതരണ പ്ലാന്റുകൾ പൊതുമേഖലയിൽ സ്ഥാപിക്കുക, അതിനെ സംരക്ഷിക്കുക, പൊതുജന പങ്കാളിത്തം ജനങ്ങളുടെ താൽപര്യത്തിനും ഭാവനക്കും അനുസൃതമായി വൈവിധ്യമാർന്ന രീതിയിൽ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ ഉള്ള ചുമതലകളാണ്‌ ജനപക്ഷ മേൽനോട്ടം എന്നതു കൊണ്ട്‌ അർത്ഥമാക്കുന്നത്‌. ഏറ്റവും പ്രധാനം ജലലഭ്യത, ജലസഹകരണം, സാമ്പത്തികസഹായം എന്നീ ഘടകങ്ങളെ ഉറപ്പാക്കി അവയെ കുറ്റമറ്റ രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിനാവശ്യമായ സാങ്കേതിക സാമ്പത്തിക, മേൽനോട്ടം നിർവഹിക്കുക എന്നതാണ്‌. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഇത്തരം ഒരു സംവി ധാനത്തിനു തന്നെയാണ്‌ പിന്തുണ നൽകുന്നത്‌.

ജനപങ്കാളിത്തത്തോടെ വിഭാവനം ചെയ്യേണ്ട ജലവിഭവ വികസന മാനേജ്‌മെന്റ്‌ സംവിധാനങ്ങൾക്കു വേണ്ടി ഒരു ബ്ലൂപ്രിന്റ്‌ തയ്യാറാക്കേണ്ട കാര്യമില്ല. പങ്കാളിത്തം തന്നെയാണ്‌ ബ്ലൂപ്രിന്റ്‌. പ്രാദേശിക സവിശേഷതകളും, പൈതൃകമായി ലഭിച്ച അറിവുകളും വിരുതുകളും, സാങ്കേതികവിദ്യകളുമൊക്കെ അത്തരം കൂട്ടായ്‌മയിൽ സ്വയം ഉരുത്തിരിഞ്ഞോളും. അതിനുവേണ്ട അന്തരീക്ഷ സൃഷ്‌ടി, ലക്ഷ്യബോധം, അർപ്പണ മനോഭാവം, നയവ്യക്തത എന്നിവയിലേക്ക്‌ നേതൃത്വപരമായ പങ്ക്‌ വഹിക്കുന്ന ഒരു സംവിധാനമാണ്‌ സൃഷ്‌ടിച്ചെടുക്കേണ്ടത്‌. ജലസംരക്ഷണ സാങ്കേതിക വിദ്യകളിൽ പ്രായോഗിക വിജയം സുനിശ്ചിതമായിട്ടുള്ളവ തന്നെ ഒട്ടേറെ ഉണ്ട്‌. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണസ്ഥാപനമായ സംയോജിത ഗ്രാമീണസാങ്കേതികവിദ്യാ പഠനകേന്ദ്രം (IRTC) നടത്തുന്ന വൈവിധ്യമാർന്ന നീർതടവികസനപരിപാടികൾ തന്നെ ഇതിന്റെ നല്ല ഒരു സ്രോതസ്സാണ്‌. ഇതു കൂടാതെ പൂനയിലെ റാലിഗൻ സിദ്ദ്രി, രാജ സ്ഥാനിലെ തരുൺ ഭാരത്‌ സംഘ്‌, മദ്ധ്യപ്രദേശിലെ സമാജ്‌ പ്രഗതി സഹയോഗ്‌, ഗുജറാത്തിലെ സദ്‌ഗുരു ഫൗണ്ടേഷൻ എന്നിവയെല്ലാം തന്നെ ജനകീയ ജലവിഭവ പരിരക്ഷണത്തിന്റെ പാഠശാലകളായി നമ്മുടെ മുന്നി ലുണ്ട്‌. സ്ഥലജല മാനേജ്‌മെന്റ്‌ ജനങ്ങളുടെ സഹകരണത്തോടെ സർ ക്കാർ സംവിധാനങ്ങളുപയോഗിച്ച്‌ നേരിട്ട്‌ നടപ്പാക്കുന്നതിലേക്കായിട്ട്‌ ഏതാനും നിർദ്ദേശങ്ങൾ കൂടി ഇവിടെ സമർപ്പിക്കുകയാണ്‌.

1. പ്രാദേശിക സർക്കാറുകളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ചെറുനീർത്തടങ്ങളുടെ ജലസുരക്ഷാപദ്ധതി തയ്യാറാക്കുക.

2. ഇവയെ നദീതട അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ സംയോജിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക.

3. സംസ്ഥാനതല ജലസുരക്ഷാപദ്ധതിയുടെ നിർവഹണത്തിനും സാങ്കേതിക മേൽനോട്ടത്തിനും മാത്രമായി കേരള ജലവിഭവ റഗുലേറ്ററി അതോറിറ്റിയെ ചുമതലപ്പെടുത്തുക.

4. കമ്മ്യൂണിറ്റി/ചെറുനീർത്തട അടിസ്ഥാനത്തിലുള്ള ജലവിഭവ മാനേജ്‌ മെന്റ്‌ സംവിധാനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും, സാങ്കേതിക സാമ്പത്തിക, സഹായം യഥാസമയം ലഭ്യമാകുന്ന തരത്തിൽ ജലവിഭ വകുപ്പിനെ നദീതട അടിസ്ഥാനത്തിൽ പുന:സംഘടിപ്പിക്കുക.

5. ഇന്ത്യൻ ഈസ്‌മെന്റ്‌ ആക്‌ട്‌ 1882, ജലവിഭവം സ്വകാര്യവൽക്കരിക്കുന്നതിനനുകൂലമായി ഭേദഗതി ചെയ്യാതിരിക്കുക.

6. വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനത്തിലൂടെ ജലവിഭവ മാനേജ്‌മെന്റ്‌ സംവിധാനം മെച്ചപ്പെടുത്തുക.

7. കുടിവെള്ളത്തിന്റെ ഗുണനിലവാരം അപ്പോഴപ്പോൾ തിട്ടപ്പെടുത്തി മേൽ നടപടികൾ യഥാസമയം കൈക്കൊള്ളുന്നതിന്‌ ജലഅതോറിറ്റിയുടെ ചുമതലയിൽ വിപുലമായ സംവിധാനങ്ങൾ ഉണ്ടാക്കുക.

8. പഞ്ചായത്ത്‌ രാജ്‌ നിയമപ്രകാരം പ്രാദേശിക കുടിവെള്ളവിതരണ ത്തിനുള്ള അധികാരം പ്രാദേശിക ഗവൺമെന്റുകൾക്കുണ്ട്‌. ഈ അധി കാരത്തെ ജനപങ്കാളിത്തത്തോടെ ഉപയോഗപ്പെടുത്തി സമ്പൂർണ ജലസുരക്ഷാഗ്രാമപഞ്ചായത്തുകളായി നമ്മുടെ ഗ്രാമങ്ങളെ മാറ്റണം.

9. ജനങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുക തന്നെ വേണം. സ്വന്തം ഭൂമിയിലെ ജലസ്രോതസ്സുകളായ കുളങ്ങളും തോടുകളും വയലുകളും മറ്റും സംരക്ഷിക്കപ്പെടണമെന്ന വികാരം പൊതുസമൂഹം ഉയർത്തിപ്പിടിക്കണം.

10. മഴക്കൊയ്‌ത്ത്‌ (Water harvesting) എന്നത്‌ ഓരോ കുടുംബത്തിന്റെയും ശീലമാകണം. മഴവെള്ള സംഭരണ പരിപാടികൾ പഞ്ചായത്തിന്റെ മുൻ കയ്യോടെ ഗ്രാമങ്ങളുടെയും അയൽക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ ഓരോ കുടുംബത്തിലും നടപ്പാക്കണം.

11. ജലധൂർത്ത്‌ ഒഴിവാക്കി വെള്ളത്തെ എങ്ങനെ മാതൃകാപരമായി ഉപ യോഗിക്കാം എന്ന ശീലം ജനങ്ങൾ ഉണ്ടാക്കിയെടുക്കണം. ജലമലിനീകരണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കക്കൂസ്‌ മാലിന്യങ്ങളും മറ്റും ജലസ്രോതസ്സുകളുമായി ബന്ധപ്പെടാത്തവിധം ശാസ്‌ത്രീയമായി സംസ്‌കരിക്കണം.

12. കച്ചവടക്കണ്ണോടെയുള്ള എല്ലാവിധ വെള്ളവിതരണത്തെയും എതിർ ക്കുന്ന മനോഭാവം ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കിയെടുക്കണം.

ജലം ജന്മാവകാശമാണ്‌. അത്‌ സ്വകാര്യവൽക്കരിക്കാനോ കച്ചവട വൽക്കരിക്കാനോ പാടില്ല. ജലനയം ജനപക്ഷത്ത്‌ നില ഉറപ്പിക്കുന്ന താകണം. നിക്ഷേപസൗഹൃദ ലക്ഷ്യവും സ്വകാര്യവൽക്കരണ ലക്ഷ്യവും മുൻനിറുത്തി പ്രഖ്യാപിച്ച ദേശീയ ജലനയം 2012 പിൻവലിക്കണം. ഇക്കാര്യങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന്‌ സഹായകമായ ബോധവൽക്കരണ പരിപാടികൾ നടത്തേണ്ടതുണ്ട്‌. മഴവെള്ളം സംഭരിക്കലും, ശാസ്‌ത്രീയമായി അത്‌ വിനിയോഗിക്കലും മാത്രമല്ല നമ്മുടെ മുന്നിലുള്ള പ്രശ്‌നം, ജലവിഭവത്തിന്മേലുള്ള നമ്മുടെ ജന്മാവകാശം സംരക്ഷിക്കലും നമ്മുടെ കർത്തവ്യമായി മാറിയിരിക്കുന്നു. ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ നാം ഏറ്റെടുത്തേ മതിയാകൂ.


അവലംബം

1. ഡോ.അജയകുമാർ വർമ, ജലസുരക്ഷ സമീപനരേഖ, കേരള വികസന സംഗമം, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തിരുവനന്തപുരം, 2013 ഏപ്രിൽ 29-മെയ്‌ 1

2. രഘുനന്ദനൻ.വി.ആർ, മാലിന്യസംസ്‌കരണം സമീപനരേഖ, കേരള വികസന സംഗമം, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തിരുവനന്തപുരം, 2013 ഏപ്രിൽ 29-മെയ്‌ 1

3. ദേശീയ ജലനയം 2012

4. ഇന്ത്യൻ ഈസ്‌മെന്റെ ആക്‌ട്‌ - 1882

5. ഡോ.വിജയൻ.വി.എസ്‌, ജലനയം 2012, ശില്‌പശാല, തൃശ്ശൂർ, ജൂൺ 5, 2012



"https://wiki.kssp.in/index.php?title=ജലം_ജന്മാവകാശം&oldid=3179" എന്ന താളിൽനിന്ന് ശേഖരിച്ചത്