നോട്ട് പിൻവലിക്കലും രാജ്യത്തിൻറെ ഭാവിയും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:51, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ) ('{{Infobox book | name = നോട്ട് പിൻവലിക്കലും രാജ്യത്തിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നോട്ട് പിൻവലിക്കലും രാജ്യത്തിൻറെ ഭാവിയും
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പുറംചട്ട സൃഷ്ടാവ് 1978 ൽ 1000, 5000, 10,000 രൂപയുടെ നോട്ട് നിരോധിച്ചപ്പോൾ ആർ.കെ.ലക്ഷ്മണൻ വരച്ച കാർട്ടൂൺ
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ‍ഡിസംബർ, 2015

തുടക്കം

1000, 500 രൂപാനോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടി സാമാന്യബുദ്ധിക്ക് നിരക്കാത്തതാണെന്നാണ് പിന്നീടുണ്ടായ അനുഭവങ്ങളെല്ലാം കാണിക്കുന്നത്. നവംബർ എട്ടിന് പ്രഖ്യാപിച്ച നിബന്ധനകളിൽ 10-15 ഭേദഗതികൾ ഇതിനകം വരുത്തിയെങ്കിലും ജനജീവിതം ദുസ്സഹമായി തന്നെ തുടരുകയാണ്. നിർദിഷ്ട ലക്ഷ്യങ്ങളായ കള്ളപ്പണം കണ്ടുകെട്ടൽ, കള്ളനോട്ട് ഇല്ലാതാക്കൽ, ഭീകരപ്രവർത്തനം തടയൽ, പണരഹിത ക്രയവിക്രയം സാധ്യമാക്കൽ എന്നിവയൊക്കെ ജനങ്ങളാഗ്രഹിക്കുന്ന കാര്യങ്ങളാകയാൽ രാജ്യസ്‌നേഹത്തിന്റെ പേരിൽ അവരുടെ പിന്തുണ നേടിയെടുത്ത്, മറ്റെന്തോ അജണ്ട നടപ്പാക്കലാണോ കേന്ദ്രസർക്കാരിന്റെ ഉദ്ദേശമെന്ന സംശയം ബലപ്പെട്ടുവരികയാണ്. സർക്കാരിന്റെയോ റിസർവ് ബാങ്കിന്റെയോ കണക്കുകൂട്ടൽ തെറ്റിയതായിരിക്കും എന്ന് കരുതാൻ പ്രയാസമുണ്ട്. കാരണം, അവരൊന്നും അറിവില്ലാത്തവരല്ലല്ലൊ. പ്രതിസന്ധിക്കെതിരെ പ്രതികരിക്കുന്നവർ രാജ്യപുരോഗതിക്കെതിരാണെന്നും, കള്ളനോട്ട് കൈവശമുള്ളവരാണെന്നും, രാജ്യദ്രോഹികളാണാണെന്നുവരേയും മുദ്രകുത്തി; ജനങ്ങൾ അവരുടെ ഭാവിയിലെ നേട്ടത്തിനായി ഇപ്പോൾ ചിലതൊക്കെ സഹിക്കണമെന്നും പ്രചരണ (short term pain for long term gain) മുണ്ടായി. സ്വകാര്യസംഭാഷണങ്ങളിൽ പലരിലൂടെയും ഊർന്നു വീഴുന്നത് അന്യമതവിദ്വേഷവും അടങ്ങാത്ത അസൂയയുമായിരുന്നു.[1] നവലിബറൽ ശക്തികളുടെയും, ബ്ലേഡ് കമ്പനികളുടേയും ചിരകാല സ്വപ്നമായ സഹകരണമേഖലയെ തകർക്കുക എന്ന അജണ്ടയും ഇതോടൊപ്പം കേന്ദ്രസർക്കാർ നടപ്പാക്കിക്കൊടുക്കാൻ തയ്യാറായി. എന്നാൽ, യഥാർഥ കള്ളപ്പണക്കാർ, ഭൂ-ഖനി മാഫിയകൾ, ഹവാലക്കാർ എന്നിവരൊക്കെ എക്കാലത്തേയുംപോലെ, രാഷ്ട്രീയ പിൻബലത്തോടെ അല്ലലില്ലാതെ അഭിരമിക്കുകയാണ്. അതേസമയം അറുപതിലേറെ നിരപരാധികളുടെ മരണം, ആത്മഹത്യ, കുടുംബ പ്രശ്‌നങ്ങൾ, രാജ്യത്തിന്റെ സാമ്പത്തിക തകർച്ച, ഉൽപാദനമാന്ദ്യം, ബാങ്കുകളിലെ വിശ്വാസരാഹിത്യം, സാമൂഹിക അരക്ഷിതാവസ്ഥ എന്നിവയൊക്കെയാണ് അവശേഷിച്ചത്. ഇത്രയും നോട്ടുകൾ മുൻകരുതലില്ലാതെ പിൻവലിച്ചാൽ ഇതൊക്കെ സംഭവിക്കുമെന്നത് സ്വാഭാവികമാണെന്ന് സാമാന്യബോധമുള്ള ആർക്കും അറിയാവുന്നതായിരുന്നു. അധികാരികൾ അറിവില്ലാത്തവരായതുകൊണ്ടല്ല; മറിച്ച് എല്ലാം ഒരു നാടകമാണെന്നുവേണം കരുതാൻ. ഇതൊക്കെ ഒരു തുടക്കം മാത്രമാണെന്നും ഇതിനേക്കാൾ വലിയതൊക്കെ പ്രതീക്ഷിക്കാമെന്നുമാണ് അധികാരികൾ പറയുന്നത്. കാര്യമായ പോറലേൽക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കായിരിക്കും. 500 ന്റെയും 1000 ന്റെയും കുറെ പുതിയ നോട്ടുകൾ ഇറക്കിയാൽ എല്ലാറ്റിനും പരിഹാരമായി എന്നാണ് പല ചാനൽ ചർച്ചാവിദഗ്ധരുടെയും അഭിപ്രായം. എന്നാൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇന്നത്തെ ആഘാതത്തിൽനിന്ന് മോചിതമാകണമെങ്കിൽ ദീർഘമായൊരു കാലയളവ് തന്നെ വേണ്ടിവന്നേക്കും. അതിനാൽ നടന്നതും, നടക്കുന്നതും നടക്കാനിരിക്കുന്നതുമായ കാര്യങ്ങൾ ജനങ്ങൾക്കിടയിൽ വിശദമായി ചർച്ചചെയ്ത് പ്രതിരോധപ്രവർത്തനങ്ങൾ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു.

1.നടന്ന കാര്യങ്ങൾ

1) നോട്ടു പിൻവലിക്കൽ :

സമൂഹത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന കറൻസി നോട്ടുകളുടെ നിയമസാധുത ബോധപൂർവം ഇല്ലാതാക്കുന്ന പ്രക്രിയയാണ് നോട്ടു പിൻവലിക്കൽ. നോട്ടിന് നിയമസാധുത ഇല്ലാതാകുന്നതോടെ അവ ഉപയോഗിച്ചുള്ള ക്രയവിക്രയം അസാധ്യമാകും. കറൻസിയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാകും; അഥവാ കറൻസിക്ക് പൊതുഅംഗീകാരം നഷ്ടപ്പെടും. കറൻസി പിൻവലിക്കാൻ കേന്ദ്രസർക്കാരിന് അവകാശമുണ്ട്; അധികാരവുമുണ്ട്. അതിന്റെ കാരണങ്ങൾ എന്തുമാകാം. ചില നിയമാവലികൾ പാലിക്കേണ്ടതുണ്ടായിരിക്കുന്നു. അത് നടന്നിട്ടില്ല. ഇന്ത്യയിൽ 1946 ലും 1978 ലും കറൻസികൾ പിൻവലിച്ചിട്ടുണ്ട്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന 5,000, 10,000 രൂപ നോട്ടുകളാണ് പ്രധാനമായും പിൻവലിച്ചത്. അവ സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നവയല്ല. ആകെ നോട്ടുകളിൽ 2% ത്തിൽ താഴെ മാത്രമായിരുന്നു അത്. ഓർഡിനൻസ് ഇറക്കിയാണ് നോട്ടു പിൻവലിച്ചത്. High Denomination Bank Notes (Demonetisation | Act - 1978) എന്നതായിരുന്നു അത്. എന്നാൽപോലും ആ നടപടിയുടെ പരിമിതികൾ അന്നത്തെ റിസർവ് ബാങ്ക് ഗവർണറും പ്രസിദ്ധ ധനശാസ്ത്രജ്ഞനുമായിരുന്ന ഡോ. ഐ.ജി.പട്ടേൽ ചൂണ്ടിക്കാണിച്ചിരുന്നു.[2] വേണ്ടത്ര മുന്നൊരുക്കവും ബദൽ സംവിധാനങ്ങളും ഉണ്ടായിട്ടുപോലും നിർദിഷ്ട ലക്ഷ്യംനേടാൻ കഴിഞ്ഞിട്ടില്ലെന്നാണ് തുടർ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ 2012-ൽ നിയോഗിച്ച പഠന കമ്മീഷൻ വിലയിരുത്തുന്നത്.[3]

2) പ്രഖ്യാപനം :

നവംബർ എട്ടിന് അർധരാത്രി പ്രധാനമന്ത്രി തന്നെ നേരിട്ട് കാര്യങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് രണ്ട് ദിവസം ATM കൾ പ്രവർത്തിച്ചില്ല. ഒൻപതാം തിയതി ബാങ്ക് ഇടപാടുകൾ ഉണ്ടായിരുന്നില്ല. എല്ലാവരും കരുതിയത് പുതിയ പണം ATM ലും ബാങ്കിലും നിറയ്കാനാണ് അവയ്ക്ക് ഒഴിവു നൽകിയതെന്നാണ്. എന്നാൽ, പുതിയ 2000 രൂപക്ക് പറ്റിയ 'ട്രേ' ATM ൽ ഉണ്ടായിരുന്നില്ലത്രെ. പുതിയ 500 രൂപ നോട്ടുകളാകട്ടെ, ഇറങ്ങിയതുമില്ല. പിൻവലിച്ചത് 1000, 500 രൂപാനോട്ടുകളും പകരം ഇറക്കിയത് 2000 രൂപാനോട്ടും! ഇതൊരു അസാധാരണ സംഭവമായിരുന്നു.

3) ന്യായീകരണം :

പ്രത്യക്ഷമായി മൂന്ന് ലക്ഷ്യവും പരോക്ഷമായി ഒരു ലക്ഷ്യവുമാണ് നോട്ട് പിൻവലിച്ചതിന് ന്യായീകരണമായി പറഞ്ഞത്. കള്ളപ്പണം തടയുക, കള്ളനോട്ട് നിർവീര്യമാക്കുക, പണരഹിത ക്രയവിക്രയം സാധ്യമാക്കുക, ഒപ്പം, ഭീകരപ്രവർത്തനങ്ങൾക്ക് പണം ലഭിക്കുന്നത് ഈ സ്രോതസ്സുകളിൽനിന്നായതിനാൽ, ഈ നടപടികളിലൂടെ തീവ്രവാദപ്രവർത്തനം ദുർബലപ്പെടുത്തുക. 500, 1000 നോട്ടുകൾ വഴിയാണ് സമാന്തര സമ്പദ്‌വ്യവസ്ഥ പ്രവർത്തിക്കുന്നതെന്നതിനാലാണത്രെ അവ പിൻവലിച്ചത്. കള്ളപ്പണത്താൽ സജീവമാകുന്ന സമാന്തര സമ്പദ്‌വ്യവസ്ഥ, ഭീകരത എന്നിവയൊക്കെ തടയണമെന്നതിന് സംശയമില്ല. രാജ്യത്തെ സ്‌നേഹിക്കുന്നവർ, കള്ളപ്പണക്കാരാൽ നിയന്ത്രിക്കുന്ന സമാന്തര സമ്പദ്‌വ്യവസ്ഥ നിലനിൽക്കാൻ ആഗ്രഹിക്കുന്നവരല്ല. എന്നാൽ ഈ നിയന്ത്രണം 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതുകൊണ്ടുസാധ്യമാണോ? നിർദിഷ്ട ലക്ഷ്യം നേടാൻ കഴിയുമോ? ഇക്കാര്യം വേർതിരിച്ച് ചർച്ച ചെയ്യണം. അതിന് ഈ ലക്ഷ്യങ്ങളുടെ ഉള്ളടക്കം, പ്രവർത്തനരീതി, സാധ്യത എന്നിവയൊക്കെ പരിശോധിക്കേണ്ടതുണ്ട്.

4) എന്താണ് കള്ളപ്പണം?

കണക്കിൽപ്പെടാത്ത പണത്തെയാണ് പൊതുവിൽ കള്ളപ്പണം എന്നു പറയുന്നത്.[4] ഇത് പ്രധാനമായും നികുതി വെട്ടിച്ച പണമാണ്. കയറ്റുമതി വരുമാനം കുറച്ചു കാണിക്കുക (under invoicing), ഇറക്കുമതി ചെലവ് പെരുപ്പിച്ച് കാണിക്കുക(over invoicing), കണക്ക് പുസ്തകത്തിൽ വരവ് രേഖപ്പെടുത്താതിരിക്കുക, ബില്ല് കൊടുക്കാതിരിക്കുക, രണ്ട് കണക്ക് പുസ്തകങ്ങൾ ഉണ്ടാവുക എന്നിങ്ങനെ വിവിധ മാർഗങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് അധികാരികൾക്കെല്ലാമറിയാം. എന്നാൽ, ജനങ്ങൾ അറിയേണ്ട കാര്യം കണക്കിൽ കാണിക്കുന്ന പണവും, കാണിക്കാത്ത പണവും തമ്മിൽ നോട്ടിന്റെ നിറത്തിലോ ഉപയോഗത്തിലോ യാതൊരു വ്യത്യാസവും ഇല്ല എന്നതാണ്. ഭൂമി ഇടപാടിൽ ആധാരത്തിൽ കാണിച്ചത്ര പണമല്ലല്ലൊ പലരും കൈപ്പറ്റുന്നത്. ആധാരത്തിൽ കാണിക്കാതെ പണം കൈപ്പറ്റുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി കൊടുക്കാതെ യഥാർഥത്തിൽ കള്ളപ്പണ പ്രചാരണത്തിന് നാമെല്ലാം കൂട്ടുനിൽക്കുകയാണ്. കള്ളപ്പണം സമൂഹത്തിൽ എല്ലാവരിലൂടെയും കൈമാറുന്നു എന്നതാണ് വസ്തുത. പത്തുലക്ഷം രൂപക്ക് ചെമ്മീൻ കയറ്റുമതി ചെയ്ത ഒരാൾ എട്ടുലക്ഷം മാത്രം വരവായി കാണിച്ചാൽ ബാക്കി രണ്ടുലക്ഷം കൊണ്ടായിരിക്കാം മുകളിൽ പറഞ്ഞ ഭൂമി വാങ്ങിയത്. നികുതികൾ, അതിൽതന്നെ ആദായനികുതി നൽകാതിരിക്കാനാണ് വരുമാനം കണക്കിൽ കാണിക്കാതിരിക്കുന്നത്. വലിയ പണക്കാരാണ് ഇതിന്റെ ആശാന്മാർ. നികുതി കൊടുക്കാത്ത പണം പല ഭാഗത്തായി നിക്ഷേപിച്ച് ലാഭമുണ്ടാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. നികുതി കൊടുക്കാത്ത പണം, അതായത് കള്ളപ്പണം പെട്ടിയിൽ സൂക്ഷിക്കുമ്പോഴല്ല, ക്രയവിക്രയത്തിനായി ഉപയോഗിക്കുമ്പോഴാണ് ലാഭം കിട്ടുന്നത്. പ്രചാരത്തിൽവന്നാൽ മാത്രമേ അതിന്റെ ഉടമസ്ഥർക്ക് ലാഭം കിട്ടുകയുള്ളൂ. അതിനാൽ കള്ളപ്പണക്കാർ പണം പൂഴ്ത്തിവെക്കാനല്ല, പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. വളരെ അപൂർവമായി കൈവശം വക്കുന്നത് തന്നെ പിന്നീട് ആസ്തികൾ വാങ്ങാനാണ്. ചുരുക്കത്തിൽ, പൂഴ്ത്തിവച്ച പണം കള്ളപ്പണവും പ്രചരിപ്പിക്കുന്ന പണം വെള്ളപ്പണവുമാണെന്നതുപോലുള്ള വർഗീകരണം വസ്തുതകൾക്ക് നിരക്കുന്നതല്ല. കള്ളപ്പണത്തിന്റെ പ്രചാരണം ദേശീയ വരുമാനത്തിന്റെ 22% (NIPFP) മുതൽ 63% വരെയാണെന്ന് പലരും കണക്കാക്കിയിരിക്കുന്നു.[5] കള്ളപ്പണം കറൻസിയായി കൈവശം നിർത്തിയാൽ ലാഭമുണ്ടാകുന്നില്ല; ബാങ്കിൽ നിക്ഷേപിക്കാനും പ്രയാസമുണ്ട്. അതിനാൽ, ഭൂമി, സ്വർണം, കെട്ടിടം, കമ്പനി ഓഹരികൾ എന്നിവയൊക്കെയാക്കി മാറ്റുകയാണ് പതിവ്. പിന്നേയും ബാക്കിവന്നാൽ വിദേശബാങ്കിൽ നിക്ഷേപിക്കും. ഇതെല്ലാം ചെയ്യുന്നത് ആദായനികുതി അടക്കേണ്ട പരിധി കവിഞ്ഞുള്ള വരുമാനം ഉള്ളവരാണെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ക്രിക്കറ്റ് മാമാങ്കം, സിനിമാ മാമാങ്കം, പ്രകൃതിവിഭവകൊള്ള വഴിയുള്ള പണം എന്നിവയൊക്കെ ഇക്കൂട്ടത്തിൽപെടും. ഇങ്ങനെയൊക്കെയാണെങ്കിലും കുറെ പണം എന്തായാലും കയ്യിൽ വയ്ക്കുന്നവരുണ്ട്. അത്തരക്കാരിൽ കറൻസിയായി അവശേഷിക്കുന്ന കള്ളപ്പണത്തിന്റെ അളവ് മൊത്തം കറൻസി മൂല്യത്തിന്റെ 6% മാണെന്നാണ് ഔദ്യോഗിക കണക്ക്. വിദേശത്തെ കള്ളപ്പണ നിക്ഷേപം പുറത്തുകൊണ്ടുവന്ന് ഓരോ വ്യക്തിയുടേയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപവീതം നിക്ഷേപിക്കുമെന്നായിരുന്നു കേന്ദ്ര ഭരണകക്ഷിയുടെ പ്രധാന തെരഞ്ഞെടുപ്പു പ്രചാരണം. എന്നാൽ അതൊക്കെയൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് (ചുനാവി ജുംല) മാത്രമായിരുന്നു എന്നാണ് പിന്നീട് പറഞ്ഞത്. വളരെ ചെറിയൊരു വിഭാഗം കള്ളപ്പണക്കാർ കൈവശം വച്ചിരിക്കുന്ന 6% നോട്ടുകൾ കണ്ടെത്താനാണ് യാതൊന്നുമറിയാത്ത സാധാരണ ജനങ്ങളെ ദുരിതത്തിലകപ്പെടുത്തിയതെന്ന കാര്യം കുറച്ചു കാലത്തേക്കൊക്കെ ദേശസ്‌നേഹത്തിന്റെ പേരിൽ തള്ളിനീക്കാൻ കഴിഞ്ഞേക്കും. ഒരാൾ അവരുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച പണം എന്ത് ആവശ്യമുണ്ടെങ്കിലും പിൻവലിക്കാൻ പാടില്ലെന്ന ഉപരോധം ഏർപ്പെടുത്തിയ രാജ്യം ഒരുപക്ഷെ ഇന്ത്യ മാത്രമായിരിക്കുമെന്നത് ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

5) എന്താണ് കള്ളനോട്ട് :

റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ രാജ്യത്തെ സുരക്ഷാപ്രസ്സിൽ അച്ചടിക്കാതെ പുറത്ത് സ്വകാര്യ കക്ഷികൾ അച്ചടിച്ച് പ്രചരിപ്പിക്കുന്നവയാണ് കള്ളനോട്ട്. ഇവ എത്രമാത്രമുണ്ടെന്ന് കൃത്യമായി തിട്ടപ്പെടുത്തുക പ്രയാസമാണ്. എന്നാൽ 2015-16 വർഷത്തിൽ ബാങ്കുകളുടെയും പോലീസിന്റെയും ശ്രദ്ധയിൽ പെട്ടത് 1000, 500 നോട്ടുകളിൽ യഥാക്രമം ലക്ഷത്തിന് രണ്ടും ഒൻപതും വീതം ആയിരുന്നു. [6] ഇത് മുൻവർഷത്തേതിനേക്കാൾ കുറവാണെന്നും ബാങ്ക് കണക്കുകൾ തന്നെ കാണിക്കുന്നു. കൽക്കത്തയിലെ പ്രധാന ഗവേഷണസ്ഥാപനമായ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കണക്കാക്കിയതും അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ധനകാര്യ സ്റ്റേറ്റ് മന്ത്രി 2015 ആഗസ്റ്റിൽ പാർലമെന്റിൽ പറഞ്ഞതും ഇന്ത്യയിൽ 400 കോടി രൂപയോളം കള്ളനോട്ടായി പ്രചരിക്കുന്നുണ്ടെന്നാണ്. എന്നാൽ, ഭരണകക്ഷിയുടെ പ്രചാരണം നാല്-ആറ് ലക്ഷം കോടിയുടെ കള്ളനോട്ട് ഉണ്ടെന്നാണ്.[7] കള്ളനോട്ട് പ്രചരിപ്പിക്കാൻ പാടില്ലാത്തതാണ്. അതിനാൽ അത് കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കേണ്ടത് എൻഫോഴ്‌സ്‌മെന്റ്, വിജിലൻസ്, പോലീസ്, ബാങ്കുകളിലെ പരിശോധനാവിഭാഗം എന്നിവരുടെ ചുമതലയാണ്. നോട്ട് പിൻവലിക്കൽ അതിനു പകരമായുള്ള എളുപ്പവഴിയല്ല. ബാങ്കുകൾ കള്ളനോട്ട് കണ്ടെത്തുന്ന സാങ്കേതിക രീതിയും സമൂഹത്തിൽ വ്യാപകമായി പ്രചരിപ്പിക്കണം. 400 കോടി രൂപയുടെ നോട്ട് എന്നത് ഇപ്പോൾ പിൻവലിച്ച (500, 1000 നോട്ടുകൾ) അതായത് 14.73 ലക്ഷം കോടിയുടെ ചെറിയൊരു ശതമാനം മാത്രമേ വരുന്നുള്ളൂ. കള്ളപ്പണത്തേയും, കള്ളനോട്ടിനേയും നേരിടേണ്ടത് നികുതി ഘടനയിൽ മാറ്റം വരുത്തൽ, സാങ്കേതികവിദ്യ മെച്ചപ്പെടുത്തൽ, കർശനമായ ഓഡിറ്റിങ്, കള്ളപ്പണക്കാരെ ആശ്രയിക്കാതിരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി, അഴിമതി, ധൂർത്ത്, മാമാങ്കം തുടങ്ങിയവയുടെ നിർമാർജനം എന്നിങ്ങനെയുള്ള വഴികളിലൂടെയാണ്. ഭരണകൂടത്തിന്റെ നിസ്സംഗതയിൽ നിന്നാണ് കള്ളനോട്ടും കള്ളപ്പണവും ഉണ്ടാകുന്നതും ശക്തിപ്പെടുന്നതും. ജനങ്ങളെ മൊത്തത്തിൽ ബുദ്ധിമുട്ടിക്കാതെയുള്ള, ഒട്ടേറെ പരിഷ്‌കൃതമാർഗങ്ങൾ ഉണ്ടെന്നിരിക്കെ, പല രാജ്യങ്ങളും ഒഴിവാക്കിക്കൊണ്ടിരിക്കുന്ന നോട്ടുപിൻവലിക്കൽ രീതിതന്നെ നടപ്പാക്കി ജനജീവിതം അരക്ഷിതപ്പെടുത്തണമെന്നുള്ള വാശി എന്തിനാണെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ട്.

6) ഭീകരപ്രവർത്തനം :

ഭീകരപ്രവർത്തനം നടത്തുന്നവർ കള്ളനോട്ടും കള്ളപ്പണവും ഉപയോഗിക്കുന്നുണ്ടാകാം. എന്നാൽ, റിപ്പോർട്ടുകളെല്ലാം കാണിക്കുന്നത് അവരുടെ പ്രധാന സാമ്പത്തിക ക്രയവിക്രയം ഇലക്‌ട്രോണിക് സംവിധാനങ്ങൾ വഴിയാണെന്നാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഇ-വാലറ്റ് എന്നിവ വഴിയാണ് പ്രധാന ഇടപാട്. ആധുനിക സാങ്കേതികവിദ്യകൾ കൂടുതൽ ഉപയോഗിക്കുന്നതും ഇവരാണെന്ന് പറയുന്നു. അങ്ങനെയാണെങ്കിൽ, ഇപ്പോഴത്തെ നോട്ട് പിൻവലിക്കൽ ഭീകരരെ ഒതുക്കുന്നതിന് എത്രമാത്രം സഹായകമാണെന്ന് പരിശോധിക്കേണ്ടതാണ്. വലിയ തുകക്കുള്ള കറൻസി ഒഴിവാക്കുകയാണ് ഇവയെയൊക്കെ നേരിടാനുള്ള ഒരുമാർഗം. എന്നാൽ 500, 1000 നോട്ടുകൾക്ക് പകരം 2000 ആണ് ഇന്ത്യയിൽ അച്ചടിച്ചിരിക്കുന്നത്.

7) പണരഹിത ക്രയവിക്രയം :

ഇതൊരു നല്ല ആശയമാണ്. വികസിതരാജ്യങ്ങളിൽ പൊതുവെ കറൻസിവഴിയുള്ള ക്രയവിക്രയം കുറവാണ്. വലിയ മൂല്യമുള്ള കറൻസി അവർ കാര്യമായി അടിക്കുന്നുമില്ല. പക്ഷെ, വികസിത രാജ്യങ്ങൾക്ക് അവ സാമൂഹിക-സാമ്പത്തിക-സേവന രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ വലിയൊരു മുതൽകൂട്ടാണ്. ഇന്ത്യയിലെ സ്ഥിതി ഇതല്ല. ഇവിടുത്തെ തൊഴിലാളികളിൽ 80% ത്തിലേറെയും അസംഘടിത മേഖലയിലാണ്. എന്നാൽ, മൊത്തം ദേശീയ ഉൽപാദനത്തിന്റെ 45% അവരാണ് ഉല്പാദിപ്പിക്കുന്നത്. അതേസമയം, അവരിൽ 80% ലേറെയും പരമദരിദ്രരാണെന്നാണ് ഡോ. അർജുൻസെൻ ഗുപ്ത കമ്മിറ്റി [8] കണക്കാക്കിയിരിക്കുന്നത്. 2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് അനുസരിച്ചുള്ള ദാരിദ്ര്യത്തിന്റെ തീവ്രത അതിലും കൂടുതലാണ്. ആഗോള വിശപ്പ് സൂചിക (ഏഹീയമഹ ഔിഴലൃ കിറലഃ) അടിസ്ഥാനത്തിലുള്ള ഏറ്റവും പുതിയ കണക്കനുസരിച്ച് 118 ദരിദ്രരാജ്യങ്ങളിൽ ഇന്ത്യ 97-ാം സ്ഥാനത്താണ്. വിശപ്പ് കുറവുള്ള രാജ്യമാണ് ഒന്നാമതായി വരുന്നത് പിന്നോട്ട് വരുമ്പോഴും വിശപ്പ് കൂടുന്ന ജനത എന്ന രീതിയിലാണ് കണക്ക്. ഇന്ത്യയിലെ തൊഴിലാളികളിൽ 60% വും കാർഷിക രംഗത്താണ്. എന്നാൽ, അവിടന്നുള്ള വരുമാനം ഏഉജ യുടെ 20% മാത്രമാണ്. അതായത്, കൂടുതൽ തൊഴിലാളികൾ ഉപജീവിക്കുന്ന രംഗത്തുനിന്ന് ഉത്പാദിപ്പിക്കുന്ന വരുമാനം വളരെ കുറവാണെന്നർഥം. ഈ രീതിയിൽ അസമത്വവും ദാരിദ്ര്യവും അടക്കിവാഴുന്ന ഒരു രാജ്യത്തെ ജനങ്ങൾ എങ്ങനെയാണ് ഒറ്റയടിക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലേക്ക് മാറുക. മാത്രമല്ല, ഇന്ന് ഇന്ത്യയിൽ നടക്കുന്ന ക്രയവിക്രയങ്ങളിൽ 90% ത്തോളം കറൻസിവഴിയാണ്. 2012 ലെ കണക്കനുസരിച്ച് ജനസംഖ്യയിൽ 13% പേർക്കാണ് ക്രെഡിറ്റ് കാർഡ്, 2% ന് മാത്രമാണ് ഡെബിറ്റ് കാർഡ്. ഇതിൽ പ്രതിവർഷം 10% വർധനവുണ്ടായെന്ന് കണക്കാക്കിയാൽപോലും ജനങ്ങളിൽ 20% നുമാത്രമേ ഈ സൗകര്യമുള്ളൂ. അത് കുടുംബങ്ങളായി കണക്കാക്കിയാൽ ഇതിലും കുറവായിരിക്കും. കാരണം, സമ്പന്ന കുടുംബങ്ങളിൽ എല്ലാ അംഗങ്ങൾക്കുംതന്നെ ഇത്തരം കാർഡുകൾ ഉണ്ടായേക്കും. ഈ സമ്പ്രദായത്തിന് ബാങ്കുകൾ കമ്മീഷൻ ഈടാക്കുന്നുവെന്നതും ദരിദ്രർക്ക് ഗുണകരമല്ല. ക്രയവിക്രയം പണരഹിതമാക്കാൻ ആദ്യം വേണ്ടത് സമ്പദ്ഘടനയിലെ ഘടനാപരമായ മാറ്റമാണ്. കാർഷികവൃത്തി പ്രധാന ഉപജീവനമാർഗമായ ഇന്നത്തെ അവസ്ഥ, വ്യവസായ-സേവന പ്രധാനമായ പുതിയൊരു ഘടനയിലേക്ക് പരിവർത്തിക്കണം. അതിന് മെച്ചപ്പെട്ടതും, കൂടുതൽ ആസൂത്രിതവും നീതിയുക്തവുമായ വികസനനയങ്ങളിൽ അധിഷ്ഠിതമായ പൊതുവായ പ്രവർത്തനമാണ് വേണ്ടത്. പ്രാകൃത രീതിയിലുള്ള മൂലധനസ്വരൂപണത്തിന്നും ചങ്ങാത്ത മുതലാളിത്തത്തിന്നും കൂട്ടുനിൽക്കുന്ന, ആസൂത്രണകമ്മീഷനെപ്പോലും ഇല്ലാതാക്കുന്ന, വിദേശ-സ്വദേശ കുത്തകകൾക്ക് ഓശാന പാടുന്ന, ജനകീയ ഭൂമി ഏറ്റെടുക്കൽ നിയമത്തെ അട്ടിമറിക്കുന്ന, എല്ലാ പരിസ്ഥിതി നിയമങ്ങളെയും മാറ്റിയെഴുതാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന് ഇതിന് കഴിയുമെന്ന് തോന്നുന്നില്ല. സാമ്പത്തിക രംഗത്ത് നവലിബറൽ മുതലാളിത്തത്തെ പൂർവാധികം ശക്തിപ്പെടുത്തുകയും, സാമൂഹികരംഗങ്ങളിൽ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ജാതി-മത, ഫ്യൂഡൽ വൈകൃതങ്ങളെ ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്ന കേന്ദ്രസർക്കാരിനും അതിന് നേതൃത്വം നൽകുന്ന രാഷ്ട്രീയപ്പാർട്ടിക്കും സാമൂഹികനീതിയിലും ആസൂത്രണത്തിലും സ്വാശ്രയത്തിലും അധിഷ്ഠിതമായ ഒരു സാമൂഹിക സാമ്പത്തിക ഘടനാമാറ്റം വിഭാവനം ചെയ്യാൻപോലും കഴിയില്ല. ക്രെഡിറ്റ് സ്വിസ്സ് ഗ്രൂപ്പ് എന്ന ഏജൻസിയുടെ ഏറ്റവും ഒടുവിലത്തെ പഠനം അനുസരിച്ച് ഇന്ത്യയിൽ സമ്പത്തിന്റെ കേന്ദ്രീകരണം വൻതോതിൽ വർധിക്കുകയാണ്. പുതിയ സർക്കാർ അധികാരത്തിൽ വന്ന 2014-ൽ ഒരു ശതമാനം സമ്പന്നർ ആകെ സമ്പത്തിന്റെ 49% കയ്യടക്കിയിരുന്നത് 2016-ൽ 54.8% ആയി വർധിച്ചിരിക്കുന്നു. ഇതിനെയൊക്കെ നേരിടാനുള്ള ദീർഘസ്ഥായിയായ നടപടികൾക്ക് പകരം കുരുട്ടുവിദ്യകൊണ്ട് കാര്യങ്ങൾ നേടാമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ നോട്ട് പിൻവലിക്കൽ നടപടി. കള്ളപ്പണം കള്ളനോട്ട് എന്നതൊക്കെ മാറ്റി പണരഹിത ക്രയവിക്രയത്തെപ്പറ്റി കൂടുതൽ പാടിനടക്കലാണ് സർക്കാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

8) സഹകരണരംഗം :

വളരെ വിപുലമാണ് ഇന്ത്യയിലെ സഹകരണരംഗം, അതിൽ പ്രത്യേകിച്ചും കേരളത്തിലേത്. വിവിധ സേവനങ്ങൾ ഒരേസമയം നിർവഹിക്കുന്ന (മാവേലിസ്റ്റോർ, നീതി മെഡിക്കൽ ഷോപ്പ്, രാസവള വിതരണം, പച്ചക്കറി വിപണനം, എന്നിങ്ങനെ) വയാണ് കേരളത്തിലെ സർവീസ് സഹകരണ സംഘങ്ങൾ. ഇവയിൽ പലതും പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ജനകീയ അംഗീകാരമുള്ളവയും സാമ്പത്തിക ക്രയവിക്രയത്തിൽ വലിയ വിശ്വാസ്യത നേടുകയും ചെയ്ത സ്ഥാപനങ്ങളാണ്. ബാങ്കുകളിലെ ജീവനക്കാർപോലും സ്വന്തം ക്രയവിക്രയത്തിനും പെൻഷനുകൾ നിക്ഷേപിക്കുന്നതിനും ആശ്രയിക്കുന്ന രണ്ടാമത്തെ സ്ഥാപനം അവരുടെതന്നെ (ബാങ്ക് ജീവനക്കാരുടെ) സഹകരണ സംഘങ്ങളാണ്. എന്നിട്ടുപോലും പുത്തൻ തലമുറ ബാങ്കുകളെന്ന ബ്ലേഡ് കമ്പനികൾക്കും,KSRTC , റെയിൽവേസ്റ്റേഷൻ, സർക്കാർ ആസ്പത്രി എന്നിവക്കും നൽകിയ നോട്ടുവിനിമയ അവകാശംപോലും സഹകരണസ്ഥാപനങ്ങൾക്ക് നൽകിയില്ല. ആദ്യദിവസം നൽകിയ അനുമതി അനുസരിച്ച് ശേഖരിച്ച പണം എന്ത് ചെയ്യണമെന്നതിലും തീരുമാനമായിട്ടില്ല. ഇതിന്റെയെല്ലാം ഫലമായി ഗ്രാമീണ കേരളത്തിന്റെ നട്ടെല്ലൊടിഞ്ഞിരിക്കയാണ്. ജില്ലാസഹകരണ ബാങ്കിൽ ഇടപാട് നടത്തുന്ന ഒരു വ്യക്തിക്ക് നൽകിയ അതേ പദവിയാണ് അവിടെ എക്കൗണ്ടുള്ള ഒരു സഹകരണസംഘത്തിനും അനുവദിച്ചിരിക്കുന്നത്. അതായത്, ഒരാഴ്ച 24,000 രൂപ പിൻവലിക്കാം. ഇത് ബാങ്ക് എന്ന നിലക്കുള്ള പ്രവർത്തനത്തേയും അതിൽ ജനങ്ങൾക്കുള്ള വിശ്വാസത്തേയും ഹനിക്കുന്നതാണ്. അവിടുത്തെ ടആ അക്കൗണ്ടുകൾ ഏതാണ്ട് നിലച്ച മട്ടാണ്. സ്ഥിരം ഡിപ്പോസിറ്റുകൾക്ക് ഉയർന്നതലത്തിലുള്ള അർബൻ സഹകരണ ബാങ്കുകളിലേക്ക് ചെക്ക് നൽകുകയാണ്. ഇതൊക്കെ ജനവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ഇതോടൊപ്പമാണ്, കേരളത്തിലെ സഹകരണ സംഘങ്ങളെല്ലാം കള്ളപ്പണകേന്ദ്രങ്ങളാണെന്ന പ്രചാരണവും നടക്കുന്നത്.

2. നിലവിലുള്ള പ്രശ്‌നങ്ങൾ :

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 21 അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാവർക്കും അംഗീകരിച്ച് നൽകുന്ന സ്ഥിതിക്ക്, അതിനായി സ്വരൂപിച്ചതും ബാങ്കുകളിൽ നിക്ഷേപിച്ചതുമായ അദ്ധ്വാനഫലം പിൻവലിക്കാൻ അനുവാദം നൽകാത്തത് എല്ലാ അർഥത്തിലും ഭരണഘടനാലംഘനമാണ്. അത് ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിന്റെ ലംഘനംകൂടിയാണ്. ജനങ്ങൾ അവരുടെ സ്വന്തംപണം പിൻലിക്കാനുള്ള വെപ്രാളത്തിൽ ക്യൂവിൽനിന്ന് കുഴഞ്ഞുവീണുമരിക്കുകയാണ്. മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ് പറഞ്ഞതുപോലെ സ്വന്തം അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ, ഒരു തെറ്റും ചെയ്യാത്ത ജനങ്ങളെ അനുവദിക്കാത്ത ഏതെങ്കിലും രാജ്യം ലോകത്തുണ്ടോ? എന്തിനാണ് ഇന്ത്യയിലെ ദരിദ്രജനങ്ങൾ ഇതൊക്കെ അനുഭവിക്കേണ്ടിവരുന്നത്? എല്ലാം ഒരുതരം അഭിനയമായാണ് തോന്നുന്നത്. പുതിയ നോട്ടുകൾക്കനുസരിച്ച് എടിഎമ്മിൽ മാറ്റം വരുത്തണമെന്ന് അറിയാമായിരുന്നെങ്കിലും നവംബർ 9,10 തിയതികളിൽ എടിഎമ്മിന് അവധി കൊടുത്തിട്ടും 2000, 500 പുതിയ രൂപയ്ക്കുവേണ്ട ഉചിതമായ മാറ്റങ്ങൾ എടിഎമ്മിൽ വരുത്താതിരുന്നത് എന്തുകൊണ്ടാണ്? പിൻവലിച്ച കറൻസിയേക്കാൾ ചെറിയ മൂല്യമുള്ള കറൻസി അടിച്ചാൽ മാത്രമേ ക്രയവിക്രയം സാധ്യമാവുകയുള്ളൂ. അതിനേക്കാൾ മൂല്യം കൂടിയ നോട്ടാകുമ്പോൾ ചില്ലറയാക്കി വിനിമയം നടത്താൻ കഴിയാതെയാകുന്നു. എന്നിട്ടും സർക്കാർ 2000 ത്തിന്റെ കറൻസിയാണ് അച്ചടിച്ചത്. പുതിയ കേന്ദ്രസർക്കാർ അധികാരത്തിൽ വന്ന ഒന്നാമത്തെ ക്യാബിനറ്റിൽത്തന്നെ സമ്പദ്യവ്യവസ്ഥയെ ശുദ്ധീകരിക്കാൻ നടപടി സ്വീകരിച്ചിരുന്നുവെന്നും 'പ്രധാനമന്ത്രി' ഉറക്കപ്പായയിൽ നിന്ന് ചെയ്ത നടപടിയല്ല നോട്ട് പിൻവലിക്കൽ എന്നൊക്കെ പറഞ്ഞിട്ടും 2016 സെപ്തംബറിൽ മാത്രം അധികാരമേറ്റ റിസർവ് ബാങ്കിന്റെ പുതിയ ഗവർണർ ഉർജിത്ത് പട്ടേലിന്റെ കയ്യൊപ്പാണ് പുതിയ നോട്ടുകളിലെല്ലാം കാണുന്നത്. അതിന്റെ അർഥം വേണ്ടത്ര മുൻകരുതലെടുത്തു എന്നതൊക്കെ കേവലം പൊള്ളത്തരം പറച്ചിൽ മാത്രമാണെന്നാണ്. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾക്കുപരി, നവംബർ 8-ാം തീയതി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനവും തുടർ നടപടികളും ജനാധിപത്യരാജ്യമായ ഇന്ത്യയിൽ നിലനിൽക്കുന്ന നിയമവാഴ്ചയുടെ നിഷേധവും ഭരണഘടനയുടെ ലംഘനവും ആണെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇതിനുമുൻപ് ഇന്ത്യയിൽ നടത്തിയിരുന്ന നോട്ടു പിൻവലിക്കൽ പ്രാവർത്തികമാക്കിയത് നിയമവിധേയമായി പുറപ്പെടുവിച്ച ഓർഡിനൻസുകളുടെ അടിസ്ഥാനത്തിലായിരുന്നു. തുടർന്ന് പാർലമെന്റ് ആ നടപടികൾ നിയമംമൂലം സാധൂകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നടന്നിരിക്കുന്നത് നിലവിലിരിക്കുന്ന നിയമവ്യവസ്ഥകൾ മറികടന്നുകൊണ്ടാണെന്നു കാണാം.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് 1934-ലെ 26(2) വകുപ്പ് പ്രകാരം ഇത്തരം പ്രവർത്തനം സർക്കാർ നടത്തുന്നതിന് നടപടിക്രമം സൂചിപ്പിക്കുന്നുണ്ട്. ബാങ്കിന്റെ സെൻട്രൽ ബോർഡാണ് നോട്ട് പിൻവലിക്കലിനുള്ള നിർദേശം സർക്കാരിലേക്ക് സമർപ്പിക്കേണ്ടത്. അങ്ങനെ സമർപ്പിക്കപ്പെടുന്ന നിർദേശത്തെ സർക്കാർ പരിഗണിച്ചിട്ടാണ് സർക്കാർ ഗസറ്റ് നോട്ടിഫിക്കേഷൻ നടത്തി പ്രഖ്യാപനം നടത്തേണ്ടത്. അതു മാത്രവുമല്ല അങ്ങനെ പിൻവലിക്കാവുന്നത് ഏതെങ്കിലും പ്രത്യേക മൂല്യമുള്ള നോട്ടിന്റെ ഏതെങ്കിലും പ്രത്യേകം സീരീസാണ്. അല്ലാതെ നോട്ടു മുഴുവനും അല്ല. ഉദാഹരണമായി 2010-ൽ പുറത്തിറക്കിയ 1000 രൂപയുടെ നോട്ടാണ് ഏതെങ്കിലും ഒരു നിശ്ചിതദിവസം മുതൽ പിൻവലിച്ചതെന്ന് പ്രഖ്യാപനം നടത്താം. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ നടന്നിരിക്കുന്നത് 1000 രൂപയുടെയും 500 രൂപയുടെയും മുഴുവൻ നോട്ടുകളും ഒറ്റയടിക്ക് പിൻവലിക്കുകയായിരുന്നു. അതായത് പ്രചാരത്തിലുണ്ടായിരുന്ന നോട്ടിന്റെ 86% നോട്ടുകളും ഒരുമിച്ച് പിൻവലിക്കുകയായിരുന്നു. ഇതിന് അനുമതി നൽകുന്ന നിയമവ്യവസ്ഥ ആക്ടിൽ ഇല്ല. ഇപ്പോൾ പ്രധാനമന്ത്രി നടത്തിയ നാടകീയമായ പ്രഖ്യാപനത്തിനു മുൻപ് ബാങ്കിന്റെ സെൻട്രൽ ബോർഡ് ഇതിനാവശ്യമായ നിർദേശം സർക്കാരിനു സമർപ്പിച്ചതിനോ സർക്കാരിന്റെ ബന്ധപ്പെട്ട അധികാരികൾ അതുപരിഗണിച്ചതിനോ ഉള്ള ഒരു നടപടിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. ഈ വസ്തുതകൾ ആദ്യം വെളിവാക്കപ്പെടേണ്ടത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റിൽ എത്തിച്ചേർന്നിരിക്കുന്ന ജനപ്രതിനിധികളുടെ മുന്നിലാണ്. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി നടക്കുന്ന സഭയിൽ ഇത്തരത്തിൽ ഒരു കാര്യവും വെളിപ്പെടുത്തപ്പെട്ടിട്ടില്ല.

അതുപോലെതന്നെ റിസർവുബാങ്ക് ആക്ടിന്റെ 24(1) വകുപ്പിൽ ഇന്ത്യയിൽ പ്രചരിപ്പിക്കുന്ന ബാങ്കുനോട്ടുകളുടെ മൂല്യത്തെപ്പറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ പ്രചരിപ്പിക്കുന്ന നോട്ടുകൾ 2, 5, 10, 20, 50, 100, 500, 1000, 5000, 10000 രൂപവരെ മൂല്യമുള്ളതായിരിക്കും എന്നാണ് അതിൽ സൂചിപ്പിക്കുന്നത്. ഇതും സെൻട്രൽ ബോർഡിന്റെ നിർദേശപ്രകാരമാണ്. എന്നാൽ 2000 രൂപ മൂല്യമുള്ള നോട്ടുകൾ ഇപ്പോൾ പ്രചരിപ്പിച്ചിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്നറിയാൻ ജനങ്ങൾക്ക് അവകാശമില്ലെ? ഈ നോട്ട് ഇപ്പോൾ നിയമവിരുദ്ധമായിട്ടാണ് രാജ്യത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന നിഗമനത്തിൽ എത്തിയാൽ അതിനെ എതിർക്കാനാവുമോ? ഇന്ത്യൻ ഭരണഘടനയിൽ 360-ാം വകുപ്പ് രാജ്യത്ത് നടപ്പിലാക്കാവുന്ന സാമ്പത്തിക അടിയന്തിരാവസ്ഥയെക്കുറിച്ചാണ് സൂചിപ്പിച്ചിട്ടുള്ളത്. ഭാരതത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് ഏതെങ്കിലും തരത്തിൽ ഭീഷണി ഉണ്ടെന്ന് രാഷ്ട്രപതിക്ക് ബോധ്യപ്പെട്ടാൽ അതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാവുന്നത്. പരമാവധി രണ്ടു മാസത്തിനകത്ത് പാർലമെന്റിന്റെ ഇരുസഭകളും ആ പ്രഖ്യാപനം അംഗീകരിക്കുകയും വേണം. അല്ലെങ്കിൽ സ്വമേധയാ ആ പ്രഖ്യാപനം അസ്ഥിരപ്പെടും. അടിയന്തിരാവസ്ഥ പ്രഖ്യാപനം നിലവിൽ നിൽക്കുമ്പോൾ മാത്രം സർക്കാരിന് നടത്താൻ അധികാരപ്പെടുത്തിയിരിക്കുന്ന നടപടികളാണ് ഇപ്പോൾ കേന്ദ്രഗവണ്മെന്റ് നടത്തിക്കൊണ്ടിരിക്കുന്നത്. ബാങ്കിൽനിന്ന് അവരവർക്കുള്ള പണം പിൻവലിക്കുന്നതിന് ജനങ്ങൾക്കുള്ള അവകാശം പരിമിതപ്പെടുത്താൻ നവംബർ 8-ന്റെ പ്രഖ്യാപനം സർക്കാരിനെ അധികാരപ്പെടുത്തുന്നില്ല. അതായത് നിയമവിരുദ്ധമായി ഇന്ത്യയിൽ സർക്കാർ ഒരു അപ്രഖ്യാപിത സാമ്പത്തിക അടിയന്തിരാവസ്ഥ നടപ്പിലാക്കിയിരിക്കുന്നു വെന്നു ചുരുക്കം. ജനങ്ങൾ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന രൂപ അവരുടെ ആർജിത സ്വത്താണ്. ആ സ്വത്തിന്മേൽ ഇന്ത്യൻ ഭരണഘടനയുടെ 300(അ) വകുപ്പനുസരിച്ച് ഇന്ത്യൻ പൗരന്മാർക്ക് അവകാശമുണ്ട്. അത് ഏറ്റെടുക്കണമെങ്കിൽ ഭൂമി ഏറ്റെടുക്കൽ നിയമംപോലെ പ്രത്യേകനിയമം പാസാക്കേണ്ടതുണ്ട്. അതിന്മേൽ നിയന്ത്രണം ഏർപ്പെടുത്തു ന്നതും ഭരണഘടനാ വിരുദ്ധമാണ്. അങ്ങനെ മൊത്തത്തിൽ ഇപ്പോൾ കേന്ദ്രഗവണ്മെന്റ് നോട്ടുപിൻവലിക്കലിനെത്തുടർന്ന് നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ നടപടികളും ഏതാണ്ട് 125 കോടി ജനങ്ങളെയും പീഡനത്തിന്റെ പരമകോടിയിൽ എത്തിച്ചിരിക്കുന്നുവെന്ന് മാത്രമല്ല ആ നടപടികളെല്ലാം നിലനിൽക്കുന്ന നിയമവ്യവസ്ഥകളുടെ നിഷേധവും ഭരണഘടനാവിരുദ്ധവും ആണെന്നും മനസ്സിലാക്കാവുന്നതാണ്.

3. ഭാവി ചിന്തകൾ :

സാമ്പത്തിക ശാസ്ത്രത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും സാമാന്യയുക്തിക്കുപോലും ചേരാത്ത നടപടിയാണ് ഇപ്പോഴത്തെ നോട്ട് പിൻവലിക്കൽ എന്നത് ബോധ്യപ്പെട്ട സ്ഥിതിക്ക് അതുയർത്തുന്ന ഭാവിപ്രശ്‌നങ്ങൾ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട്. ഇവയിൽ ഏറ്റവും പ്രധാനം ഭരണകൂടം സൃഷ്ടിച്ച പ്രതിസന്ധിയുടെ ആഴവും പരപ്പുമാണ്. രാജ്യത്തെ പണപ്രചരണ മൂല്യത്തിൽ 1000, 500 രൂപാനോട്ടുകൾ ചേർന്നാൽ 86% വരും. അവ പിൻവലിച്ചതോടെ ക്രയശേഷിയുടെ 86% ഉടൻ ഇല്ലാതാവുകയാണ്, (പട്ടിക-ഒന്ന് കാണുക). ഇതു മൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ രൂക്ഷത വളരെ കൂടുതലായിരിക്കും. 86% നോട്ട് മൂല്യം പിൻവലിക്കുമ്പോൾ അതിന്റെ പകുതിപോലും തിരിച്ചുവരാതിരുന്നാൽ (2000 രൂപ, പുതിയ 500 രൂപ ഇവ എത്ര ശതമാനം വരും എന്ന് വ്യക്തമല്ല) ഒപ്പം പുതിയ 2000 രൂപ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നതുംകൂടിയാകുമ്പോൾ മാന്ദ്യത്തിന്റെ തീവ്രത ഇനിയും വർധിക്കും. മാന്ദ്യം സ്ഥായിയായിക്കഴിഞ്ഞാൽ അതിന്റെ പ്രത്യാഘാതങ്ങൾ ദീർഘകാലത്തേക്ക് നിലനിൽക്കും. ബാങ്കുകളിൽ നിക്ഷേപം കൂടുമ്പോൾ, വായ്പ നൽകാൻ അവയ്ക്കുള്ള സാധ്യത വർധിക്കും, പലിശനിരക്ക് കുറയും, കൂടുതൽ പേർ വായ്പ വാങ്ങും, അതുവഴി നിക്ഷേപം വർധിക്കും, സമ്പദ്ഘടന ചലനാത്മകമാകും എന്നൊക്കെയുള്ള പ്രചാരണങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. മാന്ദ്യം അനുഭവിക്കുന്ന ഒരു സമൂഹത്തിൽ, അത് തുടരുമെന്നു കൂടി തോന്നിയാൽ, സ്വകാര്യ നിക്ഷേപം വർധിക്കില്ല. പിന്നെ വേണ്ടത്, മാന്ദ്യത്തെ മറികടക്കാൻ മാത്രമുള്ള പൊതുനിക്ഷേപവും സർക്കാർ സംരംഭങ്ങളുമാണ്. എന്നാൽ, കേന്ദ്രസർക്കാരും അതിന്റെ സാമ്പത്തികനയങ്ങളും പൊതുസംരംഭങ്ങളെയും പൊതുഇടങ്ങളെയും ദുർബലപ്പെടുത്തുന്ന നിലപാടുള്ളവയാണ്. ഇത് കാണിക്കുന്നത് രാജ്യം വലിയ മാന്ദ്യത്തിൽ അകപ്പെടുന്നതോടൊപ്പം ഇവിടത്തെ സ്വകാര്യ മൂലധനം കൂടുതൽ ലാഭം കിട്ടുന്ന അന്യരാജ്യങ്ങളിലേക്കും കൂടുതൽ ഉയർന്ന ഊഹക്കച്ചവടങ്ങളിലേക്കും ചേക്കേറും എന്നതാണ്. കമ്പോളം കിതയ്ക്കുമ്പോൾ, നിക്ഷേപം ഉയരുകയില്ല. കമ്പോളത്തിൽ കൃത്യമായൊരു ശുഭാപ്തിവിശ്വാസം വീണ്ടെടുക്കുമ്പോൾ മാത്രമേ ഉൽപാദനപ്രവർത്തനങ്ങൾ തിരിച്ചുവരികയുള്ളൂ. അതുകൊണ്ടുതന്നെ ഇന്ത്യൻ സമ്പദ്ഘടനയുടെ സമീപഭാവി നിരാശാജനകമാണ്. ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കാൻ എത്ര കറൻസി നോട്ടുകൾ പുതുതായി വേണ്ടിവരും എന്നത് സംബന്ധിച്ച പഠനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. 1946 ൽ പ്രചാരത്തിലുണ്ടായിരുന്ന 500, 1000, 10,000 രൂപാ നോട്ടുകൾ പിൻവലിച്ചിരുന്നെങ്കിലും 1954-ൽ 1000, 10,000 നോട്ടുകൾ പുനരാരംഭിച്ചു. കൂടാതെ, 5000 രൂപയുടെ നോട്ട് പുതുതായി അടിക്കുകയും ചെയ്തു. 1978-ൽ ഇവയെല്ലാം ഒന്നിച്ച് പിൻവലിച്ചു. 1978-ൽ പിൻവലിച്ച 1000 രൂപാനോട്ട് പുതിയ രൂപത്തിൽ പിന്നീട് അച്ചടിക്കുന്നത് 2000-ാമാണ്ട് ഒക്‌ടോബർ മുതൽക്കാണ്. എന്നാൽ അതിന് മുമ്പുതന്നെ 500 രൂപ നോട്ടുകൾ പ്രചാരത്തിൽ വന്നിരുന്നു. അതായത് കഴിഞ്ഞ 16 വർഷമായി 1000രൂപാ നോട്ട് അടിച്ചുകൊണ്ടിരിക്കയാണ്, 500 ന്റേത് അതിനും ഏതാനും വർഷങ്ങൾക്കുമുൻപ് 1998 മുതൽക്കെ പ്രചാരത്തിലുണ്ട്. അതായത്, രണ്ട് പതിറ്റാണ്ടിലേറെയായി അച്ചടിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ നോട്ടുകളാണ് ഒരൊറ്റ നിമിഷംകൊണ്ട് പിൻവലിച്ചത്. ഇതിന് പകരം വെക്കാനുള്ള നോട്ടുകൾ അച്ചടിച്ച് തീർക്കാൻ ഒരു വർഷമെങ്കിലും വേണ്ടിവരും. മൊത്തം 47 ലക്ഷം കോടി രൂപയുടെ നോട്ടുകൾ പുതുതായി അടിക്കേണ്ടിവരുമത്രെ. നമ്മുടെ നാല് സുരക്ഷാപ്രസ്സുകൾ (മൈസൂർ, സാൽബോണി, നാസിക്, ദാവോസ് എന്നിങ്ങനെ) മൂന്ന് ഷിഫ്റ്റിൽ നിരന്തരമായി നോട്ടടിച്ചാൽത്തന്നെ പരമാവധി 33 ലക്ഷം കോടി നോട്ടുകൾ മാത്രമെ ഒരുവർഷംകൊണ്ട് അടിക്കാൻ കഴിയൂ. പുതിയ നോട്ടുകൾ അച്ചടിച്ചുതുടങ്ങിയത് 2016 സെപ്തംബർ അവസാനമാണ്. അതായത് വേണ്ടത്ര നോട്ടടിച്ച് തീർക്കാൻ ചുരുങ്ങിയത് 2017 സെപ്തംബർ എങ്കിലുമാകണം. ഒരു സമ്പദ്‌വ്യവസ്ഥയിലെ ക്രയശേഷി ഒരു വർഷത്തേക്ക് വെട്ടിക്കുറച്ചാൽ അത് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തണമെങ്കിൽ, ഒരു വർഷത്തിൽ കൂടുതൽ സമയമെടുക്കും. അതിനിടക്കുതന്നെ, ജനങ്ങൾ സ്വന്തം ജീവിതത്തിനായി വരുമാനം ഉണ്ടാക്കാനുള്ള മറ്റ് മാർഗങ്ങൾ ആരായും. ഒരുവിഭാഗം കള്ളപ്പണ ഇടപാടിൽതന്നെ വീണ്ടും എത്തിപ്പെട്ടേക്കും. ഡോ. പ്രഭാത് പട്‌നായക് സൂചിപ്പിച്ചതുപോലെ, കേരളത്തിലെ ഒരു തുണിക്കട കത്തിനശിച്ചു എന്നതുകൊണ്ടു മാത്രം ഇന്ത്യയിലെ തുണിവ്യവസായം മൊത്തത്തിൽ ഇല്ലാതാകുന്നില്ല. അതുപോലെ ഏതാനും പേരുടെ കള്ളപ്പണം കണ്ടെത്താൻ കഴിഞ്ഞാൽപോലും, ഇന്ത്യയിലെ കള്ളപ്പണവ്യവസായം ഇല്ലാതാകുന്നില്ല. (10) അതുകൊണ്ടായിരിക്കാം സർക്കാർ പ്രചരണത്തിൽ ഈയിടെയായി പണരഹിത സമ്പദ്‌വ്യവസ്ഥയെപ്പറ്റി കൂടുതൽ വാചാലമാകുന്നത്. അതുപോലെ പുതിയ നോട്ടുകൾ അച്ചടിച്ചാൽത്തന്നെ അത് സമ്പദ്ഘടനയിലേക്ക് വരണം, പലതരം നിക്ഷേപങ്ങളായി മാറണം, അതിന് പിന്നേയും സമയംവേണം. ഇതൊക്കെ കൂടുതൽ ബാധിക്കുന്നത് അസംഘടിതമേഖലയിലും, നാമമാത്ര രംഗത്തുമായതിനാൽ, സാധാരണ തൊഴിലാളികൾക്ക് കുത്തുപാള എടുക്കേണ്ടിവരും. ഇതൊക്കെ ദീർഘകാലാടിസ്ഥാനത്തിൽ ശരിയാകും എന്ന പ്രധാനമന്ത്രിയുടെയും ഭരണകക്ഷിയുടെയും പ്രചാരണത്തിന് 1936ൽതന്നെ പ്രസിദ്ധ ധനശാസ്ത്രജ്ഞനായ ജെ.എം.കെയിൻസ് മറുപടി പറഞ്ഞിട്ടുണ്ട്. 'ശി വേല ഹീിഴ ൃൗി ംല മൃല മഹഹ റലമറ' എന്നായിരുന്നു കെയിൻസ് ഭരണാധികാരികളെ ഓർമിപ്പിച്ചത്. നവംബർ 8ന് ശേഷമുണ്ടായ സംഭവവികാസങ്ങളോട് ആദ്യമായി പ്രതികരിച്ച കേന്ദ്രമന്ത്രി ശ്രീമതി നിർമല സീതാരാമനായിരുന്നു. [9] സമ്പദ്ഘടനയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് അവർക്ക് സമ്മതിക്കേണ്ടിവന്നു. ഹ്രസ്വകാലനഷ്ടം തന്നെ 12 ലക്ഷം കോടിയോളം വരുമെന്ന് കണക്കാക്കുന്നു. ചകജഎജയിലെ ഡോ.കവിതാറാവുവിന്റെ അഭിപ്രായത്തിൽ, ജിഡിപിയിൽ 8% ന്റെ കുറവുണ്ടാവുമത്രെ. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനും നോട്ട് പിൻവലിക്കലിൽ തൃപ്തനല്ല. (ബോക്‌സ് 1 കാണുക) 2016 ഡിസംബർ 31 ന് മുൻപ്തന്നെ പഴയനോട്ട് കൈവശമുള്ളവരെല്ലാം സ്രോതസ്സ് വെളിപ്പെടുത്തി വിനിമയമോ, നിക്ഷേപമോ നടത്തണമെന്ന് പറഞ്ഞിരുന്നെങ്കിൽത്തന്നെ, സ്രോതസ്സില്ലാത്തവരുടെ പണം കണ്ടുകെട്ടാൻ കഴിയുമായിരുന്നില്ലേ എന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നു. ന്യൂനപക്ഷം വരുന്ന കള്ളപ്പണ/കള്ളനോട്ട് ഉടമസ്ഥരുടെ പേരിൽ നാട്ടിലുള്ളവരെല്ലാം കള്ളന്മാരാണെന്ന നിലയിൽ അവരുടെ അധ്വാനഫലം പിൻവലിക്കാൻ അനുവദിക്കാതിരിക്കുന്നതും ദീർഘസ്ഥായിയായ പ്രതിഫലനങ്ങൾക്കിടയാക്കും. റെഡ്ഡിപുത്രിയുടെ വിവാഹവും മല്യയുടെ കടം എഴുതിത്തള്ളലുമെല്ലാം മോശപ്പെട്ട സന്ദേശമാണ് ഭാവി ഇന്ത്യക്ക് നൽകുന്നതെന്ന കാര്യവും ഓർമിപ്പിക്കട്ടെ. നേട്ട-കോട്ട വിലയിരുത്തൽ : നവംബർ 8ന് ശേഷമുണ്ടായ മൊത്തം സംഭവങ്ങളുടെ നേട്ട-കോട്ടങ്ങൾ വിലയിരുത്തിനോക്കിയാൽ എന്ത് നേട്ടമാണ് സർക്കാരിന് ചൂണ്ടിക്കാണിക്കാനുള്ളത്? എന്നാൽ കോട്ടങ്ങളായി ധാരാളം കാര്യങ്ങൾ അടുക്കിവയ്ക്കാനുണ്ട്. സമ്പദ്ഘടന വലിയൊരു മാന്ദ്യത്തിലേക്ക് പോയിക്കൊണ്ടിരിക്കയാണ്. തൊഴിലും വരുമാനവും ഗണ്യമായി കുറയും. ക്രയവിക്രയം കുറയും. ശമ്പളവും വേതനവും കുറയും. കടകളിലേക്ക് പണം ചെല്ലാതാകും. അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചുപോകും. ഇതെല്ലാം പ്രതിസന്ധികളെ പിന്നേയും മൂർച്ഛിപ്പിക്കും. ഉൽപാദനതകർച്ച ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കും. സാമ്പത്തിക വളർച്ചാനിരക്കിനെ ബാധിക്കും. ബാങ്കുകൾക്കാണെങ്കിൽ പിൻവലിച്ച നോട്ടുമായി ബന്ധപ്പെട്ട വിനിമയകാര്യങ്ങളല്ലാതെ പുതിയ ഇടപാടുകളെപ്പറ്റി ആലോചിക്കാൻ പോലും കഴിയുന്നില്ല. ഒപ്പം സർക്കാറിന് പണമായി മാത്രമുണ്ടായ നഷ്ടം ഇതിലും എത്രയോ കൂടുതലാണ്. രണ്ട് ഒഴിവുദിവസങ്ങളിൽ ബേങ്ക് പ്രവർത്തിച്ചവകയിൽ മാത്രം 220 കോടിയോളം രൂപ ഓവർ ടൈം വേതനമായി നൽകേണ്ടിവന്നു. (ആകെ കള്ളനോട്ട് 400 കോടിയുടേതാണെന്ന് കാണണം) പുതിയ 2000, 500 നോട്ടുകൾ അച്ചടിക്കാൻ 12,000 കോടി രൂപ ചെലവാകുമത്രെ. 12 ലക്ഷം കോടിയുടെ താൽക്കാലിക ഉൽപാദന തകർച്ചയുണ്ടായി. കള്ളപ്പണം കണ്ടുകെട്ടുന്നതിലൂടെയും കള്ളനോട്ട് നിർവീര്യമാക്കുന്നതിലൂടെയും (അവയുടെ പ്രാധാന്യം കുറച്ചുകാണുന്നില്ല) നേടുന്നത് എന്തൊക്കെയെന്നത് സത്യസന്ധമായി വിലയിരുത്താൻ സമൂഹവും രാഷ്ട്രീയ നേതൃത്വവും തയ്യാറാകേണ്ടിയിരുന്നു. ഇതൊക്കെ എങ്ങനെയാണ് സമ്പദ്ഘടനയെ ശുദ്ധീകരിക്കാൻ സഹായിക്കുകയെന്നതും പരിശോധിക്കണം. ഇന്ത്യയിൽ ഇന്ന് നടപ്പാകുന്നത് അമിതമായ സാമ്പത്തിക കേന്ദ്രീകരണമാണ്. എല്ലാം പ്രധാന/ധനമന്ത്രാലയങ്ങളിലേക്ക് കേന്ദ്രീകരിക്കയാണ്. ആസൂത്രണകമ്മീഷൻ ഇല്ലാതായി. ദേശീയവികസനസമിതി അപ്രസക്തമായി. പണനയം, പലിശനിരക്ക് എന്നിവയൊക്കെ നിർണയിക്കുന്ന റിസർവ് ബാങ്ക് അധികാരവും കേന്ദ്രസർക്കാറിലേക്ക് വരികയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പു നിയന്ത്രണവും ധനമന്ത്രാലയത്തിലാണ്. ഏടഠ കൗൺസിലിലൂടെ രാജ്യത്തെ നികുതി ഘടന പുതിയൊരു കേന്ദ്രീകൃത തലത്തിലേക്ക് വരികയാണ്. കേന്ദ്രസംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ മുമ്പെങ്ങുമില്ലാത്തവിധം സംസ്ഥാനങ്ങൾ അപ്രസക്തമാകുന്നു. ഈ അമിത കേന്ദ്രീകരണപ്രവണത അപകടകരമായ സൂചനകളാണ് നൽകുന്നത്. നോട്ട് പിൻവലിച്ചതുവഴിയുണ്ടാകുന്ന അരക്ഷിതാവസ്ഥയും സാമ്പത്തികമാന്ദ്യവും കൂടിച്ചേരുമ്പോൾ ഭാവികാര്യങ്ങൾ കൂടുതൽ ഗൗരവമാവുകയാണ്.


പട്ടിക -1 പ്രചരിക്കുന്ന നോട്ടുകളുടെ അനുപാതം മൂല്യത്തിലും എണ്ണത്തിലും (2015-16)

 

സ്രോതസ്സ് : ആർ.ബി.ഐ.യെ ഉദ്ധരിച്ച് എൃീി േഘശില 9.12.2016 റിസർവ് ബാങ്കിന്റെ മുൻഗവർണർ രഘുറാം രാജൻ സൂചിപ്പിക്കുന്നത്.

I am not quite sure if what you meant is demonetise the old notes and introduce new notes instead. In the past demonetisation has been thought off as a way getting black money out of circulation. Because people then have to come and say “how do I have this ten crores in cash sitting in my safe” and they have to explain where they got the money from. It is often cited as a solution. Unfortunately, my sense is the clever find ways around it. They find ways to divide up their hoard in to many smaller pieces. You do find that people who haven’t thought of a way to convert black to white, throw it into the Hundi in some temples. I think there are ways around demonetization. It is not that easy to flush out the black money. Finance and Opportunity in India 20th Lalit Doshi Memorial Lecture

കുറിപ്പുകൾ : 1. ഉദാഹരണത്തിന് കോഴിക്കോട്ടെ സംഭാഷണം നാദാപുരത്തുകാർക്കെതിരായിരുന്നെങ്കിൽ തൃശ്ശൂരിലെ സംഭാഷണം ചാവക്കാട്ടുകാർക്കെതിരായിരുന്നു. ഇതിലെ മുസ്ലിം വിരുദ്ധത പ്രകടമായിരുന്നു. 2. ഡോ.ഐ.ജി.പട്ടേലിന്റെ Glimpses of Indian Economic Policy എന്ന ഗ്രന്ഥത്തിൽ അക്കാര്യം പ്രതിപാദിക്കുന്നുണ്ട്. 3. Central Board of Direct Taxesന്റെ ചെയർമാന്റെ നേതൃത്വമുണ്ടായിരുന്ന കമ്മറ്റി (2012) 4. കേന്ദ്രധനമന്ത്രാലയം ഈ രീതിയിലാണ് കള്ളപ്പണത്തെ നിർവചിച്ചത്. '"Assets or resourses that have neither been reported to the public authorities at the time of their generation nor disclosed at any point of time during their possession"' 5. NIPFP ( National Institute of Public Finance and Policy) എന്ന സ്ഥാപനത്തിന്റെയും ജവഹർലാൽ നെഹ്‌റുസർവകലാശാലയിലെ ഡോ.അരുൺകുമാറിന്റെയും പഠന ( Estimation of the Size of the Black Economy in India, 1996-2012) ങ്ങളാണ് ഇവയിൽ പ്രധാനം. 6. ആർ.രാംകുമാർ, Demonetization: Ineffective, Inadequate and Premature - എന്ന ലേഖനം കാണുക. 7. കേസരി ആഴ്ചപ്പതിപ്പ് - 18.11.2016 8. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ മനസ്സിലാക്കാനായി കേന്ദ്രസർക്കാർ ഡോ.അർജുൻ സെൻ ഗുപ്തയുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റി. 9. Front Line 9.12.2016 9.12.2016 ൽV.Sreedhar ന്റെ ലേഖനം കാണുക. 10.Prabhat Patnaik, "Decision to Demonetise Currency Shows, They Don't Understand Capitalism" എന്ന അഭിമുഖം കാണുക 11. Business Line പത്രം 24.11.2016

  1. (1)ഉദാഹരണത്തിന് കോഴിക്കോട്ടെ സംഭാഷണം നാദാപുരത്തുകാർക്കെതിരായിരുന്നെങ്കിൽ തൃശ്ശൂരിലെ സംഭാഷണം ചാവക്കാട്ടുകാർക്കെതിരായിരുന്നു. ഇതിലെ മുസ്ലിം വിരുദ്ധത പ്രകടമായിരുന്നു.
  2. (2)2. ഡോ.ഐ.ജി.പട്ടേലിന്റെGlimpses of Indian Economic Policy എന്ന ഗ്രന്ഥത്തിൽ അക്കാര്യം പ്രതിപാദിക്കുന്നുണ്ട്.
  3. (3)Central Board of Direct Taxesന്റെ ചെയർമാന്റെ നേതൃത്വമുണ്ടായിരുന്ന കമ്മറ്റി (2012)
  4. (4)കേന്ദ്രധനമന്ത്രാലയം ഈ രീതിയിലാണ് കള്ളപ്പണത്തെ നിർവചിച്ചത്. '"Assets or resourses that have neither been reported to the public authorities at the time of their generation nor disclosed at any point of time during their possession"'
  5. (5) NIPFP ( National Institute of Public Finance and Policy) എന്ന സ്ഥാപനത്തിന്റെയും ജവഹർലാൽ നെഹ്‌റുസർവകലാശാലയിലെ ഡോ.അരുൺകുമാറിന്റെയും പഠന ( Estimation of the Size of the Black Economy in India, 1996-2012) ങ്ങളാണ് ഇവയിൽ പ്രധാനം.
  6. (6) ആർ.രാംകുമാർ, Demonetization: Ineffective, Inadequate and Premature - എന്ന ലേഖനം കാണുക.
  7. (7)കേസരി ആഴ്ചപ്പതിപ്പ് - 18.11.2016
  8. (8) അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ മനസ്സിലാക്കാനായി കേന്ദ്രസർക്കാർ ഡോ.അർജുൻ സെൻ ഗുപ്തയുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റി.
  9. (11)Business Line പത്രം 24.11.2016