യുക്തിചിന്തയും കപടവാദങ്ങളും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
09:27, 28 മാർച്ച് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യുക്തിചിന്തയും കപടവാദങ്ങളും

പരിഷത്ത് യൂണിറ്റ് സയൻസ് സ്കൂൾ പുസ്തകത്തിൽ നിന്ന്

പുസ്തകം ലഭിക്കാൻ ക്ലിക്ക് ചെയ്യുക Sasthravabodham handbook 2016.pdf

 
ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക


ലോജിക്കൽ ഫാലസികൾ

തർക്കങ്ങളും വാദപ്രതിവാദങ്ങളും നിത്യജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ, കപടശാസ്ത്രങ്ങളെയും കേട്ടുകേൾവികളെയും ഒറ്റപ്പെട്ട സംഭവങ്ങളെയും ആധാരമാക്കിയുള്ള വാദങ്ങൾ സർവ്വസാധാരണമാവുകയാണ്. അവനവന്റെ ഭാഗം സമർത്ഥിക്കുന്നതിനാവശ്യമായ തെളിവുകൾ യുക്തിപൂർവ്വം അവതരിപ്പിക്കാതെ കുയുക്തികൾ (fallacies) നിരത്തുന്നത് അസ്വീകാര്യമാണ്. യുക്തിപൂർവ്വം ചിന്തിച്ചാൽ തികച്ചും തെറ്റും എന്നാൽ ശരിയാണെന്ന് തോന്നിപ്പിക്കുന്നതുമായ ചിന്തകളാണ് 'കുയുക്തികൾ'. മനുഷ്യർ കുയുക്തികൾ നിരത്തുന്നതിന്റെ കാരണങ്ങൾ പലതാണ്. അന്ധവിശ്വാസം കൊണ്ടാകാം, ജ്യോതിഷത്തിലുള്ള വിശ്വാസമാകാം, അറിവില്ലായ്മ കൊണ്ടാകാം, അതുമല്ലെങ്കിൽ മറ്റുള്ളവരെ മന:പൂർവ്വം ചതിക്കാനുമാകാം. എന്തായാലും 'വായിൽത്തോന്നുന്നത് കോതയ്ക്കു പാട്ട്' എന്ന തരത്തിലുള്ള തർക്കങ്ങളും 'ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന', അല്ലെങ്കിൽ അരിയെത്ര പയറഞ്ഞാഴി തർക്കു ത്തരങ്ങളും ശാസ്ത്രത്തിന് സ്വീകാര്യമല്ല! ശാസ്ത്രരീതിയുടെ ഭാഗമായ ആഗമനയുക്തിയും (inductive logic) നിഗമനയുക്തിയും (deductive logic) ആണ് സാധാരണ വാദപ്രതിവാദങ്ങളിലും പ്രയോഗിക്കേണ്ടത്. നിരീക്ഷണങ്ങളിലൂടെ ആഗമന യുക്തി ഉപയോഗിച്ച് പരികൽപനകളിലെത്തിച്ചേരാം. തെളിവുകൾ ശേഖരിച്ച് ഈ പരികൽപന ശരിവയ്ക്കുകയോ, തള്ളുകയോ പരിഷ്‌കരിക്കുകയോ ചെയ്യും. പുതിയ വിവരങ്ങൾ ഉണ്ടാകുന്നത് ആഗമനയുക്തി ഉപയോഗിച്ചും തുടർന്നുള്ള തെളിവ് ശേഖരണത്തിലൂടെയുമാണ്. മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ അതേപോലുള്ള പ്രതിഭാസങ്ങളെ വിശദീകരിക്കുന്നതിനുപയോഗിക്കുന്ന യുക്തിയാണ് നിഗമനയുക്തി. ശാസ്ത്രം രണ്ടും ഉപയോഗിക്കുന്നു. നാം ഇത് നിത്യജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നുണ്ട്. പത്രങ്ങൾ, പ്രഭാഷണങ്ങൾ, ടെലിവിഷൻ വാദപ്രതിവാദങ്ങൾ എന്നിവയിൽ കൂടി നാം നിരന്തരം ഇത്തരം പ്രവർത്തനങ്ങൾ കാണുന്നുണ്ട്. ഓരോരുത്തരും അവനവന്റെ ഭാഗം സാധൂകരിക്കുന്നതിനുള്ള സമർത്ഥമായ ശ്രമം നടത്തുന്നത് കാണാം. ഇത്തരം സന്ദർഭങ്ങളിൽ സൂത്രത്തിൽ കുയുക്തികൾ പ്രയോഗിക്കുന്നതും നാം കാണാറുണ്ട്. കുയുക്തിയാണെന്ന് പക്ഷേ, സാധാരണക്കാരന് മനസ്സിലാകില്ല. സംശയത്തിന്റെ പുകമറയിൽ ഒരു വ്യക്തിയേയൊ, സ്ഥാപനത്തെയോ തളച്ചിടാൻ കഴിയും. ഗീബൽസിയൻ തന്ത്രങ്ങൾകൊണ്ട് സാധാരണക്കാരെ വെട്ടിലാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ തന്നെ! സമൂഹത്തിൽ നിലനിൽക്കുന്ന പല കപടശാസ്ത്രങ്ങളും, അനാചാരങ്ങളും, ധാരണകളും കുയുക്തികൾ മുഖേന അരക്കിട്ടുറപ്പിച്ചതാണ്. തർക്കശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന അരിസ്റ്റോട്ടിൽ തന്നെ 13 തരം കുയുക്തികളെ പറ്റി പറഞ്ഞിട്ടുണ്ട്. ആധുനികയുഗത്തിൽ കുയുക്തികളുടെ എണ്ണം കൂടിവരികയാണ് ചെയ്തിരിക്കുന്നത്. 200ൽ പരം കുയുക്തികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലത് ശാസ്ത്രജ്ഞന്മാർപോലും പ്രയോഗിക്കുന്നു. വളരെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്നതും സർവ്വസാധാരണവുമായ ഏതാനും കുയുക്തികൾ പരിശോധിക്കാം.

തെളിവു മറച്ചുവയ്ക്കുക (suppressed evidence)

നിങ്ങൾ ഒരു നിഗമനത്തിലെത്തിച്ചേർന്നു. പക്ഷേ, തെളിവുശേഖരിച്ചപ്പോൾ മനസ്സിലായി എല്ലാ തെളിവുകളും അനുകൂലമല്ലെന്ന്! അതായത്, നിങ്ങളുടെ പരികൽപന തള്ളേണ്ടിവരും. അതിനു തയ്യാറാകാതെ പ്രതികൂലതെളിവുകൾ അറിയാത്ത ഭാവത്തിൽ മറച്ചുവയ്ക്കുകയോ, മന:പൂർവ്വം മറന്നതായി ഭാവിക്കുകയോ ചെയ്യുമ്പോഴാണ് ഈ കുയുക്തി അരങ്ങേറുന്നത്. അനുകൂലമായ തെളിവുകൾ മാത്രം ഉയർത്തിക്കാട്ടുകയും വിപരീതതെളിവുകളെ അവഗണിക്കുകയും ചെയ്യുന്ന ഈ പരിപാടി സാധാരണക്കാർ മാത്രമല്ല, പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞന്മാരും രാഷ്ട്രീയക്കാരുമൊക്കെ ചെയ്യുന്നതാണ്. ഇങ്ങനെയുള്ളവരെ തുറന്നുകാട്ടുകയേ പോംവഴിയുള്ളു. ഉദാഹരണത്തിന്, ജൈവകൃഷിയുടെ കാര്യമെടുക്കാം. അനുകൂലമായും പ്രതികൂലമായും ധാരാളം തെളിവുകളുണ്ട്. ഇതിനെ അനുകൂലിക്കുന്ന വ്യക്തി അനുകൂലമായ വാദമുഖങ്ങൾ മാത്രം നിരത്തും. പ്രതികൂല മായവ കണ്ടില്ലെന്ന് ഭാവിക്കുകയും ചെയ്യും. ഇത് തിരിച്ചും സംഭവിക്കാം! തെളിവ് മറച്ചുവയ്ക്കുന്ന കുയുക്തി ഏറ്റവുമധികം കാണുക പരസ്യങ്ങളിലായിരിക്കും!

രണ്ടിലൊന്ന് (black or white)

സാധാരണക്കാരുടെ ഇടയിൽ കാണുന്നതും രണ്ടിൽ കൂടുതൽ പരിഹാരങ്ങളുള്ളതുമായ ഒരു പ്രശ്‌നത്തിന് രണ്ടുപക്ഷം മാത്രമേയുള്ളുവെന്നും രണ്ടിലൊന്ന് ഉടൻ നിശ്ചയിക്കണമെന്നുള്ള കുയുക്തി. 'നിങ്ങൾ എന്നോടൊപ്പം അല്ലെങ്കിൽ എനിക്കെതിരാണ്'(ഥീൗ മൃല ംശവേ ാല ീൃ മഴമശിേെ ാല), പ്രസിദ്ധമായ ഒരു കുയുക്തിയാണ്. അമേരിക്കൻ പ്രസിഡന്റ് ഇറാക്ക് യുദ്ധത്തിൽ ലോകരാഷ്ട്രങ്ങളോട് പറഞ്ഞതിന്റെ അർത്ഥ മിതാണ്. മറ്റൊരു ഉദാഹരണം : നിങ്ങൾ ഉടൻ തീരുമാനമെടുക്കണം. നിങ്ങൾ അണക്കെട്ടു നിർമിക്കണമെന്നു പറയുന്നവരുടെ കൂടെയാണോ? അതോ, അണക്കെട്ടിനെ എതിർക്കുന്ന പരിസ്ഥിതി സംരക്ഷകരുടെ കൂടെയാണോ? ഈ രണ്ടു മാർഗ്ഗവുമല്ലാതെ മൂന്നാമതൊരു മാർഗം, അതായത്, പരിസ്ഥിതി ആഘാത പഠനം നടത്തി അണക്കെട്ടിന്റെ കാര്യം തീരുമാനിക്കാമെന്ന വസ്തുത കണക്കിലെടുക്കാതെ പോകുന്നു.

കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ (Might makes right)

കേൾവിക്കാരൻ വാദം ശരിവച്ചു കൊള്ളണം, അല്ലെങ്കിൽ ശരിപ്പെടുത്തിക്കളയുമെന്ന ഭീഷണി! ഭീഷണി ശാരീരികമോ മാനസികമോ മറ്റേതെങ്കിലും തരത്തിലോ ആവാം. ഉദാഹരണം : ജൈവകൃഷിയാണ് ഭാവിയുടെ രക്ഷാമാർഗ്ഗമെന്ന് ഏതു കൊച്ചുകുട്ടിക്കുമറിയാം. നിങ്ങൾ അങ്ങനെയല്ലെന്ന് സ്ഥാപിച്ച് ശാസ്ത്രജ്ഞൻ എന്ന നിലയ്ക്കുള്ള വിശ്വാസ്യത തകർക്കരുത്.

അരിയെത്ര പയറഞ്ഞാഴി (Avoiding the issue)

ഇത് ചില രാഷ്ട്രീയക്കാരും സാമൂഹ്യപ്രവർത്തകരും ചെയ്യുന്നതാണ്. കാതലായ ഏതെങ്കിലും ആരോപണമാവാം. അല്ലെങ്കിൽ തർക്കവിഷയമാകാം. പ്രശ്‌നത്തിന്റെ നടുവിലേക്ക് ചെല്ലാതെ മറ്റെന്തെങ്കിലുമൊക്കെ പറയുക. പഴയ സർക്കാരിന്റെ വീഴ്ചകളോ, മുമ്പ് ഇത് നടന്നിരുന്നുവെന്ന വാദമോ, തിരിച്ചുള്ള ആരോപണമോ ഒക്കെ ആകും! ഏതാണ്ട്, അരിയെത്ര പയറഞ്ഞാഴിക്കു തുല്യം.

തിരുവായ്ക്ക് എതിർവായില്ല (No Appeal to authority)

അധികാരകേന്ദ്രം പറയുന്നത് എപ്പോഴും ശരിയെന്ന പഴയ രാജഭരണകാലത്തെ വഴക്കം. അനുസരിച്ചില്ലെങ്കിൽ വിവരമറിയും! ഗലീലിയോയും ബ്രൂണോയുമൊക്കെ വിവരമറിയുകയും ചെയ്തു. ശാസ്ത്രീയമായ കാര്യങ്ങളിൽ രാഷ്ട്രീയക്കാരുടെയും സാംസ്‌കാരികനായകരുടെയും മാധ്യമങ്ങളുടെയും ഇടപെടൽ ഇത്തരത്തിൽ പെടുന്നു. ചിക്കുൻഗുനിയ മരണകാരണമാവില്ല എന്ന് ഡോക്ടർമാരും അങ്ങനെയല്ല എന്ന് മന്ത്രിയും പറഞ്ഞാൽ ആരു പറഞ്ഞതാണ് വിശ്വസിക്കേണ്ടത്? അധികാരമുള്ളതുകൊണ്ടുമാത്രം മന്ത്രി പറഞ്ഞത് ശരിയാവില്ല. ശാസ്ത്രരംഗത്ത് പരിമിതമായ തോതിൽ അധികാരം പ്രയോഗിക്കപ്പെടുന്നുണ്ട്. ഒരു കൃഷിശാസ്ത്രജ്ഞൻ ഫിസിക്‌സിന്റെ കാര്യത്തിൽ സ്വന്തം നിഗമനങ്ങൾക്ക് പോവില്ല. ഊർജ്ജതന്ത്രജ്ഞർ പറയുന്നത് മുഖവിലയ്‌ക്കെടുക്കുകയേ ഉള്ളൂ. തിരിച്ചും! ഇതിനു വിരുദ്ധമായി പ്രശസ്തരാണ് എന്നതുകൊണ്ടുമാത്രം മറ്റു വിഷയങ്ങളിൽ കയറി അഭിപ്രായം കാച്ചുകയും മറ്റുള്ളവർ അത് കൊണ്ടുനടക്കുകയും ചെയ്താൽ കുയുക്തിയായി. അതുപോലെതന്നെ, സ്വന്തം വിഷയത്തിൽപ്പോലും വകുപ്പുമേധാവി പറഞ്ഞു എന്നതുകൊണ്ടുമാത്രം സമ്മതിച്ചുകൊടുക്കാൻ പാടില്ല. അറിയാത്ത വിഷയങ്ങളിൽ മന്ത്രിമാർ മാത്രമല്ല വൈസ്ചാൻസലർമാരും, വകുപ്പുതലവന്മാരും, സാംസ്‌കാരിക നായകരും സാഹിത്യകാരന്മാരും അഭിപ്രായം വച്ചുകാച്ചുന്നതും താഴെയുള്ളവർ തലയാട്ടുന്നതും സ്ഥിരം കാഴ്ചയാണ്. 'ബൈബിളിൽ പറഞ്ഞു', 'ഗീതയിൽ പറഞ്ഞിട്ടുണ്ട്, 'ഖുറാനിലുണ്ട്', 'മാർപ്പാപ്പ പറഞ്ഞു', പ്രസിഡണ്ട് പറഞ്ഞു' എന്ന മട്ടിലുള്ള വാദങ്ങളും ഈ വകുപ്പിൽത്തന്നെ വരും.

ഉടൻ സാമാന്യവത്കരണം (Hasty generalisation)

പ്രാതിനിധ്യസ്വഭാവമില്ലാത്ത സാമ്പിളുകളെ ആധാരമാക്കി ആഗമനയുക്തിയിലൂടെ (inductive logic) പൊതുസ്വഭാവത്തിലെത്തിച്ചേരുമ്പോൾ സംഭവിക്കുന്നത്. ഒന്നോ, രണ്ടോ സംഭവങ്ങൾ മതി ഇത്തരക്കാർക്ക് സാമാന്യവത്കരണം നടത്താൻ. സാധാരണക്കാർ വളരെ പെട്ടെന്ന് ഇത്തരം സാമാന്യവത്കരണം നടത്തിക്കളയും! സാഹചര്യമനുസരിച്ച് രാഷ്ട്രീയക്കാരും, മതമേധാവികളും, പത്രക്കാരും ചാനലുകാരുമൊക്കെ ഇത് ചെയ്യാറുണ്ട്. ശാസ്ത്രജ്ഞന്മാർ പൊതുവേ ഉടൻ സാമാന്യവത്കരണം നടത്താറില്ല. അങ്ങനെ ചെയ്യാത്തതിന് പലപ്പോഴും ഭർത്സനം ഏറ്റുവാങ്ങുകയാണ് പതിവ്! ഉദാഹരണങ്ങൾ 1. ഞാൻ ഈ ഗ്രാമത്തിൽ മൂന്നു കർഷകരെ കണ്ടു. മൂന്നുപേരും പശു വളർത്തുന്നുണ്ട്. ഈ ഗ്രാമത്തിലുള്ള എല്ലാവരും പശു വളർത്തുന്നവരാണെന്ന കാര്യം ഉറപ്പാണ്. 2. ഈ റോഡുവക്കിലുള്ള നാലു തെങ്ങുകൾക്കും ആരും വളമോ, തടം തുറക്കലോ ചെയ്യുന്നില്ല. എന്നിട്ടും എന്തു വിളവാണെന്ന് നോക്കൂ! അതിനർത്ഥം തെങ്ങിന് വളവും വെള്ളവും നൽകിയില്ലെങ്കിലും നല്ല വിളവുതരുമെന്നാണ്.

താത്കാലിക രക്ഷപ്പെടുത്തൽ (Adhoc rescue)

നാമെല്ലാം ചില വിശ്വാസങ്ങൾ മുറുകെപ്പിടിക്കുന്നവരാണ്. ഇതിന് വിരുദ്ധമായ തെളിവുകൾ ഹാജരാക്കിയാൽ നാം പുതിയ എന്തെങ്കിലും കാരണങ്ങൾ കണ്ടെത്തി നമ്മുടെ വിശ്വാസത്തെ രക്ഷിക്കാൻ നോക്കും. ഇത് വെറും പറച്ചിലാകുമ്പോൾ കുയുക്തിയാകും. താഴെപ്പറയുന്ന സംഭാഷണം ശ്രദ്ധിക്കൂ. അമ്മു: നീ കുറച്ചു തുളസി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചു നോക്കു. നിന്റെ ജലദോഷം പമ്പകടക്കും. ലക്ഷ്മി: ഞാനത് ഒരാഴ്ച കഴിച്ചു എന്നിട്ടും മാറിയില്ല. അമ്മു: നീ തുളസി വെള്ളം എല്ലാ ദിവസവും കഴിച്ചുവോ? ലക്ഷ്മി: കഴിച്ചു. അമ്മു: എങ്കിൽ ഒരുകാര്യം ഉറപ്പാണ്. നീ തുളസി വെള്ളം ഉണ്ടാക്കിയ രീതിക്ക് എന്തെങ്കിലും കുഴപ്പം കാണും! ഇത്തരം പരിപാടികൾ നിത്യജീവിതത്തിൽ ധാരാളമുണ്ട്. വഴിപാട്, പ്രാർത്ഥന, ജ്യോത്സ്യം, മന്ത്രവാദം ഇവയൊക്കെ ഫലിക്കാതെ വരുമ്പോൾ ഇതുപോലുള്ള താത്കാലിക വിശദീകരണങ്ങൾ ഉയർന്നു വരും.

കാലുപിടിക്കുക (Appeal to pity)

തന്റെ വാദം അംഗീകരിച്ചില്ലെങ്കിൽ താൻ കുഴപ്പത്തിലാകും. അതുകൊണ്ട് രക്ഷിക്കണം. പക്ഷേ, ഇതിന് വാദത്തിന്റെ സത്തയുമായി ഒരു ബന്ധവുമില്ല. വിദ്യാർത്ഥികൾ അധ്യാപകരുടെ അടുത്തും വക്കീലന്മാർ ജഡ്ജിമാരുടെയടുത്തും, ശാസ്ത്രജ്ഞന്മാർ രാഷ്ട്രീയനേതാക്കന്മാരുടെയും വകുപ്പുതലവന്മാരുടെയുമടുത്തും ചിലപ്പോഴൊക്കെ ഇത് ചെയ്യാറുണ്ട്.

പേരിനു മാത്രം (tokenism)

യഥാർത്ഥത്തിൽ ചെയ്യേണ്ട കാര്യത്തിനു പകരമായി വെറും ടോക്കൺ കാര്യം മാത്രം ചെയ്തു വാചകമടിക്കുക. ഉദാ: നിങ്ങൾക്ക് ഇന്ത്യയിൽ ലിംഗപരമായ വിവേചനമുണ്ടെന്നു പറയാൻ കഴിയില്ല. ഞങ്ങളുടെ മുൻ രാഷ്ട്രപതി ഒരു സ്ത്രീയായിരുന്നുവെന്ന കാര്യം ഓർക്കുക. ശ്രീമതി ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയുമൊക്കെ നല്ല ഉദാഹരണങ്ങളാണല്ലോ?' ഇത്തരത്തിലുള്ള വാദമുഖങ്ങൾ അംഗീകരിച്ചാൽ നിങ്ങൾ ടോക്കണിസത്തിന്റെ അടിമയാകും. ഇപ്പോഴുള്ള എം.പി. മാരിലും, എം.എൽ.എ. മാരിലും എത്ര സ്ത്രീകളുണ്ടെന്നും ഭരണത്തിൽ അവരുടെ സ്വാധീനം എത്രയാണെന്നുമുള്ള കാര്യം പരിഗണിക്കാതെ പലരും ഇത്തരത്തിലുള്ള വാദങ്ങൾക്ക് അടിമയാകാറുണ്ട്.

കിണറ്റിൽ വിഷം കലക്കുക (Poisoning the well)

വാദം ജയിക്കാൻ വേണ്ടി ആദ്യമേ തന്നെ മന:പൂർവ്വം കുയുക്തി നിരത്തും. തിരിച്ച് ഒരു വാദമുന്നയിക്കാൻ നിങ്ങളെ അശക്തനാക്കും! ഉദാ: കാസർഗോഡു ജില്ലയിലെ സർവ്വ ആരോഗ്യപ്രശ്‌നങ്ങളുടെയും കാരണം എൻഡോസൾഫാൻ പ്രയോഗമാണെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയല്ല എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബഹു രാഷ്ട്രകുത്തകകളുടെ പണം പറ്റുന്ന ചില ശാസ്ത്രജ്ഞന്മാർ മാത്രമാണ്. ഇക്കാര്യത്തിൽ താങ്കളുടെ അഭിപ്രായമെന്താണ്? നിങ്ങൾ പെട്ടത് തന്നെ!

സ്റ്റീരിയോ ടൈപ്പ്

സ്റ്റീരിയോ ടൈപ്പുകളെ ഉപയോഗിച്ച് ഒരു സമൂഹത്തെ മുഴുവൻ സാമാന്യവത്കരിക്കുന്നത് കുയുക്തി തന്നെ. വംശീയത, ജാതി, ലിംഗവിവേചനം ഇതിന്റെയൊക്കെ പിന്നിൽ ഈ മനോഭാവമാണുള്ളത്. സ്ത്രീകൾ പുരുഷന്മാരെക്കാൾ താഴെയാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി ഒരു സ്ത്രീ ഡ്രൈവിങ് അപകടം വരുത്തിയതുകണ്ടാൽ ഉടൻ ഇങ്ങനെ അഭിപ്രായപ്പെട്ടേക്കും : എന്റെ ധാരണ എത്ര ശരി! സ്ത്രീ കളെ ഡ്രൈവിങ്ങിനു കൊള്ളില്ല!

തെന്നുന്ന പ്രതലം (Slippery slope)

ഒരു കാര്യം സംഭവിച്ചാൽ മറ്റ് ഗുണകരമല്ലാത്ത കാര്യങ്ങളും സംഭവിക്കാം. പക്ഷേ, ഒന്ന് സംഭവിച്ചതുകൊണ്ട് തുടർന്ന് ഒരു സംഭവപരമ്പര ഉണ്ടാകണമെന്നില്ല. ഓരോന്നിനും പ്രത്യേക കാരണങ്ങൾ തന്നെ വേണം. മതപ്രചാരകർ സാധാരണ പ്രയോഗിക്കുന്നതാണിത്. അ, ആ യിലേയ്ക്കു നയിക്കും, ആ, ഇ യിലേയ്ക്കു നയിക്കും, ഇ, ഉ യിലേയ്ക്കു ............. അങ്ങനെ ഥ, ദ ലേയ്ക്കും ദ നരകത്തിലേക്കും നയിക്കും. നരകത്തിൽ പോകാൻ താൽപര്യമില്ലെങ്കിൽ അ എന്ന ആദ്യപടി തന്നെ ഒഴിവാക്കണം! താഴെപ്പറയുന്ന വാദം നോക്കുക. 'നാം പുകവലി പൂർണ്ണമായി നിരോധിച്ചാൽ പുകയില കർഷകർ ബുദ്ധിമുട്ടിലാകും. അവരുടെ ഉല്പന്നങ്ങൾ വിൽക്കാനാകില്ല. അവർ ആത്മഹത്യ ചെയ്യും. കർഷകരുടെ ഇടയിലെ ആത്മഹത്യാനിരക്ക് വർദ്ധിക്കും. അതുകൊണ്ട് പുകവലി നിരോധിക്കരുത്.'

കോലം കത്തിക്കുക (Straw man)

ഒരു വാദത്തിന്റെ ചെറിയൊരു ഭാഗമെടുത്ത് വലുതാക്കിക്കാണിക്കുക. ശക്തമായ വാദമുഖങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നു. യഥാർത്ഥത്തിലുള്ളതിനെ ആക്രമിക്കുന്നതിനു പകരം കോലത്തെ ആക്രമിക്കുന്നു. എന്നിട്ട് യഥാർത്ഥത്തിലുള്ളതിനെ ആക്രമിച്ചെന്നു പറയുക.

വ്യക്തിഹത്യ (Personal attack)

വാദമുഖങ്ങളെ എതിർക്കുന്നതിനു പകരം വ്യക്തിയെ അധിക്ഷേപിക്കുകയാണിവിടെ. എതിരാളിയുടെ സ്വഭാവം, വ്യക്തിത്വം, മാനസികനില എന്നിവ ആക്ഷേപത്തിനു പാത്രമാകും. ഇവയ്‌ക്കൊന്നും വാദവുമായി ഒരു ബന്ധവും കാണില്ല. ഉദാഹരണങ്ങൾ : 'വിദേശഫണ്ട് വാങ്ങി ഗവേഷണം നടത്തുന്ന ഇയാൾ ഒരു ഇകഅ ചാരനാണ്', 'അയാൾ ഒരു പിന്തിരിപ്പനായതുകൊണ്ടാണ് ഇങ്ങനെയൊക്കെ വാദിക്കുന്നത്'. 'അയാളുടെ സ്വഭാവം ശരിയല്ല'.

സ്വപ്നം മുറുകെ പിടിക്കുക (Wishful thinking)

ചില വിശ്വാസങ്ങൾ സ്വപ്നം പോലെ നാം കൊണ്ടുനടക്കാറുണ്ട്. എതിരായി വരുന്ന തെളിവുകളെ അതുകൊണ്ടുതന്നെ നാം അംഗീകരിക്കില്ല. പക്ഷേ, ഒരാൾ ഉത്കടമായി ആഗ്രഹിക്കുന്നു എന്നതുകൊണ്ടുമാത്രം വാദം ശരിയാകണമെന്നില്ല. അവർ വിദേശഫണ്ട് വാങ്ങിയാണ് പ്രക്ഷോഭം നടത്തുന്നതെന്ന് ഞാൻ കരുതുന്നില്ല. അവർ ഒരു പരിസ്ഥിതിപ്രവർത്തകയാണ്. പരിസ്ഥിതിപ്രവർത്തകർ ഒരിക്കലും ഇത്തരം തെറ്റ് ചെയ്യില്ല. ഒരുഭാഗം ശരിയായതുകൊണ്ട് മുഴുവൻ ശരി ഒരു വസ്തുവിന്റെ ഒന്നോ രണ്ടോ ഭാഗങ്ങൾ ശരിയായതുകൊണ്ട് മുഴുവൻ ശരിയാണെന്ന കുയുക്തി ചിലപ്പോഴൊക്കെ ഒത്തുവന്നേക്കാം. പക്ഷേ, എല്ലാ കേസുകളും ശരിയാവണമെന്നില്ല. ഈ സ്വകാര്യ സ്‌ക്കൂളിലെ ഒരു കുട്ടിക്ക് സ്റ്റേറ്റ് റാങ്കു കിട്ടി. അതുകൊണ്ട് ഈ സ്‌ക്കൂൾ വളരെ നല്ല ഒന്നാണ്. മുഴുവൻ ശരിയായതുകൊണ്ട് ഭാഗങ്ങൾ ശരി മുഴുവനായി എടുത്താൽ വളരെ നന്നായിരിക്കും. പക്ഷേ, എല്ലാ ഭാഗങ്ങളും നന്നായിരിക്കില്ല. ഈ സ്ഥാപനം നടത്തുന്ന വാർഷിക കോൺഫറൻസ് വളരെ പ്രശസ്തവും വിജ്ഞാനപ്രദവുമാണ്. അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന എല്ലാ അവതരണങ്ങളും നന്നായിരിക്കും.

ഘോഷയാത്രയ്ക്കു പിന്നാലെ (Bandwagon)

ഭൂരിഭാഗം പേരും വിശ്വസിക്കുന്നുവെന്നതോ ചെയ്യുന്നുവെന്നതോ കൊണ്ടുമാത്രം ഒരു കാര്യം സത്യമാകണമെന്നില്ല. വാദത്തിൽ യുക്തിയുമുണ്ടാകണമെന്നില്ല. ഈ വർഷമിറങ്ങിയതിൽ ഏറ്റവുമധികം പേർ വായിച്ച പുസ്തകമാണിത്. അതുകൊണ്ടു നിസ്സംശയം പറയാം, ഈ വർഷത്തെ ഏറ്റവും മികച്ച പുസ്തകം ഇതുതന്നെയാണ്. നിങ്ങൾ ഇത് തീർച്ചയായും വായിക്കണം.

ഉണ്ടയില്ലാവെടി (missing the point)

പ്രശ്‌നത്തെ നേരിടുന്നതിനു പകരം വിഷയം തിരിച്ചുവിടും. തെളിവുകളിൽ നിന്ന് എന്തു നിഗമനമാണ് യഥാർത്ഥത്തിൽ കിട്ടുക എന്ന് മനസ്സിലാക്കി വാദം നടത്തുന്നയാളിന്റെ നിഗമനവുമായി താരതമ്യം ചെയ്താൽ കുയുക്തി മനസ്സിലാവും. ഈ പ്രദേശത്ത് കുറ്റകൃത്യങ്ങൾ കൂടി വരികയാണ്. അതിന്റെ കാരണം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ ആധിക്യമാണ്.

പഴയതെല്ലാം ശരി (Appeal to tradition)

പണ്ടു മുതലേ ചെയ്തു വന്നിരുന്നു എന്ന കാരണത്താൽ എല്ലാം ശരിയാകണമെന്നില്ല. അതായത് എല്ലാ പാരമ്പര്യ അറിവുകളും ശരിയല്ല. ഈ രീതി ഞങ്ങൾ പാരമ്പര്യമായി തുടർന്നുപോരുന്നതാണ്. ഇതേവരെ ഒരു കുഴപ്പവുമുണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. കാലവും സാഹചര്യവും മാറിയെന്ന കാര്യം കണക്കിലെടുക്കുന്നതേയില്ല!

പുതിയതെല്ലാം ശരി (Appeal to novelty)

ആധുനികവികസന മോഡൽ തന്നെ പുതിയതെല്ലാം ശരിയാണെന്നു വച്ചുകൊണ്ടുള്ളതാണ്. ഈ മൊബൈൽ ഫോണിന് 50 പ്രത്യേക സവിശേഷതകളുണ്ട്. അതുകൊണ്ട് ഇത് പഴയതിനേക്കാൾ നല്ല മോഡലാണ്.

വാക്കിൽ തൊട്ടുള്ള കളി (Equivocation)

ഒരാൾ ഒരു കാര്യം പറയുകയോ എഴുതുകയോ ചെയ്തു. സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി അതിലെ ഏതെങ്കിലും വാക്കിന്റെ വ്യാഖ്യാനത്തിൽ കടിച്ചുതൂങ്ങിയുള്ള വാദം കുയുക്തിയാണ്. പ്രശ്‌നത്തെ ഊതിപ്പെരുപ്പിക്കാൻ ബോധപൂർവ്വം പത്രക്കാരും ചാനലുകാര്യം രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും ഒക്കെ സ്ഥിരം ചെയ്യുന്ന ഒരു പരിപാടിയാണിത്. അടുത്ത കാലത്ത് പിതൃശൂന്യ പത്രപ്രവർത്തനം എന്നു പറഞ്ഞതിന്റ വ്യാഖ്യാനം പത്രപ്രവർത്തകർ പിതൃശൂന്യരാണ് എന്ന മട്ടിൽ പുരോഗമിച്ചുണ്ടായ കോലാഹലം നാം കണ്ടതാണ്. ഇതുപോലുള്ള ഉദാഹരണങ്ങൾ വിരവധിയുണ്ട്.

തെറ്റായ കാരണം(Post hoc fallacy)

വ്യക്തമായ കാരണങ്ങളില്ലാതെ ഒരു സംഗതി മറ്റൊന്നിന് കാരണമായെന്ന് പറയുക. യഥാർത്ഥത്തിൽ സംഭവം നടക്കാനുണ്ടായ കാരണം മറ്റു പലതുമായിരിക്കും. ഈ ഉപന്യാസമത്സരത്തിൽ ഞാൻ ജയിക്കാനുണ്ടായ കാരണം നീലപ്പേന ഉപയോഗിച്ച് എഴുതിയതുകൊണ്ടാണ്. ഈ നീലപ്പേനയാണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത്. മത്സരങ്ങൾക്ക് പോകുമ്പോഴെല്ലാം ഞാനിതുതന്നെ ഉപയോഗിക്കും. ശകുനം, ഭാഗ്യചിഹ്നങ്ങൾ, മുഹൂർത്തം, കണി എന്നിവയൊക്കെ നോക്കാൻ ഇപ്പോഴും ആളുണ്ടാകുന്നത് ഇത്തരത്തിലുള്ള കുയുക്തികൾ പറഞ്ഞുനടക്കാൻ ആൾക്കാർ തയ്യാറാകുന്നതുകൊണ്ടാണ്. കുയുക്തികളുടെ പട്ടിക ഇവിടെ പൂർണ്ണമാകുന്നില്ല. വാദങ്ങളെയും വാദത്തിന് ആധാരമാക്കി ഉന്നയിക്കുന്ന തെളിവുകളെയും ശാസ്തീയമായി വിശകലനം ചെയ്താൽ യുക്തിയാണോ, കുയുക്തിയാണോ എന്ന് മനസ്സിലാക്കാൻ പറ്റും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കപടശാസ്ത്രങ്ങളും സമൂഹത്തിൽ വളർന്നുവരുന്നതിന്റെ ഒരു കാരണം ഇത്തരം കുയുക്തികളുടെ പ്രയോഗവും, മനുഷ്യർ അവ വിശ്വസിക്കാൻ തയ്യാറാകുന്നു എന്നതുമാണ്. കുയുക്തികളെ യുക്തി ഉപയോഗിച്ചു തന്നെ പ്രതിരോധിക്കാൻ കഴിയണം.