കുമരനല്ലൂർ യൂണിറ്റിന്റെ ചരിത്രം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനല്ലൂർ യൂണിറ്റിന്റെ ചരിത്രം എഴുതാനുള്ള ഒരു ശ്രമമാണ് ഇവിടെ. പലരിൽ നിന്നും കിട്ടിയ കുറെ വിവരങ്ങൾ ക്രോഡീകരിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഇനിയും കുറെയേറെ വിവരങ്ങൾ ലഭ്യമാകാനുണ്ട്. കിട്ടുന്നതിനനുസരിച്ച് ഇവിടെ ചേർക്കുന്നതായിരിക്കും. ഇതു വായിക്കുന്ന ആരുടെയെങ്കിലും കയ്യിൽ അതിനുതകുന്ന വിവരങ്ങൾ, രേഖകൾ, ഫോട്ടോകൾ എന്നിവയുണ്ടെങ്കിൽ യൂണിറ്റ് സെക്രട്ടറിയെ ഏൽപിക്കുകയാണെങ്കിൽ നന്നായിരിക്കും.
തുടക്കം
1973ൽ തന്നെ കുമരനല്ലൂരിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗികമായി അംഗീകാരം ലഭിച്ചത് 1974ൽ ആയിരുന്നു. അന്ന് 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ആനക്കര യൂണിറ്റ് എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. ആദ്യ പ്രസിഡന്റ് പി. വാസുദേവൻ നമ്പൂതിരിയും ആയിരുന്നു. എം. ചന്ദ്രൻ, അച്യൂതൻ ചേക്കോട് എന്നിവർ ആദ്യകാല അംഗങ്ങൾ ആണ്. തണ്ണീകോട് സ്ക്കൂളിലെ ഹെഡ്‍മാസ്റ്റർ ആയിരുന്ന കുമാരൻ മാഷ് സജീവമായി പ്രവർത്തനത്തിൽ ഉണ്ടായിരുന്നു. യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗം നാരായണൻകുട്ടി മാഷാണ്. മെമ്പർഷിപ്പ് സംസ്ഥാനം നേരിട്ട് കൊടുത്തതാണ്. അന്നൊക്കെ അങ്ങനെയായിരുന്നു. മറ്റൊരു മുതിർന്ന അംഗം അരുണ ടീച്ചറാണ്.
1975ൽ 45 അംഗങ്ങൾ ആയി. തൃത്താല, വട്ടേനാട് ഭാഗങ്ങളിൽ നിന്നൊക്കെ അംഗങ്ങൾ ഉണ്ടായിരുന്നു. വിവിധ സംഘടനകളെ അംഗീകരിച്ച് ഓരോ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തനം മുമ്പോട്ടു പോയി.
ആദ്യകാലത്ത് യൂണിറ്റ്, ജില്ല, സംസ്ഥാനം എന്ന ക്രമത്തിലായിരുന്നു പരിഷത്തിന്റെ സംഘടനാ ഘടന. പിന്നീട് മേഖല എന്നൊരു ഘടകം കൂടി വന്നപ്പോൾ ഒറ്റപ്പാലം മേഖലക്കു കീഴിലായി യൂണിറ്റ്. പിന്നീട് പട്ടാമ്പി മേഖല രൂപീകരിച്ചപ്പോൾ അതിനു കീഴിലും ഇപ്പോൾ തൃത്താല മേഖലക്കു കീഴിലുമാണ്.
പി. എസ്. ശശിധരൻ ഒറ്റപ്പാലം മേഖലാ സെക്രട്ടറി ആയിരുന്നപ്പോഴാണ് ആനക്കരയിൽ നിന്ന് വേർതിരിഞ്ഞ് കുമരനല്ലൂർ ഒരു പ്രത്യേക യൂണിറ്റാവുന്നത്. ആദ്യ പ്രസിഡന്റ് പി. വാസുദേവൻ നമ്പൂതിരിയും സെക്രട്ടറി എ.പി. സ്വാമിനാഥനും ആയിരുന്നു. ഈ കാലത്ത് കപ്പൂർ പഞ്ചായത്തിലെ എല്ലാ വാർഡിലും (അന്ന് 13 വാർഡുകൾ) ഗ്രാമപത്രം സ്ഥാപിച്ചു കൊണ്ട് പരിഷത്തിന്റെ പ്രവർത്തനം പഞ്ചായത്ത് മുഴുവൻ വ്യാപിപ്പിച്ചു.
യുറീക്ക
1978 മുതൽ യൂണിറ്റിൽ യുറീക്ക പ്രചരിപ്പിക്കുന്നുണ്ട്. മാസത്തിൽ ഒരു കൂടിയിരിപ്പ് എന്ന രീതിയിൽ മുതിർന്ന എഴുത്തുകാർക്കു വേണ്ടിയുള്ള യുറീക്ക രചനാ ശില്പശാല കുമരനല്ലൂർ ജി.എൽ.പി. സ്ക്കൂളിൽ കുറച്ചു കാലം നല്ല രീതിയിൽ നടന്നിരുന്നു. സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ ഒരു പരിപാടിയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ഉഷ കുമ്പിടി, ശ്രീജ കുമരനല്ലൂർ എന്നീ വനിതാ എഴുത്തുകാരെയും യുറീക്കക്കു ലഭിച്ചു. യുറീക്കയുടെ പത്രാധിപസമിതിയിൽ എട്ടു വർഷവും പത്രാധിപസ്ഥാനത്ത് രണ്ട് വർഷവും യൂണിറ്റിന്റെ പ്രാതിനിധ്യം (രാമകൃഷ്ണൻ കുമരനല്ലൂർ) ഉണ്ടായിരുന്നു. 2018ലെ കുട്ടികളുണ്ടാക്കിയ യുറീക്കയുടെ പത്രാധിപ സമിതിയിൽ ഗൗതം പി.വി. അംഗമായിരുന്നു. 2018ൽ പൊന്നാനിയിൽ വെച്ചു നടന്ന കുട്ടികളുടെ രചനാശില്പശാലയിലും ഗൗതം പങ്കെടുക്കുകയുണ്ടായി. ഈ ശില്പശാല യുറീക്കയും സാഹിത്യ അക്കാദമിയും സംയുക്തമായി നടത്തിയതായിരുന്നു.
വിജ്ഞാനോത്സവം
1978 മുതൽ യൂണിറ്റ് പരിധിയിലുള്ള സ്ക്കൂളുകളിൽ യുറീക്കാ വിജ്ഞാന പരീക്ഷകൾ നടത്തിയിരുന്നു. അദ്ധ്യാപകരുടെ സജ്ജീവ പ്രാതിനിധ്യം ഉണ്ടായിരുന്നതിനാൽ ഇത് സുഗമമായി നടത്താനായി. പിന്നീട് വിജ്ഞാനോത്സവമായപ്പോഴും യൂണിറ്റിൽ ഇത് വളരെ നല്ല രീതിയിൽ തന്നെ നടത്തിക്കൊണ്ടു പോകാനായി. ഔഷധസസ്യങ്ങളും നിർമ്മാണ സാമഗ്രികളുമൊക്കെ വലിയ തോതിൽ ശേഖരിച്ചു നടത്തിയ ആദ്യകാല വിജ്ഞാനോത്സവങ്ങൾ കുടുംബപ്രവർത്തനം കൂടിയായിരുന്നു.
പി.എസ് ശശിധരൻ, എ.പി. സ്വാമിനാഥൻ, ടി. രാമചന്ദ്രൻ, പി.കെ. നാരായണൻ കുട്ടി, വി. ഫൽഗുനൻ, പി.പി. ഷാജി, രാമകൃഷ്ണൻ കുമരനല്ലൂർ തുടങ്ങി നിരവധി പ്രവർത്തകരുടെ സജീവമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ബാലവേദി
കുമരനല്ലൂർ യൂണിറ്റിലെ ആദ്യ ബാലവേദി 1985ൽ തുടങ്ങി. 63 അംഗങ്ങളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. കെ.പി. അനിൽകുമാർ ആദ്യസെക്രട്ടറിയും പി.എസ്. ശശിധരൻ ആദ്യഓർഗനൈസറുമായി. അരിക്കാട് വിദ്യ ബാലവേദി (സെക്രട്ടറി - സിന്ധു സി.പി., ഓർഗനൈസർ ബിന്ദു പി.വി.), കാഞ്ഞിരത്താണി കീർത്തി ബാലവേദി (സെക്രട്ടറി - ജിതേഷ് പി., ഓർഗനൈസർ - സി.വി. മമ്മിക്കുട്ടി) എന്നിവയും ആദ്യകാല ബാലവേദികളിൽ പെടുന്നു. പിന്നീട് പത്തു ബാലവേദികൾ കൂടി കുമരനല്ലൂർ യൂണിറ്റിനു കീഴിൽ തുടങ്ങുകയും വളരെ കാലം സജീവമായി നിലനിൽക്കുകയും ഉണ്ടായി. പി.എസ്. ശശിധരൻ, എ.പി. സ്വാമിനാഥൻ മുകേഷ് എന്നിവരായിരുന്നു ആദ്യകാലത്ത് ഇതിന് നേതൃത്വം നൽകിയിരുന്നത്.
1986ൽ കൊല്ലത്ത് വെച്ചു 600 കുട്ടികളുമായി നടന്ന കേരളബാലോത്സവത്തിൽ പി.എസ്. ശശിധരൻ, കമലാക്ഷി എന്നിവർ പങ്കെടുത്തു. ഇ.എൻ. ഷീജ ബാലവേദി അംഗമായി ക്യാമ്പിൽ പങ്കെടുത്തു.
ബാലവേദിയുടെ കൂടെ പങ്കാളിത്തത്തോടെ 2010നു മുമ്പ് കപ്പൂർ പഞ്ചായത്ത് പക്ഷിസർവ്വേ നടത്തി. ഇതിന്റെ റിപ്പോർട്ടും പക്ഷികളുടെ ലിസ്റ്റും ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പ്രവർത്തനം ഇപ്പോഴും തുടരുന്നു. പരിഷത്തിന്റെ വജ്രജൂബിലി കുടുംബസംഗമത്തിൽ ഈ പട്ടിക പുതുക്കി പ്രകാശിപ്പിക്കുകയുണ്ടായി.
കുമരനല്ലൂർ യൂണിറ്റിൽ നടത്തിയ ഭാഷാബാലോത്സവം ഒരു പക്ഷെ സംസ്ഥാനത്തു തന്നെ ആദ്യത്തേതായിരിക്കും. പിന്നീട് ഇത് തൃത്താല മേഖലാതല ബാലോത്സവമായി വികസിപ്പിക്കുകയുണ്ടായി. ഇവയിൽ നിന്നും ലഭിച്ച രചനകൾ യുറീക്കയിലെ 6 പേജുകളിലായി പ്രസിദ്ധീകരിക്കുന്ന തരത്തിൽ ഈ ബാലോത്സവങ്ങൾ ശ്രദ്ധേയമായി.
മറ്റു പ്രവർത്തനങ്ങൾ
1983ൽ അംഗനവാടി അദ്ധ്യാപികമാർക്കു വേണ്ടിയുള്ള എട്ടു ദിവസം നീണ്ടു നിന്ന പരിശീലന ക്യാമ്പ് ചേക്കോട് വെച്ച് നടത്തുകയുണ്ടായി. സംസ്ഥാന കമ്മറ്റിയിൽ നിന്ന് പുഷ്പിത ജോൺ, കാവുമ്പായി ബാലകൃഷ്ണൻ, സരസ്വതി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
പരിഷത്തിന്റെ തനതു ആശയവിനിമയോപാധിയായ കലാജാഥകൾക്ക് നിരവധി തവണ യൂണിറ്റിൽ സ്വീകരണം നൽകിയിട്ടുണ്ട്. കുമരനല്ലൂർ കൊടിക്കാംകുന്നിൽ ചെന്താമരാക്ഷൻ നായരുടെ വീട്ടിൽ മേഖലാ കലാജാഥാ ക്യാമ്പ് നടത്തിയിട്ടുണ്ട്.
തുടക്കത്തിൽ അടുപ്പ് ചുമതല വഹിച്ചിരുന്നത് ഇപ്പോഴത്തെ വാനനിരീക്ഷകനായ സുകുമാരൻ എടപ്പാൾ ആയിരുന്നു. ആദ്യം തന്നെ 100 അടുപ്പുകൾ പ്രചരിപ്പിച്ചികൊണ്ട് ഈ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിരുന്നു.
അനൗദ്യോഗികവും ഔദ്യോഗികവുമായ നിരവധി ജ്യോതിഃശാസ്ത്രക്ലാസ്സുകൾ പി.എസ്. ശശിധരൻ, സുകുമാരൻസ, ഷാജി എന്നിവർ നയിച്ചുട്ടുണ്ട്.
1991ലെ സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനം മികച്ച ഏകോപനത്തിനു ദൃഷ്ടാന്തമാണ്. എല്ലാ മേഖലയിൽ പെട്ടവരെയും ഒരു ദിശയിലേക്കു കൊണ്ടുവന്ന ഉത്സവ പ്രതീതി ജനിപ്പിച്ച നാളുകളായിരുന്നു അവ. ടി. രാമചന്ദ്രൻ പഞ്ചായത്ത് കോ-ഓർഡിനേറ്റർ സ്ഥാനം വഹിച്ചു. ഉജ്ജ്വലമായ പ്രഖ്യാപനറാലി കാണാൻ റോഡിനിരുവശവും കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാർ വരെ നിരന്നു നിന്നു.
ജനകീയാസൂത്രണം, സ്വാശ്രയസമിതി പ്രവർത്തനങ്ങളിലും സജീവമായി തന്നെ യൂണിറ്റ് പ്രവർത്തകരും ഉണ്ടായിരുന്നു. ഓരോ കാലത്തും നടന്ന വിദ്യാഭ്യാസ-ആരോഗ്യ-വനിതാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ആവശ്യമായ ഘട്ടങ്ങളിൽ നേതൃത്വപരമായ പങ്ക് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രക്ലാസ്സുകൾ, പ്രകൃതി ശാസ്ത്രം സമൂഹം ക്ലാസ്സുകൾ നല്ല രീതിയിൽ തന്നെ നടത്തിയിട്ടുണ്ട്.