ബാലവേദി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:01, 5 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rameshpkssp (സംവാദം | സംഭാവനകൾ) ('ബാലവേദി 1962 ലാണല്ലോ ശാസ്ത്രസാഹിത്യ പരിഷത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബാലവേദി

   1962 ലാണല്ലോ  ശാസ്ത്രസാഹിത്യ പരിഷത്തിനു തുടക്കം  കുറിച്ചത്. ശാസ്ത്രസാഹിത്യ പ്രവർത്തകരിൽ നിന്ന് ബഹുജനങ്ങളിലേക്ക് വികസിച്ച 70കളിൽ തന്നെ പരിഷത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ഇടപെടലുകൾ  ആരംഭിച്ചു.  NCERT സിലബസ് അടിസ്ഥാനത്തിൽ  അധ്യാപകർക്ക് പരിശീലനം  കൊടുത്തുകൊണ്ടും  സ്കൂളുകൾക്ക് നല്കിയ പഠനോപകരണ കിറ്റുകൾ  അധ്യാപകരെ പരിചയപ്പെടുത്തിക്കൊണ്ടുമാണ് ഈ പ്രവർത്തനം  തുടങ്ങിയത്. സ്കൂളുകൾ  കേന്ദ്രീകരിച്ച് വിദ്യാർത്ഥികളുടെ സയൻസ് ക്ലബ്ബുകൾ  വിപുലീകരിക്കാനും  പ്രവർത്തനക്ഷമമാക്കുവാനുമുള്ള ഇടപെടൽ   ഇതിന്റെ തുടർച്ചയായി ഉണ്ടായി. ശാസ്ത്ര പ്രദർ ശനങ്ങൽ  സംഘടിപ്പിക്കുവാനും ജില്ലാതലത്തിൽ സ്കൂൾ  ലൈസനിംഗ് കമ്മിറ്റികൾ  രൂപീകരിക്കാനും  ശ്രമിച്ചു. 2 വർഷം  കൊണ്ട് 1500 ലധികം  സയൻസ് ക്ലബ്ബുകൾ  രൂപീകരിക്കാനും  അവ പരിഷത്ത് സംഘടനയുമായി  അഫിലിയേറ്റ് ചെയ്യാനും  സ്കൂൾ  ലാബുകൾ  കൂടുതൽ ഉപയോഗപ്പെടുത്താനും  ശാസ്ത്രോപകരണ മാതൃകകൾ  നിർമ്മിക്കാനും  ശാസ്ത്രമേളകൾ  നടത്താനുമൊക്കെ നമുക്കായി. ഇതിന്റെ ഭാഗമായി സ്കൂൾ സയൻസ് ക്ലബ്ബ് , അപ്പുവിന്റെ സയൻസ് കോർണർ  തുടങ്ങിയ പുസ്തകങ്ങൾ  പ്രസിദ്ധീകരിച്ചു.  ശാസ്ത്രം പ്രവർത്തനമാണ്  എന്ന ബോധം  പ്രസരിപ്പിക്കുവാൻ  ഇതിലൂടെയെല്ലാം നമുക്കായി.  അവധിക്കാലത്ത് കുട്ടികൾക്കായുള്ള, പാഠപുസ്തക ബന്ധിത  ശാസ്ത്രപോഷണ ക്ലാസ്സുകളും  നമ്മൾ  ഇക്കാലത്ത് നടത്തിയിരുന്നു. 
   സ്കൂളിനകത്ത് മേൽ സൂചിപ്പിച്ച പ്രവർത്തനങ്ങൾ  അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ  നടത്തിയാൽ  മാത്രം പോരാ, ഔപചാരിക വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകൾക്കപ്പുറം  സ്കൂളിനു പുറത്ത് കുട്ടികളെ സംഘടിപ്പിച്ച് അവരിൽ  ശാസ്ത്രബോധവും  പുതിയൊരു  ജീവിതരീതിയും  വളർത്തിയെടുക്കാനുള്ള  പ്രവർത്തനം  വേണം  എന്ന കാഴ്ചപ്പാടിനനുസരിച്ച് 1978 ൽ  ആണ് ബാലവേദികൾ ആരംഭിക്കുന്നത്.  പരിഷത്തിന്റെ ജൂനിയർ  പ്രവർത്തകരായി ഇവരെ വളർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം  നമുക്കുണ്ടായിരുന്നു.  സ്കൂളുകളിൽ  എത്താത്ത കുട്ടികൾ, വിദ്യാലയം  വിട്ടുപോയ കുട്ടികൾ  എന്നിവരെയൊക്കെ ഇതിന്റെ ഭാഗമാക്കാൻ  ആയി.  ബാലവേദികൾക്ക് സംഘടനയിൽ  അഫിലിയേഷൻ നല്കാനും  പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും  സജീവമാക്കാനും  വേണ്ടി 1981, 1984, 1993, 1996,2000, 2002,  വർഷങ്ങളിൽ  കൈപുസ്തകങ്ങൾ  പ്രസിദ്ധീകരിച്ചു. തുടർന്നുള്ള വർഷങ്ങളിലും  വിഷയാധിഷ്ഠിതമായും പൊതുവായും ഉള്ള കൈപ്പുസ്തകങ്ങൾ നാം  നിരവധി  പ്രസിദ്ധീകരിക്കുകയുണ്ടായി. 1982 മുതൽ  ആണ് സി.വി. രാമന്റെ ജന്മദിനം  നവംബർ 7 ബാലവേദി  ദിനമായി നാം  ആഘോഷിക്കാൻ  തുടങ്ങിയത്. 1982  ലെ ചെറായി കലാജാഥ   കുട്ടികളുടെ വലിയ റാലിയോടെയും  സംഗമത്തോടെയും   നവംബർ 7 നു സമാപിച്ചത്.  
   അറിവുകളെ അനുഭവങ്ങളാക്കി നല്കുന്നതിലാണ് ബാലവേദികൾ  ഊന്നിയത്. ഇന്ന് സാർവത്രികമായ പ്രവർത്തനാധിഷ്ഠിത പഠന രീതിയുടെ ആവിഷ്കാരമാണ് നമ്മുടെ ബാലവേദികളെ പ്രസക്തമാക്കിയത്. 'പഠനം  പാൽപ്പായസം  അധ്യാപനം  അതിമധുരം'  എന്ന സമീപനമാണ് നാം  സ്വീകരിച്ചത്. പാട്ട്, കഥ, അഭിനയം, പ്രകൃതിനിരീക്ഷണം, നിർമ്മാണം, 1986 ലെ ഹാലി ധൂമകേതുവിന്റെ വരവോടെ നക്ഷത്ര നിരീക്ഷണം, പാവകളി, പ്രൊജക്റ്റുകൾ  തുടങ്ങിയവയൊക്കെ നമ്മുടെ സ്ഥിരം  വിഭവങ്ങളായി.1986 ലെ  2 സംസ്ഥാന ബാലോത്സവജാഥകൾ  കളികൾ, പാട്ട്, പാവനാടകം, ചൊൽക്കാഴ്ച, രൂപകം  തുടങ്ങിയ സങ്കേതങ്ങളിലൂടെ പാഠഭാഗത്തെ ശാസ്ത്രവസ്തുതകൾ  സരസമായും ആകർഷകമായും  അവതരിപ്പിച്ചുകൊണ്ട്  സ്കൂളുകളിലൂടെ സഞ്ചരിച്ച് തൃശ്ശൂരിൽ  സമാപിച്ചു. 1987 ഡിസംബറിൽ  തൃശ്ശൂരിൽ  വച്ച് അഖിലേന്ത്യാബാലോത്സവം  നടത്തി. കേരളത്തിലെ 1000 കുട്ടികളും  ഇതര സംസ്ഥാന ങ്ങളിലെ 400 ഓളം  കുട്ടികളും  പങ്കെടുത്ത ഈ അതിഥി - ആതിഥേയ  പരിപാടി ഒരു വലിയ അനുഭവവും  മുന്നേറ്റവുമായിരുന്നു. വിവിധ മൂലകളിലായി, ക്ലാസ്സ് റൂം  പഠനത്തിനു പുതിയ രൂപം നല്കാനും  നിരവധി കുട്ടികളെയും  അധ്യാപകരെയും പരിചയപ്പെടുത്താനും  ഇതിലൂടെ സഹായിച്ചു.  അരവിന്ദ് ഗുപ്ത, രാമാനുജം പോലുള്ള നിരവധി വിദഗ്ധരും  ഇതിൽ പങ്കാളികളായി. പഠനം  എന്നത് രസകരമായ ഒരു പ്രക്രിയയാണെന്നും  അതിനായി നിരവധി തരത്തിലുള്ള ബദൽ ബോധന തന്ത്രങ്ങൾ  ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടതുണ്ടെന്നുമുള്ള ചിന്ത പ്രബലമാക്കുവാനും  പ്രസരിപ്പിക്കാനുമായി എന്നതുകൂടി തൃശ്ശൂർ ബാലോത്സവത്തിന്റെ പ്രത്യേകതയാണ്. 1028ബാലവേദികൾ  ഇക്കാലയളവിൽ  അഫിലിയേറ്റ് ചെയ്തു. 
   1988ൽ  7 ബാലോത്സവജാഥകൾ  അഞ്ഞൂറിലധികം  കേന്ദ്രങ്ങളിൽ  പരിപാടികൾ  അവതരിപ്പിച്ചു.  ഇതിന്റെ ഭാഗമായി  1500 ലധികം  സ്കൂളുകളിൽ  പരിഷത്തിന്റെ വിദഗ്ധ സം ഘം  പാഠപുസ്തകങ്ങളിലെ ശാസ്ത്ര പരീക്ഷണങ്ങൾ  അവതരിപ്പിച്ചു. അവധിക്കാല പഠനോത്സവം  ക്യാമ്പുകളും  ഇതിന്റെ തുടർച്ചയായി  ആരംഭിച്ചു.  ഓണം, കൃസ്ത്മസ്, വേനലവധിക്കാലത്തൊക്കെ പ്രത്യേക വിഷയങ്ങളിലുള്ള ബാലോത്സവങ്ങൾ   ഒരു സ്ഥിരം  പരിപാടിയായി മാറി. ഇക്കാലത്തു തന്നെ തിരുവനന്തപുരം ജില്ലയിൽ തുടങ്ങിയ അക്ഷരവേദി പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളിലെ നിരക്ഷരത കണ്ടെത്തുവാനും  ഇതു പരിഹരിക്കുന്നതിനായി നടത്തിയ ശ്രമങ്ങൾ  സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുകയും   ബാലസഹവാസ ക്യാമ്പുകൾ, പരിസ്ഥിതി സഹവാസ ക്യാമ്പുകൾ, നക്ഷത്ര സഹവാസക്യാമ്പുകൾ  തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തു. ഇതിന്റെ അനുഭവത്തിൽ നിന്നാണ് ഉദ്ഗ്രഥിത പഠന സമീപനം  എന്ന പഠനരീതി രൂപപ്പെട്ടുവന്നത്. ഏഴാം  ക്ലാസ്സിലെ ശാസ്ത്രപാഠപുസ്തകം  അടിസ്ഥാനമാക്കി ഇതിന്റെ ട്രൈ ഔട്ട് SCERT 40 സ്കൂളുകളിൽ  നടത്തി അതിന്റെ അനുഭവത്തിൽ  നിന്ന് ഇതര പാഠപുസ്തകങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുകയും  ചെയ്തു. ഇതിന്റെ തുടർച്ചയായാണ് Educational Research Unit( ERU) രൂപപ്പെട്ടത്.  നാം  ഇക്കാലമത്രയും നടത്തിയ ബാലവേദി പരീക്ഷണത്തിലൂടെ ബോധ്യപ്പെട്ട കാര്യങ്ങൾ, പഠന രീതികൾ  ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനുള്ള വിവിധ തലങ്ങളിലെ ബന്ധപ്പെടലുകളും  ഇതോടൊപ്പം നാം മുന്നോട്ടു കൊണ്ടുപോയി.  1995- 96 കാലത്തെ സ്കൂൾ  കോംപ്ലക്സുകൾ  ഇതിലെ ഒരു ചുവടുവെപ്പായിരുന്നു. ഇതിനിടയിൽ  1993 ൽ കുട്ടികളെ തന്നെ അംഗങ്ങളാക്കി സാമൂഹ്യ വിഷയങ്ങൾ  കൂടി ഉൾപ്പെടുത്തി കിളിക്കൂട്ടം  കലാജാഥകൾ  ആരംഭിച്ചു.  
   ഔപചാരിക തലത്തിൽ  ആരംഭിച്ച് പിന്നീട് കുറേക്കൂടി  സ്വാതന്ത്ര്യമുള്ള അനൗപചാരിക തലത്തിലേയ്ക്ക് മാറുകയും  അതിലൂടെ നാം ആർജ്ജിച്ച തിരിച്ചറിവുകൾ  പിന്നീട് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയും ചെയ്ത ഒരു പ്രവർത്തനരീതിയാണ് നാം  അവലംബിച്ചത്. കേരളത്തിലെ ക്ലാസ്സ് മുറികളെയും കുട്ടികളെയും  അധ്യാപകരെയും  സമൂലമായി മാറ്റുന്നതിലേയ്ക്ക് നയിച്ച പാഠ്യപദ്ധതി പരിഷകരണത്തിന്റെ സിംഹഭാഗവും  പരിഷത്ത് ബാലവേദി അനുഭവങ്ങളാണ് എന്നതിൽ  തർക്കമില്ല. ബോധന തന്ത്രത്തിൽ മാറ്റം വരുമ്പോൾ  സ്വാഭാവികമായും  മൂല്യനിർണയത്തിലും  മാറ്റം വരണം.  കുട്ടിയുടെ വിവിധ തരത്തിലുള്ള ശേഷികൾ  പരിശോധിക്കപ്പെടണം, അതും  നിരന്തരമായി നടക്കണം. നാം നടത്തിയിരുന്ന   യുറീക്ക വിജ്ഞാന പരീക്ഷ, ശാസ്ത്രകേരളം  വിജ്ഞാന പരീക്ഷ, ശാസ്ത്രഗതി വിജ്ഞാന പരീക്ഷ എന്നിവയൊക്കെ ഇതിന്റെ അടിസ്ഥാനത്തിൽ  പരിഷ്കരിച്ച് വിജ്ഞാനോത്സവത്തിലേയ്ക്ക്  മുന്നേറി. 
   ബാലവേദിയുടെ ചരിത്രത്തിൽ  അഖിലേന്ത്യാതലത്തിൽ തന്നെ ഏറ്റവും  കൂടുതൽ കുട്ടികൾ  പങ്കെടുത്ത സഹവാസ ക്യാമ്പാണ് 2002 ൽ ആലപ്പുഴയിൽ നടന്ന, 3010 കുട്ടികളും  910 പ്രവർ ത്തകരും  പങ്കെടുത്ത  സർഗോത്സവം. ഷിംലയിൽ നടന്ന AIPSN  ന്റെ സമ്മേളനത്തിൽ വെച്ചാണ് ഇത്തരം  ഒരു തീരുമാനമെടുക്കുന്നത്.  നേരത്തെ കേരളത്തിലെ ജില്ലകളിൽ  നടന്നിരുന്ന ത്രിദിന ബാലവേദി  യോഗങ്ങളിൽ  ഇതിന്റെ പ്രാഥമികാശയങ്ങൾ  ഉരുത്തിരിഞ്ഞിരുന്നു. പരിഷത്ത് ബാലവേദികളിൽ  നടത്തിയ ചങ്ങാതിക്കൂട്ടത്തിന്റെ വളരെ വിപുലീകൃതമായ  രൂപമായിരുന്നു ഇത്. സംസ്ഥാന തലത്തിലും  ജില്ലാ തലങ്ങളിലും  സംഘാടക സമിതികളും  അക്കാദമിക സമിതികളും  രൂപീകരിച്ച് വലിയ മുന്നൊരുക്കങ്ങൾ  നടത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികൾ (816 പേർ)  ഓരോ ജില്ലകളിലേയ്ക്കും  വരുകയും അവിടെ 49 ക്ലസ്റ്ററുകളിലായി അതിഥി ആതിഥേയ രീതിയിൽ സർഗോത്സവങ്ങളിൽ  പങ്കെടുക്കുകയും  പിന്നെ അതിഥികളും  ആതിഥേയരും  കൂടി  ആലപ്പുഴയിൽ  സമ്മേളിച്ച് വീണ്ടും   100 പ്രവർത്തന മൂലകളിലായി  സർഗോത്സവം  ആഘോഷമാക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി 225 പഞ്ചായത്തുതൽ  സർഗോത്സവങ്ങളും  സംഘടിപ്പിക്കുകയുണ്ടായി. വർഗ്ഗീയ പിന്തിരിപ്പൻ  ശക്തികൾ  കുട്ടികളുടെ രംഗത്ത് നടത്തിവന്ന പ്രതിലോമ ആശയങ്ങളെ ചെറുക്കുന്നതിനുള്ള  ഇടപെടൽ  കൂടിയായിരുന്നു ഇത്. 
   ആഗോളതലത്തിൽ  പ്രഖ്യാപിക്കപെടുന്ന വർഷാചരണങ്ങളും  വിവിധ ദിനാചരണങ്ങളും  ബാലവേദി പ്രവർത്തനങ്ങളുടെ തീമുകളായും  പ്രവർത്തന സാധ്യതകളായും     നാം ഇപ്പോൾ    സ്വീകരിച്ചുവരുന്നു.  വനവർഷം, പ്രകാശത്തിന്റെ വർഷം, ജൈവവൈവിധ്യ വർഷം, രസതന്ത്ര വർഷം  എന്നിവയൊക്കെ ഇത്തരത്തിൽ  നാം വലിയ തോതിൽ  പ്രയോജനപ്പെടുത്തിയതാണ്. ഇതിന്റെ ഭാഗമായി  പ്രത്യേക കൈപ്പുസ്തകങ്ങൾ  തയ്യാറാക്കി, സംസ്ഥാന - ജില്ല തലങ്ങളിൽ പരിശീലനങ്ങൾ    സംഘടിപ്പിച്ചു, ബാലോത്സവങ്ങൾ  ജില്ല, മേഖല, യൂണിറ്റ് തലങ്ങളിൽ  നടത്തി. ബാലവേദി  പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ വിഭവങ്ങളാണ് കുട്ടികളുടെ പ്രകാശം, രാസരാജി, കിലുക്കാംപെട്ടി  എന്നീ പുസ്തകങ്ങളും  മഴത്തുള്ളികൾ  എന്ന ഓഡിയോ സി.ഡിയും. 2013 ൽ  നിലമ്പൂരിലും  കൊല്ലം  പരവൂരിലും  നടന്ന സംസ്ഥാന ബാലോത്സവങ്ങളിൽ  500 കുട്ടികൾ  വീതം  പപങ്കെടുത്തു.  20 വിഷയ ലോകങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്. യുറീക്കയുടെ  അൻപതാം  വാർഷികാഘോഷത്തിന്റെ ഭാഗമായി യുറീക്കോത്സവം  സംഘടിപ്പിക്കാൻ  വലിയ മുന്നൊരുക്കങ്ങൾ  അക്കാദമികമായി നടക്കുകയും  കൈപുസ്തകം  തയ്യാറാക്കുകയും  ചെയ്തു. ജില്ല, മേഖല തലങ്ങൾ  വിജയകരമായി സംഘടിപ്പിച്ചെങ്കിലും കോവിഡ് 19 ന്റെ വരവോടെ അതിന്റെ തുടർച്ച  ഉണ്ടായില്ല. കഴിഞ്ഞ ഒന്നര  വർഷമായി  ഓൺലൈൻ മാധ്യമങ്ങൾ വഴി ബാലവേദി പ്രവർത്തനങ്ങൽ  ശക്തിപ്പെട്ടിട്ടുണ്ട്.  കുട്ടികളുടെ ഓൺലൈൻ  ഗ്രൂപ്പുകൾ  രൂപീകരിക്കുകയും  സംസ്ഥാനതലം  മുതൽ  പ്രാദേശിക തലം  വരെയുള്ള വിഭവങ്ങൾ  നിരന്തരം  പങ്കുവെക്കുകയും ചെയ്തുവരുന്നു. 100 ദിനശാസ്ത്ര പരീക്ഷണങ്ങൾ, പ്രകൃതി പാഠങ്ങൾ, കുഞ്ഞുവരകൾ, പക്ഷി നിരീക്ഷണം  എന്നിവയൊക്കെ അവയിൽ ചിലതാണ്. ഇടയ്ക്കിടെ കുട്ടികളുടെ കൂടിച്ചേരലുകളും  ഓൺലൈൻ  ബാലോത്സവങ്ങളും  സംഘടിപ്പിച്ചു വരുന്നു. 1000 ബാലവേദികൾ  1 ലക്ഷം  കുട്ടികൾ  എന്ന ലക്ഷ്യത്തിലേയ്ക്ക് ബാലവേദി  മുന്നേറുകയാണ്. 
   എങ്കിലും പുതിയ സാങ്കേതിക വിദ്യകളെ ശിശു സൗഹൃദമാക്കി, അധ്യാപക സൗഹൃദമാക്കി, സമൂഹ സൗഹൃദമാക്കി  മാറ്റുവാൻ, പുതിയ സാമൂഹ്യ സമസ്യകളെ കുട്ടികൾക്ക് അതിവേഗം മനസ്സിലാക്കുവാൻ പറ്റുന്ന പ്രവർത്തനങ്ങളാക്കി മാറ്റുവാൻ, സമൂഹത്തെ, ചുറ്റുപാടിനെ പാഠപുസ്തകമാക്കിയുള്ള പുതിയ കാലത്തെ കുട്ടികളുടെ സ്വയം  പഠനശേഷി  വളർത്തുവാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം  നല്കുവാൻ  നമുക്കായിട്ടുണ്ടോ?  സംഘടനക്കുള്ളിൽ  ബാലവേദി മുൻകാലത്തെ പോലെ ഒരു ഗൗരവമുള്ള അജണ്ടയായി അനുഭവപ്പെടുന്നില്ല. പരിഷത്തിന്റെ മുൻകാല നേതൃനിരയിൽ  പ്രവർത്തിച്ചവരിൽ  പലരും  ബാലവേദി അനുഭവങ്ങൾ  ധാരാളം  ഉള്ളവരും  അവർ തന്നെ പിന്നീട് വിദ്യാഭ്യാസ രംഗത്തെ അക്കാദമിക ഇടപെടലിനു ചുക്കാൻ പിടിക്കുകയും  ചെയ്തതുകൊണ്ടാണ് ബാലവേദി  ഒരു പ്രധാന അജണ്ടയായി  സംഘടനയിൽ  നില നില്ക്കാനും  നമ്മുടെ പരീക്ഷണങ്ങൾ  ഔപചാരിക വിദ്യാഭ്യാസത്തിലേയ്ക്ക് സന്നിവേശിപ്പിക്കാനും  സാധിച്ചത്.  ബാലവേദികളിലൂടെ വന്ന കുട്ടികൾക്കൊക്കെ പല ഉന്നത രംഗങ്ങളിലും  എത്താൻ  സാധിച്ചുവെന്നതും  അവർക്കൊക്കെ അവരുടെ പ്രവർത്തന മേഖലകളിൽ  ശാസ്ത്രീയമായ  ഒരു വീക്ഷണം  പുലർത്താൻ  സാധിച്ചുവെന്നതും  കാണാം.  ബാലവേദി കുട്ടികളും  അവരുടെ രക്ഷിതാക്കളും  പരിഷത്ത് സുഹൃത്തുക്കളും  പ്രചാരകരും ആയിരുന്നു, നമ്മുടെ പുസ്തക പ്രചാരണ ശൃംഖലയിലെ പ്രധാന കണ്ണികളും  ഇവരാണ്. ഏതെങ്കിലും പ്രദേശങ്ങളിൽ  പരിഷത്തിന്റെ ദൃശ്യതയ്ക്ക് കുറവു സംഭവിച്ചിട്ടുണ്ടെങ്കിൽ  അതിന്റെ ഒരു കാരണം  ബാലവേദികൾക്ക് സംഭവിച്ച ക്ഷീണം  ആണെന്നു വിലയിരുത്തുന്നതിൽ തെറ്റില്ല. ബാലവേദി കുട്ടികളിലൂടെ നാം നടത്തുന്ന ഇടപെടലുകൾ, അവർക്ക് നല്കുന്ന ബോധങ്ങൾ, മൂല്യങ്ങൾ    കുടുംബങ്ങളിലേയ്ക്ക് കൂടി എത്തുന്നുവെന്നതിന്  എത്രയോ തെളിവുകൾ  ഉണ്ട്. 'ശാസ്ത്രബോധം  സാമാന്യബോധമാക്കുക' എന്ന നമ്മുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ, ദൗത്യത്തിൽ ബാലവേദികൾക്ക് നിർണ്ണായക പങ്കുണ്ട്. മതവും  കമ്പോളവും    കുട്ടികളിലും  സമൂഹത്തിലും  ഉണ്ടാക്കുന്ന സ്വാധീനങ്ങൾ  തിരിച്ചറിയാനും  അവ പ്രതിരോധിക്കാൻ  ഉള്ള പുതിയ സങ്കേതങ്ങൾ  അന്വേഷിക്കുകയും  ചെയ്യാതെ തരമില്ല. അതിനു ബാലവേദി സംഘടനയുടെ ഒരു മുഖ്യ അജണ്ടയായി വീണ്ടും  പരിഗണിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാനത്തെ മുഴുവൻ  യൂണിറ്റുകളിലും  ബാലവേദികൾ  രൂപീകരിച്ചുകൊണ്ടും  പ്രവർത്തിപ്പിച്ചുകൊണ്ടും  മാത്രമേ  ഈ വൈതരണി മറികടക്കാനാവൂ. അതിനുള്ള ചർച്ചകൾ, നിർദേശങ്ങൾ  വജ്രജൂബിലിയിലേയ്ക്ക് പ്രവേശിക്കുന്ന ഘട്ടത്തിലെങ്കിലും  സംഘടനയുടെ എല്ലാ ഘടകങ്ങളിൽ നിന്നും ഉണ്ടാകണം.
"https://wiki.kssp.in/index.php?title=ബാലവേദി&oldid=9440" എന്ന താളിൽനിന്ന് ശേഖരിച്ചത്