ആഗോളവൽക്കരണത്തിനെതിരെ ഒരു ദക്ഷിണാഫ്രിക്കൻ വിജയഗാഥ
ദരിദ്രർ കൂടുതൽ ദരിദ്രവൽക്കരിക്കപ്പെടുകയും ലോകത്തെ മുഴുവൻ സമ്പത്തും ചില സമ്പന്ന രാഷ്‌ട്രങ്ങളിലും ബഹുരാഷ്‌ട്രകുത്തകകളിലും കേന്ദ്രീകരിക്കുകയും ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ പട്ടിണി മൂലവും രോഗം മൂലവും നട്ടം തിരിയുകയും ചെയ്യുന്ന അവസ്ഥ ഇന്നിന്റെ യാഥാർഥ്യമാണ്. ആഗോളവൽക്കരണ - ഉദാരവൽക്കരണ- സ്വകാര്യവൽക്കരണ നയങ്ങളുടെ സുനിശ്ചിത പരിണാമമാണിത്. കഴിവും സമ്പത്തും അറിവും ഉള്ളവർക്ക് മാത്രമാണ് ഈ ലോകമെന്നും തുറന്ന മത്സരമാണ് അതിന്റെ രീതിയെന്നും ആഗോളവൽക്കരണത്തിന്റെ വിധാതാക്കൾ ഉദ്‌ഘോഷിക്കുന്നു. എൺപതുകളിൽ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രങ്ങളുടെ പതനത്തോടെയാണ് ഈ നയങ്ങൾ ആഗോളനയങ്ങളായി മാറിയത്. കൊളോണിയലിസത്തിൽ നിന്നും തുടങ്ങി ആധുനിക നവകൊളോണിയലിസത്തിലെത്തുമ്പോൾ മുതലാളിത്തം അതിന്റെ രൂപത്തിലും ഭാവത്തിലും വളരെയധികം മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞിരിക്കുകയാണ്. അറിവിന്റെ സമസ്‌തമേഖലകളെയും കുത്തകവൽക്കരിച്ചുകൊണ്ട് ആധുനിക ശാസ്‌ത്രസാങ്കേതിക വിദ്യകളെല്ലാം ഉപയോഗിച്ചുകൊണ്ടുള്ള മസ്‌തിഷ്‌ക പ്രക്ഷാളനം വഴി മൂന്നാംലോക ദരിദ്രരുടെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും സ്വാധീനിക്കുകയും അതുവഴി കമ്പോളത്തെ സ്വന്തം വരുതിയിലാക്കുകയുമാണ് അവർ ചെയ്യുന്നത്. കമ്പോളത്തിന്റെ വഴിയല്ലാതൊന്നുമില്ലെന്ന് ആവർത്തിച്ച് പറയുകയും അതേ കമ്പോളത്തിന്റെ പിന്നാമ്പുറങ്ങളിലിരുന്ന് അവരുണ്ടാക്കിയ നിയമങ്ങളെ അവർക്കുവേണ്ടി വളച്ചൊടിക്കുകയും ചെയ്യുന്ന അതിവിദഗ്‌ധമായ വഞ്ചനയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇതൊക്കെ തിരിച്ചറിയാൻ നാം പലപ്പോഴും വൈകുന്നു. പലപ്പോഴും കണ്ടാലും കണ്ടില്ലെന്ന് നടിക്കുന്നു. വർഗീയതയും വിഘടനവാദവും ആരോപിച്ച് നാം തമ്മിൽ തല്ലി തല കീറുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾക്കുള്ള ആഹാരവും നമ്മുടെ സഹോദരങ്ങളുടെ വസ്‌ത്രവും നമ്മുടെ രോഗികൾക്കുള്ള മരുന്നും എന്തിന് വരുംതലമുറകൾക്കുള്ള വിത്തുപോലും അവർ ഇവിടെനിന്ന് കവർന്നെടുത്തിരിക്കും. മതത്തിന്റെയും വംശത്തിന്റെയും ദേശീയതയുടെയും അതിർവരമ്പുകൾ ലംഘിച്ചുകൊണ്ടാണ് ആഗോളവൽക്കരണത്തിന്റെ ചൂഷണം നിലനിൽക്കുന്നതെന്ന തിരിച്ചറിവ് ഇവിടെ ഏറ്റവും പ്രധാനമാണ്. ഈ ആഗോളചൂഷണത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ആദ്യപടിയും മനുഷ്യത്വത്തെയും സാർവദേശീയതയേയും സാഹോദര്യത്തെയും അതിന്റെ വിശാലമായ അർഥത്തിൽ തിരിച്ചറിയുക എന്നതു തന്നെയാണ്. ഒരുപക്ഷേ ഇങ്ങനെയുള്ള ആദ്യത്തെ തിരിച്ചറിവാണ് ദക്ഷിണാഫ്രിക്കൻ സർക്കാർ 39 ബഹുരാഷ്‌ട്ര മരുന്നുകമ്പനികൾക്കെതിരെ അവരുടെ കോടതിയിൽ നടത്തിയ മൂന്ന് വർഷം നീണ്ടു നിന്ന നിയമയുദ്ധം. 1997ൽ തുടങ്ങിയ ആ കേസ് 2001 ഏപ്രിലിൽ 39 ബഹുരാഷ്‌ട്ര കുത്തകകൾ നിരുപാധികം പിൻവലിച്ചപ്പോൾ ആഹ്ലാദനൃത്തം ചവിട്ടിയത് ദക്ഷിണാഫ്രിക്കൻ ജനത മാത്രമായിരുന്നില്ല. ആഗോളവൽക്കരണത്തിന്റെ നിഷ്‌കരുണമായ ചൂഷണത്തിനെതിരെ പോരാടുന്ന ലോകത്തെ മുഴുവൻ ജനങ്ങളും സംഘടനകളും ആ ആഹ്ലാദത്തിൽ പങ്കുകൊണ്ടു. ആഗോളവൽക്കരണത്തിന്റെ പരിണിതഫലം എന്നറിയപ്പെടുന്ന എയിഡ്‌സ് രോഗത്തിനടിമപ്പെട്ടിട്ടുള്ള ലക്ഷോപലക്ഷം ആഫ്രിക്കൻ ജനതയ്‌ക്ക് കുറഞ്ഞ ചെലവിൽ മരുന്നെത്തിക്കുന്നതിനെതിരെയായിരുന്നു ബഹുരാഷ്‌ട്രകുത്തകകൾ കേസ് കൊടുത്തത് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം.
ആഗോളവൽക്കരണത്തിനെതിരെ ഒരു ദക്ഷിണാഫ്രിക്കൻ വിജയഗാഥ | |
---|---|
പ്രമാണം:T=Cover | |
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഭാഷ | മലയാളം |
വിഷയം | ആരോഗ്യം |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | നവംബർ, 2001 |
ഇന്ന് എയിഡ്‌സ് രോഗം ഒരു ആഗോള പ്രശ്‌നമാണ്. ലക്ഷോപലക്ഷം ജനങ്ങളാണ് എയിഡ്‌സ് രോഗം ബാധിച്ച് ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നത്. രോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ പറ്റില്ല എന്ന അറിവ് തന്നെ രോഗിയുടെ ശേഷിച്ച ജീവിതത്തെ സാരമായി ബാധിക്കുന്നു. ശരീരത്തിലെ പ്രതിരോധശേഷി നഷ്‌ടപ്പെട്ട്, വിവിധ സാംക്രമിക രോഗങ്ങളും കാൻസറുകളും ബാധിച്ച് നിസ്സഹായനായ രോഗി ദയനീയവും ദാരുണവുമായ മരണത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്‌ച ആരെയും നടുക്കും. ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ നാം ഇപ്പോഴും വളരെ നികൃഷ്‌ടമായാണ് എയ്‌ഡ്‌സ് രോഗികളോട് പെരുമാറുന്നത്. സാമൂഹികമായ ഒറ്റപ്പെടുത്തലും ക്രൂരത നിറഞ്ഞ പെരുമാറ്റവും ഇപ്പോഴും സാധാരണമാണ്. കപടമായ സാംസ്‌കാരിക സദാചാര മൂല്യങ്ങളിൽ നിന്നും പുറത്തുവന്ന് യാഥാർഥ്യങ്ങളെ അംഗീകരിക്കാൻ നാം എപ്പോഴും വൈകുന്നു.
ലോകത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ എയിഡ്‌സ് രോഗികളുള്ളത് ആഫ്രിക്കയിലും ഏഷ്യയിലുമാണ്. കുത്തഴിഞ്ഞ സാമൂഹിക ജീവിതമാണെന്ന് നാം ആരോപിക്കുന്ന പാശ്ചാത്യരാജ്യങ്ങളിൽ ഈ രോഗത്തിന്റെ വ്യാപനം കുറഞ്ഞുവരികയാണ്. രോഗത്തെക്കുറിച്ചുള്ള ഉയർന്ന അവബോധവും രോഗപ്രതിരോധമാർഗങ്ങളുടെ ഫലപ്രദമായ വ്യാപനവും, സുതാര്യവും സത്യസന്ധവുമായ സാംസ്‌കാരിക സദാചാര നിലവാരവുമാണ് അവിടങ്ങളിൽ രോഗികളുടെ എണ്ണം കുറയ്‌ക്കുവാൻ സഹായിച്ചത്. ഭാരതത്തിന്റെ സ്ഥിതി നാൾക്കുനാൾ വഷളായിക്കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 2010ൽ ഏറ്റവുമധികം എയിഡ്‌സ് രോഗികളുള്ള രാജ്യം ഇന്ത്യയായിരിക്കും. ഇപ്പോൾ ഏറ്റവുമധികം എയിഡ്‌സ് രോഗികളുള്ളത് ആഫ്രിക്കയിലാണ്.
1995-2000 കാലഘട്ടത്തിൽ ആഫ്രിക്കയിൽ മാത്രം 8 ലക്ഷം പേരാണ് എയിഡ്‌സ് രോഗം മൂലം മരിച്ചത്. പല ആഫ്രിക്കൻ രാജ്യങ്ങളിലും മൊത്തം ജനസംഖ്യയുടെ 30 മുതൽ 40 ശതമാനം വരെ എയിഡ്‌സ് രോഗാണുവാഹകരാണ്.
ആഫ്രിക്കയിൽ അടുത്ത 10 വർഷത്തെ മരണത്തിന്റെ 40 ശതമാനവും (24 ദശലക്ഷം) എയിഡ്‌സ് മൂലമായിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന അവകാശപ്പെടുന്നത്.
ദക്ഷിണാഫ്രിക്കയിൽ മാത്രം നാലിൽ ഒന്നു പേർ വീതം എയിഡ്‌സ് രോഗാണു വാഹകരാണ്. ആഫ്രിക്കൻ രാജ്യങ്ങളിലനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തിനു പ്രധാനകാരണം എയിഡ്‌സ് രോഗമാണ്. ആഫ്രിക്കയിലെ ഗ്വാട്ടിമല എന്ന രാജ്യത്തെ ലൂയിസ് ഏഞ്ചൽ ഗാസിയ ക്ലിനിക്കിൽ 1999 ജൂൺ 29നു നടന്ന ലോട്ടറി ആ രാജ്യത്തെ പരിതാപകരമായ അവസ്ഥ വെളിപ്പെടുത്തുന്നതായിരുന്നു. 90 എയിഡ്‌സ് രോഗികളുള്ള ആ ആശുപത്രിയിൽ നാല് പേർക്ക് ചികിത്സിക്കാനുള്ള മരുന്ന് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ ആശുപത്രിയധികാരികൾ എല്ലാ രോഗികളെയും വിളിച്ചുചേർത്ത് ഒരു ലോട്ടറി സംഘടിപ്പിച്ച് നാല് പേരെ തെരഞ്ഞെടുക്കുകയായിരുന്നു. ലോകത്തിൽ നടന്നതിൽ വെച്ച് ഏറ്റവും ദയനീയമായ ലോട്ടറി എന്നാണ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്.
എയിഡ്‌സ് രോഗത്തെ സംബന്ധിച്ചിടത്തോളം ഇപ്പോൾ രോഗം ഭേദമാക്കാൻ ഒരു ചികിത്സയും നിലവിലില്ല. രോഗം പിടിപെട്ടാൽ മരണം സുനിശ്ചിതമാണ്. എയിഡ്‌സ് രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 2 മുതൽ 8 വർഷം വരെ രോഗി ജീവിച്ചിരിക്കാം. ലൈംഗിക ബന്ധം വഴിയും അണുവിമുക്തമാക്കാത്ത സൂചികളും ശസ്‌ത്രക്രിയാ ഉപകരണങ്ങൾ വഴിയും, എയിഡ്‌സ് രോഗാണുവാഹകരിൽ നിന്ന് രക്തം സ്വീകരിക്കുന്നത് മൂലവും, എയിഡ്‌സ് രോഗാണു വാഹകയായ അമ്മയിൽ നിന്നു കുഞ്ഞിലേക്കും എയിഡ്‌സ് പകരാം. എങ്കിലും ലോകത്തിൽ നിലവിലുള്ള എയിഡ്‌സ് രോഗികളിൽ 80% ആൾക്കാർക്കും രോഗം ബാധിച്ചത് ലൈംഗിക ബന്ധം വഴിയാണ്. ശരീരത്തിലെ പ്രതിരോധശേഷിക്ക് പ്രധാന കാരണമായ T4 ലിംഫോസൈറ്റ് എന്ന കോശങ്ങളെയാണ് എയിഡ്‌സ് വൈറസ് ബാധിക്കുന്നത്. ശരീരത്തിലെ പ്രതിരോധശേഷി നഷ്‌ടപ്പെടുന്നതോടെ സാധാരണ വരുന്ന ജലദോഷം പോലും ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുന്നു. അങ്ങനെ സാധാരണ വരുന്ന ശ്വാസകോശരോഗങ്ങളും വയറിളക്ക രോഗങ്ങൾ തുടങ്ങി വളരെ അസാധാരണമായി കാണുന്ന കപോസീസ് സാർക്കോമാ എന്ന കാൻസർ വരെ എയിഡ്‌സ് രോഗികളെ ബാധിക്കാം. രോഗം ഭേദമാക്കാനുള്ള മരുന്നുകളില്ലെങ്കിൽക്കൂടി ജീവിതം ഒരളവുവരെ നീട്ടിക്കൊണ്ട് പോകുവാനും, എയിഡ്‌സ് രോഗാണുവാഹകയായ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് എയിഡ്‌സ് പകരാതിരിക്കുവാനും ഇന്നുള്ള ചികിത്സകൊണ്ട് കഴിയും. സിഡോവുഡീൻ, ഡയഡിനോസിൻ തുടങ്ങിയ മരുന്നുകളാണ് ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പുറമേ എയ്‌ഡ്‌സ് മൂലമുണ്ടാവുന്ന മറ്റു രോഗങ്ങളെ ചികിത്സിക്കാൻ പതിനഞ്ചോളം മരുന്നുകൾ ആവശ്യമായി വരുന്നുണ്ട്. ഈ മരുന്നുകളുടെ വിലയുമായി ബന്ധപ്പെട്ടാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിനെതിരെയുള്ള കേസ്.
ഒരു ദക്ഷിണാഫ്രിക്കൻ പൗരന്റെ പ്രതിശീർഷ വാർഷിക വരുമാനും ഏകദേശം 500 ഡോളറാണ്. എന്നാൽ ഒരു എയിഡ്‌സ് രോഗിക്ക് ചികിത്സിക്കാൻ ഒരു വർഷം 10000 മുതൽ 15000 ഡോളർ വരെ ചെലവാകുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. മൊത്തം ജനതയുടെ 25 ശതമാനവും എയിഡ്‌സ് രോഗവാഹകരായുള്ള ദക്ഷിണാഫ്രിക്കയിൽ മരുന്നുകളുടെ വിലക്കയറ്റം ഏറ്റവും വലിയ ഒരു സാമൂഹ്യപ്രശ്‌നമായി മാറി എന്ന് പറയേണ്ടതില്ലല്ലോ. നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയ ഭരണകൂടത്തിന് നേരിടേണ്ടി വന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നവും ഇതുതന്നെയായിരുന്നു. ലക്ഷോപലക്ഷം ജനങ്ങൾ എയിഡ്‌സ് ബാധിച്ച് ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുമ്പോൾ ആശ്വാസത്തിനു പോലും മരുന്നുകൾ കൊടുക്കാൻ കഴിയാതെ സർക്കാരിന് നോക്കുകുത്തിയായി നിൽക്കേണ്ടി വന്നു. വളരെ പെട്ടെന്നു തന്നെ ആരോഗ്യവകുപ്പ് മന്ത്രി മന്റോഷബല്ലാ സിമങ്ങിന്റെ നേതൃത്വത്തിൽ ബദൽ മാർഗങ്ങൾ ആലോചിച്ചു തുടങ്ങി. ബേയർ, ഹെസ്റ്റ്, ഗ്ലാക്‌സോ, വെൽകം, മെർക്ക് തുടങ്ങിയ ബഹുരാഷ്‌ട്ര കുത്തകകളാണ് മേൽപറഞ്ഞ മരുന്നുകളുടെ പേറ്റന്റ് എടുത്തിരുന്നത്. ഇതിനകം ദക്ഷിണാഫ്രിക്കയും ഡങ്കലിന്റെ വ്യവസ്ഥ പ്രകാരമുള്ള പുതിയ വ്യാപാര വാണിജ്യ കരാറിൽ ഒപ്പിട്ടിരുന്നു. ഇതുകൊണ്ടുതന്നെ എയിഡ്‌സ് രോഗം ചികിത്സിക്കാനുള്ള മരുന്നുകളുടെ വില കുറയ്‌ക്കാൻ യാതൊരു മാർഗവുമില്ലാതായി. എന്നാൽ ദക്ഷിണാഫ്രിക്കൻ സർക്കാർ പുതിയ ട്രിപ്‌സ്, ട്രിംസ് കരാറിലെ ചില പഴുതുകൾ ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിച്ചത്. ഇവിടെ ട്രിപ്‌സ്, ട്രിമ്‌സ് കരാറുകളെക്കുറിച്ച് വിശദമായിത്തന്നെ അറിയേണ്ടതുണ്ട്. ഈ കരാർ പ്രകാരം മനുഷ്യനിടപെടുന്ന സർവമേഖലകളെയും കരാറിന്റെ പരിധിയിലുൾപ്പെടുത്തിയിരിക്കുകയാണ്. കൃഷി, ആരോഗ്യം, ബൗദ്ധികശക്തി, ജൈവവൈവിധ്യം തുടങ്ങി ബാക്‌ടീരിയങ്ങൾ, വൈറസ് തുടങ്ങിയ ജീവജാലങ്ങൾ വരെ ഈ കരാറിന്റെ പരിധിയിലുൾപ്പെടും. മാത്രമല്ല കരാറിന്റെ കാലാവധി 20 വർഷമായി കൂട്ടുകയും ചെയ്‌തു. മുഴുവൻ പേറ്റന്റുകളും ഉൽപന്ന പേറ്റന്റുകളാക്കി (ഒരാളോ ഒരു കമ്പനിയോ ഒരു ഉൽപന്നത്തിന് പേറ്റന്റ് എടുത്തുകഴിഞ്ഞാൽ വേറെ ആർക്കും ആ ഉൽപന്നം ഉണ്ടാക്കാൻ പാടില്ല എന്ന വ്യവസ്ഥ, പ്രക്രിയാ പേറ്റന്റുകളായിരുന്നെങ്കിൽ ഒരു ഉൽപന്നം മറ്റൊരു പ്രക്രിയ വഴി മറ്റൊരാൾക്ക് ഉണ്ടാക്കി പേറ്റന്റ് സമ്പാദിക്കാമായിരുന്നു). എന്നതാണ് മറ്റൊരു മാറ്റം. നിർബന്ധിത ലൈസൻസിങ്ങിന്റെ (നിശ്ചിത സമയത്തിനകം ഉൽപാദന പേറ്റന്റ് എടുത്ത രാജ്യത്തു തന്നെ തുടങ്ങണമെന്നും, അങ്ങനെ കഴിഞ്ഞില്ലെങ്കിൽ ആ പേറ്റന്റ് വേറെ വ്യക്തികൾക്കോ കമ്പനികൾക്കോ നൽകാം എന്ന വ്യവസ്ഥ) സാഹചര്യങ്ങൾ വളരെയധികം കർശനമാക്കിയെങ്കിലും പൂർണമായും മാറ്റാൻ കഴിഞ്ഞില്ല എന്നതായിരുന്നു പുതിയ കരാറിലെ ഏറ്റവും വലിയ പഴുത്. ഒരു രാഷ്‌ട്രത്തിൽ അടിയന്തിരാവസ്ഥയുണ്ടെങ്കിൽ നിർബന്ധിത ലൈസൻസിങ് ആവാം എന്ന് വ്യവസ്ഥയുണ്ടെങ്കിലും എന്തൊക്കെയാണ് അടിയന്തിരാവസ്ഥ എന്ന് നിർവചിക്കാൻ കരാറിലെ വ്യവസ്ഥകൾക്ക് കഴിയാതെ പോയി. മാത്രമല്ല വിവിധ രാജ്യങ്ങൾ കരാർ നടപ്പിലാക്കിത്തുടങ്ങേണ്ട ദിവസത്തെക്കുറിച്ച് വ്യക്തമായ ധാരണയിലെത്താനും കഴിഞ്ഞില്ല. 2005നു മുമ്പ് നടപ്പിലാക്കണം എന്നു മാത്രമാണ് വ്യവസ്ഥ. കരാർ നിലവിൽ വന്ന പല രാജ്യങ്ങളിൽ മരുന്നു വില ഗണ്യമായി കൂടുകയും അതേസമയം കരാർ നടപ്പിലാകാത്ത രാജ്യങ്ങളിൽ മരുന്നു വില താരതമ്യേന കുറവുമാണ്. വിവിധ കമ്പനികളുടെ ആന്തരിക മത്സരം കാരണം പല രാജ്യങ്ങളിലും ഒരേ മരുന്നിന് വിവിധ വിലകളായിരുന്നു. ദക്ഷിണാഫ്രിക്കൻ സർക്കാർ മേൽപറഞ്ഞ പഴുതുകൾ ഉപയോഗിച്ച് മരുന്നുകളുടെ വില നിയന്ത്രിക്കാൻ ശ്രമിച്ചു. പ്രധാനമായും മൂന്ന് മാർഗങ്ങളാണ് ദക്ഷിണാഫ്രിക്കൻ സർക്കാർ പ്രയോഗിച്ചത്.
1. സമാന്തര ഇറക്കുമതി
2. ജനറിക് മരുന്നുകളുടെ വ്യാപകമായ ഉപയോഗം.
3. നിർബന്ധിത ലൈസൻസിങ്.
സമാന്തരവ്യാപാരം വഴി മരുന്നുകൾക്ക് വിലക്കുറവുള്ള രാജ്യങ്ങളിൽ നിന്നും നേരിട്ട് സർക്കാർ തന്നെ മരുന്ന് ഇറക്കുമതി ചെയ്യുന്ന രീതി നടപ്പിലാക്കിത്തുടങ്ങിയതോടെ ബഹുരാഷ്‌ട്രകുത്തകകൾ അങ്കലാപ്പിലായി. എയിഡ്‌സ് രോഗം ബാധിച്ചവരുടെ എണ്ണം 25 ശതമാനം ആകയാൽ അതൊരു അടിയന്തിരാവസ്ഥയായി പരിഗണിച്ച് 1997ൽ ദക്ഷിണാഫ്രിക്കൻ സർക്കാർ പാർലമെന്റിൽ മെഡിസിൻസ് അമന്റ്‌മെന്റ് ആക്‌ട് എന്ന നിയമം പാസ്സാക്കി. ഈ നിയമമനുസരിച്ച് എയിഡ്‌സ് രോഗം ചികിത്സിക്കാനുപയോഗിക്കുന്ന മരുന്നുകൾ നിർബന്ധിത ലൈസൻസിങ്ങിന്റെ അടിസ്ഥാനത്തിൽ ജനറിക്ക് മരുന്നുകളായി പ്രഖ്യാപിക്കുകയും അവയുടെ ഉൽപാദനത്തിനും ഇറക്കുമതിക്കും വ്യാപകമായ അനുമതി നൽകുകയും ചെയ്‌തു. ഇതിനു പുറമെ മരുന്നുകളുടെ വില നിയന്ത്രിക്കാൻ ഒരു സമിതിയെ നിയോഗിക്കാനും ഡോക്‌ടർമാരെ ജനറിക് മരുന്നുകൾ എഴുതാൻ നിർബന്ധിക്കുന്ന വ്യവസ്ഥയും ആ നിയമത്തിലുണ്ടായിരുന്നു.
ഈ നിയമം പാസാക്കിയതോടെയാണ് ബേയർ, ഹെസ്റ്റ്, ഗ്ലാക്‌സോ, വെൽകം, മെർക്ക് തുടങ്ങിയ ബഹുരാഷ്‌ട്ര കുത്തകകളുടെ നേതൃത്വത്തിൽ 39 മരുന്ന് കമ്പനികൾ ദക്ഷിണാഫ്രിക്കൻ സർക്കാരിനെതിരെ കേസ് ഫയൽ ചെയ്‌തത്. 1997ൽ കേസ് തുടങ്ങിയപ്പോൾ അമേരിക്കൻ സർക്കാരും യൂറോപ്യൻ രാജ്യങ്ങളുടെ സംഘടനയായ യൂറോപ്യൻ യൂണിയനും മരുന്നുകമ്പനികളുടെ പക്ഷം പിടിച്ചെങ്കിലും പിന്നീട് വർധിച്ചു വരുന്ന ജനപ്രക്ഷോഭവും പ്രതിഷേധവും മാനിച്ച് അവർക്ക് പിന്മാറേണ്ടി വന്നു. പ്രധാനമായും രണ്ട് വാദമുഖങ്ങളാണ് ദക്ഷിണാഫ്രിക്കൻ സർക്കാർ മുന്നോട്ടു വെച്ചത്.
തങ്ങളുടെ സർക്കാരുണ്ടാക്കിയ പുതിയ നിയമം അന്താരാഷ്‌ട്ര നിയമങ്ങളെ ലംഘിക്കുന്നില്ല എന്നതായിരുന്നു ആദ്യത്തെ വാദം.
രാജ്യത്തെ 25 ശതമാനം ആൾക്കാർക്കും എയിഡ്‌സ് പിടിപെട്ടിട്ടുള്ള സാഹചര്യത്തെ അടിയന്തിരാവസ്ഥയായി പരിഗണിച്ച് ഒരു രാജ്യത്തിന് മരുന്നിന് വില കുറവുള്ള മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള അവകാശം ഉണ്ടെന്നായിരുന്നു രണ്ടാമത്തെ വാദം.
താമസംവിനാ ഈ കേസ് ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശപ്രവർത്തകരുടെയും, എയിഡ്‌സിനെതിരെ പ്രവർത്തിക്കുന്നവരുടെയും, ആഗോളവൽക്കരണത്തിനെതിരെ പ്രവർത്തിക്കുന്നവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മെഡിസിൻസ് സാൻഫ്രോണ്ടിയേസ് (അതിരുകളില്ലാത്ത ഡോക്‌ടർമാരുടെ സംഘടന) എന്ന ഫ്രഞ്ച് സംഘടന 20 ദശലക്ഷം പേരുടെ ഒപ്പുകളാണ് ലോകത്തെമ്പാടു നിന്നും ദക്ഷിണാഫ്രിക്കൻ സർക്കാരിനു വേണ്ടി ശേഖരിച്ചത്. വാസ്‌തവത്തിൽ കേസിനാസ്‌പദമായ വിഷയങ്ങളിൽ ദക്ഷിണാഫ്രിക്കൻ സർക്കാരിനെ നിയമപരമായ കാര്യങ്ങളിൽ പോലും സഹായിച്ചത് അമേരിക്കയിലും ആസ്‌ത്രേലിയയിലും ജർമനിയിലും മറ്റു വികസിത രാജ്യങ്ങളിലും പ്രവർത്തിക്കുന്ന സംഘടനകളും വ്യക്തികളുമായിരുന്നു. ആഗോളവൽക്കരണത്തിനെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വൈവിധ്യമാർന്ന പ്രതിഷേധത്തെ ഏകോപിപ്പിക്കാൻ ദക്ഷിണാഫ്രിക്കൻ സർക്കാരിന് കഴിഞ്ഞു എന്നുള്ളതാണ് ഈ കേസിന്റെ മറ്റൊരു നേട്ടം. ബഹുരാഷ്‌ട്രകുത്തകകൾക്കെതിരെയുള്ള പ്രതിഷേധപ്രകടനങ്ങൾആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രമല്ല നടന്നത്. ജനസഹസ്രങ്ങൾ അണിനിരന്ന പ്രകടനങ്ങൾ വാഷിങ്‌ടണിലും ലണ്ടനിലും പാരീസിലും സിഡ്‌നിയിലും ടോക്കിയോവിലും മറ്റനേകം പ്രദേശങ്ങളിലും നടന്നു. പല സ്ഥലങ്ങളിലും അവ അക്രമത്തിൽ കലാശിച്ചു. സമ്പന്ന രാജ്യങ്ങൾ അവരുടെ ചൂഷണത്തിന്റെ വ്യാപ്‌തി കൂട്ടുവാനും ജോലിഭാരവും സമയവും ലാഭിക്കുവാനും ഉണ്ടാക്കിയ ഇന്റർനെറ്റ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് ലോകത്തെമ്പാടുമുള്ള ജനങ്ങൾ വളരെ ആസൂത്രിതമായി ഇതേ ചൂഷണത്തിനെതിരെ സംഘടിച്ചത് എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ വൈരുധ്യം.
ബഹുരാഷ്‌ട്ര കുത്തകകളുടെ ചൂഷണത്തിന്റെ വ്യാപ്‌തിയെക്കുറിച്ച് ലോകത്തെമ്പാടുമുള്ള വിവിധ വ്യക്തികളും സംഘടനകളും നടത്തിയ വിലപ്പെട്ട പഠനങ്ങളും അവയ്‌ക്ക് ലഭിച്ച പ്രചരണവുമാണ് കേസിന്റെ മറ്റൊരു പ്രത്യേകത. ബഹുരാഷ്‌ട്ര കുത്തകകൾ കൈവശം വച്ചിരിക്കുന്ന എയിഡ്‌സ് രോഗത്തിനു കൊടുക്കുന്ന മരുന്നുകളിൽ ഒന്നുപോലും അവരല്ല കണ്ടുപിടിച്ചത് എന്ന വിവരം ഞെട്ടിക്കുന്നതായിരുന്നു. അമേരിക്കയിലെയും ജർമനിയിലെയും മറ്റു വികസിത രാജ്യങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളായിരുന്നു അവ കണ്ടുപിടിച്ചത്. പുതിയ മരുന്നുകൾ കണ്ടുപിടിക്കാനും അവ മാർക്കറ്റിലെത്തിക്കാനും വൻതുക ചെലവാകുന്നു എന്നും അതുകൊണ്ട് അവയുടെ തുക കൂടി മരുന്നിന്റെ വിലയിലുൾപ്പെടുത്തണമെന്നുമായിരുന്നു മരുന്നു കമ്പനികൾ പ്രചരിപ്പിച്ചത്. ഇത് തീർത്തും പൊള്ളയാണെന്ന് തെളിഞ്ഞു. 1975 മുതൽ 1997 വരെ ബഹുരാഷ്‌ട്രകുത്തകകൾ 1223 മരുന്നുകൾ മാർക്കറ്റിലെത്തിക്കുകയുണ്ടായി. അവയിൽ 13 എണ്ണം മാത്രമാണ് പുതുതായി കണ്ടുപിടിച്ചിട്ടുള്ള മരുന്നുകൾ (1%). ഈ പതിമൂന്ന് മരുന്നുകളിൽത്തന്നെ ബഹുരാഷ്‌ട്ര കുത്തകകൾ സ്വന്തമായി കണ്ടുപിടിച്ചവ വെറും രണ്ടെണ്ണം മാത്രമാണ്. വാസ്‌തവത്തിൽ 1043 മരുന്നുകളും യാതൊരു ഉപയോഗവുമില്ലാത്തവയായിരുന്നു. ഗവേഷണത്തിന്റെ പേരിൽ ബഹുരാഷ്‌ട്ര കുത്തകകൾ ലോകജനതയെ മുഴുവൻ വൈദ്യശാസ്‌ത്രരംഗത്തെ ഡോക്‌ടർമാരുൾപ്പെടെയുള്ളവരെ മറയാക്കി നിർത്തി അതി ക്രൂരമായി പറ്റിക്കുകയായിരുന്നുവെന്ന് ലോകം തിരിച്ചറിഞ്ഞു.
ഏറ്റവുമധികം ജനങ്ങൾ പാർക്കുന്ന ഏഷ്യയിലേയും ആഫ്രിക്കയിലേയും പ്രധാന ആരോഗ്യപ്രശ്‌നങ്ങൾ ക്ഷയരോഗവും മലമ്പനിയുമാണെന്നിരിക്കെ ബഹുരാഷ്‌ട്രുകുത്തകകൾ ഈ മേഖലയിൽ ഗവേഷണം നടത്തുന്നില്ല എന്നതു പോട്ടെ ഈ മഹാരോഗങ്ങളെ ചികിത്സിക്കുവാൻ വേണ്ടിയുള്ള മരുന്നുകളുടെ ഉൽപാദനം തന്നെ നിർത്തിവെച്ചിരിക്കുകയാണ്.
ഇപ്പോൾ ലോകത്തിലെ മൂന്നിലൊന്ന് വരുന്ന ജനങ്ങൾക്ക് അവശ്യമരുന്നുകൾ ലഭിക്കുന്നില്ല. ആഗോളവൽക്കരണനയങ്ങൾ നടപ്പിലാക്കിയതിനു ശേഷം രണ്ടാംലോക മഹായുദ്ധത്തിൽ മരിച്ചവരേക്കാൾ കൂട്ടികൾ ആഫ്രിക്കയിൽ മാത്രം മരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന തന്നെ റിപ്പോർട്ട് ചെയ്‌തത്. വാസ്‌തവത്തിൽ എയിഡ്‌സ് ചികിത്സിക്കുവാനുപയോഗിക്കുന്ന മരുന്നുകളുടെ ഉൽപാദനച്ചെലവ് ഇപ്പോഴുള്ള വിലയുടെ 1 ശതമാനത്തിൽ താഴെയാണെന്നിരിക്കെ ബഹുരാഷ്‌ട്ര കുത്തകകൾക്ക് ഈ മരുന്നുകൾ 5 ശതമാനം വിലയ്‌ക്ക് വിറ്റാൽ പോലും ലാഭകരമാണ് എന്നുള്ള വാദവും ഉയർന്നുവന്നു. മെഡിസിൻസ് സാൻഫ്രോണ്ടിയേസ് എന്ന സംഘടനയും ഇന്ത്യയിലെ സിപ്ല എന്ന കമ്പനിയും ഇപ്പോഴുള്ളതിന്റെ 5% വിലയ്‌ക്ക് ദക്ഷിണാഫ്രിക്കയ്‌ക്ക് നൽകാമെന്നേറ്റതോടെ ബഹുരാഷ്‌ട്രകുത്തകകളുടെ കേസിനു തന്നെ സാധുതയില്ലാതായി. അങ്ങനെ അവർ അവരുടെ കേസ് 2001 ഏപ്രിൽ പത്തൊമ്പതിന് നിരുപാധികം പിൻവലിക്കാൻ തീരുമാനിച്ചു. മാത്രമല്ല ദക്ഷിണാഫ്രിക്കൻ സർക്കാരിന് കോടതി ചെലവും അവർക്ക് നൽകേണ്ടിവന്നു. ഇപ്പോൾ 350 ഡോളറിന് ദക്ഷിണാഫ്രിക്കയിൽ ഒരു വർഷത്തേക്കുള്ള മരുന്ന് എയിഡ്‌സ് രോഗികൾക്ക് ലഭിക്കും.
പട്ടിക 1 മരുന്ന് അമേരിക്കയിലെ സിപ്ല ഹൈട്രോ (കമ്പനി) കമ്പനികൾ സെറിറ്റ് 3589 70 47 (ബ്രിസ്‌റ്റോൾ മയേഴ്‌സ്) 3 TC (ഗ്ലാക്‌സോ) 3271 190 98 ക്രിക്‌സിവാൻ (മെർക്) 6016 ലഭ്യമല്ല 2300 കോമ്പിവിർ (ഗ്ലാക്‌സോ) 7093 635 293 സ്‌ടോക്‌റിൻ (മെർക്) 4730 ലഭ്യമല്ല 1179 വിറാമ്യൂൺ (ബോഹ്‌റിങ്ങർ) 3508 340 202
(ഒരു രോഗിക്ക് ഒരു വർഷത്തേക്ക് AIDS രോഗത്തിനുള്ള മരുന്നുകൾക്ക് അമേരിക്കൻ കമ്പനികൾ ഈടാക്കിയ വിലയും അതേ സമയം രണ്ട് ഇന്ത്യൻ കമ്പനികൾ ആഫ്രിക്കയിൽ ഇവ നൽകിയ വിലയും. വില ഡോളറിൽ)
ബഹുരാഷ്‌ട്ര കുത്തകകളുടെയും അവരെ സഹായിക്കുന്ന സമ്പന്ന രാഷ്‌ട്രങ്ങളിലെ സർക്കാരുകളുടെയും അധാർമിക നയങ്ങൾക്കും അഹങ്കാരത്തിനും ധാർഷ്‌ട്യത്തിനുമെതിരെ സാധാരണ ജനതയുടെ വിജയമായാണ് ഈ കേസിന്റെ വിജയത്തെ പ്രകീർത്തിക്കപ്പെടുന്നത്. മറ്റൊരു പോംവഴിയുമില്ല. ഈ ചൂഷണത്തിന് വിധേയരാവുകയേ നിവൃത്തിയുള്ളൂ എന്നു കരുതി നിസ്സഹായരായിരുന്ന മൂന്നാംലോക രാഷ്‌ട്രങ്ങളിലെ സർക്കാരുകൾക്ക് ഇത് പുതിയ തിരിച്ചറിവുകൾ നൽകുന്നു. ശരിയായ രാഷ്‌ട്രീയ ഇച്ഛാശക്തിയും ബഹുജനങ്ങളെ ചൂഷണത്തിനെതിരെ അണിനിരത്താനുള്ള കഴിവുമുണ്ടെങ്കിൽ എത്ര സംഘടിത ചൂഷണത്തെയും പ്രതിരോധിക്കാൻ കഴിയും എന്നതിന്റെ തെളിവാണിത്.
ആരോഗ്യരംഗത്തെ ആഗോളവൽക്കരണം സമകാലിക ഇന്ത്യൻ ചിത്രം
രാജ്യങ്ങൾ തമ്മിലുള്ള എല്ലാ അതിർ വരമ്പുകളും അപ്രസക്തമാക്കുന്ന സാമ്പത്തിക ഉദ്‌ഗ്രഥനവും, സാമ്പത്തിക പരസ്‌പരാശ്രയത്വവുമാണ് ആഗോളവൽക്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. തീർച്ചയായും സാമ്പത്തിക അധികാരം കൂടുതലുള്ള സമ്പന്ന രാഷ്‌ട്രങ്ങളെയാണ് ഈ പ്രക്രിയ ഏറെ സഹായിക്കുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങൾക്കും അവരുടെ സമ്പത്തിനും ആരോഗ്യത്തിനും പരമാധികാരത്തിനും ഏറെ ദോഷമാണെന്നറിഞ്ഞുകൊണ്ടുതന്നെ ദരിദ്ര രാജ്യങ്ങൾക്ക് ഐ.എം.എഫ്, ഡബ്ല്യൂ.ടി.ഒ, ലോകബാങ്ക് തുടങ്ങിയ കഴുത്തറപ്പൻ സംഘടനകളുടെ കിരാതനയങ്ങൾക്ക് വിധേയരാവേണ്ടി വരുന്നു. ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. ഒരു പരിധിവരെ സ്വാശ്രയത്വം പല മേഖലകളിലും ഇന്ത്യക്കുണ്ടായിരുന്നുവെങ്കിലും താൽക്കാലിക പ്രശ്‌നപരിഹാരത്തിനു വേണ്ടി മാറിമാറി വന്ന സർക്കാരുകൾ രാജ്യത്തെ ബഹുരാഷ്‌ട്ര കുത്തകകൾക്കു അടിയറവെക്കുകയായിരുന്നു. പൊതുവെ ദുർബലമായ ദരിദ്രരാഷ്‌ട്രങ്ങളിലെ സർക്കാരുകൾ സമ്പന്ന രാഷ്‌ട്രങ്ങളിലെ ആഗോളവൽക്കരണ നയങ്ങൾക്കെതിരെ നിസ്സഹായരാണ്. 1984-1990 കാലഘട്ടത്തിൽ മാത്രം ഘടനാപരമായ പരിഷ്‌കാരങ്ങളുടെ ഭാഗമായി മാത്രം സമ്പന്ന രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങളിൽ നിന്നും കടത്തിയത് 17800 ദശലക്ഷം ഡോളറാണ്.
ആരോഗ്യരംഗത്തെ ആഗോളവൽക്കരണം വിവിധ ദരിദ്രരാജ്യങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങൾ ദൂരവ്യാപകമാണ്. ഈ നയങ്ങളുടെ ഭാഗമായി ചികിത്സാരംഗത്തുണ്ടായിട്ടുള്ള സ്വകാര്യവൽക്കരണം ചികിത്സാചെലവ് ഗണ്യമായി വർധിപ്പിച്ചു. ഓരോ വർഷവും സർക്കാർ ആരോഗ്യരംഗമുൾപ്പെടെയുള്ള സേവനമേഖലയിൽ ചെലവഴിക്കുന്ന സംഖ്യ കുറച്ചുകൊണ്ടു വരുന്നത് പൊതുജന ആരോഗ്യസംവിധാനത്തെ തകർത്തു. മരുന്നുവില നിയന്ത്രണ നിയമത്തിൽ സ്ഥാപിത താൽപര്യക്കാർക്കുവേണ്ടി വെള്ളം ചേർത്തതുമൂലം ഇപ്പോൾ ആ നിയമത്തിനു കീഴിൽ കേവലം 73 മരുന്നുകൾ മാത്രമാണ് ഉള്ളത്. ഇതിനു പുറമെയാണ് ഗാട്ട് കരാറുകളുടെ ഭാഗമായി പേറ്റന്റ് നിയമങ്ങൾ ഭേദഗതി ചെയ്‌തിട്ടുള്ളത്. 2005ൽ പുതിയ പേറ്റന്റ് നിയമങ്ങൾ നടപ്പിലാക്കിത്തുടങ്ങുന്നതോടു കൂടി മരുന്നുകളുടെ വില ഗണ്യമായി വർധിക്കുകയും സാധാരണക്കാരനുപോലും ചികിത്സ അപ്രാപ്യമായി തീരുകയും ചെയ്യുന്ന അവസ്ഥ സംജാതമാകാൻ പോകുകയാണ്. വൻതോതിൽ പൊതുജനാഭിപ്രായം ഈ നയങ്ങൾക്കെതിരെ ഉയർത്തിയാൽ മാത്രമേ മേൽപറഞ്ഞ ഗുരുതരാവസ്ഥയെ നേരിടാനാവുകയുള്ളൂ. ഈ അവസരത്തിൽ ഇന്ത്യയിലെ ആരോഗ്യരംഗത്തെ ആഗോളവൽക്കരണത്തെക്കുറിച്ച്, പ്രത്യേകിച്ച് മരുന്നുൽപാദന രംഗത്തെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടതുണ്ട്.
1970ന് മുമ്പുള്ള ഇന്ത്യൻ മരുന്നു വ്യവസായം നമുക്ക് സ്വാതന്ത്ര്യം ലഭിച്ച സമയം ഇന്ത്യയിൽ ഏകദേശം 10 കോടിയിൽപരം രൂപയുടെ മരുന്നുൽപാദനം നടക്കുന്നുണ്ടായിരുന്നു. 1911ൽ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന പേറ്റന്റ് നിയമമായിരുന്നു ഇന്ത്യയിൽ പ്രാബല്യത്തിലുണ്ടായിരുന്നത്. 1947-57 കാലഘട്ടത്തിൽ ഇന്ത്യൻ വിപണിയിലുണ്ടായിരുന്ന 99% മരുന്നുകളുടെ പേറ്റന്റും ബഹുരാഷ്‌ട്രകുത്തകകളുടെ കൈവശമായിരുന്നു. ഇന്ത്യൻ മരുന്ന് വിപണിയുടെ 80 ശതമാനം കൈവശം വെച്ചിരുന്ന ബഹുരാഷ്‌ട്ര കുത്തകകൾ ഒന്നുപോലും ഇന്ത്യയിൽ മരുന്നു വ്യവസായം തുടങ്ങാനോ അതിനു വേണ്ട സാങ്കേതിക സഹായം നൽകുവാനോ തയ്യാറായില്ല. 1954ൽ ലോകാരോഗ്യസംഘടനയുടെയും യൂണിസെഫിന്റെയും സഹായത്തോടെ ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സ് എന്ന പൊതുമേഖലാ സ്ഥാപനം തുടങ്ങി. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ 1961ൽ ഇന്ത്യൻ ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്ന സ്ഥാപനവും തുടങ്ങാനായി. മേൽപറഞ്ഞ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളും 1970ലെ പേറ്റന്റ് നിയമവും 1978ലെ ഔഷധനയവുമാണ് ഇന്ത്യൻ മരുന്ന് വ്യവസായത്തെ സ്വയം പര്യാപ്‌തമാക്കിയത്.
1970ലെ ഇന്ത്യൻ പേറ്റന്റ് നിയമം
1967ലാണ് പേറ്റന്റ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത്. 1970ൽ അത് പാസാക്കിയെങ്കിലും 1972ലാണ് പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യയെപ്പോലുള്ള മൂന്നാംലോകരാജ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് ഏറെ പ്രകീർത്തിക്കപ്പെട്ട പേറ്റന്റ് നിയമമായിരുന്നു അത്.
കൃഷി, ആണവോർജം, ഭക്ഷ്യരംഗം, പ്രതിരോധം, ജൈവവൈവിധ്യം തുടങ്ങിയ തന്ത്രപ്രധാന മേഖലകളെ പേറ്റന്റിന്റെ പരിധിയിൽ നിന്നു തന്നെ ഒഴിവാക്കിയിരുന്നു. 5 മുതൽ 7 വർഷം വരെയായിരുന്നു പേറ്റന്റ് കാലാവധി.
മരുന്നു വ്യവസായരംഗത്ത് നൽകിയിരുന്നത് മുഴുവൻ പ്രക്രിയാ പേറ്റന്റുകളായിരുന്നു. എല്ലാ മരുന്ന് പേറ്റന്റുകൾക്കും നിർബന്ധിത ലൈസൻസിങ് ഏർപ്പെടുത്തിയിരുന്നു. പേറ്റന്റ് ലഭിച്ച് ഇവിടെ തന്നെ ഉൽപാദനം തുടങ്ങേണ്ട കാലപരിധി നാല് വർഷമായിരുന്നു. വില നിയന്ത്രണ സംവിധാനങ്ങൾക്ക് വിധേയമായായിരുന്നു പേറ്റന്റുകൾ അനുവദിച്ചിരുന്നത്.
ഈ പേറ്റന്റ് നിയമത്തിന്റെ സഹായത്താൽ ഇന്ത്യൻ ഔഷധ വ്യവസായവും ആരോഗ്യരംഗവും ഏറെ നേട്ടങ്ങൾ കൈവരിച്ചു. ഇപ്പോൾ എല്ലാ അടിസ്ഥാന മരുന്നുകളും സ്വന്തം സാങ്കേതികവിദ്യ കൊണ്ട് ഉണ്ടാക്കാൻ ഇന്ത്യക്ക് ആരുടെയും ആശ്രയമില്ലാതെ കഴിയും. ഇന്ത്യൻ ശാസ്‌ത്രജ്ഞന്മാർ 107 മരുന്നുകൾ പുതിയ പ്രക്രിയ വഴി കണ്ടുപിടിച്ചു. ഇന്ന് പല മരുന്നുകൾക്കും താരതമ്യേന വിലക്കുറവുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ ഇപ്പോൾ 23000 (ചെറുകിട മുതൽ വൻകിട വരെ) മരുന്നു നിർമാണ വ്യവസായങ്ങൾ നിലവിലുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരുന്നു വിലയിലുണ്ടായ വ്യത്യാസം പ്രകടമാണ്. ഗ്ലാക്‌സോ എന്ന കമ്പനി റാനിറ്റിഡിൻ എന്ന ഗുളിക 10 എണ്ണത്തിന് ഇന്ത്യയിൽ 7.20 രൂപ ഈടാക്കുമ്പോൾ പാക്കിസ്ഥാനിൽ 65 രൂപയും, അമേരിക്കയിൽ 545 രൂപയുമാണ് ഈടാക്കുന്നത്. ചിക്കൻപോക്‌സ് അസുഖത്തിന് ഉപയോഗിക്കുന്ന അസൈക്ലോവിർ എന്ന മരുന്നിന് ഇന്ത്യയിൽ 33.75 രൂപയാണ്. ഇത് പാക്കിസ്ഥാനിൽ 363 രൂപയും അമേരിക്കിയിൽ 985 രൂപയുമാണ് വില. ഗാട്ട് കരാർ അനുസരിച്ച് പുതിയ നിയമങ്ങൾ നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം മരുന്നുകളുടെ വില ക്രമാതീതമായി വർധിച്ചു വരികയാണ്. സമ്പന്ന രാജ്യങ്ങളിൽ പോലും ആരോഗ്യച്ചെലവ് ഇൻഷൂറൻസ് മേഖലയാണ് വഹിക്കുന്നത്. അമേരിക്കയിൽ പോലും ഇൻഷൂറൻസ് സ്‌കീമിൽ ഉൾപ്പെടാത്ത 40 ശതമാനം വരുന്ന ജനങ്ങൾക്ക് രോഗം വന്നാൽ ചികിത്സ തന്നെ അപ്രാപ്യമായിരിക്കുകയാണ്.
മരുന്നു വില നിയന്ത്രണ നിയമം 1978ലാണ് നിലവിൽ വന്നത്. അന്നുണ്ടായിരുന്ന ഏകദേശം 500ഓളം മരുന്നുകൾ അതിനു കീഴിൽ കൊണ്ടുവന്നിരുന്നു. 1984ൽ അത് 347 ആയി കുറച്ചു. 1987ൽ 163 ആയും ഏറ്റവും അവസാനം 1994 ആയപ്പോഴേക്കും അത് വെറും 73 ആയി ചുരുങ്ങിയിരിക്കുകയുമാണ്. സംഗതികൾ ഇതുവരെയായിട്ടും ബഹുരാഷ്‌ട്ര കുത്തകകൾ സന്തുഷ്‌ടരല്ല. അവർ എല്ലാ മരുന്നുകളുടെയും വിലനിയന്ത്രണം നീക്കുവാൻ സർക്കാരിൽ സമ്മർദം ചെലുത്തിവരികയാണ്. അതിൽ അവർ വിജയം കൈവരിക്കുമെന്നു തന്നെയാണ് സൂചന. എന്നാൽ വികസിത രാജ്യങ്ങളിൽ പോലും (ഉദാ: ബ്രിട്ടൻ, ജർമനി, ഫ്രാൻസ്) മരുന്നുകളുടെ വില സർക്കാർ ഇപ്പോഴും നേരിട്ട് നിയന്ത്രിക്കുന്നു എന്നുള്ളതാണ് യാഥാർഥ്യം. മരുന്നു വില നിയന്ത്രണ നിയമത്തിൽ വെള്ളം ചേർത്തതോടുകൂടി പല അവശ്യമരുന്നുകൾക്കും വില ഗണ്യമായി കൂടുകയുണ്ടായി (പട്ടിക 1 നോക്കുക).
പട്ടിക-2 വിവിധ മരുന്നുകളുടെ വില വർഷങ്ങളിലൂടെ വില മരുന്നിന്റെ പേർ കമ്പനി ഉപയോഗം എണ്ണം 1992 1996 2001 അമോക്‌സിസിലിൻ ഗുഫിക്‌് ആന്റിബ 15 60.43 84.41 100.80 500mg യോട്ടിക്� ആംപിസിലിൻ റാൻബാക്‌സി ആന്റിബ 8 27.20 46.25 50.00 500mg യോട്ടിക് എത്താംബുട്ടോൾ കാഡില ക്ഷയ 10 13.69 24.70 39.60 800mg രോഗം പൈറാസിനമൈഡ് സിബ ക്ഷയ 10 20.48 34.00 49.85 750mg രോഗം ഡയോണിൽ ഹെക്‌സ്റ്റ് പ്രമേഹം 10 2.69 3.90 6.68 5mg
ഇതുപോലെ നൂറുകണക്കിന് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുവാൻ കഴിയും. ഇതുപോലെ തന്നെയാണ് പുതിയ മരുന്നുകളുടെ വിലയും. ഉൽപാദന ചെലവിന്റെ ആയിരവും രണ്ടായിരവും ഇരട്ടിയാണ് മരുന്നു കമ്പനികൾ ഈടാക്കുന്ന വില.
മരുന്നുകളുടെ കൂടുന്ന വില പൊതുവെ എല്ലാ കോണുകളിൽ നിന്നും വിമർശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയ്‌ക്ക് പോലും ഇതിനെതിരെ പ്രമേയം പാസാക്കേണ്ടി വന്നു എന്നതാണു രസകരം. മരുന്നുകളുടെ കാര്യത്തിൽ ലാഭേച്ഛ മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനം �എല്ലാവർക്കും ആരോഗ്യം� എന്ന ലക്ഷ്യം തന്നെ അപ്രസക്തമാക്കുമെന്നും അതിനാൽ ലോക വ്യാപാര സംഘടനയും ലോക ബാങ്കും തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെടുകയുണ്ടായി. മേൽപറഞ്ഞ പ്രമേയം കൊണ്ടുവന്നപ്പോൾത്തന്നെ അമേരിക്കയും ജർമനിയും മറ്റു സമ്പന്ന രാജ്യങ്ങളും അതിനെ എതിർത്തു. എന്നാൽ അഞ്ചു ദിവസത്തെ 20 മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ 18നെതിരെ 29 വോട്ടുകൾക്ക് ആ പ്രമേയം പാസാവുകയാണ് ഉണ്ടായത്.
കൂട്ട പിരിച്ചുവിടൽ
പുതിയ കരാറുകളുടെ ഭാഗമായി ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചതോടെ പല ഇന്ത്യൻ മരുന്നുകമ്പനികൾക്കും പിടിച്ചുനിൽക്കാൻ പറ്റാതായിട്ടുണ്ട്. ബഹുരാഷ്‌ട്ര കുത്തകകൾ ലോക കമ്പോളം പിടിച്ചടക്കാൻ വേണ്ടി മരുന്നുകളുടെ വില കുത്തനെ ഇടിച്ചും പിന്നെ കുത്തനെ ഉയർത്തിയുമുള്ള കളികൾ തുടങ്ങിയപ്പോൾ ഇന്ത്യൻ കമ്പനികൾക്ക് നിൽക്കക്കള്ളിയില്ലാതായി. കമ്പോളത്തിലെ വില ഇടിച്ചുകൊണ്ട് ഇന്ത്യൻ കമ്പനികളെ തകർക്കുകയും തകർച്ചയുടെ വക്കിലെത്തിയ കമ്പനികളെ ചുളുവിലയ്‌ക്ക് വാങ്ങുകയും ചെയ്യുന്ന നയമാണ് ബഹുരാഷ്‌ട്രകുത്തകകൾ നടത്തി വരുന്നത്. അങ്ങനെ പല മരുന്നുകളുടെയും കുത്തക സ്വന്തമാക്കിയ ശേഷം വില കുത്തനെ ഉയർത്തുകയോ ഉൽപാദനം തന്നെ നിർത്തിവെക്കുകയോ ആണ് അവർ നാളിതുവരെ ചെയ്‌തിട്ടുള്ളത്.
ബോഹീമർ എന്ന കമ്പനി ക്ലോറാംഫെനിക്കോൾ എന്ന മരുന്നുൽപാദന യൂണിറ്റ് തന്നെ പൂട്ടി. സാരാഭായി കെമിക്കൽസ് അതിന്റെ വൈറ്റമിൻ സി ഉൽപാദന യൂണിറ്റ് പൂട്ടി. ഈ രംഗത്തെ തൊഴിലാളികൾ രൂക്ഷമായ പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ബോഹീമർ, ഹിന്ദുസ്ഥാൻ സീബാഗീഗി, പാർക് ഡേവീസ് തുടങ്ങിയ 20ഓളം കമ്പനികൾ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിട്ടുകൊണ്ടിരിക്കയാണ്. മിക്ക കമ്പനികളും ഫാക്‌ടറികൾ തന്നെ വിറ്റുകഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി 3 ലക്ഷം തൊഴിലാളികൾക്കാണ് ഈ മേഖലയിൽ തൊഴിൽ നഷ്‌ടപ്പെട്ടത്. മരുന്നു വിതരണ രംഗത്ത് 15 ലക്ഷം പേർക്കാണ് തൊഴിൽ നഷ്‌ടപ്പെട്ടത്. കമ്പനികൾ കൂടുതൽ ദിവസക്കൂലി തൊഴിലാളികളെയും കോൺട്രാക്‌ട് തൊഴിലാളികളെയും നിയമിച്ചുകൊണ്ട്, അവരെക്കൊണ്ട് കുറഞ്ഞ കൂലിക്ക് കൂടുതൽ ജോലി എടുപ്പിക്കുന്ന തൊഴിൽ ചൂഷണം നടത്തുകയാണിപ്പോൾ. വിവിധ മരുന്നു കമ്പനികൾ പിരിച്ചു വിട്ട തൊഴിലാളികളുടെ എണ്ണം പട്ടിക രണ്ടിൽ കൊടുക്കുന്നു.
പട്ടിക 3 മരുന്നുകമ്പനികളിൽ നിന്നും പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ കമ്പനി വർഷം പിരിച്ചുവിട്ട തൊഴിലാളികളുടെ എണ്ണം ഗ്ലാക്‌സോ 1995 1564 ഹെസ്റ്റ് 1996 1049 ക്‌നോൾ 1995 600 സ്‌മിത് ക്ലൈം 1995 208 മെർക് രോൺ 1995 194 ഹിന്ദുസ്ഥാൻ സീബാഗീഗി 1993 907 ദുഫാർ 1996 154 ബേയർ 1996 590 അബോട്ട് 1996 എല്ലാവരെയും റോച്ചേ 1996 320 ബോഹീമർ 1997 335 പാർക്‌ഡേവീസ് 1997 650 ഫൈസർ 1995 215 യൂണീകെം 1997 എല്ലാവരെയും പൊതുമേഖലാസ്ഥാപനങ്ങളുടെ തകർച്ച
ഇന്ത്യൻ മരുന്നു വ്യവസായത്തിന്റെ നെടുംതൂണുകളായിരുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഇന്ന് തകർച്ചയുടെ വക്കിലാണ്. മാറി മാറി വന്ന ഭരണാധികാരികൾ സ്ഥാപിത താൽപര്യങ്ങൾക്ക് വഴങ്ങി മേൽപറഞ്ഞ പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ നശിപ്പിക്കുകയായിരുന്നു. ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ്, ഐ.ഡി.പി.എൽ, ബംഗാൾ കെമിക്കൽസ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്, ബംഗാൾ ഇമ്മ്യൂണിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്‌തിരിക്കുകയാണ്. എച്ച്.എ.എല്ലിന്റെ പെൻസിലിൻ ഫാക്‌ടറിയും സ്‌ട്രെപ്‌ടോമൈസിൻ ഫാക്‌ടറിയും സ്വകാര്യവൽക്കരിച്ചിരിക്കുകയാണ്. ഐ.ഡി.പി.എൽ 1996 മുതൽ അടച്ചിട്ടിരിക്കുകയാണ്. അഴിമതിയും നിരുത്തരവാദപരമായ മാനേജ്‌മെന്റും കാരണം മിക്ക കമ്പനികളും വൻ നഷ്‌ടത്തിലാണ്. കേരളത്തിലെ കേരളാ ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡും അടച്ചുപൂട്ടിയിട്ട് വർഷങ്ങളായി.
ഇന്ത്യൻ ആരോഗ്യരംഗം ഒരു തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ബഹുരാഷ്‌ട്ര കുത്തകകൾ സമ്പന്ന രാഷ്‌ട്രങ്ങളുടെ പിൻബലത്തോടെ ലാഭേച്ഛ മാത്രം മുൻനിർത്തി മൂന്നാംലോക രാജ്യങ്ങളിലെ ജനങ്ങളെയാകെ ചൂഷണം ചെയ്‌തു കൊണ്ടിരിക്കുകയാണ്. 2005ഓടെ മാത്രം നടപ്പിലാക്കേണ്ട കരാറുകൾ ഇപ്പോൾത്തന്നെ നടപ്പിലാക്കി ഇന്ത്യൻ സർക്കാർ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുകയാണ്. പല ചെറിയ രാജ്യങ്ങളും സ്വന്തം ജനങ്ങളെ ഈ മഹാചൂഷണത്തിൽ നിന്നും രക്ഷിക്കാൻ കരാറുകൾക്കകത്തു നിന്നുകൊണ്ടും കരാറുകൾക്കെതിരെ അഭിപ്രായം സ്വരൂപിച്ചുകൊണ്ടും പ്രയത്‌നിക്കുമ്പോൾ, മൂന്നാംലോക രാജ്യങ്ങളിൽ ഏറ്റവുമധികം വിഭവങ്ങളും ജനസംഖ്യയും ഉള്ള ഇന്ത്യയിലെ സർക്കാർ സ്വന്തം ജനങ്ങളെ എരിതീയിലെറിഞ്ഞിട്ട് പൊട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ ഭരിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ ഒറ്റുകൊടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പത്തും സ്വാശ്രയവും ബഹുരാഷ്‌ട്ര കുത്തകകൾക്ക് അടിയറ വെച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ അഭിപ്രായ സ്വരൂപീകരണത്തിലൂടെ ഈ പ്രക്രിയയ്‌ക്ക് തടയിട്ടില്ലെങ്കിൽ ഒരുപക്ഷേ ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം ആഴങ്ങളിലേക്ക് നാം പതിച്ചുപോകും.