ഐ.ആർ.ടി.സി.
ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (IRTC) (http://www.irtc.org.in/) എന്ന ഗവേഷണസ്ഥാപനം 1987 ൽ പാലക്കാട് മുണ്ടൂരിൽ പ്രവർത്തനം ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആണ് ഇത് സ്ഥാപിച്ചത്. വിവിധ സാങ്കേതികവിദ്യകളെ സാധാരണ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ മാറ്റിത്തീർക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പരിഷത്ത് ഉത്പന്നങ്ങളായ ചൂടാറാപ്പെട്ടി, സമത സോപ്പ്, തുടങ്ങിയവ ഇവിടെ വികസിപ്പിച്ചവയാണ്.
LED തെരുവു വിളക്കുകൾ, മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതി തുടങ്ങിയ മറ്റു പ്രൊജക്റ്റുകളും ഇവിടെ നടക്കുന്നു.https://ml.wikipedia.org/wiki/%E0%B4%90.%E0%B4%86%E0%B5%BC.%E0%B4%9F%E0%B4%BF.%E0%B4%B8%E0%B4%BF.
ക്യാമ്പസിനെപ്പറ്റി
ഇന്റർഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (ഐ.ആർ.ടി.സി) എന്ന പാലക്കാട്ടെ മുണ്ടൂരിലുള്ള ഗ്രാമീണ സാങ്കേതികവിദ്യാ കേന്ദ്രത്തിലേയ്ക്ക് വരുന്ന ഏതൊരാളെയും വരവേൽക്കുക ഗ്രാമീണതയുടെ ഗന്ധങ്ങളാണ്. തലപ്പൊക്കമുള്ള വൃക്ഷങ്ങളും നിറഞ്ഞ പച്ചപ്പും. കാമ്പസ്സിനെ അതിരിട്ട് ജലം നിറഞ്ഞ കനാൽ, അതിനപ്പുറം വയലുകൾ, കൃഷിഭൂമികൾ... ആകാശത്തെ തൊടുന്ന മലനിരകൾ... ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഗവേഷണ സ്ഥാപനമാണ് ഐ.ആർ.ടി.സി. 1987ലാണ് പാലക്കാട്ട് നിന്ന് എട്ട് കിലോമീറ്റർ വടക്ക് മുണ്ടൂരിൽ ഐ.ആർ.ടി.സി. സ്ഥാപിതമായത്. 'മൊട്ട' എന്ന കവിതയിൽ ആറ്റൂർ പാടിയതുപോലെ തലമുടി പറ്റെ വെട്ടിയ മുത്തശ്ശിയുടെ ശിരസ്സിനു സമാനമായിരുന്നുവത്രെ മുമ്പ് ഈ എട്ടര ഏക്കർ പ്രദേശം. ഒരു പറ്റം ശാസ്ത്രകുതുകികളായ പ്രവർത്തകർ വൃക്ഷങ്ങൾ നട്ടും പൂച്ചെടികൾ നട്ടും അതിനെ പച്ചപിടിപ്പിച്ച് എടുക്കുകയായിരുന്നു. ശാസ്ത്രമെങ്ങനെ സാധാരണക്കാരന്റെ കൈകളിലെത്തിക്കാം എന്ന സങ്കീർണ ചോദ്യത്തിന്റെ പ്രസക്തമായ ഉത്തരമാണ് ഐ.ആർ.ടി.സി.
വളർച്ചയുടെ വഴികൾ
1980 മുതൽതന്നെ ഗ്രാമീണ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതു സംബന്ധിച്ച ഗവേഷണത്തിൽ പരിഷത്ത് ഏർപ്പെടുകയുണ്ടായി. അതിനെത്തുടർന്നാണ് പരിഷത്തുകാർ ഏറെ താലോലിച്ച് വളർത്തിപ്പോന്ന പരിഷത്ത് അടുപ്പ് ഇന്നത്തെ രൂപത്തിൽ ആയത്. ഇത് അതിന്റെ വിജയമാണ് ഐ.ആർ.ടി.സി എന്ന സ്വന്തം ഗവേഷണ സ്ഥാപനം സ്ഥാപിക്കുന്നതിലേയ്ക്ക് പരിഷത്തിനെ നയിച്ചത്.
നാടിനുചേർന്ന സാങ്കേതികവിദ്യ
ശാസ്ത്രം സാധാരണക്കാരിലെത്തിക്കുക; ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും സാമാന്യ ജനത്തിന്റെ ജീവിതം മെച്ചപ്പെടുത്താനുപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഊന്നിയാണ് ഐ.ആർ.ടി.സി പ്രവർത്തിക്കുന്നത്.
പുകയില്ലാത്ത അടുപ്പ്
കരിപിടിച്ച അടുക്കളച്ചുവരുകളുടെയും പുകതിന്നു മടുത്ത വീട്ടമ്മമാരുടെയും നിശ്ശബ്ദമായ നിലവിളി കേട്ടതാണ് പുകയില്ലാത്ത അടുപ്പിന്റെ പിറവിക്ക് കാരണമായത്. ഉപയോഗിക്കുന്ന വിറകിന്റെ പരമാവധി പ്രയോജനം ലഭിക്കുന്ന വിധത്തിൽ ദക്ഷത കൂടിയ അടുപ്പുകളാണിവ. അത് പാചകച്ചെലവ് കുറയ്ക്കുന്നു. ഊർജനഷ്ടം കുറയ്ക്കുകയും ചെയ്യുന്നു.
വീട്ടിൽ സ്വയം സോപ്പുണ്ടാക്കാം
കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന തേങ്ങയ്ക്ക് വിലയില്ലാതെ കേരള കർഷകർ ദുരിതം അനുഭവിച്ച കാലത്താണ് ഐ.ആർ.ടി.സി സോപ്പ് നിർമാണത്തെക്കുറിച്ച് ചിന്തിച്ചത്. ബഹുരാഷ്ട്ര കുത്തകകൾ കപട പരസ്യങ്ങളിലൂടെ സോപ്പു വിറ്റ് ലാഭം കൊയ്യുന്നു. ഗുണമേന്മയിൽ മികച്ചതും ന്യായമായ വിലയ്ക്ക് ലഭ്യമാകുന്നതുമായ സോപ്പുകൾ നിർമിച്ച് വിതരണം ചെയ്യാൻ ഐ.ആർ.ടി.സിക്ക് കഴിഞ്ഞു. ജനങ്ങൾക്ക് സ്വന്തം വീട്ടിൽ വച്ച് നമ്മുടെതന്നെ വെളിച്ചെണ്ണ ഉപയോഗിച്ച് മെച്ചപ്പെട്ട സോപ്പു നിർമിക്കാനാവശ്യമായ കിറ്റുകളും ലഭ്യമാക്കി.
കേരക്കാലം തിരിച്ചുകൊണ്ടുവരികയായിരുന്നു. ഐ.ആർ.ടി.സി പേര് പോലെത്തന്നെ ഉള്ളവന്റേയും ഇല്ലാത്തവന്റേയും അന്തരം നികത്തി ഒരു പുതിയ സമൂഹത്തെ വാർത്തെടുക്കുകയാണ് 'സമത' എന്ന സോപ്പ് യൂണിറ്റിന്റെ ലക്ഷ്യം.
മൺപ്പാത്രരംഗത്ത്
പാരമ്പര്യത്തിന്റെ മണ്ണ് ചവിട്ടിക്കുഴച്ച് പുതിയ അച്ചിലിട്ട് വാർക്കുകയാണ് ഈ സ്ഥാപനത്തിലെ മൺപാത്ര വിഭാഗത്തിലെ ജീവനക്കാർ. കളിമൺ പാത്രങ്ങൾ വാങ്ങാൻ ആളില്ലാതായപ്പോൾ പാത്ര നിർമാണം പാരമ്പര്യമായി ചെയ്തുവന്ന ഒരു ജനതയാണ് പട്ടിണിയിലായത്. അവർക്കിപ്പോൾ ഐ.ആർ.ടി.സി. മൺപാത്ര വിഭാഗം ഒരുക്കുന്ന ഡെക്കോപാഷ് ഒരു അനുഗ്രഹമാണ്. കളിമണ്ണുകൊണ്ട് ഉണ്ടാക്കുന്ന പാത്രങ്ങൾക്ക് (ഫ്ളവർവേസുകൾ തുടങ്ങിയവ) ചായം കൊടുത്ത് മൂല്യം വർധിപ്പിച്ച് മികച്ച വിലയ്ക്ക് വിൽക്കുന്ന സംവിധാനമാണിത്. ഐ.ആർ.ടി.സി ഒരു പറ്റം
കൂൺ,മത്സ്യം,മുയൽ
മനുഷ്യരുടെ ജീവിതത്തിനാണ് നിറം പകരുന്നത്. മറ്റൊരു വിഭാഗമാണ് കൂൺകൃഷിയുടേത്. കൂൺ കൃഷിയിലൂടെ ഇവിടെ ജീവിതം മുളപ്പിച്ചെടുക്കുന്നു. ശാസ്ത്രീയമായ രീതികളിലൂടെ മെച്ചപ്പെട്ട വിളവും അതുവഴി ജീവിതവും താൽപ്പര്യമുള്ളവർക്ക് മികച്ച കൂണും നൽകാനുമുള്ള ശ്രമം. രോമത്തിനും മാംസത്തിനും പരീക്ഷണങ്ങൾക്കും വേണ്ടി മുയലുകളേയും, വളത്തിനും, സസ്യാഹാരത്തിനുമായി അസോളയും ഇവിടെ വളർത്തുന്നു. ശാസ്ത്രീയ മത്സ്യകൃഷി, അലങ്കാരമത്സ്യങ്ങൾക്കുള്ള നഴ്സറി എന്നിവ ഐ.ആർ.ടി.സിയിലെ ഇതര വിഭാഗങ്ങളാണ്. ഒരേസമയം ഈ ഉൽപ്പന്നങ്ങൾ വാങ്ങാനും പരിശീലനം നേടാനും പൊതുജനങ്ങൾക്ക് കഴിയും. അതു വഴി സ്വന്തം ജീവിതത്തിന് വർണരാജി പകരാനും.
മാലിന്യസംസ്കരണം
മാലിന്യങ്ങൾ എന്നും മനുഷ്യന് വയ്യാവേലിയാണ്. അതിനാൽ തുടക്കം മുതൽക്ക് മാലിന്യ സംസ്കരണ രംഗത്ത് ഈ ഗ്രാമീണ സാങ്കേതിക വിദ്യാകേന്ദ്രം സവിശേഷമായ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
കമ്പോസ്റ്റ്
പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന പദ്ധതികളിലൊന്നാണ് മണ്ണിര കമ്പോസ്റ്റ് നിർമാണം. യൂട്ടിലസ് യുജീനിയ എന്ന ആഫ്രിക്കൻ ഇനമായ മണ്ണിരകൾ മാലിന്യങ്ങൾ ആഹരിച്ച് വളം വിസർജിക്കുന്നു. സാധാരണ മണ്ണിരകളിൽ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് മണ്ണിന്റെ ആവശ്യമില്ല. അതുപോലെ തന്നെയാണ് ബയോഗ്യാസ്പ്ലാന്റും ഉടലെടുത്തത്.
ബയോഗ്യാസ് പ്ലാന്റ്
വീട്ടിലെ അടുക്കളമാലിന്യങ്ങൾ മാത്രം മതി ഐ.ആർ.ടി.സി ഉൽപ്പാദിപ്പിച്ച ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിപ്പിക്കാൻ. ഖരമാലിന്യ സംസ്കരണം എന്ന ഒറ്റയാനെ ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് നിർമാണം തുടങ്ങിയ പൊടിക്കൈകളിലൂടെ മെരുക്കി ഐ.ആർ.ടി.സി. മേളപ്പെരുപ്പങ്ങൾക്ക് ഇമ്പമേവുകയാണ്.
ചൂടാറാപ്പെട്ടി
ഊർജ സംരക്ഷണ മേഖലയിൽ പരിഷത്തിന്റെ പുകയില്ലാത്ത അടുപ്പിനെക്കുറിച്ച് മുമ്പു സൂചിപ്പിച്ചു. ഈ രംഗത്തെ വലിയ മുന്നേറ്റമാണ് ചൂടാറാപ്പെട്ടി. അരിയും മറ്റും വേവുന്നതുവരെ അടുപ്പു കത്തിക്കുന്നതാണ് നമ്മുടെ രീതി. എന്നാൽ തിളവരുന്നതോടെ അടുപ്പിൽ നിന്ന് പാത്രത്തോടെ എടുത്ത് ചൂടാറാപ്പെട്ടിയിൽ വച്ചാൽ അത് പിന്നെ തനിയെ തിളച്ചുവേവും. അത്രയും ഇന്ധനം ലാഭമാവുകയും ചെയ്യും. ചൂടുള്ള ഭക്ഷണം ഏറെനേരം ചൂടാറാതെ സൂക്ഷിക്കാനും ഈ ഉപകരണം സഹായിക്കും.
മറ്റു വിഭാഗങ്ങൾ
ഇതിനു പുറമെ റൂറൽ എഞ്ചിനീയറിംങ്ങ് സെന്റർ, ചെറുകിട ജലവൈദ്യുതപദ്ധതി, നീർത്തടാധിഷ്ഠിത വികസനം, പരിസ്ഥിതിശാസ്ത്രം, തുടങ്ങി വിവിധ മേഖലകളിൽ പഠനഗവേഷണങ്ങൾ ഐ.ആർ.ടി.സിയിൽ നടക്കുന്നു. കേരളത്തിലെ പഞ്ചായത്തുകളുടെ വികസന പദ്ധതികൾക്ക് സഹായവും പരിശീലനവും നൽകുന്ന ഒരു പ്രധാന കേന്ദ്രമാണ് ഐ.ആർ.ടി.സി. സെമിനാർഹാളിൽ ഒതുങ്ങിനിന്ന ശാസ്ത്രത്തെ സാധാരണക്കാരന്റെ ജീവിതോപാധിയായി മാറ്റിയ ചരിത്രമാണ് ഐ.ആർ.ടി.സിയുടേത്. ജീവനക്കാരുടെ സമർപ്പണമനോഭാവമാണ് ഈ സ്ഥാപനത്തിന്റെ മഹാപ്രയാണത്തിനുള്ള ഇന്ധനം.
കൂൺകൃഷി
ഐ.ആർ.ടി.സിയിൽ തുടർച്ചയായി പ്രവർത്തിച്ചു വരുന്ന ഒരു വിഭാഗമാണ് കൂൺ കൃഷിയുടേത്. കുമിൾ വർഗത്തിലെ ഒരു പ്രത്യേക വിഭാഗമാണ് കൂൺ. പ്രകൃതിയിൽ പ്രത്യേക അനുകൂല സാഹചര്യങ്ങളിലാണ് ഇവയെ പ്രധാനമായും കാണാൻ കഴിയുന്നത്. എന്നാൽ കാലാവസ്ഥയെ മറികടന്ന് പുതിയ രീതികൾ സ്വീകരിച്ച് കൂൺ വളർത്തൽ വിജയകരമാക്കുകയാണ് ഐ.ആർ.ടി.സി ചിപ്പിക്കൂൺ ആണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. അധ്വാനത്തിലുപരി ശ്രദ്ധയും ശുചിത്വവും പരിപാലനവുമാണ് കൂൺകൃഷിക്ക് അത്യാവശ്യമായി വേണ്ടത്. പോഷകവും സ്വാദിഷ്ടവുമായ കൂൺ നല്ല ഒരു സസ്യാഹാരമാണ്. കൂൺകൃഷി നടത്താൻ താൽപ്പര്യമുള്ളവർക്ക് ഐ.ആർ.ടി.സി ശാസ്ത്രീയ പരിശീലനം നൽകുന്നുണ്ട്.
ഡെക്കോപാഷ്
ഡെക്കോപാഷ് (Decopage) എന്ന ഫ്രഞ്ച് പദം അധികമാർക്കും പരിചിതമായിരിക്കില്ല. എന്നാൽ, ഐ.ആർ.ടി.സി മികച്ച രീതിയിൽ നടത്തിവരുന്ന മൺപാത്രനിർമാണവും അവയ്ക്ക് നിറം നൽകി, കമ്പോളത്തിൽ ന്യായമായ വില ലഭിക്കുന്ന വിധത്തിൽ വിറ്റഴിക്കുന്നതും കണ്ടുകഴിഞ്ഞാൽ ആ പദത്തിന്റെ എല്ലാ അർഥങ്ങളും നമുക്കു തിരിച്ചറിയാൻ സാധിക്കും. പരമ്പരാഗത തൊഴിലാളികളായ കുമ്പാരൻമാരുടെ ഉന്നമനത്തിനായി ഐ.ആർ.ടി.സി. നടത്തിവരുന്ന സവിശേഷ പദ്ധതിയാണ് ഇത്. ആധുനിക രീതിയിൽ നിർമിക്കുന്ന സാധാരണ മൺകലങ്ങളുടെ (claypot) പരുപരുത്ത പ്രതലം സാന്റ്പേപ്പർ കൊണ്ടുരച്ച് മിനുസപ്പെടുത്തുന്നതാണ് ഡെക്കോപാഷിന്റെ ആദ്യഘട്ടം. അതിനുശേഷം പാത്രത്തിനുമേൽ വാൾപുട്ടി ഇടും. വീണ്ടും സാന്റ്പേപ്പർ ഉപയോഗിച്ച് ഉരച്ച് മിനുസപ്പെടുത്തും. പ്രിന്റ് ചെയ്ത ചിത്രം പാത്രത്തിനുമേലൊട്ടിക്കുന്നു. ഇതിന്റെ നാലുവശവും വാൾപുട്ടി ഇടുന്നു. ചിത്രത്തിന്റെ അതേ നിരപ്പിൽ ഇടണം. വീണ്ടും സാന്റ്പേപ്പർ ഉപയോഗിച്ച് ഉരയ്ക്കും. തുടർന്ന് പ്രിന്റുചെയ്യും. സ്ലീക്കിടും. വാൾപുട്ടി അലർജിയുള്ളവർക്ക് നല്ലതല്ല. ഇത്തരത്തിലുള്ളവർക്ക് വാൾപുട്ടി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും എന്നതാണ് ഈ ജോലിയുടെ പ്രശ്നം. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന ഒരുപറ്റം ആളുകളുടെ ജീവിതത്തിനു തന്നെ ഒരു താങ്ങായി മാറിയിരിക്കുകയാണ് ഐ.ആർ.ടി.സിയുടെ ഡെക്കോപാഷ്.
അസോള - ആഹരിക്കാവുന്ന ജലസസ്യം
ജലം സർവവ്യാപിയാണ്. മണ്ണിൽ മാത്രമല്ല, ജലത്തിലും അനവധി സസ്യങ്ങൾ വളരുന്നുണ്ട്. ജലസസ്യങ്ങളിൽ ഒന്നാണ് അസോള പിന്നേറ്റ. പായൽവർഗത്തിൽപ്പെട്ട ഒരു ജലസസ്യമാണിത്. ഇവയുടെ വേരുകളിൽ വളരുന്ന അസോള അനബീന എന്ന ബാക്ടീരിയയ്ക്ക് അന്തരീക്ഷ നൈട്രജനെ നേരിട്ട് ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഈ നൈട്രജനെ നൈട്രേറ്റ് ആക്കി മാറ്റിയാണ് അസോള അനബീന ഇതിനെ ആഹാരമാക്കുന്നത്. ഇതിലൂടെ സസ്യത്തിനും ആഹാരം ലഭിക്കുന്നു. അസോള സസ്യം ശുദ്ധജലത്തിൽ നന്നായി കഴുകി ഉണക്കിയെടുത്താൽ കഞ്ഞിവെള്ളത്തിനൊപ്പവും മറ്റും കന്നുകാലികൾക്ക് കൊടുക്കാം. ധാരാളം പ്രൊട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ പാലിന്റെ അളവും കൊഴുപ്പും കൂടും. ശുദ്ധജലത്തിൽ സസ്യത്തെ കഴുകുന്നതിന് കാരണം ഇതിലെ ബാക്ടീരിയ കന്നുകാലികളുടെ ദഹനപഥത്തിലെത്തിയാൽ അവയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാലാണ്. ബാക്ടീരിയ നീക്കം ചെയ്തതിനുശേഷം നമുക്കും വറുത്ത് കഴിക്കാം. മണ്ണ്, ജലം, ചാണകപ്പൊടി എന്നിവ ഉപയോഗിച്ചുള്ള ലളിതമായ നിർമാണത്തിലൂടെ അസോള വിത്തിനെ മുളപ്പിച്ച് രണ്ട് ആഴ്ചകൊണ്ട് വിളവെടുക്കാം. ഐ.ആർ.ടി.സിയിൽ പ്രവർത്തിക്കുന്ന അസോള യൂണിറ്റ് ജനങ്ങളിലേയ്ക്ക് അവയെ എത്തിക്കാൻ അഹോരാത്രം പ്രയത്നിക്കുന്നു. ധാരാളം തൊഴിൽ സാധ്യതകളും ഇതുമൂലം ഉണ്ടാകുന്നുണ്ട്.
(2012 ഫെബ്രുവരി 2,3,4 തിയ്യതികളിൽ ഐ.ആർ.ടി.സിയിൽ വച്ചു നടന്ന സാഹിത്യശിൽപ്പശാലയിൽ ഫീച്ചർ എഴുത്ത് പരിശീലനത്തിന്റെ ഭാഗമായി ക്യാമ്പ് അംഗങ്ങൾ തയ്യാറാക്കിയത്)