കോസ്മിക് കലണ്ടർ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

Images (6).jpg

കാൾസാഗന്റെ കോസ്മിക് കലണ്ടർ

പ്രപഞ്ചമുണ്ടായിട്ട് ഏകദേശം 13.8 ബില്യൺ വർഷങ്ങൾ ആയെന്നും, ഭൂമി ഉണ്ടായിട്ട് 4.5 ബില്യൺ വർഷങ്ങൾ ആയെന്നുമൊക്കെ പറയുമ്പോൾ ആ സംഖ്യകളുടെ വലിപ്പം പലരും ഓർക്കാറില്ല. ഈ പറയുന്ന സമയ ദൈർഘ്യം, ഒരു പക്ഷേ സങ്കൽപ്പിക്കാവുന്നതിലപ്പുറം വലിയൊരു കാലയളവാണ്. മനുഷ്യർ ഉണ്ടായിട്ട് കേവലം 2 ലക്ഷം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്ന് പറയുമ്പോഴും, 2 ലക്ഷവും 14 ബില്യണും തമ്മിലുള്ള അതിഭീമമായ അന്തരവും ആരും ഓർക്കാറില്ല!

ഈ കാലയളവുകളെ നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ വേണ്ടി ‘കോസ്മിക് കലണ്ടർ’ ഉപയോഗിക്കാം. കാൾ സാഗൻ അദ്ദേഹത്തിന്റെ പുസ്തകമായ The Dragons of Eden എന്ന പുസ്തകത്തിലൂടെ ആണ് ഈ ആശയം മുമ്പോട്ട് വെക്കുന്നത്. സംഗതി ലളിതമാണ്. പ്രപഞ്ചമുണ്ടായിട്ട് ഇത് വരെ ഉള്ള കാലയളവിനെ - അതായത് 13.8 ബില്യൺ വർഷങ്ങളെ - ഒരൊറ്റ വർഷത്തെ, അതായത് കൃത്യം 365 ദിവസങ്ങളുടെ ഒരു കാലയളവിലേക്ക് ചുരുക്കുന്നു. (ഒരു ബില്യൺ എന്നാൽ നൂറു കോടി)

ഉദാഹരണത്തിന്, ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക് പ്രപഞ്ചം ഉണ്ടാകുന്നു. അടുത്ത വർഷം ഡിസംബർ 31 അർദ്ധരാത്രി - കൃത്യം 12 മണിക്ക് പ്രപഞ്ചം ഇന്നുള്ള അവസ്ഥയിലേക്കുത്തുന്നു എന്നും സങ്കൽപ്പിക്കുക. അങ്ങനെ എങ്കിൽ ഈ ‘കോസ്മിക് കലണ്ടറിലെ’ ഒരു സെക്കന്റ് 438 വർഷങ്ങൾക്ക് സമമായിരിക്കും. ഒരു മണിക്കൂർ എന്നത് 15.8 ലക്ഷം വർഷങ്ങളും, ഒരു ദിവസമെന്നത് 3.78 കോടി വർഷങ്ങളും ആയിരിക്കും. ഇനി ഈ കലണ്ടറിലൂടെ ഒന്ന് സഞ്ചരിച്ച്, നമുക്കറിയാവുന്ന പ്രപഞ്ചത്തിൽ ഇത് വരെ നടന്ന പ്രധാന സംഭവങ്ങളെ ഒന്ന് പരിശോധിക്കാം!.

ചിത്രങ്ങളിലൂടെ

                                                                                       

കുറിപ്പ്

 

ഡിസംബർ 31

അർദ്ധരാത്രി കൃത്യം 12:00 മണി. ബിഗ് ബാംഗ് സംഭവിക്കുന്നു! ആദ്യത്തെ മൈക്രോ സെക്കന്റുകളും, സെക്കന്റുകളുമൊക്കെ പ്രപഞ്ചത്തിന്റെ അടിസ്ഥാന കണികകളുടെ രൂപീകരണമാണ്. നമുക്ക് താല്പര്യമുള്ള വിഷയങ്ങളൊന്നും ആദ്യത്തെ ഒന്ന് രണ്ട് മാസത്തേക്ക് സംഭവിക്കുന്നില്ല!

മാർച്ച് 15

നമ്മുടെ ഗ്യാലക്സി ആയ മിൽക്കി വേ (ആകാശ ഗംഗ) ഉണ്ടാകുന്നത് മാർച്ച് 15 ന് ആണ്. പിന്നെയും നീണ്ട കാത്തിരിപ്പ്!

ഓഗസ്റ്റ് 31

സൂര്യനും സൗരയൂഥവുമൊക്കെ ഒരു പാട് മാസങ്ങൾ കഴിഞ്ഞ് - കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് 31 നാണ് ഉണ്ടാകുന്നത്! അതിനോടനുബന്ധിച്ചു തന്നെ ഭൂമിയും, ഇതര ഗ്രഹോപഗ്രഹങ്ങളും ഉണ്ടാകുന്നു. ഒരു വർഷത്തിൽ 8 മാസം അപ്പോഴേക്കും കടന്നു പോയി.

സെപ്തംബർ 21

ഭൂമിയിലെ ജീവന്റെ ആദ്യ കണിക ഉണ്ടാകുന്നത് സെപ്തംബർ 21 നാണ്.പ്രോകാരിയോട്ട് എന്ന് വിളിക്കപ്പെടുന്ന അതീവലളിതമായ ഏകകോശജീവികൾ.

ഒക്റ്റോബർ 12

ഫോട്ടോ സിന്തസിസ് എന്ന പ്രതിഭാസം ആരംഭിക്കുന്നത് ഒക്റ്റോബർ 12 ന്. വർഷത്തിലെ 10 മാസം കഴിയാറായിട്ടും, മനുഷ്യൻ പോയിട്ട് ബഹുകോശ ജീവികൾ പോലും ഭൂമിയിൽ ആവിർഭവിച്ചില്ല എന്നോർക്കണം!

നവംബർ 9

പ്രോകാരിയോട്ട് ജീവികളിൽ ന്യൂക്ലിയസ് ഉണ്ടാകുന്നത് (അതായത് യൂകാരിയോട്ടുകൾ ആയി മാറുന്നത് നവംബർ 9 ന് ആണ്. ഇതിനു മുമ്പ് തന്നെ, അതായത് കോശങ്ങളിൽ മർമങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ‘സെക്സ്’ ഉരുത്തിരിഞ്ഞിരുന്നു എന്നറിയാമോ? അത് സംഭവിച്ചത് നവംബർ 1 നാണ്!

ഡിസംബർ

ആദ്യത്തെ ബഹുകോശജീവികൾ പ്രത്യക്ഷപ്പെടുന്നത് ഡിസംബർ 5ന്. കടലിനടിത്തട്ടിൽ കാണപ്പെടുന്ന ലളിതമായ ജീവികൾ ഉണ്ടാകുന്നത് ഡിസംബർ 14നാണ്. സമാനകാലത്ത് തന്നെയാണ് ആർത്രോപോഡുകളുടെ ഉത്ഭവവും. ഡിസബർ 18ന് മത്സ്യങ്ങളും, ഉഭയജീവികളുടെ പൂർവികരും ഉണ്ടാകുന്നു.

ഡിസംബർ 20 ന് കരയിൽ സസ്യങ്ങൾ ഉണ്ടാകുന്നു. ചെറുപ്രാണികളും, ഇന്നത്തെ ഇൻസെക്റ്റുകളുടെ പൂർവികരും ഉണ്ടാകുന്നത് ഡിസംബർ 21 നാണ്. ഡിസംബർ 22 ന് ആദ്യ ഉഭയജീവികൾ ഉണ്ടാകുന്നു. ഉരഗങ്ങൾ ഉണ്ടാകുന്നത് ഡിസംബർ 23 നും, സസ്തനികൾ ഉണ്ടാകുന്നത് ഡിസംബർ 26 നുമാണ്. ഒരു വർഷം കഴിയാൻ വെറും 5 ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മനുഷ്യൻ എന്ന അതിവിശിഷ്ടനായ ജീവിയോ, എന്തിന്, അവനോട് വിദൂര സാദൃശ്യമുള്ള ഒരു പൂർവികനോ പോലും ഇത് വരെ ഉണ്ടായിട്ടില്ല!

ദിനോസറുകൾ ആവിർഭവിക്കുന്നത് കൃസ്തുമസിന്റെ തലേന്ന് അർദ്ധരാത്രി ആണ്!പക്ഷികൾ ഉണ്ടാകുന്നത് ഡിസംബർ 27 നും. നമുക്ക് പ്രിയങ്കരമായ പുഷ്പങ്ങൾ ചെടികളിൽ ഉണ്ടാകാൻ തുടങ്ങിയത് ഡിസംബർ 28 ഓടെ ആണ്. അഞ്ചു ദിവസം ഭൂമിയിലെ രാജാക്കന്മാരായിരുന്ന ദിനോസറുകൾ ഡിസംബർ 29 ഓടെ അരങ്ങൊഴിയുകയാണ്.

ഡിസംബർ 30 ന് സകല ഹോമിനിഡ് ഗ്രൂപ്പുകളുടേയും പിതാമഹൻ ആയ പ്രൈമേറ്റുകളുടെ ആദി രൂപങ്ങൾ ഉണ്ടാകുന്നു. കൂടുതൽ സസ്തനികൾ ഭൂമിയിൽ പരിണമിച്ചുണ്ടാകുന്നു.

ഡിസംബർ 31, 6:05 ന് Ape എന്ന് വിളിക്കാവുന്ന ഒരു ജീവി ഭൂമിയിൽ ഉണ്ടാകുന്നു. ഉച്ചയ്ക്ക് 2:24 ഓടെ ഇപ്പോഴത്തെ മനുഷ്യനും, ചിമ്പാൻസിയും, ഗൊറില്ലയും ഒക്കെ ഉൾപ്പെടുന്ന ‘ഹോമിനിഡ്’ ഗ്രൂപ്പിന്റെ പൊതു പൂർവികൻ ഉണ്ടാവുകയാണ്. മണിക്കൂറുകൾ മാത്രം ബാക്കി ഉള്ളപ്പോഴും മനുഷ്യൻ ചിത്രത്തിലില്ല എന്ന് ശ്രദ്ധിക്കുക!

രാത്രി 10:24 ന് മനുഷ്യ പൂർവികർ ആയ ഹോമോ എറക്ടസ് ഉണ്ടാകുന്നു. സമാന സമയത്ത് തന്നെ കല്ലു കൊണ്ടുള്ള ആയുധങ്ങളും കണ്ടു പിടിക്കപ്പെടുന്നു. 11:44 pm നാണ് തീയുടെ ഉപയോഗം മനുഷ്യ പൂർവികർ കണ്ടെത്തുന്നത്. ഒടുവിൽ, ഡിസംബർ 31 രാത്രി11:52 pm ന്, മനുഷ്യൻ എന്ന് വിളിക്കാവുന്ന ഒരു ജീവി ആവിർഭവിക്കുകയാണ്! ഒരു വർഷത്തെ കലണ്ടർ അവസാനിക്കാൻ വെറും എട്ട് മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോൾ

ഒരു വർഷത്തെ പ്രപഞ്ച ചരിത്രത്തിൽ, മനുഷ്യന്റെ അറിയുന്നതും, എഴുതപ്പെട്ടതും, അല്ലാത്തതുമായ സകല ചരിത്രവും, നമുക്കറിയാവുന്ന പ്രശസ്തരും അപ്രശസ്തരും ആയ സകല മനുഷ്യരുടേയും കഥ ഈ എട്ട് മിനിറ്റിൽ ഒതുങ്ങുന്നു! സത്യത്തിൽ അങ്ങനെ പറയുന്നത് പോലും ശരിയല്ല. ഈ എട്ട് മിനിറ്റ് എന്ന് പറയുന്നത് യഥാർത്ഥ സ്കെയിലിൽ രണ്ട് ലക്ഷം വർഷങ്ങൾ ആണ്. മനുഷ്യന്റെ അറിയാവുന്ന ചരിത്രം ഏതാനും പതിനായിരം വർഷങ്ങളിൽ ഒതുങ്ങും!

സകല ദൈവ സങ്കൽപ്പങ്ങളും, മതങ്ങളും വരുന്നത് ഈ എട്ടു മിനിറ്റിന്റെ അവസാനത്തെ ചില നിമിഷങ്ങളിൽ ആണ്! എഴുത്ത് (ലിപി) കണ്ടു പിടിക്കുന്നത് കലണ്ടർ തീരാൻ വെറും 13 സെക്കന്റുകൾ ബാക്കി ഉള്ളപ്പോഴാണ്. വേദങ്ങളും, ബുദ്ധനും, കൺഫ്യൂഷ്യസും, അശോകനും, റോമാ സാംമ്രാജ്യവും ഒക്കെ വരുന്നത് അവസാനത്തെ 6 സെക്കന്റുകൾക്ക് മുമ്പ്.

ആധുനിക ശാസ്ത്രത്തിന്റെ ആവിർഭാവവും, വ്യാവസായിക വിപ്ലവവും, അമേരിക്കൻ, ഫ്രെഞ്ച് തുടങ്ങി സകല വിപ്ലവങ്ങളും, സകല ലോഹമഹായുദ്ധങ്ങളും നടന്നത് അവസാനത്തെ ഒരു സെക്കന്റിനകത്താണ്!

ഇത്രയും പുരാതനമായ പ്രപഞ്ചത്തിന്റെ ഒരു കോണിൽ നിന്ന് കൊണ്ട് ഇന്നലത്തെ മഴയ്ക്ക് മുളച്ച തകര ആയ മനുഷ്യനെ അവന്റെ നിസ്സാരത മനസ്സിലാക്കിക്കാൻ കോസ്മിക് കലണ്ടർ നല്ലൊരു ടൂൾ ആണ്! എട്ടു minute മാത്രം ജീവിച്ചത് കൊണ്ട് ഉത്കൃഷ്ടരായി എന്ന് കരുതുന്നവർ, അഞ്ചു ദിവസം ജീവിച്ച ദിനോസറുകൾ അവശേഷിപ്പിച്ചത് ചില ഫോസിലുകൾ ഓർക്കുക!

ഭൂമിയുടെ ഉത്പത്തി മുതൽ ആണെങ്കിലോ?

ഉത്പത്തി, ചരിത്രം. കലണ്ടർ

ഭൂമിയുടെ രൂപപ്പെടൽ മുതൽ നാളിതുവരെയുള്ള കാലത്തെ ഒരു വർഷത്തിന്റെ പരിധിക്കുള്ളിൽ ചിന്തിച്ചാൽ എങ്ങിനെയിരിക്കും? ഏകദേശം 454 കോടി വർഷങ്ങൾക്ക് മുൻപ് ഭൂമി ഉണ്ടായി എന്നു ശാസ്ത്രജ്ഞന്മാർ കണക്കു കൂട്ടുന്നു. ആ സമയം നമുക്ക് ജനുവരി 1 എന്നെടുക്കാം. അതിനു ശേഷം,

  • ജനുവരി 6, 14:46 -ചന്ദ്രൻ രൂപപ്പെടുന്നു
  • ജനുവരി 29, 01:50 - സമുദ്രങ്ങൾ രൂപം കൊള്ളുന്നു
  • ഏപ്രിൽ 3, 06:03 – ജീവന്റെ ആദ്യ തുടിപ്പ്
  • ജൂൺ 6, 10:17 – പ്രാധമിക കോശങ്ങൾ (പ്രോകാര്യോസൈറ്റ്സ്)
  • ജൂലൈ 24, 13:27 – വ്യക്തമായ ജനിതക ഘടനയുള്ള കോശങ്ങൾ രൂപപ്പെടുന്നു
  • ഒക്ടോബർ 12, 18:43 - പൂപ്പലുകൾ
  • ഒക്ടോബർ 20, 19:15 – ബഹു കോശ ജീവികൾ
  • നവമ്പർ 5, 20:18 – സമുദ്രസസ്യങ്ങൾ
  • നവമ്പർ 23, 11:52 – നട്ടെല്ലുള്ള ജീവികൾ, മത്സ്യങ്ങൾ
  • നവമ്പർ 27, 04:25 – കര സസ്യങ്ങൾ
  • നവമ്പർ 25, 21:37 ‌‌- കര ജീവികൾ - ആർത്രോപോഡ്സ്
  • ഡിസംബർ 1, 23:59 – നാലുകാലുള്ള ജീവികൾ.
  • ഡിസംബർ 1, 23:59 – ഞണ്ടുകൾ, പന്നൽ ചെടികൾ
  • ഡിസംബർ 3, 22:09 - സ്രാവുകൾ
  • ഡിസംബർ 13, 22:48 – ഡിനോസറുകളുടെ ആദ്യരൂപം
  • ഡിസംബർ 14, 18:04 - സസ്തനികൾ
  • ഡിസംബർ 15, 22:56 – ഡിനോസറുകളുടെ ആധിപത്യം
  • ഡിസംബർ 17, പാൻജിയ ഭൂഗണ്ഡം വിണ്ടു മാറുന്നു
  • ഡിസംബർ 19, 23:12 – പക്ഷികളുടെ ആദ്യ രൂപം, ആർക്കിയോപ്ടെറിക്സ്
  • ഡിസംബർ 21, 09:51 ‌‌ - പുഷ്പിക്കുന്ന സസ്യങ്ങൾ (ആൻജിയോസ്പേം )
  • ഡിസംബർ 26, 13:04 – റ്റൈറനോസറസ് റെക്സ്
  • ഡിസംബർ 26, 18:51 - ഡിനോസറുകൾ ഉൾമൂലനം ചെയ്യപ്പെടുന്നു.
  • ഡിസംബർ 26, 22:42 – പ്രിമേറ്റുകളുടെ അവസാന പൊതു പൂർവ്വികൻ
  • ഡിസംബർ 29 , 23:52 – മാനുകളുടെ പൂർവ്വികർ
  • ഡിസംബർ 31, 12:26:54 – മനുഷ്യൻ, ചിമ്പൻസി, ബൊണോബൊ മുതലായവരുടെ അവസാന പൊതു പൂർവ്വികൻ
  • ഡിസംബർ 31, 18:03:58 - മാമത്തുകൾ
  • ഡിസംബർ 31, 20:08:58 – ഹോമോ ജനുസ്സിന്റെ ഉത്പത്തി.
  • ഡിസംബർ 31, 22:27:36 - ഹോമോകൾ തീ ഉപയോഗിക്കാൻ പഠിക്കുന്നു.
  • ഡിസംബർ 31, 23:19:34 – നിയാണ്ടർത്താളുകളുടെ ഉത്പത്തി.
  • ഡിസംബർ 31, 23:36:54 – ഹോമോ സാപ്പിയൻസ് (മനുഷ്യൻ)
  • ഡിസംബർ 31, 23:57:06 – നിയാണ്ടർത്താളുകളുടെ അന്ത്യം.
  • ഡിസംബർ 31, 23:58:16 – മാമത്തുകൾക്ക് വംശനാശം
  • ഡിസംബർ 31, 23:58:50 - മനുഷ്യൻ കൃഷി വശമാക്കുന്നു
  • ഡിസംബർ 31, 23:59:04 – സൃഷ്ടി വിശ്വാസികളുടെ കാലഗണനവെച്ച് ദൈവം സൃഷ്ടി നടത്തുന്നു.
  • ഡിസംബർ 31, 23:59:16 – ആദ്യ അറിയപ്പെടുന്ന തീയതി, ഈജിപ്ഷ്യൻ കലണ്ടർ
  • ഡിസംബർ 31, 23:59:18 - സുമേരിയൻ കുനിഫോം , ആദ്യ എഴുത്ത്
  • ഡിസംബർ 31, 23:59:24 – പിത്തള യുഗം
  • ഡിസംബർ 31, 23:59:24 – സിന്ധു നദീതട സംസ്കാരം
  • ഡിസംബർ 31, 23:59:25 - ഈജിപ്റ്റിലെ ആദ്യ രാജ വംശം
  • ഡിസംബർ 31, 23:59:26 – പാപ്പിറസ് ആദ്യമായി ഉപയോഗിക്കുന്നു, ഈജിപ്റ്റിൽ .
  • ഡിസംബർ 31, 23:59:28 – മായൻ, ഹാരപ്പൻ സംസ്കൃതി. ഗിസായിലെ പിരമിഡ് നിർമ്മാണം ആരംഭിക്കുന്നു.
  • ഡിസംബർ 31, 23:59:36 – ഋഗ് വേദം
  • ഡിസംബർ 31, 23:59:40 – ഇലിയഡ് , ഒഡിസ്സി. ആദ്യ ഒളിമ്പിക്സ് . റോം സ്ഥാപിക്കപ്പെടുന്നു.
  • ഡിസംബർ 31, 23:59:42 – പേർഷ്യൻ സാമ്രാജ്യം , പാണ്ഡ്യ രാജവംശം
  • ഡിസംബർ 31, 23:59:42 - ബുദ്ധൻ, കൺഫൂഷ്യസ്, മഹാവീരൻ
  • ഡിസംബർ 31, 23:59:44 - ചേരരാജവംശം
  • ഡിസംബർ 31, 23:59:46 ‌‌- ചോള രാജവംശം
  • ഡിസംബർ 31, 23:59:46 – ക്രിസ്തുവർഷാരംഭം, ക്രിസ്തു
  • ഡിസംബർ 31, 23:59:48 – നിഖ്യായിലെ സൂനഹദോസ്
  • ഡിസംബർ 31, 23:59:50 – മുഹമ്മദ്
  • ഡിസംബർ 31, 23:59:56 - ഗുട്ടൻ ബർഗ്ഗ് അച്ചടി യന്ത്രം കണ്ടുപിടിക്കുന്നു.
  • ഡിസംബർ 31, 23:59:56 – കൊളമ്പസ് "പുതിയ ലോക"ത്തിൽ എത്തുന്നു.
  • ഡിസംബർ 31, 23:59:57 – മൊണാലിസ
  • ഡിസംബർ 31, 23:59:58 – ടാജ് മഹൽ
  • ഡിസംബർ 31, 23:59:58.3 – പ്ളാശ്ശി യുദ്ധം, ഭാരതത്തിൽ ബ്രിട്ടീഷ് ഭരണം ആരംഭിക്കുന്നു.
  • ഡിസംബർ 31, 23:59:58.4 - അമേരിക്കൻ സ്വാതന്ത്ര്യം
  • ഡിസംബർ 31, 23:59:58.43 - അമേരിക്കൻ വിപ്ളവം
  • ഡിസംബർ 31, 23:59:58.47 – ഫ്രഞ്ച് വിപ്ളവം
  • ഡിസംബർ 31, 23:59:58.58 – ലോക ജന സംഖ്യ ശതകോടി തികയുന്നു
  • ഡിസംബർ 31, 23:59:58.96 – ചാൾസ് ഡാർവിൻ, ഒറിജിൻ ഓഫ് സ്പിഷീസ് പ്രസിദ്ധീകരിക്കുന്നു.
  • ഡിസംബർ 31, 23:59:58.97 - അമേരിക്കൻ സിവിൽ യുദ്ധം
  • ഡിസംബർ 31, 23:59:59.21 – ആദ്യ ആധുനിക ഒളിമ്പിക്സ്.
  • ഡിസംബർ 31, 23:59:59.34 - ഒന്നാം ലോകമഹാ യുദ്ധം
  • ഡിസംബർ 31, 23:59:59.35 - റഷ്യൻ വിപ്ളവം
  • ഡിസംബർ 31, 23:59:59.44 - പെൻസിലിൻ കണ്ടു പിടിക്കുന്നു.
  • ഡിസംബർ 31, 23:59:59.47 – അഡോൾഫ് ഹിറ്റ്‌‌ലർ ജർമ്മൻ ചാൻസലറായി അധികാരമേൽക്കുന്നു.
  • ഡിസംബർ 31, 23:59:59.51 - രണ്ടാം ലോകമഹായുദ്ധം
  • ഡിസംബർ 31, 23:59:59.55 - ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബാക്രമണം
  • ഡിസംബർ 31, 23:59:59.56 - ഭാരതം സ്വതന്ത്രയാവുന്നു.
  • ഡിസംബർ 31, 23:59:59.72 - മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തുന്നു.
  • ഡിസംബർ 31, 23:59:59.94 – 9/11 ആക്രമണം.

ഒരു വർഷത്തിന്റെ ദീർഘകാലയളവിൽ, ഈ ലോകത്ത് മനുഷ്യന്റെ സന്നിദ്ധ്യം കേവലം 23 മിനുറ്റ്. അതിലും നമുക്കറിയുന്ന ചരിത്രം 20 സെക്കൻഡിലും താഴെ!

"https://wiki.kssp.in/index.php?title=കോസ്മിക്_കലണ്ടർ&oldid=6298" എന്ന താളിൽനിന്ന് ശേഖരിച്ചത്