മറ്റൊരു കേരളം സാധ്യമാണ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

മറ്റൊരു കേരളം സാധ്യമാണ്

  'കേരളത്തിന്റെ സമ്പത്തിൽ' തുടങ്ങി 'വേണം മറ്റൊരു കേരളം' ക്യാമ്പയിൻവരെ നടത്തിയതിന്റെ അനുഭവങ്ങളാണ് മറ്റൊരു കേരളം സാധ്യമാണെന്ന പ്രതീക്ഷ കേരളത്തിനുമുന്നിൽ സമർപ്പിക്കാൻ പരിഷത്തിന് ശക്തിപകരുന്നത്. വികസനത്തെ ഓരോരുത്തരും സൗകര്യംപോലെ വ്യാഖ്യാനിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. അത്തരം വ്യാഖ്യാനങ്ങളാകട്ടെ വിവിധ താൽപര്യങ്ങളെ മുൻനിറുത്തിയാണ്. അതിൽനിന്ന് വ്യത്യസ്ത മായി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈരുധ്യാത്മക ബന്ധ ങ്ങളുടെ സമഗ്രതയിൽ വികസനത്തെ ഒരു സാമൂഹിക രാഷ്ട്രീയ പ്രക്രിയയായി കാണാനായിരുന്നു പരിഷത്ത് ശ്രദ്ധിച്ചത്. അതിൽ പാരിസ്ഥിതിക സുസ്ഥിരത, സാമൂഹികനീതി, ആസൂത്രിത വിഭവവിനിയോഗം, സാമൂഹികനിയന്ത്രണം, അധികാരവികേന്ദ്രീ കരണം, ജനപങ്കാളിത്തം, ദരിദ്രപക്ഷ മുൻഗണന എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു. ഈ അടിസ്ഥാനനിലപാടിൽ ഇപ്പോൾ മാറ്റം വരുത്തേണ്ടതില്ല. എന്നാൽ അവയെയെല്ലാം കീഴ്‌മേൽ മറിക്കുന്ന രീതിയിലാണ് രാജ്യം മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് ആഗോളവിപണിയുമായി ഉൾച്ചേരുംവിധം നവലിബറൽ നയങ്ങൾ നടപ്പാക്കുന്നു. മറുഭാഗത്ത് ജാതി-മത-ഫ്യൂഡൽ വൈകൃതങ്ങൾ എല്ലാ രംഗത്തും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. രണ്ടിന്റെയും തിക്തഫലങ്ങൾ കൂടുതൽ അനുഭവിക്കേണ്ടിവരിക ദരിദ്രരായ സാധാരണ ജനങ്ങൾക്കാണ്. ഇതിന്റെ പ്രതിഫലന ങ്ങൾ കേരളത്തിലും അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഇന്നത്തെ വികസനക്യാമ്പയിനിൽ ജനാധിപത്യ മതേതര മൂല്യങ്ങളുടെ സംരക്ഷണവും കൃത്യമായി ഉൾച്ചേരേണ്ടതുണ്ട്. ഇതിനായി, സാമൂഹികരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധപ്രവർത്തനങ്ങളെ പിന്തുണയ്ക്കണം. അതോടൊപ്പം തന്നെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് പരിഷത്ത് രൂപപ്പെടുത്തിയ തനത് നിലപാടുകൾ ജനങ്ങളെ പൊതുവിലും അവരെ പ്രതിനിധീകരിക്കുന്ന സാമൂഹികരാഷ്ട്രീയ പ്രസ്ഥാന ങ്ങളെ പ്രത്യേകിച്ചും ബോധ്യപ്പെടുത്തണം. ഈ രീതിയിൽ ഏറെ ശുഭാപ്തി വിശ്വാസത്തിലൂന്നിയ ക്യാമ്പയിനാണ് പരിഷത്ത് നടത്തുന്നത്.

അറുപത് പിന്നിടുന്ന കേരളത്തിലെ വികസനാനുഭവങ്ങൾ, ഇപ്പോൾ ഉയർന്നുവരുന്ന പുതിയ സമസ്യകൾ ഇവ പരിഗണിച്ചു കൊണ്ടുള്ള ബദൽ നിർദേശങ്ങൾ എന്നിവയാണ് ഈ കുറിപ്പിന്റെ ഉള്ളടക്കം.


വികസനാനുഭവങ്ങൾ

A.നേട്ടങ്ങൾ

1. കുറഞ്ഞ സാമ്പത്തിക ചെലവിലും കൂടുതൽ മെച്ചപ്പെട്ട ജീവിതഗുണത കൈവരിക്കാൻ കഴിഞ്ഞതാണ് വികസന രംഗത്തെ കേരളത്തിന്റെ നേട്ടമായി പറയാറുള്ളത്. ഇതിന്റെ കാരണമാകട്ടെ ജീവിതാവശ്യങ്ങളെ മുൻനിർത്തി നടന്ന സംഘടിതമായ ജനകീയ ഇടപെടലുകളാണ്. അവ സാമൂ ഹിക പരിഷ്‌കരണങ്ങളിൽ തുടങ്ങി, ദേശീയ/സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിലൂടെ കരുത്താർജിച്ച്, കമ്യൂണിസ്റ്റ് പ്രസ്ഥാന ത്തിലൂടെ നിർവഹിക്കപ്പെടുകയായിരുന്നു. ഐക്യകേരള ത്തിൽ അധികാരത്തിൽ വന്ന ആദ്യത്തെ സർക്കാരാണ് ഇവയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്. ഭൂപരി ഷ്‌ക്കരണം, പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം, അധികാരവികേന്ദ്രീകരണം, പൊതുവിതരണസംവിധാനം എന്നിവയ്ക്കായിരുന്നു മുൻഗണന. 

2. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൊതു ഇടങ്ങളുടെ വിപുലീകരണത്തോടൊപ്പം സർക്കാർ നേതൃത്വത്തിൽ തന്നെയുള്ള വിവിധ ക്ഷേമനിധി ബോർഡുകൾ, സാമൂഹിക സുരക്ഷാ പെൻഷനുകൾ, സംവരണം എന്നിവയൊക്കെ ജനജീവിതത്തിന്റെ അല്ലലകറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചു.

3. അധികാര വികേന്ദ്രീകരണത്തിൽ ഒരു മാതൃകയായി തന്നെ ഏറെ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. ദാരിദ്ര്യ നിർമാർ ജനത്തിന് കുടുംബശ്രീ എന്ന സംഘടിത അധ്വാനശേഷി ഒട്ടേറെ സാധ്യതകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.

4. ചലനാത്മകതയും അവബോധവും കൂടുതലുള്ള ഒരു സമൂഹം എന്ന നിലയിൽ വളരെ മുൻപ്തന്നെ വിവിധ രാജ്യ ങ്ങളിലേക്ക് കുടിയേറ്റം നടന്നിരുന്നു. എന്നാൽ 1970കൾക്ക് ശേഷമുള്ള ഗൾഫ് കുടിയേറ്റം ജനതയുടെ ജീവിതഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.

5. ഇന്ത്യയിൽ മാനവ വികസന സൂചികയിൽ മുന്നിലുള്ള സംസ്ഥാനവും കേരളമാണ്. ഒരു കാലത്ത് അസന്തുലിത (Lopsided) മായിരുന്ന വികസനം ഇന്ന് സർവതല സ്പർശിയായി turn around) ആയി മാറിയിരിക്കുന്നു.

6. ദാരിദ്ര്യ ലഘൂകരണത്തോടൊപ്പം ജനസംഖ്യാവർധനവ് കുറഞ്ഞതും ഗ്രാമ നഗര വ്യത്യാസം കാര്യമായി ഇല്ലാതെ യും, സ്ത്രീ-പുരുഷ വ്യത്യാസങ്ങളില്ലാതെയും ഇത്തരം നേട്ടങ്ങൾ കുറേയേറെ കേരളത്തിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, സാമ്പത്തികവളർച്ചയുടെയും, സാമൂഹികവിക സനത്തിന്റെയും സൂചികകളിൽ മുൻപന്തിയിലാണ് ഇന്ന ത്തെ കേരളം.

B പരിമിതികൾ

1. കേരള വികസനം നേരിടുന്ന പ്രധാന പരിമിതി ഉൽപാദന രംഗങ്ങളിലെ മുരടിപ്പും സേവനരംഗങ്ങളുടെ ഗുണനിലവാര തകർച്ചയുമാണ്. ഇത് പുതിയ അഭ്യസ്തവിദ്യരെ ഉൾക്കൊ ള്ളാൻ കഴിയാതാക്കുകയും അഭ്യസ്തവിദ്യരുടെ തൊഴിലി ല്ലായ്മ നില നിൽക്കുകയും ചെയ്യുന്നു.

2. നാം തുടങ്ങിവച്ച വ്യവസായഘടന രാസാധിഷ്ടിതവും, വനാധിഷ്ടിതവും വൻകിട വ്യവസായങ്ങൾക്ക് ഊന്നൽ നൽകു ന്നതായിരുന്നു. വിവിധ കാരണങ്ങളാൽ അവ ഉണ്ടാക്കിയ മലിനീകരണവും വനശോഷണമടക്കമുള്ള കാര്യങ്ങളാൽ ഉണ്ടായ അസംസ്‌കൃത വസ്തുക്കളുടെ കുറവും വ്യവസായത്തെ ഇന്ന് പ്രതിസന്ധിയിലാക്കിയി രിക്കുന്നു.

3. പുതിയ വ്യവസായങ്ങൾ ഉണ്ടാകുന്നില്ല. നേരത്തെ ഉള്ള പരമ്പരാഗത വ്യവസായങ്ങൾ തകരുകയും ചെയ്യുന്നു. ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലുള്ള സംരംഭങ്ങളും കുറവായതിനാൽ തൊഴിലന്വേഷകർ അന്യപ്രദേശങ്ങളിലേക്ക് കുടിയേറുന്നു.

4. അനിയന്ത്രിതമായ കെട്ടിടനിർമാണം പ്രകൃതിവിഭവങ്ങളുടെ വൻതോതിലുള്ള ശോഷണത്തിനിടയാക്കുന്നു. പാറ, മണ്ണ്, കല്ല്, വെള്ളം എന്നിവയൊക്കെ നിർമാണരംഗത്ത് കൂടുതൽ ഉപയോഗിക്കുന്നതിനാൽ കുടിവെള്ളം ഇന്ന് ദുർലഭമാ കുന്നു.

5. ഭൂമി ഒരു ഉൽപാദനഘടകം അല്ലാതായിരിക്കുന്നു. അതൊരു ഊഹക്കച്ചവട ഉപാധിയാണ്. അതിനാൽ, കാർഷികവ്യാവ സായിക സംരംഭങ്ങൾക്കുള്ള ഭൂലഭ്യത വലിയ പ്രശ്‌നമാണ്.

6. വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടനിർമാണവും അതിന്റെ വിൽപനയുമാണ് പ്രധാന സാമ്പത്തിക പ്രവർത്തനം. ഇതു വഴിയാണ് തൊഴിലും വരുമാനവും കൂടുതൽ സൃഷ്ടിക്കുന്നത്. ഈ രംഗത്തെ തൊഴിലവസരങ്ങളിൽ കൂടുതലും ആകൃഷ്ട രാകുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളി കളാണ്. 

7. ആവശ്യമുള്ള നെല്ലിന്റെ പത്തിലൊന്നു മാത്രമേ ഉൽപാദിപ്പി ക്കാൻ കഴിയുന്നുള്ളൂ. നെൽവയലുകളും ഗണ്യമായി ഇല്ലാ തായിരിക്കുന്നു. ഇത് ഭക്ഷ്യസുരക്ഷയ്ക്ക് വലിയ ഭീഷണി യാകുന്നുണ്ട്. 

8. അധികാര വികേന്ദ്രീകരണത്തിന്റെ ഘടന മാതൃകാപരമാ ണെങ്കിലും ഉൽപാദനക്കുറവ്, തൊഴിലില്ലായ്മ എന്നിവ പരി ഹരിക്കുന്നതിലേക്ക് കാര്യമായ സംഭാവന ചെയ്യാൻ കഴി യുന്ന കുടുംബശ്രീ പ്രവർത്തനങ്ങൾപോലും കൂടുതൽ കേന്ദ്രീകരിക്കുന്നത് വായ്പ വാങ്ങുന്നതിലും, ഉപഭോഗ ത്തിലും, തിരിച്ചടവിലുമാണ്. സ്ഥായിയായ വരുമാനമുള്ള തൊഴിൽ സൃഷ്ടിക്കുന്നതിന് കഴിയുന്നില്ല. കടം ഒരു പ്രധാന കുടുംബ പ്രശ്‌നമാണ്. 


കുടുംബശ്രീ പ്രസ്ഥാനത്തിന് ലിംഗസമത്വം എന്ന ആശത്തിലേക്ക് സ്ത്രീകളെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ അധ്വാനം കുറഞ്ഞ ജോലികളിൽ മാത്രം നിലനിന്നിരുന്നവരായി അതിലെ അംഗങ്ങൾ മാറുന്നു. കാലത്തിനനുസരിച്ച് നൈപുണ്യം ആവശ്യമില്ലാത്ത വിൽപനശാലകളിലും മറ്റുമുള്ള പണികൾ സ്ത്രീകളുടേതായിത്തീർന്നു. കാർഷികമേഖലയിൽ വൈദഗ്ധ്യം ആവശ്യമുള്ള ഞാറ് നടീൽ, കൊയ്ത്ത് എന്നിവയൊക്കെ ഒരു കാലത്ത് സ്ത്രീകളുടെ കുത്തകയായിരുന്നു. കാർഷികമേഖലയിലെ യന്ത്രവൽകരണവും കാർഷികമേഖലയുടെ തകർച്ചയും സ്ത്രീകളെ ഈ തൊഴിലിൽ നിന്ന് പുറത്താക്കിക്കൊണ്ടിരിക്കുന്നു. 

33% സംവരണത്തിലൂടെ വലിയൊരു ഭാഗം സ്ത്രീകൾ അധികാര സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. എന്നാൽ ഭരണപരമായ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്ന വേദികളിൽനിന്ന് അവർ അകറ്റി നിർത്തപ്പെടുന്നുണ്ട്. 

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 23% ത്തിൽ നിന്നും 13% ആയി കുറഞ്ഞിരിക്കുന്നു. ഉന്നതവിദ്യാഭ്യാസം നേടുന്ന സ്ത്രീകൾ കുടുംബിനികളായി മാത്രം ഒതുങ്ങുന്നത് എന്തുകൊണ്ടെന്ന് ചർച്ച ചെയ്യപ്പെടണം. അസംഘടിതമേഖലകളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ, കുറഞ്ഞ വേതനം, കൂടിയ തൊഴിൽ സമയം, വിശ്രമസമയം ഇല്ലായ്മ, ടോയ്‌ലറ്റ് സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയവ എവിടേയും ചർച്ചയിൽ വരുന്നില്ല. 

9. ദളിത്-ആദിവാസി-ദുർബല വിഭാഗങ്ങൾക്കായി പണം നന്നായി ചെലവാക്കുന്നുണ്ടെങ്കിലും അതുവഴി ലക്ഷ്യമിടുന്ന തൊന്നും പല കാരണങ്ങളാൽ ആ ജനവിഭാഗങ്ങൾക്ക് ഗുണകര മാകുന്നില്ല. അവരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകുന്നില്ല. 

10. സാമൂഹിക അപചയങ്ങൾ കൂടി വരുന്നു. റോഡപകടങ്ങൾ, മദ്യപാനം, ആത്മഹത്യ, ജീവിതശൈലീരോഗങ്ങൾ എന്നിവ വർധിക്കുന്നു. ഇതൊക്കെ ഒട്ടേറെ സാമൂഹിക സംഘർഷ ങ്ങൾക്കിടയാക്കുന്നു.

11. സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് കൂടുതൽ ഊന്നൽ നൽകുമ്പോൾ തന്നെ, ശാസ്ത്രബോധം നിരാകരിക്കപ്പെ ടുകയും അന്ധവിശ്വാസം കൂടിവരികയുമാണ്. ജാതിചിന്ത കൾ, അനാചാരങ്ങൾ, അശാസ്ത്രീയ ജീവിതരീതി എന്നിവ യൊക്കെ കൂടിവരുന്നു. 

12. സ്ത്രീ-പുരുഷ വിവേചനം നിലനിൽക്കുന്നു. ഒപ്പം യഥാർഥ ജീവിതപ്രശ്‌നങ്ങളിൽ നിന്നും ജനശ്രദ്ധ അകറ്റുന്നതിനുള്ള രീതിയിലുള്ള മാധ്യമ പ്രവർത്തനങ്ങളും നടക്കുന്നു. 

13. പൊതുമേഖലാസ്ഥാപനങ്ങൾ പലതും പ്രതിസന്ധിയി ലാണ്. ഇവയുടെ പ്രവർത്തനം കാര്യക്ഷമമാകുന്നില്ല.

C പുതിയ സമസ്യകൾ

 

കേരള സമൂഹത്തിലും സമ്പദ്ഘടനയിലും ഇപ്പോൾ ഉണ്ടായി ക്കൊണ്ടിരിക്കുന്ന മാറ്റത്തിൽ മാമൂൽ വിട്ട ഇടപെടലുകൾ അനി വാര്യമായിക്കൊണ്ടിരിക്കുകയാണ്. അവയിൽ ചിലത് ഇവിടെ സൂചിപ്പിക്കുകയാണ്.

1. പരിസ്ഥിതി തകർച്ചയാണ് പ്രധാനം. 1970-1980കളിലൊക്കെ സൈലന്റ്‌വാലിപോലുള്ള വലിയ പദ്ധതികൾക്കെതിരെ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച പ്രശ്‌നമായിരുന്നെങ്കിൽ, ഇന്ന് പരി സ്ഥിതിപ്രശ്‌നമില്ലാത്ത ഒരു പഞ്ചായത്തുപോലും കേരള ത്തിലില്ല. മാലിന്യവർധന, പ്രകൃതിവിഭവകയ്യേറ്റം, ജലദൗർ ലഭ്യം, വനനശീകരണം എന്നിവയെക്കെ മാറി മാറി ഏതാ ണ്ടെല്ലായിടത്തും പ്രശ്‌നമായി നിലനിൽക്കുന്നു.

2. നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തൽ, മാലിന്യ ങ്ങൾ ഉണ്ടാക്കുന്ന വ്യവസായങ്ങൾ എന്നിവയൊക്കെ മനുഷ്യ-പ്രകൃതിബന്ധത്തിന്റെ താളം തെറ്റിക്കുന്നു.

3. കേരളത്തിൽ വൃദ്ധജന അനുപാതം കൂടി വരികയാണ്. ഇപ്പോൾ 60 വയസ്സ് കഴിഞ്ഞവർ 15%ത്തോളം വരും. 2030ഓടെ ഇത് നാലിലൊന്നോളമാകും. ഇത് ഒട്ടേറെ കാര്യ ങ്ങളിൽ പുതിയ മുൻഗണനകൾ അനിവാര്യമാക്കുന്നു.

4. അസമത്വം കൂടിവരുന്നത് ഇന്നത്തെ കേരളത്തിലെ മറ്റൊരു സമസ്യയാണ്. 2004ൽ കേരള പഠനത്തോടെയാണ് ഇക്കാര്യം പ്രധാന ചർച്ചയാകുന്നത്. വർധിച്ചുവരുന്ന സാമ്പത്തിക അസ മത്വം, വിദ്യാഭ്യാസം, ചികിത്സ, വീട് തുടങ്ങിയ എല്ലാ രംഗങ്ങളിലും പ്രകടമായിരിക്കുന്നു.  

5. സാമൂഹികസൂചികകൾക്കനുസരിച്ച് ജീവിതഗുണത കേരള ത്തിലെ കുടുംബങ്ങളിൽ ലഭിക്കുന്നില്ലെന്ന നിരീക്ഷണ ങ്ങളുണ്ട്. വർധിച്ച മദ്യപാനം, രോഗം, അപകടം എന്നിവയൊ ക്കെയാണ് ഈയൊരവസ്ഥയ്ക്ക് കാരണം. ജീവിതശൈലീ രോഗങ്ങളുടെ നിരക്ക് ഇന്ത്യൻ ശരാശരിയേക്കാൾ കൂടുത ലാണ്.  

6. കുറഞ്ഞ വ്യവസായവത്കരണം, കൂടിയ നഗരവത്കരണം. ഇത് നഗരജീവിതത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്ഥിതിക്കിടയാക്കുന്നു. 

7. തൊഴിൽതേടി ഇതര സംസ്ഥാനങ്ങളിൽനിന്ന് ആയിരക്ക   ണക്കിന് തൊഴിലാളികൾ കേരളത്തിലെത്തുന്നു. ഇതൊരു അനിവാര്യതയായി മാറുകയാണ്. ഈ സാഹചര്യത്തിൽ ഈ തൊഴിലാളികൾക്ക് മാനുഷികപരിഗണനയോടെയുള്ള ജീവിതം ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയായി മാറുന്നു. 

8. ഭൂ ഉടമസ്ഥതയിലെ കേന്ദ്രീകരണം വീടുവയ്ക്കാൻപോലും സ്ഥലം ഇല്ലാതാക്കിയിരിക്കുന്നു. ഭൂമി ഇന്നൊരു ക്രയവിക്രയ ഉപാധിയാണ്. ദരിദ്രർക്ക് ഭൂമി വിൽക്കേണ്ടിവരുന്നതിനാൽ സമ്പന്നരിൽ ഭൂമി കേന്ദ്രീകരിക്കുന്നു. ഇത് പലതരം സാമൂ ഹിക സംഘർഷങ്ങൾക്കിടയാക്കുന്നു. 

9. നവലിബറൽ നയങ്ങൾ, തുറന്ന കമ്പോളം, കാലാവസ്ഥാ മാറ്റം എന്നിവയൊക്കെ ഉയർത്തുന്ന ഭീഷണികളും പ്രതി രോധിക്കേണ്ടതുണ്ട്. 

10. ഗൾഫിൽനിന്നുവരുന്ന പണം മുകളിൽ പറഞ്ഞ പ്രശ്‌ന ങ്ങൾക്ക് പരിഹാരമെന്നോണം കാര്യമായി എത്തുന്നില്ല. ഊഹക്കച്ചവടത്തിന് പ്രധാനമായി ചെലവാക്കുന്നു. ഇത് പരിസ്ഥിതി യിൽ വരെ പുതിയ പ്രശ്‌നങ്ങൾക്കിടയാക്കുന്നു. 

11. ദളിത്ആദിവാസി ജീവിതം അവർക്കായി ചെലവാക്കുന്ന പണവുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ ഇന്നും തികഞ്ഞ പരാജയമാണ്. 

12. ഇത്തരം കാര്യങ്ങളൊക്കെ ഏറിയും കുറഞ്ഞും വരു മ്പോഴും അവയെ സമഗ്രതയിൽ കണ്ടുകൊണ്ടുള്ള ഒരു വികസന നയം രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

D ബദൽ നിർദേശങ്ങൾ

 

1. മറ്റൊരുകേരളം സാധ്യമാകണമെങ്കിൽ വികസനം സംബ ന്ധിച്ച് ഇന്നത്തേതിൽനിന്ന് വ്യത്യസ്തമായ ഒരു ജനപക്ഷ നിലപാട് അനിവാര്യമാണ്. ഇന്നത്തേതുപോലെ പാരിസ്ഥി തിക സുസ്ഥിരതയും സാമൂഹികനീതിയും സ്ത്രീനീതിയും പരിഗണിറ്റ ക്കാത്തവിധത്തിലുള്ള മെഗാപരിപാടികളല്ല വികസനം. അതിനാൽ മാമൂൽ വിട്ട ചില നടപടികൾ അനി വാര്യമായിരിക്കുന്നു. ദീർഘകാലത്തേക്കുള്ള ആസൂത്ര ണവും പ്രധാനമാണ്.

2. കച്ചവടത്തിനായുള്ള ഫ്‌ളാറ്റ്/കെട്ടിട നിർമാണം നിയ ന്ത്രിക്കണം. ഇന്നുള്ളവയിൽത്തന്നെ പൂർണമായ താമസ മില്ല. വലിയ വീടുകൾക്ക് പിഴനികുതി ഏർപ്പെടുത്തണം. മിച്ചവീടുകൾ നിരുത്സാഹപ്പെടുത്തണം. ചെലവ് കുറഞ്ഞതും പരിസ്ഥിതിക്കിണങ്ങുന്നതുമായ ഹരിതനിർമാണരീതി നടപ്പാക്കണം. 

3. പ്രകൃതിവിഭവങ്ങളായ നിർമാണവസ്തുക്കളുടെ ഖനനം, വിതരണം, വിലനിർണയം എന്നിവയ്ക്ക് സാമൂഹിക നിയ ന്ത്രണം ഏർപ്പെടുത്തണം. 

4. നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം നടപ്പാ         ക്കുന്നതിനുള്ള ഡാറ്റാബാങ്ക് എത്രയും വേഗം ഗസറ്റിൽ വിജ്ഞാപനം നടത്തണം.

5. പാറമടയുടെ ദൂരപരിധി കുറച്ചതും, കാലാവധി ദീർഘി പ്പിച്ചതും ന്യായീകരിക്കാവുന്നതല്ല. ഈ നിർദേശങ്ങൾ എത്രയും വേഗം പിൻവലിക്കണം. 

6. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും കർശന മായി നടപ്പാക്കണം. ഉൽപാദനപ്രകിയയിൽ ശുദ്ധജലം, ശുദ്ധവായു, ജൈവവൈവിധ്യം എന്നിവയൊക്കെ ഉപയോ ഗിക്കുന്നുണ്ട്. ഇവയ്ക്ക് പ്രതിഫലം കണക്കാക്കണം. ഓരോ വികസനപദ്ധതിയിലും ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങ ളുടെ മൂല്യം കൂടി ഉൽപാദന ചെലവിന്റെ ഭാഗമായി വരണം. 

7. പ്രകൃതിവിഭവ വിനിയോഗ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാനും നടപ്പാക്കാനും കെൽപ്പുള്ള വിധം ഗ്രാമസഭ കളെ ശക്തിപ്പെടുത്തണം. ഗ്രാമസഭകൾക്ക് നിയമപരമായി കൂടുതൽ അധികാരങ്ങൾ നൽകണം. 

8. കേരളം നേരിടുന്ന പ്രധാന വിപത്തുകളിലൊന്നാണ് മാലിന്യ വർധന. ശുചിത്വകേരളം യാഥാർഥ്യമാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളേയും പങ്കാളികളാക്കിയുള്ള ഒരു ബോധ വത്കരണ/നിർവഹണക്യാമ്പയിൻ (സമ്പൂർണ സാക്ഷരതാ യജ്ഞം പോലെ) സംഘടിപ്പിക്കണം.

9. നമ്മുടെ ഗവേഷണ വിഭാഗം വളരെ വിപുലവും ശക്തവു മാണ്. കാർഷികമേഖലയെടുത്താൽ ഓരോ വിളയ്ക്കും ഗവേ ഷണകേന്ദ്രങ്ങളുണ്ട്. പ്രാഥമിക ഉൽപാദന ഇടങ്ങളിൽ കൃഷി ക്കും മത്സ്യബന്ധനത്തിനും മൃഗസംരക്ഷണത്തിനും സർവ്വ കലാശാല കളുണ്ട്. വനത്തിന് പ്രത്യേകം ഗവേഷണ കേന്ദ്ര മുണ്ട്. കാർഷിക സർവ്വകലാശാലക്ക് പ്രാദേശികാടി സ്ഥാനത്തിലും വിളയടിസ്ഥാനത്തിലും ഗവേഷണ സ്റ്റേഷ നുകളുണ്ട്. ശാസ്ത്രസാങ്കേതികരംഗത്തിന് മാത്രമായി സർവ്വകലാശാലകളുണ്ട്. വിവിധ വൈദ്യശാസ്ത്രമേഖല കൾക്ക് പ്രത്യേകം പ്രത്യേകമായി പഠനഗവേഷണ സ്ഥാപന ങ്ങളുണ്ട്. മലയാളത്തിനും സംസ്‌കൃതത്തിനും സർവ്വക ലാ ശാലകളുണ്ട്. മറ്റ് ഭാഷകൾക്കും ഗവേഷണ സ്ഥാപനങ്ങൾ ക്കായുള്ള ആവശ്യങ്ങൾ ഉയരുണ്ട്. എന്നാൽ ഈ സ്ഥാപന ങ്ങളുടെ ഗവേഷണഫലങ്ങളെ വികസനാസൂത്രണ പ്രവർ ത്തനങ്ങളുമായി ബന്ധിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അക്കാദമിക മികവും പ്രായോഗിക ഭരണനിർവ്വഹണവും ഇപ്പോഴും വേറിട്ട് നിൽക്കുന്നു. ഈ സ്ഥിതി മാറണം. എല്ലാ ഗവേഷണ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന വിജ്ഞാന ശേഖരം പൊതുജനങ്ങൾക്ക് തുറന്ന് കിട്ടണം. തദ്ദേശസ്വയം ഭരണസ്ഥാപനം മുതൽ സംസ്ഥാനം വരെയുള്ള വിവിധ തലങ്ങളിലെ വികസനാസൂത്രണപ്രക്രിയക്ക് ഗവേഷണ ഫലം ഉപയോഗിക്കാൻ കഴിയുംവിധം ഇവയെ പരസ്പരം ബന്ധിപ്പിക്കണം.

10. പരിസരമലിനീകരണം ഇല്ലാത്തതും, പ്രകൃതിവിഭവങ്ങളെ കൊള്ളയടിക്കാത്തതും, ഒപ്പം ഒരു യൂണിറ്റ് വൈദ്യുതി കൊണ്ട് പരമാവധിപേർക്ക് തൊഴിൽ ലഭിക്കുന്നതുമായ വ്യവ സായ വൽകരണമാണ് കേരളത്തിൽ നടക്കേണ്ടത്. അതി നായി കഠ, ആഠ, യന്ത്രനിർമാണം എന്നിവയ്ക്കായിരിക്കണം മുൻഗണന. 

11. കേരളത്തിന്റെ ഭാവിവികസനം രണ്ടുകാര്യങ്ങളെ അടി സ്ഥാനമാക്കിയാവണം ആസൂത്രണം ചെയ്യുന്നത്. പരിസ്ഥി തി യും സംസ്‌കാരവുമാണ് അവ. ഒന്നുകൂടി സ്പഷ്ടീകരി ച്ചാൽ പശ്ചിമഘട്ട സംരക്ഷണത്തിനും മാതൃഭാഷാ ഉപയോ ഗത്തിനുമാവണം ഊന്നൽ. പശ്ചിമഘട്ട സംരക്ഷണം ഖനന ത്തെ നിയന്ത്രിച്ചു കൊണ്ടാവണം. അധ്യയന മാധ്യമവും ഭരണ-കോടതി നടപടികളും മാതൃഭാഷയായ മലയാളത്തിൽ തന്നെയാവണം.

സംസ്‌കാരമെന്നത് ലിംഗസമത്വത്തിൽ ഊന്നിയതും സാമൂ ഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുമായിരിക്കണം. വിദ്യാഭ്യാസം നേടുന്ന എല്ലാ സ്ത്രീകൾക്കും തൊഴിലിന് പോകാൻ കഴിയണം. തുല്യവേതനം ലഭ്യമാക്കണം. അധികാരവും സമ്പത്തും തുല്യമായി പങ്കിടുന്ന സ്ത്രീകളും ഭിന്നലിംഗക്കാരും അടങ്ങിയതാവണം പുതിയ കേരളം. 

12. വികസനം ആസൂത്രണം ചെയ്യേണ്ടത് അടിസ്ഥാന വിഭവ ങ്ങളായ മണ്ണ്, വെള്ളം, മനുഷ്യാധ്വാനം എന്നിവയെ ഏറ്റവും അനുയോജ്യമായി ഉപയോഗിച്ചുകൊണ്ടാവണം. മണ്ണിനെ യും, വെള്ളത്തെയും, മനുഷ്യാധ്വാനത്തെയും നശിപ്പിക്കുന്ന ഒരു വികസനപ്രവർത്തനത്തെയും അനുവദിക്കരുത്. 

13. വികേന്ദ്രീകൃതാസൂത്രണത്തിന്റെ അടുത്തഘട്ടം സ്ഥലപരമായ ആസൂത്രണവും നീർത്തടാധിഷ്ടിത വികസനവുമാ യിരിക്കണം.

14. അധ്വാനശേഷിയുടെ വികസനത്തിനായി അറിവും കഴിവും മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എല്ലാവർക്കും ഒരേ പോലെ ലഭ്യമാക്കണം. ഇതിന്റെ ഭാഗമായി മെച്ചപ്പെട്ട ചികിത്സ, വിദ്യാഭ്യാസം, സാമൂഹികസുരക്ഷ, പോഷണം, വൈദഗ്ധ്യം എന്നിവ എല്ലാവർക്കും ലഭ്യമാക്കുന്നതിന്റെ ഉത്തരവാദിത്തം സമൂഹത്തി നായിരിക്കണം.

15. തൊഴിലാളികളുടെ വൈദഗ്ധ്യപോഷണം പ്രധാനമാണ്. ഇതിനായി തൊഴിലാളികൾക്ക് അവർക്കു പറ്റുന്ന സമയ ങ്ങളിൽ അധിക അറിവ് നൽകണം. സ്‌കൂളുകളെ ഇതിനായി പ്രയോജനപ്പെടുത്താം. പോളിടെക്‌നിക്കുകൾ, വൈദഗ്ധ്യ കേന്ദ്രങ്ങൾ, വർക്ക്ഷാപ്പുകൾ എന്നിവയെ ഇതിനായി ഉപയോഗപ്പെടുത്താം. 

16. പൊതുഗതാഗത സംവിധാനങ്ങളുടെ ലഭ്യതയും, ഗുണവും കൂട്ടിക്കൊണ്ട് സ്വകാര്യവാഹനങ്ങളെ നിരുത്സാഹപ്പെടു ത്തണം. റോഡ് വീതി കൂട്ടി മാത്രം ഇന്നത്തെ ഗതാഗത ക്കുരുക്ക് പരിഹരി ക്കാൻ കഴിയില്ല. ഗതാഗതനിയമങ്ങൾ കർശനമാക്കണം. നിലവിലുള്ള പൊതുസംവിധാനങ്ങൾ മെച്ചപ്പെടുത്തണം. 

17. ദളിത്, ആദിവാസി, മത്സ്യത്തൊഴിലാളി, തോട്ടം തൊഴിലാളി എന്നിവർക്കായുള്ള പദ്ധതികളെല്ലാം അവരുടെ പങ്കാളിത്ത ത്തോടെ, ഇടനിലക്കാരെ ഒഴിവാക്കി, സഹകരണാടിസ്ഥാന ത്തിൽ പുനഃസംവിധാനം ചെയ്യണം. കോളനികൾ, ട്രൈബൽ പഞ്ചായത്തുകൾ എന്നിവയൊക്കെ തികച്ചും അശാസ്ത്രീയമാ ണെന്നതാണ് അനുഭവം. ഇവിടങ്ങളിൽ ഭൂ വികസനം, ഉപജീവന കൃഷി, വനസമ്പത്ത് ശേഖരണം എന്നിവയ്ക്ക് ഊന്നൽ നൽകണം.

 

18. സർക്കാർ ശമ്പളം നൽകുന്ന എല്ലാ രംഗങ്ങളിലും (ഉദാ: എയ്ഡഡ് സ്‌കൂളുകൾ) നിയമനങ്ങളിൽ കൃത്യമായും ടഇ/ടഠ സംവരണം പാലിക്കണം. സഹകരണ സംഘങ്ങളിലെ നിയമനത്തിലും ഈ രീതി കൊണ്ടുവരണം.

19. ഗൾഫ് പണത്തിന്റെ മുൻഗണനാരീതിയിലുള്ള ഉപയോഗം തീരുമാനിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രാദേശികമായ സഹകരണ സംഘാടിസ്ഥാന ത്തിലുള്ള പുതിയ സംവിധാനങ്ങൾ ആലോചിക്കണം. കേരളപഠനം മാതൃകയിൽ ഗൾഫ് പഠനം നടത്തണം. അതിന്റെ അടിസ്ഥാനത്തിൽ കേരള വികസനത്തിൽ എങ്ങനെ ഇടപെടാമെന്ന കാര്യം ഗൾഫ് രാജ്യങ്ങളിൽ ചർച്ച ചെയ്യണം. 

20. രാജ്യത്താകെ ശക്തിപ്പെട്ടുവരുന്ന ശാസ്ത്രവിരുദ്ധ നിലപാ ടുകളെ പ്രതിരോധിക്കുക എന്നതും പുതിയ വികസനക്യാ മ്പയിന്റെ ഭാഗമാകണം. രാജ്യത്തെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ സാമ്പത്തിക അടിയന്തിരാവസ്ഥയിലാണ്. കോർപ്പറേറ്റുകളിൽനിന്നും പണം കണ്ടെത്തി സ്വാശ്രയരാ കുക എന്നതാണ് സർക്കാർ നിർദേശം. ഒപ്പം അന്ധവിശ്വാസ ങ്ങളെ പ്രാചീന ശാസ്ത്രമെന്ന പേരിൽ അടിച്ചേൽപ്പിക്കുന്നു. പുതിയ അറിവ് സൃഷ്ടിക്കുന്നുമില്ല. ഇത് വികസനത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കും.

"https://wiki.kssp.in/index.php?title=മറ്റൊരു_കേരളം_സാധ്യമാണ്&oldid=6135" എന്ന താളിൽനിന്ന് ശേഖരിച്ചത്