മടിക്കൈ യൂണിറ്റ്
മടിക്കൈ യൂണിറ്റ് ചരിത്രം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മടിക്കൈ യൂണിറ്റ് | |
---|---|
പ്രസിഡന്റ് | ഉണ്ണിക്കൃഷ്ണൻ കെ. |
വൈസ് പ്രസിഡന്റ് | പി. അമ്പു |
സെക്രട്ടറി | മധുസൂദനൻ വി. |
ജോ.സെക്രട്ടറി | ഷിജി സി. |
ജില്ല | കാസർകോഡ് |
മേഖല | കാഞ്ഞങ്ങാട് |
ഗ്രാമപഞ്ചായത്ത് | മടിക്കൈ പഞ്ചായത്ത് |
മടിക്കൈ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ആമുഖം
ജന്മിനാടുവാഴിത്ത വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്ന മടിക്കൈയിൽ അതിന്റെ സ്മാരകമായി ഇന്നും നിലകൊള്ളുന്ന ഏച്ചിക്കാനം തറവാടിന് ഒരു കിലോമീറ്റർ തെക്കുമാറി, പേരുകേട്ട മടിക്കൈമാടം ക്ഷേത്രത്തിന് അടുത്തായി കിടക്കുന്ന പ്രദേശമാണ് അമ്പലത്തുകര. മലയും ചാലും തോടും വയലേലകളും പുൽമൈതാനങ്ങളും മൊട്ടക്കുന്നുകളും ചെറുവനങ്ങളും വിശാലമായ പാറപ്പരപ്പും അരുവികളും വെള്ളച്ചാട്ടങ്ങളും എല്ലാം ഉള്ള പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട മടിക്കൈപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തായിട്ടാണ് അമ്പലത്തുകര സ്ഥിതിചെയ്യുന്നത്. മടിക്കൈ പഞ്ചായത്തിലെ രണ്ടാം ഗ്രാമം കൂടിയാണ് അമ്പലത്തുകര.
1960-70 കാലഘട്ടത്തിലെ മടിക്കൈ, പരമദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു. ജനങ്ങളുടെ ഉപജീവനം കാർഷികവൃത്തിയിലൂടെ മാത്രമായിരുന്നു. യാത്രാസൗകര്യവും പരിമിതമായിരുന്നു. ഗ്രാമത്തിന് നടുവിലൂടെ ഒഴുകുന്ന വലിയ ചാൽ പഞ്ചായത്തിനെ രണ്ടായി മുറിക്കുന്നു. ചാൽമുറിച്ചുകടക്കാൻ കടത്തുതോണിയും തടിപ്പാലങ്ങളും മാത്രം ആശ്രയം. ആകെയുള്ളത് ഒന്നോ രണ്ടോ പ്രാഥമിക വിദ്യാലയങ്ങൾ മാത്രം. ജനങ്ങളിൽ ഭൂരിഭാഗവും നിരക്ഷരർ. എന്നാൽ രാഷ്ട്രീയ ബോധത്തിൽ സമസ്ത ജനവിഭാഗവും ഉയർന്ന നിലവാരം കാത്തുസൂക്ഷിച്ചു. അതേപോലെ അന്ധവിശ്വാസവും ദൈവവിശ്വാസവും ജനങ്ങളെ അടിമകളാക്കിയിരുന്നു. എങ്കിലും പരസ്പര വിശ്വാസത്തോടും ഐക്യത്തോടും ജീവിച്ചിരുന്ന നിഷ്കളങ്കരായ ജനങ്ങളായിരുന്നു മടിക്കൈക്കാർ.