മേപ്പയ്യൂർ (യൂണിറ്റ്)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13:33, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SadanandanM (സംവാദം | സംഭാവനകൾ) ('കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേപ്പയ്യൂർ യൂണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേപ്പയ്യൂർ യൂണിറ്റ് ചരിത്രം

ആമുഖം

ശാസ്ത്രവും യുക്തിയും ചരിത്ര ബോധവുമാണ് സമൂഹത്തെ ഒന്നിപ്പിച്ച് നിർത്തുന്ന ഘടകങ്ങൾ.1917 ൽ നടന്ന ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം ലോകത്താകെയുള്ള മർദ്ദിതരുടേയും അധ:സ്ഥിതരുടേയും ആശാകിരണമായിരുന്നു.എന്നാൽ ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ആ പ്രതീക്ഷ അസ്തമിച്ചു.

ആഗോള സമ്പദ് വ്യവസ്ഥയും രാഷ്ട്രീയവും സാംസ്കാരികവും അതിവേഗത്തിൽ കോർപ്പറേറ്റ് മൂലധനം സർവ്വമേഖലകളേയും അതിൻ്റെ വരുതിയിലാക്കിക്കഴിഞ്ഞു.ഫൈനാൻസ് മൂലധനശക്തികളുടെ അടങ്ങാത്ത ആർത്തി വർധമാനമായ പ്രകൃതി ചൂഷണത്തിനും അത് മൂലം ഭൂമിയുടെ നിലനിൽപ്പ് തന്നെയും അവതാളത്തിലാക്കുന്നു.സാമൂഹ്യ വിപ്ലവത്തിൻ്റെ ഫലമായി മാത്രമേ ചൂഷിതരുടേയും മർദ്ദിതരുടേയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.എന്നിരുന്നാലും സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന നിസ്വരുടെ പ്രയാസങ്ങൾ അൽപമെങ്കിലും ലഘൂകരിക്കുന്നതിലൂടെ അവരെ അവകാശബോധമുള്ളവരാക്കാനും നാടിൻ്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും മൂലധന ശക്തികൾക്കെതിരെ അവരെ ഒന്നടങ്കം സജ്ജരാക്കുക എന്ന കടമയിൽ പുരോഗമന ശക്തികൾക്കാകെ ഒരു ചാലക ശക്തിയായ് വർത്തിക്കാൻ ശാസ്ത്രസാഹിത്യ പരിഷത്ത് പരിശ്രമിക്കുന്നു.ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ ചരിത്രത്തെ മനസിലാക്കുകയും വർത്തമാനത്തെ അപഗ്രഥിക്കുകയും ഭാവി കരുപ്പിടിപ്പിക്കുകയും വേണം.

1962 ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് വെച്ച് രൂപീകരിച്ച ശേഷം ഏറ്റെടുത്തിട്ടുള്ള എല്ലാ പരിപാടികളും കേരളീയ സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നതിനു സഹായകമായിട്ടുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്.കേരളത്തെ സമ്പൂർണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റിയത് പരിഷത്ത് തുടങ്ങിവെച്ച പ്രവർത്തനം സർക്കാർ തലത്തിൽ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയതിൻ്റെ ഫലമായാണ്.പഠിതാക്കൾ മുഴുവൻ സാക്ഷരർ ആകില്ല എങ്കിലും അവരുടെ സംഘബോധവും ലോകവീക്ഷണവും ജനാധിപത്യത്തിന് ഉത്തേജകമായിട്ടുണ്ട്.നാം ആവിഷ്കരിച്ച വിഭവ ഭൂപട നിർമാണം പഞ്ചായത്ത് തല വികസന ആസൂത്രണത്തിലൂടെ ജനകീയാസൂത്രണ പ്രസ്ഥാനമായ് വളർന്ന് വിദ്യാഭ്യാസ മേഖല,പരിസ്ഥിതി മേഖല,ആരോഗ്യ മേഖല,ഊർജ്ജ മേഖല,ഉപഭോക്തൃ സംരക്ഷണം,ജെൻഡർ,ചെറുകിട തൊളിൽ പരിശീലനങ്ങൾ മനുഷ്യ ജീവിതത്തിൻ്റെ എല്ലാമേഖലകളിലും പുരോഗമനപരമായ കാഴ്ചപാട് മുന്നോട്ട് വെക്കാനും അതിനുവേണ്ടി പ്രവർത്തിക്കാനും പരിഷത്തിനു കഴിഞ്ഞു.

പരിഷത്ത് രൂപീകരിച്ച ആദ്യ വർഷങ്ങളിൽ ജനങ്ങളെ ശാസ്ത്ര ബോധവും യുക്തിചിന്തയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിംപോസിയങ്ങൾ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക എന്ന രീതിയിലാണ് അവലംബിച്ചത്.പിന്നീട് ശാസ്ത്ര കേരളം,യൂറീക്ക,ശാസ്ത്ര ഗതി എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു.

യൂണിറ്റ് ആരംഭം

1980 മുതലാണ് പരിഷത്ത് മേപ്പയ്യൂർ കേന്ദ്രമായ് യൂണിറ്റ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.ഇതിൻ്റെ ആരംഭ ദിശയിൽ മേപ്പയ്യൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ളവർ സമീപപ്രദേശങ്ങളിലുള്ളവർ അംഗങ്ങളായി ഉണ്ടായിരുന്നു.അരിക്കുളം പ്രദേശത്തുകാരനായിരുന്ന ശ്രീ. സി പത്മനാഭൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത്.പ്രധാനമായും മേപ്പയൂർ ടൌൺ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ആദ്യ കാലത്ത് സംഘടിപ്പിച്ചിരുന്നത്.പിൽകാലത്ത് നരക്കോട്, നിടുംപൊയിൽ എന്നീ പ്രദേശങ്ങളിൽ ഇതിലെ പ്രവർത്തകരുടെ മുൻകൈയിൽ യൂണിറ്റുകൾ രൂപീകരിച്ചു.ഈ യൂണിറ്റുകൾ ആദ്യ ഘട്ടങ്ങളിൽ നല്ല പ്രവർത്തനങ്ങൾ നടത്തിയെങ്കിലും നിടുംപൊയിൽ യൂണിറ്റ് ഇപ്പോൾ നിലവിലില്ല.നരക്കോട് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.മേപ്പയ്യൂർ യൂണിറ്റിൽ നിലവിൽ 72 അംഗങ്ങളാണുള്ളത്.

"https://wiki.kssp.in/index.php?title=മേപ്പയ്യൂർ_(യൂണിറ്റ്)&oldid=10360" എന്ന താളിൽനിന്ന് ശേഖരിച്ചത്